ഭാഗം - 6
പിറ്റേന്ന് ഞായറാഴ്ച്ച ജയമോഹൻ പുറത്തേയ്ക്ക് പോകാനൊരുങ്ങി ഇറങ്ങുമ്പോഴാണ് പലിശക്കാരൻ 'രാജപ്പൻ' ചേട്ടൻ വീട്ടിലേയ്ക്ക് കടന്നുവന്നത്.
"ജയമോഹൻ വന്നിട്ടുണ്ടെന്ന് അറിഞ്ഞുവന്നതാ... പലിശയില്ലെങ്കിൽ പോട്ടെ എന്റെ മുതലില്ലെങ്കിലും മടക്കിത്താ എത്ര അവധിയായി."
രാജപ്പൻ ചേട്ടൻ അവനെനോക്കി പറഞ്ഞു.
അടുത്ത ആഴ്ച വരുമ്പോൾ തീർച്ചയായും പണം തരാമെന്ന് പറഞ്ഞുകൊണ്ട് ജയമോഹൻ തല്ക്കാലം അയാളെ മടക്കി അയച്ചു. ഈ സമയം ഗൗരി അവന്റെ അടുത്തേയ്ക്ക് വന്നുകൊണ്ട് ചോദിച്ചു.
"പണിയില്ലാതിരുന്നപ്പോൾ ചേട്ടന്റെ അടുക്കൽനിന്ന് ഇരുപത്തിഅയ്യായിരം രൂപ വാങ്ങി പശുവിനെ വാങ്ങിയത് മറന്നുപോയോ... ഇപ്പോൾ മുതലും പലിശയുംകൂടി എത്രയുണ്ടെന്നാണ്."
അവൾ കളിയാക്കുംപോലെ പറഞ്ഞിട്ട് പുഞ്ചിരിയോടെ അവനെനോക്കി.
ജോലിയില്ലായ്മകൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് ഇരുപത്തിഅയ്യായിരം രൂപ പലിശയ്ക്ക് എടുത്തു പശുവിനെ വാങ്ങി വളർത്താൻ ജയമോഹൻ തീരുമാനിച്ചത്.
"അത് നല്ലൊരു ആശയമാണ്. എത്രയോ കുടുംബങ്ങളാണ് പശുവിനെ വളർത്തി ഈ നാട്ടിൽ കഴിഞ്ഞുകൂടുന്നത്. ദൈവം കനിഞ്ഞാൽ പശു പ്രസവിച്ച് ആറുമാസത്തിനകം കടം മേടിച്ച പൈസ തിരികെ കൊടുക്കാം. കഷ്ടിച്ചാണെങ്കിലും മറ്റുള്ളവരുടെ കുത്തുവാക്കുകൾ കേൾക്കാതെ ജീവിക്കുകയും ചെയ്യാം."
ഗൗരി പറഞ്ഞു.
ഭാര്യകൂടി അവനെ അനുകൂലിച്ചപ്പോൾ പിന്നെ ഒട്ടും വൈകിയില്ല. പണം കടംമേടിച്ച് പ്രസവിക്കാറായ ഓരു പശുവിനെ വാങ്ങി. അധികം കഴിയുംമുൻപേ പശു പ്രസവിച്ചു. നല്ല പണിയുണ്ടായിരുന്നു. മറ്റുജോലിയൊന്നും ഇല്ലാത്ത സമയമായതുകൊണ്ടും പിന്നെ മറ്റുള്ളവർക്കുമുന്നിൽ രാവന്തിയോളം അടിമവേല ചെയ്യണ്ടല്ലോ എന്ന സംതൃപ്തി ഒന്നുകൊണ്ടും നന്നായി പണിയെടുത്തു. ദൂരെപോയി പുല്ലുവെട്ടികൊണ്ടുവന്നു കൊടുത്തു. അതിനെ നിത്യവും കുളിപ്പിച്ചു. കറന്നു. അത്യാവശ്യം വീട്ടുചിലവുകളും പാലിന്റെ ആവശ്യവും അങ്ങനെ നടന്നുപോന്നു.
ഒരുനാൾ പശുവിനുള്ള പുല്ലും വെട്ടിവരുന്നേരം ഭാര്യ അവനോടു പറഞ്ഞു.
"വീട്ടിൽ നിന്ന് അച്ഛൻ വിളിച്ചിരുന്നു. 'ഗായത്രിക്ക്' ഒരു കല്യാണാലോചന."
ഗൗരിയുടെ ഒരേയൊരു സഹോദരിയുടെ കാര്യമാണ്. അവളുടെ കല്യാണം നടന്നുകാണാൻ എല്ലാവരും കൊതിക്കാൻ തുടങ്ങിയിട്ട് നാളേറെയായിരുന്നു.
"എവിടുന്നാ ചെറുക്കൻ.?"
അവൻ ഭാര്യയെ നോക്കി.
"അവളു ജോലിക്കുപോകുന്ന സ്ഥാപനത്തിൽ ഒരുമിച്ചു ജോലിചെയ്യുന്ന പയ്യനാണ്."
ടൗണിലുള്ള ഒരു സൂപ്പർമാർക്കറ്റിൽ സെയിൽസ് ജോലിക്ക് അവൾ പോകാൻതുടങ്ങിയിട്ട് അധികനാൾ ആയിട്ടില്ല.
"ചെറുക്കന് വീടും വീട്ടുകാരുമൊക്കെയുള്ളതാണോ...പ്രേമവിവാഹം ഒന്നും അല്ലല്ലോ.?"
"ചെറുക്കന് എല്ലാരും ഉണ്ട്. നമ്മളെപ്പോലെതന്നെ സാധാരണക്കാരണ്. സ്ത്രീധനമൊന്നും അവർ ചോദിച്ചിട്ടില്ല. അവരായിട്ട് ഇങ്ങോട്ട് ആവശ്യപ്പെട്ടു വന്നസ്ഥിതിക്ക് കേട്ടിടത്തോളം നല്ലൊരു ആലോചനയാണെന്ന് തോന്നുന്നു."
അന്വേഷിച്ചപ്പോൾ തെറ്റൊന്നും തോന്നിയില്ല. കല്യാണം തീരുമാനിച്ചുറപ്പിച്ചു. ചെറിയരീതിയിൽ തന്നെ എല്ലാം നടത്തി.
അന്ന് കല്യാണചിലവിലേയ്ക്ക് ചേച്ചിയുടെ വകയായിട്ട് എന്തെങ്കിലും കൊടുക്കേണ്ടതായി വന്നു. കൈയിലുണ്ടായിരുന്നതും രണ്ട് സുഹൃത്തുക്കളോട് കടം മേടിച്ചതുമെല്ലാം കൂട്ടിയിട്ടും ഒന്നുമായില്ല. ഒടുവിൽ പശുവിനെക്കൂടി വിൽക്കേണ്ടി വന്നു.
"ഇനിയിപ്പോൾ എന്താ ചെയ്യുക. പണം കൊടുക്കാൻ.?"
ഗൗരിയുടെ ചോദ്യം അവനെ ഓർമ്മയിൽ നിന്നും ഉണർത്തി.
"മുതലാളിയോട് കുറച്ചുരൂപ മുൻകൂർ ചോദിച്ചുനോക്കാം. അടുത്ത ആഴ്ച പണം കൊടുക്കാമെന്ന് ഞാൻ അയാൾക്ക് വാക്ക് കൊടുത്തിരിക്കുകയല്ലേ.?"
അവനൊരു ധീർഘനിശ്വാസത്തോടെ പറഞ്ഞു.
തോട്ടത്തിലെ ഷെഡ്ഢിൽനിന്ന് കവലയിലുള്ള തട്ടിൻ പുറത്തേയ്ക്ക് താമസം മാറ്റിയപ്പോൾ ജയമോഹന് ഒരു വല്ലാത്ത ഉന്മേഷം കൈവന്നതുപോലെ തോന്നി. എന്തിനും വേണ്ടുന്ന സൗകര്യമുണ്ട്. തോമസ് മുതലാളിക്ക് തന്നോട് ഇങ്ങനൊരു കനിവ് തോന്നാൻ മാത്രം എന്ത് പ്രത്യേകതയാണ് തനിക്കുള്ളത് അവൻ ചിന്തിച്ചു. ഈ സമയം അവന്റെ മൊബൈൽ ബെല്ലടിക്കാൻ തുടങ്ങി.
ആരാണ്... പരിചയമില്ലാത്ത നമ്പർ. കോൾ ബട്ടൺ അമർത്തിയിട്ട് അവൻ ഫോൺ കാതോട് ചേർത്തു.
"ഹലോ."
സ്ത്രീശബ്ദമാണ് ആരാവും. അവന് ഉത്കണ്ടയുണ്ടായി.
"ജയമോഹൻ ചേട്ടനല്ലേ.?"
"അതെ... ആരാണ്.?"
"ഞാൻ ജിൻസി. കീരിക്കാട്ട് വീട്ടിൽ നിന്നാണ് വിളിക്കുന്നെ."
"തോമസ് മുതലാളിയുടെ മകനാണോ.?"
"അതെ."
"ഒരിക്കൽ കണ്ടിട്ടുണ്ട്. അപ്പോൾ ഇതാണ് നെയിം അല്ലെ.?"
"ജിൻസിയെന്നാണ് പേരെങ്കിലും ജിൻസമ്മ എന്നാണ് വീട്ടിൽ വിളിക്കാറ്."
"അപ്പോൾ അമ്മക്കുട്ടി... എന്താ കാര്യം.?"
അവൻ ചിരിച്ചു.
ഏതാനും നിമിഷം മിണ്ടാതിരുന്നിട്ട് അവൾ പറഞ്ഞു.
"നിങ്ങള് വല്ല്യ തമാശക്കാരനാണല്ലോ.?"
"വല്യതൊന്നും ആയിട്ട് തോന്നിയിട്ടില്ല. ഇടക്കൊക്കെ പറയാറുണ്ട്. എന്താണ് വിളിച്ചതെന്ന് പറയൂ..."
"നിങ്ങക്ക് എഴുത്തും വായനയുമൊക്കെ ഇഷ്ടമാണെന്ന് ഡാഡിയുടെ അടുത്ത് പറയുന്നത് കേട്ടു... നല്ല പുസ്തകങ്ങൾ വല്ലതുമുണ്ടോ കൈയിൽ.?"
വല്ലാത്ത കെണിയിലാണല്ലോ പെട്ടിരിക്കുന്നത്. ഒരുനിമിഷം മിണ്ടാതിരുന്നിട്ട് അവൻ പറഞ്ഞു.
"ഈയിടെ വീട്ടിൽ പോയപ്പോൾ ഏതാനും ചിലത് കൊണ്ടുവന്നിട്ടുണ്ട്. ജിൻസി വായിച്ചതാണോ എന്നറിയില്ല."
"ഞാൻ അവിടേയ്ക്ക് വന്നാൽ രണ്ടെണ്ണം തന്നുവിടുന്നതിൽ വിരോധമുണ്ടോ.? "
എന്തുപറയണം. അവൻ ഒരുനിമിഷം ആലോചിച്ചു.
"ഹലോ, എന്താ മിണ്ടാത്തെ...തരാൻ മടിയാണോ.?"
"അതുപിന്നെ..."
അവൻ ഉത്തരം മുട്ടിയതുപോലെ വീണ്ടും നിന്നു.
"ഞാൻ അവിടെ വരുമ്പോൾ കൊണ്ടുവന്നുതന്നാൽ പോരെ.?"
"വേണ്ട ഞാൻ അതുവഴി വരുമ്പോൾ അവിടെ കയറി മേടിച്ചുകൊള്ളാം."
അവൾ പറഞ്ഞു.
അവൻ പിന്നെ എന്തെങ്കിലും പറയുന്നതിന് മുൻപ് ഫോൺ കട്ടായി.
തുടരും...