മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

വീണ്ടും ഒരു യാത്ര. ഇക്കുറി സ്ഥിരം നടത്താറുള്ള ചെറു യാത്രയല്ല. ദീർഘമായ യാത്ര. ഭൂഖണ്ഡങ്ങൾ താണ്ടി ഒരിക്കലും ഒരു തിരിച്ചു പോക്കില്ലെന്ന് തീരുമാനിച്ച് ഉറപ്പിച്ച  ഇടത്തേക്ക്.

ഈ ജൻമം ഒരിക്കലും സംഭവിക്കില്ലെന്ന് ഉറച്ചു വിശ്വസിച്ച  ഇത്തരമൊരു യാത്രക്ക് നിദാനമായ സംഭവഗതികളെക്കുറിച്ച് രവിചന്ദ്രൻ ഓർക്കുകയായിരുന്നു. ആറു മാസങ്ങൾക്കു മുൻപുള്ള എങ്ങും വെളുപ്പ് പടർന്നു പിടിച്ച  തണുപ്പുകാലം. മഞ്ഞിൻ്റെ പടലമേറ്റ് നിറം പോയ സായം സന്ധ്യ.  മഞ്ഞിൻ്റെ വെള്ളമേലാപ്പ് അണിഞ്ഞ ചുകന്ന മേപ്പിൾ വൃക്ഷങ്ങൾ നിരയൊത്തു നിൽക്കുന്ന വഴിത്താരയിലൂടെ ഒഴുകി നീങ്ങുന്ന കാറിലിരിക്കുമ്പോൾ മനസ്സ് അക്ഷരാർത്ഥത്തിൽ സന്തോഷത്താൽ തുടിക്കുകയായിരുന്നു. ഇന്ന് ഒരു പാർട്ടിയുണ്ട്. കഴിഞ്ഞ ഒരു സാമ്പത്തിക വർഷം കൊണ്ടുണ്ടാക്കിയ നേട്ടം പൊയ്പോയ വെറും മൂന്നു മാസങ്ങൾ കൊണ്ട്  ഞങ്ങളുടെ കമ്പനി കൈവരിച്ചിരിക്കുന്നു. അതിനു പിന്നിലെ അദ്ധ്വാനവും നയതന്ത്രജ്ഞതയും ബൗദ്ധിക പ്രവർത്തനവും രാവുകൾ പകലാക്കി ഞാൻ കെട്ടിപ്പടുത്ത, എൻ്റെ മേൽനോട്ടത്തിലുള്ള ടീമിൻ്റെതായായിരുന്നെന്ന് അഭിമാനത്തോടെ തന്നെ പറയാൻ കഴിയും. ഈ നേട്ടം കമ്പനിയുടെ ചരിത്രത്തിലെത്തന്നെ
ഒരപൂർവ്വതയാണ്. സ്വന്തം പ്രവർത്തമേഖലയിലെ ഗംഭീര വിജയം! അതൊരു ലഹരി തന്നെയാണ്. ആരെയാണ് അത്തരം ഉജ്ജ്വല മുഹൂർത്തങ്ങൾ ലഹരിപിടിപ്പിക്കാത്തത്. മേലധികാരിയിൽ നിന്നുള്ള അഭിനന്ദന വാക്കുകൾ ആരെയാണ് ഉത്തേജിപ്പിക്കാത്തത്? ഡയറക്ടർ ബോഡിലെ എല്ലാവരുടേയും അഭിനന്ദനങ്ങൾ നൽകികൊണ്ടുള്ള മെയിലുകൾ ലഭിച്ചു കഴിഞ്ഞു. ഞാനതിൽ വച്ച് ഏറെ കൗതുകത്തോടെ കാണുന്നത് മലയാളിയായ ഡയറക്ടർ ബോർഡംഗം ശിവശങ്കറിൻ്റേതാണ്.

പണ്ഡിറ്റ് ജി എന്ന് ബിസിനസ് വൃത്തങ്ങളിൽ അറിയപ്പെടുന്ന ശിവശങ്കർ. ഇന്ന് എന്നെ വ്യക്തിപരമായി കാണുവാനും സംസാരിക്കാനുമുള്ള ആഗ്രഹം പങ്കുവച്ചിരിക്കുന്നു. സന്തോഷം .അദ്ധേഹത്തെ ഒരു ബോർഡ് മീറ്റിങ്ങിൽ വച്ച് കണ്ടിട്ടുണ്ടെന്നല്ലാതെ എനിക്ക് നേരിട്ട് അത്ര കണ്ട് പരിചയമില്ല.അദ്ധേഹത്തിൻ്റെ തന്ത്രപരമായ ചടുലനീക്കങ്ങൾ ഞാൻ ആദരവോടെയാണ് കാണുന്നത്. കമ്പനിയുടെ ഈയൊരു ചരിത്ര വിജയത്തിനു പിന്നിൽ  അദ്ധേഹത്തിൻ്റെ മികച്ച തീരുമാനങ്ങളുടെ പിൻബലമുണ്ടെന്നത് ഏവർക്കും അറിയാവുന്ന സത്യമാണ്.

പരമ്പരാഗത ബാങ്കിങ്ങ് സൊലൂഷൻസ് നില നിർത്തിക്കൊണ്ടു തന്നെ ടെലികോം മേഖലയിലേക്ക് പ്രവർത്തനമേഖല വ്യാപിപ്പിക്കാനുള്ള ബുദ്ധികേന്ദ്രം ശിവശങ്കറായിരുന്നെന്ന് ആർക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ. കമ്മ്യൂണിക്കേഷനിൽ ഐ.ഐ.ടി ബിരുദധാരിയായ ശിവശങ്കർ മാറുന്ന കാലഘട്ടത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള തികവുറ്റ ഒരു ടെക്നോക്രാറ്റ് ആണ്. ഉന്നതമായ സാങ്കേതികജ്ഞാനം ആവശ്യമായ മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള കമ്പനിയുടെ നീക്കം പെട്ടെന്ന് ആർക്കും ഉൾക്കൊള്ളാനായില്ല. ഇത്തരം അമ്പരപ്പിക്കുന്ന തീരുമാനങ്ങൾ മുൻപും അദ്ധേഹം എടുത്തു നടപ്പിൽ വരുത്തിയിട്ടുണ്ട്. പണ്ട് സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്തു കമ്പനിയെ കരകയറ്റിയത് അത്തരം ദീർഘദർശികളായ  തീരുമാനങ്ങളായിരുന്നു. ആ തീരുമാനങ്ങൾ ശരിയായിരുന്നെന്ന് കാലം തെളിയിച്ചു.ഇപ്പോഴിതാ കമ്പനിയുടെ മൂന്നു മാസക്കാല സാമ്പത്തിക റിപ്പോർട്ടിൽ അറ്റാദായത്തിലെ എഴുപതു ശതമാനത്തോളം ടെലികോം സർവ്വീസ് മേഖലയിൽ നിന്നും. ഇത്ര പരിമിതമായ സമയ പരിധിയിലെ വിസ്മയകരമായ നേട്ടം.

പണ്ഡിറ്റ്ജി എന്നെ കാണാൻ ആഗ്രഹിക്കുന്നതിനു പിന്നിലെ ചേതോവികാരം എന്തായിരിക്കും? അഭിനന്ദിക്കുക എന്നതു മാത്രമെന്ന് കരുതാനാവില്ല. അഭിനന്ദനം
അറിയിച്ചുള്ള മെയിൽ ലഭിച്ചതാണ്. അതിനെക്കാൾ ഉപരിയായി ഒരു കമ്പനി ജീവനക്കാരനോട് അങ്ങിനെ സംസാരിക്കാൻ തക്ക വിഷയമെന്താണ്.? മനസ് പല
സാദ്ധ്യതകൾ തേടിയെങ്കിലും യുക്തിഭദ്രമായ ഒരുത്തരത്തിലേക്കെത്താൻ എനിക്ക് കഴിഞ്ഞില്ല. അങ്ങിനെ പലവിധ ചിന്തയിൽ മുഴുകിയതിനാൽ സ്ഥലമെത്തിയത് അറിഞ്ഞില്ല. 

പേരറിയാ പൂക്കൾ  തൊങ്ങൽ ചാർത്തിയ ഫോർ സീസൺ നക്ഷത്ര ഹോട്ടലിൻ്റെ വാതായനങ്ങൾ പിന്നിട്ട് പാർക്കിങ് ഏരിയയിലേക്ക് ഡ്രൈവർ നാരായണേട്ടൻ
കാറോടിച്ചു.നാരായണേട്ടൻ ഏറെക്കാലമായി കൂടെയുള്ള ആളാണ്. ഒരു ഡ്രൈവർ ആയി അയാളെ കരുതിയിട്ടില്ല. കുടുംബത്തിലെ ഒരംഗം എന്ന നിലക്കുമാത്രമേ
നാരായണേട്ടനെ കണ്ടിട്ടുള്ളു.

കടലിനു അഭിമുഖമായി ഉയർന്നു നിൽക്കുന്ന ,ആഡംബരത്തിൻ്റെ അവസാന വാക്കായ ഫോർ സീസൺ റിസോർട്ട്. ഇവിടം പതിവ് പാർട്ടി സ്ഥലമല്ല. അപൂർവ്വമായി വല്ലപ്പോഴും നടത്താറുമുണ്ട്. തീർത്തും വിശേഷപ്പെട്ട അവസരങ്ങളിൽ മാത്രം. നീലക്കടലിൽ നിന്നും അലയടിച്ചെത്തുന്ന കാറ്റിന് മത്തുപിടിപ്പിക്കുന്ന ഗന്ധം .നീണ്ട
ഇടനാഴികൾ കടന്ന് കമ്പനിക്കായി ബുക്കു ചെയ്തിരിക്കുന്ന മനോഹരമായ ഹാളിലെത്തി. വിലയേറിയ പെയിന്റിങ്ങുകളും കൗതുക വസ്തുക്കളും കൊണ്ട് അലങ്കരിച്ച വിശാലമായ ഹാൾ ഭാഗികമായി നിറഞ്ഞിരിക്കുന്നു.  പരിചിതരായ മുഖങ്ങൾ അഭിവാദ്യം അർപ്പിക്കുന്നു. കമ്പനിയുടെ ഉജ്വലനേട്ടം ഏവരും ആഘോഷിക്കുകയാണ്. ചിലർ ഭക്ഷ്യസാധനങ്ങൾ രുചിക്കുന്നു. വിലയേറിയ മദ്യം രുചിക്കുന്നു. ലഹരി നുരയുന്ന സായാഹ്നം.

ഒന്നു ഫ്രഷാകാൻ ബാത്ത് റൂമിലേക്ക് പോയി വരുമ്പോഴാണ്  ഇടനാഴിയിൽ വച്ച് ഏറെ പരിചിതമായ ഒരു   മുഖം കണ്ടത്. വിഷ്ണു! വിഷ്ണു നമ്പീശൻ. ഒന്നേ നോക്കിയുള്ളൂ. പത്തു വർഷത്തെ ദീർഘമായ ഇടവേളക്കുശേഷം കാണുകയാണ്. കാലഘട്ടം വലിയ മാറ്റമൊന്നും അവനിൽ വരുത്തിയിട്ടില്ല. അവനും എന്നെ കണ്ടു. പൊടുന്നനെ ഒരു പാട് ഓർമ്മകൾ മനസ്സിൽ കടലേറ്റം പോലും  തിരതല്ലി. മനസ് പറഞ്ഞു. അരുത് ! ഒന്നുമോർക്കരുത്. മനസിന്റെ അറിയാതീരങ്ങളിൽ എന്നേ കുഴിച്ചു മൂടിയ ആ ഓർമകളെ മനസ്സിൽ ആധിപത്യം സ്ഥാപിക്കാൻ അനുവദിച്ചുകൂടാ.  ഓർമ്മകളുടെ പ്രവാഹത്തെ  പണിപ്പെട്ട് അടക്കി അവൻ്റെ അത്ഭുതം വഴിയുന്ന മുഖം അവഗണിച്ച് ഞാൻ വേഗം ഹാളിലേക്ക് നടന്നു. ഹാളിൽ ബോർഡംഗങ്ങളുടെ ചെറുപ്രഭാഷണങ്ങൾ തുടരുന്നു. അവയെല്ലാം ഏറെ
ശ്രദ്ധയോടെ ഞാൻ കേട്ടിരുന്നു. ഏതു പ്രവർത്തന മേഖലയിലായാലും, ഔദ്യോഗിക തലത്തിലും ജീവിതത്തിലും വമ്പൻ വിജയങ്ങൾ കരസ്ഥമാക്കിയവരുടെ വാക്കുകൾ ഞാൻ ഏറെ താത്പര്യത്തോടെ ശ്രദ്ധിക്കാറുണ്ട്. അവ ഉൾക്കൊള്ളാനും എൻ്റെതായ സാഹചര്യങ്ങൾ കണക്കിലെടുത്തു കൊണ്ടു തന്നെ സ്വജീവിതത്തിൽ നടപ്പിൽ വരുത്താൻ കഴിയുമോ എന്നുള്ള കാര്യങ്ങൾ ഗൗരവപൂർവം വിചിന്തനം നടത്താറുമുണ്ട്.  പണ്ഡിറ്റ്ജിയുടെ കാര്യമാത്ര പ്രസക്തമായ പ്രഭാഷണം ഏറെ  ആകർഷകമായിത്തോന്നി. പ്രഭാഷണം ഒരു ഉദാത്തമായ കലാരൂപമാണ് എന്ന് ബോധ്യപ്പെടുക ഇത്തരം അവസരങ്ങളിലൂടെയാണ്.

പ്രഭാഷണങ്ങൾക്കു ശേഷം ബോർഡംഗങ്ങൾ വിശാലമായ തളത്തിലെക്കു വന്നു. ഈയൊരവസരം സ്റ്റാഫുകൾക്ക് അപൂർവമായി ലഭിക്കുന്ന ഒന്നാണ്. കമ്പനിയുടെ സ്ഥാപകർ തങ്ങളിൽ ഒരാളായി മാറുന്ന അസുലഭമുഹൂർത്തം കമ്പനിയിലെ ജോലിക്കാരിൽ ആർക്കും അവരോട് സംസാരിക്കാം, വ്യക്തിപരമായ വിവരങ്ങൾ പങ്കുവക്കാം.  ഏവരിലും സന്തോഷം മാത്രം. മ്ലാനമായ ഒരു മുഖവും അവിടില്ല. പൊട്ടിച്ചിരികളാലും ഉച്ചത്തിലുള്ള സംഭാഷണങ്ങളാലും അന്തരീക്ഷം ശബ്ദായനമായി. അതിന് അകമ്പടിയായി നേർത്ത പാശ്ചാത്യ സംഗീതം അലയടിച്ചു. രുചികരമായ ഫ്രൈഡ് ചിക്കൻ വിങ്സും ആൽമണ്ട് റോസ്റ്റമെടുത്ത് ഞാൻ രുചിച്ചു നോക്കി. നാവിനെ മയക്കുന്ന അതിന്റെ രുചിക്കൊപ്പം ഒരു ഗ്ലാസ്സിൽ ബൈയ്ലിസ് മദ്യവും പകർന്നു. മദ്യം ഉപയോഗിക്കുക പതിവില്ല.
മദ്യത്തോട് അശേഷം താത്പര്യവും ഇല്ല.  പക്ഷേ പാർട്ടികളിൽ പങ്കെടുക്കുമ്പോൾ ഒരു ഗ്ലാസ്സ് ഒഴിച്ചെടുക്കും.പാർട്ടി തീരും വരെ ആ ഒരു ഗ്ലാസ്സ് കയ്യിലുണ്ടാവുകയും
ചെയ്യും.പാർട്ടികളിൽ  മദ്യപിക്കാതെ ഇരിക്കുന്നതിനേക്കാൾ ഈയൊരു നയം ഗുണം ചെയ്യുന്നതായാണ് അനുഭവം. സൗഹൃദങ്ങളിൽ ഒരു ഇഴയടുപ്പം ഉണ്ടാക്കാൻ അതു കൊണ്ടു കഴിഞ്ഞിട്ടുണ്ട്. കമ്പനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായ എഡ്വേർഡ് ബ്രയാൻ എന്റെ അടുത്തെത്തി കമ്പനിയിലെ ജീവനക്കാരുടെ മെഡിക്കൽ ക്ലെയിം റീഇമ്പേഴ്‌സ്‌മെന്റ് വിഷയവുമായി ബന്ധപ്പെട്ട ചില അപാകതകൾ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പങ്കുവച്ചു. അടുത്ത മീറ്റിങ്ങിൽ അതു ചർച്ചക്ക് വക്കുമെന്നും അതു നടപ്പിൽ വരുത്തുന്നതിനായി പിന്തുണ  ആവശ്യപ്പെടുകയും ചെയ്തു. അയാൾക്ക് പിന്തുണ വാഗ്ദാനം ചെയ്തു കൊണ്ട് അതവതരിപ്പിക്കാനുള്ള പ്രോത്സാഹനം നല്കി. ഫ്രൈഡ് ചിക്കൻ കഴിച്ചുതീർത്തു പുകച്ച ബേക്കൺ റാപ്പ് എടുക്കാനായി തിരിഞ്ഞപ്പോഴാണ് പുറത്ത് മൃദുവായ കൈത്തലം സ്പർശിച്ചത്.

(തുടരും...


ഭാഗം - 2 

തിരിഞ്ഞു നോക്കിയപ്പോൾ പുഞ്ചിരി തൂകിക്കൊണ്ട് പണ്ഡിറ്റ് ജി.

“അതെടുക്കൂ. എനിക്കൽപ്പം താങ്കളോട് സംസാരിക്കാനുണ്ട്.”

തുടർന്ന് കടലിലേക്ക് അഭിമുഖമായി ഇട്ടിരുന്ന ടേബിളിലേക്ക് കൈ ചൂണ്ടി പറഞ്ഞു.

“ഞാൻ     പത്തു മിനിട്ടിനകം അവിടുണ്ടാകും.“                                         

കടലിനെത്തഴുകി ഇരമ്പുന്ന കടൽക്കാറ്റ്. അനന്തമായ നീലരാശിക്കപ്പുറം സ്വർണ്ണം ഉരുക്കി ഒഴിച്ച് സായാഹ്ന സൂര്യൻ. അകലങ്ങളിൽ കടലിലേക്ക് വളയുന്ന വാനം ഒരു പരിചാരകൻ വന്ന് പണ്ഡിറ്റ് ജിയുടെ ഗ്ലാസ്സിൽ സിറാക് വോഡ്ക പകർന്നു. ആൽമണ്ട് ഫ്രൈയും ടർക്കി മീറ്റ്ബാളും കൊണ്ടുവച്ചു. സ്വല്പം മദ്യം കഴിച്ച് ശിവശങ്കർ എന്നെ സാകൂതം നോക്കി.

“രവി …രവിചന്ദ്രൻ … ഇവിടെ വന്നിട്ട്  ഏഴു വർഷത്തോളമാകുന്നു അല്ലേ.”

“അതെ”

ഞാൻ കൗതുകത്തോടെ തലകുലുക്കി

“നാട്ടിലെവിടെയാണ് ?”

“ഏ .. പാലക്കാട്..”

പൊടുന്നനെ മനസ്സ് ഒന്നു പിടഞ്ഞു. അറ്റമില്ലാതെ നീണ്ടു കിടക്കുന്ന നെടുവരമ്പ്‌. വരമ്പിൽ ഇടവിട്ട് ഒറ്റപ്പെട്ട് നിൽക്കുന്ന കരിമ്പനകൾ. വെയിലേറ് കൊണ്ട് ഹരിതകം മങ്ങി പൊരിഞ്ഞ   കരിമ്പനകളെ വട്ടം ചുറ്റി ഇരമ്പുന്ന  വരണ്ട കാറ്റ്. ആ കാറ്റേറ്റാൽ നിറം പോയി കരിവാട് പോലാകുമെന്നു നാട്ടുകാർ പറയും  ആ നെടു വരമ്പ് ചെന്നു മുട്ടുക അമ്പലത്തേക്കാണ്. ഒരു തോട്  കടന്നു വേണം അമ്പലപ്പറമ്പിലേക്കു കയറാൻ. കൈത്തോടിന്  കുറുകെ മരപ്പലക കെട്ടിയ തൂക്കുപാലമുണ്ട്. പൂതലിച്ച മരപ്പലക പലയിടത്തും  ഇളകിപ്പോയ, ആരെങ്കിലും കയറിയാൽ ഒച്ചവയ്ക്കുന്ന അതിൽ കയറാൻ വല്ലാത്ത ഭയമായിരുന്നു. നാക്കില കീറിൽ  വച്ചുനീട്ടുന്ന കുളിർന്ന ചന്ദനത്തിൻ്റെ തണവ്. നാവു തരിക്കുന്ന പുണ്യാഹം. പ്രസാദ മധുരം. എണ്ണതിരിയിൽ  അഗ്നി പടർന്നു പിടിക്കുന്ന ഗന്ധം

”അപ്പു.. മകം. ഒരു പുഷ്പാഞ്ജലി”

അമ്മ പറയുകയാണ്.

“പെൺകുട്ടികളുടെ നാളാ ഏട്ടന്”. അനുജത്തിയുടെ കളിയാക്കലുകൾ .

പിന്നെ ഒരു പാട് വാകമരങ്ങൾ തണലു പടർത്തി പൂത്തു നിൽക്കുന്ന കാമ്പസ് . ചുകന്ന പൂക്കളുടെ ക്യാമ്പസ്, ഓർമയടരുകളിലെ നീറലായ കാമ്പസ്. അരുത് ഒന്നും ഓർക്കരുത് ഒന്നും..

“പഠനം കഴിഞ്ഞ് അല്പകാലമേ നാട്ടിലുണ്ടായുള്ളൂ. അല്ലേ”.

“അതേ ഇതു വരെ പോകാനൊത്തില്ല.”

ശിവശങ്കർ ശ്രുതിമധുരമായി പുഞ്ചിരിച്ചു.

“ഞാൻ ഇരുപത്തഞ്ച് വർഷമാകുന്നു. ഇവിടുത്തെ ധാരാളിത്തത്തിൻ്റെ ഒരിക്കലും ശമിക്കാത്ത തിരക്കുകൾക്കിടെ  നമുക്ക് നഷ്ടപ്പെട്ടു പോകുന്ന ചിലതുണ്ട്. ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടപ്പെടലുകൾ. ആ നഷ്ടങ്ങൾക്കു പകരം വക്കാൻ മറ്റൊന്നിനുമാകില്ല ശരി ഞാൻ വളച്ചുകെട്ടില്ലാതെ ഉദ്ധേശിച്ച കാര്യം പറയാം. ഞാൻ നാട്ടിൽ ഐ.ടി. സർവ്വീസ് കമ്പനി തുടങ്ങി. ഞാൻ മാത്രം പണം മുടക്കി ചെയ്യുന്ന സംരംഭം. മണ്ണും വെള്ളവും വലിച്ചെടുത്തു വളർന്ന വൃക്ഷം ആ മണ്ണിനു വേണ്ടി തിരിച്ചെന്തെങ്കിലും നൽകേണ്ടതല്ലേ.?

എന്താണ് മറുപടി പറയേണ്ടതെന്നറിയാതെ ഞാൻ പ്രോത്സാഹന സൂചകമായി പുഞ്ചിരിച്ചു.

“രവിക്കറിയാമോ പത്തിരുപതു വർഷത്തിനുള്ളിൽ, അല്ല ഇപ്പോൾ തന്നെ ഭാഗികമായി അങ്ങിനെത്തന്നെയാണ്! കേരളത്തിലെ വീടുകളിൽ വൃദ്ധരായ മാതാപിതാക്കളെ കാണൂ. മക്കൾ ഉപേക്ഷിച്ചുപോയ മാതാപിതാക്കൾ. അങ്ങിനെ പറയുന്നത് ക്രൂരതയായി തോന്നാം. എങ്കിലും സത്യം അതല്ലേ? ആ വേദനയുടെ ആഴം അനിർവ്വചനീയമല്ലേ? നാട്ടിൽ പോയ എന്റെ ഒരു സുഹൃത്ത് പറഞ്ഞതാണ് നാട്ടിലെ ആളൊഴിഞ്ഞ വലിയ വീടുകൾ അയാളെ വല്ലാതെ ഭയപ്പെടുത്തി എന്ന്. ഞാൻ കാരണം കുറച്ചു മക്കളെങ്കിലും മാതാപിതാക്കളുടെ കൂടെ ഉണ്ടാകട്ടെ. മാതാപിതാക്കൾക്കു മക്കളെ അടുത്ത് കാണാൻ ഇട വരട്ടെ. ഇൻഫ്രാസ്ട്രക്ചർ എല്ലാം പൂർത്തിയായി വരുന്നു. ഇനി ഏറിയാൽ മൂന്നു മാസം. നമ്മുടെ കമ്പനി പ്രവർത്തനമാകും. അല്ല പ്രവർത്തനസജ്ജമാകും. ശരിയായ മലയാളമൊക്കെ എന്നിൽ നിന്നും എന്നേ നഷ്ട്ടപെട്ടു പോയിരിക്കുന്നു.”

അദ്ധേഹം നമ്മുടെ കമ്പനി എന്നു പറഞ്ഞത് എന്നെ അങ്കലാപ്പിലാക്കി.  തുടർന്നു പറയുന്നത് ഞാൻ ഉത്കണ്ഠയോടെ ശ്രദ്ധിച്ചു.

“ഞാൻ  നമ്മുടെ കമ്പനി എന്നു പറഞ്ഞതിൻ്റെ ആന്തരാർത്ഥങ്ങളായിരിക്കും രവി ആലോചിക്കുന്നത് അല്ലേ? ഞാൻ വളച്ചുകെട്ടില്ലാതെ പറയാം. ആ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ആയി ഞാൻ താങ്കളെയാണ് മനസ്സിൽ കണ്ടിരിക്കുന്നത്.”

ഞാനൊന്നു പതറി.

“സാർ.. ഞാൻ. എന്നെയോ ?”

“ഒന്നും മറുത്തു പറയരുത്. ഈ പദവി പൂർണ്ണമനസോടെ ഏറ്റെടുക്കണം ഞാനും ഒരു തിരിച്ചു പോക്കിൻ്റെ ആലോചനയിലാണ്. ഇതാദ്യപടിയാണ്. എന്നെ ഇവിടെത്തന്നെ പിടിച്ചു നിർത്തുന്ന ചില കെട്ടുപാടുകളുണ്ട്. അത് സാങ്കേതികം മാത്രമാണ്. ഒന്നൊന്നായി ഞാൻ അറുത്തു കളയുന്നു. അവസാന കണ്ണിയും പൊട്ടിച്ചെറിയുന്ന നാൾ, ഞാൻ തീർത്തും സ്വതന്ത്രമാകുന്ന അന്ന് എൻ്റെ മണ്ണിലേക്ക് ഞാൻ  തിരിച്ചു വരും. ഒരു മടക്കത്തിൻ്റെ നേരിയ സാധ്യത പോലും പൂർണ്ണമായി ഇല്ലാതാക്കിക്കൊണ്ട്. “

പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങളുടെ സമ്മിശ്രമിശ്രണം  ശിവശങ്കറിൻ്റെ മുഖത്ത് തിരതല്ലുന്നതു ഞാൻ കണ്ടു.

“വൈഫ്?”

ഡോക്ടറാണ്.. ഇവിടെ ഒരു ക്ലിനിക്കിൽ ജോലി ചെയ്യുന്നു.

“ശരി ഗുഡ്. പെട്ടെന്നൊരു പറിച്ചുനടൽ ഞാൻ ആവശ്യപ്പെടുന്നില്ല. അതത്ര എളുപ്പമാണെന്നും ഞാൻ കരുതുന്നുമില്ല. സമയമുണ്ട്. കുടുംബത്തിൽ ചർച്ച ചെയ്യുക. വേണ്ടപ്പെട്ടവരോടു സംസാരിക്കുക.  രവിക്കറിയാമോ എൻ്റെ ഇന്നോളമുള്ള ജീവിതത്തിൽ ഞാൻ ഏറെ ആഹ്ളാദിച്ചത് ഈയൊരു തീരുമാനമെടുത്ത് അത് നടപ്പാക്കണമെന്ന് നിശ്ചയിച്ചപ്പോഴാണ്. എൻ്റെ ഈയൊരു തീരുമാനത്തെ   താങ്കളുടെ പൂർണ്ണമായ സഹകരണവും സമർപ്പണവും കൊണ്ട് സാധൂകരിക്കുമെന്ന് വിശ്വസിക്കാൻ ആണ് എനിക്കാഗ്രഹം. ഞാനങ്ങനെ കരുതുന്നതിൽ തെറ്റില്ലല്ലോ?”

എൻ്റെ കണ്ണുകളിലേക്ക് സാകൂതം ഉറ്റുനോക്കികൊണ്ട് ശിവശങ്കർ പറഞ്ഞു.

പെട്ടെന്നൊരു മറുപടി ആവശ്യപ്പെട്ടാൽ ഇല്ല എന്നു തന്നെയാവും പറയുക. ഇങ്ങോട്ടുള്ള യാത്രക്കു മുൻപ് മനസ്സിൽ ഉറപ്പിച്ചതാണ് ഇനിയൊരു തിരിച്ചു പോക്ക് ഇല്ല എന്നുള്ളത് .എൻ്റെ ആഗ്രഹങ്ങളുടെ, സ്വപ്നങ്ങളുടെ  ,  എൻ്റെ ജീവൻ്റെ, സർവോപരി ഞാൻ എന്ന സ്വത്വബോധത്തിന്റെ  പൂർണ്ണതയുടെ ശിഥില ഭൂമികയിലേക്കിനിയില്ല. സർവ്വാദരണീയനായ ശിവശങ്കറിൻ്റെ മുഖത്തു നോക്കി പറയാൻ എന്നിക്കു വൈമുഖ്യം  ഉണ്ട്. എൻ്റെ മുഖത്തുള്ള ഭാവമാറ്റങ്ങളുടെ നാനാർത്ഥങ്ങൾ മനസ്സിലാക്കിയിട്ടാവണം പണ്ഡിറ്റ് ജി തുടർന്നു.

“രവി.. താങ്കൾ ആലോചിക്കു. കമ്പനിയുടെ തലപ്പത്ത് താങ്കൾ ഉണ്ടാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇത്തരമൊരു പദ്ധതിയെക്കുറിച്ച് ആലോചിച്ചപ്പോൾ ആദ്യത്തെ തിരഞ്ഞെടുപ്പായി  താങ്കളാണ് എൻ്റെ മനസ്സിലേക്കു വന്നത്. ഞാൻ നിർബന്ധിക്കുകയല്ല. ഈയൊരു വിഷയത്തിൽ നിങ്ങൾക്കു മുന്നിൽ പ്രതിബന്ധമായി തോന്നുന്ന കാര്യങ്ങൾ, എന്നാൽ ഒഴിവാക്കാൻ കഴിയുന്നതായി തോന്നുന്നെങ്കിൽ എന്നോടു പറയാo .ഞാനതിന് ഏതു വിധേനയും പ്രതിവിധി കണ്ടെത്തിയിരിക്കും.

മദ്യ ഗ്ലാസ്സ് തീർത്ത് ശിവ ശങ്കർ ചുണ്ടു തുടച്ചു.

“സാർ ഞാൻ ഏതാനും ദിവസത്തിനകം വിവരം പറയാം. ഭാര്യയോട് സംസാരിക്കണം “

“മതി.. സാവകാശം മതി.” അയാൾ എഴുന്നേറ്റു. കൈ പിടിച്ചുകുലുക്കി. പെട്ടെന്ന് യാത്ര പറഞ്ഞു പൊയ്ക്കളഞ്ഞു.

മനസ്സിനെ മഥിക്കുന്ന ചിന്തകളുമായി ആ പാർട്ടിയിൽ തുടരാൻ എനിക്കു കഴിഞ്ഞില്ല. ആശയക്കുഴപ്പം വന്നു ഗ്രസിച്ച ഞാൻ ആ വർണാഭമായ ഹാൾ വിട്ട് പുറത്തിറങ്ങി. ശിവശങ്കറിനെപ്പോലുള്ള ഒരാളോട് അപ്പോൾ തന്നെ താൽപര്യക്കുറവ് പറയേണ്ടിവരുന്നതിലെ ബുദ്ധിമുട്ടു ഒഴിവാക്കാൻ    ഭാര്യയോട് സംസാരിക്കണമെന്ന്  ഒരൊഴികഴിവുപോലെ പറഞ്ഞതാണെങ്കിലും നാട്ടിലേക്കുള്ള പറിച്ചുനടലിനോട് താത്പര്യം അശേഷമില്ല. രാധയോടൊന്നു സംസാരിച്ചു നോക്കാം അത്ര മാത്രം. അവൾക്കു ഈ നിർദേശം ഒട്ടും സ്വീകാര്യമായിരിക്കില്ല എന്നതുറപ്പാണ്. അവൾക്കു താല്പര്യം ഇല്ല എന്ന് പറഞ്ഞൊഴിഞ്ഞാൽ മതിയല്ലോ?ഭൗതിക സാഹചര്യങ്ങളുടെ അന്തരമല്ല ഈയൊരു ചിന്തക്കു പിന്നിൽ. അത്തരം സുഖസൗകര്യങ്ങൾക്കു പിന്നാലെ പായുന്ന ആളുമല്ല ഞാൻ. നാട്ടിലേക്കുള്ള യാത്രയെ എന്നും പുറകോട്ടു വലിപ്പിച്ചിട്ടുള്ളത് ഒന്നു മാത്രം. ഒരിക്കും ഓർക്കാൻ ഇഷ്ടപ്പെടാത്ത, അനാദിയായ മരണത്തിൻ്റെ ചിറകടിയൊച്ചകൾ എന്നെ കേൾപ്പിച്ച ആ സംഭവം. സംഭവ പരമ്പരകൾ. അതുമായി ബന്ധപ്പെട്ട വ്യക്തികൾ. ആ നാടും പുഴയും വയലും കാമ്പസും ഉൾകൊണ്ടുകിടക്കുന്ന സ്ഥാലരാശികൾ. ആ സംഭവങ്ങളുടെ ഓർമ്മ തൊട്ടുണർത്തുന്നവയാണ്. ആ നോവോർമ്മകൾ ദൈനംദിന ജീവിതത്തെ എങ്ങിനെ ബാധിക്കുമെന്നു പറയാൻ പ്രയാസമാണ്.

പൊടുന്നനെ മനസ്സിൽ എന്തോ കൊളുത്തി വലിച്ചു ലോഹ ചൂണ്ടക്കൊളുത്തിൽ  കുടുങ്ങി ചോര ചിതറിയ  മത്സ്യം  കണക്ക് മനസ്സു പിടഞ്ഞു. അതിൻ്റെ അനുരണനമായി  ഇടതു കൈത്തണ്ടയിലെ വലിയ ഞരമ്പ് തുടിച്ചു. അരുത് ഒന്നും ഓർക്കരുത് ഒന്നും അറിയരുത്….. എല്ലാം ഓർമ്മയുടെ ചാവു നിലത്തിൽ  അടക്കിയവയാണ്. അവയെ ഉണർത്താൻ അനുവദിക്കരുത്.

അതു മനസ്സിലുറപ്പിച്ച് ഞാൻ എഴുനേറ്റു. കട്ടി ഗ്ലാസ്സുകൊണ്ട് നിർമ്മിച്ച വാതായനത്തിനരികിലെത്തി. നഗരത്തിലേക്ക് തുറക്കുന്ന വലിയ വാതായനങ്ങൾ.  പാതി തുറന്ന ജാലകത്തിനിടയിലൂടെ  ഉള്ള കാഴ്ച്ചയിൽ    നിശ്ചലത എന്ന അവസ്ഥ എന്നേ കൈമോശം വന്നു പോയ നഗരത്തെ എന്നും ഞാൻ കാണുന്നു എപ്പോഴും മുന്നോട്ടു കുതിച്ചു കൊണ്ടിരിക്കുന്ന ജനസമുദ്രം . ചില്ലുശകലങ്ങൾ കൊണ്ട് പൊതിഞ്ഞ വ്യത്യസ്ത ആകാരഭംഗിയുള്ള അംബരചുംബികൾ വാനം ലക്ഷ്യമിട്ട് ഉയിർത്തു നിൽക്കുന്നു.അത്തരമൊരു അംബരചുംബിയാണ് എൻ്റെ ഓഫീസ്.  അവയിൽ നിന്നുള്ള പ്രകാശ ധാരകൾ സർവ്വയിടകളിലും പ്രസരിച്ച്  വജ്രംപോലെ വെട്ടിത്തിളങ്ങുന്നു.  ഇടതടവില്ലാതെ മുന്നോട്ടു നീങ്ങുന്ന വാഹനങ്ങൾ .ഇവിടെ ഒന്നും തന്നെ പിന്നോട്ടില്ല. മുന്നോട്ടു മാത്രം ചിന്തിക്കുന്നവർക്കേ  ഇവിടെ അതിജീവനമുള്ളൂ. നിലനിൽപ്പുള്ളൂ. ആ ഒരു ചിന്തയാണെന്നെ ഇവിടം വരെ എത്തിച്ചത്. നാട്ടിലെ സർക്കാരു സ്കൂളിലെ മരക്കാലിളകിയ ബഞ്ചിൽ നിന്നും ജനലുകൾ ദ്രവിച്ച  ക്ലാസ്സ് റൂമിൽ നിന്നും  തുടങ്ങിയ യാത്ര.

ഭൗതിക  സാഹചര്യങ്ങളെക്കുറിച്ചോർത്ത് ഞാൻ ഒരിക്കലും ദു:ഖിച്ചിട്ടില്ല. അത്തരം സാഹചര്യങ്ങൾ നമ്മളായിത്തന്നെ കരസ്ഥമാക്കണം എന്നതായിരുന്നു ഓർമ്മ തിടം വച്ച നാൾ  മുതൽ മനസ്സിൽ വേരൂന്നിയ ആദർശം.ചെറുപ്പത്തിൽ തന്നെ  അച്ഛനെ നഷ്ടപ്പെട്ട ഒരു പ്രൈമറി ടീച്ചറുടെ മകന് ചെറിയ സ്വപ്നങ്ങൾ മാത്രമേ  ഉണ്ടായിരുന്നുള്ളൂ. ഒന്നു റെയ്നോൾസ് പേനയിൽ ഒരു ചിത്രകഥാപുസ്തകത്തിൽ ആഹ്ളാദം തിരതല്ലിയിരുന്ന സമയ സ്ഥലരാശികൾ. പിന്നീട് സ്വപ്നങ്ങൾ നക്ഷത്രങ്ങളായി വളർന്ന് പന്തലിച്ചു. പിന്നീടെപ്പോഴോ ജീവിതത്തിൻ്റെ ഒരു ഘട്ടത്തിൽ  നക്ഷത്രങ്ങളെ സ്വപ്നം കാണാൻ പഠിപ്പിച്ചതാരാണ്?

“അപ്പൂ “

പതിഞ്ഞ സ്വരത്തിൽ എന്നെ വിളിക്കുന്നതാരാണ്.? പൊടുന്നനെ തിരിഞ്ഞു നോക്കി.

വിഷ്ണു!

മുഖം വെട്ടിത്തിരിച്ച് പോകാനൊരുങ്ങുമ്പോൾ അവൻ തടഞ്ഞു.

“അപ്പൂ നിന്നോട് ഞാനെന്തു തെറ്റു ചെയ്തു? നമ്മുടെ ബാച്ച് മേറ്റ്സ് എന്തു തെറ്റു ചെയ്തു. എന്താണിങ്ങിനെ?”

അവൻ്റെ മുഖത്തു നോക്കാതെ ലക്ഷ്യമില്ലാതെ കൺ പായ്ചു നിൽക്കുമ്പോൾ അവൻ കൈത്തലം ഗ്രഹിച്ചു.

“അപ്പൂ. നമ്മുടെ ബാച്ചിൻ്റെ ഗ്രൂപ്പിൽ നീ മാത്രം ഇല്ല. നിൻ്റെ നമ്പർ പോലും ആരുടെയും കൈവശമില്ല. നീയെവിടെ എന്ന് ആർക്കും അറിയില്ല. നമ്മുടെ ക്ലാസ്സിലെ കുട്ടികളുടെ കല്യാണങ്ങൾ… ഒരിടത്തു പോലും ആരും നിന്നെ കണ്ടിട്ടില്ല. ഇപ്പോൾ എത്രയോ വർഷങ്ങൾക്കു ശേഷം നിന്നെക്കാണുന്നു. നീയാകട്ടെ ആലുവാ മണപ്പുറത്തു കണ്ട പരിചയം പോലും കാണിക്കാതെ മുഖം തിരിക്കുന്നു. നാലു വർഷം ഒരുമിച്ചു കഴിഞ്ഞതല്ലേ നമ്മൾ.”

കാർമേഘം പോലെ കനം തൂങ്ങിയ എൻ്റെ മനസ്സൊന്നു അയഞ്ഞു. ഞാൻ തെല്ലു ജാള്യതയോടെ വിഷ്ണുവിനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു. വാക്കുകൾ കഷ്ടിച്ചു പുറത്തുവന്നു.

“വിഷ്ണു … ഇവിടെ?

“ഞാൻ ഈ റിസോർട്ടിൽ മെയിൻ്റനൻസ് എഞ്ചിനീയറായി ജോലി ചെയ്യുന്നു. ഐ.ടി ഫീൽഡ് ഞാൻ വിട്ടു. ഇത്രയും കാലം പഠിച്ചതൊന്നു ചെയ്യുന്നത് വേറൊന്ന്. ഏറെ കാലത്തിനുശേഷം കോർ ഫീൽഡിൽ തന്നെ വന്നു പെട്ടു എന്ന് പറയാം.

ഏറെ നാളുകൾക്ക് ശേഷം കണ്ട വിഷ്ണു ഏറെ സന്തോഷത്തോടെ സംസാരിച്ചുകൊണ്ടിരുന്നു. എല്ലാം ഞാൻ കേട്ടിരുന്നു. സതീർത്ഥ്യരെല്ലാം ഓരോ ലാവണങ്ങളിൽ ചേക്കേറിയിരിക്കുന്നു. മിക്കവരുടേയും വിവാഹം കഴിഞ്ഞ് കുടുംബ ജീവിതം നയിക്കുന്നു.

 “യത്ര വിശ്വം ഭവത്യേക നീഡം“ ഇവിടെ ലോകം ഒരു പക്ഷികൂടായി മാറുന്നു. പക്ഷികൂട് പോലുള്ള ചെറിയൊരു ക്ലാസ്സ് മുറിയിൽ നിന്ന് ലോകമാകമാനം വ്യാപിച്ച എൻ്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ .എല്ലാവരും എനിക്ക് പ്രിയപ്പെട്ട കൂട്ടുകാർ. എന്നെക്കാളെറെ ഞാൻ ഇഷ്ടപ്പെട്ടവർ. ഞങ്ങൾക്ക് ഒരു തീരുമാനമുണ്ടായിരുന്നു. വർഷത്തിലൊരിക്കൽ ഒത്തുകൂടണമെന്ന്. ലോകത്തിൻ്റെ ഏതു കോണിലായായാലും എത്ര തിരക്കുപിടിച്ച ജീവിതാവസ്ഥയിലെങ്കിലും ഒരിക്കൽ ഒത്തുകൂടിയിരിക്കണം. ചോരത്തുടിപ്പാർന്ന വാകമരങ്ങളും ചുമന്ന പൂമരങ്ങളും ഇടതൂർന്ന കൗമാരസ്വപ്നങ്ങളുടെ ഭൂമികയിൽ, അവിടുത്തെ ഏതെങ്കിലും ഒരു കോണിൽ ഒത്തുകൂടണം. ഒത്തുകൂടിയിരിക്കണം തീർച്ച. പക്ഷേ അത്തരമൊരു ദൃഢനിശ്ചയത്തിന് മുൻകൈയെടുത്ത ഞാനില്ലാതെ ഇല്ല  ഞാനാ ഒത്തുചേരലിൽ  ഉൾപ്പെടില്ല. ഉൾപ്പെടാൻ പാടില്ല. ഒട്ടേറെ വിശേഷങ്ങൾ പറഞ്ഞ കൂട്ടത്തിൽ അവൻ ബോധപൂർവ്വം പറയാതെ പോയ ഒന്നുണ്ട്. അറിയണ്ട. എനിക്കൊന്നും തന്നെ ഇനി  അറിയണ്ട. ഓർമ്മയുടെ അടരുകളിൽ നിന്നും എന്നേ പറിച്ചു മാറ്റപ്പെട്ടതാണിത്. അതുമായി ബന്ധപ്പെട്ട ഒരു വസ്തുതയും എനിക്കറിയണ്ട.

നേരം മങ്ങുന്നു ഇരുളുന്നു. വിഷ്ണു യാത്ര പറഞ്ഞ് പോയി. ഫോൺ നമ്പർ ഒന്നും നല്കിയില്ല. അവനതു ചോദിച്ചില്ല. അവനറിയാം ചോദിക്കുന്നത് ഫലം ചെയ്യില്ലെന്ന് …. വിഷ്ണു പോയി. യാത്ര പറഞ്ഞു പോകുമ്പോൾ അവൻ്റെ കണ്ണിമ  നനഞ്ഞുവോ?

കടലേറ്റം പോലെ തിരതല്ലുന്ന തണുപ്പ്. കാറിൽ നിന്നിറങ്ങി കൈകൾ കൂട്ടിത്തിരുമ്മി വീടിൻ്റെ പടിക്കെട്ട് കയറി. കാറിലിരിക്കുമോൾ കനം തൂങ്ങിയ മനസ്സും കാടുകയറിയ ചിന്തകളുടെ വേലിയേറ്റുമായിരുന്നു അനുഭവിച്ചത്. നാരായണേട്ടൻ എന്തോ ചോദിച്ചെങ്കിലും നേരെ മറുപടിയൊന്നും പറഞ്ഞില്ല. അയാളെന്തു വിചാരിച്ചു കാണുമോ എന്തോ? ആ വിഷ്ണുവിനെ കാണരുതായിരുന്നു. മനസ്സ് ശ്ലഥചിന്തകളിലേക്ക് പോയത് അവനെ കണ്ടതിൽ ശേഷമാണ്. അവൻ ജോലി ചെയ്യുന്ന റിസോർട്ടിലേക്കും ഇനി  പോകാനില്ല.

രാധ പകർന്നു തന്ന അല്പം ഓട്സുകഞ്ഞിയും പച്ചക്കറി സൂപ്പും കഴിച്ചു കഴിഞ്ഞപ്പോൾ ആശ്വാസം തോന്നി. തലവേദനയെന്നു പറഞ്ഞ് ഉറങ്ങാൻ കിടന്നു. തെല്ലിട കഴിഞ്ഞ് മൃദുലമായ കൈത്തലം സ്നിഗ്ധമായ ബാമിൻ്റെ ഗന്ധം പടർത്തി എൻ്റെ നെറ്റിത്തടത്തെ തലോടുന്നത് ഞാനറിഞ്ഞു. അതിൻ്റെ സുഖാലസ്യത്തിൽ  എൻ്റെ കണ്ണുകൾ അടഞ്ഞു.


പുലർകാലത്തിന് പ്രതീക്ഷിച്ച കുളിരില്ല. നേരിയ ചൂടു പ്രസരിപ്പിച്ചു കൊണ്ട് സർവ്വത്തിനേയും ഉൻമേഷഭരിതനാക്കുന്ന സൂര്യനെ ജാലകപ്പഴുതിലൂടെ കണി കണ്ട് കണ്ണു തിരുമ്മി അൽപ്പനേരം കൂടെ കിടന്നു. വെളുത്ത  മഞ്ഞിൻ കണങ്ങൾ പറ്റിപ്പിടിച്ച വാതായനങ്ങൾ നേർത്ത ചൂടിൽ ഉരുകിയൊലിക്കുന്ന പോലെ തോന്നി.ഒരെണ്ണഛായച്ചിത്രം  പോലെ തോന്നിച്ച അതിൻ്റെ മനോഹാരിത ഉൾക്കൊള്ളുമ്പോഴായിരുന്നു വാതിൽ തുറന്ന് രാധ വന്നത്. കയ്യിൽ ഗ്രീൻ ടീ.

“തലവേദനയൊക്കെ മാറിയെന്നു തോന്നുന്നല്ലോ?”

അവൾ പുഞ്ചിരിച്ചു കൊണ്ട് ഗ്രീൻ ടീ എൻ്റെ നേരെ നീട്ടി.

“അതെ മാറി.”

ഞാൻ ഗ്രീൻ ടീ വാങ്ങി ഒരിറക്ക് കുടിച്ചു കൊണ്ട് പറഞ്ഞു.

“മാറി .. ഇപ്പോൾ യാതൊരു വേദനയുമില്ല..”

പൊടുന്നനെ തലേന്നത്തെ സംഭവങ്ങൾ മനസ്സിൽ വന്നു കയറി. ഞാൻ പറഞ്ഞു.

“ഇന്ന് ഞാൻ ഓഫീസിൽ പോകുന്നില്ല. നമുക്ക് ഒരു ഔട്ടിങ്ങിനു പോകാം. നിന്നോട് കുറെ കാര്യങ്ങൾ സംസാരിക്കാനുണ്ട്.”

അവളുടെ മുഖം വിടർന്നു. അത്തരമൊരു നിർദേശം അവൾക്ക് ഏറെ സ്വീകാര്യമെന്നു ആ മുഖം വെളിവാക്കിത്തന്നു. ക്ലിനിക്കിലെ ജോലിത്തിരക്കിൽ നിന്നും തെല്ലിട നേരം ഒരു മോചനം അവളും ആഗ്രഹിച്ചിരുന്നിരിക്കാം. പണ്ഡിറ്റ് ജി യുടെ നിർദേശം ഞാൻ മാനസികമായി തള്ളിക്കളഞ്ഞതാണ്. എന്നിരുന്നാലും വെറുതെ അവളുടെ അഭിപ്രായമാരായാം. എന്തെങ്കിലുമൊക്കെ എതിരഭിപ്രായം പറഞ്ഞ് തർക്കിക്കാം. അവളുടെ പിണക്കം കാണാൻ ഒരു രസമാണ്. പിണങ്ങുന്നതിനും ഇണങ്ങുന്നതിനും അധികം സമയം വേണ്ട. പിണക്കത്തിൻ്റെ കാലയളവ് അര മണിക്കൂർ കൂടുതൽ എടുക്കാറില്ല എന്നുള്ളതാണ് ഒരാശ്വാസം. ഉച്ചഭക്ഷണം  ഓഷ്യൻ പ്രൈമിൽ ബുക്കു ചെയ്യാം. ഒന്നാന്തരം കടൽവിഭവങ്ങൾ ലഭിക്കുന്ന ഇടമാണത്. അവിടുത്തെ അന്തരീക്ഷവും ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളും ഒന്നാന്തരമാണ്.

അന്നത്തെ എല്ലാ  പദ്ധതികൾക്കും പച്ചക്കൊടി  കാണിച്ച് രാധ എന്ന് ഞാൻ സ്നേഹപൂർവ്വം വിളിക്കുന്ന രാധിക ഉടനെത്തന്നെ പുറത്തു പോകാൻ തയ്യാറായി വന്നു.   

കടൽ കാറ്റേറ്റ് റോഡിലൂടെ ഒഴുകുന്ന കാറിൽ ഇരിക്കുന്നോൾ ചില്ലുപൊടി പോലെ പൊടിഞ്ഞ ജലകണങ്ങൾ  അന്തരീക്ഷമാകെ തൂവിക്കൊണ്ടിരുന്നു. ഇവിടുത്തെ തണുപ്പ് പരിചിതമായിക്കഴിഞ്ഞിരിക്കുന്നു തുടക്കത്തിൽ ഏറെ അലോസരപ്പെടുത്തിയിരുന്നെങ്കിലും, പതുക്കെ പതുക്കെ ശരീരം ഇവിടുത്തെ കാലാവസ്ഥയോട് ഏറെ പൊരുത്തപ്പെട്ടു കഴിഞ്ഞു. രാധയും ഇവിടുത്തെ കാലാവസ്ഥയോട് യോജിച്ചു പോകുന്നുണ്ട്.അതു നല്കുന്ന ആശ്വാസംചെറുതല്ല.  


ഊഷ്മളമായ ഓഷ്യൻ പ്രൈം. ബുക്കുചെയ്ത ഇരിപ്പിടത്തിലേക്കു നടക്കുന്നോൾ നേർത്ത പ്രകാശം പടർത്തുന്ന വിളക്കുകൾ സ്വർണ്ണ പ്രഭ ചൊരിഞ്ഞെന്ന പോലെ ഇമ ചിമ്മി മിഴിക്കുകയായിരുന്നു. സ്പൈസി ടുണയും സൂപ്പും അല്പാൽപ്പം കഴിച്ചു കൊണ്ടിരിക്കെ തലേന്ന് നടന്ന കാര്യങ്ങളെല്ലാം ഞാൻ രാധയെ അറിയിച്ചു. ഒന്നും പറയാതെ ചിന്താകുലയായി കാണപ്പെട്ട അവൾ ഒടുവിൽ പറഞ്ഞു.

“എല്ലാം ഏട്ടൻ്റെ ഇഷ്ടം പോലെ. ഇവിടെത്തന്നെ നിൽക്കണമെങ്കിൽ അതിനും അതല്ല നാട്ടിൽ പോയി സെറ്റിൽ ചെയ്യാനാണ് ഇഷ്ടമെങ്കിൽ അതിനും ഞാൻ തയ്യാർ. ഏട്ടൻ എവിടുണ്ടൊ അവിടെ ഞാനും ഉണ്ട്. നാട്ടിൽ എങ്കിൽ ഗോപിയങ്കിളിൻ്റെ ചാരിറ്റി ഹോസ്പിറ്റലിൽ ജോലിക്കു പോകാം. യാതൊരു പ്രശ്നവുമില്ല.”

രാധയുടെ ബന്ധത്തിലുള്ള ഗോപിനാഥൻ ഡോക്ടർ നടത്തുന്ന ചാരിറ്റി ഹോസ്പിറ്റലിനെക്കുറിച്ച് എനിക്കറിയാമായിരുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം നിമിത്തം മനസ്സും ശരീരവും തകർന്നവരുടെ ആശാ കേന്ദ്രമാണ് ആ ഹോസ്പിറ്റൽ. പലപ്പോഴും സൗജന്യമായും വളരെ ചെറിയ നിരക്കിലുമാണ് അവിടെ ചികിത്സ. നല്ല ചികിത്സാ സംവിധാനങ്ങളുമുള്ള ആ അത്ഭുത സ്ഥാപനത്തെക്കുറിച്ച് പണ്ടെപ്പോഴോ ഒരു ലേഖനം വായിച്ചതോർക്കുന്നു.

മഞ്ഞിൻ കണമുൾക്കൊണ്ട ഈറൻ കാറ്റ് .അതിൻ്റെ തണവിൽ ശരീരം കുളിരു കോരി. ഒരിക്കലും ഒരു തിരിച്ചു പോക്കില്ലെന്ന് നിശ്ചയിച്ചിടത്തേക്ക് പോകാൻ ഇപ്പോഴിതാ മനസ്സും ശരീരവും തുടികൊട്ടുന്നു. രാധയിൽ നിന്നും ഇത്തരമൊരു മറുപടി പ്രതീക്ഷിച്ചതല്ല. രാധികക്കും പോകാൻ താത്പര്യമെന്ന് വ്യക്തം. അവളും നാട്ടിലെ ജീവിതം ആഗ്രഹിക്കുന്നുണ്ട്. ഇവിടുത്തെ യാന്ത്രിക ജീവിതം അവളും മടുത്തിരിക്കുന്നു ഈശ്വരാ. എന്താണ് ഞങ്ങൾക്കായി  അവിടെ കാത്തു വച്ചിരിക്കുന്നത്? എന്താണ് ഞങ്ങളെ അങ്ങോട്ട് അടുപ്പിക്കുന്നത്? കുറച്ചൊക്കെ  ജീവിതത്തിൻ്റെ ഗതിവിഗതികൾ നിശ്ചയിക്കാൻ മനുഷ്യനാകുമെങ്കിൽ ജീവിതം കുറെയൊക്കെ അവനവൻ്റെ കൈപ്പിടിയിൽ ഒതുങ്ങി നിന്നേനെ ഇതുവരെ ഈയൊരു വിഷയം രാധയുമൊത്തു ചർച്ചചെയ്തിട്ടില്ല. അതിന്റെതായ ഒരു സാഹചര്യം ഒത്തുവന്നില്ല എന്ന് പറയുന്നതാകും ശരി. അപ്പോൾ ഈയൊരാഗ്രഹം അവൾ മനസ്സിലൊളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു. അതുകൊണ്ടാണല്ലോ ഗോപിനാഥൻ ഡോക്ടറെ കുറിച്ചെല്ലാം പെട്ടന്നുതന്നെ പറഞ്ഞുകളഞ്ഞത്!  അഭിപ്രായം ചോദിക്കുന്നവരുടെയൊക്കെ ആഗ്രഹം നാട്ടിലേക്കു പോകണമെന്നാണ്. നാരായണേട്ടനോടൊന്നു ചോദിച്ചു നോക്കാം. ഒരു പാട് ഉയർച്ച താഴ്ചകളും ജീവിതങ്ങളും കണ്ട നാരായണേട്ടൻ! ചിലപ്പോഴൊക്കെ എനിക്കുമുന്നിൽ ഒരു മാർഗ്ഗദർശിയുടെ വിശുദ്ധവേഷം അയാൾ അണിയാറുണ്ട്

പേരറിയാ മരങ്ങൾ മഞ്ഞണിഞ്ഞു നിൽക്കുന്ന വഴിത്താരയിലൂടെ സഞ്ചരിക്കുമ്പോഴാണ് മറ്റെന്തോ സംസാരിക്കുന്നതിനിടക്ക് വിഷയം നാരായണേട്ടനെ അറിയിച്ചത്. ഉറ്റവരോ ഉടയവരോ ഇല്ലാത്ത നാരായണേട്ടൻ. ചോദ്യം കേട്ടതും ഒന്നു പതറി. അയാളുടെ താത്പര്യമില്ലായ്മ ആ മുഖത്തിൽ നിന്നും വായിച്ചെടുക്കാമായിരുന്നു. ദുരൂഹമായ എന്തോ കാരണങ്ങളാൽ      അറുത്തുമാറ്റപ്പെട്ട ബന്ധങ്ങളുടെ  നാടോർമ്മകൾ അയാളിൽ തിരതല്ലുന്നുണ്ടാകണം.

“ഇനി ഒരു തിരിച്ചു പോക്ക് വേണോ കുട്ട്യേ“ തെല്ലിട മൗനം തളം കെട്ടിയ നിമിഷങ്ങൾക്കു ശേഷം നാരായണേട്ടൻ പറഞ്ഞു.

പൊടുന്നനെ എൻ്റെ മുഖം മ്ലാനമായതു കണ്ട് രണ്ടു ദിവസത്തിനകം ഒന്നാലോചിച്ച്  വ്യക്തമായി തീരുമാനം പറയാമെന്ന് നാരായണേട്ടൻ അറിയിച്ചു.

രണ്ടു ദിവസത്തിനകം നാരായണേട്ടൻ എനിക്കനുകൂലമായ മറുപടിയുമായിത്തന്നെ എത്തും. തീർച്ച. മറിച്ച് ചിന്തിക്കാൻ മനസ്സ് കൂട്ടാക്കുന്നില്ല. നാട്ടിലേക്കുള്ള യാത്രയിൽ ഞങ്ങളോടൊപ്പം നാരായണേട്ടൻ ഉണ്ടാകുമെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം. 

ഓഫീസ് ജോലികൾ യാന്ത്രികമായി പുരോഗമിക്കുന്നു മനസാകട്ടെ  ജൻമനാട്ടിലേക്കുള്ള തിരിച്ചു പോക്കിൻ്റെ ആഹ്ളാദത്താൽ തുടി കൊട്ടുന്നു മനസ്സും ശരീരവും ആ ഒരു യാദൃശ്ചികമായി കൈവന്ന യാഥാർത്ഥ്യത്തിലേക്ക് പാകപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഓഫീസ് ജോലിയിൽ വ്യാപൃതമെങ്കിലും എന്റെ ഉൾബോധം നാടെന്ന ലക്ഷ്യം ഏറെ സമയമെടുക്കാതെ അനായാസം പൂർത്തീകരിക്കാനുള്ള  സമീകരണങ്ങൾ തേടുകയായിരുന്നു.

അന്നത്തെ ജോലികൾ നേരത്തെ തീർത്ത് പുറത്തിറങ്ങുമ്പോൾ മേഘങ്ങളുടെ സാന്നിദ്ധ്യമില്ലാത്ത അനന്തമായ  ആകാശം അകലങ്ങളിലേക്ക് വെടിച്ചു കിടന്നിരുന്നു. നേരിയ നീല  പടർന്ന  ആകാശത്തിൻ്റെ വിശാലതയിലേക്ക് നോക്കി അല്പനേരം നിന്നുപോയി. വിട….. ഈ സ്വപ്ന ഭൂമികക്കും അതുൾക്കൊള്ളുന്ന നീലച്ച  ആകാശങ്ങൾക്കും  വിട…… എനിക്ക് വിട  തരിക. 

ഇവിടെയെത്തുന്ന മലയാളിയുടെ ഏറ്റവും വലിയ സ്വത്താകാൻ പോകുന്നത് വീട് ആണ്. മാസവാടകയുടെ അത്ര തന്നെ മൂല്യം വരുന്ന ബാങ്ക് പലിശ മുനിൽക്കണ്ട് ഇവിടെ ജീവിതമാരംഭിക്കുമ്പോൾ തന്നെ ഒരു വീട് ലോണിൽ സ്വന്തമാക്കും. ലോണടച്ചു തീരുമ്പോഴേക്കും  വീടിൻ്റെ മൂല്യം കോടികൾ കവിഞ്ഞിരിക്കും. ഇപ്പോൾ എനിക്കു മുന്നിലുള്ള പ്രധാന തടസ്സവും നഗരത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള ഈ വീടു തന്നെയാകും. വീടിൻ്റെ ലോണടക്കമുള്ള ഒരു കൈമാറ്റം എളുപ്പമാകില്ല. താത്കാലികമായി വേരുകൾ പടർന്ന ഭൂമികയിൽ നിന്നുള്ള പറിച്ചു മാറ്റൽ തീർത്തും അനായാസകരമല്ല തന്നെ. എങ്കിലും ലക്ഷ്യം ഞാൻ നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു. ദൃഢനിശ്ചയത്തോടെ ലക്ഷ്യം നിർണ്ണയിച്ചു കഴിഞ്ഞാൽ ലോകം നമുക്കൊപ്പമെന്നല്ലേ ഒരു വിശ്വസാഹിത്യകാരൻ്റെ കാഴ്ചപ്പാട്. ഏതായാലും തത്കാലം ലോകം ഒപ്പം വേണമെന്നില്ല. ഓഫീസിലെ ഏതെങ്കിലും പണച്ചാക്കുകളോട് സംസാരിച്ചു നോക്കാം. എന്നിട്ടും ഗുണകരമായില്ലെങ്കിൽ പണ്ഡിറ്റ്ജിയെത്തന്നെ വിവരം ഗ്രഹിപ്പിക്കാം. അദ്ധേഹം വിചാരിച്ചാൽ വീടു കൈമാറ്റ പ്രക്രിയ ഒരു പുഷ്പം പറിക്കുന്ന ലാഘവത്തോടെ എനിക്ക് കൈകാര്യം ചെയ്യാനാകും.

പണ്ഡിറ്റ് ജി... പണ്ഡിറ്റ് ജിയുടെ ഔദ്യോഗിക ജീവിതം ഏവരെയും പ്രചോദിപ്പിക്കുന്നതാണ്. പാലക്കാടിലെ ഒരു കുഗ്രാമത്തിൽ ജനിച്ച് ഒരു പാട് പ്രതിബന്ധങ്ങളെയും അരക്ഷിതാവസ്ഥയെയും നേരിട്ട്, തരണം ചെയ്ത് ജീവിതവിജയത്തിൻ്റെ പടവുകൾ താണ്ടിയ വ്യക്തി. സാക്ഷരത പോലും എത്തിനോക്കിയിട്ടില്ലാത്ത കുഗ്രാമത്തിലെ നിരക്ഷരരായ അച്ഛൻ്റെയും അമ്മയുടേയും മകന് സ്വപ്നം കാണാൻ കഴിയുന്നതാണോ ഐ ഐ ടി വിദ്യഭ്യാസവും  ഇപ്പോൾ നേടിയിരിക്കുന്ന സ്ഥാനവും?. അദ്ധേഹത്തിൻ്റെ ജന്മസ്ഥലത്തെ പാവപ്പെട്ട കുറെ കുട്ടികളുടെ വിദ്യഭ്യാസത്തിനായുള്ള ഒരു ട്രസ്റ്റും നിലവിലുണ്ടെന്നത് ഈയിടെയാണ് അറിഞ്ഞത്. ഒരു നാണയത്തിന് മറുപുറമെന്ന പോലെ അല്ലെങ്കിൽ പകലിന് രാത്രി പോലെ വ്യക്തി ജീവിതത്തിൽ ചില താളപ്പിഴകൾ പണ്ഡിറ്റ് ജി നേരിട്ടു. ഒരമേരിക്കൻ വനിതയെയായിരുന്നു  ജീവിത  പങ്കാളിയാക്കിയത്. ജീവിതത്തിൻ്റെ ഏതോ കൈവഴിയിൽ വച്ച് മുഷിഞ്ഞ വസ്ത്രം മാറുന്ന ലാഘവത്തോടെ അവർ പണ്ഡിറ്റ്ജിയെ ഉപേക്ഷിച്ചു പുതിയ ജീവിതം  തേടിപ്പോയി. അത്തരമൊരു ചെയ്തിക്ക് അവരെ പ്രേരിപ്പിച്ചതെന്തെന്ന് വർഷങ്ങൾ കൂടെ കഴിഞ്ഞിട്ടും പണ്ഡിറ്റ്ജിക്ക് അറിയാൻ സാധിച്ചില്ല. ഇന്നുമറിയില്ല. യാതൊരു കാരണവും ദൃശ്യമല്ലാതിരുന്നിട്ടും വിവാഹ ജീവിതം പരാജയപ്പെട്ടത് അദ്ധേഹത്തെ വല്ലാതെ തളർത്തിയിരുന്നു. പിന്നീട് പതുക്കെ പതുക്കെ സ്വതസിദ്ധമായ മനസ്സിൻ്റെ  ഉൾക്കരുത്തിൽ ആ ഒരു വല്ലാത്ത  അവസ്ഥയെ അദ്ധേഹം  തരണം ചെയ്തതായി എനിക്ക് തോന്നിയിരുന്നു.

വഴിത്താരക്കിരുവശവും എവിടെയൊക്കെയോ നഷ്ടപ്പെടുന്ന ചുകന്ന് പടർന്നു പിടിച്ച മേപ്പിൾ വൃക്ഷകൾ .അതിനപ്പുറം അനന്തതയിലേക്കിറങ്ങി നിൽക്കുന്ന നീല ഉൾകൊണ്ട  മലകൾ.അതിൻ്റെ  വെളുത്ത കിരീടം ചൂടി നിൽക്കുന്ന ശിഖരങ്ങൾ .അവയത്രയും ഉൾക്കൊണ്ടു കിടക്കുന്ന മഞ്ഞണിഞ്ഞ ഭൂമി നഷ്ടപ്പെടലിൻ്റെ നീറ്റൽ. ജീവിതത്തിൽ ഒന്നേ മനസ്സുരുകി ആഗ്രഹിച്ചിട്ടുള്ളൂ. അത് എന്നന്നേക്കുമായി നഷ്ടപ്പെട്ടു പോയി. സമൂഹത്തിൻ്റെ കാഴ്ചപ്പാടിൽ വന്നു ചേർന്ന സൗഭാഗ്യങ്ങളൊന്നും ഞാൻ ആഗ്രഹിച്ചതല്ല. നഷ്ടപ്പെടലിൻ്റെ ആഘാതത്തിൽ നിന്നും തെന്നിപ്പോയ മനസ്സിനെ വീണ്ടെടുക്കാൻ യാന്ത്രികമായി ചെയ്തു കൂട്ടിയ  ചെയ്ത്തുകളുടെ ആകെത്തുകയാണിവ. യാഥാർത്യമറിഞ്ഞ് ,ഉൾക്കൊണ്ട്  പാകപ്പെടുത്തിയെടുത്ത  തീരുമാനങ്ങളുടെ ഫലങ്ങൾ..

പൊറ്റ ഉണങ്ങി അടർന്ന മുറിവായിൽ നിന്നും രക്തം കിനിയുന്നതിൻ്റെ നീറൽ. അരുത്. ചിന്തകളെ ആ ഇരുണ്ട മേഖലകളിലേക്ക് എന്നെത്തന്നെ നായാടാൻ വിട്ടു കൊടുക്കരുത്

അരുത്..

              
രുചികരമായ കാപ്പി അൽപ്പാൽപ്പം നുണഞ്ഞിറക്കുമ്പോഴാണ് ലക്ഷ്മി അക്കാര്യം പറഞ്ഞത്. ചിലപ്പോൾ ഞാൻ രാധയെ ലക്ഷ്മിയെന്നു വിളിക്കും. അവൾ ജീവിതത്തിന്റെ ഭാഗമായ ശേഷമാണ് എനിക്ക് ഐശ്വര്യം വന്നുതുടങ്ങിയതെന്നാണ് അവളുടെ അഭിപ്രായം. ഞാനും അത് സമ്മതിച്ചുകൊടുക്കാറുമുണ്ട് . അവൾ പറഞ്ഞതു കേട്ട് ഞാൻ വിസ്മയിച്ചു പോയി വീട് വാങ്ങാൻ രൂപക്ക് താത്പര്യമുണ്ടെന്ന്! രൂപയെക്കുറിച്ച് എനിക്കറിയാം.  രൂപ ലക്ഷ്മിയുടെ ഒരു പഴയ കാല കൂട്ടുകാരിയാണ്. ഒന്നു രണ്ടു തവണ ഇവിടെ വന്നതായി ഓർക്കുന്നു. ജീവിതത്തിൽ ഒരേ ഒരു ലക്ഷ്യവുമായി നടക്കുന്ന ഒരുവളാണ് രൂപ. കാലിഫോണിയയിലെ ഒരു കുടുസ്സു വീട്ടിലാണ് ജീവിതം. ഏറെക്കാലമായി ഒരേ കമ്പനിയിൽ ജോലിയെടുക്കുന്നതിനാൽ കനത്ത ശമ്പളം പറ്റുന്നുണ്ടെന്നാണ് കേൾവി. അവളുടെ അച്ഛന് നാട്ടിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടുകയാണ് ഹോബി. മകൾക്ക്  ഇവിടെയും. രൂപയുടെ പേര് ഡോളർ എന്നാക്കുന്നതാണ് ഉചിതമെന്ന് ഒരിക്കൽ തമാശ പറഞ്ഞപ്പോൾ രാധക്ക് ഇഷ്ടപ്പെട്ടില്ല. കൂട്ടുകാരികളോടൊക്കെ വലിയ സ്നേഹമാണ്. തിരിച്ചാ സ്നേഹം അധികം കണ്ടിട്ടുമില്ല. ഇപ്പോൾ ഞങ്ങളുടെ അടിയന്തിരാവസ്ഥ അറിഞ്ഞു  കൂട്ടുകാരിയുടെ വീട് എന്തെങ്കിലും വില കുറവിൽ ലഭിക്കുമോ എന്നറിയാനുള്ള ശ്രമമാണ്.

“രാധികേ.. ഞാൻ ഉദ്ധേശിച്ച വില നിനക്കറിയാമല്ലോ അതു ലഭിച്ചാൽ മാത്രമേ വീടു വിൽക്കൂ അതിനു പറ്റിയില്ലെങ്കിൽ വീട് ഇവിടെ ഇട്ടേച്ച് പോകും. എപ്പോൾ കച്ചവടമാകുന്നോ അതു വരെ.”

അതു കേട്ട് രാധ ചിരിച്ചു കൊണ്ട് പറഞ്ഞു.

“അതേയ് ആ ഉദ്ദേശ വില തന്നെയാണ് രൂപ ഓഫർ ചെയ്തിയിരിക്കുന്നത്. ഒരു രൂപ പോലും കുറവില്ല. കൂട്ടുകാരി വേറെ ഡോളറു വേറെ. ഒരു മാസത്തിനുള്ളിൽ റെഡി ക്വാഷ് തന്ന് സെറ്റിൽ ചെയ്യാൻ അവളു റെഡിയാണ്. “

അതു കേട്ട് ഞാനൊന്നു ഞെട്ടി. 

“ശരി എങ്കിൽ നമ്മൾ റഡിയാണ്.”

ഒരു തലവേദന ഒഴിഞ്ഞു പോയ സന്തോഷത്താൽ ഞാൻ പിറുപിറുത്തു.

“അവളുടെ ഹസ്ബൻഡ് എന്തെങ്കിലും കുഴപ്പം ഒപ്പിക്കുമോ?“

എൻ്റെ ചോദ്യം പകുതിക്കു മുറിച്ച് രാധ പറഞ്ഞു.

“എന്തിനാ കുഴിയെണ്ണുന്നത്? അപ്പം തിന്നാൽ പോരെ? നമ്മുടെ ഇടപാട് രൂപയുമായി മാത്രം, മറ്റാർക്കും ഇതിൽ റോളില്ല.”

കിച്ചനിൽ ജോലിയുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞ കാപ്പിപ്പാത്രവുമായി അവൾ പോയി.

മുകൾനിലയിലെ മുറിയിൽ നിന്നും ജനലഴികളിലൂടെ നോക്കുമ്പോൾ മഞ്ഞേറ്റ് നിറം പോയ റോഡുകൾ നീണ്ടു കിടക്കുന്നതു കണ്ടു. വഴിയോരത്തെ മരങ്ങളുടെ ഇലച്ചാർത്തുകളിൽ പാട പോലെ മഞ്ഞ് തൂകി നിന്നു. ശരീരത്തിലെ രോമകൂപങ്ങൾ വെളുത്ത തണുപ്പിനെ കോരിത്തരിപ്പോടെ വരവേറ്റു. കഴിഞ്ഞ വർഷത്തെ തണുപ്പിനോളം ഗാഢത ഈ വർഷമില്ലായിരുന്നെന്ന് ഞാൻ ഓർത്തെടുത്തു. ജനലിനരികെ ഒരു കസേര വലിച്ചിട്ട് ടാബ് എടുത്ത് ഇനി ചെയ്യേണ്ട കാര്യങ്ങളുടെ വിപുലമായ ഒരു പട്ടിക തയ്യാറാക്കാമെന്ന് നിശ്ചയിച്ചു.  എന്തെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ  കിച്ചൻ ജോലി കഴിഞ്ഞു വരുന്ന രാധ പൂരിപ്പിച്ചോളും. നാട്ടിലെ തറവാട്. അവിടെയാണ് താമസിക്കാൻ ഉദ്ധേശിക്കുന്നത്. നിലവിൽ അതു നോക്കുന്നത് അച്ഛൻ്റെ അനുജൻ ശങ്കരേട്ടനാണ്. ശങ്കരേട്ടൻ അതു വാടകക്കു കൊടുക്കുന്നതാണ് നല്ലതെന്നു പറയുമെങ്കിലും എനിക്കതു വയ്യ. അച്ഛൻ്റേയും അമ്മയുടേയും ഓർമ്മകൾ പേറുന്ന കൂടെപ്പിറപ്പുകളുടെ കളി ചിരി മുഴങ്ങിയ ആ ഭവനത്തിൽ  മറ്റൊരു കുടുംബം   താമസിക്കുന്നത് ചിന്തിക്കാൻ വയ്യ. താമസിക്കുന്നതു കൊണ്ട് ഒന്നുമുണ്ടായിട്ടല്ല എങ്കിലും.. ശങ്കരേട്ടൻ ആവശ്യപ്പെടുന്നതിനനുസരിച്ച് പണം അയച്ചുകൊടുക്കാറുണ്ട്. വീട് യഥാവിധി പരിപാലിക്കുന്നുണ്ടെന്നാണ് വിശ്വാസം.

ഒരുമിച്ചിരുന്ന് പച്ചമുളകും ഉള്ളിയും കീറിയിട്ട ഓട്സ് ദോശ കുറുകിയ വെജിറ്റബിൾ കറിയൊഴിച്ച് കഴിക്കുമ്പോൾ ആരുമൊന്നും മിണ്ടിയില്ല. തൻ്റേതായ മനോവ്യാപാരത്തിൻ്റെ അറിയപ്പെടാത്ത തീരങ്ങളിലേക്ക് ഊളിയിടുകയായിരുന്നു മനസ്സുകൾ.

മഞ്ഞ വിരിയിട്ട ജാലകം അടക്കാനൊരുങ്ങുമ്പോൾ പുറം ഇരുണ്ടു കറുക്കാൻ തുടങ്ങിയിരുന്നു. ആ ഇരുളിമയിലും അകലങ്ങളിൽ കൂർത്ത മുനയുള്ള ഇലകളുള്ള  മരങ്ങൾ എഴുന്നു നിൽക്കുന്നതായി കണ്ടു.

അമ്മയുടെ കൂടെ,പട്ടുപാവാടയുടുത്ത അനുജത്തിയൊടൊപ്പം നെടു വരമ്പിലൂടെ നടക്കുകയാണ്. ആ വഴി കുളവും കഴിഞ്ഞ് അമ്പലത്തിൽ ചെന്നവസാനിക്കുകയാണ് .ഈറ  വെള്ളം  മുത്തുമണിയായ് ഉൾക്കൊണ്ട ഇലച്ചാർത്തുകൾ ഒരായിരം കുഞ്ഞു സൂര്യൻമാരായി. നിലംപറ്റെ വളർന്ന പുൽച്ചെടി നാമ്പിലെ കുഞ്ഞു സൂര്യൻമാരെ തട്ടിത്തെറിപ്പിച്ചു കൊണ്ട് ഓടുമ്പോൾ , വരമ്പിൽ വഴുക്കുണ്ട് ഓടരുതെന്ന് പറഞ്ഞു വിലക്കുകയാണ് അമ്മ. ഇലക്കീറിലെ ജൈവ സാന്ദ്രതയിൽ അലിഞ്ഞ് സുഗന്ധമുള്ള ചന്ദനവും തുളസിയിലയും . നാക്കിനെ തരിപ്പിക്കുന്ന തീർത്ഥജലം. പഴത്തുണ്ടിനൊപ്പം ശർക്കര അലിഞ്ഞു ചേർന്ന പ്രസാദ മധുരം. നെറ്റിയിലേക്ക് ആഴുന്ന ചന്ദനത്തിൻ്റെ തണവ്. അമ്മ പറയുകയാണ്

“അമ്മു. പൂരം  അപ്പു മകം രണ്ടു പുഷ്പാജ്ഞലി”.

അടക്കിച്ചിരിക്കുന്ന പെങ്ങൾ.അമ്മയുടെ ശാസനയായി ഉഗ്രനോട്ടം അമ്മുവിലേക്ക്.                          

വീട്ടിലേക്ക്പോകുമ്പോൾ നെടും വരമ്പിൽ, തീയാളുകയാണ്.തിളച്ചുമറിയുന്ന വെയിലേറേറ്റ് വേഗം വീടെത്താൻ മനസ്സു വെമ്പുന്നു. കരിമ്പനയുടെ പനയോലകൾ വെയിൽ ചൂടുകൊണ്ടു പൊരിയുന്ന ശബ്ദം വീടെത്തും മുന്നേ അമ്മുവിനോട് പറഞ്ഞ വാക്ക് പാലിക്കണം. അമ്പലത്തിനരികിലെ പച്ചക്കുളത്തിലെ വെള്ളാമ്പലുകൾ. അവൾക്ക് ഒന്നുരണ്ടെണ്ണം പറിച്ചു കൊടുക്കാമെന്ന് പറഞ്ഞിട്ട് നാളൊരു പാടായി. അതുടനെ പറിച്ചുകൊടുക്കണം .ഇല്ലെങ്കിൽ അവൾ കരച്ചിലുതുടങ്ങും .അത് കണ്ടിരിക്കാൻ വിഷമമാണ് കരിങ്കൽ പടവുകളിൽ നിന്ന് കൈ നീട്ടി പറിച്ചെടുക്കാൻ ആവില്ല  അല്പം ദൂരത്താണ് വെള്ളാമ്പലുകൾ  കൂട്ടമായി  ഉയിർത്തു നിലകൊള്ളുന്നത് അതു പറിക്കാനായി ആഞ്ഞപ്പോഴാണ് കരിങ്കൽ പടവിൽ നിന്നും നില തെറ്റിയത് .അമ്മയുടേയും പെങ്ങളുടേയും ആർത്തനാദം മുഴക്കങ്ങളായി ചെവിയിൽ അലയൊലി തീർക്കുന്നു. കരിങ്കല്ലിൽ അടിച്ചുവീണ  കൈത്തണ്ടയിൽ നിന്നും നുരഞ്ഞു പരക്കുന്ന ചോരച്ചാലുകൾ. കരിങ്കൽപ്പടവിൽ ചോരപ്പൂക്കളം.   ശ്വാസം കിട്ടുന്നില്ല. ബോധം മറയുന്നു.

കണ്ണു തുറന്നപ്പോൾ  നേർത്ത തണുപ്പ് വന്നു മൂടുന്ന പോലെ തോന്നി. ശരീരമാകെ  വിയർത്തു കുളിച്ചിരുന്നു. ബെഡ് ലാബിൻ്റെ അരണ്ടു മങ്ങിയ വെളിച്ചത്തിൽ രാധിക അരികെ മൂടിപ്പുതച്ചു കിടക്കുന്നതു കണ്ടു. ഇടതു കൈത്തണ്ടയിലേക്ക് സൂക്ഷിച്ചു നോക്കി. ഉണ്ട് .. ഇപ്പോഴുമുണ്ട്. മാംസ ശകലങ്ങൾ വന്നു തൂർന്നിട്ടും നികത്താനാകാത്ത ആ തടിച്ച വടു. അതെക്കുറിച്ച് രാധിക പണ്ട് എപ്പോഴോ ആരാഞ്ഞപ്പോൾ അതു ജൻമാ ഉള്ളതാണെന്ന് ഞാൻ കള്ളം പറഞ്ഞു. അവൾ അത് വിശ്വസിച്ചുവോ? അറിയില്ല. എൻ്റെ പഴയ ബാഗിൽ നിന്ന് അവൾ കണ്ടെടുത്ത കവിതകൾ... ഒരു മാധ്യമത്തിലും പ്രസിദ്ധീകരിക്കാൻ അയച്ചുകൊടുക്കാതെ സ്വകാര്യ സൂക്ഷിപ്പായി കാത്തു സൂക്ഷിച്ച കവിതകൾ. അതു വായിച്ച് , കവിതയുടെ അർത്ഥം ഗ്രഹിച്ച് അവൾ ചോദിച്ചു. ഇത്രമേൽ സ്നേഹിച്ചതാരെയെന്ന്? പഠനത്തിലും ജോലിയിലും മാത്രം താത്പര്യമുള്ള, തീർത്തും റൊമാൻ്റിക്കല്ല എന്ന് എന്നെക്കുറിച്ച് അഭിപ്രായമുള്ള രാധ  വിസ്മയ മിഴികളോടെയാണ് കവിതകൾ വായിച്ചു തീർത്തത്! ഞാനെങ്ങിനെയാണ് അവളുടെ ചോദ്യത്തിന് പ്രതികരിച്ചത്? എൻ്റെ മൗനം അറിയപ്പെടാത്ത മനുഷ്യമനസ്സിൻ്റെ കാണാത്ത തീരങ്ങളായി  അവൾ കരുതിയിരിക്കുമോ?

എഴുന്നേറ്റു. അല്പം ചുടുവെള്ളം കുടിച്ചു. നേരിയ തണുപ്പിൽ അതാശ്വാസമായി തോന്നിയെങ്കിലും സ്വപ്നത്തോടൊപ്പം പൊയ്പോയ ഉറക്കം അന്നു തിരിച്ചു വന്നില്ല.

ഊഷ്മളമായ ചൂട് പടർന്ന പിറ്റേന്നത്തെ ഞായറാഴ്ച ഉൻമേഷഭരിതമായിരുന്നു. വെള്ളാരങ്കലുകൾ ഉരുക്കിയൊഴിച്ച പോലെ മരഞ്ചില്ലകളിലെ മഞ്ഞിൻ്റെ അടരുകൾ അലിഞ്ഞലിഞ്ഞ് ഉരുകാൻ തുടങ്ങിയിരിക്കുന്നു. പൊടുന്നനെ കാലാവസ്ഥയിൽ വന്നു ചേർന്ന  മാറ്റത്തെക്കുറിച്ച് സംസാരിക്കുമ്പോൾ രാധിക ചൂടുള്ള ഫിൽറ്റർ കാപ്പി എനിക്കായി പകർന്നു തരികയായിരുന്നു. കാപ്പി ഒരു കവിൾ കുടിച്ച് വെണ്ണ ചേർത്ത ബ്രഡ് കഴിക്കുന്നതിനിടെ രാധിക പറഞ്ഞു.

“ഇവിടുത്തെ കാലാവസ്ഥ മാറ്റത്തെക്കുറിച്ചൊന്നും ഇനി ആലോചിക്കണ്ട. എൻ്റെ ഏറ്റവും പേടി നാട്ടിലെ ഒരു വിഷയമാണ്. അതാലോചിച്ച് ഞാനിന്നലെ നേരെ ഉറങ്ങിയിട്ടുപോലുമില്ല !”

ഞാനും നേരെ ഉറങ്ങിയില്ല.

“അതെന്താ?

ഞാൻ ഒരു സ്വപ്നം കണ്ടു. പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല.”

“അല്ല എൻ്റെ പേടി ഞാൻ പറയട്ടെ? നമ്മൾ നാട്ടിൽ സെറ്റിൽ ചെയ്യുമ്പോഴേക്കും ആ മുല്ലപ്പെരിയാർ ഡാം എങ്ങാൻ തകർന്നാലോ? നൂറ് നൂറ്റിയിരുപത് വർഷം പഴക്കമുണ്ടെന്നാ പറയുന്നത്? ഞാനതിൻ്റെ ഒരു ഗ്രാഫിക് വീഡിയോ കണ്ടു. ഡാമിനെന്തെങ്കിലും സംഭവിച്ചാൽ സ്റ്റേറ്റിന്റെ ഒരുഭാഗം അറബിക്കടലിൽ പോകുമെന്നാ പറയുന്നേ. പിന്നെ ഉള്ളിലേക്കുപോകുന്ന കടലിന്റെ തിരിച്ചടി തീരത്തു വൻ തിരമാലക്കും കാരണമാകുമെന്ന് “

ഞാനൊരു മിനിറ്റ് മൗനിയായി.

“നീ പറഞ്ഞപ്പോൾ ഒരു ഭയം എനിക്കും തോന്നുന്നുണ്ട്. ഈ വിഷയം നമ്മളെ മാത്രം ബാധിക്കുന്ന വിഷയമല്ലലോ .കോടിക്കണക്കിനു ആളുകളെ നേരിട്ടുബാധിക്കുന്ന വിഷയമല്ലേ. ഭരണകൂടം എന്തെങ്കിലും സൊല്യൂഷൻ കണ്ടെത്തും എന്ന് സമാധാനിക്കുക, അല്ലാതെ ഇതൊന്നും നമ്മുടെ കൈപ്പിടിയിലൊതുങ്ങുന്ന വിഷയമല്ല.”

സ്വല്പം സമാധാനം കൈവന്ന  രാധിക  വിഷയം മാറ്റി. രൂപയുടെ കൈവശം പണം റെഡിയാണ്. ഈയൊരാഴ്ച വീടു കൈമാറ്റത്തിന് അവർ തയ്യാറാണ് .ലോൺ ട്രാൻസ്ഫർ ചെയ്യാനെങ്കിൽ അതിനും അതല്ല  മുഴുവൻ ലോൺ തുക ബാങ്കിലടച്ച് ബാക്കി ഞങ്ങളാവശ്യപ്പെട്ട തുക കൈമാറാനെങ്കിൽ അതിനും അവർ തയ്യാറാണ്. രണ്ടാമത്തെ ഓപ്ഷനാണ് നല്ലതെന്ന് രാധിക പറഞ്ഞു. എനിക്കും അതു തന്നെയാണ് നല്ലതെന്ന് തോന്നി. ബാങ്കിലെ നടപടിക്രമങ്ങളിൽ കുടുങ്ങി  സമയം കളയാൻ ഞങ്ങൾ താത്പര്യപ്പെട്ടില്ല. അങ്ങിനെ തീരുമാനിച്ച് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ തീർക്കുന്നതിനായി കമ്പനിയിൽ പോകാനൊരുങ്ങുമ്പോഴേക്കും  നാരായണേട്ടൻ കാറുമായി എത്തി. പരിണിതപ്രജ്ഞായ ഡ്രൈവർ നാരായണേട്ടനിൽ മൗനം ഉറഞ്ഞുകിടക്കുന്നത് ഞാൻ അറിഞ്ഞു. എനിക്ക് വല്ലാത്ത വിമ്മിഷ്ടം അനുഭവപ്പെട്ടു. ഞാൻ പതുക്കെ വിളിച്ചു.

“നാരായണേട്ടാ എന്താ പറ്റിയേ നാരായണേട്ടാ മുഖം വല്ലാണ്ടുണ്ടല്ലോ?

നാരായണേട്ടനിൽ മൗനം അഴിഞ്ഞു. തടയിണ കെട്ടി നിർത്തിയ വെള്ളം തടയിണ പെട്ടി  പ്രവഹിക്കുന്ന പോലെ നാരായണേട്ടൻ പറഞ്ഞു തുടങ്ങി. അയാൾ പറഞ്ഞത് കുറെയൊക്കെ കേട്ടു. കുറെയൊക്കെ മനസിലായി. പതിറ്റാണ്ടുകൾ മുൻപ് നാടുമായുള്ള ബന്ധം എല്ലാത്തരത്തിലും  വിഛേദിച്ച് വന്നതാണ്. ഇനിയൊരു മടങ്ങിപ്പോക്കില്ല. ഇവിടെത്തന്നെ തീരണമെന്നാണ് ആഗ്രഹം. കമ്പനിയിൽ സംസാരിച്ച് തുടർന്ന് ജീവിതം മുന്നോട്ടു പോകാനുള്ള ഏർപ്പാട് ചെയ്യണം. നാരായണേട്ടൽ പറഞ്ഞതിൻ്റെ രത്നച്ചുരുക്കം അതായിരുന്നു. ഞാനൊരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു ആ തീരുമാനം. ബന്ധങ്ങൾ ഒഴിവാക്കാൻ മാത്രം ശക്തിമത്തായ കാരണങ്ങൾ എന്തായിരിക്കും? ഞാൻ കൂടുതലൊന്നും ചോദിച്ചില്ല. വേണ്ടതു ചെയ്യാമെന്നു പറഞ്ഞ് മ്ലാനമായ മനസ്സോടെ ഓഫീസിലേക്ക് കയറുമ്പോൾ എല്ലാം പറഞ്ഞു തീർന്ന ആശ്വാസഭാവം നാരായണേട്ടൻ്റെ മുഖത്തു കണ്ടു. മഴ പെയ്തു തീർന്ന് കാറൊഴിഞ്ഞ മേഘത്തിൻ്റെ തെളിമ ആ ദൃഡമായ മുഖത്ത് തിരതല്ലി. 

നിന്നു തിരിയാൻ പോലുമാകാത്ത രണ്ടു മൂന്നു ദിവസങ്ങൾ.. ഏറ്റെടുത്തിരുന്ന ഉത്തരവാദിത്വത്തിൻ്റെ കടലാഴം വ്യക്തമാക്കിത്തന്ന ദിനരാത്രങ്ങൾ. രൂപയുമായി ബന്ധപ്പെട്ട ഇടപാടുകൾ സ്വയം തീർത്തു കൊള്ളാമെന്ന രാധിക പറഞ്ഞപ്പോൾ അതെനിക്ക് വലിയ ആശ്വാസമായി തോന്നി. അവൾ വിളിച്ചറിയിക്കുമ്പോൾ  ഒപ്പിടാൻ മാത്രം പോയാൽ മതി. എൻ്റെ ഓഫീസിലെ തിരക്കിനെപ്പറ്റി അവൾക്കു നല്ല ധാരണയുണ്ട്.  

അശ്രാന്ത പരിശ്രമങ്ങളിലൂടെ നേടിയെടുത്ത കൂറ്റൻ കോൺട്രാക്ടുകൾ കൈമാറുമ്പോൾ മനസ്സൊന്നു പിടഞ്ഞു. രാവുകൾ പകലാക്കി, ദീഘമായ കാലയളവോളം നേട്ടം നൽകുന്ന   അവക്കു വേണ്ടി നടത്തിയ മാനസികവും ഭൗതികവുമായ സഞ്ചാരങ്ങൾ. ഒരു വേള കമ്പനി മേധാവി ചോദിച്ചു. തീരുമാനം ഒന്നു പുന:പരിശോധിച്ചു കൂടെന്ന്. മനസൊന്ന് പതറിപ്പോയ നിമിഷം. ഇല്ല അമ്പലമുറ്റത്തെ ആൽമരമാണ് ഞാൻ. ജൈവ സ്ഥലരാശികളെ ഉൾക്കൊണ്ട്, ജീവജലം പാനം ചെയ്ത് സർവ്വദിക്കിലും ജീവശ്വാസം പകർന്നു നല്കി തണലു പടർത്തി നിൽക്കുന്ന ആൽമരം .വേരടക്കം പിഴുതു മാറ്റപ്പെട്ട ആൽമരത്തിന് തിരിച്ചതിൻ്റെ ഭൂമികയിലേക്ക് പോയേ ഒക്കൂ. അതു കാലത്തിൻ്റെ കാവ്യനീതിയെന്നെ പറയാനാകൂ. പണ്ഡിറ്റ് ജി ആ സ്വാഭാവികമായ മാറ്റത്തിന്  ഒരു നിമിത്തമായെന്നു പറയുന്നതാവും ശരി. പണ്ഡിറ്റ്ജിയല്ലെങ്കിൽ മറ്റൊരു വ്യക്തി വഴിവിളക്കായി, പ്രകാശഗോപുരമായി എനിക്കു മുന്നിൽ ഉണ്ടാകുമായിരുന്നു എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം  ഇന്നല്ലെങ്കിൽ നാളെ അതുമല്ലെങ്കിൽ പട്ടടയിൽ  കെട്ടടങ്ങുന്നതിനു മുൻപെങ്കിലും....

അന്തിയാവോളം നീണ്ടു പോയ കോൺഫറൻസുകൾ .. ഒരിക്കലും തീരില്ലെന്നു തോന്നിച്ച നിരന്തരമായ ചർച്ചകൾ. ഇടക്കു ബാങ്കിൽ പോയി രാധിക കരുതിവച്ചിരുന്ന പേപ്പറുകളെല്ലാം വായിച്ചു. ചില തിരുത്തലുകൾ നിർദേശിച്ചു. പിന്നെ  ഒപ്പിട്ടു. ഹൃദ്യമായി ചിരിച്ചു കൊണ്ടു നിന്നിരുന്ന രൂപയുമായി സൗഹൃദം പുതുക്കി. വീട് തന്നെ നോക്കാനേൽപ്പിച്ചതാണെന്ന് കരുതണമെന്നും ഇനി ഇവിടേക്ക് എപ്പോഴെങ്കിലും താമസിക്കാനായി വരുമ്പോൾ   അതിനായി വേറെ സ്ഥലം നോക്കേണ്ടതില്ലെന്നും അവർ ആത്മാർത്ഥമായി മൊഴിഞ്ഞു. ഇത്ര വലിയ സാമ്പത്തിക ഇടപാട് നടക്കുമ്പോഴും അവരുടെ ഭർത്താവിൻ്റെ സാനിദ്ധ്യം അവിടെങ്ങും കാണാത്തത് എന്നെ അത്ഭുതപ്പെടുത്തി.

ബാങ്കിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വീണ്ടും കോൺഫറൻസിലേക്ക്,  അങ്ങിനെ രാവേറെ ചെന്ന് എല്ലാം തീർത്ത് ഒരിക്കലും  ഉറങ്ങിക്കണ്ടിട്ടില്ലാത്ത  നഗര വഴിയിലൂടെ നാരായണേട്ടൻ്റെ കൂടെ യാത്ര ചെയ്യുമ്പോൾ മനസ്സ് വിശ്രാന്തിയുടെ തീരമണഞ്ഞിരുന്നു. അധ്വാനത്തിനു ശേഷമുള്ള ആ വിശ്രാന്തി മുൻപേറെത്തവണ ഞാൻ അനുഭവിച്ചിട്ടുണ്ട്. ഉൾമുറിക്കകത്തെ നാമജപമായി ബുദ്ധിപരമായ സംവേദനക്ഷമതയെ വെല്ലുവിളിക്കുന്ന കഠിനസമസ്യകളുടെ സമീകരണം തേടിയ നീണ്ട  രാപ്പകലുകൾ . ഏറെ മാനസികാദ്ധ്വാനം ആവശ്യമായി വരുന്ന സമസ്യകളുടെ  പൂർത്തീകരണത്തിനു ശേഷമുള്ള മനസ്സിൻ്റെ ലാഘവം... വിശ്രാന്തി. അതിന്റെ നിസീമമായ ലഹരി .

പിറ്റേന്ന് ഉറക്കമുണർന്നപ്പോൾ നേരം ഏറെ വൈകിയിരുന്നു. നാട്ടിലേക്ക് ടിക്കറ്റു  ബുക്കുചെയ്യാൻ ശ്രമിക്കുന്ന രാധികയെ അലോസരപ്പെടുത്താതെ വിവരം പറഞ്ഞ്  ഒരു ലെമൺ ടീ കഴിച്ച് പുറത്തിറങ്ങി. പൊടുന്നനെ സൂര്യശകലങ്ങളുടെ ഊഷ്മളത എന്നെ വന്നു പൊതിഞ്ഞു. ആ ഊഷ്മളതയുടെ പ്രസരിപ്പ് വഴിയോരത്ത് ചുവന്നു പന്തലിച്ച ഇലച്ചാർത്തുകളിൽ പ്രതിഫലിച്ചു കണ്ടു. എല്ലാ കെട്ടുപാടിൽ നിന്നും മോചിതനായി സ്വാതന്ത്ര്യത്തിൻ്റെയും സമാധാനത്തിൻ്റേയും നിമിഷങ്ങൾ. ഈയൊരു വികാരം അടുത്ത കാലത്തൊനും അനുഭവിച്ചിട്ടില്ല. പൊയ്പോയ വർഷങ്ങളിലെ എത്രയോ സഞ്ചാരങ്ങളിലൂടെ പരിചിതമാകേണ്ട ഇവിടുത്തെ സ്ഥലരാശി പലപ്പോഴും അപരിചിതത്വത്തിൻ്റെ ഇരുണ്ട മേലാപ്പ് എടുത്തണിയാനാണ് വ്യഗ്രത കാട്ടുന്നത്. ഒരിക്കലും പിടി തരാത്ത നഗരം. എന്നാൽ ജനിച്ചു വളർന്നിടത്തെ ജൈവ രാശി പൊയ്പോയ വർഷങ്ങളിലെ അപരിചിതത്വത്തിൻ്റെ മേലാപ്പ് ഭേദിച്ച് ചിരപരിചിതങ്ങളായി ഇപ്പോഴും തുടരുന്നു. രാമ തുളസിയുടെ ഗന്ധം പടർന്നു പിടിക്കുന്ന, പച്ചച്ചെമ്പകത്തിൻ്റെ മാദക ഗന്ധം പൂണ്ട പച്ച തഴച്ച നാട്ടുവഴിയോരങ്ങൾ. ആലിൻ ചോടിനെ ശബ്ദമുഖരിതമാക്കുന്ന ഗ്രാമീണരുടെ നാട്ടുവർത്തമാനങ്ങൾ, കല്ലിൽ ഇടിച്ച് പിളർന്ന നാട്ടുമാങ്ങ ഉപ്പു കൂട്ടി ചവച്ചിറക്കുമ്പോൾ നാസാദ്വാരങ്ങളിൽ അലയടിക്കുന്ന ഗന്ധം . രുചിമുകുളങ്ങളെ തൊട്ടുണർത്തുന്ന ഗന്ധം . സന്ധ്യയുടെ അരുണിമയിൽ തിരതല്ലുന്ന കുറ്റിമുല്ലയുടെ ഗന്ധം തൊടിയുടെ മൂലയിൽ നിന്നിരുന്ന നിറയെ നാരുകളുള്ള തേൻ മാമ്പഴത്തിന്റെ അപൂർവമായ ഗന്ധം ആ മൂലയിൽ വച്ചായിരുന്നു ഒരു നാൾ സ്വർണനാഗത്തെ കണ്ടത് !അങ്ങിനെ എന്തെല്ലാം...

തിരിച്ചു വരുമ്പോൾ ശരീരത്തിൽ വിയർപ്പുപൊടിഞ്ഞിരുന്നു. വഴിയിൽ വച്ച് അനീറ്റയെ കണ്ടു. രണ്ടു മൈലുകൾക്കപ്പുറം സ്ടാബറി ഫാം നടത്തുന്ന അനീറ്റ. അവിടെ പോയാൽ അവർ  ഒരു കുട്ട തരും. ഒരു ചെറിയ തുക കൊടുത്താൽ ആ കുട്ട നിറയെ എത്ര വേണമെങ്കിലും ഫലം പറിച്ചെടുക്കാം .അനീറ്റയുടെ ഭർത്താവ്  റിച്ചി . ദീർഘകായനും ഗൗരവക്കാരനുമായ അയാൾ ദിവസം മുഴുവൻ എന്തെങ്കിലുമൊക്കെ പണിയെടുത്ത് ഫാമിൽ തന്നെ കാണും. അയൽപക്കമായിട്ടും ഇന്നുവരെ ആ ഫാമിൽ പോയിട്ടില്ലെന്ന് തെല്ലു വിസ്മയത്തോടെ ഞാൻ ഓർത്തു. ഏതായാലും ഇന്നു വൈകീട്ട് രാധികയെ കൂട്ടി അവിടം വരെ ഒന്നു ചെല്ലണം. അവൾക്കും അതൊരു നല്ല അനുഭവമായിരിക്കും.

ഫ്രഷ് ആയ പഴങ്ങളും  നട്സും  മുറിച്ചു വിതറിയ ഇളം ചൂടുള്ള ഓട്സ് കഞ്ഞി രാധികക്കൊപ്പം കഴിക്കുന്നേരം അനീറ്റയെ കണ്ട വിവരം പറഞ്ഞു. വൈകീട്ട് ഫാമിലേക്ക് പോകാൻ രാധികയും താത്പര്യം പ്രകടിപ്പിച്ചു .ഒപ്പം ടിക്കറ്റ് ലഭിച്ചെന്നും വിവരം നാട്ടിലുള്ള വേണ്ടപ്പെട്ടവരെ അറിയിച്ചെന്നും രാധിക പറഞ്ഞു. ശങ്കരേട്ടനെ അറിയിച്ചോ എന്നു ചോദിച്ചപ്പോൾ നമ്പർ കൈയ്യിൽ ഇല്ലെന്നായിരുന്നു മറുപടി. അപ്പോൾ തന്നെ ശങ്കരേട്ടനെ വിളിച്ച് വിവരം പറഞ്ഞു. ഒരന്ധാളിപ്പിൻ്റെ ,ആശ്ചര്യത്തിൻ്റെ അലയൊലി ശങ്കരേട്ടൻ്റെ വാക്കുകളിൽ പ്രകടമായി.

ഉച്ചതിരിഞ്ഞ് ലെമൺ ടീ യും പല ധാന്യങ്ങൾ അരച്ച് ചേർത്ത ബ്രഡും കഴിച്ച് ഞങ്ങൾ പുറത്തിറങ്ങി. കടും പച്ച തഴച്ച വെള്ള ഓക്കുമരങ്ങൾ ഒറ്റപ്പെട്ടു നിന്ന വഴിയോരങ്ങൾ .ആ പടർന്നു പന്തലിച്ച മരങ്ങൾ  നഷ്ടപ്പെടുന്നിടത്താണ് അനീറ്റയുടെ ഫാം. അതിനുമപ്പുറം മരങ്ങളുടെ തരം മാറുകയാണ്. മേഘങ്ങളില്ലാത്ത മാനം അനന്തതയിലേക്ക്‌ വക്രാകൃതി പൂണ്ട് വളർന്നു നിൽക്കുന്നു. വഴിയാത്രയിൽ രാധിക സംസാരിച്ചുകൊണ്ടിരുന്നു. പ്രധാനമായും നാട്ടിൽ താമസിക്കാൻ പോകുന്ന വീടിൻ്റെ വിവരങ്ങളാണ് അവൾക്കറിയേണ്ടത്. എൻ്റെ പഴയ ഓർമ്മകളുടെ അടരുകൾ ഉണർന്നു തിടം വച്ചു. പച്ച പിടിച്ച മാവും കവുങ്ങും തെങ്ങും ചുറ്റപ്പെട്ട ഒരു രണ്ടുനില വീട്. രണ്ടാം നിലയിലെ ജാലകം തുറന്നാൽ പടിപ്പുര കാണുമായിരുന്നു. നെടുങ്കണ്ടം താണ്ടി ക്ഷീണിച്ചു  വരുന്ന  അതിഥികളെ വീടെത്തും മുന്നെ ആ ജാലകപ്പഴുതിലൂടെ  കാണാൻ കഴിയുമായിരുന്നു. ആ പടിപ്പുര പൊളിച്ചു കളഞ്ഞ് മേൽത്തരം ഗേറ്റു വച്ചെന്ന് ശങ്കരേട്ടൻ എപ്പോഴോ പറഞ്ഞത് എനിക്കോർമ്മ വന്നു. ആ പടിപ്പുര തന്നെ മതിയായിരുന്നു എന്നെനിക്കു തോന്നി. വീടിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോൾ ഓർമ്മകളുടെ ഒരു വലിയ പടലം വന്നു സ്പർശിച്ചെന്നു തോന്നി. കഥനസ്വഭാവമുള്ള വലിയൊരു പടലം. ആ പടലത്തിൻ്റെ അടരുകളിൽ ചന്ദനകളർ ഷർട്ടിട്ട് നേഴ്സറിയിലേക്കുള്ള യാത്രയുണ്ട്. സ്കൂളിൽ നിന്നും ലഭിക്കുന്ന മഞ്ഞ ഉപ്പുമാവ് പാത്രത്തിൽ പകർന്ന് കൊണ്ടുവന്ന് ഉമ്മറപ്പടിയിൽ വന്നിരുന്ന് കാക്കകൾക്ക് എറിഞ്ഞു കൊടുക്കലുണ്ട്. വെന്ത ചോറിൽ തൈരുടച്ചു ചേർത്ത്  തയ്യാറാക്കുന്ന പൊതിച്ചോറ്. അതിനു കൂട്ടായി ചെറു കായ ഉപ്പേരി . വാട്ടിയ വാഴയിലയിലെ ജൈവസാന്ദ്രതയിൽ  വിലയിച്ച രുചികരമായ  ഗന്ധം. 

ദീർഘകായനായ അച്ഛൻ്റെ കൈയ്യിൽ തൂങ്ങി പാടവരമ്പിലെ അസ്തമയം കണ്ടുള്ള യാത്ര. ഒരു നാൾ അതേ പാടവരമ്പിൽ നിന്നും ഏതാനും ആളുകൾ താങ്ങിയെടുത്തു കൊണ്ടുവന്ന അച്ഛന്റെ  വിറങ്ങലിച്ച ശരീരം. മൂക്കിനു മുന്നിലേക്കൊഴുകിയ ഇരുണ്ട ചോരച്ചാലിൽ പറ്റിപ്പിടിച്ച കറുത്ത ഉറുമ്പുകൾ .

“ദാ അതല്ലേ ഫാമിൻ്റെ എൻട്രൻസ്?

“ഏ?

ഓർമ്മകളിൽ തെല്ലിട വെയിലേറുവീണു.

“ആ അതു തന്നെ”

മരപ്പലകയിൽ തീർത്ത ദിശാ സൂചി അനീറ്റാ ഫാം ഹൗസ്..അനീറ്റയിൽ നിന്നും കുട്ട വാങ്ങി ഞങ്ങൾ ഫാം ഹൗസിലേക്കിറങ്ങി. വരമ്പു കെട്ടി തഴച്ചു നിൽക്കുന്ന പച്ച പിടിച്ച സ്ട്രോബറി ചെടികൾ. വട്ടം പിടിച്ചു വളർന്ന അവയുടെ ഇലച്ചാർത്തുകൾക്കിടയിലെ ചുകന്നു തുടുത്ത പഴങ്ങൾ. വൃത്തിയായി പരിപാലിച്ചിരിക്കുന്ന അവയ്ക്കിടയിലൂടുള്ള നടത്തം ഉൻമേഷദായകമായി. അല്പനേരം കൊണ്ട് കുട്ട നിറഞ്ഞു. ചെടികളെ പരിപാലിച്ചുകൊണ്ട് നടന്നിരുന്ന റിച്ചി ഞങ്ങളെക്കണ്ട് അടുത്തേക്കു വന്നു. അയാൾ അഭിവാദ്യം ചെയ്ത് സ്ട്രോബറി പഴങ്ങളുടെ ഗുണങ്ങൾ പറയുമ്പോഴാണ് ഒരസ്വഭാവികത അനുഭവപ്പെട്ടത്. അയാൾക്ക് സ്ത്രീകളുടെ സ്വരം. മുഖത്ത് സ്ത്രൈണഭാവം.

സ്ടോബറി പഴങ്ങൾ സഞ്ചിയിലാക്കി കുട്ടയും പണവും അനീറ്റയെ ഏൽപ്പിച്ച് പുറത്തിറങ്ങുമ്പോൾ ,കുട്ടകൾ അടുക്കി വച്ചിടത്ത് രണ്ടു കുട്ടികൾ കളിക്കുന്നതു കണ്ടു. വീട്ടിലേക്ക് നടക്കുന്ന വേളയിൽ രാധിക ശബ്ദം താഴ്ത്തി പറഞ്ഞു.

“റിച്ചി ഒരു പെണ്ണാണ്...!”  ഞാൻ തല കുലക്കി.

“നിനക്കീ കാര്യം മുൻപേ അറിയുമായിരുന്നോ? പിന്നെ  ആ കുട്ടികൾ?”

“ഇല്ല എനിക്കറിയില്ലായിരുന്നു. കുട്ടികളെ അവരു ദത്തെടുത്തതാവും.“

കലമ്പലുണ്ടാക്കിക്കൊണ്ട് എയ്തു വിട്ട അസ്ത്രങ്ങൾ കണക്കെ ഒരു പറ്റം കിളികൾ നീലമല ലക്ഷ്യമാക്കി പറന്നു പോകുന്നതു കണ്ടു. അതിനപ്പുറം ചുകന്ന മാനം വിളറിയ മട്ടിൽ ദൃശ്യമായിരുന്നു.

ഇനിയൊരു യാത്രയയപ്പ് ചടങ്ങുണ്ടാകും .ഇനിയതേ ഈ നഗരത്തിൽ ബാക്കിയുള്ളൂ അതുകൂടി കഴിഞ്ഞാൽ മടക്കം. വീട്ടു സാധനങ്ങൾക്കെല്ലാം ഭേദപ്പെട്ട ഒരു വില അധികം നിശ്ചയിച്ച് രൂപ വാങ്ങിയത് വളരെ ആശ്വാസമായി. ഇനി ഈ വീട്ടിലുള്ളത് എൻ്റെയും രാധികയുടേയും വ്യക്തിപരമായ ചിലവ മാത്രം. എല്ലാം കൂടി ഏതാനും വലിയ ബാഗുകളിൽ ഉൾക്കൊള്ളാവുന്നവ.

യാത്രയയപ്പ് അവിസ്മരണീയമായിരുന്നു. എനിക്കായി ഒരിടം ആ കമ്പനിയിൽ എന്നുമുണ്ടാകുമെന്ന് മേധാവി പറഞ്ഞപ്പോൾ കണ്ണിൽ തെല്ലിട നനവൂറി. ഇല്ല ഇനിയൊരു തിരിച്ചുവരവില്ല. മനസ്സു പറഞ്ഞു.

പണ്ഡിറ്റ് ജി യുടെ കൂടെ ക്യാബിനിൽ പോയിരുന്ന് ഏറെ നേരം സംസാരിച്ചു. മനസ്സിൽ ചില സംശയങ്ങളുടെ നൂലിഴകൾ കെട്ടുപിണഞ്ഞു കിടന്നിരുന്നു. അവയുടെ കെട്ടുപാടുകൾ എല്ലാം പണ്ഡിറ്റ് ജി തീർത്തു തന്നു. മനസ്സ് സമാധാനത്തിൻ്റെ തീരമണിഞ്ഞു. ഏറെ സാധ്യതകളുള്ള ഏറെ അധികാരമുള്ള ലാവണത്തേക്കാണ് എൻ്റെ പുതിയ നിയോഗം. നടപ്പാക്കേണ്ട പദ്ധതികളുടെ രേഖാചിത്രം എനിക്കു മുന്നിൽ അനാവൃതമായി. അപ്ഡേറ്റുകൾ നിരന്തരം അറിയിച്ചു കൊള്ളാമെന്ന് പണ്ഡിറ്റ് ജി ഉറപ്പു നല്കി. പണ്ഡിറ്റ് ജിയുടെ കാബിനിൽ നിന്നും ഇറങ്ങുമ്പോൾ അദ്ധേഹത്തിൻ്റെ മുഖത്ത് നിശ്ചയത്തിൻ്റെ ദാർഢ്യതയും അലയില്ലാ  കടലിൻ്റെ ശാന്തതയും പ്രകടമായിരുന്നു. ഏവരുടേയും ആശംസകൾ ഉൾക്കൊണ്ട് പുറത്തു കടന്നു. നാരായണേട്ടൻ്റെ കൂടെ കാറിൽ തിരിക്കുമ്പോൾ മനസ്സിൽ എന്തിനെന്നറിയാത്ത വിങ്ങൽ തളം കെട്ടി നിന്നു.   വീണ്ടും .. യാത്ര.

(തുടരും...)


ഭാഗം - 3

താക്കോൽക്കൂട്ടം രൂപയെ ഏൽപ്പിച്ച് പടിക്കെട്ടിറങ്ങുമ്പോൾ രാധിക അവൾ പരിപാലിച്ച് പോന്നിരുന്ന വിവിധ നിറത്തിലുള്ള  ഓർക്കിഡ് പൂക്കളുടെ അരികെയായിരുന്നു. അവയെ നേരെ നോക്കേണ്ട വിധമെല്ലാം രൂപക്ക് പറഞ്ഞു കൊടുക്കുന്നത് കണ്ടു.


രൂപയിൽ നിന്ന് ആ പ്രവൃത്തി എത്രത്തോളം പ്രായോഗികമെന്നത് കണ്ടറിയണം. നാരായണേട്ടൻ സമയം ഓർമ്മിപ്പിച്ചപ്പോൾ തെല്ലിട  കഴിഞ്ഞ് ഞങ്ങൾ കാറിൽ കയറി. യാത്രയാക്കാനായി രൂപയും ഞങ്ങളൊടൊപ്പം വന്നു. വഴിത്താരകളെ പുറകോട്ടു തളളി കാർ അനായാസം ഒഴുകി നീങ്ങി. നിറഭേദം വന്ന മരങ്ങൾ. അവയിൽ നഷ്ടപ്പെടുന്ന സൂര്യശകലങ്ങൾ. ഏറെ വർഷം മുൻപ് ഈ വഴിത്താരയിലൂടുള്ള യാത്ര പൊടുന്നനെ ഓർമ്മ വന്നു. വ്രണിത ഹൃദയത്തിൻ്റെ മുറിവ് മന:പൂർവ്വം മറന്ന് അല്ലെങ്കിൽ മറന്നെന്നു നടിച്ച് സുഹൃത്ത് നെൽസൻ്റെ വീട്ടിലേക്കുള്ള യാത്ര. ആകംക്ഷയും ഉദ്വേഗവും ഇടകലർന്ന സങ്കീർണ്ണതയിൽ അഭിരമിക്കുന്ന മനസ്സ്. കാര്യങ്ങൾ വേഗം മനസ്സിലാക്കാൻ തുടികൊട്ടിയ മനസ്സ്. അക്കാലത്തു യാതൊരു പതർച്ചയുമില്ലാതെ ഏവരേയും അങ്ങോട്ട് പോയി പരിചയപ്പെട്ട് സംസാരിക്കുമായിരുന്നു. ഇന്നാ  സങ്കീർണ്ണതയില്ല.  ഇന്നീ യാത്രയിൽ മൗനം മാത്രം തളം കെട്ടി നിൽക്കുന്നു.

രൂപയെ വീട്ടിലെത്തിക്കാൻ  നാരായണേട്ടനോട് നിർദേശം നൽകി വാഹനത്തിൽ നിന്നും താക്കോൽക്കൂട്ടമെടുത്ത് നാരായണേട്ടനെ അരികിൽ വിളിച്ചു.  ചേർത്തു നിർത്തി താക്കോൽക്കൂട്ടം അയാളുടെ കൈപ്പടത്തിൽ വച്ച് വിരലുകൾ മടക്കി  എന്നിട്ട് പറഞ്ഞു.

“ഇതിനി  നാരായണേട്ടൻ്റെതാണ് ആരുടെ കീഴിലും ഇനി ജോലി ചെയ്യണ്ട.”

അതു കേട്ടതും നാരായണേട്ടൻ്റെ കണ്ണു നിറഞ്ഞു. എയർപോർട്ടിനുള്ളിലേക്ക് കയറുമ്പോൾ ഒന്നു തിരിഞ്ഞു നോക്കി. വിട. വിട തരിക സ്ഫടിക ശകലങ്ങൾ മേലാപ്പു തീർത്ത അംബരചുംബികളേ. അതിഥികളെ   ചുകന്ന മേപ്പിൾ വൃക്ഷങ്ങളാൽ വരവേൽക്കുന്ന വഴിത്താരകളേ വിട.

എനിക്ക് വിട തരിക. 

ഫ്ളൈറ്റിൽ നിന്നുമിറങ്ങുമ്പോൾ ദീർഘയാത്രയുടെ മുഷിവ് തോന്നിയില്ല. അതങ്ങനെയാണ് ലക്ഷ്യം  മധുരതരമാകുമ്പോൾ യാത്രയിലെ അലോസരങ്ങൾ മനസ്സിനേയും ശരീരത്തെയും സ്പർശിക്കുന്നതായി തോന്നില്ല. പൊടുന്നനെയാണ് പുറത്ത് മഴ കനത്തത്.  ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്നേരം പൊടിമഴയുടെ ലാഞ്ജന തോന്നിയെങ്കിലും ഇത്രവേഗം ഇത്രകണ്ട്  മഴ  കനത്തു പിടിക്കുമെന്ന് കരുതിയില്ല. ശങ്കരേട്ടൻ പുറത്തൊരിടത്ത് കാത്തുനിൽക്കുന്നതായി അറിയിച്ചു. ഈ പെരുമഴയത്ത് ലഗേജുകളുമായി പോകാൻ തെല്ലു പ്രയാസം തന്നെ. തെല്ല കഴിയട്ടെ. സ്വൽപ്പനേരം മഴ കാണാം . മഴനൂലിഴ കനം വയ്ച്ചു ചായുന്നത് കാണാം ആളുകളെല്ലാം തിരക്ക് പിടിച്ചു -എത്രയും വേഗം കൂടണയാനുള്ള തന്ത്രപ്പാടിലാണ്‌. അവർ മഴയൊന്നും അത്രകണ്ട് കാര്യമാക്കുന്നില്ല മഴ തെല്ലു ശമിക്കുന്നതു വരെ കാത്തു നിൽക്കാമെന്ന് നിശ്ചയിച്ചു. ആ വിവരം ശങ്കരേട്ടനെ അറിയിച്ചു. വൃക്ഷത്തലപ്പുകളെ വല്ലാതെ ചായ്ച് അങ്ങിനെ കനത്തു പിടിക്കുന്ന മഴ. മരങ്ങൾക്കപ്പുറം അനന്തതയിലേക്ക് വർഷം വളരുന്നത് കണ്ടു .വെളുത്ത വർഷം.

ഒരിക്കൽ കുട ചൂടി കൽപ്പടവിലിരുന്ന് കുളത്തിലെ ജലപ്പരപ്പിൽ  ചിതറുന്ന മഴ നോക്കി നിന്നത്  പെടുന്നനെ എനിക്കോർമ്മ വന്നു. മഴയുടെ ഗന്ധം. പുതുമഴ പെയ്ത മണ്ണിന്റെ ഗന്ധം എന്നോ പൊയ്പോയ ആ ഗന്ധം ഗന്ധമാപിനികൾ ഓർത്തെടുത്തു.

കനത്ത മഴ തെല്ലു ശമിച്ചപ്പോൾ ശങ്കരേട്ടൻ വന്നു.നീണ്ട വർഷങ്ങൾ ശരീരത്തെ തെല്ലു  പോലും  ബാധിക്കാത്ത ശങ്കരേട്ടൻ ഏറെ കാലയളവിനു ശേഷം ഞങ്ങളെ കണ്ടതിൽ ശങ്കരേട്ടൻ ഏറെ സന്തോഷം പ്രകടിപ്പിച്ചു. മുൻ‌കൂർ  ഏർപ്പാടാക്കിയ വാഹനത്തിൽ യാത്ര തിരിക്കുമ്പോൾ ശങ്കരേട്ടൻ ഫോണിലൂടെ ആരെയൊക്കെയോ ശകാരിക്കുന്നുണ്ടായിരുന്നു. അയാളുടെ  ശകാരം കേൾക്കുന്നവർ  വീടിൻ്റെ  ജോലിക്കാരാണെന്നു എനിക്കു മനസ്സിലായി.  ഞങ്ങളുടെ താമസം ത്രിശങ്കുവിലാകുമോ എന്നെനിക്കു സംശയം തോന്നി. താമസിക്കാൻ പോകുന്ന തറവാട്ടിൽ താമസമാരംഭിക്കാൻ ഇനി എത്ര ദിവസം വേണ്ടി വരുമെന്ന സംശയം ഞാൻ ശങ്കരേട്ടനോട്‌ ആരാഞ്ഞു. പണിക്കാരെ കിട്ടാനുള്ള കഷ്ടപ്പാടുകളും പണിക്കു വന്നാൽ തന്നെ അവരുടെ കാര്യക്ഷമതയില്ലായ്മയും കനത്ത പണിക്കൂലിയും ശങ്കരേട്ടൻ വിസ്തരിച്ചു. ഏതായാലും ഇനി അല്ലറ ചില്ലറ മിനുക്കുപണികളേ ഉള്ളൂ എന്ന വിവരം എൻ്റെ ആകുലത അകറ്റി.

വിൻഡോ ഗ്ലാസ്സിലൂടെ പരിചിതമായ കാഴ്ചകൾ. മഴ നനഞ്ഞ ഭൂമി നവോഢയെപ്പോലെ തെളിഞ്ഞു നിന്നു. നീണ്ട കാലയളവിൻ്റെ അപരിചിതത്വം ഞൊടിയിടയിൽ എങ്ങോ പോയി മറഞ്ഞിരിക്കുന്നു.എൻ്റെ പഴയ  യാത്രകളിലൂടെ പരിചിതമായ പ്രകൃതിക്ക് മാറ്റം വന്നിട്ടുണ്ട്. നഷ്ടപ്പെട്ട മരങ്ങൾ..തുരന്നെടുത്ത കുന്നുകൾ… പച്ച മാത്രം പടർന്നു പിടിച്ചിരുന്ന നെൽവയലുകളിൽ ഒറ്റപ്പെട്ടു നിൽക്കുന്ന വീടുകൾ അങ്ങിനെ വഴിയോരക്കാഴ്ചകൾ വീടെത്തുവോളം നീണ്ടു. ശങ്കരേട്ടൻ്റെ ഇടതടവില്ലാത്ത വിശേഷങ്ങൾക്ക് കാതോർത്ത് വീടെത്തിയത് അറിഞ്ഞില്ല. രാധിക തെല്ലു മൗനത്തിലാണ്. ക്ഷീണം കൊണ്ടാകാം യാത്രയുടെ തുടക്കത്തിൽ കാണിച്ചിരുന്ന ഉത്സാഹവും ഉൻമേഷവും  ഇപ്പോഴില്ല. നല്ലപോലെ ചൂടുവെള്ളത്തിൽ കുളിച്ച് സ്വല്പം കഞ്ഞി കുടിച്ച്  ഒന്നു കിടക്കണം എന്ന് എപ്പോഴോ പറയുന്നതു കേട്ടു.

വീടിനു മുൻപിൽ കാറിറങ്ങുമ്പോൾ എൻ്റെ കണ്ണിമ നിറഞ്ഞു. അച്ഛനും അമ്മയും അനുജത്തിയൊടൊന്നിച്ചുള്ള നിമിഷങ്ങൾ എൻ്റെ മനസ്സിൽ കടലേറ്റം പോലെ തിരതള്ളി.  ഞാൻ ജനിച്ചു വളർന്ന വീട്. വീടിനപ്പുറമാണ് പച്ച പിടിച്ച പാടം. പാടത്തെയും വീടിനെയും വേർതിരിക്കുന്ന ചെറുപുഴയുണ്ട് .ഏറെ വീതിയില്ലാത്ത എപ്പോഴും തെളിഞ്ഞ വെള്ളം ഒഴുകുന്ന തോട്. . ഒറ്റപ്പെട്ട തെങ്ങു നിൽക്കുന്ന വരമ്പിലൂടൂർന്ന് ഈരെഴതോർത്തിന്ടെ ഒരു തല കഴുത്തിൽ കെട്ടി മറ്റേ തല തെളിവെള്ളത്തിൽ വിരിച്ചു ചെറുമീനുകളെ പിടിക്കുന്നതവിടെ നിന്നാണ്. സ്ഫടിക കുപ്പിക്കുള്ളിലെ തലക്കു മീതെ കറുത്ത പൊട്ടിട്ട ചെറുമീനുകളുടെ ധൃതചലനങ്ങൾ.ആ കുപ്പി കണ്ടാൽ അനുജത്തി പിന്നാലെ നിന്നു മാറില്ല. ഏറെ കളിച്ചു കഴിഞ്ഞ് പാട്ടയിൽ ഇട്ട് ആ ചെറുമീനുകളെ മണിക്കിണറിലേക്ക് ഇറക്കും. ആ മീനുകളുടെ പൂർവ്വജന്മ സ്മരണകളുടെ സന്തതിപരമ്പരകൾ മണിക്കിണറിൽ ഇന്നും കാണണം.  ആ പാടത്തിനപ്പുറമാണ് മേഘങ്ങളെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ എഴുന്നു നിൽക്കുന്ന കുന്നുള്ളത്. അതിൻ്റെ തുഞ്ചത്തു കയറിയാൽ ഭൂമി മുഴുവൻ കാണാമെന്നായിരുന്നു ചെറുപ്പകാലത്തെ ധാരണ. കുന്നിൽ പുറത്തെത്തുക എന്നത് ഒരിക്കലും നടന്നിട്ടില്ലാത്ത എന്റെ ആഗ്രഹവും.  ഇവിടുത്തെ ഓരോ മുക്കും മൂലയും പരിചിതമാണ്. ഗേറ്റു മാറ്റി പിന്നെ ചില്ലറ മോടിപിടിപ്പിക്കൽ കൂടിയെ ശങ്കരേട്ടൻ്റെ മേൽനോട്ടത്തിൽ നടത്തിയതായി തോന്നിയുള്ളൂ. ലഗേജുകൾ ഇറക്കി ഒരു റൂമിൽ വക്കാൻ പണിക്കാരോട് നിർദേശിച്ച് ശങ്കരേട്ടൻ വീട്ടിലേക്കു കയറി. അപ്പോഴാണ് ചില്ലു ഗ്ലാസ്സിൽ എല്ലാവർക്കും ചായയുമായി ഒരു സ്ത്രീ അടുക്കള ഭാഗത്തു നിന്നും വന്നത്. അവരെ ചൂണ്ടി ശങ്കരേട്ടൻ പറഞ്ഞു.

“ഇത് ശാന്ത.. ഇവിടുന്ന് രണ്ടു വീടപ്പുറം വിളിച്ചാ വിളി കേൾക്കാം അവടെയാ ശാന്തേടെ വീട്. അത്യാവശ്യം വീട്ടുപണിയൊക്കെ എടുക്കും.”

അതെനിക്ക് ഒരാശ്വാസമായി തോന്നി. ചായയും ഒപ്പമുള്ള ചെറിയ ഉഴുന്നുവട ചുവന്ന ചട്ണി  ചേർത്ത് കഴിച്ചപ്പോൾ   അത്യാവശ്യം വീട്ടുപണിയല്ല ഒന്നാന്തരം പാചകവും അറിയുന്നവരാണ് അവരെന്ന് മനസ്സിലായി. വിശ്രമിക്കാൻ പറഞ്ഞ് വരാമെന്നുപറഞ്ഞു അല്പം തിരക്കുപിടിച്ച് ശങ്കരേട്ടൻ പോയി. രാധികയൊടൊപ്പം വീടൊന്നു ചുറ്റിക്കണ്ടപ്പോൾ ശങ്കരേട്ടൻ നല്ലപോലെ പണിയെടുത്തിട്ടുണ്ടെന്ന് ബോധ്യമായി. പഴയ വീടിൻ്റെ പഴമ നിലനിർത്തിക്കൊണ്ടു തന്നെ  ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. എന്തിനേറെ നെറ്റ് കണക്ഷനായി സെറ്റ് അപ് ബോക്സു വരെ ക്രമീകരിച്ചിരിക്കുന്നു. ശരീരത്തിനു മാത്രമല്ല മനസ്സിനും പ്രായം ബാധിക്കാത്ത ശങ്കരേട്ടനെ മനസാ അഭിനന്ദിച്ച് കുളക്കടവിലേക്കു പോയി. ബാല്യകാലത്ത് പറമ്പിൻ്റെ അതിർത്തിയിലുള്ള കുളത്തിൽ കുളിക്കാൻ പോകലില്ല. അച്ഛൻ്റെ അനുജത്തി ഓരോ യക്ഷിക്കഥ പറഞ്ഞ് എന്നെ പേടിപ്പിക്കുന്നതു പതിവായിരുന്നു. ആ കഥകളിലെ പ്രധാന കഥാപാത്രമായിരുന്നു കുളക്കടവിലെ പാലമരം. ഒരാളുടെ ചുറ്റിപ്പിടുത്തത്തിൽ  ഒതുങ്ങാത്ത  കുളത്തിന്നരികിലെ പാലമരം ചില്ലയൊതുക്കി ചില അവസരങ്ങളിൽ ഗന്ധം പടർത്തി ഘനാലസനായി എഴുന്നു നിന്നിരുന്നു. അതു കൊണ്ടു തന്നെ അമ്പലപ്പറമ്പിലെ കളി കഴിഞ്ഞു വന്നാൽ മണിക്കിണറിൽ പാട്ടയിട്ട് വെള്ളമെടുത്തു് തല വഴി വെള്ളം കോരിയൊഴിച്ച് കുളിക്കുകയായിരുന്നു പതിവ്. ആഴങ്ങളിൽ നെല്ലിപ്പടി താഴ്ത്തിയ കിണറുവെള്ളത്തിൻ്റെ തണവ് ശരീരത്തിൽ നിന്നും വിട്ടുമാറാൻ ഏറെ സമയമെടുക്കുമായിരുന്നു. പിന്നീട് എപ്പോഴോ യക്ഷിക്കഥകളുടെ പിന്നാമ്പുറക്കഥകൾ മനസ്സിലായിത്തുടങ്ങിയപ്പോൾ ഭയമൊക്കെ എങ്ങോ പോയി മറഞ്ഞു. മുങ്ങി കുളി പാലമരത്തിനരികിലെ ആ പച്ചക്കുളത്തിലായി.

ബാത്ത് റൂമിലെ ചൂടുവെള്ളത്തിൽ കുളിക്കാൻ തയ്യാറെടുക്കുന്ന രാധികയോട് വിവരം പറഞ്ഞ് ഈരെഴത്തോർത്തും പയറുപൊടിയും പോത്തയുമായി പുറപ്പെട്ടു. ചെടിപ്പടർപ്പെല്ലാം നീക്കി കുളത്തിലേക്കുള്ള വഴിയത്രയും അനായാസ സഞ്ചാരയോഗ്യമാക്കിയിരിക്കുന്നു. ശങ്കരേട്ടൻ്റെ ശ്രദ്ധ എല്ലായിടത്തും എത്തിയതിൽ സന്തോഷം തോന്നി. കുളത്തിനരികിൽ തട്ടും തടവുമില്ലാത്ത  പാലമരം ഈറനുടുത്ത് ആസകലം പൂത്തു നിൽക്കുന്നു. പെരുകിത്തടിച്ച വെളുത്ത കുഞ്ഞു പൂക്കൾ കുലകളായി ഞാന്നു കിടന്നു. പാലമരത്തിന് താഴെ വെളുത്ത വിരിപ്പ് വിരിച്ച പോലെ കുരുന്നു പൂക്കൾ ചിതറിക്കിടന്നു  അവയിൽ പ്രസരിക്കുന്ന മത്തുപിടിപ്പിക്കുന്ന തുളച്ചുകയറുന്ന സൗരഭ്യം   .ജന്മാന്തരങ്ങളിലെ വേരുകൾ പടർന്നു തിടം വച്ച  ജൈവസ്ഥലരാശിയെ ഇന്ദ്രിയങ്ങൾ ഓർത്തെടുക്കുകയാണ്. തെറ്റിയില്ല. അത് ഇവിടം തന്നെ!

നേരിയ പച്ച ഞരമ്പുകൾ  വേരോടിയ ഇളം ചൂടുള്ള വെള്ളത്തിൽ ഏറെ നേരം മുങ്ങികിടന്നു. നിവർന്നപ്പോൾ ഒരിടനേരം പാലമരച്ചോട്ടിലേക്ക് കണ്ണേറു  വീണു.ചെറിയമ്മ പറയാറുള്ള പനങ്കുല കണക്ക് മുടിയഴിച്ചിട്ട യക്ഷിയെങ്ങാൻ മധുരഭാഷണങ്ങളുമായി കാത്തുനിൽപ്പുണ്ടോ? ഇല്ല അതെല്ലാം കെട്ടുകഥകളായിരുന്നു  

കുളിച്ചു കയറുപ്പോൾ ജലോപരിതലത്തിൽ ഇളമഴ തൂളിക്കൊണ്ടിരുന്നു.

ഈറൻ മാറി വന്നപ്പോൾ രാധിക കുളിച്ചൊരുങ്ങി സാരിയുടുത്തു നിൽക്കുന്നു. അവളങ്ങനെ സാരിയുടുത്തു കണ്ടിട്ടില്ല. ഇക്കാര്യത്തിൽ ഒരുകൈ സഹായം ശാന്തയിൽ നിന്നും കിട്ടിയിരിക്കണം ഏതായാലും നാട്ടിലെത്തിയതിൻ്റെ പേരിലാകും ഈയൊരു മാറ്റം. നല്ലതു തന്നെ . ഏതായാലും പുതിയ ജോലി ഏറ്റെടുക്കുന്നതിനു മുൻപ് നാട്ടിൽ തന്നെ പലയിടത്തും രാധികയെ കൂട്ടി പോകണം. തിരക്കുപിടിച്ച മുംബൈയിൽ ജനിച്ചു വളർന്ന അവൾക്ക് പ്രശാന്ത സുന്ദരമായ ഇവിടം വലിയൊരു പുതുമ ആയിരിക്കും തീർച്ച.

പണ്ഡിറ്റ്ജിയുടെ ഇ മെയിലുകൾ പരിശോധിച്ചു കൊണ്ടിരിക്കെ രാധിക വന്നു വിളിച്ചു. ഊണു തയ്യാറായിരിക്കുന്നു. മോരൊഴിച്ച കുത്തരിക്കഞ്ഞി പയറു കൊണ്ടാട്ടം വാഴക്കൂമ്പു പരിപ്പ്  തോരൻ, പപ്പടം കൂർക്ക ഉപ്പേരി . നാവിലെ രസമുകുളങ്ങൾ പൊയ്‌പോയ രുചികളെ  ഓർത്തെടുത്തു ഒരു പാട് കഴിച്ചു. മനസ്സും വയറും നിറഞ്ഞു. ഞാൻ കഴിക്കുന്നത് കാര്യമായി രാധിക ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മടുപ്പിക്കുന്ന ഓട്സ് കഞ്ഞിയായിരുന്നല്ലോ വൈകുന്നേരത്തെ സ്ഥിരം ആഹാരം. ഇടക്ക് അവൾ ശാന്തയോട് പറയുന്നതു കേട്ടു.

“ഇതൊന്നും അവിടെ കിട്ടില്ല”

പാത്രം കഴുകി വച്ച് ശാന്ത പോയി. അവർ പോകാനൊരുങ്ങുമ്പോൾ നാളെ രാവിലെ നേരത്തെ വരണമെന്ന് രാധിക  പറയുന്നതു കേട്ടു.

ഇളം മഞ്ഞ കർട്ടനിട്ട മുകൾനിലയിലെ  കിടപ്പുമുറി .മുകൾത്തട്ടിൽ പലകയടിച്ച ഇവിടെ എപ്പോഴും ഇളം തണുപ്പാണ് . അറ്റ വേനൽകാലത്തുപോലും. പിറകിലെ ജനവാതിലുകൾ തുറന്നാൽ കുന്നിൽ മുകളും മുൻവശത്തെ തുറന്നാൽ പടിപ്പുരയും കാണാം. മരത്തിൻ്റെ ഷോകേസിൽ എൻ്റെ പഴയ പഠനകാലത്തെ പഠനസാമഗ്രികളും പുസ്തകങ്ങളും വെടിപ്പായി അടുക്കി വച്ചിരിക്കുന്നതു കണ്ടു . വാതായനങ്ങൾ തുറന്നപ്പോൾ കുളിരു പുരണ്ട ഇളങ്കാറ്റ് ഇടതടവില്ലാതെ പ്രവഹിച്ചു .ദൂരെ ഇരുണ്ടു കാണുന്ന കുന്നിൻ താഴ്‌വാരം ആറ്റിത്തണുപ്പിച്ച ഇളങ്കാറ്റ്. ആ ഇരുളിമയിൽ ചൂട്ടു കത്തിച്ചപ്പോലെ ഏതാനും കുഞ്ഞു അന്തി സൂര്യൻമാർ കണക്കെ മിന്നാമിന്നിക്കൂട്ടങ്ങൾ മെല്ലെ കടന്നു പോകുന്നതു കണ്ടു. ആ ഇളം തണുപ്പിൽ ചീവീടുകളുടേയും തവളകളുടേയും സ്വനഗ്രൻഥികളുടെ കമ്പനം കാതോർത്ത് കിടക്കയിൽ  മുഖമമർത്തി കിടക്കുമ്പോൾ മനസ്സ് പഴമയുടെ ഗന്ധം ഉൾക്കൊണ്ടു. അതിന്റെ ഉൾകാതറിഞ്ഞു ,ഇവിടെയാണ് പനിച്ചൂടിലുറഞ്ഞ് കിടന്നത്. തലയിണയുയരത്തിൽ നീറുന്ന കൈത്തണ്ട വച്ച് മരണമുഖം കണ്ടത് 

അമ്മയുടെ പതിഞ്ഞ ശബ്ദം. അമ്മ പറയുകയാണ് 

“അപ്പൂ ഒന്നുമോർക്കണ്ട. എല്ലാം ഒരു ദു:സ്വപ്നം പോലെ മറക്കുക ഇപ്പൊ നന്നായി പഠിക്കല്യേ വേണ്ടത്. എന്റെ കുട്ടി  നേരായ വഴി  മറന്ന് പോവരുത്”..

മുറിവിൽ പുരട്ടിയ സിദ്ധൗഷധമായി അമ്മയുടെ വാക്കുകൾ.. അനുജത്തിയുടെ പ്രാർത്ഥന.. എല്ലാത്തിനുമുപരിയായി നെറ്റിയിൽ വീതിയിൽ പുരട്ടിയ  കുളിർന്ന ചന്ദനത്തിൻ്റെ  തണുപ്പും ശുദ്ധിയും.

ചുമതലയേറ്റെടുക്കുന്നതിനു മുൻപ് പഴയ സുഹൃത്തുക്കളെ കാണണം ബന്ധുവീടുകളിൽ പോണം. ഗൃഹാതുരത്വം നിറഞ്ഞു നിൽക്കുന്ന ഇടങ്ങളിൽ  പോകണം. അനുജത്തിയെ കാണണം. ക്ഷമ ചോദിക്കേണ്ടിടത്തു ക്ഷമ ചോദിക്കണം. അറ്റുപോയ കണ്ണികൾ വിളക്കിച്ചേർക്കണം. യാത്ര പോലും പറയാതെ എല്ലാം വിഛേദിച്ചു കൊണ്ടുള്ള യാത്രയായിരുന്നല്ലോ.

എപ്പോഴോ അരണ്ട വെളിച്ചത്തിൽ പാതി തുറന്ന മിഴിയിലൂടെ രാധികയെ കണ്ടു. അവൾ പറഞ്ഞു.

“ശാന്തക്ക് നോൺ വെജ് ഒന്നും വക്കാൻ അറിയില്ലത്ര!

“സാരമില്ല അതെല്ലാം നമുക്ക് സാവകാശം പഠിപ്പിക്കാം“ ഞാൻ മറുപടി പറഞ്ഞു.

ക്ഷണനേരം കഴിഞ്ഞ് എന്നെ  പൊതിഞ്ഞ ഊഷ്മളതയിൽ എൻ്റെ മിഴികൾ കൂമ്പിയടഞ്ഞു. ഉറക്കമുണർന്നപ്പോൾ നേരം തെല്ലു വൈകിയിരുന്നു. ഇത്രമേൽ മതികെട്ട് അടുത്ത കാലത്ത് ഉറങ്ങിയിട്ടില്ല എന്നെനിക്ക് തോന്നി. ജാലകപ്പഴുതിലൂടെ കുന്നിൻ്റെ ഉത്തുംഗതയിൽ നിന്നും സൂര്യൻ നേർത്ത വെള്ളിക്കയ്യുകൾ നീട്ടി. അതിൻ്റെ ഊഷ്മളതയിൽ സർവ്വ ചരാചരങ്ങളും ഉണർവ്വിൻ്റെ ലഹരിയിൽ ആറാടി നില്കുന്നു

കുളി കഴിഞ്ഞ് വന്നപ്പോഴേക്കും തീൻമേശയിൽ മൃദുലമായ ഇഡലി എണ്ണയിൽ  ചാലിച്ച ചുകന്ന ഉള്ളിച്ചമ്മന്തി.. ഒഴിച്ചുകറിയായി ഒപ്പമുള്ളത് സാമ്പാറല്ല. പുളിങ്കറിയാണ്. എനിക്ക് സാമ്പാറിനേക്കാൾ ഇഷ്ടം പുളിങ്കറിയാണെന്ന് ശാന്തയെങ്ങനെ മനസ്സിലാക്കിയാവോ? ഇഡലി കഴിച്ചു കൊണ്ടിരുന്നപ്പോൾ രാജഗോപാൽ സാർ വിളിച്ചിരുന്നതായി രാധിക അറിയിച്ചു. സൗകര്യപ്രദമായ ഒരു ദിവസം വന്ന് ജോയിൻ ചെയ്യണമെന്നാണ് രാജഗോപാൽ സാറിൻ്റെ അഭ്യർത്ഥന .ഏറെ വൈകരുതെന്ന് അദ്ധേഹത്തിൻ്റെ നിർദേശമുണ്ട്. നല്ല ദിവസം തീരുമാനിച്ചു കൊള്ളാനും ഒരുമിച്ചു പോകാമെന്നും ഞാൻ പറഞ്ഞു. ആഹാരം കഴിഞ്ഞ് പെട്ടെന്നു തന്നെ ഞാൻ തയ്യാറായി. ഇന്നുതന്നെ കമ്പനിയിൽ ജോയിൻ ചെയ്യാനാണ് പണ്ഡിറ്റ് ജിയുടെ നിർദേശം. ഓഫീസിലേക്ക് എന്നെ കൂട്ടാനുള്ള കാർ അയച്ചുതരുമെന്നും അറിയിച്ചിരുന്നു. പ്രാർത്ഥനാമുറിയിൽ കയറി തെല്ലുനേരം പ്രാർത്ഥിച്ചു. ഇനി എൻ്റെ ഭൂമികയിൽ പുതിയ ജീവിതം തുടങ്ങുവാൻ പോകുന്നു. അനുഗ്രഹിക്കുക. പൂമുഖത്ത് ചില്ലിട്ടു വച്ചിരിക്കുന്ന അമ്മയുടേയും അച്ഛൻ്റെയും ഛായാചിത്രം. ഒരു വേള ജീവൻ തുടിക്കുന്നുണ്ടെന്ന് തോന്നിപ്പോയി. കണ്ണിമ നനഞ്ഞു. പറയാതെ എല്ലാം പറഞ്ഞു. കുഞ്ഞുനാളിൽ നടക്കാൻ പഠിക്കുമ്പോൾ കാലിടറി വീഴുമ്പോൾ തുടങ്ങി  ഇന്നോളമുള്ള ജീവിതയാത്രയിൽ കാലിടറി ഇരുട്ടിൻ്റെ പടുകുഴിയിൽ വീഴാൻ പോകുന്നേരം കൈപിടിച്ച് നേർവഴിക്ക് നയിച്ച വഴിവിളക്കുകൾ. ഭൗതികമായല്ലെങ്കിലും ഒരു നിറ സാന്നിധ്യമായി എന്നെ വഴി നടത്തുക.

ഗേറ്റിനു പുറത്ത് കാറു വന്നു. രാധികയോട് യാത്ര പറഞ്ഞ് ഇറങ്ങി കാറിലിരുന്നു. യൂണിഫോമിട്ട ഒരു ചെറിയ പയ്യനാണ് ഡ്രൈവർ .ഒരിരുപത് വയസ്സ് പ്രായം തോന്നിക്കും. പരിചയപ്പെട്ടു. പേര് നാരായണൻ .അത് കൗതുകമായി തോന്നി നാരായണന്മാർ എന്നും ഇപ്പോഴും എന്നോടൊപ്പമുണ്ട് .ആത്മാർത്ഥത നിറഞ്ഞതായിരുന്നു നാരായണന്റെ പെരുമാറ്റം . യാത്രികരെ തെല്ലു പോലും അലോസരപ്പെടുത്താത്ത ഡ്രൈവിങ് .കമ്പനിക്കു മുന്നിൽ കാറിറങ്ങി.സ്വീകരിക്കാൻ കാത്തു നിന്നിരുന്ന എക്സിക്യൂട്ടീവ്സിൻ്റ സ്വീകരണം ഏറ്റുവാങ്ങി ക്യാബിനിലേക്ക്. പരിചയപ്പെടലുകളുടേയും ചർച്ചകളിലൂടെയും സമയം പിടി തരാത്ത യാഗാശ്വമായി മാറി .കമ്പനിയുടെ തുടക്കമാണ്. ബാലാരിഷ്ടതകൾ ഏറെയുണ്ട് പ്രൊജക്ടുകളുടെ എണ്ണവും കാലയളവും കുറവാണ്. ലാഭനഷ്ടങ്ങളില്ലാതെ പോകാവുന്ന കോൺട്രാക്ടുകളെ നിലവിൽ ഉള്ളു. അസാമാന്യമായ പ്രവർത്തന മികവ് ഒന്നുകൊണ്ടു മാത്രമേ മുന്നേറാൻ കഴിയൂ. ഒപ്പം നിലവിലെ പദ്ധതികൾ സമയബന്ധിതമായി തീർക്കുവാനും സത്വര ശ്രദ്ധ വേണം പ്രാഥമിക വിശകലനത്തിൽ നിന്നും ഉരുത്തിത്തിരിഞ്ഞ വസ്തുതകൾ പണ്ഡിറ്റ് ജിയുമായി  പങ്കുവച്ചു. എല്ലാം നീ തന്നെ നോക്കിയാൽ മതി എന്നായിരുന്നു അമേരിക്കയിൽ നിന്നുള്ള മറുപടി. നാട്ടിലേക്ക് വരുന്ന കാര്യം പല വട്ടം ആരാഞ്ഞപ്പോൾ വ്യക്തമായ ഒരു മറുപടി തന്നുമില്ല.അദ്ധേഹത്തിൻ്റെ  സംഭാഷണങ്ങളിൽ അന്തർലീനമായ ഒരു താത്പര്യക്കുറവ് ഞാൻ വ്യക്തമായി തിരിച്ചറിഞ്ഞു. വ്യക്തിപരമായ എന്തെങ്കിലും പ്രശ്നങ്ങൾ അദ്ധേഹത്തെ അലട്ടുന്നുണ്ടാവും എന്നു സമാധാനിച്ച്  പണ്ഡിറ്റ് ജിയോട് കാര്യങ്ങൾ അവതരിപ്പിക്കാൻ ഇത്ര തിടുക്കം കൂട്ടേണ്ടിയിരുന്നില്ല എന്നു വിചാരിച്ച് ഞാൻ വീണ്ടും ജോലിയിൽ വ്യാപൃതനായി.

(തുടരും...)


ഭാഗം - 4

സ്വർണ്ണം ഉരുക്കിയൊഴിച്ച പോലെ തോന്നിച്ച ഉൻമേഷകരമായ  സായംസന്ധ്യ. സ്വർണ്ണം പൂശിയ മരഞ്ചില്ലകളിൽ നിന്ന്  കൂടണയാൻ തിരക്കുകൂട്ടി പറന്നലയുന്ന  കിളികൾ. അതേ മനസ്സോടെ കൂടണയാൻ വെമ്പുന്ന പരശ്ശതം ജീവബിന്ദുവിലൊന്നായി ഞാനും. സാർത്ഥകമായ കർമ്മനിരതമായ ആദ്യ ദിനം. ഏവരും ഏറെ സഹകരണവും സമർപ്പിത മനസ്സുള്ളവരുമാണ്.


ഈയൊരു അടിത്തറയാണ് അവശ്യം വേണ്ടത്. അതിൽ നിന്നാണ് അംബരചുംബികൾ പടുത്തുയരാറുള്ളത്. ഇവിടെയും ഞങ്ങൾ വിജ്ഞാനത്തിൻ്റേയും സമ്പത്തിൻ്റെയും അംബരചുംബികൾ പടുത്തുയർത്തും. ഒപ്പം സമൂഹത്തോടുള്ള പ്രതിബദ്ധത കാര്യക്ഷമമായ  സാമൂഹികസേവനകളിലൂടെ  നിറവേറ്റും,വിദ്യഭ്യസവും ജോലിയുമുള്ള മക്കൾ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാതെ പിറന്നമണ്ണിൽ മാതാപിതാക്കളുടെ കൂടെത്തന്നെ ഉണ്ടാകും ഇനിയാ ലക്ഷ്യത്തിലേക്കുളള യാത്രയാണ്. ആ യാത്ര അനായാസമല്ലെന്നറിയാം .കല്ലും മുള്ളും നിറഞ്ഞ കാനനപാതയെന്ന ഗ്രാഹ്യവുമുണ്ട്. എങ്കിലും ലക്ഷ്യം നിശ്ചയിച്ചു കഴിഞ്ഞാൽ സ്വതസിദ്ധമായ പ്രവർത്തന ശൈലിയിലൂടെ നിശ്ചയിച്ചുറപ്പിച്ച  ലക്ഷ്യം താണ്ടിയിരിക്കും. അതാണ് ഇന്നോളമുള്ള പ്രവർത്തന പാരമ്പര്യവും ശീലവും.. ഇനിയാ ലക്ഷ്യത്തിലേക്കുളള യാത്രയാണ്.

ഇനിയുള്ള രണ്ടു മൂന്നു ദിവസങ്ങൾ കമ്പനിയുടെ ലിസ്റ്റ് പ്രകാരം അവധിയാണ്. ആ ദിവസങ്ങൾ രാധികക്കുള്ളതാണ്. അടുത്തെവിടെങ്കിലും ഒരു ട്രിപ്പ് പോണം. വർഷാവസാനങ്ങളിൽ സ്കൂളിൽ നിന്നും സ്ഥിരം പോകുന്ന ഒരിടമുണ്ട്. ഏറെ ദൂരമില്ല. അരുവികളും വെള്ളച്ചാട്ടവും നിറഞ്ഞ ബോട്ടുസവാരിയൊക്കെ നടത്താവുന്ന  ഒരിടം. അവിടം തന്നെ മതി. രാധികക്കും അതിഷ്ടമാകും.  പിന്നെ ബന്ധുവീടുകൾ സന്ദർശിക്കണം. ബന്ധുവീടുകൾ സന്ദർശിക്കുന്നതിന് പ്രഥമ പരിഗണന നല്കണം. കലശലായ  സങ്കോചമുണ്ട്. പരിഭവത്തിൻ്റേയും പിണക്കത്തിൻ്റേയും മഞ്ഞുരുക്കണം. കണ്ണികൾ എല്ലാം പൊട്ടിച്ചെറിഞ്ഞ്, ഇനിയൊരു തിരിച്ചു വരവില്ലെന്നുറപ്പിച്ച്, വർഷങ്ങൾ നീണ്ട ഒളിച്ചോട്ടമായിരുന്നല്ലോ? ഞാൻ തന്നെ സ്വയം നിശ്ചയിച്ച ഭൂമികയിലേക്ക്‌ ഉള്ള പ്രയാണം. ഞാൻ പെട്ടെന്ന് വികാരധീനനായി. കണ്ണിമയിൽ കണ്ണീരു പൊടിഞ്ഞു.

തേങ്ങാപ്പാൽ ചേർത്ത പൊടിയരി കഞ്ഞി ഇടിച്ചക്ക പൊടിതൂവലും  ചക്കയും ചക്കക്കുരുവും ചേർത്ത പുഴുക്കും ചേർത്ത് കഴിക്കുമ്പോൾ ഉണ്ണിയേട്ടൻ വന്ന കാര്യം രാധിക അറിയിച്ചു. പഴയ ശീലങ്ങൾ തിരിച്ചു വരുന്നതിൽ എനിക്ക് അത്യധികം ആഹ്ളാദം തോന്നി. പണ്ടിങ്ങനെയാണ് ആഹാരക്രമം. കൂർക്കക്കാലമാകുമ്പോൾ കൂർക്ക പുഴുക്ക് അതു തന്നെ പല വിധം, കൂർക്ക പുളിങ്കറി, കൂർക്ക പരിപ്പ് കറി  അങ്ങിനെ പോകും. ഇപ്പോഴിതാ എല്ലാം ചക്കമയം. ഉണ്ണിയേട്ടൻ വന്ന് ഏറെ നേരം ഇരുന്ന് സംസാരിച്ചതും പിന്നീട് ചക്കയിട്ടു തന്നതും കുറെ  വീട്ടിലേക്ക് കൊണ്ടു പോയതുമെല്ലാം രാധിക വിശദീകരിച്ചു. തികച്ചും ഗ്രാമീണനായ ഉണ്ണിയേട്ടൻ എത്ര സ്ഫുടമായും അനായാസമായാണ് ഇംഗ്ലീഷ് സംസാരിക്കുന്നതെന്ന് പറഞ്ഞ് അവൾ വിസ്മയം പൂണ്ടു. ഒപ്പം ഉണ്ണിയേട്ടൻ്റ മുഖം ഒരു ഭാഗം കരുവാളിച്ചിരിക്കുന്നതിൻ്റെ കാരണവും അവൾ ആരാഞ്ഞു. അച്ഛൻ്റെ മൂത്ത പെങ്ങളുടെ മകനായ ഉണ്ണിയേട്ടൻ. ഏട്ടനെക്കുറിച്ച് ഇവൾക്കെന്തറിയാം. കഥകളുടെ സാഗരമായ ഉണ്ണിയേട്ടൻ. അസാമാന്യ ധൈര്യം കൈമുതലായ ഉണ്ണിയേട്ടൻ കുഞ്ഞുനാളിലെ വീരപുരുഷനായിരുന്നു.  കുളത്തിലെ ആഴങ്ങളിൽ മുതലക്കുപ്പ് നടത്താനും മാനം മുട്ടെ ഉയർന്ന് പടർന്നു പന്തലിച്ച പച്ചച്ചെമ്പക മരത്തിലെ ചെമ്പകക്കുലകൾ പറിക്കാനും കശുമാവിൻ തോപ്പിൽ മരഞ്ചില്ലയിൽ ഞാന്നു കിടന്ന് മാങ്ങാ പറിക്കാനും എൻ്റെ അറിവിൽ അന്ന് ഉണ്ണിയേട്ടനെ ഉണ്ടായിരുന്നുള്ളൂ. ദേശത്തെ ആദ്യത്തെ സർട്ടിഫൈഡ് എഞ്ചിനീയറും ഉണ്ണിയേട്ടന്നായിരുന്നു. പഴയ കാലത്തെ ഡിപ്ലോമാ എഞ്ചിനീയറിങ്ങ് ഒന്നാന്തരമായി പാസായി കേന്ദ്ര ഗവൺമെൻ്റിൻ്റെ എഞ്ചിനീയറിങ് ബിരുദത്തിനു തുല്യമായ കഠിനമായ കോഴ്സും മികച്ച രീതിയിൽ വിജയിച്ച ഉണ്ണിയേട്ടൻ. ഒരിക്കൽ ഉന്നത ഉദ്യോഗത്തിനായുള്ള പ്രവേശന പരീക്ഷ മികച്ച റാങ്കോടെ വിജയിച്ച് ജോലി കിട്ടുമെന്ന് ഉറപ്പാക്കി  മുഖാമുഖത്തിന് പോയതായിരുന്നു. ബോർഡിൻ്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറഞ്ഞ് തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു ഏട്ടൻ. എന്നാൽ അവർ പോകാൻ നേരം ചോദിച്ച ഒരു ചോദ്യം കാര്യങ്ങൾ തകിടം മറിച്ചു. സാമ്പത്തികം തരാൻ തയ്യാറുണ്ടോ? ഉണ്ടെങ്കിൽ ജോലി തരാം എന്നതായിരുന്നു ആ ചോദ്യം. കാപട്യമില്ലാത്ത ഉണ്ണിയേട്ടന് ആ ചോദ്യം ഉൾക്കൊള്ളാനായില്ല. അന്നോളമുള്ള ജീവിതം ഉരുക്കഴിച്ചു നേടിയ എഞ്ചിനീയറിങ്  സർട്ടിഫിക്കറ്റുകൾ വലിച്ചു കീറി ചോദ്യം ചോദിച്ചവരുടെ മുഖത്തോട്ട് വലിച്ചെറിഞ്ഞ് ഉണ്ണിയേട്ടൻ തിരിഞ്ഞു നോക്കാതെ പടിയിറങ്ങി. ചെയ്ത പ്രവൃത്തിയിൽ ഖേദം  അന്നുമില്ല. ഇന്നുമുണ്ടെന്ന് തോന്നുന്നില്ല. പിന്നെ നാട്ടിൽ തന്നെ ഒരു ഇലക്ട്രിക് സർവ്വീസ് ഷോപ്പു തുടങ്ങി. തുടക്കകാലത്ത് നന്നായി പോയിരുന്നു. പിന്നീട് ...

ഞാൻ പറഞ്ഞു നിർത്തി. രാധിക  മൂളിക്കേട്ടുകൊണ്ടിരുന്നു.

“ഉണ്ണിയേട്ടന്റെ മുഖത്തെന്താ പറ്റീത്?” അവൾ പൊടുന്നനെ ചോദിച്ചു. 

“ഒരേ സമയം അറിവിന്റെയും അറിവില്ലായ്മയുടെയും ദ്വന്ദങ്ങൾ ഉൾക്കൊള്ളുന്നതാണ് ഉണ്ണിയേട്ടന്റെ ബോധം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. വൈരുധ്യങ്ങളുടെ സങ്കലനം. സാങ്കേതികവിദ്യാഭ്യാസം കുറവായ ഒരു കാലത്തു ഒരുപാട് സാധ്യതകൾ ഉണ്ണിയേട്ടന് ഉണ്ടായിരുന്നു. ഒരിടത്തുനിന്നും അത്തരം അനുഭവം ഉണ്ടായെങ്കിൽ ഇവ്വിധമാണോ പെരുമാറേണ്ടിയിരുന്നത്?

ഇനി മുഖത്തിന് പറ്റിയത് കേൾക്കണ്ടേ? വിഷുവിനൊക്കെ വലിയൊരു സഞ്ചി പടക്കങ്ങളുമായാണ് ഉണ്ണിയേട്ടൻ വരിക. ഈ ഇറയത്തിരുന്ന് രാത്രി പുലരുവോളം ഇരുന്നു പൊട്ടിക്കും. പാലക്കാടീന്നു കൊണ്ടുവരുന്ന ചെറിയ സമൂസ വലിപ്പമുള്ള ചീനിപ്പടക്കങ്ങളാണ് മെയിൻ ഐറ്റം. അതിൻ്റെ ഒരമരം. ശരീരമാസകലം വിറച്ചു പോകും. ജാലകങ്ങളിലെ കണ്ണാടിച്ചില്ലുകൾ തറമ്പും.  അത്തരമൊരു പടക്കം കത്തിച്ചു വച്ച വിളക്കിൻ തിരിയിൽ കാട്ടി ദൂരേക്ക് എറിഞ്ഞ് പൊട്ടിക്കുകയായിരുന്നു ഉണ്ണിയേട്ടൻ. ഒപ്പം ഞങ്ങളും കൂടെയുണ്ട്. അങ്ങിനെ ചീനപ്പടക്കം വിളക്കിൻ തിരിയിൽ കൊളുത്തി എറിഞ്ഞ ശേഷം പ്രകമ്പനത്തിന്  കാതോർത്ത് ചെവിയിൽ കൈത്തലം ചേർത്ത് നിൽക്കുസോൾ പ്രകമ്പനമില്ല. ദൂരെ ഇരുളിൽ  ചീനിപ്പടക്കത്തിൻ്റെ  കറുത്ത തിരി ഒന്നു കത്തിയണഞ്ഞു. തെല്ലിട നേരം ഞങ്ങൾ കാത്തു. തിരി ഒന്നു കൂടെ ജ്വലിച്ച് പിന്നെയും കെട്ടു . ഉണ്ണിയേട്ടൻ്റെ ക്ഷമ നശിച്ചു. ഞങ്ങളുടെ വിലക്കിനെ അവഗണിച്ച് മുറ്റത്തിറങ്ങി. അണഞ്ഞ ചീനിപ്പടക്കത്തിൻ്റെ അടുത്തുചെന്ന് പരിശോധിച്ചു. ഇടക്ക് കനല് മുഴുവനായും കെട്ടുപോയിട്ടില്ലാതിരുന്ന പടക്കത്തിരിയിലേക്ക്ഒന്നൂതി...   

ഞാൻ എഴുന്നേറ്റു കൈ കഴുകി. ബെഡ് റൂമിലെത്തി ജനാലകൾ തുറന്നിട്ടു മരഞ്ചില്ലയുടെ മറവിനിടയിലൂടെ ഭാഗികമായി കാണുന്ന ചന്ദ്രൻ. പാൽപ്പുഴ പൊട്ടിയൊലിച്ച പോലെ പരന്നൊഴുകുന്ന സാന്ദ്രമായ തണുത്ത നിലാവ്. അതിൻ്റെ ലഹരിയിൽ, ശീതളിമയിൽ  ആറാടി നിൽക്കുന്ന പ്രകൃതിയും ചരാചരങ്ങളും. ജനാലപ്പഴുതിലൂടെ നിലാവ് മുറിക്കകത്തേക്ക് പരന്നൊഴുകി. അതുൾക്കൊണ്ടു നിന്നപ്പോൾ രാധിക മുറിയിലേക്ക് വന്നതൊന്നും അറിഞ്ഞില്ല. തിരിഞ്ഞു നോക്കിയപ്പോൾ എൻ്റെ പഴയൊരു റെക്കോഡ് പുസ്തകമുണ്ട് കയ്യിൽ. നിറം പോയ പുസ്തകം.

“ദാ ഇതിലുണ്ട് ഒരു കവിത.“ അവൾ മധുരമായി പുഞ്ചിരിച്ചു

അവസാന പേജെടുത്ത് അവൾ താളത്തിൽ വായന തുടങ്ങി. കവിതയുടെ അനർഗളമായ പ്രവാഹം. തട്ടും തടവുമില്ലാതെ കവിത അവസാനിക്കുകയാണ് ഒടുവിൽ തിരി കെടുന്ന നേരത്ത് തീർത്ഥകണമായെത്തുന്നതും നീയെന്ന വരി വായിച്ചപ്പോൾ മനസ്സു പിടഞ്ഞു.

“എന്നോട് പറഞ്ഞേ പറ്റു.  പ്രസിദ്ധരായ കവികൾ പോലും പ്രണയിനിയെക്കുറിച്ച് ഇമ്മാതിരി എഴുതിക്കണ്ടിട്ടില്ല. ആരാണീ പ്രണയിനി?”

അവൾ ഒരു രഹസ്യം കണ്ടുപിടിച്ചെന്നമട്ടിൽ ചോദിച്ചു. മെഷീനുകളുടെ ഇരുമ്പു ഗന്ധമുള്ള ലാബിൽ പരീക്ഷണം കഴിഞ്ഞുള്ള ഇടവേളയിൽ കുത്തിക്കുറിച്ചതാണീ കവിത. ഇതെഴുതുമ്പോൾ അരികിൽ അവളുണ്ട്. കവിളിൽ നുണകുഴികൾ വിരിഞ്ഞു തുടുത്ത ചിരിയുണ്ട് ....

ഞാൻ ആ റെക്കോഡ് പുസ്തകം വാങ്ങി മറിച്ചു നോക്കി. ഡയഗ്രങ്ങളുടെയും അക്ഷരങ്ങളുടേയും  തെളിമ നഷ്ടപ്പെട്ടു പോയിരിക്കുന്നു. നിറം പോയി അരികു നഷ്ടപ്പെട്ട പുസ്തകം. പുസ്‌തകത്തെപോലെ ഞാനും. നിറം പോയ അരികു പൊടിഞ്ഞ ജീവിതം.

ചുകന്ന വാകമരങ്ങളിൽ പതിഞ്ഞ കാറ്റു വീശി. വാകമരത്തിൻ്റെ വിസ്തൃതമായ തണുത്ത തണലിൽ ചോരച്ചുവപ്പാർന്ന പൂക്കൾ ഇടതടവില്ലാതെ പൊഴിഞ്ഞു വീണു. 

ഞാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു 

“നമുക്കൊക്കെ ചെറുപ്പത്തിൽ ഭാവി ജീവിതപങ്കാളിയെക്കുറിച്ചൊക്കെ സങ്കൽപ്പങ്ങൾ ഉണ്ടാകില്ലേ ഞാൽ എൻ്റെ ഭാവി വധുവിനെ മനസ്സിൽ കണ്ട് എഴുതിയതാണിത്”.

“ഓഹോ ഭാവി വധു. അതിപ്പോൾ ഞാൻ തന്നെയാണല്ലോ! എന്നെകുറിച്ചാണല്ലോ കവിത. ഈ കവിത കേട്ടാൽ ആരും പ്രണയത്തിൽ വീണുപോകും.” അതും പറഞ്ഞ് അവൾ പൊട്ടിച്ചിരിച്ചു.

മുറിക്കകത്തെ നിലാവിൻ്റെ സമൃദ്ധിയിൽ ഉറങ്ങാൻ കിടന്നെങ്കിലും ഉറക്കം വന്നില്ല. മനസ്സിൽ ഒരു ഭാരം വിട്ടൊഴിയാതെ കനത്തു കിടന്നു.

(തുടരും...)


ഭാഗം - 5

കമ്പനിയിൽ നിന്നും അയച്ചു തന്ന കാറിൽ ഞങ്ങൾ യാത്രയാരംഭിച്ചു. ശങ്കരേട്ടൻ്റെ വീടാണ് ലക്ഷ്യം. ഓർമ്മയുടെ അടരുകളിൽ മങ്ങലേറ്റു കിടന്ന വഴിത്താരയും പ്രകൃതിയും ഞൊടിയിടയിൽ തെളിച്ചമുള്ളതായി.


തെല്ലു സങ്കോചത്തോടെയാണ് ശങ്കരേട്ടൻ്റെ വീട്ടിലേക്ക് കയറിയത്. പക്ഷേ  പരിഭവത്തിൻ്റെ മഞ്ഞുരുകാൻ ഏറെ സമയമെടുത്തില്ല. ആത്മാർത്ഥമായ സ്നേഹത്തോടുള്ള ശങ്കരേട്ടൻ്റേയും വീട്ടുകാരുടേയും പെരുമാറ്റം മനസ്സിൽ കുറ്റബോധത്തിൻ്റെ നെരിപ്പോട് തീർത്തു. എനിക്കേറെ ഇഷ്ടമുള്ള നാടൻ പലഹാരകൾ നിർബന്ധിച്ച് കഴിപ്പിച്ചു. അവയെല്ലാം അവർ ഓർത്തെടുത്ത് പാകം ചെയ്തല്ലോ എന്നോർത്ത് എൻ്റെ മനസ്സുനിറഞ്ഞു. തുടക്കത്തിലെ അപരിചിതത്വത്തിൻ്റെ കാർമേഘം വിട്ടൊഴിഞ്ഞ് രാധിക ആ വീട്ടിലെ ഒരംഗത്തെ പോലെയായി. സ്വിസ് ചോക്ലേറ്റുകൾ കൈമാറി ശങ്കരേട്ടൻ്റെ വീട്ടിൽ നിന്നുമിറങ്ങുമ്പോൾ പെയ്തു തോർന്ന മഴയുടെ പ്രശാന്തത എനിക്കനുഭവപ്പെട്ടത്. പൊയ്പോയ കാലങ്ങളിലെ എൻ്റെ ജീവിതത്തിലെ നഷ്ടങ്ങളിൽ  ഒന്നായി ശങ്കരേട്ടൻ്റെ കുടുംബം. അവരുടെ സ്നേഹം.  എൻ്റ വൈകാരികത ഉൾക്കൊണ്ടെന്ന പോലെ അനുജത്തിയുടെ വീട്ടിലേക്കുള്ള യാത്രയിൽ രാധിക മൂകയായി ഇരുന്നു. ഏട്ടന് ചോറ് വിളമ്പിത്തന്നിട്ടു എത്ര കാലമായി എന്ന് പറഞ്ഞു അനുജത്തി തൂശനിലയിൽ ചോറ് വിളമ്പിയപ്പോൾ മനസ് ഒരു വേള വിതുമ്പിപ്പോയി. അതു കഴിഞ്ഞ് ഉണ്ണിയേട്ടൻ്റെ വീട്ടിലേക്ക്… കളങ്കമില്ലാത്ത ഉണ്ണിയേട്ടന്റെ പെരുമാറ്റം. പിന്നെ അമ്മയുടെ തറവാട്; അതിത്തിരി ദൂരെയാണ്. അവിടേക്കുള്ള യാത്ര സമയം എടുക്കും. റോഡും ഇത്തിരി മോശമാണ്. ആ യാത്ര നാളെയാകാം. 

ബന്ധങ്ങളുടെ കരുത്ത്. അതിൻ്റെ ബലം. അതിനേറെ തലങ്ങളുണ്ട്. കെട്ടുപോയവ വിളക്കിച്ചേർക്കണം. ദൃഢമാക്കണം... ഉണ്ണിയേട്ടെനെ പോലെ ജീവിതത്തിൽ തിരിച്ചടി നേരിട്ടവരെ  സഹായിക്കണം. അതിനവർ വിസമ്മതിക്കുമെങ്കിലും കണ്ടറിഞ്ഞ് ചെയ്യണം.

രണ്ടു മൂന്നു ദിവസത്തെ തുടർച്ചയായ യാത്രകൾ. രാധികക്കൊപ്പം ഞാനും  ഏറെ തളർന്നു പോയിരുന്നു. ക്ഷീണം ബാധിച്ച ശരീരത്തിനും മനസ്സിനും ഒരുണർവ് അനിവാര്യമായിത്തീർന്നിരിക്കുന്നു. ഇനി ട്രിപ്പിന് വേണ്ടി തയ്യാറാകാമെന്ന് നിശ്ചയിച്ചു. രാധികക്കും അക്കാര്യത്തിൽ പൂർണ്ണ സമ്മതം. സന്തോഷഭരിതമായ ദിനങ്ങൾക്കിടയിലും മനസ്സിൽ ഒരു കനം കനത്തു കിടന്നു.പണ്ഡിറ്റ്ജി.!

കമ്പനിക്കാര്യങ്ങൾ പറയുമ്പോൾ നീണ്ട മൗനം. കമ്പനിയുടെ അക്കങ്ങളിൽ താത്പര്യമില്ല. ദൈനംദിന മെയിൽ അയക്കാറുണ്ട് യാതൊരു മറുപടിയുമില്ല. അവ അദ്ദേഹം നോക്കുന്നുണ്ടോ എന്ന് പോലും സംശയമാണ്. ചിലയവസരങ്ങളിൽ ഫോൺ എടുക്കലില്ല എടുത്താൽ തന്നെ വ്യക്തിപരമായ കാര്യങ്ങൾ ആരായുന്നു. ബന്ധുക്കളെക്കുറിച്ച് അന്വേഷിക്കുന്നു അത്ര മാത്രം. ഒരു പിൻവാങ്ങലിൻ്റെ, ഒരുൾവലിയലിൻ്റെ  ലാഞ്ജന അദ്ധേഹത്തിൻ്റെ വാക്കുകളിൽ എപ്പോഴും  നിഴലിച്ചു കാണുന്നു. എന്തായിരിക്കും അദ്ധേഹത്തെ അലട്ടുന്ന വിഷയം? ഇഴകീറി ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല. മനുഷ്യൻ്റെ പ്രകൃതം പ്രകൃതിയെപ്പോലെ മാറി മറയുന്ന ഒന്നാണ്. അപ്രവചനീയമായ മനുഷ്യമനസിന്റെ  ഗതിവിഗതികൾ ഏതു മനുഷ്യന്റെ മേധാശക്തിക്കാണ് തിട്ടപ്പെടുത്താൻ കഴിയുന്നത്. ഇത്തരമൊരു സമീപനം ആവശ്യപ്പെടുന്ന സാഹചര്യത്തിലായിരിക്കും  അദ്ധേഹത്തിൻ്റെ മനോഭാവം ഇങ്ങിനെയായത്. അതൊരിക്കലും സ്ഥായിയായിരിക്കില്ല. അങ്ങിനെ ആലോചിച്ച് സമാധാനിച്ച്  ക്രമേണ അതു മനസ്സിൽ നിന്നും വിട്ടു.

തെളിഞ്ഞ  ഉൻമേഷഭരിതമായ പ്രഭാതം. ട്രിപ്പിനു വേണ്ട അത്യാവശ്യം ബാഗിൽ കരുതി ഞങ്ങൾ പുറപ്പെട്ടു. ഉയിർന്നു നിൽക്കുന്ന തെങ്ങിൻ കൂട്ടങ്ങളെ പിന്തള്ളി എഴുന്നു നിൽക്കുന്ന പാറക്കൂട്ടങ്ങളെ കടന്ന് നീണ്ടു കിടക്കുന്ന വഴിത്താരയിലൂടെ ഉള്ള യാത്ര. വഴിയിൽ നഷ്ടപ്പെടുന്ന വാഴത്തോപ്പുകളും പച്ച വയലുകളും.ബാല്യകാലത്തെ യാത്രകളിൽ അങ്ങിനൊരു നഷ്ടങ്ങൾ ദൃശ്യമായില്ലായിരുന്നു. പറുദീസാ നഷ്ടങ്ങൾ കൂടുതൽ കൂടുതൽ വെളിവാക്കപ്പെടുകയാണ്.

അണകെട്ടി നിറുത്തിയ പുഴയിലെ ബോട്ടുസവാരി പുതുമയുള്ളതായിരുന്നു .വെള്ളത്തിൻ്റെ അലകളിൽ ചാഞ്ഞും ചെരിഞ്ഞുമുള്ള യാത്രയിൽ അല്പം സാഹസികതയും ഇടകലർന്നിരുന്നു. നീന്തലറിയില്ലെങ്കിലും ഇത്തരം സാഹസികതകൾ രാധികക്കും ഇഷ്ടമായിരുന്നു. ബോട്ടുയാത്രക്കു ശേഷം മത്സൃ വിഭവങ്ങൾ ചേർത്ത് ഊണു കഴിച്ചു. തുടർന്ന് റോപ്പ് വേ. ഒരു കൂട്ടാകുമ്പോൾ അവരെയും കൂട്ടി ഇവിടെ വരണമെന്നും ഇതെല്ലാം ചുറ്റിക്കാണണമെന്നത് ഒരാഗ്രഹമായിരുന്നു. ചെറിയ ചെറിയ ആഗ്രഹങ്ങൾ... അതെന്തായാലും സാക്ഷാത്കരിക്കപ്പെടുന്നതിൻ്റെ ആഹ്ളാദം. അതൊന്നു വേറെയാണ്. ഒരു പാട് മോഹിച്ച കുട്ടി സൈക്കിൾ… ഒരു നാൾ പാടവരമ്പിലൂടെ അതും ഉയർത്തിപ്പിടിച്ച് അച്ഛൻ വരുന്നതു കണ്ടപ്പോഴുള്ള സന്തോഷം. ഭൂമിയിലെ ഏറ്റവും സന്തോഷവാൻ ഞാനെന്നാണ് അന്ന് കരുതിയത്.

ഉപ്പിട്ട് വേവിച്ച കപ്പലണ്ടി വാങ്ങി കഴിച്ചു കൊണ്ട്  അവിടം ചുറ്റിക്കാണുമ്പോഴാണ് തെളിനീരുറവ ഒഴുകുന്ന പുഴ കാണുന്നത്. ഏറെ ആഴമില്ലാത്ത അവിടെ ചിലർ ആൺ പെൺ ഭേദമെന്യേ മുങ്ങിക്കുളി നടത്തുന്നുണ്ട് അതു കണ്ടപ്പോൾ ആ തെളിനീരിൽ നീന്താൻ രാധികക്കു മോഹം. വെള്ളത്തിന് ഐസിലും തണുപ്പ്. ദൂരെയുള്ള പച്ചതഴപ്പാർന്ന കാട്ടിലാണ് ഉറവയുടെ പ്രഭവകേന്ദ്രം. എൻ്റെ സമ്മതത്തിൻ്റെ മുകളിൽ സ്വാതന്ത്ര്യം ആവോളം എടുത്ത് രാധിക നീന്താൻ നടത്തുന്ന വിഫലശ്രമം ചിരിയുണർത്തി. അത്ര തടിച്ച ദേഹ പ്രകൃതിയല്ലാഞ്ഞിട്ടും, എൻ്റെ സഹായമുണ്ടായിട്ടും ഒരിഞ്ചുപോലുമുന്നോട്ടു പോകാനാവാതെ കൈകാലിട്ടടിക്കുന്ന അവളോട് സഹതാപം തോന്നി. നേരം ഏറെ കഴിഞ്ഞിട്ടും പുഴയിൽ നിന്നും കരക്കു കയറാൻ കൂട്ടാക്കാതെ നിന്ന  അവളോട് ദേഷ്യപ്പെടേണ്ടി വന്നു. അതിൻ്റെയൊക്കെ വരും വരായ്കകൾ അനുഭവിക്കാൻ അടുത്ത ദിനം പുലരേണ്ട താമസമേ ഉണ്ടായുള്ളൂ. രാവിലെ എഴുന്നേറ്റ് അവളുടെ നെറ്റിത്തടത്തിൽ കൈപ്പടം വച്ചു നോക്കിയപ്പോൾ ചൂടുണ്ട്. അതു വക  വക്കാതെ ഇന്നുതന്നെ രാജഗോപാൽ ഡോക്ടറുടെ അടുക്കൽ പോയി ജോയിൻ ചെയ്യുവാനാണ് ആഗ്രഹമെന്ന് അറിയിച്ചു. പുതുതായി ജോലിയിൽ ചേരാൻ ഈ ദിവസം ഉത്തമമെന്നാണ് അവളുടെ കണ്ടെത്തൽ. അതു ശരിവച്ച് ഞാൻ പോകാനായി തയ്യാറായി. രാജഗോപാൽ ഡോക്ടറോട് സംസാരിച്ചിട്ടുണ്ട് എന്നല്ലാതെ നേരിൽ കണ്ടിട്ടോ പരിചയപ്പെട്ടിട്ടോ ഇല്ലായിരുന്നു. നേരം ഇനിയും വൈകേണ്ട എന്നു കരുതി പെട്ടെന്നു തന്നെ ഒരുങ്ങി വന്നപ്പോഴേക്കും രാധികയും തയ്യാറായിരുന്നു. ചൂടു ചായയും പെട്ടെന്ന് തയ്യാറാക്കിയ ഉപ്പുമാവും കഴിച്ച് ഞങ്ങൾ കാറുകാത്ത് പൂമുഖത്തിരുന്നു.

ഇളവെയിലിൻ്റെ ലഹരിയിൽ മുഴുകി പറന്നലയുന്ന പച്ചത്തുമ്പികൾ. പരിസരങ്ങളിലെ  ജീവബിന്ദുക്കളെയെല്ലാം ഉൾക്കൊണ്ട് ഗർഭവതിയായ അമ്മയെപ്പോലെ ഊഷ്മളത പകർന്ന് ഇളവെയില്. ഈ പൂമുഖത്തു നിന്ന് നോക്കുനോൾ  മുറ്റത്ത് പണ്ടുണ്ടായിരുന്ന പലതും നഷ്ടപ്പെട്ടു പോയിരിക്കുന്നു. നടുമുറ്റത്ത് അനുജത്തി ത്രിസന്ധ്യയിൽ വിളക്കു കത്തിക്കാറുള്ള തുളസിത്തറ ഇല്ല. രാമ തുളസിയും മന്ദാരവും നന്ത്യാർവട്ടവും കൃഷ്ണകാന്തിയും തെച്ചിയും കുറ്റിമുല്ലയും തുളസിത്തറയിൽ നിന്നും തെല്ലു മാറി ഇടതൂർനു നിന്നിരുന്നു. ശങ്കരേട്ടനോട് പറഞ്ഞ് പറ്റാവുന്നവ പഴയപടി വച്ചുപിടിപ്പിക്കണം.  ശങ്കരേട്ടനോട് അപ്പോൾ തന്നെ ആഗ്രഹം പറഞ്ഞ ശേഷം ഞങ്ങൾ  പുറപ്പെട്ടു. ഒറ്റനോട്ടത്തിൽ മുഖത്ത് ക്ഷീണം ദൃശ്യമായിരുന്നെങ്കിലും അല്പകാലത്തിനു ശേഷം വീണ്ടും പ്രവർത്തനമേഖലയിലേക്ക്  പോകാൻ തുടങ്ങുന്നതിൻ്റെ ഉത്സാഹം രാധയുടെ മുഖത്ത്  ഒളിചിതറുന്നുണ്ടായിരുന്നു. വഴിയരികിലെ ചെറിയ ചായക്കടയിൽ നിന്ന് വീശിയടിച്ച ചായയും മൊരിഞ്ഞ ഉഴുന്നുവടയും കഴിച്ച ശേഷം യാത്ര തുടർന്നു. അങ്ങിനെ ആ ആതുരാലയത്തിലെത്തി.  രാജഗോപാൽ സാറിൻ്റെ മേൽനോട്ടത്തിലുള്ള ആ സ്ഥാപനത്തിലേക്ക്  ഏതായാലും ഏറെ ദൂരമില്ല. അതൊരാശ്വാസമായി എനിക്കു തോന്നി. ദിവസവുമുള്ള ദൂരയാത്ര മനസ്സിനെ മടുപ്പിക്കും.

പ്രശാന്തസുന്ദരമായ ഒരിടം. “ആശ്രയം” ആതുരാലയം. ആ പേരിനെ അന്വർത്ഥമാക്കുന്നതായിരുന്നു അവിടുത്തെ പ്രവർത്തനങ്ങൾ. ആശ്രയമറ്റ ഹതഭാഗ്യർക്ക്‌ ആശ്രയമായി ഒരിടം. ലാളിത്യം അവിടെങ്ങും നിറഞ്ഞു നിൽക്കുന്നു. രാജഗോപാൽ സാറിനെ പരിചയപ്പെട്ടു. പ്രതീക്ഷിച്ചതിലും പ്രായം തോന്നിക്കുന്ന സാത്വികനായ ഒരു മനുഷ്യൻ. പതിഞ്ഞ ശബ്ദത്തിലുള്ള സംസാരം. അദ്ധേഹം സ്ഥാപനത്തിൻ്റെ പ്രവർത്തന പരിപാടികൾ ഞങ്ങൾക്ക് വിശദീകരിച്ചു തന്നു. സമൂഹത്തിൽ പിടിമുറുക്കിയിട്ടുള്ള ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും മനുഷ്യന്റെ മോചനമാണ് സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. സ്വയം അധഃപതനത്തിൻ്റെ പടുകുഴിയിൽ ആഴ്ന്നിറങ്ങുന്നതോടൊപ്പം കുടുംബത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് കുടുംബം തകർക്കുന്ന മാരക വിപത്ത്.. ലഹരി. മദ്യമായും മയക്കുമരുന്നായും പുകവലിയായും മനുഷ്യനെ സർവ്വ രീതിയിലും തകർക്കുന്ന ലഹരി യുപയോഗത്തിനെതിരെ, ബോധവൽക്കരണങ്ങളിലൂടെയും ലഹരിക്കടിമപ്പെട്ട് മനസ്സും ശരീരവും ജീവിതവും തകർന്നവർക്ക് സൗജന്യ ചികിത്സയിലൂടെയും യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് രാജേട്ടൻ എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന രാജഗോപാൽ സാർ. അദ്ദേഹത്തിന്റെ പ്രവർത്തന പഥത്തിൽ നേരിട്ട ഭീഷണികളും സ്വീകരിച്ച പൂച്ചെണ്ടുകളും ഏറെ.ആത്യന്തികമായി മനുഷ്യ സേവനം ഇഷ്ടപ്പെടുന്ന അദ്ധേഹത്തൊടൊപ്പം രാധികയും പ്രവർത്തിക്കാൻ ഒരുങ്ങുന്നതിൻ്റെ സന്തോഷം ഞാൻ മറച്ചു വച്ചില്ല. ഒപ്പം ഏറെ അഭിമാനവും എനിക്കു തോന്നി. ഇളനീർ കഴിച്ച ശേഷം അദ്ധേഹം ഞങ്ങളെ കൂട്ടി അവിടം മുഴുവൻ കാണിച്ചു തന്നു. മനുഷ്യൻ്റെ ഏറ്റവും വലിയ നിസ്സഹായത രോഗാവസ്ഥയെന്ന് അവിടുത്തെ കാഴ്ചകൾ എനിക്കു മനസ്സിലാക്കിത്തന്നു. മറ്റേത് അവസ്ഥയിലും മനുഷ്യൻ ജീവിത സാഹചര്യങ്ങളോട് പടപൊരുതും. അത് മനുഷ്യന്റെ ശക്തിയും ഉത്തരവാദിത്വവുമാണ്, ആ ശക്തിയെയാണ് രോഗാവസ്ഥ ചോർത്തികളയുന്നത്‌. 

എല്ലാം നടന്നു കണ്ട് ഞങ്ങൾ ആതുരാലയത്തോടു ചേർന്ന കാൻ്റീനിൽ കയറി .ചൂടുള്ള കഞ്ഞിയും ചുകന്ന ചീരയില നാളികേരം ചേർത്തുവച്ച തോരനും വടുകപ്പുളി നാരങ്ങാ അച്ചാറും പപ്പടവും കഴിച്ചു. അത്രമേൽ രുചികരമായിരുന്നു ആ ലളിതവും ഹൃദ്യവുമായ ആഹാരം. അവിടുള്ളവരുടെ ആത്മാർത്ഥതയും സ്നേഹവും മേമ്പൊടിയായി ഉണ്ടായിരുന്നതിനാലാകണം ഇത്ര രുചികരമായി അനുഭവപ്പെട്ടതെന്ന് എനിക്ക് തോന്നി. അടുത്ത ദിവസം മുതൽ ഡ്യൂട്ടിയിൽ ചേരാമെന്ന് സാറിനെ അറിയിച്ച് പോകാനൊരുങ്ങുമ്പോൾ ഞാൻ ചോദിച്ചു.

“കാര്യമായ ഫീസൊന്നും ഈടാക്കാതെ എങ്ങിനെ...?

എൻ്റെ ചോദ്യം കേട്ട് അദ്ധേഹം ചിരിച്ചു..

“സത്യത്തിൽ ഞാനും ചിലപ്പോഴൊക്കെ  ഈയൊരു വിഷയം ആലോചിച്ച് വിസ്മയിക്കാറുണ്ട്.  ഗവൺമെൻ്റിൻ്റെ ഒരു ചെറിയ ഗ്രാൻ്റ് ഉണ്ട്. എന്നാൽ പ്രവർത്തന ചെലവുമായി തട്ടിച്ചു നോക്കുമ്പോൾ അതു തീരെ അപര്യാപ്തം. പിന്നെ കൂട്ട ആത്മഹത്യയുടെ വക്കിൽ നിന്നും ജീവിതത്തിലേക്കു തിരിച്ചു പോകുന്ന കുടുംബങ്ങളുടെ  പ്രാർത്ഥനയുണ്ട്. ആ പ്രാർത്ഥനയുടെ ശക്തി അത് നിസ്സീമമാണ്, സർവ്വേശ്വരൻ്റെ കാരുണ്യം പിന്നെ കാരുണ്യവും മനുഷ്യത്വവും  കൈമോശം വന്നിട്ടില്ലാത്ത സുമനസുകൾ. അതൊക്കെയാണ്‌ സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നത്. ഈയടുത്തു നടന്ന ഒരു സംഭവം പറയാം. ഇക്കഴിഞ്ഞ മാസം പ്രവർത്തനച്ചിലവ് കൂട്ടിമുട്ടാതെ സ്റ്റാഫുകളുടെ ചെറിയ ശമ്പളം പോലും നല്കാൻ  പണമില്ലാതെ വിഷമിച്ചപ്പോൾ ഒരു ഇമെയിൽ . അമേരിക്കയിൽ നിന്ന്. ഒരു സ്ത്രീയാണ്. ഒരു കമ്പനി മേധാവിയാണ്. കമ്പനിയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു തുക സംഭാവന നല്കാൻ ആഗ്രഹിക്കുന്നു എന്ന് ഇമെയിലിന്റെ ഉള്ളടക്കം. നമ്മുടെ പ്രവർത്തനങ്ങളെക്കുറിച്ചെല്ലാം വ്യക്തമായി പഠിച്ചിട്ടാണു അവരു തീരുമാനം എടുത്തത്. ഒരു പ്രതിനിധിയെ ഇക്കാര്യങ്ങൾക്കായി അവർ  അയച്ചിരുന്നു. അയാൾ ഇവിടെ ഒരാഴ്ചയോളം താമസിച്ച് സ്ഥാപനത്തിന്റെ പ്രവർത്തന രീതികളെല്ലാം മനസ്സിലാക്കിയിരുന്നെങ്കിലും ഇത്ര വലിയ ഒരു തുക ഞാൻ പ്രതീക്ഷിച്ചിട്ടേ ഇല്ലായിരുന്നു. ഏതായാലും ഇനി ഒരു മൂന്നു നാലു മാസത്തേക്ക് സമാധാനം...”  ഡോക്ടർ പറഞ്ഞു നിർത്തി. 

ഞാൻ ഡോക്ടറുടെ കൈത്തലം പിടിച്ചു കുലുക്കി. മനുഷ്യ സ്നേഹത്തിൻ്റെ  ആൾരൂപമായ ആ മനുഷ്യന് എല്ലാവിധ നന്മകളും കൈവരുവാൻ ആശംസിച്ചു. എന്നാൽ കഴിയുന്നത് ചെയ്യാമെന്ന് വാഗ്ദാനം നല്കി. യാത്ര പറയുമ്പോൾ എന്തുകൊണ്ടോ എൻ്റെ കണ്ണിമ നിറഞ്ഞു തുളുമ്പിയിരുന്നു. ഇത്തരം മനുഷ്യരിലാണ് ദൈവത്തിന്റെ ചൈതന്യം കുടികൊള്ളുന്നതെന്നു എനിക്ക് തോന്നി. തിരിച്ചു യാത്രയിൽ രാധിക മൂകയായിരുന്നു. ഇടക്ക് എപ്പോഴോ പറഞ്ഞു.

“സമയത്തിന് ശമ്പളം കിട്ടാൻ പ്രയാസമാകുമോ?"

“ഏയ് രണ്ടു മൂന്നു മാസത്തേക്ക് പ്രശ്നമില്ലെന്ന് അല്ലേ പറഞ്ഞത്.?"

“രണ്ടു മൂന്നു മാസം . കഴിഞ്ഞാലോ?“

“അത് ഡോക്ടറോട് തന്നെ ചോദിക്കണം.”

“ഓ പിന്നെ ഞാൻ നമ്മുടെ വീട്ടിലൊരു ക്ലിനിക്ക് സെറ്റ് ചെയ്യാൻ ആലോചിക്കുന്നു. ഒരു പെൺകുട്ടിയെ സഹായിയായി എനിക്ക് ഏർപ്പാടാക്കിത്തരണം. പിന്നെ ക്ലിനിക്കും സെറ്റു ചെയ്തു തരണം.”

ഞാൻ തെല്ലിട കഴിഞ്ഞ് പറഞ്ഞു.

“സമ്മതിച്ചു. നിൻ്റെ ഇഷ്ടം പോലെ.”

വീടെത്തിയപ്പോഴേക്കും സന്ധ്യ ഇരുണ്ടു കറുക്കാൻ തുടങ്ങിയിരുന്നു. വീട്ടിലെ  മുറ്റത്തെത്തിയപ്പോൾ തുളസിത്തറയുടെ പണി ഭാഗികമായി പൂർത്തിയാക്കിയിട്ടുണ്ടായിരുന്നു. അരയാലിലെ പഴുത്ത ഇലകൾ കൊഴിയുന്ന പോലെ ജീവവൃക്ഷത്തിലെ ഇലകൾ പൊഴിഞ്ഞു വീണു കൊണ്ടിരുന്നു. ഒരിക്കൽ ഞെട്ടറ്റു വീണാൽ തളിർക്കാത്ത ജീവവൃക്ഷത്തിലെ ഇലകൾ.

(തുടരും...)


ഭാഗം - 6

അപ്പോഴേക്കും  ബാലാരിഷ്ടതകൾ മാറി കമ്പനി പുരോഗതിയുടെ പാതയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. പ്രവർത്തന ചെലവും വരുമാനവും കൂട്ടിമുട്ടാൻ തുടങ്ങിയിരുന്നു. ഇനി മുതൽ ചെറിയ ലാഭം പ്രതീക്ഷിക്കാം.


ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻ്റുമായി ബന്ധപ്പെട്ട ലോണാണ് കമ്പനിയെ കാർന്നുതിന്നുന്നത്. ലോണിൻ്റെ കുറെ ഭാഗം തിരിച്ചടക്കാൻ കഴിഞ്ഞാൽ അതൊരു ആശ്വാസം തന്നെയാകും. ഈയൊരു അവസ്ഥയിൽ  പ്രവർത്തന ചെലവും വരുമാനവും കൂട്ടിമുട്ടിക്കാനായത് ശുഭകരമായ സൂചനയാണ്. വിദേശത്തു നിന്നുള്ള പ്രൊജക്ടുകൾ… ക്ലയിൻ്റുകൾ…. ഈ രണ്ടു വിഷയങ്ങളിൽ വലിയ തോതിലുള്ള ഒരു വർദ്ധനവ് അനിവാര്യം. ഇതിനെല്ലാം ഉപരി വലിയ തോതിലുള്ള അധികാരം എന്നിൽ കേന്ദ്രീകൃതമായിരിക്കുന്നു. അതൊടൊപ്പം നാട്ടിലെ സാഹചര്യങ്ങൾ കൂടി അനുകൂലമാക്കാൻ റിയൽ എസ്‌റ്റേറ്റ് രംഗത്തേക്ക് ചുവടുറപ്പിക്കാൽ തക്ക പദ്ധതി ആലോചനയിലാണ്. ഇത്തരത്തിൽ വൈവിധ്യവത്കരണത്തിന്റെ പാതയിൽ സഞ്ചരിക്കാൻ ഒരുങ്ങുമ്പോഴും മനസ്സിനെ തളർത്തുന്ന ഒന്നാണ് പണ്ഡിറ്റ് ജിയുടെ പ്രതികരണമില്ലായ്മ. മനസ്സിലാക്കിയിടത്തോളം പൂർണ്ണമായും അദ്ധേഹം ബിസിനസ്സിൽ നിന്നും പിൻ വാങ്ങിക്കഴിഞ്ഞു. ഈയടുത്ത കാലത്ത്  “എല്ലാം അപ്പു നോക്കിയാൽ മതി”എന്ന മറുപടി എങ്കിലും ഉണ്ടായിരുന്നു. എനിക്ക് ആ മറുപടി നല്കുന്ന ആത്മവിശ്വാസവും ചെറുതല്ലായിരുന്നു. ആ മറുപടി പോലും ഇപ്പോഴില്ല. അമേരിക്കയിലുള്ള  പണ്ഡിറ്റ് ജി വിസിറ്റിങ് പ്രഫസറായി പോകുന്ന യൂണിവേഴ്സിറ്റിയിലെ പരിചയക്കാരോട് വിവരം തേടി. പണ്ഡിറ്റ് ജി എത്രയോ കാലം മുൻപേ അമേരിക്ക വിട്ട് നാട്ടിലേക്ക് തിരിച്ചു എന്നാണ് അറിയാനായത്. നാട്ടിലേക്ക് തിരിച്ചെങ്കിൽ എന്നെ കാണാൻ വരുമായിരുന്നില്ലെ? ഈ കമ്പനിയിലേക്ക് വരുവാൻ തയ്യാറാകുമായിരുന്നില്ലെ ? ഈ ചോദ്യങ്ങൾ അരയാലോളം മനസ്സിൽ കിടന്ന് തിടം വച്ചു. അദ്ധേഹം  എവിടെയുണ്ടെന്ന് എങ്ങിനെയാണ് അറിയാൻ കഴിയുക? അന്വേഷിക്കണം.അദ്ധേഹത്തെ കണ്ടു പിടിക്കണം.

വിദേശത്തും സ്വദേശത്തുമായി ഒരാഴ്ചയോളം നീണ്ട അന്വേഷണം ലക്ഷ്യപ്രാപ്തിയിലെത്താതെ അവസാനിച്ചു. ആർക്കും ഒരു വിവരവും ഇല്ല. അവരിൽ ചിലർ അന്വേഷിച്ചതായും അതൊന്നും ഫലപ്രാപ്തി നേടിയില്ലെന്നും അവരറിയിച്ചു. നിരാശ കാർമേഘം കണക്ക് എന്നെ വന്നു മൂടിയ ഒരു സായം സന്ധ്യയിലാണ് നാരായണേട്ടനോട് ഒന്നു തിരക്കാൻ നിശ്ചയിച്ചത്. എയർപോർട്ടിൽ വച്ച് സംസാരിച്ചു പിരിഞ്ഞശേഷം ഇതുവരെ അയാളോട്  സംസാരിച്ചില്ലെന്നത് ഞാൻ ഖേദത്തോടെ ഓർത്തു. വിളിച്ചപ്പോൾ ആ ഒരു വിഷമം നാരായണേട്ടനും പങ്കുവച്ചു .വിശേഷങ്ങൾ തിരക്കി നാരായണേട്ടൻ വലിയ അല്ലലൊന്നുമില്ലാതെ ജീവിതം നയിക്കുന്നുവെന്ന വിവരം ആശ്വാസകരമായിരുന്നു. വല്ലപ്പോഴും പണ്ഡിറ്റ്ജി കമ്പനിയിൽ വന്നാൽ ഒരു മലയാളിയെന്ന പരിഗണന നാരായണേട്ടനു നല്കി അയാളുടെ സേവനം തേടാറുണ്ടായിരുന്നു. പണ്ഡിറ്റ്ജിയെക്കുറിച്ച് ആരാഞ്ഞപ്പോൾ  കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോൾ  ഏറെക്കാലത്തെ പ്രവാസി ജീവിതം മടുത്ത്  നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞതായി നാരായണേട്ടൻ അറിയിച്ചു. നാട്ടിൻ എവിടെയാണ് എന്ന എൻ്റെ ഉത്കണ്ഠ നിറഞ്ഞ ചോദ്യത്തിന് മലയടിവാരത്തുള്ള  ഒരു ഉൾനാടൻ പാലക്കാടൻ  ഗ്രാമമെന്നാണ് പണ്ഡിറ്റ് ജി മറുപടി പറഞ്ഞതെന്ന് നാരായണേട്ടൻ ഓർത്തെടുത്തു. മറ്റൊരു സൂചനകളും നല്കാൻ നാരായണേട്ടനു കഴിഞ്ഞില്ല. പാലക്കാടുള്ള മലയടിവാരത്തുള്ള ഒരുൾ ഗ്രാമം. ആ ഒരു സൂചന വച്ച് അന്വേഷിക്കണം. കണ്ടെത്തണം കണ്ടെത്തുമെന്ന് തീർച്ചയാണ്.. കണ്ടെത്തിയേ പറ്റൂ.. മലയടിവാരത്തിലെ ഗ്രാമം.. അത്തരം ഗ്രാമങ്ങൾ ഇവിടെ ഒരു പാടുണ്ടെന്നാണ് അറിവ്. ഇലക്ട്രോണിക് മാധ്യമങ്ങളുമായുള്ള ബന്ധങ്ങളെല്ലാം വിഛേദിച്ച പണ്ഡിറ്റ് ജിയെ കണ്ടെത്തൽ ദുഷ്ക്കരമായിരിക്കുമെന്ന് തീർച്ചയായിരുന്നു. നാരായണനോട് വിവരം പറഞ്ഞു. ഏറെ സുഹൃത്തുക്കൾ അവനുണ്ട്. അവൻ്റെ സുഹൃത്തുക്കൾക്കെല്ലാം വിവരം കൈമാറി. ആ സുഹൃത്തുക്കൾ അവരുടെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന കൂട്ടുകാർക്ക് കൈമാറി. ദിനങ്ങൾ ആഴ്ചകളിലേക്കും മാസങ്ങളിലേക്കും പതിയെ വളർന്നു തിടം വച്ചു. അന്വഷണങ്ങൾ വഴിമുട്ടി ആശയറ്റ ഒരു  നാൾ, വീട്ടിലേക്കുള്ള തിരിച്ചുവരവിലാണ് നാരായണൻ ആ വിവരം പറഞ്ഞത്. ആദിവാസി ഊരിൽ നിന്നുള്ള ഒരു പോലീസുകാരനാണ് ആ വിവരം നാരായണന് നല്കിയത്. ഉറപ്പില്ല.. ഒരു സംശയം മാത്രം. മതി.. അതു മതി. ഞാൻ അന്വേഷിച്ചോളാം. ഒന്നു പോയി സംശയ നിവൃത്തി വരുത്തേണ്ടതായ കാര്യം പറഞ്ഞപ്പോൾ നാരായണൻ പറഞ്ഞു. ആ വഴി ഞാനിതുവരെ പോയിട്ടില്ല. ആ സ്ഥലമറിയാം. ഈ വണ്ടിയിൽ പോകാൻ പറ്റില്ല. ജീപ്പ് വേണ്ടി വരും. ജീപ്പല്ല ഹെലികോപ്റ്റർ വാടകക്കെടുത്ത് പോകാനാണെങ്കിൽ അതിനും തയ്യാറെന്ന് പറഞ്ഞ്  അപ്പോൾ തന്നെ ദിവസം നിശ്ചയിച്ചു.

ഇരുണ്ട അന്തരീക്ഷം തെളിമയാർന്ന് വരുന്നതേ ഉണ്ടായിരുന്നുള്ളൂ. നേരത്തെത്തന്നെ പുറപ്പെടാമെന്ന് നാരായണനെ അറിയിച്ചിരുന്നു. അത്യാവശ്യം സജ്ജീകരണവുമായി പോകാനൊരുങ്ങി രാധികയോടു വിവരം പറഞ്ഞ് ഗേറ്റു കടന്നതും പൊടിപറത്തിക്കൊണ്ട് ജീപ്പുമായി നാരായണൻ വരുന്നതു കണ്ടു. വഴിയരികിൽ നിന്നും ചൂടു ചായ കുടിച്ച് യാത്ര തുടർന്നു.

നിരപ്പാർന്ന വഴിത്താരകൾ ക്രമേണ നിമ്നോന്നതങ്ങളായി. പാറയും കുണ്ടും നിറഞ്ഞ് യാത്ര ദുഷ്ക്കരമാക്കാൻ തുടങ്ങി. അങ്ങകലെ  പച്ചപിടിച്ച മല ഭീമാകാരനായ രാക്ഷസനെപോലെ എഴുന്നു നിന്നു. ആ മലയുടെ അടിവാരത്തിൽ നിന്നും തണുത്ത ഈറങ്കാറ്റ് അലയടിച്ചു. നിന്നും നിരങ്ങിയും ഒച്ചവെച്ചും  ജീപ്പ് മുന്നോട്ടു നീങ്ങി. എൻ്റെ ശാസന കേട്ട്, ജീപ്പിനേറെ പഴക്കമില്ലെന്നും റോഡ് തീർത്തും മോശമാണെന്നും ഒക്കെ  നാരായണൻ നിരന്തരം  പറഞ്ഞു കൊണ്ടിരുന്നു. ദുഷ്‌ക്കരമായ യാത്ര അവസാനിപ്പിച്ച് ഒരു വേള തിരിച്ചു പോകാൻ എന്റെ മനസ്സ് വല്ലാതെ ആഗ്രഹിച്ചെങ്കിലും പണ്ഡിറ്റ്ജിയെ കുറിച്ചുള്ള  ഉത്കണ്ഠയും വേവലാതിയും  എൻ്റെ  മുന്നോട്ടുള്ള പ്രയാണത്തിന് ആക്കം  കൂട്ടി. ചുരം കടന്നു വട്ടം ചുറ്റുന്ന  കിഴക്കൻ കാറ്റ്  കർണപുടങ്ങളിൽ അനവരതം തിരയടിച്ചു. കൊടും വളവും ചെങ്കുത്തായ ഭൂമികയും ഉൾക്കൊള്ളുന്ന  കിലോമീറ്ററുകൾ നീണ്ട യാത്ര. അതിൻ്റെ ബാക്കിപത്രമായി  ശരീരമാസകലം വേദന. ഒടുവിൽ ചെങ്കുത്തായ മല കയറി ഇറങ്ങി  താഴ്വാരത്തിലേക്ക്. പച്ച തഴച്ച കാടിൻ്റെ, പൂക്കളുടെ മത്തുപിടിപ്പിക്കുന്ന വനഗന്ധം ചുറ്റുപാടും പടർന്നു പിടിച്ചു. ഇടക്കു ജീപ്പിനു മുന്നിൽ പകച്ചു നിന്ന കാട്ടുമുയലും മുള്ളൻപന്നിയും കുറുക്കനും. കുറുകെ കുത്തിയൊലിച്ചു പ്രവഹിക്കുന പുഴക്കു പിറകെ നാരായണൻ ജീപ്പുനിർത്തി. പരിക്ഷീണനായി പറഞ്ഞു.

“ഇതിനപ്പുറം ജീപ്പ് കടക്കില്ല”.

പോലിസുകാരൻ പറഞ്ഞ പ്രകാരം പുഴക്കപ്പറുത്തൂന്ന് കറക്റ്റ് ഒരു കിലോമീറ്ററുണ്ട്. അവടാണ് ആദിവാസി ഊര്.

പുഴത്തട്ടിലിറങ്ങി കൈയും കാലും കഴുകി. ഐസിലും തണുത്ത വെള്ളം. ജീവിതം പോലെ കടലിനെ പുൽകാൻ വെമ്പുന്ന വെള്ളത്തിൻ്റെ അനസ്യൂത പ്രവാഹം. ഏതോ ഭൂമികയിൽ ഉറവയെടുത്ത് കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ കടലാഴത്തിൽ വിലയിക്കാൻ ഒഴുകുന്ന ജമാന്തരങ്ങളിലെ അനാദിയായ പുഴയെ തെല്ലിട നേരം നോക്കി നിന്നു. കണ്ണുകടഞ്ഞു.

ആ പരിസരങ്ങളിൽ ചുറ്റിത്തിരിഞ്ഞു വന്ന നാരായണൻ ഉത്സാഹത്തോടെ പറഞ്ഞു.

“ദാ അവിടെ മുളകൊണ്ടുള്ള തൂക്കുപാലമുണ്ട്. പുഴ കടക്കാം.”

ശരി. ഏതു വിധേനയെങ്കിലും പുഴ കടക്കണം. മുള കൊണ്ടുള്ള തൂക്കുപാലം സാമാന്യം ബലമുള്ളതായിരുന്നു. കാട്ടുവള്ളികൾ കൊണ്ട് കൂട്ടിക്കെട്ടിയ അതിൽ പിടിച്ച് അനായാസം മറുകര പറ്റി. തെല്ലിട നടന്നപ്പോൾ അല്പം ജനവാസം ഉള്ളതായി തോന്നി. ചെറിയ കൈവഴികൾ പല ഭാഗത്തോട്ടും പിരിഞ്ഞു പോകുന്നതു കണ്ടു. വഴിയരികിൽ കൂനിക്കൂട്ടി ഇരുന്നിരുന്ന  ഒരുവ നോട് വിവരങ്ങൾ ആരാഞ്ഞപ്പോൾ അവൻ കൈ മലർത്തി. യാത്ര വ്യർത്ഥമാകുകയാണോ? പണ്ഡിറ്റ് ജി യെ കാണുകയെന്നതും തിരികെ പഴയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരികയെന്നതും ഒരു മരീചികയായി തുടരുമോ?

മുന്നിൽ തെളിഞ്ഞു കണ്ട ഒരു കൈവഴി ഞങ്ങളെ നയിച്ചത് ഓലമേഞ്ഞ മൺപുരയിലേക്കാണ്. അവിടെ മുറ്റത്ത് ചടഞ്ഞുകൂടി ഇരുന്ന്  ഒരു സ്ത്രീ പനമ്പട്ട വെട്ടിയൊതുക്കുന്നു. ഞങ്ങളെ കണ്ടതും അവൾ ചെയ്തിരുന്ന വേല നിറുത്തി ഭയഭക്തി ബഹുമാനങ്ങളോടെ എഴുന്നേറ്റ് നിന്നു. അവരോട് നാരായണൻ ആ പ്രദേശത്ത് അടുത്ത കാലത്ത് വന്ന് താമസിക്കുന്നവരെക്കുറിച്ച് അന്വേഷിച്ചു. അല്പനേരത്തെ പ്രയത്നത്തിനു ശേഷം അവർ മൂന്നോളം പേരെക്കുറിച്ച് പറഞ്ഞു. അതിൽ നിന്നും ഏകദേശം പണ്ഡിറ്റ് ജിയോട് ചേർന്നു പോകുന്ന ഒരാളുടെ താമസസ്ഥലം ചോദിച്ചപ്പോൾ അത്  വ്യക്തമായി ആ സ്ത്രീ പറഞ്ഞു തന്നു. ഏറെ ദൂരമില്ല. അടുത്താണ്. കാൽപാദത്തിലൂടെ കയറി കാൽ വണ്ണയിൽ പിടിമുറുക്കിയ ക്ഷുദ്രജീവികളെ തൂത്തെറിഞ്ഞ് യാത്ര. ഈശ്വരാ കർമ്മബന്ധങ്ങളിലെ ഏതു ചരടാണ് എന്നെ ഇവ്വിധം നടത്തുന്നത്. തീർത്തും പരിഷ്കൃതമായ ഒരിടത്തു നിന്നും ഇവിടേക്ക് എന്നെ എത്തിച്ചത് എന്തിനാണ്?

ആലോചനയിലാണ്ട എന്നെ ഉണർത്തിയത് നാരായണനാണ്. അവൻ കൈ ചൂണ്ടിയ ഇടത്തേക്ക് ഞാൻ നോക്കി. മുളങ്കമ്പുകൾ മെടഞ്ഞ് വേലി കെട്ടിത്തിരിച്ച ഒരു ഓല മേഞ്ഞ മൺ വീട്. ആ വീടിന് തണവു പടർത്തി വലിയൊരാൽമരം നിൽക്കുന്നു. സദാ ഇളകിയാടുന്ന ആൽമരത്തിലെ ആലിലകൾ .അവയത്രയും വഹിച്ചു ദൃഢഗാത്രനായ തറവാട്ടുകാരണവരെ പോലെ ഘനാലസനായി നിലകൊള്ളുന്ന തായ്തടി . മുൾവേലി തുറന്ന് ഞങ്ങൾ അകത്തു കയറി. വൃത്തിയും  മനോഹാരിതവും തുളുമ്പുന്ന വീടും പരിസരവും. ഗതകാലത്തെ ഒരാശ്രമമുറ്റത്തെത്തിയ അപൂർവ ഒരനുഭൂതി. പല ജാതി പൂക്കളുടെ  നിറഭേദങ്ങൾ കാണുന്നിടത്തെല്ലാം  ദൃശ്യമാകുന്ന പൂന്തോട്ടം. അതിൻ്റെ ഒരു കോണിൽ മണ്ണിളക്കുകയായിരുന്ന കറുത്തു മെല്ലിച്ച കിഴവൻ  ഞങ്ങളെക്കണ്ട് പണി നിറുത്തി ചുറുചുറുക്കോടെ ഓടി വന്നു. പണ്ഡിറ്റ് ജി യെ കുറിച്ച് അയാളോട് അറിയാവുന്നപോലെ ആരാഞ്ഞു  ചുളിവുകൾ ഏറി വരുന്ന ആ പകച്ച മുഖം ശ്രദ്ധിച്ച ഞാൻ ഒന്ന് നിശ്ചയിച്ചു. ഇല്ല പണ്ഡിറ്റ്ജിയെ ഇദ്ധേഹത്തിനും നിശ്ചയമുണ്ടാകാൻ വഴിയില്ല. തളർച്ച കാലിൻ്റെ പെരുവിരലിനറ്റം വരെ നീണ്ടു. വ്യാപിച്ചു. മെല്ലിച്ച കിഴവൻ കൊണ്ടുവന്ന വെള്ളം കൊണ്ട് മുഖം കഴുകി . കുളിർന്ന ആ ജലം മതിവരുവോളം കുടിച്ചു.

“പേരെന്താ നിങ്ങടെ?”

“വെള്ളയ്യ.

വെള്ളയ്യ മോണ കാട്ടിച്ചിരിച്ചു. വെറുതെ ഒരവസാന ശ്രമമെന്നോണം ഞാൻ ഫോൺ എടുത്ത് പണ്ഡിറ്റ് ജിയും ഞാനുമൊക്കെയുള്ള ഒരു കമ്പനി ഫോട്ടോയിൽ നിന്നും അദ്ധേഹത്തിൻ്റെ മുഖം വലുതാക്കി വെള്ളയ്യയെ  വിളിച്ച് കാണിച്ചു. അല്പനേരം കൗതുകത്തോടെ ആ ഫോട്ടോ നോക്കി തെല്ലു വിസ്മയത്തോടെ പറഞ്ഞു.

“ഇത് സ്വാമി  ഇന്ത വീട്ടിലെ ആള്. നമ്മ ഊരിലെ സ്വാമിയാരല്ലയോ”

എൻ്റെ ഹൃദയം തുടി കൊട്ടി. പൊടുന്നനെ ഞാൻ എഴുന്നേറ്റു. ആകാംക്ഷയോടെ ചോദിച്ചു.

“സ്വാമിയാര് എവിടെ?“

വെള്ളയ്യ പുഴങ്കരയിലേക്ക് വിരൽ ചൂണ്ടി. അപ്പോൾ നേരം സായാഹ്നമാകാൻ തുടങ്ങുകയായിരുന്നു. പുഴങ്കരയിലൂടെ ഞാനും നാരായണനും നടന്നു. എന്തുകൊണ്ടോ എനിക്ക് അപ്പോൾ ദുഷ്കരമായ യാത്രയുടെ ക്ഷീണം തോന്നിയില്ല. വെളുത്ത പക്ഷികൾ പുഴക്കു കുറെ ധനുസ്സിൽ നിന്നും എയ്തു വിട്ട  അസ്ത്രങ്ങളെന്ന വണ്ണം ശബ്ദിച്ചു കൊണ്ട് പറന്നു പോകുന്നതു കണ്ടു. പുഴയിൽ പൂക്കളാൽ അർച്ചന ചെയ്ത്  സ്നാനം ചെയ്തു വരുന്ന സ്വാമിയാര് തെല്ലിട കണ്ണുകൾ തമ്മിലിടഞ്ഞു.

പണ്ഡിറ്റ്ജി!

തുടരും...


ഭാഗം - 7

എന്നെ തിരിച്ചറിഞ്ഞ ആ മുഖത്ത് പതർച്ചയില്ല. മുഖത്ത് എപ്പോഴും കാണാറുള്ള പരിക്ഷീണതയില്ല. തികഞ്ഞ ശാന്തത മാത്രം. 

“അപ്പു ... സ്നേഹമസൃണമായ പതിഞ്ഞ സ്വരം."

“അപ്പു വരൂ ….”


പുഴങ്കരയിലൂടെ ഞങ്ങൾ നടന്നു.  തിരിഞ്ഞു നോക്കിയപ്പോൾ ഇളം നിറത്തിള്ളേ പൂക്കൾ പുഴയുടെ മേൽത്തട്ടിലെ  ചെറു  അലകളിലൂടെ ഒഴുകിപ്പോകുന്നതു കണ്ടു. പുഴക്കരയിലെ വെള്ളാരങ്കല്ലുകളിൽ സന്ധ്യ ഇരുണ്ടു പിടിച്ചു. മെഴുകിയ തറയിൽ ചമ്രം പടിഞ്ഞിരിക്കുന്ന പണ്ഡിറ്റ്ജിയെ ഞാൻ ആകുലതയോടെ നോക്കി. മരഞ്ചില്ലകളെ തഴുകിയെത്തുന്ന ഇളങ്കാറ്റിന് പാലപ്പൂവിൻ്റ ഗന്ധം. നീളനെ മുറിച്ച്  ഇളം ചെമപ്പു നിറത്തിലുള്ള  പപ്പായയും ഒപ്പം ഇളനീർ വെള്ളവും വെള്ളയ്യ  ഭവ്യതയോടെ കൊണ്ടുവച്ചു മാറി നിന്നു ഇളനീർ കഴമ്പിൻ്റെ സുതാര്യമായ   നേർത്ത ശകലങ്ങൾ ഇളനീർവെള്ളത്തിൽ പാറിക്കിടന്നു.

“അപ്പൂ.” 

പണ്ഡിജി പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു. എനിക്ക് സങ്കടമടക്കാനായില്ല.

“സാർ എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല. എന്തിനാണ് ഇങ്ങിനെയൊരവസ്ഥയെ സ്വയം ഏറ്റുവാങ്ങുന്നത്? ജീവിത  സൗകര്യങ്ങളെല്ലാം ത്യജിച്ച് ഈയൊരു കാട്ടുമുക്കിൽ സ്വയം ആത്മത്യാഗത്തിൻ്റെ വാല്മീകമണിയുന്നത്? എന്തെകിലും അസുഖം വന്നാൽ? അടുത്തൊരു ക്ലിനിക്ക് പോലുമില്ല. ഇങ്ങോട്ടുള്ള വഴിയെല്ലാം ഞാൻ താണ്ടിയതാണല്ലോ! ഈ സ്വയം പീഢ മതിയാക്കണം. എനിക്കു വേണ്ടി നമ്മുടെ സ്ഥാപനത്തിനു വേണ്ടി. വിദേശത്തു കഴിയാൻ താല്പര്യം ഇല്ലെങ്കിൽ വേണ്ട. നമ്മുടെ സ്ഥാപനത്തിന്റെ അമരക്കാരനായി അങ്ങുണ്ടാകണം. ഇതെന്റെ ഇതെന്റെ അപേക്ഷയാണ്”

എൻ്റെ ശബ്ദം പതറി. തെല്ലിട മൗനം തളം കെട്ടി. പിന്നെ മൗനം അഴിഞ്ഞു.

“അപ്പൂ.. അതു കഴിക്കൂ.”

തുടർന്നദ്ധേഹം നാരായണനെ നോക്കി. ഞാൻ പപ്പായ എടുത്തു കഴിച്ചു. തേൻ കിനിയുമെന്നു തോന്നുന്ന മധുരം. നാരായണൻ ഒരു കഷണമെടുത്ത് മാറിയിരുന്നു കഴിച്ചു. സമീപത്തെ ചെടിപ്പടർപ്പിനിടയിൽ മഴവില്ലിൻ്റെ നിറങ്ങൾ കോരിയൊഴിച്ച പോലെ കാട്ടുമയിൽ ഇറങ്ങി മുറ്റത്തു വന്നു നിന്നു. അതു ശ്രദ്ധിച്ച് പണ്ഡിറ്റ് ജി പറഞ്ഞു.

“ഇതാണ് കുട്ടൻ. ഇവിടെ ആൾ പെരുമാറ്റം കേട്ടാൽ ഇറങ്ങി വരും.”

വെള്ളയ്യ എറിഞ്ഞു കൊടുത്ത എന്തോ കൊത്തിത്തിന്ന് ചിറകു വിടർത്തി മുറ്റത്തൊനു ചുറ്റി കുട്ടൻ ചെടിപ്പടർപ്പിനുള്ളിലേക്ക് കയറി പോയി.

“അപ്പൂ.. ഇത് സ്വയം പീഡ അല്ല. സ്വയം അറിയലാണ്. നമ്മെത്തന്നെ അറിയുക നമ്മുടെ അസ്തിത്വത്തെ തിരിച്ചറിയലാണ്. അതിന്ടെ ലഹരി നൽകുന്ന നിർവൃതിയിലാണ് ഞാൻ. എനിക്കിവിടെ യാതൊരു അസുഖവും വരില്ല. ആശുപത്രിയിൽ പോകേണ്ട സാഹചര്യവും വരാനില്ല. പ്രകൃതിക്ക് എതിരായി ബോധവും ശരീരവും വ്യതിചലിക്കുമ്പോഴാണ് ബോധം രോഗാതുരമാകുന്നത് ഒപ്പം ബോധം വിലയിച്ച  ശരീരവും. പ്രകൃതിക്കൊരു താളമുണ്ട് ഒരു ഒഴുക്കുണ്ട്. ഒരു പുഴ പോലെ ആ ഒഴുക്കിനോടൊപ്പം ഇഴുകിച്ചേർന്ന് ഒപ്പം നീന്തിയാൽ മുന്നോട്ടു പോകുന്നത് അനായാസമാകും. പുഴയുടെ ഒഴുക്ക് തരുന്ന ബലം നമുക്കു തുണയാകും പ്രകൃതിയും അതുപോലെതന്നെ .ഒപ്പം ഇഴുകിച്ചേർന്നു ഉൾക്കൊണ്ട് ജീവിച്ചാൽ പ്രകൃതിയുടെ ബലം നമുക്കു ബലമാകും… പ്രകൃതി നമ്മെ പരീക്ഷിക്കില്ല.”

വെള്ളയ്യയുടെ നേർക്കു തിരിഞ്ഞു പണ്ഡിറ്റ് ജി  ചോദിച്ചു “വെള്ളയ്യാ വെള്ളയ്യന് എന്ത് പ്രായണ്ട്.”

വെളളയ്യൻ ഒന്നു പരുങ്ങി. നിഷ്കളങ്കമായി ചിരിച്ചു.

“ഈ പ്രായത്തിനിടക്ക് ഡോക്ടറെ കണ്ടിട്ടുണ്ടോ?

“ല്ല സ്വാമി.“ വെള്ളയ്യൻ  മൊഴിഞ്ഞു.

 സ്വാമിജി തിരിഞ്ഞ് എന്നോടായി പറഞ്ഞു.

“അപ്പൂ.. നമ്മളൊക്കെ ഒരർത്ഥത്തിൽ നിസ്സഹായരാണ്. അപ്പുവിൻ്റെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളെല്ലാം തരണം ചെയ്തത് അപ്പുവിൻ്റെ ഇഷ്ടത്തോടെയാണോ? എഞ്ചിനീയറിങ്ങ് പഠിച്ചത്? ജോലി നേടിയത് ?വിവാഹം? എന്തിനേറെ കമ്പനിയുടെ ചുമതല ഏറ്റെടുത്തതിനു പിന്നിൽ എൻ്റെ സമ്മർദ്ദമല്ലേ? പാകത വന്നതിനു ശേഷവും ഇതാണു നമ്മുടെയൊക്കെ സ്ഥിതി. ഇതിനൊക്കെ അപവാദമില്ലെന്നല്ല. എങ്കിലും  ഭൂരിപക്ഷം ആളുകളുടേയും സ്ഥിതി ഇതൊക്കെത്തന്നെയാണ്. സാഹചര്യവും മനുഷ്യരും നമ്മളെ, നമ്മുടെ ഉൾബോധത്തിൻ്റെ അഭീഷ്ടങ്ങളെ തീർത്തും തല്ലിക്കെടുത്തുന്നു.“

ആയിരുന്നോ? എഞ്ചിനീയറിങ് പഠിച്ചത് എൻ്റെ ഇഷ്ടപ്രകാരമായിരുന്നോ?

അല്ല. എഞ്ചിനീയറിംഗ് പഠനം എന്റെ ആഗ്രഹങ്ങളിൽ ഉണ്ടായിരുന്നില്ലെന്നതാണ് സത്യം.

മലഞ്ചെരുവിലെ കുളിർന്ന ഇളങ്കാറ്റ് പുറത്തെ മരഞ്ചില്ലകളിൽ പതിഞ്ഞ് തിരതല്ലി. ആലിലകൾ ഇളങ്കാറ്റിനെ സഹർഷം വരവേറ്റു.

“അപ്പുവിനറിയാമോ? എനിക്ക് നല്ല ഓർമയുണ്ട്. എൻ്റെ ബാല്യകാലത്ത് എനിക്ക് സന്യാസിയാകാനായിരുന്നു മോഹം. കഷായ വേഷവും രുദ്രാക്ഷവും കമണ്ഡലുവുമൊക്കെ എവിടുന്നൊക്കെയോ സംഘടിപ്പിച്ച് മരച്ചുവട്ടിൽ ധ്യാനത്തിലിരിക്കുമായിരുന്നെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. എൻ്റെ കുഞ്ഞുനാളിലെ നിഷ്കളങ്കമായ ഒരു  ആഗ്രഹം സാക്ഷാത്ക്കരിക്കാൻ എനിക്ക് ദീർഘമായ കാലയളവ് വേണ്ടി വന്നു. ഇപ്പോൾ ഞാനതിലേക്കെത്തി. തിരികെടും വരെ മറ്റൊരു ജീവിതചര്യയിലേക്ക് എനിക്ക്  തിരിച്ചു പോക്കില്ല. ഇവിടെ ഞാനേറെ സന്തുഷ്ടനാണ്. ഇവിടുത്തെ ഭക്ഷണാവശ്യത്തിന്  ഫലങ്ങളും കിഴങ്ങുമെല്ലാമടങ്ങുന്നത് പ്രകൃതി കനിഞ്ഞ് നല്കുന്നു. ചെറിയ കൃഷിയുമുണ്ട്. മിച്ചം വരുന്നത് ഊരിൽ നല്കുന്നു.  പൊന്നുവിളയുന്ന മണ്ണാണ് ഇവിടുത്തെ. ഞാൻ ഏതെല്ലാം നാടുകൾ സഞ്ചരിച്ചു ഇവിടുത്തെ തെളിനീരുറവയിലെ ജലത്തിൻ്റെ മാധുര്യവും കുളിർമയും ഞാനെവിടേയും അനുഭവിച്ചിട്ടില്ല. ഇതെല്ലാം  എൻ്റെ ആദ്യത്തെ അനുഭവമാണ്. അനുഭൂതിയാണ്.

“ഞാൻ… ഞാൻ എനിക്കൊരു വഴിവിളക്കായി ഉണ്ടാകുമെന്ന്... ഇത്ര വലിയ ചുമതലകൾ ഉത്തരവാദിത്വങ്ങൾ എന്നെ ഏൽപ്പിച്ചിട്ട്.”

എൻ്റെ വാക്കുകൾ ചിലമ്പിച്ചു ചിതറി.

“ഞാൻ ഒപ്പമില്ലെന്ന് ആരു പറഞ്ഞു. ഭൗതികമായി ഇല്ലെങ്കിലും എൻ്റെ പ്രാർത്ഥന ഒപ്പമുണ്ട്. വലിയ ചുമതലകൾ തന്നെ ഏൽപ്പിച്ച് ഞാൻ  പിൻവാങ്ങി എന്ന തോന്നലു വേണ്ട.  ഞാൻ ഈയൊരു തീരുമാനമെടുക്കുന്നതിനു മുൻപ് എൻ്റെ നല്ലവരായ ഏതാനും സുഹൃത്തുകൾ ചേർന്ന് ഒരു ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. കമ്പനിയുടെ ദൈനംദിന കാര്യങ്ങളിലൊന്നും അവരിടപെടുകയില്ല. വിഷമഘട്ടത്തിൽ അവരെ സമീപിക്കാം. ട്രസ്റ്റി ഉടനെത്തന്നെ അപ്പുവിനെ ബന്ധപ്പെടും. ഉത്തരവാദിത്വങ്ങൾ നിറവേറ്റലെന്നെത് ജീവിത ചര്യയാക്കുക. ഞാനും ഇവിടെയും എന്റെ ഉത്തരവാദിത്വങ്ങൾ ഉൾക്കൊള്ളുന്നവനാണ്. അധികാരം കയ്യാളുന്നവർ ലാഘവത്തോടെ മറക്കുന്ന ഒരുപാട് വിഷയങ്ങളുണ്ട് ഈ ഊരിൻ്റെ ജീവിതസംബന്ധിയായ വിഷയങ്ങൾ. നടപടികളുണ്ടാവണം. അവ  പരിഹരിക്കപ്പെടണം. അതിലെല്ലാം എന്റെ ഇടപെടലുകളുണ്ട്. അതെല്ലാം എൻ്റെ ഉൾബോധം കാംക്ഷിക്കുന്ന കാര്യങ്ങളാണ്. ജൻമാന്തരങ്ങളിലെ കർമ്മബന്ധത്തിൻ്റെ ചരടുകളെല്ലാം ഞാൻ മുറിച്ചു കളഞ്ഞിരിക്കുന്നു. ഞാനിന്ന് സ്വതന്ത്രനാണ്. അതിൻ്റെ ആഹ്ളാദമോ അനിർവ്വചനീയവും!  ശിഷ്ട കാലമെങ്കിലും എനിക്കെൻ്റ ജീവിതത്തെ തിരിച്ചു തരിക.”

സ്വാമിജി തുടർന്ന് പറഞ്ഞു

“അപ്പൂ. ഇന്നിനി യാത്ര വേണ്ട. വിശ്രമിക്കൂ.”

പണ്ഡിറ്റ് ജി എഴുന്നേറ്റു. പുറത്ത് സന്ധ്യ കറുക്കുവാൻ തുടങ്ങിയിരുന്നു. അരണ്ട വെളിച്ചത്തിൽ പുൽപ്പായിലിരുന്ന് ഞങ്ങൾ  വെന്തുടഞ്ഞ കാച്ചിലും മുളക് ഉടച്ചതും ചേർത്ത് കഴിച്ചു. ആ വെളിച്ചത്തിൽ പണ്ഡിറ്റ് ജിയുടെ മുഖം തേജോമയമായി തോന്നി ഒരു ചീർപ്പ് അമൃതിന് സമമായ ഞാലിപ്പൂവൻ പഴം കൊണ്ടു വച്ച ശേഷം വെള്ളയ്യ പോയി.  പിന്നെ  കരുപ്പെട്ടി ചേർത്ത എരിവുള്ള കാപ്പി കുടിച്ചു . ക്ഷീണമുണ്ട് തൊണ്ടക്കുഴിയിലൂടിറങ്ങിയ മുളകിൻ്റെയും കാപ്പിയുടേയും ജൈവഘടന ശരീരത്തെ വിയർപ്പിച്ചു. അതിൻ്റെ സുഖാലസ്യം ഏറെ നേരം നീണ്ടു. ഉൾമുറിയിൽ കടന്ന് പുൽപായ നാരായണനെ ഏൽപ്പിച്ചു. മറ്റൊരു പുൽപ്പായ തറയിൽ വിരിച്ച് കിടന്നു. പുറത്ത് കാടിൻ്റെ മർമരം. മരഞ്ചില്ലയിൽ വട്ടം ചുറ്റുന്ന മലയടിവാരത്തെ കാറ്റിൻ്റെ സ്വരം .പേരറിയാത്ത ജീവബിന്ദുക്കളുടെ, പ്രകൃതിയുടെ ശബ്ദം. ഇത്രയും കാലം ഞാനിവക്ക് കാതോർത്തിരുന്നില്ലെന്ന് ഖേദത്തോടെ ഓർത്തു. അതു ചെകിടോർത്ത് തിരിഞ്ഞും മറിഞ്ഞും കിടന്നു. അപരിചിതത്വത്തിൻ്റെ ഈ സ്ഥലരാശി പെട്ടെന്ന് ഉൾക്കൊള്ളാൻ പ്രയാസമുണ്ട്. അടുത്ത കാലത്തൊന്നും ഇത്രമേൽ പ്രകൃതിയെ തൊട്ടറിഞ്ഞിട്ടില്ല. ഇന്ന് പ്രകൃതി എന്നെ പുണരുകയാണ്.

മനുഷ്യൻ ഒരു ദ്വീപാണെന്ന് എനിക്കു തോന്നി. അലകടലാൽ ചുറ്റപ്പെട്ട ദ്വീപ്. ഏറെക്കാലം അടുത്തിടപഴകിയിട്ടും പണ്ഡിറ്റ് ജിക്കു വന്ന ഈയൊരു മാറ്റം ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. എത്ര അടുത്തിടപഴകിയിട്ടും മനുഷ്യന് മനുഷ്യനെ മനസ്സിലാക്കാൻ സാധിക്കാതെ വരുന്നു. മനുഷ്യന്റെ മനോവ്യാപാരങ്ങൾ ദുർഗ്രഹമായിത്തന്നെത്തുടരുന്നു. അല്ലെങ്കിൽ തന്നെ ഞാനാരെയാണ് മനസ്സിലാക്കിയിട്ടുള്ളത്? ജീവിതത്തിൽ ഒപ്പം കൂട്ടിയവൾ പോലും എത്രയോ അവസരങ്ങളിൽ ഒറ്റപ്പെട്ട ദ്വീപിൻ്റെ അകൽച്ചയും അപരിചിതത്വവും കാണിച്ചിട്ടുണ്ട്. അപ്രവചനീയത കൊടികുത്തി വാഴുന്ന മനുഷ്യ മനസ്സെന്നെ പ്രഹേളികയെക്കുറിച്ച്  ചിന്തിച്ചപ്പോൾ കണ്ണു കടഞ്ഞു. പുലരാറായപ്പോൾ ഒന്നു മയങ്ങി.

പിറ്റേന്ന് പുലർകാലെ പുഴക്കരയിലെത്തിയപ്പോൾ സൂര്യൻ മലക്കു പിറകിൽ ഉയരുന്നതു കണ്ടു. പുഴ വെയിലേറ് ഏറ്റ് സ്ഫടികം പോലെ തിളങ്ങി.  യാത്ര പറയുമ്പോൾ ആ വിശുദ്ധിയുടെ  ഭൂമികയിൽ എൻ്റെ കണ്ണീരിറ്റി. പണ്ഡിറ്റ്ജിയുടെ.. അല്ല ,സ്വാമിജി. പണ്ഡിറ്റ് ജി എന്ന പേര് എഴുതി എഴുതി മുന തേഞ്ഞുപോയ പെൻസിലു കൊണ്ട് എഴുതിയ  തെളിയാത്ത ഒരു അടയാളം മാത്രമാണ്.

സ്വാമിജിയുടെ ആശ്വാസവാക്കുകൾ ഉൾക്കൊണ്ട് തിരിച്ചു വരുമ്പോൾ മടക്കയാത്ര ദുഷ്ക്കരമായി തോന്നിയില്ല. ദു:ഖവും ആകുലതയുമില്ല .ഒരു തീർത്ഥാടനത്തിൻ്റെ വിശ്രാന്തി എന്നിൽ വന്നു നിറയുന്ന പോലെ തോന്നി. വീട്ടിലെത്തി .മുറ്റത്തെ തുളസിത്തറ കെട്ടിത്തീർത്തുകഴിഞ്ഞിരുന്നു. അതിനു മുന്നിലെ ചെരാതിൽ  വീട്ടിലെ ആരോ തെളിയിച്ച ദീപം  കെട്ടു പോയിരുന്നു.

തുടരും...

 


ഭാഗം - 8

സാധാരണ ജീവിതത്തിലേക്ക് മനസ്സും ശരീരവും  തിരിച്ചെത്താൻ രണ്ടു മൂന്നു ദിവസമെടുത്തു. കമ്പനിയെ പുരോഗതിയിലെത്തിക്കണം. കുറെ പേർക്കു കൂടി അവസരം നല്കണം. ശ്രദ്ധയും ശ്രമവും അതു ലക്ഷ്യം വച്ചുള്ളതായി മാറി.  രാധിക തിരക്കിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു.....


അന്ന് വീട്ടിൽ നിന്നും ഓഫീസിലേക്കിറങ്ങിയത് അർദ്ധ മനസോടെ ആയിരുന്നു. പുലർകാലെ രാധിക എഴുന്നേൽക്കാൻ ആയാസപ്പെടുന്നതു നോക്കുമ്പോൾ നെറ്റിയിൽ ചൂടുണ്ട്. നേരിയ വിയർപ്പു പൊടിഞ്ഞിരിക്കുന്നു. കൺതടത്തിൽ നേരിയ കറുപ്പു രാശി പടർന്നിട്ടുണ്ട്. പരിക്ഷീണഭാവം. അപ്പോൾ തന്നെ അവൾക്ക് പൂർണ്ണ വിശ്രമം തീരുമാനിച്ചു. അടുക്കളയിൽ പോയി തുളസിയിട്ട കടു കാപ്പിയും പൊടിയരിക്കഞ്ഞിയുമെല്ലാം തയ്യാറാക്കാൻ നിർദേശം കൊടുത്ത് ഒരുങ്ങി പോകാൻ തയ്യാറായി രാധികയോട് യാത്ര പറയാൻ ചെന്നപ്പോൾ അവൾ  കൈ പിടിച്ചു.

“ഇന്ന് പോകണ്ട ഇവിടെ അടുത്ത് ഇരുന്നാൽ മതി”

 അവൾ പറഞ്ഞു.

ഞാൻ പ്രതിസന്ധിയിലായി. ഇന്ന് വിദേശത്തു നിന്നും വരുന്ന ട്രസ്റ്റ് അംഗങ്ങളുമൊത്ത് കോൺഫറൻസുണ്ട്. അവരൊടൊപ്പം പുതിയൊരു ക്ലയിൻ്റും വരുന്നുണ്ട്. ഞങ്ങളൊടൊപ്പം നീണ്ട കാലയളിൽ ഒരു ബിസിനസ് റിലേഷൻഷിപ്പ് അവർ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് അത്ര പരിചിതമായ മേഖലയല്ല  അവരുടേത് എന്നിരുന്നാലും കാര്യമായി ശ്രമിച്ചാൽ ഏറ്റെടുത്ത് വിജയകരമാക്കാനാകുമെന്ന പൂർണ്ണ വിശ്വാസമുണ്ട്. രണ്ടു ദിവസം മുൻപ് ലഭിച്ച ഇ മെയിലിൽ നിന്നും ചില സൂചനകൾ ലഭിച്ചിരുന്നു. അതു കൊണ്ടു തന്നെ ഈ ദിവസത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇതൊഴിവാക്കുന്നത് ആത്മഹത്യാപരമാണ്. വ്യക്തിപരമായും ഔദ്യോഗികപരമായും കമ്പനിയെ പുറകോട്ടടിക്കുന്നതിനു തുല്യമാകും. അല്പം സമയമെടുത്ത് വസ്തുതകളെല്ലാം രാധികയെ ധരിപ്പിച്ചു. കാര്യങ്ങൾ ഗ്രഹിച്ച അവൾ മനസ്സില്ലാ മനസ്സോടെ പോകാനനുവദിച്ചു. ഓഫീസിലേക്കുള്ള യാത്രയിലുടനീളം മനസ്സിൽ കനം തൂങ്ങി നിന്നു. രാധികയെ ആ ഒരു അവസ്ഥയിൽ ഇട്ടേച്ചു വന്നതിൽ കുറ്റബോധം തോന്നി. പക്ഷേ ഞാനും ഇക്കാര്യത്തിൽ നിസ്സഹായനായിരുന്നല്ലോ? ഇനി ചെയ്യാവുന്നത് എത്രയും വേഗം ഔദ്യോഗിക കാര്യങ്ങൾ തീർത്ത് വീടുപറ്റുക എന്നുള്ളതാണ്'. ഇന്ന് ഒരു പരിചയപ്പെടലും പൊതുവായ അവലോകന ചർച്ചയുമേ പ്രതീക്ഷിക്കുന്നുള്ളൂ. ഡീപ് ആയ ചർച്ചകൾക്ക് സമയവും തീയതിയും പിന്നീട് നിശ്ചയിച്ചാൽ മതിയാകുമെന്ന് തോന്നുന്നു. അതെല്ലാം തീരുമാനിക്കപ്പെടുക ഇന്നു തന്നെയാകുമെന്നതാണ് രാധികയുടെ അടുത്തിരിക്കാനും നോക്കാനുമെല്ലാം വിലങ്ങുതടിയായത്.

പെരുകിത്തടിക്കുന്ന ജനത്തിനും വാഹനവ്യൂഹങ്ങൾക്കുമിടയിലൂടെ നിത്യഭ്യാസിയായ ട്രപ്പീസുകളിക്കാരനെ പോലെ നാരായണൻ കാറോടിച്ചു. ഇടക്ക് വീട്ടിൽ വിളിച്ച് വിവരം തിരക്കിയപ്പോൾ രാധിക കാപ്പി കുടിച്ചെന്നും കഞ്ഞി കുടിക്കാൻ കൂട്ടാക്കുന്നില്ലെന്നുമായിരുന്നു ശാന്തയുടെ മറുപടി. തെല്ലു  കഴിഞ്ഞ് നിർബന്ധിച്ച് കഞ്ഞി കുടിപ്പിക്കണമെന്ന് പറഞ്ഞ് ഫോൺ കട്ടു ചെയ്തു.

പ്രതീക്ഷിച്ച പോലെ സങ്കീർണ്ണമായില്ല കോൺഫറൻസും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ട്രസ്റ്റിയുടെ സാന്നിധ്യത്തിൽ മണിക്കൂറുകൾ നീണ്ട ചർച്ചക്കൊടുവിൽ കമ്പനിയുടെ വിശ്വാസ്യതയും പ്രതിജ്ഞാബദ്ധതയും ബോധ്യപ്പെടുത്താനായി. അതോടൊപ്പം  കമ്പനിയെ പ്രതിനിധീകരിച്ചുള്ള ഓഫീസർമാരായ  യുവനിരയുടെ പ്രകടനവും മികച്ചതായി . ചോദ്യങ്ങൾക്കും സംശയങ്ങൾക്കുമെല്ലാം യുക്തിഭദ്രവും അനുയോജ്യവുമായ  മറുപടി നല്കാനും നിലപാടെടുക്കാനുമായി. കോൺഫറൻസ് തീർത്ത് ഓഫീസർമാർക്ക് വേണ്ട നിർദേശങ്ങൾ കൊടുത്ത് കമ്പനിയുടെ പടിക്കെട്ടിറക്കുമ്പോൾ നാലു മണി കഴിഞ്ഞിരുന്നു. നാരായണൻ കാറുമായി കാത്തു നിന്നിരുന്നു. വേണ്ട . ഈ സമയം നഗരം തിരക്കിൻ്റെ പിടിയിലമർന്നിരിക്കും .കാറിൽ പോയാൽ ട്രാഫിക് ജാമിൽ പെട്ട് നട്ടം തിരിയും .മിനിമം രണ്ടു രണ്ടര മണിക്കൂർ വേണ്ടി വരും വീടെത്താൻ. ട്രെയിനെങ്കിൽ ഏറിയാൽ മുക്കാൽ മണിക്കൂർ മതി.

പത്തു മിനിറ്റിനുള്ളിൽ സ്റ്റേഷനിലെത്തി. ടിക്കറ്റ് എടുത്ത് എന്നെ  കാത്തിരുന്നാലെന്നവണ്ണം കിടന്നിരുന്ന ട്രെയിനിൽ കയറി. ഏറെ തിരക്കില്ല. സീറ്റുകൾ കാലിയായിക്കിടക്കുന്നു. ജനലരികത്തുള്ള സീറ്റിലിരുന്ന് ഫോണിലെ സന്ദേശങ്ങൾ പരിശോധിച്ചു. തിരക്കിനിടയിൽ മെസേജുകൾ ഒന്നു നോക്കാൻ പോലും കഴിഞ്ഞില്ല. രാധികക്ക്  ഭേദമുണ്ട്.പൊടിയരിക്കഞ്ഞി കുടിച്ചു. ക്ഷീണം മാറി. പനിച്ചൂടു കുറഞ്ഞു. നല്ല ആശ്വാസം തോന്നുന്നുണ്ട്. ഒപ്പം ഞങ്ങൾ അടുത്തിടെ നടത്തിയ ട്രിപ്പിൻ്റെ ഫോട്ടോകൾ പങ്കുവച്ചിരിക്കുന്നു. ആഹ്ലാദത്തിന്റേതായ ആ സന്ദർഭങ്ങൾ മനസ്സിൽ കടലല പോലെ  തിരതല്ലി. വിഡിയോകൾ ഡൌൺലോഡ് ചെയ്യുന്നതിനിടെ പൊടുന്നനെയാണ് ഫോൺ ഓഫായി പോയത്. ചാർജറെടുത്ത് ഫോണിൽ കുത്തി ചാർജു ചെയ്യാനായി സോക്കറ്റ് പരതുമ്പോഴാണ് മുന്നിലിരുന്ന് എന്നെ സൂക്ഷിച്ചു നോക്കുന്ന സ്ത്രീ കണ്ണിൽ പെട്ടത്. അവർക്കരികിലിരുന്ന് ഒരു  പെൺകുട്ടി ബിസ്ക്കറ്റു തിന്നുന്നു. കൺതടത്തിൽ കറുപ്പു രാശി പടർന്ന് തീർത്തും പരിക്ഷീണയായ മുഖം. വെയിലേറ്റു ചുട്ടു പഴുത്ത ജനലഴിയിലൂടെ പടർന്നു പിടിച്ച് കമ്പാർട്ടുമെൻ്റിലേക്ക് തിരതല്ലുന്ന കാറ്റിൽ അലക്ഷ്യമായി പാറിപ്പറക്കുന്ന മുടി. എൻ്റെ ഓർമ്മയുടെ അടരുകളിൽ പുതുജീവൻ മുളപ്പൊട്ടി. സ്മിത എസ് നായർ .. അതെ ഇതവൾ തന്നെ. അത്ര ദീർഘമല്ലാത്ത ഒരു  കാലഘട്ടം ഒരാളിൽ ഇത്രയേറെ മാറ്റം വരുത്തുമോ ? കഠിനമായ ജീവിതയാഥാർത്ഥ്യങ്ങൾ  ഒരുപാട് താണ്ടിയവളെന്ന് വ്യക്തം.

“സ്മിത സ്മിത അല്ലേ ..

അവൾ തലയാട്ടി. വേർതിരിച്ചറിയാനാകാത്ത ഒരു പാട് വികാര ങ്ങളുടെ വേലിയേറ്റം അവളുടെ മുഖത്ത് കടലേറ്റം പോലെ തിരയടിച്ചു. തെല്ലിട മൗനം തളം കെട്ടി. ബിസ്കറ്റുതീർന്ന കുട്ടി ഇനിയും വേണമെന്ന് വാശി പിടിക്കുന്നു. ബാഗ് തുറന്ന് പാതി പിളർന്ന പാക്കറ്റിൽ നിന്നും ബിസ്കറ്റെടുത്ത് അവൾ കുട്ടിക്കു നേരെ നീട്ടി. കുട്ടിയുടെ ശാഠ്യം നിന്നു.

“സ്മിത ഇവിടെ?  എവിടെ പോകുന്നു ? സുഖമല്ലേ ?

എൻ്റെ വാക്കുകൾ അസ്പഷ്ടമായി . പരസ്പരബന്ധമില്ലാതെ ചിതറി വീണു

അവൾ എവിടെക്കാണ് പോകുന്നതെന്നു പറഞ്ഞു.ആശ്രയം ആതുരാലയം ! അവിടെ അവളുടെ ആരാണുള്ളതെന്ന് എനിക്ക് ഊഹിക്കാം. ഞാനീ അവസ്ഥ മുൻകൂട്ടി കണ്ടിരുന്നതായിരുന്നതാണല്ലോ?

“അപ്പുവിൻ്റെ വിവാഹം…”

 അവൾ മന്ത്രിക്കും പോലെ ചോദിച്ചു. അപ്പു. എന്നെ അപ്പുവെന്ന്!  കേളേജിലെ പെൺകുട്ടികളിൽ ഒരാൾ മാത്രമേ എന്നെ ആ പേര് വിളിക്കുമായിരുന്നുള്ളൂ.

“കഴിഞ്ഞു. ആശ്രയം ആതുരാലയത്തിലെ ഡോക്ടറാണ്.”

 അതു പറയുമ്പോൾ എൻ്റെ ശബ്ദമിടറിയോ? നേരിയ പതർച്ച അവളുടെ മുഖത്ത് ദൃശ്യമായി .പിന്നെയും ഞാൻ ഒരു പാട് ചോദിക്കാനാഞ്ഞു. വാക്കുകൾ എൻ്റെ  തൊണ്ടയിൽ കുരുങ്ങിക്കിടന്നു. എത്രയോ സദസ്സിനെ വ്യക്തികളെ അഭിമുഖീകരിച്ചു ഗഹനങ്ങളായ വിഷയങ്ങൾ സംസാരിച്ചിട്ടുണ്ട്. ഇന്നോളം പതർച്ച നേരിട്ടിട്ടില്ല .പറയാനുള്ളത് വ്യക്തമായി പറയാൻ കഴിഞ്ഞിട്ടുണ്ട് അവളോട്‌ സംസാരിക്കാനൊരുങ്ങുബോൾ വാക്കുകൾ കൈപിടിയിലൊതുങ്ങാത്ത പറവയായി പൊയ്‌പോകുന്നു  ഞാനാ മുഖത്തേക്ക് ഉറ്റുനോക്കി. അവളുടെ ഒരു നോട്ടത്തിനായി ഒന്നു സംസാരിക്കാനായി ഉന്മാദിയെ പോലെ അലഞ്ഞ കോളേജിലെ നീണ്ട ഇടനാഴികൾ എനിക്കോർമ്മ വന്നു. അന്നും ധൈര്യം സംഭരിച്ച് സംസാരിക്കാനാഞ്ഞാൽ ഹൃദയം തുടികൊട്ടും .ഇന്നും. ഇപ്പോഴും  കാലം ഇത്രമേൽ മാറ്റം വരുത്തിയിട്ടും ഇവളോട് രണ്ടു വാക്ക്' സംസാരിക്കാനായുമ്പോൾ ഹൃദയം പെരുമ്പറ കൊട്ടുകയാണ് .വാക്കുകൾ നേർത്ത സ്പന്ദനം ആയി മാറുകയാണ്

ചാർജു കയറിത്തുടങ്ങിയ ഫോണിൽ സന്ദേശത്തിൻ്റെ കിളിനാദം .രാധികയാണ് അവൾക്ക് വൈകീട്ടു കഴിക്കാൻ ഭാരതിലെ മസാലദോശ വേണമെന്ന് . ഞാൻ ഫോണെടുത്ത് ബാഗിൽ വച്ചു.ഇറങ്ങാറായിരിക്കുന്നു. മുക്കാൽ മണിക്കൂർ ഇത്ര വേഗം കടന്നു പോകുമെന്ന് കരുതിയില്ല. ഇവളുടെ അടുത്തിരുന്നാൽ ഇങ്ങിനെയാണ്‌.സമയത്തിന് ആവേഗമേറും  ട്രെയിനിൻ്റെ വേഗം കുറഞ്ഞു വന്നു. ഞാൻ എഴുന്നേറ്റു. അവൾ പൊടുന്നനെ എന്നെ നോക്കി.

“ഞാൻ ഞാൻ  ഇവിടെ ഇറങ്ങുകയാണ്. ഇവിടെ അടുത്താണ് വീട്.”

 അവൾ മെല്ലെ തലയാട്ടി.ആ കടലാഴമൊളിപ്പിച്ച  കണ്ണുകൾ സജലങ്ങളായോ? 

 യാന്ത്രികമായി ഞാൻ മുന്നോട്ടു നീങ്ങി. ശരീരം വിയർത്തു കുളിച്ചിരിക്കുന്നു. പൊടുന്നനെ കാറ്റു വീശിയത് ആശ്വാസമായിത്തോന്നി. ട്രെയിൻ നിന്നപ്പോൾ ഞാൻ പുറത്തിറങ്ങി. ട്രെയിൻ നീങ്ങിത്തുടങ്ങി. മുന്നോട്ട് നീങ്ങുന്ന ജാലകപ്പഴുതിലൂടെ അവളുടെ കണ്ണുകൾ എന്നെ പിൻതുടരുന്നതായി തോന്നി.

പ്ലാറ്റ്ഫോമിൽ നിന്നുമിറങ്ങി ടാക്സിക്കു വേണ്ടി പരതുമ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ  തിടം വക്കുന്നതായി ഞാനറിഞ്ഞു. അതും പേറി അങ്ങിനെ വീടെത്തി .പൂമുഖത്ത് രാധികയുണ്ട്. എൻ്റെ കൈയ്യിരിക്കുന്ന ബാഗ് വാങ്ങി മുഖത്തേക്കുറ്റു നോക്കി ചോദിച്ചു.

“എന്താ മുഖം വല്ലാണ്ടിരിക്കുന്നെ .? എൻ്റെ പനിയെല്ലാം മാറി കേട്ടോ”

 ഏ?

പേരിനു മാത്രം ഇലയടരുള്ള വാകപ്പൂമരത്തിൽ കാറ്റ് താളം കൊട്ടി. ചുകന്ന മേലാപ്പിട്ടപ്പോലെ വാകമരത്തിൻ്റെ പരന്ന തണലിൽ പൂക്കളുതിർന്നു

“.മാറിയോ ? ശരി..”

 വസ്ത്രം മാറ്റി കുളിച്ചു വന്നതും അവൾ പറഞ്ഞു.

“ഇന്നെനിക്ക് മസാല ദോശ ഏട്ടന് ഉപ്പുമാവും പഴവും. അതു മതിയല്ലോ? “

“സോറി.. ഞാൻ മെസേജ് കാണുമ്പോഴേക്കും വീടെത്തിക്കഴിഞ്ഞു. നാളെ വരുമ്പോൾ ഇവിടെല്ലാവർക്കും മസാല ദോശ”

.ശരി ശരി വരൂ കഴിക്കാം.

ഉപ്പുമാവ് പാളയംകോടൻ പഴം ചേർത്ത് കഴിച്ചു.ഇഞ്ചി ചതച്ചിട്ട കട്ടൻ കാപ്പി കുടിച്ചു .  കൈ കഴുകി  മുറ്റത്തേക്കിറങ്ങി. കുറച്ച നേരം നടന്നു.പിന്നെ  പോയി കിടന്നു. രാധിക അടുത്തു വന്നു കിടന്നത് അറിഞ്ഞില്ല.

“ഓഫീസിലെ  കാര്യങ്ങളൊക്കെ?

“എല്ലാം നന്നായിത്തന്നെ നടന്നു.. എനിക്ക് ഉറക്കം വരുന്നു.

“ശരി ഗുഡ് നൈറ്റ്. ഞാൻ നാളെക്കൂടെ ലീവ് എടുക്കാമെന്ന് വിചാരിക്കുന്നു. ശരിക്ക് ഭേദമായിട്ട് പോയാൽ മതിയെന്ന് ....

“മതി. അതാ നല്ലത്..”

എന്റെ വാക്കുകൾ മുറിയുന്നു തൂങ്ങുന്നു

 ഈശ്വരാ എനിക്കെന്താണ് പറ്റിയത്? വേഗം ഒന്നുറങ്ങിയാൽ മതി. ഒന്നുമോർക്കരുത് .ഈയൊരുറക്കത്തിലൂടെ പൂർവ്വ ജൻമ സ്മരണകളില്ലാത്ത ജൻമങ്ങളിൽ നിന്നും ജന്മാന്തരങ്ങളിലേക്ക് എന്നെ വഴി നടത്തുക. പഴുത്തുണങ്ങിയ മുറിവായിലെ പൊറ്റ അടരുന്നു അല്ല ഞാൻ ഞാൻ അത് അടർത്തുകയാണ് വീണ്ട മുറിവായിൽ നിന്നും ചോര പൊടിയുകയാണ് .അതിന്ടെ നീറ്റൽ ശരീരമാസകലം വ്യാപിക്കുന്നു…

തുടരും...

 


ഭാഗം - 9

അവളെ ആദ്യമായി കണ്ടത് ഇന്നലെ നടന്നതു പോലെ ഓർക്കുന്നു. അവസാന സെമസ്റ്ററുകളിലേക്ക് അച്ഛൻ്റെ സ്ഥലം മാറ്റം മൂലം ഒരു വിദ്യാർത്ഥിനി പ്രവേശനം നേടിയ വിവരം  ഞാനറിഞ്ഞിരുന്നു. എന്നാൽ  കണ്ടിരുന്നില്ല. ഞാൻ ആദ്യമായി കാണുമ്പോൾ റെക്കോഡ് പുസ്തകത്തിൽ അവൾ ഒരു സർക്യൂട്ട് ഡയഗ്രം വരക്കുകയായിരുന്നു. എന്നെക്കണ്ടതും അവൾ മുഖമുയർത്തി. 


എനിക്ക് പൊതുവെ പെൺകുട്ടികളോട് പരിചയപ്പെടുവാൻ മടിയുണ്ട്. സംസാരിച്ചു തുടങ്ങാൻ സങ്കോചമുണ്ട്. ഒന്നും മിണ്ടാതെ ഞാൻ നില്ക്കുമ്പോൾ അവൾ സന്തോഷപൂർവ്വം പരിചയപ്പെട്ടു. പേര് സ്മിത എസ് നായർ. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ അറിഞ്ഞു തുടങ്ങിയപ്പോൾ വിസ്മയിച്ചു പോയി. യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡറാണ് കലോത്സവ വേദികളിലെ സ്ഥിരം സമ്മാന ജേതാവാണ് നൃത്തം സംഗീതം എന്നു വേണ്ട മിക്ക  മേഖലയിലും കഴിവു തെളിയിച്ചിട്ടുണ്ട്. പിന്നെ സൗന്ദര്യം. സംസാരത്തിനു പോലും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന ആകർഷണീയത. കടലൊളിപ്പിച്ച കണ്ണുകൾ  എല്ലാവരോടും കളിച്ച് ചിരിച്ച് ഏവരിലും സന്തോഷം പകരുന്ന അവളെ ഇഷ്ടപ്പെടാതിരിക്കാൻ ആർക്കും ആകുമായിരുന്നില്ല. അങ്ങിനെ ജീവിതത്തിലാദ്യമായി ഒരു പെൺകുട്ടിയോട് പ്രണയം തോന്നുകയാണ്.

അവളെ പ്രണയിക്കാതിരിക്കാൻ മാത്രം മോശക്കാരനൊന്നുമല്ല ഞാൻ. ഭവാനി ടീച്ചറുടെ മകൻ അപ്പു മര്യാദക്കാരനാണ്, അടക്കവും ഒതുക്കവുമുള്ളവനാണ് എന്നാണ് അഭിപ്രായം. പത്താം ക്ലാസ്സ് പരീക്ഷയിൽ റാങ്ക് നേടിയിരുന്നു. വലിയ സൗന്ദര്യമുണ്ടെന്ന് പറയാനാകില്ലെങ്കിലും കാണാൻ മോശമൊന്നുമില്ല. അത്യാവശ്യം കലാ പ്രവർത്തനുണ്ട്. കവിതയൊക്കെ കോളേജ് മാഗസിനിൽ അച്ചടിച്ചു വന്നിട്ടുണ്ട്. പോയ വർഷം ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്നു.

ഇല്ല! പരിചയപ്പെട്ടു എന്നല്ലാതെ എന്നോടവൾക്ക് പ്രത്യകിച്ച് ഒരടുപ്പം ഉള്ളതായി തോന്നിയില്ല. എല്ലാവരോടും പെരുമാറുന്ന പോലെ എന്നോടും പെരുമാറുന്നു അത്ര മാത്രം.

വിശ്വസ്തനായ സ്നേഹനിധിയായ സുഹൃത്തു വിഷ്ണു പറഞ്ഞു.

“നിന്നോട് പ്രത്യേകിച്ച് ഒരടുപ്പം തോന്നാൻ മാത്രം നിങ്ങൾ തമ്മിൽ അത്രകണ്ട് ഇടപഴകിയിട്ടില്ലല്ലോ. മാത്രമല്ല നിൻ്റെ പ്രണയം അവളോട് വെളിപ്പെടുത്തുകയും ചെയ്തിട്ടില്ല. പിന്നെങ്ങിനെ അവൾക്കു നിന്റെ വികാരം മനസിലാകും ? അതു കൊണ്ട് പ്രണയം അറിയിക്കു”.

അതു ശരിയാണെന്ന് എനിക്കും തോന്നി. വിവരം നേരിട്ടു പറയുന്നത് ചിന്തിക്കാൻ പോലും വയ്യ. പറ്റിയ അവസരത്തിനായി ഞാൻ കാത്തിരുന്നു. അങ്ങിനെ ഒരു അവസരം ഒത്തുവന്നു. അവളുടെ റെക്കോഡു പുസ്തകം വേണമെന്നു പറഞ്ഞ് വാങ്ങി. ഒരു ശനിയാഴ്ചയായിരുന്നു അത്. മനോഹരമായ കൈപ്പടയിലെഴുതിയ ലേഖനം ബുക്കിനിടയിൽ വച്ച് തിരിച്ചു നൽകി ആ ലേഖനത്തിലെ അവസാന വരി ഇതായിരുന്നു. ഒരു ക്യാമ്പസ് ജീവിതകാലത്തെ നീർക്കുമിള പോലുള്ള സ്നേഹമായി ഇതിനെ കാണരുത്. വീട്ടുകാരുടെ പരസ്പര സമ്മതത്തോടെ, പഠന ശേഷം വിവാഹം കഴിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

ഹൃദയം പെരുമ്പറ കൊട്ടിയ ഞായറാഴ്ച ദിവസം. ഏറെ ആശങ്കയോടെയാണ് അന്ന് ക്ലാസ്സിൽ ചെന്നത്. അവളെ കണ്ടു. എന്നെ ശ്രദ്ധിക്കുന്നതുപോലുമില്ല. ഇടവേള നേരം ഞാൻ ക്ലാസ്സിലിരിക്കുമ്പോൾ അവൾ മുന്നിൽ. കൈയ്യിൽ ഞാനെഴുതിയ പ്രണയലേഖനം. ഞാൻ ഇരുന്നിരുന്ന ബഞ്ചിനു മുൻവശത്തെ ഡസ്ക്കിൽ വച്ച് നിസംഗതയോടെ നടന്നു പോയി. എനിക്ക് സങ്കടം അടക്കാനായില്ല. അവളൊന്നു ദേഷ്യപ്പെട്ടിരുന്നുവെങ്കിൽ എനിക്കിത്ര സങ്കടം ഉണ്ടാകില്ലായിരുന്നു. എൻ്റെ സ്വപ്നമായിരുന്നു എൻ്റെ ജീവിതമായിരുന്നു ഞാനെന്ന വ്യക്തിയുടെ പൂർണ്ണതയായിരുന്നു അവൾ ഇത്ര നിസ്സാരമാക്കി തള്ളിക്കളഞ്ഞത്.

ഇല്ല! അവളില്ലാതെ അവളുടെ സാമീപ്യമില്ലാതെ എനിക്കു ഒരിഞ്ചു മുന്നോട്ടു പോകുവാൻ കഴിയില്ല. അവളുടെ ഒരു നോട്ടത്തിനായി ഒരു വാക്ക് സംസാരിക്കുന്നതിനായി ക്ലാസ്സ് മുറിക്കു മുന്നിലെ വരാന്തയിലും ലാബിലും ഉൻമാദിയെപ്പോലെ ഞാൻ അലഞ്ഞു. അവൾക്കാകട്ടെ എൻ്റെ സാമീപ്യം അലോസരപ്പെടുത്തുന്നതായി എനിക്കു തോന്നി. പല സന്ദർഭങ്ങളിലും എന്നെ മന:പൂർവ്വം ഒഴിവാക്കുന്ന പോലെ എനിക്കനുഭവപ്പെട്ടു. എനിക്കതു സഹിക്കാൻ കഴിഞ്ഞില്ല  പ്രണയലേഖനം നല്കിയതുകൊണ്ടായിരിക്കുമോ? അതു നല്കാൻ തോന്നിയ നിമിഷത്തെ ഞാൻ ശപിച്ചു. മനസ്സുതുറന്നു സംസാരിക്കണം എങ്കിലേ അകൽച്ചയുടെ മൂടൽമഞ്ഞ് ഉരുകിത്തെളിയുകയുള്ളൂ. വിഷ്ണുവിൻ്റെ ഉപദേശം നടപ്പിൽ വരുത്താൻ ഞാൻ അവസരം തേടി. വിരസമായ ക്ലാസ്സ് മുറികൾ അത്തരം സംഭാഷണങ്ങൾക്ക് അനുയോജ്യമല്ല എന്നു തോന്നി. അങ്ങിനെയിരിക്കെയാണ് ഒരു ടൂർ പ്രോഗ്രാം സംഘടിപ്പിക്കപ്പെട്ടത്. ഇതാണ് ഞാൻ കാത്തിരുന്ന മുഹൂർത്തം. ചെയ്ത അവിവേകത്തിന് അവളോട് ക്ഷമ ചോദിക്കണം. അകൽച്ച കാണിക്കരുതെന്ന് അപേക്ഷിക്കണം. പിന്നെ ഒരു പാട് മനസ്സു തുറന്ന് സംസാരിക്കണം.

ടൂറിനു പോകേണ്ടതായ തീയതി നിശ്ചയിച്ചു. ദിവസങ്ങൾ നീങ്ങുന്നില്ലെന്ന് എനിക്കു തോന്നി. ടൂറിനു പോകേണ്ട ദിവസത്തലേന്ന് ടൂറിനു പേരു കൊടുത്തവരുടെ ലിസ്റ്റ് യാദൃശ്ചികമായി കണ്ടപ്പോൾ ഞെട്ടിപ്പോയി. സ്മിതയില്ല. വല്ലാത്ത നിരാശ തോന്നി. അവളില്ലാതെ ഞാൻ പോകുന്നതെന്തിന്? ഞാനും  ടൂറിനില്ല. മനസ്സിൻ്റെ നോവും പിടച്ചിലും.. തൊണ്ട കാറുന്നു. ശരീരം ചുട്ടുപൊള്ളുന്നു. മനസ്സിൻ്റെ വിഹ്വലതകൾ ശരീരം ഏറ്റെടുക്കുകയാവാം. നെറ്റിയിൽ അമ്മ നനച്ചിട്ട തുണിച്ചീന്തൽ. അനുജത്തി അതിടക്കിടെ മാറ്റിക്കൊണ്ടിരുന്നു. കഞ്ഞി കുടിച്ചത് ശരീരം ഉൾക്കൊള്ളാനാവാതെ പുറന്തള്ളിയപ്പോൾ പൊതുവെ തെല്ലു ആശ്വാസം തോന്നി. ഇടക്കെപ്പോഴോ മയങ്ങി എഴുന്നേറ്റു. ബോധത്തിൻ്റേയും അർദ്ധ പ്രജ്ഞയുടേയും കയങ്ങളിലേക്ക് കടലാഴങ്ങളിലേക്ക് വഴുതി വീഴുന്ന മനസ്സ്. ഇടക്ക് വിഷ്ണു വിളിച്ചു. അസുഖത്തിൻ്റെ വിവരങ്ങൾ അന്വേഷിച്ചു. വയ്യ. സംസാരിക്കാൻ പോലും വയ്യ. തുടർന്നവൻ പറഞ്ഞു. അവളെ മറക്കുക. ആലോചിച്ച് സ്വയം നായാടരുത്. സ്മിത ടൂറിനു പോയിട്ടുണ്ട്. നമ്മളൊടൊപ്പമല്ല മെക്കിലെ ചാത്തനൊടൊപ്പം. മെക്കിലെ  ഒരു സുഹൃത്തു പറഞ്ഞതാണിത്! മാത്രമല്ല അവർ തമ്മിൽ കടുത്ത പ്രണയത്തിലാണ്. വിവാഹമടക്കം പരസ്പരം നിശ്ചയിച്ചുറപ്പിച്ച പ്രണയം.

ചാത്തൻ ! എനിക്കു തലചുറ്റുന്നതു പോലെ തോന്നി. വേച്ചു വീഴാതിരിക്കാൻ ഞാൻ കട്ടിൽപ്പടിയിൽ പിടിച്ചു. കറുത്ത് മെല്ലിച്ച് മുഖത്ത് ചിക്കൻപോക്സിൻ്റെ വടുക്കളുള്ള മെക്കാനിക്കിലെ ചാത്തൻ. മദ്യലഹരിയുടെ ചാത്തൻ. ഷിബു എന്നാണവൻ്റെ പേര്. ഒരു പാട് ബാക്ക് പേപ്പറുകളുടെ ഭാരവും പേറി പുക ചുറ്റിയ കണ്ണുകളോടെ കാമ്പസിൽ അലയുന്ന ചാത്തൻ. സ്വഭാവം നിമിത്തം വീട്ടുകാർ അവനെ വീട്ടിൽ നിന്നും പുറത്താക്കിയതാണ്. ഏതൊ സുഹൃത്തിൻ്റെ കാരുണ്യത്താൽ അയാൾ വാടകക്കെടുത്ത വീട്ടിൽ താമസിക്കുന്നു. ഈയിടെ    നട്ടപ്പാതിരക്ക് മദ്യലഹരിയിൽ ബഹളം വച്ചതിനാൽ പോലീസ് ഒന്നു പെരുമാറിയതാണവനെ. പരീക്ഷാ ഹാളിൽ വച്ച് ഒരു ടീച്ചറെ കോമ്പസുപയോഗിച്ച് ഭീഷണിപ്പെടുത്തിയതിനാൽ ക്യാമ്പസിൽ നിന്നും പുറത്താക്കി. പിന്നെ പുറത്തെ രാഷ്ട്രീയക്കാരെ കൊണ്ടുവന്ന് കോളേജിൽ കയറിപ്പറ്റി. ഇതെല്ലാമാണ് ഞാനറിയുന്ന ചാത്തൻ. ഏതു കാര്യത്തിലാണ് അവർ തമ്മിൽ  ചേർച്ചയുള്ളത്. എന്നോട് ഇഷ്ടക്കുറവെങ്കിൽ വേണ്ട, എത്ര നല്ല കുട്ടികൾ ഇവിടുണ്ടല്ലോ? മദ്യത്തിന് അടിമപ്പെട്ട ചാത്തനിൽ നിന്നും നല്ല ഒരു ജീവിതം അവൾക്കു ലഭിക്കുമോ?ഷിബുവിൻ്റെ ശരിയായിട്ടുള്ള ദുഷിച്ച സ്വഭാവം അറിയാതെയായിരിക്കുമോ അവൾ ഈയൊരു പ്രണയബന്ധത്തിനു തയ്യാറായത്? ഇക്കാര്യത്തെക്കുറിച്ച് ഞാൻ അവളോട്  സംസാരിക്കാൻ ഒരുങ്ങിയാൽ തെറ്റിദ്ധരിക്കുകയേ ഉള്ളൂ. വിഷ്ണുവിനോട് ഇക്കാര്യം സംസാരിക്കാൻ ആവശ്യപ്പെടാം. വസ്തുതകൾ അവൾ മനസ്സിലാക്കുമ്പോൾ ഷിബുവുമൊത്തുള്ള പ്രണയത്തിൽ നിന്ന് പിൻവാങ്ങിയേക്കും. 

ആലോചിക്കുന്തോറും തല പെരുക്കുന്നതു പോലെ തോന്നി. എന്താണ് ചെയ്യേണ്ടതെന്നതറിയാതെ, പനിച്ചൂടിലമർന്നു എൻ്റെ ശരീരവും മനസ്സും തളർന്ന് ഞാൻ കിടക്കയിലേക്ക് കുഴഞ്ഞു.

പേരിനു മാത്രം ഇലകളുള്ള വാകമരത്തിൻ്റെ തണല്. ജട കെട്ടിയ പോലെ കെട്ടുപിണഞ്ഞ് തിടം വച്ച വേരുകൾ. തടിച്ച വേരിൽ ഞാൻ വിഷ്ണുവിനെ കാത്തിരിക്കുകയാണ്. സ്മിതയോട് സംസാരിക്കാമെന്ന് പറഞ്ഞ് രാവിലെ പോയതാണ് അവൻ.  ചിലപ്പോൾ സമയത്തിന് വേഗം പോരെന്ന് തോന്നി. ഒടുവിൽ  വിഷ്ണു വന്നു. വിഷാദം പടർന്ന മുഖം. അവൾ എല്ലാം അറിഞ്ഞു കൊണ്ടു തന്നെയാണ്. ഷിബുവിൻ്റെ കാര്യങ്ങൾ പറഞ്ഞപ്പോഴൊക്കെ അതിനെ ന്യായീകരിക്കാനാണ് അവൾ ശ്രമിക്കുന്നത്. ഒടുവിൽ ഇത്തരം കാര്യങ്ങൾ പറയാനാണെങ്കിൽ എൻ്റെയടുത്ത് വരരുതെന്ന് തീർത്തു പറഞ്ഞു.

എൻ്റെ മുഖം വലിഞ്ഞു മുറുകി. ഞാൻ ബാഗിൽ ഒരായുധം കരുതിയിരുന്നു. കാര്യങ്ങൾ അനുകൂലമല്ലെങ്കിൽ ആ വാകമരച്ചോട്ടിൽ  സ്വയം എരിഞ്ഞടങ്ങാനായിരുന്നു തീരുമാനം. വിഷ്ണു പിന്നെയും പലതും  പറഞ്ഞു കൊണ്ടിരുന്നു. പെൺകുട്ടികൾ അങ്ങനെയാണ്. ആരോടെങ്കിലും അടുപ്പമായിക്കഴിഞ്ഞാൽ അവൻ്റെ ദുർഗുണങ്ങളൊന്നും അവർക്ക് പ്രശ്നമേ അല്ല. എത്ര മോശമാണെങ്കിലും അതിനെയെല്ലാം ന്യായീകരിക്കും. മോശപ്പെട്ട കാര്യങ്ങൾ ഒരു ക്വാളിറ്റിയായിട്ടായിരിക്കും എടുക്കുക. എതിർക്കുന്തോറും ബന്ധത്തിന് ശക്തി കൂടും. എന്തിനേറെ കാമുകനുവേണ്ടി പരന്റ്സിനെ വരെ തള്ളിപ്പറയും  നീ അവളെ മറക്കൂ. കാലം നിൻ്റെ സ്നേഹത്തിൻ്റെ മൂല്യം അവൾക്ക് മനസ്സിലാക്കിക്കൊടുക്കും.

വിഷ്ണു പറയുന്നതെല്ലാം ഞാൻ ശ്രദ്ധിച്ചു കേൾക്കുന്നുണ്ടായിരുന്നു. എൻ്റെ മനസ്സിൽ കല്ലേറുകൊണ്ടാലെന്നവണ്ണം  കടന്നൽ കൂടിളകുകയാണ്. ഷിബുവിനെ കൊല്ലണം. ഞാൻ മൂലമെങ്കിലും സ്മീതയുടെ ജീവിതം രക്ഷപ്പെടട്ടെ! ആയുധത്തിൻ്റെ പിടിയിൽ ഉള്ളങ്കെ അമർന്നതും തെല്ലിട ചിന്തിച്ചു. വിഷ്ണു പറയുന്നതസരിച്ച് ഷിബുവിനെക്കുറിച്ച് മോശമായി സംസാരിക്കുന്നതു പോലും സ്മിതക്കിഷ്ടമല്ല. എങ്കിൽ അവൻ്റെ മരണം എന്തു മാത്രം അവളെ വേദനിപ്പിക്കും. എനിക്കു പ്രതീക്ഷയില്ലെങ്കിലും ചിലപ്പോൾ അവളിടപെട്ട് അവൻ്റെ ദു:സ്വഭാവങ്ങൾ മാറ്റിയെടുക്കുമെങ്കിലോ? ഞാനാണ് പുറത്തു പോകേണ്ടവൻ  ഉൻമാദാവസ്ഥയിൽ വീട്ടുകാർക്കൊരു ദു:സ്വപ്നമായി  എനിക്കിവിടെ അലഞ്ഞു നടക്കേണ്ടി വരും. ഞാനാണ് പോകേണ്ടവൻ ഞാനാണ്...

ബാഗിൽ നിന്നും ആയുധം വേഗത്തിൽ വലിച്ചെടുത്തതോർമ്മയുണ്ട്. കൈത്തണ്ടയിൽ നിന്നും  വാകപ്പൂവിൻ്റെ നിറത്തോടെ ചീറ്റിത്തെറിക്കുന്ന ചോരച്ചാലുകൾ. വിഷ്ണുവിൻ്റെ നിലവിളി. ആരോ ഓടി വരുന്നു.

ഇമ തല്ലി മിഴിച്ചപ്പോൾ അമ്മയുണ്ട് അനുജത്തിയുണ്ട് ശങ്കരേട്ടനുണ്ട്. ചുറ്റിക്കെട്ടിയ  കൈവണ്ണയിൽ പടർന്നു പിടിക്കുന്ന നീറൽ .. കരഞ്ഞു കലങ്ങിയ അമ്മയുടെ മുഖം. അമ്മ പറയുകയാണ്.

“എന്താ കുട്ടീ  ഇത്ര, അശ്രദ്ധയോടെയാണോ ലാബിലോരോന്ന് ചെയ്യുന്നെ? ഈശ്വരാ..”

അമ്മ ഒന്നും അറിഞ്ഞിട്ടില്ല. അമ്മ അറിയരുത്‌. അമ്മയൊന്നും അറിയരുത്. ഏവരും പോയിട്ടും ഉറക്കമൊഴിച്ച്  എൻ്റെ അടുത്തിരുന്ന അമ്മ.

മുറിവുണങ്ങിയ വേളയിൽ  അമ്മ പറഞ്ഞു.

“അപ്പൂ. വരു അമ്പലത്തീ പോകാം. മനസ്സു നേരെ നിക്കട്ടെ”

മനസ്സിനും കണ്ണിനും അമൃതായ ഭഗവദ് ദർശനം. കാതുകൾക്ക് പിയൂഷമായ ഭക്തിഗാനം. കറുകയുടേയും തുളസിയുടേയും തെച്ചിപ്പൂവിൻ്റേയും ജൈവ സാന്ദ്രത വിലയിച്ച തരിക്കുന്ന പുണ്യാഹം അലയൊഴിഞ്ഞ കടലായി, ആവേഗമൊടുങ്ങി പാകപ്പെട്ട  മനസ്സ്.

മടക്കയാത്രയിൽ അമ്മ പറഞ്ഞു.

“അപ്പൂ ഇപ്പോൾ പഠിക്കല്ലേ അതിലുമാത്രം ശ്രദ്ധിക്കു. മറ്റൊന്നും ചിന്തിക്കണ്ട”.

അമ്മ പറഞ്ഞതു ശരിയാണ്. അവസാന വർഷമാണ്. എത്രയോ കമ്പനികൾ മികച്ച ഓഫറുകളുമായി വരുന്നു. ഒന്നിലും പങ്കെടുക്കാറില്ല. ഭ്രമാത്മക ചിന്തകളുടെ തിരതള്ളലിൽ അത്തരം കാര്യങ്ങളൊന്നും മനസിനെ സ്പർശിക്കാറില്ല.

ശങ്കരേട്ടൻ പറഞ്ഞതോർമ്മ വരുന്നു. ആരുടേയോ കുരുത്തം ണ്ട് അപ്പൂന് അതോണ്ട് മാത്രം രക്ഷപ്പെട്ടതാ!

അപ്പു രക്ഷപ്പെട്ടില്ല അപ്പു മരിച്ചു . ഇത് അപ്പുവിൻ്റെ പുനർജൻമമാണ്. കഴിഞ്ഞ ജൻമം അവളുടേതായിരുന്നു. അപ്പുവിന് പുനർജൻമമെടുത്തേ പറ്റൂ. ഞാനെന്ന സംജ്ഞക്കുവേണ്ടിയല്ല. അമ്മക്കു വേണ്ടി  സഹോദരിക്കു വേണ്ടി. എന്നെ സ്നേഹിക്കുന്നവർക്കു വേണ്ടി.

ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ക്യാമ്പസ്  സെലക്ഷൻ ലഭിച്ച് അവസാന പരീക്ഷയുമെഴുതി ആരേയും കണ്ടിട്ടും കാണാതെ ക്യാമ്പസിൻ്റെ പടിക്കെട്ടിറക്കുമ്പോൾ മനസ്സു പിടഞ്ഞു. ഒന്നു തിരിഞ്ഞു നോക്കി. ആരെയോ പരതി. വിട.. എനിക്കു വിട  തരിക. ചുകന്ന വാകപ്പൂക്കൾ പരവതാനി തീർത്ത. സൗഹൃദങ്ങളുടേയും പ്രണയത്തിൻ്റേയും പ്രതീക്ഷകളുടെയും മുറജപം പോലുള്ള പഠനങ്ങളുടേയും, മെഷീനിൽ നിന്നുള്ള ഇരുമ്പുഗന്ധം പ്രസരിക്കുന്ന ലാബുകളുടേയും  കലാലയം പെട്ടെന്നൊരുനാളാണ്  എൻ്റെ സ്വപ്നങ്ങളുടെ ചാവു നിലമായത്. എങ്കിലും ഈ കലാലയം എൻ്റെ ജീവൻ്റെ ഭാഗമാണ്. എനിക്ക് വിട തരിക.

തികഞ്ഞ അന്തർമുഖനായി രാവേറെ ചെല്ലുവോളം നിസ്സംഗനായി ജോലി ചെയ്യും . അതു കഴിഞ്ഞാൽ താമസസ്ഥലം എന്ന പതിവ് നടപടിയുമായി ഐ .ടി പാർക്കിൽ രണ്ടു വർഷം. അടുത്തിരുന്ന് ജോലി ചെയ്യുന്നവരെ കൂടി അറിയില്ല അറിയാൻ ശ്രമിച്ചുമില്ല.കമ്പനിയുടെ  ഒരു പ്രതിനിധിയായി ഒരു സെമിനാറിൽ പങ്കെടുക്കാൻ പോയപ്പോഴാണ് വിഷ്ണുവിനെ കണ്ടത്. കാണാത്ത മട്ടിൽ ഒഴിഞ്ഞുമാറി പോകാൻ ഒരുമ്പെടുമ്പോഴാണ് അവൻ കൈ പിടിച്ചത്.

“രവീ എന്താണിങ്ങനെ? നിന്നെക്കുറിച്ച് ആരോടു ചോദിച്ചാലും അറിയില്ലെന്നാണ് മറുപടി, നിൻ്റെ നമ്പർ പോലും ആർക്കും അറിയില്ല.”

ഞാൻ ചിരിച്ചെന്നു വരുത്തി. കാപ്പി ഊതിക്കുടിക്കുന്നതിനിടയിൽ അവൻ വിശേഷങ്ങൾ പറഞ്ഞു. ഒപ്പം പഠിച്ചവരെക്കുറിച്ച് കോളേജിലെ ശ്രദ്ധാകേന്ദ്രങ്ങളായവരെക്കുറിച്ച്, ടീച്ചർമാരെക്കുറിച്ച് കോളേജിൻ്റെ ഒരൊഴിഞ്ഞ കോണിൽ കാൻ്റീൻ നടത്തിയിരുന്ന രാമേട്ടനെക്കുറിച്ച്.

ഒപ്പം പഠിച്ചവർ മിക്കവരും പുതിയ ലാവണങ്ങളിൽ ചേക്കേറിയിരിക്കുന്നു. എന്തിനേറെ അലസഗമൻമാരായ ചില സുഹൃത്തുകൾ ചേർന്ന്  കമ്പനി തന്നെ തുടങ്ങിയിരിക്കുന്നു. ഞാൻ എല്ലാം മൂളിക്കേട്ടുകൊണ്ടിരുന്നു. പോകാൻ നേരം  പറഞ്ഞു

“സ്മിത”

ഞാൻ ശ്രദ്ധിക്കാതെ പോകാനൊരുങ്ങി. അവനെന്നെ പിടിച്ചു നിർത്തി. നീയിതു കേൾക്കണം. അവൾ അവസാന വർഷ പരീക്ഷയെഴുതിയില്ല. വീട്ടുകാരുടെ കടുത്ത എതിർപ്പ് വക വക്കാതെ ഷിബുവിനെ വിവാഹം ചെയ്തു. രഹസ്യമായി ഒരു ക്ഷേത്രത്തിൽ വച്ച് ഒരു തുളസിമാല പരസ്പരം അണിയിച്ച് ആ ചടങ്ങു തീർത്തു. ഷിബുവൊന്നിച്ച് ഒരു വാടക വീട്ടിൽ താമസം തുടങ്ങി. പിന്നീടവളെന്തോ ജോലിക്കു പോയിത്തുടങ്ങിയെന്നറിഞ്ഞു. പക്ഷേ ഷിബു അവളുടെ ജോലി സ്ഥലത്തു പോയി പ്രശ്നമുണ്ടാക്കിയെന്നൊക്കെ കേട്ടു.

മനസ്സൊന്നു തേങ്ങി. ഞാൻ പറഞ്ഞു.

“അരുത്  മതി.. എനിക്കിതൊന്നും കേൾക്കാൻ ആവില്ല. ഞാൻ പോകുന്നു.”

ഞാൻ തിരിഞ്ഞു നടന്നു.  ആത്മാവിലും ഹൃദയത്തിലും  മുറിവേറ്റവനാണ് ഞാൻ പഴുപ്പ് തിടം വച്ച ആ മുറിവ് തൂർന്ന് പൊറ്റ കെട്ടിയതാണ്. അതിൽ കത്തി താഴ്ത്താൻ ആവില്ല. ഒന്നുമോർക്കണ്ട ഒന്നുമറിയണ്ട. ആരും ഒന്നും ഓർമ്മപ്പെടുത്താത്തിടം തേടണം.

ആയിടക്ക് ദീർഘമായ ഒരു പ്രെജക്ടിൻ്റെ ഭാഗമായി വിദേശത്തു പോകാൻ  താത്പര്യപ്പെടുന്നവരെ തേടുന്നതായി അറിഞ്ഞു. ക്ലയിൻ്റുമായി നിരന്തരം ബന്ധപ്പെടേണ്ട നീണ്ട വർഷങ്ങളുടെ പ്രെജക്ട്. ഒരു വേള ഒരു മടങ്ങിവരവ് അസാധ്യം. വേരടക്കം സ്ഥിരമായ ഒരു പറിച്ചു മാറ്റൽ. പിന്നെ ഒന്നു മാലോചിച്ചില്ല.

തുടരും...


ഭാഗം - 10

ഉറക്കം എന്നേ നഷ്ടപ്പെട്ടു പോയിരിക്കുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നു. സ്മിത ഇപ്പോൾ എവിടെയായിരിക്കും ? ആശ്രയത്തിലോ? ഉറങ്ങിയിരിക്കുമോ? ഈയവസ്ഥയിൽ ഉറക്കം വരുന്നതെങ്ങിനെ? ഇന്നെങ്കിലും എന്നെക്കുറിച്ച് ആലോചിച്ചിരിക്കും എന്നു കരുതാൻ ഗോപ്യമായി മനസ്സാഗ്രഹിക്കുന്നു. ആ മനസ്സിൽ ഇന്നെങ്കിലും എനിക്കൊരിടം! 


എഴുന്നേറ്റു ജനാലകൾ തുറന്നിട്ടു ദൂരെ പാടവരമ്പിലൂടെ ചൂട്ടാണോ ടോർച്ചാണോ എന്ന് നിശ്ചയമില്ലാത്ത ഒരു വെളിച്ചം അരിച്ചരിച്ച് നീങ്ങി പോകുന്നതു കണ്ടു. ഈ അർദ്ധരാത്രിയിൽ ഏതു കർമ്മബന്ധത്തിൻ്റെ ചരടാണ് അയാളെ വഴി നടത്തുന്നത്? ആ അപരിചിതനോട് അനുകമ്പ തോന്നുകയാണ്.

പൊടുന്നനെ ഒരു കൈത്തലം ചുമലിൽ പതിഞ്ഞു. ഞെട്ടിത്തരിച്ചു പോയി. രാധിക !

“എന്താ ഉറങ്ങാത്തത്? നാളെ ഓഫീസിൽ പോണ്ടെ? നേരെ ഉറക്കം കിട്ടിയില്ലെങ്കിൽ പിറ്റേ ദിവസം മുഴുവൻ പോക്കാ. വരൂ കിടക്കാം.”

ഓർമ്മകളുടെ മലവെളളപ്പാച്ചിലിൽ ദേഹിയും ദേഹവും  വിയർത്തടങ്ങി ശമിച്ചിരുന്നു. അതിൻ്റെ ലഹരിയിൽ മെല്ലെ കണ്ണുകളടഞ്ഞു.


രാജഗോപാൽ സാറിന് ഒരു തുക ചെക്കെഴുതി നല്കുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു. പഴകിത്തുരുമ്പിച്ച ഒരാംബുലൻസാണ് അവിടുള്ളതെന്നും പുതിയതൊരെണ്ണം വാങ്ങുവാനുള്ള ഫണ്ടിലേക്ക് ഞാൻ നല്കിയ തുക വകയിരുത്തുമെന്ന് അദ്ധേഹം അറിയിച്ചു കമ്പനിയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി മെഡിക്കൽ ഉപകരണങ്ങൾ നല്കുന്നതിൻ്റെ ഒരു പദ്ധതിയെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ അദ്ധേഹം നഴ്സിങ്ങ് സൂപ്രണ്ട് അന്നമ്മയെ ആളയച്ചു വരുത്തി. എന്നെ പരിചയപ്പെടുത്തി. എനിക്ക് വേണ്ട വിവരങ്ങൾ നല്കാൻ ചുമതലപ്പെടുത്തി.  അന്നമ്മക്കൊപ്പം ഞാൻ രാജഗോപാൽ സാറിൻ്റെ മുറി വിട്ട് പുറത്തിറങ്ങി. തടിച്ചു വെളുത്ത ,സരസയും സംസാരപ്രിയയുമായ അന്നമ്മ ആതുരാലയത്തിൻ്റെ പൊതു പ്രവർത്തനങ്ങളും  പ്രവർത്തിക്കാത്ത ചില ഉപകരണങ്ങളെപ്പറ്റിയും വിവരിച്ചു. നിസ്വാർത്ഥമായ സേവനം നല്കുന്ന പ്രവർത്തനങ്ങളുടെ ഭാഗഭാക്കാൻ കഴിഞ്ഞതിൽ അവർ അഭിമാനവും സന്തോഷവും പ്രകാശിപ്പിച്ചു. യാത്ര പോകാൻ നേരം ഞാൻ അന്നമ്മയോട് ചോദിച്ചു.

“ചാത്ത...  അല്ല ഷിബു എന്ന പേരിൽ ഒരു പേഷ്യൻ്റ് ഇവിടുണ്ടോ?

“ഷിബു. .. ഉണ്ടല്ലോ വലിയ ശല്യമാ സാറേ കണ്ണു തെറ്റിയാ പോയി വെള്ളമടിക്കും അയാളെക്കൊണ്ട് സഹികെട്ടിരിക്കയാണ്.  കള്ളു കുടിച്ച് കുടിച്ച് ചോര തുപ്പിക്കൊണ്ടാണ് ഇവിടെ വന്നത്.രാജഗോപാൽ സാറായതുകൊണ്ടാണ് ഇപ്പഴും സൗജന്യായി ചികിത്സ കൊടുക്കുന്നത്. ഷിബുവിൻ്റെ പെണ്ണ് ഏതൊ നല്ല കുടുംബത്തിലേയാ പാവം പിടിച്ച ഒരു കുട്ടി. കണ്ടാലറിയാം അവൻ്റെ കൂടെ കൂട്യാ പിന്നെ സമാധാനോം സന്തോഷോം എന്തെന്ന് അറിഞ്ഞിട്ടില്ലാന്ന്.

 “ഷിബുവിൻ്റെ അവസ്ഥ എങ്ങനെ?”


“മോശമാണ് എന്നല്ല വളരെ മോശം , ലിവറൊന്നും ഇല്ല. എൻ്റെ അഭിപ്രായത്തിൽ അധിക കാലമൊന്നും  ഈടില്ല. ദിവസങ്ങളെണ്ണി കഴിയുന്നു. നമുക്കും പരിമിതികളില്ലെ?  പറ്റാവുന്ന പോലെ  ചികിത്സിക്കും .എത്തുന്നിടത്തോളും എത്തട്ടെ  .സാറും അതുതന്നെയാ പറയുന്നെ.എന്താ ചോദിച്ചെ ? ആളെ കാണണോ? 

“ഏ.. വേണ്ട. ഡോക്ടർ ഇവിടുത്തെ ഓരോ പേഷ്യൻ്റിനെപ്പറ്റി പറയാറുണ്ട്. അതു കൊണ്ട് ചോദിച്ചെന്ന് മാത്രം.”

മറുപടിയിൽ തൃപ്തിവരാതെ നിന്ന അന്നമ്മയിൽ നിന്നും ഫോൺ  നമ്പർ വാങ്ങി  അവരോടും  ഡോക്ടറോടും യാത്ര പറഞ്ഞ് ഇറങ്ങി. വഴിത്താരയിൽ ഏറെ വാഹനങ്ങളും വഴിയാത്രക്കാരുമില്ല. അത്ര ജനസാന്ദ്രതയുള്ളിടത്തല്ല ഈ ആതുരാലയം .നാരായണനോട് ജാലകങ്ങൾ തുറന്നിടാൻ പറഞ്ഞു. ഇലയടരിലും മരഞ്ചില്ലയിലും കാറ്റു പതിഞ്ഞു തിരതല്ലി. ജാലകത്തിലൂടെ പ്രസരിക്കുന്ന കാറ്റിന് പൂക്കളുടെ ഗന്ധം. എന്തിനാണ് ഞാനിവിടെ വന്നത്? ഒരു ചെക്കു കൊടുക്കൽ മാത്രമായിരുന്നോ എൻ്റെ ഉദ്ധേശം.ഓഫീസിലെ പ്രധാനപ്പെട്ട പിടിപ്പതു ജോലികൾ മാറ്റി വച്ച് ഇവിടേക്ക് വരേണ്ട അടിയന്തിര  പ്രാധാന്യം എന്തായിരുന്നു?  എൻ്റെ ഉൾമനസ്സ് എന്താണ് കാംക്ഷിക്കുന്നത് ?കടിഞ്ഞാണ് കൈവിട്ട  കുതിരയെ പോലെ കുതറുകയാണ് മനസ്സ്. ഈശ്വരാ ഞാനെന്താണ് ആഗ്രഹിക്കുന്നത്? പൊടുന്നനെ ഉൾഭയത്തിൻ്റെ ചിലന്തിവല എന്നെ വന്ന് പൊതിയുന്നതായി ഞാനറിഞ്ഞു.


ഓഫീസിലിരിക്കുമ്പോൾ മനസ്സിൽ അകാരണമായ അസ്വസ്ഥത വന്നു നിറയുന്നത് ഞാനറിഞ്ഞു അകാരണമായി എന്തിനോ സ്റ്റാഫുകളോട് ദേഷ്യപ്പെട്ടു.അന്നമ്മയെ പലതവണ വിളിക്കാനാഞ്ഞു.  പ്രവൃത്തി സമയത്തിനു മുൻപ് ഓഫീസിൽ നിന്നുമിറങ്ങി. വഴിയിൽ വച്ച് മെല്ലെപ്പോക്കിന് നാരായണനെ ശകാരിച്ചു. വീട്ടിൽ എത്തിയപ്പോൾ  ശങ്കരേട്ടനുണ്ട്. പല തരം ചെടികൾ ഒരിടത്ത് അടുക്കി  വച്ചിട്ടുണ്ട്. കുടമുല്ലയുടെ വള്ളിയും ,  വെളുത്തമന്ദാരവും തെച്ചിയും കുറ്റിമുല്ലയും രാമതുളസിയും  പേരറിയാത്ത കുറെ തൈയ്യുകളും നട്ടിരിക്കുന്നു. ശങ്കരേട്ടൻ പറഞ്ഞു.

“ഒരു വാട്ടമുണ്ട് നാളെക്ക് ഉഷാറായിക്കോളും.

“ശങ്കരേട്ടൻ ഒത്തിരി കഷ്ടപ്പെട്ടു കാണുമല്ലോ”

“സത്യം പറയാമല്ലോ ഇത്തിരി കഷ്ടപ്പെട്ടു. പല പരിചയക്കാരുടെ വീട്ടിന്നും സംഘടിപ്പിച്ചതാണ്  നഴ്സറീലൊന്നും കിട്ടാനില്ല. അവിടൊക്കെ ഒട്ടു സമ്പ്രദായം അല്ലേ?

ശങ്കരേട്ടൻ മടങ്ങുമ്പോൾ കൂടെ ചെന്നു. ബാഗിൽ നിന്നും നോട്ടെടുത്തു. എണ്ണി നോക്കിയില്ല. ശങ്കരേട്ടൻ്റെ കൈവള്ളയിൽ വച്ചു കൊടുത്തു. ഛായ് അതൊന്നും വേണ്ട കുട്ട്യ എന്ന് ഭംഗിവാക്കു പറഞ്ഞു. ഒരു പാട് നിർബന്ധിച്ചിട്ടേ ശങ്കരേട്ടൻ പണം വാങ്ങിയുള്ളൂ.


വിരസമായ ഏതാനും ദിവസങ്ങൾക്കു ശേഷം അന്നമ്മയുടെ ഒരു ഇമെയിൽ. മെഡിക്കൽ ഇക്വിപ്മെൻ്റസിൻ്റെ പട്ടിക. ഒരെത്തും പിടിയും കിട്ടാത്ത ആ പട്ടിക നോക്കി അൽപ്പനേരം ഇരുന്നു. അന്നമ്മയെ വിളിച്ച് ആ ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ആരാഞ്ഞു. പിന്നെ ആതുരാലയത്തിലെ വിശേഷങ്ങൾ ചോദിച്ചു. അപ്പോഴാണ് അവരത് പറഞ്ഞത്. ഷിബു മരിച്ചു. മദ്യം തൊടരുതെന്ന് കഠിനമായി വിലക്കിയിട്ടും എവിടുന്നൊ സംഘടിപ്പിച്ച മദ്യം കഴിച്ചിട്ടുണ്ടാകണം. രാത്രി അവൻ്റെ ഭാര്യയുടെ അലറിക്കരച്ചിൽ കേട്ട് ചെന്നു നോക്കിയപ്പോൾ കിടക്ക മുഴുവൻ ചോര പ്രളയം. പരിശോധിച്ചപ്പോൾ ഒരു ചെറിയ മിടുപ്പുണ്ടായിരുന്നു. പിന്നെയതും നിന്നു. അവൻ ചില്ലറയല്ല ഞങ്ങളെ കഷ്ടപ്പെടുത്തിയിട്ടുള്ളത്. വരുത്തി വച്ച വിധി. അല്ലാതെന്ത് പറയാൻ. അന്നമ്മ പറഞ്ഞു നിർത്തി. തെല്ലു നീണ്ട മൗനത്തിനു ശേഷം ഞാൻ ചോദിച്ചു.

“ആ കുടുംബത്തിൻ്റെ അഡ്രസ് ഒന്നു പറഞ്ഞു തരാമോ? കഷ്ടപ്പാടുള്ള ഫാമിലിയെന്നല്ലേ പറഞ്ഞത്. ഇത്രയൊക്കെ കേട്ട സ്ഥിതിക്ക് അവർക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്ന് എനിക്കാഗ്രഹമുണ്ട്.”

 “താങ്കളെ ദൈവം അനുഗ്രഹിക്കും”

 .അന്നമ്മ എന്നെ ഹൃദയത്തിൽ തട്ടി അനുഗ്രഹിച്ചു.

 അഡ്രസ് ഉടനെ രജിസ്റ്ററിൽ നോക്കി അയച്ചു തരാമെന്ന് പറഞ്ഞ് അവർ ഫോൺ വച്ചു. തെല്ലിട കഴിഞ്ഞ് വിലാസം  എസ് എം എസായി ലഭിച്ചു. ആ വിലാസം നോക്കി ഞാൻ ഏറെ നേരമിരുന്നു


കമ്പനി തുടങ്ങി ബാലാരിഷ്ടതകളൊക്കെ മാറി വന്നിട്ടും മികച്ച രണ്ടു ക്ലയൻ്റുകള കിട്ടിയിട്ടും എൻ്റെ മേൽനോട്ടത്തിൽ ഒരു പാർട്ടി നടത്തണമായിരുന്നെന്ന് എനിക്കു തോന്നി. അന്നത്തെ സായാഹ്നം പാർട്ടിക്കായി മാറ്റി വക്കാൻ ഞാൻ  നിർദേശം നല്കി. പുറത്തെവിടെയും പോകണ്ട. കമ്പനിക്കുള്ളിലെ വിശാലമായ ഹാളിൽ തന്നെ നടത്തുന്നതാകും അഭികാമ്യം.

സായാഹ്നമായപ്പോഴേക്കും പാർട്ടി തുടങ്ങി പാർട്ടിയിൽ ഏവരും മനസ്സുനിറഞ്ഞ് സന്തോഷിക്കുന്നതു കണ്ട് എൻ്റെ മനസ്സുനിറഞ്ഞു. ഇത്ര ചെറിയ സമയപരിധിക്കുള്ളിൽ വിപുലമായ പാർട്ടി സംഘടിപ്പിച്ച ഓഫീസറെ ഞാൻ അഭിനന്ദിച്ചു. സ്റ്റാഫംഗങ്ങളുടെ കലാപരിപാടികളും വിവിധങ്ങളായ മത്സരങ്ങളും നൃത്തവും ചിരിയുണർത്തി. പൊതുവെ ഏവരിലും ഒരു റിലാക്സ് അനുഭവം ഉണ്ടാക്കാനായി. ഇതെല്ലാം അനിവാര്യമാണ്. സ്റ്റാഫുകൾ സന്തുഷ്ടരായിരിക്കേണ്ടത് കമ്പനിയുടെ ആവശ്യമാണ്. അവരുടെ സന്തോഷം കമ്പനിയുടെ സന്തോഷമാണ്

 എല്ലാം കഴിഞ്ഞ് മതിമറന്ന്  നാരായണൻ വീട്ടിൽ കൊണ്ടാക്കിയപ്പോൾ സമയമേറെ വൈകിയിരുന്നു. പൂമുഖത്ത് ആരേയും കണ്ടില്ല. രാധികയുടെ ക്ലിനിക്ക് അടച്ചിരുന്നു.. ശാന്തയോട് ആഹാരമൊന്നും വേണ്ടെന്ന് പറഞ്ഞ് കിടക്കാനായി മുറിയിലേക്ക് പോയപ്പോൾ അവിടെ തീ പാറുന്ന കണ്ണുകളുമായി രാധിക ! അശാന്തിയുടെ ചിറകടികൾ ദൂരെ നിന്നും കേൾക്കുന്നതായി എനിക്കു തോന്നി.ആ മൂർച്ചയേറിയ ശബ്ദം അടുത്തു വരികയാണ്.

“കുറച്ചു നാളായി ഞാൻ ശ്രദ്ധിക്കുന്നു രവീ നിങ്ങൾക്കെന്താ പറ്റിയത്?

“എന്ത്  പറ്റാൻ ഒന്നും പറ്റിയിട്ടില്ല . ജോലി കഴിഞ്ഞു ഇതാ വീട്ടിലെത്തി “

എന്റെ ശബ്‍ദം ഉയർന്നു

“അല്ല അത് മനസിലായി ഇവിടെ വന്ന് കുറച്ചു നാളുകൾക്കു ശേഷമാണ് എനിക്കീ വല്ലാത്തൊരു മാറ്റം ഫീൽ ചെയ്യുന്നത്. “

“എനിക്കൊരു മാറ്റവും ഇല്ല  രാധക്ക് തോന്നുന്നതാണ്”

“ശരി എന്റെ  അബ്സൻസിൽ ആശ്രയത്തിലേക്ക് പോയതെന്തിനാണ്?

“പോകേണ്ട ആവശ്യമുണ്ടായി. ആശ്രയത്തിലേക്ക് ഒരു തുക സംഭാവന ചെയ്യാമെന്ന് വാക്കു കൊടുത്തിരുന്നു. പറഞ്ഞ വാക്കുപാലിക്കണ്ടേ?

കുളത്തിൽ ഇരയെ തറച്ച ചൂണ്ടക്കൊളുത്തു് മാറി മാറി പ്രയോഗിക്കുന്ന പോലെ ചോദ്യങ്ങൾ തത്ക്കാലം ചൂണ്ടയിൽ കുടുങ്ങാനില്ല

“എങ്കിൽ പിന്നെ മെഡിക്കൽ ഉപകരണങ്ങൾ കൊടുക്കാത്തതെന്ത്? ഞാനറിഞ്ഞിടത്തോളം അങ്ങിനെയൊരു സിസ്റ്റം കമ്പനിക്കില്ലല്ലോ?”

“അങ്ങിനെ  നീയറിയാത്ത കാര്യങ്ങൾ ഒരുപാടുണ്ട്.. കമ്പനികാര്യങ്ങൾ എന്നെക്കാളേറെയൊന്നും നിനക്കറിയില്ലലോ ?

“അതെനിക്കു മനസ്സിലായി .ആരാ ഷിബു. നിങ്ങൾ അന്നമ്മയോട് ഷിബുവെക്കുറിച്ച് ഒരു പാട് അന്വേഷിച്ചെന്ന് അറിഞ്ഞു.”

“ഷിബു..

കടന്നൽകൂട് മെല്ലെ ഇളകി വരുകയാണ്. ആ അന്നമ വള്ളി പുള്ളി വിടാതെ എല്ലാം പറഞ്ഞു കൊടുത്തു കാണും .കൊട്ടിപ്പൊക്കിയ സ്ഥടികത്തിൻ്റെ ചീട്ടുകൊട്ടാരം തകർന്നടിയാൻ പോകുന്നു. സ്‌ഫടികപത്രത്തിലേക്കുള്ള ആദ്യ കല്ലേറാണിത് ഈയവസ്ഥയിൽ പ്രതിരോധമല്ല ആക്രമണമാണ് ഫലപ്രദം. ചൂണ്ടക്കൊളുത്തിൽ നിന്നും കുതറിമാറി പറഞ്ഞു

“നീയെന്താ വന്നു കേറിയതും എന്നെ വിസ്‌തരിക്കാൻ നിൽക്കുന്നെ ? ഇതെന്താ കോടതിയോ? “

“ആ ഷിബു മരിച്ചതിൻ്റെ ആഹ്ളാദത്തിൽ നടത്തിയതല്ലെ ഇന്നത്തെ പാർട്ടി.?”

പതഞ്ഞു വന്ന കോപം പുറത്തേക്ക് തിരതല്ലി .കടന്നലുകൾ കൂട്ടത്തോടെ ആക്രമിക്കുകയാണ് .

“ആണെങ്കിൽ അതിൽ നിനക്കെന്തു കാര്യം ? അതെൻ്റെ പണം അതെൻ്റെ ഇഷ്ടം” .

എൻ്റെ ശബ്ദം  നിയന്ത്രണം ഭേദിച്ച് ചിതറി വീണു.

“ശരി ഇനി ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി ഇനിയെന്നാ ആ പെണ്ണിനെ കൂട്ടുന്നതെന്ന്? നിങ്ങളെന്താ  കരുതിയത് എനിക്ക് നിങ്ങളുടെ പഴങ്കഥകളൊന്നും അറിയില്ലെന്നോ? ബന്ധുക്കളുടെ വീടു കയറി നിരങ്ങിയ അന്ന് തന്നെ തന്റെ കൈ മുറിക്കലും കഴുത്തു മുറിക്കലുമെല്ലാം ഞാനറിഞ്ഞു കഴിഞ്ഞു. ഏതായാലും അസ്സല് ബന്ധുക്കൾ തന്നെ .പറയേണ്ട കാര്യങ്ങൾ പറയേണ്ടിടത്തു തന്നെ എത്തിക്കാൻ അവർക്കറിയാം. കഷ്ടം ..”

എൻ്റെ മുഖം വലിഞ്ഞു മുറുകി. അവളുടെ മൂർച്ചയേറിയ സ്വരം ചെവിയിൽ ചെറു മുഴക്കങ്ങളായി പ്രതിധ്വനിച്ചു.ആരാണിതെല്ലാം ഇവൾക്ക് പറഞ്ഞു കൊടുത്തത് ? ഇത്രവേഗം ഈയൊരു അവസ്ഥയിൽ വന്നു ചേരുമെന്ന് കരുതിയില്ല. 

“ശരി”.

അവളുടെ ശബ്ദം മുറുകി.

“ഇനിയെന്താ ഭാവി പദ്ധതികൾ. എനിക്കത് ഉടനെ അറിയണം.”

 എന്താണ് പറയേണ്ടത്? സ്ത്രീകളെ  സംബന്ധിച്ച് ഞാൻ മനസ്സിലാക്കിയ കാര്യം വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ പ്രഹരമേൽപ്പിച്ചാൽ അതിൻ്റെ അനേക മടങ്ങ് പ്രഹരശേഷിയിൽ തിരിച്ചടി നല്കാൻ പാകപ്പെട്ടതായിരിക്കും സ്ത്രീ മനസ്സ്. അതു കൊണ്ട് സമവായത്തിൻ്റെ പാത സ്വീകരിക്കുകയായിരിക്കും ഉചിതം. ദേഷ്യം നുരഞ്ഞുപൊന്തുന്നത് പണിപ്പെട്ടടക്കി.

“എനിക്ക് നല്ല ക്ഷീണമുണ്ട്. നാളെ ഇക്കാര്യം വിശദമായി സംസാരിക്കാം. ഈയൊരു രാത്രി എന്നെ വെറുതെ വിടൂ.

“എനിക്കറിയാം നിങ്ങൾക്ക് തീരുമാനിക്കാൻ ഒരു നിമിഷം പോലും വേണ്ട. അവൾക്കു വേണ്ടി ജീവനൊടുക്കാൻ തീരുമാനിച്ച് നടപ്പാക്കാൻ ഒരുങ്ങിയവനല്ലെ നിങ്ങൾ. നിങ്ങളുടെ വായിൽ നിന്നെനിക്കതു കേൾക്കണം ഇപ്പോൾ തന്നെ.”

ക്രൂദ്ധയായി നിൽക്കുന്ന അവളുടെ കണ്ണിൽ നിന്നും അഗ്നി സ്ഫുലിംഗങ്ങളാണ് പുറപ്പെടുന്നതെന്ന് എനിക്കു തോന്നി.വല്ലാത്തൊരു തളർച്ച എന്നെയാസകലം പൊതിഞ്ഞു. ഞാൻ കിടക്കയിലിരുന്നു. അവളുടെ മുഖത്ത് നോക്കാൻ വയ്യ. യുഗങ്ങളേക്കാൾ നീണ്ട നിമിഷ രാശികൾ പിന്നിട്ടു .ഞാൻ തല കുമ്പിട്ടു. ഒടുവിൽ ഞാൻ പറയാൻ തീരുമാനിച്ചു.

“എനിക്ക് ... എനിക്ക് ഡൈവോഴ്സ് വേണം”

.ഒരു നിമിഷം അവൾ ശാന്തയെന്നു തോന്നി. പൊടുന്നനെ മുളന്തണ്ട് കീറുപോലെ മുഖം പൊത്തി പൊട്ടിക്കരഞ്ഞു. എനിക്കു നേരെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

“എനിക്കറിയാം നീയിതു പറയുമെന്ന് .  നിന്നെ ഞാൻ വെറുതെ വിടുമെന്ന് കരുതണ്ട. “

വാതിൽ വലിച്ചടച്ച് അവൾ പോയി. താഴെ എന്തൊക്കെയോ തട്ടി മറിയുന്ന ശബ്ദം കേട്ടു . ഞാൻ എഴുന്നേറ്റ് മുറിയടച്ചു. ട്യൂബ് ലൈറ്റിൽ നിന്നും പ്രസരിച്ച പ്രകാശം കണ്ണുകളെ നീറ്റുന്ന പോലെ തോന്നി. ലൈറ്റ് ഓഫ് ചെയ്ത് വന്നു കിടന്നു. മാനസികവും ശാരീരികവുമായ തളർച്ച അതിൻ്റെ പരിധികളെ ഉല്ലംഖിക്കുന്നതായി എനിക്കനുഭവപ്പെട്ടു. ഞാൻ കൈപ്പടം കണ്ണുകളിലേക്ക് ചേർത്തു.

തുടരും...


ഭാഗം - 11

 

ഫാൻ കറങ്ങുന്ന ശബ്ദം. തലക്കു മുകളിൽ ഫാൻ ഒച്ച വക്കുന്നു. തലേന്ന് സംഭവിച്ചതെല്ലാം ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു. രാധികയുമായി ബന്ധപ്പെട്ട വരും വരായ്കകൾ എൻ്റെ മനസ്സിനെ മഥിച്ചു.


ഞാൻ എഴുന്നേറ്റു മുഖം കഴുകി. മതി മറന്ന് ഉറങ്ങിയിട്ടും ക്ഷീണത്തിന് ശമനമില്ല. മുറി തുറന്ന് ഗോവണി ഇറങ്ങി .താഴെ ആരുമില്ല. മേശമേൽ ഫ്ലാസ്ക്ക് ഇരിക്കുന്നതു കണ്ടു. തുറന്നു നോക്കി. ചായയുണ്ട്. ഗന്ധം നഷ്ടപ്പെട്ട ചായ ഗ്ലാസ്സിലേക്ക് പകർന്നു കുടിച്ചു കൊണ്ട് പൂമുഖത്തേക്ക് നടന്നു. അവിടെ കസേരയിൽ രാധിക ഇരിക്കുന്നു ! കരഞ്ഞു വീർത്ത മുഖം . എന്നെക്കണ്ടതും അവൾ  എഴുന്നേറ്റു. ഞാനാ മുഖത്തേക്ക് ഉറ്റുനോക്കി  അപാരമായ നിശ്ചയദാർഢ്യവും ശാന്തതയും അവളുടെ മുഖത്തു കണ്ടു. ഒരു താക്കോൽ കൂട്ടം എനിക്കു നേരെ നീട്ടി.

“ഇതു ക്ലിനിക്കിൻ്റെ ... ഞാൻ പോകുകയാണ്.”

 അവൾക്കരികിലിരിക്കുന്ന നാലഞ്ചു ബാഗുകൾ അപ്പോഴാണ് എൻ്റെ ശ്രദ്ധയിൽ പെട്ടത്.

ഗേറ്റിനു പുറത്ത് ഒരു കാറ് വന്നു നിന്നു. ശാന്ത ബാഗുകൾ  എടുക്കാനാഞ്ഞപ്പോൾ രാധിക അതു വിലക്കി. കാറിൻ്റെ ഡ്രൈവർ വന്ന് ബാഗുകളെടുത്ത് കാറിൽ വച്ചു. തിരിഞ്ഞു നോക്കാതെ അവൾ ഗേറ്റു കടന്നു.


ഒരാഴ്ചത്തെ ലീവിനുള്ള ഇമെയിൽ അയച്ച ശേഷം പൂമുഖത്തെ തിണ്ണയിൽ വന്നിരുന്നു.  നേരിയ ചുകന്ന വെയിലുണ്ട്. ശങ്കരേട്ടൻ പറഞ്ഞത് ശരിയാണ്. പൂഞ്ചെടികളുടെ ക്ഷീണം മാറി ഊർജസ്വലതയോടെ എഴുന്നു നിൽക്കുന്നു. ഇനിയത് തളിർക്കും പൂക്കും സുഗന്ധവും വർണ്ണഭംഗിയുള്ളതുമായ പൂക്കൾ വിടരും ..അവയെ പരിപാലിക്കണം

ശാന്ത വാതിൽക്കൽ എന്തോ പറയാനാഞ്ഞ്‌ വന്നു നിന്നു.

“ശാന്തക്കു പോകണോ ? “

അല്ല. രാവിലെ കഴിക്കാൻ എടുത്തു വച്ചിട്ടുണ്ട്.

“ശരി .. കഴിക്കാം.

പിന്നെ അമ്മക്കു സുഖമില്ല. രണ്ടീസം ഇവിടെ വരാൻ കഴിയില്ല.

“സാരമില്ല പൊയ്ക്കോളൂ പൈസ ആവശ്യമുണ്ടെങ്കിൽ മേശപ്പുറത്തിരിക്കുന്ന പേഴ്സിൽ ഉണ്ട്. വേണ്ടത് എടുക്കു”.

 തലേന്ന് മഴ ചാറിയോ ? ഇയ്യാമ്പാറ്റകൾ എവിടെ നിന്നോ ഉയിർത്തു വരുന്നുണ്ട്. ഇത്രമേൽ ക്ഷണികമായ കാലയളവ് മുഴുവൻ ആഹ്ലാദത്തോടെ  പറന്നലയുന്ന ഇയ്യാമ്പാറ്റകൾ.ഉൻമാദത്തിൻ്റെ ലഹരിയിൽ ആറാടി സ്വയം എരിഞ്ഞടങ്ങുന്ന ജീവബിന്ദുക്കൾ

ആഹാരം കഴിച്ചു വസ്ത്രം മാറി വരുമ്പോഴേക്കും ശാന്ത പോകുന്നതിനു മുൻപ് യാത്ര പറയാനായി ഉമ്മറത്ത് നിൽപ്പുണ്ടായിരുന്നു. വാതിലടച്ചു താഴിട്ടു ഒരു താക്കോൽ ശാന്തയെ ഏൽപ്പിച്ചു.നാരായണനോട് കാറ് കൊണ്ടുവരാൻ പറഞ്ഞിരുന്നു. കാറിൻ്റെ കീ വാങ്ങി ടാക്സിക്കൂലി കൊടുത്ത് നാരായണനെ പറഞ്ഞു വിട്ടു. ഏകനായി കാറോടിക്കുമ്പോൾ വല്ലാത്തൊരു ലാഘവത്വം മനസ്സിനു തോന്നി.

പച്ച തഴച്ച നാട്ടിൽ പുറം പിന്നിട്ട് തിരക്കുപിടിച്ച നഗരഹൃദയത്തിലേക്ക് കാറു നീങ്ങി. പിന്നെ വീണ്ടും പച്ച വിരിച്ച നാട്ടിൽ പുറത്തേക്ക്.. വഴിയിൽ കണ്ട സ്ത്രീയോട് ചോദിച്ചു

“..... യുടെ വീട്”

അവർ കൈ ചൂണ്ടി പറഞ്ഞു.

“ദാ ആ വളവു തിരിഞ്ഞ് വലത്തോട്ട് മൂന്നാമത്തെ വീട്. “

ശരി ആ വളവു വരെയേ കാറു പോകുമായിരുന്നുള്ളൂ .അതു തിരിയുന്നത് കൈവഴിയിലേക്കാണ്. വളവിൽ കാറു നിർത്തി കൈവഴിയിലേക്കിറങ്ങി. മൂന്നാമത്തെ വീട്. മുളകമ്പ് കൊണ്ടുള്ള വേലി കെട്ടിത്തിരിച്ച ഒരു ഓടിട്ട വീട്. മുൾവേലി തുറന്ന് അകത്തു കടന്നു. ചെറിയ മുറ്റത്ത് ആ പെൺകുട്ടി എന്തുകൊണ്ടോ കളിക്കുന്നതു കണ്ടു. എന്നെക്കണ്ട് അവൾ കളി നിർത്തി വീട്ടിനകത്തേക്ക് ഓടിക്കളഞ്ഞു. തെല്ലു കഴിഞ്ഞപ്പോൾ ആ പെൺകുട്ടിയെ ഒക്കത്തിരുത്തി അവൾ വാതിൽപ്പടിയിൽ വന്നു. സ്മിത എസ് നായർ! എന്നെ ക്കണ്ടതും അവളുടെ മുഖത്ത് വിസ്മയത്തിൻ്റെ പൂക്കൾ വിടരുന്നതു കണ്ടു .എന്താണ് പറയേണ്ടത്?

ഞാൻ രണ്ടും കല്പിച്ച് തിണ്ണയിൽ കയറി ഇരുന്നു.

എങ്ങിനെയാണ് തുടങ്ങേണ്ടത് ? എന്തു പറഞ്ഞാണ് എൻ്റെ നിശ്ചയങ്ങൾ അവളെ പറഞ്ഞ് ബോധ്യപ്പെടുത്തുക ? ഈയൊരു അവസ്ഥയിൽ അത്തരം സംഭാഷണങ്ങൾ തീർത്തും അനുചിതമല്ലേ ? അതൊരു പക്ഷേ എന്നല്ല തീർച്ചയായും തിരിച്ചടിക്കിടയാക്കും .ഒരു പാട് ചോദ്യങ്ങൾ ഉത്തരമില്ലാതെ എൻ്റെ തൊണ്ടയിൽ കുടുങ്ങി. ഒടുവിൽ വാക്കുകൾ പുറത്തുവന്നു.

“സ്വല്പം വെള്ളം കുടിക്കാൻ..

അവൾ പെൺകുട്ടിയെ താഴെ വച്ച് അകത്തേക്കു പോയി. തെല്ലു സംശയിച്ചു നിന്ന ശേഷം കുട്ടി ചിരിച്ചു. ആ ചിരിയിൽ മുൻവശത്തെ രണ്ട്  കൊത്തരിപ്പല്ലുകൾ ഞാൻ വ്യക്തമായി കണ്ടു.

വെള്ളം വന്നു  ..കുടിച്ചു.

“ഞാൻ ഞാൻ  വിവരങ്ങളെല്ലാം അറിഞ്ഞു. ഒന്നു കാണണമെന്ന് തോന്നി”

മൗനം ഏറെ നേരം തളം കെട്ടി. മുഷിഞ്ഞ് സിമൻ്റടർന്ന ചുമരുകളിലേക്ക് ഞാൻ കണ്ണോടിച്ചു.

“കുട്ടീടെ പേരെന്താ?

“അമ്മു”

 പെൺകുട്ടി അസ്പഷ്ടമായി പറഞ്ഞു. 

അതു വീട്ടീൽ വിളിക്കുന്ന പേരാണല്ലോ ശരിക്കുള്ള പേരെന്താ?

“ലച്ച് മി.

“ഓ ശരി നല്ല പേര്. “

“സ്മിത.. പഴയ കേളേജ് ലൈഫ് ഓർക്കാറുണ്ടോ? “

“ഉണ്ട്. ആ ഓർമകളാണ് എനിക്ക് ...വിഷ്ണു എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട് .. പക്ഷേ പക്ഷേ ഞാൻ നിസ്സഹായയായി പോയിരുന്നു. ഞാൻ എന്തെല്ലാം ത്യജിച്ചു. എൻ്റെ കുടുംബം ,പഠനം .... എന്നിട്ടും സമാധാനമോ  സന്തോഷമോ എൻ്റെ ജീവിതത്തിലുണ്ടായില്ല.”

വിതുമ്പലടക്കാൻ പാടുപെട്ട് അവൾ പറഞ്ഞു.

“അവന്  എന്നോടല്ലായിരുന്നു സ്നേഹം. ലഹരിയോട്…. ലഹരിയോട് മാത്രമേ സ്നേഹമുണ്ടായിരുന്നുള്ളൂ.  കഴുത്തറ്റം ലഹരിയിൽ ആഴ്ന്നു കിടന്നാലും പിന്നേയും വേണം ലഹരി. ആ നീരാളിപ്പിടുത്തത്തിൽ നശിച്ചത് എൻ്റെ ജീവിതവും... ഈയൊരു ജന്മം അനുഭവിക്കാവുന്നതെല്ലാം ഈ കാലത്തിനുള്ളിൽ  അനുഭവിച്ചു ... “

എവിടെയോ ആറ്റിത്തണുപ്പിച്ച് പാകപ്പെട്ട കുളിർ കാറ്റ് ഞങ്ങളെ തഴുകി.

“ഞാനും എല്ലാം .... അങ്ങിനെ ജീവിതം നശിച്ചു എന്നു കരുതരുത്.”

അവളുടെ അത്ഭുതം വഴിയുന്ന കണ്ണുകൾ ശ്രദ്ധിച്ചശേഷം തെല്ലു കഴിഞ്ഞ്  ഞാൻ പറഞ്ഞു.

എനിക്കൊരു ആഗ്രഹമുണ്ട് പറഞ്ഞോട്ടെ ?

“പറയു”

 എപ്പോഴെങ്കിലും നമ്മുടെ പഴയ കോളേജിലേക്ക് വരുമോ? നമുക്ക് ആ ക്ലാസ്സിലും വരാന്തയിലും ലാബിലും പോയി  സംസാരിക്കണം. എനിക്കു കുറെ… ഒരുപാടു സംസാരിക്കാനുണ്ട്.

“അരുത് എന്നെ നിർബന്ധിക്കരുത് “

ഞാനവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

“ഞാൻ നാളെ വരണം എന്ന് പറയുന്നില്ല ...എപ്പോഴെങ്കിലും ..വരുമ്പോൾ അമ്മുവിനെ കൊണ്ടുവരണം….നീയുമായി ബന്ധപ്പെട്ടതെല്ലാം എനിക്ക് ...എനിക്ക്.... “

എൻ്റെ വാക്കുകൾ ചിതറി.

ഞാൻ എഴുന്നേറ്റു .കൈയ്യിൽ കരുതിയിരുന്ന ചോക്കലേറ്റ് അമ്മുവിന് നല്കി. തെല്ലു സംശയച്ചിച്ച് അമ്മയുടെ മുഖത്തു നോക്കി അനുവാദം ലഭിച്ചശേഷം അവളതു വാങ്ങി. ഞാൻ എഴുന്നേറ്റു. യാത്ര പറയുമ്പോൾ എൻ്റെ കണ്ഠമിടറി. മുറ്റം കടന്ന് മുൾവേലിയടച്ച് ഒന്നു തിരിഞ്ഞു നോക്കി. ഒരെണ്ണഛായാചിത്രത്തെ ഓർമിക്കും വിധം അവൾ വാതില്പടിയിൽത്തന്നെ നില്പുണ്ട് . ഓരങ്ങളിൽ നാട്ടുപൂക്കൾ മുറ്റി വിരിഞ്ഞു നിൽക്കുന്ന കൈവഴി താണ്ടി വളവു തിരിഞ്ഞ് കാറിലിരുന്നു. വരും ഞാൻ ഇനിയും വരും എന്റെ ജന്മസാഫല്യം കൈവരിക്കും വരെ .അതിനായി ഈ ജന്മം പോരാതെ വന്നാൽ ജന്മാന്തരങ്ങളിലും ഞാൻ യാത്ര തുടരും  

യാത്ര... മടക്കയാത്ര. ഇതാണ് എൻ്റെ സാർത്ഥകമായ മടക്കയാത്ര. ജീവിതത്തിലേക്ക്… ഈ ക്ഷണഭംഗുരമായ  ജീവിതത്തിൻ്റെ പൂർണ്ണതയിലേക്ക് ...

 

:അവസാനിച്ചു: 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ