ഭാഗം - 10
ഉറക്കം എന്നേ നഷ്ടപ്പെട്ടു പോയിരിക്കുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നു. സ്മിത ഇപ്പോൾ എവിടെയായിരിക്കും ? ആശ്രയത്തിലോ? ഉറങ്ങിയിരിക്കുമോ? ഈയവസ്ഥയിൽ ഉറക്കം വരുന്നതെങ്ങിനെ? ഇന്നെങ്കിലും എന്നെക്കുറിച്ച് ആലോചിച്ചിരിക്കും എന്നു കരുതാൻ ഗോപ്യമായി മനസ്സാഗ്രഹിക്കുന്നു. ആ മനസ്സിൽ ഇന്നെങ്കിലും എനിക്കൊരിടം!
എഴുന്നേറ്റു ജനാലകൾ തുറന്നിട്ടു ദൂരെ പാടവരമ്പിലൂടെ ചൂട്ടാണോ ടോർച്ചാണോ എന്ന് നിശ്ചയമില്ലാത്ത ഒരു വെളിച്ചം അരിച്ചരിച്ച് നീങ്ങി പോകുന്നതു കണ്ടു. ഈ അർദ്ധരാത്രിയിൽ ഏതു കർമ്മബന്ധത്തിൻ്റെ ചരടാണ് അയാളെ വഴി നടത്തുന്നത്? ആ അപരിചിതനോട് അനുകമ്പ തോന്നുകയാണ്.
പൊടുന്നനെ ഒരു കൈത്തലം ചുമലിൽ പതിഞ്ഞു. ഞെട്ടിത്തരിച്ചു പോയി. രാധിക !
“എന്താ ഉറങ്ങാത്തത്? നാളെ ഓഫീസിൽ പോണ്ടെ? നേരെ ഉറക്കം കിട്ടിയില്ലെങ്കിൽ പിറ്റേ ദിവസം മുഴുവൻ പോക്കാ. വരൂ കിടക്കാം.”
ഓർമ്മകളുടെ മലവെളളപ്പാച്ചിലിൽ ദേഹിയും ദേഹവും വിയർത്തടങ്ങി ശമിച്ചിരുന്നു. അതിൻ്റെ ലഹരിയിൽ മെല്ലെ കണ്ണുകളടഞ്ഞു.
രാജഗോപാൽ സാറിന് ഒരു തുക ചെക്കെഴുതി നല്കുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു. പഴകിത്തുരുമ്പിച്ച ഒരാംബുലൻസാണ് അവിടുള്ളതെന്നും പുതിയതൊരെണ്ണം വാങ്ങുവാനുള്ള ഫണ്ടിലേക്ക് ഞാൻ നല്കിയ തുക വകയിരുത്തുമെന്ന് അദ്ധേഹം അറിയിച്ചു കമ്പനിയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി മെഡിക്കൽ ഉപകരണങ്ങൾ നല്കുന്നതിൻ്റെ ഒരു പദ്ധതിയെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ അദ്ധേഹം നഴ്സിങ്ങ് സൂപ്രണ്ട് അന്നമ്മയെ ആളയച്ചു വരുത്തി. എന്നെ പരിചയപ്പെടുത്തി. എനിക്ക് വേണ്ട വിവരങ്ങൾ നല്കാൻ ചുമതലപ്പെടുത്തി. അന്നമ്മക്കൊപ്പം ഞാൻ രാജഗോപാൽ സാറിൻ്റെ മുറി വിട്ട് പുറത്തിറങ്ങി. തടിച്ചു വെളുത്ത ,സരസയും സംസാരപ്രിയയുമായ അന്നമ്മ ആതുരാലയത്തിൻ്റെ പൊതു പ്രവർത്തനങ്ങളും പ്രവർത്തിക്കാത്ത ചില ഉപകരണങ്ങളെപ്പറ്റിയും വിവരിച്ചു. നിസ്വാർത്ഥമായ സേവനം നല്കുന്ന പ്രവർത്തനങ്ങളുടെ ഭാഗഭാക്കാൻ കഴിഞ്ഞതിൽ അവർ അഭിമാനവും സന്തോഷവും പ്രകാശിപ്പിച്ചു. യാത്ര പോകാൻ നേരം ഞാൻ അന്നമ്മയോട് ചോദിച്ചു.
“ചാത്ത... അല്ല ഷിബു എന്ന പേരിൽ ഒരു പേഷ്യൻ്റ് ഇവിടുണ്ടോ?
“ഷിബു. .. ഉണ്ടല്ലോ വലിയ ശല്യമാ സാറേ കണ്ണു തെറ്റിയാ പോയി വെള്ളമടിക്കും അയാളെക്കൊണ്ട് സഹികെട്ടിരിക്കയാണ്. കള്ളു കുടിച്ച് കുടിച്ച് ചോര തുപ്പിക്കൊണ്ടാണ് ഇവിടെ വന്നത്.രാജഗോപാൽ സാറായതുകൊണ്ടാണ് ഇപ്പഴും സൗജന്യായി ചികിത്സ കൊടുക്കുന്നത്. ഷിബുവിൻ്റെ പെണ്ണ് ഏതൊ നല്ല കുടുംബത്തിലേയാ പാവം പിടിച്ച ഒരു കുട്ടി. കണ്ടാലറിയാം അവൻ്റെ കൂടെ കൂട്യാ പിന്നെ സമാധാനോം സന്തോഷോം എന്തെന്ന് അറിഞ്ഞിട്ടില്ലാന്ന്.
“ഷിബുവിൻ്റെ അവസ്ഥ എങ്ങനെ?”
“മോശമാണ് എന്നല്ല വളരെ മോശം , ലിവറൊന്നും ഇല്ല. എൻ്റെ അഭിപ്രായത്തിൽ അധിക കാലമൊന്നും ഈടില്ല. ദിവസങ്ങളെണ്ണി കഴിയുന്നു. നമുക്കും പരിമിതികളില്ലെ? പറ്റാവുന്ന പോലെ ചികിത്സിക്കും .എത്തുന്നിടത്തോളും എത്തട്ടെ .സാറും അതുതന്നെയാ പറയുന്നെ.എന്താ ചോദിച്ചെ ? ആളെ കാണണോ?
“ഏ.. വേണ്ട. ഡോക്ടർ ഇവിടുത്തെ ഓരോ പേഷ്യൻ്റിനെപ്പറ്റി പറയാറുണ്ട്. അതു കൊണ്ട് ചോദിച്ചെന്ന് മാത്രം.”
മറുപടിയിൽ തൃപ്തിവരാതെ നിന്ന അന്നമ്മയിൽ നിന്നും ഫോൺ നമ്പർ വാങ്ങി അവരോടും ഡോക്ടറോടും യാത്ര പറഞ്ഞ് ഇറങ്ങി. വഴിത്താരയിൽ ഏറെ വാഹനങ്ങളും വഴിയാത്രക്കാരുമില്ല. അത്ര ജനസാന്ദ്രതയുള്ളിടത്തല്ല ഈ ആതുരാലയം .നാരായണനോട് ജാലകങ്ങൾ തുറന്നിടാൻ പറഞ്ഞു. ഇലയടരിലും മരഞ്ചില്ലയിലും കാറ്റു പതിഞ്ഞു തിരതല്ലി. ജാലകത്തിലൂടെ പ്രസരിക്കുന്ന കാറ്റിന് പൂക്കളുടെ ഗന്ധം. എന്തിനാണ് ഞാനിവിടെ വന്നത്? ഒരു ചെക്കു കൊടുക്കൽ മാത്രമായിരുന്നോ എൻ്റെ ഉദ്ധേശം.ഓഫീസിലെ പ്രധാനപ്പെട്ട പിടിപ്പതു ജോലികൾ മാറ്റി വച്ച് ഇവിടേക്ക് വരേണ്ട അടിയന്തിര പ്രാധാന്യം എന്തായിരുന്നു? എൻ്റെ ഉൾമനസ്സ് എന്താണ് കാംക്ഷിക്കുന്നത് ?കടിഞ്ഞാണ് കൈവിട്ട കുതിരയെ പോലെ കുതറുകയാണ് മനസ്സ്. ഈശ്വരാ ഞാനെന്താണ് ആഗ്രഹിക്കുന്നത്? പൊടുന്നനെ ഉൾഭയത്തിൻ്റെ ചിലന്തിവല എന്നെ വന്ന് പൊതിയുന്നതായി ഞാനറിഞ്ഞു.
ഓഫീസിലിരിക്കുമ്പോൾ മനസ്സിൽ അകാരണമായ അസ്വസ്ഥത വന്നു നിറയുന്നത് ഞാനറിഞ്ഞു അകാരണമായി എന്തിനോ സ്റ്റാഫുകളോട് ദേഷ്യപ്പെട്ടു.അന്നമ്മയെ പലതവണ വിളിക്കാനാഞ്ഞു. പ്രവൃത്തി സമയത്തിനു മുൻപ് ഓഫീസിൽ നിന്നുമിറങ്ങി. വഴിയിൽ വച്ച് മെല്ലെപ്പോക്കിന് നാരായണനെ ശകാരിച്ചു. വീട്ടിൽ എത്തിയപ്പോൾ ശങ്കരേട്ടനുണ്ട്. പല തരം ചെടികൾ ഒരിടത്ത് അടുക്കി വച്ചിട്ടുണ്ട്. കുടമുല്ലയുടെ വള്ളിയും , വെളുത്തമന്ദാരവും തെച്ചിയും കുറ്റിമുല്ലയും രാമതുളസിയും പേരറിയാത്ത കുറെ തൈയ്യുകളും നട്ടിരിക്കുന്നു. ശങ്കരേട്ടൻ പറഞ്ഞു.
“ഒരു വാട്ടമുണ്ട് നാളെക്ക് ഉഷാറായിക്കോളും.
“ശങ്കരേട്ടൻ ഒത്തിരി കഷ്ടപ്പെട്ടു കാണുമല്ലോ”
“സത്യം പറയാമല്ലോ ഇത്തിരി കഷ്ടപ്പെട്ടു. പല പരിചയക്കാരുടെ വീട്ടിന്നും സംഘടിപ്പിച്ചതാണ് നഴ്സറീലൊന്നും കിട്ടാനില്ല. അവിടൊക്കെ ഒട്ടു സമ്പ്രദായം അല്ലേ?
ശങ്കരേട്ടൻ മടങ്ങുമ്പോൾ കൂടെ ചെന്നു. ബാഗിൽ നിന്നും നോട്ടെടുത്തു. എണ്ണി നോക്കിയില്ല. ശങ്കരേട്ടൻ്റെ കൈവള്ളയിൽ വച്ചു കൊടുത്തു. ഛായ് അതൊന്നും വേണ്ട കുട്ട്യ എന്ന് ഭംഗിവാക്കു പറഞ്ഞു. ഒരു പാട് നിർബന്ധിച്ചിട്ടേ ശങ്കരേട്ടൻ പണം വാങ്ങിയുള്ളൂ.
വിരസമായ ഏതാനും ദിവസങ്ങൾക്കു ശേഷം അന്നമ്മയുടെ ഒരു ഇമെയിൽ. മെഡിക്കൽ ഇക്വിപ്മെൻ്റസിൻ്റെ പട്ടിക. ഒരെത്തും പിടിയും കിട്ടാത്ത ആ പട്ടിക നോക്കി അൽപ്പനേരം ഇരുന്നു. അന്നമ്മയെ വിളിച്ച് ആ ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ആരാഞ്ഞു. പിന്നെ ആതുരാലയത്തിലെ വിശേഷങ്ങൾ ചോദിച്ചു. അപ്പോഴാണ് അവരത് പറഞ്ഞത്. ഷിബു മരിച്ചു. മദ്യം തൊടരുതെന്ന് കഠിനമായി വിലക്കിയിട്ടും എവിടുന്നൊ സംഘടിപ്പിച്ച മദ്യം കഴിച്ചിട്ടുണ്ടാകണം. രാത്രി അവൻ്റെ ഭാര്യയുടെ അലറിക്കരച്ചിൽ കേട്ട് ചെന്നു നോക്കിയപ്പോൾ കിടക്ക മുഴുവൻ ചോര പ്രളയം. പരിശോധിച്ചപ്പോൾ ഒരു ചെറിയ മിടുപ്പുണ്ടായിരുന്നു. പിന്നെയതും നിന്നു. അവൻ ചില്ലറയല്ല ഞങ്ങളെ കഷ്ടപ്പെടുത്തിയിട്ടുള്ളത്. വരുത്തി വച്ച വിധി. അല്ലാതെന്ത് പറയാൻ. അന്നമ്മ പറഞ്ഞു നിർത്തി. തെല്ലു നീണ്ട മൗനത്തിനു ശേഷം ഞാൻ ചോദിച്ചു.
“ആ കുടുംബത്തിൻ്റെ അഡ്രസ് ഒന്നു പറഞ്ഞു തരാമോ? കഷ്ടപ്പാടുള്ള ഫാമിലിയെന്നല്ലേ പറഞ്ഞത്. ഇത്രയൊക്കെ കേട്ട സ്ഥിതിക്ക് അവർക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്ന് എനിക്കാഗ്രഹമുണ്ട്.”
“താങ്കളെ ദൈവം അനുഗ്രഹിക്കും”
.അന്നമ്മ എന്നെ ഹൃദയത്തിൽ തട്ടി അനുഗ്രഹിച്ചു.
അഡ്രസ് ഉടനെ രജിസ്റ്ററിൽ നോക്കി അയച്ചു തരാമെന്ന് പറഞ്ഞ് അവർ ഫോൺ വച്ചു. തെല്ലിട കഴിഞ്ഞ് വിലാസം എസ് എം എസായി ലഭിച്ചു. ആ വിലാസം നോക്കി ഞാൻ ഏറെ നേരമിരുന്നു
കമ്പനി തുടങ്ങി ബാലാരിഷ്ടതകളൊക്കെ മാറി വന്നിട്ടും മികച്ച രണ്ടു ക്ലയൻ്റുകള കിട്ടിയിട്ടും എൻ്റെ മേൽനോട്ടത്തിൽ ഒരു പാർട്ടി നടത്തണമായിരുന്നെന്ന് എനിക്കു തോന്നി. അന്നത്തെ സായാഹ്നം പാർട്ടിക്കായി മാറ്റി വക്കാൻ ഞാൻ നിർദേശം നല്കി. പുറത്തെവിടെയും പോകണ്ട. കമ്പനിക്കുള്ളിലെ വിശാലമായ ഹാളിൽ തന്നെ നടത്തുന്നതാകും അഭികാമ്യം.
സായാഹ്നമായപ്പോഴേക്കും പാർട്ടി തുടങ്ങി പാർട്ടിയിൽ ഏവരും മനസ്സുനിറഞ്ഞ് സന്തോഷിക്കുന്നതു കണ്ട് എൻ്റെ മനസ്സുനിറഞ്ഞു. ഇത്ര ചെറിയ സമയപരിധിക്കുള്ളിൽ വിപുലമായ പാർട്ടി സംഘടിപ്പിച്ച ഓഫീസറെ ഞാൻ അഭിനന്ദിച്ചു. സ്റ്റാഫംഗങ്ങളുടെ കലാപരിപാടികളും വിവിധങ്ങളായ മത്സരങ്ങളും നൃത്തവും ചിരിയുണർത്തി. പൊതുവെ ഏവരിലും ഒരു റിലാക്സ് അനുഭവം ഉണ്ടാക്കാനായി. ഇതെല്ലാം അനിവാര്യമാണ്. സ്റ്റാഫുകൾ സന്തുഷ്ടരായിരിക്കേണ്ടത് കമ്പനിയുടെ ആവശ്യമാണ്. അവരുടെ സന്തോഷം കമ്പനിയുടെ സന്തോഷമാണ്
എല്ലാം കഴിഞ്ഞ് മതിമറന്ന് നാരായണൻ വീട്ടിൽ കൊണ്ടാക്കിയപ്പോൾ സമയമേറെ വൈകിയിരുന്നു. പൂമുഖത്ത് ആരേയും കണ്ടില്ല. രാധികയുടെ ക്ലിനിക്ക് അടച്ചിരുന്നു.. ശാന്തയോട് ആഹാരമൊന്നും വേണ്ടെന്ന് പറഞ്ഞ് കിടക്കാനായി മുറിയിലേക്ക് പോയപ്പോൾ അവിടെ തീ പാറുന്ന കണ്ണുകളുമായി രാധിക ! അശാന്തിയുടെ ചിറകടികൾ ദൂരെ നിന്നും കേൾക്കുന്നതായി എനിക്കു തോന്നി.ആ മൂർച്ചയേറിയ ശബ്ദം അടുത്തു വരികയാണ്.
“കുറച്ചു നാളായി ഞാൻ ശ്രദ്ധിക്കുന്നു രവീ നിങ്ങൾക്കെന്താ പറ്റിയത്?
“എന്ത് പറ്റാൻ ഒന്നും പറ്റിയിട്ടില്ല . ജോലി കഴിഞ്ഞു ഇതാ വീട്ടിലെത്തി “
എന്റെ ശബ്‍ദം ഉയർന്നു
“അല്ല അത് മനസിലായി ഇവിടെ വന്ന് കുറച്ചു നാളുകൾക്കു ശേഷമാണ് എനിക്കീ വല്ലാത്തൊരു മാറ്റം ഫീൽ ചെയ്യുന്നത്. “
“എനിക്കൊരു മാറ്റവും ഇല്ല രാധക്ക് തോന്നുന്നതാണ്”
“ശരി എന്റെ അബ്സൻസിൽ ആശ്രയത്തിലേക്ക് പോയതെന്തിനാണ്?
“പോകേണ്ട ആവശ്യമുണ്ടായി. ആശ്രയത്തിലേക്ക് ഒരു തുക സംഭാവന ചെയ്യാമെന്ന് വാക്കു കൊടുത്തിരുന്നു. പറഞ്ഞ വാക്കുപാലിക്കണ്ടേ?
കുളത്തിൽ ഇരയെ തറച്ച ചൂണ്ടക്കൊളുത്തു് മാറി മാറി പ്രയോഗിക്കുന്ന പോലെ ചോദ്യങ്ങൾ തത്ക്കാലം ചൂണ്ടയിൽ കുടുങ്ങാനില്ല
“എങ്കിൽ പിന്നെ മെഡിക്കൽ ഉപകരണങ്ങൾ കൊടുക്കാത്തതെന്ത്? ഞാനറിഞ്ഞിടത്തോളം അങ്ങിനെയൊരു സിസ്റ്റം കമ്പനിക്കില്ലല്ലോ?”
“അങ്ങിനെ നീയറിയാത്ത കാര്യങ്ങൾ ഒരുപാടുണ്ട്.. കമ്പനികാര്യങ്ങൾ എന്നെക്കാളേറെയൊന്നും നിനക്കറിയില്ലലോ ?
“അതെനിക്കു മനസ്സിലായി .ആരാ ഷിബു. നിങ്ങൾ അന്നമ്മയോട് ഷിബുവെക്കുറിച്ച് ഒരു പാട് അന്വേഷിച്ചെന്ന് അറിഞ്ഞു.”
“ഷിബു..
കടന്നൽകൂട് മെല്ലെ ഇളകി വരുകയാണ്. ആ അന്നമ വള്ളി പുള്ളി വിടാതെ എല്ലാം പറഞ്ഞു കൊടുത്തു കാണും .കൊട്ടിപ്പൊക്കിയ സ്ഥടികത്തിൻ്റെ ചീട്ടുകൊട്ടാരം തകർന്നടിയാൻ പോകുന്നു. സ്‌ഫടികപത്രത്തിലേക്കുള്ള ആദ്യ കല്ലേറാണിത് ഈയവസ്ഥയിൽ പ്രതിരോധമല്ല ആക്രമണമാണ് ഫലപ്രദം. ചൂണ്ടക്കൊളുത്തിൽ നിന്നും കുതറിമാറി പറഞ്ഞു
“നീയെന്താ വന്നു കേറിയതും എന്നെ വിസ്‌തരിക്കാൻ നിൽക്കുന്നെ ? ഇതെന്താ കോടതിയോ? “
“ആ ഷിബു മരിച്ചതിൻ്റെ ആഹ്ളാദത്തിൽ നടത്തിയതല്ലെ ഇന്നത്തെ പാർട്ടി.?”
പതഞ്ഞു വന്ന കോപം പുറത്തേക്ക് തിരതല്ലി .കടന്നലുകൾ കൂട്ടത്തോടെ ആക്രമിക്കുകയാണ് .
“ആണെങ്കിൽ അതിൽ നിനക്കെന്തു കാര്യം ? അതെൻ്റെ പണം അതെൻ്റെ ഇഷ്ടം” .
എൻ്റെ ശബ്ദം നിയന്ത്രണം ഭേദിച്ച് ചിതറി വീണു.
“ശരി ഇനി ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി ഇനിയെന്നാ ആ പെണ്ണിനെ കൂട്ടുന്നതെന്ന്? നിങ്ങളെന്താ കരുതിയത് എനിക്ക് നിങ്ങളുടെ പഴങ്കഥകളൊന്നും അറിയില്ലെന്നോ? ബന്ധുക്കളുടെ വീടു കയറി നിരങ്ങിയ അന്ന് തന്നെ തന്റെ കൈ മുറിക്കലും കഴുത്തു മുറിക്കലുമെല്ലാം ഞാനറിഞ്ഞു കഴിഞ്ഞു. ഏതായാലും അസ്സല് ബന്ധുക്കൾ തന്നെ .പറയേണ്ട കാര്യങ്ങൾ പറയേണ്ടിടത്തു തന്നെ എത്തിക്കാൻ അവർക്കറിയാം. കഷ്ടം ..”
എൻ്റെ മുഖം വലിഞ്ഞു മുറുകി. അവളുടെ മൂർച്ചയേറിയ സ്വരം ചെവിയിൽ ചെറു മുഴക്കങ്ങളായി പ്രതിധ്വനിച്ചു.ആരാണിതെല്ലാം ഇവൾക്ക് പറഞ്ഞു കൊടുത്തത് ? ഇത്രവേഗം ഈയൊരു അവസ്ഥയിൽ വന്നു ചേരുമെന്ന് കരുതിയില്ല.
“ശരി”.
അവളുടെ ശബ്ദം മുറുകി.
“ഇനിയെന്താ ഭാവി പദ്ധതികൾ. എനിക്കത് ഉടനെ അറിയണം.”
എന്താണ് പറയേണ്ടത്? സ്ത്രീകളെ സംബന്ധിച്ച് ഞാൻ മനസ്സിലാക്കിയ കാര്യം വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ പ്രഹരമേൽപ്പിച്ചാൽ അതിൻ്റെ അനേക മടങ്ങ് പ്രഹരശേഷിയിൽ തിരിച്ചടി നല്കാൻ പാകപ്പെട്ടതായിരിക്കും സ്ത്രീ മനസ്സ്. അതു കൊണ്ട് സമവായത്തിൻ്റെ പാത സ്വീകരിക്കുകയായിരിക്കും ഉചിതം. ദേഷ്യം നുരഞ്ഞുപൊന്തുന്നത് പണിപ്പെട്ടടക്കി.
“എനിക്ക് നല്ല ക്ഷീണമുണ്ട്. നാളെ ഇക്കാര്യം വിശദമായി സംസാരിക്കാം. ഈയൊരു രാത്രി എന്നെ വെറുതെ വിടൂ.
“എനിക്കറിയാം നിങ്ങൾക്ക് തീരുമാനിക്കാൻ ഒരു നിമിഷം പോലും വേണ്ട. അവൾക്കു വേണ്ടി ജീവനൊടുക്കാൻ തീരുമാനിച്ച് നടപ്പാക്കാൻ ഒരുങ്ങിയവനല്ലെ നിങ്ങൾ. നിങ്ങളുടെ വായിൽ നിന്നെനിക്കതു കേൾക്കണം ഇപ്പോൾ തന്നെ.”
ക്രൂദ്ധയായി നിൽക്കുന്ന അവളുടെ കണ്ണിൽ നിന്നും അഗ്നി സ്ഫുലിംഗങ്ങളാണ് പുറപ്പെടുന്നതെന്ന് എനിക്കു തോന്നി.വല്ലാത്തൊരു തളർച്ച എന്നെയാസകലം പൊതിഞ്ഞു. ഞാൻ കിടക്കയിലിരുന്നു. അവളുടെ മുഖത്ത് നോക്കാൻ വയ്യ. യുഗങ്ങളേക്കാൾ നീണ്ട നിമിഷ രാശികൾ പിന്നിട്ടു .ഞാൻ തല കുമ്പിട്ടു. ഒടുവിൽ ഞാൻ പറയാൻ തീരുമാനിച്ചു.
“എനിക്ക് ... എനിക്ക് ഡൈവോഴ്സ് വേണം”
.ഒരു നിമിഷം അവൾ ശാന്തയെന്നു തോന്നി. പൊടുന്നനെ മുളന്തണ്ട് കീറുപോലെ മുഖം പൊത്തി പൊട്ടിക്കരഞ്ഞു. എനിക്കു നേരെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
“എനിക്കറിയാം നീയിതു പറയുമെന്ന് . നിന്നെ ഞാൻ വെറുതെ വിടുമെന്ന് കരുതണ്ട. “
വാതിൽ വലിച്ചടച്ച് അവൾ പോയി. താഴെ എന്തൊക്കെയോ തട്ടി മറിയുന്ന ശബ്ദം കേട്ടു . ഞാൻ എഴുന്നേറ്റ് മുറിയടച്ചു. ട്യൂബ് ലൈറ്റിൽ നിന്നും പ്രസരിച്ച പ്രകാശം കണ്ണുകളെ നീറ്റുന്ന പോലെ തോന്നി. ലൈറ്റ് ഓഫ് ചെയ്ത് വന്നു കിടന്നു. മാനസികവും ശാരീരികവുമായ തളർച്ച അതിൻ്റെ പരിധികളെ ഉല്ലംഖിക്കുന്നതായി എനിക്കനുഭവപ്പെട്ടു. ഞാൻ കൈപ്പടം കണ്ണുകളിലേക്ക് ചേർത്തു.
തുടരും...