ഭാഗം - 6
അപ്പോഴേക്കും ബാലാരിഷ്ടതകൾ മാറി കമ്പനി പുരോഗതിയുടെ പാതയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. പ്രവർത്തന ചെലവും വരുമാനവും കൂട്ടിമുട്ടാൻ തുടങ്ങിയിരുന്നു. ഇനി മുതൽ ചെറിയ ലാഭം പ്രതീക്ഷിക്കാം.
ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻ്റുമായി ബന്ധപ്പെട്ട ലോണാണ് കമ്പനിയെ കാർന്നുതിന്നുന്നത്. ലോണിൻ്റെ കുറെ ഭാഗം തിരിച്ചടക്കാൻ കഴിഞ്ഞാൽ അതൊരു ആശ്വാസം തന്നെയാകും. ഈയൊരു അവസ്ഥയിൽ പ്രവർത്തന ചെലവും വരുമാനവും കൂട്ടിമുട്ടിക്കാനായത് ശുഭകരമായ സൂചനയാണ്. വിദേശത്തു നിന്നുള്ള പ്രൊജക്ടുകൾ… ക്ലയിൻ്റുകൾ…. ഈ രണ്ടു വിഷയങ്ങളിൽ വലിയ തോതിലുള്ള ഒരു വർദ്ധനവ് അനിവാര്യം. ഇതിനെല്ലാം ഉപരി വലിയ തോതിലുള്ള അധികാരം എന്നിൽ കേന്ദ്രീകൃതമായിരിക്കുന്നു. അതൊടൊപ്പം നാട്ടിലെ സാഹചര്യങ്ങൾ കൂടി അനുകൂലമാക്കാൻ റിയൽ എസ്‌റ്റേറ്റ് രംഗത്തേക്ക് ചുവടുറപ്പിക്കാൽ തക്ക പദ്ധതി ആലോചനയിലാണ്. ഇത്തരത്തിൽ വൈവിധ്യവത്കരണത്തിന്റെ പാതയിൽ സഞ്ചരിക്കാൻ ഒരുങ്ങുമ്പോഴും മനസ്സിനെ തളർത്തുന്ന ഒന്നാണ് പണ്ഡിറ്റ് ജിയുടെ പ്രതികരണമില്ലായ്മ. മനസ്സിലാക്കിയിടത്തോളം പൂർണ്ണമായും അദ്ധേഹം ബിസിനസ്സിൽ നിന്നും പിൻ വാങ്ങിക്കഴിഞ്ഞു. ഈയടുത്ത കാലത്ത് “എല്ലാം അപ്പു നോക്കിയാൽ മതി”എന്ന മറുപടി എങ്കിലും ഉണ്ടായിരുന്നു. എനിക്ക് ആ മറുപടി നല്കുന്ന ആത്മവിശ്വാസവും ചെറുതല്ലായിരുന്നു. ആ മറുപടി പോലും ഇപ്പോഴില്ല. അമേരിക്കയിലുള്ള പണ്ഡിറ്റ് ജി വിസിറ്റിങ് പ്രഫസറായി പോകുന്ന യൂണിവേഴ്സിറ്റിയിലെ പരിചയക്കാരോട് വിവരം തേടി. പണ്ഡിറ്റ് ജി എത്രയോ കാലം മുൻപേ അമേരിക്ക വിട്ട് നാട്ടിലേക്ക് തിരിച്ചു എന്നാണ് അറിയാനായത്. നാട്ടിലേക്ക് തിരിച്ചെങ്കിൽ എന്നെ കാണാൻ വരുമായിരുന്നില്ലെ? ഈ കമ്പനിയിലേക്ക് വരുവാൻ തയ്യാറാകുമായിരുന്നില്ലെ ? ഈ ചോദ്യങ്ങൾ അരയാലോളം മനസ്സിൽ കിടന്ന് തിടം വച്ചു. അദ്ധേഹം എവിടെയുണ്ടെന്ന് എങ്ങിനെയാണ് അറിയാൻ കഴിയുക? അന്വേഷിക്കണം.അദ്ധേഹത്തെ കണ്ടു പിടിക്കണം.
വിദേശത്തും സ്വദേശത്തുമായി ഒരാഴ്ചയോളം നീണ്ട അന്വേഷണം ലക്ഷ്യപ്രാപ്തിയിലെത്താതെ അവസാനിച്ചു. ആർക്കും ഒരു വിവരവും ഇല്ല. അവരിൽ ചിലർ അന്വേഷിച്ചതായും അതൊന്നും ഫലപ്രാപ്തി നേടിയില്ലെന്നും അവരറിയിച്ചു. നിരാശ കാർമേഘം കണക്ക് എന്നെ വന്നു മൂടിയ ഒരു സായം സന്ധ്യയിലാണ് നാരായണേട്ടനോട് ഒന്നു തിരക്കാൻ നിശ്ചയിച്ചത്. എയർപോർട്ടിൽ വച്ച് സംസാരിച്ചു പിരിഞ്ഞശേഷം ഇതുവരെ അയാളോട് സംസാരിച്ചില്ലെന്നത് ഞാൻ ഖേദത്തോടെ ഓർത്തു. വിളിച്ചപ്പോൾ ആ ഒരു വിഷമം നാരായണേട്ടനും പങ്കുവച്ചു .വിശേഷങ്ങൾ തിരക്കി നാരായണേട്ടൻ വലിയ അല്ലലൊന്നുമില്ലാതെ ജീവിതം നയിക്കുന്നുവെന്ന വിവരം ആശ്വാസകരമായിരുന്നു. വല്ലപ്പോഴും പണ്ഡിറ്റ്ജി കമ്പനിയിൽ വന്നാൽ ഒരു മലയാളിയെന്ന പരിഗണന നാരായണേട്ടനു നല്കി അയാളുടെ സേവനം തേടാറുണ്ടായിരുന്നു. പണ്ഡിറ്റ്ജിയെക്കുറിച്ച് ആരാഞ്ഞപ്പോൾ കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോൾ ഏറെക്കാലത്തെ പ്രവാസി ജീവിതം മടുത്ത് നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞതായി നാരായണേട്ടൻ അറിയിച്ചു. നാട്ടിൻ എവിടെയാണ് എന്ന എൻ്റെ ഉത്കണ്ഠ നിറഞ്ഞ ചോദ്യത്തിന് മലയടിവാരത്തുള്ള ഒരു ഉൾനാടൻ പാലക്കാടൻ ഗ്രാമമെന്നാണ് പണ്ഡിറ്റ് ജി മറുപടി പറഞ്ഞതെന്ന് നാരായണേട്ടൻ ഓർത്തെടുത്തു. മറ്റൊരു സൂചനകളും നല്കാൻ നാരായണേട്ടനു കഴിഞ്ഞില്ല. പാലക്കാടുള്ള മലയടിവാരത്തുള്ള ഒരുൾ ഗ്രാമം. ആ ഒരു സൂചന വച്ച് അന്വേഷിക്കണം. കണ്ടെത്തണം കണ്ടെത്തുമെന്ന് തീർച്ചയാണ്.. കണ്ടെത്തിയേ പറ്റൂ.. മലയടിവാരത്തിലെ ഗ്രാമം.. അത്തരം ഗ്രാമങ്ങൾ ഇവിടെ ഒരു പാടുണ്ടെന്നാണ് അറിവ്. ഇലക്ട്രോണിക് മാധ്യമങ്ങളുമായുള്ള ബന്ധങ്ങളെല്ലാം വിഛേദിച്ച പണ്ഡിറ്റ് ജിയെ കണ്ടെത്തൽ ദുഷ്ക്കരമായിരിക്കുമെന്ന് തീർച്ചയായിരുന്നു. നാരായണനോട് വിവരം പറഞ്ഞു. ഏറെ സുഹൃത്തുക്കൾ അവനുണ്ട്. അവൻ്റെ സുഹൃത്തുക്കൾക്കെല്ലാം വിവരം കൈമാറി. ആ സുഹൃത്തുക്കൾ അവരുടെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന കൂട്ടുകാർക്ക് കൈമാറി. ദിനങ്ങൾ ആഴ്ചകളിലേക്കും മാസങ്ങളിലേക്കും പതിയെ വളർന്നു തിടം വച്ചു. അന്വഷണങ്ങൾ വഴിമുട്ടി ആശയറ്റ ഒരു നാൾ, വീട്ടിലേക്കുള്ള തിരിച്ചുവരവിലാണ് നാരായണൻ ആ വിവരം പറഞ്ഞത്. ആദിവാസി ഊരിൽ നിന്നുള്ള ഒരു പോലീസുകാരനാണ് ആ വിവരം നാരായണന് നല്കിയത്. ഉറപ്പില്ല.. ഒരു സംശയം മാത്രം. മതി.. അതു മതി. ഞാൻ അന്വേഷിച്ചോളാം. ഒന്നു പോയി സംശയ നിവൃത്തി വരുത്തേണ്ടതായ കാര്യം പറഞ്ഞപ്പോൾ നാരായണൻ പറഞ്ഞു. ആ വഴി ഞാനിതുവരെ പോയിട്ടില്ല. ആ സ്ഥലമറിയാം. ഈ വണ്ടിയിൽ പോകാൻ പറ്റില്ല. ജീപ്പ് വേണ്ടി വരും. ജീപ്പല്ല ഹെലികോപ്റ്റർ വാടകക്കെടുത്ത് പോകാനാണെങ്കിൽ അതിനും തയ്യാറെന്ന് പറഞ്ഞ് അപ്പോൾ തന്നെ ദിവസം നിശ്ചയിച്ചു.
ഇരുണ്ട അന്തരീക്ഷം തെളിമയാർന്ന് വരുന്നതേ ഉണ്ടായിരുന്നുള്ളൂ. നേരത്തെത്തന്നെ പുറപ്പെടാമെന്ന് നാരായണനെ അറിയിച്ചിരുന്നു. അത്യാവശ്യം സജ്ജീകരണവുമായി പോകാനൊരുങ്ങി രാധികയോടു വിവരം പറഞ്ഞ് ഗേറ്റു കടന്നതും പൊടിപറത്തിക്കൊണ്ട് ജീപ്പുമായി നാരായണൻ വരുന്നതു കണ്ടു. വഴിയരികിൽ നിന്നും ചൂടു ചായ കുടിച്ച് യാത്ര തുടർന്നു.
നിരപ്പാർന്ന വഴിത്താരകൾ ക്രമേണ നിമ്നോന്നതങ്ങളായി. പാറയും കുണ്ടും നിറഞ്ഞ് യാത്ര ദുഷ്ക്കരമാക്കാൻ തുടങ്ങി. അങ്ങകലെ പച്ചപിടിച്ച മല ഭീമാകാരനായ രാക്ഷസനെപോലെ എഴുന്നു നിന്നു. ആ മലയുടെ അടിവാരത്തിൽ നിന്നും തണുത്ത ഈറങ്കാറ്റ് അലയടിച്ചു. നിന്നും നിരങ്ങിയും ഒച്ചവെച്ചും ജീപ്പ് മുന്നോട്ടു നീങ്ങി. എൻ്റെ ശാസന കേട്ട്, ജീപ്പിനേറെ പഴക്കമില്ലെന്നും റോഡ് തീർത്തും മോശമാണെന്നും ഒക്കെ നാരായണൻ നിരന്തരം പറഞ്ഞു കൊണ്ടിരുന്നു. ദുഷ്‌ക്കരമായ യാത്ര അവസാനിപ്പിച്ച് ഒരു വേള തിരിച്ചു പോകാൻ എന്റെ മനസ്സ് വല്ലാതെ ആഗ്രഹിച്ചെങ്കിലും പണ്ഡിറ്റ്ജിയെ കുറിച്ചുള്ള ഉത്കണ്ഠയും വേവലാതിയും എൻ്റെ മുന്നോട്ടുള്ള പ്രയാണത്തിന് ആക്കം കൂട്ടി. ചുരം കടന്നു വട്ടം ചുറ്റുന്ന കിഴക്കൻ കാറ്റ് കർണപുടങ്ങളിൽ അനവരതം തിരയടിച്ചു. കൊടും വളവും ചെങ്കുത്തായ ഭൂമികയും ഉൾക്കൊള്ളുന്ന കിലോമീറ്ററുകൾ നീണ്ട യാത്ര. അതിൻ്റെ ബാക്കിപത്രമായി ശരീരമാസകലം വേദന. ഒടുവിൽ ചെങ്കുത്തായ മല കയറി ഇറങ്ങി താഴ്വാരത്തിലേക്ക്. പച്ച തഴച്ച കാടിൻ്റെ, പൂക്കളുടെ മത്തുപിടിപ്പിക്കുന്ന വനഗന്ധം ചുറ്റുപാടും പടർന്നു പിടിച്ചു. ഇടക്കു ജീപ്പിനു മുന്നിൽ പകച്ചു നിന്ന കാട്ടുമുയലും മുള്ളൻപന്നിയും കുറുക്കനും. കുറുകെ കുത്തിയൊലിച്ചു പ്രവഹിക്കുന പുഴക്കു പിറകെ നാരായണൻ ജീപ്പുനിർത്തി. പരിക്ഷീണനായി പറഞ്ഞു.
“ഇതിനപ്പുറം ജീപ്പ് കടക്കില്ല”.
പോലിസുകാരൻ പറഞ്ഞ പ്രകാരം പുഴക്കപ്പറുത്തൂന്ന് കറക്റ്റ് ഒരു കിലോമീറ്ററുണ്ട്. അവടാണ് ആദിവാസി ഊര്.
പുഴത്തട്ടിലിറങ്ങി കൈയും കാലും കഴുകി. ഐസിലും തണുത്ത വെള്ളം. ജീവിതം പോലെ കടലിനെ പുൽകാൻ വെമ്പുന്ന വെള്ളത്തിൻ്റെ അനസ്യൂത പ്രവാഹം. ഏതോ ഭൂമികയിൽ ഉറവയെടുത്ത് കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ കടലാഴത്തിൽ വിലയിക്കാൻ ഒഴുകുന്ന ജമാന്തരങ്ങളിലെ അനാദിയായ പുഴയെ തെല്ലിട നേരം നോക്കി നിന്നു. കണ്ണുകടഞ്ഞു.
ആ പരിസരങ്ങളിൽ ചുറ്റിത്തിരിഞ്ഞു വന്ന നാരായണൻ ഉത്സാഹത്തോടെ പറഞ്ഞു.
“ദാ അവിടെ മുളകൊണ്ടുള്ള തൂക്കുപാലമുണ്ട്. പുഴ കടക്കാം.”
ശരി. ഏതു വിധേനയെങ്കിലും പുഴ കടക്കണം. മുള കൊണ്ടുള്ള തൂക്കുപാലം സാമാന്യം ബലമുള്ളതായിരുന്നു. കാട്ടുവള്ളികൾ കൊണ്ട് കൂട്ടിക്കെട്ടിയ അതിൽ പിടിച്ച് അനായാസം മറുകര പറ്റി. തെല്ലിട നടന്നപ്പോൾ അല്പം ജനവാസം ഉള്ളതായി തോന്നി. ചെറിയ കൈവഴികൾ പല ഭാഗത്തോട്ടും പിരിഞ്ഞു പോകുന്നതു കണ്ടു. വഴിയരികിൽ കൂനിക്കൂട്ടി ഇരുന്നിരുന്ന ഒരുവ നോട് വിവരങ്ങൾ ആരാഞ്ഞപ്പോൾ അവൻ കൈ മലർത്തി. യാത്ര വ്യർത്ഥമാകുകയാണോ? പണ്ഡിറ്റ് ജി യെ കാണുകയെന്നതും തിരികെ പഴയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരികയെന്നതും ഒരു മരീചികയായി തുടരുമോ?
മുന്നിൽ തെളിഞ്ഞു കണ്ട ഒരു കൈവഴി ഞങ്ങളെ നയിച്ചത് ഓലമേഞ്ഞ മൺപുരയിലേക്കാണ്. അവിടെ മുറ്റത്ത് ചടഞ്ഞുകൂടി ഇരുന്ന് ഒരു സ്ത്രീ പനമ്പട്ട വെട്ടിയൊതുക്കുന്നു. ഞങ്ങളെ കണ്ടതും അവൾ ചെയ്തിരുന്ന വേല നിറുത്തി ഭയഭക്തി ബഹുമാനങ്ങളോടെ എഴുന്നേറ്റ് നിന്നു. അവരോട് നാരായണൻ ആ പ്രദേശത്ത് അടുത്ത കാലത്ത് വന്ന് താമസിക്കുന്നവരെക്കുറിച്ച് അന്വേഷിച്ചു. അല്പനേരത്തെ പ്രയത്നത്തിനു ശേഷം അവർ മൂന്നോളം പേരെക്കുറിച്ച് പറഞ്ഞു. അതിൽ നിന്നും ഏകദേശം പണ്ഡിറ്റ് ജിയോട് ചേർന്നു പോകുന്ന ഒരാളുടെ താമസസ്ഥലം ചോദിച്ചപ്പോൾ അത് വ്യക്തമായി ആ സ്ത്രീ പറഞ്ഞു തന്നു. ഏറെ ദൂരമില്ല. അടുത്താണ്. കാൽപാദത്തിലൂടെ കയറി കാൽ വണ്ണയിൽ പിടിമുറുക്കിയ ക്ഷുദ്രജീവികളെ തൂത്തെറിഞ്ഞ് യാത്ര. ഈശ്വരാ കർമ്മബന്ധങ്ങളിലെ ഏതു ചരടാണ് എന്നെ ഇവ്വിധം നടത്തുന്നത്. തീർത്തും പരിഷ്കൃതമായ ഒരിടത്തു നിന്നും ഇവിടേക്ക് എന്നെ എത്തിച്ചത് എന്തിനാണ്?
ആലോചനയിലാണ്ട എന്നെ ഉണർത്തിയത് നാരായണനാണ്. അവൻ കൈ ചൂണ്ടിയ ഇടത്തേക്ക് ഞാൻ നോക്കി. മുളങ്കമ്പുകൾ മെടഞ്ഞ് വേലി കെട്ടിത്തിരിച്ച ഒരു ഓല മേഞ്ഞ മൺ വീട്. ആ വീടിന് തണവു പടർത്തി വലിയൊരാൽമരം നിൽക്കുന്നു. സദാ ഇളകിയാടുന്ന ആൽമരത്തിലെ ആലിലകൾ .അവയത്രയും വഹിച്ചു ദൃഢഗാത്രനായ തറവാട്ടുകാരണവരെ പോലെ ഘനാലസനായി നിലകൊള്ളുന്ന തായ്തടി . മുൾവേലി തുറന്ന് ഞങ്ങൾ അകത്തു കയറി. വൃത്തിയും മനോഹാരിതവും തുളുമ്പുന്ന വീടും പരിസരവും. ഗതകാലത്തെ ഒരാശ്രമമുറ്റത്തെത്തിയ അപൂർവ ഒരനുഭൂതി. പല ജാതി പൂക്കളുടെ നിറഭേദങ്ങൾ കാണുന്നിടത്തെല്ലാം ദൃശ്യമാകുന്ന പൂന്തോട്ടം. അതിൻ്റെ ഒരു കോണിൽ മണ്ണിളക്കുകയായിരുന്ന കറുത്തു മെല്ലിച്ച കിഴവൻ ഞങ്ങളെക്കണ്ട് പണി നിറുത്തി ചുറുചുറുക്കോടെ ഓടി വന്നു. പണ്ഡിറ്റ് ജി യെ കുറിച്ച് അയാളോട് അറിയാവുന്നപോലെ ആരാഞ്ഞു ചുളിവുകൾ ഏറി വരുന്ന ആ പകച്ച മുഖം ശ്രദ്ധിച്ച ഞാൻ ഒന്ന് നിശ്ചയിച്ചു. ഇല്ല പണ്ഡിറ്റ്ജിയെ ഇദ്ധേഹത്തിനും നിശ്ചയമുണ്ടാകാൻ വഴിയില്ല. തളർച്ച കാലിൻ്റെ പെരുവിരലിനറ്റം വരെ നീണ്ടു. വ്യാപിച്ചു. മെല്ലിച്ച കിഴവൻ കൊണ്ടുവന്ന വെള്ളം കൊണ്ട് മുഖം കഴുകി . കുളിർന്ന ആ ജലം മതിവരുവോളം കുടിച്ചു.
“പേരെന്താ നിങ്ങടെ?”
“വെള്ളയ്യ.
വെള്ളയ്യ മോണ കാട്ടിച്ചിരിച്ചു. വെറുതെ ഒരവസാന ശ്രമമെന്നോണം ഞാൻ ഫോൺ എടുത്ത് പണ്ഡിറ്റ് ജിയും ഞാനുമൊക്കെയുള്ള ഒരു കമ്പനി ഫോട്ടോയിൽ നിന്നും അദ്ധേഹത്തിൻ്റെ മുഖം വലുതാക്കി വെള്ളയ്യയെ വിളിച്ച് കാണിച്ചു. അല്പനേരം കൗതുകത്തോടെ ആ ഫോട്ടോ നോക്കി തെല്ലു വിസ്മയത്തോടെ പറഞ്ഞു.
“ഇത് സ്വാമി ഇന്ത വീട്ടിലെ ആള്. നമ്മ ഊരിലെ സ്വാമിയാരല്ലയോ”
എൻ്റെ ഹൃദയം തുടി കൊട്ടി. പൊടുന്നനെ ഞാൻ എഴുന്നേറ്റു. ആകാംക്ഷയോടെ ചോദിച്ചു.
“സ്വാമിയാര് എവിടെ?“
വെള്ളയ്യ പുഴങ്കരയിലേക്ക് വിരൽ ചൂണ്ടി. അപ്പോൾ നേരം സായാഹ്നമാകാൻ തുടങ്ങുകയായിരുന്നു. പുഴങ്കരയിലൂടെ ഞാനും നാരായണനും നടന്നു. എന്തുകൊണ്ടോ എനിക്ക് അപ്പോൾ ദുഷ്കരമായ യാത്രയുടെ ക്ഷീണം തോന്നിയില്ല. വെളുത്ത പക്ഷികൾ പുഴക്കു കുറെ ധനുസ്സിൽ നിന്നും എയ്തു വിട്ട അസ്ത്രങ്ങളെന്ന വണ്ണം ശബ്ദിച്ചു കൊണ്ട് പറന്നു പോകുന്നതു കണ്ടു. പുഴയിൽ പൂക്കളാൽ അർച്ചന ചെയ്ത് സ്നാനം ചെയ്തു വരുന്ന സ്വാമിയാര് തെല്ലിട കണ്ണുകൾ തമ്മിലിടഞ്ഞു.
പണ്ഡിറ്റ്ജി!
തുടരും...