ഭാഗം - 4
ജയമോഹന് സ്ഥലം ഇഷ്ടപ്പെട്ടു. ഉൾപ്രദേശമായതുകൊണ്ട് ഒച്ചയും തിരക്കും ഒന്നുമില്ല. തന്റെ നാടുപോലെ നിരന്നപ്രദേശമല്ലെങ്കിലും പതിയെ ഇണങ്ങിചെരാവുന്നതേയുള്ളൂ.
പക്ഷേ, താമസത്തിന് സ്വന്തമായി ഒരു സ്ഥലം കണ്ടെത്തണം. ഏതാനും ജോലിക്കാരോട് ഒരുമിച്ച് തോട്ടത്തിന്റെ അതിരിലുള്ള ചെറിയ കെട്ടിടത്തിലാണ് ഇപ്പോൾ താമസം. അത്യാവശ്യം വേണ്ടുന്നതൊക്കെയും ഉണ്ടെങ്കിലും സ്വസ്ഥമായി ഇരിക്കാനോ, എന്തെങ്കിലുമൊക്കെ വായിക്കാനോ, എഴുതാനോ ഒന്നും ഉള്ള ഏകാന്തതയൊന്നും കിട്ടുന്നില്ല.കൂടെയുള്ളവർ പല തരത്തിലുള്ളവരാണ്. ചിലർക്ക് മദ്യപാനവും ചീട്ടുകളിയുമായി അടിച്ചുപൊളിക്കണം. ചിലർക്ക് എന്തെങ്കിലുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കണം. ചിലർക്ക് പാട്ട് കേട്ടുകൊണ്ടിരിക്കണം. ഇതിലൊന്നും പെടാതെ വെറുതേ ഇരിക്കുകയും കിടന്നുറങ്ങുകയും ചെയ്യുന്നവരുമുണ്ട്.
എസ്റ്റേറ്റിലെ മാനേജർ ജോലി മറ്റൊരു ലക്ഷ്യത്തിലേയ്ക്കുള്ള മാർഗം കൂടിയായിട്ടാണ് ജയമോഹൻ കാണുന്നത്. പേരെടുത്താലും ഇല്ലെങ്കിലും ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ ഒരു നോവൽ എഴുതി പുസ്തകമാക്കുക എന്നത് ജീവിതാഭിലാഷമായി അവൻ കണക്കാക്കുന്നു. ചെറുകഥകളും,കവിതകളുമൊക്കെ എഴുതുകയും പ്രസിദ്ധീകരിക്കുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും നോവലെന്നത് ഒരു തീരാസ്വപ്നമായി അവശേഷിക്കുന്നു.മനസ്സിൽ എഴുതിയ നോവൽ പേപ്പറിലേയ്ക്ക് പകർത്താനുള്ള അടങ്ങാത്ത ആവേശമാണ് മനസ്സുനിറയെ. പക്ഷേ, ഈ സാഹചര്യങ്ങൾക്കിടയിൽ എങ്ങനെ അത് നടക്കും.
എല്ലാം കാര്യങ്ങളും തുറന്നുപറയാറുള്ള എസ്റ്റേറ്റു വാച്ചർ 'മത്തായി' ചേട്ടനോട് ഒരിക്കൽ ഈ കാര്യം അവതരിപ്പിച്ചു. പരിഹാരങ്ങളുടെ നേതാവേന്നനിലയിൽ അദ്ദേഹം കുറേനേരം ആലോചിച്ചുനിന്നു എന്നിട്ട് പറഞ്ഞു.
"തനിക്കുപറ്റിയ ഒരു സ്ഥലമുണ്ട്. കിട്ടിയാൽ കിട്ടി."
"ആണോ...എവിടെ.?"
"പറയാം ദൃതികൂട്ടാതെ..."
ചേട്ടൻ ചിരിച്ചു.
"നമ്മുടെ മുതലാളിയില്ലേ.. അദ്ദേഹത്തിന് കവലയിലൊരു കടമുറിയുണ്ട്. രണ്ടാംനിലയിൽ. അത് ഒഴിഞ്ഞുകിടക്കുകയാണ്. ആർക്കും ഇതുവരെ വാടകയ്ക്ക് കൊടുത്തിട്ടില്ല.അദ്ദേഹത്തെ കണ്ടു കാര്യം പറഞ്ഞാൽ ചിലപ്പോൾ കിട്ടും."
"അതിന് വലിയ വാടക മുതലാളി ചോദിച്ചാൽ കൊടുക്കാൻ എന്നെകൊണ്ട് ആകുമോ.?"
"വാടകക്കല്ലെന്ന്...നിങ്ങള് തോട്ടത്തിലെ മാനേജരല്ലേ... നിങ്ങടെ ആവശ്യം എന്താണെന്നു പറഞ്ഞാൽ ചിലപ്പോൾ വാടകയില്ലാതെ തന്നെ മുതലാളി അത് നിങ്ങൾക്ക് താമസിക്കാൻ തരും."
"എന്തായാലും ഒന്ന് ചോദിച്ചു നോക്കാം.ഒരു വാക്കിന്റെ മുടക്കല്ലേയുള്ളൂ ഭാഗ്യത്തിന് കാര്യം നടന്നാലോ."
അവൻ പറഞ്ഞു.
വല്ലാത്തൊരു സങ്കോചത്തോടെയാണ് ബംഗ്ലാവിന്റെ ഗെയിറ്റുകടന്നത്.മുതലാളി സ്ഥലത്തുണ്ടാകുമോ എന്തോ... നൂറുകൂട്ടം തിരക്കുള്ള ആളാണ്.അതുകൊണ്ടുതന്നെ വിളിച്ചു ചോദിച്ചില്ല. നേരിട്ടുപോന്നു. എങ്ങനെ തിരക്കില്ലാതിരിക്കും. കണക്കില്ലാത്ത വിധം സ്വത്തല്ലേ ദൈവം അദ്ദേഹത്തിന് നൽകിയിരിക്കുന്നത്.നോക്കിനടത്താൻ ഒരാൺകുട്ടി പോലുമില്ല. ആകെയുള്ളത് ഒരു മകളാണ്.അവളാണെങ്കിൽ പഠിപ്പ് കഴിഞ്ഞിട്ടുമില്ല. എല്ലാം മത്തായി ചേട്ടനിൽ നിന്നും കിട്ടിയ അറിവുകളാണ്.
ഭാഗ്യത്തിന് മുതലാളി പൂമുഖത്തുതന്നെയുണ്ടായിരുന്നു.കസേരയിലിരുന്നു ചായ കുടിക്കുകയാണ്.
"അല്ല ഇതാര് ജയമോഹനോ...വരൂ കയറിയിരിക്കൂ..."
മുതലാളി അവനെനോക്കി ആതിതേയത്വം പ്രകടിപ്പിച്ചു.
"എന്താ വിശേഷിച്ച് തോട്ടത്തിലെ കാര്യങ്ങളൊക്കെ നന്നായി പോകുന്നുണ്ടല്ലോ അല്ലെ.?"
ചായ കുടിച്ചുകൊണ്ടാണ് ചോദ്യം.
"എല്ലാം നന്നായിപോകുന്നു."
"കാട് തെളിക്കാറായെന്നു കേട്ടു.? "
"ശരിയാണ്."
"മത്തായിച്ചേട്ടൻ എന്തെങ്കിലും പറഞ്ഞോ... എല്ലാം ചേട്ടനോട് പറഞ്ഞാൽ മതി."
"എനിക്ക് അങ്ങോട്ട് ഇറങ്ങണമെന്നുണ്ടെങ്കിലും സമയം കിട്ടാറില്ല. നൂറുകൂട്ടം കാര്യങ്ങളാണ്.പോകില്ലെന്ന് പറഞ്ഞാൽ മറ്റുള്ളവർ കേക്കുമോ... എന്താ ഇപ്പോൾ വരാൻ കാരണം പ്രത്യേകിച്ച് എന്തെങ്കിലും.?"
ചായഗ്ലാസ് ടേബിളിനുപുറത്തു വെച്ചിട്ട് മുതലാളി ചോദിച്ചു. ജയമോഹൻ എന്തോ പറയാൻ മടിക്കുന്നതുപോലെ അയാൾക്ക് തോന്നി.
"എന്താണ് പറയൂ...മടിക്കേണ്ട."
"കവലയിലെ ഒഴിഞ്ഞുകിടക്കുന്ന ആ മുറി താമസത്തിന് കിട്ടിയാൽ കൊള്ളാമായിരുന്നു."
"ആർക്കാണ്.?"
"എനിക്കുതന്നെ..."
"എന്താ തോട്ടത്തിൽ സൗകര്യം കുറവാണോ.?"
"താമസത്തിന് സൗകര്യക്കുറവൊന്നുമില്ല.പക്ഷേ, എന്തെങ്കിലുമൊക്കെ സ്വസ്തമായിരുന്നു ചെയ്യാൻ കഴിയുന്നില്ല.എഴുതാനും വായിക്കാനുമൊക്കെ എനിക്ക് ആഗ്രഹം ഉണ്ട്."
"ആഹാ താങ്കൾക്ക് അങ്ങനൊരു ഹോബിയുണ്ടോ... എന്താണ് എഴുതുന്നത് കവിതയോ കഥയോ.?"
"രണ്ടും എഴുതാറുണ്ട്."
"എഴുതുന്നതൊക്കെ പ്രസിദ്ധീകരിക്കാറുണ്ടോ അതുവഴി വല്ലതുമൊക്കെ കിട്ടുമോ.?"
"ചിലതെല്ലാം പ്രസിദ്ധീകരിക്കാറുണ്ട്. കാര്യമായിട്ട് ഇതുവരെ ഒന്നും കിട്ടിയിട്ടില്ല. ഈ ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ ഒരു നോവൽ എഴുതണമെന്ന് ആഗ്രഹമുണ്ട്."
അവൻ തന്റെ ആഗ്രഹം വിശദമായ് പറഞ്ഞു.
എല്ലാംകേട്ടുകഴിഞ്ഞു മുതലാളി പറഞ്ഞു.
"കടമുറി ഒഴിവുണ്ട്. ഇതുവരെ ഞാനത് ആർക്കും വാടകക്ക് കൊടുത്തിട്ടില്ല. മറ്റൊന്നും കൊണ്ടല്ല... ഇടക്കൊക്കെ ഞാനും സുഹൃത്തുക്കളും അവിടെ കമ്പനികൂടാറും തങ്ങാറുമൊക്കെയുണ്ട്. എന്തായാലും താൻ അവിടെ താമസിച്ചുകൊള്ളൂ."
"അതിന് വലിയ വാടകയൊന്നും തരാൻ എന്റെ കൈയിൽ..."
അവൻ പാതിവെച്ചുനിറുത്തിയിട്ട് മുതലാളിയുടെ മുഖത്തേയ്ക്ക് നോക്കി.
"നല്ല സൗകര്യത്തിലൊക്കെ താമസിക്കണമെങ്കിൽ നല്ല വാടകയും തരേണ്ടിവരും."
അതുകേട്ടതും അവന്റെ മുഖം മങ്ങി. ഇതുകണ്ട് പുഞ്ചിരിച്ചുകൊണ്ട് മുതലാളി പറഞ്ഞു.
"താൻ സമാധാനമായി പോയി താമസം തുടങ്ങിക്കോ. കൂടെ തന്റെ എഴുത്തും വായനയുമൊക്കെ നടക്കട്ടെ.എനിക്ക് വാടകയൊന്നും തരേണ്ട."
മുതലാളിയുടെ വാക്കുകൾ അവനിൽ സന്തോഷം നിറച്ചു.നന്ദിയോടെ നോക്കി യാത്രപറഞ്ഞിട്ട് അവൻ ഇറങ്ങിനടന്നു.
(തുടരും)