ഭാഗം - 11
ഫാൻ കറങ്ങുന്ന ശബ്ദം. തലക്കു മുകളിൽ ഫാൻ ഒച്ച വക്കുന്നു. തലേന്ന് സംഭവിച്ചതെല്ലാം ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു. രാധികയുമായി ബന്ധപ്പെട്ട വരും വരായ്കകൾ എൻ്റെ മനസ്സിനെ മഥിച്ചു.
ഞാൻ എഴുന്നേറ്റു മുഖം കഴുകി. മതി മറന്ന് ഉറങ്ങിയിട്ടും ക്ഷീണത്തിന് ശമനമില്ല. മുറി തുറന്ന് ഗോവണി ഇറങ്ങി .താഴെ ആരുമില്ല. മേശമേൽ ഫ്ലാസ്ക്ക് ഇരിക്കുന്നതു കണ്ടു. തുറന്നു നോക്കി. ചായയുണ്ട്. ഗന്ധം നഷ്ടപ്പെട്ട ചായ ഗ്ലാസ്സിലേക്ക് പകർന്നു കുടിച്ചു കൊണ്ട് പൂമുഖത്തേക്ക് നടന്നു. അവിടെ കസേരയിൽ രാധിക ഇരിക്കുന്നു ! കരഞ്ഞു വീർത്ത മുഖം . എന്നെക്കണ്ടതും അവൾ എഴുന്നേറ്റു. ഞാനാ മുഖത്തേക്ക് ഉറ്റുനോക്കി അപാരമായ നിശ്ചയദാർഢ്യവും ശാന്തതയും അവളുടെ മുഖത്തു കണ്ടു. ഒരു താക്കോൽ കൂട്ടം എനിക്കു നേരെ നീട്ടി.
“ഇതു ക്ലിനിക്കിൻ്റെ ... ഞാൻ പോകുകയാണ്.”
അവൾക്കരികിലിരിക്കുന്ന നാലഞ്ചു ബാഗുകൾ അപ്പോഴാണ് എൻ്റെ ശ്രദ്ധയിൽ പെട്ടത്.
ഗേറ്റിനു പുറത്ത് ഒരു കാറ് വന്നു നിന്നു. ശാന്ത ബാഗുകൾ എടുക്കാനാഞ്ഞപ്പോൾ രാധിക അതു വിലക്കി. കാറിൻ്റെ ഡ്രൈവർ വന്ന് ബാഗുകളെടുത്ത് കാറിൽ വച്ചു. തിരിഞ്ഞു നോക്കാതെ അവൾ ഗേറ്റു കടന്നു.
ഒരാഴ്ചത്തെ ലീവിനുള്ള ഇമെയിൽ അയച്ച ശേഷം പൂമുഖത്തെ തിണ്ണയിൽ വന്നിരുന്നു. നേരിയ ചുകന്ന വെയിലുണ്ട്. ശങ്കരേട്ടൻ പറഞ്ഞത് ശരിയാണ്. പൂഞ്ചെടികളുടെ ക്ഷീണം മാറി ഊർജസ്വലതയോടെ എഴുന്നു നിൽക്കുന്നു. ഇനിയത് തളിർക്കും പൂക്കും സുഗന്ധവും വർണ്ണഭംഗിയുള്ളതുമായ പൂക്കൾ വിടരും ..അവയെ പരിപാലിക്കണം
ശാന്ത വാതിൽക്കൽ എന്തോ പറയാനാഞ്ഞ് വന്നു നിന്നു.
“ശാന്തക്കു പോകണോ ? “
അല്ല. രാവിലെ കഴിക്കാൻ എടുത്തു വച്ചിട്ടുണ്ട്.
“ശരി .. കഴിക്കാം.
പിന്നെ അമ്മക്കു സുഖമില്ല. രണ്ടീസം ഇവിടെ വരാൻ കഴിയില്ല.
“സാരമില്ല പൊയ്ക്കോളൂ പൈസ ആവശ്യമുണ്ടെങ്കിൽ മേശപ്പുറത്തിരിക്കുന്ന പേഴ്സിൽ ഉണ്ട്. വേണ്ടത് എടുക്കു”.
തലേന്ന് മഴ ചാറിയോ ? ഇയ്യാമ്പാറ്റകൾ എവിടെ നിന്നോ ഉയിർത്തു വരുന്നുണ്ട്. ഇത്രമേൽ ക്ഷണികമായ കാലയളവ് മുഴുവൻ ആഹ്ലാദത്തോടെ പറന്നലയുന്ന ഇയ്യാമ്പാറ്റകൾ.ഉൻമാദത്തിൻ്റെ ലഹരിയിൽ ആറാടി സ്വയം എരിഞ്ഞടങ്ങുന്ന ജീവബിന്ദുക്കൾ
ആഹാരം കഴിച്ചു വസ്ത്രം മാറി വരുമ്പോഴേക്കും ശാന്ത പോകുന്നതിനു മുൻപ് യാത്ര പറയാനായി ഉമ്മറത്ത് നിൽപ്പുണ്ടായിരുന്നു. വാതിലടച്ചു താഴിട്ടു ഒരു താക്കോൽ ശാന്തയെ ഏൽപ്പിച്ചു.നാരായണനോട് കാറ് കൊണ്ടുവരാൻ പറഞ്ഞിരുന്നു. കാറിൻ്റെ കീ വാങ്ങി ടാക്സിക്കൂലി കൊടുത്ത് നാരായണനെ പറഞ്ഞു വിട്ടു. ഏകനായി കാറോടിക്കുമ്പോൾ വല്ലാത്തൊരു ലാഘവത്വം മനസ്സിനു തോന്നി.
പച്ച തഴച്ച നാട്ടിൽ പുറം പിന്നിട്ട് തിരക്കുപിടിച്ച നഗരഹൃദയത്തിലേക്ക് കാറു നീങ്ങി. പിന്നെ വീണ്ടും പച്ച വിരിച്ച നാട്ടിൽ പുറത്തേക്ക്.. വഴിയിൽ കണ്ട സ്ത്രീയോട് ചോദിച്ചു
“..... യുടെ വീട്”
അവർ കൈ ചൂണ്ടി പറഞ്ഞു.
“ദാ ആ വളവു തിരിഞ്ഞ് വലത്തോട്ട് മൂന്നാമത്തെ വീട്. “
ശരി ആ വളവു വരെയേ കാറു പോകുമായിരുന്നുള്ളൂ .അതു തിരിയുന്നത് കൈവഴിയിലേക്കാണ്. വളവിൽ കാറു നിർത്തി കൈവഴിയിലേക്കിറങ്ങി. മൂന്നാമത്തെ വീട്. മുളകമ്പ് കൊണ്ടുള്ള വേലി കെട്ടിത്തിരിച്ച ഒരു ഓടിട്ട വീട്. മുൾവേലി തുറന്ന് അകത്തു കടന്നു. ചെറിയ മുറ്റത്ത് ആ പെൺകുട്ടി എന്തുകൊണ്ടോ കളിക്കുന്നതു കണ്ടു. എന്നെക്കണ്ട് അവൾ കളി നിർത്തി വീട്ടിനകത്തേക്ക് ഓടിക്കളഞ്ഞു. തെല്ലു കഴിഞ്ഞപ്പോൾ ആ പെൺകുട്ടിയെ ഒക്കത്തിരുത്തി അവൾ വാതിൽപ്പടിയിൽ വന്നു. സ്മിത എസ് നായർ! എന്നെ ക്കണ്ടതും അവളുടെ മുഖത്ത് വിസ്മയത്തിൻ്റെ പൂക്കൾ വിടരുന്നതു കണ്ടു .എന്താണ് പറയേണ്ടത്?
ഞാൻ രണ്ടും കല്പിച്ച് തിണ്ണയിൽ കയറി ഇരുന്നു.
എങ്ങിനെയാണ് തുടങ്ങേണ്ടത് ? എന്തു പറഞ്ഞാണ് എൻ്റെ നിശ്ചയങ്ങൾ അവളെ പറഞ്ഞ് ബോധ്യപ്പെടുത്തുക ? ഈയൊരു അവസ്ഥയിൽ അത്തരം സംഭാഷണങ്ങൾ തീർത്തും അനുചിതമല്ലേ ? അതൊരു പക്ഷേ എന്നല്ല തീർച്ചയായും തിരിച്ചടിക്കിടയാക്കും .ഒരു പാട് ചോദ്യങ്ങൾ ഉത്തരമില്ലാതെ എൻ്റെ തൊണ്ടയിൽ കുടുങ്ങി. ഒടുവിൽ വാക്കുകൾ പുറത്തുവന്നു.
“സ്വല്പം വെള്ളം കുടിക്കാൻ..
അവൾ പെൺകുട്ടിയെ താഴെ വച്ച് അകത്തേക്കു പോയി. തെല്ലു സംശയിച്ചു നിന്ന ശേഷം കുട്ടി ചിരിച്ചു. ആ ചിരിയിൽ മുൻവശത്തെ രണ്ട് കൊത്തരിപ്പല്ലുകൾ ഞാൻ വ്യക്തമായി കണ്ടു.
വെള്ളം വന്നു ..കുടിച്ചു.
“ഞാൻ ഞാൻ വിവരങ്ങളെല്ലാം അറിഞ്ഞു. ഒന്നു കാണണമെന്ന് തോന്നി”
മൗനം ഏറെ നേരം തളം കെട്ടി. മുഷിഞ്ഞ് സിമൻ്റടർന്ന ചുമരുകളിലേക്ക് ഞാൻ കണ്ണോടിച്ചു.
“കുട്ടീടെ പേരെന്താ?
“അമ്മു”
പെൺകുട്ടി അസ്പഷ്ടമായി പറഞ്ഞു.
അതു വീട്ടീൽ വിളിക്കുന്ന പേരാണല്ലോ ശരിക്കുള്ള പേരെന്താ?
“ലച്ച് മി.
“ഓ ശരി നല്ല പേര്. “
“സ്മിത.. പഴയ കേളേജ് ലൈഫ് ഓർക്കാറുണ്ടോ? “
“ഉണ്ട്. ആ ഓർമകളാണ് എനിക്ക് ...വിഷ്ണു എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട് .. പക്ഷേ പക്ഷേ ഞാൻ നിസ്സഹായയായി പോയിരുന്നു. ഞാൻ എന്തെല്ലാം ത്യജിച്ചു. എൻ്റെ കുടുംബം ,പഠനം .... എന്നിട്ടും സമാധാനമോ സന്തോഷമോ എൻ്റെ ജീവിതത്തിലുണ്ടായില്ല.”
വിതുമ്പലടക്കാൻ പാടുപെട്ട് അവൾ പറഞ്ഞു.
“അവന് എന്നോടല്ലായിരുന്നു സ്നേഹം. ലഹരിയോട്…. ലഹരിയോട് മാത്രമേ സ്നേഹമുണ്ടായിരുന്നുള്ളൂ. കഴുത്തറ്റം ലഹരിയിൽ ആഴ്ന്നു കിടന്നാലും പിന്നേയും വേണം ലഹരി. ആ നീരാളിപ്പിടുത്തത്തിൽ നശിച്ചത് എൻ്റെ ജീവിതവും... ഈയൊരു ജന്മം അനുഭവിക്കാവുന്നതെല്ലാം ഈ കാലത്തിനുള്ളിൽ അനുഭവിച്ചു ... “
എവിടെയോ ആറ്റിത്തണുപ്പിച്ച് പാകപ്പെട്ട കുളിർ കാറ്റ് ഞങ്ങളെ തഴുകി.
“ഞാനും എല്ലാം .... അങ്ങിനെ ജീവിതം നശിച്ചു എന്നു കരുതരുത്.”
അവളുടെ അത്ഭുതം വഴിയുന്ന കണ്ണുകൾ ശ്രദ്ധിച്ചശേഷം തെല്ലു കഴിഞ്ഞ് ഞാൻ പറഞ്ഞു.
എനിക്കൊരു ആഗ്രഹമുണ്ട് പറഞ്ഞോട്ടെ ?
“പറയു”
എപ്പോഴെങ്കിലും നമ്മുടെ പഴയ കോളേജിലേക്ക് വരുമോ? നമുക്ക് ആ ക്ലാസ്സിലും വരാന്തയിലും ലാബിലും പോയി സംസാരിക്കണം. എനിക്കു കുറെ… ഒരുപാടു സംസാരിക്കാനുണ്ട്.
“അരുത് എന്നെ നിർബന്ധിക്കരുത് “
ഞാനവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
“ഞാൻ നാളെ വരണം എന്ന് പറയുന്നില്ല ...എപ്പോഴെങ്കിലും ..വരുമ്പോൾ അമ്മുവിനെ കൊണ്ടുവരണം….നീയുമായി ബന്ധപ്പെട്ടതെല്ലാം എനിക്ക് ...എനിക്ക്.... “
എൻ്റെ വാക്കുകൾ ചിതറി.
ഞാൻ എഴുന്നേറ്റു .കൈയ്യിൽ കരുതിയിരുന്ന ചോക്കലേറ്റ് അമ്മുവിന് നല്കി. തെല്ലു സംശയച്ചിച്ച് അമ്മയുടെ മുഖത്തു നോക്കി അനുവാദം ലഭിച്ചശേഷം അവളതു വാങ്ങി. ഞാൻ എഴുന്നേറ്റു. യാത്ര പറയുമ്പോൾ എൻ്റെ കണ്ഠമിടറി. മുറ്റം കടന്ന് മുൾവേലിയടച്ച് ഒന്നു തിരിഞ്ഞു നോക്കി. ഒരെണ്ണഛായാചിത്രത്തെ ഓർമിക്കും വിധം അവൾ വാതില്പടിയിൽത്തന്നെ നില്പുണ്ട് . ഓരങ്ങളിൽ നാട്ടുപൂക്കൾ മുറ്റി വിരിഞ്ഞു നിൽക്കുന്ന കൈവഴി താണ്ടി വളവു തിരിഞ്ഞ് കാറിലിരുന്നു. വരും ഞാൻ ഇനിയും വരും എന്റെ ജന്മസാഫല്യം കൈവരിക്കും വരെ .അതിനായി ഈ ജന്മം പോരാതെ വന്നാൽ ജന്മാന്തരങ്ങളിലും ഞാൻ യാത്ര തുടരും
യാത്ര... മടക്കയാത്ര. ഇതാണ് എൻ്റെ സാർത്ഥകമായ മടക്കയാത്ര. ജീവിതത്തിലേക്ക്… ഈ ക്ഷണഭംഗുരമായ ജീവിതത്തിൻ്റെ പൂർണ്ണതയിലേക്ക് ...
:അവസാനിച്ചു: