"അല്ല അതാരാ പരിചയമില്ലാത്ത ഒരാള് ബസ്സിറങ്ങി നടന്നുവരുന്നത്. രൂപോം ഭാവോമൊക്കെ കണ്ടിട്ട് ഒരു ഉദ്യോഗസ്ഥന്റെ മട്ടുണ്ടല്ലോ." കവലയിലെ 'കുമാരൻ' ചേട്ടന്റെ ചായക്കടക്കു മുന്നിലെ ബെഞ്ചിൽ വർത്താനം പറഞ്ഞുകൊണ്ടിരുന്ന കർഷകനായ 'കുഞ്ഞച്ചൻ' ചേട്ടൻ എതിരെ നടന്നുവന്ന ആളെ ചൂണ്ടിക്കൊണ്ട് അടുത്തിരുന്നവരോട് പറഞ്ഞു.
"പാന്റും ഷർട്ടും ഇട്ടുവെന്നുവെച്ചിട്ട് ജോലിക്കാരൻ ആണെന്നൊന്നും പറയാൻ പറ്റില്ല." പാൽക്കാരൻ 'കൃഷ്ണൻകുട്ടി' തന്റെ അഭിപ്രായം പറഞ്ഞു.
"പക്ഷെ, ഒരുകാര്യം പാന്റും ഷർട്ടും ഇട്ട് ഈ മലയോരത്ത് ബാഗും പിടിച്ച് വരുന്നത് വല്ല ഫോറസ്റ്റ് ഉദ്യോഗസ്തനോ വാച്ചറോ ഒക്കെ അല്ലാണ്ട് ആരാണ്." കുഞ്ഞച്ചൻ ചേട്ടൻ ഒരു പൊതുതത്വം പറഞ്ഞു.
"അതുനേരാ... അല്ലാതെ ഒരുത്തരും ഈ മലമുക്കിൽ കടന്നുവന്നു ഞാൻ കണ്ടിട്ടില്ല." ചായക്കടക്കാരൻ കുമാരൻ ചേട്ടനാണ് പറഞ്ഞത്.
ഈ സമയം അപരിചിതൻ അവർക്കടുത്തെത്തിയിരുന്നു. അയാൾ മൃദുവായിപുഞ്ചിരിച്ചുകൊണ്ട് കടയിലിരുന്നവരെ നോക്കി ചോദിച്ചു.
"തോമസ് മുതലാളിയുടെ വീടേതാണ്?"
"ഇവിടിപ്പോൾ രണ്ടു തോമസ് മുതലാളിമാർ ഉണ്ടല്ലോ... ഒന്ന് ദുബായ്ക്കാരൻ തോമസുചേട്ടൻ. മറ്റേതു വെറും തോമസുചേട്ടൻ. ഇതിലേതാണ്.?" കുഞ്ഞച്ചൻ ചേട്ടൻ ബെഞ്ചിൽ നിന്നെഴുന്നേറ്റുകൊണ്ട് ചോദിച്ചു.
"ഇവിടുത്തെ തോട്ടം തൊഴിലാളി ഉടമയുടെ പ്രസിഡന്റ്."
"ങ്ഹാ അത് ദുബായ്ക്കാരൻ തോമസു ചേട്ടനാണ്. അതാ... നേരെ പോകുമ്പോൾ കാണുന്ന വെള്ള പെയ്ന്റടിച്ച വലിയ വീടാണ്."
"വളരെ ഉപകാരം."
അയാൾ നടന്നുനീങ്ങിയപ്പോൾ കുഞ്ഞച്ചൻ പറഞ്ഞു.
"അപ്പൊ ഞാൻ പറഞ്ഞതുതന്നെയാ കാര്യം. ഏതോ ഉദ്യഗസ്ഥനാണ് വന്നിരിക്കുന്നത്."
എന്താണാവോ ഈ വരവിന്റെ ഉദ്ദേശം. കൃഷ്ണൻകുട്ടി ചേട്ടൻ ഒരുനിമിഷം ആലോചിച്ചു.
"ചെലപ്പം വല്ല പോലീസുകാരനുമാവും. ഒരുപാട് കേസുണ്ടല്ലോ മുതലാളിയുടെ പേർക്ക്."
ഈ സമയം മീൻകാരൻ 'സലീം' കടക്കുമുന്നിൽ ബൈക്കിൽ വന്നിറങ്ങി. വണ്ടി സ്റ്റാൻഡിൽ വെച്ചിട്ട് പെട്ടിയിൽ നിന്ന് മീൻ പുറത്തെടുത്തു കടയിലിരുന്നവരെ ഉയർത്തിക്കാട്ടി.
"നല്ല ഒന്നാന്തരം പിടക്കണ മീനാണ്.നോക്കുന്നുണ്ടോ..."
"അതെന്നും അങ്ങനെതന്നെയല്ലേ?"
മീൻകാരനെ കളിയാക്കിക്കൊണ്ട് പറഞ്ഞിട്ട് കുഞ്ഞച്ചൻ കൂട്ടുകാരെ നോക്കി കണ്ണിറുക്കി.
ദിവസവും മലകയറി മീൻ വിൽക്കാൻ വരുന്ന ഏകകച്ചവടക്കാരനാണ് സലീം. ഒരുവിധം അന്നത്തെ എല്ലാ ഐറ്റം മീനുകളും അയാളുടെ പെട്ടിയിൽ കുറച്ചേ ഉണ്ടാവും. എത്ര മോശം മീനായാലും അയാൾ പറയുക പിടക്കുന്ന സൂപ്പൻ മീനാണെന്നാണ്.അത് നാട്ടുകാർക്കെല്ലാം അറിയാവുന്ന കാര്യമാണ്.
കീരിക്കാട്ട് ബംഗ്ലാവ്. എന്ന് നെയിംബോഡ് ഏഴുതിവെച്ചിരിക്കുന്ന പഴയ തുരുമ്പുപിടിച്ച ഗെയിറ്റ് തള്ളിതുറക്കുമ്പോൾ 'ജയമോഹൻ' ഓർത്തു ജീവിതത്തിലാദ്യമായിട്ടാണ് ഒരു എസ്റ്റേറ്റുമാനേജർ ജോലിക്ക് വേണ്ടി നാടുവിട്ടു വരുന്നത്. അഞ്ചാറുമാസം ഒരു എസ്റ്റേറ്റിൽ താൽക്കാലിക മാനേജരായി ജോലി ചെയ്തെങ്കിലും അത് നാട്ടിൽ തന്നെയായിരുന്നു. അതാണെങ്കിലോ യാദൃച്ഛികമായി സംഭവിച്ചതും.
ജോലിയൊന്നുമില്ലാതെ വെറുതേ വീട്ടിലിരിക്കുന്ന സമയം.
"നിന്നെ മുതലാളി അന്വേഷിച്ചു. പറ്റിയാൽ ഇന്നുതന്നെ ഒന്നുച്ചെന്ന് കാണൂ...എന്തേലും ജോലിക്കാര്യം പറയാനാവും."
ശേഖരൻ മുതലാളിയുടെ തോട്ടത്തിൽ നിന്നും ജോലികഴിഞ്ഞെത്തിയ അമ്മയാണ് പറഞ്ഞത്. ആകെയുണ്ടായിരുന്ന ജോലി കൊറോണമൂലം നഷ്ട്ടപ്പെട്ടത്തോടെ അമ്മയും, ഭാര്യയും, മോളും അടങ്ങുന്ന കുടുംബത്തെ ജോലിയില്ലാതെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്നോർത്തിരുന്ന അവൻ പിന്നെ ഒന്നും ആലോചിച്ചില്ല... വേഗം മുതലാളിയെ കാണാനായി യാത്ര തിരിച്ചു.
മുതലാളി എസ്റ്റേറ്റ് ബംഗ്ലാവിലിരുന്നു മദ്യപിക്കുകയാണ്. മുന്നിലെ ടേബിളിൽ വിവിധതരത്തിലുള്ള മദ്യകുപ്പികൾ. ചുറ്റും കസേരയിൽ മൂന്നാല് സുഹൃത്തുക്കളും ഉണ്ട്.
"ജയമോഹൻ.... കയറിവരൂ... ഇരിക്കൂ..."
"ഞാൻ ഇവിടെ നിന്നോളം."
"അമ്മ പറഞ്ഞ് അറിഞ്ഞുകാണുമല്ലോ... എസ്റ്റേറ്റിലെ മാനേജർ പോയത്?"
"അറിഞ്ഞു..."
എസ്റ്റേറ്റുമാനേജർ തോട്ടത്തിൽ നിന്നും വഴക്കുണ്ടായി പോയതാണ്. ഒരു തൊഴിലാളിയെ തല്ലിയതാണ് കാരണം. അടികിട്ടിയ ആൾ പെട്ടെന്ന് തലചുറ്റി വീണു. മാനേജർ പരിഭ്രമിക്കുകയും പണിക്കാരിൽ ചിലർ നിലവിളിക്കുകയും ചെയ്തു.
അയാൾക്ക് ഹാർട്ടിന്റെ അസൂഖം ഉണ്ടെന്ന് അറിയാതെയാണ് മദ്യപിച്ചുവന്നു ചീത്തവിളിച്ചതിന് മാനേജർ അയാളെ അടിച്ചത്. പറഞ്ഞിട്ടുകാര്യമില്ല... സംഗതി പ്രശ്നമായി. തല്ലുകൊണ്ട ആളുടെ മക്കൾ വന്ന് മാനേജരെ തിരിച്ചുതല്ലി.
"ഞങ്ങടെ നാട്ടിൽവന്നുകിടന്നുകൊണ്ട് ഞങ്ങളെ കൈ വെക്കാറായോ വരത്താ നീ... ഇനിയും നീ ഇവിടെ ജോലിക്കുനിന്നാൽ ഞങ്ങളാരും പണിക്കുവരില്ല." അവർ പറഞ്ഞു.
മുതലാളി ഇടപെട്ടുവരുമ്പോഴേയ്ക്കും മാനേജർക്ക് കിട്ടാനുള്ളത് കിട്ടിയിരുന്നു. ജോലിക്കാരുമായി ഒരു സമാധാനത്തിനു മുതലാളി ശ്രമിച്ചെങ്കിലും മാനേജർ പിന്നെ അവിടെ നിന്നില്ല. ജോലിമതിയാക്കി പോയി.
"സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു.ഇനി അതിനെക്കുറിച്ചൊന്നും പറഞ്ഞിട്ട് കാര്യമില്ല. തോട്ടത്തിലെ കാര്യങ്ങൾ മുടങ്ങാൻ പറ്റില്ലല്ലോ. തനിക്ക് പഠിപ്പുള്ളതല്ലേ. തൽക്കാലം ഒരാളെ കണ്ടെത്തുന്നതുവരെ ജയമോഹൻ തോട്ടത്തിൽ മാനേജരായിട്ടു നിൽക്ക്."
ശേഖരൻ മുതലാളി കാര്യം പറഞ്ഞു.
"യാതൊരു പരിചയവുമില്ലാത്ത ഞാൻ...എങ്ങനെ.?"
"അതിനൊക്കെ പരിഹാരമുണ്ട്. തൽക്കാലം താൻ പണിക്കാരുടെ ഹാജറും കൂലിയും ഒക്കെ ശ്രദ്ധിച്ചാൽ മതി. ബാക്കിയൊക്കെ ഞാൻ നോക്കിക്കൊള്ളാം."
മുതലാളി പുഞ്ചിരിച്ചു. കൂട്ടുകാരും. ആ ഏതാനും നാളുകളിലെ പരിചയം വെച്ചുകൊണ്ടാണ് മാനേജരുടെ ഒഴിവുണ്ടെന്നറിഞ്ഞപ്പോൾ ഈ മലയിലേയ്ക്ക് യാത്രതിരിച്ചത്. തോമസ് മുതലാളിയുടെ വലിയ ഇരുനില്ല വീടിനുമുന്നിൽ ജയമോഹൻ ഒരുനിമിഷം നിന്നു. വിശാലമായ മുറ്റം നിറയെ വിവിധതരം പൂച്ചെടികൾ നിറഞ്ഞുനിൽക്കുന്നു. പുറത്തെങ്ങും ആരെയും കാണാനില്ല. പക്ഷെ,അകത്തുനിന്നും ആരുടെയൊക്കെയോ വർത്തമാനവും, ടിവിയുടെ ശബ്ദവും കേൾക്കാം.
ജയമോഹൻ കോളിങ് ബെലിൽ വിരലമർത്തി. അകത്ത് സംസാരം നിലച്ചു.
ഇരുപത് വയസ്സോളം പ്രായമുള്ള അതിസുന്ദരിയാ ഒരു പെൺകുട്ടിയാണ് വാതിൽ തുറന്നത്. കണ്ടിട്ട് മുതലാളിയുടെ മകളാണെന്നു തോന്നി. അപരിചിതനെ കണ്ടതും നിൽക്കാൻ പറഞ്ഞിട്ട് അമ്മേ എന്നുവിളിച്ചുകൊണ്ട് അവൾ അകത്തേയ്ക്ക് തിരിച്ചുനടന്നു.
(തുടരും...)