ഭാഗം - 5
വൈകുന്നേരത്തോടുകൂടി ജയമോഹൻ തന്റെ വീട്ടിലെത്തിച്ചേർന്നു. എസ്റ്റേറ്റിൽ മാനേജരായി ചാർജടുത്തിട്ട് ഒരാഴ്ചയ്ക്ക് ശേഷമുള്ള വരവാണ്. വീട്ടിൽ ആരും ഉള്ള ലക്ഷണമൊന്നുമില്ല. എല്ലാവരും എവിടെപ്പോയി. അവൻ വിളിച്ചുനോക്കി.
പക്ഷേ, പ്രതീകരണമൊന്നുമുണ്ടായില്ല. പരിസരത്തെങ്ങും ആരും ഉള്ള ലക്ഷണമില്ല. അമ്മ ചിലപ്പോൾ ജോലിക്ക് പോയിട്ടുണ്ടാവും. പക്ഷേ, ചേട്ടത്തിയും മക്കളും, ഭാര്യയും മോളും എവിടെപ്പോയി എല്ലാരും. ഒരുതവണകൂടി വിളിച്ചിട്ട് കാണാഞ്ഞിട്ട് അവൻ ഫോണെടുത്ത് ഭാര്യയെ വിളിക്കാനൊരുങ്ങി.
ഈ സമയം അയൽവക്കത്തുനിന്ന് ലക്ഷ്മി ചേച്ചി വിളിച്ചുപറഞ്ഞു.
"ആരാ ജയമോഹനാണോ...വീട്ടിൽ ആരുമില്ല. ഗൗരിയും മോളും കൂടി അയൽക്കൂട്ടത്തിന് പോയിരിക്കുവാണ്. പോയിട്ട് കുറെയായി വരാറായിട്ടുണ്ടാവും. അമ്മ ജോലിക്ക് പോയതാണ്. ചേട്ടത്തിയും കുട്ടികളും എങ്ങോട്ടാപോയതെന്ന് അറിയില്ല."
ലക്ഷ്മി ചേച്ചി അമ്മയെപ്പോലെയാണ് ജയമോഹന്. ഭർത്താവ് മരിച്ചതോടെ ചേച്ചി തനിച്ചാണ് താമസം. തോട്ടത്തിൽ ജോലിക്ക് പോയതിൽപ്പിന്നെ ചേച്ചിയോട് സംസാരിക്കാൻ പറ്റിയിട്ടില്ല.ഭാര്യയും മോളും വരുന്നതുവരെ ചേച്ചിയോട് സംസാരിച്ചിരിക്കാം എന്ന് വിചാരിച്ചുകൊണ്ട് അവൻ അവിടെയ്ക്ക് നടന്നു.
"എന്തൊക്കെയുണ്ട് വിശേഷം... ചേച്ചിയെന്താ അമ്മയുടെകൂടെ തോട്ടത്തിൽ ജോലിക്ക് പോകാത്തത്.?"
"പോയില്ല മോനെ... നടുവിന് വല്ലാത്ത വേദന."
ചേച്ചി തിണ്ണയിൽ കിടന്ന കസേര അവന് മുമ്പിലേയ്ക്ക് നീക്കിയിട്ടു.
"കയറിയിരിക്ക്. അവരാരെങ്കിലും വരട്ടെ."
കസേരയിൽ കടന്നിരുന്ന ജയമോഹനെ നോക്കി ചേച്ചി ചോദിച്ചു.
"എന്താ മോനെ നീ ക്ഷീണിച്ചിരിക്കുന്നത്. അവിടെ നന്നായി ഭക്ഷണമൊന്നും കഴിക്കുന്നില്ലേ.?"
"ഉണ്ട് ചേച്ചി. എല്ലാകൂട്ടവും ഉണ്ട് അവിടെ. പിന്നെ എന്തൊക്കെ ഉണ്ടായാലും ഇവിടല്ലേ മനസ്സ്. അപ്പോൾ പിന്നെങ്ങനെയാ കഴിക്കുന്നത് ദേഹത്തു പിടിക്കുക."
ചേച്ചിയെ നോക്കി സ്നേഹത്തോടെ അവൻ പറഞ്ഞു.
"അങ്ങനെയായാൽ എങ്ങനാ... മനസ്സിന് ധൈര്യം ഇല്ലാണ്ട് പറ്റുവോ... ആരോഗ്യം നോക്കണം."
ലക്ഷ്മി ചേച്ചി അങ്ങനാണ്. ജയമോഹാനോട് എന്നും മകനോടെന്നപോലെ വത്സല്യമാണ്. തനിക്ക് പിറക്കാതെപോയ മകനായിട്ടാണ് അവർ അവനെ കാണുന്നത്.
ഈ സമയം അയൽകൂട്ടത്തിനുപോയ ഭാര്യയും മോളും തിരിച്ചെത്തി. അവൻ ലക്ഷ്മി ചേച്ചിയോട് യാത്രപറഞ്ഞ് അവിടുന്നിറങ്ങി.
"ചേട്ടൻ വന്നിട്ട് ഒരുപാട് നേരമായോ... വിളിക്കാമായിരുന്നില്ലേ.?"
ഗരി ചോദിച്ചു.
"ഏയ് കുറച്ചുനേരം ആയുള്ളൂ വന്നിട്ട്. പിന്നെ ചേച്ചി പറഞ്ഞു നിങ്ങള് അയൽകൂട്ടത്തിൽ പോയതാണെന്ന്. പതിയെവരട്ടെ എന്നുകരുതി."
"ഈ ആഴ്ച ചിലപ്പോഴെ വരൂ എന്ന് പറഞ്ഞിട്ട് പിന്നെന്താ പൊന്നെ.?"
ഗൗരി ഭർത്താവിനെ നോക്കി.
"മോൾക്ക് പനിയാണെന്നറിഞ്ഞു...പിന്നെ നിങ്ങടെ കാര്യമോർത്താൽ എനിക്ക് അവിടെ സ്വസ്ഥമായി കഴിയാനൊക്കുമോ. പോരാത്തതിന് നാളെ തോട്ടത്തിൽ അവധിയുമല്ലേ. ഇങ്ങ് പോന്നു."
"മോളുടെ പനിയൊക്കെ മാറി. പിന്നെ ഞങ്ങടെ കാര്യം എന്താണിത്ര ഓർത്ത് വേവലാതികൊള്ളാൻ. എന്നും ഉള്ളതല്ലേ...നിങ്ങള് അതോർത്തു എന്തിനുവേറുതെ മനസ്സ് വിഷമിപ്പിക്കുന്നു."
ചെറിയ കാര്യങ്ങൾക്കുപോലും വേദനിക്കുന്ന ഹൃദയമാണ് ഭർത്താവിന്റേത് എന്നറിയാവുന്നതുകൊണ്ട് ഭാര്യ അവനെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.
മോൾക്ക് പനിയായിരുന്നു ജയമോഹൻ എസ്റ്റേറ്റിലേയ്ക്ക് തിരിക്കുമ്പോൾ. അടുത്തുള്ള ആശുപത്രിയിൽ നിന്ന് മരുന്ന് വാങ്ങികൊടുത്തെങ്കിലും കുറഞ്ഞില്ല. പിന്നീട് ടൗണിലുള്ള പ്രഗത്ഭനായ കുട്ടികളുടെ ഡോക്ടറെ കണ്ടു മരുന്ന് മേടിച്ചിട്ടാണ് പനി മാറിയത്. അതിന്റെ ക്ഷീണം അവൾക്കുണ്ട് ഇപ്പോഴും. ആലോചിച്ചുകൊണ്ട് നിൽകുമ്പോൾ ഗൗരി ഭർത്താവിനെനോക്കി പറഞ്ഞു.
"ഹൈറേഞ്ചിനു പോയേപ്പിന്നെ നിങ്ങടെ കോലം വല്ലാണ്ടങ് മാറിയല്ലോ. എന്താ നേരത്തിനും കാലത്തിനും ഒന്നും കഴിക്കണില്ലേ."
"പിന്നെയില്ലാതെയാ... അവിടുത്തെ കാലാവസ്ഥസയുടേതാണ് ഈ രൂപമാറ്റം."
"എന്താ ബാഗിനുള്ളില് അലക്കാനുള്ള വല്ലതും ആണെകിൽ പുറത്തേക്കിട്ടുകൊള്ളൂ. അകത്തുകൊണ്ടുവെക്കേണ്ട."
"ഏയ് അലക്കാനൊന്നുമില്ല. അതൊക്കെ ഞാൻതന്നെ അവിടെ അലക്കിയിട്ടു. അതിനുള്ള സൗകര്യമൊക്കെ അവിടുണ്ട്."
"അതെന്തിനാ ഇങ്ങോട്ട് കൊണ്ടുവന്നാൽ പോരായിരുന്നോ ഞാൻ അലക്കി തേച്ചു തരുമായിരുന്നല്ലോ. പിന്നെ മുതലാളിയോട് കുറച്ചു രൂപാ മേടിച്ച് രണ്ടുജോഡി പുതിയത് വാങ്ങിക്കൂടായിരുന്നോ. എന്നും ഈ പഴയതുതന്നെ ഇട്ടുനടക്കണമെന്നുണ്ടോ.?"
ഗൗരിയുടെ വാക്കുകൾ ഒരുനിമിഷം അവനെ കഴിഞ്ഞകാല സംഭവത്തെ ഓർമിപ്പിച്ചു.
ആദ്യമായി ശേഖരൻ മുതലാളിയുടെ തോട്ടത്തിൽ മാനേജരായി പോകാനൊരുങ്ങിയ ദിവസം.
"ഗൗരി, എന്റെ നല്ല മുണ്ടും ഷർട്ടും എവിടെ... മുറിയിൽ കാണുന്നില്ലല്ലോ.?"
അപ്പോഴാണ് തലേദിവസം മഴയത്ത് കൊണ്ടുവന്നിട്ട് അലക്കിയിട്ട തുണി ഉണങ്ങിയിട്ടില്ല എന്ന കാര്യം ഭാര്യ അവനെ അറിയിച്ചത്. പിറ്റേന്ന് ഇങ്ങനൊരു യാത്ര ഉണ്ടാകുമെന്ന് കരുതിയില്ല. ഇല്ലെങ്കിൽ അകത്തെടുത്തിട്ടേനെ.
"ഇനിയിപ്പോൾ ഏന്തുടുത്തു പോകും. മനുഷ്യന്റെ മുന്നിൽ പോകേണ്ടുന്നതല്ലേ. നിനക്കത് അകത്തെടുത്തു ഇട്ടുകൂടായിരുന്നോ.?"
"പിന്നെ എനിക്ക് ഇവിടെ കണിയാന്റെ ജോലിയല്ലേ. നിങ്ങൾ ഇന്ന് ഇങ്ങനെ ഒരു യാത്രപോകുമെന്ന് ഞാനറിഞ്ഞിരുന്നോ... എന്നോട് പറഞ്ഞോ."
"ഇനിയതൊന്നും പറഞ്ഞിട്ട് കാര്യമില്ല. തല്ക്കാലം നീ ആ ഷർട്ട് ഇങ്ങെടുത്തുകൊണ്ട് വാ എന്നിട്ട് ആ തേപ്പുപെട്ടികൊണ്ട് ഒന്ന് തൂത്തെടുക്ക്. ബാക്കിയൊക്കെ ശരീരംത്തുകിടന്നു ഉണങ്ങും. മുതലാളി പോകുംമുൻപ് പോയികാണണം."
"ഏയ് അതുവേണ്ട...നനഞ്ഞത് ഇട്ടുകൊണ്ട് പോകണ്ട. മനുഷ്യരു പറയും. തല്ക്കാലം വേറെയെന്തെങ്കിലും മാർഗം ഉണ്ടോന്നു ഞാൻ നോക്കട്ടെ."
ഭർത്താവിനോട് പറഞ്ഞിട്ട് അവൾ ചേട്ടന്റെ മുറിയിലേയ്ക്ക് നടന്നു. എന്നിട്ട് ചേട്ടത്തിയോട് കാര്യം പറഞ്ഞ് കെഞ്ചിക്കൊണ്ട് എന്നവണ്ണം ചേട്ടന്റെ ഒരു ഷർട്ട് വാങ്ങിക്കൊണ്ടുവന്നു.
"ഇന്നാ ചേട്ടന്റെയാണ്. വന്നാലുടൻ കഴുകി തേച്ചു കൊടുക്കാം."
മനസ്സില്ലാമനസ്സോടെ ഷർട്ട് വാങ്ങി ഇട്ടുകൊണ്ട് ജയമോഹൻ പുറപ്പെടാനൊരുങ്ങുമ്പോൾ അപ്പുറത്തെ മുറിയിൽനിന്ന് ചേട്ടത്തിയുടെ ശബ്ദം കേട്ട്.
"ഇടാൻ നല്ലൊരു ഷർട്ടുപോലും ഇല്ല. അതെങ്ങനാ വല്ല ജോലിക്കുംമ്പോകാതെ ഇങ്ങോട്ട് ആരേലും കൊണ്ടുവന്നുതരുമെന്നും പറഞ്ഞിരുന്നാൽ കിട്ടുമോ അന്വേഷിക്കണം. എല്ലാത്തിനും ഇവിടൊരാൾ കഷ്ടപ്പെടാനുണ്ടല്ലോ."
അന്ന് നിറമിഴികളോടെയാണ് വീട്ടിൽ നിന്നിറങ്ങിപ്പോയത്. ഒന്നും കാര്യമാക്കണ്ട പോയിട്ട് വരൂ എന്ന മട്ടിൽ മിഴികൾ തുടച്ചുകൊണ്ട് അന്ന് ഗൗരി വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നു.
തുടരും