ഭാഗം - 7
എന്നെ തിരിച്ചറിഞ്ഞ ആ മുഖത്ത് പതർച്ചയില്ല. മുഖത്ത് എപ്പോഴും കാണാറുള്ള പരിക്ഷീണതയില്ല. തികഞ്ഞ ശാന്തത മാത്രം.
“അപ്പു ... സ്നേഹമസൃണമായ പതിഞ്ഞ സ്വരം."
“അപ്പു വരൂ ….”
പുഴങ്കരയിലൂടെ ഞങ്ങൾ നടന്നു. തിരിഞ്ഞു നോക്കിയപ്പോൾ ഇളം നിറത്തിള്ളേ പൂക്കൾ പുഴയുടെ മേൽത്തട്ടിലെ ചെറു അലകളിലൂടെ ഒഴുകിപ്പോകുന്നതു കണ്ടു. പുഴക്കരയിലെ വെള്ളാരങ്കല്ലുകളിൽ സന്ധ്യ ഇരുണ്ടു പിടിച്ചു. മെഴുകിയ തറയിൽ ചമ്രം പടിഞ്ഞിരിക്കുന്ന പണ്ഡിറ്റ്ജിയെ ഞാൻ ആകുലതയോടെ നോക്കി. മരഞ്ചില്ലകളെ തഴുകിയെത്തുന്ന ഇളങ്കാറ്റിന് പാലപ്പൂവിൻ്റ ഗന്ധം. നീളനെ മുറിച്ച് ഇളം ചെമപ്പു നിറത്തിലുള്ള പപ്പായയും ഒപ്പം ഇളനീർ വെള്ളവും വെള്ളയ്യ ഭവ്യതയോടെ കൊണ്ടുവച്ചു മാറി നിന്നു ഇളനീർ കഴമ്പിൻ്റെ സുതാര്യമായ നേർത്ത ശകലങ്ങൾ ഇളനീർവെള്ളത്തിൽ പാറിക്കിടന്നു.
“അപ്പൂ.”
പണ്ഡിജി പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു. എനിക്ക് സങ്കടമടക്കാനായില്ല.
“സാർ എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല. എന്തിനാണ് ഇങ്ങിനെയൊരവസ്ഥയെ സ്വയം ഏറ്റുവാങ്ങുന്നത്? ജീവിത സൗകര്യങ്ങളെല്ലാം ത്യജിച്ച് ഈയൊരു കാട്ടുമുക്കിൽ സ്വയം ആത്മത്യാഗത്തിൻ്റെ വാല്മീകമണിയുന്നത്? എന്തെകിലും അസുഖം വന്നാൽ? അടുത്തൊരു ക്ലിനിക്ക് പോലുമില്ല. ഇങ്ങോട്ടുള്ള വഴിയെല്ലാം ഞാൻ താണ്ടിയതാണല്ലോ! ഈ സ്വയം പീഢ മതിയാക്കണം. എനിക്കു വേണ്ടി നമ്മുടെ സ്ഥാപനത്തിനു വേണ്ടി. വിദേശത്തു കഴിയാൻ താല്പര്യം ഇല്ലെങ്കിൽ വേണ്ട. നമ്മുടെ സ്ഥാപനത്തിന്റെ അമരക്കാരനായി അങ്ങുണ്ടാകണം. ഇതെന്റെ ഇതെന്റെ അപേക്ഷയാണ്”
എൻ്റെ ശബ്ദം പതറി. തെല്ലിട മൗനം തളം കെട്ടി. പിന്നെ മൗനം അഴിഞ്ഞു.
“അപ്പൂ.. അതു കഴിക്കൂ.”
തുടർന്നദ്ധേഹം നാരായണനെ നോക്കി. ഞാൻ പപ്പായ എടുത്തു കഴിച്ചു. തേൻ കിനിയുമെന്നു തോന്നുന്ന മധുരം. നാരായണൻ ഒരു കഷണമെടുത്ത് മാറിയിരുന്നു കഴിച്ചു. സമീപത്തെ ചെടിപ്പടർപ്പിനിടയിൽ മഴവില്ലിൻ്റെ നിറങ്ങൾ കോരിയൊഴിച്ച പോലെ കാട്ടുമയിൽ ഇറങ്ങി മുറ്റത്തു വന്നു നിന്നു. അതു ശ്രദ്ധിച്ച് പണ്ഡിറ്റ് ജി പറഞ്ഞു.
“ഇതാണ് കുട്ടൻ. ഇവിടെ ആൾ പെരുമാറ്റം കേട്ടാൽ ഇറങ്ങി വരും.”
വെള്ളയ്യ എറിഞ്ഞു കൊടുത്ത എന്തോ കൊത്തിത്തിന്ന് ചിറകു വിടർത്തി മുറ്റത്തൊനു ചുറ്റി കുട്ടൻ ചെടിപ്പടർപ്പിനുള്ളിലേക്ക് കയറി പോയി.
“അപ്പൂ.. ഇത് സ്വയം പീഡ അല്ല. സ്വയം അറിയലാണ്. നമ്മെത്തന്നെ അറിയുക നമ്മുടെ അസ്തിത്വത്തെ തിരിച്ചറിയലാണ്. അതിന്ടെ ലഹരി നൽകുന്ന നിർവൃതിയിലാണ് ഞാൻ. എനിക്കിവിടെ യാതൊരു അസുഖവും വരില്ല. ആശുപത്രിയിൽ പോകേണ്ട സാഹചര്യവും വരാനില്ല. പ്രകൃതിക്ക് എതിരായി ബോധവും ശരീരവും വ്യതിചലിക്കുമ്പോഴാണ് ബോധം രോഗാതുരമാകുന്നത് ഒപ്പം ബോധം വിലയിച്ച ശരീരവും. പ്രകൃതിക്കൊരു താളമുണ്ട് ഒരു ഒഴുക്കുണ്ട്. ഒരു പുഴ പോലെ ആ ഒഴുക്കിനോടൊപ്പം ഇഴുകിച്ചേർന്ന് ഒപ്പം നീന്തിയാൽ മുന്നോട്ടു പോകുന്നത് അനായാസമാകും. പുഴയുടെ ഒഴുക്ക് തരുന്ന ബലം നമുക്കു തുണയാകും പ്രകൃതിയും അതുപോലെതന്നെ .ഒപ്പം ഇഴുകിച്ചേർന്നു ഉൾക്കൊണ്ട് ജീവിച്ചാൽ പ്രകൃതിയുടെ ബലം നമുക്കു ബലമാകും… പ്രകൃതി നമ്മെ പരീക്ഷിക്കില്ല.”
വെള്ളയ്യയുടെ നേർക്കു തിരിഞ്ഞു പണ്ഡിറ്റ് ജി ചോദിച്ചു “വെള്ളയ്യാ വെള്ളയ്യന് എന്ത് പ്രായണ്ട്.”
വെളളയ്യൻ ഒന്നു പരുങ്ങി. നിഷ്കളങ്കമായി ചിരിച്ചു.
“ഈ പ്രായത്തിനിടക്ക് ഡോക്ടറെ കണ്ടിട്ടുണ്ടോ?
“ല്ല സ്വാമി.“ വെള്ളയ്യൻ മൊഴിഞ്ഞു.
സ്വാമിജി തിരിഞ്ഞ് എന്നോടായി പറഞ്ഞു.
“അപ്പൂ.. നമ്മളൊക്കെ ഒരർത്ഥത്തിൽ നിസ്സഹായരാണ്. അപ്പുവിൻ്റെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളെല്ലാം തരണം ചെയ്തത് അപ്പുവിൻ്റെ ഇഷ്ടത്തോടെയാണോ? എഞ്ചിനീയറിങ്ങ് പഠിച്ചത്? ജോലി നേടിയത് ?വിവാഹം? എന്തിനേറെ കമ്പനിയുടെ ചുമതല ഏറ്റെടുത്തതിനു പിന്നിൽ എൻ്റെ സമ്മർദ്ദമല്ലേ? പാകത വന്നതിനു ശേഷവും ഇതാണു നമ്മുടെയൊക്കെ സ്ഥിതി. ഇതിനൊക്കെ അപവാദമില്ലെന്നല്ല. എങ്കിലും ഭൂരിപക്ഷം ആളുകളുടേയും സ്ഥിതി ഇതൊക്കെത്തന്നെയാണ്. സാഹചര്യവും മനുഷ്യരും നമ്മളെ, നമ്മുടെ ഉൾബോധത്തിൻ്റെ അഭീഷ്ടങ്ങളെ തീർത്തും തല്ലിക്കെടുത്തുന്നു.“
ആയിരുന്നോ? എഞ്ചിനീയറിങ് പഠിച്ചത് എൻ്റെ ഇഷ്ടപ്രകാരമായിരുന്നോ?
അല്ല. എഞ്ചിനീയറിംഗ് പഠനം എന്റെ ആഗ്രഹങ്ങളിൽ ഉണ്ടായിരുന്നില്ലെന്നതാണ് സത്യം.
മലഞ്ചെരുവിലെ കുളിർന്ന ഇളങ്കാറ്റ് പുറത്തെ മരഞ്ചില്ലകളിൽ പതിഞ്ഞ് തിരതല്ലി. ആലിലകൾ ഇളങ്കാറ്റിനെ സഹർഷം വരവേറ്റു.
“അപ്പുവിനറിയാമോ? എനിക്ക് നല്ല ഓർമയുണ്ട്. എൻ്റെ ബാല്യകാലത്ത് എനിക്ക് സന്യാസിയാകാനായിരുന്നു മോഹം. കഷായ വേഷവും രുദ്രാക്ഷവും കമണ്ഡലുവുമൊക്കെ എവിടുന്നൊക്കെയോ സംഘടിപ്പിച്ച് മരച്ചുവട്ടിൽ ധ്യാനത്തിലിരിക്കുമായിരുന്നെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. എൻ്റെ കുഞ്ഞുനാളിലെ നിഷ്കളങ്കമായ ഒരു ആഗ്രഹം സാക്ഷാത്ക്കരിക്കാൻ എനിക്ക് ദീർഘമായ കാലയളവ് വേണ്ടി വന്നു. ഇപ്പോൾ ഞാനതിലേക്കെത്തി. തിരികെടും വരെ മറ്റൊരു ജീവിതചര്യയിലേക്ക് എനിക്ക് തിരിച്ചു പോക്കില്ല. ഇവിടെ ഞാനേറെ സന്തുഷ്ടനാണ്. ഇവിടുത്തെ ഭക്ഷണാവശ്യത്തിന് ഫലങ്ങളും കിഴങ്ങുമെല്ലാമടങ്ങുന്നത് പ്രകൃതി കനിഞ്ഞ് നല്കുന്നു. ചെറിയ കൃഷിയുമുണ്ട്. മിച്ചം വരുന്നത് ഊരിൽ നല്കുന്നു. പൊന്നുവിളയുന്ന മണ്ണാണ് ഇവിടുത്തെ. ഞാൻ ഏതെല്ലാം നാടുകൾ സഞ്ചരിച്ചു ഇവിടുത്തെ തെളിനീരുറവയിലെ ജലത്തിൻ്റെ മാധുര്യവും കുളിർമയും ഞാനെവിടേയും അനുഭവിച്ചിട്ടില്ല. ഇതെല്ലാം എൻ്റെ ആദ്യത്തെ അനുഭവമാണ്. അനുഭൂതിയാണ്.
“ഞാൻ… ഞാൻ എനിക്കൊരു വഴിവിളക്കായി ഉണ്ടാകുമെന്ന്... ഇത്ര വലിയ ചുമതലകൾ ഉത്തരവാദിത്വങ്ങൾ എന്നെ ഏൽപ്പിച്ചിട്ട്.”
എൻ്റെ വാക്കുകൾ ചിലമ്പിച്ചു ചിതറി.
“ഞാൻ ഒപ്പമില്ലെന്ന് ആരു പറഞ്ഞു. ഭൗതികമായി ഇല്ലെങ്കിലും എൻ്റെ പ്രാർത്ഥന ഒപ്പമുണ്ട്. വലിയ ചുമതലകൾ തന്നെ ഏൽപ്പിച്ച് ഞാൻ പിൻവാങ്ങി എന്ന തോന്നലു വേണ്ട. ഞാൻ ഈയൊരു തീരുമാനമെടുക്കുന്നതിനു മുൻപ് എൻ്റെ നല്ലവരായ ഏതാനും സുഹൃത്തുകൾ ചേർന്ന് ഒരു ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. കമ്പനിയുടെ ദൈനംദിന കാര്യങ്ങളിലൊന്നും അവരിടപെടുകയില്ല. വിഷമഘട്ടത്തിൽ അവരെ സമീപിക്കാം. ട്രസ്റ്റി ഉടനെത്തന്നെ അപ്പുവിനെ ബന്ധപ്പെടും. ഉത്തരവാദിത്വങ്ങൾ നിറവേറ്റലെന്നെത് ജീവിത ചര്യയാക്കുക. ഞാനും ഇവിടെയും എന്റെ ഉത്തരവാദിത്വങ്ങൾ ഉൾക്കൊള്ളുന്നവനാണ്. അധികാരം കയ്യാളുന്നവർ ലാഘവത്തോടെ മറക്കുന്ന ഒരുപാട് വിഷയങ്ങളുണ്ട് ഈ ഊരിൻ്റെ ജീവിതസംബന്ധിയായ വിഷയങ്ങൾ. നടപടികളുണ്ടാവണം. അവ പരിഹരിക്കപ്പെടണം. അതിലെല്ലാം എന്റെ ഇടപെടലുകളുണ്ട്. അതെല്ലാം എൻ്റെ ഉൾബോധം കാംക്ഷിക്കുന്ന കാര്യങ്ങളാണ്. ജൻമാന്തരങ്ങളിലെ കർമ്മബന്ധത്തിൻ്റെ ചരടുകളെല്ലാം ഞാൻ മുറിച്ചു കളഞ്ഞിരിക്കുന്നു. ഞാനിന്ന് സ്വതന്ത്രനാണ്. അതിൻ്റെ ആഹ്ളാദമോ അനിർവ്വചനീയവും! ശിഷ്ട കാലമെങ്കിലും എനിക്കെൻ്റ ജീവിതത്തെ തിരിച്ചു തരിക.”
സ്വാമിജി തുടർന്ന് പറഞ്ഞു
“അപ്പൂ. ഇന്നിനി യാത്ര വേണ്ട. വിശ്രമിക്കൂ.”
പണ്ഡിറ്റ് ജി എഴുന്നേറ്റു. പുറത്ത് സന്ധ്യ കറുക്കുവാൻ തുടങ്ങിയിരുന്നു. അരണ്ട വെളിച്ചത്തിൽ പുൽപ്പായിലിരുന്ന് ഞങ്ങൾ വെന്തുടഞ്ഞ കാച്ചിലും മുളക് ഉടച്ചതും ചേർത്ത് കഴിച്ചു. ആ വെളിച്ചത്തിൽ പണ്ഡിറ്റ് ജിയുടെ മുഖം തേജോമയമായി തോന്നി ഒരു ചീർപ്പ് അമൃതിന് സമമായ ഞാലിപ്പൂവൻ പഴം കൊണ്ടു വച്ച ശേഷം വെള്ളയ്യ പോയി. പിന്നെ കരുപ്പെട്ടി ചേർത്ത എരിവുള്ള കാപ്പി കുടിച്ചു . ക്ഷീണമുണ്ട് തൊണ്ടക്കുഴിയിലൂടിറങ്ങിയ മുളകിൻ്റെയും കാപ്പിയുടേയും ജൈവഘടന ശരീരത്തെ വിയർപ്പിച്ചു. അതിൻ്റെ സുഖാലസ്യം ഏറെ നേരം നീണ്ടു. ഉൾമുറിയിൽ കടന്ന് പുൽപായ നാരായണനെ ഏൽപ്പിച്ചു. മറ്റൊരു പുൽപ്പായ തറയിൽ വിരിച്ച് കിടന്നു. പുറത്ത് കാടിൻ്റെ മർമരം. മരഞ്ചില്ലയിൽ വട്ടം ചുറ്റുന്ന മലയടിവാരത്തെ കാറ്റിൻ്റെ സ്വരം .പേരറിയാത്ത ജീവബിന്ദുക്കളുടെ, പ്രകൃതിയുടെ ശബ്ദം. ഇത്രയും കാലം ഞാനിവക്ക് കാതോർത്തിരുന്നില്ലെന്ന് ഖേദത്തോടെ ഓർത്തു. അതു ചെകിടോർത്ത് തിരിഞ്ഞും മറിഞ്ഞും കിടന്നു. അപരിചിതത്വത്തിൻ്റെ ഈ സ്ഥലരാശി പെട്ടെന്ന് ഉൾക്കൊള്ളാൻ പ്രയാസമുണ്ട്. അടുത്ത കാലത്തൊന്നും ഇത്രമേൽ പ്രകൃതിയെ തൊട്ടറിഞ്ഞിട്ടില്ല. ഇന്ന് പ്രകൃതി എന്നെ പുണരുകയാണ്.
മനുഷ്യൻ ഒരു ദ്വീപാണെന്ന് എനിക്കു തോന്നി. അലകടലാൽ ചുറ്റപ്പെട്ട ദ്വീപ്. ഏറെക്കാലം അടുത്തിടപഴകിയിട്ടും പണ്ഡിറ്റ് ജിക്കു വന്ന ഈയൊരു മാറ്റം ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. എത്ര അടുത്തിടപഴകിയിട്ടും മനുഷ്യന് മനുഷ്യനെ മനസ്സിലാക്കാൻ സാധിക്കാതെ വരുന്നു. മനുഷ്യന്റെ മനോവ്യാപാരങ്ങൾ ദുർഗ്രഹമായിത്തന്നെത്തുടരുന്നു. അല്ലെങ്കിൽ തന്നെ ഞാനാരെയാണ് മനസ്സിലാക്കിയിട്ടുള്ളത്? ജീവിതത്തിൽ ഒപ്പം കൂട്ടിയവൾ പോലും എത്രയോ അവസരങ്ങളിൽ ഒറ്റപ്പെട്ട ദ്വീപിൻ്റെ അകൽച്ചയും അപരിചിതത്വവും കാണിച്ചിട്ടുണ്ട്. അപ്രവചനീയത കൊടികുത്തി വാഴുന്ന മനുഷ്യ മനസ്സെന്നെ പ്രഹേളികയെക്കുറിച്ച് ചിന്തിച്ചപ്പോൾ കണ്ണു കടഞ്ഞു. പുലരാറായപ്പോൾ ഒന്നു മയങ്ങി.
പിറ്റേന്ന് പുലർകാലെ പുഴക്കരയിലെത്തിയപ്പോൾ സൂര്യൻ മലക്കു പിറകിൽ ഉയരുന്നതു കണ്ടു. പുഴ വെയിലേറ് ഏറ്റ് സ്ഫടികം പോലെ തിളങ്ങി. യാത്ര പറയുമ്പോൾ ആ വിശുദ്ധിയുടെ ഭൂമികയിൽ എൻ്റെ കണ്ണീരിറ്റി. പണ്ഡിറ്റ്ജിയുടെ.. അല്ല ,സ്വാമിജി. പണ്ഡിറ്റ് ജി എന്ന പേര് എഴുതി എഴുതി മുന തേഞ്ഞുപോയ പെൻസിലു കൊണ്ട് എഴുതിയ തെളിയാത്ത ഒരു അടയാളം മാത്രമാണ്.
സ്വാമിജിയുടെ ആശ്വാസവാക്കുകൾ ഉൾക്കൊണ്ട് തിരിച്ചു വരുമ്പോൾ മടക്കയാത്ര ദുഷ്ക്കരമായി തോന്നിയില്ല. ദു:ഖവും ആകുലതയുമില്ല .ഒരു തീർത്ഥാടനത്തിൻ്റെ വിശ്രാന്തി എന്നിൽ വന്നു നിറയുന്ന പോലെ തോന്നി. വീട്ടിലെത്തി .മുറ്റത്തെ തുളസിത്തറ കെട്ടിത്തീർത്തുകഴിഞ്ഞിരുന്നു. അതിനു മുന്നിലെ ചെരാതിൽ വീട്ടിലെ ആരോ തെളിയിച്ച ദീപം കെട്ടു പോയിരുന്നു.
തുടരും...