ഭാഗം - 8
സാധാരണ ജീവിതത്തിലേക്ക് മനസ്സും ശരീരവും തിരിച്ചെത്താൻ രണ്ടു മൂന്നു ദിവസമെടുത്തു. കമ്പനിയെ പുരോഗതിയിലെത്തിക്കണം. കുറെ പേർക്കു കൂടി അവസരം നല്കണം. ശ്രദ്ധയും ശ്രമവും അതു ലക്ഷ്യം വച്ചുള്ളതായി മാറി. രാധിക തിരക്കിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു.....
അന്ന് വീട്ടിൽ നിന്നും ഓഫീസിലേക്കിറങ്ങിയത് അർദ്ധ മനസോടെ ആയിരുന്നു. പുലർകാലെ രാധിക എഴുന്നേൽക്കാൻ ആയാസപ്പെടുന്നതു നോക്കുമ്പോൾ നെറ്റിയിൽ ചൂടുണ്ട്. നേരിയ വിയർപ്പു പൊടിഞ്ഞിരിക്കുന്നു. കൺതടത്തിൽ നേരിയ കറുപ്പു രാശി പടർന്നിട്ടുണ്ട്. പരിക്ഷീണഭാവം. അപ്പോൾ തന്നെ അവൾക്ക് പൂർണ്ണ വിശ്രമം തീരുമാനിച്ചു. അടുക്കളയിൽ പോയി തുളസിയിട്ട കടു കാപ്പിയും പൊടിയരിക്കഞ്ഞിയുമെല്ലാം തയ്യാറാക്കാൻ നിർദേശം കൊടുത്ത് ഒരുങ്ങി പോകാൻ തയ്യാറായി രാധികയോട് യാത്ര പറയാൻ ചെന്നപ്പോൾ അവൾ കൈ പിടിച്ചു.
“ഇന്ന് പോകണ്ട ഇവിടെ അടുത്ത് ഇരുന്നാൽ മതി”
അവൾ പറഞ്ഞു.
ഞാൻ പ്രതിസന്ധിയിലായി. ഇന്ന് വിദേശത്തു നിന്നും വരുന്ന ട്രസ്റ്റ് അംഗങ്ങളുമൊത്ത് കോൺഫറൻസുണ്ട്. അവരൊടൊപ്പം പുതിയൊരു ക്ലയിൻ്റും വരുന്നുണ്ട്. ഞങ്ങളൊടൊപ്പം നീണ്ട കാലയളിൽ ഒരു ബിസിനസ് റിലേഷൻഷിപ്പ് അവർ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് അത്ര പരിചിതമായ മേഖലയല്ല അവരുടേത് എന്നിരുന്നാലും കാര്യമായി ശ്രമിച്ചാൽ ഏറ്റെടുത്ത് വിജയകരമാക്കാനാകുമെന്ന പൂർണ്ണ വിശ്വാസമുണ്ട്. രണ്ടു ദിവസം മുൻപ് ലഭിച്ച ഇ മെയിലിൽ നിന്നും ചില സൂചനകൾ ലഭിച്ചിരുന്നു. അതു കൊണ്ടു തന്നെ ഈ ദിവസത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇതൊഴിവാക്കുന്നത് ആത്മഹത്യാപരമാണ്. വ്യക്തിപരമായും ഔദ്യോഗികപരമായും കമ്പനിയെ പുറകോട്ടടിക്കുന്നതിനു തുല്യമാകും. അല്പം സമയമെടുത്ത് വസ്തുതകളെല്ലാം രാധികയെ ധരിപ്പിച്ചു. കാര്യങ്ങൾ ഗ്രഹിച്ച അവൾ മനസ്സില്ലാ മനസ്സോടെ പോകാനനുവദിച്ചു. ഓഫീസിലേക്കുള്ള യാത്രയിലുടനീളം മനസ്സിൽ കനം തൂങ്ങി നിന്നു. രാധികയെ ആ ഒരു അവസ്ഥയിൽ ഇട്ടേച്ചു വന്നതിൽ കുറ്റബോധം തോന്നി. പക്ഷേ ഞാനും ഇക്കാര്യത്തിൽ നിസ്സഹായനായിരുന്നല്ലോ? ഇനി ചെയ്യാവുന്നത് എത്രയും വേഗം ഔദ്യോഗിക കാര്യങ്ങൾ തീർത്ത് വീടുപറ്റുക എന്നുള്ളതാണ്'. ഇന്ന് ഒരു പരിചയപ്പെടലും പൊതുവായ അവലോകന ചർച്ചയുമേ പ്രതീക്ഷിക്കുന്നുള്ളൂ. ഡീപ് ആയ ചർച്ചകൾക്ക് സമയവും തീയതിയും പിന്നീട് നിശ്ചയിച്ചാൽ മതിയാകുമെന്ന് തോന്നുന്നു. അതെല്ലാം തീരുമാനിക്കപ്പെടുക ഇന്നു തന്നെയാകുമെന്നതാണ് രാധികയുടെ അടുത്തിരിക്കാനും നോക്കാനുമെല്ലാം വിലങ്ങുതടിയായത്.
പെരുകിത്തടിക്കുന്ന ജനത്തിനും വാഹനവ്യൂഹങ്ങൾക്കുമിടയിലൂടെ നിത്യഭ്യാസിയായ ട്രപ്പീസുകളിക്കാരനെ പോലെ നാരായണൻ കാറോടിച്ചു. ഇടക്ക് വീട്ടിൽ വിളിച്ച് വിവരം തിരക്കിയപ്പോൾ രാധിക കാപ്പി കുടിച്ചെന്നും കഞ്ഞി കുടിക്കാൻ കൂട്ടാക്കുന്നില്ലെന്നുമായിരുന്നു ശാന്തയുടെ മറുപടി. തെല്ലു കഴിഞ്ഞ് നിർബന്ധിച്ച് കഞ്ഞി കുടിപ്പിക്കണമെന്ന് പറഞ്ഞ് ഫോൺ കട്ടു ചെയ്തു.
പ്രതീക്ഷിച്ച പോലെ സങ്കീർണ്ണമായില്ല കോൺഫറൻസും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ട്രസ്റ്റിയുടെ സാന്നിധ്യത്തിൽ മണിക്കൂറുകൾ നീണ്ട ചർച്ചക്കൊടുവിൽ കമ്പനിയുടെ വിശ്വാസ്യതയും പ്രതിജ്ഞാബദ്ധതയും ബോധ്യപ്പെടുത്താനായി. അതോടൊപ്പം കമ്പനിയെ പ്രതിനിധീകരിച്ചുള്ള ഓഫീസർമാരായ യുവനിരയുടെ പ്രകടനവും മികച്ചതായി . ചോദ്യങ്ങൾക്കും സംശയങ്ങൾക്കുമെല്ലാം യുക്തിഭദ്രവും അനുയോജ്യവുമായ മറുപടി നല്കാനും നിലപാടെടുക്കാനുമായി. കോൺഫറൻസ് തീർത്ത് ഓഫീസർമാർക്ക് വേണ്ട നിർദേശങ്ങൾ കൊടുത്ത് കമ്പനിയുടെ പടിക്കെട്ടിറക്കുമ്പോൾ നാലു മണി കഴിഞ്ഞിരുന്നു. നാരായണൻ കാറുമായി കാത്തു നിന്നിരുന്നു. വേണ്ട . ഈ സമയം നഗരം തിരക്കിൻ്റെ പിടിയിലമർന്നിരിക്കും .കാറിൽ പോയാൽ ട്രാഫിക് ജാമിൽ പെട്ട് നട്ടം തിരിയും .മിനിമം രണ്ടു രണ്ടര മണിക്കൂർ വേണ്ടി വരും വീടെത്താൻ. ട്രെയിനെങ്കിൽ ഏറിയാൽ മുക്കാൽ മണിക്കൂർ മതി.
പത്തു മിനിറ്റിനുള്ളിൽ സ്റ്റേഷനിലെത്തി. ടിക്കറ്റ് എടുത്ത് എന്നെ കാത്തിരുന്നാലെന്നവണ്ണം കിടന്നിരുന്ന ട്രെയിനിൽ കയറി. ഏറെ തിരക്കില്ല. സീറ്റുകൾ കാലിയായിക്കിടക്കുന്നു. ജനലരികത്തുള്ള സീറ്റിലിരുന്ന് ഫോണിലെ സന്ദേശങ്ങൾ പരിശോധിച്ചു. തിരക്കിനിടയിൽ മെസേജുകൾ ഒന്നു നോക്കാൻ പോലും കഴിഞ്ഞില്ല. രാധികക്ക് ഭേദമുണ്ട്.പൊടിയരിക്കഞ്ഞി കുടിച്ചു. ക്ഷീണം മാറി. പനിച്ചൂടു കുറഞ്ഞു. നല്ല ആശ്വാസം തോന്നുന്നുണ്ട്. ഒപ്പം ഞങ്ങൾ അടുത്തിടെ നടത്തിയ ട്രിപ്പിൻ്റെ ഫോട്ടോകൾ പങ്കുവച്ചിരിക്കുന്നു. ആഹ്ലാദത്തിന്റേതായ ആ സന്ദർഭങ്ങൾ മനസ്സിൽ കടലല പോലെ തിരതല്ലി. വിഡിയോകൾ ഡൌൺലോഡ് ചെയ്യുന്നതിനിടെ പൊടുന്നനെയാണ് ഫോൺ ഓഫായി പോയത്. ചാർജറെടുത്ത് ഫോണിൽ കുത്തി ചാർജു ചെയ്യാനായി സോക്കറ്റ് പരതുമ്പോഴാണ് മുന്നിലിരുന്ന് എന്നെ സൂക്ഷിച്ചു നോക്കുന്ന സ്ത്രീ കണ്ണിൽ പെട്ടത്. അവർക്കരികിലിരുന്ന് ഒരു പെൺകുട്ടി ബിസ്ക്കറ്റു തിന്നുന്നു. കൺതടത്തിൽ കറുപ്പു രാശി പടർന്ന് തീർത്തും പരിക്ഷീണയായ മുഖം. വെയിലേറ്റു ചുട്ടു പഴുത്ത ജനലഴിയിലൂടെ പടർന്നു പിടിച്ച് കമ്പാർട്ടുമെൻ്റിലേക്ക് തിരതല്ലുന്ന കാറ്റിൽ അലക്ഷ്യമായി പാറിപ്പറക്കുന്ന മുടി. എൻ്റെ ഓർമ്മയുടെ അടരുകളിൽ പുതുജീവൻ മുളപ്പൊട്ടി. സ്മിത എസ് നായർ .. അതെ ഇതവൾ തന്നെ. അത്ര ദീർഘമല്ലാത്ത ഒരു കാലഘട്ടം ഒരാളിൽ ഇത്രയേറെ മാറ്റം വരുത്തുമോ ? കഠിനമായ ജീവിതയാഥാർത്ഥ്യങ്ങൾ ഒരുപാട് താണ്ടിയവളെന്ന് വ്യക്തം.
“സ്മിത സ്മിത അല്ലേ ..
അവൾ തലയാട്ടി. വേർതിരിച്ചറിയാനാകാത്ത ഒരു പാട് വികാര ങ്ങളുടെ വേലിയേറ്റം അവളുടെ മുഖത്ത് കടലേറ്റം പോലെ തിരയടിച്ചു. തെല്ലിട മൗനം തളം കെട്ടി. ബിസ്കറ്റുതീർന്ന കുട്ടി ഇനിയും വേണമെന്ന് വാശി പിടിക്കുന്നു. ബാഗ് തുറന്ന് പാതി പിളർന്ന പാക്കറ്റിൽ നിന്നും ബിസ്കറ്റെടുത്ത് അവൾ കുട്ടിക്കു നേരെ നീട്ടി. കുട്ടിയുടെ ശാഠ്യം നിന്നു.
“സ്മിത ഇവിടെ? എവിടെ പോകുന്നു ? സുഖമല്ലേ ?
എൻ്റെ വാക്കുകൾ അസ്പഷ്ടമായി . പരസ്പരബന്ധമില്ലാതെ ചിതറി വീണു
അവൾ എവിടെക്കാണ് പോകുന്നതെന്നു പറഞ്ഞു.ആശ്രയം ആതുരാലയം ! അവിടെ അവളുടെ ആരാണുള്ളതെന്ന് എനിക്ക് ഊഹിക്കാം. ഞാനീ അവസ്ഥ മുൻകൂട്ടി കണ്ടിരുന്നതായിരുന്നതാണല്ലോ?
“അപ്പുവിൻ്റെ വിവാഹം…”
അവൾ മന്ത്രിക്കും പോലെ ചോദിച്ചു. അപ്പു. എന്നെ അപ്പുവെന്ന്! കേളേജിലെ പെൺകുട്ടികളിൽ ഒരാൾ മാത്രമേ എന്നെ ആ പേര് വിളിക്കുമായിരുന്നുള്ളൂ.
“കഴിഞ്ഞു. ആശ്രയം ആതുരാലയത്തിലെ ഡോക്ടറാണ്.”
അതു പറയുമ്പോൾ എൻ്റെ ശബ്ദമിടറിയോ? നേരിയ പതർച്ച അവളുടെ മുഖത്ത് ദൃശ്യമായി .പിന്നെയും ഞാൻ ഒരു പാട് ചോദിക്കാനാഞ്ഞു. വാക്കുകൾ എൻ്റെ തൊണ്ടയിൽ കുരുങ്ങിക്കിടന്നു. എത്രയോ സദസ്സിനെ വ്യക്തികളെ അഭിമുഖീകരിച്ചു ഗഹനങ്ങളായ വിഷയങ്ങൾ സംസാരിച്ചിട്ടുണ്ട്. ഇന്നോളം പതർച്ച നേരിട്ടിട്ടില്ല .പറയാനുള്ളത് വ്യക്തമായി പറയാൻ കഴിഞ്ഞിട്ടുണ്ട് അവളോട് സംസാരിക്കാനൊരുങ്ങുബോൾ വാക്കുകൾ കൈപിടിയിലൊതുങ്ങാത്ത പറവയായി പൊയ്‌പോകുന്നു ഞാനാ മുഖത്തേക്ക് ഉറ്റുനോക്കി. അവളുടെ ഒരു നോട്ടത്തിനായി ഒന്നു സംസാരിക്കാനായി ഉന്മാദിയെ പോലെ അലഞ്ഞ കോളേജിലെ നീണ്ട ഇടനാഴികൾ എനിക്കോർമ്മ വന്നു. അന്നും ധൈര്യം സംഭരിച്ച് സംസാരിക്കാനാഞ്ഞാൽ ഹൃദയം തുടികൊട്ടും .ഇന്നും. ഇപ്പോഴും കാലം ഇത്രമേൽ മാറ്റം വരുത്തിയിട്ടും ഇവളോട് രണ്ടു വാക്ക്' സംസാരിക്കാനായുമ്പോൾ ഹൃദയം പെരുമ്പറ കൊട്ടുകയാണ് .വാക്കുകൾ നേർത്ത സ്പന്ദനം ആയി മാറുകയാണ്
ചാർജു കയറിത്തുടങ്ങിയ ഫോണിൽ സന്ദേശത്തിൻ്റെ കിളിനാദം .രാധികയാണ് അവൾക്ക് വൈകീട്ടു കഴിക്കാൻ ഭാരതിലെ മസാലദോശ വേണമെന്ന് . ഞാൻ ഫോണെടുത്ത് ബാഗിൽ വച്ചു.ഇറങ്ങാറായിരിക്കുന്നു. മുക്കാൽ മണിക്കൂർ ഇത്ര വേഗം കടന്നു പോകുമെന്ന് കരുതിയില്ല. ഇവളുടെ അടുത്തിരുന്നാൽ ഇങ്ങിനെയാണ്.സമയത്തിന് ആവേഗമേറും ട്രെയിനിൻ്റെ വേഗം കുറഞ്ഞു വന്നു. ഞാൻ എഴുന്നേറ്റു. അവൾ പൊടുന്നനെ എന്നെ നോക്കി.
“ഞാൻ ഞാൻ ഇവിടെ ഇറങ്ങുകയാണ്. ഇവിടെ അടുത്താണ് വീട്.”
അവൾ മെല്ലെ തലയാട്ടി.ആ കടലാഴമൊളിപ്പിച്ച കണ്ണുകൾ സജലങ്ങളായോ?
യാന്ത്രികമായി ഞാൻ മുന്നോട്ടു നീങ്ങി. ശരീരം വിയർത്തു കുളിച്ചിരിക്കുന്നു. പൊടുന്നനെ കാറ്റു വീശിയത് ആശ്വാസമായിത്തോന്നി. ട്രെയിൻ നിന്നപ്പോൾ ഞാൻ പുറത്തിറങ്ങി. ട്രെയിൻ നീങ്ങിത്തുടങ്ങി. മുന്നോട്ട് നീങ്ങുന്ന ജാലകപ്പഴുതിലൂടെ അവളുടെ കണ്ണുകൾ എന്നെ പിൻതുടരുന്നതായി തോന്നി.
പ്ലാറ്റ്ഫോമിൽ നിന്നുമിറങ്ങി ടാക്സിക്കു വേണ്ടി പരതുമ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ തിടം വക്കുന്നതായി ഞാനറിഞ്ഞു. അതും പേറി അങ്ങിനെ വീടെത്തി .പൂമുഖത്ത് രാധികയുണ്ട്. എൻ്റെ കൈയ്യിരിക്കുന്ന ബാഗ് വാങ്ങി മുഖത്തേക്കുറ്റു നോക്കി ചോദിച്ചു.
“എന്താ മുഖം വല്ലാണ്ടിരിക്കുന്നെ .? എൻ്റെ പനിയെല്ലാം മാറി കേട്ടോ”
ഏ?
പേരിനു മാത്രം ഇലയടരുള്ള വാകപ്പൂമരത്തിൽ കാറ്റ് താളം കൊട്ടി. ചുകന്ന മേലാപ്പിട്ടപ്പോലെ വാകമരത്തിൻ്റെ പരന്ന തണലിൽ പൂക്കളുതിർന്നു
“.മാറിയോ ? ശരി..”
വസ്ത്രം മാറ്റി കുളിച്ചു വന്നതും അവൾ പറഞ്ഞു.
“ഇന്നെനിക്ക് മസാല ദോശ ഏട്ടന് ഉപ്പുമാവും പഴവും. അതു മതിയല്ലോ? “
“സോറി.. ഞാൻ മെസേജ് കാണുമ്പോഴേക്കും വീടെത്തിക്കഴിഞ്ഞു. നാളെ വരുമ്പോൾ ഇവിടെല്ലാവർക്കും മസാല ദോശ”
.ശരി ശരി വരൂ കഴിക്കാം.
ഉപ്പുമാവ് പാളയംകോടൻ പഴം ചേർത്ത് കഴിച്ചു.ഇഞ്ചി ചതച്ചിട്ട കട്ടൻ കാപ്പി കുടിച്ചു . കൈ കഴുകി മുറ്റത്തേക്കിറങ്ങി. കുറച്ച നേരം നടന്നു.പിന്നെ പോയി കിടന്നു. രാധിക അടുത്തു വന്നു കിടന്നത് അറിഞ്ഞില്ല.
“ഓഫീസിലെ കാര്യങ്ങളൊക്കെ?
“എല്ലാം നന്നായിത്തന്നെ നടന്നു.. എനിക്ക് ഉറക്കം വരുന്നു.
“ശരി ഗുഡ് നൈറ്റ്. ഞാൻ നാളെക്കൂടെ ലീവ് എടുക്കാമെന്ന് വിചാരിക്കുന്നു. ശരിക്ക് ഭേദമായിട്ട് പോയാൽ മതിയെന്ന് ....
“മതി. അതാ നല്ലത്..”
എന്റെ വാക്കുകൾ മുറിയുന്നു തൂങ്ങുന്നു
ഈശ്വരാ എനിക്കെന്താണ് പറ്റിയത്? വേഗം ഒന്നുറങ്ങിയാൽ മതി. ഒന്നുമോർക്കരുത് .ഈയൊരുറക്കത്തിലൂടെ പൂർവ്വ ജൻമ സ്മരണകളില്ലാത്ത ജൻമങ്ങളിൽ നിന്നും ജന്മാന്തരങ്ങളിലേക്ക് എന്നെ വഴി നടത്തുക. പഴുത്തുണങ്ങിയ മുറിവായിലെ പൊറ്റ അടരുന്നു അല്ല ഞാൻ ഞാൻ അത് അടർത്തുകയാണ് വീണ്ട മുറിവായിൽ നിന്നും ചോര പൊടിയുകയാണ് .അതിന്ടെ നീറ്റൽ ശരീരമാസകലം വ്യാപിക്കുന്നു…
തുടരും...