ഭാഗം - 8
ജയമോഹൻ എസ്റ്റേറ്റിന്റെ മാനേജരായി ചാർജെടുത്തതോടെ തോട്ടത്തിൽ ചില പ്രത്യേക ചിട്ടവട്ടങ്ങളും, മാറ്റങ്ങളുമൊക്കെ ഉണ്ടാക്കി. തൊഴിലാളികളുടെ കൃത്യനിഷ്ടത, ആത്മാർത്ഥത, പരസ്പര സ്നേഹം ഇതെല്ലാം തോട്ടത്തിന്റെ മുൻപുള്ള അവസ്ഥയെ തന്നെ മാറ്റിമറിച്ചു.
ജോലി നടക്കുമ്പോൾ ജയമോഹന്റെ സാന്നിധ്യം തൊഴിലാളികൾക്കെല്ലാം ആവേശം പകർന്നു. അലസതയോ, കൃത്യതയില്ലായ്മയോ ആരിൽനിന്നെങ്കിലും കണ്ടാൽ അരികിലേയ്ക്ക് വിളിച്ചുകൊണ്ട് അവരെ സ്നേഹത്തോടെ ഉപദേശിച്ചു നേരെയാക്കാൻ അവൻ ശ്രമിച്ചു. തൊഴിലാളികളിൽ നിന്നുണ്ടാകുന്ന തെറ്റുകൾ മുതലാളിയുമായി കാണുമ്പോൾ സൗഹൃദപരമായി ചർച്ചചെയ്ത് ഉചിതമായ തീരുമാനമെടുക്കും.
തൊഴിലിൽ വേണ്ടത്ര പരിചയമില്ലാത്ത ഏതാനും പുതിയ തൊഴിലാളികളെ കൂടി ജോലിക്കെടുത്തിട്ടുണ്ട്. അവരുടെ ജോലി നിരീക്ഷിക്കുകയും വേണ്ടുന്ന നിർദേശങ്ങൾ നൽകാനും മത്തായി ചേട്ടനെ പറഞ്ഞേൽപ്പിക്കുകയും ചെയ്തുകൊണ്ട് ജയമോഹൻ മറ്റുള്ളവർക്കുകൂടി മാതൃകയായി.
ഒരിക്കൽ പുതുതായി ജോലിക്കെത്തിയ തൊഴിലാളി ജോലിയെടുക്കുന്നത് ശ്രദ്ധിക്കുകയായിരുന്നു മത്തായിച്ചേട്ടൻ. അതുകണ്ട് ജയമോഹന് ചിരിവന്നു. കാരണം തൊഴിലാളി അറിയാത്തവിധം ദൂരെ മാറിനിന്നുകൊണ്ടാണ് ചേട്ടൻ ജോലി നിരീക്ഷിക്കുന്നത്. വിദൂരതയിലേയ്ക്ക് മിഴികൾ പായിച്ചുകൊണ്ട് എന്തോ ഓർത്തുനിൽക്കുകയാവും ചേട്ടനെന്നു കണ്ടാൽ തൊന്നും. ഒരു പ്രത്യേകതാളത്തിൽ പഴയ സിനിമാഗാനം മൂളുന്നുമുണ്ട്. ഇടക്കിടക്ക് ജോലിക്കാർ പണിയെടുക്കുന്നുണ്ടോ എന്ന് മുഖം തിരിച്ചു നോക്കുന്നതല്ലാതെ ഒന്നും മിണ്ടുന്നില്ല. തൊഴിലാളികൾക്കൊപ്പം നടന്നുകൊണ്ട് അതൊക്കെയൊന്നു പറഞ്ഞുചെയ്യിച്ചിരുന്നെങ്കിൽ എന്ന് ജയമോഹൻ ആഗ്രഹിച്ചു.
ഈ സമയത്താണ് ചേട്ടൻ വെട്ടിതിരിഞ്ഞുകൊണ്ട് തൊഴിലാളികൾക്കിടയിലേയ്ക്ക് ചെന്നത്. എന്തെങ്കിലും നിർദേശം കൊടുക്കനാവും എന്ന് ജയമോഹൻ കരുതി. പക്ഷേ, പുതുതായി ജോലിക്ക് വന്ന തൊഴിലാളിയെ ചീത്തപറയാനായിരുന്നു ആ പോക്ക്. തന്റെ വായിൽ വന്നതൊക്കെയും പറഞ്ഞുകഴിഞ്ഞിട്ട് ചേട്ടൻ തിരികെ പഴയസ്ഥലത്ത് വന്നുനിന്നു.
നിരാശയോടെ കുറച്ചുനേരം കൂടി ജയമോഹൻ അതുനോക്കി നിന്നെങ്കിലും ചേട്ടൻ അതെ പ്രവർത്തി തന്നെ തുടർന്നു. ഈ ചീത്ത പറയുന്നതിനുപകരം സ്നേഹത്തോടെ ഉപദേശിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് അന്ന് ആലോചിക്കുകയും ചെയ്തു.
ഇത് ജയമോഹൻ തോട്ടത്തിൽ ചാർജടുത്ത ആദ്യനാളിലെ സംഭവമായിരുന്നു. എന്നാൽ ഇന്ന് അവസ്ഥ മൊത്തത്തിൽ മാറി. ജയമോഹന്റെ നിർദേശം മൂലം സ്നേഹപൂർവ്വമുള്ള ഇടപെടൽകൊണ്ട് മത്തായി ചേട്ടൻ തൊഴിലാളികളുടെ സ്നേഹംപിടിച്ചുപറ്റിയിരിക്കുന്നു.
പതിവുപോലെ എസ്റ്റേറ്റിലൂടെ ചുറ്റിനടന്ന് ഓരോന്നും വീക്ഷിക്കുകയായിരുന്നു ജയമോഹൻ. ഈ സമയത്താണ് ദൂരെ പണിയെടുത്തുകൊണ്ട് നിന്ന തൊഴിലാളികൾക്കിടയിൽ എന്തൊക്കെയോ ബഹളങ്ങൾ ഉയർന്നുകേട്ടത്. ഏതാണെന്നു വ്യക്തമല്ല. തൊഴിലാളികൾ കൂടിനിൽക്കുകയും ആലവലാതിയോടെ എന്തൊക്കെയോ പറയുകയും ചെയ്യുന്നുണ്ട്. ജയമോഹൻ അവിടെയ്ക്ക് നടന്നു.
"എന്താ... എന്താ സംഭവിച്ചേ.?"
"'രജനി' തലചുറ്റി വീണു."
ലീല വേവലാതിയോടെ വിളിച്ചുപറഞ്ഞു.
അവൾ രജനിയെ താങ്ങി മടിയിൽ കിടത്തിക്കൊണ്ട് നിലത്തിരിക്കുകയാണ്. ചുറ്റുംനിന്നവർ തോർത്തുകൊണ്ട് അവളെ വീശുന്നുണ്ട്. ജയമോഹൻ മത്തായി ചേട്ടനോട് പറഞ്ഞ് ഷെഡ്‌ഡിൽ നിന്നും വെള്ളം എടുത്തുകൊണ്ടുവന്ന് അവളുടെ മുഖത്ത് തളിച്ചു.
അല്പസമയം കഴിഞ്ഞതും രജനി കണ്ണുകൾ തുറന്നു. അവൾ ചുറ്റും നിന്നവരെ നോക്കികൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചു.
"ആരെങ്കിലും ആ കുട്ടിയെ താങ്ങി പിടിക്കൂ...എന്നിട്ട് ഷെഡ്‌ഡിൽ കൊണ്ടുചെന്ന് ആക്ക്. കുറച്ചുനേരം ഇരിക്കട്ടെ ക്ഷീണം മാറട്ടെ."
രജനിയും ലീലയുംകൂടി ഷെഡ്‌ഡിലേയ്ക്ക് നടന്നു. ജയമോഹൻ മത്തായി ചേട്ടനോട് പറഞ്ഞ് ഒരുഗ്ലാസ് ചൂടുചായ എടുപ്പിച്ചു.
"ദാ ഇത് കുടിക്കൂ... ക്ഷീണം മാറട്ടെ."
രജനി ചായവാങ്ങി കുടിച്ചു. ആ തണുപ്പത്ത് ഒരു ചൂടുചായ ആവശ്യമായിരുന്നു. അവൾക്ക് വല്ലാത്ത പരവേശവും വിറയലുമൊക്കെ തോന്നുന്നുണ്ടായിരുന്നു. നാവും തൊണ്ടയുമൊക്കെ വരണ്ടുണങ്ങുന്നതുപോലെ. ചായ കുടിച്ചുകഴിഞ്ഞപ്പോൾ അവൾക്ക് നല്ല ആശ്വാസം തോന്നി.
"രജനിക്ക് എന്താ പറ്റിയെ... രാവിലെ ഒന്നും കഴിച്ചില്ലേ.?"
ജയമോഹൻ അവളെ നോക്കി.
അവൾ മുഖം കുനിച്ച് ഇരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല.
അവളുടെ ആ പെരുമാറ്റത്തിൽ നിന്നും അവൾ ഒന്നും കഴിച്ചിട്ടില്ലെന്നു തോന്നിയ ജയമോഹൻ വീണ്ടും ചോദിച്ചു.
"എന്താ മറുപടി പറയാത്തത്. രാവിലെ കാപ്പി കുടിച്ചിട്ടല്ലേ പോന്നത്.?"
"അല്ല..."
അവൾ മെല്ലെ പറഞ്ഞു.
"അതെന്താ ഒന്നും കഴിക്കാതെ പോന്നത്. വീട്ടിൽ ഒന്നും ഉണ്ടാക്കിയിട്ടില്ലേ.?"
"ഇല്ല..."
അവളുടെ മറുപടി ജയമോഹനെ ഞെട്ടിച്ചുകളഞ്ഞു.
"അതെന്താ വീട്ടിൽ ഒന്നും ഉണ്ടാക്കാതെ... രജനിയുടെ വീട്ടിൽ ആരൊക്കെയുണ്ട്.?"
"അച്ഛനും അമ്മയും."
"എന്നിട്ടും എന്താ കാപ്പിയോന്നും ഉണ്ടാക്കാതിരുന്നത്.? "
അവൾ വീണ്ടും തലകുനിച്ചു മിണ്ടാതിരുന്നു. ഈ സമയം ലീല പറഞ്ഞു.
"ഇവളുടെ അച്ഛൻ തളർന്നു കിടക്കുകയാണ് സാറേ. അമ്മയും ഇവളും ജോലി ചെയ്തിട്ടാണ് കുടുംബം കഴിയുന്നത്. ഒരാഴ്ചയായി ഇവൾക്കും അമ്മയ്ക്കും പനിയായിട്ടു ജോലിക്ക് വരുന്നുണ്ടായിരുന്നില്ല. അരിമേടിക്കാൻ വേറെ ഒരു വഴിയുമില്ലാഞ്ഞിട്ടാണ് ഇവൾ ഇന്ന് ജോലിക്കിറങ്ങിയത്. പനി ശരിക്കും മാറിയിട്ടുണ്ടാവില്ല. അതിന്റെയാവും തലകറക്കം."
എതാനുംനിമിഷം അതുകേട്ട് മിണ്ടാതിരുന്നിട്ട് ജയമോഹൻ ചോദിച്ചു.
"അങ്ങനെയാണോ കാര്യങ്ങൾ. അത് പറഞ്ഞുകൂടായിരുന്നോ...പനി നന്നായിട്ട് മാറിയിട്ട് ജോലിക്ക് വന്നാൽ മതിയായിരുന്നല്ലോ. എന്തായാലും ഇന്നിനി പണിക്കിറങ്ങേണ്ട. വീട്ടിൽ പൊയ്ക്കോളൂ... രണ്ടുദിവസം കഴിഞ്ഞിട്ട് വന്നമതി."
രജനിയുടെ അന്നത്തെ ശമ്പളം കൂടാതെ ഏതാനും രൂപകൂടി എടുത്തു അവൾക്ക് കൊടുത്തുകൊണ്ട് ജയമോഹൻ പറഞ്ഞു.
രൂപ കൈയിൽ വാങ്ങുമ്പോൾ രജനിയുടെ മുഖത്ത് നന്ദിനിറഞ്ഞൊരു പുഞ്ചിരി പിറവിയെടുത്തു.
തുടരും...