അദ്ധ്യായം - 6 - വിമത ശബ്ദങ്ങൾ
രാവണൻ സീതേനേം കൊണ്ട് ലങ്കേലെത്തുമ്പളേക്ക് ലങ്കേല് നല്ലോണം ആള്ണ്ട്. നോക്ക്മ്പളേക്ക് കുബേരൻ ആൾക്കാരേം കൂട്ടീറ്റ് ലങ്കേന ആക്രമിക്കാൻ വേണ്ടീറ്റ് ബന്നിറ്റ്ണ്ട്. യക്ഷമ്മാരെങ്കിലും യുദ്ധത്തിന് മോശോന്ന്വല്ല.
രാവണന്റെ തലേലില്ലെ കിരീടം കണ്ടപ്പാട് കുബേരൻ കളിയാക്കി.
"വില്ലാളിവീരനായ കള്ളനെത്തി. സീതേന കട്ടത് കൂടാണ്ട് കുബേരന്റെ പുഷ്പകവിമാനം കട്ടിലെ, കൊട്ടാരം കട്ടിലെ,സ്വർണ്ണഭണ്ടാരം കട്ടിലെ.
സീത ചോദിച്ചു.
"നിങ്ങൊ എന്ത്യേ കട്ടതെന്ന് ഞാൻ ചോയ്ക്കുന്നില്ല. എന്നെ കൊണ്ടെന്നത് മാതിരി അയാളെട്ത്തുന്നും എന്തെങ്കിലും കൊണ്ടെന്നി ണ്ടാവും. അത് തിരിച്ച് കൊട്ത്താല് പ്രശ്നം തീർന്നിലെ. "
മൈരാവണൻ പെട്ടെന്ന് വന്നു. സീതേന ഒര് തള്ളിന് മണ്ഡോദരീരെ മുമ്പിലേക്കിട്ടു. കുബേരന്റെ സൈന്യത്തോട് കുംഭകർണ്ണൻ ഏറ്റ്മുട്ടുന്ന്ണ്ട്. എന്തായാലും കുബേരൻ ജയിക്കാനൊന്നും പോന്നില്ല. എന്നങ്കിലും ചെലപ്പൊ എന്തെല്ലോ വിളിച്ച് പറഞ്ഞാലോ കുബേരൻ ഒന്നൂല്ലേങ്കില് മുത്തപ്പന്റെ മോനല്ലെ. അതോണ്ട് ഓൻ പറയ്ന്നത് ആൾക്കാര് വിശ്വസിക്കും. ഓന പിടിച്ചിറ്റ് തൊറങ്കലിലടച്ചാല് പ്രശ്നോല്ലം തീരും. രാവണൻ കുബേരന്റെ അട്ത്തേക്ക് പോയി. കുബേരൻ വാദങ്ങള് നെരത്താൻ തൊടങ്ങി.
"ബ്രഹ്മാവ്, എന്റെ മുത്തച്ഛൻ തന്നതാണ് ഈ ലങ്കേം ധനോം അമരത്വോല്ലം. നീ എന്ന തച്ചിറ്റ് പറഞ്ഞയച്ചിറ്റ് സുഖിക്കേണ്ട. ഈ യക്ഷമ്മാറെല്ലം കൊന്നിറ്റ് ബേണോങ്കില് എട്ത്തൊ.നിനക്ക് എന്ന കൊല്ലാൻ എന്തായാലും പറ്റീല. നിനക്ക് എന്റെ സ്വത്ത് തട്ടിയെട്ക്കാൻ എന്തധികാരൂല്ലത്.? ഏതോ വേശിപ്പെണ്ണിനുണ്ടായ നിന്നെ ഞാൻ സഹോദരനായിറ്റ് കൂടി കാണീല. ഞാൻ മുത്തച്ഛന്റട്ത്ത് നിന്നിറ്റേങ്കില് നിനക്കെങ്ങനെ ഈ സ്വത്തുണ്ടാവട്ടി.? എറങ്ങിക്കൊ, എന്റെ സ്വത്ത് എൻക്ക് വേണം."
മൈരാവണൻ കുബേരന പിടിച്ച് ഒരേറ്. എന്നിറ്റ് ലങ്കേരെ തടങ്കലിലാക്കി. പിന്നെ യക്ഷമാറെല്ലം വെരട്ടിയോടിച്ചു. എല്ലാരും പിരിഞ്ഞു. എല്ലാം ശാന്തമായി. കുംഭകർണ്ണന്റെ ചൊമലില് തട്ടി അഭിനന്ദിച്ചു.
"നീയ്ണ്ടെങ്കില് പിന്നെന്തിന് പേടിക്ക്ന്ന്.? "
അന്ന് ലങ്കേല് സ്ത്രീകള് പന്തംകൊളുത്തീറ്റ് നൃത്തം ചവിട്ടി. മുക്കോമ്മാറ് കൊണ്ടെന്ന ബില്ല്യബില്ല്യ മീനെല്ലം പൊരിച്ചിറ്റ് രാത്രി ഭക്ഷണാക്കി. പിന്ന സീതേന തോഴിമാറ ഏൽപ്പിച്ചിറ്റ് രാവണൻ കുബേരന്റെ അട്ക്കലേക്ക് പോയി. രാവണന് പിതൃസഹോദരനോട് ദേഷ്യമാണ് തോന്നിയത്.
"നിങ്ങക്കെന്തിന് ഇത്രേം സ്വത്ത്, ബെർതെ പൂജിച്ചോണ്ടിരിക്കലല്ലെ നിങ്ങളെ പണി.? നിങ്ങൾക്കറിയാലൊ ദേവമ്മാറോട് എൻക്കില്ലെ പക അത് തീരണോങ്കി കൊറച്ച് സമ്പത്തും നാലാൾക്കാരും ബേണം. അസുരമ്മാറ് ദരിദ്രരല്ലാന്ന് അപ്യ അറിയണം. എന്നി ബ്രഹ്മാവല്ല, ശിവനെന്നെ നേരിട്ട് ബന്ന് പറഞ്ഞാലും ലങ്ക യക്ഷമ്മാർക്ക് തരീല. ഞാൻ തപശക്തീം വരശക്തീം കൊണ്ട് ലങ്കേന നല്ലൊരു രാക്ഷസക്കോട്ടയാക്കീറ്റ് മാറ്റീറ്റ്ണ്ട്. നിന്റത് കട്ടിറ്റൊ തോപ്പിച്ചിറ്റൊ ജയിലിലടച്ചിറ്റൊ എങ്ങനെങ്കിലും ഞാൻ നേടും. കാരണം ഞാനാണ് ലങ്കാധിപൻ നീയല്ല."
കുബേരൻ പുച്ഛത്തോടെ മുഖം കാണിച്ചു. രാവണൻ അത് വകവെച്ചിറ്റ. പിറ്റേ ദിവസം കുബേരന ജയിലില് കണ്ടിറ്റ. കാവൽക്കാർക്ക് രത്നങ്ങള് കൊട്ത്തപ്പാട് അപ്യ ഓന തൊറന്ന് വിട്ടു. ഓൻ ഗന്ധമാദക പർവ്വതത്തിലേക്ക് പോയി. കുബേരൻ ജയില് ചാട്യേതറിഞ്ഞിറ്റ് രാവണന് ദേഷ്യോന്നുണ്ടായിറ്റ. എന്തന്നാക്കണം ഓന്റെ സ്വത്തെല്ലം എന്റട്ത്ത്ണ്ട്. ഓന്റെ പിതൃസ്വത്തില് എൻക്കും അവകാശൂണ്ട്.
പ്രമോദവനം മാതിരി ഒരു സ്ഥലത്തന്നെ സീതേന ആക്കണംന്ന് രാവണന് നിർബന്ധൂണ്ടായിന്. ഓള്ന്നല ഒറങ്ങീറ്റാന്ന് പെണ്ണ്ങ്ങള് പറഞ്ഞു. അതിന് ബേണ്ടീറ്റ് അശോകമരത്തിന്റെ ചോട്ടിലെ സ്ഥലം ശരിയാക്കാൻ രാവണൻ പറഞ്ഞു. രണ്ടുമൂന്ന് ദിവസത്തിനുള്ളില് അത് ശര്യായി. പിന്ന സീതേന ആട നിർത്തി. ഒരാശ്രമം മാതിരുല്ലെ വീട്. എടക്കെടക്ക് പോയിറ്റ് സീതയോട് സംസാരിക്കും. സീത പാവത്തിനമാതിരി പത്ങ്ങും. ഇവളെങ്ങനേപ്പാ എന്ന കൊല്ലാൻ കാരണാല്.? രാവണന് എത്ര ചിന്തിച്ചിറ്റും അത് പിടികിട്ടീറ്റ.
രാമനും ലക്ഷ്മണനും എന്തെന്നാക്കണ്ടെന്ന് തിരിയാതെ കൊറേ നടന്നു. ആ നടത്തം എങ്ങനേന്ന് പറയാനൊക്കീല.പായ്ന്നതൊ നടക്ക്ന്നതോന്നറീല. തെക്കോട്ടല്ലെ പോവണ്ടത്. നടന്ന് നടന്ന് പോയി, കൊറേ കെതച്ചു. പമ്പാസരസിന് തീരത്ത് ഒരാശ്രമം കണ്ടു. ആട്ത്തേക്ക് നടന്നു. ശബര്യാശ്രമം. കാട്ട് വള്ളി കൊണ്ടും ചെടികള് കൊണ്ടും തിങ്ങിനെറഞ്ഞിറ്റ്ണ്ടായിന്.
ശബരി അപ്യേന ചിരിച്ചോണ്ട് നല്ല പാങ്ങില് സ്വീകരിച്ചിര്ത്തി. വിശിഷ്ഠമായ ഫലങ്ങള് നൽകി. ലോകത്തില് കൊറേ ശത്രുക്കളുള്ള, ഋഷികളെ സ്നേഹത്തോടെ പരിപാലിക്കുന്ന അയോദ്ധ്യേലെ രാമനില്ലെ ഭക്ഷണം ആദ്യം രുചിച്ചിറ്റ് വെളമ്പി.
"എന്തന്ന് രാമാ, നിന്റെ പ്രശ്നം.? ബന്നപ്പളേ ഒര് ഘനോം ചിന്തേം.?"
രാമൻ നടന്നതെല്ലാം പറഞ്ഞു.
"സീതേന തട്ടിക്കൊണ്ടോയ രാവണൻ, എൻക്ക് സീതയില്ലാതെ നേരെ ഒറക്കം പോലും ബര്ന്നില്ല. "
ശബരി അതിശയം മാതിരി പറഞ്ഞു.
"രാവണനാ.... പത്ത് ലക്ഷത്തോളം രാക്ഷസപ്പട ഓന്റട്ത്ത്ണ്ട്. പത്ത് നൂറ് സേനാധിപമ്മാറ്ണ്ട്. ദണ്ഡകാരണ്യം ഓന്റെ കോളനിയായിറ്റ്ണ്ടായിന്. അത് നിങ്ങൊ തകർത്തിലെ. ലങ്കലേക്ക് പോണോങ്കില് വിമാനം വേണം. അല്ലെങ്കില് കടലിലെ കൂടീറ്റ് പാലം കെട്ടണം. അങ്ങനത്തെ നിയോഗുണ്ടെങ്കില് നീയാട എത്തും. അയിന് അഗസ്ത്യന കണ്ടാമതി. രാവണന് കൊറേ വ്യക്തിത്തുണ്ട്. ഓന അത്രപെട്ടന്ന് കൊല്ലാൻ പറ്റീല."
അപ്പൊ രാമൻ ഗുഹസൈന്യത്തിനക്കുറിച്ചും ജഢായു സൈന്യത്തിനക്കുറിച്ചും പറഞ്ഞു. ശബരി ചിരിച്ചു.
"രാമ, രാവണന വെല്ലുവിളിക്കാൻ അത് പോര. സൈനിക ബലം കൂട്ടണം. രാമ നിനക്കിപ്പൊ നല്ല സമയോല്ലാന്ന് തോന്ന്ന്ന്. നീയാകെ തളർന്നിറ്റ് എല്ലും തോലുമാവാനായി."
പിന്ന എന്തോ ഓർത്തിറ്റ് പിടികിട്ടുമാതിരി ശബരി പറഞ്ഞു.
"കിട്ടി കിട്ടി; ഒര്ത്തന്ണ്ട്. കൊർച്ച് പോണം. കിഷ്കിന്ധവരെ എത്തണം. കിഷ്ക്കിന്ധേല് ബാലീന്ന് പറഞ്ഞിറ്റ് വാനരന്ണ്ട്. ഓനാണ് മുമ്പ് രാവണന തോപ്പിച്ചത്. ആട്ത്തേക്കെത്തീറ്റ് വാനരപ്പടേരെ സഹായം ചോയ്ക്കണം. അവരോടാവുമ്പൊ രാവണന് പിടിച്ച് നിക്കാൻ പറ്റീല. ഇന്നീട നിന്നിറ്റ് നാള രാവിലെ അങ്ങോട്ട് പോയാമതി. കൊറേ നടക്കാന്ണ്ട്. ബാലിയോട് സംസാരിക്കുമ്പൊ സൂക്ഷിക്കണം. ബില്ല്യ ധൈര്യശാലിയാണ്. രാവണന വാലില് കെട്ടീറ്റ് ഏഴ് സമുദ്രങ്ങൾ താണ്ടിയോനാണ് ബാലി, ബാലീന പാട്ടിലാക്കാൻ പറ്റീല, രാവണനും ബാലീം പിന്ന ബില്ലെ ചങ്ങായിമാരായി. അത് മാത്രോല്ല, എന്തോ സൈനികകരാറിലും ഒപ്പ് വെച്ചിന്. ലങ്കേന ആരെങ്കിലും ആക്രമിച്ചാല് അപ്പൊ ബാലിസൈന്യം ഒന്നിച്ച് കൂടും. കടലിലും രാവണന് സൈന്യൂണ്ട്. ശിവന്റെ കൊറേ വരം കിട്ടീറ്റ്ണ്ട്."
രാമൻ ശബരീരെ വർത്തമാനം കേട്ടിറ്റ് ചിരിച്ചു.
"ഹോ... നീയൊന്ന് ബള്ളപ്പല്ല് കാണിച്ചോല്ല്വോപ്പാ... എനക്ക് ചത്താമതി. "
ശബരി ചിരിച്ചോണ്ട് പറഞ്ഞു. രാമൻ കിഷ്കിന്ധനക്കുറിച്ചിറ്റ് ചിന്തിച്ചോണ്ട് കെടന്നു.
"കാണാൻ പോവുന്നത് കൊരമ്മാറെയാണ്. നമ്മളെ ബുദ്ധിയൊന്നും അയിറ്റ്ങ്ങക്ക് ഇണ്ടാവീല." ലക്ഷ്മണൻ പറഞ്ഞു.
ശബരി പറഞ്ഞു.
"നിങ്ങൊ പൊർത്ത് കെടക്കണ്ട മക്കളെ അവത്തേക്ക് ബാ... ഈ അമ്പും വില്ലും കൊണ്ട് നടന്നാല് ഒന്നും നടക്കീല. രണ്ടുമൂന്ന് വാള് എന്റെ കൈമ്മേണ്ട്. പത്ത് പതിനഞ്ച് ദിവസം തിന്നാനും കുടിക്കാനും ഇല്ലത് തരാ... അതെല്ലാം എട്ത്തേച്ചിറ്റ് നാള രാക്കൊണ്ടെ എറങ്ങണം; രാക്കൊണ്ടെ നടന്നാല് ക്ഷീണം തോന്നീല. ബാ... മക്കളെ ഉള്ളില് കെടക്ക്."
രാമനും ലക്ഷ്മണനും ശബരീരൊന്നിച്ച് പോയി. ശബരി നല്ല തോലിൻ വസ്ത്രം കൊടുത്തു. അതിട്ടപ്പാട് കാടത്തം മാത് മാതിരി തോന്നി. പിന്നെ അവര് കെടന്നു. രാവിലേക്കില്ലതെല്ലം ശബരിയന്നെ ശര്യാക്കി. പത്ത് ലിറ്ററ് ബെള്ളം, പഴച്ചാറ്, ഒണങ്ങിയ പഴങ്ങള്... അങ്ങനെ എന്തെല്ലൊ... ഒരുർളില്ലെ ബണ്ടീം കൊട്ത്തു, സാധനോല്ലം കൊണ്ടാവാൻ.വാളിനക്കൊണ്ട് കാട് വെട്ടീറ്റ് ബയി ആക്കാനും പറഞ്ഞു. എല്ലാം മൂളിക്കേട്ടോണ്ട് രാമനും ലക്ഷ്മണനും ഒറ്റക്കായി.
രാവിലായപ്പാട് ശബര്യോട് പോന്നൂന്ന് പറഞ്ഞിറ്റ് ലക്ഷ്മണനും രാമനും നടന്നു. അപ്പോ അവരെ പിന്നാലെന്നെ കബന്ധൻന്ന് പറഞ്ഞിറ്റില്ലെ ഒര് രാക്ഷസൻ നടക്കുന്ന്ണ്ടായിന്. ഭയങ്കര വേഗത്തില് നടക്കുന്ന്ണ്ടോന്ന് ശ്രദ്ധിക്കാനും പറ്റീറ്റ, ആരോ ഇണ്ടെന്ന് സംശയം തോന്ന്യപ്പാട് ലക്ഷ്മണൻ തിരിഞ്ഞ് നോക്കി. ഒരു രാക്ഷസന്ണ്ട് അട്ത്തേക്ക് ബര്ന്ന്, ലക്ഷ്മണൻ കാട്ട് വള്ളി വലിച്ചെടുത്തിറ്റ് കുരുക്കാക്കീറ്റ് കബന്ധന്റെ ചങ്കിലിട്ടു. പിന്ന ഒര് മരത്തിന്റെ ബല്ല്യ തടീരെ മോളിലേക്കിട്ടിറ്റ് തൂക്കി. രാമൻ ഇത് കണ്ടപ്പാട് കാട്ടുവള്ളിയെട്ത്തിറ്റ് കബന്ധന്റെ രണ്ട് കയ്യും കെട്ടി. കബന്ധൻ ബെൽച്ചും കരഞ്ഞു. പിന്ന ഒച്ചത്തില് പറഞ്ഞു.
"നിങ്ങൊ ഋഷ്യമൂകാചലത്തില് കയ്യുന്ന സുഗ്രീവന കണ്ടാമതി. എല്ലാം ശര്യാവും. രാമന് ആകെ കുറ്റബോധം തോന്നി. ഒറ്റവെട്ടിന് വള്ളി കഷ്ണം കയ്ച്ചു. കബന്ധൻ തായബീണിറ്റ് ചൊമച്ചു. രാമലക്ഷ്മണമ്മാറ് രണ്ടു കയ്യും തുന്നിക്കൊട്ത്തു.
ലക്ഷ്മണൻ പറഞ്ഞു.
"നിന്റെ രൂപം കണ്ടപ്പാട് ഞാൻ ബിചാരിച്ചു നമ്മളെ കൊല്ലാൻ ബെര്ന്നത് ന്ന്. രാക്ഷസമ്മാറെല്ലം അക്രമികളെന്നല്ലെ നമ്മൊ പഠിച്ചത്; അതോണ്ടാണ്. ഒന്നും കരുതരുത്."
കബന്ധൻ ഓടിപ്പോയിറ്റ് സുഗ്രീവനെ കാണണംന്നും പറഞ്ഞിറ്റ് നടന്നു. കിഷ്കിന്ധയിലേക്ക് സ്വാഗതം
"രാമൻ ബെര്ന്നുണ്ടോലും നമ്മളെ കാട്ട്ലേക്ക് രാമൻ ബെര്ന്നുണ്ടോലും. കബന്ധന്പ്പൊ പറഞ്ഞിറ്റ് പോയതേയില്ലൂ.
ഋഷ്യമൂകാചലത്തില് കുന്നിന്റെ മോളില് പേടിച്ചോണ്ട് സുഗ്രീവനിരക്കുന്ന്ണ്ടായിന്. ആട തന്നെ ഹനുമാനൂണ്ട്. ഹനുമനാൻ സുഗ്രീവനമാതിരിയൊന്നൊല്ല. നല്ല വണ്ണൂണ്ട്, നീളൂണ്ട്. മോത്ത് ബൗസൂണ്ട്. സുഗ്രീവനക്കണ്ടാമതി പേടിച്ചിറ്റ്, മുഖാല്ലം കരിവാളിച്ചിറ്റ്ണ്ട്.
"ഭരണം കിട്ടണോങ്കില് രാമന ഒന്നിച്ച് കൂട്ടണം. അല്ലാണ്ട് നടക്കീല. ഓനക്കൊണ്ട് ബാലീന കൊല്ലിക്ക." സുഗ്രീവൻ ഹനുമാനെ ബിളിച്ചിറ്റ് പറഞ്ഞു.
"രാമനേം ലക്ഷ്മണനേം ഏടക്കണ്ടാലും ഇങ്ങോട്ട് കൊണ്ടരണം."
ഹനുമാൻ ചോദിച്ചു.
"എങ്ങനേപ്പാ കൊണ്ട്വര്ന്ന്.? അല്ലെങ്കില് അപ്യേന്തിന് ഇങ്ങോട്ട് ബര്ന്ന്.,?"
"സീതേന പര്തീറ്റല്ലെ ബര്ന്നത്. ദശരഥന്റെ മോനല്ലെ, രഘു വംശോല്ലെ, ക്ഷത്രിയനല്ലെ.? എന്തെങ്കിലും കഴിവില്ലാണ്ടിരിക്ക്വൊ.? ഓനക്കൊണ്ട് നമ്മക്ക് ഉപകാരൂണ്ട്. നമ്മളക്കൊണ്ട് ഓനും ഉപകാരുണ്ടാവും. എത്രകാലം ഇങ്ങനെ ഒളിച്ച് നിക്കല്, നീ പോയിറ്റ് അപ്യേന കൂട്ടീറ്റ് ഈട്ത്തേക്ക് ബാ."
ഹനുമാൻ ചിരിച്ചു.
"കബന്ധന് നല്ല പാങ്ങില് തല്ല് കൊണ്ടിനിന്നല്ലെ പറഞ്ഞത്. എന്നങ്കില് രാമന്റെ ഭക്തനായിറ്റെന്നെ പോവാ. പൊക്കിപ്പറഞ്ഞാല് ബീവാത്ത ഒരു യോദ്ധാവും ഇണ്ടാവില, ഒന്ന് തള്ളിക്കൊട്ക്ക, ആത്മരതിയില്ലാത്തോര് രാജാക്കമ്മാറായിറ്റ്ണ്ടാവീല. ബില്ലോൻ രാമൻന്ന് പറയാ... "
ഹനുമാൻ സുഗ്രീവന്റെ ചെറിയ താവളത്തിന് പൊർത്തേക്ക് കടന്നു. സുഗ്രീവന്റെ അവസ്ഥ കണ്ടിറ്റ് ചിരിച്ചു. പെണ്ണൂല്ല, മണ്ണൂല്ല... സ്വാഹ. ഇങ്ങനത്തേന്നും അവസ്ഥ കൊട്ത്തൂടപ്പ. ആർക്കും, ഉം... എന്തെങ്കിലാട്ട്.
രാമനും ലക്ഷ്മണനും കിഷ്ക്കിലെ കൂടീറ്റ് ഋഷ്യമൂകാചലോം പെര്തീറ്റ് നടന്നു. ആട ജീവികള കണ്ടപ്പാട് അപ്യക്ക് അതിശയായി. മെൻച്ചെനെന്ന് പറയാൻ പറ്റീല, കൊരങ്ങനെന്ന് പറയാനും പറ്റീല. പൂർണായിറ്റ് വളരാത്ത മനുഷ്യക്കാരങ്ങിന മാതിരീണ്ട്. പെട്ടെന്ന് മുമ്പില് കൊറച്ച് തണ്ടും തടിയല്ലെ കൊരങ്ങൻ ഗദ തായബച്ചിറ്റ് തൊഴുതോണ്ട്. രാമനും ലക്ഷ്മണനും അതിശയായി.
"ഇതാര്പ്പാ... നിന്റെ പേരെന്തെന്ന്.? " രാമൻ ചോദിച്ചു.
ഹനുമാൻ ഗമേല് പറഞ്ഞു.
"ഹനുമാൻ... ഞാൻ നിങ്ങളെ ഭക്തനാണ്."
രാമന് സന്തോഷായി. ഒര് ആരാധകന കണ്ടൂലൊ. രാമൻ ലക്ഷ്മണനെ നോക്കീറ്റ് ചിരിച്ചു. ഹനുമാൻ എണീച്ചിറ്റ് പറഞ്ഞു.
"എന്ന സുഗ്രീവൻ ഇങ്ങോട്ടയച്ചതാണ്. നമ്മൊ ഇപ്പൊ ഋഷ്യ മൂകാചലത്തിലാണ് നിക്കുന്നത്. സുഗ്രീവന്റെ മന്ത്രിയാണ് ഞാൻ."
രാമൻ ചിരിച്ചു. രാജ്യൂല്ലാത്ത സുഗ്രീവന് മന്ത്രിയാ,
ഹനുമാൻ പറഞ്ഞു.
"ഞങ്ങൊ എപ്പൊ ബേണോങ്കിലും പിരിഞ്ഞ് പോകുന്ന തരത്തില് ഒരു ഭരണം നടത്തുന്ന്ണ്ട്. ഞാൻ നിങ്ങള സുഗ്രീവന്റട്ത്ത് എത്തിക്ക. നിങ്ങൾ ബാലീരെ കയ്യ്ന്ന് കിഷ്കിന്ധ സുഗ്രീവന് കൊട്പ്പിക്കണം. സുഗ്രീവന ഭരണത്തിലടിപ്പിക്കുന്നില്ലാന്ന് മാത്രോല്ല, ഓന്റെ ഓള് രുമേനേം വിട്ട് കൊട്ക്കുന്നില്ല. എന്ത് മെൻച്ചനായിരിക്കും.! സുഗ്രീവന് കിഷ്കിന്ധ കിട്ട്യാല് ലങ്കേലേക്ക് എല്ലാരും ബരും."
രാമൻ ഹനുമാനോട് സുഖോന്നല്ലെന്ന് ചോദിച്ചു. ഹനുമാൻ സുഖോണെന്നും പറഞ്ഞു. പിന്നെ വർത്തമാനം പറഞ്ഞിറ്റ് അവര പാട്ടിലാക്കി. ഓനറിയുന്ന നല്ലനല്ല പഴോല്ലം പറച്ചിറ്റ് കൊട്ത്തു. കാട്ട്ലെ കൂടീറ്റ് നടക്കുമ്പോണ്ട് ചെറിയ കാട്ട് ചെടികളുടെ മുകളില് കൊറേ ആഭരണങ്ങള് കാണ്ന്ന്. രാമൻ കണ്ടപ്പാടെന്നെ അതെട്ത്തു. അത് സീതേരെന്നറിഞ്ഞപ്പാട് രാമന് സങ്കടായി. ഈന്റെ മോളിലേ കൂടീറ്റായിരിക്കും രാവണൻ
സീതേന കൊണ്ടായത്.
"ബേഗം ബാ... സുഗ്രീവന കാണാലൊ. രാവണനും ബാലീം ബില്ലെ ചങ്ങാതിമാരാണ്."
അശോകവനീല് സീതക്ക് ഒറക്കം ശരിയാവുന്നില്ല. കെടത്തം ശരിയാവുന്നില്ല. രാമനെക്കാണാഞ്ഞിറ്റ് പൊഞ്ഞാറാവുന്നൂന്ന് തോന്ന്ന്ന്.രാവണൻ കൊറേ സമയം കാട് ചിന്തിച്ചോണ്ടിരിക്കുന്ന സീതേനേം നോക്കിക്കൊണ്ടിരിന്നു.
"എന്തെങ്കിലും എടങ്ങേറ്ണ്ടെങ്കില് പറേണം."
രാവണന്റെ ബർത്താനം കേട്ടിറ്റും സീത മിണ്ടീറ്റൊന്നൂല്ല.
"എന്തെങ്കിലും മിണ്ടറോ സീതേ... "
സീതക്ക് ചൊടിബന്നു. ഓള് നിസാരായിറ്റ് രാവണനെ നോക്കി.
"എൻക്കറിയ സീതേ... നിനക്കത്രേല്ലെ വയസ്സായിറ്റു. നല്ലോണം ജീവിതം അർമാദിക്കണ്ടെ പ്രായോല്ലിത്... എൻക്കറിയാ... ഞാനെന്താക്കല്.? നിന്റെ വിധിയായിരിക്കും."
സീത പറഞ്ഞു.
"എൻക്കിതൊന്നും പുത്തരിയല്ല രാവണാ. മംഗലം കയിഞ്ഞ പാട് കൊടുംകാട്ടിലേക്ക് മധുവിധൂന് പോയോളാണ് ഞാൻ. ഞാൻ ബര്ന്നില്ലാന്ന് പറഞ്ഞിനെങ്കില് രാമൻ ശരീന്ന് മൂളട്ടി. എന്നങ്കിലും ഞാൻ ബന്നോണ്ട് ലങ്ക കാണാൻ പറ്റീലെ, രാമനില്ലാന്നില്ലെ കൊറവുണ്ട്. അതെല്ലാം ഞാൻ ശര്യാക്കും. എന്റെ മനസ്സിനെ നിയന്ത്രിക്കാൻ എൻക്കറിയാ. പട്ടിണീം ഇല്ലായ്മേന്നും എനക്ക് പുത്തരിയല്ല. നിന്റെ സപ്പോർട്ടും എൻക്ക് ബേണ്ട. നീ ഒന്നും തരേം ബേണ്ട. പുഷ്പകവിമാനത്തിന്ന് എന്റച്ഛൻന്ന് പറഞ്ഞത് കളവ് പറഞ്ഞത് എൻക്കറിയ. നിങ്ങള കാണുമ്പൊ എനക്ക് തോന്ന്ന്നത് കല്ല്യാണം കയ്ക്കാനാണ്, ഈട്ത്തേക്ക് കൊണ്ടെന്നതതിനാണെന്നറിയ. അതൊന്നും നടക്കീല, മനസ്സില് വച്ചാമതി. പോയേട്ത്തെല്ലം മക്കളും ബന്ധുക്കളൂണ്ടല്ലൊ. കടലിലൂണ്ട്, കരേലൂണ്ട്. അതോണ്ട് എന്റെ മുമ്പില് അധികം നിക്കണ്ട. ബേഗം പോയ്ക്കോ."
രാവണൻ രോഷാകുലനാവ്ന്നുണ്ടോന്ന് കൊറേ സമയം നോക്കി. മണ്ഡോദരി സീതക്ക് കുടിക്കാൻ പാലും കൊണ്ടു വന്നു. സീത മണ്ഡോദരീന വന്ദിച്ചു. അമ്മേന്ന് ബിളിച്ചു. മണ്ഡോദരി ചിരിച്ചു. രണ്ടിറ്റ് കണ്ണീര് ബീണു. സീത എന്തെന്ന് ചോദിച്ചപ്പാട്, എന്നോട് പൊറ്ക്കണേ...മോളേന്ന് പറഞ്ഞിറ്റ് ഒറ്റപ്പോക്ക്. കാവർ ഭടമ്മാറ് സീതക്ക് കൊർച്ചപ്പർത്തായി ഉലാത്താൻ തൊടങ്ങി. കൊറച്ച് പരിചാരക സ്ത്രീകള് കുശലം അന്വോഷിക്കാൻ ബേണ്ടീറ്റ് വന്നു. രാവണൻ എല്ലാം നോക്കീറ്റ്, ചിരിച്ചോണ്ട് രാജസന്നിധിലേക്ക് പോയി. ശൂർപ്പണഖ അതുവഴി അശോകവനീല് പോന്ന്ണ്ടായിന്. രാവണൻ ദേഷ്യത്തോടെ നോക്കി. സീതേന കണ്ടപ്പാട് ഓള് അടിമുതല്
വിയർക്കാൻ തൊടങ്ങി. "എടീ..."ന്നും ബിളിച്ചിറ്റ് ഒറ്റപ്പാച്ചില്. തേവിടിശീന്നും ബിളിച്ചിറ്റ് ഒറ്റച്ചാട്ടം. സീത നിസ്സംഗയായിറ്റ് നിന്നു. നോക്കാലൊ... ഓളെന്തന്ന് ആക്ക്ന്ന്ന്ന് നോക്കട്ടല്ലൊ. ചെത്ത്മൂക്കി പഴയ അനുഭവം വെച്ചിറ്റ് ഒന്നും ചെയ്തിറ്റ.ചെയ്താല് പിന്നേം കൊണ്ടാലോ, സീത അടവും പയറ്റുമെല്ലാം എട്ക്കും. സീത ശൂർപ്പണഖേന പുച്ഛത്തോടെ നോക്കി. പഴയ വീറും വാശിയൊന്നും സീതേരെ മോത്തില്ല. ഭയങ്കരമായ നിരാശയോ, ഈ ലോകത്തിനോട് പുച്ഛോ അങ്ങനെയെന്ത ആണ്. ശൂർപ്പണഖ കൂക്കാൻ തൊടങ്ങി.
"നീ എന്തന്ന് ബിചാരിച്ചിന്, രാക്ഷസികളെല്ലാം മന്ദബുദ്ധികളെന്നാ.? നമ്മള കാണാൻ പാങ്ങില്ലതും ഉസാറുള്ളതുമായ പെണ്ണ്ങ്ങളെ കണ്ടിന നീ.? നിന്റെ ഓനില്ലേ... രാമൻ,പൊട്ടൻ. നീയാര് ഭൂലോകരംഭേ....? നിന്ന അത്രക്ക് ഇഷ്ടപ്പെടാൻ,നിനക്ക് ബേണ്ടീറ്റ് ചാവാൻ നടക്കുന്ന്ണ്ടല്ലൊ ഓൻ, ഓന് വല്ല വെവരൂണ്ട.? നീ അയിനക്കാളും പൊട്ടത്തി. എന്റെ ഏട്ടനക്കൺക്കത്തെ ഓന തപസ്സിര്ന്നാ നിനക്ക് കിട്ടീല.എന്നിറ്റ് ഓളെ കവര,... മംഗലം കൈക്കാൻ കൊണ്ടന്നതോന്ന്,! ഞാനെല്ലം കേട്ടിന്,ഓന്റെ കാല് കവ്വാനില്ലെ യോഗ്യതേണ്ട നിൽക്ക്. എന്നിറ്റ് അന്തപുരത്തില് നിക്കാതെ അശോകവനീല് ബന്നിറ്റ് നിക്ക്ന്ന്."
ശൂർപ്പണഖ വാളെട്ക്കാൻ ബേണ്ടീറ്റ് കൊട്ടാരത്തിന്റെ അകത്തേക്ക് പോയി.തിരിച്ച് വരുമ്പൊ രാവണൻ പിടിച്ചു.
"ഏടെണെ ബാളെട്ത്തിറ്റ്.? " ശൂർപ്പണഖ പറഞ്ഞു.
"ഓളനിയൻ എന്റെ മൂക്കും ചെവീം മുറിച്ചു. ഞാനോളെ തലേട്ക്കും."
രാവണൻ ചിരിച്ചു.
"ശൂർപ്പൂ... നെനക്കെന്തെ പ് രാന്ത.? ഓള് നിന്റെ തലേട്ക്കും. നിനക്കറീലെ, ലങ്കക്കാര് ആതിഥ്യമര്യാദയില്ലോരാണെന്ന്. ഈട്ത്തേക്ക് ബന്നിറ്റ് കൊല്ലാൻ നോക്യാല് നമ്മക്കല്ലെ മോശം, ശൂർപ്പൂ. നീയിപ്പം പ്രതികാരം ചെയ്താല് ഓളും നീയും തമ്മിലെന്ത്യേ വ്യത്യാസല്ലെ.? പിന്ന
ഓക്കില്ലെ ശക്തീന കൊർച്ചിറ്റൊന്നും കാണണ്ട. വിമാനത്തിന്ന് ഓളോട് മൽപ്പിടത്തം നടത്തീന്. നിന്ന സുഖായിറ്റ് ഓള് തോപ്പിക്കും. നീ ലങ്കേന്ന് തോറ്റാല് നമ്മക്കന്നെ അയിന്റെ മോശം. എന്തായാലും നിന്റൊക്ക ഞാനിണ്ടാവീല. അതെന്റെ മോളാണ്. നിന്നെക്കാളും ബന്ധം ഓളോടെക്കണ്ട്."
മൈരാവണൻ പൊർത്ത് ബര്ന്നത് കണ്ടപ്പൊ ശൂർപ്പണഖക്ക് പേടിയായി.
"നീയും കണക്കെന്നെ, വിഭീഷണനും കണക്കെന്നെ. ശൂർപ്പണഖ പേടിച്ചിറ്റ് പൊറകോട്ട് പോവ്വാൻ തൊടങ്ങി. പിന്ന വാള് വെക്കെണ്ടട്ക്ക ബച്ചിറ്റ് ഒറ്റപ്പോക്ക്.
ബാലി രാജധാനീല് വാലിന്റെ രോമം ശര്യാക്കിക്കൊണ്ടിരിക്കുന്ന്ണ്ട്. കിഷ്ക്കിന്ധേലെ രാജപാതേലെ കൂടീറ്റ് സേനാനായകനെന്ന് തോന്നിക്കുന്ന ഒരു വാനരൻ നടന്ന് ബെര്ന്നൂണ്ട്.
"ഒരാള് കിഷ്ക്കിന്ധേല് കടന്നിറ്റ്ണ്ട്. മൂകാചലത്തിനട്ത്തുള്ള മരത്തിന്റെ മോള്ന്ന് കൊരങ്ങമ്മാറ് പറഞ്ഞതാണ്.
ബാലിക്ക് പേടിയൊന്നും തോന്നീറ്റ. അത്രക്ക് ധൈര്യൂള്ളാള് ലോകത്ത്ണ്ട.? രണ്ട് മൂന്ന് നരച്ച രോമം പിഴുതെറിഞ്ഞു. രാവണന തോപ്പിച്ചോനല്ലെ ഞാൻ. പിന്ന എന്നപ്പിടിക്കാനാരാണ്.? എന്നങ്കിലും എല്ലാ മരത്തിന്റെ കൊമ്പിലും കൊറേ ആൾക്കാരെ ഇര്ത്തണം,നമ്മളെ രഹസ്യസേനക്കാർക്ക് പണിയായി. അത്രേന്നെ.!എന്നിറ്റ് ചിരിച്ചു.
"അപരിചിതരായിറ്റാരക്കണ്ടാലും പിടിച്ചോണ്ട് ബരണം." ബാലി ഉത്തരവിട്ടു.
സൈനിക വാനരൻ ശരീന്ന് പറഞ്ഞിറ്റ് നടന്നു.
ബാലീരെ സൈനികർക്ക് പ്രത്യേകത ഇണ്ടായിന്. പൊതപ്പ് മാതിരില്ലെ രോമത്തില് വെള്ത്ത ചേടിക്കളറ് പൂശും. കരിക്കട്ടേം കരിതിരീംകൊണ്ട് കണ്ണെഴുതും. പച്ചോല കൊണ്ടും, കട്ടിയുള്ള മരപ്പട്ട കൊണ്ടും പോർചട്ട ഇണ്ടാവും, അതെല്ലാം ബാലീണ്ടാക്യ വസ്ത്രധാരണത്തിന്റെ രീത്യാണ്.
ഓൻ പോയപ്പാട് ബാലി രുമേരെ മുറിയിലേക്ക് പോയി. ചുള്ളി കമ്പും കാട്ട് തടി കൊണ്ടും സുന്ദരമായ മുറി. കണ്ണാടി വെള്ളം ബെല്ലൊരു മരക്കുട്ടകേല്ണ്ട്. രാജകുമാരിമാറ് മാത്രം ധരിക്കുന്ന ചന്ദനത്തോലികൊണ്ടുള്ള ഉടപ്പും ഇട്ടിറ്റ് ഓളിരിക്കുന്ന്ണ്ടായിന്. ബാലീന കണ്ടപ്പാട് ഓളെണീച്ചു. സങ്കടം മാതിരി മുഖാക്കി.
ബാലി പറഞ്ഞു.
"എൻക്കറിയ.... നിനക്ക്പ്പളും സുഗ്രീവന്റട്ത്തെത്താൻ കൊതീണ്ട്ന്ന്. ഞാനോന്റെ ഏട്ടനല്ലെ, അപ്പൊ എൻക്കല്ലെ രാജ്യാവകാശം. രാജ്യത്തിന് ബേണ്ടീറ്റ് എന്നെ കൊല്ലാൻബന്നാ ഞാൻ വീട്വോ.? അതോണ്ടല്ലെ നിന്നെ കൂടി ഞാൻ ഈട ആക്യേത്. എനക്ക് നിന്നോട് അത്രക്ക് കാമോന്നുല്ല. അല്ലെങ്കിലും വാനരമ്മാർക്ക് ഭാര്യാന്നില്ലെ പദവീം, വിവാഹോന്നില്ലെ ചടങ്ങൊന്നൂല്ല. ഏതെങ്കിലും
ഒരു വാനരൻ ഒര് ഇണേന മാത്രം വിശ്വസിച്ചിറ്റ് ജീവിക്കുന്നത് നീ കണ്ടിന.? വാനരമ്മാറ് കൂട്ടം കൂട്ടായിറ്റാണ് ജീവിക്കുന്നത്. അവർക്ക് ഭാര്യാന്നില്ലെ പദവി ഞാനുണ്ടാക്കിക്കൊട്ത്തതാണ്. അല്ലാതെ അപ്യേരെ സംസ്കാരം അതൊന്ന്വൊല്ല."
രുമ പാവത്തിന മാതിരി ബാലീന നോക്കി. അപ്പൊ താര അട്ത്തേക്ക് വന്നു. രുമേന മാന്തീറ്റ് പരിക്കേൽപ്പിച്ചു. കൊറേ മുറിവ്, ചോര... ബാലിക്ക് ചൊടിബന്നു. താരേരെ മണ്ടക്ക് നാല് ബീക്ക് വച്ച് കൊട്ത്തു. താര പ്രത്യേകതരം കൊരങ്ങിന്റെ ശബ്ദൂണ്ടാക്കി കരഞ്ഞു.
"നിന്റെ ഒച്ച കേൾക്ക്മ്പ. മൻച്ചമ്മാറ മാതിരീണ്ട്."
താര പറഞ്ഞു.
"എന്ന് നമ്മൊ മെൻച്ചമ്മാറ മാതിരി ജീവിക്കണം. അല്ലാതെ കൊരങ്ങിനമാതിരിയല്ല."
"അപ്പൊ നീ ഇപ്പൊ രുമയോട് കാണിച്ചത് മയൻച്ചമ്മാറ് ചെയ്യുന്ന പണിയാണൊ.? ആദ്യം നീ നിന്റെ നഖം വെട്ട്. നിന്റെ നഖം കണ്ടാലെന്നെ കൊരങ്ങിന്റെ നഖം മാതിരീണ്ട്."
താര പറഞ്ഞു.
"കിഷ്ക്കിഡേല് ഒരു മെൻച്ചൻ കടന്നൂന്ന് അറിഞ്ഞു. അയാളെ കിട്ട്യാല് അവരെ രീതിയല്ലം പഠിച്ചെടുക്കാമായിരുന്നു."
ബാലി രുമയോട് മാപ്പ് ചോദിക്കാൻ പറഞ്ഞു. എന്നിറ്റ് രാജസന്നിധിയിലേക്ക് പോയി. രുമക്ക് നാണക്കേട്ണ്ടായിന്. പിന്നെ രുമേന സമാധാനിപ്പിച്ചു.
"നീയിങ്ങനെ ബേജാറാവേണ്ട കാര്യോന്നൂല്ല. പിന്നെ മറ്റെന്തെങ്കിലും മോഹം ഉള്ളിലുണ്ടെങ്കില് നടക്കീല. സുഗ്രീവന്റെ വിധവയായിറ്റ് ഇങ്ങനെ നടക്കാനെ പറ്റൂ. ബാലി പറഞ്ഞത് മാതിരി സുഗ്രീവവൻ ചത്തു. ഓന്പ്പൊ ആ ഹനുമാനേം കൂട്ടീറ്റ് വിമതസേന ഉണ്ടാക്കീലെ.? ഋഷ്യമൂകാചലം ഇല്ലെങ്കില് ഓനെപ്പളേ ചത്തിറ്റ്ണ്ടാട്ടി. രാജ്യ ത്തിന്റെ വിളകള് കട്ടിറ്റും ധാന്യങ്ങള് കൊണ്ടോയിറ്റും പാത്തും പങ്ങീറ്റ് ഓന്റെ കാലം നടക്കും. സുഗ്രീവന കൊല്ലുന്നത് ബാലീരെ ചിന്തേലില്ലെ കാര്യോല്ല; ഓനെന്നെ സ്വയം ചത്തോളും. ഈ കൊരങ്ങമ്മാറ നേരാക്കിയെട്ക്കലാണ് ലക്ഷ്യം. സുഗ്രീവന്റെ ആവശ്യോന്നും നടക്കീല, ഏട്ടന്ണ്ടാവുമ്പൊ അനിയന്ണ്ടാ രാജ്യം കിട്ടല്.!? അധികം കളിച്ചാല് ഓന ബെട്ടീറ്റ് ബായക്ക്ട്ടൊട്ക്കും."
രുമേരെ പേടിച്ച മുഖം കണ്ടപ്പാട്,ഒരു കദളിപ്പഴം ഉലിഞ്ഞ് തിന്നിറ്റ് താര മുറിവിട്ടിറ്റ് പൊറത്ത് പോയി.
ബാലി രാജസഭ കൂടി. നിരവധി വാനരശ്രേഷ്ഠമ്മാറ് ബാലി സൈന്യത്തിലുണ്ടായിരുന്നു. ദ്വന്ദ്വയുദ്ധം, ഗദയുദ്ധം, ഒളിയുദ്ധം അറിയുന്നവർ. ചാടിവെട്ട്, പറന്ന് വെട്ട്, തൂങ്ങിവെട്ട് ഇവയെല്ലാം അവര് അഭ്യസിച്ചിരുന്നു.
ബാലി പറഞ്ഞു തുടങ്ങി.
"ഹനുമാൻ സേനാന്ന് പറഞ്ഞിറ്റ് പുതിയ സംഘം കിഷ്ക്കിന്ധേല് കയ്യുന്ന്ണ്ട്. നല്ല ബുദ്ധി ശക്തീം ബലോം അപ്യക്ക്ണ്ട് അപ്പനെ ചെറുത്ത് നിന്നിറ്റേങ്കില് പോക്കെന്നെ കാര്യം.
അപ്പൊ ഒരാളെണീച്ചിറ്റ് പറഞ്ഞു.
"ഹനുമാൻസേന ഇപ്പൊ സുഗ്രീവന്റെ ഒന്നിച്ചാണില്ലത്. ബാലി കേറാമലേലായതോണ്ട് നിങ്ങക്ക് ആട്ത്തേക്ക് പോവാനും പറ്റീല. ഹനുമാന്റെ ആൾക്കാര് കിഷ്ക്കിന്ധേരെ പലേട്ത്ത്വായിറ്റ് ജീവിക്കുന്ന്ണ്ട്. അവരെ അടിച്ച് ഓടിക്കണം. ഹനുമാൻ സേനയിലേക്ക് കൊറേ ആൾക്കാര് ചേര്ന്ന്ണ്ട്. അയിറ്റങ്ങള പായിച്ചിറ്റേങ്കില് ഒരു രക്ഷേം കിട്ടീല. നമ്മുടെ വാഴത്തോട്ടൊല്ലം നശിപ്പിക്കുന്ന്ണ്ട്. ഹനുമാന് മനുഷ്യഭാഷേം സംസ്കാരോല്ലം കൊറച്ചറിയ, അതോണ്ടാണ് പരിഷക്ക്കാരവാദികളെല്ലാം ഓന്റൊന്നിച്ച് പോകുന്നത്. ബാലി ചെയ്യുന്നതും അത് തന്നെങ്കിലും, ഹനുമാന്റൊന്നിച്ച് ആൾക്കാര് കൂടി വരുന്ന്ണ്ട്."
ബാലി കൊറേസമയം മിണ്ടാതിരുന്നു. എന്നെന്തന്നാക്കല്ന്ന് പിന്ന ചോദിച്ചു. ഹനുമാനുമായിറ്റ് ബന്ധുണ്ടാക്കണംന്ന് ഏകദേശാൾക്കാരും പറഞ്ഞു. ബാലിക്കത് കൊറച്ചിലുമാതിരി തോന്നി. സുഗ്രീവന്റെ ഒന്നിച്ചല്ലെ ഹനുമാൻ; അങ്ങനെങ്കില് ഓന രാജാവാക്കേണ്ടി വരില്ലെ. അത് ബേണ്ട, രണ്ട് മെൻച്ചമ്മാറ് നമ്മളെ രാജ്യത്ത് ബന്നിന് ന്ന് അറിഞ്ഞു. ആയിറ്റങ്ങള ഏട കണ്ടാലും പിടിച്ചിറ്റ് ഈട കൊണ്ടരണം. ഉം... എല്ലാരും പോയ്ക്കൊ. എല്ലാരും പോയി.
രാമലക്ഷ്മണമ്മാറേം കൊണ്ട് ഹനുമാൻ ഋഷ്യമൂകാചലത്തിലെത്തി; വഴീന്ന് കദളിപ്പഴോം മറ്റ് പഴങ്ങളും പറിച്ച് തിന്നോണ്ട്. ഹനുമാന് അപ്യേരെ ഭാഷ നല്ല പാങ്ങില് അറിയിന്ന്ണ്ടായിന്. യാത്രക്കെടേല് ഹനുമാൻ ശ്രീരാമന്റെ ഭക്തനാണെന്ന് പറഞ്ഞു. രാമനത് നല്ലോണം സുഖിച്ചു. ഋഷ്യമൂകാചലത്തില് രാജകീയ അലങ്കാരങ്ങളൊന്നും ഇണ്ടായിറ്റ. കൊറേ മരക്കല്ലിന്റെ ഇരിപ്പിടോം മരത്തടികള് കൊണ്ടുണ്ടാക്കിയ കുന്തങ്ങളും. സുഗ്രീവന്റെ മുഖൂള്ള കൊടി ആട പാറിക്കളിക്കുന്ന്ണ്ടായിന്. സുഗ്രീവന്റെ ഇരുമ്പിന്റെ ഗദേണ്ടായിന്. കൊറേ വെറകുകള് കൂട്ടിയിട്ടിറ്റ്ണ്ടായിന്. അത് രാത്രിക്ക് തീക്കായാനായിരിക്കും. സുഗ്രീവന്റെ ഇരിപ്പിടം കരിങ്കല്ല് കൊണ്ടായിരുന്നു. കൊറച്ച് ചിത്രപ്പണിയെല്ലാം അയില് ചെയ്തിറ്റിണ്ട്. സുഗ്രീവന്റെ സർവ്വസൈന്യാധിപൻ ജാംബവാനായിരുന്നു. ജാംബവാനെ നോക്കിറ്റ് ചിരിച്ചോണ്ട് ഹനുമാന്റേം രാമലക്ഷ്മണമ്മാറുടെ വരവും കണ്ടിറ്റ് സുഗ്രീവൻ അവരെ അട്ത്തേക്ക് പോയി.
"ബാ... ബാ... ഇരിക്കിരിക്ക്." ധൃതി കൂട്ടി.
രാമന്റെ ജഡപിടിച്ച് മുടീലെ പശവേര് കൊണ്ടുള്ള കെട്ടും മനുഷ്യന്റെ രൂപോം സുഗ്രീവൻ അതിശയത്തോടെ നോക്കി. കൊരങ്ങന്റെ മുഖോം മനുഷ്യന്റെ ശരീരവുമുള്ള സുഗ്രീവനെക്കണ്ടപ്പൊ അതിശയോന്നും തോന്നീറ്റ, ഹനുമാനെ മുമ്പെ കണ്ടില്ലെ, അതോ ണ്ടായിരിക്കും.
"എന്തെന്ന്പ്പാ...നിങ്ങക്ക് വേണ്ടത്. കിഷ്ക്കിന്ധേല് ബന്നാളേന്നും ബെർതെ അയക്കലില്ല. എന്ത് ചോയിച്ചാലും കൊട്ക്കേണ്ടത് നമ്മളെ കടമയാണ്. ഇല്ലെങ്കില് വനാരമ്മാറെന്ന് പറഞ്ഞിറ്റ് ജീവിച്ചിരിക്കുന്നേയിലെന്ത് കാര്യം.? "
ഹനുമാന്റത്ര നെഞ്ച് വിരിവൊന്നും സുഗ്രീവനില്ല. എന്നങ്കിലും നയത്തില് കാര്യം പറയാനറിയാം. ഹനുമാന്റെ യുദ്ധഗുണോംണ്ടെന്ന് തോന്നുന്നില്ല. സുഗ്രീവന്റെ രോമം ചെമ്പിച്ചിറ്റും ഹനുമാന്റെ രോമം കർത്തിറ്റും ആണ്. രൂപംകണ്ടിറ്റായിരിക്കും ബാലി ഹനുമാന ഒന്നും ചെയ്യാത്തത്. ഹനുമാന്റെ പേശീബലം ഇല്ലെങ്കിലും, ഹനുമാന്റെ സംസാരവ്യക്തതയില്ലെങ്കിലും സുഗ്രീവനറിയുന്ന ഭാഷേല് പറയ്ന്ന്ണ്ട്. ഹനുമാനത് നല്ല രീതില് പറഞ്ഞ് കൊട്ക്കുന്ന്ണ്ട്. എന്നങ്കിലും സുഗ്രീവന പെണക്കീറ്റ് ഹനുമാനേം കൂട്ടീറ്റ് പോവ്വാൻ പറ്റീല. സുഗ്രീവന്റെത്ര ആൾബലം ഹനുമാനില്ലല്ലൊ. രണ്ട് കരിങ്കല്ലില് അപ്പുറും ഇപ്പുറുവായിറ്റ് രാമനും സുഗ്രീവനും ഇര്ന്നു. ഹനുമാൻ നടക്കും. ജാംബവാൻ സുഗ്രീവന്റെ വലത് ഭാഗത്തും ലക്ഷ്മണൻ രാമന്റെ എടത് ഭാഗത്തും നിന്നു. കൊരങ്ങമ്മാറ് ആടേം ഈടേമായിറ്റ് പഴങ്ങള് വെക്കുകേം ആയുധോണ്ടാക്കുകയും ചെയ്യ്ന്നുണ്ട്. ഒരു ഒളിസങ്കേതത്തിലെത്തിയ മാതിരി രാമന് തോന്നിച്ച് ഇണ്ടായി. രണ്ട് സേവകമ്മാറ് ചെന്തേങ്ങ കൊത്തീറ്റ് രാമലക്ഷ്മണമ്മാർക്ക് കൊടുത്തു.
"ചെന്തെങ്ങിന്റെ എളന്നറാണ്; കുടിച്ചൊ." സുഗ്രീവൻ പറഞ്ഞു.
സുഗ്രീവനും അവര് എൾന്ന് കൊടുത്തു. ലക്ഷ്മണൻ ആവേശത്തോടെ പറഞ്ഞു.
"ഏട്ടി ഇത് വഴി പോയിരുന്നെന്ന് ഒറപ്പായി."
"സീതേരെ കൊറച്ചാഭരണം നമ്മക്ക് കിട്ടി. സീതേല്ലാണ്ട് നമ്മക്ക് തിരിച്ച് പോവാൻ പറ്റീല അതോണ്ട് നിങ്ങൾ സഹായിക്കണം. അയിനാണ് നിങ്ങളേം അനേഷിച്ചിറ്റ് ബന്നത്." രാമനുരിയാടി.
സുഗ്രീവൻ ഹനുമാനെ നോക്കിറ്റ് ചിരിച്ചു. എൾന്നറിന്റെ കൊറച്ച് ബെള്ളം കുടിച്ചിറ്റ് പറഞ്ഞു.
"സഹായോല്ലം തരാം. അയിന് മുമ്പ് ബാലീന കൊല്ലണം. ബാലി രാവണന്റെ ബില്ല്യ ചങ്ങാതീയാണ്. അതോണ്ട് ഓന്റട്ത്ത്ന്ന് നിങ്ങക്ക് ഒര് സഹായോം കിട്ടീല."
രാമൻ നിസ്സാരായിറ്റ് പറഞ്ഞു.
"എന്നങ്കില് ഓന കൊല്ലാ."
സുഗ്രീവൻ പിന്നേം കള്ളച്ചിരിയോടെ പറഞ്ഞു.
"വാനരമ്മാറ് നിസ്സാരക്കാറൊന്ന്വല്ല. മരത്ത്മ്മന്ന് മരത്ത്മ്മലേക്ക് എത്ര വേഗത്തില് ബേണോങ്കിലും ചാടും. ബേണ്ടിവന്നാല് കടല് നീന്തിക്കടക്കാനും ചാടിക്കടക്കാനും കയ്യും. ലങ്ക കടലിനക്കരേല്ലെ. അതോണ്ട് നിങ്ങക്കെന്തായാലും നമ്മളൊന്നിച്ച് കൂട്യാല് നഷ്ടാന്നും ഇണ്ടാവീല."
രാമൻ ഒന്ന് ചിരിച്ചിറ്റ് കൊറേ സമയം ചിന്തിച്ചു. കൊറച്ച് ബെക്ട് പറയ്ന്ന്ണ്ടെങ്കിലും സഹിക്കാൻ പാടൊന്നുല്ല.
"ഋഷീരെ ശാപംകൊണ്ട് ഈ സ്ഥലത്തേക്ക് ബാലി ബരീല എന്റെ ഏട്ടന പേടിച്ചിറ്റാണ് ഞാനീട നിക്ക്ന്നത്. രാജ്യസ്വത്തില് തുല്ല്യാവകാശല്ലെ, എൻക്ക് സ്വത്ത് തര്ന്നില്ലാന്ന് മാത്രോല്ല, വാനരസംഘത്തില് അംഗമാക്കാനും മുതിര്ന്നില്ല. എന്റെ ഭാര്യ രുമേന കാണാൻ പോലും തമ്മിക്ക്ന്നില്ല. ഓനോട് എന്തായാലും ജയിക്കാൻ പറ്റൂന്ന് തോന്ന്ന്നില്ല. ചതീലെ കൂടിറ്റെ ചെയ്യാൻ പറ്റൂ. എന്റെ വിമതസേനക്ക് ഇത്ര ബല്ല്യ കരുത്തൊന്നും ഇണ്ടായിറ്റ, ജാംബവാന് ബാലി ശല്ല്യായപ്പാട് ഓറ് എന്റൊന്നിച്ച് കൂടി. ഹനുമാൻ പിന്ന ബന്നു. ഇപ്പൊ നിങ്ങളും. എന്തായാലും നമ്മക്കിപ്പൊ ശക്തി കൂടി."
സുഗ്രീവൻ പറഞ്ഞ് തീർന്നപ്പാട് രാമൻ പുഞ്ചിരിച്ചു. ലഹരി നൽകുന്ന പഴങ്ങള് അവരെ മുമ്പില് നെരന്നു. തേങ്ങേരെ പൊങ്ങും കൊണ്ടന്നു. എല്ലാരും തിന്നിറ്റും കുടിച്ചിറ്റും സന്തോഷിച്ചു. തീ കൂട്ടി പാട്ട് പാടി, ആട്ടമാടി. അയിന്റെടേല് സുഗ്രീവൻ പറഞ്ഞു.
"എന്ന രാജാവാക്കീറ്റ് കിഷ്കിന്ധേല് വാഴിക്കണം. എന്നങ്കിലെ ഞാനെന്റെ ആൾക്കാര തരൂ."
രാമൻ സന്തോഷത്തോടെ പറഞ്ഞു.
"മെൻച്ചമ്മാറെക്കാളും കൊരങ്ങമ്മാറാണ് നല്ലത്. ഇത്രേം സ്നേഹം എൻക്ക് ബേറേടേം കിട്ടീറ്റപ്പ."
വിഭീഷണൻ സീതേന കാണാൻ ബേണ്ടീറ്റ് ലങ്കേലേക്കെത്തി. രാവണൻ വിഭീഷണന കണ്ടപ്പാട് വിമതൻന്ന് കളിയാക്കി.
"എന്തേപ്പ ബന്നത്.? "
വിഭീഷണൻ പറഞ്ഞു.
"ഏട്ടൻ പിന്നേം എന്തോ ഒപ്പിച്ചെന്നറിഞ്ഞു. സീതേന തട്ടിക്കൊണ്ടന്നിനോലും. ഒന്ന് കണ്ടിറ്റ് പോവ്വാലോന്ന് വിചാരിച്ചിറ്റ് ബന്നത്. എൻക്കോള കാണാൻ പറ്റോ.? "
രാവണൻ പറഞ്ഞു.
"കാണ്ന്നേയ്ന് എൻക്കൊന്നുല്ല. നിന്റെ അച്ഛന്റെ പേര് വിശ്രവസ്സ് എന്നല്ലെ. എന്റച്ഛന്റെ പേരും കുംഭകർണ്ണന്റെ അച്ഛന്റെ പേരും അതന്നെ. അതോണ്ട് അധികം ബില്ലാളാക്കാനൊന്നും നിക്കണ്ട. കുംഭകർണ്ണൻ എന്റൊന്നിച്ചില്ലടത്തോളം നിനക്ക് രാജ്യോന്നും കിട്ടൂല. ഓന ചാക്കിലാക്ക്യാല് കാര്യം നടക്കും. അപ്പൊ നിനക്ക് രാജ്യം കിട്ടും. മൂന്ന് മക്കൊ ഇല്ല്യേല് രണ്ടാള് എനക്കൊപ്പാണ് നീ ഒരാളും; നിനക്ക് മനസ്സിലായോ.? "
വിഭീഷണൻ പറഞ്ഞു.
"മറ്റാളെ ഭാര്യേന തട്ടിക്കൊണ്ടന്നതന്നെ ബില്ല്യ തെറ്റ്. കുബേരന കൊള്ളയടിച്ചിറ്റ് ഇണ്ടാക്യ ഈ കൊട്ടാരോം വാസസ്ഥലൂല്ലെ, വിമാനൂല്ലെ, ആഭരണൂല്ലെ, എന്തിന് ഈട്ത്തെ നാട്ടുകാരില്ലെ.? ഈ പാപോല്ലം ഏട കൊണ്ടോയിറ്റ് കളയല്.?യക്ഷമ്മാറെല്ലം ഈട്ന്ന് ഓടിച്ചിറ്റ് സ്വന്താക്ക്യേതല്ലെ ഇത്.? ലങ്ക കുബേരന്റേതാണെന്ന് തിരിച്ചറിഞ്ഞാല് നിങ്ങക്ക് നല്ലത്."
രാവണൻ മൗനം പൂണ്ടു. എന്നിറ്റ് സീതേന കണ്ടോന്ന് പറഞ്ഞു.
വിഭീഷണന്റൊന്നിച്ച് രണ്ടുമൂന്നാൾക്കാരും ഇണ്ടായിന്. അവര് അശോകവനത്തിലേക്ക് പോയി. സീത ദൂരത്തേക്ക് നോക്കീറ്റ് ബെർതെ ഇരിക്കുന്ന്ണ്ടായിന്. വിഭീഷണനെ കണ്ടപ്പാട് എണീച്ചു. തൊഴുതു. വിഭീഷണനും വിനയപൂർവ്വം തൊഴുതു. എന്നിറ്റ് പറഞ്ഞു.
"രാമനേം അന്വേഷിച്ചിറ്റ് ഞാൻ പോന്ന്ണ്ട്. എനക്ക് രാവണനോട് ബല്ല്യ ഇഷ്ടോന്നില്ല. നിങ്ങൊ പേടിക്കണ്ട. നല്ലോണം ഭക്ഷണം കയിക്കണം. രാവണൻ ലങ്കേന മുടക്കുന്നേയിന് മുമ്പ് രക്ഷിക്കണം."
സീതേന ആശ്വസിപ്പിച്ചിറ്റ് വിഭീഷണൻ നടന്നു. വിഭീഷണൻ രാവണനോട് കുബേരനെക്കുറിച്ചിറ്റ് അന്വേഷിച്ചു. രാവണൻ അയിനും ഉത്തരോന്നും പറഞ്ഞിറ്റ.
വിഭീഷണൻ ആട്ന്ന് ആൾക്കാരേം കൂട്ടീറ്റ് ഗന്ധമാദകപർവ്വതത്തില് കുബേരനക്കാണാൻ വേണ്ടീറ്റ് പോയി. കുബേരന്റെ വാസസ്ഥലം കണ്ടപ്പാട് ബേജാറായി. എങ്ങനെ ജീവിച്ചോണ്ടിരുന്ന ആളായിരുന്നു.! ഇപ്പൊ ഒന്നൂല്ലല്ലൊ; ഇല്ലതെല്ലം കൊണ്ടോയിലെ.
കുബേരൻ വിഭീഷണനെ കണ്ടപ്പാട് യക്ഷമ്മാ വിളിച്ചുവരുത്തി. വിഭീഷണൻ ഒരു വെള്ളരിപ്രാവിനെ കുബേരന്റട്ത്തേക്ക് പറത്തിവിട്ടു. അത് കണ്ടപ്പൊ കുബേരന് പേടിയെല്ലം പോയി. എന്തായാലും യുദ്ധം ചെയ്യാൻ ബേണ്ടീറ്റ് ബന്നതല്ല. കുബേരന്റെ അട്ത്തെത്ത്യപ്പാട് കൊറേ പഴം കൊണ്ടെന്നിറ്റ് മുമ്പില് വെച്ചു. എന്നിറ്റ് വീഞ്ഞിന്റെ മരക്കുപ്പി പൊട്ടിച്ചിറ്റ് കൊറച്ച് വിഭീഷണന് കൊട്ത്തു, എന്നിറ്റ് പറഞ്ഞു.
"രാവണൻ കൊണ്ടായേല് ബാക്കീല്ലതാണ്. ഞാൻ വിചാരിച്ചു നീ കൊല്ലാൻ ബന്നതാണ്ന്ന്."
വിഭീഷണൻ കാര്യം പറയാൻ തൊടങ്ങി.
"ഏട്ടന എൻക് തീരെ പിടിക്കുന്നില്ല. ഓന്റെ അഹങ്കാരോം ഹുങ്കും വർത്താനോം പ്രവർത്തീം ഒന്നും ശര്യല്ല. പിന്നെന്തന്നാക്കല്.? ഓനങ്ങനെ ആയിപ്പോയിലെ.? ഓന് ലങ്കേന രക്ഷിക്കാനൊന്നും കയ്യ, നിങ്ങൊ ഇണ്ടാമ്പൊ എന്ത് പാങ്ങ്ണ്ടായിന് ഇപ്പൊ കാണണം; കൊറേ എല്ലും കൊട്ടും, ചോരേം കരിങ്കല്ലും എല്ലം. നിങ്ങൊ നമ്മളെ വല്ല്യച്ഛനല്ലെ.? ഓന്റെ ദുഷ്ടത്തരം ഇല്ലാണ്ടാക്കാൻ എന്തന്നാക്കല്.?"
കുബേരൻ വെറുതെ ചിരിച്ചേയ്ന് ശേഷം പറഞ്ഞു.
"ശിവനക്കണ്ടാല് നടക്കും. ഓനാണ് രാവണന് ഭയങ്കര പിന്തുണ. കൊല്ല്ന്നേയിന്റെ ആള് ശിവനല്ലെ. അതോണ്ട് ഓനോട് ചോയ്ക്കന്നതാണ് നല്ലത്. വിഷ്ണൂന്റട്ത്ത് പോയാലും മതി. പക്ഷേ, വിഷ്ണു നിന്ന ആട കേറ്റീല."
വിഭീഷണൻ ചോദിച്ചു.
"അയിനിപ്പൊ കൈലാസംവരെ പോണ്ടേ.? ആട ചെന്നാല് എന്തെങ്കിലും കാര്യൂണ്ടാവ്വൊ.?
പാർവ്വതിക്ക് രാവണന ഭയങ്കര ഇഷ്ടാണ്. ശിവന് ബേണ്ടീറ്റ് അധികം കഷ്ടപ്പെടാന്നോനല്ലെ രാവണൻ. അതോണ്ട് ആ പെണ്ണ്ങ്ങൊ ആട ഇണ്ടെങ്കില് കാര്യം നടക്കൂല."
കുബേരൻ പറഞ്ഞു.
"നീ പറഞ്ഞത് ശര്യന്നെ. ശിവന വിശ്വസിച്ചാല് ചതിക്കുന്ന കൂട്ടത്തിലല്ല. നീ ശിവഭക്തനായിറ്റ് പോയാല് കാര്യം നടക്കും."
വിഭീഷണൻ കുബേരനോട് നന്ദി പറഞ്ഞിറ്റ് അവരോട് യാത്ര ചോയിച്ചു. കുബേരൻ അപ്യക്ക് പോവ്വാനില്ലെ സൗകര്യം ചെയ്തുകൊടുത്തു.
വിഭീഷണൻ കൈലാസത്തില് പോമ്പളേക്ക്ണ്ട് ശിവൻ കൊറേ കാലികളോടും യക്ഷമ്മാറോടും മിണ്ടീറ്റിരിക്ക്ണ്. വിഭീഷണൻ ശിവന നോക്കീറ്റ് കൊറേ സമയം നിന്നു. ഭയങ്കര ശക്തനായിരുന്നു; സംസാരത്തിലും നടപ്പിലും. ശിവൻ വിഭീഷണന കണ്ടപ്പാട് ഗൗരവത്തില് നിന്നു. അപ്പൊ ഓന് പേട്യായി.
"എന്റെ പേര് വിഭീഷണൻ. ലങ്കാധിപതി രാവണന്റെ അനിയനാണ്."
ശിവൻ ബെർതെ മൂളി.
" നിങ്ങൊ ബിചാരിക്കുന്ന മാതിരോന്ന്വല്ല കാര്യങ്ങള്. രാവണൻ നിങ്ങളെ ഭക്തൻന്നറിയ. എന്നങ്കിലും അയാളിപ്പൊ ചെയ്യുന്നത് കേട്ടാല് പേട്യാവും. കുബേരന ലങ്കേന്ന് പൊർത്താക്കി. അയാൾടെ സ്വത്തെല്ലം കൊള്ളയടിച്ചു. ദേവമ്മാറോട് ബെർതെ യുദ്ധം ചെയ്തിറ്റ് ബാക്കി അസുരമ്മാറേം കൊല്ലും. ഇപ്പൊ ദശരഥപുത്രന്റെ ഭാര്യേനേം കട്ടിറ്റ് ലങ്കേല് ബന്നിറ്റ്ണ്ട്. എന്തന്നാക്കല്.? ഒരു ഭരണാധികാരിക്കില്ലെ ഒരു ഗുണോം ഓനില്ല. ഇങ്ങനെ തോന്ന്യാസം ചെയ്യാൻ തൊടങ്ങ്യാല് ഇതേടപ്പോയിറ്റ് നിക്കല്.? എല്ലാരേം വെറുപ്പിച്ചാല് അപ്യ ബെർതെ ഇരിക്ക്വൊ.? ഒന്നികില് നിങ്ങോ ബിളിച്ചിറ്റൊന്ന് ഗുണദോഷിക്കണം. ഇല്ലെങ്കില് ഓന് കൊടുത്ത വരോല്ലം തിരിച്ചെട്ക്കണം. ഇത് രണ്ടും ചെയ്തിറ്റേങ്കില് ഓൻ ചെയ്യുന്നതെന്തെന്ന് ഓനെന്നെ അറീല."
ശിവൻ പതിഞ്ഞ സ്വരത്തില് പറഞ്ഞു.
"നിങ്ങൊ രാമന്റൊന്നിച്ച് കൂട്യാല് തീർന്നിലെ.? "
വിഭീഷണൻ പിന്നേം കുരുട്ട് കെണിയോണ്ട് ചോദിച്ചു.
"രാമൻ നമ്മളെ ഒന്നിച്ചുകൂടൂന്ന് എന്ത്യെ ഇത്ര ഒറപ്പ്.? "
ശിവൻ പറഞ്ഞു.
"രാമന് രാവണന തോപ്പിക്കണോങ്കില് ലങ്കേരെ മുക്കും മൂലേം അറിയണ്ടെ.? അയിന് ഒരാള് ബേണ്ടെ.? നിങ്ങളെ കണ്ടാല് അപ്പൊ പിടിച്ചിറ്റ് കൂട്ടും. ഒര് പേടീം ബേണ്ട. കുംബകർണ്ണനേം കൂടി ഒന്നിച്ച് കൂട്ട്യാല് രാവണന്റെ പകുതി ശക്തീം പോവും. അങ്ങനെന്തെങ്കിലും ചെയ്താപ്പോരേ.? "
വിഭീഷണന് അത് നടക്കുന്ന് തോന്നീറ്റ.
"കുംഭകർണ്ണൻ ആറ് മാസം ഉറക്കോം,ആറ് മാസം തീറ്റേമല്ലെ.പിന്നെങ്ങനെ ഒന്നിച്ച് കൂട്ടല്.? ഓന തീറ്റിക്കണോങ്കില് ആനക്ക് കൊട്ക്കുന്നത്ര ബേണം. അത്ര വരുമാനുണ്ടെങ്കില് ഞാൻ സ്വന്താ യിറ്റ് ഒര് രാജ്യം കണ്ടെത്തട്ടി. അത് നടക്കീല."
വിഭീഷണൻ പറഞ്ഞു.
"എന്നങ്കില് ഒര് കാര്യാക്ക്. "
പറഞ്ഞു തുടങ്ങവെ പാർവ്വതി ആടുത്തേക്ക് വന്നു. നിങ്ങൾ പോയ്ക്കോന്നും പറഞ്ഞു. വിഭീഷണനും കൂട്ടരും പോയി. രാമന കണ്ടാല് കാര്യം നടക്ക്വോലും.
പാർവ്വതി ചോദിച്ചു.
"ആ കോമ്പ്റ് മീടന് എന്തോന്നോലും ബേണ്ടത്.?"
ശിവൻ പറഞ്ഞു.
"രാവണൻ ചാവണം, രാജ്യം കിട്ടണം."
പാർവ്വതി നെടുവീർപ്പിട്ടിറ്റ് പറഞ്ഞു.
"ദേവേന്ദ്രന്റെ ആഗ്രഹോം അതെന്നെ, വിഷ്ണൂന്റെ ആഗ്രഹോം അതെന്നെ, കുബേരൻ പ്രാർത്ഥിക്ക്ന്നതും അതെന്നെ. സ്വാഭാവികമായിറ്റും ബ്രാഹ്മാവും അതെന്നെ ആഗ്രഹിക്കാനാവും. പാർവ്വതി ശിവനോട് അനുകമ്പയോടെ ചോദിച്ചു.
"രാവണന നഷ്ടപ്പെടുത്യാല് രാക്ഷസകുലത്തിന് ആരാണ് നാഥനാവല്.? നിങ്ങളെ പ്രവർത്തിക്ക് നിമിത്താവലാരാണ്.? "
ശിവൻ പറഞ്ഞു.
"അതൊന്നും ദേവമ്മാറ പണിയല്ല. രാവണന അത്ര പെട്ടെന്നൊന്നും തോപ്പിക്കാനും കൊല്ലാനൊന്നും പറ്റീല. പത്ത് തലേം,പത്ത് ഒടലും,പത്ത് ചിന്തേം,പത്ത് ഭാവോം ഓന്ണ്ട്. നല്ല മനുഷ്യപറ്റില്ലെ നേരത്ത് ഓൻ ചെയ്യുന്നത് പെട്ടെന്ന് പരക്കും. ഓന്റെ മനുഷ്യപ്പറ്റ് ബെർതെ പോവൂല. രാവണൻ ബില്ലൊരു മരോല്ലെ.! ലങ്കേന ഓൻ നന്നായിറ്റ് നോക്ക്ന്നില്ലെ.? ഇപ്പൊ ദണ്ഡകരാജ്യം ഓന്റെ കയ്മ്മേണ്ട്. അതോണ്ട് ഓന നിർവ്വചിക്കാനൊന്നും പറ്റീല, ചെലപ്പൊ ശരം വിട്ടത് മാതിരി പോവും; ശൂംംന്ന് പറഞ്ഞിറ്റ്. ആരിക്കും ഒന്നും ചെയ്യാൻ പറ്റീല."
പാർവ്വതി പിന്നേം നെടുവീർപ്പിട്ടിറ്റ് പറഞ്ഞു.
"അതെന്തെങ്കിലുമാട്ട്. നിങ്ങൾ അയിനൊന്നും തലകൊട്ക്കണ്ട. ചത്ത്വോ, ബത്ക്കിയൊ എന്തെങ്കിലുമാക്കട്ട് എന്ന് തൃക്കണ്ണൊന്നും തൊർന്നേക്കറ്. എല്ലങ്കിലെ നിങ്ങള ഭയങ്കര പേട്യാന്ന്. നിങ്ങക്ക് ദേഷ്യം ബന്നാല് എന്തെന്ന് ചെയ്യേണ്ടതെന്ന് എൻക്കറീല."
പാർവ്വതി കൊറച്ച് സോമരസം കൊണ്ടന്നത് കുടിച്ചിറ്റ് ശിവൻ മിണ്ടാതിര്ന്നു.
സുഗ്രീവൻ രാവിലേന്നെ ഗദേം എട്ത്തിറ്റ് ബട്ടംകറക്കാൻ തൊടങ്ങി. കുഞ്ചിന്റെ മോൾളേ കൂടീറ്റ്, തലേലെ മോൾളേ കൂടീറ്റ്, കൊറച്ച് കൈഞ്ഞപ്പാട് ഹനുമാനും കൂടി. രാമനും ലക്ഷ്മണനും ജാംബവാനും കൊറേ കൊരങ്ങമ്മാറും അപേരെ കളീം കണ്ടിരുന്നു. ഹനുമാന്റെ ഗദക്ക് സുഗ്രീവന്റെ ഗദേനക്കാളും രണ്ടരട്ടി കനുണ്ടായിന്. അതോണ്ടെന്നെ ഹനുമാൻ ബെർതെ തച്ചാലെന്നെ അത് അപ്പർത്തേക്ക് തെറിക്കും. അപ്പൊ സുഗ്രീവൻ രാമന് നോക്കീറ്റ് എന്തോ പറഞ്ഞു. ചെർതായിറ്റ് ജാള്യത മോത്തേക്ക്ണ്ട്. രാമന് എന്തന്ന് പറഞ്ഞതെന്ന് മനസ്സിലായിറ്റ. ശ്രീരാമന് ഹനുമാനോട് വല്ലാണ്ട് ഇഷ്ടായി.
"മെൻച്ചന മാതിരിന്നെ ഹനുമാൻ."
രാമൻ ലക്ഷ്മണനോട് പറഞ്ഞു.
ഒടല് മാത്രോല്ല, സംസാരത്തിലും നല്ല തെളിച്ചോം വെളിച്ചോല്ലംണ്ട്. കൊർച്ച് വ്യാകരണോല്ലം അറിയാന്ന് തോന്ന്ന്ന്. ഹനുമാനില്ലതോണ്ട് സുഗ്രീവനോട് എന്തെങ്കിലും പറഞ്ഞാല് മനസ്സിലാവുന്ന്ണ്ട്. ഇല്ലെങ്കില് എപ്പൊ പോയീന്ന് നോക്യാമതി. സുഗ്രീവൻ പറഞ്ഞത് രാമന് മനസ്സിലാവണോങ്കില് ഹനുമാൻ പറയണം. രാമൻ പറഞ്ഞത് സുഗ്രീവന് മനസ്സിലാവണോങ്കില് ഹനുമാൻ പറയണം. രണ്ടാളും പറഞ്ഞത് എല്ലാർക്കും മനസ്സിലാവണോങ്കില് ഹനുമാൻ പറേണം. മാത്രോല്ല, ഭക്തി കൂടീണ്ട്. സ്വന്തം ശക്തീനക്കുറിച്ചിറ്റ് ഒരു ധാരണേം ഇല്ല. സ്വന്തം കാര്യം നോക്കിപ്പോയാല് ഒര് യോദ്ധാവിനെ നമ്മക്ക് നഷ്ടാവട്ടീലെ.? ദന്ദ്വയുദ്ധം നടത്ത്യപ്പാടും ഹനുമാനെന്നെ ജയിച്ചു. സുഗ്രീവൻ ഒന്നിനും കൊള്ളാത്തോനെന്ന് മനസ്സിലായപ്പാട് രാമൻ ചിരിച്ചു. എന്നിറ്റ് ചായ കുടിക്കുമ്പോ ഓനോട് പറഞ്ഞു.
"ഇങ്ങനത്തൊരു ബാലികേറാമല ഇല്ലത് നിന്റെ ഭാഗ്യം. എങ്ങനേപ്പാ നീ പിടിച്ച് നിന്നിറ്റത്.? നിന്റെ യുദ്ധം കണ്ടിറ്റ് ഞാൻ പേടിച്ച് പോയി. മിനിമം യുദ്ധത്തില് പാലിക്കേണ്ട നിയമംപോലും നിൻക്കറീല, "ബാലപാഠം പഠിച്ചിറ്റ് ബാ മക്കളെന്ന്." പറഞ്ഞിറ്റ് സുഗ്രീവന്റെ ചോമല്മ്മ തട്ടി. രാമൻ പറഞ്ഞത് തർജിമ ചെയ്യാതെ ഹനുമാൻ ചിരിച്ചോണ്ടിരുന്നു. പൊർത്ത് തട്ട്യപ്പാട് നല്ലതെന്തോ പറഞ്ഞതെന്ന് വിചാരിച്ചിറ്റ് സുഗ്രീവനും ചിരിച്ചു. അപ്പൊ ഹനുമാൻ രാമൻ പറഞ്ഞത് പറഞ്ഞു. സുഗ്രീവൻ ചിരിച്ചു. പിന്നെ പുച്ഛത്തോടെ രാമനെ നോക്കി.
"രാമ, എനക്ക് പഠിക്കണംന്നല്ലം ഇണ്ടായിന്. പിന്നെ ഇങ്ങനെല്ലം പഠിച്ചത് ഹനുമാന്ണ്ടായത് കൊണ്ടാണ്. ജാംബവാനും ഹനുമാനോല്ലം കൊറേ യുദ്ധത്തില് പോയിന്. ഞാൻ പഠിക്കും പെട്ടെന്ന് കയ്യപ്പ. അല്ലെങ്കിലും ഹനുമാൻ കണ്ടത്ര ലോകോന്നും ഞാൻ കണ്ടിറ്റപ്പ. വാനരമ്മാറെ യുദ്ധോല്ലം വ്യത്യസ്താണ്. ചെലപ്പൊ മാന്തും കടിക്കും. ഹനുമാൻ വാനരനൊന്ന്വല്ല. കൊറച്ച് കൂടി ഉയർന്നോനാണ്. അതോണ്ട് പാരമ്പര്യായിറ്റ് യോദ്ധാക്കളാണ്. എന്നങ്കിലും എന്റെ ഏട്ടന്റട്ത്ത് നിക്കാനില്ല ധൈര്യം ഹനുമാനൂല്ല. ഓൻ രാവണന വാലില് കെട്ടീറ്റ് ഏഴ് കടല് കടന്നിന്. ഏട്ടന് കൊർച്ചെല്ലം യുദ്ധ നിയമങ്ങളറിയാ. ബാലീന എങ്ങനെ കൊല്ലാന്നാലോചിക്കാതെ, എന്ന കളിയാക്കിക്കൊണ്ട് നിന്നാല് നിങ്ങക്ക് ലങ്കേല് പോക്കൊന്നും നടക്കീല. ബെർതെ സമയം കളയാതെ അതിനെന്താക്കലെന്ന് ചിന്തിക്ക്."
രാമൻ പുഞ്ചിരിച്ചിറ്റ് പറഞ്ഞു.
"എൻക്ക് അസ്ത്രവിദ്യേ മാത്രേ അറിയൂ. ഞാനും ബാലീം മൽപ്പിടിത്തം നടത്ത്യാല് ബാലി ജയ്ക്ക്വായിരിക്കും. കാരണം എല്ലാ വിദ്യേം എല്ലാർക്കും അറീലല്ലൊ."
"നമ്മക്ക് ഗദയുദ്ധം മാത്രേ അറിയൂ. ബാക്കിയെല്ലാം ബെർതെ കോപ്രായം കാട്ടലാണ്. അങ്ങോട്ടുമിങ്ങോട്ടും മാന്തല്, കീറല് അസ്ത്രവിദ്യ വാനരമ്മാർക്ക് പഠിപ്പിക്കൂന്ന് ബാലി പറേന്നുണ്ടായിന്. അയ്ന് മുമ്പ് ബാലീന കൊന്നിറ്റെങ്ങനേങ്കിലും കൊറേ ആൾക്കാര് ചാവ്ന്ന യുദ്ധം ചെയ്യേണ്ടിവരും. "
സുഗ്രീവന്റെ ആൾക്കാര് കൊറേ കദളിപ്പഴം കൊണ്ടെന്നിറ്റ് അപേരെ മുമ്പില് വച്ചു.
ഒരു കപിവീരൻ പറഞ്ഞു.
"നിങ്ങക്കൊരു സംഗതി കേൾക്കണൊ..? നമ്മൊ കദളിപ്പഴം കക്കാൻ ബേണ്ടീറ്റ് കിഷ്കിന്ധരെ വടക്കേ മൂലക്കേക്ക് പോയിറ്റ്ണ്ടായിന്. ഹനുമാൻ സേനക്കാറെല്ലം നമ്മള സഹായിക്കാനും ഇണ്ടാ യിന്. എന്തന്ന് പറയല്, ബാലി എന്താക്കീന്നറിയോ? ആടേല്ലം കൊറേ ഭടമ്മാറ നിർത്തീന് നമ്മളെ തോപ്പിക്കാൻ വേണ്ടീറ്റ്.! നമ്മൊ അങ്ങോട്ടുമിങ്ങോട്ടുമടിയായി. അവസാനം എങ്ങനേല്ലം കട്ടിറ്റ് കൊണ്ടന്നു. രണ്ട് ആൾക്കാര് ചത്തിറ്റ് ബീണു. ഏറ്മാടങ്ങളിലില്ലെ ഹനുമാൻ സേനക്കാരേം അപ്യ കൊല്ലുംന്ന് പറയ്ന്ന്ണ്ടായിന്. ഇങ്ങനെ പോയാല് നമ്മക്കീട നിക്കാൻ പറ്റൂന്ന് തോന്നുന്നില്ല. കൊർച്ചാൾക്കാര് ഈനൊന്നും നിക്കാൻ കയ്യാന്ന് പറഞ്ഞിറ്റ് ബാലീരൊന്നിച്ച് പോയി. ഈട്ന്ന് നിങ്ങോ മാന്താനും പിച്ചാനൊല്ലെ പഠിപ്പിക്കുന്നത്; ബാലി ആടപുതിയ ആയുധോല്ലം പ്രയോഗിക്കാൻ പഠിപ്പിക്കുന്ന്ണ്ട്. ഒരു ക്ഷത്രിയ മനുഷൻ ബന്നിറ്റ്ണ്ടോലും ആട്ന്ന് പറഞ്ഞിറ്റ് കേട്ടിന്. എന്തങ്കിലാട്ട്, നമ്മക്കെന്ന് അധികം കാലോന്നും ഇങ്ങനെ പഴോംകൊണ്ട് ബരാനൊന്നും കയ്യ."
രാമൻ കദളിപ്പഴം ഒന്ന് തൊലിയുരിഞ്ഞ് തിന്നു. " മത്ർക്ക്ന്ന്."
പ്രഭാത ഭക്ഷണം അങ്ങനെ കഴിഞ്ഞു. സമാധാനായി. സുഗ്രീവൻ ഉച്ചഭക്ഷണത്തിന് വേറെ കൊറേ വാനരമ്മാറോട് പറഞ്ഞു. “
"തേന്ണ്ടെങ്കില് എട്ക്കണം; നല്ല കാട്ട് പഴോം ബേണം."സുഗ്രീവൻ ചിരിച്ചു.
"അവര് തുള്ളിച്ചാടി പോയിറ്റ് എല്ലാം കൊണ്ട് വന്നു."
ഹനുമാൻ രാമനേം ലക്ഷ്മണനേം മുതുകിലിര്ത്തീറ്റ് കിഷ്കിന്ധ കാണിക്കാൻ കോണ്ടായി. നല്ലോണം കാട്ട് മരങ്ങള് കിഷ്കിന്ധേല്ണ്ടായിന്. വാഴത്തോട്ടം, തെങ്ങ്, കാട്ട്പഴമരം. ഗംഭീരമൃഗങ്ങളും ഇണ്ടായിന്. പോത്ത്, കണ്ടാമൃഗം, മൊതല, കരടി... എന്നങ്കിലും കൊരങ്ങമ്മാറാണ് കാട് ഭരിക്കുന്നത്. ബാലീരെ മുഖം കൊത്തിയ രൂപങ്ങള് പല വലിയ മരത്തില് കണ്ടിറ്റ്ണ്ടായിന്. ബാലി മനഃപൂർവ്വോന്നെ അത് പ്രചരിപ്പിക്കല്ണ്ട്. കൊരങ്ങമ്മാറക്കൊണ്ട് കൊത്ത് കല്ലോണ്ട് ഇണ്ടാക്കിക്കും. ഹനുമാനോട് രാമലക്ഷ്മണമ്മാറ് ചോദിച്ചു.
"നീ മാത്രോന്താ നല്ല പാങ്ങില് ഭാഷ പറയ്ന്നത് മറ്റപ്യക്കൊന്നും നമ്മളോട് ബർത്താനം പറയാനെന്നെ കയ്യ്ന്നില്ല."
ഹനുമാൻ പറഞ്ഞു.
"സത്യത്തില് ഞാൻ വായൂന്റെ മോനാണ്. ദൈവത്തിന്റെ മോൻ എന്നങ്കിലും കിഷ്കിന്ധേലാണ് ഞാൻ വളർന്നത്. എന്റെ നാട്ടിന വിട്ട് പോവാൻ എൻക്ക് കയ്യീല. ദേവേന്ദ്രൻ പറഞ്ഞിറ്റാണ് ഞാൻ സുഗ്രീവന്റൊന്നിച്ച് കൂട്ന്നത്. ചെലപ്പൊ രാവണന കൊല്ലാൻ ബേണ്ടീറ്റ് ദേവേന്ദ്രനും നോക്കുന്ന്ണ്ടാവും; കയ്യൂന്ന് തോന്ന്ന്നില്ല. അച്ഛൻ പറഞ്ഞു; ദേവേന്ദ്രൻ പറഞ്ഞാൺക്കെ ചെയ്താ മതീന്ന്. ഞാനിതുവരെ രാവണന കണ്ടിറ്റേയില്ല."
രാമൻ ചിരിച്ചിറ്റ് ചോദിച്ചു.
"എന്നങ്കില് നിനക്ക് ബാലീന കൊന്നിറ്റ് കിഷ്കിന്ധേലെ രാജാവായിക്കൂടെ.? നിനക്കല്ലെ സുഗ്രീവനേക്കാളും ശക്തീല്ലത്.? "
ഹനുമാൻ പറഞ്ഞു.
"ഏയ്, അതൊന്നും കയ്യപ്പ രാജാവാകാനൊന്നും എൻക്ക് കയ്യ,അധികാരോന്ന് പറയുമ്പഴേ എൻക്ക് ദേഷ്യം ബരും. ആരെങ്കിലും സഹായിച്ചിറ്റ്, സേവിച്ചിറ്റ് അല്ലലില്ലാതെ ഇങ്ങനെ കഴിഞ്ഞിറ്റ് പോണം... അതല്ല. സുഗ്രീവന കണ്ടപ്പാട് ബേജാറ് തോന്നി. എപ്പളും ബാലിയോട് തല്ല്ണ്ടാക്കും; എപ്പളും തോറ്റിട്ട് ബരും. പർവ്വതത്തിന്റെ മോൾലേക്ക് ഒറ്റ ഓട്ടം. പാഞ്ഞ ബയിക്ക് പുല്ല് മൊളക്കീല. പേടിച്ചിറ്റ്, എൻക്ക് ബാലീന തോപ്പിക്കാൻ പറ്റൂന്ന് തോന്ന്ന്നില്ല, ബാലീനോട് യുദ്ധം ചെയ്യുമ്പൊ എതിരാളീരെ രണ്ടരട്ടി ശക്തി ഓന് കിട്ടും. മറ്റ് വിദ്യോന്നും നമ്മക്കറീല. ഒളിപോരറിഞ്ഞിനെങ്കില് ബാലീന കൊല്ലാ."
ഏറ്മാടത്തിനട്ത്തെത്ത്യപ്പാട് രാമലക്ഷ്മണമ്മാറ ആട ഇര്തീറ്റ് "ഞാനിപ്പം ബരാ"ന്ന് പറഞ്ഞിറ്റ് ഹനുമാൻ പോയി; ദൂരേക്ക്.
ഹനുമാൻ പോയത് ബേറൊന്നും കൊണ്ടല്ല; അപ്പർത്തെകൂടീറ്റ് നല്ല കാണാൻ പാങ്ങില്ലെ പെൺകൊരങ്ങ് പോന്ന്ണ്ടായിന്. ഹനുമാന കണ്ടപ്പാട് മരച്ചില്ലെന്ന് മരച്ചില്ലേലേക്ക് ചാടിക്കോണ്ട് പോയി. ഹനുമാൻ അതേമാതിരി ചാടിക്കൊണ്ട് ബയ്യേന്നെ പോയി. ഒരു കൊമ്പൊടിഞ്ഞിറ്റ് തായ വീണു. എന്നിറ്റും ബിട്ട്കൊട്ത്തിറ്റ ചാടിച്ചാടി പോയിറ്റ് ഓളെ കയ്മ്മ പിടിച്ചു. എന്നിറ്റ് പ്രണയാതുരനായിറ്റ് ചോദിച്ചു.
"ദേവീ... ഞാനന്ന് പറഞ്ഞേയ്ന് മറുപടിയൊന്നും പറഞ്ഞിറ്റ.?" വൈഹിണിക്ക് ദേഷ്യം വന്നു.
"മറുപടി പറയാൻ കിഷ്കിന്ധ ഭരിക്കുന്നത് നിങ്ങോന്ന്വല്ലല്ലൊ.? "
ഹനുമാനപ്പൊ ഓളോട് കൊർച്ച് ചൊടി വന്നു. ഓൻ ഓളെ കവിളില് മാന്തി. ചോര വന്നു. വൈഹിണി കരച്ചിലായി. ഹനുമാൻ എന്തന്നാക്കണ്ടെന്നറിയാതെ വെപ്രാളപ്പെട്ടു. ആട ഓരു പേരക്കാമരം ഇണ്ടായിന്. അയിൽന്ന് പേരക്ക മൂത്തത് പൊട്ടിച്ചിറ്റ് ഓക്ക് കൊട്ത്തു. ഓളത് തട്ടിത്തെറിപ്പിച്ചു. എന്നിറ്റ് ഓന്റെ മോത്തേക്ക് തുപ്പിക്കൊട്ത്തു. ഹനുമാൻ പിടിവിട്ടു. അവള് ഓരോ ചില്ലകളിലൂടെ ഓടിച്ചാടി പോയി. ഹനുമാൻ കൊറേസമയം ഓളേന്നെ നോക്കിനിന്നു. എന്നിറ്റ് വൈഹിണീ... വൈഹിണീ'ന്ന് രണ്ടൂട്ടം വിളിച്ചു. പിന്നെ ഒച്ച കൂട്ടി. ഓള് ഗൗനിച്ചിട്ടേയില്ല.
ആ സമയത്ത് ഗന്ധർവ്വമ്മാറ് ഹനുമാന്റട്ത്ത് വന്നു. പിന്നെ ഹനുമാനെ കളിയാക്കി. ഈ കൊരങ്ങന് പെണ്ണ്ങ്ങള വശീകരിക്കാനൊന്നും അറീല. ബില്ല്യ ശരീരം, കാണാൻ പാങ്ങല്ലൂണ്ട്. എന്നിറ്റ് എന്ത്യേ കാര്യം.? കഷ്ടം! ഗന്ധർവ്വമ്മാറെ പരിഹാസം കേട്ടപ്പാട് ഹനുമാന് ദേഷ്യം വന്നു. ഓൻ ഗന്ധർവ്വമ്മാറെ അടിച്ചോടിക്കാൻ തൊടങ്ങി. ഗന്ധർവ്വമ്മാറ് പേടിച്ചിറ്റ് ആട്ന്ന് ഓടിപ്പോയി. ഇതെല്ലാം കണ്ടോണ്ട് രാമനും ലക്ഷ്മണനും ആട ഇരിക്ക്ന്നുണ്ടായിന്. ഹനു മാൻ നാണക്കേടോടെ അപ്യേന ചൊമലിലേറ്റീറ്റ് പിന്നേം നടന്നു. എന്തെന്നാക്കല്.?
ബാലീരെ സഭേല് അസ്ത്രവിദ്യേനക്കുറിച്ചിറ്റ് ചർച്ച നടക്കുന്ന്ണ്ടായിന്. ബാലി ഏട്ന്നൊ ഒരു വേടന കൊണ്ടെന്നിറ്റ്ണ്ട്. സഭേരെ മുമ്പില് വേടൻ നിക്കുന്ന്ണ്ട്. കൈമ്മ അമ്പും വില്ലൂണ്ട്. ബാലി അയാളോട് ഇരിക്കാൻ ബേണ്ടീറ്റ് ആംഗ്യം കാണിച്ചു. വാനരവീരമ്മാറോടായിറ്റ് പറഞ്ഞു.
"പ്രിയപ്പെട്ട വാനരവീരമ്മാറെ, ഈന് മുമ്പ് നമ്മക്ക് ഗദയുദ്ധം മാത്രോല്ലെ അറിയൂ, അപ്പറൂംഇപ്പറോം മാന്താൻ മാത്രോല്ലെ അറിയൂ, മല്ല യുദ്ധം മാത്രോല്ലെ അറിയൂ, മരംചാട്ടം മാത്രോല്ലെ അറിയൂ... എന്ന് നമ്മക്ക് അസ്ത്ര വിദ്യേം പഠിക്കാം. എങ്ങനെ അമ്പില് വില്ല് കോർക്കണംന്ന് പഠിക്കാം... പുതിയോരറിവാണ്. വില്ലുണ്ടാക്കാനും അമ്പ്ണ്ടാക്കാനും പഠിക്കാ. മാർചട്ട ഇണ്ടാക്കാൻ പഠിക്കാ... അയിന് ബേണ്ടീറ്റാന്ന് ഈ വേടൻ വന്നത്. ഇരുപത് വാനരവീരമ്മാറ ആദ്യം പഠിപ്പിക്കും. രണ്ടാം ഘട്ടത്തില് കൂടുതലാൾക്കാരെ പഠിപ്പിക്കും. കിഷ്കിന്ധേരെ ചരിത്രത്തില് ഇത് പുതിയതാണ്. അസ്ത്രവിദ്യ നാളമുതല് പാളയോണ്ട് ഉണ്ടാക്യ മാർചട്ടേം ധരിച്ചിറ്റ് മൈതാനത്ത് പോണം. രാവിലെ എണീക്കണം. പുതിയ പുതിയ യുദ്ധോപകരണങ്ങളും എറക്കുമതി ചെയ്യും. രഥങ്ങള് ബരും, കൊടിത്തൂണുകള് ബരും, രഥതൽപം ബരും, പുറംകവചത്തിന്റെ പെട്ടികള് ബരും, കുന്തങ്ങൾ, വാളുകൾ, പരിചകൾ, കത്തികൾ, വടികൾ എന്നുവേണ്ട കുതിരകളേം ആനകളേം മെര്ക്കാനുള്ള സൂത്രങ്ങളും വാനരവീരമ്മാറ് പഠിക്കാൻ തൊടങ്ങും. ചാടിവെട്ട്, മലക്കം മറയല്, രണ്ട് നില പോര് എന്നതെല്ലാം പഠിപ്പിക്കും. എല്ലാ വാനരമ്മാറും രാജ്യത്തിന് ബേണ്ടീറ്റ് കടന്ന് ബരണം. കിഷ്കിന്ധേന നല്ലൊരു സൈനികശക്ത്യാക്കീറ്റ് മാറ്റും."
വേടൻ വാനരവീരമ്മാറ തെരഞ്ഞെടുക്കാൻ തൊടങ്ങി. നീളോം തടീം നോക്കീറ്റ് അമ്പതാൾക്കാരിന്ന് ഇരുപതാളെ തെരഞ്ഞെടുത്തു.അയില് ബാലീരെ മോൻ അംഗദനും ഇണ്ടായിന്. ഒയരോം തടീം കൊറവെങ്കിലും ബാലി കണ്ണോണ്ട് എട്ക്കാൻ പറഞ്ഞപ്പാട് വേടൻ പിന്നൊന്നും നോക്കീറ്റ. വേടൻ ബാക്കില്ല്പ്പ്യോട് ചൂരല് കൊത്തിക്കൊണ്ടരാൻ പറഞ്ഞു. പാളേരെ പോർച്ചട്ടക്ക് പറഞ്ഞു. ബാലിരെ ഉത്തരവാദിത്വത്തില് മൈതാനം പോയിറ്റ് കണ്ടു.
എല്ലാരും ബാലിക്ക് ജയ് വിളിച്ചു; കിഷ്കിന്ധക്ക് ജയ് വിളിച്ചു. ബാലി ഗമേല് അങ്ങോട്ടുമിങ്ങോട്ടും നടന്നു. പണിക്കാറോട് വാനരശ്രേഷ്ഠമ്മാർക്ക് ഭക്ഷണോണ്ടാക്കണംന്ന് പറഞ്ഞിറ്റ് താര അന്തപുരത്തിലേക്ക് പോയി. ബാലി വേടന് എന്തെല്ലോ നിർദ്ദേശം കൊട്ക്കുന്ന്ണ്ടായിന്.
" അധികം മൃഗങ്ങളെന്നും കൊന്നിറ്റ് അമ്പെയ്ത്ത് പരിശീലനോന്നും കൊട്ക്കണ്ട. അതെല്ലാം തിന്നിറ്റ് തീർക്കാൻ ഈട ആളൊന്നുല്ല. കൊന്നിറ്റ്തിന്നാൻ വേണ്ടീറ്റല്ലാതെ ബെർതെ ജീവികളെ കൊല്ലരുത്. ഋഷ്യമൂകാചലത്തിന്റെ അടുത്തേക്കൊന്നും പോവണ്ട. സുഗ്രീവന്റാൾക്കാരാട ഇണ്ടാവും. ഓന്റടത്ത് പോയാല് ജീവൻ പോലും കീട്ടീല. "
വേടൻ എല്ലാറ്റിനും തലയാട്ടീറ്റ് വാനരമ്മാ കൂട്ടീറ്റ് തൊറന്ന മൈതാനത്തേക്ക് പോയി, യാത്രക്ക് ബേണ്ടീറ്റ് വെള്ളോം ഭക്ഷണോം കര്തീറ്റ് വാനരമ്മാറും കൂടെപ്പോയി. പനേരെ ഓലയോണ്ട് പുതിയ വസ്ത്രം ഇട്ടിറ്റ് അവര് നടന്നു. പനയോല ചീകീറ്റ് മെടഞ്ഞിറ്റ് പാവാട മാതിരി ഉടുപ്പ്. പാളേണ്ട് മാറില് പോർച്ചട്ട കെട്ടി. കാട്ട്കൊരങ്ങമ്മാറ്ന്ന് കണ്ടാപ്പറയാത്ത രീതീല് വരിവരിയായിറ്റ് അപ്യ നടന്നു. മരത്തിന്റെ ഞാണ്ട് നിൽക്കുന്ന ഏല് കണ്ടപ്പാട് പിടിച്ചിറ്റ് തൂങ്ങാൻ തോന്നീറ്റും അവര് കിഷ്കിന്ധക്ക് ബേണ്ടീറ്റ് വരിവരിയായിറ്റെന്നെ നടന്നു. വേടൻ പോന്ന ബയിക്ക് ഒരു മുയലിനെ അമ്പെയ്ത് വീഴ്ത്തി. എല്ലാരും വേടന്റെ കണ്ണും,കയ്യിലെ അമ്പും നോക്കീറ്റ് നടന്നു. മുയല് രക്തക്കറ പറ്റീറ്റ് ബീണപ്പാട്, അയിന്റെ ചെവി പിടിച്ചിറ്റ് എട്ത്തിറ്റ് നടന്നു. വാനരമ്മാരെല്ലാം കൂക്കീറ്റ് കൈകൊട്ടി.
മൈതാനത്തെത്തീറ്റ് തീയില് ചുട്ടിറ്റ് വേടൻ മുയലിന തിന്നു. വാനരമ്മാർക്ക് അത് പുതിയ അനുഭവമായിരുന്നു. എല്ലാരേയും ചൂരൽ വടികൊണ്ട് വില്ലുണ്ടാക്കാൻ പഠിപ്പിക്കലായിരുന്നു ആദ്യം. രണ്ട് വശത്ത് അരമീറ്ററ് നീളത്തില് ചൂരൽവടി കെട്ടി. നടക്ക് കാതലില്ലെ മരത്തടി പലകമാതിരി ആക്കീറ്റ് ദ്വാരുണ്ടാക്കി. അയിൽത്തേക്കാണ് അരമീറ്ററ് ചൂരല് അപ്പുറൂം ഇപ്പുറൂം കൈതനാരോണ്ട് കെട്ടണ്ടത്. പിന്നെ വളച്ച് കെട്ടി അമ്പുണ്ടാക്കി. കൂർത്ത വില്ല് ചൂരല് ചെത്തീറ്റ് ഇണ്ടാക്കി. അറ്റം കൂർപ്പിച്ചിറ്റ്, കട ഇറക്കാൻ പാകത്തിനാക്കി. പിന്നെ കൊടിനേം കടേനേം പറ്റീറ്റ് അവരോട് സംസാരിച്ചു.
"ഈട ഇരുമ്പ് ലോഹം ഘടിപ്പിച്ചാല് മുന പെട്ടെന്ന് ദേഹത്ത് തൊളഞ്ഞ്കേറും."
കുന്തമേറും പഠിപ്പിക്കണംന്ന് അംഗദൻ പറഞ്ഞു. പണ്ട് രാവണന്റെ യാഗം മൊടക്കാൻ പോയ സമയത്ത് രാക്ഷസമ്മാറ് കുന്തത്തോണ്ട് എറിഞ്ഞ കഥ പറഞ്ഞു. അംഗദനെ വേടന് അത്ര ഇഷ്ടായിറ്റ, ബാലീരെ മോനായതോണ്ടല്ലെ ഈട്ത്തേക്ക് ബന്നത്. ഇല്ലെങ്കില് നീയും മറ്റവര മാതിരിന്നെ.
"ഇല്ലത് പഠിച്ചിറ്റ്, ബേറത്."
അംഗദന് അസ്ത്രവിദ്യേല് രസം പിടിച്ചു. ശത്രൂന്റെ ദേഹത്തൊന്നും തൊടാണ്ട് യുദ്ധം ചെയ്യാലോ.! ചാടിമറിഞ്ഞിറ്റും, തിരിറിഞ്ഞിറ്റും അമ്പെയ്തിറ്റും, മര്ത്ത്മ്മ ഞേലീറ്റും ഓൻ കുസൃതിത്തരം കാണിച്ചോണ്ടിരുന്നു. വേടൻ ഓനപ്പറ്റീറ്റ് പരാതി പറഞ്ഞിറ്റും ബാലി അത് കേക്കാത്തമാതിരി നടന്നു. ഒരമ്പ് ലക്ഷ്യം തെറ്റീറ്റ് പോയേന് വേടൻ കൊറേ ബായ്ക്കട് പറഞ്ഞു. ആ അമ്പ് കൊണ്ടത് രാമലക്ഷ്മണമ്മാർ നിക്ക്ന്ന ഏറുമാടത്തിലായിരുന്നു.
രാമൻ ഹനുമാനോട് ചോദിച്ചു.
"വാനരമ്മാറില് അമ്പെയ്ത്ത്കാര്ണ്ട.?"
ഹനുമാന് അമ്പെയ്ത്തിനെക്കുറിച്ച് ഒന്നും അറീല. ഓൻ വില്ല് തിരിച്ചും മറിച്ചും നോക്കി.
"അമ്പെയ്ത്തൊ... അതെന്തെന്ന്.? നമ്മൊ അമ്പെയ്ത്ത് കണ്ടിറ്റ് കൂടില്ല."
രാമൻ തിരിച്ചും മറിച്ചും നോക്കുന്നത് കണ്ടിറ്റ് പറഞ്ഞു.
"ഇതാരേം കൊല്ലണംന്ന് പറഞ്ഞിറ്റ് അയച്ചതല്ല. പരിശീലനം നടത്തുന്ന്ണ്ടാവും. വിഷോന്നും അയിന്റെ തുമ്പത്ത് കാണുന്നില്ലല്ലൊ."
ബല്ല്യ പ്രത്യേകതയൊന്നും അയിനില്ല. വേടമ്മാറ് ഹരത്തിന് ബേണ്ടീറ്റ് ഉപയോഗിക്കുന്നതെന്ന് തോന്നുന്നു."
ഹനുമാൻ പറഞ്ഞു.
"ബാലി കിഷ്കിന്ധേല് പരിശീലിപ്പിക്കാൻ ആൾക്കാര കൊണ്ടെന്നിറ്റ്ണ്ടാവും. ചെലപ്പൊ രാമൻ ബന്നിറ്റുണ്ട്ന്ന് അറിഞ്ഞിറ്റ്ണ്ടാവും. നമ്മളെ പേടിപ്പിക്കാൻ ബേണ്ടീറ്റാവും അമ്പയച്ചത്. നമ്മൊ ഓടിപ്പോവൂന്ന് കര്തീറ്റ്ണ്ടാവും.
രാമൻ ചിരിച്ചോണ്ട് ചോദിച്ചു.
"ജന്മനാ കഴിവില്ലെ കൊരങ്ങമ്മാർക്കെന്തിന് ബേറേം വിദ്യ.?"
ഹനുമാന് ചൊടി വന്നു.
"നിങ്ങളെ കൊട്ടാരത്തില് രാജഗുരുക്കമ്മാറില്ലെ.? ജന്മനാ ബുദ്ധിശക്തീള്ള നിങ്ങളെ പഠിപ്പിച്ചിറ്റെ, മനുഷ്യമ്മാർക്ക് മാത്രം വിദ്യ പഠിച്ചാമതിയാ.? കൊരങ്ങമ്മാർക്ക് ബേണ്ടേ.? "
ഹനുമാന്റെ വർത്തമാനം കേട്ടപ്പാട് രാമന് ആശ്ചര്യായി.
"നിനക്ക് ശക്തി മാത്രോല്ല, ബുദ്ധീം ഇണ്ടല്ലോ. നീ തർക്ക ശാസ്ത്രം പഠിച്ചിനാ.? നീ സകലകലാവല്ലഭനെന്നപ്പ.!"
രാമലക്ഷ്മണമ്മാറ് ഹനുമാന്റെ ചൊമലില് കേറീറ്റ് ഋഷ്യമൂകാചലത്തിലേക്ക് പോയി. ഉച്ചസമയായതോണ്ട് സുഗ്രീവൻ അപ്യക്ക് ബേണ്ടീറ്റ് വിശിഷ്ഠമായ പഴങ്ങളെല്ലാം കൊണ്ടെന്നിറ്റ്ണ്ടായിന്. കൂടുതല് കാട്ടുതേൻ കുടിച്ചിറ്റ് രാമൻ ലഹരീല് ആണ്ടിരുന്നു.
രാമൻ പറഞ്ഞു.
"ബാലീന നമ്മക്ക് ഒളിയമ്പെയ്തിറ്റ് കൊല്ലാ."
"അതെങ്ങനെ.? "
സുഗ്രീവൻ ആകാംക്ഷയോടെ ചോയിച്ചു.
"നീ വെല്ലുബിളിച്ചാല് ബാലി യുദ്ധത്തിന് ബരീലെ.? നീ യുദ്ധം ചെയ്യും. ഞാൻ ബാലിക്ക് ബേണ്ടീറ്റ് ഒരമ്പ് മാറ്റിവയ്ക്കും. ബാലി ചത്തപ്പാട് നിനക്ക് രാജ്യം കിട്ടും. രാജ്യം കിട്ട്യപ്പാട് എന്റെ സീതേനേം അന്വേഷിച്ചിറ്റ് നിന്റെ വാനരപ്പട നാല് പാടും നടക്കും. സീതേന കിട്ട്യാല് കിഷ്കിന്ധ നിന്റെ രാജ്യായിറ്റ് കണക്കാക്കപ്പെടും. എന്താ മതീലെ.? "
സുഗ്രീവൻ അതീവസന്തോഷത്തോടെ സമ്മതം മൂളി.
"എപ്പൊ യുദ്ധം ചെയ്യേണ്ടത്.? ഇപ്പൊ ചെയ്യുന്ന ബാ... പോവ്വാലൊ. എപ്പായാലും എനക്ക് ഒരു പ്രശ്നോല്ല.
"നാളേങ്കില് നാളേന്നെ ചെയ്തോറോപ്പാ." ഹനുമാൻ പറഞ്ഞു.
"അങ്ങനേല്ലപ്പാ ഞാൻ കരിതീത്; നിനക്ക് എപ്പൊ ബാലിരെ മുമ്പില് നിക്കാൻ ധൈരണ്ടാന്ന് അപ്പൊ തൊടങ്ങിക്കൊ. അതെല്ലാം നിന്റെ ഇഷ്ടോല്ലെ സുഗ്രീവാ... നിനക്കന്നല്ലെ കിഷ്കിന്ധരെ രാജാ വാണ്ടത്; നമ്മക്കല്ലല്ലോ." ലക്ഷ്മണനും പറഞ്ഞു.
സുഗ്രീവൻ ഓന്റെ ഗദേട്ത്തിറ്റ് നാല് വട്ടം കറക്കി.
ശിവന്റട്ത്ത്ന് വിഭീഷണനും ആൾക്കാരും തിരിച്ച് ബന്നിന്. അയോദ്ധ്യേല് പോയി. ആട ആരേം കണ്ടിറ്റ. അയോദ്ധ്യ കണ്ടപ്പാട്; അടച്ച് പൂട്ടീറ്റ്, കാട് പിടിച്ചിറ്റ് അലങ്കോലായിറ്റ്ണ്ടായിന്. "ഈട എങ്ങനേപ്പാ രാജാക്കമ്മാറ് നിക്കല്.?"
രണ്ട് കാവൽക്കാറ് കൊട്ടാരത്തിന് പൊറത്തുണ്ടായിന്. വിഭീഷണൻ അപ്പാട് ചോദിച്ചു.
"ഈ രാമന്റെ അയോദ്ധ്യ ഇതെന്നല്ലെ.? ഈടക്കണ്ടിറ്റ്... ബണ്ണാമ്പല പിടിച്ച സ്ഥലത്ത് എങ്ങനേപ്പാ രാജാക്കമ്മാറ് നിക്കല്.? "
കാവൽക്കാറ് പുച്ഛത്തോടെ വിഭീഷണനെ നോക്കീറ്റ് ചിരിച്ചു.
"ഈട രാമനൊന്നൂല്ല. രാമനീടന്ന് പോയിറ്റ് പത്ത് കൊല്ലം കയിഞ്ഞു; ദശരഥൻ മരിച്ചിറ്റും."
"അപ്പോ രാമനേട ഇണ്ടാല്.?"
"ദണ്ഡകാരണ്യത്തിലൊ മറ്റൊ ഇണ്ട്ന്ന് പറയ്ന്ന്ണ്ടായിന്. ഇണ്ടായാലായി. ഇപ്പൊ അയോദ്ധ്യ ഭരിക്കുന്നത് ഓന്റനിയൻ ഭരതനാണ്.
"അദ്ദേഹം ഏടേണ്ട്.? "
"ഭാഗ്യത്തിന് കിട്ട്യ രാജ്യാണ്. രാമന തോപ്പിക്കാൻ പറ്റീലല്ലൊ. ഭരതൻ തലസ്ഥാനം മാറ്റീറ്റ് നന്ദിഗ്രാമത്തില് ഭരിക്കുന്ന്ണ്ട്. ഭരതൻ മാത്രോല്ല, രാജബന്ധുക്കളെല്ലം ആടേന്നെ. ഈട നമ്മളെ കാവല് നിർത്തീന്നേയില്ലു."
വിഭീഷണൻ ആട്ന്നും നടന്നു. നന്ദിഗ്രാമിലേക്ക് പോയി.
ഭരതനാട രാമന്റെ ചെരിപ്പിന് പൂജിക്ക്ന്നുണ്ടായിന്. ഭരതനോട് ചോയിച്ചിറ്റും രാമനക്കുറിച്ചിറ്റ് വിവരോന്നും കിട്ടീറ്റ. അങ്ങനെ കൊറേ ഋഷിമാരെ വീടെല്ലാം കേറിയെറങ്ങീറ്റ് നടന്നു. അവസാനം ശബരി കിഷ്കിന്ധരെ കാര്യം പറഞ്ഞു. പിന്നെ ഒന്നും നോക്കീറ്റ; കിഷ്ക്കി ന്ധേലേക്ക് ഒറ്റ നടത്തം.
"രാമനിണ്ടോപ്പ ഈട... രാമനിണ്ടോപ്പാ... "
കല്ലിന്റെടേല് നോക്കി, മരത്തിന്റെ മോൾമ്മ നോക്കി, കുന്നിന്റെ മോളില് നോക്കി, നദിക്കരേല് നോക്കി, കുറ്റിക്കാട്ട്ല് നോക്കി... ഏട നോക്കീറ്റും രാമന കണ്ടിറ്റ.സീത ലങ്കേല്ണ്ടെന്ന് പറയണം, രാവണന കൊല്ലാൻ ഒന്നിച്ച് കൂട്ടണം. എന്തെല്ലോ മനസ്സിലുണ്ടായിന്. രാമനമാത്രം കാണുന്നില്ല.
കിഷ്ക്കിന്ധേല് യുദ്ധം പരിശീലിപ്പിക്കുന്ന്ണ്ട്. അത് വടക്ക് ഭാഗത്തായിരിക്കും. വാനരവീരമ്മാറ് ഒച്ചയെടുക്കുന്നത്. ചെർതായിറ്റ് സുഗ്രീവനും രാമനും ലക്ഷ്മണനും കേട്ടു. 'അതെന്തന്ന് സംഭവം.?' രാമൻ ചോദിച്ചിന്. അപ്പൊ സുഗ്രീവൻ പറഞ്ഞു.
"ആര്യമ്മാർ യുദ്ധതന്ത്രം പഠിക്ക്യാന്ന്."
സുഗ്രീവൻ ഭയന്നോണ്ടാണ് നടന്നതെങ്കിലും കിഷ്കിന്ധേരെ ഭാവി രാജാവാണെന്ന കനോല്ലം ദേഹത്ത് ഇണ്ടായിന്. ദൂരത്ത് കിഷ്കിന്ധാ സന്നിധി കാണിച്ചുകൊടുത്തു. ഹനുമാൻ സൈന്യം അപ്യക്ക് മുമ്പിലെ കൂടീറ്റ് വഴിതെളിച്ചോണ്ട് പോയിന്. കിഷ്കിന്ധ മരത്തടിയോണ്ട് ഇണ്ടാക്യ ചീട്ടുകൊട്ടാരം മാതിരി രാമന് തോന്നി. ഒര് തിരി അമ്പില് ചുറ്റീറ്റ് തീ കൊട്ത്ത് ബിട്ടാമതി; ശുംം... എല്ലാം പാങ്ങായി.
സുഗ്രീവൻ കൊട്ടാരത്തിന് പത്തടി ദൂരത്ത് ബാലീന വിളിച്ചു.
"ബാലീ... ധൈര്യൂണ്ടെങ്കില് പൊർത്തേക്ക് ബാടാ..."
രാമനേം ലക്ഷ്മണനേം ഒര് മരത്തിന്റെ മറവില് നിർത്തി. പുറകില് ഹനുമാൻ സൈന്യം ഇണ്ടായതോണ്ട് കാവൽക്കാറ് ഉള്ളിലേക്ക് പോയി. മരം തൊരന്നുണ്ടാക്കിയ, വലിയ മരത്തിന്റെ വേര്ന്ന് ബാലി ചാടി എണീറ്റിറ്റ് പൊർത്തേക്ക് നടന്നു. സുഗ്രീവനെ കണ്ടപ്പാട് ചെക്കൻ എന്ന മാതിരി പറഞ്ഞു.
"നീയൊന്ന് പോയേപ്പ."
സുഗ്രീവനറിയാം അങ്ങനെന്നും ബാലി യുദ്ധത്തിന് വരില്ലാന്ന്. ഓൻ നാല് ചാട്ടം ചാടീറ്റ് സുഗ്രീവന്റെ മോത്ത് ഗദയോണ്ട് ഒരടി വച്ചു കൊടുത്തു. ബാലി നിലത്ത് വീണു. പൊടിയെല്ലം തട്ടീറ്റ് എണീറ്റു. സുഗ്രീവനിത്രേം ധൈര്യോ.!? ഹനുമാൻ സൈന്യത്തോടും ചെലപ്പൊ അടിയാക്കേണ്ടി ബരും. അയിറ്റ്ങ്ങൊ ആടേം ഈടേല്ലം നിക്കുന്ന്ണ്ട്. പിന്നെ ബാലീന പിടിക്കാൻ വേണ്ടീറ്റ് ഓടാൻ തൊടങ്ങി.
"നിക്ക്റാ കൈസാടെ... നിന്ന ഞാൻ കൊല്ലും എന്നല്ലം പറഞ്ഞിറ്റ് അലറ്ന്നുണ്ടായിന്. സുഗ്രീവൻ രാമലക്ഷ്മണമ്മാറ് ഒളിച്ച് നിക്ക്ന്ന സ്ഥലത്തിന്റെ ഇപ്പർത്ത് അടിയാക്കി. ഒളിയമ്പോണ്ട് ബാലീന കൊല്ലുന്നല്ലെ പറഞ്ഞത്. കൊല്ലട്ട്.! ബാലീം സുഗ്രീവനും ഗദയുദ്ധം തൊടങ്ങി. രാമലക്ഷ്മണമ്മാറ് കണ്ടിറ്റ്കൂടീല്ല. ഗദയുദ്ധത്തില് സുഗ്രീവന്റെ ഗദ തെറിച്ചപ്പാട് മല്ലയുദ്ധത്തിലേക്ക് നീക്കി. മല്ലയുദ്ധത്തില് സുഗ്രീവനെ നെലത്തിട്ട് രണ്ടു കയ്യും പൊറകിൽ കെട്ടി മേലോട്ടാക്ക്യപ്പൊ സുഗ്രീവൻ അമ്മേ.. ന്ന് ബിളിച്ചു. അപ്പൊ രാമന് ഒച്ച കേട്ടു മനസിലായി. അപ്പൊ അയിലാരി ബാലി ആര് സുഗ്രീവൻ.? രാമന് സംശയായി.
" നീ പോയിറ്റ് ഹനുമാനെ ബിളിക്ക്."
"അയിലാരി ബാലി.? "
ലക്ഷ്മണൻ ഹനുമാനേം കൊണ്ട് ബന്നപ്പാട് ചോദിച്ചു. ഹനുമാനും രൂപത്തിലങ്ങനെ മനസ്സിലാവ്ന്നില്ല. അവര്ടെ യുദ്ധനൈപുണ്യത്തെപ്പറ്റീറ്റ് കൊറച്ചെല്ലാം അറി യാം. ബാലിക്കില്ല ഗുണം പറഞ്ഞ് തരാ.
"വാലോണ്ട് ശത്രൂനെ വരിഞ്ഞു കെട്ടാനും ചാടി വീഴാനും ബാലിക്ക് നന്നായറിയാ. എന്നങ്കിലും അത് ബാലീരെ അവസാനത്തെ അടവല്ലെ. സുഗ്രീവനോടൊന്നും അതെട്ക്കീല. സുഗ്രീവന് നന്നായിറ്റ് തട വശൂണ്ട്. തല്ലാനും കൊട്ക്കാനൊന്നും അറീല."
രാമന് നോക്കീറ്റ് ഒര് എത്തും പിടീം കിട്ടീറ്റ. ഒരു നാടകം മാതിരി തോന്നുന്നത്. അവസാനം സുഗ്രീവൻ ബാലീരെ കയ്യിന്ന് നല്ല അടി മേണിച്ചു. നെലത്ത് കെടന്ന് ഉരുണ്ടു. എന്നും പിടിച്ച് നിക്കാനാവീല. സുഗ്രീവൻ ഓടാനുള്ള തയ്യാറെടപ്പെടുത്തു. ബാലി കടിച്ചിറ്റ് ചെവി മുറിഞ്ഞിന്, മീട് മുറിഞ്ഞിന് ' കയ്യപ്പ എന്ന് ' ഋഷ്യമൂകാചലം ലക്ഷ്യമാക്കീറ്റ് ഒറ്റഓട്ടം.... ഹ......
ബാലിക്ക് മനസ്സിലായി; മുനീരെ കൊനുഷ്ട് പിടിച്ച സ്ഥലത്തേക്കെന്ന്യാണ് ഓൻ പോന്നതെന്ന്. ഓൻ നേരെ കിഷ്ക്കിന്ധേലേക്കെന്നെ പോയി. രാമലക്ഷ്മണമ്മാറ് ബാലീന കണ്ടു മരത്തിന്റെ മോളിലേക്ക് കുതിച്ചുപോന്നത്, രാമലക്ഷ്മണമ്മാർ ഹനുമാന്റെ തോളില് കേറീറ്റ് ഋഷ്യമൂകാചലത്തിലെത്തി.
സുഗ്രീവന് ദേഷ്യം സഹിക്കാൻ കയ്യാഞ്ഞിറ്റ് പറഞ്ഞു.
"നീയെന്ത് ദൈവപുത്രനാണെടൊ.? ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തത്. എന്നെ തല്ലുന്നത് നീ കണ്ടിറ്റെ.? എത്ര കഷ്ടപ്പെട്ടിറ്റാന്നറിയൊ ഞാൻ തല്ല് കൊണ്ടത്.? "
രാമൻ വേദനയോടെ പറഞ്ഞു.
"നിങ്ങളെക്കണ്ടാ മൻസിലാന്നില്ല,രണ്ടാളും ഒരേകണക്കെന്നെണ്ട്."
അത് പറഞ്ഞപ്പൊ സുഗ്രീവന് കൊർച്ച് സമാധാനായി. കൊർച്ച് തല്ല് കൊണ്ടിനെങ്കിലും ബാലീനെക്കണക്കേന്നെ ഇണ്ടല്ലൊ, അതു മതി. ഹനുമാനപ്പൊ ചുവന്ന ചെക്കി,വാഴേരെ നാരോണ്ട് കെട്ടീറ്റ് സുഗ്രീവന്റെ കഴുത്തിലിട്ടു. സുഗ്രീവൻ രാമനെ സൂക്ഷിച്ച് നോക്കി. എന്നും പോണൊ, തല്ല് കൊണ്ടിറ്റ് ബെര്ണോന്നാണ് അതിനർത്ഥം. "എന്തെങ്കിലാട്ട്," സുഗ്രീവൻ നടന്നു.എന്ന് നീ പറഞ്ഞമാതിര്യന്നെ, ചങ്കിലേക്കെന്നെ ബിടും.അസ്ത്രം.
സുഗ്രീവൻ തല്ല് കൊണ്ട ചൂടോടെ പിന്നേം പോയി.
സുഗ്രീവന്റെ ദേഹത്തിലെ മുറിവ് കണ്ടിറ്റ് രാമൻ പറഞ്ഞു.
"ഓൻ തിരിച്ച് പാഞ്ഞിറ്റ് ബന്നിറ്റെങ്കില് ഭയങ്കര പ്രശ്നാവട്ടീപ്പാ."
ഹനുമാൻ അവരേം തോളിലേറ്റീറ്റ് മരത്തിന്റെ ചുവട്ടിലേക്കെന്നെ പോയി. സുഗ്രീവൻ പിന്നേം വെല്ലുവിളിക്കുന്നത് കണ്ട് ബാലി ' ഇപ്പൊ പോയ്ക്കോട്ന്ന് 'എന്ന് പേടിപ്പിച്ചു. ധൈര്യൂണ്ടെങ്കില് ഒന്ന് കൂടി ബാടാന്നും പറഞ്ഞിറ്റ് ഗദ പറക്കീറ്റ് ഒരു ഏറ് കൊട്ത്തു. അത് ശരിക്കും ബാലീരെ മോത്തേക്കന്നെ കൊണ്ടു. ബാലി അലറിക്കൊണ്ട് തല്ലാൻ പാഞ്ഞു. പഴയ സ്ഥലം എത്ത്യപ്പാട് സുഗ്രീവൻ നിന്നു. ഗദയില്ലാത്തോണ്ട് ബാലിയും ഗദ തായവെച്ചു. ആ സമയത്ത് ഒരമ്പ് ബന്നിറ്റ് ബാലീരെ ചങ്കില് തറച്ചു. ഇത് കണ്ട് സുഗ്രീവൻ ബാലീന ആഞ്ഞുചവിട്ടി. ബാലി താഴെ ബീണപ്പാട് രാമലക്ഷ്മണമ്മാറ് അവരുടെ അട്ത്തേക്ക് പോയി
രാമൻ പറഞ്ഞു.
"പന്നീന കൊല്ലുന്ന വിഷാണ് അമ്പില് പൊരട്ട്യേത്. കൊർച്ച് സമയംകൊണ്ട് നീ മരിക്കും. "
പിന്നെ രാമൻ ബാലിയോട് തന്റെ ആവശ്യോല്ലം പറഞ്ഞു. അപ്പൊ ബാലി പറഞ്ഞു.
"രാമാ, എന്നോട് ഒര് വാക്ക് നീ പറഞ്ഞിനെങ്കില് ഞാൻ കൊണ്ടരട്ടീലെ രാവണന."
മുഴുമിപ്പിക്കുന്നതിന് മുമ്പെ ബാലി മരിച്ചു. രാമൻ ബാലീരെ കണ്ണ് രണ്ടും മൂടീറ്റ് പറഞ്ഞു.
"ഇക്ഷ്വാകുവംശത്തിന്റെ സ്വത്തല്ലെ കിഷ്കിന്ധ. പിന്നെന്തിന് നീ കൊരങ്ങമ്മാറെ രാജാവായിറ്റ് സ്വയം അവരോധിക്കപ്പെടുന്നത്.? സുഗ്രീവന്റെ ഓള് രുമേനേം നിനക്ക് വേണ.! കൊരങ്ങമ്മാറായ ആൾക്കാർക്ക് ക്ഷത്രിയയുദ്ധതന്ത്രോല്ലം പറഞ്ഞ് കൊട്ക്കുന്നത്. എന്റെ കണ്ണില് നീ വേട്ടമൃഗം മാത്രാണ്. കൊരങ്ങമ്മാറ അങ്ങനെ കാണാനെ നമ്മക്ക് പറ്റൂ."
ബാലീരെ ചങ്ക്ന്ന് ചോര, താരേരെ മടീല് തല. താര കരഞ്ഞോണ്ടിര്ന്നു.
സുഗ്രീവൻ എന്തോ കത്ത്യേത് മാതിരി പറഞ്ഞു.
"ജ്യേഷ്ഠന ക്ഷത്രിയ ആചാര പ്രകാരം അടക്കം
ചെയ്യണം."
അങ്ങനെ ഋഷിമാരെ വര്ത്തീറ്റ് ആചാരപ്രകാരോന്നെ അടക്കാൻ; ആത്മശാന്തിക്കില്ലെ പൂജ തൊടങ്ങി. ചിതയൊരുക്കി. ആ സമയത്ത് അംഗദൻ ഓടിവന്നു, രാമനോട് കൊറേ പരാക്രമം കാണിച്ചെങ്കിലും അതേടേം ഏശീറ്റ, രാമൻ അംഗദനെ ആദരവോടെ അനുഗ്രഹിച്ചു. സുഗ്രീവൻ ഓന കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.
ബാലീരെ മരണമറിഞ്ഞിറ്റ് കൊറേ ആൾക്കാര് കിഷ്ക്കിന്ധേലേക്ക് ബന്നിന്. രാമന് ആശ്ചര്യായി. ബാലീരെ ശക്തി രാമൻ അപ്പൊ കണ്ടു. സുഗ്രീവനോടില്ലെ ചെറിയ ബഹുമാനം കൊണ്ടാവും, ഉള്ളില് വെറുപ്പും അടക്കിപ്പിടിച്ചിറ്റ് വാനരപ്പട നിരനിരയായിറ്റ് നിന്നു. എല്ലാരെ മോത്തേക്കും നോക്കി. അവരെ തലേല്ലം താണിറ്റ്ണ്ട്.
സുഗ്രീവൻ പറഞ്ഞത് മാതിരി ക്ഷത്രിയവിധിപ്രകാരോന്നെ ബാലീന അടക്കി, അഞ്ചമ്പ് മോളിലേക്ക് വിട്ടു. ക്ഷത്രിയവിധിപ്രകാരോന്നെ സുഗ്രീവന്റെ കിരീടധാരണോം ഇണ്ടായി. എന്നിറ്റ് സീതേന അനേഷിക്കുന്ന പണികൂടി ബാക്കിയുണ്ടെന്നും പറഞ്ഞിറ്റ് നടന്നു. സുഗ്രീവനാകട്ടെ "വല്ല്യുപകാരോപ്പാ" ന്നും പറഞ്ഞ് ജാംബവാനെ മന്ത്രിയാക്കി. നീലനേം അംഗദനേം സേനാനായകരാക്കി. രാമലക്ഷ്മണമ്മാറ് തെക്കോട്ട് നടന്നു.
" രാമനേട പോയിന്പ്പാ.? "
ഒര് ദെവസം വിഭീഷണൻ ബന്നിറ്റ് ചോദിച്ചു.
സുഗ്രീവൻ നല്ല പാങ്ങില് സുഖിച്ചോണ്ട് ഭരിക്കുന്ന സമയം. സുഗ്രീവന് രാമനെ പറ്റീറ്റ് നല്ല അറിവൊന്നും ഇണ്ടായിറ്റ.
"എന്നങ്കിലും നടന്നിറ്റല്ലെ പോവുന്നത്. അതോണ്ട് കിഷ്കിന്ധ കയ്ഞ്ഞിറ്റൊന്നും ഇണ്ടാവീല, നേരെ തെക്കോട്ട് വച്ച് പിടിച്ചാല് ഒര് ദെവസംകൊണ്ട് രാമന്റട്ത്തെത്താം."
സുഗ്രീവൻ രാമൻ പോയ വഴി കാണിച്ചുകൊടുത്തു. വിഭീഷണന്റെ ഒന്നിച്ച് രണ്ട് മൂന്നാൾക്കാരും ഇണ്ടായിന്. രാമനും ലക്ഷ്മണനും നദിക്കരേല്, കുളിച്ചിറ്റ് തോർത്തുണ്ടായിന്.
"ആരോ ബര്ന്ന്ണ്ട്." ലക്ഷ്മണൻ പറഞ്ഞു.
"അമ്പെട്.? കണ്ടിറ്റ് അസുരമ്മാറ മാതിരിണ്ട്."
അപ്പോഴേക്കും വിഭീഷണൻ ഒര് വെള്ളരിപ്രാവിനെ പറത്തി വിട്ടു. രാമലക്ഷ്മണമ്മാർക്ക് സമാധാനായി.
അട്ത്തെത്തീറ്റ് വിഭീഷണൻ പറഞ്ഞു.
"ഞാൻ രാവണന്റെ അനിയൻ വിഭീഷണനാണ്. "
രാമൻ തൊവ്തോണ്ട് ചോയിച്ചു.
"എന്തിന്പ്പാ ബന്നത്.? "
"ഒന്നൂല്ല, ലങ്കേന്ന് രാവണന ഓടിച്ചിറ്റ് എൻക്കൊന്ന് രാജാവാകണംന്ന്ണ്ട്."
രാമനപ്പൊ സുഗ്രീവനെയായിരുന്നു ഓർമ്മ ബന്നത്. ബാലീന കിഷ്ക്കിന്ധേന്ന് ഒഴിവാക്കണംന്നായിരുന്നു സുഗ്രീവന്റെ ആഗ്രഹം. അത് കയിഞ്ഞിറ്റ് സീതേന പര്താൻ ബരാന്ന് പറഞ്ഞിറ്റ് ഓട്ത്തു
"നീയെന്തിന് രാവണന കൊല്ലുന്നത്.? രാവണൻ ലങ്കേലെ രാജാവല്ലേ.? "രാമൻ ശങ്കയോടെ ചോദിച്ചു.
"നിങ്ങക്കറീല, രാവണന പറ്റീറ്റ്, ഏട്ന്നോ ഒരു സീതേനേം കൊണ്ടെന്നിറ്റ് പാർപ്പിച്ചിറ്റ്ണ്ട്. രാവണൻ പെര്മാറ്തെങ്ങനേന്ന് പറയാൻ കയ്യ. അല്ലെങ്കിലും മനുഷ്യമ്മാറും അസുരമ്മാറും തമ്മില് ചേര്വൊ.? രാമന്റെ ഭാര്യാന്നാണ് സീത പറേന്നത്. രാവണന്റെ സ്വഭാവം അറീല. ഓരോ സമയത്തും ഓരോ പ്രാന്താണ്. ചെലപ്പൊ തോന്നും നല്ല രാജാവെന്ന്; ചെലപ്പൊ തോന്നും നല്ല കുടുംബനാഥനെന്ന്, ചെലപ്പൊ കാമുകനാവും, നല്ല അച്ഛനാവും, ചെല നേരത്ത് ഭർത്താവാകും, പിന്നെ ചെലപ്പൊ ദാസനാകും, അവസാനം മൃഗരാക്ഷസനാവും, ഋഷിവര്യനാവും ദൈവമാവും മായാജാലക്കാരനാവും വിരൂപനാവും. അതോണ്ട് സീതേനേം രക്ഷിക്കണം, ലങ്കേനേം രക്ഷിക്കണം. അതിന് എൻക്കൊപ്പം നിക്കണം. മനുഷ്യമ്മാറും അസുര മ്മാറും തമ്മില് ചേരിലല്ലോപ്പ. ഇത് പറഞ്ഞപ്പാട് ഞാൻ വിമതനായി. എന്ന പൊർത്താക്കി. രാജ്യദ്രോഹീന്ന് വിളിച്ചു. അസുരവഞ്ചകനാക്കി. ശിവന്റെ ശക്തി നല്ലോണം രാവണനുണ്ട്. നിങ്ങൊ ബന്നാല് എല്ലം ശര്യാവൂന്ന് ഭഗവാൻ പറഞ്ഞിന്. നിങ്ങൾ എന്നെൻക്കൊപ്പം നിക്കണം. ഇല്ലെങ്കില് എന്ന നിങ്ങൾക്കൊപ്പം ചേർക്കണം."
രാമൻ താടിക്ക് കയ്യും കൊട്ത്തിറ്റ് കൊറേ സമയം ചിന്തിച്ചു. ഒക്ക കൂട്ടണൊ... ബേണ്ടെ.? ലങ്കനക്കുറിച്ചിറ്റ് അറിഞ്ഞ് വെക്കാലോന്ന ധാരണീല് ചോയിച്ചു.
"ലങ്കേരെ കെടപ്പ് എങ്ങന്യാണ്.?"
"ചുറ്റും സമുദ്രാണ്. അയോദ്ധ്യേന വെച്ചിറ്റ് നോക്കുമ്പൊ എത്രയോ ചെറുതാണ്. എന്റെ മുത്തച്ഛനായ കുബേരന് ബ്രഹ്മാവ് പതിച്ചുനൽകിയ സ്ഥലം. യക്ഷമ്മാറ തൊരത്തീറ്റ് ഏട്ടൻ അധികാരം സ്ഥാപിച്ചു. ഓന്റെ ചെയ്തികളൊന്നും രാക്ഷസമ്മാർക്ക് നെരിക്ക്ന്നതല്ല. ദേവമ്മാറ കണ്ണെട്ത്താ കണ്ടൂട, ഋഷിമാരേം കണ്ടൂട. ഒരു തരം കാടൻഭരണം. ഓന്റെ നീതി രാജനീതി, ഓന്റെ ശാസനം രാജശാസനം. ഇതെല്ലേട ശര്യാല് ഞാനെതിർത്തപ്പാട് എന്ന പൊർത്താക്കി.
ഇപ്പൊ സീതേന കൊണ്ടെന്നിറ്റ് പാർപ്പിച്ചിറ്റ്ണ്ട്. എപ്പൊ എന്താക്കൂന്ന് അറീല, കൊല്ലാനൊ വളർത്താനോന്ന് അറീല."
രാമന് അപ്പൊ പേടിതോന്നി. സിതേന നെനച്ചപ്പാട് സങ്കടോം വന്നു.
"എന്തങ്കിലാട്ട്, നിങ്ങൊ നമ്മക്കൊപ്പം കൂടിക്കൊ. വിഭീഷണനും കൂട്ടരും നദീല് കുളിച്ചു. വിഭീഷണൻ ഒരമ്പ് മാൻപേടന ലക്ഷ്യാക്കി അയച്ചു. അയിന ചുട്ട് തിന്നാൻ തീവട്ടം കൂട്ടി. പിന്ന മദ്യം ബന്നു. രാമനിതെല്ലാം കണ്ട് രസിച്ചു. ആട്ടൂണ്ടായിന്, പാട്ടൂണ്ടായിന്.
രാമൻ ലക്ഷ്മണനോടായി പറഞ്ഞു.
"ഈറ്റ്ങ്ങള ഒക്ക കൂട്ടീറ്റ് ബല്ല്യ കാര്യോന്നുല്ല. ചെലപ്പൊ രാവണന്റെ തന്ത്രാണെങ്കിലൊ ഇത്. നീ നേരെ സുഗ്രീവന്റട്ത്ത് പോട് ഓനെത്ര കാലായി സീതേന അന്വേഷിക്കാൻ സഹായിക്കാന്ന് പറ ഞ്ഞിറ്റ്.
ലക്ഷ്മണൻ മൂളി. അമ്പും വില്ലുമെടുത്തു.
"എന്തെങ്കിലും ചെയ്തതിനെങ്കില് ഞാൻ ഓന ബെർതെ ബിടും. ഇല്ലെങ്കില് ഓന കൊന്നിറ്റേ ഞാനീട്ത്തേക്ക് ബരൂ..."