അദ്ധ്യായം -4 - ആശ്രമം, കാട്, മരം, പുഴ
ഗുഹനൊരു കാട്ടുവാസിയല്ലെ, വേടനല്ലെ, ഒളിയമ്പ് പഠിച്ചോനല്ലെ. ഹമ്പോ.! ഗുഹനില്ലാണ്ട് ആ കാട്ടിലെ കൂടീറ്റ് എങ്ങനേപ്പാ നടക്കല്. പണ്ട് ദശരഥന യുദ്ധത്തില് സഹായിച്ചിനിന്നല്ലാണ്ട് നാട്ട്നീതി എന്തെന്ന്ന്ന് ഗുഹനറീല. കാട്ട് ഭാഷേല്ലാതെ അറീല.
എന്നങ്കിലും അങ്ങോട്ടും ഇങ്ങോട്ടും ആംഗ്യം കാണിച്ചിറ്റും എങ്ങനെല്ലോ പറഞ്ഞൊപ്പിച്ചിറ്റും രാമനും കൂട്ടുരും ഗുഹന്റെ മുമ്പില് പിടിച്ചു നിക്കുന്ന്ണ്ട്. കുശപ്പുല്ലരിഞ്ഞിറ്റ് പാവാട മാതിരി ഉടുക്കും. വല്ല മാനിന്റേയോ പുലീരേയോ തോലെട്ത്തിറ്റ് മേത്തേക്കിടും. കോയീരെ പീലി എട്ത്തിറ്റ് തലക്ക് കുത്തും. മാനിറച്ചീം മുയലിറച്ചീം ചുട്ടിറ്റ് തിന്നും. കാട്ടിന്റെ മുക്കും മൂലേം അപ്യക്കറിയാ, ചുട്ട് തിന്നുന്ന കേങ്ങ്, മുറിഞ്ഞാല് പെരട്ട്ന്ന ചെടീരെ എല, തലക്ക് തേക്കുന്ന താളി... അപ്യക്കെല്ലം അറിയും. രാമനെ കാണുമ്പം ഗുഹന് കൂറ് തോന്നല്ണ്ട്. അതിശത്തോടെ അവന നോക്കും. ഇറച്ചി തിന്നുവോ; ഇല്ല, മീൻ തിന്ന്വോ; ഇല്ല. എന്നാല് മധുരക്കേങ്ങ് പൂങ്ങ്യാല് തിന്ന്വോ, ഒരാണ്ട് വാറ്റിയ പഴച്ചാറ് കുടിക്ക്വോ, പുല്ലിന്റെ കട്ടിലില് ഇര്ന്നോ അപ്യേരെ സ്നേഹം കണ്ടപ്പാട് സീരേരെ കണ്ണ് നെറഞ്ഞു. പഞ്ഞീരെ കെടക്കേം പട്ട് മെത്തേം കളഞ്ഞിറ്റ്, ഊഞ്ഞാലും രാജകൊട്ടാരോം വെടിഞ്ഞിറ്റ് എന്തായാലും അയിലിരിക്ക്ന്നേയ്നക്കാളും രാജകീയ സുഖോല്ലം തോന്നുന്ന്ണ്ട്. എടക്കെടക്ക് പുല്ലിന്റെ നാര് വന്നിറ്റ് പൊറത്തേക്ക് കുത്തുന്ന മാതിരി.
സുമന്ത്രരെ തേര് രാമന്റെ ആജ്ഞയ്ക്ക് വേണ്ടീറ്റ് കാത്ത് നിക്കുന്ന്ണ്ട്. രാമൻ പോയ്ക്കോപ്പാന്ന് പറഞ്ഞു. സുമന്ത്രര് പോയിറ്റ
ഗുഹൻ തലയാട്ടി. ആ തലയാട്ടല് രാമന്റെ നേർക്കുള്ള കള്ളച്ചിരി മാതിരി ഇണ്ടായിന്.
"ചങ്ങാടോന്നും ബല്ല്യ പ്രശ്നൂല്ലെ കാര്യോല്ലപ്പ. എട മപ്പാണു, ചിങ്ങാണു, ചന്താച്ചി മൊള കൊത്ത്, കോർത്ത് കെട്ട്, നാളാവുമ്പോഴേക്ക് ചങ്ങാടം പൊഴല് കാണണം."
രാമനപ്പൊ ഗുഹന്റെ നേതൃസ്ഥാനത്തോട് അസൂയ തോന്നി. രാമൻ ചെർതായിറ്റ് ചിരിച്ചു.
സുമന്ത്രര് ദൂരത്ത് ചോയിച്ചു.
"ഞാനും ബന്നോട്ട, എൻക്ക് തിരിച്ച് പോവാൻ തോന്നില്ല."
"അതെന്തേ.?"
"ഒന്നൂല്ല... എന്നും ഉള്ളിലോട്ട് പോയാല്... ബില്ല്യ വനോല്ലെ, മൃഗങ്ങളൊ രാക്ഷസമ്മാറോ ബന്നാലൊ.? നീ മൂത്ത മോനല്ലെ രാമ, നിന്ന കയിച്ചിറ്റല്ലെ നാട്ട്കാർക്ക് ആരൂല്ലൂ. നാട്ട്കാരെ സങ്കടോല്ലം നീ കണ്ടതല്ലേ.? , ഞാനീട ഇണ്ടന്ന് ദശരഥരാജാവറിഞ്ഞാല് ചെലപ്പൊ രോഗം ഭേദായാലോ.? ഭരതൻ ഭരിച്ചാലും രാമൻ ഭരിച്ചാലും രാജ്യം നിലനിൽക്കും. പക്ഷെ, ഭരതൻ ഭരിച്ചാല് എടുപ്പ് കൊറയും, രാമൻ ഭരിച്ചാല് എടപ്പ് കൂടും, അത്രേയില്ലു."
രാമന് ദേഷ്യം ബന്നോന്ന് സംശുണ്ട്. സുമന്ത്രരെ മണ്ടത്തരം കേട്ടിറ്റ് ചിരിച്ചു.
"അപ്പൊ നമ്മൊ കാട്ടിലെത്തീന്ന് ആര് പോയിറ്റ് പറയും.?"
"ഓ... അത് ശര്യന്നെ. എന്നാ ഞാൻ പോവ്വാണ്.."
സുമന്ത്രരെ തേര് തിരിച്ചു. അഞ്ച് ബില്ലോരു മരങ്ങളെ മോളില് മൊളയോണ്ടും ഊയ്യോണ്ടും ഇണ്ടാക്യ വീട്, കാട്ട് വള്ള്യോണ്ട് കെട്ടീറ്റ്, കാട്ടുമണ്ണും പുല്ലും വച്ചുണ്ടാക്കിയ ചൊമര്, കാളക്കൊമ്പും ആനക്കൊമ്പും അലങ്കാരത്തിന് വച്ചിറ്റിണ്ട്. പുലിനഖത്തില് കോർത്ത മാല, അസ്ഥികൊണ്ടുണ്ടാക്കിയ ആയുധങ്ങള്, ഒണങ്ങാനിട്ട മൃഗത്തോലുകൾ ഗുഹന്റെ കൊട്ടാര ത്തിന് അപ്പുറും ഇപ്പുറൂമായിറ്റ്ണ്ട്. കൊറേ മരങ്ങളില് ഏറ്മാടം മാതിരി കുടിലുണ്ട്. ഗുഹന്റെ ആൾക്കാര് ആട താമസിക്കുന്നുണ്ട്. രണ്ടായി രത്തോളം ആൾക്കാരുണ്ടാവും. കുഞ്ഞോളും പെണ്ണുങ്ങളും ആണുങ്ങളുമടക്കം. ആളുകൾക്ക് അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ മരത്തിന് മോളിലേകൂടിറ്റെന്നെ വഴീണ്ട്. രണ്ട് കവാടം മാത്രേ ഇല്ലൂ. ഭൂമീന്ന് പത്തടിവരെ ഉയരത്തില് ഒരു വടവൃക്ഷം തൊരന്ന് പടിണ്ടാക്കി. അതിലേ കൂടീറ്റ് നടന്നാല് രാജപാതേലേക്ക് എത്താ.
ശ്രീരാമനും സീതേം ലക്ഷ്മണനും അതിഥിസൽക്കാരം കയിഞ്ഞപ്പാട് ഗുഹന്റൊന്നിച്ച് മോളിലേക്ക് നടന്നു. മരക്കട്ടകൾ തുരന്നുണ്ടാക്കിയ കസേരേല് അവരെ ഇര്ത്തി. പിന്നെ കാടിനെപ്പറ്റി പറയാൻ തൊടങ്ങി. യുദ്ധത്തില് പങ്കെടുക്കുന്ന യോദ്ധാവിനെക്കാളും കഴിവ് വേണം കാട്ട്ല് നടക്കണോങ്കില്. നല്ല ധൈര്യം ബേണം, താള ബോധം ബേണം. ആന, പുലി, സിംഹം, പാമ്പ് തൊടങ്ങി കൊറേ പേടിപ്പിക്കുന്ന മൃഗങ്ങളുണ്ടാവും. എപ്പൊ അയിറ്റിങ്ങൊ മേത്തേക്ക് ബീവ്ന്നെന്ന് പറയാൻ പറ്റീല. കാട്ടമ്പാണ് നല്ലത്. യുദ്ധത്തിന്റെ നിയ മോന്നും കാട്ടിലില്ല. വെട്ടിന് വെട്ട്, പല്ലിന് പല്ല്, കൊല്ലണോന്ന് രണ്ടൂട്ടം ചിന്തിക്കണ്ട, പേടിപ്പിക്കുന്ന എന്തിനെക്കണ്ടാലും കൊല്ലണം. വെശക്കുമ്പോ വേണോങ്കില് വേട്ടക്കെറങ്ങ. മൂന്ന് ദൈവസത്തിലധികം ഒരു ഭക്ഷണസാധനവും വെക്കരുത്. ബെക്ക്ന്നുണ്ടെങ്കില് ഒണക്കണം. ബാക്കില്ലെ ഭക്ഷണം വെൽച്ചെറിഞ്ഞാല് കുറുക്കനോ കിളിയോ ബന്നിറ്റ് തിന്നോളും. അത് കുഴിച്ച് മൂടിക്കൂട. കണ്ണില് നോക്കീറ്റ് നടക്കണം. വല്ല പുലീരെയോ സിംഹത്തിന്റെയൊ കാൽപാദം കണ്ടാല് ആ ബയിക്ക് പോവേ ബേണ്ട. പരസ്പരം മനസിലാക്കാൻ ശബ്ദൂണ്ടാക്കണം. കാട്ടുവൈദ്യം പഠിക്കണം, മുറിവോ ചതവോ അട്ടയോ പനിയോ എന്തെങ്കിലും ബന്നാലോ? മുള്ള് നോക്കണം, കല്ല് നോക്കണം, വഴുക്കല് നോക്കണം, മരങ്ങള് നോക്കണം. നടക്കുമ്പോ ഉശാറായിറ്റെന്നെ ബേണം, അരുവിയിൽ വെള്ളം കുടിക്കാനും പൊഴേൽ വെള്ളം കുളിക്കാനും അലക്കാനും മാത്രേ എട്ത്തൂടു, അരുവി ജലം കൈക്കുളിമ്പിളിലെട്ത്തിറ്റ് കലക്കാതെ കുടിക്കണം. തുകലിന്റെ സഞ്ചിയിലോ ഊയിരെ തണ്ടിലൊ വെള്ളം നെർച്ചിറ്റ് കൊണ്ടോണം. ചൂരൽ വളച്ചിറ്റ് കാട്ട് വില്ലുണ്ടാക്കീറ്റ്, കഴമ്പ് ചെത്തീറ്റ് അമ്പുണ്ടാക്കണം. തുഴച്ചില് പഠിക്കണം, മലകേറ്റോം മലയിറക്കോം ശ്രദ്ധിക്കണം.
രാമൻ എല്ലാം കേട്ടു. പുതിയത് പഠിക്കുന്നതിന്റെ ഉന്മേഷം ഇണ്ടായിനെങ്കിലും സീതേനേം ലക്ഷ്മണനേം ഓർത്തപ്പാട് ബേജാറ് തോന്നി.
"നാള ഗംഗാനദി കടക്കണം."
"അതിനെന്തപ്പാ.... ചങ്ങാടം നാളെന്നെ ശരിയാവും."
സീത അന്ന് കാട് കാണാനുള്ള ആർത്തീല് ഒർങ്ങീറ്റേയില്ല. രാമൻ ചോദിച്ചു.
"സീതേ, എങ്ങനേണ്ട് മധുവിധു യാത്ര.? "
"അടിപൊളി ഞാനിത്രക്കും ബിജാരിച്ചിറ്റ."
പിറ്റേ ദിവസം അവര് മൂന്നാളം ഗംഗാനദി കടന്നു.
ബില്ല ഊയി പുഴേലേക്ക് കുത്തീറ്റ് ബില്ലിക്കണം. അപ്പൊ ഒഴുക്കിനേക്കാളും വേഗത്തില് ചങ്ങാടം മുമ്പോട്ടുപോകും. കലക്ക് വെള്ളം കണ്ടിറ്റ് പേടിക്കണ്ട. ഒഴുക്ക് കണ്ടിറ്റ് നെലവിളിക്കണ്ട. നട്ക്കെന്നെ നിന്നോ, രാത്രിയാവുമ്പളേക്ക് കരേലെത്തും. ചങ്ങാടം ഏടേങ്കിലും പിടിച്ച് കെട്ടീറ്റ് നിങ്ങോ പോയ്ക്കോ. എന്തെങ്കിലും സഹായം ബണോങ്കില് "ഗുഹോയ്...' എന്ന് ഒച്ചീണ്ടാക്കാ മതി... ഞാനീടേന്നെണ്ട് രാമ.ഗുഹൻ അപ്യക്ക് മാർഗനിർദേശം കൊടുത്തു.
രാമ... രാമാ...ന്ന് രണ്ടുട്ടം ബിളിച്ചിറ്റ് ദശരഥൻ പോയി. കൈകേയീന ചീത്ത ബിളിച്ചിന്, മന്ഥരേന പ്രാഗീന്. കർമ്മം ചെയ്യണംന്ന് വസിഷ്ഠൻ പറഞ്ഞു. നാട്ടുകാരെല്ലാം മൃതദേഹം കാണാൻ വരി നിന്നു.
"എന്താണ്, അൽഭുതോന്നെപ്പാ.. "
"ഏട്ടന കാട്ടിലേക്കയച്ചിറ്റ് നോക്കറൊ അനിയൻ രാജാവായിറ്റ് വെലസ്ന്ന്... എന്ത് കുടുംബോപ്പായിത്.? " നാട്ട്കാര് പറഞ്ഞു.
ശത്രുഘ്നൻ മന്ഥരയോട് പറഞ്ഞു.
"മന്ഥരേ, നിന്റെ സ്വന്തിരിയാണ് എല്ലാറ്റിനും കാരണം. ആൾക്കാരെല്ലാം പറയാൻ തൊടങ്ങി; ഭരതന് ഒന്നും അറില്ലാന്ന്. നമ്മക്ക് മന്ഥരക്ക് രണ്ട് പൊട്ടിച്ചാലൊ ഏട്ട.? "
ഭരതന് അത് അത്ര ബില്ലെ കാര്യായിറ്റ് തോന്നീറ്റ.
"സ്ത്രീകളെ അപമാനിക്കുന്നത് അത്ര ബില്ല്യ കാര്യോന്നൊല്ല. ഒന്നൂല്ലേല് രഘുവംശോല്ലെ നമ്മള്... അതോണ്ട് ബേണ്ട. "
സുമന്ത്രര് ബന്നു മൃതദേഹം കണ്ടു. കണ്ണ് നെറഞ്ഞു.
"രാമന ഗുഹന്റട്ത്താക്കീന്. ഗംഗാനദി കയിഞ്ഞിറ്റിണ്ടാവും. ഗംഗേല് ബില്ല്യ ഒവ്ക്ക്ണ്ടാവും. അവരാദ്യായിറ്റായിരിക്കും അത്രേം ബില്ല്യ നദി കാണ്ന്നത്.വെള്ളപ്പാച്ചില് കാണുമ്പം അവര് പേടിക്കീലായിരിക്കും."
"കർമ്മം ചെയ്യണോങ്കില് ഏട്ടൻ ബേണ്ടേ.? ഏട്ടനില്ലാതെ എങ്ങനെ ശര്യാല്.? എൻക്കിനി ഈ രാജ്യം ബേണ്ട. അച്ഛനെ കൊന്ന മോൻന്നല്ലെ നാട്ടാര് പറയൂ. ഞാൻ പോന്ന്; രാമനേട്ടന കണ്ടിറ്റ് ബര്ന്ന്, ഏട്ടൻ ബന്നാല് കൂട്ടും. കൂട്ട്യാലെ എൻക്ക് സമാധാനാവൂ. "
മാരീചൻ ബന്നിറ്റ് രാവണനോട് പറഞ്ഞു.
"നല്ലൊരു വിദ്യ കിട്ടീറ്റ്ണ്ട്. ക്ഷത്രിയമ്മാറോട് പകയില്ലെ ഒരാളുണ്ട്; പരശുരാമൻ. ഒരിക്ക രാമനും സീതേം മംഗലം കയിച്ചിറ്റ് പോരുമ്പൊ അപ്യേന ചൊറിഞ്ഞിന്. ആ ഋഷി ചെലപ്പൊ അസുരമ്മാറെ ഭാഗം കൂടാൻ സാധ്യതേണ്ട്. രാമനും സീതേം കാട്ടിക്ക് പോയി. പതിനാല് കൊല്ലം കാട്ട്ല് നിക്കണോലും, ഓന്റച്ഛനോന കൊട്ടാരത്ത്ന്ന് പൊർത്താക്കി."
അത് കേട്ടപ്പോ രാവണന് കൊറച്ച് ആശ്വാസായി.
ദണ്ഡകാരണ്യത്തിലെത്ത്യാല് ഖരനോട് പറഞ്ഞിറ്റ് അപ്യേന കാണാലൊ. രാജകുമാരീന മാതിരി ഈട കയ്യേണ്ട പെണ്ണല്ലെ ഓള്. ആ കാട്ട് വാസീരൊന്നിച്ച് ഓളെ ജീവിതം പോയിലേ.."
രാവണൻ പരശുരാമന്റെ അട്ത്ത് പോയി.
പരശുരാമൻ പറഞ്ഞു.
"ശര്യന്നെ, ഞാനമ്മേന കൊന്നോനെന്നെ. എന്നങ്കിലും കൊർച്ച് കയിഞ്ഞിറ്റ് ഞാനെന്നെ അമ്മേന ജീവിപ്പിച്ചു. സ്യമന്തപഞ്ചകം ഇണ്ടാക്യ ആളെന്നെ, എന്നെങ്കിലും ക്ഷേതിയരെ ശല്ല്യൂല്ലാത്ത ഭൂമി ഞാനുണ്ടാക്കി കടലിലേക്ക് മഴുവെറിഞ്ഞു. യക്ഷമ്മാറ കുടിയേറ്റി. ഞാൻ അസുരപക്ഷത്തും നിക്കീല, ദേവന്റെക്കേം നിക്കീല. മനുഷ്യമ്മാറൊക്കെ നിക്കൂ. വല്ല്യമ്മ ക്ഷേത്രിയനാക്കണംന്ന വിചാരത്തില് അച്ഛനെണ്ടാക്കി. ഞാൻ അവസാനം ക്ഷത്രിയനായി. ബ്രാഹ്മണന് പൂജ ചെയ്യാനും അറിവുണ്ടാക്കാനേ കയ്യൂ, നീ ബേറാള നോക്കിക്കൊ. എല്ലെങ്കിലേ എന്നെക്കൊണ്ട് കച്ചറാന്ന് ആൾക്കാരെല്ലം പറയുന്നണ്ട്. ഇതും കൂടി ആയാല് തീർന്നു; പിന്നെ പറയേ ബേണ്ട. "
രാവണൻ നിരാശനായി. പകരം ബീട്ടണ്ടെ രാമനോട്, താനും കൂടാന്നെല്ലം പറഞ്ഞിറ്റും ഒരു കാര്യൂണ്ടായിറ്റ. പരശുരാമനുണ്ടാക്യ ഭൂമി നെർച്ചും മണലും, ചളീം ആയിരുന്നു.
"ഈട നട്ടാലെന്തെങ്കിലും മൊളക്ക്വൊ.?"
"മൊളപ്പിക്കണം."
പരശുരാമൻ രാവണനെ യാത്രയാക്കി.
കാട് കണ്ടപ്പാട് രാമൻ പേടിച്ചിലെ,! പാമ്പിനമാതിരി കാട്ടു വള്ളി പടർന്നിറ്റില്ലെ, പൊന്തേന്ന് പാമ്പ് എത്ത്യോക്കുന്നില്ലെ, പുറ്റില്ലേ.. തായ വിശ്വസിച്ചിറ്റ് കെടക്കാൻ പറ്റ്വോ.?, പഴം കൊണ്ടെന്നിറ്റ് ബെച്ചാല് കൊരങ്ങമ്മാറ് കൊണ്ടാവൂലെ.? കെടക്കുമ്പം പാമ്പ് ബന്നിറ്റ് കൊത്ത്യാലോ.?
"ലക്ഷ്മണാ... നമ്മക്കീടെല്ലം വൃത്ത്യാക്കണം. ആശ്രമം മാതിരി കുടിലാക്കണം. വെള്ളം നെറക്കാൻ, വെള്ളം കുടിക്കാൻ... എല്ലാറ്റിനും പാത്രം ബേണം.കരിങ്കല്ലിന്റെ കുട്ടുവായാലും മതി.കണ്ടാല് പേടിക്കാത്ത രീതീല് ബേണ്ടേ. ഇല്ലെങ്കില് കുറ്റിക്കാടിന കണ്ടിറ്റ് രാത്രീല് അമ്പയച്ചാല് ചത്ത്വൊ ബത്ക്കിയോന്ന് നോക്കാൻ പോവ്വൂല്ലെ.? പൂന്തോട്ടം വേണം. ഇരി ക്കാനും കെടക്കാനും സ്ഥലം ബേണം. പൊഴേലേക്കും അരുവിലേക്കും ബയി ബേണം. ഊഞ്ഞാല ബേണം."
കേട്ടപാതി കേക്കാത്ത പാതി ലക്ഷ്മണൻ വെട്ടുകത്തിയെട്ത്തിറ്റ് കാടെല്ലാം വെട്ടി. സീതേം കൂടാൻ നോക്കി.
"നിങ്ങൊ ആട ഇരുന്നോട്ടി. "
ലക്ഷ്മണൻ പറഞ്ഞു.
കുശപ്പുല്ല് മേഞ്ഞിറ്റ് കുടിലുണ്ടാക്കി. പഴങ്ങള് വെക്കാൻ പുല്ലാഞ്ഞി ചെത്തീറ്റ് കൂട്ട ഇണ്ടാക്കി. പൂന്തോട്ടത്തിന് അതിരിട്ടു. കാട്ടു വള്ളിം കാട്ടുതൂണും കൊണ്ട് കുടിലിന് മച്ച്ണ്ടാക്കി. കാട്ടുമണ്ണ് കൊഴച്ചിറ്റ് ചൊമരുണ്ടാക്കി. ചേടിക്കല്ല് തയച്ചിറ്റ് ചൊമരില് ചിത്രാം വരച്ചു. മരത്തടി തൊരന്നിറ്റ് വെള്ളം നെറക്ക്ന്ന കുട്ടുവം.സീത വേലീമ്മല് കരിയോണ്ടും,ചേടിയോണ്ടും വരച്ച
ചിത്രങ്ങള് കണ്ടപ്പൊ രാമൻ പറഞ്ഞു.
"ചിത്രകൂടം."
ലക്ഷ്മണൻ പത്ത് ദൈവസം പണയട്ത്തിറ്റ് വഴീം വെട്ടി. രാമനും സീതേം കുടിലിന്റെ ഉള്ളിലേക്ക് പോയി. ഗുഹൻ തന്നയച്ച പഴങ്ങളും ചാറും തീരാറായി. ഒരു ദെവസം സന്ധ്യയ്ക്ക് പൊഴ കടന്നിറ്റ് കൊറേ ആൾക്കാര് ബര്ന്നത് കണ്ടു. അത് ഭരതനും കൂട്ടരുമാണെന്ന് രാമന് മനസ്സിലായി. അപ്യേന സന്തോഷത്തോടെ വിളി ച്ചിരുത്തി.
"എന്താ ഭരതാ...? "
ഭരതൻ ഒച്ചത്തില് കരഞ്ഞു.
"അച്ഛൻ പോയേട്ടാ... പോയി."
രാമൻ ദീർഘനിശ്വാസം വിട്ടു. " ഹൂ..."
അയോദ്ധ്യേന കുറിച്ചിറ്റ് ഓർത്തു. ഇപ്പൊ ആൾക്കാര് അച്ഛന്റെ ഗുണഗണങ്ങളെക്കുറിച്ച് വാഴ്ത്തിപ്പാടുന്നുണ്ടാവും.
"എന്റച്ഛാ..." രാമൻ വിളിച്ചു.
സീതേരെ കണ്ണ്ന്ന് വെള്ളം വന്നു.
"അച്ഛൻ മരിച്ചിലെ... എനി രാജ്യത്ത് വന്ന് ഭരിച്ചൂടെ.? മന്ഥരമ്മായീന പറഞ്ഞയച്ചു. അയോദ്ധലിപ്പൊ ബില്ല്യ രസൂല്ല. നിങ്ങ വന്നാലെ ശരിയാവൂ."
രാമൻ പോവാനൊന്നും കൂട്ടാക്കിറ്റ,
"ഞാൻ ബന്നാല് അച്ഛൻ സ്വർഗത്തിന്ന് കരയും. എന്റെ മോൻ ബാക്കിന് കൊള്ളാത്താനാണല്ലോന്ന് പറയും."
"നാട്ട്കാരെല്ലം പറയ്ന്ന് രാമന കൊണ്ടരണംന്ന്."
"നിന്നെ പരിചരണാവുമ്പം അവര് പൊര്ത്തപ്പെടും. നീ പേടിക്കണ്ടാന്ന്."
രാമൻ ചുമലില് തട്ടി. ചിത്രകൂടം കണ്ടപ്പാട് ഭരതന് സന്തോഷായി. ആശ്രമം മാതിരി ഇണ്ടല്ലോ. അല്ലലില്ലാതെ കഴിയാലോ.രാമൻ പറഞ്ഞു.
"എൻക്ക് സന്തോഷേയില്ലു. ഈ കാട് എനിക്ക് വിനോദയാത്രക്കില്ല സ്ഥലാണ്. എൻക്ക് തോന്ന്ന്ന് പരശുരാമന അപമാനിച്ചേയ്നില്ല ശിക്ഷയാവൂന്ന്. കൊറേ മഹർഷിമാര കാണുമ്പൊ, അവരോട് സംസാരിക്കുമ്പോ, നല്ല ചിന്ത ഇണ്ടാവുമ്പോ ആശ്വാസോല്ലുണ്ട്. ഇതെനക്ക് കിട്ട്ന്ന ഒണർവ്വ് തന്ന്യാണ്. നീ തിരിച്ച് പോയിറ്റ് നല്ല പാങ്ങില് രാജ്യം ഭരിക്ക്. ബാക്കി പിന്നെ നോക്കാം. പതിനാല് കൊല്ലം കയിഞ്ഞപ്പാട് ഞാൻ ബരും. എന്തെങ്കിലും സംശുണ്ടെങ്കില് വസിഷ്ഠഗുരുല്ലെ, സുമന്ത്രരില്ലെ... പിന്നെന്തേ.? പോട്ട്...നടക്കട്ട്, പോടാ...അഥവാ ഇപ്പൊ ഞാൻ ബന്നാല് കൈകേയിയമ്മേന ധിക്കരിക്കുന്നത് മാതിരിയാവൂലെ... എല്ലാരേം ചോയിച്ചിന് ന്ന് പറഞ്ഞാ മതി."
ഭരതൻ തലേല് ചൊമന്നിറ്റ് സ്വർണ്ണച്ചെരിപ്പ് കൊണ്ടെന്നിറ്റ്ണ്ടായിന്. രാമനോടത് ഇടാൻ പറഞ്ഞപ്പൊ ചെരിപ്പ് കോർക്കാനേ പറ്റ്ന്നില്ല. ബില്ലൊരു കാലല്ലെ രാമന്റേത്. ആ ചെക്കന്റെ ചെരിപ്പ് കണക്കാവ്വൊ.?
ഭരതൻ പറഞ്ഞു.
"ആ ചെരിപ്പ് തലേല് ബെച്ചിറ്റല്ലെ ഞാൻ ബന്നത്. എൻക്കത്ടാൻ അർഹതില്ലാത്തോണ്ടല്ലെ ഏട്ടനത് ഇട്ടോക്കണംന്ന് പറഞ്ഞത്. എന്തായാലും അയോദ്ധ്യേല് പോന്നില്ല. നന്ദിഗ്രാമില് തലസ്ഥാനൂണ്ടാക്കാം... ഏട്ടൻ ബര്ന്നത് വരെ ഏട്ടന് ബേണ്ടീറ്റ് ഈ ചെരിപ്പ് ചെര്തിക്ക. ഞാൻ നന്ദിഗ്രാം ഭരിക്കാ. ഏട്ടൻ ബന്നിറ്റ് അയോദ്ധ്യ ഭരിച്ചാമതി."
രാമന്റെ പാദം തൊട്ട് ശത്രുഘ്നനും ഭരതനും അപ്യേന അനുഗമിച്ചു. എന്നങ്ങോട്ട് ബില്ല്യൊരു വനാണ്. മനുഷ്യമ്മാറ തിന്ന്ന്ന രാക്ഷസമ്മാറുണ്ടാവും. എടക്ക് ഏടേങ്കിലും ആശ്രമങ്ങള് കണ്ടാലായി. മൃഗങ്ങളുണ്ടാവും. പക്ഷികളും പാമ്പുകളുണ്ടാവും. കിട്ടുന്ന ആശ്രമത്തിലെല്ലാം നിക്കാ. ചിത്രകൂടം വിടുമ്പൊ രാമനൊന്ന് തിരിഞ്ഞുനോക്കി. അത് കാണാൻ അത്രക്കും രസൂണ്ടായിന്. എടങ്ങാറാക്കുന്ന് തോന്ന്യാല് ഒന്നും നോക്കണ്ട, അപ്പ കൊല്ലണം... എന്തായാലും.അവര് നിശ്ചയിച്ചു.സീത ദൂരത്ത്ന്ന് ഒരാശ്രമം കണ്ടു. അത് സുതീഷ്ണാശ്രമായിരുന്നു. മുനിമാരെല്ലം ഒരു യാഗത്തിലായിരുന്നു. അവര് ആരെയൊ കാത്ത് നിക്കുന്നത് മാതിരി തോന്നി. രാമനേം കൂട്ടരേം ആയിരുന്നു കാത്തിരുന്നത്. അവരെല്ലാം രാമന്റെ കാലില് വീണു. രാമ...രാമാ...ന്ന് ഉച്ചത്തില് സ്തുതിക്കാനും തൊടങ്ങി.
"നിങ്ങെന്ത്യേപ്പ കളിക്ക്ന്ന്, കാല് പിടിക്കാൻ മാത്രം നിങ്ങളത്ര അറിവൊന്നും നമ്മക്കില്ല. നിങ്ങള് പറയുന്നത് മാതിരി അനുസരിലല്ലെ നമ്മൊ ചെയ്യലില്ലൂ. നമ്മളക്കാളും ബൽതല്ലെ നിങ്ങൊ പറയ്, എന്തെന്ന് ബേണ്ടത്.?
ഭയം കൊണ്ട് ഋഷിമാരെല്ലാം കരയാൻ തൊടങ്ങി. സീത രാമന തോണ്ടി. ഏതെങ്കിലും രാക്ഷസമ്മാറ് ബര്ന്നുണ്ടാവും. രാമൻ ഒരസ്ത്രോട്ത്തിറ്റ് മോളിലേക്ക് വിട്ടു. അത് പത്ത് നൂറെണ്ണായിട്ട് രക്ഷ മാതിരി ആശ്രമത്തിന്റെ പരിസരങ്ങളിലെല്ലാം വീണു. കുഴിബോംബ് മാതിര്യാണ്. അമർത്തിച്ചവിട്ട്യാല് മോൾലേക്ക് ശൂംം..ന്ന് പറഞ്ഞിറ്റ് കേറും. കൂർത്ത മൊനേള്ള അമ്പുകള് കുത്തനെ ഭൂമിക്കകത്തിര്ന്നു. കനത്ത കാൽപാദം അമർത്ത്യാല് സംഗതി ഉള്ളിലേക്ക് കേറും. കാറ്റത്ത് പറക്ക്ന്ന ഒടലല്ലെ മുനിമാർക്ക്. അവര് അയിന്റെ മോളില് ചവിട്ട്യാലും ഒന്നും പറ്റീല. എല്ലാരിക്കും സന്തോഷായി. അപ്യ രാമനെ കുശാലാക്കി. രണ്ട് മൂന്ന് ദിവസം കൈഞ്ഞിറ്റ് രാമനും കൂട്ടരും ആടന്ന് പോയി.
ഐരാവണൻ പറഞ്ഞാല് മൈരാവണൻ കേക്കീല. മൈരാവണൻ പറഞ്ഞാല് ഐരാവണനും കേക്കീല. എന്തെന്ന് ആക്കല് രാജ്യം ഭരിക്കണോങ്കില് ഐരാവണൻ ബേണം, യുദ്ധം ജയിക്കണമെങ്കില് മൈരാവണൻ ബേണം, തപസ്സ് ചെയ്യണോങ്കില് ഐരാവണൻ ബേണം, ദേവമ്മാറെ കൊല്ലണമെങ്കില് മൈരാവണൻ ബേണം. പ്രണയിക്കാനും ശൃംഗരിക്കാനും ഐരാവണൻ ബേണം, കക്കാനും കളവ് പറയാനും മൈരാവണൻ ബേണം. ഇന്ദ്രനായിറ്റ് യുദ്ധം ചെയ്തപ്പാണ് ഐരാവതത്തിന്റെ കുത്തേറ്റിറ്റ് ഇടത് തൊട മുറിഞ്ഞിറ്റ്ണ്ടായിന്, വിഷ്ണുവായില്ലെ യുദ്ധത്തില് സുദർശനചക്രം ഒരന്തീറ്റ് വലതുകൈ മുറിഞ്ഞെയ്ന്റെ പാട്, എന്നിറ്റല്ലെ വിഷ്ണു രാമനോട് സ്നേഹം കാട്ടുന്നത്. രാവണന്റെ മോള് സീതാന്ന് അറിഞ്ഞിറ്റല്ലെ, അമ്പ് പൊട്ടിച്ചിറ്റ് ഓളെന്നെ കെട്ടീത്. എന്റെ രാവണാ നീയിത്ര പൊട്ട നായിപ്പോയല്ലോ..... ഐരാവണൻ മൈരാവണന ഉപദേശിച്ചു.
"ദണ്ഡകാരണ്യം ഭരിക്കുന്നത് ഖരനല്ലെ; ഖരനോട് പറഞ്ഞാപ്പോരെ സീതേന പിടിക്കാൻ. സീതേന പിടിച്ചാല് രാമനോട് കാര്യം പറഞ്ഞൂടെ. എങ്ങനെങ്കിലും നന്നാക്കിക്കൂടെ ഓന."
മൈരാവണൻ പറഞ്ഞു.
"നേരാക്കാനൊന്നുല്ല; കൊല്ലണം."
ഐരാവണൻ പറഞ്ഞു.
"കൊന്നൂടപ്പ.ഒന്നൂല്ലെങ്കില് നിന്റെ മോളല്ലെ സീത. ഓളെ പുരുവനല്ലേ രാമൻ.അപ്യക്കതില്ലെങ്കിലും നമ്മൊ അത് നോക്കണ്ടെ."
വലതുകൈയ്യും എടതുകയ്യും കൂട്ടിപ്പിടിച്ചിറ്റ് തിരിമ്മിക്കൊണ്ട് രാവണൻ അങ്ങോട്ടുമിങ്ങോട്ടും നടന്നു.ഐരാവണൻ പിന്നെം തുടർന്നു.
"നീയല്ലെ കുബേരന്റെ വിമാനം കട്ടത്, കൊട്ടാരം കട്ടത്, സീതേന നദീലൊഴുക്കീത്, രാക്ഷസമ്മാറെല്ലം കൊലക്ക് കൊട്ത്തത്... ഈന്റേല്ലം പാപം നീ ഏടക്കൊണ്ടോയിറ്റ് കളയല്."
"അല്ല, രാവണൻ നല്ലോനന്നേപ്പ. എന്ത് പാങ്ങില് രാജ്യം ഭരിക്കുന്നുണ്ട്, വ്യാപാരം നടത്തുന്ന്ണ്ട്. സഹോദരീസഹോദരമ്മാറ നോക്ക്ന്നുണ്ട്, വ്യാപാരം നടത്തുന്ന്ണ്ട്, കടലിലും കരേലും ബന്ധ ണ്ടാക്ക്ന്നുണ്ട്, ശിവനെ പ്രീതിപ്പെട്ത്തീറ്റ് അസ്ത്രം നേടുന്ന്ണ്ട്. രാവണന് എന്ത് ഭക്തി... എന്ത് ബഹുമാനം, എന്ത് പെരുമാറ്റം. ശ്ശോ... അതിശയോന്നെപ്പാ... "
"ഇത് രാക്ഷസനൊന്ന്വല്ലപ്പ, അല്ലേയല്ല."