ഭാഗം - 4
സ്വർണ്ണം ഉരുക്കിയൊഴിച്ച പോലെ തോന്നിച്ച ഉൻമേഷകരമായ സായംസന്ധ്യ. സ്വർണ്ണം പൂശിയ മരഞ്ചില്ലകളിൽ നിന്ന് കൂടണയാൻ തിരക്കുകൂട്ടി പറന്നലയുന്ന കിളികൾ. അതേ മനസ്സോടെ കൂടണയാൻ വെമ്പുന്ന പരശ്ശതം ജീവബിന്ദുവിലൊന്നായി ഞാനും. സാർത്ഥകമായ കർമ്മനിരതമായ ആദ്യ ദിനം. ഏവരും ഏറെ സഹകരണവും സമർപ്പിത മനസ്സുള്ളവരുമാണ്.
ഈയൊരു അടിത്തറയാണ് അവശ്യം വേണ്ടത്. അതിൽ നിന്നാണ് അംബരചുംബികൾ പടുത്തുയരാറുള്ളത്. ഇവിടെയും ഞങ്ങൾ വിജ്ഞാനത്തിൻ്റേയും സമ്പത്തിൻ്റെയും അംബരചുംബികൾ പടുത്തുയർത്തും. ഒപ്പം സമൂഹത്തോടുള്ള പ്രതിബദ്ധത കാര്യക്ഷമമായ സാമൂഹികസേവനകളിലൂടെ നിറവേറ്റും,വിദ്യഭ്യസവും ജോലിയുമുള്ള മക്കൾ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാതെ പിറന്നമണ്ണിൽ മാതാപിതാക്കളുടെ കൂടെത്തന്നെ ഉണ്ടാകും ഇനിയാ ലക്ഷ്യത്തിലേക്കുളള യാത്രയാണ്. ആ യാത്ര അനായാസമല്ലെന്നറിയാം .കല്ലും മുള്ളും നിറഞ്ഞ കാനനപാതയെന്ന ഗ്രാഹ്യവുമുണ്ട്. എങ്കിലും ലക്ഷ്യം നിശ്ചയിച്ചു കഴിഞ്ഞാൽ സ്വതസിദ്ധമായ പ്രവർത്തന ശൈലിയിലൂടെ നിശ്ചയിച്ചുറപ്പിച്ച ലക്ഷ്യം താണ്ടിയിരിക്കും. അതാണ് ഇന്നോളമുള്ള പ്രവർത്തന പാരമ്പര്യവും ശീലവും.. ഇനിയാ ലക്ഷ്യത്തിലേക്കുളള യാത്രയാണ്.
ഇനിയുള്ള രണ്ടു മൂന്നു ദിവസങ്ങൾ കമ്പനിയുടെ ലിസ്റ്റ് പ്രകാരം അവധിയാണ്. ആ ദിവസങ്ങൾ രാധികക്കുള്ളതാണ്. അടുത്തെവിടെങ്കിലും ഒരു ട്രിപ്പ് പോണം. വർഷാവസാനങ്ങളിൽ സ്കൂളിൽ നിന്നും സ്ഥിരം പോകുന്ന ഒരിടമുണ്ട്. ഏറെ ദൂരമില്ല. അരുവികളും വെള്ളച്ചാട്ടവും നിറഞ്ഞ ബോട്ടുസവാരിയൊക്കെ നടത്താവുന്ന ഒരിടം. അവിടം തന്നെ മതി. രാധികക്കും അതിഷ്ടമാകും. പിന്നെ ബന്ധുവീടുകൾ സന്ദർശിക്കണം. ബന്ധുവീടുകൾ സന്ദർശിക്കുന്നതിന് പ്രഥമ പരിഗണന നല്കണം. കലശലായ സങ്കോചമുണ്ട്. പരിഭവത്തിൻ്റേയും പിണക്കത്തിൻ്റേയും മഞ്ഞുരുക്കണം. കണ്ണികൾ എല്ലാം പൊട്ടിച്ചെറിഞ്ഞ്, ഇനിയൊരു തിരിച്ചു വരവില്ലെന്നുറപ്പിച്ച്, വർഷങ്ങൾ നീണ്ട ഒളിച്ചോട്ടമായിരുന്നല്ലോ? ഞാൻ തന്നെ സ്വയം നിശ്ചയിച്ച ഭൂമികയിലേക്ക് ഉള്ള പ്രയാണം. ഞാൻ പെട്ടെന്ന് വികാരധീനനായി. കണ്ണിമയിൽ കണ്ണീരു പൊടിഞ്ഞു.
തേങ്ങാപ്പാൽ ചേർത്ത പൊടിയരി കഞ്ഞി ഇടിച്ചക്ക പൊടിതൂവലും ചക്കയും ചക്കക്കുരുവും ചേർത്ത പുഴുക്കും ചേർത്ത് കഴിക്കുമ്പോൾ ഉണ്ണിയേട്ടൻ വന്ന കാര്യം രാധിക അറിയിച്ചു. പഴയ ശീലങ്ങൾ തിരിച്ചു വരുന്നതിൽ എനിക്ക് അത്യധികം ആഹ്ളാദം തോന്നി. പണ്ടിങ്ങനെയാണ് ആഹാരക്രമം. കൂർക്കക്കാലമാകുമ്പോൾ കൂർക്ക പുഴുക്ക് അതു തന്നെ പല വിധം, കൂർക്ക പുളിങ്കറി, കൂർക്ക പരിപ്പ് കറി അങ്ങിനെ പോകും. ഇപ്പോഴിതാ എല്ലാം ചക്കമയം. ഉണ്ണിയേട്ടൻ വന്ന് ഏറെ നേരം ഇരുന്ന് സംസാരിച്ചതും പിന്നീട് ചക്കയിട്ടു തന്നതും കുറെ വീട്ടിലേക്ക് കൊണ്ടു പോയതുമെല്ലാം രാധിക വിശദീകരിച്ചു. തികച്ചും ഗ്രാമീണനായ ഉണ്ണിയേട്ടൻ എത്ര സ്ഫുടമായും അനായാസമായാണ് ഇംഗ്ലീഷ് സംസാരിക്കുന്നതെന്ന് പറഞ്ഞ് അവൾ വിസ്മയം പൂണ്ടു. ഒപ്പം ഉണ്ണിയേട്ടൻ്റ മുഖം ഒരു ഭാഗം കരുവാളിച്ചിരിക്കുന്നതിൻ്റെ കാരണവും അവൾ ആരാഞ്ഞു. അച്ഛൻ്റെ മൂത്ത പെങ്ങളുടെ മകനായ ഉണ്ണിയേട്ടൻ. ഏട്ടനെക്കുറിച്ച് ഇവൾക്കെന്തറിയാം. കഥകളുടെ സാഗരമായ ഉണ്ണിയേട്ടൻ. അസാമാന്യ ധൈര്യം കൈമുതലായ ഉണ്ണിയേട്ടൻ കുഞ്ഞുനാളിലെ വീരപുരുഷനായിരുന്നു. കുളത്തിലെ ആഴങ്ങളിൽ മുതലക്കുപ്പ് നടത്താനും മാനം മുട്ടെ ഉയർന്ന് പടർന്നു പന്തലിച്ച പച്ചച്ചെമ്പക മരത്തിലെ ചെമ്പകക്കുലകൾ പറിക്കാനും കശുമാവിൻ തോപ്പിൽ മരഞ്ചില്ലയിൽ ഞാന്നു കിടന്ന് മാങ്ങാ പറിക്കാനും എൻ്റെ അറിവിൽ അന്ന് ഉണ്ണിയേട്ടനെ ഉണ്ടായിരുന്നുള്ളൂ. ദേശത്തെ ആദ്യത്തെ സർട്ടിഫൈഡ് എഞ്ചിനീയറും ഉണ്ണിയേട്ടന്നായിരുന്നു. പഴയ കാലത്തെ ഡിപ്ലോമാ എഞ്ചിനീയറിങ്ങ് ഒന്നാന്തരമായി പാസായി കേന്ദ്ര ഗവൺമെൻ്റിൻ്റെ എഞ്ചിനീയറിങ് ബിരുദത്തിനു തുല്യമായ കഠിനമായ കോഴ്സും മികച്ച രീതിയിൽ വിജയിച്ച ഉണ്ണിയേട്ടൻ. ഒരിക്കൽ ഉന്നത ഉദ്യോഗത്തിനായുള്ള പ്രവേശന പരീക്ഷ മികച്ച റാങ്കോടെ വിജയിച്ച് ജോലി കിട്ടുമെന്ന് ഉറപ്പാക്കി മുഖാമുഖത്തിന് പോയതായിരുന്നു. ബോർഡിൻ്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറഞ്ഞ് തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു ഏട്ടൻ. എന്നാൽ അവർ പോകാൻ നേരം ചോദിച്ച ഒരു ചോദ്യം കാര്യങ്ങൾ തകിടം മറിച്ചു. സാമ്പത്തികം തരാൻ തയ്യാറുണ്ടോ? ഉണ്ടെങ്കിൽ ജോലി തരാം എന്നതായിരുന്നു ആ ചോദ്യം. കാപട്യമില്ലാത്ത ഉണ്ണിയേട്ടന് ആ ചോദ്യം ഉൾക്കൊള്ളാനായില്ല. അന്നോളമുള്ള ജീവിതം ഉരുക്കഴിച്ചു നേടിയ എഞ്ചിനീയറിങ് സർട്ടിഫിക്കറ്റുകൾ വലിച്ചു കീറി ചോദ്യം ചോദിച്ചവരുടെ മുഖത്തോട്ട് വലിച്ചെറിഞ്ഞ് ഉണ്ണിയേട്ടൻ തിരിഞ്ഞു നോക്കാതെ പടിയിറങ്ങി. ചെയ്ത പ്രവൃത്തിയിൽ ഖേദം അന്നുമില്ല. ഇന്നുമുണ്ടെന്ന് തോന്നുന്നില്ല. പിന്നെ നാട്ടിൽ തന്നെ ഒരു ഇലക്ട്രിക് സർവ്വീസ് ഷോപ്പു തുടങ്ങി. തുടക്കകാലത്ത് നന്നായി പോയിരുന്നു. പിന്നീട് ...
ഞാൻ പറഞ്ഞു നിർത്തി. രാധിക മൂളിക്കേട്ടുകൊണ്ടിരുന്നു.
“ഉണ്ണിയേട്ടന്റെ മുഖത്തെന്താ പറ്റീത്?” അവൾ പൊടുന്നനെ ചോദിച്ചു.
“ഒരേ സമയം അറിവിന്റെയും അറിവില്ലായ്മയുടെയും ദ്വന്ദങ്ങൾ ഉൾക്കൊള്ളുന്നതാണ് ഉണ്ണിയേട്ടന്റെ ബോധം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. വൈരുധ്യങ്ങളുടെ സങ്കലനം. സാങ്കേതികവിദ്യാഭ്യാസം കുറവായ ഒരു കാലത്തു ഒരുപാട് സാധ്യതകൾ ഉണ്ണിയേട്ടന് ഉണ്ടായിരുന്നു. ഒരിടത്തുനിന്നും അത്തരം അനുഭവം ഉണ്ടായെങ്കിൽ ഇവ്വിധമാണോ പെരുമാറേണ്ടിയിരുന്നത്?
ഇനി മുഖത്തിന് പറ്റിയത് കേൾക്കണ്ടേ? വിഷുവിനൊക്കെ വലിയൊരു സഞ്ചി പടക്കങ്ങളുമായാണ് ഉണ്ണിയേട്ടൻ വരിക. ഈ ഇറയത്തിരുന്ന് രാത്രി പുലരുവോളം ഇരുന്നു പൊട്ടിക്കും. പാലക്കാടീന്നു കൊണ്ടുവരുന്ന ചെറിയ സമൂസ വലിപ്പമുള്ള ചീനിപ്പടക്കങ്ങളാണ് മെയിൻ ഐറ്റം. അതിൻ്റെ ഒരമരം. ശരീരമാസകലം വിറച്ചു പോകും. ജാലകങ്ങളിലെ കണ്ണാടിച്ചില്ലുകൾ തറമ്പും. അത്തരമൊരു പടക്കം കത്തിച്ചു വച്ച വിളക്കിൻ തിരിയിൽ കാട്ടി ദൂരേക്ക് എറിഞ്ഞ് പൊട്ടിക്കുകയായിരുന്നു ഉണ്ണിയേട്ടൻ. ഒപ്പം ഞങ്ങളും കൂടെയുണ്ട്. അങ്ങിനെ ചീനപ്പടക്കം വിളക്കിൻ തിരിയിൽ കൊളുത്തി എറിഞ്ഞ ശേഷം പ്രകമ്പനത്തിന് കാതോർത്ത് ചെവിയിൽ കൈത്തലം ചേർത്ത് നിൽക്കുസോൾ പ്രകമ്പനമില്ല. ദൂരെ ഇരുളിൽ ചീനിപ്പടക്കത്തിൻ്റെ കറുത്ത തിരി ഒന്നു കത്തിയണഞ്ഞു. തെല്ലിട നേരം ഞങ്ങൾ കാത്തു. തിരി ഒന്നു കൂടെ ജ്വലിച്ച് പിന്നെയും കെട്ടു . ഉണ്ണിയേട്ടൻ്റെ ക്ഷമ നശിച്ചു. ഞങ്ങളുടെ വിലക്കിനെ അവഗണിച്ച് മുറ്റത്തിറങ്ങി. അണഞ്ഞ ചീനിപ്പടക്കത്തിൻ്റെ അടുത്തുചെന്ന് പരിശോധിച്ചു. ഇടക്ക് കനല് മുഴുവനായും കെട്ടുപോയിട്ടില്ലാതിരുന്ന പടക്കത്തിരിയിലേക്ക്ഒന്നൂതി...
ഞാൻ എഴുന്നേറ്റു കൈ കഴുകി. ബെഡ് റൂമിലെത്തി ജനാലകൾ തുറന്നിട്ടു മരഞ്ചില്ലയുടെ മറവിനിടയിലൂടെ ഭാഗികമായി കാണുന്ന ചന്ദ്രൻ. പാൽപ്പുഴ പൊട്ടിയൊലിച്ച പോലെ പരന്നൊഴുകുന്ന സാന്ദ്രമായ തണുത്ത നിലാവ്. അതിൻ്റെ ലഹരിയിൽ, ശീതളിമയിൽ ആറാടി നിൽക്കുന്ന പ്രകൃതിയും ചരാചരങ്ങളും. ജനാലപ്പഴുതിലൂടെ നിലാവ് മുറിക്കകത്തേക്ക് പരന്നൊഴുകി. അതുൾക്കൊണ്ടു നിന്നപ്പോൾ രാധിക മുറിയിലേക്ക് വന്നതൊന്നും അറിഞ്ഞില്ല. തിരിഞ്ഞു നോക്കിയപ്പോൾ എൻ്റെ പഴയൊരു റെക്കോഡ് പുസ്തകമുണ്ട് കയ്യിൽ. നിറം പോയ പുസ്തകം.
“ദാ ഇതിലുണ്ട് ഒരു കവിത.“ അവൾ മധുരമായി പുഞ്ചിരിച്ചു
അവസാന പേജെടുത്ത് അവൾ താളത്തിൽ വായന തുടങ്ങി. കവിതയുടെ അനർഗളമായ പ്രവാഹം. തട്ടും തടവുമില്ലാതെ കവിത അവസാനിക്കുകയാണ് ഒടുവിൽ തിരി കെടുന്ന നേരത്ത് തീർത്ഥകണമായെത്തുന്നതും നീയെന്ന വരി വായിച്ചപ്പോൾ മനസ്സു പിടഞ്ഞു.
“എന്നോട് പറഞ്ഞേ പറ്റു. പ്രസിദ്ധരായ കവികൾ പോലും പ്രണയിനിയെക്കുറിച്ച് ഇമ്മാതിരി എഴുതിക്കണ്ടിട്ടില്ല. ആരാണീ പ്രണയിനി?”
അവൾ ഒരു രഹസ്യം കണ്ടുപിടിച്ചെന്നമട്ടിൽ ചോദിച്ചു. മെഷീനുകളുടെ ഇരുമ്പു ഗന്ധമുള്ള ലാബിൽ പരീക്ഷണം കഴിഞ്ഞുള്ള ഇടവേളയിൽ കുത്തിക്കുറിച്ചതാണീ കവിത. ഇതെഴുതുമ്പോൾ അരികിൽ അവളുണ്ട്. കവിളിൽ നുണകുഴികൾ വിരിഞ്ഞു തുടുത്ത ചിരിയുണ്ട് ....
ഞാൻ ആ റെക്കോഡ് പുസ്തകം വാങ്ങി മറിച്ചു നോക്കി. ഡയഗ്രങ്ങളുടെയും അക്ഷരങ്ങളുടേയും തെളിമ നഷ്ടപ്പെട്ടു പോയിരിക്കുന്നു. നിറം പോയി അരികു നഷ്ടപ്പെട്ട പുസ്തകം. പുസ്‌തകത്തെപോലെ ഞാനും. നിറം പോയ അരികു പൊടിഞ്ഞ ജീവിതം.
ചുകന്ന വാകമരങ്ങളിൽ പതിഞ്ഞ കാറ്റു വീശി. വാകമരത്തിൻ്റെ വിസ്തൃതമായ തണുത്ത തണലിൽ ചോരച്ചുവപ്പാർന്ന പൂക്കൾ ഇടതടവില്ലാതെ പൊഴിഞ്ഞു വീണു.
ഞാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു
“നമുക്കൊക്കെ ചെറുപ്പത്തിൽ ഭാവി ജീവിതപങ്കാളിയെക്കുറിച്ചൊക്കെ സങ്കൽപ്പങ്ങൾ ഉണ്ടാകില്ലേ ഞാൽ എൻ്റെ ഭാവി വധുവിനെ മനസ്സിൽ കണ്ട് എഴുതിയതാണിത്”.
“ഓഹോ ഭാവി വധു. അതിപ്പോൾ ഞാൻ തന്നെയാണല്ലോ! എന്നെകുറിച്ചാണല്ലോ കവിത. ഈ കവിത കേട്ടാൽ ആരും പ്രണയത്തിൽ വീണുപോകും.” അതും പറഞ്ഞ് അവൾ പൊട്ടിച്ചിരിച്ചു.
മുറിക്കകത്തെ നിലാവിൻ്റെ സമൃദ്ധിയിൽ ഉറങ്ങാൻ കിടന്നെങ്കിലും ഉറക്കം വന്നില്ല. മനസ്സിൽ ഒരു ഭാരം വിട്ടൊഴിയാതെ കനത്തു കിടന്നു.
(തുടരും...)