mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

അദ്ധ്യായം - 9 യുദ്ധസന്നാഹം

ആശ്ചര്യചൂഢാമണി കണ്ടപ്പാട് രാമന് സന്തോഷായി. സീതേരെ വിശേഷം അറിയാൻ വേണ്ടീറ്റ് അട്ത്ത് കൂടി. ഹനുമാൻ പറഞ്ഞു തൊടങ്ങി. 

“വലിയ സൈനികവ്യൂഹവും പീരങ്കികളും വച്ചിട്ടുള്ള ലങ്കേരെ നട്ക്കാണ് സീതേരെ താമസം. രാജകീയമായിറ്റുള്ള എല്ലാ സുഖ സൗകര്യങ്ങളും ദേവി അനുഭവിക്ക്ന്നുണ്ട്. എന്നങ്കിലും രാമന കാണാത്തത് കൊണ്ട് സീതക്ക് നല്ലോണം പൊഞ്ഞാറ്ണ്ട്. ആരും കാണാത്ത മാതിരി സീതേന രാവണൻ ഒളിപ്പിച്ചിറ്റ്ണ്ട്. രാവണന് പോലും സീതേന പേടീല്ലത് മാതിരി തോന്ന്ന്ന്. സീതേന ആട വെക്കുന്നത് കൊണ്ട് ലങ്കക്ക് നല്ല ഐശ്വര്യം വന്നിനോലുംന്ന് രാവണൻ പറയുന്ന്ണ്ടായിന്. രാവണസന്നിധി ഏടാന്ന് അറിയാൻ കയ്യാത്ത മാതിരി നിഗൂഢാണ്. എന്നങ്കിലും സീതേരെ മോത്ത് കടന്തല് കുത്ത്യേത് മാതിരി ഒരുതരണം മ്ലാനത. രാമനക്കുറിച്ച് പറഞ്ഞിറ്റ് കൊറേ കരഞ്ഞു. രാവണൻ ഭയങ്കരനെന്നേപ്പ. ലങ്കേലെ ഭടമ്മാല്ലം ഭയങ്കരോന്നെ. ഞാൻ രാവണൻ കോട്ടേന്ന് കൊറച്ച് ഭക്ഷണം കട്ടിന്. എന്റെ വാലിന് തീപിടിപ്പിച്ചപ്പൊ കൊട്ടാരത്തിനകത്തെ സാധനത്തിനെല്ലം തീ വച്ചു. അങ്ങനെ ലങ്കേലെ മുക്കും മൂലേം കത്താൻ തൊടങ്ങി. ഇപ്പൊ ലങ്ക ചാമ്പലായിറ്റ്ണ്ടാവും. രാവണന കാണന്നെ; ആജാനുബാഹു.! മേത്ത് നെറച്ചും ആഭരണം, വെല കൂടിയ വസ്ത്രം. കൊറേ യുദ്ധം ചെയ്തേന്റെ പാട് മോത്തും കയ്യിലൂണ്ട്. കൊറേ പെണ്ണ്ങ്ങളെ ശാപം അയാക്ക്ണ്ടാവും. കൊട്ടാരോല്ലം ശര്യാക്കി ആൾക്കാരെ സംഘടിപ്പിക്കുന്നേയിന് മുമ്പ് എന്തായാലും യുദ്ധം ചെയ്യണം." ഹനുമാൻ നിർത്തി. 

രാമൻ പ്രതീക്ഷിച്ചതിലും അധികമായിരുന്നു ഹനുമാൻ പറഞ്ഞത്. രാമന് സന്തോഷായി. സുഗ്രീവനും കൂട്ടത്തില്ണ്ടായിന്. 

“സേതുണ്ടാക്കണം.കടലിലേ കൂടീറ്റ് ഒര് പാലം.അല്ലെങ്കില് കൂടിപ്പോയാല് ഒന്നോ രണ്ടോ ആൾക്കാര് കടല് കടക്കും. മറ്റപ്യ എന്താക്കല്.?" 

ലക്ഷ്മണൻ പറഞ്ഞു. 

“വിഭീഷണന കൂട്ടിക്കൊണ്ടന്നാല് ചെലപ്പൊ രാവണന്റെ യുദ്ധ തന്ത്രോല്ലം അറിയാൻ പറ്റും. രാവണന്റെ തടയും മനസ്സിലാക്കി. ഈ കാട്ടിലേടെയോ വിഭീഷണന്ണ്ട്. ഓനോട് കാര്യം പറയണം."

ഇതെല്ലാം കേട്ടപ്പാട് നീലനും ഗജനും ഗവാക്ഷനും മഹാവീരനും ഋഷഭനും ഗന്ധമാദനനും ജാംബവാനും കൂടീറ്റ് വിഭീഷണനെ തേടി യാത്രയായി. വിഭീഷണൻ വര്ന്നത് വരെ മഹേന്ദ്രപർവ്വതത്തില് താവളമടിക്കാൻ ലക്ഷ്മണനും രാമനും തീരുമാനിച്ചു. ഹനുമാൻ സേനയെക്കൊണ്ട് അവിടെ നിരത്തി. പ്രത്യേകതരത്തിൽ ഗദയുദ്ധം അവർക്കറിയായിരുന്നു. സുഗ്രീവൻ വാനരപ്പടേന മുഴുവൻ കിഷ്ക്കിന്ധേന്ന് വര്ത്തി. അവരില് യുദ്ധം അറിയുന്നവരും അറിയാത്തവരും ഇണ്ടായ്ന്. കൊല്ലപ്പണി എട്ക്കുന്നവരും ഇണ്ടായിന്. സുഗ്രീവൻ കൊറേ പഴങ്ങൾ നെറച്ച കാളവണ്ടി ആട്ത്തേക്ക് എത്തിച്ചു. രാമൻ സീതേന് ചിന്തിച്ചോണ്ട് കൊറേ സമയം അങ്ങനെ ഇരിന്നു. ലക്ഷ്മണൻ ഓടിച്ചാടി കാര്യങ്ങളുടെ മേൽനോട്ടം ഏറ്റെടുത്തു. ജാംബവാനും സംഘവും വിഭീഷണനെയും കൊണ്ട് മഹേന്ദ്രപർവ്വതത്തിലേക്ക് വന്നു. മഹേന്ദ്രപർവ്വതത്തിന് താഴെ ഒരു പൊതുസ മ്മേളനത്തിന്റെ പകിട്ട് കാണാനായി. വാനരക്കൊടികളും കരടിക്കൊടികളും കൊണ്ട് നെറഞ്ഞു. മഹേന്ദ്രപർവ്വതത്തിന്റെ ഉയർന്ന ഭാഗത്ത് പാറക്കല്ലിന് മോളില് രാമൻ, ലക്ഷ്മണൻ, ജാംബവാൻ, നീലൻ, വിഭീഷണൻ, ഹനുമാൻ, സുഗ്രീവൻ എല്ലാ ആൾക്കാരും നിരന്നു. അരി വെപ്പുകാര് മുതൽ ആയുധം ഇണ്ടാക്കുന്നവര് വരെ മഹേന്ദ്രപർവ്വതത്തിൽ വന്നിറ്റ്ണ്ട്. ഏകദേശം ഒരുലക്ഷത്തിലധികം ആൾക്കാര് മഹേന്ദ്രപർവ്വതത്തിന് ചുറ്റും നിന്നു. ആദ്യം സുഗ്രീവനായിരുന്നു സംസാരിച്ചത്. സുഗ്രീവന്റെ പടയ്ക്കാണ് ആൾബലം കൂടുതൽ. 

സുഗ്രീവൻ പറഞ്ഞു. 

“പ്രിയപ്പെട്ട വാനരവീരമ്മാറേ, നിങ്ങൾ രാമനൊപ്പം നിക്കണം.നമ്മക്ക് കടലിലേ കൂടീറ്റ് ഒര് പാലം പണിയണം. ലങ്കേല് പോയിറ്റ് രാവണന തോപ്പിക്കണം. ബാലീരെ മുഷ്ക്ക് ഇല്ലാതാക്യേത് രാമനാണ്. അതോണ്ടെന്നെ അയിന്റെ നന്ദി നമ്മൊ കാണിക്കണം. വാക്ക് പറഞ്ഞാ മറക്കുന്നവരല്ല വാനരമ്മാറെന്ന് കാണിച്ച് കൊട്ക്കണം. സഹായം ചോയിച്ചാല് ചെയ്ത് കൊട്ക്കുന്നേൽന്ന് നമ്മൊ പിറകോട്ട് പോവരുത്. ആദ്യം നിങ്ങൾ പാലം പണിയാനുള്ള കാര്യങ്ങള് ചെയ്യുക. പിന്നെ ലങ്കേല് പോയിറ്റ് യുദ്ധവീരമ്മാറ കൊല്ലണം. ആട തീ കൊള്ത്തീറ്റാണ് നമ്മളെ ചെങ്ങാതി ഹനുമാൻ ഈട്ത്തേക്ക് ബന്നത്. അത് അണയ്ന്നേയ്ന് മുമ്പ് നമ്മൊ ലങ്ക ആക്രമിക്കണം. നിങ്ങക്കറിയാലോ, എന്റെ ഏട്ടൻ ബാലി രാവണന വാലില് കെട്ടീറ്റ് ഏഴ് കടല് കടന്നിറ്റ്ണ്ടായിന്." 

പർവ്വതത്തിലെ ശിലകളില് തട്ടീറ്റ് ആ ശബ്ദം വാനരപ്പടേരെ കാതില് തത്തിക്കളിച്ചു. എല്ലാരും ഒരേ സ്വരത്തില് പറഞ്ഞു. 

“നമ്മാ ഇണ്ടാവും. നിങ്ങൾ ധൈര്യായിറ്റ് പോയ്ക്കോ... മുമ്പില് നമ്മോ ഇണ്ട്. "

സുഗ്രീവൻ പിന്നേം പറഞ്ഞു. 

“ഈ യുദ്ധം ജയിച്ചാല് അയോദ്ധ്യേരെ ഭാഗമാവാതെ തന്നെ കിഷ്കിന്ധക്ക് സ്വതന്ത്ര അധികാരം കിട്ടും. അപ്പൊ നമ്മളെ സ്വാതന്ത്ര്യോം അഭിമാനോം വർദ്ധിക്കും എന്ന് ഒര് സംശയൂല്ല."

അത് കേട്ടപ്പോ വാനരപ്പടക്ക് കൂടുതല് സന്തോഷായി. അവര് സുഗ്രീവനും രാമനും ജയ് വിളിച്ചു. 

സുഗ്രീവൻ കയിഞ്ഞപ്പാട് ഹനുമാൻ എണീറ്റു പറഞ്ഞു. 

“നമ്മളെ സൈന്യം നല്ല ബലുള്ളതാണ്. എന്നങ്കിലും എണ്ണത്തില് കൊറവാണ്. ഉള്ളതെല്ലാം ഗദയുദ്ധം നന്നായിറ്ററിയ്ന്ന ആൾക്കാരും. ഒന്നിനേം പേടിക്കേണ്ട കാര്യം നമ്മക്കില്ല. പണ്ട് നമ്മള് ഒളിപ്പോരാളികളെങ്കില് ഇപ്പൊ നമ്മൊ തെളിപ്പോരാളികളാണ്. അതോണ്ട് ജയ് ശ്രീറാം."

എല്ലാ ഹനുമാൻ സംഘക്കാരും പറഞ്ഞു “ജയ് ശ്രീറാം. ജാംബവാനും നീലനും ലക്ഷ്മണനും ഇതേ മാതിരി സംസാരിച്ചു. അവസാനം രാമനെണീറ്റു. വാനരമ്മാറെല്ലാം ശ്വാസമടക്കിപ്പിച്ചിറ്റ് ചെവി കൂർപ്പിച്ചു.

“പ്രിയപ്പെട്ട കൊരങ്ങമ്മാറെ, കരടികളെ, എന്നെ സ്നേഹിക്കുന്ന ആളുകളെ നമ്മളെ എങ്ങനെ ഇല്ലാതാക്കാം എന്നതിനുള്ള ബോധത്തോടെയുള്ള ശ്രമമാണ് ലങ്കക്കാര് നടത്തുന്നത്. അതോണ്ട് രാവണന തോപ്പിക്കാനുള്ള കൊല്ലാനുള്ള യുദ്ധത്തില് നിങ്ങളും കൂടണം."

ഹനുമാൻ സർവ്വശക്തീം എട്ത്തിറ്റ് ഭീകരമായി ഗർജ്ജിച്ചു. ഹനുമാൻ സേന ജയ് വിളിച്ചു. നീലനും ജാംബവാനും ജയ് വിളി കിട്ടി. വിഭീഷണൻ എണീറ്റപ്പോ ആളുകള് മുഖം ചൊറിയാനും പിറുപിറുക്കാനും തൊടങ്ങി. അയിന തടഞ്ഞ് നിർത്ത്യേത് സുഗ്രീവന്റെ ഇടപെടലായിരുന്നു. 

“ഊർജസ്വലരായ വാനരവീരമ്മാറേ... വിഭീഷണൻ ലങ്ക വിട്ട് നമ്മൊക്കൊപ്പം വന്നതാണ്. അപ്പൊ നിങ്ങക്ക് മനസിലാവും രാജ ധർമ്മം ലോകത്തെല്ലാം എത്തീന്ന്. ലങ്കേരെ മുക്കും മൂലേം വിഭീഷനറിയാ. അതുകൊണ്ടെന്നെ നമ്മക്ക് ഓനക്കൊണ്ട് ഉപകാരേ ഇണ്ടാവൂ. എങ്ങനെ ലങ്കക്കാരെ നേരിടണോന്ന് വിഭീഷണൻ നിങ്ങക്ക് പറഞ്ഞ് തരും. നമ്മക്കാട നിക്കാനുള്ള കാര്യം വിഭീഷണന് ചെയ്യാൻ പറ്റും. അതോണ്ട് രാമനീതിക്ക് വേണ്ടീറ്റ് വന്ന വിഭീഷണന നമ്മളിലൊരാളായിറ്റ് നിങ്ങോല്ലം കാണണം. 

വാനരരെല്ലാരും കയ്യടിച്ചു. രാമൻ പറഞ്ഞു. 

“ഇന്ന് തന്നെ നമ്മൊ വിശ്വകർമ്മാവിന വര്ത്തണം. അദ്ദേഹത്തിനേ എനി എന്തെങ്കിലും ചെയ്യാൻ കയ്യൂ. സേതു ഇണ്ടാക്കല് അത്ര എളുപ്പുള്ള കാര്യോല്ല. 

വിശ്വകർമ്മാവിനെ വര്ത്താൻ വേണ്ടീറ്റ് ഹനുമാനോട് പറഞ്ഞു. ഹനുമാൻ വിശ്വകർമ്മാവിനെ കൂട്ടാൻ വേണ്ടീറ്റ് കൊർച്ച് ഹനുമാൻ സംഘക്കാരേം കൊണ്ട് നടന്നു. 

അത് കയ്ഞ്ഞപ്പാട് ആട ആട്ടോം പാട്ടും നടന്നു. ബില്ല്യ പന്തങ്ങള് പർവ്വതത്തിന് ചുറ്റും നെരന്നു. വാനരവീരമ്മാറ് യുദ്ധത്തിന് വേണ്ട അടവുകള് അഭ്യസിച്ചു. ചിലര് യുദ്ധക്കോപ്പുകള് ഇണ്ടാക്കാൻ തൊടങ്ങി. അങ്ങനെ ആ രാത്രി അപ്യ ആഘോഷാക്കി. രാമനും ലക്ഷ്മണനും അതെല്ലം കണ്ടോണ്ട് അങ്ങോട്ടുമിങ്ങോട്ടും നടന്നു. 

വിശ്വകർമ്മാവ് വന്നപ്പാട് കടൽദൂരം അളന്നു. മഹേന്ദ്രപർവ്വതത്തിന് മോളില് ബില്ല്യ പാറക്കല്ലുകള്ണ്ട്.അത് ഉരുട്ടീറ്റ് വാനരമ്മാറ് കടലി ലേക്ക് എറിഞ്ഞു. അത് കടലില് അങ്ങിങ്ങായി വീണു. കരടി വീരമ്മാറും പാലം നിർമ്മാണത്തില് പങ്കുകൊണ്ടു. കടലിന്റെ കാവലിന് വേണ്ടി ലങ്കേന്ന് ഹനുമാൻ കൊണ്ടുവന്ന കൊമ്പൻ സ്രാവുകള് ചെല വാരരമ്മാറ വയറ്റിലാക്കി. രാമനും ലക്ഷ്മണനും ഗംഭീരമ്മാമാതിരി പണിയെടുക്കുന്നതിനിടെ കൂടീറ്റ് നടന്നു. ദൈവസം പോകുന്തോറും പാലത്തിന് നീളം കൂടിക്കൊണ്ടിരുന്നു. ഹനുമാന്റെ ശക്തി അപ്പോ ഴാണ് എല്ലാരും കാണുന്നത്. ബില്ല്യ മലകള്, കല്ലുകള് എല്ലാം കടലിലേക്ക് എത്തിക്കുന്നത് ഹനുമാനാണ്. വാനരമ്മാറെല്ലാം കടലിലേക്കെന്നെ പണിക്ക് പോയി. സുഗ്രീവന്റെ നിർദ്ദേശ പ്രകാരമായിരുന്നു അത്. 

“ഹനുമാൻ ഒറ്റക്ക് മതി കല്ലും മണ്ണും കൊണ്ട്ടാൻ." 

സുഗ്രീവൻ കൊറേയധികം വാനരപ്പടേന പണിസ്ഥലത്തേക്ക് കൊണ്ടന്നു. വിശ്വകർമ്മാവിനാണ് എല്ലാ പണീരേം മേൽനോട്ടം. കൊമ്പൻ സ്രാവിന്റെ മോളില് കേറീറ്റ് എന്ന് മണ്ണിട്ട് നികത്താനുള്ള സ്ഥലം നോക്കിക്കോണ്ട് ഹനുമാൻ വിളിച്ചു പറഞ്ഞു. 

“കടലിന്റെ നീളത്തിന്റെ കാൽഭാഗം ആയിറ്റ്ണ്ടാവും." വിശ്വകർമ്മാവ് പറഞ്ഞു. 

“കൂടുതല് കല്ലും മണ്ണും കൊണ്ടരാൻ കുതിരവണ്ടി കാള വണ്ടിം വേണം. കൊറേ ആൾക്കാരേം വേണം." ഹനുമാൻ പറഞ്ഞു. 

“ഞാന്ണ്ടാവുമ്പം എന്തിന് പേടിക്ക്ന്ന്."

അഞ്ചാറ് മല പറിച്ചെടുത്തോണ്ട് ഹനുമാൻ വന്നു. ഹനുമാന്റെ ആത്മാർത്ഥത കണ്ടിറ്റ് രാമന്റെ കണ്ണ് നെറഞ്ഞു. 

രാമൻ പറഞ്ഞു. 

“വായുപുത്രാ... നിന്റെ ആത്മാർത്ഥത കാണുമ്പോ എത്ര ജന്മം കയിഞ്ഞാലും നിന്നെ മറക്കാൻ പറ്റാത്ത രീതീല് എന്റട്ത്ത് നീ ഒട്ടി പിടിക്ക്ന്ന്. ഇത്രേം ശക്തി നിനക്ക് ഏട്ന്ന് കിട്ടത്.?" 

“സീതാദേവീന്ന്." ഹനുമാൻ പറഞ്ഞു. 

“എല്ലാരും ഇണ്ടായിറ്റും ആരോരുമില്ലാതെ ലങ്കേല് ഒറ്റക്ക് കയ്യെല്ലേ... അതെന്നെ കർമ്മം ചെയ്യാൻ വേണ്ടീറ്റ് നിർബന്ധിച്ചോണ്ടിരിക്കുന്നത്. അതോണ്ട് നിങ്ങോ പേടിക്കണ്ട, ഈ യുദ്ധത്തില് നമ്മൊ ജയിക്കും."

കൊറേ കഴുകമ്മാറ് ആകാശത്തിലെ കൂടീറ്റ് ബില്ല്യ കല്ലും എട്ത്തോണ്ട് വന്നു. അങ്ങനെ രണ്ടാം ഘട്ടോം കഴിഞ്ഞു. ഇപ്പൊ ഏകദേശം കടലിന്റെ നടൂല് വരെ എത്തീറ്റ്ണ്ടാവും. 

രാമൻ വിശ്വകർമ്മാവിനോട് നന്ദി പറഞ്ഞു. 

ഒര് കാളവണ്ടിക്കും നാല് ആൾക്കാർക്കും സുഖായിറ്റ് പോവ്വാൻ പറ്റ്ന്നത്ര വീതീണ്ട് പാതക്ക്. അടീലെ കൂടീറ്റ് വെള്ളം പോവാൻ വേണ്ടീറ്റ് അഞ്ച് കോല് എടവിട്ടിറ്റ്, വൃത്തത്തില് ദ്വാരം ഇണ്ട്. 

അപ്പോളാണ് ഹനുമാന്റെ ശ്രദ്ധേല് ഒര് കാര്യം വന്നുപെട്ടത്. വാനരപ്പടേന്ന് ആൾക്കാര് കൊറഞ്ഞ് കൊറഞ്ഞ് വര്ന്നുണ്ട്. ഹനുമാന്റെ സൈന്യത്തിന് കൊമ്പൻ സ്രാവിന ഓടിക്കാൻ വേണ്ടീറ്റ് പത്ത് പേരെ ഏർപ്പാടാക്കി. സ്രിവിന കൊല്ലാനും പറ്റീറ്റ. അഞ്ചാള് മാത്രേ തിരിച്ച് വന്നിറ്റു. അവസാനം ഹനുമാനെന്ന അയിനും എറങ്ങി. രണ്ട് കൊമ്പൻ സ്രാവിനേം ഗദകൊണ്ട് അടിച്ചിറ്റ് കൊന്നു. കഴുകവീരമ്മാറ് അടിയേറ്റ സ്രാവുകളെ കൊത്തിത്തിന്നു. 

രാമൻ സേതുലെ കൂടീറ്റ് അഭിമാനത്തോടെ നടന്നു. ഏകദേശം പത്തമ്പതിനായിരം മൈൽ നീളത്തില് അത് മോളിലേക്ക് നോക്യാല് സമുദ്രത്തില് ഒര് വര വരച്ച മാതിരി കണ്ടു. വിശ്വകർമ്മാവിന്റെ അട്ത്ത് എത്ത്യപ്പാട് അദ്ദേഹം പറഞ്ഞു. 

“കടലിന്റെ ആഴം കൊറഞ്ഞ ഭാഗത്താണ് ഈ പാലം ഇണ്ടാത്. അതോണ്ട് കടൽക്ഷോഭം ഇല്ലാതാവും. ഭൂമീദേവിക്ക് അധികം പ്രശ്നം പറ്റീല." 

വിശ്വകർമ്മാവിന്റെ പണി കയിഞ്ഞു. എന്ന് ലങ്കേരെ കരെലേക്ക് അമ്പത് കോല് ദൂരേ ഇല്ലൂ. അത് അവസാനം ചെയ്താ മതീന്ന് വിശ്വകർമ്മാവെന്ന പറഞ്ഞു. 

“രാവണന് ബെര്ന്ന്ണ്ട്ന്ന് പെട്ടെന്ന് സൂചന കൊട്ക്കണ്ടല്ലൊ." വിഭീഷണൻ പറഞ്ഞ മാതിരി രാവണന്റെ കണ്ണെത്താത്ത അടിമകളെ താമസി പ്പിച്ച ഉസർഗോഡേരെ വനപ്രദേശത്താണ് സേതു അവസാനിക്കുന്നത്. എന്നങ്കിലും വേണ്ട. പാലം പണിഞ്ഞ് കയിഞ്ഞപ്പാട് വിശ്വകർമ്മാവിന കിഷ്ക്കിന്ധെലേക്ക് കൊണ്ടായി സത്ക്കരിച്ചു. ധനവും ധാന്യവും നൽകി യാത്രയാക്കി. അന്ന് രാത്രി എല്ലാരും മഹേന്ദ്രപർവ്വതത്തിന് താഴെ വീണ്ടും ഒത്തുകൂടി. ആയുധ നിർമ്മാണത്തിനായിരുന്നു അത്. അന്ന് വാനരസേനേരെ കയ്മ്മ ഇണ്ടായിരുന്ന ഇരുമ്പുഗദകൾ പരമാവധി ശേഖരിച്ചു. അംഗദൻ പരിശീലിപ്പിച്ച അമ്പെയ്ത്ത് പടക്ക് വേണ്ടീറ്റ് ചൂരലും കൈതേം കവുങ്ങിൻ തണ്ടും വിഷവും ശേഖരിക്കാനും അവര് മറന്നില്ല. കുന്തൂണ്ടാക്കാൻ വേണ്ടീറ്റ് മുളയും, കവുങ്ങിൻ കീറ്റകളും, ഇരുമ്പും കാട്ട് മൃഗങ്ങളെ കൊമ്പും എല്ലാം കൊണ്ടെന്നു. കൈതനാരും ആലിന്റെ വേരും കൊണ്ടന്നു. കവണകളും മുളകൊണ്ടുള്ള വാദ്യോപകരണങ്ങളും കൊണ്ടന്നു. അവരെ കയ്യില് കാട്ടമ്പിന്റെ ഉഗ്ര ശേഷീള്ള വില്ലുകളും ആവനാഴിയും ഇണ്ടായിരുന്നു. പിന്നെ എല്ലാ കോപ്പും ആയുധപ്പൊരേലേക്ക് മാറ്റി. കവണവെച്ചെയ്യാനുള്ള കൂർത്ത ഉളി കല്ലുകളും ഇണ്ടായിന്. വേണ്ടത്ര ആയുധം ആയീന്ന് തോന്ന്യപ്പൊ സുഗ്രീവൻ നിർത്താൻ പറഞ്ഞു. പണി കയിഞ്ഞിറ്റ് മദ്യോം പഴോം തിന്നിറ്റ് പിറ്റേ ദെവസം ലങ്കേല് പോവ്വാന്ന് എല്ലാരോടോയിറ്റ് പറഞ്ഞു. അന്ന് രാത്രീല് വിഭീഷണൻ ലങ്കൻ യുദ്ധസേനേനപ്പറ്റീറ്റ് പറഞ്ഞു. 

“നമ്മൊ പാലം ഇണ്ടാക്ക്യേത് ലങ്കേലെ ആൾപാർപ്പില്ലാത്ത സ്ഥലത്തേക്കാണ്. ആട നെറച്ചും കാടാണ്. ലങ്കേലെ ശ്മശാനം അതാണ്. എത്ര ശത്രുക്കളെ ദഹിപ്പിച്ച ദിക്കാണെന്നറിയൊ.! അത്. ഇപ്പൊ ആട്ത്തക്കാരും പോലില്ല. അയിനപ്പർത്ത് തടവറയാണ്. ശത്രുക്കളെ തടവിൽ പാർപ്പിച്ച സ്ഥലം, അതോണ്ടെന്നെ മരണം ഇണ്ടായാലെല്ലാതെ ആൾക്കാര് ആട്ത്തേക്ക് ബെരില്ല. പിന്നങ്ങോട്ട് വിശാലമായ മൈതാനാണ്. ആട പൂജ ചെയ്യാനല്ലാതെ ആരും ബെര്ലില്ല. ആ മൈതാനത്ത് നമ്മക്ക് താമസ സ്ഥലം ഇണ്ടാക്കാൻ പറ്റും. അധികാൾക്കാരും കൊരങ്ങമ്മാറായതിനാൽ മരത്തിന്റെ മോളിലൊ, പാറേരെ അടീലോ നിക്കാൻ പറ്റും. പിന്നങ്ങോട്ട് നീണ്ട കാടാണ്. അതോണ്ട് പഴങ്ങള് നല്ലോണം കിട്ടും. ആട്ന്ന് ഊട് വഴീലെ കുടീറ്റ് സഞ്ചരിച്ചാല് ലങ്കൻ പാറക്കെട്ട് കാണും. പത്തിരുനൂറ് കോല് ഉയരത്തില് പാറ കൊത്തിറ്റ്ണ്ടാക്യേതാണ് ലങ്കൻ കൊട്ടാരം. കൊട്ടാരത്തിന് ചുറ്റും കിടങ്ങ്ണ്ട്. അത് ഏകദേശം അഞ്ച് കോല് വീതില്ണ്ട്, പത്താളെ ആഴത്തിലും പൊളിഞ്ഞ് കെടക്കണ കുബേരന്റെ കൊട്ടാരത്തില് ബേണോങ്കില് നമ്മക്ക് താവളമാക്കാം. കൊട്ടാരം രാവണൻ നശിപ്പിച്ചേല് പിന്നെ ആരും ആട്ത്തേക്ക് ബെര്ത്തില്ല. ആട നാലഞ്ചാൾക്കാര് കാവലിനുണ്ടാവും. കുബേരന്റെ സമ്പാദ്യം ഭൂമിക്കടില് ഏടയൊ ഇണ്ടെന്നാണ് രാവണന്റെ വിചാരം. അതോണ്ട് എപ്പളും ആട കാവല്ണ്ടാവും. ലങ്കേരെ കൊട്ടാരത്തില് കടക്കാൻ നാല് വാതില്ണ്ട്. ആട നാല് ഭാഗത്തും കാവൽക്കാര്ണ്ടാവും. വടക്ക് വശത്തെ കൂടീറ്റ് പോയാല് സ്ത്രീകളെ കവാടാണ്. അയിലെ കൂടീറ്റ് പോയാല് സീത ഇല്ല സ്ഥലത്തേക്ക് പെട്ടെന്നെത്ത. കിഴക്ക് വശത്ത വാതിൽലേ കൂടീറ്റ് പോയാല് രാജസന്നിധിലും എത്താം. ആദ്യഘട്ടത്തില് കാലാൾപ്പടേന ആണ് നമ്മക്ക് കാണല്. അവര് ലങ്കക്ക് ചുറ്റും ഇണ്ടാവും. രാവണൻ എന്ത് പറഞ്ഞാലും അപ്യ കേക്കും. അവര് ചാവേറുകളാണ്. അപ്യ വാനരപ്പടേന മാതിരിയെന്നെ. എത്ര വേണോങ്കിലുണ്ടാവും. കുന്തം, അമ്പ്, വാള് ഇതോണ്ടെല്ലാം അടിച്ച് നെരപ്പാക്കേണ്ടിബരും. അവർക്കും ഇതെല്ലം മാത്രേ അറിയൂ. നാഗവിഷത്താലും മന്ത്രങ്ങള് കൊണ്ടും ലങ്ക സംരക്ഷിതമാണ്. ഇങ്ങനത്തെ ചാവേറ്കള് ഏകദേശം അമ്പതിനായിരത്തിന് മോളിലുണ്ടാവും. അതിനും മുമ്പോട്ട് പോയാല് തേരുകളാണ്. തേരുകളില് പത്തായിരത്തില് കൊറയാത്ത ആൾക്കാര്ണ്ടാവും. അയില് നല്ലനല്ല യോദ്ധാക്കളുണ്ടാവും. പിന്ന കുതിരകളുണ്ട്, ആനകള്ണ്ട്, കുംഭകർണന് കുംഭകർണ്ണൻ ഈ സമയത്ത് ഒറ്റക്കായിരിക്കും. ആറ് മാസം നീണ്ട ഒറക്കം. ആറ് മാസം യുദ്ധം. ദേവമ്മാറോട് മൂന്ന് മാസം മുമ്പ് യുദ്ധം ചെയ്ത് ബന്നിറ്റ് ഒറങ്ങ്യേതാണ്. പടിഞ്ഞാറാണ് കുംഭകർണ്ണൻ താമസിക്കന്നത്. എന്നും മൂന്ന് മാസം വേണം ഒറക്കം എണീക്കാൻ. തെക്ക് ഭാഗത്ത് രാവണന്റെ പുത്രനുണ്ടാവും. അക്ഷയകുമാരൻ, ഇന്ദ്രജിത്ത് എന്നിവരെല്ലാമുണ്ടാവും. കിഴക്ക് വശം കാലാളുകളും പടിഞ്ഞാറ് കുംഭകർണനും തെക്ക് രാവണപുത്രമ്മാറും വടക്ക് സ്ത്രീകളും; ഇങ്ങനാണ് ലങ്കേരെ ആൾക്കാരെ കെടപ്പ്. ഇതും കയിഞ്ഞിറ്റ് രാവണന്റെ അട്ത്തെത്താം. രാവണന് രണ്ട് മുഖൂണ്ട്,കോറേ ഉപമുഖങ്ങളൂണ്ട്; ഒന്ന് മൈരാവണനും മറ്റേത് ഐരാവണനും. ഉപമുഖങ്ങൾ എട്ടെണ്ണം വേറേമുണ്ട്. രണ്ട് രാവണമ്മാറാണ് എല്ലാരേം കുഴപ്പിക്കല്; ഐരാവണനും,മൈരാവണനും.മൈരാവണൻ ഭയങ്കര കോപിഷ്ഠനാണ്, തലതെറിച്ച ക്രൂരനാണ്, എന്ത് വൃത്തികേട് ബേണോങ്കിലും ഓൻ ചെയ്യും. ചതി, വഞ്ചന, കുതികാൽവെട്ട്... എന്തും ചെയ്യും. ഓന വിശ്വസിച്ചൂട. പിന്നേത്തത് ഐരാവണനാണ്. അയാള് ധർമ്മിഷ്ഠനാണ്. നല്ല ഭരണാധികാരി. രാജ്യത്തിന്റെ താൽപ്പര്യം മാത്രം കാണിച്ച്,രാജ്യം പറയുന്നതാണ് ഐരാവണന്റെ വാക്ക്. ശ്രേഷ്ഠനും ഭരണതന്ത്രജ്ഞനുമാണ് ഐരാവണൻ. പ്രതാപിയുമാണ്. രണ്ടുപേരോടും രണ്ട് രീതീലേ സംസാരിക്കാൻ പാടുള്ളൂ. മൈരാവണൻ യോദ്ധാവാണ്. എങ്ങനേങ്കിലും ആൾക്കാരെ കൊല്ലും. എന്നാൽ ഐരാവണൻ യുദ്ധ നിയമങ്ങള് പഠിച്ചോണ്ട് ആയുധമെടുക്കുന്നതും നിയമം പാലിച്ചിറ്റാണ്. യുദ്ധവിമാനങ്ങളും ചന്ദ്രഹാസവുമാണ് രാവണന്റെ മറ്റൊരു ശ്രേഷ്ഠ പ്രയോഗം. പാതാളത്തില് ഏത് സമയത്തും പോവ്വാൻ രാവണന് കയ്യും. അതോണ്ടെന്നെ കൃത്യമായ ബോധത്തോട് കൂടിറ്റെ രാവണനെ തോപ്പിക്കാൻ പറ്റൂ."

എല്ലാരും വിഭീഷണൻ പറയുന്നത് ശ്രദ്ധിച്ചു കേട്ടു. 


ഒരു ഭടൻ രാവണസന്നിധില് പോയിറ്റ് പറഞ്ഞു. 

“ഒര് പാലം ലങ്കേലേക്ക് ബന്നിറ്റ്ണ്ട്. നമ്മൊ അടിമകളെ കൊന്നിറ്റ് കളേന്ന സ്ഥലൂല്ലെ; ആട്ത്തേക്ക്. ഏട്ന്ന് ബന്നതെന്ന് അറീല." 

രാവണന് സംശായി. 

“ആരായിരിക്കും അത് ചെയ്തത്.?" ഭടൻ പറഞ്ഞു. 

“ഒര് ബല്ല്യ കൊരങ്ങൻ ആടേല്ലം കറങ്ങി നടക്ക്ണ്ടായിന്. ഓന്റെ കയ്യില് പത്താള കൊല്ലാൻ പറ്റ്ന്നെ ബെല്ല്യ പാറക്കെട്ടും ഇണ്ടായിന്." 

അപ്പൊ രാവണന് കാര്യം മനസ്സിലായി. 

“അത് ഹനുമാനെന്നെ. സീത പറഞ്ഞ ആളെന്നെയായിരിക്കും. ബാലീരെ ബന്ധുത്വം ഓനോട് പറഞ്ഞിറ്റൊന്നും ഒരു കാര്യൂല്ല. എന്റെ മോള് സുവർണഛായക്ക് മാത്രേ ഈല് എന്തെങ്കിലും ചെയ്യാൻ പറ്റൂ. 

രാവണൻ സുവർണഛായേന വിളിച്ചു. രാവണൻ ഓളെ സൗന്ദര്യത്തിന നല്ലോണം ബാത്തി പറഞ്ഞു. 

“എന്റെ പുന്നാരമോളെന്നേപ്പാ... തങ്കക്കട്ടിയെന്നെ... രാവണൻ എന്നിറ്റ് കള്ളക്കണ്ണോട് കൂടീറ്റ് നോക്കി. എന്നിറ്റ് ഓളെ പണിയെന്തെന്ന് പറഞ്ഞ് കൊടുത്തു."

“അച്ഛൻ ജീവിതത്തിലാദ്യായിറ്റ് എന്നോട് പറയുന്ന കാര്യോല്ലെ..."

സുവർണായക്ക് സന്തോഷായി. 

“നമ്മളെ മിത്രം ഹനുമാൻ ഉസൽഗോഡേലേക്ക് നീളൂള്ള കടൽപ്പാലത്തിന് മോളിലുണ്ട്. നീ ഓന ഈട്ത്തേക്ക് കൊണ്ടരണം. നിന്ന കണ്ടാല് ബീവാത്ത ആണ് ഈ ഭൂമീല് ജൻച്ചിറ്റ്ണ്ടാവീല. നീ പണി കൃത്യായിറ്റ് ചെയ്താല് സീതക്ക് കൊട്ക്കുന്ന വിശിഷ്ഠപദം നിനക്ക് കിട്ടും. സീതേന കൊന്നിറ്റ് കടലില് എറിയും. പിന്നെ നീയാണ് ലങ്കേരെ പുത്രി."

സുവർണഛായക്ക് സന്തോഷായി. എത്ര അസുരമ്മാറ വശീകരിക്കാൻ കയിഞ്ഞിന് പിന്ന്യാന്ന് ഒര് കൊരങ്ങൻ. ലങ്കേല് അംഗലാവണ്യം കൊണ്ടും ശത്രുനിഗ്രഹം കൊണ്ടും ഞാനാണ് ഭയങ്കരനെന്ന് രാവണൻ എടക്കെടക്ക് പറയുന്നത് സുവർണഛായ കേക്കല്ണ്ട്. ഓള് സർപ്പത്തിന്റെ തൊലിമാതിരില്ലെ മിന്നുന്ന കുപ്പായും ഇട്ടിറ്റ്, അഞ്ജനക്കല്ല് അരച്ചിറ്റ് കണ്ണെഴുതീറ്റ്, ജഡ പിടിച്ച് മുടി നന്നായിറ്റ് ചീകിവച്ചു. നല്ല മണക്കുന്ന എണ്ണ തലേല് പൊരട്ടി, വട്ടത്തില് ചോന്ന പൊട്ട് കുത്തി. ഇപ്പൊ കണ്ടാല് ഏത് നിമിഷം പൊട്ടി പോവുന്ന യുവതീന മാതിരീണ്ട്. 

ഹനുമാൻ വിശ്വകർമ്മാവ് ഇണ്ടാക്യ പാലത്തിലെ കൂടീറ്റ് നടക്ക്ന്നുണ്ടായിന്. പാലത്തിന്റെ അതിരില് മൂത്ത കവുങ്ങിന്റെ കുന്തം നാട്ടീറ്റ്, രണ്ട് ഓട്ടയാക്കീറ്റ്, അയിലേ കുടീറ്റ് മൊള കടത്തീറ്റ്, അപ്പുറൂം ഇപ്പുറും കടലിലേക്ക് ബീവാത്ത രീതീല് വേലിയുണ്ടാക്കീന്, രണ്ട് കാളവണ്ടിക്ക് പോവാൻ പറ്റും. ഹനുമാന് തോന്നി. അടീല് പത്ത് കോലെട വിട്ടിറ്റ് ബില്ല്യ ഓട്ട വിട്ടതോണ്ട് വെള്ളത്തിന് തടഞ്ഞിറ്റ് പാലം പൊളിയുന്ന്യേന് പേടിക്കണ്ട. 

“വിശ്വകർമ്മാവ് ഭയങ്കരെനെന്നേപ്പാ. 

തിരിച്ച് നടക്കാൻ ഭാവിച്ചപ്പൊ പാലത്തിലെ കൂടീറ്റ് ഒരു പെണ്ണ് നടന്ന് ബര്ന്നതായിറ്റ് ഹനുമാന് തോന്നി. ഓള് അട്ക്കുംതോറും നല്ലോരു മണം മൂക്കിന് കിട്ടന്നുണ്ട്. കാമാന്ധയായ നാഗകന്യകേന മാതിരി ഒര് രൂപം. ഹനുമാൻ, ആരെന്ന് അറിയാൻ ബേണ്ടീറ്റ് കൊറേ സമയം ആട നിന്നു. ആ നടപ്പ് കണ്ടാല് ആരും കെട്ടിപ്പിടിച്ച് പോവും. ഓള് അട്ത്ത് എത്ത്യപ്പാടെന്നെ ഹനുമാന്റെ കാൽക്കല് വീണിറ്റ് തൊഴുതു. ഹനുമാന് അങ്കലാപ്പായി. ആര്പ്പാ ഇത്.? 

“നീ ആര്... ഏട്ന്ന് ബര്ന്നത്.?” 

ഹനുമാൻ ചോദിച്ചു. 

ഓള് ശീൽക്കാരങ്ങൾ പൊറപ്പെടുവിക്കും മാതിരി ഉത്തരം പറഞ്ഞു. ഹനുമാന്റെ നെഞ്ചിലേക്കെന്നെ നോക്കിക്കോണ്ടിരുന്നു. ഹ നുമാൻ വീരജാള്യതയാല് അവളുടെ ചുമലില് കൈവച്ചു. ആ പാലം മെത്തയാക്കീറ്റ് അവര് ഇണ ചേർന്നു. സുവർണഛായ കാമാർത്തീല് ഹനുമാൻ ലയിച്ചുപോയി; അല്ലെങ്കില് വിശ്വോത്തര ഗണികേനമാതിരി ഓള് പ്രവർത്തിച്ചു. മാറികെടന്ന് ഓളോട് ഹനുമാൻ ചോദിച്ചു. 

“നിനക്ക് എന്തെന്ന് ബേണ്ടത്.?” 

ഓള് പറഞ്ഞു. 

“എനക്ക് ഈ സേതു പൊളിക്കാൻ അനുമതി തരണം."

ഹനുമാന് പെട്ടെന്ന് ചതിവ് മനസ്സിലായി. ഓൻ പിടഞ്ഞെണീറ്റ് മാന്തി വ്രണപ്പെട്ത്താൻ തൊടങ്ങി. ഓളെ തൊലിപ്പൊർത്ത് കൊറേ മുറിവുണ്ടായി. കൊറേ തല്ല് തട്ത്തെങ്കിലും അവസാനം സുവർണഛായ താഴെ വീണു. 

സുവർണഛായ കൈ തച്ചോണ്ട് പറഞ്ഞു. 

“അങ്ങയുടെ ബീജം എന്നില് പ്രവേശിച്ചു കഴിഞ്ഞു. നിങ്ങൾ എൻക്ക് തന്ന വാക്ക് പാലിച്ചിറ്റേങ്കിലും കൊഴപ്പുല്ല. നിശ്ചയദാർഢ്യ മുള്ള ഒര് വാനരവീരന്റെ പുത്രന് ജന്മം നൽകുന്നത് എനക്ക് സന്തോഷമുള്ള കാര്യം തന്നെയാണ്. ഈ പ്രവർത്തികൊണ്ട് രാവണൻ എന്ന ലങ്കേന്ന് പൊർത്താക്കീലാന്ന് തോന്ന്ന്ന്. എനക്ക് സീതേരെ സ്ഥാനോന്നും ബേണ്ട; ഇതെന്നെ ധാരാളം. രാവണന്റെ അട്ത്തേക്ക് നിങ്ങള കൂട്ടിക്കൊണ്ടോവാൻ പറഞ്ഞിന്. അതെന്തായാലും ഞാൻ ചെയ്യീല. എനക്ക് നിങ്ങളെ കൊലക്ക് കൊട്ക്കാൻ കയ്യ, എന്തായാലും കൊരങ്ങമ്മാറ രാവണൻ കൊല്ലലില്ല. എന്നങ്കിലും നിങ്ങൊ ബന്നിറ്റ് ലങ്കേല് കാണിച്ച പരാക്രമൂല്ലെ... അയില് അച്ഛൻ കൊറച്ച് പേടിച്ചിന്. അതോണ്ടാണ് എന്നെ അയച്ചത്.

രാവണന് പേടിയാവാൻ തൊടങ്ങീറ്റ്ണ്ട്. ലങ്കേരെ മനോബലം നഷ്ടപ്പെടാൻ തൊടങ്ങീന്ന് രാവണൻ എടക്കെടക്ക് പറയുന്നുണ്ട്. നിങ്ങളെ വശീകരിച്ച് ലങ്കേല് എത്തിക്കലാണ് എന്റെ ദൗത്യം. നിങ്ങൾ കേവലം വാനരൻ മാത്രോല്ല; മനുഷ്യന്റേത് പോലെ ബുദ്ധിയുമുണ്ട്. അത് നിങ്ങളുമായി ഇണ ചേർന്നപ്പോന്നെ എൻക്ക് മനസ്സിലായി. നിങ്ങക്ക് നല്ല ശക്തീള്ള ശരീരൂണ്ട്. അയില് കെടന്നിറ്റ് ഞാൻ ശ്വാസം മുട്ടി. ഞാൻ നിങ്ങക്കൊപ്പം ബര്ന്നതും ശര്യല്ല, അത് എന്റച്ഛനോട് ചെയ്യുന്ന ദ്രോഹാണ്. ഞാൻ പോന്ന്."

സുവർണഛായ ലങ്കലേക്ക് പോയി. ഹനുമാന് വിശ്വസിക്കാൻ പറ്റാത്ത രീതീല് തോന്നി. ഹുണുബീനക്കാളും സുന്ദരിയാണ് സുവർണഛായ. എന്നെങ്കിലും ആ പെണ്ണിന് ബേണ്ടീറ്റല് ലങ്കല് പോയാല്... രാവണന്റെ മരുമോനായിറ്റ്. ഹാ!!! ഹനുമാന് ചിന്തിച്ചിറ്റ് ഒരെത്തും പിടിയും കിട്ടീറ്റ. 

രാവണൻ വിഭീഷണന്റെ മോള് ബേംജാകേന കൂടി ഇതേ ആവശ്യം പറഞ്ഞിറ്റ് അയച്ചു. ഹനുമാന് ഓളും പുതിയ അനുഭാവിയായതല്ലാതെ യാതൊരു മാറ്റോം ഇണ്ടായിറ്റ. വിഭീഷണ പുത്രീന്ന് അറിഞ്ഞപ്പൊ തനിക്കൊപ്പം മഹേന്ദ്രപർവ്വതത്തിലേക്ക് ക്ഷണിച്ചു. സുവർണഛായേരത്രേം പ്രസരിപ്പും ശുഷ്കാന്തീം ഓക്ക് ഇണ്ടായിര്ന്നില്ല. ഒരുതരണം നിരാശാഭാവം മോത്ത് എപ്പളൂണ്ട്. 

ബേംജാക പറഞ്ഞു. 

“സൊന്തം ഏട്ടന കുരുതിക്ക് കൊട്ത്തിറ്റ് തന്റെ ഒന്നിച്ച് കൂടിയ ആളാണ് എന്റച്ഛൻ വിഭീഷണൻ. സൊന്തം ഏട്ടനോട് കൂറ് കാണിക്കാത്തോനെങ്ങനെ മകളായ എന്നോട് കൂറ് കാണിക്കല് രാജ്യാധികാരത്തിന് വേണ്ടീറ്റ് അച്ഛൻ മുത്തപ്പനോട് തെറ്റിയപ്പൊ എന്നേം അമ്മേനേം ഒന്ന് തിരിഞ്ഞ് നോക്കീറ്റ് പോലൂല്ല. രാമരാവണ യുദ്ധം അച്ഛന് ഒര് ഞാണിന്മേൽ കളിയാണ്. രാവണന രാമന് തോപ്പിക്കാൻ പറ്റുന്ന് ഒരുറപ്പും അച്ഛനില്ല. അച്ഛന് സൗജന്യായിറ്റ് രാജ്യം കിട്ടണം. എന്നങ്കില് കിട്ടിക്കോട്ടെന്ന് പറഞ്ഞിറ്റ് ഞാൻ നിങ്ങക്കൊപ്പം വരട്ടി. പക്ഷേ, കുബേരന്റെ കയ്യിന്ന് രാവണൻ തട്ടിയെടുത്ത സ്വത്തുവകകളാണ് ഞാൻ ഉൾപ്പെടെ നമ്മള് ലങ്കക്കാര് ഇതുവരെ അനുഭവിച്ചത്. രാവണൻ വല്ല്യച്ഛനാണ് ഇത് വരെ എന്നെ പോറ്റ്യേത്. അഥവാ രാമരാവണ യുദ്ധത്തില് രാമൻ തോറ്റാലും രാവണൻ വിഭീഷണനെ പൊർത്താക്കീല, നമ്മൊ ഒന്ന് ഒറക്കെ നെലവിളിച്ചാല് വല്ല്യച്ഛന് മനസ്സലിവുണ്ടാവും. രാമൻ ജയിച്ചാലും വിഭീഷണന് ഒര് നഷ്ടോം ഇല്ല. അപ്പളും ലങ്കേരെ രാജാവായിറ്റ് നടക്കാം. പിന്നെന്തിന് ഞാൻ അച്ഛന്റൊപ്പം ബര്ന്ന് ലങ്കാവാസികളായ നാം ദേവേന്ദ്രന്റെ രാവണഭയത്തേയും യക്ഷമ്മാറെ അസുരഭയത്തേയും ആസ്വദിക്കുന്നുണ്ട്. അത് നമ്മൊ അഭിമാനത്തോടെന്നെ കൊണ്ട് നടക്കുന്ന്ണ്ട്."

ഇതെല്ലാം കേട്ടപ്പാട് ഓളെ വ്യക്തിത്വത്തോട് കൂടുതൽ ആദരവ് തോന്നി. കാണാൻ അത്ര പാങ്ങില്ലെങ്കിലും ഓളെ മനസ്സിന് നല്ല കനൂണ്ട്. ഇപ്പൊ ഓള് കൂടുതല് സുന്ദരിയാവുന്ന മാതിരി ഹനുമാന് തോന്നി. ശരീരഭാഗങ്ങളിൽ തേജസ് വർദ്ധിക്കുന്നത് പോലെ. 

ഓള് സ്നേഹത്തോടെ പറഞ്ഞു. 

“നിങ്ങക്ക് എന്നോട് പ്രണയം തോന്നുന്നുണ്ടെങ്കില് വരൂ നമുക്ക് ഇണചേരാം. സീതയാണ് ലോകത്തിലെ ഏറ്റവും കരുത്തുള്ള സ്ത്രീയെന്ന് ഞാൻ വിശ്വസിക്കുന്നു. തന്റെ ജീവനെട്ത്ത മാര ണമാണ് സീതയെന്നറിഞ്ഞിറ്റ് കൂടി രാവണൻ മുത്തപ്പൻ ചേച്ചിയെ സംരക്ഷിക്കുന്നു. എന്തൊരു മഹത് വ്യക്തിത്വമാണ് അദ്ദേഹത്തിന്. വാനരമ്മാറ തൂണുകളിലും കരിമ്പാറകളിലും ചിത്രണം ചെയ്ത് പൂജിക്കുന്നു. സീത ആ കൊടുംകാട്ടില് കയ്യ്ന്നെയ്നക്കാളും നല്ല രീതീലാണ് ലങ്കേല് കയ്യ്ന്നത്."

ഹനുമാന് വേറൊന്നും പറയാന്ണ്ടായിര്ന്നില്ല. ഓള അമർത്തി കെട്ടിപ്പിടിച്ചു. ആ സുഖത്തിന് ക്രമേണ ഇണചേരലിലേക്ക് വഴുതിവീണു. അങ്ങനെ പൂർണ സംതൃപ്തിയിൽ അവരെഴുന്നേറ്റു. കടൽത്തീരങ്ങൾ കലങ്ങിമറിയുന്നത് നോക്കി അവര് കൊറേ സമയം പാലത്തില് കെടന്നു. പെട്ടെന്ന് എണീറ്റ് ബേംജാക പറഞ്ഞു. 

“എന്താ ഇപ്പൊ എൻക്കൊപ്പം രാവണന്റട്ത്തേക്ക് ബര്ന്നോ.? നിങ്ങളെ മംഗലം കയ്ക്കാനെങ്കില് മുത്തപ്പനോട് പറഞ്ഞാമതി അപ്പൊ കെട്ടിച്ചേരും."

ഹനുമാൻ ഓള കുസൃതിയോടെ നോക്കി. അങ്ങിങ്ങ് വലിച്ചിട്ട തലമുടി, തേഞ്ഞ ചോന്ന കുറി... എന്നങ്കിലും എപ്പളും മോത്ത് ഒരു വിഷാദച്ചൊക,ഹനുമാൻ പറഞ്ഞു. 

“എനക്ക് കൊറേ പണീണ്ട്. ലക്ഷ്യങ്ങളുണ്ട്. അയിനെടേല് ആഘോഷത്തിന് പ്രസക്തീല്ല. ചെല വാക്കുകള് പാലിക്കണം. അല്ലെങ്കില് ഈ ജീവിതത്തിന് ഒരർത്ഥൂല്ല. അതോണ്ട് ഇക്കഴിഞ്ഞ ചെറിയ നിമിഷങ്ങള് മാത്രം ജീവിതായിറ്റ് കണക്കാക്കി നീ തിരിച്ച് പോയ്ക്കോളു. ഇല്ലെങ്കില് എൻക്കൊപ്പം കൂടിക്കൊ. 

ബേംജാക നിരാശ മോത്ത് കലർത്തി. സദാവിഷാദഭാവായതോണ്ട് ഹനുമാന് അതത്ര കാര്യായിറ്റ് തോന്നീറ്റ. വാനരവീരന്റെ പൗരുഷം അനുഭവിച്ചവളും, വിഭീഷണപുത്രീരെ വ്യക്തിത്വത്തില് ആകൃഷ്ടനുമായ ഹനുമാനും അദ്ഭുതം പൂണ്ടു. വിഭീഷണനോട് ദേഷ്യം തോന്നിയെങ്കിലും രാമവിജയത്തിന് ആവശ്യമെന്ന മട്ടിൽ ഒന്നും പുറത്ത് കാണിക്കേണ്ടെന്ന തീരുമാനത്തിലെത്തി. പിന്ന മഹേന്ദ്രപർവ്വതത്തിലേക്ക് നടന്നു. 

വഴീല് പാലത്തിന്റെ അപാകാതകൾ പരിശോധിച്ചോണ്ടാര്ന്നു പിന്നത്തെ നടത്തം. ഒരു നീണ്ട മല മാതിരി സേതൂന തോന്നി. നാള ലങ്കേ ലേക്ക് പോവേണ്ടതുണ്ട്. എല്ലാരും ഒറങ്ങീറ്റ്ണ്ടാവും. മലമണ്ണ് കൊണ്ടും കരിമല കൊണ്ടും ഉരുളൻ കല്ലുകൊണ്ടും മൂടിയ കടല്. ഇരുവശങ്ങളിലും കവുങ്ങിൻ തടിയൂന്നി. ആകാശത്ത് ചന്ദ്രപ്രകാശം. പിന്നെ കൊറേ നക്ഷത്രങ്ങളും. അപ്പോളാണ് പണ്ട് ലങ്ക മുറിച്ച് കടക്കുമ്പൊ കിടന്ന് ഹനുമാന സഹായിച്ച മകിരി എന്ന മത്സ്യ കന്യക ബന്നത്. 

ഓള് ചോയിച്ചു. 

“പാലം പണിയെല്ലാം കയ്ഞ്ഞില്ലെ.?” ഹനുമാൻ പറഞ്ഞു. 

“എന്ന് നിന്റെ ആവശ്യുണ്ടാവൂന്ന് തോന്ന്ന്നില്ല."

“അപ്പൊ അന്ന് സഹായിച്ചതിന് ഒന്നും തിരിച്ചില്ലെ.?” 

ഹനുമാൻ അപ്പോന്നെ കടലിലേക്ക് ചാടി. രണ്ട് പെണ്ണ്ങ്ങളെ പ്രാപിച്ച് ക്ഷീണം കൊറച്ചുണ്ടായിരുന്നു. എന്നങ്കിലും പെണ്ണിന് ബേണ്ടത് ആണിനെത്തന്നെയാണ്. ഓളും ഓനും കെട്ടി പിടിച്ചു. ഓളും ഓനും പറ്റിപ്പിടിച്ചു. 

മകിരി ജാള്യതയോടെ പറഞ്ഞു. 

“ഇത്രേം ബില്ല്യ പ്രത്യുപകാരം ഞാൻ പ്രതീക്ഷിച്ചിറ്റ." ഹനുമാൻ നിർവൃതിയിലാണ് പറഞ്ഞു. 

“നിനക്ക് സൗന്ദര്യം മാത്രം ഇല്ലൂ."

“പിന്നെന്തന്ന് ബേണ്ടത്.?” 

മകിരി ചോദിച്ചു. 

എന്നു പറഞ്ഞാല് വഴക്കാക്യാല് മുങ്ങൂന്നും, കൊറേ സമയം പോകുന്നും ഒറപ്പായപ്പൊ “ഒന്നൂല്ലാന്ന് പറഞ്ഞ ശേഷം തിരക്ക്ണ്ടെന്ന് പറഞ്ഞിറ്റ് പോവാനൊരുങ്ങി. പാതാളയാത്രക്ക് നിർബന്ധിച്ചെങ്കിലും മറ്റൊരു യാത്രയിലാവട്ടെന്ന് പറഞ്ഞിറ്റ് ഹനുമാൻ കരേലേക്ക് ഒര് ചാട്ടം വച്ചുകൊടുത്തു. 

അഗസ്ത്യപർവ്വതത്തിന് കൊറേതരം പച്ചമര്ന്നുകളും ചെടികളും എട്ത്തിറ്റ് അഗസ്ത്യൻ മഹേന്ദ്രപർവ്വതത്തിലെത്തി രാമനെ കണ്ടു. കൂട്ടകളിലും വട്ടികളിലുമായി കാളവണ്ടീല് എത്തിച്ച് പച്ചമരുന്നുകള് പാകപ്പെടുത്താനായി സുഷേണനേയും പത്തൻപത് നാട്ടു വൈദ്യമ്മാറേം കൊണ്ടെന്നിറ്റ്ണ്ടായിന്. അവരെ സഹായിക്കാൻ കൊറച്ച് വാനരമ്മാറ പറഞ്ഞയക്കണോന്ന് രാമനോട് നിർദ്ദേശിച്ചിറ്റ്, പച്ചമരുന്നുകള് എന്തെന്നിനെല്ലം ഉപയോഗിക്കാന്ന് മേൽനോട്ടക്കാരനായ സുഗ്രീവനെ ധരിപ്പിച്ചു. ഉറക്കക്കുറവ്, ചതവ്, മുറിവ്, എല്ല് പൊട്ടൽ, ബോധക്ഷയം, ബലക്കുറവ്, ക്ഷീണം, മന്ദത തുടങ്ങിയവയ്ക്കുള്ളത് ഒര് ഭാഗത്തും, ഉഴിച്ചിൽ, പിഴിച്ചിൽ, ധാര തുടങ്ങിയവയ്ക്കു ള്ളത് മറുഭാഗത്തും കാട്ടിക്കൊട്ത്തു. വിഷബാധ, പാമ്പിന്റെ ദംശനം തുടങ്ങിയവയ്ക്കില്ല മരുന്നടക്കം ആയിരത്തിലേറെ മര്ന്ന് കൂട്ടുകള് കൊണ്ടെന്നു. മന്ത്രവാദപ്രയോഗത്തിന്ന് രക്ഷിക്കാൻ രണ്ട് മൂന്ന് മന്ത്രവാദ തന്ത്രികരേം ഏർപ്പെടുത്തി. രാമന്റെ കൈമ്മ ഇല്ലെ മാനവാസ്ത്രം, ചന്ദ്രകാരബാണം, പ്രാണഘാതകാസ്ത്രം, ബ്രഹ്മാസ്ത്രം എന്നീ അസ്ത്രങ്ങളെക്കുറിച്ച് പിന്നേം ഓർമ്മിപ്പിച്ചു. ആഗ്നേയാസ്ത്രത്തിന്റെ ഗുണത്തിന പറ്റീറ്റും വിവരിച്ചുകൊടുത്തു. രാമൻ എല്ലാം മൂളിക്കേട്ടു. പിന്ന ദൃഢനിശ്ചയം മാതിരി അഗസ്ത്യന നോക്കീറ്റ് മന്ദഹസിച്ചു. അഗസ്ത്യമുനീരെ ജരാനരകൾ കണ്ടിറ്റ് രാമൻ ചോയിച്ചു. 

“നിങ്ങളെ ശരീരം നല്ലോണം ക്ഷീണിച്ചിറ്റ്ണ്ട്. ഈ യുദ്ധം കയ്യ്ന്നത് വരെ നിക്കാൻ പറ്റോന്ന് സംശ്യാണ്." 

അതൊന്നും കാര്യാക്കാണ്ട് മോത്ത് തേജസ് വര്ത്തീറ്റ് ഒര് കാര്യം കൂടി രാമനെ ഓർമ്മപ്പെടുത്തി. 

“മരിച്ചാല് പോലും ജീവിപ്പിക്കാൻ പറ്റുന്ന ഒരൗഷധൂണ്ട്. മൃതസഞ്ജീവനി. അത് അഗസ്ത്യകൂടത്തിലില്ല. ഋഷഭകപർവ്വതത്തില് മാത്രൂള്ള. അത് കൊണ്ടരാൻ കൊറച്ച് പണിയാണ്. നിനക്ക് ബേണ്ടീറ്റ് ഞാനതും പ്രയോഗിക്കും. 

സുഷേണൻ അട്ത്ത്ന്നന്നെ എല്ലാം കേട്ടോണ്ട് നിക്കുന്ന്ണ്ടായിന്. സൂര്യൻ ഉണര്ന്നേയ്ന് മുമ്പ്, പ്രഭാതകിരണങ്ങളേറ്റാല് എഴുന്നേൽക്കുന്ന രീതില് വേണം ഈ വിശിഷ്ടമായ മരുന്നുകൾ പ്രയോഗിക്കാൻ. വിശല്യകരണി, സവർണകരണി, സഞ്ജീവനി, സന്ധാകരണി ഈ കൂട്ടുകള് പ്രത്യേക രീതീല് ചേർത്തരച്ചിറ്റ് വേണം മൃതസഞ്ജീവനി ഇണ്ടാക്കാൻ. സുഷേണൻ അത്തരത്തിലൊരവസ്ഥ യുദ്ധത്തിനെടേല് സംഭവിക്കാതിരിക്കട്ട്പ്പാണ് പ്രാർത്ഥിച്ചു. കുടിക്കാൻ വെള്ളം യുദ്ധഭൂമീല് എപ്പളും ഇണ്ടാവണോന്നും അതിന് ബേണ്ടീറ്റ് കൊറേ വീപ്പകള് ഇണ്ടാക്കണോന്നും അഗസ്ത്യൻ പറ ഞ്ഞു. ആറ് കുതിരവണ്ടീം, എട്ട് കാളവണ്ടീം രാമന് കൊട്ത്തിറ്റ് അഗസ്ത്യൻ അനുഗ്രഹിച്ചു. ആ കാളകളേം കുതിരകളേയും ഔഷധങ്ങള് ചുമക്കാൻ ബേണ്ടീറ്റ് ഉപയോഗിച്ചുടാന്നും പറഞ്ഞു. കുതിരകൾക്ക് മുതിര പുഴുങ്ങീറ്റ് നൽകാനും കാളകൾക്ക് പഴത്തൊലീം തെളിനീരും പച്ചപ്പുല്ലും കൊട്ക്കണോന്നും പറഞ്ഞു. 

രാമന് കുതിരകളെ കണ്ടപ്പൊ കൊറച്ച് ആശ്വാസായി. രാമലക്ഷ്മണമ്മാറ് ഓരോ കുതിരേലും കേറീറ്റ് കറങ്ങിബന്നു. അഗസ്ത്യൻ എല്ലാരോടും യാത്ര പറഞ്ഞിറ്റ് അഗസ്ത്യകൂടത്തിലേക്ക് തിരിച്ചു പോയി. സുഷേണൻ അഗസ്ത്യന്റെ കാൽ തൊട്ട് വന്ദിച്ചശേഷം രാമ സൈന്യത്തില് നിലകൊണ്ടു. 

രാമന് അന്ന് ഒറക്കം ബന്നിറ്റ. അയോദ്ധ്യേല് ഭരതനോട് പറഞ്ഞാല് വാനരമ്മാറക്കാളും കഴിവും യുദ്ധതന്ത്രോം അറിയാവുന്ന നല്ല യോദ്ധാക്കളെ കിട്ടും. പിന്നെന്തിന് ഇത്രേം കഷ്ടപ്പാട്. എന്നങ്കിലും അമ്മക്ക് കൊട്ത്ത വാക്ക് തലേരെ മോളില് വാള് പോലെ തൂങ്ങി. അതോണ്ട് ഒര് ദീർഘനിശ്വാസം വിട്ടിറ്റ്, നിലാവില് ഒറ് വാനരപ്പടേം,കരടിപ്പടേം നോക്കിക്കൊണ്ട് മഹേന്ദ്രപർവ്വതത്തില് ഇര്ന്നു. നല്ല തണുത്ത കാറ്റ് അപ്പോളും അടിച്ചോണ്ടിരുന്നു. 

രാവണസന്നിധിയിലെത്തിയ സുവർണഛായയും ബേംജാകയും ഹനുമാന കല്ല്യാണം കയ്ച്ച് തരണോന്ന് രാവണന അറിയിച്ചു. രാവണൻ ക്രൂരമായിറ്റ് മന്ദഹസിച്ചു. 

“ആ കൊരങ്ങന അല്ലാതെ വേറാരേം കിട്ടീറ്റെ നിങ്ങക്ക്.?” ഒര് വാനരന വശത്താക്കാൻ തന്റെ മക്കക്ക് കഞ്ഞിറ്റല്ലോപ്പാ.!എന്നറിഞ്ഞപ്പൊ രാവണന് പുച്ഛം തോന്നി. യുദ്ധപാത ഇല്ലതോണ്ട് യുദ്ധം എന്തായാലും നടക്കും. അതോണ്ട് എല്ലാ സൈന്യാധിപമ്മാറോടും നാട്ടുരാജാക്കമ്മാറേം കൂട്ടീറ്റ് ഒര് യോഗം വിളിക്കണോന്ന് രാവണൻ തീരുമാനിച്ചു. തൽക്കാലം കുംഭകർണനെ ഒഴിവാക്കാം, കുംഭകർണന്റെ മക്കളെ വിളിക്കാം. എന്നല്ലം തീരുമാനിച്ചു. 

തേര് യുദ്ധം നടത്തുന്ന പത്ത് വീരമ്മാറ് വന്നിറ്റ്ണ്ടായിന്. മന്ത്രി ശുപാർശ്വൻ അദ്ധ്യക്ഷനായി. ഖരപുത്രനായ മകരാക്ഷൻ, കുംഭകർണ പുതമ്മാറായ കുംഭൻ, നികുംഭൻ, രാവണപുത്രമ്മാറായ അക്ഷയകുമാരൻ, ഇന്ദ്രജിത്ത് എല്ലാരും ഇണ്ടായിരുന്നു. പ്രഹസ്തൻ, അകമ്പനൻ, ധ്രൂമാക്ഷൻ, വജ്രദംഷ്ടൻ, ജംബുമാലി, പ്രഘസേനൻ, വിരൂപാക്ഷൻ, വിദ്യുബാലി, ത്രിശിരസ്സ്, ദേവാന്തകൻ, നരാന്തകൻ, അതികായൻ എന്നിവരെല്ലാം സഭേല് ഇണ്ടായിരുന്നു. 

രാവണൻ പറഞ്ഞു. 

“നമ്മക്ക് ഏത് സമയും യുദ്ധം ചെയ്താലെ ഒക്കൂ. അയോദ്ധ്യേന്ന് എപ്പൊ രാമനീട്ത്തേക്ക് ബര്ന്ന്ന്ന പറയാനൊക്കൂല. നമ്മളെ അനിയൻ വിഭീഷണൻ രാമപക്ഷത്താണ്. അതോണ്ട് ഈട മുക്കും മൂലേം അപ്യക്ക് കാണാപാഠായിരിക്കും. എന്നങ്കിലും നമ്മള് ലങ്കാധിപമ്മാറെ ശക്തീം അഭിമാനോം സംരക്ഷിക്കേണ്ടത് നമ്മളെ ഉത്തരവാദിത്താണ്. ലങ്കേരെ എല്ലാ ഭാഗത്തും സിംഹത്തിന്റെ ചിഹ്നൂള്ള കൊടിയടയാളം പറക്കട്ടെ. എങ്ങും പന്തവും പ്രഭയും ചൊരിയട്ടെ. ഭടമ്മാറെല്ലാം ആയുധപ്പുരേല് കേറീറ്റ് പഴയ ആയുധൂണ്ടെങ്കില് കൊല്ലന്റട്ത്ത് കൊണ്ട് കൊട്ക്കണം. എല്ലാരും ഇപ്പൊത്തന്നെ തയ്യാറായിറ്റ് നിക്കണം.” 

ആട നടന്ന ചർച്ചേല് പലരും, സേതു പൊളിച്ച് കളഞ്ഞിറ്റ് അപ്യേരെ വരവ് ഇല്ലാണ്ടാക്യാലൊ, അയിന് ബേണ്ടീറ്റ് യുദ്ധവിമാനങ്ങള് ഉപപയോഗിച്ചാലൊ എന്ന് ആലോചിച്ചു. രാവണന് ആ അഭിപ്രായത്തോട് യോജിക്കാനൊന്നും പറ്റീല്ല. 

രാവണൻ പറഞ്ഞു. 

“വിശ്വകർമ്മാവാണ് സേതു പണിതത്. അതോണ്ടെന്നെ അയിന് അതിന്റേതായ നെലവാരുണ്ടാവും. അത് പെട്ടെന്ന് അത് പൊളിക്കാൻ പറ്റീല. അതോണ്ട് നമ്മുക്ക് ചെയ്യാൻ പറ്റ്ന്ന കാര്യം സേതൂന സംരക്ഷിക്കലാണ്. കാരണം രാമൻ എന്തായാലും യുദ്ധത്തില് ജയിക്കാൻ പോകുന്നില്ല. അതോണ്ടെന്നെ ആ പാത ഭാവീല് നമ്മക്ക് കച്ചോടം ചെയ്യാൻ സഹായിക്കും. ദണ്ഡകാരണ്യത്തിലേക്ക് ചരക്ക് കേറ്റാനും എറക്കാനും സാധാരണക്കാർക്ക് പോലും ആട്ത്തേക്ക് എത്തിപ്പെടാനും സഹായിക്കും. അതോണ്ട് അത് പൊളിച്ച് കളേണ്ടപ്പ. കളഞ്ഞാല് നമ്മൊ ബില്ല്യ വിഡ്ഢികളെ മാതിര്യാവും. 

രാവണൻ പറഞ്ഞത് ശരിയാണെന്ന് എല്ലാവർക്കും തോന്നി. അവര് നിശബ്ദരായി. അഥവാ, തോറ്റാലൊ.? തോറ്റാല് എന്നത് 

യുദ്ധം ചെയ്യുന്നവരെ നിഘണ്ടൂല് ഇല്ല വാക്കല്ല. ജയിക്കൂന്ന് പറയലില്ല. രാവണന്റെ ബുദ്ധീം ഭരണനൈപുണ്യം വിശിഷ്ഠമാണെന്ന് എല്ലാരും പറഞ്ഞു. വിഭീഷണപ്പറ്റീറ്റ് ആരും ഒന്നും ചോയിചിറ്റ. സ്വയം തിന്നാതേം മറ്റാരേം തീറ്റിപ്പിക്കാതേം ലങ്കേല് പാർപ്പിച്ചിറ്റില്ലെ സീതേനപ്പറ്റീറ്റ് രാവണനോട് ചോദിച്ചു. രാവണന് ശരിക്കും ഉത്തരം കിട്ടീറ്റ. “നിന്റെ മോള് ലങ്കേരെ നാശത്തിന് കാരണാവുന്നുള്ള ഒരശരീരിനെപ്പറ്റീറ്റ് രാവണൻ പറഞ്ഞു. എല്ലാരും ഉള്ളില് ചിരിച്ചു. ആ തങ്കംപോൽത്തെ പെണ്ണാ രാവണന്റെ മോള്.? ആരും വിശ്വസിച്ചിറ്റ. എന്നങ്കിലും എല്ലാരും തലയാട്ടിക്കൊണ്ടിരിന്നു. 

രാവണൻ സീതേരെ അട്ത്തേക്ക് പിന്നേം എത്തി. സീതേന കൊന്ന് കളയാനായിരുന്നു രാവണൻ വിചാരിച്ചത്. ഇപ്രാവശ്യത്തെ രാവണന്റെ വരവ് കണ്ടിറ്റ് സീത ഞെട്ടിത്തരിച്ചു. എന്നങ്കിലും ആത്മബലം വീണ്ടെട്ത്തിറ്റ് ശ്വാസം അകത്തേക്ക് വലിച്ച്, കൈകൾ അപായചിഹ്നത്തില് കോർത്ത് നിന്നു. രാവണന്റെ വാള് സീത കണ്ടിന്. മൈരാവണനായതോണ്ട് എന്ത് ചെയ്യാനും മടിക്കിലാണ് സീതക്കറിയ. സീത പിറകോട്ട് രണ്ട് മലക്കം മറിഞ്ഞിറ്റ് കൂർത്ത കരിങ്കല്ല് പെറുക്കി എറിഞ്ഞു. രാവണന്റെ വാള്ന്ന് തീപ്പൊരി പാറി. കൊറേ പാഞ്ഞിറ്റും ചാടീറ്റും അപ്പുറൂംഇപ്പറൂം ഒന്നും പറ്റാതെന്നെ പോരാടി. 

സീത ഒറക്കെ പറഞ്ഞു. 

“ആയുധല്ലാത്ത പോരാളിയോട് യുദ്ധം ചെയ്യുന്നത് യോദ്ധാവിന് ചേർന്നതല്ല. "

രാവണൻ ഒര് വാളെടുത്ത് സീതക്ക് കൊട്ത്തു. മറിഞ്ഞും തിരിഞ്ഞും വെട്ട് സീതേരെ ഉഷാറും പ്രതിരോധോം കണ്ടപ്പാട് രാവണന് അതിശയായി. പിന്നെ കോൽ പയറ്റും കുന്തപ്പോരും ഇണ്ടായി. അതിലും സീതേന ഒന്നും ചെയ്യാൻ പറ്റ്ന്നില്ലാന്ന് കണ്ടപ്പാട് ദ്വന്ദ്വയുദ്ധത്തിന് മുതിർന്നു. സീതേന ഒറ്റക്കയ്യില് ആകാശത്തേക്ക് ഉയർത്തി. രാവണൻ ഉച്ചത്തില് അലറി. സീത നെലവിളിച്ചു. സീതേന ശക്തീല് നെലത്തിട്ടിറ്റ് ഒളെ കവ്ത്തില് കൈ അമർത്തി. ഓള് ചുമച്ചു. കൈ തട്ടി മാറ്റി ഉയർന്നുപൊങ്ങി രാവണന്റെ തലക്ക് ഒരടി വച്ചു കൊടുതു. രാവണൻ കൊറച്ച് സമയം തല കറങ്ങീറ്റ് നിന്നു. ബോധം വീണപ്പൊ പഴയ ക്രൂരഭാവം മാറി. സീത അറിഞ്ഞു; ഇപ്പൊ ഐരാവണനായിറ്റ്ണ്ടാവും. രാവണൻ വളരെ താത്വികഭാവത്തിൽ പറഞ്ഞു. 

“പോരിന് എന്തുകൊണ്ടും ഉത്തമയാണ് നീ. എന്നാൽ നീ ലങ്കയുടെ അതിഥിയാണ്. ശത്രുവായി കാണാൻ പറ്റ്ന്നില്ല. രാവണപുതിയാണ് നീ എന്നറിഞ്ഞതില് എനക്ക് അഭിമാനോണ്ട്. എന്തായാലും നീ ലങ്കാപുത്രിയായതോണ്ട് നിനക്ക് മരണം സംഭവിക്കില്ലാന്ന് ഞാൻ ഉറപ്പുതരുന്നു. "

സീതേരെ മൂക്കുന്നും ചെവീന്നും ചോര ഒവ്ന്നുണ്ടായിന്. രണ്ട് തൊടേലും മുറിവ് പറ്റീറ്റ്ണ്ട്. തലമുടീല് പൊടിമണ്ണ് പറ്റീറ്റ്ണ്ട്. കണ്ണ് നെറഞ്ഞിറ്റ്ണ്ട്. എന്നങ്കിലും പുച്ഛത്തോടെ പറഞ്ഞു. 

“ഞാൻ ലങ്കാപുത്രിയുമല്ല, രാവണന്റെ മോളും അല്ല. മിഥിലാപുരീലാണ് ഞാൻ ജനിച്ചത്. ജനകനാണ് എന്റെ അച്ഛൻ. നിങ്ങൾ ഭൂലോക കള്ളനാണ്. സമ്പത്ത്, പെണ്ണ് എന്നതിലെല്ലാമാണ് നിങ്ങളെ കണ്ണ്. വാ.. പോരിന് വാ. രാമൻ കൊല്ലന്ന്യേയ്നക്കാളും മുമ്പ് ഞാനെന്നെ നിന്നെ തീർക്കും. "

ഐരാവണൻ വളരെ സംയമനത്തോടെ പറഞ്ഞു. 

“ആ അശരീരി ശരിയായിരുന്നു. ആ അശരീരി ശരിയായ്. എന്റെ മോള് എന്റെ മരണത്തിന് കാരണമാവുന്നുള്ളത്."

സീത പറഞ്ഞു. 

“നിനക്ക് ഒന്നുമറീല, നീ ഇത്രേം കാലം ചെയ്ത് കൂട്ടിയ പാപ ഫലമാണ് നീ അനുഭവിക്കുന്നത്. അല്ലാതെ അശരീരിയൊന്ന്വല്ല. അതോണ്ട് എന്ന് നീ ചാവേണ്ടത് എന്റെ ആവശ്യാണ്. 

മൈരാവണൻ പെട്ടന്ന് പൊർത്ത് വരികയും സീതേന കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. സീത രാവണന്റെ കാലിന്റെ അടീല് കെടന്ന് ഞെരിഞ്ഞു. പക്ഷേ, സീതേരെ പ്രാണവേദനേരെ ശബ്ദം രാവണനിൽ എന്തോ തിടുക്കം കൊറച്ചു. അല്ലെങ്കില് മണ്ഡോദരി പുറകിലുണ്ടായിരുന്നു. അതുകണ്ടപ്പൊ ഐരാവണൻ സീതേന വിട്ട്കളഞ്ഞു. മൈരാവണൻ കാല് കൊണ്ട് അടിവയറ്റിൽ ചവിട്ടാൻ നോക്കിയെങ്കിലും ഐരാവണൻ അത് തടഞ്ഞു. രാവണൻ കാല് വലിച്ച് അന്തപുരത്തിലേക്ക് പോയി. 

മണ്ഡോദരി സീതേരെ അട്ത്ത് വന്നു. സീതേരെ ശരീരം നീറ്ന്നുണ്ടായിന്. മണ്ഡോദരി സമാധാനിപ്പിച്ചു. 

“നീ പേടിക്കണ്ട മോളേ... അയാള് ചാവാനായി. അയിന്റെ കളിയാന്ന് കളിക്ക്ന്നത്. എന്നോട് ക്ഷമിക്ക്. ഏത് അമ്മക്കും സൊന്തം മോളെ തല്ല്ന്നത് നോക്കിനിക്കാൻ കയ്യീല. രാവണപുത്രിയായ നിന്നെ കൊന്നാല് എല്ലാ കാലത്തും അജയ്യനാവുന്ന് രാവണനൊരു 

തോന്നിച്ച, കാണാൻ ക്രൂരനും ബലവാനുമാണെന്ന് തോന്നിയേക്കാമെങ്കിലും അയിനൊന്നും മനശക്തീന്നും അയാക്കില്ല."

കൊറച്ച് പച്ചമര്ന്ന് മുറിവില് പൊരട്ടിക്കൊട്ത്തിറ്റ് മണ്ഡോദരി ആട്ന്ന് പോയി. സീത നീറുന്ന മുറിവുമായിറ്റ് തനി നെലത്ത് കെടന്നു. മീഥിലേന്ന് ആയുധം പരിശീലിക്കുമ്പോ ഒരിക്ക ഇങ്ങനെ കെടന്നിറ്റ്ണ്ട്. സീതക്ക് ഓർമ്മ വന്നു.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ