ഭാഗം 2
പൂമുഖത്തേയ്ക്ക് പിന്നെ ഇറങ്ങിവന്നത് മധ്യവയസ്കയായ ഒരു സ്ത്രീയാണ്. കുലീനത നിറഞ്ഞ രൂപം. സർവ്വാഭരണ വിഭൂഷിത.നൈറ്റിയാണ് വേഷം. മുതലാളിയുടെ ഭാര്യയാന്നെന്നു തോന്നി.ആരാണെന്ന ചോദ്യഭാവത്തോടെ നോക്കിനിന്ന ആ സ്ത്രീയോട് ജയമോഹൻ പറഞ്ഞു.
"മുതലാളിയെ കാണണമായിരുന്നു."
"ആണോ... ഇപ്പോൾ വരും.പുറത്തുപോയതാ, ഇങ്ങോട്ട് കയറിയിരുന്നോളൂ."
അവൻ പൂമുഖത്തു കയറി കസേരയിലിരുന്നു.
"ദാ ഈ ചായ കുടിക്കൂ..."
ആ സ്ത്രീ കൊണ്ടുവന്നുനൽകിയ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ ഓർത്തത്... ഇനി തനിക്ക് ജോലി കിട്ടാതെ വരുമോ വേറെയാരെങ്കിലും നിയമിതരായിട്ടുണ്ടാകുമോ എന്നാണ്.
സുഹൃത്തായ 'രാജേഷ്' ആണ് ഇവിടെ ഇങ്ങനൊരു ഒഴിവുണ്ടെന്ന് പറഞ്ഞത്. അവൻ ഇതുപോലൊരു തോട്ടത്തിൽ മാനേജരാണ്. അവന്റെ മുതലാളിയിൽ നിന്നാണ് അവന് വിവരം കിട്ടിയത്. പക്ഷേ, അവൻ ഈ കാര്യം പറഞ്ഞിട്ടുകുറേനാളുകളായി.
ശേഖരൻ മുതലാളിയുടെ തോട്ടത്തിൽ താൽക്കാലിക മാനേജരായി തുടങ്ങിയ ജോലിയാണ് ഇപ്പോൾ ജീവിതവുമായി കെട്ടുപിണഞ്ഞുകിടക്കുന്നത്. അന്ന് വീട്ടിലെ നിത്യവൃത്തി കടന്നുകിട്ടിയാൽ മതിയെന്നായിരുന്നു. പോകപ്പോകെ ജീവിതത്തിനു കനവും ചിലവും കൂടിക്കൂടി വന്നു.
ഗവൺമെന്റു ജോലിക്കാരനായ ചേട്ടൻ പലപ്പോഴും അമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട്.
"അവന്റെയീ മാനേജരു പണിയുംകൊണ്ട് ജീവിതം മുന്നോട്ട് പോകില്ല. വേറെയെന്തെങ്കിലും ജോലിനോക്കാൻ പറയെന്ന്."
ഹൃദയം അപ്പോഴൊക്കെ വല്ലാതെ നൊന്തുനീറിയിട്ടുണ്ട്.
വീട്ടുചിലവിലേയ്ക്ക് ചേട്ടനെപ്പോലെ പണം നല്കാത്തത്തിലുള്ള അമർഷമാണ് ആ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നത്. എങ്ങനെയാണു അവർക്കൊപ്പംഎത്താനാവുക... എങ്ങനെയാണു കലഹങ്ങളില്ലാതിരിക്കുക.ജോലിക്കാരനായ ചേട്ടന്റെ ഒരാഴ്ചത്തെ ശമ്പളത്തിനൊപ്പമേയുള്ളൂ തന്റെ ഒരുമാസത്തെ ശമ്പളം.
പക്ഷേ, അമ്മയും ഭാര്യ 'ഗൗരിയും' എന്നും തനിക്കൊപ്പമായിരുന്നു. കൊടുക്കുന്നത് വാങ്ങുക ഉള്ളതുകൊണ്ട് ഒതുങ്ങിക്കഴിയുക എന്നല്ലാതെ ഒന്നിനും കുറ്റം പറയുകയോ, കണക്കുപറയുകയോ ചെയ്തിട്ടില്ല രണ്ടാളും. അവർക്കറിയാം തന്റെ ദാരിദ്ര്യം.
അമ്മ പലപ്പോഴും ചേട്ടനോട് പറയുന്നത് അവൻ കേട്ടിട്ടുണ്ട്.
"നീയെന്തിനാ 'രാജ്‌മോഹൻ' എപ്പോഴും ജയമോഹനെ കുറ്റപ്പെടുത്തുന്നത്. നിന്നെപ്പോലെ ജോലിയോ ശമ്പളമോ ഉണ്ടോ അവന്.അവനെക്കൊണ്ട് കഴിയുന്നതുപോലെ ഒക്കെ കൊണ്ടുവരുന്നില്ലേ ഇവിടെ.?"
"കാര്യമൊക്കെ ശരി. എന്നുവെച്ച് എല്ലാരേം എക്കാലവും തീറ്റിപോറ്റാൻ എന്നെക്കൊണ്ട് കഴിയുമോ എനിക്കും ഇല്ലേ ഭാര്യയും കുട്ടികളുമൊക്കെ. അവരുടെ ഭാവികൂടി നോക്കണ്ടേ.?"
ചേട്ടന്റെ ഒച്ച ഉയർന്നപ്പോൾ അമ്മയ്ക്ക് ദേഷ്യം വന്നു.
"എന്നുവെച്ച് എനിക്ക് എന്റെ മകനെ തള്ളിക്കളയാനാകുമോ... നീ ശരീരമനങ്ങാതെ ഓഫീസ്സിലിരുന്നു സമ്പാദിയ്ക്കുന്ന ആയിരം രൂപയേക്കാൾ മൂല്യമുണ്ട് അവൻ കണ്ട കാട്ടിലും മലയിലുമൊക്കെ ജോലിചെയ്തു കൊണ്ടുവരുന്ന നൂറുരൂപയ്ക്ക് അതുമറക്കേണ്ട."
അമ്മ ഒരു സന്ദേശം പോലെ പറഞ്ഞുനിറുത്തി.ചേട്ടന് പിന്നെയും എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നെങ്കിലും ഉള്ളിലൊതുക്കി മിണ്ടാതിരുന്നു.
ഒരുദിവസം ആരുമില്ലാത്ത നേരംനോക്കി ഭാര്യ അടുത്തുവന്നു പറഞ്ഞു.
"കേട്ടോ നിങ്ങടെ പെങ്ങള് വന്നു പറഞ്ഞിട്ട് പോയത്.?"
"ഇല്ല.. എന്താണ് പറയൂ..."
"അവള് ജോലി ചെയ്തു ഉണ്ടാക്കുന്നതിൽ നിന്ന് ഒരുരൂപ പോലും ഇവിടുത്തെ കുടുംബ ചിലവിനു തരില്ലെന്ന്. അതോർത്ത് ആരും കഴിയേണ്ടന്ന്."
"വേണ്ടാ... ആര് ചോദിച്ചു അതിന്.ആർക്കും ഒന്നും കൊടുക്കാതെ പൈസയൊക്കെ എന്ത് ചെയ്യാനാണ് അവളുടെ തീരുമാനം.?"
"സമ്പാദിക്കണമത്രേ...മോൾക്കുവേണ്ടി സ്വർണ്ണം വാങ്ങിവെക്കണമെന്ന്. പണവും പണ്ടവും കൊടുക്കാത്തതിന്റെ പേരിലല്ലേ അവളെ ഭർത്താവ് ഇവിടെ കൊണ്ടുവന്ന് ആക്കിയിട്ടു പോയത്.ആ ഒരു ഗതി മോൾക്ക് വരാൻ പാടില്ലെന്ന്."
ജയമോഹൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല. അവന്റെയുള്ളിൽ ദുഖവും നിരാശയും ഒരുമിച്ചു പിറവിയെടുത്തു.സഹോദരി പറഞ്ഞതിൽ കാര്യമുണ്ടെന്ന് അവന് അറിയാമായിരുന്നു.
ഒരേയൊരു പെങ്ങളെ ഉണ്ടായിരുന്നുള്ളൂ എന്നിട്ടും വേണ്ടതുപോലെ കെട്ടിച്ചയക്കാൻ കഴിഞ്ഞില്ല.തങ്ങടെ നിലക്കൊത്ത ഒരാൾ വരാതെ എന്തുചെയ്യും. വരുന്നവർക്കൊക്കെ പൊന്നും പണവും മതി.ഒടുവിൽ വൈകിയാണ് കെട്ടിച്ചയച്ചത്.അതോ ഇങ്ങനെയായി. മുഴുകുടിയനായ ഭർത്താവും വീട്ടുകാരുംകൂടി സ്ത്രീധനത്തിനെ പേരിൽ നിത്യവും ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ സഹികെട്ട് അവൾ വീട്ടിലേയ്ക്ക് പോന്നു. ഇപ്പോൾ അടുത്തുള്ള കമ്പനിയിൽ ജോലിക്ക് പോകുന്നുണ്ട്. പോകണ്ടെന്നു പറയാനും തന്റെ അവസ്ഥമൂലം കഴിയുന്നില്ലല്ലോ.
ചെറുതെങ്കിലും ഒരു ജോലി ഉള്ളതുകൊണ്ട് പെങ്ങൾക്കും മകൾക്കും അവരുടെ കാര്യമെങ്കിലും നടക്കുമല്ലോ. അല്ലാതെ തന്നോട് ചോദിച്ചാൽ എന്ത് ചെയ്യും. അവനോർക്കും.
"ഇങ്ങനെ മുന്നോട്ടുപോയാൽ ഞാനാണ് പെടുക."
ഒരിക്കൽ ആലോചനയിലാണ്ട് കിടക്കവേ ഗൗരി അവനോട് പറഞ്ഞു.
"ഉം... എന്താ കാര്യം.?"
"എന്താണെന്നോ... നേരത്തിനും കാലത്തിനും വെച്ചുവിളംബണമെങ്കിൽ എന്തേലും കൊണ്ടുവരണ്ടേ ആരെങ്കിലും.കഴിക്കാൻ നേരം ഇല്ലെന്നു പറഞ്ഞാൽ എല്ലാവർക്കും ഇഷ്ടക്കേടാവും.നിങ്ങക്കാണെങ്കിൽ കാര്യമായ പണിയില്ല. പെങ്ങൾ ഒന്നും തരില്ല. ജോലിയുള്ള ചേട്ടൻ എന്തെങ്കിലും തന്നാൽ അതിന് നൂറുകണക്ക് പറയും ചേട്ടത്തി. പിന്നെ അമ്മയ്ക്ക് വല്ലതും കിട്ടികൊണ്ടുവന്നാൽ ആയി."
അവളുടെ ശബ്ദം ഇടറി.ഏതാനും നിമിഷം മിണ്ടാതിരുന്നിട്ടു ഭർത്താവ് ഒന്നും മിണ്ടുന്നില്ലെന്നു കണ്ടപ്പോൾ അവൾ പറഞ്ഞു.
"എല്ലാം സഹിക്കാം.എനിക്കൊരു പരാതിയുമില്ല.പക്ഷെ,ചിലപ്പോഴുള്ള ഏട്ടത്തിയുടെ കുത്തുവാക്കുകൾ കേൾക്കാൻ എനിക്ക് വയ്യ.നിങ്ങള് വാങ്ങിക്കൊണ്ടുവരുന്ന റേഷനരികൊണ്ട് കഞ്ഞി വെച്ചില്ലട്ടല്ലേ എല്ലാരും കുടിക്കണത്. എന്നിട്ടും അവര് വാങ്ങുന്ന അരിയില്ലെങ്കിൽ ഇവിടാരും കഞ്ഞികുടിക്കില്ലെന്നാണ് അവര് പറയണത്."
ജയമോഹന് എല്ലാം മനസ്സിലായി.മാസമാസം കിട്ടുന്ന റേഷനരിയാണ് പ്രശ്നം.ഗുണമൽപ്പം കുറയുമെങ്കിലും വില അധികം കൊടുക്കണ്ടാത്തതുകൊണ്ട് അതുവാങ്ങിയാണ് പലപ്പോഴും കഞ്ഞിവെക്കുന്നത്. കാശ് മുടക്കില്ലല്ലോ എന്നുകരുതി ആരും കുറ്റമൊന്നും പറയാറുമില്ല. എന്നിട്ടും വല്ലപ്പോഴും വാങ്ങുന്ന നല്ല അരിയുടെ പേരിൽ ഏട്ടത്തി കണക്കു പറഞ്ഞിരിക്കുന്നു. ജോലിയുള്ളപ്പോൾ താനും വാങ്ങാട്ടുണ്ട് നല്ല അരി.
"ഇനി റേഷനരികൊണ്ട് മാത്രം ചിലവ് കഴിക്കാന്ന് കരുതണ്ട."
ഗൗരി തറപ്പിച്ചു പറഞ്ഞു.
"പിന്നെ, നല്ലരി വാങ്ങാൻ കാശെവിടെ...ജോലിവേണ്ടേ.?"
"അതെന്താ നിങ്ങക്ക് മാത്രം ജോലികിട്ടാത്തത്.അതാ ഞാൻ പറയണത് നാട്ടിൽ തന്നെ ഇങ്ങനെ കിടന്നുകറങ്ങിയാൽ ജോലിയും കൂലിയും കിട്ടില്ലെന്ന്. ഇവിടല്ലാതെ തോട്ടവും മറ്റും ഇല്ലേ. അവിടൊരു ജോലി അന്വേഷിക്കണം."
ഗൗരി പറഞ്ഞു. അങ്ങനാണ് ഈ ജോലിക്കായി അപേക്ഷ കൊടുത്തത്.
ഗേറ്റുകടന്നു കാറിൽ തോമസുമുതലാളി വന്നിറങ്ങിയപ്പോൾ ജയമോഹൻ ഓർമ്മയിൽ നിന്നുണർന്നു. എന്നിട്ട് ബഹുമാനത്തോടെ കസേരയിൽ നിന്നെഴുന്നേറ്റ് ഒതുങ്ങിനിന്നു.
(തുടരും...)