ഭാഗം - 9
ജയമോഹൻ വീട്ടിൽ പോകാനുള്ള തയ്യാറെടുപ്പിലാണ്. സന്തോഷം നിറഞ്ഞ സമയമാണെങ്കിലും ചെറിയൊരു നൊമ്പരം ഇല്ലാതില്ല. വീട്ടിൽ ചെന്നാൽ മനസ്സിനെ നൊമ്പരപെടുത്തുന്ന എന്തെങ്കിലും കാണുകയോ കേൾക്കുകയോ ചെയ്യാതെ മടങ്ങാനാവില്ല.
അമ്മയുടെയും ഭാര്യയുടെയും മുഖത്ത് നോക്കാൻ തന്നെ വിഷമമാണ്. മുഖത്തെ നിറഞ്ഞ പുഞ്ചിരിയിൽ എന്തെല്ലാം ദുഃഖങ്ങളാണ് ഇരുവരും ഒളിപ്പിച്ചുവെക്കുന്നത്.
അമ്മയുടെ കാര്യം ഓർത്താൽ തന്നെ സങ്കടം തീരില്ല. എത്രമാത്രം കഷ്ടപ്പെട്ടാണ് മൂന്ന് മക്കളെ വളർത്തി വലുതാക്കിയത്. ചെറുപ്രായത്തിലുള്ള മൂന്ന് കുഞ്ഞുങ്ങളെ അമ്മയെ ഏൽപ്പിച്ചുകൊണ്ട് അകാലത്തിൽ അച്ഛൻ വിട്ടുപിരിഞ്ഞു. പക്ഷേ, അമ്മ തളർന്നില്ല... കൂലിവേലചെയ്തു മൂന്നുമക്കളെ ചേർത്തുപിടിച്ചു ജീവിച്ചു. പകലന്തിയോളം തോട്ടത്തിൽ ജോലിചെയ്ത് അവിടുന്ന് കിട്ടുന്ന കൂലികൊണ്ട് അരിമേടിച്ചു കൊണ്ടുവന്ന് കഞ്ഞിവെച്ചു.
"അന്നൊന്നും ഇത്ര ദുഖം എന്നെ അലട്ടിയിട്ടില്ല. പക്ഷേ, ഇന്ന് മക്കൾ വളർന്നുവലുതായപ്പോൾ ദുഃഖം കൂടിവന്നിരിക്കുന്നു."
അമ്മ ഇടയ്ക്കിടെ സ്വയമെന്നോണം നെടുവീർപ്പോടെ പറയുന്നത് കേട്ടിട്ടുണ്ട്.
ദാരിദ്ര്യവും കഷ്ടപ്പാടുമൊക്കെ കൂടപ്പിറപ്പാണെന്നത് അമ്മയ്ക്കറിയാം. അത് തീരാത്തതിൽ അമ്മയ്ക്ക് സങ്കടവുമില്ല. എന്നാൽ മക്കളുടെ സ്വരച്ചേർച്ചയില്ലായ്മയിൽ അമ്മ വല്ലാതെ വേദനിക്കുന്നുണ്ട്.
"അധികമൊന്നുമില്ല... മൂന്നേ മൂന്നെണ്ണമേയുള്ളൂ...എന്നിട്ടും ഇങ്ങനെയായല്ലോ ഈശ്വരാ."
ഇടയ്ക്കിടെ അമ്മ ആരോടെന്നില്ലാതെ പിറുപിറുകും.
അമ്മയുടെ ആവലാതിയിൽ കാര്യമില്ലാതില്ല. രണ്ട് ആൺമക്കൾ പണിയെടുക്കാറായ വീട്ടിൽ എന്തിന്റെയാണ് കുറവ്. പക്ഷേ, നല്ലൊരു തൊഴിലോ തക്കതായ ശമ്പളമോ ഇല്ലാത്ത മകനെങ്ങനെ കുടുംബത്തെ നന്നായി മുന്നോട്ട് കൊണ്ടുപോകാനാവും. തനിക്കു കിട്ടുന്നതൊക്കെ തന്റെ സ്വകാര്യ സ്വത്തായി ഭാവിക്കുവേണ്ടി മാറ്റിവെക്കുന്ന ദീർഘവീക്ഷണം മാത്രമുള്ള മക്കളുണ്ടായാൽ എങ്ങനെ കുടുംബം നന്നായി മുന്നോട്ട് പോകും.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും. അമ്മയ്ക്ക് മക്കളെ ആരെയും വെറുക്കാനോ തള്ളിപ്പറയാനോ കഴിയില്ല.മക്കളുടെ ദുരവസ്ഥയ്ക്ക് കാരണം പൂർവികർ ചെയ്ത തെറ്റിന്റെ ഫലമാണെന്നേ വിശ്വസിക്കാൻ അമ്മയ്ക്ക് കഴിയൂ. കുടുംബം നശിച്ചുകാണാൻ ആരൊക്കെയോ ചെയ്യുന്ന ദുഷ്പ്രവർത്തിയുടെ ഫലമാണ് ഇതൊക്കെയെന്നു പറഞ്ഞ് അമ്മ ചെയ്യാത്ത വഴിപാടുകളും പ്രാർത്ഥനകളുമില്ല.
എത്രയൊക്കെ പ്രാർത്ഥിച്ചിട്ടും എന്തെല്ലാം ചെയ്തിട്ടും കീഴ്പോട്ടല്ലാതെ മേല്പോട്ടില്ല എന്ന തോന്നൽ ഉണ്ടായതോടെ പരിഹാരം തേടിയുള്ള നെട്ടോട്ടങ്ങൾ അമ്മ അവസാനിപ്പിച്ചു.
പെങ്ങടെ കുടുംബജീവിതം തകർന്നു വീട്ടിൽ വന്നു നിൽപ്പായതോടെ ജീവിതത്തിൽ അത്രനാളും അനുഭവപ്പെടാത്ത മനോവേദനകൊണ്ട് അമ്മ വെന്തുനീറി.ആ നടുക്കത്തിൽ നിന്ന് ഇതുവരെയും മോചിതയാകാൻ അമ്മക്കായിട്ടില്ല.
ആദ്യനാളുകളിൽ പേരകുട്ടിയെനോക്കി ജോലികളഞ്ഞു വീട്ടിലിരിക്കേണ്ടി വന്നിട്ടുണ്ട് അമ്മയ്ക്ക്. ആ നാളുകളിൽ കുട്ടിയിൽ നിന്ന് അമ്മയ്ക്ക് കുറച്ചെങ്കിലും സന്തോഷം കിട്ടുകയും അതുവഴി നൊമ്പരങ്ങൾ കുറച്ചൊക്കെ മറക്കാൻ കഴിയുകയും ചെയ്തിരുന്നു. ഉപേക്ഷിച്ചുപോയ അച്ഛന്റെ സ്നേഹം ആ മുത്തശ്ശിയിൽ നിന്നും കൊച്ചുമകൾക്ക് കിട്ടുകയായിരുന്നു. ആർക്കും ആശ്രയിക്കാവുന്ന പടർന്നുകയറാവുന്ന ഒരു തണൽ വൃക്ഷം കണക്കെ അമ്മ ഇന്നും ജീവിക്കുന്നു.
ബസ്സിറങ്ങി വീട്ടിലേയ്ക്ക് നടന്നെത്തുമ്പോൾ ഗൗരിയും മോളും വീട്ടുപടിക്കൽ നോക്കി നിൽക്കുന്നത് ജയമോഹൻ കണ്ടു. ശനിയാഴ്ചകളിൽ വൈകുന്നേരം ഇതിപ്പോൾ പതിവായിരിക്കുന്നു. ജയമോഹൻ അടുത്തെത്താൻ കാത്തുനിൽക്കാതെ അമ്മയുടെ കൈവിടുവിച്ചുകൊണ്ട് മോള് ജയമോഹന്റെ അരികിലേയ്ക്ക് ഓടിയെത്തി. അടുത്തെത്തിയ മോളെ എടുത്ത് ഉമ്മ വെച്ചുകൊണ്ട് അയാൾ ഗൗരിയുടെ അരികിലെത്തി.
"അമ്മയെവിടെ.?"
"അകത്തുണ്ട് അടുക്കളയിൽ."
"ഇപ്പോഴും പഴതുപോലെ ജോലി തന്നെയാണോ.?"
"അതെ, വെറുതേ ഇരിക്കാൻ പറഞ്ഞാൽ കേൾക്കണ്ടേ.?"
ജയമോഹൻ അമ്മയുടെ അടുക്കലെത്തി. തന്റെ കൈയിലിരുന്ന പലഹാരപ്പൊതി അമ്മയെ ഏൽപ്പിച്ചു.
അമ്മയ്ക്ക് വേണ്ടത് അതുമാത്രമാണ്. മക്കൾ എവിടെയെങ്കിലും പോയിവരികയാണെങ്കിൽ എന്തെങ്കിലുമൊക്കെ മധുരപലഹാരം കൊണ്ടുവരണം.
അമ്മ അതേറ്റുവാങ്ങിക്കൊണ്ട് അവനോട് വിശേഷങ്ങൾ തിരക്കി. പണിയെടുത്തു തഴമ്പിച്ച ആ കൈകളിലൂടെ വിരലോടിച്ചുകൊണ്ട് അടുത്തിരിക്കുമ്പോൾ ജയമോഹന്റെ കണ്ണുകളിൽ നീർക്കണങ്ങൾ ഉരുണ്ടുകൂടി. കണ്ണീരണിഞ്ഞ മിഴികൾ അമ്മ കാണാതിരിക്കാനായി അവൻ മുഖം തിരിച്ചുപിടിച്ചു. പോറ്റിവളർത്തിയ പ്രിയമകന്റെ കണ്ണുകൾ നിറയുന്നത് അമ്മ കാണരുത്.
"മതി അമ്മയും മോനും വിശേഷം പറഞ്ഞിരുന്നത്. കുളിക്കുകയും ചായ കുടിക്കുകയുമൊന്നും വേണ്ടേ.?"
ഗൗരി തോർത്തുനീട്ടിക്കൊണ്ട് പറഞ്ഞു.
തോർത്തും വാങ്ങി പിൻവശത്തുള്ള കുളിമുറിയിലേയ്ക്ക് നടക്കുമ്പോഴാണ് ജയമോഹൻ അത് കണ്ടത്.
"ഇതാരാ പറമ്പിൽ കല്ല് ഇറക്കിയിരിക്കുന്നെ.?"
അവൻ ഭാര്യയെ വിളിച്ചുകൊണ്ട് ചോദിച്ചു.
"നിങ്ങടെ ചേട്ടൻ തന്നെ."
"എന്തിന്.?"
അവൻ അത്ഭുതം കൊണ്ടു.
"അവർക്ക് വീട് വെക്കാൻ..."
ജയമോഹൻ ഒരുനിമിഷം സ്തംഭിച്ചുനിന്നുപോയി. ചേട്ടത്തിയുടെ നിർദേശപ്രകാരം ചേട്ടൻ വീട് മാറുകയാണ്. ഈ കുടുംബത്തിലെ കാരണവർ ചേട്ടനാണ്. ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വീട്ടിൽ ദാരിദ്ര്യം അനുഭവിച്ചു കഴിയാതെ ഉത്തരവാദിത്വങ്ങളിൽ നിന്നൊഴിഞ്ഞുകൊണ്ട് ചേട്ടൻ പുതിയ താവളം ഒരുക്കുകയാണ്. പുതിയ സ്വപ്നങ്ങൾ കാണുന്നു.
തുടരും...