ഭാഗം - 3
താക്കോൽക്കൂട്ടം രൂപയെ ഏൽപ്പിച്ച് പടിക്കെട്ടിറങ്ങുമ്പോൾ രാധിക അവൾ പരിപാലിച്ച് പോന്നിരുന്ന വിവിധ നിറത്തിലുള്ള ഓർക്കിഡ് പൂക്കളുടെ അരികെയായിരുന്നു. അവയെ നേരെ നോക്കേണ്ട വിധമെല്ലാം രൂപക്ക് പറഞ്ഞു കൊടുക്കുന്നത് കണ്ടു.
രൂപയിൽ നിന്ന് ആ പ്രവൃത്തി എത്രത്തോളം പ്രായോഗികമെന്നത് കണ്ടറിയണം. നാരായണേട്ടൻ സമയം ഓർമ്മിപ്പിച്ചപ്പോൾ തെല്ലിട കഴിഞ്ഞ് ഞങ്ങൾ കാറിൽ കയറി. യാത്രയാക്കാനായി രൂപയും ഞങ്ങളൊടൊപ്പം വന്നു. വഴിത്താരകളെ പുറകോട്ടു തളളി കാർ അനായാസം ഒഴുകി നീങ്ങി. നിറഭേദം വന്ന മരങ്ങൾ. അവയിൽ നഷ്ടപ്പെടുന്ന സൂര്യശകലങ്ങൾ. ഏറെ വർഷം മുൻപ് ഈ വഴിത്താരയിലൂടുള്ള യാത്ര പൊടുന്നനെ ഓർമ്മ വന്നു. വ്രണിത ഹൃദയത്തിൻ്റെ മുറിവ് മന:പൂർവ്വം മറന്ന് അല്ലെങ്കിൽ മറന്നെന്നു നടിച്ച് സുഹൃത്ത് നെൽസൻ്റെ വീട്ടിലേക്കുള്ള യാത്ര. ആകംക്ഷയും ഉദ്വേഗവും ഇടകലർന്ന സങ്കീർണ്ണതയിൽ അഭിരമിക്കുന്ന മനസ്സ്. കാര്യങ്ങൾ വേഗം മനസ്സിലാക്കാൻ തുടികൊട്ടിയ മനസ്സ്. അക്കാലത്തു യാതൊരു പതർച്ചയുമില്ലാതെ ഏവരേയും അങ്ങോട്ട് പോയി പരിചയപ്പെട്ട് സംസാരിക്കുമായിരുന്നു. ഇന്നാ സങ്കീർണ്ണതയില്ല. ഇന്നീ യാത്രയിൽ മൗനം മാത്രം തളം കെട്ടി നിൽക്കുന്നു.
രൂപയെ വീട്ടിലെത്തിക്കാൻ നാരായണേട്ടനോട് നിർദേശം നൽകി വാഹനത്തിൽ നിന്നും താക്കോൽക്കൂട്ടമെടുത്ത് നാരായണേട്ടനെ അരികിൽ വിളിച്ചു. ചേർത്തു നിർത്തി താക്കോൽക്കൂട്ടം അയാളുടെ കൈപ്പടത്തിൽ വച്ച് വിരലുകൾ മടക്കി എന്നിട്ട് പറഞ്ഞു.
“ഇതിനി നാരായണേട്ടൻ്റെതാണ് ആരുടെ കീഴിലും ഇനി ജോലി ചെയ്യണ്ട.”
അതു കേട്ടതും നാരായണേട്ടൻ്റെ കണ്ണു നിറഞ്ഞു. എയർപോർട്ടിനുള്ളിലേക്ക് കയറുമ്പോൾ ഒന്നു തിരിഞ്ഞു നോക്കി. വിട. വിട തരിക സ്ഫടിക ശകലങ്ങൾ മേലാപ്പു തീർത്ത അംബരചുംബികളേ. അതിഥികളെ ചുകന്ന മേപ്പിൾ വൃക്ഷങ്ങളാൽ വരവേൽക്കുന്ന വഴിത്താരകളേ വിട.
എനിക്ക് വിട തരിക.
ഫ്ളൈറ്റിൽ നിന്നുമിറങ്ങുമ്പോൾ ദീർഘയാത്രയുടെ മുഷിവ് തോന്നിയില്ല. അതങ്ങനെയാണ് ലക്ഷ്യം മധുരതരമാകുമ്പോൾ യാത്രയിലെ അലോസരങ്ങൾ മനസ്സിനേയും ശരീരത്തെയും സ്പർശിക്കുന്നതായി തോന്നില്ല. പൊടുന്നനെയാണ് പുറത്ത് മഴ കനത്തത്. ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്നേരം പൊടിമഴയുടെ ലാഞ്ജന തോന്നിയെങ്കിലും ഇത്രവേഗം ഇത്രകണ്ട് മഴ കനത്തു പിടിക്കുമെന്ന് കരുതിയില്ല. ശങ്കരേട്ടൻ പുറത്തൊരിടത്ത് കാത്തുനിൽക്കുന്നതായി അറിയിച്ചു. ഈ പെരുമഴയത്ത് ലഗേജുകളുമായി പോകാൻ തെല്ലു പ്രയാസം തന്നെ. തെല്ല കഴിയട്ടെ. സ്വൽപ്പനേരം മഴ കാണാം . മഴനൂലിഴ കനം വയ്ച്ചു ചായുന്നത് കാണാം ആളുകളെല്ലാം തിരക്ക് പിടിച്ചു -എത്രയും വേഗം കൂടണയാനുള്ള തന്ത്രപ്പാടിലാണ്. അവർ മഴയൊന്നും അത്രകണ്ട് കാര്യമാക്കുന്നില്ല മഴ തെല്ലു ശമിക്കുന്നതു വരെ കാത്തു നിൽക്കാമെന്ന് നിശ്ചയിച്ചു. ആ വിവരം ശങ്കരേട്ടനെ അറിയിച്ചു. വൃക്ഷത്തലപ്പുകളെ വല്ലാതെ ചായ്ച് അങ്ങിനെ കനത്തു പിടിക്കുന്ന മഴ. മരങ്ങൾക്കപ്പുറം അനന്തതയിലേക്ക് വർഷം വളരുന്നത് കണ്ടു .വെളുത്ത വർഷം.
ഒരിക്കൽ കുട ചൂടി കൽപ്പടവിലിരുന്ന് കുളത്തിലെ ജലപ്പരപ്പിൽ ചിതറുന്ന മഴ നോക്കി നിന്നത് പെടുന്നനെ എനിക്കോർമ്മ വന്നു. മഴയുടെ ഗന്ധം. പുതുമഴ പെയ്ത മണ്ണിന്റെ ഗന്ധം എന്നോ പൊയ്പോയ ആ ഗന്ധം ഗന്ധമാപിനികൾ ഓർത്തെടുത്തു.
കനത്ത മഴ തെല്ലു ശമിച്ചപ്പോൾ ശങ്കരേട്ടൻ വന്നു.നീണ്ട വർഷങ്ങൾ ശരീരത്തെ തെല്ലു പോലും ബാധിക്കാത്ത ശങ്കരേട്ടൻ ഏറെ കാലയളവിനു ശേഷം ഞങ്ങളെ കണ്ടതിൽ ശങ്കരേട്ടൻ ഏറെ സന്തോഷം പ്രകടിപ്പിച്ചു. മുൻകൂർ ഏർപ്പാടാക്കിയ വാഹനത്തിൽ യാത്ര തിരിക്കുമ്പോൾ ശങ്കരേട്ടൻ ഫോണിലൂടെ ആരെയൊക്കെയോ ശകാരിക്കുന്നുണ്ടായിരുന്നു. അയാളുടെ ശകാരം കേൾക്കുന്നവർ വീടിൻ്റെ ജോലിക്കാരാണെന്നു എനിക്കു മനസ്സിലായി. ഞങ്ങളുടെ താമസം ത്രിശങ്കുവിലാകുമോ എന്നെനിക്കു സംശയം തോന്നി. താമസിക്കാൻ പോകുന്ന തറവാട്ടിൽ താമസമാരംഭിക്കാൻ ഇനി എത്ര ദിവസം വേണ്ടി വരുമെന്ന സംശയം ഞാൻ ശങ്കരേട്ടനോട് ആരാഞ്ഞു. പണിക്കാരെ കിട്ടാനുള്ള കഷ്ടപ്പാടുകളും പണിക്കു വന്നാൽ തന്നെ അവരുടെ കാര്യക്ഷമതയില്ലായ്മയും കനത്ത പണിക്കൂലിയും ശങ്കരേട്ടൻ വിസ്തരിച്ചു. ഏതായാലും ഇനി അല്ലറ ചില്ലറ മിനുക്കുപണികളേ ഉള്ളൂ എന്ന വിവരം എൻ്റെ ആകുലത അകറ്റി.
വിൻഡോ ഗ്ലാസ്സിലൂടെ പരിചിതമായ കാഴ്ചകൾ. മഴ നനഞ്ഞ ഭൂമി നവോഢയെപ്പോലെ തെളിഞ്ഞു നിന്നു. നീണ്ട കാലയളവിൻ്റെ അപരിചിതത്വം ഞൊടിയിടയിൽ എങ്ങോ പോയി മറഞ്ഞിരിക്കുന്നു.എൻ്റെ പഴയ യാത്രകളിലൂടെ പരിചിതമായ പ്രകൃതിക്ക് മാറ്റം വന്നിട്ടുണ്ട്. നഷ്ടപ്പെട്ട മരങ്ങൾ..തുരന്നെടുത്ത കുന്നുകൾ… പച്ച മാത്രം പടർന്നു പിടിച്ചിരുന്ന നെൽവയലുകളിൽ ഒറ്റപ്പെട്ടു നിൽക്കുന്ന വീടുകൾ അങ്ങിനെ വഴിയോരക്കാഴ്ചകൾ വീടെത്തുവോളം നീണ്ടു. ശങ്കരേട്ടൻ്റെ ഇടതടവില്ലാത്ത വിശേഷങ്ങൾക്ക് കാതോർത്ത് വീടെത്തിയത് അറിഞ്ഞില്ല. രാധിക തെല്ലു മൗനത്തിലാണ്. ക്ഷീണം കൊണ്ടാകാം യാത്രയുടെ തുടക്കത്തിൽ കാണിച്ചിരുന്ന ഉത്സാഹവും ഉൻമേഷവും ഇപ്പോഴില്ല. നല്ലപോലെ ചൂടുവെള്ളത്തിൽ കുളിച്ച് സ്വല്പം കഞ്ഞി കുടിച്ച് ഒന്നു കിടക്കണം എന്ന് എപ്പോഴോ പറയുന്നതു കേട്ടു.
വീടിനു മുൻപിൽ കാറിറങ്ങുമ്പോൾ എൻ്റെ കണ്ണിമ നിറഞ്ഞു. അച്ഛനും അമ്മയും അനുജത്തിയൊടൊന്നിച്ചുള്ള നിമിഷങ്ങൾ എൻ്റെ മനസ്സിൽ കടലേറ്റം പോലെ തിരതള്ളി. ഞാൻ ജനിച്ചു വളർന്ന വീട്. വീടിനപ്പുറമാണ് പച്ച പിടിച്ച പാടം. പാടത്തെയും വീടിനെയും വേർതിരിക്കുന്ന ചെറുപുഴയുണ്ട് .ഏറെ വീതിയില്ലാത്ത എപ്പോഴും തെളിഞ്ഞ വെള്ളം ഒഴുകുന്ന തോട്. . ഒറ്റപ്പെട്ട തെങ്ങു നിൽക്കുന്ന വരമ്പിലൂടൂർന്ന് ഈരെഴതോർത്തിന്ടെ ഒരു തല കഴുത്തിൽ കെട്ടി മറ്റേ തല തെളിവെള്ളത്തിൽ വിരിച്ചു ചെറുമീനുകളെ പിടിക്കുന്നതവിടെ നിന്നാണ്. സ്ഫടിക കുപ്പിക്കുള്ളിലെ തലക്കു മീതെ കറുത്ത പൊട്ടിട്ട ചെറുമീനുകളുടെ ധൃതചലനങ്ങൾ.ആ കുപ്പി കണ്ടാൽ അനുജത്തി പിന്നാലെ നിന്നു മാറില്ല. ഏറെ കളിച്ചു കഴിഞ്ഞ് പാട്ടയിൽ ഇട്ട് ആ ചെറുമീനുകളെ മണിക്കിണറിലേക്ക് ഇറക്കും. ആ മീനുകളുടെ പൂർവ്വജന്മ സ്മരണകളുടെ സന്തതിപരമ്പരകൾ മണിക്കിണറിൽ ഇന്നും കാണണം. ആ പാടത്തിനപ്പുറമാണ് മേഘങ്ങളെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ എഴുന്നു നിൽക്കുന്ന കുന്നുള്ളത്. അതിൻ്റെ തുഞ്ചത്തു കയറിയാൽ ഭൂമി മുഴുവൻ കാണാമെന്നായിരുന്നു ചെറുപ്പകാലത്തെ ധാരണ. കുന്നിൽ പുറത്തെത്തുക എന്നത് ഒരിക്കലും നടന്നിട്ടില്ലാത്ത എന്റെ ആഗ്രഹവും. ഇവിടുത്തെ ഓരോ മുക്കും മൂലയും പരിചിതമാണ്. ഗേറ്റു മാറ്റി പിന്നെ ചില്ലറ മോടിപിടിപ്പിക്കൽ കൂടിയെ ശങ്കരേട്ടൻ്റെ മേൽനോട്ടത്തിൽ നടത്തിയതായി തോന്നിയുള്ളൂ. ലഗേജുകൾ ഇറക്കി ഒരു റൂമിൽ വക്കാൻ പണിക്കാരോട് നിർദേശിച്ച് ശങ്കരേട്ടൻ വീട്ടിലേക്കു കയറി. അപ്പോഴാണ് ചില്ലു ഗ്ലാസ്സിൽ എല്ലാവർക്കും ചായയുമായി ഒരു സ്ത്രീ അടുക്കള ഭാഗത്തു നിന്നും വന്നത്. അവരെ ചൂണ്ടി ശങ്കരേട്ടൻ പറഞ്ഞു.
“ഇത് ശാന്ത.. ഇവിടുന്ന് രണ്ടു വീടപ്പുറം വിളിച്ചാ വിളി കേൾക്കാം അവടെയാ ശാന്തേടെ വീട്. അത്യാവശ്യം വീട്ടുപണിയൊക്കെ എടുക്കും.”
അതെനിക്ക് ഒരാശ്വാസമായി തോന്നി. ചായയും ഒപ്പമുള്ള ചെറിയ ഉഴുന്നുവട ചുവന്ന ചട്ണി ചേർത്ത് കഴിച്ചപ്പോൾ അത്യാവശ്യം വീട്ടുപണിയല്ല ഒന്നാന്തരം പാചകവും അറിയുന്നവരാണ് അവരെന്ന് മനസ്സിലായി. വിശ്രമിക്കാൻ പറഞ്ഞ് വരാമെന്നുപറഞ്ഞു അല്പം തിരക്കുപിടിച്ച് ശങ്കരേട്ടൻ പോയി. രാധികയൊടൊപ്പം വീടൊന്നു ചുറ്റിക്കണ്ടപ്പോൾ ശങ്കരേട്ടൻ നല്ലപോലെ പണിയെടുത്തിട്ടുണ്ടെന്ന് ബോധ്യമായി. പഴയ വീടിൻ്റെ പഴമ നിലനിർത്തിക്കൊണ്ടു തന്നെ ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. എന്തിനേറെ നെറ്റ് കണക്ഷനായി സെറ്റ് അപ് ബോക്സു വരെ ക്രമീകരിച്ചിരിക്കുന്നു. ശരീരത്തിനു മാത്രമല്ല മനസ്സിനും പ്രായം ബാധിക്കാത്ത ശങ്കരേട്ടനെ മനസാ അഭിനന്ദിച്ച് കുളക്കടവിലേക്കു പോയി. ബാല്യകാലത്ത് പറമ്പിൻ്റെ അതിർത്തിയിലുള്ള കുളത്തിൽ കുളിക്കാൻ പോകലില്ല. അച്ഛൻ്റെ അനുജത്തി ഓരോ യക്ഷിക്കഥ പറഞ്ഞ് എന്നെ പേടിപ്പിക്കുന്നതു പതിവായിരുന്നു. ആ കഥകളിലെ പ്രധാന കഥാപാത്രമായിരുന്നു കുളക്കടവിലെ പാലമരം. ഒരാളുടെ ചുറ്റിപ്പിടുത്തത്തിൽ ഒതുങ്ങാത്ത കുളത്തിന്നരികിലെ പാലമരം ചില്ലയൊതുക്കി ചില അവസരങ്ങളിൽ ഗന്ധം പടർത്തി ഘനാലസനായി എഴുന്നു നിന്നിരുന്നു. അതു കൊണ്ടു തന്നെ അമ്പലപ്പറമ്പിലെ കളി കഴിഞ്ഞു വന്നാൽ മണിക്കിണറിൽ പാട്ടയിട്ട് വെള്ളമെടുത്തു് തല വഴി വെള്ളം കോരിയൊഴിച്ച് കുളിക്കുകയായിരുന്നു പതിവ്. ആഴങ്ങളിൽ നെല്ലിപ്പടി താഴ്ത്തിയ കിണറുവെള്ളത്തിൻ്റെ തണവ് ശരീരത്തിൽ നിന്നും വിട്ടുമാറാൻ ഏറെ സമയമെടുക്കുമായിരുന്നു. പിന്നീട് എപ്പോഴോ യക്ഷിക്കഥകളുടെ പിന്നാമ്പുറക്കഥകൾ മനസ്സിലായിത്തുടങ്ങിയപ്പോൾ ഭയമൊക്കെ എങ്ങോ പോയി മറഞ്ഞു. മുങ്ങി കുളി പാലമരത്തിനരികിലെ ആ പച്ചക്കുളത്തിലായി.
ബാത്ത് റൂമിലെ ചൂടുവെള്ളത്തിൽ കുളിക്കാൻ തയ്യാറെടുക്കുന്ന രാധികയോട് വിവരം പറഞ്ഞ് ഈരെഴത്തോർത്തും പയറുപൊടിയും പോത്തയുമായി പുറപ്പെട്ടു. ചെടിപ്പടർപ്പെല്ലാം നീക്കി കുളത്തിലേക്കുള്ള വഴിയത്രയും അനായാസ സഞ്ചാരയോഗ്യമാക്കിയിരിക്കുന്നു. ശങ്കരേട്ടൻ്റെ ശ്രദ്ധ എല്ലായിടത്തും എത്തിയതിൽ സന്തോഷം തോന്നി. കുളത്തിനരികിൽ തട്ടും തടവുമില്ലാത്ത പാലമരം ഈറനുടുത്ത് ആസകലം പൂത്തു നിൽക്കുന്നു. പെരുകിത്തടിച്ച വെളുത്ത കുഞ്ഞു പൂക്കൾ കുലകളായി ഞാന്നു കിടന്നു. പാലമരത്തിന് താഴെ വെളുത്ത വിരിപ്പ് വിരിച്ച പോലെ കുരുന്നു പൂക്കൾ ചിതറിക്കിടന്നു അവയിൽ പ്രസരിക്കുന്ന മത്തുപിടിപ്പിക്കുന്ന തുളച്ചുകയറുന്ന സൗരഭ്യം .ജന്മാന്തരങ്ങളിലെ വേരുകൾ പടർന്നു തിടം വച്ച ജൈവസ്ഥലരാശിയെ ഇന്ദ്രിയങ്ങൾ ഓർത്തെടുക്കുകയാണ്. തെറ്റിയില്ല. അത് ഇവിടം തന്നെ!
നേരിയ പച്ച ഞരമ്പുകൾ വേരോടിയ ഇളം ചൂടുള്ള വെള്ളത്തിൽ ഏറെ നേരം മുങ്ങികിടന്നു. നിവർന്നപ്പോൾ ഒരിടനേരം പാലമരച്ചോട്ടിലേക്ക് കണ്ണേറു വീണു.ചെറിയമ്മ പറയാറുള്ള പനങ്കുല കണക്ക് മുടിയഴിച്ചിട്ട യക്ഷിയെങ്ങാൻ മധുരഭാഷണങ്ങളുമായി കാത്തുനിൽപ്പുണ്ടോ? ഇല്ല അതെല്ലാം കെട്ടുകഥകളായിരുന്നു
കുളിച്ചു കയറുപ്പോൾ ജലോപരിതലത്തിൽ ഇളമഴ തൂളിക്കൊണ്ടിരുന്നു.
ഈറൻ മാറി വന്നപ്പോൾ രാധിക കുളിച്ചൊരുങ്ങി സാരിയുടുത്തു നിൽക്കുന്നു. അവളങ്ങനെ സാരിയുടുത്തു കണ്ടിട്ടില്ല. ഇക്കാര്യത്തിൽ ഒരുകൈ സഹായം ശാന്തയിൽ നിന്നും കിട്ടിയിരിക്കണം ഏതായാലും നാട്ടിലെത്തിയതിൻ്റെ പേരിലാകും ഈയൊരു മാറ്റം. നല്ലതു തന്നെ . ഏതായാലും പുതിയ ജോലി ഏറ്റെടുക്കുന്നതിനു മുൻപ് നാട്ടിൽ തന്നെ പലയിടത്തും രാധികയെ കൂട്ടി പോകണം. തിരക്കുപിടിച്ച മുംബൈയിൽ ജനിച്ചു വളർന്ന അവൾക്ക് പ്രശാന്ത സുന്ദരമായ ഇവിടം വലിയൊരു പുതുമ ആയിരിക്കും തീർച്ച.
പണ്ഡിറ്റ്ജിയുടെ ഇ മെയിലുകൾ പരിശോധിച്ചു കൊണ്ടിരിക്കെ രാധിക വന്നു വിളിച്ചു. ഊണു തയ്യാറായിരിക്കുന്നു. മോരൊഴിച്ച കുത്തരിക്കഞ്ഞി പയറു കൊണ്ടാട്ടം വാഴക്കൂമ്പു പരിപ്പ് തോരൻ, പപ്പടം കൂർക്ക ഉപ്പേരി . നാവിലെ രസമുകുളങ്ങൾ പൊയ്‌പോയ രുചികളെ ഓർത്തെടുത്തു ഒരു പാട് കഴിച്ചു. മനസ്സും വയറും നിറഞ്ഞു. ഞാൻ കഴിക്കുന്നത് കാര്യമായി രാധിക ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മടുപ്പിക്കുന്ന ഓട്സ് കഞ്ഞിയായിരുന്നല്ലോ വൈകുന്നേരത്തെ സ്ഥിരം ആഹാരം. ഇടക്ക് അവൾ ശാന്തയോട് പറയുന്നതു കേട്ടു.
“ഇതൊന്നും അവിടെ കിട്ടില്ല”
പാത്രം കഴുകി വച്ച് ശാന്ത പോയി. അവർ പോകാനൊരുങ്ങുമ്പോൾ നാളെ രാവിലെ നേരത്തെ വരണമെന്ന് രാധിക പറയുന്നതു കേട്ടു.
ഇളം മഞ്ഞ കർട്ടനിട്ട മുകൾനിലയിലെ കിടപ്പുമുറി .മുകൾത്തട്ടിൽ പലകയടിച്ച ഇവിടെ എപ്പോഴും ഇളം തണുപ്പാണ് . അറ്റ വേനൽകാലത്തുപോലും. പിറകിലെ ജനവാതിലുകൾ തുറന്നാൽ കുന്നിൽ മുകളും മുൻവശത്തെ തുറന്നാൽ പടിപ്പുരയും കാണാം. മരത്തിൻ്റെ ഷോകേസിൽ എൻ്റെ പഴയ പഠനകാലത്തെ പഠനസാമഗ്രികളും പുസ്തകങ്ങളും വെടിപ്പായി അടുക്കി വച്ചിരിക്കുന്നതു കണ്ടു . വാതായനങ്ങൾ തുറന്നപ്പോൾ കുളിരു പുരണ്ട ഇളങ്കാറ്റ് ഇടതടവില്ലാതെ പ്രവഹിച്ചു .ദൂരെ ഇരുണ്ടു കാണുന്ന കുന്നിൻ താഴ്‌വാരം ആറ്റിത്തണുപ്പിച്ച ഇളങ്കാറ്റ്. ആ ഇരുളിമയിൽ ചൂട്ടു കത്തിച്ചപ്പോലെ ഏതാനും കുഞ്ഞു അന്തി സൂര്യൻമാർ കണക്കെ മിന്നാമിന്നിക്കൂട്ടങ്ങൾ മെല്ലെ കടന്നു പോകുന്നതു കണ്ടു. ആ ഇളം തണുപ്പിൽ ചീവീടുകളുടേയും തവളകളുടേയും സ്വനഗ്രൻഥികളുടെ കമ്പനം കാതോർത്ത് കിടക്കയിൽ മുഖമമർത്തി കിടക്കുമ്പോൾ മനസ്സ് പഴമയുടെ ഗന്ധം ഉൾക്കൊണ്ടു. അതിന്റെ ഉൾകാതറിഞ്ഞു ,ഇവിടെയാണ് പനിച്ചൂടിലുറഞ്ഞ് കിടന്നത്. തലയിണയുയരത്തിൽ നീറുന്ന കൈത്തണ്ട വച്ച് മരണമുഖം കണ്ടത്
അമ്മയുടെ പതിഞ്ഞ ശബ്ദം. അമ്മ പറയുകയാണ്
“അപ്പൂ ഒന്നുമോർക്കണ്ട. എല്ലാം ഒരു ദു:സ്വപ്നം പോലെ മറക്കുക ഇപ്പൊ നന്നായി പഠിക്കല്യേ വേണ്ടത്. എന്റെ കുട്ടി നേരായ വഴി മറന്ന് പോവരുത്”..
മുറിവിൽ പുരട്ടിയ സിദ്ധൗഷധമായി അമ്മയുടെ വാക്കുകൾ.. അനുജത്തിയുടെ പ്രാർത്ഥന.. എല്ലാത്തിനുമുപരിയായി നെറ്റിയിൽ വീതിയിൽ പുരട്ടിയ കുളിർന്ന ചന്ദനത്തിൻ്റെ തണുപ്പും ശുദ്ധിയും.
ചുമതലയേറ്റെടുക്കുന്നതിനു മുൻപ് പഴയ സുഹൃത്തുക്കളെ കാണണം ബന്ധുവീടുകളിൽ പോണം. ഗൃഹാതുരത്വം നിറഞ്ഞു നിൽക്കുന്ന ഇടങ്ങളിൽ പോകണം. അനുജത്തിയെ കാണണം. ക്ഷമ ചോദിക്കേണ്ടിടത്തു ക്ഷമ ചോദിക്കണം. അറ്റുപോയ കണ്ണികൾ വിളക്കിച്ചേർക്കണം. യാത്ര പോലും പറയാതെ എല്ലാം വിഛേദിച്ചു കൊണ്ടുള്ള യാത്രയായിരുന്നല്ലോ.
എപ്പോഴോ അരണ്ട വെളിച്ചത്തിൽ പാതി തുറന്ന മിഴിയിലൂടെ രാധികയെ കണ്ടു. അവൾ പറഞ്ഞു.
“ശാന്തക്ക് നോൺ വെജ് ഒന്നും വക്കാൻ അറിയില്ലത്ര!
“സാരമില്ല അതെല്ലാം നമുക്ക് സാവകാശം പഠിപ്പിക്കാം“ ഞാൻ മറുപടി പറഞ്ഞു.
ക്ഷണനേരം കഴിഞ്ഞ് എന്നെ പൊതിഞ്ഞ ഊഷ്മളതയിൽ എൻ്റെ മിഴികൾ കൂമ്പിയടഞ്ഞു. ഉറക്കമുണർന്നപ്പോൾ നേരം തെല്ലു വൈകിയിരുന്നു. ഇത്രമേൽ മതികെട്ട് അടുത്ത കാലത്ത് ഉറങ്ങിയിട്ടില്ല എന്നെനിക്ക് തോന്നി. ജാലകപ്പഴുതിലൂടെ കുന്നിൻ്റെ ഉത്തുംഗതയിൽ നിന്നും സൂര്യൻ നേർത്ത വെള്ളിക്കയ്യുകൾ നീട്ടി. അതിൻ്റെ ഊഷ്മളതയിൽ സർവ്വ ചരാചരങ്ങളും ഉണർവ്വിൻ്റെ ലഹരിയിൽ ആറാടി നില്കുന്നു
കുളി കഴിഞ്ഞ് വന്നപ്പോഴേക്കും തീൻമേശയിൽ മൃദുലമായ ഇഡലി എണ്ണയിൽ ചാലിച്ച ചുകന്ന ഉള്ളിച്ചമ്മന്തി.. ഒഴിച്ചുകറിയായി ഒപ്പമുള്ളത് സാമ്പാറല്ല. പുളിങ്കറിയാണ്. എനിക്ക് സാമ്പാറിനേക്കാൾ ഇഷ്ടം പുളിങ്കറിയാണെന്ന് ശാന്തയെങ്ങനെ മനസ്സിലാക്കിയാവോ? ഇഡലി കഴിച്ചു കൊണ്ടിരുന്നപ്പോൾ രാജഗോപാൽ സാർ വിളിച്ചിരുന്നതായി രാധിക അറിയിച്ചു. സൗകര്യപ്രദമായ ഒരു ദിവസം വന്ന് ജോയിൻ ചെയ്യണമെന്നാണ് രാജഗോപാൽ സാറിൻ്റെ അഭ്യർത്ഥന .ഏറെ വൈകരുതെന്ന് അദ്ധേഹത്തിൻ്റെ നിർദേശമുണ്ട്. നല്ല ദിവസം തീരുമാനിച്ചു കൊള്ളാനും ഒരുമിച്ചു പോകാമെന്നും ഞാൻ പറഞ്ഞു. ആഹാരം കഴിഞ്ഞ് പെട്ടെന്നു തന്നെ ഞാൻ തയ്യാറായി. ഇന്നുതന്നെ കമ്പനിയിൽ ജോയിൻ ചെയ്യാനാണ് പണ്ഡിറ്റ് ജിയുടെ നിർദേശം. ഓഫീസിലേക്ക് എന്നെ കൂട്ടാനുള്ള കാർ അയച്ചുതരുമെന്നും അറിയിച്ചിരുന്നു. പ്രാർത്ഥനാമുറിയിൽ കയറി തെല്ലുനേരം പ്രാർത്ഥിച്ചു. ഇനി എൻ്റെ ഭൂമികയിൽ പുതിയ ജീവിതം തുടങ്ങുവാൻ പോകുന്നു. അനുഗ്രഹിക്കുക. പൂമുഖത്ത് ചില്ലിട്ടു വച്ചിരിക്കുന്ന അമ്മയുടേയും അച്ഛൻ്റെയും ഛായാചിത്രം. ഒരു വേള ജീവൻ തുടിക്കുന്നുണ്ടെന്ന് തോന്നിപ്പോയി. കണ്ണിമ നനഞ്ഞു. പറയാതെ എല്ലാം പറഞ്ഞു. കുഞ്ഞുനാളിൽ നടക്കാൻ പഠിക്കുമ്പോൾ കാലിടറി വീഴുമ്പോൾ തുടങ്ങി ഇന്നോളമുള്ള ജീവിതയാത്രയിൽ കാലിടറി ഇരുട്ടിൻ്റെ പടുകുഴിയിൽ വീഴാൻ പോകുന്നേരം കൈപിടിച്ച് നേർവഴിക്ക് നയിച്ച വഴിവിളക്കുകൾ. ഭൗതികമായല്ലെങ്കിലും ഒരു നിറ സാന്നിധ്യമായി എന്നെ വഴി നടത്തുക.
ഗേറ്റിനു പുറത്ത് കാറു വന്നു. രാധികയോട് യാത്ര പറഞ്ഞ് ഇറങ്ങി കാറിലിരുന്നു. യൂണിഫോമിട്ട ഒരു ചെറിയ പയ്യനാണ് ഡ്രൈവർ .ഒരിരുപത് വയസ്സ് പ്രായം തോന്നിക്കും. പരിചയപ്പെട്ടു. പേര് നാരായണൻ .അത് കൗതുകമായി തോന്നി നാരായണന്മാർ എന്നും ഇപ്പോഴും എന്നോടൊപ്പമുണ്ട് .ആത്മാർത്ഥത നിറഞ്ഞതായിരുന്നു നാരായണന്റെ പെരുമാറ്റം . യാത്രികരെ തെല്ലു പോലും അലോസരപ്പെടുത്താത്ത ഡ്രൈവിങ് .കമ്പനിക്കു മുന്നിൽ കാറിറങ്ങി.സ്വീകരിക്കാൻ കാത്തു നിന്നിരുന്ന എക്സിക്യൂട്ടീവ്സിൻ്റ സ്വീകരണം ഏറ്റുവാങ്ങി ക്യാബിനിലേക്ക്. പരിചയപ്പെടലുകളുടേയും ചർച്ചകളിലൂടെയും സമയം പിടി തരാത്ത യാഗാശ്വമായി മാറി .കമ്പനിയുടെ തുടക്കമാണ്. ബാലാരിഷ്ടതകൾ ഏറെയുണ്ട് പ്രൊജക്ടുകളുടെ എണ്ണവും കാലയളവും കുറവാണ്. ലാഭനഷ്ടങ്ങളില്ലാതെ പോകാവുന്ന കോൺട്രാക്ടുകളെ നിലവിൽ ഉള്ളു. അസാമാന്യമായ പ്രവർത്തന മികവ് ഒന്നുകൊണ്ടു മാത്രമേ മുന്നേറാൻ കഴിയൂ. ഒപ്പം നിലവിലെ പദ്ധതികൾ സമയബന്ധിതമായി തീർക്കുവാനും സത്വര ശ്രദ്ധ വേണം പ്രാഥമിക വിശകലനത്തിൽ നിന്നും ഉരുത്തിത്തിരിഞ്ഞ വസ്തുതകൾ പണ്ഡിറ്റ് ജിയുമായി പങ്കുവച്ചു. എല്ലാം നീ തന്നെ നോക്കിയാൽ മതി എന്നായിരുന്നു അമേരിക്കയിൽ നിന്നുള്ള മറുപടി. നാട്ടിലേക്ക് വരുന്ന കാര്യം പല വട്ടം ആരാഞ്ഞപ്പോൾ വ്യക്തമായ ഒരു മറുപടി തന്നുമില്ല.അദ്ധേഹത്തിൻ്റെ സംഭാഷണങ്ങളിൽ അന്തർലീനമായ ഒരു താത്പര്യക്കുറവ് ഞാൻ വ്യക്തമായി തിരിച്ചറിഞ്ഞു. വ്യക്തിപരമായ എന്തെങ്കിലും പ്രശ്നങ്ങൾ അദ്ധേഹത്തെ അലട്ടുന്നുണ്ടാവും എന്നു സമാധാനിച്ച് പണ്ഡിറ്റ് ജിയോട് കാര്യങ്ങൾ അവതരിപ്പിക്കാൻ ഇത്ര തിടുക്കം കൂട്ടേണ്ടിയിരുന്നില്ല എന്നു വിചാരിച്ച് ഞാൻ വീണ്ടും ജോലിയിൽ വ്യാപൃതനായി.
(തുടരും...)