ഭാഗം - 5
കമ്പനിയിൽ നിന്നും അയച്ചു തന്ന കാറിൽ ഞങ്ങൾ യാത്രയാരംഭിച്ചു. ശങ്കരേട്ടൻ്റെ വീടാണ് ലക്ഷ്യം. ഓർമ്മയുടെ അടരുകളിൽ മങ്ങലേറ്റു കിടന്ന വഴിത്താരയും പ്രകൃതിയും ഞൊടിയിടയിൽ തെളിച്ചമുള്ളതായി.
തെല്ലു സങ്കോചത്തോടെയാണ് ശങ്കരേട്ടൻ്റെ വീട്ടിലേക്ക് കയറിയത്. പക്ഷേ പരിഭവത്തിൻ്റെ മഞ്ഞുരുകാൻ ഏറെ സമയമെടുത്തില്ല. ആത്മാർത്ഥമായ സ്നേഹത്തോടുള്ള ശങ്കരേട്ടൻ്റേയും വീട്ടുകാരുടേയും പെരുമാറ്റം മനസ്സിൽ കുറ്റബോധത്തിൻ്റെ നെരിപ്പോട് തീർത്തു. എനിക്കേറെ ഇഷ്ടമുള്ള നാടൻ പലഹാരകൾ നിർബന്ധിച്ച് കഴിപ്പിച്ചു. അവയെല്ലാം അവർ ഓർത്തെടുത്ത് പാകം ചെയ്തല്ലോ എന്നോർത്ത് എൻ്റെ മനസ്സുനിറഞ്ഞു. തുടക്കത്തിലെ അപരിചിതത്വത്തിൻ്റെ കാർമേഘം വിട്ടൊഴിഞ്ഞ് രാധിക ആ വീട്ടിലെ ഒരംഗത്തെ പോലെയായി. സ്വിസ് ചോക്ലേറ്റുകൾ കൈമാറി ശങ്കരേട്ടൻ്റെ വീട്ടിൽ നിന്നുമിറങ്ങുമ്പോൾ പെയ്തു തോർന്ന മഴയുടെ പ്രശാന്തത എനിക്കനുഭവപ്പെട്ടത്. പൊയ്പോയ കാലങ്ങളിലെ എൻ്റെ ജീവിതത്തിലെ നഷ്ടങ്ങളിൽ ഒന്നായി ശങ്കരേട്ടൻ്റെ കുടുംബം. അവരുടെ സ്നേഹം. എൻ്റ വൈകാരികത ഉൾക്കൊണ്ടെന്ന പോലെ അനുജത്തിയുടെ വീട്ടിലേക്കുള്ള യാത്രയിൽ രാധിക മൂകയായി ഇരുന്നു. ഏട്ടന് ചോറ് വിളമ്പിത്തന്നിട്ടു എത്ര കാലമായി എന്ന് പറഞ്ഞു അനുജത്തി തൂശനിലയിൽ ചോറ് വിളമ്പിയപ്പോൾ മനസ് ഒരു വേള വിതുമ്പിപ്പോയി. അതു കഴിഞ്ഞ് ഉണ്ണിയേട്ടൻ്റെ വീട്ടിലേക്ക്… കളങ്കമില്ലാത്ത ഉണ്ണിയേട്ടന്റെ പെരുമാറ്റം. പിന്നെ അമ്മയുടെ തറവാട്; അതിത്തിരി ദൂരെയാണ്. അവിടേക്കുള്ള യാത്ര സമയം എടുക്കും. റോഡും ഇത്തിരി മോശമാണ്. ആ യാത്ര നാളെയാകാം.
ബന്ധങ്ങളുടെ കരുത്ത്. അതിൻ്റെ ബലം. അതിനേറെ തലങ്ങളുണ്ട്. കെട്ടുപോയവ വിളക്കിച്ചേർക്കണം. ദൃഢമാക്കണം... ഉണ്ണിയേട്ടെനെ പോലെ ജീവിതത്തിൽ തിരിച്ചടി നേരിട്ടവരെ സഹായിക്കണം. അതിനവർ വിസമ്മതിക്കുമെങ്കിലും കണ്ടറിഞ്ഞ് ചെയ്യണം.
രണ്ടു മൂന്നു ദിവസത്തെ തുടർച്ചയായ യാത്രകൾ. രാധികക്കൊപ്പം ഞാനും ഏറെ തളർന്നു പോയിരുന്നു. ക്ഷീണം ബാധിച്ച ശരീരത്തിനും മനസ്സിനും ഒരുണർവ് അനിവാര്യമായിത്തീർന്നിരിക്കുന്നു. ഇനി ട്രിപ്പിന് വേണ്ടി തയ്യാറാകാമെന്ന് നിശ്ചയിച്ചു. രാധികക്കും അക്കാര്യത്തിൽ പൂർണ്ണ സമ്മതം. സന്തോഷഭരിതമായ ദിനങ്ങൾക്കിടയിലും മനസ്സിൽ ഒരു കനം കനത്തു കിടന്നു.പണ്ഡിറ്റ്ജി.!
കമ്പനിക്കാര്യങ്ങൾ പറയുമ്പോൾ നീണ്ട മൗനം. കമ്പനിയുടെ അക്കങ്ങളിൽ താത്പര്യമില്ല. ദൈനംദിന മെയിൽ അയക്കാറുണ്ട് യാതൊരു മറുപടിയുമില്ല. അവ അദ്ദേഹം നോക്കുന്നുണ്ടോ എന്ന് പോലും സംശയമാണ്. ചിലയവസരങ്ങളിൽ ഫോൺ എടുക്കലില്ല എടുത്താൽ തന്നെ വ്യക്തിപരമായ കാര്യങ്ങൾ ആരായുന്നു. ബന്ധുക്കളെക്കുറിച്ച് അന്വേഷിക്കുന്നു അത്ര മാത്രം. ഒരു പിൻവാങ്ങലിൻ്റെ, ഒരുൾവലിയലിൻ്റെ ലാഞ്ജന അദ്ധേഹത്തിൻ്റെ വാക്കുകളിൽ എപ്പോഴും നിഴലിച്ചു കാണുന്നു. എന്തായിരിക്കും അദ്ധേഹത്തെ അലട്ടുന്ന വിഷയം? ഇഴകീറി ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല. മനുഷ്യൻ്റെ പ്രകൃതം പ്രകൃതിയെപ്പോലെ മാറി മറയുന്ന ഒന്നാണ്. അപ്രവചനീയമായ മനുഷ്യമനസിന്റെ ഗതിവിഗതികൾ ഏതു മനുഷ്യന്റെ മേധാശക്തിക്കാണ് തിട്ടപ്പെടുത്താൻ കഴിയുന്നത്. ഇത്തരമൊരു സമീപനം ആവശ്യപ്പെടുന്ന സാഹചര്യത്തിലായിരിക്കും അദ്ധേഹത്തിൻ്റെ മനോഭാവം ഇങ്ങിനെയായത്. അതൊരിക്കലും സ്ഥായിയായിരിക്കില്ല. അങ്ങിനെ ആലോചിച്ച് സമാധാനിച്ച് ക്രമേണ അതു മനസ്സിൽ നിന്നും വിട്ടു.
തെളിഞ്ഞ ഉൻമേഷഭരിതമായ പ്രഭാതം. ട്രിപ്പിനു വേണ്ട അത്യാവശ്യം ബാഗിൽ കരുതി ഞങ്ങൾ പുറപ്പെട്ടു. ഉയിർന്നു നിൽക്കുന്ന തെങ്ങിൻ കൂട്ടങ്ങളെ പിന്തള്ളി എഴുന്നു നിൽക്കുന്ന പാറക്കൂട്ടങ്ങളെ കടന്ന് നീണ്ടു കിടക്കുന്ന വഴിത്താരയിലൂടെ ഉള്ള യാത്ര. വഴിയിൽ നഷ്ടപ്പെടുന്ന വാഴത്തോപ്പുകളും പച്ച വയലുകളും.ബാല്യകാലത്തെ യാത്രകളിൽ അങ്ങിനൊരു നഷ്ടങ്ങൾ ദൃശ്യമായില്ലായിരുന്നു. പറുദീസാ നഷ്ടങ്ങൾ കൂടുതൽ കൂടുതൽ വെളിവാക്കപ്പെടുകയാണ്.
അണകെട്ടി നിറുത്തിയ പുഴയിലെ ബോട്ടുസവാരി പുതുമയുള്ളതായിരുന്നു .വെള്ളത്തിൻ്റെ അലകളിൽ ചാഞ്ഞും ചെരിഞ്ഞുമുള്ള യാത്രയിൽ അല്പം സാഹസികതയും ഇടകലർന്നിരുന്നു. നീന്തലറിയില്ലെങ്കിലും ഇത്തരം സാഹസികതകൾ രാധികക്കും ഇഷ്ടമായിരുന്നു. ബോട്ടുയാത്രക്കു ശേഷം മത്സൃ വിഭവങ്ങൾ ചേർത്ത് ഊണു കഴിച്ചു. തുടർന്ന് റോപ്പ് വേ. ഒരു കൂട്ടാകുമ്പോൾ അവരെയും കൂട്ടി ഇവിടെ വരണമെന്നും ഇതെല്ലാം ചുറ്റിക്കാണണമെന്നത് ഒരാഗ്രഹമായിരുന്നു. ചെറിയ ചെറിയ ആഗ്രഹങ്ങൾ... അതെന്തായാലും സാക്ഷാത്കരിക്കപ്പെടുന്നതിൻ്റെ ആഹ്ളാദം. അതൊന്നു വേറെയാണ്. ഒരു പാട് മോഹിച്ച കുട്ടി സൈക്കിൾ… ഒരു നാൾ പാടവരമ്പിലൂടെ അതും ഉയർത്തിപ്പിടിച്ച് അച്ഛൻ വരുന്നതു കണ്ടപ്പോഴുള്ള സന്തോഷം. ഭൂമിയിലെ ഏറ്റവും സന്തോഷവാൻ ഞാനെന്നാണ് അന്ന് കരുതിയത്.
ഉപ്പിട്ട് വേവിച്ച കപ്പലണ്ടി വാങ്ങി കഴിച്ചു കൊണ്ട് അവിടം ചുറ്റിക്കാണുമ്പോഴാണ് തെളിനീരുറവ ഒഴുകുന്ന പുഴ കാണുന്നത്. ഏറെ ആഴമില്ലാത്ത അവിടെ ചിലർ ആൺ പെൺ ഭേദമെന്യേ മുങ്ങിക്കുളി നടത്തുന്നുണ്ട് അതു കണ്ടപ്പോൾ ആ തെളിനീരിൽ നീന്താൻ രാധികക്കു മോഹം. വെള്ളത്തിന് ഐസിലും തണുപ്പ്. ദൂരെയുള്ള പച്ചതഴപ്പാർന്ന കാട്ടിലാണ് ഉറവയുടെ പ്രഭവകേന്ദ്രം. എൻ്റെ സമ്മതത്തിൻ്റെ മുകളിൽ സ്വാതന്ത്ര്യം ആവോളം എടുത്ത് രാധിക നീന്താൻ നടത്തുന്ന വിഫലശ്രമം ചിരിയുണർത്തി. അത്ര തടിച്ച ദേഹ പ്രകൃതിയല്ലാഞ്ഞിട്ടും, എൻ്റെ സഹായമുണ്ടായിട്ടും ഒരിഞ്ചുപോലുമുന്നോട്ടു പോകാനാവാതെ കൈകാലിട്ടടിക്കുന്ന അവളോട് സഹതാപം തോന്നി. നേരം ഏറെ കഴിഞ്ഞിട്ടും പുഴയിൽ നിന്നും കരക്കു കയറാൻ കൂട്ടാക്കാതെ നിന്ന അവളോട് ദേഷ്യപ്പെടേണ്ടി വന്നു. അതിൻ്റെയൊക്കെ വരും വരായ്കകൾ അനുഭവിക്കാൻ അടുത്ത ദിനം പുലരേണ്ട താമസമേ ഉണ്ടായുള്ളൂ. രാവിലെ എഴുന്നേറ്റ് അവളുടെ നെറ്റിത്തടത്തിൽ കൈപ്പടം വച്ചു നോക്കിയപ്പോൾ ചൂടുണ്ട്. അതു വക വക്കാതെ ഇന്നുതന്നെ രാജഗോപാൽ ഡോക്ടറുടെ അടുക്കൽ പോയി ജോയിൻ ചെയ്യുവാനാണ് ആഗ്രഹമെന്ന് അറിയിച്ചു. പുതുതായി ജോലിയിൽ ചേരാൻ ഈ ദിവസം ഉത്തമമെന്നാണ് അവളുടെ കണ്ടെത്തൽ. അതു ശരിവച്ച് ഞാൻ പോകാനായി തയ്യാറായി. രാജഗോപാൽ ഡോക്ടറോട് സംസാരിച്ചിട്ടുണ്ട് എന്നല്ലാതെ നേരിൽ കണ്ടിട്ടോ പരിചയപ്പെട്ടിട്ടോ ഇല്ലായിരുന്നു. നേരം ഇനിയും വൈകേണ്ട എന്നു കരുതി പെട്ടെന്നു തന്നെ ഒരുങ്ങി വന്നപ്പോഴേക്കും രാധികയും തയ്യാറായിരുന്നു. ചൂടു ചായയും പെട്ടെന്ന് തയ്യാറാക്കിയ ഉപ്പുമാവും കഴിച്ച് ഞങ്ങൾ കാറുകാത്ത് പൂമുഖത്തിരുന്നു.
ഇളവെയിലിൻ്റെ ലഹരിയിൽ മുഴുകി പറന്നലയുന്ന പച്ചത്തുമ്പികൾ. പരിസരങ്ങളിലെ ജീവബിന്ദുക്കളെയെല്ലാം ഉൾക്കൊണ്ട് ഗർഭവതിയായ അമ്മയെപ്പോലെ ഊഷ്മളത പകർന്ന് ഇളവെയില്. ഈ പൂമുഖത്തു നിന്ന് നോക്കുനോൾ മുറ്റത്ത് പണ്ടുണ്ടായിരുന്ന പലതും നഷ്ടപ്പെട്ടു പോയിരിക്കുന്നു. നടുമുറ്റത്ത് അനുജത്തി ത്രിസന്ധ്യയിൽ വിളക്കു കത്തിക്കാറുള്ള തുളസിത്തറ ഇല്ല. രാമ തുളസിയും മന്ദാരവും നന്ത്യാർവട്ടവും കൃഷ്ണകാന്തിയും തെച്ചിയും കുറ്റിമുല്ലയും തുളസിത്തറയിൽ നിന്നും തെല്ലു മാറി ഇടതൂർനു നിന്നിരുന്നു. ശങ്കരേട്ടനോട് പറഞ്ഞ് പറ്റാവുന്നവ പഴയപടി വച്ചുപിടിപ്പിക്കണം. ശങ്കരേട്ടനോട് അപ്പോൾ തന്നെ ആഗ്രഹം പറഞ്ഞ ശേഷം ഞങ്ങൾ പുറപ്പെട്ടു. ഒറ്റനോട്ടത്തിൽ മുഖത്ത് ക്ഷീണം ദൃശ്യമായിരുന്നെങ്കിലും അല്പകാലത്തിനു ശേഷം വീണ്ടും പ്രവർത്തനമേഖലയിലേക്ക് പോകാൻ തുടങ്ങുന്നതിൻ്റെ ഉത്സാഹം രാധയുടെ മുഖത്ത് ഒളിചിതറുന്നുണ്ടായിരുന്നു. വഴിയരികിലെ ചെറിയ ചായക്കടയിൽ നിന്ന് വീശിയടിച്ച ചായയും മൊരിഞ്ഞ ഉഴുന്നുവടയും കഴിച്ച ശേഷം യാത്ര തുടർന്നു. അങ്ങിനെ ആ ആതുരാലയത്തിലെത്തി. രാജഗോപാൽ സാറിൻ്റെ മേൽനോട്ടത്തിലുള്ള ആ സ്ഥാപനത്തിലേക്ക് ഏതായാലും ഏറെ ദൂരമില്ല. അതൊരാശ്വാസമായി എനിക്കു തോന്നി. ദിവസവുമുള്ള ദൂരയാത്ര മനസ്സിനെ മടുപ്പിക്കും.
പ്രശാന്തസുന്ദരമായ ഒരിടം. “ആശ്രയം” ആതുരാലയം. ആ പേരിനെ അന്വർത്ഥമാക്കുന്നതായിരുന്നു അവിടുത്തെ പ്രവർത്തനങ്ങൾ. ആശ്രയമറ്റ ഹതഭാഗ്യർക്ക് ആശ്രയമായി ഒരിടം. ലാളിത്യം അവിടെങ്ങും നിറഞ്ഞു നിൽക്കുന്നു. രാജഗോപാൽ സാറിനെ പരിചയപ്പെട്ടു. പ്രതീക്ഷിച്ചതിലും പ്രായം തോന്നിക്കുന്ന സാത്വികനായ ഒരു മനുഷ്യൻ. പതിഞ്ഞ ശബ്ദത്തിലുള്ള സംസാരം. അദ്ധേഹം സ്ഥാപനത്തിൻ്റെ പ്രവർത്തന പരിപാടികൾ ഞങ്ങൾക്ക് വിശദീകരിച്ചു തന്നു. സമൂഹത്തിൽ പിടിമുറുക്കിയിട്ടുള്ള ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും മനുഷ്യന്റെ മോചനമാണ് സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. സ്വയം അധഃപതനത്തിൻ്റെ പടുകുഴിയിൽ ആഴ്ന്നിറങ്ങുന്നതോടൊപ്പം കുടുംബത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് കുടുംബം തകർക്കുന്ന മാരക വിപത്ത്.. ലഹരി. മദ്യമായും മയക്കുമരുന്നായും പുകവലിയായും മനുഷ്യനെ സർവ്വ രീതിയിലും തകർക്കുന്ന ലഹരി യുപയോഗത്തിനെതിരെ, ബോധവൽക്കരണങ്ങളിലൂടെയും ലഹരിക്കടിമപ്പെട്ട് മനസ്സും ശരീരവും ജീവിതവും തകർന്നവർക്ക് സൗജന്യ ചികിത്സയിലൂടെയും യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് രാജേട്ടൻ എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന രാജഗോപാൽ സാർ. അദ്ദേഹത്തിന്റെ പ്രവർത്തന പഥത്തിൽ നേരിട്ട ഭീഷണികളും സ്വീകരിച്ച പൂച്ചെണ്ടുകളും ഏറെ.ആത്യന്തികമായി മനുഷ്യ സേവനം ഇഷ്ടപ്പെടുന്ന അദ്ധേഹത്തൊടൊപ്പം രാധികയും പ്രവർത്തിക്കാൻ ഒരുങ്ങുന്നതിൻ്റെ സന്തോഷം ഞാൻ മറച്ചു വച്ചില്ല. ഒപ്പം ഏറെ അഭിമാനവും എനിക്കു തോന്നി. ഇളനീർ കഴിച്ച ശേഷം അദ്ധേഹം ഞങ്ങളെ കൂട്ടി അവിടം മുഴുവൻ കാണിച്ചു തന്നു. മനുഷ്യൻ്റെ ഏറ്റവും വലിയ നിസ്സഹായത രോഗാവസ്ഥയെന്ന് അവിടുത്തെ കാഴ്ചകൾ എനിക്കു മനസ്സിലാക്കിത്തന്നു. മറ്റേത് അവസ്ഥയിലും മനുഷ്യൻ ജീവിത സാഹചര്യങ്ങളോട് പടപൊരുതും. അത് മനുഷ്യന്റെ ശക്തിയും ഉത്തരവാദിത്വവുമാണ്, ആ ശക്തിയെയാണ് രോഗാവസ്ഥ ചോർത്തികളയുന്നത്.
എല്ലാം നടന്നു കണ്ട് ഞങ്ങൾ ആതുരാലയത്തോടു ചേർന്ന കാൻ്റീനിൽ കയറി .ചൂടുള്ള കഞ്ഞിയും ചുകന്ന ചീരയില നാളികേരം ചേർത്തുവച്ച തോരനും വടുകപ്പുളി നാരങ്ങാ അച്ചാറും പപ്പടവും കഴിച്ചു. അത്രമേൽ രുചികരമായിരുന്നു ആ ലളിതവും ഹൃദ്യവുമായ ആഹാരം. അവിടുള്ളവരുടെ ആത്മാർത്ഥതയും സ്നേഹവും മേമ്പൊടിയായി ഉണ്ടായിരുന്നതിനാലാകണം ഇത്ര രുചികരമായി അനുഭവപ്പെട്ടതെന്ന് എനിക്ക് തോന്നി. അടുത്ത ദിവസം മുതൽ ഡ്യൂട്ടിയിൽ ചേരാമെന്ന് സാറിനെ അറിയിച്ച് പോകാനൊരുങ്ങുമ്പോൾ ഞാൻ ചോദിച്ചു.
“കാര്യമായ ഫീസൊന്നും ഈടാക്കാതെ എങ്ങിനെ...?
എൻ്റെ ചോദ്യം കേട്ട് അദ്ധേഹം ചിരിച്ചു..
“സത്യത്തിൽ ഞാനും ചിലപ്പോഴൊക്കെ ഈയൊരു വിഷയം ആലോചിച്ച് വിസ്മയിക്കാറുണ്ട്. ഗവൺമെൻ്റിൻ്റെ ഒരു ചെറിയ ഗ്രാൻ്റ് ഉണ്ട്. എന്നാൽ പ്രവർത്തന ചെലവുമായി തട്ടിച്ചു നോക്കുമ്പോൾ അതു തീരെ അപര്യാപ്തം. പിന്നെ കൂട്ട ആത്മഹത്യയുടെ വക്കിൽ നിന്നും ജീവിതത്തിലേക്കു തിരിച്ചു പോകുന്ന കുടുംബങ്ങളുടെ പ്രാർത്ഥനയുണ്ട്. ആ പ്രാർത്ഥനയുടെ ശക്തി അത് നിസ്സീമമാണ്, സർവ്വേശ്വരൻ്റെ കാരുണ്യം പിന്നെ കാരുണ്യവും മനുഷ്യത്വവും കൈമോശം വന്നിട്ടില്ലാത്ത സുമനസുകൾ. അതൊക്കെയാണ് സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നത്. ഈയടുത്തു നടന്ന ഒരു സംഭവം പറയാം. ഇക്കഴിഞ്ഞ മാസം പ്രവർത്തനച്ചിലവ് കൂട്ടിമുട്ടാതെ സ്റ്റാഫുകളുടെ ചെറിയ ശമ്പളം പോലും നല്കാൻ പണമില്ലാതെ വിഷമിച്ചപ്പോൾ ഒരു ഇമെയിൽ . അമേരിക്കയിൽ നിന്ന്. ഒരു സ്ത്രീയാണ്. ഒരു കമ്പനി മേധാവിയാണ്. കമ്പനിയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു തുക സംഭാവന നല്കാൻ ആഗ്രഹിക്കുന്നു എന്ന് ഇമെയിലിന്റെ ഉള്ളടക്കം. നമ്മുടെ പ്രവർത്തനങ്ങളെക്കുറിച്ചെല്ലാം വ്യക്തമായി പഠിച്ചിട്ടാണു അവരു തീരുമാനം എടുത്തത്. ഒരു പ്രതിനിധിയെ ഇക്കാര്യങ്ങൾക്കായി അവർ അയച്ചിരുന്നു. അയാൾ ഇവിടെ ഒരാഴ്ചയോളം താമസിച്ച് സ്ഥാപനത്തിന്റെ പ്രവർത്തന രീതികളെല്ലാം മനസ്സിലാക്കിയിരുന്നെങ്കിലും ഇത്ര വലിയ ഒരു തുക ഞാൻ പ്രതീക്ഷിച്ചിട്ടേ ഇല്ലായിരുന്നു. ഏതായാലും ഇനി ഒരു മൂന്നു നാലു മാസത്തേക്ക് സമാധാനം...” ഡോക്ടർ പറഞ്ഞു നിർത്തി.
ഞാൻ ഡോക്ടറുടെ കൈത്തലം പിടിച്ചു കുലുക്കി. മനുഷ്യ സ്നേഹത്തിൻ്റെ ആൾരൂപമായ ആ മനുഷ്യന് എല്ലാവിധ നന്മകളും കൈവരുവാൻ ആശംസിച്ചു. എന്നാൽ കഴിയുന്നത് ചെയ്യാമെന്ന് വാഗ്ദാനം നല്കി. യാത്ര പറയുമ്പോൾ എന്തുകൊണ്ടോ എൻ്റെ കണ്ണിമ നിറഞ്ഞു തുളുമ്പിയിരുന്നു. ഇത്തരം മനുഷ്യരിലാണ് ദൈവത്തിന്റെ ചൈതന്യം കുടികൊള്ളുന്നതെന്നു എനിക്ക് തോന്നി. തിരിച്ചു യാത്രയിൽ രാധിക മൂകയായിരുന്നു. ഇടക്ക് എപ്പോഴോ പറഞ്ഞു.
“സമയത്തിന് ശമ്പളം കിട്ടാൻ പ്രയാസമാകുമോ?"
“ഏയ് രണ്ടു മൂന്നു മാസത്തേക്ക് പ്രശ്നമില്ലെന്ന് അല്ലേ പറഞ്ഞത്.?"
“രണ്ടു മൂന്നു മാസം . കഴിഞ്ഞാലോ?“
“അത് ഡോക്ടറോട് തന്നെ ചോദിക്കണം.”
“ഓ പിന്നെ ഞാൻ നമ്മുടെ വീട്ടിലൊരു ക്ലിനിക്ക് സെറ്റ് ചെയ്യാൻ ആലോചിക്കുന്നു. ഒരു പെൺകുട്ടിയെ സഹായിയായി എനിക്ക് ഏർപ്പാടാക്കിത്തരണം. പിന്നെ ക്ലിനിക്കും സെറ്റു ചെയ്തു തരണം.”
ഞാൻ തെല്ലിട കഴിഞ്ഞ് പറഞ്ഞു.
“സമ്മതിച്ചു. നിൻ്റെ ഇഷ്ടം പോലെ.”
വീടെത്തിയപ്പോഴേക്കും സന്ധ്യ ഇരുണ്ടു കറുക്കാൻ തുടങ്ങിയിരുന്നു. വീട്ടിലെ മുറ്റത്തെത്തിയപ്പോൾ തുളസിത്തറയുടെ പണി ഭാഗികമായി പൂർത്തിയാക്കിയിട്ടുണ്ടായിരുന്നു. അരയാലിലെ പഴുത്ത ഇലകൾ കൊഴിയുന്ന പോലെ ജീവവൃക്ഷത്തിലെ ഇലകൾ പൊഴിഞ്ഞു വീണു കൊണ്ടിരുന്നു. ഒരിക്കൽ ഞെട്ടറ്റു വീണാൽ തളിർക്കാത്ത ജീവവൃക്ഷത്തിലെ ഇലകൾ.
(തുടരും...)