mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 11

ഓണാവധിക്ക് ജയമോഹൻ വീട്ടിലെത്തി. കടയിൽ നിന്ന് കുറെയേറെ തുണികളും വീട്ടുസാധനങ്ങൾ വാങ്ങിയാണ് വന്നത്. ഓണമാണല്ലോ.

വീട്ടിലെത്തിയപ്പോൾ ഒന്നും വാങ്ങേണ്ടിയിരുന്നില്ലെന്നുതോന്നി. പെങ്ങളുടെയും കുട്ടിയുടെയും ഇഷ്ടക്കേട്. അവർക്ക് എടുത്തത് നന്നായില്ല വിലകുറഞ്ഞതാണത്രേ. ഭാര്യക്കും മോൾക്കും എടുത്തത് വിലകൂടിയതാണ് പോലും.

അമ്മയ്ക്കും, ഭാര്യക്കും മോൾക്കും, പെങ്ങൾക്കും അവളുടെ മോൾക്കുമെല്ലാം ഓരോ ജോഡി തുല്യമായിട്ടാണ് എടുത്തത്. അതിൽ കൂടുതലും കുറവും ഒന്നും കാണിച്ചിട്ടില്ല. വലിയ വിലയുടെ എടുത്തില്ല എന്നത് സത്യമാണ്. എന്നിട്ടുപോലും കൈയിലുണ്ടായിരുന്ന പണം മുഴുവൻ തീർന്നു. ഇങ്ങനൊരു കുശുമ്പ് കുത്തൽ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. അവൻ മനസ്സിലോർത്തു.

ഓണം പ്രമാണിച്ചു വീടും പരിസരവുമൊക്കെ ഗൗരിയും അമ്മയും കൂടി നന്നാക്കിയിരുന്നു. വീട് കഴുകി തുടച്ചിട്ടുണ്ട്. മുറ്റവും പരിസരവുമൊക്കെ പുല്ലുപറിച്ച് അടിച്ചു വൃത്തിയാക്കി. കസേരകളും മേശകളുമൊക്കെ കഴുകി വൃത്തിയാക്കിയിരിക്കുന്നു. മൊത്തത്തിൽ വീടിനൊരു പുതുമ കൈവന്നിരിക്കുന്നു.

"ഒരുക്കങ്ങൾ അടിപൊളിയായിട്ടുണ്ട്."

എല്ലാം നോക്കിക്കണ്ടു കൊണ്ടിരിക്കവേ ജയമോഹൻ ഭാര്യയെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.

"പിന്നെ നന്നാവാണ്ട് പറ്റുമോ... നിങ്ങക്ക് ഒരു ജോലികിട്ടിയിട്ടുള്ള ആദ്യ ഓണമല്ലേ.?"

"ഓ അങ്ങനെയാണോ... കൊള്ളാം."

പക്ഷേ, കാലം തെറ്റിയുള്ള മഴ എല്ലാം കുളമാക്കുന്ന ലക്ഷണമാണ്. ഉച്ചകഴിഞ്ഞപ്പോൾ അതുവരെയുണ്ടായിരുന്ന തെളിച്ചം ഇല്ലാതായി. ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടി. ശക്തമായ കാറ്റും ഇടിമുഴക്കങ്ങളും. മഴ പെയ്താൽ വീടാകെ ചോർന്നൊലിക്കും. പൊളിച്ചു മേയേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഏതാനും വർഷങ്ങൾക്കുമുൻപ് ചേട്ടന്റെ മേൽനോട്ടത്തിൽ ഒന്ന് പൊളിച്ചു മേഞ്ഞതാണ്. ഇപ്പോൾ ചേട്ടനും ചേട്ടത്തിയും കൂടി അവരുടെ വീട്ടിൽ ഓണം ആഘോഷിക്കാൻ പോയിരിക്കുകയാണ്. പോരാത്തതിന് ഇനി അവർക്ക് വീട് പൊളിച്ചുമേയേണ്ടുന്നതിൽ സഹകരിക്കേണ്ടതില്ല. പുതിയ വീടിന്റെ വാർപ്പ് കഴിഞ്ഞിരിക്കുന്നു. ഇന്നൊരു ദിവസമെങ്കിലും മഴ പെയ്യാതിരുന്നെങ്കിൽ. തിരുവോണത്തിന്റെ അന്ന് പോലും നനഞ്ഞൊലിക്കുന്ന വീട്ടിലിരുന്നു ഓണം ഉണ്ണേണ്ടുന്ന അവസ്ഥ.

അമ്മയുടെയും ഭാര്യയുടെയും മുഖത്തെ സങ്കടം കണ്ടപ്പോൾ ജയമോഹന്റെ ഹൃദയം നൊന്തുനീറി. മഴ ശക്തമായി പെയ്തു തുടങ്ങിയിരിക്കുന്നു. ഒപ്പം ഇടിയും കാറ്റും ഉണ്ട്. ഊണ് ഇനിയും കഴിച്ചിട്ടില്ല. അമ്മയും ഭാര്യയും പെങ്ങളും കൂടി വെള്ളം ചാടുന്നിടത്തൊക്കെ പാത്രങ്ങൾ എടുത്തുവെക്കുകയാണ്. പൂമുഖത്തു വന്ന് മഴയിലേയ്ക്ക് നോക്കി നിസ്സഹായനായി ജയമോഹൻ നിന്നു.

ഏതാനും മണിക്കൂർ നീണ്ടുനിന്ന മഴ അവസാനിക്കുമ്പോൾ വീടാകെ വെള്ളത്തിൽ കുതിർന്നിരുന്നു. കഴുകി വൃത്തിയാക്കിയ പുറം ചുമരുകളിലൊക്കെയും ചെളി തെറിച്ചിരിക്കുന്നു. മുറ്റത്താകെ കരിയിലയും ചെളിവെള്ളവും. ഈ സമയം ഭർത്താവിന്റെ പിന്നിലെത്തി ഈ കാഴ്ചകൾ നോക്കി വല്ലാത്തൊരു നെടുവീർപ്പുതിർത്തു ഗൗരി. അവളുടെ കണ്ണിൽ സങ്കടം കണ്ണുനീരായി പിറവിയെടുക്കുകയാണ്.

അത് കാണാനുള്ള കരുത്തില്ലാതെ ജയമോഹൻ മുഖം തിരിച്ചുനിന്നു. തന്റെ കണ്ണുകളും അറിയാതെ നിറഞ്ഞൊഴുകിയാലോ.

പിറ്റേദിവസം രാവിലെ, വീടും പരിസരവുമാകെ അലങ്കോലപ്പെട്ടു കിടക്കുകയാണ്. ഒന്നും വൃത്തിയാക്കാൻ തോന്നിയില്ല. എല്ലാവരുടെയും മനസ്സ് മരവിച്ചുപോയിരിക്കുന്നു. അല്ലെങ്കിലും ഇനി എന്തുചെയ്യാനാണ്. ചെയ്താലും തോരാത്ത മഴ അതൊക്കെയും നശിപ്പിക്കും.

ഈ സമയത്താണ് ഒരു ഓട്ടോറിക്ഷയിൽ ഗൗരിയുടെ അനിയത്തിയും ഭർത്താവും വീടിന് മുന്നിൽ വന്നിറങ്ങിയത്. ഓണത്തിന് വരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇത്രരാവിലെ അവർ എത്തിച്ചേരുമെന്ന് കരുതിയിരുന്നില്ല.

"ഇക്കൊല്ലത്തെ ഓണാഘോഷം ചേട്ടത്തിയുടെയും ചേട്ടന്റെ വീട്ടിൽ ആണുകേട്ടോ... കാര്യമായിട്ട് തന്നെ ആയിക്കോട്ടെ എല്ലാം."

തിണ്ണയിലേയ്ക്ക് കയറിക്കൊണ്ട് അനിയത്തിയുടെ ഭർത്താവ് തമാശരൂപേണ പറയുമ്പോൾ...ജയമോഹൻ ഒന്നും മിണ്ടാനാവാതെ ഒരു പുഞ്ചിരി മാത്രം പൊഴിച്ചു.

"ഇന്നലെ ഇവിടേയ്ക്ക് നല്ല മഴയായിരുന്നു അല്ല.?"

വീടും പരിസരവും വീക്ഷിക്കുന്നതിനിടയിൽ അയാൾ ജയമോഹനെ നോക്കി ചോദിച്ചു.

"ഉം അതെ...വല്ലാത്ത മഴ."

ജയമോഹൻ പറഞ്ഞു.

"എവിടെ അമ്മയും ചേച്ചിയുമൊക്കെ.?"

ചിരിച്ചുകൊണ്ട് അനിയത്തി അകത്തേയ്ക്ക് കയറിപ്പോയി.

അനിയത്തിയുടെ ഭർത്താവ് അപ്പോഴും എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. ജയമോഹൻ അതിനൊക്കെ ഒരുവിധം മറുപടി കൊടുത്തുകൊണ്ടിരുന്നു.

"എന്താ വീട് പൊളിച്ചു മേയാത്തത്...ആകെ ചോരുന്നുണ്ടല്ലോ.?"

"ഈ വർഷം മേയണം."

ദാരിദ്രം എത്രമാത്രം അപമാനമാണ് വരുത്തുന്നതെന്ന് ജയമോഹൻ മനസ്സിലോർത്തു. ഒരുനിമിഷം എങ്ങോട്ടെങ്കിലും ഓടിപ്പോകാൻ തോന്നി ജയമോഹന്.

*******************************

ഓണാവധി കഴിഞ്ഞ് തിരികെ തോട്ടത്തിലെത്തുമ്പോൾ ജിൻസിയെ കുറിച്ചായിരുന്നു ജയമോഹന്റെ ചിന്ത. ഒരു പെണ്ണ് എന്തെങ്കിലുമൊക്കെ പൊട്ടത്തരം വിളിച്ചു പറഞ്ഞതിന് താൻ ഇത്രമാത്രം വേവലാതി കൊള്ളുന്നതെന്തിനു എന്ന് അവൾ ആലോചിക്കുകയും ചെയ്തു. അവൾ ചിലപ്പോൾ തന്നെ കളിപ്പിക്കാൻ ഒരു തമാശ പറഞ്ഞതായിക്കൂടെ.

ഒരുകണക്കിന് തന്റെ വാക്കുകൾ അൽപ്പം കടുത്തുപോയില്ലേ. അവളൊരു തമാശ പറഞ്ഞതിന് അതെ മൈൻഡിൽ എടുക്കാത്തെ അവളെ കളിയാക്കിയത് ഒട്ടും ശരിയായില്ല. ഇഷ്ടമാണെന്ന് പറഞ്ഞതിന് വട്ടാണോന്നു ചോദിച്ചാൽ ആർക്കാണ് ദേഷ്യം വരാതിരിക്കുക. സത്യം അതാണെങ്കിലും ആ സാഹചര്യത്തിൽ അങ്ങനല്ലാതെ എന്താണ് പറയാനാവുക. അതുകൊണ്ടാണോ എന്തൊ പിന്നെ അവൾ വിളിച്ചിട്ടില്ല. ഇനി വിളിക്കാനും സാധ്യതയില്ല.

പെട്ടെന്നാണ് അവന്റെ മൊബൈൽ ബെല്ലടിച്ചത്. അവൻ ഫോൺ കൈയിലെടുത്തു. ജിൻസിയാണ്.

"ഹലോ...തോട്ടത്തിൽ തിരിച്ചെത്തിയല്ലേ.?"

"ഉം എത്തി... എങ്ങനറിഞ്ഞു."

"അതൊക്കെയറിഞ്ഞു. ഞാൻ വിളിക്കാതിരുന്നപ്പോൾ ഇനി വിളിക്കില്ലെന്നു കരുതിയോ...വീട്ടിൽ പോയിട്ട് മടങ്ങിയെത്താൻ കാത്തിരിക്കുകയായിരുന്നു ഞാൻ. എന്നും ഡാഡിയോട് ചോദിച്ചു നിങ്ങൾ തിരിച്ചെത്തിയോ എന്ന് തിരക്കുന്നുമുണ്ടായിരുന്നു."

അവളുടെ ചിരിശബ്ദം.

"എന്തുണ്ട് നാട്ടിലെ വിശേഷം. എല്ലാരും സുഖമായിരിക്കുന്നോ. ഓണമൊക്കെ.?"

"എല്ലാവർക്കും സുഖം. ഓണം നന്നായിരുന്നു."

"പിന്നെയെ ഞാൻ അന്ന് പറഞ്ഞ കാര്യത്തിന് മറുപടി പറഞ്ഞില്ലല്ലോ ഇതുവരെ.?"

"അതിന് ഞാനിപ്പോൾ എന്ത് മറുപടി തരാനാണ്. ഞാനതൊക്കെ ഒരു തമാശയായിട്ടേ കരുതിയിട്ടുള്ളൂ..."

"അതിനർത്ഥം എന്നെ ഇഷ്ടമല്ലെന്നാണോ...ആണെങ്കിലും എനിക്ക് പ്രശ്നമല്ല. ഞാൻ കാര്യമായിട്ടാണ് പറഞ്ഞത്. അതിൽനിന്നു പിന്നോട്ടില്ല താനും."

"ആണോ... ഞാനിപ്പോൾ എന്ത് വേണമെന്ന കുട്ടി പറയുന്നേ.?"

"എന്ത് വേണമെന്നോ... എന്നെ ഇഷ്ടമാണെന്ന് പറയണം."

"നോ..."

അവന്റെ ശബ്ദം ഉയർന്നു.

"ഞാൻ അടുത്തദിവസം അങ്ങോട്ടു വരുന്നുണ്ട്. നേരിൽ കാണാൻ. എന്നിട്ട് പറയാം ബാക്കിയൊക്കെ."

അവൾ ഫോൺ കട്ടാക്കി.

തുടരും... 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ