mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

അദ്ധ്യായം -10

യുദ്ധാന്ത്യം 

രാമസൈന്യം സേതൂലെ കൂടീറ്റ് ലങ്കലേക്ക് നീങ്ങി. രാമലക്ഷ്മണമ്മാറ് കുതിരേല് മുമ്പിലും, കാളവണ്ടീല് അംഗദൻ, നീലൻ, ജാംബവാൻ എന്നിവരും യാത്രയായി. ഹനുമാൻ മുമ്പില് പോയി; വഴീല് ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നുണ്ടോന്ന് നോക്കിക്കോണ്ട്. രാവണന്റെട്ത്ത് സന്ദേശം എത്തിക്കേണ്ടത് അംഗദനാണ്.

അംഗദന് മുമ്പ് രാമന പരിചൂല്ലതുകൊണ്ടും വാനരനായതോണ്ടും രാവണന് അത്ര പ്രശ്നായിറ്റ് തോന്നീറ്റ, വടക്ക് ഭാഗം ആക്രമിക്കേണ്ടത് രാമനും ലക്ഷ്മണനുമാണ്. സ്ത്രീകളോട് നല്ല രീതീല് പെരുമാറാൻ നല്ലത് അവരാണ്. എന്ന് മാത്രോല്ല, സീതേരട്ത്ത് പെട്ടെന്ന് എത്താനും വടക്ക് രാമലക്ഷ്മണമ്മാറ് നിക്കുന്നോണ്ട് കയ്യും. കിഴക്ക് ഭാഗത്ത് ഹനുമാനാണ് യുദ്ധം ചെയ്യേണ്ടത്. ലങ്ക ചുട്ട് വന്നവനെന്ന പരിചയം ഇല്ലതോണ്ടാണിത്. പടിഞ്ഞാറ് ഭാഗം ജാംബവാനാണ് നൽകീത്. കുംബകർണ്ണൻ ഒറങ്ങുന്നതോണ്ട് ആട അത്ര ശക്തീള്ള ആരും ഇണ്ടാവില. ജാംബവാന് കൊറേ ആൾക്കാര പെട്ടെന്ന് കൊല്ലാനും കയ്യും. തെക്ക് ഭാഗത്ത് അംഗദനും നീലനും കൂടീറ്റ് നോക്കും. രൂപരേഖേല്ലം തയ്യാറാക്കീറ്റ് അവര് രാവണ രാജ്യത്തേക്ക് പൊറപ്പെട്ടിരിക്കയാണ്. വിഭീഷണന് താമസം, ഭക്ഷണം, വിലയൊരു ആല, തന്ത്രം മെനയല് എന്നിങ്ങനെ പോവും,കർത്തവ്യങ്ങള്. മനുഷ്യൻ,വാനരർ, കരടികൾ, കഴുകമ്മാർ, അസുരൻ എന്നിവരാൽ രാമസൈന്യം പ്രൗഢമായിരുന്നു. പെരുമ്പറയും വിളംബരക്കാരനും കലാകാരമ്മാറും ഹനുമാന് തൊട്ട് പിറകിലായിറ്റ്ണ്ട്. അവര് ചെണ്ട കൊട്ടിയും കുഴലൂതിയും കാഹളം മൊഴക്കിയും നൃത്തം ചവിട്ടിയും കൊടികൾ പിടിച്ചും സേതൂലെ കൂടീറ്റ് നടന്നു. കരടി ചിഹ്നങ്ങളും കഴുകചിഹ്നങ്ങളും വാനരചിഹ്നങ്ങളുമുള്ള കൊടികൾ സൈന്യത്തില് അങ്ങിങ്ങായി കണ്ടു. 

വിഭീഷണൻ പറഞ്ഞമാതിരി ശ്മശാനത്തിലെ മൈതാനത്ത് എത്തി. മൂന്ന് ദെവസം നീണ്ട യാത്രയായിരുന്നു അത്. എല്ലാരും ക്ഷീണിച്ച് ഒറങ്ങി. പിറ്റേ ദെവസം അംഗദന രാവണസന്നിധീല് അയക്കാൻ തീരുമാനിച്ചു. ഹനുമാൻ എല്ലാം നോക്കീറ്റ് ദീർഘനിശ്വാസം വിട്ടിറ്റ് കൊറേ സമയം ആകാശത്തേക്ക് നോക്കീറ്റ് കെടന്നു. 

അംഗദൻ പിറ്റേ ദെവസം യുദ്ധത്തിനുള്ള ദൂതുമായിറ്റ് പോയി. അംഗദന കണ്ടപ്പാട് രാവണന് പയേ വൈരാഗ്യം പൊറത്ത് വന്നു. മന്ത്രി കുറിപ്പ് വായിക്കാൻ ആസ്ഥാന പണ്ഡിതനോട് പറഞ്ഞു. വായിച്ച് തീർന്നിറ്റ; അപ്പളേക്കും അംഗദന പിടിച്ച് കെട്ടാൻ വേണ്ടീറ്റ് ആജ്ഞ കൊട്ത്തു. എന്നങ്കിലൊ ഉയർന്ന് ചാടീറ്റും ചെരിഞ്ഞ് ചാടീറ്റും കുത്തിപ്പൊന്തീറ്റും ഒളിച്ച് കളിച്ചിറ്റും അംഗദൻ അസുരമ്മാറ പറ്റിച്ചു. അവസാനം രാവണന്റെ കിരീടോന്നെ തട്ടിത്തെർപ്പിച്ചു. രാജസന്നിധീലെ ഇപ്പോൾത്തെ അവസ്ഥ കാണണം; രാജാക്കമ്മാർക്കില്ലെ ഇരിപ്പിടം ഇരിന്നേടത്ത് ചെല ആൾക്കാരെ കിരീടം, ഇരി പിടം തട്ടീറ്റ് കൊറേ ആൾക്കാര് ബദ്ധപ്പാടില് വീണു. രാജസന്നിധി അവസാനം അലങ്കോലായി. രാവണൻ എല്ലാരോടും നിർത്താൻ പറഞ്ഞു. 

“ഇവന്റെ ബയ്യേ ബെർതെ പോയിറ്റ് ഒര് കാര്യൂല്ല. ഓൻ മർക്കടനാണ്. നമ്മക്ക് വല്ല മെൻച്ചമ്മാറോടും യുദ്ധം ചെയ്താമതി, ഇല്ലെ ങ്കില് ദേവമ്മാറോട്,എല്ലാരും അടങ്ങി. സ്വന്തം ഇരിപ്പിടം എട്ത്തിറ്റ് യഥാസ്ഥാനത്തിര്ന്നു. 

രാവണൻ സീതക്ക് വേണ്ടീറ്റ് വനിതാപോരാളികളിൽ ശ്രേഷ്ഠരായ രുദ്രാണിയേയും രുദ്രഭദ്രയേയും നിയമിച്ചു. കാലാൾപ്പടകളെ തൊറന്ന് വിടാൻ വേണ്ടീറ്റ് ആജ്ഞ നൽകി. വടക്ക് ഭാഗത്തെ കാലാൾപ്പടകളിൽ അസുരണികളായിരുന്നു. അവരില് കൊറേ പേർ രാമസൈന്യത്തിന അന്വേഷിച്ചിറ്റ് കെടങ്ങ് വരെ യാത്രയായി. കെടങ്ങിന്റെ മോളിലുള്ള അടപ്പ് തൊറന്നു. ഇപ്പൊ ലങ്കക്ക് ചുറ്റും നാലാള പൊക്കത്തില് ഒര് മതില് വന്നു. കരിങ്കല്ല് കൊണ്ടില്ലത്. അയിനെടേലെ കൂടീറ്റ് പൊർത്തേക്ക് നോക്കാനുള്ള ചെറിയ ദ്വാരോം ഇണ്ട്. പടിഞ്ഞാറാൻ കാലാൾപ്പടേന്ന് കൊർച്ച് ആൾക്കാര് കുംഭ കർണ്ണന ഉണർത്താനുള്ള കൊട്ടും പാട്ടും ആയിറ്റ് പോവ്വാൻ തൊടങ്ങി. 

അംഗദൻ നാലാളെ ഉയരത്തിലുള്ള മതിലും കടന്ന് ശ്മശാന മൈതാനത്ത് എത്തി. അപ്പളേക്കും രാവണൻ ലങ്കക്ക് ചുറ്റുള്ള കെടങ്ങ് തൊറന്നിറ്റ് കൊറേ ആൾക്കാര രാമസൈന്യത്തിന സംരക്ഷിക്കാനും ഒരാള യുദ്ധദൂതനായിറ്റും അയച്ചു. അയാളുടെ കയ്യില് യുദ്ധക്ഷണം സ്വീകരിച്ചതായിറ്റ് അറിയിപ്പും ഇണ്ടായിന്. രാവണൻ എല്ലാരേം വിളിച്ച് കൂട്ടി. ഓരോ സേനാധിപൻമാരായി ഓരോ ഭാഗ ത്തേക്കും അയക്കേണ്ടിവരും. പടിഞ്ഞാറ് ഭാഗത്ത് പ്രഘസനനും വടക്ക് ഭാഗത്ത് രുദ്രഭദ്രയേയും കിഴക്ക് ഭാഗത്ത് ഇന്ദ്രജിത്തിനും തെക്ക് ഭാഗത്ത് വിരൂപാക്ഷനേം താൽക്കാലികായിറ്റ് സൈന്യാധി പരായിറ്റ് നിയമിച്ചു. 

സീതയോട് യുദ്ധത്തില് സഹായിക്കണോന്നാവശ്യപ്പെട്ട് രുദ്രഭദ ഓളട്ത്തേക്ക് പോയി. സീതേരെ ദേഹത്തില്ലെ കരിഞ്ഞ മുറിവിന്റെ പാട് രുദ്രഭദ്രേല് സംശയുണ്ടാക്കി. രാവണൻ നല്ല പാങ്ങില് കൊട്ത്തിറ്റ്ണ്ടാവും. രുദ്രഭദ്രക്ക് കൊർച്ചും കൂടി ബലം കിട്ടി. ഒന്നും മിണ്ടാതെ പൂവ് കോക്ക്ന്ന സീതേന കണ്ടപ്പാട് ഓക്ക് ദേഷ്യം വന്നു. രുദ്രഭദ്ര മുടിക്ക് പിടിച്ചിറ്റ് താഴത്തേക്കിട്ടു. അടിവയറ്റില് ഒര് ചവിട്ട് കൊട്ത്തു. ചവിട്ട് കൊണ്ട് സീത ചാടിയെണീറ്റു. രുദ്രഭദ്രേന അതേ മാതിരി ചെയ്തു. രുദ്രഭദ്ര ദൂരത്തേക്ക് തെർച്ച് വീണു. പിന്നേം അടിക്കാനായി മുന്നോട്ട് വര്ന്നെന്ന് അറിഞ്ഞപ്പൊ രുദ്രഭദ്ര അവിടെ നിന്നും തിരിച്ച് പോയി. സീത നിസ്സാരായിറ്റ് മന്ദഹസിച്ച ശേഷം അശോകവനില് പൂ കോക്കാൻ ഇരിന്നു. 

ശ്മശാനത്തിലെ രാമന്റെ പടന കണ്ടിറ്റ് ദൂതൻ പേടിച്ചോണ്ട് അട്ത്ത് പോയി. ദൂത് കൈമാറീറ്റ് തിരിച്ച് വര്മ്പൊ അംഗദന്റെ അമ്പേറ്റിറ്റ് മരിച്ച് വീണു. ദൂതിന് പോയാളെ കാണാഞ്ഞിറ്റ് രാവണൻ നാല് ഭാഗത്തുള്ള മതിൽകവാടം തൊറന്നു. ഇപ്പൊ അഞ്ചാറാക്ക് കിടങ്ങിനപ്പുറം കടക്കാം. അയിലേ കൂടീറ്റ് രാവണന്റെ സൈന്യം ലങ്കക്ക് പൊർത്തേക്ക് കടന്നു. 

രാമലക്ഷ്മണമ്മാർക്ക് സ്ത്രീകളോട് യുദ്ധം ചെയ്യുന്നേയില് കൊർച്ച് വൈമുഖ്യം ഇണ്ടായി. എന്നാലും സീതേന കണ്ടുപിടിക്കണം എന്ന ദൃഢനിശ്ചയം അവരെ മുന്നോട്ടു നീക്കി. രാമൻ അവരേല്ലം തന്ത്രപൂർവ്വം കുബേരന്റെ പഴയ കൊട്ടാരത്തിലേക്കെത്തിച്ചു. എന്നിറ്റ് തടവിലാക്കി. രാമന്റെ ശരീരഭംഗി കണ്ടിറ്റ് പല സ്ത്രീകളും രാമനുമായി വേഴ്ച നടത്താൻ മുന്നോട്ട് വന്നു. ഇതെല്ലാം കണ്ട് നിന്ന രുദഭദ്രയാകട്ടെ സ്ത്രീകളെ പ്രാകാനും തൊടങ്ങി. കുബേരന്റെ കൊട്ടാരത്തില് എല്ലാരേം പൂട്ടേയ്ന് ശേഷം രുദ്രഭദ്രേം ആയിറ്റ് ചെറിയൊരു വാക്ക് തർക്കം ഇണ്ടായി. 

രുദ്രഭദ്ര ചോദിച്ചു. 

“നീ ബില്ല സുന്ദരനാണെന്നാണോ വിചാരം.? എന്നങ്കിലിതാ എന്റെ ചൂണ്ട് വെരല് മതി നിന്നെ തോല്പിക്കാൻ. എന്നങ്കില് സ്ത്രീകളെ ശക്തി വശ്യതയാണ്, സൗന്ദര്യമാണ്. അതുകൊണ്ടിതാ ഞാനെന്റെ അംഗലാവണ്യം നിനക്കായ് കാഴ്ചവയ്ക്കുന്നു."

വസ്ത്രങ്ങള് ഓരോന്നായിറ്റ് ഉരിയുന്ന സമയം രുദ്രഭദ്രേന ലക്ഷ്മണന ഏൽപ്പിച്ചിറ്റ് രാമൻ നിവർത്തിയിട്ട് കെടങ്ങിന് മോളിലുള്ള പാലത്തിലെ കൂടീറ്റ് വടക്കിനീലേക്ക് പോയി. ആട എത്ത്മ്പളേക്ക് എല്ലാരും സീതേന മാതിരി ഇണ്ടായ്ന്. സീതേരെ കരുത്ത്, സീതേരെ സംസാരം, സീതേരെ കൈതപ്പ്, സീതേരെ രൂപം, സീതേരെ ഭാവം... രാമൻ സീത തന്നെ ആശ്ചര്യചൂഡാമണി കയ്യിലെടുത്തു. അതിന്റെ പ്രഭേല് സീതമാരെല്ലാം അസുരിണികളായി. രാമൻ എല്ലാരേം വരിഞ്ഞ് കെട്ടി കുബേരസന്നിധിലെത്തിച്ചു. ആ അസുരകളെല്ലാം പരസ്പരം കലമ്പാൻ തൊടങ്ങി. “രാമന് ഏറ്റം ഇഷ്ടം എന്നോടാണ്. ഞാനാണ് ആട രാമപത്നി." എന്നെല്ലാം പറയുന്നുണ്ടായിരുന്നു. രാമൻ സീതാന്വേഷണം നടത്തി; അട്ത്ത നെലെലേക്ക് കടന്നു. കോട്ടവാതിലില് കൊറച്ച് ഭടമ്മാറ കണ്ടു. സന്ധ്യയാവാറായീന്ന് തിരിച്ചറിഞ്ഞ രാമൻ മുന്നോട്ട് പോവണ്ടാന്ന് നിശ്ചയിച്ചു. 

രുദ്രഭദ്രേം ലക്ഷ്മണനും ശയിക്കുന്നത് കണ്ട് വിഭീഷണന് ദേഷ്യം വന്നു. 

“എന്ന് വടക്ക് ഭാഗത്ത് നിങ്ങൾ യുദ്ധം ചെയ്യണോന്നില്ല. എൻക്ക് വിട്ട് തന്നാമതി. ഞാൻ ചെയ്തോളാം. 

വിഭീഷണൻ പറഞ്ഞു. 

ആദ്യ ദെവസം കൊറച്ച് പടയാളികൾ മരിച്ച് വീണതല്ലാതെ കാര്യമായിറ്റ് ഒരു നാശോം ഇരുഭാഗത്തും ഇണ്ടായിറ്റ, കൊറച്ച് വാനരമ്മാറ് ചുറ്റും കിടങ്ങ് ഇണ്ടെന്നറിഞ്ഞിറ്റും അയില് വീണു. രാവണൻ കെടങ്ങ് വാതിലടച്ചു. 

രണ്ടാം ദിവസം നിരവധി വാനരവീരമ്മാറ രാവണസൈന്യം വധിക്കുകയുണ്ടായി. പരിക്കേറ്റവരെ ശുശ്രൂഷിക്കാൻ അഗസ്ത്യമു നീരെ ശുശ്രൂഷ സംഘം സദാ യുദ്ധരംഗത്ത്ണ്ടായിരുന്നു. ലങ്കൻ സൈനികര് ശ്മശാനം വേറൊരിടത്തേക്ക് മാറ്റി. സിഗിരിയിലെ നാഗമ്മാറെ കാടിനകത്തായിരുന്നു അത്. മരിക്കാത്തവരെ ദയാവധമെന്നോണം നാഗമ്മാര് വിഷം തീണ്ടി കൊന്നു. അതിമനോഹരവും ആർഭാഡനിർഭരവുമായിരുന്ന ലങ്കാദേശം വെപ്രാളം പൂണ്ടു. രാവണന്റെ ആജ്ഞാശബ്ദങ്ങൾ എങ്ങും അലയടിച്ചു. എന്നാൽ സീത അശോകവനീല് സുരക്ഷിതയായിരുന്നു. സിഗിരിയിലെ നാഗങ്ങൾ രാവണന്റെ ആജാനുസരണം രാത്രി സമയങ്ങളിൽ രാമസങ്കേതങ്ങൾ കടന്നാക്രമിച്ചു. നിരുവംപോളയിലെ അഗ്നിഹോമകേന്ദ്രങ്ങളിൽ രാവണന് വേണ്ടി ഹോമങ്ങൾ നടന്നു. അത് രാവണൻ തടവിലാക്കിയ മുനിമാരായിരുന്നു ചെയ്തത്. അവർ പേടിച്ചോണ്ടായിരുന്നു രാവണന് വേണ്ടീറ്റ് മൃത്യുഞ്ജയഹോമം നടത്തീത്. 

താഴത്തെ നിരപ്പിൽ നിന്ന് അമ്പത് മീട്ട്ര് ഉയരത്തിലാണ് ലങ്ക. അതൊരു പാറക്കെട്ടായിരുന്നു. അത് തുരന്നാണ് രാവണൻ ഓരോ നിലയും നിർമ്മിച്ചത്. അഞ്ചാമത്തെ നിലേലാണ് രാവണവാസം. അതിന്റെ മട്ടുപ്പാവിൽ നിന്ന് രാവണൻ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരിന്നു. ആ സമയം മണ്ഡോദരി രാവണസമക്ഷമെത്തി. 

“തോഴിമാർ ചെല അറിവുകൾ പറഞ്ഞു. രാമന കാണാൻ നല്ല പാങ്ങ്ന്ന്. നല്ല ബലൂള്ള പുരുഷനുമാണ്. നമ്മുടെ നാരീജനങ്ങൾ അവനുമായി രമിക്കാൻ കുബേര സന്നിധീല് താവളമടിച്ചിരിക്കുന്നു. രാസകേളീല് ഒട്ടും മോശാവീല രാമൻ. അവര് പിന്ന അസുരവീരമ്മാറ ഇഷ്ടപ്പെടുമൊ എന്നാണ് എന്റെ സംശയം. 

രാവണന് ദേഷ്യം വന്നു. പുഷ്പകവിമാനം എട്ത്തിറ്റ് കുബേരന്റെ പഴയ കൊട്ടാരത്തില് പോയി. ആട വിഭീഷണന കണ്ടതും ദീർഘനിശ്വാസം വലിച്ചിറ്റ് തിരിച്ച് പോയി. വിഭീഷണന രാവണൻ ഒന്നും ചെയ്യീല. പട്ടിണി കെടന്നാലും മന്ത്രം ചൊല്ലി ജീവിക്കാൻ ഓനറിയാ. രാജ്യതന്ത്രം പൂർത്തിയാക്കാൻ ഉത്സാഹം കാണിക്കുന്നത് വിഭീഷണനാണ്. രാവണൻ പകുതിക്ക് വച്ച് നിർത്തി.വിഭീഷണൻ ഒരാളോടും അന്യായം ചെയ്യുന്നത് രാവണൻ ഇത് വരെ കണ്ടിറ്റ. “എന്തെങ്കിലാട്ട്. രുദ്രഭദ്രേരെ ശവം കണ്ടപ്പൊ രാവണൻ തെല്ല് നിന്നു. പൂർണ നഗ്നയായിരുന്നു അവൾ. വാനരമ്മാറ് മാൻ പേട പോലത്തെ ദേഹത്തെല്ലാം കാണാം. അവരെ വെട്ടി മാറ്റി,ശവം വിമാനത്തില് പറക്കീട്ടിറ്റ് സിഗിരേരെ മോളിലേ കൂടീറ്റ് പറന്നു. എന്നിറ്റ് ശവം ബില്ലാരു കുഴീല് വലിച്ചെറിഞ്ഞു. പുഷ്പകവിമാനത്തീന്ന് ഒരു പൂവിതള് അടർന്ന് വീണത് മാതിരി രുദ്രഭദ്ര താഴേക്ക് വീണു. കുബേരന്റെ കൊട്ടാരം ഇല്ലാതാക്കണം. രാവണൻ മനസ്സില് കര്തി. 

ലക്ഷ്മണന്റെ കാമപ്രാന്തിന് വിഭീഷണൻ കണക്കിന് പരിഹസിച്ചു. രാമൻ ദയവെന്നോണം വിഭീഷണനോട് പറഞ്ഞു. 

“രുദ്രഭദ്രയെ ഞാനായിരുന്നു കണ്ടത്. എന്നെയാണ് ഓള് വെല്ലുവിളിച്ചത്. അവള് ഒരു വേശ്യയെ മാതിരി പെരുമാറീതോണ്ടാണ് ഞാൻ ലക്ഷ്മണന് ഓള കൈമാറീത്. ഒരു യോദ്ധാവിന് പറ്റിയ ഒരു യോഗ്യതേം ഓക്കില്ലായിരുന്നു. അതോണ്ടായിരിക്കാം ലക്ഷ്മണൻ ഇണചേരാൻ ഉപയോഗിച്ചത്. ഇണ ചേർന്ന് കയിഞ്ഞ് ആര് ഓള കൊന്നൂന്ന് ലക്ഷ്മണനറീല. “അത് ഞാനാണ്. 

വിഭീഷണൻ പറഞ്ഞു. 

“എന്ന് വടക്ക് ഭാഗം ഞാൻ യുദ്ധം ചെയ്യാം." 

രാമൻ ലക്ഷ്മണനോട് ശകാരമെന്നോണം പറഞ്ഞു. “യുദ്ധഭൂമിയിൽ വീര്യമാണ് രസം, ഭാവം. അല്ലാതെ കാമമല്ല, ആസക്തിയല്ല. ആസക്തി ശത്രൂനെ കൊല്ലുന്നതില് മാത്രായിരിക്കണം. പക്ഷേ, എന്റെ അനുജന ശിക്ഷിക്കാൻ എനക്ക് പറ്റുല. കാരണം വനവാസത്തിലും കളിക്കൂട്ടായും ഇവൻ എപ്പളും എന്റെ കൂടേണ്ട്. ഞാനുമായി വേഴ്ചയിലേർപ്പെടാൻ തയ്യാറായി നിരവധി അസുരിണികൾ കുബേരന്റെ കൊട്ടാരത്തിലുണ്ട്. അയിന് രാമന് ഈ ജന്മം പോര. അതിനാൽ എന്റെ ലക്ഷ്യം സീത മാത്രാണ്. വിഭീഷണ അങ്ങ് നമ്മളോട് ക്ഷമിക്കണം."

വിഭീഷണൻ ദേഷ്യത്തോടെ പറഞ്ഞു. 

“രാവണൻ ഈനക്കാളും ഭേദാണ്."

മൂന്നാം ദിവസവും വടക്ക് ഭാഗത്ത് രാമലക്ഷ്മണമ്മാർത്തന്നെ യുദ്ധം ചെയ്തു. രാവണസേനേല് അകമ്പൻ കിഴക്ക് വശത്തും പ്രഹസ്തൻ തെക്ക് വശത്തും ധ്രൂമാക്ഷൻ പടിഞ്ഞാറ് വശത്തും നിരന്നു. വാനരപ്പടേന സഹായിക്കാൻ കഴുകൻ സേന ലങ്കക്ക് ചുറ്റും വട്ടമിട്ട് പറന്നു. അവർ യുദ്ധം നടക്കുന്ന സ്ഥലത്ത് പോയി ചോര പറ്റിയതും ഒടിഞ്ഞതുമായ കുന്തങ്ങൾ കൊത്തി രാമപക്ഷത്ത് ഇടുകയും ചെയ്തു. ആയുധം പണിക്കാറ് പല കുന്തങ്ങളും ആയുധങ്ങളും ശരിയാക്കി പിന്നേം ഉപയോഗിച്ചു. ചത്ത് വീഴുന്ന ശവങ്ങളെ അവർ അപ്പപ്പോൾ മാറ്റി. അതിനെടേല് ചെല കഴുകമ്മാറ് ചിറകറ്റ് വീഴുകയും ചെയ്തു. ലങ്കൻ പടയാളികളുടെ നീക്കങ്ങളറിയാനും ചില കഴുകമ്മാറെ നിയോഗിച്ചു. കരടി സേനനക്കണ്ടപ്പോൾ അസുരമ്മാറ് അമ്പരന്നു. മനുഷ്യരോളം കൈക്കരുത്തും ബുദ്ധിയുമുള്ള കരടികളെ അവര് ആദ്യായിറ്റാണ് കാണുന്നത്. അകമ്പനന്റെ നേതൃത്വത്തിലുള്ള കാലാൾപ്പട അംഗദന്റെ അമ്പെയ്ത്ത്കാരെ ചിന്നഭിന്നമാക്കി. കുംഭ കർണ്ണന്റെ ശയനസൗധത്തിനടുത്ത് അട്ടഹസിച്ചും മരങ്ങൾ പിഴുതെറിഞ്ഞും കരടിക്കുട്ടമ്മാർ അടുത്തു. ഹനുമാൻ സൈന്യത്തിന നേരിട്ട് പ്രഹസ്ത സൈന്യത്തിന് നാശനഷ്ടങ്ങൾ ഏറെയുണ്ടായി. എങ്കിലും ലങ്കേരെ കിടങ്ങിനരികിലെത്താൻ പോലും ഹനുമാൻ സൈന്യത്തിന് കഴിഞ്ഞില്ല. 

സീതേന അങ്കത്തിനയക്കാൻ രാവണൻ അശോകവനിലേക്ക് പോയി. സീത മൗനം പൂണ്ട് ഇരിക്കുകയായിരുന്നു. രാവണന കണ്ടപ്പൊ മല്ലയുദ്ധത്തിനെന്നവണ്ണം എണീറ്റു. 

രാവണൻ പറഞ്ഞു. 

“ലങ്കേരെ സന്തതിയായ സീത ലങ്കക്ക് വേണ്ടി യുദ്ധത്തിനെറങ്ങണമെന്ന് പറയാനാണ് ഞാൻ വന്നത്."

സീത പറഞ്ഞു. 

“ലങ്കൻ യുവതികളുടെ ഒരു ഗുണോം എൻക്കില്ല. ഞാൻ പഠിച്ച വിദ്യകൾ ജനകവംശത്തിന്റേതാണ്. എന്റെ വിദ്യകൾ രാമരാജ്യത്തിന് വേണ്ടി പ്രയോഗിക്കാം. കാരണം അതെന്റെ ഭർതൃഗൃഹമാണ്. രാമനെന്റെ ഭർത്താവാണ്. എന്റെ ഓന്റൊന്നിച്ചല്ലാതെ പിന്നാരൊന്നിച്ച് ഞാൻ കൂടല്.? പതിനാല് കൊല്ലം കയ്യാൻ എനി കൊർച്ച് കാലേ ഇല്ലൂ. ഞാൻ എങ്ങനെങ്കിലും ഈട്ന്ന് പോയ്ക്കൊള്ളാം. നീ ഈട്ന്ന് പോട്. എന്ന വിട്."

രാവണൻ ചിരിച്ചു. 

“ഇല്ല ഇത്രേം പ്രശ്നൂണ്ടാക്കീറ്റ് നിന്ന വിടാനാ.? ലങ്കക്ക് യോദ്ധാക്കന്മാർക്ക് ഒരു കൊറവൂല്ല."

ആ സമയത്ത് രാമലക്ഷ്മണമ്മാർ അശോകവനിലെത്തി. രാമന കണ്ടപ്പാട് രാവണൻ ഉച്ചത്തില് അട്ടഹസിച്ചു. ഭൂലോകം വെ ലിക്കുമാറുള്ള ഒച്ച. മൈരാവണനും ഐരാവണനും ഒരേസമയം പൊർത്തേക്ക് വന്നു. മൈരാവണൻ ലക്ഷ്മണനോടും ഐരാവണൻ രാമനോടും യുദ്ധം ചെയ്യാനുറച്ചു. ഐരാവണൻ രാമനോട് പറഞ്ഞു. 

“ലങ്കേല് അതിക്രമിച്ച് കടന്നത് ഒരു കൊരങ്ങനെങ്കില് ഞാൻ വിഷമിച്ചേനെ. പക്ഷേ, ഇതൊര് മനുഷ്യനായതോണ്ട് എനക്ക് ക്ഷമിക്കാനൊക്കീല, ദേവേന്ദ്രന്റെ കള്ള ദൂതനാണ് നീ എങ്കില് നിന്ന ഈട കൊത്തീറ്റ് ബേറും." 

രാവണന്റെ വാക്ക് കേട്ട് ശ്രീരാമൻ ശാന്തനായി ഇങ്ങനെ പറഞ്ഞു. 

“രാവണാ... കാലം കൊറേയായി ഇവളേം പരിതീറ്റ് ഞാൻ നടക്ക്ന്ന്. ഇവളില്ലാതെ അയോദ്ധ്യേലേക്ക് തിരിച്ച് പോകാൻ എനക്ക് പറ്റീല. അതുമല്ല, ധർമ്മമനുസരിച്ച് ഒരാളെ ഭാര്യേന മറ്റൊരാള് തട്ടിക്കൊണ്ട് വര്ന്നത് നല്ല കാര്യോല്ല. നിന്നെ കൊന്നാലേ സീതേന കിട്ടുന്നുണ്ടെങ്കില് അയിനും ഞാൻ മടിക്കീല, കൊല്ലേന്നെ ചെയ്യും."

രാവണൻ പറഞ്ഞു. 

“ഇവളെന്റെ മോളാണ്. എന്നോട് ചോയിക്കാതെ എന്റെ മോള കല്ല്യാണം കയ്ക്കാൻ നിന്നോടാരിടാ പറഞ്ഞിന് അയിനെന്ത് യോഗ്യത നിൽക്കില്ലത്. ?"

രാമന്റെ മൊഖം ചൊമന്നു. 

“ഞാൻ ജനകന്റെ മോളെയാണ് കല്ല്യാണം കയ്ച്ചത്. "

രാമൻ ചാടി രാവണന്റെ മേലിൽ വീഴാൻ നോക്കി. രാവണൻ ഒയിഞ്ഞ് മാറി. 

“മൽപ്പിടുത്തമാണൊ നീ ഉദ്ദേശിച്ചത്.?” 

സീത ചാടി രാമന്റട്ത്ത് നിന്നു. രാമനപ്പൊ കൊർച്ച് ബലം കിട്ട്യേത് മാതിരി തോന്നി. 

“അതെ, മൽപ്പിടുത്തൊന്നെ." 

സീതേം രാമനും കൂടീറ്റ് ഐരാവണന നേരിട്ടപ്പൊ ലക്ഷ്മണൻ മൈരാവണന നേരിട്ടു. രണ്ട് ചവിട്ട് കൊട്ത്ത് മൈരാവണൻ ലക്ഷ്മണന തായ ഇട്ടു. തായ വീണ് കെടന്ന ലക്ഷ്മണന പറക്കീറ്റ് പുഷ്പകവിമാനത്തിലേക്ക് ഒറ്റയേറ്. ഇത് കണ്ടപ്പൊ രാമന്റെ ശ്രദ്ധ പാളി, ഐരാവണൻ രാമന്റെ കാല് വലിച്ച് ഒരേറ് കൊട്ത്തു. ബോധ ക്ഷയം സംഭവിച്ച രാമന സീത അട്ത്ത് പോയിറ്റ് വിളിച്ചു. സീതേരെ കരണത്ത് ഒറ്റ അടി കൊട്ത്തിറ്റ് അന്തപുരത്തിലേക്ക് കൊണ്ടാവ്വാനാക്കി. രാമലക്ഷ്മണനേം കൊണ്ട് പുഷ്പകവിമാനത്തില് കടലിന്റെ കരേലേക്ക് പോയി. ആട്ന്ന് രണ്ടാളേം തോളില് കേറ്റീറ്റ് പാതാളത്തിലേക്ക് തിരിച്ചു. പാതാള കവാടം മകൾ മകീരിയിൽ സംരക്ഷിതമായിരുന്നു. രാമലക്ഷ്മണമ്മാറ പാതാളത്തിലിറക്കിയശേഷം ഉണർത്തിവിട്ടു. അതിയായ അസ്വസ്ഥത പ്രകടിപ്പിച്ച് അവരോട് ഇങ്ങനെ പറഞ്ഞു. 

“ധീരമ്മാറേ... നിങ്ങോ കണ്ണ് തൊർന്നിറ്റ് നരകം കാണ്. നമ്മൊ ഉടലോടെ ഈട്ത്തേക്കാണ് വരേണ്ടത്. നിങ്ങളെ സ്വർഗത്തിനെക്കാളും സൗകര്യം ഈട ഇണ്ടോന്ന് പരിശോധിക്ക്."

രാമൻ പാതാളത്തിലെ വിചിത്രമായ ശിക്ഷാവിധികൾ കണ്ടു. ഞെരിപിരി കൊള്ളുന്ന വിഷസർപ്പങ്ങളുടെ കൂമ്പാരം. അതിൽ ചിലർ കിടന്നുറങ്ങുന്നു. തിളച്ച എണ്ണപ്പുഴയിലേ കൂടീറ്റ് ഒര് നൂൽപ്പാലം. അതിലേ കൂടീറ്റ് കൊറേ ആൾക്കാര് നടന്ന് പോവുന്നു. ശവങ്ങളെ വിഘടിപ്പിക്കുന്ന പുഴുക്കള് ജീവനോടെ പലരുടെ മൂക്കിലൂടെയും വായിലൂടെയും പൊറത്ത് വന്നു. ഇതെല്ലാം കണ്ടോണ്ട് രാമൻ പറഞ്ഞു. 

“എടാ പൊട്ട രാവണാ... നമ്മൊ ഈട കെടന്ന് ചത്താലും സ്വർഗത്തിലേക്കെന്നെ പോവും. "

രാവണന് ദേഷ്യം വന്നു. പാതാള കവാടത്തില് കാവല് നിക്കാൻ മകിരിയോട് നിർദ്ദേശിച്ചിറ്റ് രാവണൻ ആട്ന്ന് പോയി. 

എല്ലാരും അന്നത്തെ യുദ്ധം കയ്ഞ്ഞിറ്റ് സ്വന്തം താവളത്തിലേക്കെന്നെ പോയി. യുദ്ധസമയം കയ്ഞ്ഞിറ്റും രാമലക്ഷ്മണമ്മാറ് കുടീരത്തിലെത്താത്തോണ്ട് വിഭീഷണന് ബില്ല്യ ആശങ്കയുണ്ടായി. വിഭീഷണന് ഒര് കാര്യം മനസ്സിലായി. സീതേരെ അട്ത്ത് രാമലക്ഷ്മണമ്മാറ് എത്തീന്. രാവണൻ അവരെ പിടിച്ച് കെട്ടി ഏട കൊണ്ടോയീന്ന് മാത്രം അറിഞ്ഞാ മതി. ഹനുമാൻ സൈന്യം ലങ്കേരെ കിടങ്ങിന് നൂറ്റമ്പത് മീട്ട്ര് പിറകിലെ എത്തീറ്റൂ. നീല ജാംബവ സൈന്യം കുംഭകർണ്ണന്റെ സൗധം വരെ, എങ്കിലും ആട താവളമടിക്കാനുള്ള ധൈര്യക്കുറവോണ്ട് കിടങ്ങ് വാതിലടയുന്നേയിന് മുമ്പ് പൊറത്ത് കടന്നു. അംഗദൻ സേതൂന് ഇരുപത് മീട്ട്ര് മുമ്പിലല്ലാതെ കടക്കാൻ പറ്റീറ്റ. ഏറ്റവും ചെറിയ മുന്നേറ്റം നടത്തുന്നതും അംഗദനാണ്. 

“രാമനേം ലക്ഷ്മണനേം കാണുന്നില്ല. എല്ലാരും അപ്പറോം ഇപ്പറോം പറഞ്ഞു. 

“ഈറ്റിങ്ങൊ ഏടപോയത്.? രാമന കണ്ടിനാ... ലക്ഷ്മണന കണ്ടിനാന്നും പറഞ്ഞിറ്റ് ചൂട്ടും കത്തിച്ചോണ്ട് ലങ്കേല് കൊറേ ആൾക്കാര് ചുറ്റും നടന്നു. ഒര് കാര്യൂല്ല. എല്ലാരും ഒന്നിച്ച് കൂടി. 

ഹനുമാൻ പറഞ്ഞു. 

“ഞാൻ നാള അവരേം അന്വേഷിച്ച് പോവ്വ. അതുവരെ അംഗദൻ കിഴക്ക് വശത്ത് ഒറ്റക്കാണ്. ആട നിന്ന് ഗദയുദ്ധം ചെയ്യേണ്ടത്. ദൂരത്ത്ന്ന് വാരിക്കുന്തങ്ങൾ എറിഞ്ഞാമതി. രാവണൻ നാള പുഷ്പകവിമാനം എറീറ്റാക്രമിക്കൂന്ന് വിവരം കിട്ടി. അതോണ്ട് കഴുകമ്മാറ അവരെ ശല്യപ്പെടുത്താൻ ഏർപ്പാടാക്കണം. 

അപ്പൊ വാനരപ്പടേന്ന് സുഗ്രീവൻ എണീച്ചു. 

“രാമനില്ലാതെ ഈ യുദ്ധം കൊണ്ട് എന്ത് പ്രയോജനം.? വെർതെ തമ്മില് തച്ചിറ്റ് ചാവുന്നതല്ലാതെ.? രാവണൻ രാമന കൊന്ന്വോ

ങ്കിലോ... നമ്മൊ എന്താക്കല്.?" 

ഹനുമാൻ പറഞ്ഞു. 

“രാവണന് കൊല്ലാൻ കയ്യീല. എന്നങ്കിലും നോക്കാ... രാമൻ വരും." 

ഹനുമാൻ ആട്ന്ന് പോയി. അശോകവനീല് സീതേന കണ്ടിറ്റ. അതോണ്ട് അന്തപുരത്തിലേക്ക് പോയി. സീത ഒറങ്ങുന്ന്ണ്ട്. സീതേന മന്ത്രവാക്ക് പറഞ്ഞിറ്റ് ഒണർത്തി.സീത പറഞ്ഞു. 

“രാമലക്ഷ്മണമ്മാറ പാതാളത്തില് കൊണ്ടാവുംന്ന് രാവണൻ പറയുന്നുണ്ടായിന്." 

രാവണൻ വരുന്നേയ്നക്കാളും മുമ്പ് ഹനുമാനോട് പോവാനാവശ്യപ്പെട്ടു. ഹനുമാൻ പെട്ടെന്നന്നെ ആട്ന്ന് പോയി. 

എല്ലാരോടും, രാമൻ പാതാളത്തിലുണ്ട്, ഞാനാട്ത്തേക്ക് പോന്നൂന്നും പറഞ്ഞു. എല്ലാരിക്കും സമാധാനായി. 

രാമലക്ഷ്മണമ്മാറില്ലാത്തോണ്ട് എല്ലാരിക്കും ചെറിയ നിരാശ ഇണ്ടായിര്ന്നു. എന്നാലും പ്രതിരോധിക്കാന്നും പറഞ്ഞിറ്റ് എല്ലാരും തയ്യാറായി. പതിവുപോലെ കിടങ്ങിന് കുറുകെയില്ലെ നാല് വാതിലിലേ കൂടീറ്റ് രാവണസൈന്യം പൊറത്ത്ചാടി. സമയമായിറ്റും രാമ സൈന്യത്തിന കാണഞ്ഞിറ്റ് "ഇവര് പോയോ' ന്ന് തമ്മില് പറഞ്ഞു. എന്നാല് കഴുകമ്മാറ മോളില് പറക്കുന്നത് കണ്ടു. അതോണ്ട് അവര് പോയിറ്റാണ് രാവണസൈന്യം തീർച്ചയാക്കി. 

പാഞ്ഞ് വര്ന്ന വാനരപ്പടേന കണ്ടിറ്റ് അസുരമ്മാറും മുമ്പോട്ട് പോയി. കനം കൊറഞ്ഞ വാരിക്കുന്തങ്ങൾ അസുരമ്മാറെ നെഞ്ചില് തറച്ചു. യുദ്ധവിമാനത്തിലെ അസുരമ്മാറ കഴുകൻപട കൊത്തിപ്പറിച്ചു. സാമ്പനായിരുന്നു അയില് മുഖ്യപങ്ക് വഹിച്ചത്. ജഢായൂന്റെ ചെറക് അരിഞ്ഞിട്ടതിലുള്ള പക ഓൻ തീർത്തു. വിമാനം തകർന്നിറ്റ് കടലില് വീണു. രാമസൈന്യത്തിന്റെ നാനാഭാഗത്തിനും ജയാരവങ്ങളുണ്ടായി. അകമ്പനൻ, പ്രഹസ്തൻ, ധ്രൂമാക്ഷൻ എന്നിവരെല്ലം മരിച്ചുവീണു. അന്ന് രാത്രി വാനരപ്പട ജയാരവത്തോടെ കുടീരത്തിലേക്ക് പോയി. രാമന് ഈ ദെവസം ഒന്നിച്ചുണ്ടാവാൻ കൈഞ്ഞിറ്റില്ലല്ലോപ്പാ എന്ന സങ്കടം എല്ലാർക്കുമുണ്ടായി. രാമനില്ലാതെ രാമന്റെ സൈന്യം രണ്ട് മൂന്ന് സൈന്യാധിപമ്മാറെ കൊന്നത് രാവണന് നല്ലോണം വെഷമൂണ്ടാക്കി. “ആ കൊരങ്ങന കൊല്ലണം' രാവണൻ മനസ്സില് കര്തി. 

ഹനുമാൻ പാതാള കവാടത്തില് ചെന്നതും മകീരി ആട കാവലിന്ണ്ടായിന്. പാതാള കവാടം മൃഗയെല്ലുകളാലും ആയുധങ്ങളാലും മറച്ചിരുന്നു. മകിരി ഹനുമാനെ കണ്ടപ്പൊ തന്നെ വികാരപരവശയായി അടുത്തുചെന്നു. ഹനുമാൻ പാതാളകവാടം തുറക്കണമെന്നാവശ്യപ്പെട്ടു. പക്ഷേ, താനുമായി ഇണചേർന്നതിന് ശേഷമെ തുറക്കൂ എന്ന് മകിരി പറഞ്ഞു. അവൾ വശ്യനയനങ്ങളാൽ ഹനുമാന് നേരെ നടന്നു. ഹനുമാൻ ലക്ഷ്യത്തിൽ രാമലക്ഷ്മണമ്മാർക്കും ഉടലുകള മകിരിക്കുമായി സമർപ്പിച്ചു. മകിരി തന്റെ ദംഷ്ടകൊണ്ട് കൊലവള്ളി വലിക്കാൻ നോക്കി. ഹനുമാൻ ഒന്നമർത്തി കെട്ടിപ്പിടിച്ചതേയുള്ളൂ; മകീരീരെ വായ്ന്ന് ചോര വന്നു, എല്ല് പൊടിഞ്ഞു. മകിരി കടലിന്റെ മോളില് ചത്ത് മലച്ച് കെടുന്നു. പാതാളവാതില് എട്ത്ത് മാറ്റി ഹനുമാൻ ഉള്ളിലേക്ക് കടന്നു. പാതാളത്തില് വിഷപ്പാമ്പുകൾക്കൊപ്പമായിരുന്നു രാമലക്ഷ്മണമ്മാർ നിന്നത്. പാമ്പുകൾ വരിഞ്ഞ് മുറുക്കിയിരുന്നെങ്കിലും ഭക്ഷിക്കാൻ തൊടങ്ങിയിരുന്നില്ല. ഹനുമാൻ അവിടന്ന് രാമലക്ഷ്മണമ്മാറ തോളിലേറ്റി ഭൂമിലേക്ക് കുതിച്ചു. അവർ അവരുടെ താവളത്തിലെത്തി. പാതിബോധം വീണ രാമലക്ഷ്മണമ്മാർക്ക് സുഷേണൻ ഒരു ഔഷധപാനം നൽകി. അകത്ത് കടന്ന വിഷാംശം കളയാൻ വിഷചികിത്സ നടത്തി. അങ്ങനെ രാമലക്ഷ്മണമ്മാർ എണീറ്റിരുന്നു. ആട നോക്കുമ്പൊ കൊറേ ആൾക്കാര് പരിക്കേറ്റിറ്റ് നെലവിളിച്ചോണ്ട് കെടക്ക്ന്ന്. യുദ്ധവീരമ്മാരെല്ലാം ലങ്കക്ക് നാല് ഭാഗത്തും താവളമുണ്ടാക്കിയതിനെപ്പറ്റി ഹനുമാൻ പറഞ്ഞു. ഹനുമാനൊപ്പം നാല് ഭാഗത്തെ യുദ്ധത്താവളങ്ങളും രാമൻ സന്ദർശിച്ചു. രാമൻ വന്നപ്പാട് എല്ലാർക്കും സന്തോഷായി. ഹനുമാൻ വൈദ്യര് പറഞ്ഞ പ്രകാരം വിശ്രമിക്കാൻ രാമനോട് പറഞ്ഞു. രാമൻ തലയാട്ടി. അഞ്ചാം നാളിലേക്ക് എല്ലാരും കോപ്പുകൂട്ടി. 

വടക്ക് ഭാഗം ആറാം നാൾ കിടങ്ങുകൾക്കരികിലെത്തി. വജ്രദംഷ്ടൻ, ജാംബുമാലി, പ്രഘുനസേനൻ എന്നിവരെയെല്ലാം കൊല്ലുകയുണ്ടായി. കിടങ്ങുകൾക്കരികിലെത്തിയപ്പൊ എല്ലാരും നിന്നു. വടക്ക് വശത്തെ കവാടം രാവണൻ മുമ്പേതന്നെ അടച്ചിരുന്നു. അറിഞ്ഞുകൊണ്ട് കുഴീല് വീഴേണ്ടെന്ന് കര്ത്തി തിരിച്ചുപോയി. 

അന്ന് വൈകുന്നേരം ഹനുമാൻ, അംഗദൻ, സുഗ്രീവൻ, വിഭീഷണൻ, ജാംബവാൻ, നീലൻ എന്നീ സേനാധിപമ്മാറുടെ യോഗം വിളിച്ചുചേർത്തു. 

വിഭീഷണൻ പറഞ്ഞു. 

“വടക്ക് ഭാഗം ലങ്കേരെ കെടങ്ങ് വരെ എത്തി. എന്ന് ലങ്കേലേക്ക് പ്രവേശിക്കാം. എന്നങ്കിലും അകത്ത് നല്ല സുരക്ഷ ഇണ്ടാവും. എല്ലാ വശത്തൂന്നും വിജയിച്ചാല് മാത്രം അകത്ത് പോകാനൊക്കൂ. 

“പടിഞ്ഞാറ് ഭാഗത്ത് കെടങ്ങ് വരെയെത്തി. "

ജാംബവാൻ പറഞ്ഞു. 

“കിഴക്ക് ഭാഗത്താണെങ്കില് കെടങ്ങിന്റെ ഏഴയലത്ത് വരെ എത്തീറ്റ. ഹനുമാന്റേം അംഗദന്റേം ശക്തി കാണിക്കേണ്ട സമയായി. രാമൻ പറഞ്ഞു. 

“കിഴക്ക് വശം വളരെ അപകടം പിടിച്ചതാണ്. ആട്നാണ് രാവണൻ എന്നെ പിടിച്ച് കെട്ട്യേത്.രാവണൻ കോട്ടേലേക്ക് നേരിട്ട് ആട്ത്തേക്കെത്താം. ജാംബവാൻ പടിഞ്ഞാറ് ഭാഗത്ത് കോട്ടേല് എത്തി എന്നത് നല്ലതെന്നെ. എന്നങ്കിലും കുംഭകർണ്ണനുണർന്നാല് നമ്മളെ ഗതിയെ പറ്റീറ്റും ഓർക്കണം. പിന്നെ ഒര് കാര്യം. നമ്മൊ ജയിച്ചാലും ഇല്ലെങ്കിലും എന്നി യുദ്ധം ചെയ്യുമ്പൊ യുദ്ധധർമ്മം പാലിക്കണം. ഉറങ്ങിക്കെടക്കുന്നവനെ ആക്രമിക്കരുത്, മല്ലയുദ്ധത്തിന് വര്ന്നോനോട് മല്ലയുദ്ധം മാത്രേ പാടുള്ളൂ. ഗദയുദ്ധത്തിന് വരുന്നർനോട് ഗദയുദ്ധോം. അമ്പും വില്ലും ഏന്തിയവനോട് മാത്രെ അമ്പെയ്ത്ത് പാടുള്ളൂ. അതും ഓന അറിയിച്ചേയ്ന് ശേഷം. 

നീലനേം ജാംബവാനേം പ്രശംസിച്ചത് അംഗദന് അത് പിടികിട്ടീറ്റ. ലങ്കേല് മുമ്പ് വന്നോനെന്ന നെലേല് അംഗദൻ പറഞ്ഞു. “എന്നങ്കില് ഞാൻ പടിഞ്ഞാറ് ഭാഗത്ത് പോവ്വാം. 

രാമൻ ചിരിച്ചു. എന്നിറ്റ് പറഞ്ഞു. 

“നീ വടക്ക് വശത്ത് പോകുന്നതായിരിക്കും നല്ലത്. ആട എന്ന് യുദ്ധം ചെയ്യാണ്ട് ആവീല്ല; കാവല് മതി. നീലനും ജാംബവാനും വിഭീഷണനും പടിഞ്ഞാറ് പോവട്ടെ. സുഗ്രീവൻ തെക്ക് വശവും, ഹനുമാൻ കിഴക്കും നയിക്കണം. പരമാവധി സുഖപ്പെട്ട യോദ്ധാക്കളെ മാത്രം യുദ്ധത്തിനയച്ചാമതി. കൂടുതൽ കുന്തവും ഗദേം ഇണ്ടാക്കാൻ ആൾക്കാർക്ക് നിർദ്ദേശം കൊട്ക്കണം. രണ്ട് മൂന്ന് ദെവസത്തിനകം ദേവേന്ദ്രൻ ആയുധവുമായിറ്റെത്തും. അതുവരെ പിടിച്ച് നിക്കണം. ദേവേന്ദ്രന്റെ അമ്പുകള് കോർക്കാൻ പറ്റിയ വില്ല് നിങ്ങളെ കൈമ്മ ഇല്ല. ഞാനും ലക്ഷ്മണനും അപ്പൊ എറങ്ങേണ്ടി വരും. അതോണ്ട് ഇല്ലത് വച്ചിറ്റ് ഇപ്പൊ എല്ലാം ശരിയാക്കണം. പരമാവധി ആയുധം ശേഖരിക്കുക. ഉപയോഗിച്ച ആയുധങ്ങള് പിന്നേം ശേഖരിക്കണം. ചോര തെറിച്ചത് വൃത്തിയാക്കിയെടുക്കണം. മുക്കാൽ ഭാഗമായ നമ്മളില് പകുതി പേരും വൈദ്യരെട്ത്താണ്; ഞാനടക്കം. അതോണ്ട് കൂടുതല് ശ്രദ്ധിച്ചിറ്റ് കാര്യങ്ങള് ചെയ്യുക. കൊറേ അസുരവീരമ്മാറ് മരിച്ച് വീണതോണ്ട് രാവണനിനി വെർതെ ഇരിക്കൂല. ആറ് ദെവസം കൊണ്ട് ലങ്കേരെ പകുതി ശക്തിപോലും കൊറക്കാൻ നമ്മക്ക് കയ്ഞ്ഞിറ്റ. എനി ആണ് യഥാർത്ഥ യുദ്ധം നടക്കാൻ പോവുന്നത്. 

രാവണ സന്നിധീലും അന്ന് യോഗം കൂടി. രാവണൻ ഇന്ദ്രജിത്ത്, വിദ്യുന്മാലി, ത്രിശിരസ്സ്, ദേവാന്തകൻ എന്നിവരെ വിളിച്ച് യഥാക്രമം കിഴക്ക് പടിഞ്ഞാറ്-തെക്ക് വടക്ക് എന്നീ സ്ഥാനങ്ങളിൽ സേനാധിപരാക്കി. എന്നിട്ട് പറഞ്ഞു. 

“നമ്മളെ സൈന്യത്തിന്റെ ഒര് ഭാഗം പോയി. അതോണ്ട് രണ്ടാം ശ്രമമെന്ന രീതീല് ഇത് നമ്മളെ അഭിമാന പ്രശ്നാണ്. ഇന്ദ്രജിത്തിനെ കിഴക്ക് വശത്തേക്ക് വിട്ന്നത് ആ കൊരങ്ങൻ അംഗദനെ പിടിച്ച് കെട്ടാനാണ്. ഓന കൊന്നിറ്റ് തടവിലടണം. രാമലക്ഷ്മണമ്മാറ പാതാളത്തില് ഇട്ടത് മാതിരി."

അപ്പൊ മകരാക്ഷൻ പറഞ്ഞു. “രാമലക്ഷ്മണമ്മാറ് ആട്ന്ന് രക്ഷപ്പെട്ടു. രാവണന് സംശായി. 

“അതെങ്ങനെ.?” 

“മകിരീരെ ശവശരീരം കടലില് പൊങ്ങി ലങ്കേല് അടിഞ്ഞു. മകീരിൻ പറഞ്ഞു. 

“ഹനുമാനായിരിക്കും. ഹനുമാന് മാത്രമെ പാതാളത്തില് പോവ്വാൻ ധൈരണ്ടാവൂ. ഹനുമാൻ ഓള കൊന്നു. 

രാവണൻ ഉച്ചത്തില് "ഹോ...' എന്ന് പറഞ്ഞു. പിന്നെ അട്ടഹ സിച്ചു. രാവണന്റെ ആക്രോശം കേട്ടിറ്റ് ഇന്ദ്രജിത്ത് പറഞ്ഞു. 

“അച്ഛൻ പേടിക്കണ്ട. അവരെർങ്ങീറ്റ്ണ്ടെങ്കില് എന്റെ കയ്യോണ്ടെന്നെ ചാവും. രണ്ട് ശവങ്ങളും ഈട എത്തിക്കും."

രാവണൻ അവർക്ക് നരകശിക്ഷ വിധിച്ചു.

കൊരങ്ങൻ വീണ്ടും പറ്റിച്ചു. രാവണൻ ദീർഘമായി ശ്വാസം വലിച്ചു. 

“സ്ത്രീകളുള്ള വടക്ക് ഭാഗം വിദ്യുന്മാലി നോക്കണം. തെക്ക് വേദാന്തകനും ."

രാവണൻ എല്ലാരോടും പിരിഞ്ഞ് പോവാൻ പറഞ്ഞു. പിന്നെ കൊറേ സമയം ഒറ്റക്കിരുന്നു. മണ്ഡോദരി അങ്കലാപ്പോടെ അട്ത്ത്ന്നെ നിന്നു. എന്നിറ്റ് പറഞ്ഞു. 

“ഈ വാർത്ത സീതേട് പറഞ്ഞാല് ഓക്ക് സന്തോഷാവും. 

രാവണൻ മണ്ഡോദരീരെ മോത്തേക്ക് കൊറേ സമയം നോക്കി. പിന്നെ ഒന്നും മിണ്ടാതെ മട്ടുപ്പാവിലേക്ക് പോയി. 

“ദാ... ഇത് കുടിച്ചൊ... മനസ്സിന് കൊറച്ച് ആശ്വാസം കിട്ടട്ട്."

 രാവണൻ നിരാശനായി മന്ദഹസിച്ചു. എന്നിറ്റ് സീതേരെ അട്ത്തേക്ക് പോയി. 

“സീതേ... സീതേ..." 

സൗമ്യവും സുന്ദരവുമായിറ്റ് രാവണൻ വിളിച്ചു. സീത കണ്ണീര് തൊടച്ച് രാവണന നോക്കി. 

“ഇപ്പൊ സീതേന കാണാൻ നല്ല പാങ്ങ്ണ്ട്. സീത ചിരിക്കുമ്പളും കമ്പ്മ്പളും ആവലാതിപ്പെടുമ്പളും യുദ്ധം ചെയ്യുമ്പളും പ്രത്യേക ചന്താണ്. നീ എന്തെന്ന് സീതേ കാണിക്കുന്നത്..? കരയ്ന്നതാ... നിന്നെ മാതിരി കഴിവും സൗന്ദരമുള്ള പെണ്ണ്ങ്ങള് കരയ്ന്നത് എന്തായാലും കൊറച്ചലാണ്. ലങ്കക്ക് നാണക്കേടാണ്. നിന്റെ പ്രശ്നം എന്തെന്ന്ന്ന് എൻക്കറിയാ. രാമൻ മരിച്ചെന്ന് വിചാരിച്ചെങ്കില് നീ പേടിക്കണ്ട; ഓൻ ചത്തിറ്റൊന്നുല്ല. പാതാളത്തില് കരിമ്പാമ്പുകൾ ഓന ഒന്നും ചെയ്തിറ്റ. നിനക്ക് ദൂത് വന്ന ആ വാനരനില്ലെ... ഓൻ രക്ഷപ്പെടുത്തി. അതെല്ലാം പോട്ട്... അഥവാ ഞാൻ ഓന കൊന്നാല് നീ ഞാൻ പറയുന്ന ആളെ കല്ല്യാണം കയ്ക്കണം. ഓനേം കൂട്ടീറ്റ് ഈ ലോകോന്നെ ഞാൻ ഇല്ലാണ്ടാക്കും. അസുരമ്മാറ കൊല്ലാൻ വര്ന്ന എല്ലാരേം ഞാൻ ലങ്കേലെ തടവില് പൂട്ടും. അവരെ സ്വർഗ്ഗീയവാസവും അമരത്ത്വവും ഈ ലങ്കേലെ തടവിലെന്നെ തീരും. സീതേലെ യോദ്ധാവ് പൊർത്തേക്ക് വന്നു. 

സീത പറഞ്ഞു. 

“നിങ്ങൾ രാമലക്ഷ്മണമ്മാറ വെർതെ വിട്ടിറ്റേങ്കില് നിങ്ങളെ കൊല്ലാൻ എൻക്ക് സാധിക്കും. നിങ്ങക്ക് ബുദ്ധികൊണ്ട് കൊറച്ച് ചിന്തിച്ചൂടെ.! മിഥിലാപുരവും അയോദ്ധ്യേം ഒന്നിച്ചാല് ലങ്കേരെ പൊടി പോലും കാണീലാന്ന്. വനവാസകാലായതോണ്ട് നിന്റെ ഭാഗ്യം. രാമനും ലക്ഷ്മണനും മാത്രോല്ല അയോദ്ധ്യേലും മിഥിലേലും എനിയും ഇഷ്ടം പോലെ ആൾക്കാര്ണ്ട്. അയോദ്ധ്യേരെ സൈനികബലത്തിനപ്പറ്റീറ്റ് നിങ്ങക്ക് അറിയാത്തോണ്ടാണ്. അവര് വന്നാല് ലങ്കേന ഉടലോടെ കൊത്തിക്കൊണ്ട് പോയിറ്റ് കുട്ടിക്കൊരങ്ങുകള മാതിരി കളിപ്പിക്കട്ടി." 

രാവണൻ പറഞ്ഞു. 

“നീ പറഞ്ഞതെല്ലാം ശര്യന്നേപ്പ. അതോണ്ടല്ലെ കൊരങ്ങമ്മാറ ഞാനൊന്നും ചെയ്യാത്തത്. കണ്ട കൊരങ്ങമ്മാറേം വന്യമൃഗങ്ങളേം കൂട്ടീറ്റ് വന്ന ഗതികേട് എൻക്കറിയാ. ഓൻ മനുഷ്യനെങ്കില് എന്തിന് വെർതെ അസുരമ്മാറെ പ്രശ്നത്തില് എടപെട്ന്ന് അത് മാത്രോല്ല, അംഗദനെയോ സുഗ്രീവനേയോ ഹനുമാനേയോ ഞാനൊന്നും ചെയ്യീല്ല. അത് അവരോടില്ലെ സ്നേഹം കൊണ്ടോന്നൊല്ല; ഞാൻ ബാലിക്ക് കൊട്ത്ത വാക്കാണ്. അത് ഞാൻ തെറ്റിക്കീല. എന്റെ പേര് രാവണനാണ്, അല്ലാതെ രാമനല്ല. കിഷ്കിന്ധയുമായിറ്റ് സുഗ്രീവനറിയുന്നതിന് മുമ്പേ എൻക്ക് ബന്ധൂണ്ട്. രാമനെന്ന കൊല്ലൂന്ന് ഏതോ പരട്ടദേവമ്മാറ് പറഞ്ഞ് നടക്ക്ന്നുണ്ട്. അവനെയൊ മറ്റോ എന്റെ കയ്ക്കു കിട്ട്യാല് പറക്കീറ്റ് ചാടും. ജീവനുള്ള ഏത് ജീവീം സ്വന്തം പ്രാണന് വേണ്ടീറ്റല്ലാതെ പിന്നെ എന്തിനാണ് ശ്രമിക്കല്. നിനക്കറീലെ സീതെ...എന്റെ മരണം നീ കാരണമാവൂന്ന് വേറെ കൊറേ ആൾക്കാര് പറയുന്നുണ്ട്. അതും ഞാൻ കേട്ടിന്. എന്നാലും നിന്നെ കൊല്ലാൻ എൻക്ക് കയ്യ സീതെ... നീ ലങ്കേരെ പുത്ര്യാണ്, നീ എന്റെ മോളാണ്. സ്വന്തം നിലനിൽപ്പിന് വേണ്ടീറ്റ് പ്രതിരോധം തീർക്കുന്നത് ഏതൊരു ജീവീരേം കടമയാണ്. സീതേ... നീ എന്തന്ന് വിചാരിച്ചത്, രാമന പിടിച്ച് കെട്ടാൻ വേണ്ടീറ്റ് ഞാൻ നേരിട്ട് യുദ്ധം ചെയ്യുന്നാണൊ.? ലങ്കേല് അസുരവീരമ്മാറ് നിരവധിയ്ണ്ട്. അവരെല്ലാം കൊന്നാല് മാത്രേ ഞാൻ രാമലക്ഷ്മണമ്മാ കാണാൻ പോലും പോന്നുള്ളൂ. അതല്ല, എന്റെ താവളത്തില് അവരെത്ത്യാല് വെർതെ വിടാൻ ഞാൻ പൊട്ടനല്ല സീതേ.. നീയൊരു കാര്യം ചെയ്യ്, എനക്ക് വേണ്ടീറ്റ് ശിവഭഗവാനോട് പ്രാർത്ഥിക്ക്, പാർവ്വതീദേവീന സന്തോഷിപ്പിക്ക്."

സീത ഒന്നും പറയാതെ കെടക്കേലേക്ക് മുഖമമർത്തി. രാവണൻ കൊറച്ച് സമയം അത് നോക്കി നിന്നു. പിന്നെ പൊർത്തേക്ക് പോയി. 


ഏഴാം ദിവസത്തെ യുദ്ധത്തില് കിഴക്ക് ഭാഗത്ത് കൂടീറ്റ് രാമ സൈന്യം ഏറെ മുമ്പോട്ട് പോയി. രാവണൻ ഓരോ കവാടത്തിലെ കൂടീറ്റ് ആനകളെ പൊറത്തെറക്കി. കിഴക്ക് ഭാഗത്ത് ഒരാന അംഗദനെ ചുഴറ്റീറ്റ് ഒര് ഏറ് കൊട്ത്തു. അംഗദൻ കൊറേസമയത്തേക്ക് എണീച്ചിറ്റേയില്ല. കരടികളെ കണ്ടപ്പൊ ആനക്കൂട്ടങ്ങള് പേടിച്ച് തിരിഞ്ഞു. ജാംബവാൻ-നീല സൈന്യം ലങ്കക്ക് അകത്ത് കടന്നിറ്റ് കാലാളുകളെ ആക്രമിക്കാൻ തൊടങ്ങി. അതിവേഗത്തില് അവര് പല കരടിവീരമ്മാറുടേം തലയറുത്തു. ഇന്ദ്രജിത്തിന്റെ അസ്ത്ര നൈപുണ്യം കണ്ട് ശ്രീരാമന് സംശയായി. എന്നിറ്റ് ലക്ഷ്മണനോട് പറഞ്ഞു. 

“ഇവന് രാവണന്റെ കഴിവെല്ലം കിട്ടീനിന്ന് തോന്ന്ന്ന്. പിന്നീട് ഇന്ദ്രജിത്തിനോട് ചോയിച്ചു. 

“ആര് നീ.?” 

“രാവണന്റെ മോൻ ഇന്ദ്രജിത്ത്, "

അവൻ കൂസലില്ലാതെ അമ്പ് വിട്ടോണ്ടിരുന്നു. ഒരമ്പീനെന്നെ രണ്ട് മൂന്ന് ആൾക്കാരെ ചങ്ക് തൊളഞ്ഞ് കേറി. ലക്ഷ്മണന്റെ ശ്രദ്ധ ഒന്നു പാളി, ഇന്ദ്രജിത്തിന്റെ ഒരമ്പ് കയ്യല് പോയി തറച്ചു. ലക്ഷ്മണൻ പിടഞ്ഞുവീണു. അയിന്റെ മൊനേല് ഉഗ്രവിഷുണ്ടായിനോലും, ലക്ഷ്മണൻ മരിച്ച്വോലും. 

രാമൻ ഇന്ദ്രജിത്തിനോട് യുദ്ധം നിർത്തണമെന്ന് അപേക്ഷിച്ചു. ഇന്ദ്രജിത്ത് രാമലക്ഷ്മണമ്മാറ നോക്കിച്ചിരിച്ചു. ശേഷം ലങ്കേലേക്ക് പോയി. രാവണനോട് വിവരം പറഞ്ഞു. രാവണന് സന്തോഷായി. എന്നങ്കിലും സീത അറിയാതെ നോക്കണംന്ന് രാവണൻ പറഞ്ഞു. 

രാമൻ ഹനുമാനെ വിളിച്ചിറ്റ് സുശേഷണനോട് വിവരം പറയാൻ പറഞ്ഞു. സുശേഷണൻ വന്നിറ്റ് വിഷോല്ലം നോക്കി. നാഡി മിടിപ്പും പരിശോധിച്ചു. സംഗതി ശര്യാണ്; മർമ്മരം മാത്രം ഇല്ല. അപ്പോഴാണ് അഗസ്ത്യൻ പറഞ്ഞ മൃതസഞ്ജീവനീരെ കാര്യം ഓർമ്മ വന്നത്. ഹനുമാൻ യാത്രക്ക് തയ്യാറായി. 

“ഏട പോണ്ടത്... ഏത് മര്ന്ന് പറിക്കേണ്ടത്."

സുശേഷണനപ്പൊ മൃതസഞ്ജീവനിന്ന് പറഞ്ഞു. ഋഷഭ പർവ്വതത്തില് ഇണ്ടാവുന്നും പറഞ്ഞു. ഹനുമാന് വെപ്രാളം കൊണ്ട് ഒന്നും തിരിഞ്ഞിറ്റ. നേരെ മരത്വാമലേലേക്ക് ചാടി. ആട ഏട നോക്കീറ്റും സുശേഷണൻ പറഞ്ഞ ലക്ഷണത്തോടില്ലെ മര്ന്ന് കണ്ടിറ്റ. അവസാനം ആ ചെറിയ മല ബില്ലൊരു പാറേരെ മോളിലാണെന്ന് മനസ്സിലായി. അവസാനം ആ കല്ല് എളക്കീറ്റ് മലേം പൊന്തിച്ചിറ്റ് ലങ്കേലേക്ക് ചാടി. മല കുടീരത്തിനടത്ത് വെച്ചു.സുശേഷണൻ ചിരിച്ചു. പിന്ന മലേലേക്ക് കേറി മര്ന്ന് ശേഖരിച്ചിറ്റ് വന്നു. ദേഹത്ത് അരച്ച്പൊരട്ടി. വായു കടക്കാത്ത ഗുഹേല് കെടത്തി. പിറ്റേ ദെവസം എല്ലാരും കൂടീറ്റ് ഗുഹാകവാടം തൊറന്നു. ലക്ഷ്മണൻ എണീറ്റിറ്റ് ഇര്ന്നിറ്റ്ണ്ട്. രാമൻ ലക്ഷ്മണന കെട്ടിപ്പിടിച്ചു. 

“എന്ന് നീ രണ്ട് മൂന്ന് ദിവസം യുദ്ധത്തിന് വരണ്ട. രാമൻ പറഞ്ഞു. 

രാവണനും ചെലത് അറിയാമായിരുന്നു. ലക്ഷ്മണന കൊന്നതോണ്ട് നാള ഇന്ദ്രജിത്തിനോട് രാമന് പകേണ്ടാവും. അതോണ്ട് ഇന്ദ്രജിത്തിനോട് നാള യുദ്ധം ചെയ്യണ്ടാന്ന് പറഞ്ഞു. പകരം നരകാന്തന് ആ സ്ഥാനം നൽകി. 

അങ്ങനെ എട്ടാം ദെവസോം വന്നു. രാമൻ യോദ്ധാക്കൾക്ക് നിർദ്ദേശം നൽകി. 

“ആദ്യം ലങ്കരെ അഭിമാനസ്തംഭോല്ലം തകർക്കണം. പിന്ന രഥചക്രങ്ങള് ഗദ കൊണ്ട് തകർക്കണം. പിന്ന കുതിരികളെ അമ്പെയ്തിറ്റ് വീഴ്ത്തണം. യോദ്ധാക്കള് നില തെറ്റി വീണാല് ഗദയുദ്ധത്തിലൊ മല്ലയുദ്ധത്തിലൊ കൂടീറ്റ് വീഴ്ത്തണം. അട്ക്കാൻ അവര അനുവദിച്ചൂട.

അന്ന് രാമന്റെ ഭാഗത്ത് കൊറേ നാശനഷ്ടങ്ങളുണ്ടായി. കൊരങ്ങമ്മാറും കരടികളും പകുതിയായി. കഴുകൻപട എപ്പളും ലങ്കക്ക് ചുറ്റും വട്ടം പറന്നോണ്ടിരിന്നു. 

ഒമ്പതാം ദെവസത്തില് ഹനുമാന്റെ പരാക്രമങ്ങളായിരുന്നു മുന്നിട്ട് നിന്നിരുന്നത്. ലങ്കൻ കിടങ്ങുകൾ കരിങ്കല്ലുകൾ കൊണ്ട് നെറച്ചു. വാനരവീരമ്മാറും ഹനുമാൻ സേനയും മതിൽക്കെട്ടിനകത്ത് ഒരു പേടീം ഇല്ലാതെ പോയി. ത്രിശിരസ്സിന്റെ കൊടിയടയാളോം കുതിരയും നിലംപരിശ്ശായി. വേദാന്തകന്റെ നെഞ്ചത്ത് രാമൻ അയച്ച അമ്പ് തറച്ചു. വിദ്യുന്മാലിയേയും വിരൂപാക്ഷനേയും ഹനുമാൻ ഗദ കൊണ്ട് തച്ച് ചമ്മന്തിയാക്കി. 

യോദ്ധാക്കള് മരിച്ചതറിഞ്ഞപ്പൊ രാവണൻ പുഷ്പകവിമാനത്തില് യുദ്ധം നടക്കുന്ന സ്ഥലത്തെ കൂടീറ്റ് വട്ടം കറങ്ങി. രാമന്റെ രണ്ടമ്പ് മുമ്പിലെ കൂടീറ്റ് പോയപ്പൊ രാവണൻ തല കുനിച്ചു. ലങ്കേല് എത്തീറ്റ് എത്രയും പെട്ടെന്ന് കുംഭകർണ്ണന ഉണർത്തണംന്ന് പറഞ്ഞു. ലങ്കേരെ പെരുമ്പറ വാദ്യക്കാരും മറ്റ് വാദ്യക്കാരും കുംഭകർണ്ണൻ ഒറങ്ങ്ന്ന സ്ഥലത്തേക്ക് പോയി. പാട്ടുകൾ പാടി, ആർത്തു. കുംഭകർണ്ണൻ നല്ല ഒറക്കത്തിലായിരുന്നു. പാട്ട് കേട്ടിറ്റ് ഒണർന്നെങ്കിലും മറിഞ്ഞ് കെടന്നു. എട്ടടി നീളവും അഞ്ചടി വിസ്താരവുമുള്ള കാലിന് ചുറ്റും വാദ്യക്കാരും പാട്ടുകാരും നിരന്നു. പിന്നീടവര് തലേരെ ഭാഗത്തേക്ക് നടന്നു. പാട്ട് കൊറേ മണിക്കൂറ് നീണ്ടു. അപ്പളേക്കും അതികായനും നരാന്തകനും മരിച്ചിറ്റ്ണ്ടായിരിന്നു. അതിനെടേല് രാവണന്റെ അലർച്ച കേട്ടിറ്റ് കുംഭകർണ്ണൻ ഒണർന്നു. ചുറ്റും കൂടി നിന്നിറ്റ് ഒച്ചപ്പാടാക്കി ഗായകരേം വാദ്യക്കാരേം ചീത്ത വിളിച്ചു. എഴുന്നേറ്റ് ലങ്കാരാജ്യസഭേലേക്ക് പോയി. ഓരോ കാലെടുത്ത് വെക്കുമ്പളും ലങ്ക നടുങ്ങി. കൃമികീടങ്ങളെ മാതിരിള്ള സാധാരണ യോദ്ധാക്കളെ തട്ടി തെറിപ്പിച്ചോണ്ട്, ഒറക്കച്ചടവോടെ കൂടീറ്റ് നടന്നു. 

“നീ എത്ത്യേത് നന്നായി. "

രാവണൻ പറഞ്ഞു. 

കുംഭകർണ്ണൻ കോട്ടുവായിട്ടു. 

“എന്തിനെന്ന ഒണർത്ത്യേത്.?” 

എന്നിറ്റ് ആട അലങ്കാരത്തിന് വെച്ച പഴങ്ങളെല്ലാം എട്ത്തിറ്റ് വായിലിടാൻ തൊടങ്ങി. ഒരു ഭരണി നെർച്ചുള്ള വീഞ്ഞ് മൊത്തം കുടിച്ച് തീർത്തു. രാവണൻ ഇതെല്ലാം കണ്ടിറ്റ് ചിരിച്ചോണ്ട് നിന്നു. രാവണൻ പറഞ്ഞു. 

“ലങ്കേന ആക്രമിക്കാൻ വേണ്ടീറ്റ് അയോദ്ധ്യേന്ന് രാമൻ വന്നിറ്റ്ണ്ട്. നമ്മളെ കെടങ്ങ് അവര് മണ്ണും കല്ലൂട്ട് മൂടി. ഇപ്പൊ ലങ്കേരെ ചുറ്റും ബില്ല്യ യുദ്ധം നടക്കുന്ന്ണ്ട്. നീ അവര ഒയിവാക്കണം. ഇപ്പൊ ഇന്നത്തെ യുദ്ധം കയ്യും. അയിന് മുമ്പ് നീ പോയിറ്റ് കൊർച്ചാള കൊന്നിറ്റ് വാ...” 

കുംഭകർണ്ണൻ തെക്ക് ഭാഗത്തേക്ക് പോയി. അയാൾ കുതിരപ്പൊർത്ത് കേറാൻ നോക്കി. കുതിര നടുവൊടിഞ്ഞ് വീണു. പിന്ന ആനകള തൊറന്ന് വിട്ടു. ഒരാനേരെ പൊർത്ത് കേറി കാല് രണ്ടും കേറ്റി ചമ്രം പടിഞ്ഞിരുന്നു. ഇപ്പൊ കുംഭകർണ്ണൻ പോന്നത് കണ്ടാല് മല ഉരണ്ട് പോന്നത് മാതിരീണ്ട്. വാനരമ്മാറെ അട്ത്തെത്ത്യപ്പാട് ഓരോ ആനേനേം പൊന്തിച്ചിറ്റ് യുദ്ധത്തത്തിന്റെ എടേലേക്ക് വലിച്ചെറിഞ്ഞു. അസുരമ്മാറും ചത്തു, വാനരമ്മാറും ചത്തു. ഹനുമാന കുംഭകർണ്ണൻ കടലിലേക്ക് വലിച്ചെറിഞ്ഞു. അംഗദന പന്തിന്റെ ലാഘവത്തോടെ ചവിട്ടിത്തെറിപ്പിച്ചു. ജാംബവാന മരത്തിന്റെ മോളിലെ കൂടീറ്റ് ഒരേറ്; ഏട ചെന്ന് വീണേന്ന് ഒര് സൂചനേം കിട്ടീറ്റ. സുഗ്രീവന ചവിട്ട് അരച്ച് ലങ്കൻ തടവറീല് കൊണ്ടാക്കി. വിഭീഷ ണന ഒര് ചവിട്ടിന് ശ്മശാനത്തിലെത്തിച്ചു. കുബേര സൗധത്തില് പോയിറ്റ് ലങ്കൻ സ്ത്രീകളെ തൊർന്ന് വിട്ടു. അധികസ്ത്രീകളും കുംഭ കർണ്ണന കണ്ടില്ലായിരുന്നു. അവര് അദ്ഭുതം മാതിരി നോക്കിനിന്നു. രാമന്റെ കാളവണ്ടീം തേരും തവിട് പൊടിയാക്കി. നീലന കുണ്ടില് പർക്കിട്ടു. കിഴക്ക് വശത്തേക്ക് നീങ്ങുന്ന രാമസൈന്യത്തിന്റെ അട്ത്തേക്ക് പോയി. രാമന്റെ ഒന്നുരണ്ട് അമ്പ് രണ്ട് കൈകളിലുമായിറ്റ് പതിച്ചു. എങ്കിലും രാമന്റെ രഥം തവിട് പൊടിയാക്കി. രാമൻ ദൂരെ തെറിച്ചു. രാമൻ ഒരസ്ത്രം കുംഭകർണ്ണന് നേരെ അയച്ചു. അത് കയ്യോണ്ട് പിടിച്ചിറ്റ് കുന്തം മാതിരി ഒരേറ് തിരിച്ച് കൊട്തു. രാമന്റെ തോളില് അത് കൊണ്ടു. വാനരപ്പട ഏകദേശം തീർന്നു. കടലിന്ന് ഹനുമാൻ ലങ്കലേക്ക് പാഞ്ഞ് വന്നു. ഒരു ചാട്ടം. സുഗ്രീവൻ അഴിച്ചുവിട്ടു. തടവറ പൊളിച്ചു. 

വാനരമ്മാറെ എല്ലാ കുടീരവും നശിപ്പിച്ചിറ്റ് കുംഭകർണ്ണൻ രാവണസന്നിധീല് വന്നു. എന്നിറ്റ് ചോദിച്ചു. “ഈട എന്തന്ന് പ്രശ്നം? 

രാവണൻ ചിരിച്ചു. 

ഒറങ്ങി എണീറ്റപ്പാട് യുദ്ധം, പിന്നെ ഭക്ഷണം. കുംഭകർണ്ണന കണ്ടപ്പാട് രാവണന് ധൈര്യായി. രാവണന്റെ കഥ കേക്കാൻ നിന്നിറ്റ . വിഭീഷണൻ തന്നെ കൊല്ലാൻ വന്നതോണ്ട് രണ്ട് കൊട്ത്തൂന്ന് പറഞ്ഞു. 

“എന്ന് രാമ സൈന്യത്തില് ഇരുപതോളം കരടികളും പത്തോളം കഴുകമ്മാറും അമ്പതോളം വാനരമ്മാറും മാത്രേ ഇല്ലു. രാവണൻ പറഞ്ഞു. 

കുംഭകർണ്ണൻ ഉച്ചത്തില് അട്ടഹസിച്ചു. ലങ്കൻ ചുവരുകൾ ചെറുതായി വിറച്ചു. രാവണൻ തുടർന്നു. 

“നാള പത്താം നാൾ യുദ്ധം അവസാനിക്കണം. രാമന് തുറങ്കലിലടക്കുകയൊ കൊല്ലുകയൊ ചെയ്യാം. ശവങ്ങളെ കടലിലെറിയണം. 

കുംഭകർണ്ണന് വേണ്ട ആഹാരം പാകമായെന്ന് ഒരു ഭടൻ അറിയിച്ചു. കുംഭകർണ്ണൻ രാവണന്റെ കാല് തൊട്ട് വന്ദിച്ചു. ശേഷം ഭക്ഷണപ്പുരേലേക്ക് പോയി. കുംഭകർണ്ണന്റെ തീൻമേശ കരിങ്കല്ല് കൊണ്ടായിര്ന്നു. ചോറ് തിന്നിറ്റ് വയറ് നെറയാഞ്ഞിറ്റ് പത്ത് മുപ്പത് മരത്തടി മേശകൾ പൊട്ടിച്ചെറിഞ്ഞവനായതോണ്ട് രാവണന്റെ ആജ്ഞ പ്രകാരം ശിൽപ്പികൾ കൊത്തിയെട്ത്തതായിരുന്നു പുതിയ തീൻമേശ. കരിങ്കൽ കസേരയിൽ ഇര്ന്നു. ഗോപുരം മാതിരി ഉയർത്തിവച്ച പഴങ്ങൾ, കാട്ടിറച്ചീം കള്ളും, രണ്ട് പറ ചോറ്. കുംഭകർണ്ണൻ അതെല്ലാം തിന്നു, കള്ളും കുടിച്ചു. ചുറ്റും നിന്ന ഭടന്മാര് കുംഭകർണ്ണന്റെ തീറ്റ കണ്ടിറ്റ് അന്ധാളിച്ചു. പത്ത് പതിനഞ്ച് ഭടന്മാരെ തീറ്റയാണ് കുംഭകർണ്ണന്റെ ഒരു നേരത്തേത്. കുംഭകർണ്ണന്റെ പല്ലിന്റെട്ക്കത്തെ അളിഞ്ഞ ഗന്ധം ലങ്കേല് പരന്നു. കാതിന ഭയപ്പെടുത്ത ശബ്ദം ലങ്കേല് പരന്നു. പല്ലിന്റെടേല് കുത്തീറ്റ് ഒര് എർച്ചിനാര് പൊർട്ത്തെട്ത്തിറ്റ് തുപ്പിക്കോണ്ടിരിന്നു. ലങ്കൻ സൈനികര് ബാക്കി വന്ന ഭക്ഷണത്തിന് വേണ്ടീറ്റ് തല്ല് കൂടി. രാവണസന്നിധീല് കുംഭകർണ്ണന കാത്ത് നിന്ന രാവണൻ ഒരു ചെറുചിരിയോടെ ഓന എതിരേറ്റു. ആത്മവിശ്വാസത്തോടെ പറഞ്ഞു. 

“അനിയാ... അനിയാ എന്നെനക്ക് പേടീല്ല. നാളേന്നെ ലങ്കൻ അതിർത്തീന്ന് രാമസൈന്യത്തിന് തുരത്തി ഓടിക്കണം. നിന്റെ സേവനത്തിന് ലങ്കൻസൈന്യം എന്നും കടപ്പെട്ടിരിക്കും. രാമന മല്ലയുദ്ധത്തിന് നീ ക്ഷണിക്കണം. എന്നിറ്റ് ഓന്റെ എല്ലുകള് ഒടിച്ച് ഉണ്ടായാക്കീറ്റ് എറിയണം. രാമസൈന്യത്തില് എന്നി എണ്ണിയെട്ക്കാവുന്ന ആൾക്കാരെ ഇല്ലു. 

കുംഭകർണ്ണന് തിന്നാൻ കിട്ടീറ്റാന്നില്ലെ പരാതി മാത്രേ ഇണ്ടായിറ്റു. 

“നാള നാല് കുടം കള്ള് അധികം കൊണ്ടരണം. കുംഭകർണ്ണൻ പറഞ്ഞു. 

കുംഭകർണ്ണന് സൈന്യത്തിന കുറിച്ചിറ്റ് ഒന്നും അറീല. യുദ്ധ നിയമമൊ യുദ്ധതന്ത്രമൊ അറീല. രാവണൻ കൊല്ലാൻ പറഞ്ഞാല് കൊല്ലും. തീറ്റേം ബെള്ളോം കിട്ടണംന്നെയില്ലു. 

കൈ ചതഞ്ഞിറ്റും കാല് മുറിഞ്ഞിറ്റും രാമന്റെ യോദ്ധാക്കള് താവളമടിച്ചു. രാമന്റെ സൈന്യത്തില് പരിക്കില്ലാത്ത ഒരാളും ഇണ്ടായിറ്റ. സേതൂന് അട്ത്ത് ആദ്യം താവളമടിച്ചു. ശുശ്രൂഷകുടീരത്തിലാണ് ഇപ്പൊ. അംഗദൻ, രാമൻ, ലക്ഷ്മണൻ, ഹനുമാൻ, നീലൻ, ജാംബവാൻ, സുഗ്രീവൻ സുശേഷണൻ എന്നിവരും പത്തമ്പ തോളം വാനരമ്മാറും ഇരുപതോളം കരിടികളും പത്തോളം കഴുക മ്മാറും മാത്രേ ഇപ്പുള്ളൂ. അന്ന് രാത്രി അവർക്ക് ഉറക്കമില്ലാത്തതായിരുന്നു. 

ഹനുമാനോട് രാമൻ പറഞ്ഞു. 

“നാള കുംഭകർണ്ണനാണ് വര്ന്നതെങ്കില്, നമ്മുടെ കയ്യില് ആവശ്യത്തിന് ആയുധങ്ങളൊ മര്ന്നുകളൊ ആഹാരസാധനങ്ങളൊ ഇല്ല. ഇതൊക്കെ വേണോങ്കില് കുബേരന്റെ അട്ത്ത് പോയിറ്റ് ധനം ഇണ്ടാക്കണം. ഇന്ദ്രനോട് ആയുധങ്ങള് മേണിക്കണം. അതോണ്ട് നീ പോയിറ്റ് ഋഷഭപർവ്വതത്തില് ചെന്നിറ്റ് കുബേരന് കണ്ടിറ്റ് ധനം സമ്പാദിച്ചിറ്റ്, ദേവേന്ദ്രന്റെ അട്ത്തുന്ന് ആയുധോം മേണിച്ചിറ്റ് വരണം. 

ഹനുമാൻ "ശരീ'ന്ന് പറഞ്ഞ് ഋഷഭപർവ്വതത്തിലേക്ക് പോയി. കുംഭകർണ്ണ സൈന്യത്തിന് വാരിക്കുന്തോം മൊളേം കൊണ്ട് നേരിടാൻ പറ്റീല. തീച്ചൂളേന്നെടുത്ത കൂർപ്പിച്ച ആയുധങ്ങളാണ് വേണ്ടത്. വെഷം നെർച്ച അസ്ത്രങ്ങള് തന്നെ വേണം. ഹനുമാൻ കുബേരന്റെ അട്ത്തെത്തി. കുബേരൻ രാവണന പേടിച്ചിറ്റ് ഒളിച്ചിരിക്കുകയായിരുന്നു. 

കുബേരൻ പറഞ്ഞു. 

“ആ ദുഷ്ടന കൊല്ലാൻ വേണ്ടീറ്റ് വേണോങ്കില് യക്ഷമ്മാറ വിട്ടുതരാൻ ഞാൻ തയ്യാറാണ്."

"വാനരമ്മാറ് തീർന്നപ്പാട് ഞാൻ നിങ്ങള അറിയാക്കാ' ന്ന് ഹനുമാൻ പറഞ്ഞു. ഇന്ദ്രസമക്ഷം ചെന്നിറ്റ് ധനം നൽകിയശേഷം വിശേഷപ്പെട്ട അസ്ത്രങ്ങളും അമ്പുകളും മേണിച്ചു. വാളുകളും പരിചകളും ഗദകളും മേണിച്ചു. 

ലങ്കേല് എത്ത്യപ്പാട് നേരം വെളുത്തിരുന്നു. ആരും ഉറങ്ങാതെ, ഹനുമാനെ കാത്തിരിക്കുന്ന്ണ്ടായിന്. പുതിയ ഇന്ദ്രായുധങ്ങള് കാണാൻ എല്ലാരിക്കും തിടുക്കായി. എല്ലാരും അതിന് തിരിച്ചും മറിച്ചും നോക്കി. വെർതെ വീശുമ്പോളെന്നെ ഊർജ്ജം അയിൽന്ന് പൊർത്ത് ബെര്ന്ന്. ഹനുമാൻ തന്റെ പതിവ് ഗദേന്നെ മതീന്ന് വെച്ചു. രാമന്റെ ആവനാഴീല് മാനവാസ്ത്രം, ഐന്ദ്രാസ്ത്രം, വ്യായാസ്ത്രം, ചന്ദ്രകാരബാണം, പ്രാണഘാദാസ്ത്രം, ബ്രഹ്മാസ്ത്രം എന്നിവ നെറച്ചു. 

കുംഭകർണ്ണൻ അതിരാവിലെ സീതേന കാണാൻ പോയി. രാവണൻ ലങ്കലേക്ക് ഒരു പെണ്ണിനെ കട്ടോണ്ട് വന്നിനിന്ന് പറഞ്ഞിറ്റ് കാണാൻ വേണ്ടി പോയതാണ്. എന്റെ മോളാണ്; ഒന്നും ചെയ്യര്തെന്നും പറഞ്ഞു. “എന്നാലെന്റെ മരുമോളല്ലെ' ന്ന് തമാശേം പറഞ്ഞിറ്റ് സീതേന പാർപ്പിച്ച അന്തപുരത്തിലെത്തി. 

കുംഭകർണ്ണന കണ്ടപ്പൊന്നെ സീതക്ക് പേടിയായി. ഏകദേശം സീതേരെ എരട്ടീണ്ട് കുംഭകർണ്ണൻ. ചെറ്തായിറ്റ് പറഞ്ഞാലെന്നെ ലങ്ക മൊത്തം കേക്കും. അലറിയാല്, സാധാരണ സ്ത്രീയെങ്കില് ഓള് വേഗം ബോധംകെടും. കുംഭകർണ്ണന്റെ മോത്ത് സദാ പൗരുഷം ഇണ്ടായിന്. അമിതമായി വളർന്ന ചുരുണ്ട തലമുടീം, ദേഹമാസകലം രോമോം, സ്വർണ്ണക്കസവുള്ള മേൽമുണ്ടിന്റെ തെളക്കോം, സിംഹപ്പല്ലോണ്ട് കോർത്ത മാലേം, ഇടത്തരം കറുത്ത ശരീരോം കണ്ടിറ്റ് സീതക്ക് ആരീന്ന് മനസ്സിലായിറ്റ. ഇങ്ങനെയൊരു കഥാപാത്രത്തിന 

ഇത് വരെ കണ്ടിറ്റല്ലോപ്പാ.! സീതക്ക് സംശയായി. 

സീത പറഞ്ഞു. 

“എന്ന ഈട്ന്ന് പൊർത്ത് കൊണ്ടോവാൻ എന്തെങ്കിലും വഴീണ്ടാ.?" 

കുംഭകർണ്ണൻ ചിരിച്ചു. 

“എണെ പൊട്ടി... ഞാനാരീന്ന് നിനക്കറിയോ.? രാവണന്റെ അനിയൻ കുംഭകർണ്ണൻ.നിന്റെ എളേപ്പൻ, നിനക്ക് ഈട എന്തെന്ന് കൊറവില്ലത് എൻക്ക് രാമനോട് ഒര് പകേം ഇല്ല. എന്നങ്കിലും ഏട്ടൻ പറഞ്ഞാല് ഞാനെന്തും ചെയ്യും. എനക്ക് ദിവസം രണ്ട് പറ ചോറ് വേണം. നീ താ.? കാട്ടെറച്ചി, നാല് ആടിന്റെ കാല് വേണം, നീ തര്വൊ.? കള്ള് വേണം, നീ താ.?" 

സീത വായ് പൊത്തീറ്റ് ചിരിച്ചു. ആ ചിരി കുംഭകർണ്ണന് അത്ര പിടിച്ചിറ്റ. 

“എണെ... നിന്റെ ഓൻ ദേവമ്മാറെ ഭാഗത്തല്ലെ.? എൻക്കറിയാ. ഇപ്പൊ നമ്മളെ രഹസ്യാന്വേഷണക്കാരൻ വന്നിറ്റ്ണ്ടായിന്. ദേവേന്ദ്രന്റെട്ത്ത് അസ്ത്രം മേണിക്കാൻ പോയിറ്റ് ആ കൊരങ്ങൻ വന്നു. നമ്മൊ ഈട്ന്ന് കെട്ട് കെട്ടിച്ച കുബേരന്റട്ത്ത് പോയിറ്റ് ധനോം മേണിച്ചു. എന്നും രാമന വെർതെ വിട്ടാല് ആര് പൊർക്കും,? നിനക്കറിയൊ ദേവമ്മാറെ കാര്യം... പണ്ട് നമ്മക്ക് പാലാഴി കടയാന്ന് പറഞ്ഞിറ്റ് നമ്മളെ വിളിച്ചോണ്ട് പോയിറ്റ്, അയിൽന്ന് കിട്ട്യ നല്ല സാധനോല്ലം അവരെടുത്തു. അമൃതും എടുത്തു, അപ്സരസുകളേം എട്ത്തു. നമ്മക്ക് കിട്ട്യേതൊ ചരലും മണ്ണ്. പാലാഴി കടഞ്ഞപ്പൊ കരുത്തെല്ലം നമ്മൾത്,എന്നിറ്റ് വിഷോല്ലം നമ്മക്ക്. വിഷ്ണൂന് രാവണന്റെ മുമ്പില് നിക്കാനുള്ള യോഗ്യതപോലുല്ല. പേടിച്ചിറ്റ് ദേവലോകത്ത് കയ്യ്ന്ന ദേവേന്ദ്രന തവിട് പൊടിയാക്കീറ്റ് കൊണ്ടരാൻ അറിയാഞ്ഞിറ്റല്ല. എന്നിറ്റ് ഓനോട് അമ്പും വില്ലും മേണിച്ചിറ്റ് വന്നിന്. ഓന കൊന്നിറ്റല്ലാതെ എൻക്ക് വേറെ കാര്യൂല്ല. കൊറച്ച് ഒറക്കം പോയി. അത് പോട്ട്."

സീതയോട് പകയില്ലാന്നറിഞ്ഞപ്പാട് ഓള് സമാധാനത്തോടെ പറഞ്ഞു. 

“എന്റെ പുരുവന മറക്കാനൊ തള്ളിപ്പറയാനൊ എൻക്ക് കയ്യ. അല്ലാതെ ദേവാസുരമ്മാറ ശത്രുതേന കുർച്ചിറ്റ് എൻക്കറീല. എന്നല്ലങ്കിലും അയോദ്ധ്യേലെ രാജാവായ രാമനെങ്ങനെ ദേവമ്മാറെ ബന്ധുവാല്.? ഇപ്പൊ യുദ്ധം നിർത്ത്യാല് നിങ്ങക്ക് നല്ലതല്ലേ.? രാജ്യം വേണ്ടാന്ന് വെച്ചിറ്റ് വനവാസം തെരഞ്ഞെടുത്ത ആ മനുഷ്യൻ എങ്ങനെ ശത്രുവാവല്.? അങ്ങനെങ്കില് എന്ന കൊന്നിറ്റെ നിങ്ങക്ക് രാമന് തൊടാൻ പറ്റൂ. "

കുംഭകർണ്ണന് ദേഷ്യം വന്നു. ഒരു പീറപ്പെണ്ണ് തന്നോട്. ബില്ല്യ കയ്യെട്ത്തിറ്റ് സീതേരെ നേരെ ഒര് വീശല്. സീത ഒയിഞ്ഞ് മാറി.

കുംഭകർണ്ണൻ ജാള്യതയോടെ മുഖം താഴ്ത്തി. സീതേന ക്രൂരമായി നോക്കീറ്റ് രാവണസന്നിധിലേക്ക് പോയി.രാവണനോട് ചെർതായിറ്റ് പറഞ്ഞു. 

“സീത നമ്മൊ വിചാരിക്കുന്ന മാതിരി പൊട്ടിപ്പെണ്ണൊന്ന്വല്ല."

അത് കേട്ടപ്പൊ രാവണന്റെ കണ്ണ് നെറഞ്ഞു. 

“ഈ ലങ്കേന മുടിക്കാൻ പെർന്നോള, നീയെന്തിന് ബാത്തിപ്പറയ്ന്ന് ആട ഞാൻ ഓള കൊല്ലാൻ വേണ്ടീറ്റ് കൊറേ പ്രാവശ്യം പോയി. വാളെടുക്കുമ്പൊ പണ്ട് കടൽക്കരേന്ന് കേട്ട കരച്ചില് ഓർമ്മ വരും. ഓളെ ഓമനത്തുള്ള മൊഖം കാണുമ്പം പിന്തിരിഞ്ഞ് പോവും. ഇല്ലെങ്കില് ഏട്ന്നെങ്കിലും മണ്ഡോദരീരെ ശബ്ദം കേക്കും. ഓള് കരയ്ന്ന്ണ്ടാവും. അനിയാ ഓളെ കൊല്ലാനെനിക്ക് ധൈര്യൂല്ലാഞ്ഞിറ്റാന്ന് ഞാനത് ഉപേക്ഷിച്ചത്. എന്നങ്കിലും രാമന കൊല്ലാൻ എൻക്ക് മടിയൊന്നുല്ല. 

കൊർച്ച് നിർത്തി രാവണൻ തൊടർന്നു. 

“അസുരമ്മാറ് നന്നാവണം, നമ്മളെ പറ്റിച്ചവരെ നെലക്ക് നിർത്തണം. ഈ യുദ്ധം ജയിച്ചാല് അമരത്വം നേടണം. അതിന് ശിവഭഗവാനെ പൂജിക്കണം. മൃത്യുനിവാരണ മന്ത്രം ചൊല്ലി യാഗം നടത്തണം. ഭൂമീല് ഭയാശങ്കയില്ലാതെ ജീവിക്കണം. എല്ലെങ്കില് എപ്പളും ശത്രുപക്ഷത്തിന്റെ കീഴിൽ കയ്യാൻ വിധിക്കപ്പെട്ട അശരണന്മാറായിറ്റ് നമ്മൊ മാറും. നിനക്കറിയാലൊ, അവര് മഹാബലിയോട് ചെയ്തത്, ഹിരണ്യകശപൂനോട് ചെയ്തത്.? അങ്ങനെ എന്നേം ഇല്ലാതാക്കണം. അതിനാണ് ദേവേന്ദ്രന്റെ സഹായം തേടീയത്."

കുംഭകർണ്ണൻ ഒന്ന് മൂളി, ഭക്ഷണശാലയിലേക്ക് പോയി. യുദ്ധത്തിന്റെ പത്താം ദിവസം വന്നു. ശംഖുനാദം മൊഴങ്ങി. കുതിരപ്പടകളും ആനപ്പടകളുമായി കുംഭകർണ്ണസൈന്യം ഒരുങ്ങി. രാമസൈന്യത്തിന്റെ പതിവില്ലാത്ത പ്രൗഢി കണ്ട് കുംഭകർണ്ണൻ അമ്പരന്നു. കരുത്തുള്ള ആയുധങ്ങൾ, മുള കൂർപ്പിച്ചതോ മരക്കുന്തങ്ങളൊ അല്ല; ലോഹം കൊണ്ട് നിർമ്മിച്ചത്. നല്ല മൃഗത്തിന്റെ എല്ലുകൾ ഘടിപ്പിച്ചത്. 

രാമസൈന്യം കിഴക്ക് വശത്തെ കൂടി വന്നു. നാല് ഭാഗത്തേക്കും അയക്കാൻ ആളുകളുണ്ടായിരുന്നില്ല. കഴുകമ്മാറ് പതിവു പോലെ ലങ്കക്ക് മേൽ വട്ടമിട്ട് പറന്നു. കരടികളും വാനരമ്മാറും ഗദകളുമായി നീങ്ങി. കുംഭകർണ്ണസൈന്യത്തിന അതിശയം മാതിരി നോക്കാനെ രാമന് കയ്ഞ്ഞള്ളൂ. ലക്ഷ്മണൻ, അംഗദൻ, വിഭീഷണൻ, നീലൻ, ജാംബവാൻ എല്ലാവരും ക്ഷീണിതരായിരുന്നു. എന്നാൽ ഹനുമാന്റെ ഗദപ്രയോഗങ്ങൾ കുംഭകർണ്ണ സൈന്യത്തിന വലുതായിറ്റ് ബാധിച്ചു. രാമൻ പേടിയോടെയാണ് അമ്പെയ്തത്. രാമൻ വ്യയാസ്ത്രം കുംഭകർണ്ണന് നേരെ അയച്ചു. കുംഭകർണ്ണൻ അത് ഗദ കൊണ്ട് തടുത്തു. മല്ലയുദ്ധത്തില് മുമ്പന്തിലുള്ള കുംഭകർണ്ണന് അസ്ത്രപ്രയോഗം അത്ര നല്ലതായി തോന്നിയില്ല. രണ്ട് മൂന്ന് അമ്പുകൾ ശരീരത്തില് തറച്ചപ്പൊ അതിലെ വിഷം ബലക്കുറവിനും നാഡീമിടിപ്പിലെ മന്ദതയ്ക്കും വഴിവച്ചു. ഓടാനോ ചാടാനോ പറ്റാത്ത വിധം കുംഭകർണ്ണൻ ശേഷിയില്ലാത്തവനായി. ആ സമയം രാമന്റെ ഐന്ദ്രാസ്ത്രം കുംഭകർണ്ണന്റെ നെഞ്ചിന്റെ വലതുഭാഗം തൊളച്ചു. പ്രാണവേദന കൊണ്ട് കൊറേ കൊരങ്ങമ്മാറ കുംഭകർണ്ണൻ കടലി ലേക്ക് വലിച്ചെറിഞ്ഞു. അതില് അംഗദനും സുഗ്രീവനും ലക്ഷ്മണനും നീലനും ജാംബവാനും പെട്ടിരുന്നു. 

ഹനുമാൻ കുംഭകർണ്ണനുമായിറ്റ് മല്ലയുദ്ധം നടത്തി. കുംഭകർണ്ണന അനക്കാൻ ഹനുമാന് കിട്ടീറ്റ, കുബേരസൗധം ഒടിച്ചിട്ടു. കമനീയമായ ആ പഴയ കൊട്ടാരം ഇല്ലാണ്ടാക്കി. കണ്ണിന്റെ കാഴ്ച പോകുന്നതായി കുംഭകർണ്ണൻ അറിഞ്ഞു. ഓരോ ബാഹ്യേന്ദ്രിയങ്ങളും മരവിക്കുന്നു. പ്രാണശക്തി കൊറയുന്നു. രാമരഥത്തിലേക്ക് കുംഭകർണ്ണൻ ഓടിച്ചെന്നു. ചന്ദ്രകാരബാണാസ്ത്രം ഉപയോഗിച്ചതോടെ കുംഭകർണ്ണന്റെ പകുതിലധികം ഊർജ്ജവും ഇല്ലാണ്ടായി. കുംഭകർണ്ണന് എല്ലാം മിന്നലൊളി മാതിരി കാണാൻ കയ്ഞ്ഞു. രാമന്റെ കുതിരകളെ ചവിട്ടി തെറിപ്പിച്ച ശേഷം തേരിന്റെ ചക്രം പൊന്തിച്ച് മറിച്ചിട്ടു. രാമൻ ആട്ന്ന് രക്ഷപ്പെട്ടിറ്റ് കൊർച്ചപ്പറം നിന്നിറ്റ് എല്ലാം നോക്കി. പിന്നെ പ്രാണഘാതകാസ്ത്രം എയ്തു. കുംഭകർണ്ണന്റെ അവസാനത്തെ ഊർജവും പൊടിഞ്ഞു. ഒരു ബില്ല്യ പാറ ഭൂമീല് പതിക്കുന്ന മാതിരി അഞ്ചെട്ട് പത്ത് വാനരമ്മാറെ മോളിലേക്ക് വീണു. അതിന്റെ ശക്തീല് രാമൻ ഏടത്തേക്കൊ തെറിച്ച് വീണു. സുശേഷണൻ രാമന താങ്ങിയെട്ത്തിറ്റ് ആളൊഴിഞ്ഞ സ്ഥലത്ത് കെടത്തി. പൊളിഞ്ഞ് വീണ കൊട്ടാരാവശിഷ്ടത്തിനെടേലേ കൂടീറ്റ് ശുശ്രൂഷാമന്ദിരത്തിലേക്ക് കൊണ്ടോയി. കടലില് വീണ ഓരോ ആളുകളെയായിറ്റ് ഹനുമാൻ ലങ്കേലെത്തിച്ചു. ലക്ഷ്മണന ഏട പര്തീറ്റും കണ്ടിറ്റ. അവസാനം പാലത്തിന്റെ മോളില് അള്ളിപ്പിടിച്ചിറ്റിരിക്ക്ന്ന ഓന പൊക്കിയെട്ത്തിറ്റ് വന്നു. ഹനുമാൻ പിന്നേം ദേവേന്ദ്രന്റെ അട്ത്ത് പോയിറ്റ് കൊറേ ആയുധം മേണിച്ചിറ്റ് വന്നു. ഇപ്പൊ രാമ സൈന്യം മുപ്പത് പേരിലായി ചുരുങ്ങി. അതിലധികവും കഴുകമ്മാറായിരുന്നു. 

കുംഭകർണ്ണൻ മരിച്ചതറിഞ്ഞപ്പാട് രാവണൻ കൊറേ സമയം ഒന്നും മിണ്ടാതെ നിന്നു. കുംഭകർണ്ണന്റെ പുത്രമ്മാറായ കുംഭനും നികുംഭനും രാവണന സാന്ത്വനിപ്പിച്ചു. പെരുമ്പറ കൊട്ടി കുംഭകർണ്ണന ആചാര പ്രകാരം മറവ് ചെയ്തു. ലങ്കലെ ഏത് യോദ്ധാവിനും കിട്ടാത്ത പരിഗണന കുംഭകർണ്ണന് കിട്ടി. 

സമയം രാത്രിയായി. കനല് രാവണന്റെ മനസ്സില് കെടന്നിറ്റ് ഊതിക്കത്തി. പിറ്റേ ദെവസത്തെ യുദ്ധത്തിനപ്പറ്റി ചിന്തിച്ചോണ്ട് രാവണൻ കൊറേ മദ്യം കുടിച്ചു. പിന്നെ നടക്കാൻ പറ്റാതായി. ഓർമ്മ 

ലെവിടെയോ സീതേണ്ടായി. അന്ന് സീതേട്ത്തേക്ക് മനശക്തിയെല്ലാം കൊറഞ്ഞ്, കുടിച്ച് ലക്കുകെട്ട് രാവണൻ പോയി. സീത ഇതുവരെ കാണാത്ത രാവണൻ. 

“എടീ കുലംമുടിച്ചീ.... മുടി പൊലച്ചീ... നീ ആര്...?" 

പിന്ന കൊറേ കരഞ്ഞു. എടക്ക് പക വന്ന് മൂടും. പിന്നെ നിസ്സഹായനാവും, ശുദ്ധനാവും. കേവലം ശരാശരി മനുഷ്യന്റെ കൂട്ട്. സീതേരെ കണ്ണീന്ന് കണ്ണീര് വന്നു. 

“ഇത്രേം ബില്ല്യ രാജാവ്, യക്ഷമ്മാറ കെട്ട് കെട്ടിച്ച രാവണൻ ഇങ്ങനെ തകരുന്നത് നാണക്കേടാണ്."

സീത പറഞ്ഞു. 

രാവണൻ ആട ബോധം കെട്ടിറ്റ് വീണു. സീത ഒച്ചേണ്ടാക്കി. പിന്ന അട്ത്തേക്ക് പോയി. അപ്പളേക്കും ഖരപുത്രനായ മകരാക്ഷനും രാവണപുത്രനായ ഇന്ദ്രജിത്തും കുംഭകർണ്ണ പുത്രമ്മാറായ കുംഭനും നികുംഭനും അടുത്തെത്തി. രാവണന താങ്ങിപ്പിടിച്ച് സൗധത്തിലാക്കി.

പതിനൊന്നാം നാൾ അസുരപുത്രമ്മാർ യുദ്ധത്തിനെറങ്ങി.കുറെ യക്ഷമ്മാർ രാമസൈന്യത്തിന സഹായിക്കാനെത്തി. യുദ്ധത്തിന് കാഠിന്യം ഇണ്ടായിരുന്നു. ഇന്ദ്രജിത്ത് രാമലക്ഷ്മണമ്മാറ എതിരിട്ടു. അച്ഛൻ ജാതി മക്കോന്ന് കേട്ടിട്ടേയില്ലു... ഇപ്പൊ കുംഭനി കുംഭമ്മാറ് യുദ്ധം ചെയ്യുന്നത് കണ്ടാല് മനസ്സിലാവും. ഓരോ 

ആൾക്കാരേം പറക്കീറ്റ് ചാടാൻ തൊടങ്ങി. കാലിന് പിടിച്ച് പാറക്കെട്ടിലടിക്കാൻ തൊടങ്ങി. 

ലക്ഷ്മണന്റെ അമ്പിൽ ഇന്ദ്രജിത്തിന്റെ തേരും തേരാളിയേയും ഇല്ലാതാക്കി.പിറ്റേത്തെ അമ്പില് ഇന്ദ്രജിത്തിന്റെ പ്രാണനും പോയി. ഇന്ദ്രജിത്ത് മരിച്ച വാർത്ത അറിഞ്ഞപ്പാട് രാവണൻ യുദ്ധത്തിനെറങ്ങി. രാവണചിഹ്നങ്ങളുള്ള കൊടികൾ, ലങ്കേരെ അഭിമാന ചിഹ്നങ്ങളായ സിംഹമുഖം പതിച്ച കൊടികൾ, ആവനാഴിയിൽ നെറച്ച അമ്പുകൾ, വാളുകൾ, ഗദ... എല്ലാം തേരില് നെർച്ചിറ്റ് രാവണൻ എറങ്ങി. രാമൻ ആ കാഴ്ച കണ്ടപ്പാട് അമ്പരന്നു. തേജസ്, ആകാര വടിവ് ഉത്തമ മനുഷ്യൻ, തികഞ്ഞ ദൈവികത്വമുള്ളവൻ. കറുത്ത കച്ചയിൽ തെളങ്ങുന്ന സ്വർണ്ണകസവ്, രത്നം പതിച്ച കിരീടം. അപ്പളേക്കും സന്ധ്യയായിരുന്നു. 

രാമൻ പറഞ്ഞു. 

“ഇന്ന് കൊറേ ബയ്തു; എനി നാള ചെയ്യാ... 

രാമൻ സുഗ്രീവനോട് കിഷ്കിന്ധേന്ന് കൊറേ വാനരമ്മാറ കൂടി കൊണ്ടരാൻ പറഞ്ഞിറ്റ്ണ്ടായിന്. അവര് ആ ദെവസം രാത്രീല് പാലത്തിലെ കൂടീറ്റ് താവളത്തിലെത്തി. ആയുധം ഇതുവരെ കാണാത്തവരും അക്കൂട്ടത്തിലുണ്ടായിന്. 

രാവണ സന്നിധി മൂകമായിരുന്നു. പ്രധാനപ്പെട്ട സേനാധിപമ്മാറെല്ലം പോയി. രാവണൻ നിരാശയോടെ സീതേരെ മുമ്പില് ഇര്ന്നു. 

സീത പറഞ്ഞു. 

“നിങ്ങൾ പറഞ്ഞ മാതിരി പ്രതിരോധം തീർത്തിറ്റ് ലങ്കേലെ സേനാധിപമ്മാറും നിങ്ങളെ പുത്രമ്മാറും തീർന്നു. എന്തിന് സർവ്വ സൈന്യാധിപനായിര്ന്ന കുംഭകർണ്ണനും പോയി. എന്ന് നിങ്ങളും കൂടി മരിച്ചാല് എല്ലാം കയ്ഞ്ഞു. നിങ്ങോ മരിക്കുന്നതോടെ ലങ്കേല് ബില്ല്യ മാറ്റുണ്ടാവും. മരണത്തിന സ്വയം വരിക്കാൻ മനസ്സിന് പാകമാക്കിക്കൊ. 

രാവണന്റെ നിരാശേല് ബല്ല്യ ആവേശുണ്ടാക്കി. ഓള് പറഞ്ഞു. 

“ഈ നിമിഷം നീയും ഞാനും യുദ്ധം ചെയ്താല് പെട്ടെന്നെന്നെ നിങ്ങള എൻക്ക് തോപ്പിക്കാൻ കയ്യും. എന്നങ്കില് ആ അശരീരി സത്യാവും. നിങ്ങൾ ശിവന്റട്ത്തല്ല ദേവേന്ദ്രന്റട്ത്ത് അഭയം പ്രാപിച്ചാലും ഒര് കാര്യൂണ്ടാവീല, നിങ്ങൾ ശരിക്ക് നോക്ക്, നിങ്ങളെ മുടീം താടീം എല്ലാം നരച്ചു. ഞാനൊരു കാര്യം ചെയ്യാ... ദേവാസുര യുദ്ധത്തില് അങ്ങേക്കേറ്റ മുറിവുകള് ഒണക്കിത്തരാ. ആ മുറിപ്പാട് ഒണങ്ങ്യാല് ചെലപ്പൊ നിങ്ങളെ പ്രതികാരം നശിക്കും. രാവണന്റെ മുഖം ചൊവക്കുന്നത് സീത കണ്ടു. സീത പുരുഷ ഭാവത്തില് ഇര്ന്നു. രാവണൻ അവിടെ നിന്നും എഴുന്നേറ്റ് പോയി. രാജസന്നിധീല് ചെന്നിറ്റ് സഹോദരപുത്രന്മാരോടായി പറഞ്ഞു. 

“നാള രാമസൈന്യം കൂടുതൽ പ്രബലമായിരിക്കും. അതോണ്ട് ഞാനൊറ്റക്ക് യുദ്ധത്തിന് പോവ്വ, നിങ്ങളെ കൂടി കൊലക്ക് കൊട്ക്കാൻ എൻക്ക് കയ്യ 

നികുംഭൻ പറഞ്ഞു. 

“രാജാവ് അവസാനോല്ലെ യുദ്ധത്തിനെങ്ങേണ്ടത്.? രാവണൻ ഒന്നും മിണ്ടീറ്റ 

രാമന്റെ യുദ്ധകുടീരത്തിലേക്ക് കാളവണ്ടീല് കൊറേ പച്ചമരുന്നും ആയിറ്റ് അഗസ്ത്യമുനി വന്നിരുന്നു. എന്താണ് യുദ്ധം എന്ന് മനസിലാക്കിക്കൊട്ത്തിറ്റ് എല്ലാരേം അനുഗ്രഹിച്ചു. സുശേഷണൻ കൂടുതൽ കാര്യങ്ങള് അഗസ്ത്യനിൽ നിന്ന് മനസ്സിലാക്കി. 

പന്ത്രണ്ടാം നാൾ യുദ്ധം ആരംഭിച്ചു. സുപാർശ്വൻ രാവണനൊപ്പം യുദ്ധത്തിനെറങ്ങി. രാമന്റെ സൈന്യത്തില് പത്ത് യോദ്ധാക്കളുണ്ടെന്ന് അറിഞ്ഞപ്പാട് രാവണൻ പത്താളായിറ്റ് മാറാൻ തീരുമാനിച്ചു. കൊടുങ്കാറ്റിന്റെ വേഗത്തില് എല്ലായിടത്തും എത്തും. എല്ലാരും രാവണന് നേരെ അമ്പുകളയച്ചു. ഹനുമാൻ, സുഗ്രീവൻ എന്നിവർ രാവണനുമായി ഗദയുദ്ധം നടത്തി. ജാംബവാൻ, നീലൻ എന്നിവർ മല്ലയുദ്ധം നടത്തി. വിഭീഷണനും അംഗദനും വാൾപയറ്റ് നടത്തി. രാമലക്ഷ്മണമ്മാറ് യുദ്ധം നോക്കുന്ന സമയത്തില് രാവണൻ എല്ലാരുമായിറ്റും രാവണൻ നിയന്ത്രണത്തോടെ യുദ്ധം ചെയ്തു. അങ്ങനെ യുദ്ധത്തില് രാവണൻ പത്ത് തലയുള്ളവനായി. സുപാർശ്വൻ രാവണന് അവസരങ്ങളൊരുക്കി കൂടെ നിന്നു. രാമ 

സൈന്യം പന്ത്രണ്ടാം ദെവസം പെട്ടെന്നന്നെ ക്ഷീണിതരായി. രാമ ലക്ഷ്മണമ്മാർ യുദ്ധം നിർത്താൻ ആവശ്യപ്പെട്ടു. വാനരപ്പടേല് കൊറേ ആൾക്കാര് ചത്തു. സുപാർശ്വൻ, ജയിക്കുമെന്ന ഉത്തമ വിശ്വാസത്തോടെ രാവണൻ അഭിനന്ദിച്ചു. 

രാവണൻ പറഞ്ഞു. 

“ദിവ്യാസ്ത്രങ്ങൾ കയ്യിലുണ്ടെന്നല്ലാതെ ഒരു യോദ്ധാവിന്റെ കര്ത്തൊന്നും ഓനില്ല... ഒര് എല്ലും പുണ്ണാക്കൻ." 

യുദ്ധം അങ്ങനെ രാവണനോടെന്നെ അഞ്ച് ദൈവസം തൊടർന്നു. രാമസൈന്യത്തില് നിരാശ വരാൻ തൊടങ്ങി. എന്നി എന്തന്നാക്കല്.? ഇങ്ങനെ പോയാല് തീറ്റീം കുടിയെല്ലം നിക്ക്വല്ലൊ. 

പതിനേഴാം നാൾ രാത്രീല് രാവണൻ സീതാസൗധത്തിലെത്തി. യുദ്ധം നീണ്ട് പോവുന്നതല്ലാതെ ഒരു പുരോഗതീം ഇണ്ടായി രുന്നില്ലെന്ന് സീതേന അറിയിച്ചു. വെർതെ ഇങ്ങനെ പോയാല് ശരിയാവീല. രാവണസൈന്യാധിപരെല്ലാം മരിച്ചുപോയിറ്റും യുദ്ധം ചെയ്യുന്ന രാവണന കണ്ടപ്പാട് സീതക്ക് ആദരവ് തോന്നി. സീത അത് പറയുകയും ചെയ്തു. സീതേരെ വർത്തമാനം കേട്ടപ്പാട് രാവണന് സന്തോഷായി. കൊറച്ചഹങ്കാരം മോത്തേക്ക് വര്ത്തി. പിന്നെ കള്ളച്ചിരിയോടെ പറഞ്ഞു. 

“നീ വന്നാലെ ശരിയാവൂ. ഇല്ലെങ്കില് ഇത് ഇങ്ങനെ നീണ്ടു നീണ്ട് പോവും. നീ ലങ്കേരെ പുത്രിയാണെന്ന് തെളിയിക്കേണ്ടത് ഇപ്പൊ എന്റെ കൂടി ആവശ്യാണ്, കടമയാണ്. നിന്നെ ഈട്ത്തേക്ക് കൊണ്ടെന്നതിനുള്ള കാരണം ബോദ്ധ്യപ്പെട്ത്തണം. നാള യുദ്ധത്തിന് അമ്പും വില്ലുകളും ഇള്ള രഥത്തത്തില് നീയുണ്ടാവും. പോർചട്ട ധരിക്കണം. വേണോങ്കില് ശിവന പ്രാർത്ഥിച്ചോ. 

“പിന്ന ഞാനെങ്ങനായാ ചെയ്യല്."

രാവണന്റെ വർത്താനം കേട്ടപ്പൊ സീതക്ക് ചൊടി വന്നു. “ഞാനെന്തിന് യുദ്ധത്തിന് വര്ണം.? 

രാവണൻ പുച്ഛത്തില് അട്ടഹസിച്ചു. 

“എൻക്കൊപ്പം യുദ്ധം ചെയ്യണംന്ന് ഞാൻ പറീല. യുദ്ധഭൂമിലേക്ക് വന്നാമതി. നിന്നോട് ഓന് എത്ര ഇഷ്ടൂണ്ടെന്ന് അറിയാൻ വേണ്ടീറ്റാണ്. രാവണന് വേണ്ടീറ്റ് നീ അമ്പ് തൊട്ക്കണ്ട, നിന്ന കാട്ടീറ്റ് ഓന ഞാൻ കൊതിപ്പിക്കും. പിന്നെ ഓന്റെ നെഞ്ചിലേക്ക് ബ്രഹ്മാസ്ത്രം പ്രയോഗിക്കും. ബ്രഹ്മാസ്ത്രത്തിന തട്ക്കാൻ രാമനല്ല, സാക്ഷാൽ ദേവേന്ദ്രൻ വന്നാലും കയ്യീല. എന്റെ അനിയൻ വിഭീഷണന്റെ അളിഞ്ഞ മോന്ത കാണുമ്പൊ എനക്ക് വെഷമം തോന്ന്ന്ന്. എന്റെ ജീവനില്ലടത്തോളം കാലം ലങ്ക ഞാനാരിക്കും 

വിട്ടുകൊട്ക്കീല. രാമൻ മരിച്ചാലും രാവണൻ മരിച്ചാലും ലങ്കക്ക് ഒന്നൂല്ല. നീലകണ്ഠന്റെ നെറ്റിയിലെ ദിവ്യപ്രകാശത്തില് കരിഞ്ഞു പോവുന്ന ഭൂമിയെ നോക്കി ആരും സഹതപിക്കലില്ല." 

രാവണൻ വിതുമ്പി. 

“രാമൻ ജയിച്ചാല് വിഭീഷണന് രാജ്യം. രാവണൻ ജയിച്ചാലും വിഭീഷണന് രാജ്യം കൊട്ക്കും. 

പിന്നെ കരഞ്ഞോണ്ട് പറഞ്ഞു. 

“എനിക്കെന്ന് അനുജമ്മാറില്ല, പുത്രമ്മാറുല്ല. എന്ന ശപിക്കാത്ത ഒരു സ്ത്രീജനം പോലും ലങ്കേല്ണ്ടാവീല. എന്തിന് നിന്റെ അമ്മ മണ്ഡോദരി പോലും ആത്മഹത്യക്ക് ശ്രമിച്ചിന്. അയിനക്കാളും ബേറെ എന്തെന്നില്ലത്.!? ഞാൻ ജീവിക്കണൊ മരിക്കണോന്ന് എത്രയും പെട്ടെന്നന്നെ തീരുമാനിക്കണം. നാളേന്നെ തീരുമാനിക്കണം. ഇല്ലെങ്കില് ഓരോ ദെവസൂം ചത്ത് വീഴ്ന്ന ആൾക്കാര കുറിച്ചോർത്തിട്ട് നീറിനീറി മരിക്കേണ്ടിവരും. എന്റെ മരണോങ്കിലും നിങ്ങക്ക് സന്തോഷുണ്ടാക്കുന്നില്ലെങ്കില് സീതേ ഈ ജീവിതം ഇങ്ങനെ ജീവിച്ചിറ്റ് ഒര് കാര്യൂല്ല. ഞാൻ വെട്ടിപ്പിടിക്കലിന്റെ കൂടാരാണ്. അതിനകത്ത് അകപ്പെട്ട പക്ഷി മാത്രാണ് നീ. നീ ഈ കൂട്ടില് കയ്യാൻ ഇഷ്ടപ്പെടുന്നില്ലാന്ന് എൻക്കറിയാം. "മാ നിഷാദ.' ഇണക്കിളികളെ അകറ്റി നിർത്തിയ ഞാൻ ക്രൂരൻ തന്നെ. എന്നെ രക്ഷിക്കാൻ ഇപ്പൊ ദേവിക്ക് മാത്രേ കയ്യൂ. നിന്നെയും കാത്തിറ്റ് നാള ഞാനും സുപാർശ്വനും തേരൊരുക്കിനിക്കും. രാജഗുരുവിന്റെ ആശീർവാദത്തോട് കൂടീറ്റ് നിന്നേം കൊണ്ട് ഞാൻ തേര് തെളിക്കും. ഒര് തേരാളി മാത്രായിറ്റ് എന്ന കണ്ടാമതി. യോദ്ധാവ് നീയായിരിക്കും അഥവാ നിനക്ക് രാമനുമായിറ്റ് യുദ്ധം ചെയ്യാൻ കയ്യിലേങ്കില് നീ മദ്ധ്യസ്ഥയായാലും മതി. വെർതെ യുദ്ധഭൂമീല് നിന്നാലും മതി. ഞാൻ അസ്ത്രങ്ങളെയ്ത് കൊള്ളാം. എൻക്കറിയാ രാമന്റെ ബലഹീനത എന്താണെന്ന്. നിന്നെ കൊണ്ടുപോയിറ്റേങ്കില് യുദ്ധം വെർതെ ഇങ്ങനെ നീണ്ട് പോവൂന്നല്ലാതെ ഒരു ഗുണം ഇണ്ടാവാൻ പോന്നില്ല. അതോണ്ടാണ് ഞാൻ പറയുന്നത് നീ വരണം."

സീത അന്ധംവിട്ട് രാവണന നോക്കിക്കൊണ്ടിരുന്നു. രാവണന്റെ വാക്ക് സീതക്ക് അത്ര പിടികിട്ടീറ്റ. രാവണന കൊല്ലണംന്നൊ പറഞ്ഞത്, രാമന കൊല്ലണംന്നൊ.? സീതക്ക് രാവണന്റെ കിൽട്ടെല്ലം അറിയും, സീതയോട് സഹായം അഭ്യർത്ഥിക്കേണ്ട ഗതികേടൊന്നും രാവണനില്ല. അതും എങ്ങും തൊടാത്തൊരാവശ്യം. അസുരകുലത്തിനപ്പറ്റി മാത്രം ചിന്തിക്ക്ന്ന രാവണനെന്തിന് സ്വന്തം മരണത്തിന പറ്റീറ്റ് പറയ്ന്നത്. ദേവമ്മാറ വെർക്ക്ന്ന രാവണനെന്തിന് സീതേരെ സഹായം.?

സീത കൊറേ ആലോചിച്ച് ശേഷം പറഞ്ഞു. 

“രാവണാ... നിന്റെ കിൽട്ടെല്ലം എൻക്കറിയാ. നിനക്ക് നല്ല ബുദ്ധി ശക്തീം യുദ്ധം ചെയ്യാനുള്ള കഴിവൂണ്ട്. അയിനോടെല്ലം എൻക്ക് ബഹുമാനൂണ്ട്. നീ എന്റെ അച്ഛനാണെന്നുള്ള അവകാശവാദത്തിനും ഞാൻ എതിര് നിന്നില്ല. പണ്ട് മിഥിലേല് ഗതിമാറി ഒഴുകിയ പൊഴേരെ കഥ ജനകനച്ഛൻ പറഞ്ഞ് തന്നിന്. ഒരു യാഗത്തിന്റെ ആവശ്യത്തിന് നിലമുഴാൻ ഋഷ്യശൃംഗൻ പറഞ്ഞപ്പൊ കിട്ടിയ പെട്ടി തന്നെയാണ് ഞാനെന്ന ജീവൻ. അക്കഥയെല്ലാം ജനകനച്ഛൻ പറഞ്ഞതോണ്ടാണ് ഞാനറിഞ്ഞത്. അല്ലാതെ എന്ത് വിശ്വസിക്കണോന്നും എന്ത് വിശ്വസിക്കണ്ടാന്നും ഇന്നും ഇതുവരെ തീർച്ചപ്പെടുത്താനായിറ്റ. അച്ഛന്റെ കടമേല്ലം കൗമാരത്തിലെന്നെ തീർന്നു. ഇപ്പൊ യൗവ്വനമാണ്. അതോണ്ട് ഭർത്താവിന്റെ അട്ക്കലാണ് നിക്കണ്ടത്. പിന്ന പുത്രമ്മാറൊന്നിച്ചും. അത് നിറക്കറീലെ.?” 

രാവണൻ അതൊന്നും കേട്ടിറ്റ്ണ്ടായിരുന്നില്ല. അതോണ്ട് അതൊന്നും രാവണന ബാധിക്കുന്ന പ്രശ്നമായിരുന്നില്ല. രാവണൻ പറഞ്ഞു. 

 

“എനക്ക് നിന്റത്ര അറിവൊന്നുല്ല. ദേവമ്മാറ് അറിവും അമരത്വോം നമ്മളിൽ നിന്ന് പണ്ട് മറച്ചുപിടിച്ചതാണ്. ആ പ്രാമാണിത്തത്തിന ഇല്ലാണ്ടാക്കാനാണ് ഞാൻ ശ്രമിച്ചത്. അപ്പൊ സ്വാഭാവികായിറ്റും ശത്രുക്കളുണ്ടായി. മോഷണം നടത്തി, ക്രൂരമായി പെരുമാറി. ചതിച്ച് നേടാൻ പഠിച്ചു. ഞാൻ ചെയ്തത് തെറ്റാണെന്നൊന്നും എനക്ക് വിചാരുല്ല. നീ പറഞ്ഞ അറിവ് തിരിച്ചറിവാവുമ്പളെ അയിന് പ്രസക്തീല്ലു. പ്രശ്നൂല്ലെങ്കില് ഇല്ല; അത്രേന്നെ. ദരിദ്രന് മാത്രേ പട്ടിണീനക്കുറിച്ചിറ്റ് പറയാൻ അർഹതയില്ലു. ധനവാന് മാത്രേ ഉന്നതീല് സ്വപ്നം കാണാൻ പറ്റൂ. ഞാനിത് രണ്ടും അനുഭവിച്ചു. ദരിദ്രന്റെ വിഷമങ്ങൾ ധനികനോ, ധനികന്റെ പ്രശ്നങ്ങൾ ദരിദ്രനോ പറഞ്ഞാ മനസ്സിലാവീല. എന്നങ്കില് ചെലത് ഇല്ലാണ്ടാവുമ്പൊ അത് നേടാനുള്ള ത്വര എന്തായാലും മനസ്സിലുണ്ടാവും. ഞാൻ പറയുന്നത് നീ സാവധാനത്തില് കേക്കണം. പ്രജാപതി കടലിന കരയാക്കി മാറ്റി. അവിടെ ജീവികളെ പാർപ്പിച്ചപ്പൊ രക്ഷിക്കാനേറ്റത് ഞങ്ങൾ മാത്രാണ്. അങ്ങനെ രക്ഷകരായ ഞങ്ങളെ ദേവമ്മാറ് രാക്ഷസമ്മാറായി മുദ്രകുത്തി. അത് ശരീന്ന് നിനക്ക് തോന്ന്ന്നാ.? നമ്മളെ പൂജിക്കാതെ, ഒരു ഉപകാരോം ചെയ്യാത്ത പേടിത്തൊണ്ടമ്മാറായ ദേവകളെ പൂജിക്കുന്ന മനുഷ്യമ്മാറ നമ്മൊ രക്ഷിക്കുന്നതെന്തിന്.? നീ ശരിക്ക് ആലോചിക്ക് സീതേ, രാമലക്ഷ്മണമ്മാറ രക്ഷിക്കേണ്ടത് നിന്റെ കൂടി കടമയായതോണ്ടാണ് ഞാൻ പറയുന്നത്. നമ്മളെ കടമ രക്ഷിക്കലാണ് സീതെ... നീ യുദ്ധഭൂമീല്ണ്ടാവണം."

രാവണൻ എന്തോ ചെയ്യാൻ പോന്നെന്ന് തോന്നി. എന്തെന്ന് ഒരു പിടീം കിട്ടീറ്റ 

“ഞാൻ വരാ... എന്നങ്കില് യുദ്ധത്തില് പങ്കെടുക്കീല, എനക്ക് ബേറൊരു തേര് തന്നാ മതി. ഞാൻ സ്വയംവര സമയത്ത് മാലേം കൊണ്ട് നിന്ന മാതിരി യുദ്ധഭൂമില് നിക്കാ. രാമനാണ് പരാജയപ്പെട്നതെങ്കില് നീയുമായി ഞാൻ യുദ്ധം ചെയ്യും. നീ മരിച്ചാല് നമ്മൊ അയോദ്ധ്യേലേക്ക് പോവും. "

രാവണന് സന്തോഷായി. 

“സീത വന്നാമതി... എനക്ക് അത്രമാത്രം മതി. "

പതിനെട്ടാം ദെവസം ഏടേം ഒച്ചയനക്കമില്ല. വട്ടത്തില് പറക്കാൻ പര്ന്ത്കളില്ല. യുദ്ധത്തില് അപ്പർത്തും ഇപ്പർത്തും കൂടീറ്റ് ആകെ പത്ത് നൂറ് ആൾക്കാരെ ഇണ്ടാവു. രാവണൻ പതിവ് രീതീല് യുദ്ധത്തിന് വേണ്ട സജ്ജീകരണം നടത്തി. സുപാർശ്വൻ കാലാൾപ്പടകൾക്കൊപ്പം പുറപ്പെട്ടു. രാമലക്ഷ്മണ സൈന്യം നേരത്തെ യുദ്ധ ഭൂമീല് എത്തിയിരുന്നു. രാവണ സൈന്യത്തിന കണ്ടതും, യുദ്ധം നീണ്ട് പോകാനുള്ള സാദ്ധ്യത രാമനറിയാനായി. രാമൻ സ്വാഗതത്തിനായി അമ്പയച്ചു. രാവണനും അങ്ങോട്ടയച്ചു. യുദ്ധത്തിന് ചിട്ടവട്ടങ്ങളുണ്ടായി, നിയമങ്ങളുണ്ടായി, വൃത്തിയും വെടിപ്പുമുണ്ടായി. രാമ -രാവണ വ്യക്തിത്വങ്ങൾ ഉജ്ജ്വലിച്ച് നിന്നു. രാവണന്റെ കൊടിയട യാളം വാനിൽ ഉയർന്ന് നിന്നു. രാമനും ചിഹ്നങ്ങളുണ്ടായിരുന്നു. ദൂരത്ത് യുദ്ധഭൂമിലേക്ക് വരുന്ന സീതേന ചൂണ്ടീറ്റ് രാവണൻ പറഞ്ഞു. 

“രാമ, നിന്റെ സീത യുദ്ധത്തിനുണ്ട്. അതാ ഓള് ബെര്ന്നുണ്ട്.ഓള കാണ്മ്പോളെങ്കിലും നീ ഉഷാറാവ്വോങ്കില് എൻക്കത് ബില്ല കാര്യാണ്. നിന്റെ പാതീന നീ പറഞ്ഞാളെ മുമ്പില് നിർത്തിറ്റാണ് എന്ന് യുദ്ധം." 

സീതേന കണ്ടപ്പാട് എല്ലാരും സ്തബ്ധരായിറ്റ് നിന്നു. അപ്പൊ രാവണന്റെ പ്രകടനം ഇണ്ടായി. ഒരസ്ത്രം രാമലക്ഷ്മണമ്മാറ വീഴ്ത്തീട്ടു. പിന്ന മറ്റുള്ളവരോട് ക്ഷണവേഗത്തില് യുദ്ധം ചെയ്തു. രാമൻ സീതാസൗന്ദര്യത്തിൽ മതിഭ്രമിച്ചെന്നോ, പ്രണയവീര്യത്താൽ യുദ്ധവീര്യം നഷ്ടപ്പെട്ടെന്നതൊന്നുമറിയാത്ത വിധം ചോരയിൽ കുളിച്ച് യുദ്ധഭൂമീല് വീണു. സീത തേരിൽ നിന്നെറങ്ങീറ്റ് രാമലക്ഷ്മണമാറെ അട്ത്തി. ഹനുമാൻ ബേജാറാവണ്ടാന്ന് പറഞ്ഞിട്ട് ഏട്ത്തേക്കോ പറന്നു. രാവണന്റെ അട്ടഹാസോം പ്രത്യാക്രമണം കണ്ടപ്പാട് സീതക്ക് ചൊടി വന്നു. സീത രാമന്റെ ആവനാഴിയിലെ അസ്ത്രം എട്ത്തിറ്റ് എയ്യാൻ തൊടങ്ങി. 

ഒന്ന് രണ്ട് മൂന്ന് നാല് ... എട്ട് രാവണമ്മാറിൽ ഓരോ രാവണമ്മാറായിറ്റ് ചത്ത് തൊടങ്ങി. ഹനുമാനോട് ഗദയുദ്ധം ചെയ്യുമ്പോ ആനന്ദരാവണൻ ചത്തു. അംഗദനോട് മൽപ്പിടുത്തം നടത്തുമ്പം മറ്റൊരു രാവണൻ ചത്തു. അവസാനം ഐരാവണനും മൈരാവണനും മാത്രം ബാക്കിയായി. ഒട്ടും പിടികൊട്ക്കാത്ത രാവണകൗശലത്തിന് ഒര് അമ്പാട തടഞ്ഞിറ്റ് സീത മൈരാവണന്റെ നേർക്ക് ഒരമ്പയച്ചു. മൈരാവണൻ അത് കയ്യോണ്ട് പിടിച്ച് ഒടിച്ചുകളഞ്ഞു. സീത പിന്നേം പിന്നേം അമ്പയച്ചു. അവസാനം മൈരാവണൻ താഴെ വീണു. അപ്പളേക്കും അലറിക്കൊണ്ട് സീതേരെ അട്ത്തേക്ക് എത്തീറ്റ്ണ്ടായിരുന്ന ഐരാവണൻ സീതേരെ രണ്ട് തോളിലും മുറിവ് പറ്റിച്ചു. അപ്പളേക്കും മൃതസഞ്ജീവനിയോണ്ട് രാമലക്ഷ്മണമ്മാറ ശുശ്രൂഷിച്ചിരുന്നു. സീത രാവണന്റെ മന്ത്രി സുപാർശ്വന അമ്പെയ്തിറ്റ് വീഴ്ത്തി. രാമൻ അറിഞ്ഞപ്പാട് രാവണ സുന്ദരനും തേജസ്വിയുമായിറ്റ്. ഇപ്പൊ കണ്ടാല് രാവണൻ അസുരൻന്ന് പറീല. അത്രക്കും തേജസ്. ഒര് ഭക്തധീരനമാതിരീണ്ട്. എടക്കെടക്ക് "ഓം നമഃശിവായാ' എന്ന് വിളിക്ക്ന്നുണ്ട്. ഐരാവണന്റെ നേർക്ക് ബ്രഹ്മാസ്ത്രം അയക്കണോന്ന് സീത പറഞ്ഞു. രാമൻ വേഗം ബ്രഹ്മാസ്ത്രം പ്രയോഗിക്കാൻ തയ്യാറെട്ത്തു. ആ സമയത്ത് അംഗദനും സുഗ്രീവനും ഹനുമാനും ജാംബവാനുമെല്ലാം കുടീറ്റ് മൈരാവണന കൂടിനിന്നിറ്റ് അടികൊട്ത്തു. രാമന്റെ ബ്രഹ്മാസ്ത്രത്തില് രാവണൻ താഴെ വീണു. എല്ലാരും ഹോയ് എന്ന് പറഞ്ഞിറ്റ് നൃത്തംവച്ചു. രാമൻ വിഭീഷണന സാന്ത്വനിപ്പിച്ചു. സീതേരെ കണ്ണില് കണ്ട ബാഷ്പത്തിനെ രാമൻ സന്ദേഹത്തോടെ കണ്ടു. വാനരമ്മാറ് ജയാഘോഷം മുഴക്കി. 

അങ്ങനെ രാവണൻ ചത്തു. 

സീതേം രാമനും ഒന്നായി. പത്ത് രാവണമ്മാറെയും ആചാര പ്രകാരം അടക്കി. ലങ്കേല് ബില്ല്യ കാറ്റും മഴേം വന്നു. യക്ഷമ്മാറും കുബേരനും ലങ്കേല് വന്നു. ദേവേന്ദ്രനും ആൾക്കാരും ലങ്കേല് വന്നു. അഗസ്ത്യനും ആൾക്കാരും ലങ്കേല് വന്നു. എല്ലാരും മഴേല് കുളി ച്ചു. പാതിവെന്ത പത്ത് രാവണമൃതദേഹം എണീക്കണ്ടാവുന്നത് ഹനുമാൻ എടക്കെടക്ക് നോക്കിക്കൊണ്ടിര്ന്നു. അത് എണീക്കാനാവാണ്ട്, പത്തും ഒന്നായിറ്റ് തീര്ന്നുണ്ട്. അത് പാതാളത്തിലേക്ക് പോകുന്നത്. കടലിലേക്ക് താവ്ന്നുണ്ട്; ഹനുമാൻ കണ്ടിന്. എല്ലുംകൂടെല്ലാം ഒന്നായിറ്റ്, മാംസോല്ലം അയിന്റെ മേലെ പറ്റിപ്പിടിച്ചിറ്റ്, ഹൃദയം പടപടാന്നിടിച്ചിറ്റ്, അത് പാതാളത്തിലേക്ക് പോയി. 

രാമനും സീതേം കൊറേസമയം നോക്കിനിന്നു. സീതക്ക് എടക്കെടക്ക് താഴേക്ക് നോക്കാൻ തോന്നി. രാമൻ നോക്കുന്നില്ലല്ലൊ; പിന്നെന്തിന് ഞാൻ നോക്കുന്നത്. സീത വിചാരിച്ചു. രാമൻ സീതേന വിളിച്ചു. 

“സീതേ...” 

“ഉം...” 

“ഇത്രേം കാലം നീ രാവണന്റെ ഒന്നിച്ചല്ലേ ഇണ്ടായത്? 

“അയിന്.?” 

“രാവണൻ നിന്ന് ഒന്നും ചെയ്തിറ്റാന്ന് എന്ത്യെ ഒറപ്പ്.? 

“രാമ.!” 

സീത അമർത്തി വിളിച്ചു. 

“ഞാൻ പറഞ്ഞിലേങ്കിലും നാട്ട്കാര് പറീലെ.?" 

“അയിന്.?” 

“നീ തീല് ചാടണം. അഗ്നിശുദ്ധി വര്ത്തണം. 

“ഈന് ബേണ്ടീറ്റാപ്പാ ഞാനിത്രേം കാലം പിടിച്ച് നിന്നത്. ഉം... ശരി. ഹോമകുണ്ഡം തയ്യാറാക്കൻ പറയ്." 

രാമൻ ചിരിച്ചോണ്ട് മൂളി. 

“ചത്തിറ്റേങ്കില് നീ നല്ലോള്, ചത്താല് പുലിയാട്ച്ചി.” 

പിറ്റെ ദിവസം രാവണന്റെ ശവക്കല്ലറ കാണാൻ വേണ്ടീറ്റ് വിഭീഷണൻ പോയി. ഓൻ വെർക്ക്ന്ന കയ്യോടു കൂടീറ്റ് രാവണന്റെ കല്ലറ തൊട്ടു. രാമൻ വിഭീഷണന്റെ പൊർത്ത് തട്ടി. ലക്ഷ്മണൻ നെടുവീർപ്പിട്ടു. സീതേരെ കണ്ണ്ന്ന് വന്ന കണ്ണീര് രാമനിൽ കൂടുതൽ സംശയൂണ്ടാക്കി. 

“ഇവളെന്തിന് ഇങ്ങനെ കരേന്ന് രാവണൻ ചത്തിലേങ്കില് പിന്നെങ്ങനെ ശര്യാല്.? അപ്പൊ ഞാനാരി.? ദേവകളുടേം യക്ഷമ്മാരേം ആവശ്യാണ് രാവണ വധോങ്കില് എന്റെ ലക്ഷ്യം അതൊന്നുമായിര്ന്നില്ലല്ലൊ. എനക്ക് സീത മാത്രായിരുന്നു മുഖ്യം. ഓളാണ് ഇപ്പൊ രാവണന് വേണ്ടീറ്റ് കരയുന്നത്. മായാവിദ്യകളറിയാവുന്ന രാവണന്റെ ഒമ്പത് ശക്തികളും യമപുരിലെത്തിച്ചത് സീതയാണെന്നത് ശര്യെന്നെ, എന്നങ്കിലും ഓക്കെങ്ങനെയാണ് രാവണനുമായിറ്റ് ഹൃദയബന്ധം ഇണ്ടായത് എന്തിന് ഐരാവണന കൊല്ലാൻ എന്നോട് പറഞ്ഞത്.? അതും ഓക്കെന്നെ ചെയ്യായ്ര്ന്നില്ലെ.? 

സീതേരെ അട്ത്ത് വന്നിറ്റ് ഹനുമാൻ കാൽ തൊട്ട് അനുഗ്രഹം മേണിച്ചു. 

രാമൻ പറഞ്ഞു. 

“ഇന്ന് സൂര്യാസ്തമയത്തില് ഞാൻ പറഞ്ഞത് നീ പാലിക്ക്ന്നില്ലെ.? അതല്ല, നിനക്ക് യുദ്ധത്തിന് വേണ്ടീറ്റ് പ്രയത്നിച്ച ഇവരോടാരോടെങ്കിലും താൽപര്യുണ്ടാ.? അതിനും സമ്മതം. ഓരോരാൾക്കാര്ടെ ഗുണഗണങ്ങൾ ഞാൻ പറഞ്ഞ് തരാം. ഇത് ഹനുമാൻ, നിന്റെ തൃപ്പാദത്തില് ഇപ്പൊ നമസ്കരിച്ചവൻ. നിങ്ങൾ തമ്മില് ഈന് മുമ്പ് പരിചയപ്പെട്ടിന്. വായുപുത്രനാണ്. ഈ യുദ്ധവിജയത്തിന്റെ മുഖ്യ സൂത്രധാരൻ. ഇവന് സ്നേഹിക്കാനല്ലാതെ അറീല. അതോണ്ടാണ് നിനക്ക് വേണ്ടി ദൂത് വന്നത്. വീരനായ കപിവീരനെ വേണോങ്കില് നിനക്ക് കല്ല്യാണം കഴിക്കാം. പിന്നെ ഇതാ ഇവൻ സുഗ്രീവൻ. കിഷ്കിന്ധേലെ മുഴുവൻ സൈന്യം യുദ്ധത്തിന് വേണ്ടീറ്റ് വിട്ട് തന്നത് ഇവനാണ്. കിഷ്ക്കിന്ധേലെ രാജാവാണ്. നിനക്ക് രാജ്ഞിയാവാം. 

പിന്നെ വിഭീഷണനെ ചൂണ്ടി. 

“എന്ന് ലങ്കയിലെ രാജാവായ വിഭീഷണനാണിവൻ. എന്നും ലങ്കേല് കഴിയാൻ കൊതീണ്ടെങ്കില് ഇവനോടൊപ്പം ഇവിടെ കഴിയാം. ലങ്കേലെ മുക്കും മൂലേം പറഞ്ഞത് തന്നത് ഇവനാണ്. ഇത് ലക്ഷ്മണൻ, എന്റെ അനിയനാണ്. നിന്നെ നേടാൻ വേണ്ടീറ്റ് രണ്ട് 

തവണ ജീവത്യാഗം ചെയ്തവൻ. നിനക്കിവനെ വേണോങ്കില് അതും ഞാൻ തടയില്ല. കാരണം എന്റെ അനിയൻ എനക്ക് പ്രിയപ്പെട്ടവനാണ്. ഞാൻ രാമനാണ്. അയോദ്ധ്യയിലെ ഭാവിരാജാവ്. എന്റെ ഹിതം പ്രജാഹിതമാണ്. എന്നെ വരിച്ച് നിനക്ക് വേണോങ്കില് രാജ്ഞിയാവാം. പക്ഷേ, ഒരാള് നിന്നപ്പറ്റീറ്റ് മോശം പറഞ്ഞാല് അപ്പൊ നീ ബിട്ടോളണം. സീതേ ഇതാണ് നീലനും ജാംബവാനും, സൈന്യത്തിന്റെ നേതാക്കൾ. പടിഞ്ഞാറ് ഭാഗം കാക്കാൻ ധൈര്യം കാണിച്ചത് ഇവരാണ്. ഇത് അംഗദൻ, ബാലീപുത്രൻ. ധീരനായ രാവണനെ തോൽപ്പിച്ചോനാണ് ബാലി. അംഗദനാണ് നമ്മളറിയാതെ നമ്മളെ സഹായിച്ചത്. രാവണന്റെ അജയ്യയാഗം തടസ്സപ്പെടുത്തിയത്. ഓന്റെ അമരത്വം ഇല്ലാണ്ടാക്കീത്. എന്നില്ലത് ദേവേന്ദ്രനാണ്. ആപത്ത് സമയത്ത് നമ്മക്ക് വേണ്ട ആയുധങ്ങൾ തന്ന് സഹായിച്ചത്. മരുന്ന് തന്ന് സഹായിച്ച് അഗസ്ത്യനേയും, ചികിത്സിച്ച സുശേഷണനേയും എനക്ക് സ്വീകാര്യമാണ്. പിന്നെന്തിന് നീ പേടിക്ക് ഏതാളെ വേണോന്ന് ധൈര്യായിറ്റ് പറഞ്ഞാ. 

സീത കരഞ്ഞോണ്ട് പറഞ്ഞു. 

“നീയെന്ന സംശയിച്ചതില് തെറ്റ് കാണുന്നില്ല. അഗ്നിശുദ്ധി വര്ത്തീറ്റ് എന്റെ നിരപരാധിത്തം ഞാൻ തെളിയിക്കും. ഞാൻ തെറ്റ് ചെയ്തിറ്റ്ണ്ടെങ്കില് അത് നിനക്ക് വേണ്ടീറ്റാണ്. രാമാ... നീ മുനിമാറ വിളിച്ചിറ്റ് അഗ്നികുണ്ഡം തയ്യാറാക്കാൻ പറയ്. ഞാൻ കുളിച്ച് കയറട്ടെ. 

സീത നദിക്കരേലേക്ക് നടന്നു. 

രാവണൻ മരിച്ചതിൽ വിഭീഷണന് മണ്ഡോദരീരെ മോത്തേക്ക് നോക്കാൻ പറ്റാണ്ടായി. എന്നിറ്റ് രാമന്റെ നെഞ്ചില് തലയടിച്ച് കരഞ്ഞോണ്ട് പറഞ്ഞു. 

“രാമ, രാവണനില്ലാത്ത ലങ്ക ജീവനില്ലാത്തത് മാതിരീണ്ട്. രാവണ ശബ്ദം കേട്ട് വിറങ്ങലിക്കാത്ത ഒരു പുൽക്കൊടി പോലും ലങ്കേലില്ല. ഇപ്പൊ അതെല്ലാം ശബ്ദം കേക്കാണ്ട് ചത്തിരിക്കുന്നു. അതിന്റെയൊക്കെ ശാപം പേറീറ്റ് എങ്ങനെ ഞാൻ ലങ്കേലെ രാജാവാകല്.? എന്തിനാണ് ഞാൻ രാജാവാകേണ്ടത്.? രാമസീതാലക്ഷ്മണമ്മാർ കൊറച്ച് ദെവസം കയിഞ്ഞിറ്റ് ഈട്ന്ന് പോയാമതി. ഇല്ലെങ്കില് ഞാൻ ഒറ്റപ്പെട്ടത് മാതിരി തോന്നും. 

രാമൻ പറഞ്ഞു. 

“നമ്മക്ക് നിന്റൊന്നിച്ച് കൊർച്ച് കാലം നിക്കണെന്നല്ലുണ്ട്. എന്നങ്കില് നമ്മളെ കാട്ടിലേക്കയച്ച കാലാവധി കയിഞ്ഞു. എന്ന് നമ്മൊ ജീവനോടെ ഇണ്ടെന്ന് അയോദ്ധ്യേല് അറിയണം. അതോണ്ട് പെട്ടെന്നന്നെ നമ്മക്ക് പോണം. 

മഹർഷിമാരെ പൂജകൾ കൊണ്ടും ഘോഷം കൊണ്ടും വിഭീഷണൻ ലങ്കേരെ രാജ്യഭാരം ഏറ്റെടുത്തു. സന്തോഷം കൊണ്ട് കണ്ണ് നെറഞ്ഞു. 

“ഈന് പ്രത്യുപകാരമായിറ്റ് ഞാൻ എന്തെന്ന് രാമാ ചെയ്യണ്ടെ.? രാമൻ പറഞ്ഞു. 

“എൻക്കൊന്നും വേണ്ട. നിനക്ക് രാജ്യം കിട്ടാൻ കഷ്ടപ്പെട്ട കൊറേ കിഷ്കിന്ധക്കാര്ണ്ട്. അവരോട് എപ്പളും നന്ദി വേണം. അവർക്ക് സമ്മാനങ്ങളും കൊട്ക്കണം. 

അങ്ങനെ രാജാവിന്റെ ആദ്യത്തെ ഉത്തരവിറങ്ങി. 

കൊറേ രത്നങ്ങളും ആഭരണങ്ങളും വസ്ത്രങ്ങളും നെറച്ച രണ്ട് കാളവണ്ടികൾ തയ്യാറായി. രാമന്റെ കഥ പാടാൻ പാട്ട്കാർക്കൊപ്പം കൂടി. അവര് സേതു വഴി കിഷ്ക്കിന്ധേലേക്ക് കടന്നു. 

സീതേന സംശയിച്ചേല് രാമൻ ഖേദം പ്രകടിപ്പിച്ചു. സീത പറഞ്ഞു. 

“ഏതൊരു മനുഷ്യനും തോന്ന്ന്ന സംശയങ്ങളെ നിങ്ങക്കും തോന്നീറ്റു. ഇതോണ്ട് എൻക്ക് നിങ്ങളോടിലെ സ്നേഹം കൊറഞ്ഞിറ്റൊന്നുല്ല. ദാമ്പത്യജീവിതം മറ്റുള്ളാരെക്കൊണ്ട് പറയിക്കാതെ ജീവിച്ച് തീർക്കണൂന്നെ ഇപ്പൊ എൻക്കുള്ളൂ. അഗ്നിപരീക്ഷേല് ഞാൻ വിജയിച്ചു എന്നത് എനക്കുള്ള അനുമോദനോല്ലെ. എന്റെ മുൻകരുതലാണ്. രാമ, ഇതെന്നെ കൂടുതല് പക്വമതിയാക്കും എന്നതില് സംശയൂല്ല. എൻക്കാണെങ്കില് ഈ ലങ്ക ചുറ്റിക്കാണാനൊ, ഭംഗി ആസ്വദിക്കാനൊന്നും അനുവാദുണ്ടായിറ്റ. രാവണന്റെ സേവകര് എപ്പളും എനക്ക് പൊറകന്നെ ഇണ്ടാവും. രാവണൻ നിയോഗിച്ച കാവൽക്കാർക്കൊപ്പം ജയിലിലായിരുന്നു എന്റെ വാസം. പക്ഷേ, യുദ്ധസമയത്ത് രാവണന്റെ യുദ്ധഘടന മനസ്സിലാക്കാൻ പറ്റി. രാമൻ കണ്ടില്ലെ, എത്ര സുന്ദരമായിറ്റാണ് ഇത്രേം ബില്ല്യ പാറക്കല്ല് കൊത്തീറ്റ് കൊട്ടാരം ഇണ്ടാക്ക്യേത്, എത്ര സുന്ദരമായിറ്റാന്ന് ഓരോ കവാടോം നിർമ്മിച്ചത്. രാവണന്റെ പാദുകം മാതിരീണ്ട് മൊത്തത്തില് കാണുമ്പൊ. വിഭീഷണനോട് യാത്ര പറയൂ. നമ്മക് പെട്ടെന്നെന്നെ അയോദ്ധ്യേല് എത്തണം. 

രാമൻ വിഭീഷനോട് അനുവാദം വാങ്ങീറ്റ് കാളവണ്ടീല് കേറി. സുഗ്രീവന്റെ കാളവണ്ടികൾ അതിന് മുമ്പേ കിഷ്ക്കിലേക്ക് പോയിറ്റ്ണ്ടായിരുന്നു. നീലനും മറ്റുള്ളാരും മുമ്പേ പോയിരുന്നു. 

പിന്നെ രാമലക്ഷ്മണ സീതമാര് കിഷ്കിന്ധേന്ന് എറങ്ങി. സൗഹൃദം പുതുക്കി. സുഗ്രീവനോട് യാത്രം പറഞ്ഞ് അവര് വാത്മീകീരെ ആശ്രമത്തിലേക്ക് പോയി. നടന്ന സംഭവങ്ങളെല്ലാം പറഞ്ഞ ശേഷം ആട്ന്ന് മടങ്ങി. ഭരതനോട് രാമസീതമാര് വര്ന്നുണ്ടെന്ന കാര്യം അറിയിക്കണംന്നും പറഞ്ഞിറ്റ് സീതേം രാമനും ലക്ഷ്മണനും കാളവണ്ടീല് കേറി. ഹനുമാൻ പെട്ടെന്നെന്നെ നന്ദിഗ്രാമത്തിലെത്തി. 

ഭരതനും ശത്രുഘ്നനും രാമസീതമാരെ തേടിപ്പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഹനുമാനെ കണ്ടപ്പൊ സന്തോഷായി. നന്ദിഗ്രാം കണ്ടപ്പാട് ഹനുമാന് അതിശയായി. ഒരു ഗ്രാമത്തിന്റെ എല്ലാ സവിശേഷതയോടും കൂടിയായിരുന്നു അത്. നന്ദിഗ്രാമത്തില്, ഗോപകുമാരമ്മാറ മാതിരി ചെറിയ ആശ്രമത്തിലാണ് അവര് താമസിച്ചിരുന്നത്. അയോദ്ധ്യേല് പണിക്കാറ് വൃത്തിയാക്കുന്നുണ്ടെന്നും പറഞ്ഞു. 

രാമകഥ കേട്ട വാൽമീകിക്ക് അത് ശ്ലോകങ്ങളാക്കണംന്ന് തീവ്രമായിറ്റ് മനസ്സില് ചിന്തയുണ്ടായി. അവരെ അനുഗ്രഹിച്ചിറ്റയക്കുമ്പൊ, എന്തോ ആ ചിന്ത അയാള് പറഞ്ഞില്ല. ശിഷ്യമാറെ സൻമാർഗത്തിന് കഥ ഉപകരിക്കൂന്ന് അദ്ദേഹത്തിന് തോന്നി. അത് ഓലകളിലാക്കാൻ തൊടങ്ങി. 

അയോദ്ധ്യേരെ പടിവാതിക്കല് രാമസീതാലക്ഷ്മണമ്മാറ എതിരേൽക്കാൻ ഭരതനും ശത്രുഘ്നനും കൊറച്ച് ബന്ധുക്കളും നിന്നു. രാമന്റെ കോലം കണ്ടിറ്റ് ഏതൊ കാട്ടുവാസീന മാതിരി ഭരതന് തോന്നി. സീത ശരിക്ക് രാജകുമാരീന മാതിരീണ്ട്. അത് പറഞ്ഞ് ചിരിച്ച് ക്ഷൗരക്കാരെ വര്ത്തി. മുടീം താടീം വടിച്ച് സുന്ദരനാക്കീറ്റ് അവര് അയോദ്ധ്യേരെ അകത്തളത്തിലേക്ക് നടന്ന് പോയി. ജയ് ശ്രീരാ മസീതാന്നും പറഞ്ഞിറ്റ് ഹനുമാനും ആട്ന്ന് പോയി. വാദ്യമേളങ്ങളും ആഘോഷത്തിമിർപ്പുകളും അപ്പളേക്കും അയോദ്ധ്യേയില് ആരംഭിച്ചിര്ന്നു. 

   - ശുഭം -


കാസർകോടൻ വാമൊഴിയിലെ പദങ്ങൾ ഏറിയകൂറും ഉപയോഗിച്ച ചില പദങ്ങളുടെ വരമൊഴി പാരമ്പര്യങ്ങൾ ചുവടെ ചേർക്കുന്നു.

 

കരിപ്പക്കാരിത്തി - ഗർഭിണി

പ് രാകുക - ശപിക്കുക

അറുവല. - ശല്യം

കൊട്ത്താ കൊള്ള്ന്നെ ബൗസ് - കൈപ്പുണ്യം 

എട്ത്താ പൊങ്ങാത്ത സ്വത്ത് - ധാരാളം സമ്പത്ത് 

ഓറ്. - അദ്ദേഹം (ബഹുമാനസൂചകം)

കാര്യാക്ക്. - കാര്യം ചെയ്യൂ..

കയ്യോളം. - കഴിയുന്നത് വരെ 

ഒവ്ക്കിവിട. - ഒഴുക്കി കളയാം

ഇണ്ടാവൂന്ന്. - ഉണ്ടാകും എന്ന് 

ബേണ്ടീറ്റോ. - അതിന് വേണ്ടി 

ജ്ഗ്ഗ്റ്ള്ളോളാണ്. -ധൈര്യവും തന്റേടവുമുള്ളവൾ

ചോയ്ച്ചാലും. - ചോദിച്ചാലും 

ബെരല്. - വിരല് 

ബീണു. - വീണു 

ബള്ളം. - വെള്ളം, ജലം 

ബേഗത്തില്. - വേഗതയിൽ

ബില്ല്യ,ബെല്ല്യ - വലിയ

ഇണ്ടായ്ന്. - ഉണ്ടായിരുന്നു 

വന്നപ്പാട്. - വന്നപ്പോൾ 

എന്റൊക്ക. - എനിക്കൊപ്പം 

ന്ങ്ങൊ. - നിങ്ങൾ 

നമ്മൊ. - നമ്മൾ 

ചെരിദിച്ചിറ്റ്. - സൂക്ഷിച്ച്,ശ്രദ്ധയോടെ

ഓള്,ഓള. - അവൾ, ഭാര്യ (നാനാർത്ഥം)

ചോയിച്ചിറ്റ്. - ചോദിച്ചു കൊണ്ട് 

ബയീന്ന്. - വഴിയിൽ നിന്ന് 

പാങ്ങ്ണ്ടായിന്. - കൊള്ളാം, ചന്തമുണ്ടായിരുന്നു

അപ്യേരെ. - അവരുടെ

ഇപ്യേരെ. - ഇവരുടെ

പൊഞ്ഞാറ്. - വിരഹദു:ഖം

എന്തെങ്കിലാട്ട്. - എന്തെങ്കിലും ആയിക്കോട്ടെ

ഏട്ത്തേക്കെങ്കിലും - എവിടേക്കെങ്കിലും

ബര്ന്നോലും. - വരുന്നു പോലും 

ബിളിച്ചിറ്റ്. - വിളിച്ചു കൊണ്ട് 

ഇങ്ങൺത്തെ. - ഇങ്ങനെയുള്ള

ആട്ത്തേക്ക് - അവിടേക്ക്

ഈട്ത്തേക്ക്. - ഇവിടേക്ക് 

കൂട്ടിക്കൊണ്ടോവാൻ - കൂട്ടിക്കൊണ്ട് ചെല്ലാൻ

മാതിരി - പോലെ 

കേട്ടപ്പാട്. - കേട്ടപ്പോൾ

കണ്ടപ്പാട്. - കണ്ടപ്പോൾ

ചെയ്തപ്പാട്. - ചെയ്തപ്പോൾ

ചോയ്ച്ചപ്പാട്. - ചോദിച്ചപ്പോൾ

ബീണപ്പാട്. - വീണപ്പോൾ

ഓടിച്ചപ്പാട് - ഒടിച്ചപ്പോൾ

എത്ത്യപ്പാട്. - എത്തിയപ്പോൾ

കരഞ്ഞപ്പാട്. - കരഞ്ഞപ്പോൾ

കയ്ഞ്ഞപ്പാട്. - കഴിഞ്ഞപ്പോൾ 

ചോന്ന. - ചുവന്ന

ബെൾത്തെ. - വെളുത്തത്

കറ്ത്തെ. - കറുത്തത്

ബെൽതായപ്പാട്. - വലുതായപ്പോൾ 

ഒന്നൂല്ലേങ്ക്. - മറ്റൊന്നും ഇല്ലെങ്കിലും

പൊൽപ്പടി. - ഇണചേരൽ

വയസറിയിച്ച പെണ്ണ് - ഗർഭം ധരിക്കാൻ

                                   പാകരായ പെൺകുട്ടികൾ

ചാവ്വോന്നില്ല. - മരിക്കുകയില്ല

കയ്യപ്പ. - കഴിയില്ല 

മോളില്. - മുകളിൽ 

തുന്നിതരട്ടി. - ചേർത്ത് ഘടിപ്പിക്കുകമായിരുന്നു 

തീരണോങ്കി. - തീരണമെങ്കിൽ

പൈക്കുക. - വിശക്കുക

ഇരുന്നോട്ടി. - ഇരുന്നോളു ചേച്ചി

ഏട്ടി. - ചേച്ചി, മൂത്ത സഹോദരി 

ഏട്ടൻ. - മൂത്ത സഹോദരൻ

ബയി. - വഴി

പാഞ്ഞ്. - ഓടി 

തായ. - താഴെ

മീത്ത. - മുകളിൽ 

വൃത്ത്യാക്കണം. - വൃത്തിയാക്കണം 

കൊണ്ടാവൂലെ. - കൊണ്ട് പോവുകയില്ലെ.?

ചെയ്യട്ടീലെ. - ചെയ്യുകയില്ലെ.?

പോവട്ടീലെ. - പോവുകയില്ലെ.?

ആക്കട്ട്പ്പ. - ചെയ്യട്ടെ

ആക്കി. - ചെയ്തു

ഇട്ട് മൂടാനില്ലെ സ്വത്ത് - ധാരാളം സ്വത്ത് 

എൻക്കുണ്ട്റോ. - എനിക്കും ഉണ്ട് 

കേക്കാനല്ലെ. - കേൾക്കാനല്ലെ

ഇണ്ടായിറ്റൂ. - ഉണ്ടായിരുന്നുള്ളൂ

ഇണ്ടായിറ്റ. - ഉണ്ടായിരുന്നില്ല

ഇണ്ടാവൂന്ന്. - ഉണ്ടാകും എന്ന് 

കൊല്ല്ന്ന. - കൊല്ലുകയാണൊ.?

ചെയ്യ്ന്ന. - ചെയ്യുകയാണൊ.?

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ