mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 14

കാലചക്രം കറങ്ങിക്കൊണ്ടേയിരുന്നു. പകൽ സമയങ്ങളിൽ അത്യാവശ്യം ചൂടൊക്കെയുണ്ടെങ്കിലും കണ്ണുകൾക്കു കുളിരേകി നാലുപാടും പച്ചപുതച്ച പ്രകൃതി ഭംഗി വല്ലാത്തൊരാശ്വാസമേകി.നാലുപുറം നോക്കിയാലും മനോഹരക്കാഴ്ചകൾ ഇവിടത്തെയൊരു പ്രത്യേകതയാണ്. എങ്കിലും ചില സ്ഥലത്തെല്ലാം വരണ്ടുണങ്ങിയ കാഴ്ചയും ഇല്ലെന്നു പറഞ്ഞു കൂടാ. മെല്ലെ മെല്ലെ തിരിയുന്ന കൂറ്റൻ കാറ്റാടി യന്ത്രങ്ങൾ ബസ് യാത്രയ്ക്കിടയിൽ കാണുന്നത് കൗതുകമേകും.

അങ്ങനെ ശിവരാത്രി ദിനം വന്നെത്തി. ഇവിടത്തെ കേമമായ ഉത്സവമാണ് ശിവരാത്രി യാഘോഷത്തോടനുബന്ധിച്ചുള്ളത് എന്നുമുമ്പു പറഞ്ഞത് ഓർമയുണ്ടല്ലോ. ആഴ്ചകൾക്കു മുമ്പുതന്നെ ചെമ്മണ്ണൂർ മല്ലീശ്വരൻ കോവിൽ പരിസരങ്ങളിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കും. യന്ത്ര ഊഞ്ഞാലുകളും മറ്റുമെല്ലാം ആദ്യമേ സജ്ജീകരിക്കുന്നവയിൽ ചിലതാണ്.

രാത്രി നാടൻ പാട്ടുകൾ ,നൃത്തനൃത്യങ്ങൾ, ഗാനമേള തുടങ്ങിയ വിവിധ കലാപരികൾ അരങ്ങേറുക പതിവാണ്.
കൊച്ചു മിടുക്കികളെയും കൂട്ടി തദ്ദേശവാസിയായ ഒരു സഹോദരൻ്റെയും കുടുംബത്തിൻ്റെയും  അകമഴിഞ്ഞ സഹായ സഹകരണങ്ങളോടെ കലാപരിപാടി അവതരിപ്പിക്കുന്ന കുട്ടികൾക്കൊപ്പം പിന്തുണയേകാനായി ഭഗവാൻ്റെ അനുഗ്രഹത്താൽ ഒരവസരവും കൈവന്നത് ഭക്ത്യാദരങ്ങളോടെ സ്മരിക്കുന്നു.

മല്ലീശ്വരമുടിയിൽ വിളക്കു കണ്ടതിനു ശേഷമാണ് കലാപരിപാടികൾ ആരംഭിക്കുന്നത്. അക്കാര്യത്തെക്കുറിച്ച് കുറച്ചു വിശദീകരിക്കാനുണ്ട്.
വ്രത വിശുദ്ധിയോടെ ഗോത്ര വിഭാഗത്തിൽപ്പെട്ട ആളുകൾ ഭവാനീനദിയിൽ കുളിച്ച് മല കയറാൻ തുടങ്ങും. ഭവാനി നദി സാക്ഷാൽ ശ്രീ പാർവ്വതീദേവി തന്നെയെന്നാണിവർ വിശ്വസിക്കുന്നത്. മല്ലീശ്വരൻ ശ്രീപരമേശ്വരനും.

പൂജാസാമഗ്രികളും മുളങ്കുറ്റിയിൽ നെയ്യും മറ്റുമായി ശിവരാത്രി ദിവസം രാവിലെ ഒരു മണ്ഡലക്കാലം (41 ദിവസം) വ്രതമെടുത്ത ഭക്തർ മലകയറാൻ തുടങ്ങും. അസ്തമയാനന്തരം ജ്യോതി തെളിയിച്ച് പൂജ നടത്തി ഇവർ തിരിച്ചെത്തുകയും മുളങ്കുറ്റിയിൽ കൊണ്ടുവരുന്ന തീർത്ഥം ഭക്തർക്ക് നൽകുകയും ചെയ്യുന്ന പതിവുണ്ട്. രണ്ടു ദിവസമാണ് ഇവിടത്തെ ആഘോഷം.

വല്ലാത്തൊരു ജനസാഗരത്തെ സാക്ഷിയാക്കി വാദ്യഘോഷത്തോടെയുള്ള ഈ ഉത്സവം ഒരിക്കലെങ്കിലും കാണാനിടയായാൽ മറക്കില്ല തന്നെ. മഹാദേവാമല്ലീശ്വരാ... ശ്രീ പാർവ്വതീദേവീ... അമ്മേ.. പരിമിതമായ അറിവുകൾ വെച്ച് എഴുതിയതിൽ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ പൊറുക്കേണമേ... അവിടത്തെ അനുഗ്രഹാശിസ്സുകളെന്നും ഏകീടണേ...

തുടരും ...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ