ഭാഗം - 12
പതിവുജോലികഴിഞ്ഞു തൊഴിലാളികളെല്ലാം പോയിക്കഴിഞ്ഞിരിക്കുന്നു. ജയമോഹൻ ഷെഡ്‌ഡിലിരിക്കുകയാണ്. അന്നത്തെ ജോലിയുടെ ചില കണക്കുകളും മറ്റും ശരിയാക്കാനുണ്ട്. ഈ സമയം മത്തായി ചേട്ടൻ തോട്ടത്തിൽ നിന്നും അവിടേയ്ക്ക് കയറിച്ചെന്നു.
"എന്താ ജയമോഹൻ തിരക്കിലാണോ.?"
"ങ്ഹാ കുറച്ച് കണക്കുകൾ എഴുതിവെക്കാനുണ്ട്."
"ആണോ... പിന്നെ തന്റെ എഴുത്തും വായനയുമൊക്കെ എങ്ങനെ പോകുന്നു... താൻ കുറേ പഠിച്ചതല്ലേ... എന്തെങ്കിലുമൊക്കെ ടെസ്റ്റുകൾ എഴുതിക്കൂടെ വല്ല നല്ല ജോലിയും കിട്ടില്ലേ.?"
"അതൊക്കെ കുറേ ശ്രമിച്ചതാണ്... സമയവും പണവും നഷ്ടമായത് മാത്രം മിച്ചം. ചേട്ടനറിയാമോ ഇന്നത്തെകാലത്ത് ഈ ഡിഗ്രികൊണ്ടൊന്നും ഒരു കാര്യവുമില്ല. കുറേ തന്ത്രവും എന്തിനുമുള്ള മനസ്സുമുണ്ടെങ്കിൽ നന്നായി ജീവിക്കാം."
അത് ശരിയാണെന്ന് മത്തായി ചേട്ടനും തോന്നി. അധികം വിദ്യാഭ്യാസമൊന്നുമില്ലാത്ത എത്രയോപേരാണ് ഇന്ന് അടിച്ചുപൊളിച്ചു ജീവിക്കുന്നത്. സത്യവും ധർമ്മവുമൊക്കെ വെടിഞ്ഞു എന്തിനും തയ്യാറാവണം എന്നുമാത്രം. അല്ലെങ്കിലും ഇന്നത്തെ ലോകത്ത് ഇതിനൊക്കെ സ്ഥാനമുണ്ടോ... സാമർത്യമുള്ളവൻ കാര്യക്കാരൻ.
"അതൊക്കെ ശരിയാണ് താൻ പറഞ്ഞത്. പിന്നെയെ, ഞാനിപ്പോൾ വന്നത് മറ്റൊരു കാര്യം പറയാനാണ്."
"എന്താ.?"
"ഞാൻ നാളെ നാട്ടിലെ പോകുവാന്."
"എന്താണ് പെട്ടെന്നൊരു നാട്ടിൽ പോക്ക്.?"
ജയമോഹൻ കാര്യം എന്തെന്നറിയാതെ മുഖമുയർത്തി ചേട്ടനെ നോക്കി.
"തല്ക്കാലം പെങ്ങടെ മോളുടെ വിവാഹം ആവശ്യത്തിനാണെന്നു പറയാം. പിന്നെ ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന് പറയാനാവില്ല."
"അതെന്താ... പെട്ടെന്നിങ്ങനെ ഒരു തീരുമാനം.?"
"ഒന്നുമില്ല വെറുതേ. കുറെയായില്ലേ മഞ്ഞും മഴയുംകൊണ്ട് കണ്ട കാട്ടിലൊക്കെ കിടന്നു കഷ്ടപ്പെടുന്നു. പെങ്ങടെ ഭർത്താവ് മരിച്ചുപോയതാണ്. ഒരു മോനും മോളുമുണ്ട് അവൾക്ക്. മോന് ദൂരെയാണ് ജോലി. മോളുടെ വിവാഹം കൂഴിഞ്ഞാൽ പിന്നെ പെങ്ങൾ തനിച്ചായി. എന്നോട് ഇനിയുള്ളകാലം അവർക്കൊപ്പം ചെന്നുനിൽക്കാനാണ് അവർ പറയുന്നത്."
"അങ്ങനാണോ കാര്യങ്ങൾ. എന്തായാലും നന്നായി. മുതലാളിയോട് പറഞ്ഞില്ലേ.?"
"പറഞ്ഞു... കുറച്ചുരൂപയുടെ കാര്യവും മുതലാളി പറഞ്ഞിരുന്നു. തന്നോട് ചോദിക്കാനാണ് പറഞ്ഞത്."
പിറ്റേദിവസം മുതലാളിയുടെ നിർദേശപ്രകാരം ജയമോഹൻ നൽകിയ രൂപയും വാങ്ങി തൊഴിലാളികളോട് യാത്രപറഞ്ഞുകൊണ്ട് മത്തായിച്ചേട്ടൻ പോകുമ്പോൾ ജയമോഹന് വല്ലാത്ത സങ്കടം തോന്നി. ഒരു ചേട്ടന്റെ സ്ഥാനത്തുനിന്ന് എന്തിനും വഴികാട്ടിയായിരുന്ന ഒരു നല്ലമനുഷ്യന്റെ കൂട്ട് നഷ്ടപ്പെട്ടിരിക്കുന്നു.
വാതിലിൽ ആരോ മുട്ടിവിളിച്ചപ്പോൾ എഴുതിക്കൊണ്ടിരുന്ന പേന അടച്ചുവെച്ചിട്ട് ജയമോഹൻ ചെന്ന് വാതിൽ തുറന്നു.
"ഹലോ..."
അവനെ ഞെട്ടിച്ചുകൊണ്ട് നിറപുഞ്ചിരിയുമായി വാതിൽക്കൽ ജിൻസി നിൽക്കുന്നു.
"എന്തിനാണ് ജിൻസി ഇങ്ങോട്ട് വന്നത്.?"
അവളെ അകത്തേയ്ക്ക് കയറാൻ അനുവദിച്ചുകൊണ്ട് അവൻ അത്ഭുതത്തോടെ ചോദിച്ചു.
"എന്താ എന്നെ ഇവിടേയ്ക്ക് ഒട്ടും പ്രതീക്ഷിച്ചിട്ടില്ല എന്നുണ്ടോ... ആകെയൊരു പരിഭ്രമം പോലെ."
അവൾ കളിയാക്കുംപോലെ പറഞ്ഞുകൊണ്ട് പൊട്ടിച്ചിരിച്ചു.
"ഏയ് അങ്ങനൊന്നുമില്ല പെട്ടെന്ന് കണ്ടപ്പോൾ."
അവൻ മുഖത്തെ ഭാവമാറ്റം ഒളിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.
"ഉണ്ടേലും എനിക്ക് കുഴപ്പമില്ല. ഞാനിപ്പോൾ വന്നത് ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ്."
"എന്താണ്.?"
"എനിക്കൊരു കല്യാണലോചന വന്നിരിക്കുന്നു."
"ആണോ എവിടുന്നാ... ചെറുക്കൻ എന്തുചെയ്യുന്നു.?"
"കുറച്ചു ദൂരേന്നാണ്. ചെറുക്കൻ എഞ്ചിനീയറോ മറ്റോ ആണ്. എന്തുതന്നെയായാലും വേണ്ടെന്ന് ഞാൻ തീർത്തുപറഞ്ഞു."
"അതെന്താ അങ്ങനെ പറഞ്ഞെ...ജിൻസിക്ക് ആളെ ഇഷ്ടമായില്ലേ.?"
ചെറിയൊരു ഞെട്ടലോടെ ജയമോഹൻ ചോദിച്ചു.
"ഇഷ്ടമായില്ല."
"അതെന്താ... വേറെയാരെയെങ്കിലും ജിൻസി കണ്ടുവെച്ചിട്ടുണ്ടോ.?"
അവൻ അൽപം തമാശപോലെ ചോദിച്ചു.
"ഉണ്ട് ഞാനൊരാളെ കണ്ടുവെച്ചിട്ടുണ്ട്. പക്ഷേ, അയാളുടെ ഭാഗത്തുനിന്നും എനിക്കിതുവരെ അനുകൂലമായൊരു മറുപടി കിട്ടിയിട്ടില്ല."
"ആണോ അതാരാ...ആ ഭാഗ്യവാൻ.?"
"അത് മാറ്റാരുമല്ല എന്റെ മുന്നിൽ നിൽക്കുന്ന താങ്കൾ തന്നെയാണ്. ഇപ്പോഴെങ്കിലും തുറന്നുപറയൂ എന്നെ ഇഷ്ടമാണോ അല്ലയോ.?"
അവന്റെ കണ്ണുകളിലേയ്ക്ക് നോക്കി അവൾ.
"നീ എന്താ വീണ്ടും തമാശ പറയാനിറങ്ങിയതാണോ.?"
"ഒരിക്കലുമല്ല...ഞാൻ കാര്യമായിട്ട് തന്നെയാണ് ചോദിക്കുന്നെ എന്നെ ഇഷ്ടമാണോ.?"
"ജിൻസി നിനക്കെന്താ ഭ്രാന്താണോ...അതോ അങ്ങനെ അഭിനയിക്കുകയാണോ... എന്താ നിനക്ക് പറ്റിയത്.?"
അവൻ ഭയത്തോടെ ആരെങ്കിലും അവിടേയ്ക്ക് കടന്നുവരുന്നുണ്ടോ എന്ന് നോക്കികൊണ്ട് ശബ്ദം താഴ്ത്തി ചോദിച്ചു.
"താങ്കൾ എന്തുവേണമെങ്കിലും കരുതികൊള്ളൂ...ഒന്നുമാത്രം ഞാൻ പറയുന്നു. എനിക്ക് ഇഷ്ടമാണ് ഇയാളെ ഒരുപാട്. എന്നെ ഒഴിവാക്കിക്കൊണ്ട് ഇവിടുന്ന് പോകാമെന്നുകരുതണ്ട."
"നീ എന്തറിഞ്ഞിട്ടാണ് ഈ പറയുന്നത്. ഞാൻ ആരാണെന്നും എന്റെ കുടുംബത്തെക്കുറിച്ചുമൊക്കെ അറിയുമോ നിനക്ക്.?"
"അറിയാം എല്ലാമറിയാം. താനൊരു പാവപ്പെട്ട കുടുംബത്തിലേതാണെന്നും, വിവാഹിതനാണെന്നും, ഒരു കുട്ടിയുണ്ടെന്നും, ജീവിക്കാൻ വേണ്ടിയാണു ഇവിടേയ്ക്ക് വന്നതെന്നുമൊക്കെ. എന്നുകരുതി മറ്റൊരു പെണ്ണിനെ സ്നേഹിച്ചുകൂടാ വിവാഹം കഴിച്ചുകൂടാ എന്നൊന്നുമില്ലല്ലോ."
അവൾ പറഞ്ഞുനിറുത്തി.
തന്റെ ഹൃദയത്തിനുള്ളിൽ വല്ലാത്തൊരു ഭയം പിറവിയെടുക്കുന്നത് അവനറിഞ്ഞു. ശരീരം വല്ലാതെ വിയർക്കുന്നു. നാവ് കുഴയുന്നു. എന്തുപറയണമെന്നറിയില്ല. തളർന്നവശനായവനെപ്പോലെ അവൻ കസേരയിലേക്കിരുന്നു.
പിറ്റേന്ന് പത്തുമണിയോട് അടുത്തനേരം. പുറത്തുപോയിട്ട് പെട്ടെന്നുതന്നെ വീട്ടിൽ മടങ്ങിയെത്തി തോമസ് മുതലാളി. പൂമുഖത്ത് കടന്നിട്ട് അയാൾ തളർച്ചയോടെ കസേരയിലേക്കിരുന്നു. ഈ സമയം എന്താണെന്നറിയാനായി ഭാര്യ അയാളുടെ അടുക്കലേയ്ക്ക് ചെന്നു.
"എന്താ എന്തുപറ്റി...എവിടെയൊക്കെയോ പോകണമെന്ന് പറഞ്ഞുപോയിട്ട് പെട്ടെന്നുതന്നെ മടങ്ങിവന്നത് എന്താ.?"
"എന്ത് ചെയ്യാനാ തോട്ടത്തിലെ കാര്യങ്ങൾ ആകെ കുഴപ്പത്തിലായി. മത്തായി ചേട്ടൻ വീട്ടിൽ പോയതിനുപിന്നാലെ ആ മാനേജരുകൂടി ജോലി മതിയാക്കി പോയിരിക്കുന്നു."
"ആര് ജയമോഹനോ... എന്തുപറ്റി പെട്ടെന്നിങ്ങനെ.?"
"അതെ, ജയമോഹൻ തന്നെ. അയാൾക്ക് നാട്ടിൽത്തന്നെ എന്തൊ ജോലി കിട്ടിയെന്നാണ് പറഞ്ഞെ."
ഈ സമയം അകത്തെ മുറിയിൽ നിന്നുകൊണ്ട് പൂമുഖത്തെ സംഭാഷണം ശ്രവിച്ചുകൊണ്ടിരുന്ന ജിൻസിയുടെ മനസ്സിൽ വല്ലാത്തൊരു നടുക്കമുണ്ടായി. താൻ കാരണമാണ് ജയമോഹൻ ജോലി മതിയാക്കി പോയതെന്ന് അവൾക്ക് ഉറപ്പായിരുന്നു. അവൾ വല്ലാത്ത സങ്കടത്തോടെ തന്റെ മുറിയിലേയ്ക്ക് നടന്നു.
തലേദിവസം ജിൻസി കണ്ടുമടങ്ങിപ്പോയപ്പോൾ തന്നെ ജയമോഹൻ തോട്ടത്തിലെ ജോലി മതിയാക്കിപ്പോകാൻ തീരുമാനിച്ചിരുന്നു. അതിനായി അവൻ ബാഗും മറ്റും തയ്യാറാക്കിവെച്ചുകൊണ്ട് നേരം പുലരനായി കാത്തിരുന്നു. മുതലാളിയോട് കാര്യം ധരിപ്പിച്ചശേഷം ഉടൻതന്നെ കവലയിൽ നിന്ന് ബസ്സുകയറി അവൻ നാട്ടിലേയ്ക്ക് യാത്ര തിരിച്ചു.
ജിൻസിയെ പോലുള്ള സമ്പന്നയായ ഒരു പെണ്ണിന്റെ അപക്വമായ വാക്കുകൾക്ക് മുന്നിൽ, മാനസിക വിഭ്രാന്തിക്കുമുന്നിൽ രക്ഷപ്പെടാൻ ഇതല്ലാതെ മറ്റൊരുമാർഗം അവന്റെ മുന്നിലില്ലായിരുന്നു. ഈ വിവരമെങ്ങും മറ്റുള്ളവർ അറിഞ്ഞാൽ തന്നെയേ കുറ്റപ്പെടുത്തൂ... ചിലപ്പോൾ മുതലാളി തന്നെ കൊന്നുകളെഞ്ഞെന്നും വരാം. അവൻ ചിന്തിച്ചു. അല്ലെങ്കിൽ തന്നെ ഗൗരിയുടെ സ്ഥാനത്ത് മറ്റൊരാളെ തമാശയ്ക്കുപോലും സങ്കൽപ്പിക്കാൻ അവനാകുമായിരുന്നില്ല.
ബസ്സിറങ്ങി ബാഗുംതൂക്കി വീടിനുമുന്നിൽ ചെന്നെത്തുമ്പോൾ സന്ധ്യ മയങ്ങിക്കഴിഞ്ഞിരുന്നു. മഴയ്ക്കുള്ള തയ്യാറെടുപ്പിലാണ് പ്രകൃതി. തണുത്തകാറ്റ് ചുറ്റും വീശിയടിക്കുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് ഇടിമിന്നലും. വീട് ഇനിയും പൊളിച്ചുമേഞ്ഞിട്ടില്ല. ഈ മാസത്തെ ശമ്പളംകൂടി കിട്ടിയിട്ട് മേയണമെന്ന് കരുതിയിരുന്നതാണ്. ഇനിയിപ്പോൾ.
വീട്ടിലെ ചിലവ്, കടമെടുത്ത പൈസയുടെ അടവ്, പെങ്ങടേം മോളുടെം ഭാവി, അമ്മ, ഭാര്യ, മകൾ എന്തെല്ലാം കാര്യങ്ങളാണ് മുടങ്ങാൻ പോകുന്നത്. ആർക്കും അറിഞ്ഞുകൊണ്ട് ഒരു ദ്രോഹവും ചെയ്തിട്ടില്ല എന്നിട്ടും പെറ്റ അമ്മയെപ്പോലും നന്നായി നോക്കാനാവാതെ എന്തിന് ഇങ്ങനൊരു ജന്മം. ആ ഓർമ്മകൾ അവന്റെ നെഞ്ചു നീറ്റി.
വല്ലാത് ഹൃദയനൊമ്പരത്തോടെ ജയമോഹൻ വീടിന്റെ പൂമുഖത്തേയ്ക്ക് കയറി. ഭർത്താവിന്റെ വരവ് ഫോണിൽ വിളിച്ചറിയിച്ചിരുന്നതുകൊണ്ട് അവനെ കാത്തുനിന്ന ഭാര്യ പൂമുഖത്തേയ്ക്ക് ഇറങ്ങിവന്നു. അവന്റെ ബാഗ് കൈയിൽ വാങ്ങി ആ കരം കവർന്നുകൊണ്ട് അകത്തേയ്ക്ക് നടക്കുമ്പോൾ ആശ്വാസവാക്കുകൾ പോലെ അവൾ മെല്ലെ ഭർത്താവിന്റെ കാതിൽ മൊഴിഞ്ഞു.
"ഒന്നുകൊണ്ടും സങ്കടപ്പെടണ്ട. ഇതല്ലെങ്കിൽ വേറൊരു വഴി ദൈവം കാണിച്ചുതരും. ഇത്രനാളും നമ്മൾ ജീവിച്ചില്ലേ അതുപോലെ ഇനിയും ജീവിക്കും. തല്ക്കാലം അമ്മ ഒന്നും അറിയണ്ട വെറുതേ എന്തിനാ ആ മനസ്സ് വിഷമിപ്പിക്കുന്നെ. തോട്ടത്തിൽ ഇപ്പോൾ ജോലിനടക്കുന്നില്ല എന്നോ മറ്റോ പറഞ്ഞാൽ മതി."
അതെ ദൈവം എന്തെങ്കിലുമൊരു വഴി കാണിച്ചുതരും. അവൻ ഒരു ധീർഘനിശ്വാസം ഉതിർത്തുകൊണ്ട് തന്റെ പ്രിയതമയെ ചേർത്തുപിടിച്ചുകൊണ്ട് മുറിയിലേയ്ക്ക് നടന്നു.
(അവസാനിച്ചു)