ഭാഗം - 7
മത്തായിച്ചേട്ടൻ പതിവുപോലെ തന്നെ നല്ല ഉന്മേഷത്തിലായിരുന്നു. പഴയ ഒരു സിനിമാ പാട്ടും മൂളിക്കൊണ്ടാണ് രാവിലെ തോട്ടത്തിലേയ്ക്ക് ഇറങ്ങിയത്.
എന്തോ ഓർമയിൽ മുഴുകി നടന്ന ചേട്ടൻ തൊഴിലാളികളോട് പതിവുള്ള നമസ്കാരം പറയൽ മറന്നു. ചേട്ടൻ ഒരിക്കലും അത് മറക്കാറില്ല.
തോട്ടത്തിൽ ജോലിക്കുവരുന്ന പെണ്ണുങ്ങളിൽ ഒരാളായ 'ലീല' ഇത് മനസ്സിലാക്കിക്കൊണ്ട് ചേട്ടനെ ഒന്ന് കളിയാക്കും വിധം എല്ലാവരും കേൾക്കെ അവൾ ഉറക്കെ നമസ്കാരം പറഞ്ഞു.
"ങ്ഹാ ഞാനിന്ന് നമസ്കാരം പറഞ്ഞില്ലല്ലേ.?"
അദ്ദേഹം പുഞ്ചിരിയോടെ എല്ലാവരോടുമായി നമസ്കാരം പറഞ്ഞുകൊണ്ട് ജാള്യതയോടെ പാട്ട് അവസാനിപ്പിച്ചു.
"ഇന്ന് കാട് വെട്ടുന്ന പണിയാണ് നമുക്ക് ചെയ്യാനുള്ളത്... തുടങ്ങിയാലോ.?"
ശരിയെന്ന് പറഞ്ഞുകൊണ്ട് ജോലിക്ക് തയ്യാറെടുക്കുമ്പോൾ തൊഴിലാളികളുടെ മനസ്സിൽ വല്ലാത്ത മരവിപ്പ്. ചേട്ടൻ പണിയെടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ ചാറ്റൽ മഴയത്ത് എന്തുചെയ്യാൻ.
"'ശാന്തയും' ഏതാനും ആളുകളും അതിരിൽനിന്നു കാട് തെളിച്ചു കയറട്ടെ."
ശരിയെന്നു പറഞ്ഞുകൊണ്ട് അവർ ജോലിക്കായി തിരിക്കുമ്പോൾ ചേട്ടന്റെ മുഖത്തു സന്തോഷം വിടർന്നു. അതുവരെയുള്ള ഗൗരവം മാഞ്ഞുപോയിരുന്നു.
"ശരി ബാക്കിയുള്ളവർ എലത്തിന്റെ ചുവടു തെളിക്കട്ടെ. എതിർപ്പില്ലല്ലോ ആർക്കും.?"
"എല്ലാരുംകൂടി ഒരുമിച്ചു ആദ്യം ചുവടു തെളിക്കാം. എന്നിട്ട് അടച്ചു കാട് തെളിച്ചാൽ പോരെ.?"
ലീല ചോദിച്ചു.
ലീലയുടെ ചോദ്യം കേട്ട് തൊഴിലാളികളുടെ മുഖത്ത് അനുകൂലംഭാവം മിന്നി. ചെറിയ അനിഷ്ടത്തോടെ ആണെങ്കിലും മത്തായിചേട്ടൻ അതിന് അനുവദിച്ചു.
ലീലയുടെ ഭരണം ഇത്തിരി കൂടുന്നുണ്ട്. മത്തായി ചേട്ടന് തോന്നി. അവള് വല്ലാതെ അധികാരഭാവം കാണിക്കണ്ട. നല്ല മറുപടി കൊടുത്താൽ ശരിയാക്കാവുന്നതേയുള്ളൂ. പക്ഷേ, കാലം വല്ലാത്തതാണ്. തൊഴിലാളികളോട് മാന്യമായി ഇടപെടണം. അവരെ ഒന്ന് വഴക്കുപറയാൻ കൂടി ഭയക്കണം. ഇപ്പോൾ അവരുടെ കയ്യിലാണ് അധികാരം. ചേട്ടൻ ചിന്തിച്ചു.
"ചേട്ടാ ഒരു സംശയം.?"
തന്റെ നിർദേശം അംഗീകരിച്ചത്തിലുള്ള ആവേശം ഉൾക്കൊണ്ടുകൊണ്ട് ലീല ചോദിച്ചു.
"ഉം എന്താണ് പറയൂ..."
ചേട്ടൻ മുഖം കനപ്പിച്ചു.
"ചേട്ടനെന്താ ഇതുവരെ കല്യാണം കഴിക്കാത്തെ വല്ല പ്രേമ നൈരാശ്യവും.?"
"അതെന്താ പ്രേമ നൈരാശ്യം ഉള്ളവർ മാത്രമേ കല്യാണം കഴിക്കാതിരിക്കുന്നുള്ളു.?"
ചേട്ടന് ദേഷ്യം വന്നു.
"എങ്കിൽ പിന്നെ എന്താണ് കാരണം എന്ന് പറഞ്ഞുകൂടേ ഞങ്ങളോട്, പറയാവുന്നതാണെങ്കിൽ മതീട്ടോ.?"
അവൾ ചിരിച്ചു.
അദ്ദേഹത്തിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അയാൾ ലീലയെ നോക്കി ചോദിച്ചു.
"ലീല എന്താ ഇതുവരെ കല്യാണം കഴിക്കാത്തെ ആദ്യം അതുപറ. എന്നിട്ടല്ലേ എന്റെ കാര്യം."
ഒരുനിമിഷം ലീല വിളറിനിന്നു. അങ്ങനൊരു മറുചോദ്യം അവൾ പ്രതീക്ഷിച്ചിരുന്നില്ല.
"അതുപിന്നെ... ഈ മലയോരത്ത് ഒരു ഗതിയുമില്ലാതെ കിടക്കുന്ന എന്നെയൊക്കെ ആരുകെട്ടാനാണ്. സ്ത്രീധനം കൊടുക്കാൻ എന്തെകിലും വേണ്ടേ വീട്ടിൽ. പോരാത്തതിന് സൗന്ദര്യോം ഇല്ല. പ്രായവും കൂടിപ്പോയി."
"ഇതാണ് ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ഉണ്ടാവും. എനിക്കും ഉണ്ട്... വീട്ടിലെ ഉത്തരവാദിത്വങ്ങളൊക്കെ തീർത്തുവന്നപ്പോൾ വൈകിപ്പോയി. അതുകൊണ്ട് തന്നെ അതിനെക്കുറിച്ചു ആലോചിച്ചില്ല."
ചേട്ടൻ മറുപടി നൽകി.
ലീല മുഖം കുനിച്ചു നിന്നു. മറ്റുള്ളവർ അവളെനോക്കി പുഞ്ചിരിച്ചുകൊണ്ട് നിന്നു.
********************************
"സംഗതിയിപ്പോൾ വല്ലാത്ത കെണിയായല്ലോ... ആള് ഇവിടുന്ന് പൊകുവേം ചെയ്തു. വീട്ടിലൊട്ട് എത്തിയിട്ടുമില്ല. ഇനിയെന്ത് ചെയ്യും.?"
കീരിക്കാട്ട് വീടിന്റെ ഔട്ട് ഹൗസിൽ ആണ് രംഗം. അവിടെ തോമസു മുതലായിയും, തോട്ടം ഉടമ അസോസിയേഷന്റെ സെക്രട്ടറിയും, മറ്റ് രണ്ട് തോട്ടം ഉടമകളായ സുഹൃത്തുക്കളുമുണ്ട്. അവർ കാര്യമായ ചർച്ചയിലാണ്. തോമസുചേട്ടന്റെ ആവലാതി കേട്ട് അവരെല്ലാം ഒന്നും മിണ്ടാത്തെ ഏതാനുംനിമിഷം ആലോചിച്ചിരുന്നു.
"നമുക്കൊന്ന് അന്വേഷിച്ചു പോയാലോ...?"
സെക്രട്ടറിയുടേതാണ് ചോദ്യം.
"എങ്ങോട്ടെന്ന് പറഞ്ഞാണ് പോവുക...ആള് പത്തനംതിട്ട കാരനാണെന്നും പേര് 'സുരേന്ദ്രൻ' എന്നാണെന്നും അല്ലാതെ കൂടുതലൊന്നും നമുക്കറിയില്ലല്ലോ. ഈ ലോകം എത്ര പരണുകിടക്കുന്നു."
തോമസ് മുതലാളി നിസ്സഹായനായി പറഞ്ഞു.
"എത്രനാൾ അയാളിവിടെ ജോലിയെടുത്തു.?"
ഏതാനും നിമിഷം മിണ്ടാതിരുന്നിട്ട് സെക്രട്ടറി വീണ്ടും ചോദിച്ചു.
"മൂന്നും മാസം.അതിന് നാലുമാസത്തെ ശമ്പളം കൈപ്പറ്റിയിട്ടാണ് പോയിട്ടുള്ളത്."
തോമസ് മുതലാളി പറഞ്ഞു.
"വല്ല അസൂഖവും പിടിച്ചെവിടെയെങ്കിലും കിടക്കുകയാണോ.?"
സുഹൃത്ത് 'ജയിംസ്' സംശയം പ്രകടിപ്പിച്ചു.
"അങ്ങനെയെങ്കിൽ വീട്ടിലേയ്ക്കോ എന്നെയോ ഒന്ന് വിളിച്ചുകൂടെ... ഞാൻ ഒന്നും പറഞ്ഞിട്ടില്ലല്ലോ ഇവിടുന്ന് പോയത്."
തോമസ് മുതലാളി സുഹൃത്തിനെ നോക്കി ചോദിച്ചു.
"അതുനേരാണ്."
സുഹൃത്ത് ശരിവെച്ചുകൊണ്ട് പറഞ്ഞു.
"അല്ലെങ്കിലും അവനെ കണ്ടപ്പോഴേ എനിക്ക് തോന്നിയിരുന്നു. ആള് ശരിയല്ലെന്ന്."
സെക്രട്ടറി പറഞ്ഞു.
"അതെന്താ...അങ്ങനെ.?"
മറ്റൊരു സുഹൃത്തായ 'രഘുനന്ദൻ' ചോദിച്ചു.
"അതെന്താണെന്നുവെച്ചാ... സംസാരത്തിലും പ്രവർത്തിയിലുമെല്ലാം ഉണ്ടായിരുന്നു ഒരു കള്ള ലക്ഷണം. മാന്യൻ എന്നല്ലായിരുന്നോ എല്ലാവരും അവനെ വിശേഷിപ്പിച്ചിരുന്നത്. ഒടുക്കം കണ്ടില്ലേ?"
"അതുനേരാ..."
സുഹൃത്ത് പറഞ്ഞു.
"ആ പോക്ക് അറിഞ്ഞപ്പോഴേ എനിക്ക് തോന്നിയിരുന്നു അത് വീട്ടിലേക്കാവില്ലെന്ന്. എന്തായാലും ഞാൻ പത്തനംതിട്ടയുള്ള എന്റെ ഒരു സുഹൃത്തിനോട് കാര്യം പറഞ്ഞിട്ടുണ്ട്. അവനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ചിട്ട് വിളിക്കാന്നു പറഞ്ഞിട്ടുണ്ട്."
സുഹൃത്ത് ജയിംസ് പറഞ്ഞു.
അല്പസമയം കഴിഞ്ഞതും ജയിംസിന്റെ ഫോൺ ബെല്ലടിച്ചു.
"ഞാൻ പറഞ്ഞ സുഹൃത്താണ് വിളിക്കുന്നത്. എന്തായി കാര്യങ്ങൾ എന്ന് നോക്കട്ടെ. മിണ്ടരുത്."
സുഹൃത്തുക്കളെ നോക്കി പറഞ്ഞിട്ട് അവൻ ഫോൺ കാതോട് ചേർത്തു. ഫോൺ അറ്റന്റു ചെയ്ത ജയിംസിന്റെ മുഖത്ത് വിവിദഭാവങ്ങൾ മിന്നിമറയുന്നത് കണ്ട സെക്രട്ടറി തോമസ് മുതലാളിയോട് പറഞ്ഞു.
"ജയിംസിന്റെ സുഹൃത്ത് എന്തോക്കെയോ കാര്യമായിട്ട് പറയുന്നുണ്ടല്ലോ."
"എല്ലാം നമ്മൾ വിചാരിച്ചതിനേക്കാളും മോശമാണ്. തലേന്ന് ഒഴിഞ്ഞുപോയത് ഭാഗ്യം."
ഫോൺ ഓഫ് ചെയ്തുകൊണ്ട് ജയിംസ് പറഞ്ഞു.
"എന്താ കാര്യം. സുഹൃത്ത് എന്താ പറഞ്ഞേ.?"
സെക്രട്ടറി ആകാംഷകൊണ്ടു.
"മൂന്നുമാസത്തോളം ഇവിടെ മാനേജരായി ജോലി ചെയ്തവനില്ലേ അവന്റെ പേരുപോലും കള്ളമാണ്. പെണ്ണുകേസിൽ പെട്ട് നാടുവിട്ടാണ് അവൻ ഇവിടെ എത്തിയത്. അങ്ങനെ പിടിച്ചുനിൽപ്പിനുവേണ്ടി കെട്ടിയ വേഷമാണ് മാനേജരുടേത്. ഇപ്പോൾ ആള് നാട്ടിലില്ല. ഇതുപോലെ വേറെവിടെയോ ചേക്കേറിയിരിക്കുകയാണെന്നാണ് അറിവ്. വീട്ടിലേയ്ക്ക് കഴിഞ്ഞദിവസം വിളിച്ചിരുന്നു അത്രേ. ഏതായാലും ഇനി ഇതിന്റെ പിന്നാലെ പോകണ്ട.എല്ലാം ഇവിടംകൊണ്ട് അവസാനിച്ചു എന്ന് കരുതിയാമതി."
ജയിംസിന്റെ വാക്കുകൾകേട്ട് എല്ലാവരും ഒരുനിമിഷം മരവിച്ചിരുന്നുപ്പോയി. ഒടുവിൽ തോമസ് മുതലാളി പറഞ്ഞു.
"നമ്മൾ അറിഞ്ഞതൊന്നും ഇനി മറ്റാരോടും പറയണ്ട. എനിക്ക് ഇങ്ങനൊരു അബദ്ധവും മാനക്കേടും ഇനി സംഭവിക്കാനില്ല."
"ശരിയാണ്.ശരിക്കുള്ള അന്വേഷണവും മറ്റും നടത്താതെ ജോലിക്ക് നിയമിച്ചതുകൊണ്ട് പറ്റിയ അബദ്ധം."
സെക്രട്ടറി പറഞ്ഞു.
"അതെ ഇനി പറഞ്ഞിട്ടെന്താ ഫലം...ഏതായാലും ഇനിയൊരു അബദ്ധം പറ്റില്ലല്ലോ."
നിരാശയത്തിൽ കുതിർന്നിരുന്നു മുതലാളിയുടെ വാക്കുകൾ.
തുടരും...