ഭാഗം - 2
തിരിഞ്ഞു നോക്കിയപ്പോൾ പുഞ്ചിരി തൂകിക്കൊണ്ട് പണ്ഡിറ്റ് ജി.
“അതെടുക്കൂ. എനിക്കൽപ്പം താങ്കളോട് സംസാരിക്കാനുണ്ട്.”
തുടർന്ന് കടലിലേക്ക് അഭിമുഖമായി ഇട്ടിരുന്ന ടേബിളിലേക്ക് കൈ ചൂണ്ടി പറഞ്ഞു.
“ഞാൻ പത്തു മിനിട്ടിനകം അവിടുണ്ടാകും.“
കടലിനെത്തഴുകി ഇരമ്പുന്ന കടൽക്കാറ്റ്. അനന്തമായ നീലരാശിക്കപ്പുറം സ്വർണ്ണം ഉരുക്കി ഒഴിച്ച് സായാഹ്ന സൂര്യൻ. അകലങ്ങളിൽ കടലിലേക്ക് വളയുന്ന വാനം ഒരു പരിചാരകൻ വന്ന് പണ്ഡിറ്റ് ജിയുടെ ഗ്ലാസ്സിൽ സിറാക് വോഡ്ക പകർന്നു. ആൽമണ്ട് ഫ്രൈയും ടർക്കി മീറ്റ്ബാളും കൊണ്ടുവച്ചു. സ്വല്പം മദ്യം കഴിച്ച് ശിവശങ്കർ എന്നെ സാകൂതം നോക്കി.
“രവി …രവിചന്ദ്രൻ … ഇവിടെ വന്നിട്ട് ഏഴു വർഷത്തോളമാകുന്നു അല്ലേ.”
“അതെ”
ഞാൻ കൗതുകത്തോടെ തലകുലുക്കി
“നാട്ടിലെവിടെയാണ് ?”
“ഏ .. പാലക്കാട്..”
പൊടുന്നനെ മനസ്സ് ഒന്നു പിടഞ്ഞു. അറ്റമില്ലാതെ നീണ്ടു കിടക്കുന്ന നെടുവരമ്പ്. വരമ്പിൽ ഇടവിട്ട് ഒറ്റപ്പെട്ട് നിൽക്കുന്ന കരിമ്പനകൾ. വെയിലേറ് കൊണ്ട് ഹരിതകം മങ്ങി പൊരിഞ്ഞ കരിമ്പനകളെ വട്ടം ചുറ്റി ഇരമ്പുന്ന വരണ്ട കാറ്റ്. ആ കാറ്റേറ്റാൽ നിറം പോയി കരിവാട് പോലാകുമെന്നു നാട്ടുകാർ പറയും ആ നെടു വരമ്പ് ചെന്നു മുട്ടുക അമ്പലത്തേക്കാണ്. ഒരു തോട് കടന്നു വേണം അമ്പലപ്പറമ്പിലേക്കു കയറാൻ. കൈത്തോടിന് കുറുകെ മരപ്പലക കെട്ടിയ തൂക്കുപാലമുണ്ട്. പൂതലിച്ച മരപ്പലക പലയിടത്തും ഇളകിപ്പോയ, ആരെങ്കിലും കയറിയാൽ ഒച്ചവയ്ക്കുന്ന അതിൽ കയറാൻ വല്ലാത്ത ഭയമായിരുന്നു. നാക്കില കീറിൽ വച്ചുനീട്ടുന്ന കുളിർന്ന ചന്ദനത്തിൻ്റെ തണവ്. നാവു തരിക്കുന്ന പുണ്യാഹം. പ്രസാദ മധുരം. എണ്ണതിരിയിൽ അഗ്നി പടർന്നു പിടിക്കുന്ന ഗന്ധം
”അപ്പു.. മകം. ഒരു പുഷ്പാഞ്ജലി”
അമ്മ പറയുകയാണ്.
“പെൺകുട്ടികളുടെ നാളാ ഏട്ടന്”. അനുജത്തിയുടെ കളിയാക്കലുകൾ .
പിന്നെ ഒരു പാട് വാകമരങ്ങൾ തണലു പടർത്തി പൂത്തു നിൽക്കുന്ന കാമ്പസ് . ചുകന്ന പൂക്കളുടെ ക്യാമ്പസ്, ഓർമയടരുകളിലെ നീറലായ കാമ്പസ്. അരുത് ഒന്നും ഓർക്കരുത് ഒന്നും..
“പഠനം കഴിഞ്ഞ് അല്പകാലമേ നാട്ടിലുണ്ടായുള്ളൂ. അല്ലേ”.
“അതേ ഇതു വരെ പോകാനൊത്തില്ല.”
ശിവശങ്കർ ശ്രുതിമധുരമായി പുഞ്ചിരിച്ചു.
“ഞാൻ ഇരുപത്തഞ്ച് വർഷമാകുന്നു. ഇവിടുത്തെ ധാരാളിത്തത്തിൻ്റെ ഒരിക്കലും ശമിക്കാത്ത തിരക്കുകൾക്കിടെ നമുക്ക് നഷ്ടപ്പെട്ടു പോകുന്ന ചിലതുണ്ട്. ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടപ്പെടലുകൾ. ആ നഷ്ടങ്ങൾക്കു പകരം വക്കാൻ മറ്റൊന്നിനുമാകില്ല ശരി ഞാൻ വളച്ചുകെട്ടില്ലാതെ ഉദ്ധേശിച്ച കാര്യം പറയാം. ഞാൻ നാട്ടിൽ ഐ.ടി. സർവ്വീസ് കമ്പനി തുടങ്ങി. ഞാൻ മാത്രം പണം മുടക്കി ചെയ്യുന്ന സംരംഭം. മണ്ണും വെള്ളവും വലിച്ചെടുത്തു വളർന്ന വൃക്ഷം ആ മണ്ണിനു വേണ്ടി തിരിച്ചെന്തെങ്കിലും നൽകേണ്ടതല്ലേ.?
എന്താണ് മറുപടി പറയേണ്ടതെന്നറിയാതെ ഞാൻ പ്രോത്സാഹന സൂചകമായി പുഞ്ചിരിച്ചു.
“രവിക്കറിയാമോ പത്തിരുപതു വർഷത്തിനുള്ളിൽ, അല്ല ഇപ്പോൾ തന്നെ ഭാഗികമായി അങ്ങിനെത്തന്നെയാണ്! കേരളത്തിലെ വീടുകളിൽ വൃദ്ധരായ മാതാപിതാക്കളെ കാണൂ. മക്കൾ ഉപേക്ഷിച്ചുപോയ മാതാപിതാക്കൾ. അങ്ങിനെ പറയുന്നത് ക്രൂരതയായി തോന്നാം. എങ്കിലും സത്യം അതല്ലേ? ആ വേദനയുടെ ആഴം അനിർവ്വചനീയമല്ലേ? നാട്ടിൽ പോയ എന്റെ ഒരു സുഹൃത്ത് പറഞ്ഞതാണ് നാട്ടിലെ ആളൊഴിഞ്ഞ വലിയ വീടുകൾ അയാളെ വല്ലാതെ ഭയപ്പെടുത്തി എന്ന്. ഞാൻ കാരണം കുറച്ചു മക്കളെങ്കിലും മാതാപിതാക്കളുടെ കൂടെ ഉണ്ടാകട്ടെ. മാതാപിതാക്കൾക്കു മക്കളെ അടുത്ത് കാണാൻ ഇട വരട്ടെ. ഇൻഫ്രാസ്ട്രക്ചർ എല്ലാം പൂർത്തിയായി വരുന്നു. ഇനി ഏറിയാൽ മൂന്നു മാസം. നമ്മുടെ കമ്പനി പ്രവർത്തനമാകും. അല്ല പ്രവർത്തനസജ്ജമാകും. ശരിയായ മലയാളമൊക്കെ എന്നിൽ നിന്നും എന്നേ നഷ്ട്ടപെട്ടു പോയിരിക്കുന്നു.”
അദ്ധേഹം നമ്മുടെ കമ്പനി എന്നു പറഞ്ഞത് എന്നെ അങ്കലാപ്പിലാക്കി. തുടർന്നു പറയുന്നത് ഞാൻ ഉത്കണ്ഠയോടെ ശ്രദ്ധിച്ചു.
“ഞാൻ നമ്മുടെ കമ്പനി എന്നു പറഞ്ഞതിൻ്റെ ആന്തരാർത്ഥങ്ങളായിരിക്കും രവി ആലോചിക്കുന്നത് അല്ലേ? ഞാൻ വളച്ചുകെട്ടില്ലാതെ പറയാം. ആ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ആയി ഞാൻ താങ്കളെയാണ് മനസ്സിൽ കണ്ടിരിക്കുന്നത്.”
ഞാനൊന്നു പതറി.
“സാർ.. ഞാൻ. എന്നെയോ ?”
“ഒന്നും മറുത്തു പറയരുത്. ഈ പദവി പൂർണ്ണമനസോടെ ഏറ്റെടുക്കണം ഞാനും ഒരു തിരിച്ചു പോക്കിൻ്റെ ആലോചനയിലാണ്. ഇതാദ്യപടിയാണ്. എന്നെ ഇവിടെത്തന്നെ പിടിച്ചു നിർത്തുന്ന ചില കെട്ടുപാടുകളുണ്ട്. അത് സാങ്കേതികം മാത്രമാണ്. ഒന്നൊന്നായി ഞാൻ അറുത്തു കളയുന്നു. അവസാന കണ്ണിയും പൊട്ടിച്ചെറിയുന്ന നാൾ, ഞാൻ തീർത്തും സ്വതന്ത്രമാകുന്ന അന്ന് എൻ്റെ മണ്ണിലേക്ക് ഞാൻ തിരിച്ചു വരും. ഒരു മടക്കത്തിൻ്റെ നേരിയ സാധ്യത പോലും പൂർണ്ണമായി ഇല്ലാതാക്കിക്കൊണ്ട്. “
പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങളുടെ സമ്മിശ്രമിശ്രണം ശിവശങ്കറിൻ്റെ മുഖത്ത് തിരതല്ലുന്നതു ഞാൻ കണ്ടു.
“വൈഫ്?”
ഡോക്ടറാണ്.. ഇവിടെ ഒരു ക്ലിനിക്കിൽ ജോലി ചെയ്യുന്നു.
“ശരി ഗുഡ്. പെട്ടെന്നൊരു പറിച്ചുനടൽ ഞാൻ ആവശ്യപ്പെടുന്നില്ല. അതത്ര എളുപ്പമാണെന്നും ഞാൻ കരുതുന്നുമില്ല. സമയമുണ്ട്. കുടുംബത്തിൽ ചർച്ച ചെയ്യുക. വേണ്ടപ്പെട്ടവരോടു സംസാരിക്കുക. രവിക്കറിയാമോ എൻ്റെ ഇന്നോളമുള്ള ജീവിതത്തിൽ ഞാൻ ഏറെ ആഹ്ളാദിച്ചത് ഈയൊരു തീരുമാനമെടുത്ത് അത് നടപ്പാക്കണമെന്ന് നിശ്ചയിച്ചപ്പോഴാണ്. എൻ്റെ ഈയൊരു തീരുമാനത്തെ താങ്കളുടെ പൂർണ്ണമായ സഹകരണവും സമർപ്പണവും കൊണ്ട് സാധൂകരിക്കുമെന്ന് വിശ്വസിക്കാൻ ആണ് എനിക്കാഗ്രഹം. ഞാനങ്ങനെ കരുതുന്നതിൽ തെറ്റില്ലല്ലോ?”
എൻ്റെ കണ്ണുകളിലേക്ക് സാകൂതം ഉറ്റുനോക്കികൊണ്ട് ശിവശങ്കർ പറഞ്ഞു.
പെട്ടെന്നൊരു മറുപടി ആവശ്യപ്പെട്ടാൽ ഇല്ല എന്നു തന്നെയാവും പറയുക. ഇങ്ങോട്ടുള്ള യാത്രക്കു മുൻപ് മനസ്സിൽ ഉറപ്പിച്ചതാണ് ഇനിയൊരു തിരിച്ചു പോക്ക് ഇല്ല എന്നുള്ളത് .എൻ്റെ ആഗ്രഹങ്ങളുടെ, സ്വപ്നങ്ങളുടെ , എൻ്റെ ജീവൻ്റെ, സർവോപരി ഞാൻ എന്ന സ്വത്വബോധത്തിന്റെ പൂർണ്ണതയുടെ ശിഥില ഭൂമികയിലേക്കിനിയില്ല. സർവ്വാദരണീയനായ ശിവശങ്കറിൻ്റെ മുഖത്തു നോക്കി പറയാൻ എന്നിക്കു വൈമുഖ്യം ഉണ്ട്. എൻ്റെ മുഖത്തുള്ള ഭാവമാറ്റങ്ങളുടെ നാനാർത്ഥങ്ങൾ മനസ്സിലാക്കിയിട്ടാവണം പണ്ഡിറ്റ് ജി തുടർന്നു.
“രവി.. താങ്കൾ ആലോചിക്കു. കമ്പനിയുടെ തലപ്പത്ത് താങ്കൾ ഉണ്ടാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇത്തരമൊരു പദ്ധതിയെക്കുറിച്ച് ആലോചിച്ചപ്പോൾ ആദ്യത്തെ തിരഞ്ഞെടുപ്പായി താങ്കളാണ് എൻ്റെ മനസ്സിലേക്കു വന്നത്. ഞാൻ നിർബന്ധിക്കുകയല്ല. ഈയൊരു വിഷയത്തിൽ നിങ്ങൾക്കു മുന്നിൽ പ്രതിബന്ധമായി തോന്നുന്ന കാര്യങ്ങൾ, എന്നാൽ ഒഴിവാക്കാൻ കഴിയുന്നതായി തോന്നുന്നെങ്കിൽ എന്നോടു പറയാo .ഞാനതിന് ഏതു വിധേനയും പ്രതിവിധി കണ്ടെത്തിയിരിക്കും.
മദ്യ ഗ്ലാസ്സ് തീർത്ത് ശിവ ശങ്കർ ചുണ്ടു തുടച്ചു.
“സാർ ഞാൻ ഏതാനും ദിവസത്തിനകം വിവരം പറയാം. ഭാര്യയോട് സംസാരിക്കണം “
“മതി.. സാവകാശം മതി.” അയാൾ എഴുന്നേറ്റു. കൈ പിടിച്ചുകുലുക്കി. പെട്ടെന്ന് യാത്ര പറഞ്ഞു പൊയ്ക്കളഞ്ഞു.
മനസ്സിനെ മഥിക്കുന്ന ചിന്തകളുമായി ആ പാർട്ടിയിൽ തുടരാൻ എനിക്കു കഴിഞ്ഞില്ല. ആശയക്കുഴപ്പം വന്നു ഗ്രസിച്ച ഞാൻ ആ വർണാഭമായ ഹാൾ വിട്ട് പുറത്തിറങ്ങി. ശിവശങ്കറിനെപ്പോലുള്ള ഒരാളോട് അപ്പോൾ തന്നെ താൽപര്യക്കുറവ് പറയേണ്ടിവരുന്നതിലെ ബുദ്ധിമുട്ടു ഒഴിവാക്കാൻ ഭാര്യയോട് സംസാരിക്കണമെന്ന് ഒരൊഴികഴിവുപോലെ പറഞ്ഞതാണെങ്കിലും നാട്ടിലേക്കുള്ള പറിച്ചുനടലിനോട് താത്പര്യം അശേഷമില്ല. രാധയോടൊന്നു സംസാരിച്ചു നോക്കാം അത്ര മാത്രം. അവൾക്കു ഈ നിർദേശം ഒട്ടും സ്വീകാര്യമായിരിക്കില്ല എന്നതുറപ്പാണ്. അവൾക്കു താല്പര്യം ഇല്ല എന്ന് പറഞ്ഞൊഴിഞ്ഞാൽ മതിയല്ലോ?ഭൗതിക സാഹചര്യങ്ങളുടെ അന്തരമല്ല ഈയൊരു ചിന്തക്കു പിന്നിൽ. അത്തരം സുഖസൗകര്യങ്ങൾക്കു പിന്നാലെ പായുന്ന ആളുമല്ല ഞാൻ. നാട്ടിലേക്കുള്ള യാത്രയെ എന്നും പുറകോട്ടു വലിപ്പിച്ചിട്ടുള്ളത് ഒന്നു മാത്രം. ഒരിക്കും ഓർക്കാൻ ഇഷ്ടപ്പെടാത്ത, അനാദിയായ മരണത്തിൻ്റെ ചിറകടിയൊച്ചകൾ എന്നെ കേൾപ്പിച്ച ആ സംഭവം. സംഭവ പരമ്പരകൾ. അതുമായി ബന്ധപ്പെട്ട വ്യക്തികൾ. ആ നാടും പുഴയും വയലും കാമ്പസും ഉൾകൊണ്ടുകിടക്കുന്ന സ്ഥാലരാശികൾ. ആ സംഭവങ്ങളുടെ ഓർമ്മ തൊട്ടുണർത്തുന്നവയാണ്. ആ നോവോർമ്മകൾ ദൈനംദിന ജീവിതത്തെ എങ്ങിനെ ബാധിക്കുമെന്നു പറയാൻ പ്രയാസമാണ്.
പൊടുന്നനെ മനസ്സിൽ എന്തോ കൊളുത്തി വലിച്ചു ലോഹ ചൂണ്ടക്കൊളുത്തിൽ കുടുങ്ങി ചോര ചിതറിയ മത്സ്യം കണക്ക് മനസ്സു പിടഞ്ഞു. അതിൻ്റെ അനുരണനമായി ഇടതു കൈത്തണ്ടയിലെ വലിയ ഞരമ്പ് തുടിച്ചു. അരുത് ഒന്നും ഓർക്കരുത് ഒന്നും അറിയരുത്….. എല്ലാം ഓർമ്മയുടെ ചാവു നിലത്തിൽ അടക്കിയവയാണ്. അവയെ ഉണർത്താൻ അനുവദിക്കരുത്.
അതു മനസ്സിലുറപ്പിച്ച് ഞാൻ എഴുനേറ്റു. കട്ടി ഗ്ലാസ്സുകൊണ്ട് നിർമ്മിച്ച വാതായനത്തിനരികിലെത്തി. നഗരത്തിലേക്ക് തുറക്കുന്ന വലിയ വാതായനങ്ങൾ. പാതി തുറന്ന ജാലകത്തിനിടയിലൂടെ ഉള്ള കാഴ്ച്ചയിൽ നിശ്ചലത എന്ന അവസ്ഥ എന്നേ കൈമോശം വന്നു പോയ നഗരത്തെ എന്നും ഞാൻ കാണുന്നു എപ്പോഴും മുന്നോട്ടു കുതിച്ചു കൊണ്ടിരിക്കുന്ന ജനസമുദ്രം . ചില്ലുശകലങ്ങൾ കൊണ്ട് പൊതിഞ്ഞ വ്യത്യസ്ത ആകാരഭംഗിയുള്ള അംബരചുംബികൾ വാനം ലക്ഷ്യമിട്ട് ഉയിർത്തു നിൽക്കുന്നു.അത്തരമൊരു അംബരചുംബിയാണ് എൻ്റെ ഓഫീസ്. അവയിൽ നിന്നുള്ള പ്രകാശ ധാരകൾ സർവ്വയിടകളിലും പ്രസരിച്ച് വജ്രംപോലെ വെട്ടിത്തിളങ്ങുന്നു. ഇടതടവില്ലാതെ മുന്നോട്ടു നീങ്ങുന്ന വാഹനങ്ങൾ .ഇവിടെ ഒന്നും തന്നെ പിന്നോട്ടില്ല. മുന്നോട്ടു മാത്രം ചിന്തിക്കുന്നവർക്കേ ഇവിടെ അതിജീവനമുള്ളൂ. നിലനിൽപ്പുള്ളൂ. ആ ഒരു ചിന്തയാണെന്നെ ഇവിടം വരെ എത്തിച്ചത്. നാട്ടിലെ സർക്കാരു സ്കൂളിലെ മരക്കാലിളകിയ ബഞ്ചിൽ നിന്നും ജനലുകൾ ദ്രവിച്ച ക്ലാസ്സ് റൂമിൽ നിന്നും തുടങ്ങിയ യാത്ര.
ഭൗതിക സാഹചര്യങ്ങളെക്കുറിച്ചോർത്ത് ഞാൻ ഒരിക്കലും ദു:ഖിച്ചിട്ടില്ല. അത്തരം സാഹചര്യങ്ങൾ നമ്മളായിത്തന്നെ കരസ്ഥമാക്കണം എന്നതായിരുന്നു ഓർമ്മ തിടം വച്ച നാൾ മുതൽ മനസ്സിൽ വേരൂന്നിയ ആദർശം.ചെറുപ്പത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ട ഒരു പ്രൈമറി ടീച്ചറുടെ മകന് ചെറിയ സ്വപ്നങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നു റെയ്നോൾസ് പേനയിൽ ഒരു ചിത്രകഥാപുസ്തകത്തിൽ ആഹ്ളാദം തിരതല്ലിയിരുന്ന സമയ സ്ഥലരാശികൾ. പിന്നീട് സ്വപ്നങ്ങൾ നക്ഷത്രങ്ങളായി വളർന്ന് പന്തലിച്ചു. പിന്നീടെപ്പോഴോ ജീവിതത്തിൻ്റെ ഒരു ഘട്ടത്തിൽ നക്ഷത്രങ്ങളെ സ്വപ്നം കാണാൻ പഠിപ്പിച്ചതാരാണ്?
“അപ്പൂ “
പതിഞ്ഞ സ്വരത്തിൽ എന്നെ വിളിക്കുന്നതാരാണ്.? പൊടുന്നനെ തിരിഞ്ഞു നോക്കി.
വിഷ്ണു!
മുഖം വെട്ടിത്തിരിച്ച് പോകാനൊരുങ്ങുമ്പോൾ അവൻ തടഞ്ഞു.
“അപ്പൂ നിന്നോട് ഞാനെന്തു തെറ്റു ചെയ്തു? നമ്മുടെ ബാച്ച് മേറ്റ്സ് എന്തു തെറ്റു ചെയ്തു. എന്താണിങ്ങിനെ?”
അവൻ്റെ മുഖത്തു നോക്കാതെ ലക്ഷ്യമില്ലാതെ കൺ പായ്ചു നിൽക്കുമ്പോൾ അവൻ കൈത്തലം ഗ്രഹിച്ചു.
“അപ്പൂ. നമ്മുടെ ബാച്ചിൻ്റെ ഗ്രൂപ്പിൽ നീ മാത്രം ഇല്ല. നിൻ്റെ നമ്പർ പോലും ആരുടെയും കൈവശമില്ല. നീയെവിടെ എന്ന് ആർക്കും അറിയില്ല. നമ്മുടെ ക്ലാസ്സിലെ കുട്ടികളുടെ കല്യാണങ്ങൾ… ഒരിടത്തു പോലും ആരും നിന്നെ കണ്ടിട്ടില്ല. ഇപ്പോൾ എത്രയോ വർഷങ്ങൾക്കു ശേഷം നിന്നെക്കാണുന്നു. നീയാകട്ടെ ആലുവാ മണപ്പുറത്തു കണ്ട പരിചയം പോലും കാണിക്കാതെ മുഖം തിരിക്കുന്നു. നാലു വർഷം ഒരുമിച്ചു കഴിഞ്ഞതല്ലേ നമ്മൾ.”
കാർമേഘം പോലെ കനം തൂങ്ങിയ എൻ്റെ മനസ്സൊന്നു അയഞ്ഞു. ഞാൻ തെല്ലു ജാള്യതയോടെ വിഷ്ണുവിനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു. വാക്കുകൾ കഷ്ടിച്ചു പുറത്തുവന്നു.
“വിഷ്ണു … ഇവിടെ?
“ഞാൻ ഈ റിസോർട്ടിൽ മെയിൻ്റനൻസ് എഞ്ചിനീയറായി ജോലി ചെയ്യുന്നു. ഐ.ടി ഫീൽഡ് ഞാൻ വിട്ടു. ഇത്രയും കാലം പഠിച്ചതൊന്നു ചെയ്യുന്നത് വേറൊന്ന്. ഏറെ കാലത്തിനുശേഷം കോർ ഫീൽഡിൽ തന്നെ വന്നു പെട്ടു എന്ന് പറയാം.
ഏറെ നാളുകൾക്ക് ശേഷം കണ്ട വിഷ്ണു ഏറെ സന്തോഷത്തോടെ സംസാരിച്ചുകൊണ്ടിരുന്നു. എല്ലാം ഞാൻ കേട്ടിരുന്നു. സതീർത്ഥ്യരെല്ലാം ഓരോ ലാവണങ്ങളിൽ ചേക്കേറിയിരിക്കുന്നു. മിക്കവരുടേയും വിവാഹം കഴിഞ്ഞ് കുടുംബ ജീവിതം നയിക്കുന്നു.
“യത്ര വിശ്വം ഭവത്യേക നീഡം“ ഇവിടെ ലോകം ഒരു പക്ഷികൂടായി മാറുന്നു. പക്ഷികൂട് പോലുള്ള ചെറിയൊരു ക്ലാസ്സ് മുറിയിൽ നിന്ന് ലോകമാകമാനം വ്യാപിച്ച എൻ്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ .എല്ലാവരും എനിക്ക് പ്രിയപ്പെട്ട കൂട്ടുകാർ. എന്നെക്കാളെറെ ഞാൻ ഇഷ്ടപ്പെട്ടവർ. ഞങ്ങൾക്ക് ഒരു തീരുമാനമുണ്ടായിരുന്നു. വർഷത്തിലൊരിക്കൽ ഒത്തുകൂടണമെന്ന്. ലോകത്തിൻ്റെ ഏതു കോണിലായായാലും എത്ര തിരക്കുപിടിച്ച ജീവിതാവസ്ഥയിലെങ്കിലും ഒരിക്കൽ ഒത്തുകൂടിയിരിക്കണം. ചോരത്തുടിപ്പാർന്ന വാകമരങ്ങളും ചുമന്ന പൂമരങ്ങളും ഇടതൂർന്ന കൗമാരസ്വപ്നങ്ങളുടെ ഭൂമികയിൽ, അവിടുത്തെ ഏതെങ്കിലും ഒരു കോണിൽ ഒത്തുകൂടണം. ഒത്തുകൂടിയിരിക്കണം തീർച്ച. പക്ഷേ അത്തരമൊരു ദൃഢനിശ്ചയത്തിന് മുൻകൈയെടുത്ത ഞാനില്ലാതെ ഇല്ല ഞാനാ ഒത്തുചേരലിൽ ഉൾപ്പെടില്ല. ഉൾപ്പെടാൻ പാടില്ല. ഒട്ടേറെ വിശേഷങ്ങൾ പറഞ്ഞ കൂട്ടത്തിൽ അവൻ ബോധപൂർവ്വം പറയാതെ പോയ ഒന്നുണ്ട്. അറിയണ്ട. എനിക്കൊന്നും തന്നെ ഇനി അറിയണ്ട. ഓർമ്മയുടെ അടരുകളിൽ നിന്നും എന്നേ പറിച്ചു മാറ്റപ്പെട്ടതാണിത്. അതുമായി ബന്ധപ്പെട്ട ഒരു വസ്തുതയും എനിക്കറിയണ്ട.
നേരം മങ്ങുന്നു ഇരുളുന്നു. വിഷ്ണു യാത്ര പറഞ്ഞ് പോയി. ഫോൺ നമ്പർ ഒന്നും നല്കിയില്ല. അവനതു ചോദിച്ചില്ല. അവനറിയാം ചോദിക്കുന്നത് ഫലം ചെയ്യില്ലെന്ന് …. വിഷ്ണു പോയി. യാത്ര പറഞ്ഞു പോകുമ്പോൾ അവൻ്റെ കണ്ണിമ നനഞ്ഞുവോ?
കടലേറ്റം പോലെ തിരതല്ലുന്ന തണുപ്പ്. കാറിൽ നിന്നിറങ്ങി കൈകൾ കൂട്ടിത്തിരുമ്മി വീടിൻ്റെ പടിക്കെട്ട് കയറി. കാറിലിരിക്കുമോൾ കനം തൂങ്ങിയ മനസ്സും കാടുകയറിയ ചിന്തകളുടെ വേലിയേറ്റുമായിരുന്നു അനുഭവിച്ചത്. നാരായണേട്ടൻ എന്തോ ചോദിച്ചെങ്കിലും നേരെ മറുപടിയൊന്നും പറഞ്ഞില്ല. അയാളെന്തു വിചാരിച്ചു കാണുമോ എന്തോ? ആ വിഷ്ണുവിനെ കാണരുതായിരുന്നു. മനസ്സ് ശ്ലഥചിന്തകളിലേക്ക് പോയത് അവനെ കണ്ടതിൽ ശേഷമാണ്. അവൻ ജോലി ചെയ്യുന്ന റിസോർട്ടിലേക്കും ഇനി പോകാനില്ല.
രാധ പകർന്നു തന്ന അല്പം ഓട്സുകഞ്ഞിയും പച്ചക്കറി സൂപ്പും കഴിച്ചു കഴിഞ്ഞപ്പോൾ ആശ്വാസം തോന്നി. തലവേദനയെന്നു പറഞ്ഞ് ഉറങ്ങാൻ കിടന്നു. തെല്ലിട കഴിഞ്ഞ് മൃദുലമായ കൈത്തലം സ്നിഗ്ധമായ ബാമിൻ്റെ ഗന്ധം പടർത്തി എൻ്റെ നെറ്റിത്തടത്തെ തലോടുന്നത് ഞാനറിഞ്ഞു. അതിൻ്റെ സുഖാലസ്യത്തിൽ എൻ്റെ കണ്ണുകൾ അടഞ്ഞു.
പുലർകാലത്തിന് പ്രതീക്ഷിച്ച കുളിരില്ല. നേരിയ ചൂടു പ്രസരിപ്പിച്ചു കൊണ്ട് സർവ്വത്തിനേയും ഉൻമേഷഭരിതനാക്കുന്ന സൂര്യനെ ജാലകപ്പഴുതിലൂടെ കണി കണ്ട് കണ്ണു തിരുമ്മി അൽപ്പനേരം കൂടെ കിടന്നു. വെളുത്ത മഞ്ഞിൻ കണങ്ങൾ പറ്റിപ്പിടിച്ച വാതായനങ്ങൾ നേർത്ത ചൂടിൽ ഉരുകിയൊലിക്കുന്ന പോലെ തോന്നി.ഒരെണ്ണഛായച്ചിത്രം പോലെ തോന്നിച്ച അതിൻ്റെ മനോഹാരിത ഉൾക്കൊള്ളുമ്പോഴായിരുന്നു വാതിൽ തുറന്ന് രാധ വന്നത്. കയ്യിൽ ഗ്രീൻ ടീ.
“തലവേദനയൊക്കെ മാറിയെന്നു തോന്നുന്നല്ലോ?”
അവൾ പുഞ്ചിരിച്ചു കൊണ്ട് ഗ്രീൻ ടീ എൻ്റെ നേരെ നീട്ടി.
“അതെ മാറി.”
ഞാൻ ഗ്രീൻ ടീ വാങ്ങി ഒരിറക്ക് കുടിച്ചു കൊണ്ട് പറഞ്ഞു.
“മാറി .. ഇപ്പോൾ യാതൊരു വേദനയുമില്ല..”
പൊടുന്നനെ തലേന്നത്തെ സംഭവങ്ങൾ മനസ്സിൽ വന്നു കയറി. ഞാൻ പറഞ്ഞു.
“ഇന്ന് ഞാൻ ഓഫീസിൽ പോകുന്നില്ല. നമുക്ക് ഒരു ഔട്ടിങ്ങിനു പോകാം. നിന്നോട് കുറെ കാര്യങ്ങൾ സംസാരിക്കാനുണ്ട്.”
അവളുടെ മുഖം വിടർന്നു. അത്തരമൊരു നിർദേശം അവൾക്ക് ഏറെ സ്വീകാര്യമെന്നു ആ മുഖം വെളിവാക്കിത്തന്നു. ക്ലിനിക്കിലെ ജോലിത്തിരക്കിൽ നിന്നും തെല്ലിട നേരം ഒരു മോചനം അവളും ആഗ്രഹിച്ചിരുന്നിരിക്കാം. പണ്ഡിറ്റ് ജി യുടെ നിർദേശം ഞാൻ മാനസികമായി തള്ളിക്കളഞ്ഞതാണ്. എന്നിരുന്നാലും വെറുതെ അവളുടെ അഭിപ്രായമാരായാം. എന്തെങ്കിലുമൊക്കെ എതിരഭിപ്രായം പറഞ്ഞ് തർക്കിക്കാം. അവളുടെ പിണക്കം കാണാൻ ഒരു രസമാണ്. പിണങ്ങുന്നതിനും ഇണങ്ങുന്നതിനും അധികം സമയം വേണ്ട. പിണക്കത്തിൻ്റെ കാലയളവ് അര മണിക്കൂർ കൂടുതൽ എടുക്കാറില്ല എന്നുള്ളതാണ് ഒരാശ്വാസം. ഉച്ചഭക്ഷണം ഓഷ്യൻ പ്രൈമിൽ ബുക്കു ചെയ്യാം. ഒന്നാന്തരം കടൽവിഭവങ്ങൾ ലഭിക്കുന്ന ഇടമാണത്. അവിടുത്തെ അന്തരീക്ഷവും ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളും ഒന്നാന്തരമാണ്.
അന്നത്തെ എല്ലാ പദ്ധതികൾക്കും പച്ചക്കൊടി കാണിച്ച് രാധ എന്ന് ഞാൻ സ്നേഹപൂർവ്വം വിളിക്കുന്ന രാധിക ഉടനെത്തന്നെ പുറത്തു പോകാൻ തയ്യാറായി വന്നു.
കടൽ കാറ്റേറ്റ് റോഡിലൂടെ ഒഴുകുന്ന കാറിൽ ഇരിക്കുന്നോൾ ചില്ലുപൊടി പോലെ പൊടിഞ്ഞ ജലകണങ്ങൾ അന്തരീക്ഷമാകെ തൂവിക്കൊണ്ടിരുന്നു. ഇവിടുത്തെ തണുപ്പ് പരിചിതമായിക്കഴിഞ്ഞിരിക്കുന്നു തുടക്കത്തിൽ ഏറെ അലോസരപ്പെടുത്തിയിരുന്നെങ്കിലും, പതുക്കെ പതുക്കെ ശരീരം ഇവിടുത്തെ കാലാവസ്ഥയോട് ഏറെ പൊരുത്തപ്പെട്ടു കഴിഞ്ഞു. രാധയും ഇവിടുത്തെ കാലാവസ്ഥയോട് യോജിച്ചു പോകുന്നുണ്ട്.അതു നല്കുന്ന ആശ്വാസംചെറുതല്ല.
ഊഷ്മളമായ ഓഷ്യൻ പ്രൈം. ബുക്കുചെയ്ത ഇരിപ്പിടത്തിലേക്കു നടക്കുന്നോൾ നേർത്ത പ്രകാശം പടർത്തുന്ന വിളക്കുകൾ സ്വർണ്ണ പ്രഭ ചൊരിഞ്ഞെന്ന പോലെ ഇമ ചിമ്മി മിഴിക്കുകയായിരുന്നു. സ്പൈസി ടുണയും സൂപ്പും അല്പാൽപ്പം കഴിച്ചു കൊണ്ടിരിക്കെ തലേന്ന് നടന്ന കാര്യങ്ങളെല്ലാം ഞാൻ രാധയെ അറിയിച്ചു. ഒന്നും പറയാതെ ചിന്താകുലയായി കാണപ്പെട്ട അവൾ ഒടുവിൽ പറഞ്ഞു.
“എല്ലാം ഏട്ടൻ്റെ ഇഷ്ടം പോലെ. ഇവിടെത്തന്നെ നിൽക്കണമെങ്കിൽ അതിനും അതല്ല നാട്ടിൽ പോയി സെറ്റിൽ ചെയ്യാനാണ് ഇഷ്ടമെങ്കിൽ അതിനും ഞാൻ തയ്യാർ. ഏട്ടൻ എവിടുണ്ടൊ അവിടെ ഞാനും ഉണ്ട്. നാട്ടിൽ എങ്കിൽ ഗോപിയങ്കിളിൻ്റെ ചാരിറ്റി ഹോസ്പിറ്റലിൽ ജോലിക്കു പോകാം. യാതൊരു പ്രശ്നവുമില്ല.”
രാധയുടെ ബന്ധത്തിലുള്ള ഗോപിനാഥൻ ഡോക്ടർ നടത്തുന്ന ചാരിറ്റി ഹോസ്പിറ്റലിനെക്കുറിച്ച് എനിക്കറിയാമായിരുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം നിമിത്തം മനസ്സും ശരീരവും തകർന്നവരുടെ ആശാ കേന്ദ്രമാണ് ആ ഹോസ്പിറ്റൽ. പലപ്പോഴും സൗജന്യമായും വളരെ ചെറിയ നിരക്കിലുമാണ് അവിടെ ചികിത്സ. നല്ല ചികിത്സാ സംവിധാനങ്ങളുമുള്ള ആ അത്ഭുത സ്ഥാപനത്തെക്കുറിച്ച് പണ്ടെപ്പോഴോ ഒരു ലേഖനം വായിച്ചതോർക്കുന്നു.
മഞ്ഞിൻ കണമുൾക്കൊണ്ട ഈറൻ കാറ്റ് .അതിൻ്റെ തണവിൽ ശരീരം കുളിരു കോരി. ഒരിക്കലും ഒരു തിരിച്ചു പോക്കില്ലെന്ന് നിശ്ചയിച്ചിടത്തേക്ക് പോകാൻ ഇപ്പോഴിതാ മനസ്സും ശരീരവും തുടികൊട്ടുന്നു. രാധയിൽ നിന്നും ഇത്തരമൊരു മറുപടി പ്രതീക്ഷിച്ചതല്ല. രാധികക്കും പോകാൻ താത്പര്യമെന്ന് വ്യക്തം. അവളും നാട്ടിലെ ജീവിതം ആഗ്രഹിക്കുന്നുണ്ട്. ഇവിടുത്തെ യാന്ത്രിക ജീവിതം അവളും മടുത്തിരിക്കുന്നു ഈശ്വരാ. എന്താണ് ഞങ്ങൾക്കായി അവിടെ കാത്തു വച്ചിരിക്കുന്നത്? എന്താണ് ഞങ്ങളെ അങ്ങോട്ട് അടുപ്പിക്കുന്നത്? കുറച്ചൊക്കെ ജീവിതത്തിൻ്റെ ഗതിവിഗതികൾ നിശ്ചയിക്കാൻ മനുഷ്യനാകുമെങ്കിൽ ജീവിതം കുറെയൊക്കെ അവനവൻ്റെ കൈപ്പിടിയിൽ ഒതുങ്ങി നിന്നേനെ ഇതുവരെ ഈയൊരു വിഷയം രാധയുമൊത്തു ചർച്ചചെയ്തിട്ടില്ല. അതിന്റെതായ ഒരു സാഹചര്യം ഒത്തുവന്നില്ല എന്ന് പറയുന്നതാകും ശരി. അപ്പോൾ ഈയൊരാഗ്രഹം അവൾ മനസ്സിലൊളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു. അതുകൊണ്ടാണല്ലോ ഗോപിനാഥൻ ഡോക്ടറെ കുറിച്ചെല്ലാം പെട്ടന്നുതന്നെ പറഞ്ഞുകളഞ്ഞത്! അഭിപ്രായം ചോദിക്കുന്നവരുടെയൊക്കെ ആഗ്രഹം നാട്ടിലേക്കു പോകണമെന്നാണ്. നാരായണേട്ടനോടൊന്നു ചോദിച്ചു നോക്കാം. ഒരു പാട് ഉയർച്ച താഴ്ചകളും ജീവിതങ്ങളും കണ്ട നാരായണേട്ടൻ! ചിലപ്പോഴൊക്കെ എനിക്കുമുന്നിൽ ഒരു മാർഗ്ഗദർശിയുടെ വിശുദ്ധവേഷം അയാൾ അണിയാറുണ്ട്
പേരറിയാ മരങ്ങൾ മഞ്ഞണിഞ്ഞു നിൽക്കുന്ന വഴിത്താരയിലൂടെ സഞ്ചരിക്കുമ്പോഴാണ് മറ്റെന്തോ സംസാരിക്കുന്നതിനിടക്ക് വിഷയം നാരായണേട്ടനെ അറിയിച്ചത്. ഉറ്റവരോ ഉടയവരോ ഇല്ലാത്ത നാരായണേട്ടൻ. ചോദ്യം കേട്ടതും ഒന്നു പതറി. അയാളുടെ താത്പര്യമില്ലായ്മ ആ മുഖത്തിൽ നിന്നും വായിച്ചെടുക്കാമായിരുന്നു. ദുരൂഹമായ എന്തോ കാരണങ്ങളാൽ അറുത്തുമാറ്റപ്പെട്ട ബന്ധങ്ങളുടെ നാടോർമ്മകൾ അയാളിൽ തിരതല്ലുന്നുണ്ടാകണം.
“ഇനി ഒരു തിരിച്ചു പോക്ക് വേണോ കുട്ട്യേ“ തെല്ലിട മൗനം തളം കെട്ടിയ നിമിഷങ്ങൾക്കു ശേഷം നാരായണേട്ടൻ പറഞ്ഞു.
പൊടുന്നനെ എൻ്റെ മുഖം മ്ലാനമായതു കണ്ട് രണ്ടു ദിവസത്തിനകം ഒന്നാലോചിച്ച് വ്യക്തമായി തീരുമാനം പറയാമെന്ന് നാരായണേട്ടൻ അറിയിച്ചു.
രണ്ടു ദിവസത്തിനകം നാരായണേട്ടൻ എനിക്കനുകൂലമായ മറുപടിയുമായിത്തന്നെ എത്തും. തീർച്ച. മറിച്ച് ചിന്തിക്കാൻ മനസ്സ് കൂട്ടാക്കുന്നില്ല. നാട്ടിലേക്കുള്ള യാത്രയിൽ ഞങ്ങളോടൊപ്പം നാരായണേട്ടൻ ഉണ്ടാകുമെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം.
ഓഫീസ് ജോലികൾ യാന്ത്രികമായി പുരോഗമിക്കുന്നു മനസാകട്ടെ ജൻമനാട്ടിലേക്കുള്ള തിരിച്ചു പോക്കിൻ്റെ ആഹ്ളാദത്താൽ തുടി കൊട്ടുന്നു മനസ്സും ശരീരവും ആ ഒരു യാദൃശ്ചികമായി കൈവന്ന യാഥാർത്ഥ്യത്തിലേക്ക് പാകപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഓഫീസ് ജോലിയിൽ വ്യാപൃതമെങ്കിലും എന്റെ ഉൾബോധം നാടെന്ന ലക്ഷ്യം ഏറെ സമയമെടുക്കാതെ അനായാസം പൂർത്തീകരിക്കാനുള്ള സമീകരണങ്ങൾ തേടുകയായിരുന്നു.
അന്നത്തെ ജോലികൾ നേരത്തെ തീർത്ത് പുറത്തിറങ്ങുമ്പോൾ മേഘങ്ങളുടെ സാന്നിദ്ധ്യമില്ലാത്ത അനന്തമായ ആകാശം അകലങ്ങളിലേക്ക് വെടിച്ചു കിടന്നിരുന്നു. നേരിയ നീല പടർന്ന ആകാശത്തിൻ്റെ വിശാലതയിലേക്ക് നോക്കി അല്പനേരം നിന്നുപോയി. വിട….. ഈ സ്വപ്ന ഭൂമികക്കും അതുൾക്കൊള്ളുന്ന നീലച്ച ആകാശങ്ങൾക്കും വിട…… എനിക്ക് വിട തരിക.
ഇവിടെയെത്തുന്ന മലയാളിയുടെ ഏറ്റവും വലിയ സ്വത്താകാൻ പോകുന്നത് വീട് ആണ്. മാസവാടകയുടെ അത്ര തന്നെ മൂല്യം വരുന്ന ബാങ്ക് പലിശ മുനിൽക്കണ്ട് ഇവിടെ ജീവിതമാരംഭിക്കുമ്പോൾ തന്നെ ഒരു വീട് ലോണിൽ സ്വന്തമാക്കും. ലോണടച്ചു തീരുമ്പോഴേക്കും വീടിൻ്റെ മൂല്യം കോടികൾ കവിഞ്ഞിരിക്കും. ഇപ്പോൾ എനിക്കു മുന്നിലുള്ള പ്രധാന തടസ്സവും നഗരത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള ഈ വീടു തന്നെയാകും. വീടിൻ്റെ ലോണടക്കമുള്ള ഒരു കൈമാറ്റം എളുപ്പമാകില്ല. താത്കാലികമായി വേരുകൾ പടർന്ന ഭൂമികയിൽ നിന്നുള്ള പറിച്ചു മാറ്റൽ തീർത്തും അനായാസകരമല്ല തന്നെ. എങ്കിലും ലക്ഷ്യം ഞാൻ നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു. ദൃഢനിശ്ചയത്തോടെ ലക്ഷ്യം നിർണ്ണയിച്ചു കഴിഞ്ഞാൽ ലോകം നമുക്കൊപ്പമെന്നല്ലേ ഒരു വിശ്വസാഹിത്യകാരൻ്റെ കാഴ്ചപ്പാട്. ഏതായാലും തത്കാലം ലോകം ഒപ്പം വേണമെന്നില്ല. ഓഫീസിലെ ഏതെങ്കിലും പണച്ചാക്കുകളോട് സംസാരിച്ചു നോക്കാം. എന്നിട്ടും ഗുണകരമായില്ലെങ്കിൽ പണ്ഡിറ്റ്ജിയെത്തന്നെ വിവരം ഗ്രഹിപ്പിക്കാം. അദ്ധേഹം വിചാരിച്ചാൽ വീടു കൈമാറ്റ പ്രക്രിയ ഒരു പുഷ്പം പറിക്കുന്ന ലാഘവത്തോടെ എനിക്ക് കൈകാര്യം ചെയ്യാനാകും.
പണ്ഡിറ്റ് ജി... പണ്ഡിറ്റ് ജിയുടെ ഔദ്യോഗിക ജീവിതം ഏവരെയും പ്രചോദിപ്പിക്കുന്നതാണ്. പാലക്കാടിലെ ഒരു കുഗ്രാമത്തിൽ ജനിച്ച് ഒരു പാട് പ്രതിബന്ധങ്ങളെയും അരക്ഷിതാവസ്ഥയെയും നേരിട്ട്, തരണം ചെയ്ത് ജീവിതവിജയത്തിൻ്റെ പടവുകൾ താണ്ടിയ വ്യക്തി. സാക്ഷരത പോലും എത്തിനോക്കിയിട്ടില്ലാത്ത കുഗ്രാമത്തിലെ നിരക്ഷരരായ അച്ഛൻ്റെയും അമ്മയുടേയും മകന് സ്വപ്നം കാണാൻ കഴിയുന്നതാണോ ഐ ഐ ടി വിദ്യഭ്യാസവും ഇപ്പോൾ നേടിയിരിക്കുന്ന സ്ഥാനവും?. അദ്ധേഹത്തിൻ്റെ ജന്മസ്ഥലത്തെ പാവപ്പെട്ട കുറെ കുട്ടികളുടെ വിദ്യഭ്യാസത്തിനായുള്ള ഒരു ട്രസ്റ്റും നിലവിലുണ്ടെന്നത് ഈയിടെയാണ് അറിഞ്ഞത്. ഒരു നാണയത്തിന് മറുപുറമെന്ന പോലെ അല്ലെങ്കിൽ പകലിന് രാത്രി പോലെ വ്യക്തി ജീവിതത്തിൽ ചില താളപ്പിഴകൾ പണ്ഡിറ്റ് ജി നേരിട്ടു. ഒരമേരിക്കൻ വനിതയെയായിരുന്നു ജീവിത പങ്കാളിയാക്കിയത്. ജീവിതത്തിൻ്റെ ഏതോ കൈവഴിയിൽ വച്ച് മുഷിഞ്ഞ വസ്ത്രം മാറുന്ന ലാഘവത്തോടെ അവർ പണ്ഡിറ്റ്ജിയെ ഉപേക്ഷിച്ചു പുതിയ ജീവിതം തേടിപ്പോയി. അത്തരമൊരു ചെയ്തിക്ക് അവരെ പ്രേരിപ്പിച്ചതെന്തെന്ന് വർഷങ്ങൾ കൂടെ കഴിഞ്ഞിട്ടും പണ്ഡിറ്റ്ജിക്ക് അറിയാൻ സാധിച്ചില്ല. ഇന്നുമറിയില്ല. യാതൊരു കാരണവും ദൃശ്യമല്ലാതിരുന്നിട്ടും വിവാഹ ജീവിതം പരാജയപ്പെട്ടത് അദ്ധേഹത്തെ വല്ലാതെ തളർത്തിയിരുന്നു. പിന്നീട് പതുക്കെ പതുക്കെ സ്വതസിദ്ധമായ മനസ്സിൻ്റെ ഉൾക്കരുത്തിൽ ആ ഒരു വല്ലാത്ത അവസ്ഥയെ അദ്ധേഹം തരണം ചെയ്തതായി എനിക്ക് തോന്നിയിരുന്നു.
വഴിത്താരക്കിരുവശവും എവിടെയൊക്കെയോ നഷ്ടപ്പെടുന്ന ചുകന്ന് പടർന്നു പിടിച്ച മേപ്പിൾ വൃക്ഷകൾ .അതിനപ്പുറം അനന്തതയിലേക്കിറങ്ങി നിൽക്കുന്ന നീല ഉൾകൊണ്ട മലകൾ.അതിൻ്റെ വെളുത്ത കിരീടം ചൂടി നിൽക്കുന്ന ശിഖരങ്ങൾ .അവയത്രയും ഉൾക്കൊണ്ടു കിടക്കുന്ന മഞ്ഞണിഞ്ഞ ഭൂമി നഷ്ടപ്പെടലിൻ്റെ നീറ്റൽ. ജീവിതത്തിൽ ഒന്നേ മനസ്സുരുകി ആഗ്രഹിച്ചിട്ടുള്ളൂ. അത് എന്നന്നേക്കുമായി നഷ്ടപ്പെട്ടു പോയി. സമൂഹത്തിൻ്റെ കാഴ്ചപ്പാടിൽ വന്നു ചേർന്ന സൗഭാഗ്യങ്ങളൊന്നും ഞാൻ ആഗ്രഹിച്ചതല്ല. നഷ്ടപ്പെടലിൻ്റെ ആഘാതത്തിൽ നിന്നും തെന്നിപ്പോയ മനസ്സിനെ വീണ്ടെടുക്കാൻ യാന്ത്രികമായി ചെയ്തു കൂട്ടിയ ചെയ്ത്തുകളുടെ ആകെത്തുകയാണിവ. യാഥാർത്യമറിഞ്ഞ് ,ഉൾക്കൊണ്ട് പാകപ്പെടുത്തിയെടുത്ത തീരുമാനങ്ങളുടെ ഫലങ്ങൾ..
പൊറ്റ ഉണങ്ങി അടർന്ന മുറിവായിൽ നിന്നും രക്തം കിനിയുന്നതിൻ്റെ നീറൽ. അരുത്. ചിന്തകളെ ആ ഇരുണ്ട മേഖലകളിലേക്ക് എന്നെത്തന്നെ നായാടാൻ വിട്ടു കൊടുക്കരുത്
അരുത്..
രുചികരമായ കാപ്പി അൽപ്പാൽപ്പം നുണഞ്ഞിറക്കുമ്പോഴാണ് ലക്ഷ്മി അക്കാര്യം പറഞ്ഞത്. ചിലപ്പോൾ ഞാൻ രാധയെ ലക്ഷ്മിയെന്നു വിളിക്കും. അവൾ ജീവിതത്തിന്റെ ഭാഗമായ ശേഷമാണ് എനിക്ക് ഐശ്വര്യം വന്നുതുടങ്ങിയതെന്നാണ് അവളുടെ അഭിപ്രായം. ഞാനും അത് സമ്മതിച്ചുകൊടുക്കാറുമുണ്ട് . അവൾ പറഞ്ഞതു കേട്ട് ഞാൻ വിസ്മയിച്ചു പോയി വീട് വാങ്ങാൻ രൂപക്ക് താത്പര്യമുണ്ടെന്ന്! രൂപയെക്കുറിച്ച് എനിക്കറിയാം. രൂപ ലക്ഷ്മിയുടെ ഒരു പഴയ കാല കൂട്ടുകാരിയാണ്. ഒന്നു രണ്ടു തവണ ഇവിടെ വന്നതായി ഓർക്കുന്നു. ജീവിതത്തിൽ ഒരേ ഒരു ലക്ഷ്യവുമായി നടക്കുന്ന ഒരുവളാണ് രൂപ. കാലിഫോണിയയിലെ ഒരു കുടുസ്സു വീട്ടിലാണ് ജീവിതം. ഏറെക്കാലമായി ഒരേ കമ്പനിയിൽ ജോലിയെടുക്കുന്നതിനാൽ കനത്ത ശമ്പളം പറ്റുന്നുണ്ടെന്നാണ് കേൾവി. അവളുടെ അച്ഛന് നാട്ടിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടുകയാണ് ഹോബി. മകൾക്ക് ഇവിടെയും. രൂപയുടെ പേര് ഡോളർ എന്നാക്കുന്നതാണ് ഉചിതമെന്ന് ഒരിക്കൽ തമാശ പറഞ്ഞപ്പോൾ രാധക്ക് ഇഷ്ടപ്പെട്ടില്ല. കൂട്ടുകാരികളോടൊക്കെ വലിയ സ്നേഹമാണ്. തിരിച്ചാ സ്നേഹം അധികം കണ്ടിട്ടുമില്ല. ഇപ്പോൾ ഞങ്ങളുടെ അടിയന്തിരാവസ്ഥ അറിഞ്ഞു കൂട്ടുകാരിയുടെ വീട് എന്തെങ്കിലും വില കുറവിൽ ലഭിക്കുമോ എന്നറിയാനുള്ള ശ്രമമാണ്.
“രാധികേ.. ഞാൻ ഉദ്ധേശിച്ച വില നിനക്കറിയാമല്ലോ അതു ലഭിച്ചാൽ മാത്രമേ വീടു വിൽക്കൂ അതിനു പറ്റിയില്ലെങ്കിൽ വീട് ഇവിടെ ഇട്ടേച്ച് പോകും. എപ്പോൾ കച്ചവടമാകുന്നോ അതു വരെ.”
അതു കേട്ട് രാധ ചിരിച്ചു കൊണ്ട് പറഞ്ഞു.
“അതേയ് ആ ഉദ്ദേശ വില തന്നെയാണ് രൂപ ഓഫർ ചെയ്തിയിരിക്കുന്നത്. ഒരു രൂപ പോലും കുറവില്ല. കൂട്ടുകാരി വേറെ ഡോളറു വേറെ. ഒരു മാസത്തിനുള്ളിൽ റെഡി ക്വാഷ് തന്ന് സെറ്റിൽ ചെയ്യാൻ അവളു റെഡിയാണ്. “
അതു കേട്ട് ഞാനൊന്നു ഞെട്ടി.
“ശരി എങ്കിൽ നമ്മൾ റഡിയാണ്.”
ഒരു തലവേദന ഒഴിഞ്ഞു പോയ സന്തോഷത്താൽ ഞാൻ പിറുപിറുത്തു.
“അവളുടെ ഹസ്ബൻഡ് എന്തെങ്കിലും കുഴപ്പം ഒപ്പിക്കുമോ?“
എൻ്റെ ചോദ്യം പകുതിക്കു മുറിച്ച് രാധ പറഞ്ഞു.
“എന്തിനാ കുഴിയെണ്ണുന്നത്? അപ്പം തിന്നാൽ പോരെ? നമ്മുടെ ഇടപാട് രൂപയുമായി മാത്രം, മറ്റാർക്കും ഇതിൽ റോളില്ല.”
കിച്ചനിൽ ജോലിയുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞ കാപ്പിപ്പാത്രവുമായി അവൾ പോയി.
മുകൾനിലയിലെ മുറിയിൽ നിന്നും ജനലഴികളിലൂടെ നോക്കുമ്പോൾ മഞ്ഞേറ്റ് നിറം പോയ റോഡുകൾ നീണ്ടു കിടക്കുന്നതു കണ്ടു. വഴിയോരത്തെ മരങ്ങളുടെ ഇലച്ചാർത്തുകളിൽ പാട പോലെ മഞ്ഞ് തൂകി നിന്നു. ശരീരത്തിലെ രോമകൂപങ്ങൾ വെളുത്ത തണുപ്പിനെ കോരിത്തരിപ്പോടെ വരവേറ്റു. കഴിഞ്ഞ വർഷത്തെ തണുപ്പിനോളം ഗാഢത ഈ വർഷമില്ലായിരുന്നെന്ന് ഞാൻ ഓർത്തെടുത്തു. ജനലിനരികെ ഒരു കസേര വലിച്ചിട്ട് ടാബ് എടുത്ത് ഇനി ചെയ്യേണ്ട കാര്യങ്ങളുടെ വിപുലമായ ഒരു പട്ടിക തയ്യാറാക്കാമെന്ന് നിശ്ചയിച്ചു. എന്തെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ കിച്ചൻ ജോലി കഴിഞ്ഞു വരുന്ന രാധ പൂരിപ്പിച്ചോളും. നാട്ടിലെ തറവാട്. അവിടെയാണ് താമസിക്കാൻ ഉദ്ധേശിക്കുന്നത്. നിലവിൽ അതു നോക്കുന്നത് അച്ഛൻ്റെ അനുജൻ ശങ്കരേട്ടനാണ്. ശങ്കരേട്ടൻ അതു വാടകക്കു കൊടുക്കുന്നതാണ് നല്ലതെന്നു പറയുമെങ്കിലും എനിക്കതു വയ്യ. അച്ഛൻ്റേയും അമ്മയുടേയും ഓർമ്മകൾ പേറുന്ന കൂടെപ്പിറപ്പുകളുടെ കളി ചിരി മുഴങ്ങിയ ആ ഭവനത്തിൽ മറ്റൊരു കുടുംബം താമസിക്കുന്നത് ചിന്തിക്കാൻ വയ്യ. താമസിക്കുന്നതു കൊണ്ട് ഒന്നുമുണ്ടായിട്ടല്ല എങ്കിലും.. ശങ്കരേട്ടൻ ആവശ്യപ്പെടുന്നതിനനുസരിച്ച് പണം അയച്ചുകൊടുക്കാറുണ്ട്. വീട് യഥാവിധി പരിപാലിക്കുന്നുണ്ടെന്നാണ് വിശ്വാസം.
ഒരുമിച്ചിരുന്ന് പച്ചമുളകും ഉള്ളിയും കീറിയിട്ട ഓട്സ് ദോശ കുറുകിയ വെജിറ്റബിൾ കറിയൊഴിച്ച് കഴിക്കുമ്പോൾ ആരുമൊന്നും മിണ്ടിയില്ല. തൻ്റേതായ മനോവ്യാപാരത്തിൻ്റെ അറിയപ്പെടാത്ത തീരങ്ങളിലേക്ക് ഊളിയിടുകയായിരുന്നു മനസ്സുകൾ.
മഞ്ഞ വിരിയിട്ട ജാലകം അടക്കാനൊരുങ്ങുമ്പോൾ പുറം ഇരുണ്ടു കറുക്കാൻ തുടങ്ങിയിരുന്നു. ആ ഇരുളിമയിലും അകലങ്ങളിൽ കൂർത്ത മുനയുള്ള ഇലകളുള്ള മരങ്ങൾ എഴുന്നു നിൽക്കുന്നതായി കണ്ടു.
അമ്മയുടെ കൂടെ,പട്ടുപാവാടയുടുത്ത അനുജത്തിയൊടൊപ്പം നെടു വരമ്പിലൂടെ നടക്കുകയാണ്. ആ വഴി കുളവും കഴിഞ്ഞ് അമ്പലത്തിൽ ചെന്നവസാനിക്കുകയാണ് .ഈറ വെള്ളം മുത്തുമണിയായ് ഉൾക്കൊണ്ട ഇലച്ചാർത്തുകൾ ഒരായിരം കുഞ്ഞു സൂര്യൻമാരായി. നിലംപറ്റെ വളർന്ന പുൽച്ചെടി നാമ്പിലെ കുഞ്ഞു സൂര്യൻമാരെ തട്ടിത്തെറിപ്പിച്ചു കൊണ്ട് ഓടുമ്പോൾ , വരമ്പിൽ വഴുക്കുണ്ട് ഓടരുതെന്ന് പറഞ്ഞു വിലക്കുകയാണ് അമ്മ. ഇലക്കീറിലെ ജൈവ സാന്ദ്രതയിൽ അലിഞ്ഞ് സുഗന്ധമുള്ള ചന്ദനവും തുളസിയിലയും . നാക്കിനെ തരിപ്പിക്കുന്ന തീർത്ഥജലം. പഴത്തുണ്ടിനൊപ്പം ശർക്കര അലിഞ്ഞു ചേർന്ന പ്രസാദ മധുരം. നെറ്റിയിലേക്ക് ആഴുന്ന ചന്ദനത്തിൻ്റെ തണവ്. അമ്മ പറയുകയാണ്
“അമ്മു. പൂരം അപ്പു മകം രണ്ടു പുഷ്പാജ്ഞലി”.
അടക്കിച്ചിരിക്കുന്ന പെങ്ങൾ.അമ്മയുടെ ശാസനയായി ഉഗ്രനോട്ടം അമ്മുവിലേക്ക്.
വീട്ടിലേക്ക്പോകുമ്പോൾ നെടും വരമ്പിൽ, തീയാളുകയാണ്.തിളച്ചുമറിയുന്ന വെയിലേറേറ്റ് വേഗം വീടെത്താൻ മനസ്സു വെമ്പുന്നു. കരിമ്പനയുടെ പനയോലകൾ വെയിൽ ചൂടുകൊണ്ടു പൊരിയുന്ന ശബ്ദം വീടെത്തും മുന്നേ അമ്മുവിനോട് പറഞ്ഞ വാക്ക് പാലിക്കണം. അമ്പലത്തിനരികിലെ പച്ചക്കുളത്തിലെ വെള്ളാമ്പലുകൾ. അവൾക്ക് ഒന്നുരണ്ടെണ്ണം പറിച്ചു കൊടുക്കാമെന്ന് പറഞ്ഞിട്ട് നാളൊരു പാടായി. അതുടനെ പറിച്ചുകൊടുക്കണം .ഇല്ലെങ്കിൽ അവൾ കരച്ചിലുതുടങ്ങും .അത് കണ്ടിരിക്കാൻ വിഷമമാണ് കരിങ്കൽ പടവുകളിൽ നിന്ന് കൈ നീട്ടി പറിച്ചെടുക്കാൻ ആവില്ല അല്പം ദൂരത്താണ് വെള്ളാമ്പലുകൾ കൂട്ടമായി ഉയിർത്തു നിലകൊള്ളുന്നത് അതു പറിക്കാനായി ആഞ്ഞപ്പോഴാണ് കരിങ്കൽ പടവിൽ നിന്നും നില തെറ്റിയത് .അമ്മയുടേയും പെങ്ങളുടേയും ആർത്തനാദം മുഴക്കങ്ങളായി ചെവിയിൽ അലയൊലി തീർക്കുന്നു. കരിങ്കല്ലിൽ അടിച്ചുവീണ കൈത്തണ്ടയിൽ നിന്നും നുരഞ്ഞു പരക്കുന്ന ചോരച്ചാലുകൾ. കരിങ്കൽപ്പടവിൽ ചോരപ്പൂക്കളം. ശ്വാസം കിട്ടുന്നില്ല. ബോധം മറയുന്നു.
കണ്ണു തുറന്നപ്പോൾ നേർത്ത തണുപ്പ് വന്നു മൂടുന്ന പോലെ തോന്നി. ശരീരമാകെ വിയർത്തു കുളിച്ചിരുന്നു. ബെഡ് ലാബിൻ്റെ അരണ്ടു മങ്ങിയ വെളിച്ചത്തിൽ രാധിക അരികെ മൂടിപ്പുതച്ചു കിടക്കുന്നതു കണ്ടു. ഇടതു കൈത്തണ്ടയിലേക്ക് സൂക്ഷിച്ചു നോക്കി. ഉണ്ട് .. ഇപ്പോഴുമുണ്ട്. മാംസ ശകലങ്ങൾ വന്നു തൂർന്നിട്ടും നികത്താനാകാത്ത ആ തടിച്ച വടു. അതെക്കുറിച്ച് രാധിക പണ്ട് എപ്പോഴോ ആരാഞ്ഞപ്പോൾ അതു ജൻമാ ഉള്ളതാണെന്ന് ഞാൻ കള്ളം പറഞ്ഞു. അവൾ അത് വിശ്വസിച്ചുവോ? അറിയില്ല. എൻ്റെ പഴയ ബാഗിൽ നിന്ന് അവൾ കണ്ടെടുത്ത കവിതകൾ... ഒരു മാധ്യമത്തിലും പ്രസിദ്ധീകരിക്കാൻ അയച്ചുകൊടുക്കാതെ സ്വകാര്യ സൂക്ഷിപ്പായി കാത്തു സൂക്ഷിച്ച കവിതകൾ. അതു വായിച്ച് , കവിതയുടെ അർത്ഥം ഗ്രഹിച്ച് അവൾ ചോദിച്ചു. ഇത്രമേൽ സ്നേഹിച്ചതാരെയെന്ന്? പഠനത്തിലും ജോലിയിലും മാത്രം താത്പര്യമുള്ള, തീർത്തും റൊമാൻ്റിക്കല്ല എന്ന് എന്നെക്കുറിച്ച് അഭിപ്രായമുള്ള രാധ വിസ്മയ മിഴികളോടെയാണ് കവിതകൾ വായിച്ചു തീർത്തത്! ഞാനെങ്ങിനെയാണ് അവളുടെ ചോദ്യത്തിന് പ്രതികരിച്ചത്? എൻ്റെ മൗനം അറിയപ്പെടാത്ത മനുഷ്യമനസ്സിൻ്റെ കാണാത്ത തീരങ്ങളായി അവൾ കരുതിയിരിക്കുമോ?
എഴുന്നേറ്റു. അല്പം ചുടുവെള്ളം കുടിച്ചു. നേരിയ തണുപ്പിൽ അതാശ്വാസമായി തോന്നിയെങ്കിലും സ്വപ്നത്തോടൊപ്പം പൊയ്പോയ ഉറക്കം അന്നു തിരിച്ചു വന്നില്ല.
ഊഷ്മളമായ ചൂട് പടർന്ന പിറ്റേന്നത്തെ ഞായറാഴ്ച ഉൻമേഷഭരിതമായിരുന്നു. വെള്ളാരങ്കലുകൾ ഉരുക്കിയൊഴിച്ച പോലെ മരഞ്ചില്ലകളിലെ മഞ്ഞിൻ്റെ അടരുകൾ അലിഞ്ഞലിഞ്ഞ് ഉരുകാൻ തുടങ്ങിയിരിക്കുന്നു. പൊടുന്നനെ കാലാവസ്ഥയിൽ വന്നു ചേർന്ന മാറ്റത്തെക്കുറിച്ച് സംസാരിക്കുമ്പോൾ രാധിക ചൂടുള്ള ഫിൽറ്റർ കാപ്പി എനിക്കായി പകർന്നു തരികയായിരുന്നു. കാപ്പി ഒരു കവിൾ കുടിച്ച് വെണ്ണ ചേർത്ത ബ്രഡ് കഴിക്കുന്നതിനിടെ രാധിക പറഞ്ഞു.
“ഇവിടുത്തെ കാലാവസ്ഥ മാറ്റത്തെക്കുറിച്ചൊന്നും ഇനി ആലോചിക്കണ്ട. എൻ്റെ ഏറ്റവും പേടി നാട്ടിലെ ഒരു വിഷയമാണ്. അതാലോചിച്ച് ഞാനിന്നലെ നേരെ ഉറങ്ങിയിട്ടുപോലുമില്ല !”
ഞാനും നേരെ ഉറങ്ങിയില്ല.
“അതെന്താ?
ഞാൻ ഒരു സ്വപ്നം കണ്ടു. പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല.”
“അല്ല എൻ്റെ പേടി ഞാൻ പറയട്ടെ? നമ്മൾ നാട്ടിൽ സെറ്റിൽ ചെയ്യുമ്പോഴേക്കും ആ മുല്ലപ്പെരിയാർ ഡാം എങ്ങാൻ തകർന്നാലോ? നൂറ് നൂറ്റിയിരുപത് വർഷം പഴക്കമുണ്ടെന്നാ പറയുന്നത്? ഞാനതിൻ്റെ ഒരു ഗ്രാഫിക് വീഡിയോ കണ്ടു. ഡാമിനെന്തെങ്കിലും സംഭവിച്ചാൽ സ്റ്റേറ്റിന്റെ ഒരുഭാഗം അറബിക്കടലിൽ പോകുമെന്നാ പറയുന്നേ. പിന്നെ ഉള്ളിലേക്കുപോകുന്ന കടലിന്റെ തിരിച്ചടി തീരത്തു വൻ തിരമാലക്കും കാരണമാകുമെന്ന് “
ഞാനൊരു മിനിറ്റ് മൗനിയായി.
“നീ പറഞ്ഞപ്പോൾ ഒരു ഭയം എനിക്കും തോന്നുന്നുണ്ട്. ഈ വിഷയം നമ്മളെ മാത്രം ബാധിക്കുന്ന വിഷയമല്ലലോ .കോടിക്കണക്കിനു ആളുകളെ നേരിട്ടുബാധിക്കുന്ന വിഷയമല്ലേ. ഭരണകൂടം എന്തെങ്കിലും സൊല്യൂഷൻ കണ്ടെത്തും എന്ന് സമാധാനിക്കുക, അല്ലാതെ ഇതൊന്നും നമ്മുടെ കൈപ്പിടിയിലൊതുങ്ങുന്ന വിഷയമല്ല.”
സ്വല്പം സമാധാനം കൈവന്ന രാധിക വിഷയം മാറ്റി. രൂപയുടെ കൈവശം പണം റെഡിയാണ്. ഈയൊരാഴ്ച വീടു കൈമാറ്റത്തിന് അവർ തയ്യാറാണ് .ലോൺ ട്രാൻസ്ഫർ ചെയ്യാനെങ്കിൽ അതിനും അതല്ല മുഴുവൻ ലോൺ തുക ബാങ്കിലടച്ച് ബാക്കി ഞങ്ങളാവശ്യപ്പെട്ട തുക കൈമാറാനെങ്കിൽ അതിനും അവർ തയ്യാറാണ്. രണ്ടാമത്തെ ഓപ്ഷനാണ് നല്ലതെന്ന് രാധിക പറഞ്ഞു. എനിക്കും അതു തന്നെയാണ് നല്ലതെന്ന് തോന്നി. ബാങ്കിലെ നടപടിക്രമങ്ങളിൽ കുടുങ്ങി സമയം കളയാൻ ഞങ്ങൾ താത്പര്യപ്പെട്ടില്ല. അങ്ങിനെ തീരുമാനിച്ച് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ തീർക്കുന്നതിനായി കമ്പനിയിൽ പോകാനൊരുങ്ങുമ്പോഴേക്കും നാരായണേട്ടൻ കാറുമായി എത്തി. പരിണിതപ്രജ്ഞായ ഡ്രൈവർ നാരായണേട്ടനിൽ മൗനം ഉറഞ്ഞുകിടക്കുന്നത് ഞാൻ അറിഞ്ഞു. എനിക്ക് വല്ലാത്ത വിമ്മിഷ്ടം അനുഭവപ്പെട്ടു. ഞാൻ പതുക്കെ വിളിച്ചു.
“നാരായണേട്ടാ എന്താ പറ്റിയേ നാരായണേട്ടാ മുഖം വല്ലാണ്ടുണ്ടല്ലോ?
നാരായണേട്ടനിൽ മൗനം അഴിഞ്ഞു. തടയിണ കെട്ടി നിർത്തിയ വെള്ളം തടയിണ പെട്ടി പ്രവഹിക്കുന്ന പോലെ നാരായണേട്ടൻ പറഞ്ഞു തുടങ്ങി. അയാൾ പറഞ്ഞത് കുറെയൊക്കെ കേട്ടു. കുറെയൊക്കെ മനസിലായി. പതിറ്റാണ്ടുകൾ മുൻപ് നാടുമായുള്ള ബന്ധം എല്ലാത്തരത്തിലും വിഛേദിച്ച് വന്നതാണ്. ഇനിയൊരു മടങ്ങിപ്പോക്കില്ല. ഇവിടെത്തന്നെ തീരണമെന്നാണ് ആഗ്രഹം. കമ്പനിയിൽ സംസാരിച്ച് തുടർന്ന് ജീവിതം മുന്നോട്ടു പോകാനുള്ള ഏർപ്പാട് ചെയ്യണം. നാരായണേട്ടൽ പറഞ്ഞതിൻ്റെ രത്നച്ചുരുക്കം അതായിരുന്നു. ഞാനൊരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു ആ തീരുമാനം. ബന്ധങ്ങൾ ഒഴിവാക്കാൻ മാത്രം ശക്തിമത്തായ കാരണങ്ങൾ എന്തായിരിക്കും? ഞാൻ കൂടുതലൊന്നും ചോദിച്ചില്ല. വേണ്ടതു ചെയ്യാമെന്നു പറഞ്ഞ് മ്ലാനമായ മനസ്സോടെ ഓഫീസിലേക്ക് കയറുമ്പോൾ എല്ലാം പറഞ്ഞു തീർന്ന ആശ്വാസഭാവം നാരായണേട്ടൻ്റെ മുഖത്തു കണ്ടു. മഴ പെയ്തു തീർന്ന് കാറൊഴിഞ്ഞ മേഘത്തിൻ്റെ തെളിമ ആ ദൃഡമായ മുഖത്ത് തിരതല്ലി.
നിന്നു തിരിയാൻ പോലുമാകാത്ത രണ്ടു മൂന്നു ദിവസങ്ങൾ.. ഏറ്റെടുത്തിരുന്ന ഉത്തരവാദിത്വത്തിൻ്റെ കടലാഴം വ്യക്തമാക്കിത്തന്ന ദിനരാത്രങ്ങൾ. രൂപയുമായി ബന്ധപ്പെട്ട ഇടപാടുകൾ സ്വയം തീർത്തു കൊള്ളാമെന്ന രാധിക പറഞ്ഞപ്പോൾ അതെനിക്ക് വലിയ ആശ്വാസമായി തോന്നി. അവൾ വിളിച്ചറിയിക്കുമ്പോൾ ഒപ്പിടാൻ മാത്രം പോയാൽ മതി. എൻ്റെ ഓഫീസിലെ തിരക്കിനെപ്പറ്റി അവൾക്കു നല്ല ധാരണയുണ്ട്.
അശ്രാന്ത പരിശ്രമങ്ങളിലൂടെ നേടിയെടുത്ത കൂറ്റൻ കോൺട്രാക്ടുകൾ കൈമാറുമ്പോൾ മനസ്സൊന്നു പിടഞ്ഞു. രാവുകൾ പകലാക്കി, ദീഘമായ കാലയളവോളം നേട്ടം നൽകുന്ന അവക്കു വേണ്ടി നടത്തിയ മാനസികവും ഭൗതികവുമായ സഞ്ചാരങ്ങൾ. ഒരു വേള കമ്പനി മേധാവി ചോദിച്ചു. തീരുമാനം ഒന്നു പുന:പരിശോധിച്ചു കൂടെന്ന്. മനസൊന്ന് പതറിപ്പോയ നിമിഷം. ഇല്ല അമ്പലമുറ്റത്തെ ആൽമരമാണ് ഞാൻ. ജൈവ സ്ഥലരാശികളെ ഉൾക്കൊണ്ട്, ജീവജലം പാനം ചെയ്ത് സർവ്വദിക്കിലും ജീവശ്വാസം പകർന്നു നല്കി തണലു പടർത്തി നിൽക്കുന്ന ആൽമരം .വേരടക്കം പിഴുതു മാറ്റപ്പെട്ട ആൽമരത്തിന് തിരിച്ചതിൻ്റെ ഭൂമികയിലേക്ക് പോയേ ഒക്കൂ. അതു കാലത്തിൻ്റെ കാവ്യനീതിയെന്നെ പറയാനാകൂ. പണ്ഡിറ്റ് ജി ആ സ്വാഭാവികമായ മാറ്റത്തിന് ഒരു നിമിത്തമായെന്നു പറയുന്നതാവും ശരി. പണ്ഡിറ്റ്ജിയല്ലെങ്കിൽ മറ്റൊരു വ്യക്തി വഴിവിളക്കായി, പ്രകാശഗോപുരമായി എനിക്കു മുന്നിൽ ഉണ്ടാകുമായിരുന്നു എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം ഇന്നല്ലെങ്കിൽ നാളെ അതുമല്ലെങ്കിൽ പട്ടടയിൽ കെട്ടടങ്ങുന്നതിനു മുൻപെങ്കിലും....
അന്തിയാവോളം നീണ്ടു പോയ കോൺഫറൻസുകൾ .. ഒരിക്കലും തീരില്ലെന്നു തോന്നിച്ച നിരന്തരമായ ചർച്ചകൾ. ഇടക്കു ബാങ്കിൽ പോയി രാധിക കരുതിവച്ചിരുന്ന പേപ്പറുകളെല്ലാം വായിച്ചു. ചില തിരുത്തലുകൾ നിർദേശിച്ചു. പിന്നെ ഒപ്പിട്ടു. ഹൃദ്യമായി ചിരിച്ചു കൊണ്ടു നിന്നിരുന്ന രൂപയുമായി സൗഹൃദം പുതുക്കി. വീട് തന്നെ നോക്കാനേൽപ്പിച്ചതാണെന്ന് കരുതണമെന്നും ഇനി ഇവിടേക്ക് എപ്പോഴെങ്കിലും താമസിക്കാനായി വരുമ്പോൾ അതിനായി വേറെ സ്ഥലം നോക്കേണ്ടതില്ലെന്നും അവർ ആത്മാർത്ഥമായി മൊഴിഞ്ഞു. ഇത്ര വലിയ സാമ്പത്തിക ഇടപാട് നടക്കുമ്പോഴും അവരുടെ ഭർത്താവിൻ്റെ സാനിദ്ധ്യം അവിടെങ്ങും കാണാത്തത് എന്നെ അത്ഭുതപ്പെടുത്തി.
ബാങ്കിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വീണ്ടും കോൺഫറൻസിലേക്ക്, അങ്ങിനെ രാവേറെ ചെന്ന് എല്ലാം തീർത്ത് ഒരിക്കലും ഉറങ്ങിക്കണ്ടിട്ടില്ലാത്ത നഗര വഴിയിലൂടെ നാരായണേട്ടൻ്റെ കൂടെ യാത്ര ചെയ്യുമ്പോൾ മനസ്സ് വിശ്രാന്തിയുടെ തീരമണഞ്ഞിരുന്നു. അധ്വാനത്തിനു ശേഷമുള്ള ആ വിശ്രാന്തി മുൻപേറെത്തവണ ഞാൻ അനുഭവിച്ചിട്ടുണ്ട്. ഉൾമുറിക്കകത്തെ നാമജപമായി ബുദ്ധിപരമായ സംവേദനക്ഷമതയെ വെല്ലുവിളിക്കുന്ന കഠിനസമസ്യകളുടെ സമീകരണം തേടിയ നീണ്ട രാപ്പകലുകൾ . ഏറെ മാനസികാദ്ധ്വാനം ആവശ്യമായി വരുന്ന സമസ്യകളുടെ പൂർത്തീകരണത്തിനു ശേഷമുള്ള മനസ്സിൻ്റെ ലാഘവം... വിശ്രാന്തി. അതിന്റെ നിസീമമായ ലഹരി .
പിറ്റേന്ന് ഉറക്കമുണർന്നപ്പോൾ നേരം ഏറെ വൈകിയിരുന്നു. നാട്ടിലേക്ക് ടിക്കറ്റു ബുക്കുചെയ്യാൻ ശ്രമിക്കുന്ന രാധികയെ അലോസരപ്പെടുത്താതെ വിവരം പറഞ്ഞ് ഒരു ലെമൺ ടീ കഴിച്ച് പുറത്തിറങ്ങി. പൊടുന്നനെ സൂര്യശകലങ്ങളുടെ ഊഷ്മളത എന്നെ വന്നു പൊതിഞ്ഞു. ആ ഊഷ്മളതയുടെ പ്രസരിപ്പ് വഴിയോരത്ത് ചുവന്നു പന്തലിച്ച ഇലച്ചാർത്തുകളിൽ പ്രതിഫലിച്ചു കണ്ടു. എല്ലാ കെട്ടുപാടിൽ നിന്നും മോചിതനായി സ്വാതന്ത്ര്യത്തിൻ്റെയും സമാധാനത്തിൻ്റേയും നിമിഷങ്ങൾ. ഈയൊരു വികാരം അടുത്ത കാലത്തൊനും അനുഭവിച്ചിട്ടില്ല. പൊയ്പോയ വർഷങ്ങളിലെ എത്രയോ സഞ്ചാരങ്ങളിലൂടെ പരിചിതമാകേണ്ട ഇവിടുത്തെ സ്ഥലരാശി പലപ്പോഴും അപരിചിതത്വത്തിൻ്റെ ഇരുണ്ട മേലാപ്പ് എടുത്തണിയാനാണ് വ്യഗ്രത കാട്ടുന്നത്. ഒരിക്കലും പിടി തരാത്ത നഗരം. എന്നാൽ ജനിച്ചു വളർന്നിടത്തെ ജൈവ രാശി പൊയ്പോയ വർഷങ്ങളിലെ അപരിചിതത്വത്തിൻ്റെ മേലാപ്പ് ഭേദിച്ച് ചിരപരിചിതങ്ങളായി ഇപ്പോഴും തുടരുന്നു. രാമ തുളസിയുടെ ഗന്ധം പടർന്നു പിടിക്കുന്ന, പച്ചച്ചെമ്പകത്തിൻ്റെ മാദക ഗന്ധം പൂണ്ട പച്ച തഴച്ച നാട്ടുവഴിയോരങ്ങൾ. ആലിൻ ചോടിനെ ശബ്ദമുഖരിതമാക്കുന്ന ഗ്രാമീണരുടെ നാട്ടുവർത്തമാനങ്ങൾ, കല്ലിൽ ഇടിച്ച് പിളർന്ന നാട്ടുമാങ്ങ ഉപ്പു കൂട്ടി ചവച്ചിറക്കുമ്പോൾ നാസാദ്വാരങ്ങളിൽ അലയടിക്കുന്ന ഗന്ധം . രുചിമുകുളങ്ങളെ തൊട്ടുണർത്തുന്ന ഗന്ധം . സന്ധ്യയുടെ അരുണിമയിൽ തിരതല്ലുന്ന കുറ്റിമുല്ലയുടെ ഗന്ധം തൊടിയുടെ മൂലയിൽ നിന്നിരുന്ന നിറയെ നാരുകളുള്ള തേൻ മാമ്പഴത്തിന്റെ അപൂർവമായ ഗന്ധം ആ മൂലയിൽ വച്ചായിരുന്നു ഒരു നാൾ സ്വർണനാഗത്തെ കണ്ടത് !അങ്ങിനെ എന്തെല്ലാം...
തിരിച്ചു വരുമ്പോൾ ശരീരത്തിൽ വിയർപ്പുപൊടിഞ്ഞിരുന്നു. വഴിയിൽ വച്ച് അനീറ്റയെ കണ്ടു. രണ്ടു മൈലുകൾക്കപ്പുറം സ്ടാബറി ഫാം നടത്തുന്ന അനീറ്റ. അവിടെ പോയാൽ അവർ ഒരു കുട്ട തരും. ഒരു ചെറിയ തുക കൊടുത്താൽ ആ കുട്ട നിറയെ എത്ര വേണമെങ്കിലും ഫലം പറിച്ചെടുക്കാം .അനീറ്റയുടെ ഭർത്താവ് റിച്ചി . ദീർഘകായനും ഗൗരവക്കാരനുമായ അയാൾ ദിവസം മുഴുവൻ എന്തെങ്കിലുമൊക്കെ പണിയെടുത്ത് ഫാമിൽ തന്നെ കാണും. അയൽപക്കമായിട്ടും ഇന്നുവരെ ആ ഫാമിൽ പോയിട്ടില്ലെന്ന് തെല്ലു വിസ്മയത്തോടെ ഞാൻ ഓർത്തു. ഏതായാലും ഇന്നു വൈകീട്ട് രാധികയെ കൂട്ടി അവിടം വരെ ഒന്നു ചെല്ലണം. അവൾക്കും അതൊരു നല്ല അനുഭവമായിരിക്കും.
ഫ്രഷ് ആയ പഴങ്ങളും നട്സും മുറിച്ചു വിതറിയ ഇളം ചൂടുള്ള ഓട്സ് കഞ്ഞി രാധികക്കൊപ്പം കഴിക്കുന്നേരം അനീറ്റയെ കണ്ട വിവരം പറഞ്ഞു. വൈകീട്ട് ഫാമിലേക്ക് പോകാൻ രാധികയും താത്പര്യം പ്രകടിപ്പിച്ചു .ഒപ്പം ടിക്കറ്റ് ലഭിച്ചെന്നും വിവരം നാട്ടിലുള്ള വേണ്ടപ്പെട്ടവരെ അറിയിച്ചെന്നും രാധിക പറഞ്ഞു. ശങ്കരേട്ടനെ അറിയിച്ചോ എന്നു ചോദിച്ചപ്പോൾ നമ്പർ കൈയ്യിൽ ഇല്ലെന്നായിരുന്നു മറുപടി. അപ്പോൾ തന്നെ ശങ്കരേട്ടനെ വിളിച്ച് വിവരം പറഞ്ഞു. ഒരന്ധാളിപ്പിൻ്റെ ,ആശ്ചര്യത്തിൻ്റെ അലയൊലി ശങ്കരേട്ടൻ്റെ വാക്കുകളിൽ പ്രകടമായി.
ഉച്ചതിരിഞ്ഞ് ലെമൺ ടീ യും പല ധാന്യങ്ങൾ അരച്ച് ചേർത്ത ബ്രഡും കഴിച്ച് ഞങ്ങൾ പുറത്തിറങ്ങി. കടും പച്ച തഴച്ച വെള്ള ഓക്കുമരങ്ങൾ ഒറ്റപ്പെട്ടു നിന്ന വഴിയോരങ്ങൾ .ആ പടർന്നു പന്തലിച്ച മരങ്ങൾ നഷ്ടപ്പെടുന്നിടത്താണ് അനീറ്റയുടെ ഫാം. അതിനുമപ്പുറം മരങ്ങളുടെ തരം മാറുകയാണ്. മേഘങ്ങളില്ലാത്ത മാനം അനന്തതയിലേക്ക് വക്രാകൃതി പൂണ്ട് വളർന്നു നിൽക്കുന്നു. വഴിയാത്രയിൽ രാധിക സംസാരിച്ചുകൊണ്ടിരുന്നു. പ്രധാനമായും നാട്ടിൽ താമസിക്കാൻ പോകുന്ന വീടിൻ്റെ വിവരങ്ങളാണ് അവൾക്കറിയേണ്ടത്. എൻ്റെ പഴയ ഓർമ്മകളുടെ അടരുകൾ ഉണർന്നു തിടം വച്ചു. പച്ച പിടിച്ച മാവും കവുങ്ങും തെങ്ങും ചുറ്റപ്പെട്ട ഒരു രണ്ടുനില വീട്. രണ്ടാം നിലയിലെ ജാലകം തുറന്നാൽ പടിപ്പുര കാണുമായിരുന്നു. നെടുങ്കണ്ടം താണ്ടി ക്ഷീണിച്ചു വരുന്ന അതിഥികളെ വീടെത്തും മുന്നെ ആ ജാലകപ്പഴുതിലൂടെ കാണാൻ കഴിയുമായിരുന്നു. ആ പടിപ്പുര പൊളിച്ചു കളഞ്ഞ് മേൽത്തരം ഗേറ്റു വച്ചെന്ന് ശങ്കരേട്ടൻ എപ്പോഴോ പറഞ്ഞത് എനിക്കോർമ്മ വന്നു. ആ പടിപ്പുര തന്നെ മതിയായിരുന്നു എന്നെനിക്കു തോന്നി. വീടിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോൾ ഓർമ്മകളുടെ ഒരു വലിയ പടലം വന്നു സ്പർശിച്ചെന്നു തോന്നി. കഥനസ്വഭാവമുള്ള വലിയൊരു പടലം. ആ പടലത്തിൻ്റെ അടരുകളിൽ ചന്ദനകളർ ഷർട്ടിട്ട് നേഴ്സറിയിലേക്കുള്ള യാത്രയുണ്ട്. സ്കൂളിൽ നിന്നും ലഭിക്കുന്ന മഞ്ഞ ഉപ്പുമാവ് പാത്രത്തിൽ പകർന്ന് കൊണ്ടുവന്ന് ഉമ്മറപ്പടിയിൽ വന്നിരുന്ന് കാക്കകൾക്ക് എറിഞ്ഞു കൊടുക്കലുണ്ട്. വെന്ത ചോറിൽ തൈരുടച്ചു ചേർത്ത് തയ്യാറാക്കുന്ന പൊതിച്ചോറ്. അതിനു കൂട്ടായി ചെറു കായ ഉപ്പേരി . വാട്ടിയ വാഴയിലയിലെ ജൈവസാന്ദ്രതയിൽ വിലയിച്ച രുചികരമായ ഗന്ധം.
ദീർഘകായനായ അച്ഛൻ്റെ കൈയ്യിൽ തൂങ്ങി പാടവരമ്പിലെ അസ്തമയം കണ്ടുള്ള യാത്ര. ഒരു നാൾ അതേ പാടവരമ്പിൽ നിന്നും ഏതാനും ആളുകൾ താങ്ങിയെടുത്തു കൊണ്ടുവന്ന അച്ഛന്റെ വിറങ്ങലിച്ച ശരീരം. മൂക്കിനു മുന്നിലേക്കൊഴുകിയ ഇരുണ്ട ചോരച്ചാലിൽ പറ്റിപ്പിടിച്ച കറുത്ത ഉറുമ്പുകൾ .
“ദാ അതല്ലേ ഫാമിൻ്റെ എൻട്രൻസ്?
“ഏ?
ഓർമ്മകളിൽ തെല്ലിട വെയിലേറുവീണു.
“ആ അതു തന്നെ”
മരപ്പലകയിൽ തീർത്ത ദിശാ സൂചി അനീറ്റാ ഫാം ഹൗസ്..അനീറ്റയിൽ നിന്നും കുട്ട വാങ്ങി ഞങ്ങൾ ഫാം ഹൗസിലേക്കിറങ്ങി. വരമ്പു കെട്ടി തഴച്ചു നിൽക്കുന്ന പച്ച പിടിച്ച സ്ട്രോബറി ചെടികൾ. വട്ടം പിടിച്ചു വളർന്ന അവയുടെ ഇലച്ചാർത്തുകൾക്കിടയിലെ ചുകന്നു തുടുത്ത പഴങ്ങൾ. വൃത്തിയായി പരിപാലിച്ചിരിക്കുന്ന അവയ്ക്കിടയിലൂടുള്ള നടത്തം ഉൻമേഷദായകമായി. അല്പനേരം കൊണ്ട് കുട്ട നിറഞ്ഞു. ചെടികളെ പരിപാലിച്ചുകൊണ്ട് നടന്നിരുന്ന റിച്ചി ഞങ്ങളെക്കണ്ട് അടുത്തേക്കു വന്നു. അയാൾ അഭിവാദ്യം ചെയ്ത് സ്ട്രോബറി പഴങ്ങളുടെ ഗുണങ്ങൾ പറയുമ്പോഴാണ് ഒരസ്വഭാവികത അനുഭവപ്പെട്ടത്. അയാൾക്ക് സ്ത്രീകളുടെ സ്വരം. മുഖത്ത് സ്ത്രൈണഭാവം.
സ്ടോബറി പഴങ്ങൾ സഞ്ചിയിലാക്കി കുട്ടയും പണവും അനീറ്റയെ ഏൽപ്പിച്ച് പുറത്തിറങ്ങുമ്പോൾ ,കുട്ടകൾ അടുക്കി വച്ചിടത്ത് രണ്ടു കുട്ടികൾ കളിക്കുന്നതു കണ്ടു. വീട്ടിലേക്ക് നടക്കുന്ന വേളയിൽ രാധിക ശബ്ദം താഴ്ത്തി പറഞ്ഞു.
“റിച്ചി ഒരു പെണ്ണാണ്...!” ഞാൻ തല കുലക്കി.
“നിനക്കീ കാര്യം മുൻപേ അറിയുമായിരുന്നോ? പിന്നെ ആ കുട്ടികൾ?”
“ഇല്ല എനിക്കറിയില്ലായിരുന്നു. കുട്ടികളെ അവരു ദത്തെടുത്തതാവും.“
കലമ്പലുണ്ടാക്കിക്കൊണ്ട് എയ്തു വിട്ട അസ്ത്രങ്ങൾ കണക്കെ ഒരു പറ്റം കിളികൾ നീലമല ലക്ഷ്യമാക്കി പറന്നു പോകുന്നതു കണ്ടു. അതിനപ്പുറം ചുകന്ന മാനം വിളറിയ മട്ടിൽ ദൃശ്യമായിരുന്നു.
ഇനിയൊരു യാത്രയയപ്പ് ചടങ്ങുണ്ടാകും .ഇനിയതേ ഈ നഗരത്തിൽ ബാക്കിയുള്ളൂ അതുകൂടി കഴിഞ്ഞാൽ മടക്കം. വീട്ടു സാധനങ്ങൾക്കെല്ലാം ഭേദപ്പെട്ട ഒരു വില അധികം നിശ്ചയിച്ച് രൂപ വാങ്ങിയത് വളരെ ആശ്വാസമായി. ഇനി ഈ വീട്ടിലുള്ളത് എൻ്റെയും രാധികയുടേയും വ്യക്തിപരമായ ചിലവ മാത്രം. എല്ലാം കൂടി ഏതാനും വലിയ ബാഗുകളിൽ ഉൾക്കൊള്ളാവുന്നവ.
യാത്രയയപ്പ് അവിസ്മരണീയമായിരുന്നു. എനിക്കായി ഒരിടം ആ കമ്പനിയിൽ എന്നുമുണ്ടാകുമെന്ന് മേധാവി പറഞ്ഞപ്പോൾ കണ്ണിൽ തെല്ലിട നനവൂറി. ഇല്ല ഇനിയൊരു തിരിച്ചുവരവില്ല. മനസ്സു പറഞ്ഞു.
പണ്ഡിറ്റ് ജി യുടെ കൂടെ ക്യാബിനിൽ പോയിരുന്ന് ഏറെ നേരം സംസാരിച്ചു. മനസ്സിൽ ചില സംശയങ്ങളുടെ നൂലിഴകൾ കെട്ടുപിണഞ്ഞു കിടന്നിരുന്നു. അവയുടെ കെട്ടുപാടുകൾ എല്ലാം പണ്ഡിറ്റ് ജി തീർത്തു തന്നു. മനസ്സ് സമാധാനത്തിൻ്റെ തീരമണിഞ്ഞു. ഏറെ സാധ്യതകളുള്ള ഏറെ അധികാരമുള്ള ലാവണത്തേക്കാണ് എൻ്റെ പുതിയ നിയോഗം. നടപ്പാക്കേണ്ട പദ്ധതികളുടെ രേഖാചിത്രം എനിക്കു മുന്നിൽ അനാവൃതമായി. അപ്ഡേറ്റുകൾ നിരന്തരം അറിയിച്ചു കൊള്ളാമെന്ന് പണ്ഡിറ്റ് ജി ഉറപ്പു നല്കി. പണ്ഡിറ്റ് ജിയുടെ കാബിനിൽ നിന്നും ഇറങ്ങുമ്പോൾ അദ്ധേഹത്തിൻ്റെ മുഖത്ത് നിശ്ചയത്തിൻ്റെ ദാർഢ്യതയും അലയില്ലാ കടലിൻ്റെ ശാന്തതയും പ്രകടമായിരുന്നു. ഏവരുടേയും ആശംസകൾ ഉൾക്കൊണ്ട് പുറത്തു കടന്നു. നാരായണേട്ടൻ്റെ കൂടെ കാറിൽ തിരിക്കുമ്പോൾ മനസ്സിൽ എന്തിനെന്നറിയാത്ത വിങ്ങൽ തളം കെട്ടി നിന്നു. വീണ്ടും .. യാത്ര.
(തുടരും...)