ഭാഗം 3
കാർ നിറുത്തി പുഞ്ചിരിയോടെ പൂമുഖത്തേയ്ക്ക് കയറിവന്ന തോമസുമുതലാളി ജയമോഹനെ വിഷ് ചെയ്തു. വിനയത്തോടെ പുഞ്ചിരിച്ചുകൊണ്ട് തിരിച്ചു വിഷു ചെയ്യുമ്പോൾ ജയമോഹൻ അയാളെ അടിമുടി ഒന്ന് ശ്രദ്ധിച്ചു. ആറടിയോളം ഉയരം. തടിച്ച ശരീരം. തലമുടി നരച്ചുതുടങ്ങിയിട്ടേയുള്ളൂ... മുണ്ടും ജുബ്ബയുമാണ് വേഷം.
"വിളിച്ചിരുന്നല്ലേ...ജയമോഹൻ എന്നല്ലേ പേര്.?"
"അതെ."
"ഇരിക്കൂ..."
പറഞ്ഞിട്ട് അകത്തേയ്ക്ക് നോക്കി ഭാര്യയെ വിളിച്ചുകൊണ്ട് മുതലാളി കസേരയിൽ ഇരുന്നു. ഈ സമയം മുൻപ് കണ്ട സ്ത്രീ വാതിൽക്കൽ വന്നുനോക്കി. അവരെ നോക്കി മുതലാളി ചോദിച്ചു.
"ഇയാൾക്ക് കുടിക്കാൻ എന്തെങ്കിലും കൊടുത്തോ..."
"ഇപ്പോൾ കുടിച്ചതേയുള്ളൂ..."
ജയമോഹൻ നന്ദിയോടെയെന്നവണ്ണം പറഞ്ഞു.
"തൊടുപുഴ ആണല്ലേ വീട്. നിങ്ങൾ ഡിഗ്രിക്കാരൻ ആണെന്നല്ലേ പറഞ്ഞെ.?"
ജയമോഹൻ അതെയെന്ന ഭാവത്തിൽ പുഞ്ചിരിച്ചുകൊണ്ട് തലയനക്കി.
"എന്നിട്ടെന്താ മറ്റു ജോലിക്കൊന്നും ശ്രമിക്കാതിരുന്നത്.?"
"ശ്രമിക്കാഞ്ഞിട്ടല്ല... ഒന്നും കിട്ടിയില്ല. പിന്നെ എന്തുജോലിയായാലും നന്നായി ജീവിച്ചാൽ പോരെ."
"ഗുഡ് ഏതൊരുജോലിക്കും അതിന്റേതായ അന്തസുണ്ട്. താങ്കളെപ്പോലുള്ളവരെയാണ് ഇന്നത്തെ ലോകത്തിന് ആവശ്യം."
മുതലാളി ഒന്ന് നിറുത്തി. എന്നിട്ട് പറഞ്ഞു.
"തോട്ടത്തിലേയ്ക്ക് ചെന്നോളൂ... ഞാൻ വാച്ചറോട് വിളിച്ചു പറഞ്ഞോളാം. ആദ്യം എല്ലാമൊന്നു ചുറ്റിക്കാണ്.ബാക്കിയൊക്കെ പിന്നെയാവാം."
കുമാരന്റെ കടയിൽ നല്ല തിരക്കാണ്. പലർക്കും പലവിധ ജോലിയാണെങ്കിലും രാവിലെ കടയിൽ വന്ന് ചായ കുടിച്ചിട്ടാണ് ഓരോരുത്തരും അവരവരുടെ വഴിക്ക് പിരിയുക. അതുപോലെതന്നെ വൈകിട്ട് ഇവിടെ ഒരുമിച്ചുകൂടുകയും ചെയ്യും.
മീൻകാരൻ 'സലിം' രാവിലെതന്നെ കടയുടെ മുമ്പിലെത്തിയിട്ടുണ്ടാവും. അവന്റെ കച്ചവടസമയം രാവിലെ ഏഴുമണിതൊട്ട് പത്തുമണി വരെയാണ്.തൊടുപുഴ മാർക്കറ്റിലെ പഴക്കംചെന്ന കച്ചവടക്കാരനാണ് മധ്യവയസ്കനായ ഈ തടിയൻ.മുണ്ട് മുട്ടിനുമുകളിൽ മടക്കിക്കുത്തി തലയിൽ തോർത്തുംകെട്ടി നടക്കുന്നത് തന്നെ മറ്റുള്ളവർക്കിടയിൽ തന്നെ എടുത്തുകാണിക്കാനാണ് എന്ന് എല്ലാവർക്കും അറിയാം.
"നീ നിന്റെ വണ്ടി വാതുക്കൽനിന്ന് കുറച്ചങ്ങോട്ട് മാറ്റിവെക്ക്."
ചായക്കടക്കാരൻ കുമാരൻ സലീമിനോട് നീരസത്തോടെ പറഞ്ഞു.
"അല്ലെങ്കിൽ തന്നെ ഉള്ള ഇത്തിരിസ്ഥലത്താണ് അവന്റെ വണ്ടിയും മീൻപെട്ടിയുംകൂടെ കൊണ്ടുവെച്ചിരിക്കുന്നെ."
ചൂട് ചായയും ഭക്ഷണവും കിട്ടുന്നതിനൊപ്പം അന്നന്നത്തെ നാട്ടുവാർത്തകളും കൂടി കിട്ടുന്നതുകൊണ്ടാണ് കുമാരന്റെ കടയിൽ ഇത്രയധികം തിരക്ക്. പത്രക്കാർ വാർത്തകണ്ടെത്തുന്നതുപോലെ ചായക്കടയിലുള്ളവർ എസ്റ്റേറ്റിലെ കാര്യങ്ങളാണ് ഇന്ന് ചർച്ചചെയ്യുന്നത്.
"എന്നാലും ഇങ്ങനൊരു നാണക്കേട് മുതലാളിക്ക് വരാനുണ്ടോ... അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവനെയൊക്കെ തോട്ടത്തിൽ മാനേജരായി നിറുത്തുക എന്നുവെച്ചാൽ.?"
പാൽക്കാരൻ കൃഷ്ണൻകുട്ടി പറഞ്ഞു.
"അതിന് മുതലാളിയെ മാത്രം കുറ്റം പറയണോ... അവനെ തലയിലെടുത്തുനടന്നവരും തെറ്റുകാരുതന്നെ."
മറ്റൊരാൾ പറഞ്ഞു.
"അതുതന്നെയാണ് ഞാനും പറഞ്ഞത്. സംസ്കാരം ഇല്ലാത്തവനെയൊക്കെ മാനേജർ ആക്കുക എന്നുപറഞ്ഞാൽ എന്താ ചെയ്യുക."
കൃഷ്ണൻകുട്ടിയുടെ മുഖത്ത് കോപം നിറഞ്ഞുനിന്നു.
കൃഷിക്കാരനായ കുഞ്ഞച്ചൻ ചേട്ടനുമുണ്ടായിരുന്നു ചിലതൊക്കെ പറയാൻ.
"അല്ലെങ്കിൽ തന്നെ നിങ്ങളൊന്നു പറ... ഏതെങ്കിലും പെണ്ണുങ്ങൾ ഒറ്റയ്ക്ക് താമസിക്കുന്നിടത്തേയ്ക്ക് അന്യപുരുഷനെ വിളിക്കുമോ.? മാനേജരെ വിളിച്ചില്ലെങ്കിൽ കുട്ടിയുടെ പിറന്നാള് നന്നാവില്ലേ. പിറന്നാൾ ആഘോഷിച്ചില്ലെങ്കിൽ കുട്ടി വളരില്ലേ.?"
"എന്തായാലും അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത ആ മാനേജരെ പറഞ്ഞുവിട്ടത് നന്നായി."
കൃഷ്ണൻകുട്ടി പറഞ്ഞുനിറുത്തി.കൃഷ്ണൻകുട്ടിയുടെ വാക്കുകളോട് കൂറുപുലർത്തിക്കൊണ്ട് ആളുകൾ പിരിഞ്ഞുപോയി.
തോമസുമുതലാളിയുടെ തോട്ടത്തിൽ ജോലിയെടുത്തിരുന്ന മാനേജരെ കുറിച്ചാണ് ചർച്ച.മാനേജരന്മാർ അൽപ്പം സമർത്തരും തന്ത്രശാലികളുമൊക്കെയാണ്.എന്നാൽ ഇപ്പോഴുണ്ടായ സംഭവം ഇതിനെല്ലാമപ്പുറമാണ്.
തോട്ടത്തിലെ പതിവുജോലികഴിഞ്ഞ് പണിക്കാരെല്ലാം പിരിഞ്ഞുപോയപ്പോൾ തോട്ടത്തിലെ വിധവയും സുന്ദരിയുമായ ഒരു പണിക്കാരി വന്ന് മാനേജരോട് പറഞ്ഞു.
"നാളെ വീട്ടിലേയ്ക്ക് വരണം.അമ്മയും പറഞ്ഞിട്ടുണ്ട്."
"എന്താണ് വിശേഷം.?"
മാനേജർ അവളോട് ചോദിച്ചു.
"പിറന്നാളാണ് മോളുടെ."
പിറ്റേദിവസം ഉച്ചയോടുകൂടി മോൾക്കുള്ള സമ്മാനവുമായി മാനേജർ വീട്ടിലെത്തി.ഈ സമയം പുറത്തുവന്നുകൊണ്ട് ആ യുവതി പറഞ്ഞു.
"അമ്മയും പിറന്നാള് കാരിയുംകൂടി പുറത്തുവരെ പോയതാണ്.ഇപ്പോൾ വരും.അകത്തേയ്ക്ക് കയറിയിരിക്കൂ."
മാനേജർ കൈയിലിരുന്ന സമ്മാനപ്പൊതി അവളെ എൽപിച്ചിട്ടു വീടിനുള്ളിലേയ്ക്ക് കടന്നു.എന്നിട്ട് അവൾ കൊണ്ടുവന്നുകൊടുത്ത ചായ ആസ്വദിച്ചുകുടിച്ചു. ശേഷം ചായയുടെ മഹത്വത്തെപ്പറ്റി അവളെ പുകഴ്ത്തുകയും ചെയ്തു.
ഏതാനുംസമയം ഇരുന്നിട്ടും കുട്ടിയും അമ്മയും വരാതിരുന്നപ്പോൾ അയാളുടെ മനസ്സിൽ ചില ദുഷ്ടചിന്തകൾ തലപ്പൊക്കി. വീടിനുള്ളിൽ എന്തോ ജോലിയിൽ ഏർപ്പെട്ടിരുന്ന യുവതിയെ അയാൾ പിന്നിലൂടെ എത്തി കടന്നുപിടിച്ചു.ഈ സമയത്താണ് പുറത്തുപോയ അമ്മയും മകളും തിരിച്ചെത്തിയത്.അവർ ഒച്ചവെച്ച് ആളെക്കൂട്ടി.
സംഭവമറിഞ്ഞു നാട്ടുകാർ നടുങ്ങി. തോട്ടത്തിലെ മാനേജർ ഒരു സ്ത്രീലമ്പടനാണെന്ന വാർത്ത എങ്ങും പടർന്നു. സംഭവം ചോദ്യംചെയ്യാനെത്തിയ നാട്ടുകാരോട് മാനേജർ തെറ്റ് സമ്മതിക്കുകയും ചെയ്തു.അതോടെ മാനേജരെ തോട്ടത്തിൽ നിന്ന് പിരിച്ചുവിട്ടു.പിരിഞ്ഞുപോയി എന്ന് പറയുന്നതാവും ശരി.ആ പ്രശ്നമാണ് ഇപ്പോൾ നാട്ടിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.
(തുടരും...)