അദ്ധ്യായം -5 - പഞ്ചവടി മുതൽ ലക്ഷ്മണരേഖ വരെ
പഞ്ചവടിക്കപ്പുറം ഘോരവനോലെ ദണ്ഡകാരണ്യം. ആടേല്ലെ ഖരനില്ലത്, ശൂർപ്പണഖയില്ലത്. തടിച്ചുരുണ്ട മൂക്ക്, ബില്ല്യ കണ്ണ് (വട്ടത്തില്), ചുരുണ്ട മുടി പൊന്തക്കാട് മാതിരില്ലത്, എണ്ണമയമുള്ള കറുത്ത ദേഹം ഒരുതരം ബൊഗ്ലിച്ചി, എന്നങ്കിലും നല്ല ആകൃതീണ്ട്.
അരക്കെട്ട് തുള്ളിക്കളിക്ക്ന്ന്. കാല് നൃത്തം ചവിട്ടല്ണ്ട്. ശബ്ദം കൂകിപ്പറക്കല്ണ്ട്. കാട്ടില പറിച്ചിറ്റ് കുപ്പായോം പാവാടേം ധരിക്കും. കാട്ട് തേൻ കുടിച്ചിറ്റ് പാട്ട് പാടും, എന്നിറ്റ് കാട്ടിലേ കൂടീറ്റ് ബെർതെ നടക്കും. ഗുഹന്റെ ആൾക്കാര് ചെൽപ്പോല്ലം ആ കുട്ങ്ങല്ണ്ട്. മാനോ മുയലോ മറ്റോ മുമ്പില്ണ്ടാവും. അവരേല്ലം കയ്യോടെ പിടിച്ചിറ്റ് ശൂർപ്പണഖ കൊല്ലും. എന്നിറ്റ് തിന്നും. ശൂർപ്പണഖേരെ കൂറ്റ് കിളിനെ പോലെയായിരുന്നു. അതോണ്ട് വേടമ്മാറെല്ലാം ഓളെ ശബ്ദത്തിന്റൊന്നിച്ചന്നെ നടക്കും. കാട്ട് വെറക് കൂട്ടീറ്റ് തീ കത്തിക്കും. അയിലേക്ക് കൊടലും തലേം അരിഞ്ഞ ശവത്തിന പറക്കീടും. പതം വന്ന എറച്ചീലേക്ക് കാട്ടുമൊളകരച്ചതും ഉപ്പും കാട്ടുവള്ളിയും ചതച്ച് വിതറിവിടും. പിന്നെ പാകമായ എറച്ചി വെളമ്പും. എന്നിറ്റ് ഉച്ചത്തില് ശബ്ദൂണ്ടാക്കും. ആ ശബ്ദം പോലും നല്ലൊരു സംഗീതം മാതിരി തോന്നും. രാക്ഷസമ്മാറെല്ലം ബരും; കൂട്ടത്തില് ഖരനുണ്ടാവും. അവര് വല്ല കാട്ട് മൃഗങ്ങളെ ചുട്ടുതിന്നുന്നട്ത്ത് നിന്ന് വര്ന്നതാവും. എപ്പളെങ്കിലും കിട്ടുന്നതല്ലൊ മനുഷ്യന്റെ എറച്ചി അതോണ്ട് അവര് ഏക്കറ പൊർത്തെട്ക്കും. രാക്ഷസമ്മാറ് പരസ്പരം എറച്ചിക്കഷണത്തിന് പോരടിക്കുന്നത് ശൂർപ്പണഖ കണ്ട് നിക്കും. ഖരൻ 'നല്ല പാങ്ങ്ണ്ട്.' എന്ന് പറഞ്ഞിറ്റ് നല്ലോണം തിന്നും. ശൂർപ്പണഖ തമ്മില് തല്ലുമ്പം കയ്യടിച്ചിറ്റ് ഉഷാറാക്കും. രാക്ഷസയോദ്ധാക്കള് കാണാൻ പറ്റ്ന്ന ഓളെ ശരീരഭാഗങ്ങളിലേക്ക് കൊതിയോടെ നോക്കും. ഓളെ എട്പ്പും തുടിപ്പും കണ്ടാല് കൊതിക്കാത്ത ഒരാളും ഇണ്ടാവീല. കാൽച്ചിലമ്പിന്റെ നാദം കേട്ടാല് മതിമറക്കാത്ത ഒര് താളബോധക്കാരനുണ്ടാവീല. അരക്കെട്ടിന്റെ ഇളക്കം കണ്ടാല് കണ്ണെടുക്കാത്ത ഒരു സൗന്ദര്യാസ്വാദകനുണ്ടാവീല. ലങ്കാദേശത്തിന്റെ മങ്ക ലാവണ്യത്തിന്റെ പ്രതിരൂപമായിരുന്നു ഓള്. രാവണന്റെ പെങ്ങളെങ്കിലും ഓക്ക് രാവണന അത്ര ഇഷ്ടോന്നില്ല. ദേവമ്മാറ ഓക്ക് നല്ലോണം ഇഷ്ടായിരുന്നു. രാവണന് ദേവമ്മാറ കണ്ടുകൂടായിരുന്നു. ശൂർപ്പണഖ അതോണ്ടെന്നെ ലങ്കേന്ന് ചൊടിച്ചിറ്റ് കടല് കടന്നിറ്റ് കോളനി രാജ്യായ ദണ്ഡകാരണ്യത്തില് വന്നു. രാവണൻ സ്നേഹൂല്ലതോണ്ട് ഓളോടൊന്നും പറഞ്ഞിറ്റ.
"പോട്ട്പ്പ, ഖരന്റട്ത്തേക്കല്ലെ... എന്റെ കുഞ്ഞിപ്പെങ്ങോല്ലെ..."
ശൂർപ്പണക്ക് ഏട ബേണോങ്കിലും പോവ്വാ ആരും ചോയ്ക്കീല. അങ്ങനെ പോവുമ്പോണ്ട് പഞ്ചവടീല് പൊന്തിയ പുതിയ കൂര കാണ്ന്ന്.
"ആര്പ്പാത്, ഇങ്ങനെ നമ്മളോട് ചോയിക്കാതെ നമ്മളെ കാട്ട്ല് കൂര കെട്ട്യേത്.?"
ആട ഒരു മനുഷ്യൻ; നല്ല പാങ്ങില്ലെ ഒരു മനുഷ്യൻ. അവളുടെ നോട്ടത്തില് നല്ല രസൂള്ള മനുഷ്യൻ. പരന്ന നെറ്റി, വിരിഞ്ഞ മാറ്, തെളിഞ്ഞ കണ്ണ്. കുറ്റി മുടി. എന്ത് രസൂപ്പാ കാണാൻ.! കാമോല്ലാപ്പാ തോന്ന്ന്ന്. കൊല്ലാൻ തോന്ന്ന്നില്ലല്ലോപ്പാ... ശൂർപ്പണഖ കൊറേസമയം ആലോചിച്ചു. ഒരു ദേവന മംഗലം കയ്ക്കണംന്ന് ഓക്ക് ആഗ്രഹുണ്ടായിന്, ഇവന കണ്ടാലറിയാ... ദേവനന്നെ. .... മൂന്നാള്ണ്ട്റോ. ലക്ഷ്മണനേം സീതേനേം ഓള് കണ്ടു. ഓക്ക് സന്തോഷായി. രണ്ടാള തിന്നാം. ഒരാളെ മംഗലം കയ്ക്കാം. അന്നോള് കൂടാരത്തിന്റെട്ത്തെന്നെ കൂടീറ്റ് നടന്നിറ്റ് പോയി. രാമൻന്ന് പേരും മനസ്സിലാക്കി.
ഗോദാവരി നദിക്കരേല് രാമൻ കുളിക്ക്ണ്ടായിന്. ശൂർപ്പഖ നദീലെ കൂടീറ്റ് നീന്തീറ്റ് ബന്നു. കാട്ടിലകൾ ഇളകാൻ തൊടങ്ങ്യേത് കൊണ്ട് മൊലകൾ പൊർത്തേക്ക് ചാടീറ്റ്ണ്ടായിന് തുടകളിലെ പച്ചിലകള് നദീലെ കൂടീറ്റ് ഒഴുകുന്ന്ണ്ടായ്ന്. ഒരു കാമശിലമാതിരി വെള്ളത്തില് നിന്ന ശൂർപ്പണഖേന രാമൻ കണ്ടു. രാമൻ ഭയങ്കര ആകാംക്ഷേല് രൂപത്തിനെ നോക്കി. മുമ്പ് അഹല്യക്ക് മോക്ഷം കൊട്ത്തപ്പാട് തോന്ന്യ അതേ മാതിരി ഒരു പൂതി രാമന്ണ്ടായിന്. ശൂർപ്പണഖേരെ ശൃംഗാരച്ചിരീം നോക്കീറ്റ് രാമനങ്ങനെ നിന്നു. 'എനക്ക് ഒര് ഓള്ണ്ടല്ലോപ്പ, സീതാന്ന് പറഞ്ഞിറ്റ്. ഓള എനക്ക് മറക്കാൻ കയ്യീലല്ലോപ്പാ... രാമൻ മുഖം താഴ്ത്തി. അച്ഛൻ എന്ന കാട്ട്ല് പറഞ്ഞയച്ചപ്പാട് ഒന്നും നോക്കാതെ കൂടെ ബന്നോളല്ലെ ഓള്, എന്നെ കൊല്ലാൻ ബെര്ന്ന രാക്ഷസമ്മാറ കണ്ടപ്പൊ കുന്തത്തോണ്ട് രക്ഷിച്ചോളല്ലേ സീത, കാട്ടിലെ വഴിയെല്ലാം താണ്ടുമ്പൊ എന്നോട് പറയും നോക്കീറ്റ് നടക്കണം, കൂർത്ത കല്ല്ണ്ട്, കൂർത്ത മുള്ള്ണ്ട്, എന്നെല്ലം. എന്നങ്കിലും ശൂർപ്പണഖരെ ശബ്ദം രാമനം വശീകരിച്ചിന്. ശൂർപ്പണഖ, ഓള് ചോയ്ച്ചു.
" രാമ, എന്നെ മംഗലം കയ്ക്ക്വോ..."
രാമൻ ആത്മസംയമനത്തോടെ മൗനം പൂണ്ട്, ഓള് അട്ത്തേക്ക് ബര്ന്നതറിഞ്ഞപ്പൊ പിറകിലോട്ട് പോയി. പിറകീന്ന് ആരോ കല്ലെട്ത്തെറീന്ന മാതിരി സീത ശൂർപ്പണഖരെ മേലേക്ക് ചാടിവീണു. ശൂർപ്പണഖക്ക് കൊറേ അടി കൊണ്ടൂന്ന് ഒർപ്പാക്യേന് ശേഷം രാമൻ രണ്ടാളേം പിടിച്ച് മാറ്റി. സീതേരെ അടികൊണ്ട് ശൂർപ്പഖേരെ ശരീരത്തില് ചൊവന്ന് തടിച്ച പാട് പൊന്തിവന്നിന്. രണ്ടാളും ശാന്തരായി. പാറക്കല്ലില് നിന്നു. രാമൻ പറഞ്ഞതോണ്ട് മാത്രം സീത അടങ്ങി. ഇപ്പൾത്തെ കാലത്താര്ന്നെങ്കില് തൊണ്ണൂറ് കിലോ ഭാരൂള്ളോളും അമ്പത്ത് കിലോ ഭാരൂള്ളോളും തമ്മില് ഗുസ്തി നടക്കുന്നത് നിയമത്തിന് വിരുദ്ധാവ്വായിരുന്നു.
ശൂർപ്പണഖ നല്ല ഇലവസ്ത്രങ്ങള് ധരിച്ച് വാദത്തിനായി വീണ്ടും വന്നു. കരിങ്കല്ലിന് നടുവിലായി രാമനും ലക്ഷ്മണനും ഇരന്നു. സീതേം ശൂർപ്പണഖം അഭിമുഖായി ഇരുന്നു.
രാമൻ ചോദിച്ചു.
" നീ ആര്ണെ.? നീ എന്തിന് ഈട്ത്തേക്ക് ബന്നത്.? ഇപ്പൊ ഞങ്ങൊ എന്തന്ന് ആക്കണ്ടത്.?"
ശൂർപ്പണഖ വളരെ മയത്തില് പറഞ്ഞു.
"എന്റെ പേര് ശൂർപ്പണഖ. ലങ്കാധിപതിയായ രാവണന്റെ പെങ്ങളാണ്. എന്റൊന്നിച്ച് ഏട്ടൻ ഖരനും രാക്ഷസമ്മാറും ഈ വനത്തില്ണ്ട്. ലങ്കലേക്ക് വിശിഷ്ടവസ്തുക്കള് കയറ്റി അയക്കാനാണ് ദണ്ഡകാരണ്യം കോളനിമാതിരി ഏട്ടൻ അടക്കിവച്ചിരിക്കുന്നത്. നാഗമാണിക്യം, മുത്തുകൾ, രത്നങ്ങൾ എല്ലാം നമ്മളട്ത്തേക്ക് കയറ്റി അയക്കും. ഞാനും ഏട്ടനും ഒരിക്കലും കോളൊക്കീല, ജന്മനാ നമ്മൊ അസുരമ്മാറായതോണ്ട് എല്ലാട്ത്ത്ന്നും പുച്ഛവും അവഗണനയും മാത്രേ കിട്ടലില്ലു. അമൃത് കിട്ടാത്തോണ്ട് അമരമ്മാറാവാനും കയ്ഞ്ഞിറ്റ. മനുഷ്യമ്മാറെല്ലാം ദേവമ്മാറൊന്നിച്ച് കൂടി. എന്നിറ്റും ഏട്ടൻ മനുഷ്യമ്മാറ ഉപദ്രവിക്കുന്നത് ഞാൻ കണ്ടിറ്റ. ദേവമ്മാറോട് യുദ്ധം ചെയ്യല്ണ്ട്. തിന്മേന വിജയിപ്പിക്കലാണ് നമ്മളെ ലക്ഷ്യോന്ന് ദേവമ്മാറ് പ്രചരണം നടത്തി. ഇപ്പൊ നമ്മളെ കാണുമ്പോ മനുഷ്യര് പേടിച്ചോട്ന്ന്. ഏട്ടൻ ദേവമ്മാറ പ്രീതിപ്പെടുത്തി വരം വാങ്ങി ലങ്കേന ബില്ല്യ രാജ്യാക്കി മാറ്റി. മനുഷ്യമ്മാറ സംരക്ഷിക്കാനാണ് ഏട്ടൻ വരം വാങ്ങ്ന്നത്. ദേവമ്മാറ മാതിരി ഒരു സ്ഥാനം അപ്പൊ ഞങ്ങക്ക്ണ്ടാവ്വൊല്ലൊ.! എന്നങ്കിലോ ഏട്ടൻ അയിന് വേണ്ടീറ്റ് കൊറേ യുദ്ധം ചെയ്തു, കട്ടു, കടം പറഞ്ഞു. ഞാൻ കണ്ടെത്തിയ വഴി മറ്റൊ ന്നാണ്. ദൈവപുത്രനായ നിങ്ങളെ മംഗലം കയ്ചാല്, നമ്മളെ വംശത്തിലും ദൈവികാംശം ഇണ്ടാവിലെ.... എന്നെ നിങ്ങോ മംഗലം കയ്ക്കണം. എന്നങ്കില് അസുരമ്മാറും ദേവമ്മാറും ഒന്നായിറ്റ് ദേവാസുരപുത്രമ്മാറുണ്ടാവീലെ... "
രാമൻ ചിരിച്ചോണ്ട് സീതേരെ മോത്തേക്ക് നോക്കി. സീത ചെറ്തായിറ്റ് മന്ദഹസിച്ചു. രാമൻ പറഞ്ഞു.
"അതെല്ലം പോട്ട്... ഞാനൊരു ചോദ്യം ചോയ്ക്കും. അയിന് ശരിയുത്തരം പറഞ്ഞാല് നിനക്ക് രാമന്റെ ഭാര്യാവാം. ഒരു സ്ത്രീക്ക് വേണ്ട ഗുണങ്ങളെന്താണ്.?"
ശൂർപ്പണഖ സ്ത്രീ-പുരുഷനെന്ന് ആദ്യായിറ്റ് കേൾക്കുകയായിരുന്നു. ഇഷ്ടം തോന്നുമ്പോ സംബന്ധം നടത്തുക, അല്ലെങ്കില് വിട്ടു കളയുക, പ്രകൃതി തോന്നിക്കും രീതീല് ജീവിക്കുക ... ഇതല്ലേ ശൂർപ്പഖക്കറിയൂ. ശൂർപ്പണഖ വിയർത്തു.
"ഗുണത്തിനും പൊതുനിയമങ്ങളുണ്ടോ... അത് മറ്റുള്ളാരെല്ല പറയേണ്ടത്.?"
ദേഷ്യോം സങ്കടോം ബന്നിറ്റ് നെലത്ത് മാന്താൻ തൊടങ്ങി. കൈവെരലിന്റെ എടേന്ന് ചോര പൊടിയാൻ തൊടങ്ങി. രാമനോളോട് സഹതാപം ഇണ്ടായി. സീത നല്ല ശബ്ദത്തില് ശ്ലോകം ചൊല്ലി.
"കാര്യേഷു മന്ത്രി
കരണേഷു ദാസി
രൂപേഷു ലക്ഷ്മി
ശയനേഷു വേശ്യ
ഷ്ടകർമ്മനാരി കുലധർമ്മ പത്നി."
ശ്ലോകം ചൊല്ലു മുഴുമിക്കവെ, രാമൻ പിന്നേം ചോദ്യം ചോയിച്ചു.
"ഈല് ഒരു ഗുണം മാത്രേ നിനക്കില്ലൂ... അതേതെന്നറിയോ.?"
ശൂർപ്പണഖക്ക് ശ്ലോകം എന്തെന്ന് പോലും മനസിലായിറ്റ, ഓള് നാണത്തോടെ രാമനെ നോക്കി.
"എന്ത് ഗുണം, നിങ്ങോ പറയറൊ..."
"ശയനേശുവേശ്യ."
എല്ലാരും ചിരിച്ചു. ആ ചിരി ശൂർപ്പണഖക്ക് ബില്ല്യ നാണക്കേടായി.
"എന്നെക്കാണാൻ സീതേനെക്കാളും പാങ്ങില്ലേ.? കൊറച്ച് കർത്തിനിന്നെല്ലെയില്ലൂ സീതേനെക്കാളും ബില്ല്യ മൊല എൻക്കില്ലെ.? ഓളക്കാളും തടിയെൻക്കില്ലെ.? ആരോഗ്യൂല്ലെ.? പിന്നെന്ത്യെ പ്രശ്നം.? "
രാമൻ പറഞ്ഞു.
"ഒരു നാരീനെന്നെ കൊണ്ട് നടക്കാൻ എനക്ക് കയ്യ്ന്നില്ല. പിന്നെല്ലെ രണ്ടാള്, സീതേന്നെ കഷ്ടപ്പാടെല്ലാം സഹിച്ചിറ്റ് ഒന്നിച്ച് നിക്ക്ന്ന്. നിന്ന സഹായിക്കാൻ ഒരാക്ക് പറ്റും. നീ ചോയ്ച്ചോക്ക്. എന്റനിയൻ ലക്ഷ്മണന് പെൺസുഹൃത്തുക്കളൊന്നല്ല. ഓൻ ചെലപ്പൊ നിന്ന കൊണ്ട് നടക്കും."
ലക്ഷ്മണൻ ശൂർപ്പണഖേന നോക്കീറ്റ് ചിരിച്ചു.
ശൂർപ്പണഖക്ക് ആരെങ്കിലും കിട്ട്യാമതീന്നായി. ലക്ഷ്മണനായാലും, രാജാക്കമ്മാറല്ലെ. മൂവർ സംഘത്തിന്റൊക്ക നടക്കാലൊ. ലക്ഷ്മണൻ സീതേന നോക്കി. സീത ചെറുചിരീല് എല്ലാം ഒതുക്കി.
"എൻക്കെന്റെ ഊർമ്മിള ഇണ്ടല്ലോപ്പാ. തിരിച്ച് ചെല്ലുമ്പൊ നിന്ന എന്റൊക്കെ കണ്ടാല് ഞാനെന്ത്യെ ഓളോട് പറയല്, കാര്യം നിന്നെക്കാണാൻ നല്ല പാങ്ങ്ണ്ട്. പാങ്ങ്ണ്ടായിറ്റൊന്നും ഒരു കാര്യൂല്ല; വിവരം തീരെ ഇല്ല. അറിവും കൊറവാണ്. പോകുന്ന വഴിക്ക് വെശക്കുമ്പൊ നീ നമ്മള പിടിച്ചിറ്റ് തിന്നാലോ.? മനുഷ്യമ്മാറെ രുചി നീ അറിഞ്ഞതല്ലെ. നിന്നെ വിശ്വസിക്കാനൊന്നും പറ്റീല."
അപ്പൊ ശൂർപ്പണഖ പാട്ട് പാടി നൃത്തം ചെയ്യാൻ തൊടങ്ങി. ഏതോ കാട്ട് വാസികളുടെ അട്ത്തൂന്ന് പഠിച്ച പാട്ടായിരുന്നു അത്. സീത അഭ്യാസമുറകള് ഒന്നൊന്നായി പരിശീലിക്കാനും തൊടങ്ങി. ശൂർപ്പണഖേരെ ലാസ്യഭാവം കണ്ട് ലക്ഷ്മണനും രാമനും മുഖം താഴ്ത്തി. രാമൻ ലക്ഷ്മണനോട് പറഞ്ഞു.
"രണ്ട് ചെവീം മൂക്കും അരിഞ്ഞിറ്റ് വെള്ളത്തിലിട്."
ലക്ഷ്മണൻ ശഠേന്ന് എണീറ്റ് " ടിക് ടിക് ടിക് " ന്ന് അരിഞ്ഞ് വെള്ളത്തിലിട്ടു. ശൂർപ്പണഖ ഉച്ചത്തിലലറി. അതുപോലും സംഗീതം മാതിരിണ്ടായിന്. ഖരന്റെ അട്ത്ത് ഒച്ചയെത്തി. പതിവിലും നല്ല ഒച്ച. ഖരനും ആൾക്കാരും പഞ്ചവടിലേക്ക് തിരിച്ചു.
പൊഴ നീന്തി വര്ന്ന രാക്ഷസമ്മാറെ കണ്ടിറ്റ് രാമൻ ഹമ്മേന്ന് ശബ്ദൂണ്ടാക്കി.
ആകാശത്ത്ന്ന് ബില്ല്യ പക്ഷീരെ ചെറകടി കേട്ടു. ജഢായു... പതിനഞ്ച് കഴുകചിറകുകൾ; കട്ടിയുള്ള പായകൾ തുന്നി ഘടിപ്പിച്ചമാതിരി കൈകൾ, ഒതുക്കമുള്ള കൂർത്ത നഖങ്ങളോടു കൂടിയ കാലുകൾ, കഴുകന്റെ കൊക്ക് പോലെ വളഞ്ഞ വായ, കുഴിയിൽ വീണ ചെറിയ കണ്ണു കൾ... രാമന് ബന്ധുവാണോ ശത്രുവാണോന്ന് അറിയാൻ പറ്റാണ്ടായി. ഖരസൈന്യത്തിന കൊത്തിപ്പറക്കുന്നത് കാണുമ്പോ നമ്മളെ ഭാഗ്യോന്നെന്ന് ആശ്വസിച്ചു. ജഢായു പറന്നിറ്റ് ബന്നിറ്റ് രാക്ഷസമ്മാറ ഓരോന്നിനെയായിറ്റ് കൊത്തിയെട്ത്തിറ്റ് ദൂരെ മലമുകളില് കൊണ്ട്ട്ടു. ഗരുഢപ്പട കണ്ടപ്പാടെന്നെ രാക്ഷസമ്മാറ് അമ്പരന്നു. ഖരന് ശൂർപ്പണഖേന കണ്ടപ്പാട് നല്ലോണം ബേജാറായി. മൂക്കൂല്ല, ചെവിയൂല്ല.. എന്നെന്തന്നാക്കല്.?
"എടാ രാമാ, നീ ആര്ടാ.? നമ്മളെ കാട്ട്ല് ബന്നിറ്റ് എന്റെ അനിയത്തീരെ മൂക്ക് ചെത്താൻ.? "
എല്ല്, കുന്തം, വടി, അമ്പ് അങ്ങോട്ടുമിങ്ങോട്ടും ഗുസ്തി പിടിച്ചു. കൊറേ ശവങ്ങള് പൊഴേലേ കൂടീറ്റ് ഒവ്വിപ്പോയി.
രാമൻ തീബാണം ഖരന്റെ മാറിലേക്ക് അയച്ചു. ശൂംം.. ഖരൻ ഭസ്മമായി. കൊറേ രാക്ഷസമ്മാറ് ജീവനും കൊണ്ടോടി. അയില് അകമ്പനൻ ഇണ്ടായിരുന്നു... ശൂർപ്പണഖ നീന്തി അപ്പറം കരക്കെത്തി. രാക്ഷസമ്മാറ കൊത്തിപ്പറന്ന് പോയ ജഢായുസൈന്യം പാറക്കെട്ടിലേക്കെന്നെത്തി. ആപത്തില് സഹായിച്ചേയ്ന് രാമൻ ജഢായൂനോട് നന്ദി പറഞ്ഞു.
ജഢായു സ്വയം പരിചയപ്പെടുത്തി.
"എന്റെ പേര് ജഢായു... നിന്റച്ഛന്റെ സുഹൃത്താണ്. ദണ്ഡകാരണ്യത്തില് പ്രവേശിക്കുമ്പൊ നോക്കണം; അത് രാവണൻ കോട്ടയാണ്. കൊറേ രാക്ഷസമ്മാറ് ആടേണ്ടാവും."
രാമൻ സുന്ദരമായി പുഞ്ചിരിച്ചു.
"നമ്മക്ക് കൊറേ സുഹൃത്ത്ക്കളെ കിട്ടീന് വേടമ്മാറായിറ്റും താപസമ്മാറായിറ്റും രാജാക്കമ്മാറായിറ്റും. ആദ്യായിറ്റാണ് ഒര് പക്ഷി ക്കൂട്ടം സഹായിക്കാൻ ബെര്ന്നത്. എന്തായാലും നന്ദീണ്ട്."
ജഢായു പറഞ്ഞു.
"അങ്ങനെങ്കില് ഈട കുടില് കെട്ടീറ്റ് താമസിച്ചിറ്റ് പോയാമതി. എനി ആരും ഇങ്ങോട്ട് ബരീല."
ജഢായു പ്രത്യേക രീതില് ഒച്ചേണ്ടാക്കി. അപ്പോന്നെ കൊറേ പക്ഷികള് തണ്ടും വടീമായിറ്റ് പറന്നെത്തി. ഒര് പക്ഷിക്കൂട് മാതിരി വീട്ണ്ടാക്കി. ഒറ്റത്തൂണില് അയിന നിർത്തി. ആട്ത്തേക്ക് ഏണിപ്പടി കെട്ടി, മോളില് കുശപുല്ല് വിരിച്ചു. ഗോദാവരിക്കപ്പുറത്ത് കൊച്ചരുവിരെ കരേല് അപ്യക്കില്ലെ കൂടാരുണ്ടാക്കി. ജഢായു ചിറകുവീശി ബാക്കില്ലെ പൊടിയെല്ലാം തട്ടിത്തെറിപ്പിച്ചു. ജഢായന്റെ ശക്തി ശരിക്കും രാമനറിഞ്ഞു. രാമന് നല്ലോണം ധൈര്യം വന്നു.
ജഢായു പറഞ്ഞു.
"ഞാൻ ന്ങ്ങക്ക് സദാകാവലുണ്ടാവും. ആ വടവൃക്ഷത്തിന്റെ മോളിലാണ് ഞാൻ നിക്ക്ന്നത്. എന്റെ കണ്ണ് നിങ്ങളോടോപ്പോന്നെ ഇണ്ടാവും. നിങ്ങൾ ധൈര്യായിറ്റ് നിന്നോ. ദശരഥന അങ്ങനൊന്നും എനക്ക് മറക്കാൻ കയ്യീല."
നാണം കൊണ്ട് സീത മുഖം താഴ്ത്തി. ജഢായു പറഞ്ഞു.
"കുടിലിനകത്ത് താമസിക്കുന്നതായിരിക്കും നല്ലത്."
സീതയും രാമനും കുടിലിനകത്ത് പോയി. ലക്ഷ്മണൻ വില്ലെട്ത്ത് വെളിയിൽ ഉലാത്തിക്കൊണ്ടിരിന്നു. ജഢായുസൈന്യം മോളിലേക്ക് പറന്നുപോയി. കിടക്കുമ്പൊ സീത ദീർഘനിശ്വാസം വിട്ടു. അന്നത്തെ സന്ധ്യേല് ഓള് നല്ലോണം സുന്ദരിയായത് മാതിരി രാമന് തോന്നി. സീത ശത്രുക്കളോട് പോരാടുമ്പൊ എന്തൊരു ഭംഗ്യാണ്. ചാടിവെട്ട്, കുത്തിമറിച്ചിൽ, പാറിത്തൊടുക്കൽ എല്ലാം അറിയുന്നല്ലൊ പെണ്ണിന്. സീതേരെ കവിളില് നുള്ളി. രാമൻ പുൽമെത്തേല് ചാഞ്ഞോണ്ട് പറഞ്ഞു.
"ഇന്ന് നിന്നെ കാണാൻ എന്തൊരു പാങ്ങ്."
"ഇല്ലെങ്കില് നിങ്ങൊ ശൂർപ്പുന്റൊക്ക പോവട്ടീലെ.? ഞാൻ അപ്പോന്നെ ബന്നോണ്ടായി."
" നിന്നെ ഞാൻ ചാട്വോ സീതേ.? ശൂർപ്പൂന്റത്ര കനൂല്ലല്ലൊ നീ... ശൂർപ്പൂനക്കാളും കാണാനും പാങ്ങ്ണ്ട്. പിന്നെന്തേ.? നീയില്ലാണ്ട് എനക്ക് ജീവിക്കാൻ പറ്റ്വോ സീതേ.?"
സീതേരെ മടീല് തലേം വെച്ചിറ്റ് കെടന്നിറ്റ് രാമൻ ചോദിച്ചു.
"എന്താണ് ദേവിക്ക് ഈട നിന്നിറ്റ് നല്ലതെന്ന് തോന്ന്യേത്.? "
"എനിക്കിഷ്ടപ്പെട്ടത് വാൽമീകീരെ ആശ്രമാണ്." സീത പറഞ്ഞു.
"ആട കുയിൽ നാദങ്ങൾ, മയിൽ നൃത്തങ്ങൾ, കുഞ്ഞുമുയലുകൾ, മാൻപേടകൾ, തുമ്പികൾ, പൂക്കൾ, വണ്ടുകൾ, കുരങ്ങുകൾ."
രാമൻ സീതക്ക് വാൽമീകീരെ കഥ പറഞ്ഞുകൊട്ത്തു.
"വാത്മീകി ബില്ലൊരു കള്ളനായിരുന്നു. പണക്കാരെ ബീടെല്ലാം കൊള്ളയടിച്ചിറ്റ്, ഒരു പൊട്ടക്കെണറ്റില് സ്വർണ്ണം കൊണ്ടോയിറ്റ്ടും. അങ്ങനെ അതെല്ലം ബില്ല്യ നിധികുംഭായിറ്റ് മാറി. ആ നിധികുംഭം എട്ക്കാൻ വേണ്ടീറ്റ് നോക്യപ്പാട്ട് അയില് നെർച്ചും മൂർഖൻ പാമ്പ്. അങ്ങനെ അയാക്ക് നല്ല മനസ്താപൂണ്ടായി. കഷ്ടപ്പെട്ടിറ്റ് രാത്രീം പകലും കക്കാൻ നടന്നിറ്റ് ഒരു ഗുണോം കിട്ടീറ്റ... എന്തെന്നാക്കല് വിധ്യന്ന്യേപ്പ, കൂലില്ലാത്ത പണി ഇനി ബേണ്ട. ഏടേങ്കിലും കുടിലും കെട്ടീറ്റ് ദേവനാമോം ചൊല്ലീറ്റ് നിക്കാ... അങ്ങനെ നല്ലോനായി."
"നിങ്ങൊ ഇത് മുമ്പ് പറഞ്ഞിന്."
"അയിനെന്തേ, എന്ന ഒരിക്ക കൂടി കേട്ടൂടെ...?"
സീത പിന്നേം രാമന്റെ തലേല് തടവാൻ തൊടങ്ങി.
"അത്രിമഹർഷീരെ ആശ്രമോം നല്ലതന്നെ. ആട്ന്ന് അനസൂയ ദേവി കൊറേ ഉപദേശം തന്നിന്. ഭർത്താവുണ്ടിറ്റേ ചോറ് ബെയ്ച്ചൂട്വോലും, ഭർത്താവൊറങ്ങീറ്റെ ഒറങ്ങിക്കൂട്വോലും, ഭർത്താവെണീക്ക്ന്നേയ്നക്കാളും മുമ്പെ എണീക്കണോലും, ഭർത്താവിന്റെ ഇഷ്ടാണ് നിന്റേം ഇഷ്ടം... അങ്ങനെല്ലാം പറഞ്ഞ് തന്നിന്. "
അന്നവര് കെട്ടിപ്പിടിച്ച് കിടന്നു. ലക്ഷ്മണൻ താഴത്ത് ആവനാഴില് അസ്ത്രം നെറച്ചോണ്ടിരുന്നു.
"കണ്ടിന ശൂർപ്പൂന്റെ മൂക്ക് ചെത്ത്യേത്, ചെവി മുറിച്ചത് കണ്ടിന.?"
അകമ്പനൻ ആദ്യം ലങ്കേലെത്തീറ്റ് കാര്യം പറഞ്ഞു.
"എല്ലാം പോയി. ദണ്ഡകാരണ്യത്തില് രാവണന് എനി ആരൂല്ല. ഖരന അപ്യ കൊന്നു. പഞ്ചവടിക്ക്പ്പറം അവര്ണ്ട്. എന്നും ഒന്നും ചെയ്തിറ്റേങ്കില് അപ്യ എല്ലാം കൊണ്ടാവും. എന്നെന്തെന്നാക്കല് പ്പാ....? "
രാവണന് ശിവന പൂജിക്കേണ്ട സമയത്തല്ലെ അകമ്പനൻ ബന്നിറ്റ് പറഞ്ഞത്.
"എന്തന്നാക്കല്, ഒരു രാജ്യസഭ കൂട്യാല് എന്തെങ്കിലും വഴീണ്ടാവൂന്നാ തോന്നുന്നത്.? "
കുംഭകർണ്ണൻ ഒരു ഭാഗത്ത്, വിഭീഷണൻ ഒര് ഭാഗത്ത്, പിന്നെ കൊറേ രാക്ഷസമ്മാറും.
മണ്ഡോദരി സഭേലേക്ക് ഓടിക്കിതച്ചിറ്റ് എത്തി. അതുകണ്ട പാട് രാവണന് ഇരിക്കപ്പൊറുതിയില്ലാണ്ടായി. രാവണന്റെ കണ്ണ് നെറയുന്നത് കണ്ടപ്പൊ കുംഭകർണ്ണൻ ഗർജ്ജിച്ചു. പത്താളെ ശരീരോം നൂറാളെ ത്രാണ്യൂള്ള കുംഭകർണ്ണന്റെ ഗർജനം ലങ്കേന വെറപ്പിച്ചു. പാത്രം വടിച്ചോണ്ടും നെല്ല് കുത്തി ക്കോണ്ടും മറ്റെന്തെല്ലോ പണിയെടുത്ത് കൊണ്ടിരിക്കുന്ന ആളുകളെല്ലം അങ്ങോട്ടുമിങ്ങോട്ടും നോക്കി 'ഹമ്മേ' ന്ന് വിളിച്ചു. ലങ്കേലെ ജനങ്ങളെല്ലാം രാജസന്നിധിലെത്താൻ തൊടങ്ങി.
"എന്തന്ന്പ്പ ആക്കല്.? "
രാവണൻ തലക്ക് കയ്യും കൊട്ത്തിറ്റിരുന്നു. പ്രഹസ്തനുണ്ടായിന്, ധൂമാക്ഷനുണ്ടായിന്... എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി. അകമ്പനൻ പറഞ്ഞു.
"സീത ഇല്ലോണ്ടാണ് രാമന് നല്ലോണം ബലോള്ളത്ത്. സീത ഇല്ലാണ്ടായാല് രാമൻ ഹൃദയം സ്തംഭിച്ചിറ്റ് ചാവും.ഓന്റെ പകുതി ബലം കൊറയും. "
ശൂർപ്പണഖ എടേല് കേറി പറഞ്ഞു.
"ഓള് എത്ത്യാല് തെളച്ച എണ്ണീലിട്ടിറ്റ് മൊരിച്ചെടുക്കണം. ഓളെ വെണ്ണമാതിരീള്ള തൊലി കരിക്കണം. ഓളെ സൗന്ദര്യം കണ്ടിറ്റാണ് രാമൻ എന്നെ കല്ല്യാണം കയ്ക്കാത്തത്. കൂർത്ത മൊഖോം തെളിഞ്ഞ ചിരീം കണ്ടിറ്റാണ് രാമൻ മയങ്ങ്യേത്. വൃക്ഷക്കറ കൊണ്ടുകെട്ടിയ പൊന്തമുടി, പുലിത്തോലോണ്ട് കുപ്പായം, നല്ല ഓട്ടം... അയിനെക്കാളും നല്ല ആയുധാഭ്യാസം. എന്നെക്കണ്ടിറ്റ് രാമന്റെ മനസെളകീന്, എന്റെ ഏട്ടാ... ഏട്ടനല്ലാതെ എനിക്കാരില്ലത്, നിന്നോടല്ലാതെ ഞാനാരോട് സങ്കടം പറയല്.? ഏട്ടനെന്നെ സഹായിച്ചിറ്റേങ്കില് പിന്നെ ഏട്ടൻ രാവണനല്ലാന്ന് ഞാൻ എല്ലാരോടും പറയും. ഇപ്പോന്നെ പോണം."
എല്ലാരും ബേജാറോടെ ശൂർപ്പണഖേന നോക്കി. ചോരേല് കുളിച്ചിറ്റ് ഒര്മാതിരയായി മൊഖം കാണുമ്പൊ എല്ലാർക്കും പേടിയായി. രാവണൻ എന്തന്നാക്കല്. സീതേന കൊല്ലാൻ കയ്യ; സ്വന്തം മോളല്ലെ. ഇങ്ങനെ പോയാല് കൊല്ലാതിരിക്കാനും കയ്യ. എല്ലാം മനസ്സില് പറഞ്ഞതിന് ശേഷം സീതേരെ ബലഹീനത എന്താണെന്ന് വിവരിക്കാൻ ആവശ്യപ്പെട്ടു.
"രാമനോളം സീതക്ക് ബേറൊന്നൂല്ല. ഇല്ലെങ്കില് ഓളെന്റെ മേലേക്ക് ചാടി ബീവ്വൊ.? നല്ലോണം അറിവും ബുദ്ധിയെല്ലുണ്ട്. മെലിഞ്ഞിറ്റാണ്. മൃഗങ്ങളോട് വല്ലാണ്ടിഷ്ടൂണ്ട്. മാനിന്റേം, മുയലിന്റേം,അണ്ണാന്റേം ഒന്നിച്ച് കളിക്കാൻ കൂടല്ണ്ട്. "
മണ്ഡോദരീന നോക്കീറ്റ് രാവണൻ മന്ദഹസിച്ചു. മാരീചനോട് ചോയിച്ചു.
"നമ്മൊ ഇപ്പൊ എന്തന്നാക്കല്.? "
മാരീചന് ഒന്നും അറീല, തല്ലാൻ പറയുമ്പൊ തല്ലും, കൊല്ലാൻ പറയുമ്പൊ കൊല്ലും. അല്ലാണ്ട് ബുദ്ധീം വെവരോന്നും നടക്ക്ന്ന കാര്യോല്ല. കൂട്ടത്തിലിണ്ടായിരുന്ന വിഭീഷണന് ഇതൊന്നും അത്ര പിടിച്ചിറ്റ.
"ഏട്ടാ... ഏട്ടനിപ്പൊ ചെയ്യുന്നത് ബേണ്ടാതീനാണ്. ശൂർപ്പണഖ എന്തെങ്കിലും കുത്തക്കേട് ഒപ്പിച്ചിറ്റ്ണ്ടാവും. അല്ലാതെ ദേവമ്മാറൊന്നും അത്ര പെട്ടെന്ന് ചെവീം മൂക്കൊന്നും അരീല. മിഥിലാപുരി മാതിരിയോ കിഷ്കിന്ധ മാതിരിയോ ഒന്നല്ല അയോദ്ധ്യ, കൃഷിക്കാരെയൊ, കൊരങ്ങമ്മാറെയൊ നാടന്നൊല്ല അത്. ദേവാസുര യുദ്ധത്തിന് പോയ ദശരഥന്റെ പുത്രനാണ് രാമൻ. ബെർതെ ബേണ്ടാത്ത പണിക്കൊന്നും പോണ്ട. രാമന്റെ ഭാര്യാണ് സീത, പിന്നെ നോക്കാന്ണ്ട... ആര്യമ്മാറോട് കളിക്കുന്നത് അത്ര നല്ലതല്ല. രാമന്റൊക്ക എത്ര ആളുണ്ടാവൂന്ന് നമ്മുക്ക് ചിന്തിക്കാൻ പോലും പറ്റീല. ഓന്റെ യുദ്ധ തന്ത്രങ്ങളെന്തെന്ന് കണ്ടിറ്റെന്നെ അറിയണം. ലങ്കക്ക് അത്രേന്നും ബലോന്നുല്ല."
രാവണന് ഭാവമാറ്റം ബര്ന്നത് എല്ലാരും കണ്ടു. എല്ലാരും വിഭീഷണനോട് ഇരിക്കാൻ പറഞ്ഞു.
മൈരാവണൻ ബന്നു.
"വിഭീഷണാ... ചൊക്ലി പുള്ളറെ പേടിപ്പിക്കുന്ന മാതിരി എന്റട്ത്ത് വർത്തമാനം പറയലട്ട. നമ്മക്ക് കടലില് ആൾക്കാര്ണ്ട്. ദേവേന്ദ്രൻ യുദ്ധത്തില് പേടിച്ചോട്യേത് നീ കണ്ടിന.എന്റെ പകുതി ബലം പോലും ദേവമ്മാർക്കില്ല; ബുദ്ധീം ഇല്ല. നിന്റെ വർത്തമാനം കേട്ടാല് രാമന്റെ തേരാളീരത് മാതിരീണ്ട്. സത്യത്തില് നീ ലങ്കേരെ ചോറ തിന്നുന്നത്... അയോദ്ധ്യേരെ ചോറ.? കൊർച്ചെങ്കിലും സ്വന്തം വർഗ്ഗത്തോട് കൂറ് ബേണോടാ... അമൃത് കടത്തീറ്റ് വീതം വെച്ചപ്പൊ നമ്മക്ക് കിട്ടീനാ... നമ്മക്കെന്തെ ബായീല്ലെ.? സീതേന തട്ടിക്കൊണ്ടരണം; എന്നിറ്റ് ലങ്കേല് നിർത്തണം. അങ്ങനെ വിടാനൊന്നും പറ്റീല."
പെട്ടെന്ന് തന്നെ ഐരാവണനിലേക്ക് മാറി. പിന്നെ തുരുതുരാ കണ്ണ്ന്ന് ബെള്ളം ബരാൻ തൊടങ്ങി.
"എന്റെ മോളാണ്; ഞാൻ കൊല്ലീല."
"ഇട്ട് മൂടാനില്ലെ സ്വത്തില്ലെ രാവണാ നീയെന്തിനിങ്ങനെ പേടിക്ക്ന്നത്.? "
പേടിയൊന്ന്വല്ലാന്ന് തോന്ന്ന്ന്. കുറ്റബോധൂണ്ടോന്നറീല.
"നിന്റെ വാക്ക് കേക്കാനല്ലെ ആൾക്കാരെല്ലാം ബന്നത്. നീയെന്തെങ്കിലും പറഞ്ഞിറ്റെങ്കില് ഒന്നിനും കൊള്ളാത്താനാവിലെ.? വിഭീഷണൻ പറഞ്ഞ മാതിരി ചെയ്താല് മൊത്തം അസുരമ്മാറേം വഞ്ചിക്കുന്ന മാതിരിയാവിലെ.? സീതേന തട്ടിക്കൊണ്ടന്നാല് നിന്റെ മോക്ക് പുരുവനില്ലാതാവിലെ.? എന്തായാലും നീ എന്തെങ്കിലും പറയ്."
ഐരാവണൻ സാത്വികനായി അങ്ങനെ ഇരുന്നു. വിഭീഷണന്ണ്ടപ്പൊ ഉസാറാക്ക്ന്ന്.
"ഇതൊന്നും ശരിയാവീല. രാമനും രാവണനും യുദ്ധം നടന്നാല് രാമനല്ലെ ജയിക്കൂ, അങ്ങനില്ലെ ചരിത്രം മാത്രോല്ലെ ഇണ്ടായിറ്റൂ... എന്നുണ്ടാവൂ. നാട്ട്കാര് പറയുന്നത് മാതിരി എല്ലം ശരിയല്ല. രാവണൻ ഭയങ്കരനെന്നെ ഒറ്റക്കൊത്തിന് ഭൂമി പെളർക്കുന്നോനെന്നെ, കടലില് ബന്ധം സ്ഥാപിച്ചോനെന്നെ, ലങ്കേരെ രാജാവന്നെ. എന്നങ്കിലും അയോദ്ധ്യേല് വെള്ളൂല്ലാണ്ട് ആൾക്കാര് തൊണ്ട പൊട്ടീറ്റ് ചാവുന്നത് കണ്ടിറ്റ് ശനിദേവനോട് യുദ്ധം ചെയ്ത ദശരഥന്റെ മോനല്ലെ രാമൻ. അച്ഛന്റെ കൊണം മോനില്ലാണ്ടിരിക്ക്വൊ.? രാമനെ നിസ്സാരനാക്കി കാണാൻ എൻക്ക് കയ്യീല. പിന്നെ നിങ്ങളെ ഇഷ്ടം. നിങ്ങോ ആക്ക്ന്ന മാതിരിയാക്ക്. എൻക്കീട ഇരിക്കാനെന്നെ പറ്റ്ന്നില്ല. ഞാൻ പോന്ന്."
കൊർച്ച് നിന്നിറ്റ് പിന്നേം പറഞ്ഞു.
"ആരെങ്കിലും ഒന്നിച്ച് ബെര്ന്നുണ്ടെങ്കി ബന്നൊ, നമ്മക്ക് രാമനോട് മാപ്പ് ചോദിക്കാലൊ. എന്നിറ്റ് പ്രശ്നോല്ലം തീർക്ക, രാമനറീലല്ലൊ രാവണന്റെ സഹോദരിയാണ് ശൂർപ്പൂന്ന്."
പിന്നെ രാവണനെ നോക്കിപ്പറഞ്ഞു.
"നീ മാത്രോല്ല രാജ്യത്തിന് അവകാശിയായിറ്റില്ലത്. എൻക്കുണ്ട്റോ അവകാശം. നിനക്കെന്തെ തോന്ന്യേത് ഒറ്റക്കെന്നെ ആൾക്കാരെ പൊട്ടമ്മാറാക്കീറ്റ് വെലസാന്നാ.? നീയല്ല ലങ്ക. ലങ്കേല് വേറേം കൊറേ ആൾക്കാര്ണ്ട്, രാജാവിന്റെ ഒരു യോഗ്യതേം നിനക്കില്ല. രാക്ഷസാനായിറ്റ് ജീവിക്ക്ന്നുണ്ടെങ്കില് ശര്യാണ്. നിന്നെക്കാണുമ്പൊന്നെ ആൾക്കാർക്ക് പേട്യാണ്. നിന്റെ മുമ്പ്ന്ന് പറഞ്ഞാ ഒരുത്തനേം നീ ബാക്കി വെക്കുല, അതോണ്ടല്ലെ ആരും ഒന്നും പറയാത്തത്,എന്നയിന് നോക്കണ്ട. നിങ്ങോ ആരെങ്കിലും ബര്ന്നുണ്ടെങ്കി ബാ... നിന്റെ മഞ്ഞക്കുറി, നിന്റെ തെയ്യം കെട്ടിക്കൊ, ഞാൻ പോന്ന്."
ശൂർപ്പണഖക്ക് വിഭീഷണനോട് ദേഷ്യം ബന്നു. ഓള് അലറിക്കൊണ്ട് പറഞ്ഞു.
"ഏട്ടാ... സീതേന കൊല്ല്ന്ന... എല്ലെങ്കില് ഞാൻ പോയിറ്റ് കൊല്ലും. എല്ലെങ്കില് ഈട്ത്തേക്ക് കൊണ്ട്വാ. ലങ്കേരെ മര്യാദ എന്തെന്ന് ഈട്ന്ന് കാണിച്ചുകൊട്ക്ക, എന്നോട് കൂറ് കാട്ടാണ്ടിരുന്നാപ്പിന്നെ ഞാനെന്തിന് ജീവിക്ക്ന്ന് എൻക്കാരുണ്ടായിലേങ്കില് ഞാനട പോല്.? രാവണന്റെ അനിയത്തീരെ മൂക്ക് ചെത്തീറ്റ് പകരം ചോയിച്ചിറ്റേങ്കില് നാണക്കേടല്ലേ.? ഞാനെങ്ങനെ നാട്ട്കാരെ മോത്ത് നോക്കല്...? മിന്നലോട്ട് മീഡ്ട്ടിറ്റ് നടക്കല്.?,ഓള കൊന്നിറ്റ് ബന്നാലും വിഷയോന്നൂല്ല."
ഐരാവണൻ സാവധാനത്തില് പറഞ്ഞു.
"സീതേന കൊല്ലാനൊന്നും പറ്റീല; ബേണോങ്കില് ഈട കൊണ്ടെന്നിറ്റ് തടവിലിടാ. അതും സ്ത്രീകളോട് മര്യാദയായിറ്റ് പെരു മാറീറ്റല്ലാതെ അതും നടക്കീല. അഥവാ ഓള കൊന്നാല് രാവണന്റെ പേരിനല്ലെ മോശം.? എങ്ങനെ സീതേന കൊണ്ട് വര്ന്നത് ന്ന് പോലും അറീല. എന്നിറ്റാന്ന് കൊല്ലുന്നതിന കുറിച്ചിറ്റ് പറേന്ന്,"
രാവണന് എല്ലാരോടും എന്റെ മോളാന്ന് സീതാന്ന് പറയണംന്ന്ണ്ടായിന്. എന്നാല് ആരും വിശ്വസിക്കില്ലാന്ന് ഒറപ്പും ഇണ്ടായ്ന്. തങ്കക്കുടം മാതിരില്ലെ കുഞ്ഞീരെ അച്ഛൻ രാക്ഷസനാണ്ന്ന് പറഞ്ഞാ ആൾക്കാരെന്നെ വെലയില്ലാത്തോനായിറ്റ് കാണീലെ.? ഇപ്പോ ശൂർപ്പണഖേരെ മൂക്ക് മുറിച്ചേയ്ന് പകരം ഒന്നും ചെയ്തിറ്റേങ്കില് പകുതി വെല പോവും. പറയണ്ടാന്ന് തീരുമാനിച്ചിറ്റ് രാവണൻ ഇരുന്നു.
"എന്നാർക്കെങ്കിലും എന്തെങ്കിലും ബുദ്ധി തോന്നുന്നുണ്ടൊങ്കില പറയാമൊ.? "
ആരും ഒന്നും മിണ്ടീറ്റ. കുംഭകർണ്ണൻ എണീച്ചിറ്റ് ബില്ല്യ ഒച്ചേല് പറഞ്ഞു.
"നിങ്ങളെ മണ്ടക്ക് രണ്ട് കൊട്ട് തരേണ്ടങ്കില് ഇപ്പൊ പറയ് എങ്ങനെ സീതേന കൊണ്ടരാന്ന് പറഞ്ഞിറ്റേങ്കില് ഒന്നിനേം ബെച്ചക്കീല."
അത് കേട്ടപ്പാട് നാട്ട് കാരില് കൊർച്ചാളെല്ലം പോയി. വിഭീഷണനും സഭ വിട്ടിറ്റ് പോയി.
"എന്തങ്കിലാക്കട്ട്. "
അത് നോക്കീറ്റ് രാവണൻ പറഞ്ഞു.
"വിമതമ്മാറ് എല്ലാട്ത്തും ഇണ്ടാവും. ആപത്ത് വര്മ്പോ വിട്ടിറ്റ് പോവുന്നത് അത്ര ബില്ല്യ കാര്യോന്നല്ല. ഒന്നിച്ചിറ്റ് നിക്കുന്നോനാണ് നല്ലോൻ, ഓന്റൊന്നിച്ച് ആരും പോവാത്തോണ്ട് നമ്മോല്ലം ഒന്നിച്ച് നിക്കണം. ഓൻ രാമന്റൊന്നിച്ച് കൂട്യാലും ബല്ല്യ പ്രശ്നോന്നുല്ല. ഓന ആദ്യം കൊല്ലണംന്നെ ഇല്ലൂ. എന്റനിയന ഞാനെന്നെ കൊല്ലുന്നത് ചിന്തിക്കാനെന്നെ പറ്റ്ന്നില്ല. "
ഐരാവണന്റെ കണ്ണ് നെറഞ്ഞു.
"നോക്കറോ ഓൻ പോന്ന്, നന്ദില്ലാത്തോനമാതിരി. ഭസ്മോം വലിച്ചിറ്റ് ഒറ്റ്കാരനപ്പോലെ പോവുന്നത് നോക്കറൊ... ഞാനൊന്ന് പറഞ്ഞാല് ആൾക്കാര് ഓന കൊല്ലും. എന്നിറ്റും ഒന്നും ആക്കാത്തത് ഇച്ഛക്ക്ണ്ടാവ്മ്പളേയില്ലെ ഓന ഞാൻ കാണ്ന്ന്. ഞാൻ വാരിക്കൊട്ത്ത ചോറ് തിന്നിറ്റല്ലെ എന്റനിയൻ വളർന്നത്. രാക്ഷസമ്മാറെ ശക്തീല് വിശ്വസിക്കാണ്ട് കിരീടോം വെച്ചിറ്റ്, ഗോപിക്കുറീം വെലിച്ചിറ്റ്... ഏട്ത്തേക്ക്, എന്തിന്.? വിഭീഷണാ... എനി നീ ലങ്കേരെ പടി ചവിട്ട്യാല് കാല് തച്ചിറ്റ് പൊളിക്കും. കൈസാട്... പോടാ... നീ പോയിറ്റ് ബല്ല്യാളായിറ്റ് ബാ....നമ്മൊ ഇടെന്നെ ഇണ്ടാവും."
ഇതെല്ലാം കേട്ടോണ്ടിരുന്ന മാരീചൻ പെട്ടെന്ന് എണീറ്റു പറഞ്ഞു.
"രാക്ഷസമ്മാറ് ജയിക്കും. നിങ്ങൊ ആട ഇരിക്കറൊ.എന്തെന്ന് ബേണ്ടെന്ന് ഞാൻ പറയാ... എനക്ക് ആൾമാറാട്ടം അറിയാലൊ, സീതക്ക് ഓമനമൃഗങ്ങളോട് ബല്ല്യ ഇഷ്ടോല്ലെ.... അങ്ങനെങ്കില് ഒര് കെണീണ്ട്. ഞാൻ മാൻപേടയായിറ്റ് സീതേനെ കാട്ട്ലേക്ക് കൊണ്ടോ വും. ഞാൻ പറയുന്ന സ്ഥലത്ത് എത്ത്യാല് പിന്നെ ഓളേം കൊണ്ട് വിമാനത്തില് നിന്നു പറന്നൊ. രാമനിതുവരെ വിമാനം കാണാത്തോനായതോണ്ട് എൾപ്പത്തില് ഓന പറ്റിക്ക."
രാവണന് മാരീചന്റെ ബുദ്ധി നല്ലോണം ഇഷ്ടപ്പെട്ടു.
"നീയെന്നെ ലങ്കക്ക് പറ്റ്യ നേതാവ്."
രാവണൻ മാരീചന്റെ ചൊമലില് തട്ടി.
"നീയെന്റെ അല്ല,നമ്മളെ എന്തിനും കൊള്ളുന്ന ചെക്കൻ. നിന്നെ കണക്കെ എല്ലാരും ചിന്തിച്ചാല് നമ്മൊ ഏട എത്തും."
എല്ലാരും രാവണന് ജയ് വിളിച്ചു. എല്ലാരും രാക്ഷസമ്മാർക്ക് ജയ് വിളിച്ചു. രാവണൻ നന്നായിറ്റൊന്ന് ചിരിച്ചു. ആ ശബ്ദം ലങ്കേരെ പാറക്കെട്ടിലെല്ലാം തട്ടീറ്റ് എങ്ങോട്ടെല്ലോ പോയി. എല്ലാരിക്കും സന്തോഷായി. രാവണനും സന്തോഷായി.
ജഢായുസൈന്യത്തിലെ കഴുകമ്മാറെ ചിറകുകളില് ചെലത് അറ്റ് വീണിരുന്നു. പീലികൾ ഉതിർന്ന് വീണത് യോജിപ്പിച്ച്, പച്ചിലകളിൽ ചെലത് അരച്ച് മുറിവിൽ പുരട്ടി. സീതേം ലക്ഷ്മണനും ഓടിക്കൊണ്ടിരുന്നു. മുളങ്കമ്പുകൾ കൊത്തിയെട്ത്ത് കെട്ടിവച്ചു. ഒരു കഴുകയോദ്ധാവിന്റെ പീലികൾ യഥാസ്ഥാനം കോർത്ത് തുന്നിപ്പിടിപ്പിക്കുകയായിരുന്നു സീത. ചിറകറ്റ് പോയവരേയും കൊക്കുകൾ പോയ വരേയും ശുശ്രൂഷിച്ച ശേഷം അവർ മുമ്പോട്ട് നടന്നു. ജഢായു സൈനികർക്ക് കാവലെന്നോണം അവിടെത്തന്നെ ഇരുന്നു. ജഢായുവിനോട് യാത്ര ചോദിച്ച് രാമനും സംഘവും യാത്രയായി. രാമൻ എല്ലാരോടുമായി പറഞ്ഞു.
"നിങ്ങളെ ശക്തി എന്തെന്ന് ഇപ്പൊ നമ്മക്ക് ശരിക്കും മനസ്സിലായി. ചെറക് കൊണ്ടടിച്ചപ്പൊ ബീണ് പോയ രാക്ഷസമ്മാറും, കൊക്കുകൊണ്ടുമ്മ വച്ചപ്പൊ കണ്ണറ്റ് പോയവരും ഇപ്പൊ ഗതികിട്ടാതെ ദണ്ഡകാരണ്യത്തില് ശുശ്രൂഷ കിട്ടാതെ നടക്ക്ന്നുണ്ടാവും. സീതേ... ഇത്രേം നല്ല പാങ്ങില് ആൾക്കാരെ പരിചരിച്ച നിന്നെ കിട്ട്യേത് എന്റെ ഭാഗ്യോന്നെ. കാട്ടിലെ കണക്കറിയുന്ന നിന്നെ കിട്ട്യേത് എന്റെ ഭാഗ്യാന്നെ. നിന്റെ ശുശ്രൂഷകൊണ്ട് എല്ലാരിക്കും പെട്ടെന്നെന്നെ സുഖം കിട്ടും."
സീത പുഞ്ചിരിച്ചു. അപ്പൊ ലക്ഷ്മണൻ പറഞ്ഞു.
"നിങ്ങൊ കാട്ട്ലേക്ക് പോന്നൂന്ന് പറഞ്ഞപ്പാടെന്നെ ഏട്ടി ഒന്നിച്ചു വന്നു. എന്നങ്കിലൊ ഞാൻ കാട്ട്ലേക്ക് പോന്നൂന്ന് പറഞ്ഞപ്പാട് ഊർമ്മിള അപ്പത്തന്നെ മിഥുലാപുരിക്ക് പോയി...ഏട്ടനിമ്മാതിരി ഒരാളെ കിട്ടാൻ പുണ്യം ചെയ്യണം."
അത് കേട്ടപ്പാട് സീത സ്വന്തം കഥ പറയാൻ തൊടങ്ങി.
"ഞാൻ മിഥുലാപുരിലെ ജനകന്റെ ശരിക്കും മോളല്ല. അസ്ത്രവിദ്യേം വൈദ്യോം പഠിച്ചിരുന്നൂന്നല്ലാതെ എനക്ക് ആട ബില്ല്യ അവകാശോന്നുല്ല. ജനകനച്ഛന്റെ ശരിക്ക് പുത്രി ഊർമ്മിളയാണ്. എന്ന ഓവ് ചാല്ന്ന് കിട്ട്യേതല്ലെ; ജനകനച്ഛന് കുട്ട്യോളില്ലാത്ത കാലത്തല്ലെ അത്. എന്നങ്കിലും ഓളെക്കാളും മൂത്തത് ഞാനായ തോണ്ട് എന്തായാലും ഞാൻ പറഞ്ഞതല്ലേ ഓള് കേക്കൂ... ഓക്കാണെങ്കില് കാടിനെക്കുറിച്ചിറ്റ് ഒന്നും അറീല. ഘോരവനത്തില് വേഗത്തില് നടക്കാനൊന്നും അറീല, ഞാനാണ് വരണ്ടാന്ന് പറഞ്ഞത്. അതോണ്ട് ലക്ഷ്മണന് വിഷമുണ്ടായെങ്കില് എന്നോട് മാപ്പാക്കണം. നമ്മളെ ജീവന് ബല്ല്യ സുരക്ഷേന്നും ഇല്ലല്ലോപ്പ. ജനകനച്ഛൻ ചെറുപ്പത്തിലേ ഓള എന്ന്യാണ് ഏൽപ്പിക്കല്, " സീതേ.. കുഞ്ഞീന നോക്കണം, പൈക്കുമ്പം വീട്ടിലേക്ക് ബന്നോട്ട്. ഞാൻ വിദ്യ പഠിക്കുമ്പൊ ഓള് നോക്കിനിക്കും. എന്നിറ്റ് പറയും. പെണ്ണുങ്ങൊ ഇതൊന്നും പഠിക്കണോന്നില്ലാന്ന്, എന്ന മിഥിലേരെ യുവറാണിയാക്കാനായിരുന്നു അച്ഛന്റെ ചിന്ത. എൻക്കറില്ലായിരുന്നു. എന്നെക്കാളും അവകാശം ഊർമ്മിളക്കാന്നെന്ന്. അതോണ്ടല്ലെ ഞാൻ വന്നാലും ഓള് ബരാൻ പാടില്ലാന്ന് എൻക്ക് തോന്ന്യേത്. തെറ്റെങ്കില് പൊർക്കണം ലക്ഷ്മണാ..."
ലക്ഷ്മണൻ എല്ലാം കേട്ടുനിന്നു. മിഥുലയിലെ യുവറാണി ഊർമ്മിളയാണെന്നറിഞ്ഞതിൽ ലക്ഷ്മണന് സന്തോഷൂണ്ടായിരുന്നു.അവർ ഒരു അരുവിക്കരേലെത്തി. മിന്നുന്ന സൂര്യപ്രകാശം
എല്ലായിടത്തും കണ്ടു. ലക്ഷ്മണൻ പറഞ്ഞു.
"ചേച്ചി, നമ്മൊ കാട്ട്ല് നടക്കാൻ തൊടങ്ങീറ്റ് ഏഴ് വർഷോല്ലെ ആയിറ്റൂ. ആ ജലദർപ്പണത്തിലേക്ക് നോക്കറൊ... മുടീം താടീയെല്ലാം ബളന്നിറ്റ്, ശരിക്കും കാട്ടുവാസികള മാതിരിയെന്നെയായി. ഇപ്പൊ കണ്ടാല് അയോദ്ധ്യേരേം മിഥിലേരേം മേൽവിലാസം ആര് തരും.? രാജകുമാരീകുമാരമ്മാറെന്ന് പറഞ്ഞാല് കളിയാക്കും. ഇപ്പൊ നമ്മളെ ചിന്തേല് കാടും കാട്ടുമൃഗങ്ങളും മാത്രേ ഇല്ലൂ, അന്നന്നത്തെ തിന്നാനുള്ള വകേനക്കുറിച്ചിറ്റെ ചിന്തയില്ലൂ. രാജ്യകാര്യൊ ജനഹിതോ ഒന്നും നമ്മക്ക് ചിന്തിക്കണ്ട. അതെന്തെങ്കിലും ആകട്ട്,... ഭരതൻ ഇപ്പൊ നന്ദിഗ്രാമില് ഏട്ടന്റെ ചെരിപ്പും മുമ്പില് വെച്ചിറ്റ് ഭരിക്കുന്ന്ണ്ടാവും. ഈ ദൈവങ്ങള് എത്ര ക്രൂരമ്മാറാണ്. വിഷ്ണുവായാലും ശിവനായാലും രണ്ടും കണക്കാണ്. നമ്മളെ കോമാളികളാക്കീറ്റ് കാട്ട്ലേക്കയച്ചു. അയോദ്ധ്യേരെ ഇരിപ്പിടം നന്ദിഗ്രാമത്തിലേക്കാക്കി. എന്നെന്തല്ലം കാണേണ്ടിബരും.? "
സീത ലക്ഷ്മണനോടായി പറഞ്ഞു.
"ശിവനും കണക്കെന്നെ വിഷ്ണുവും കണക്കെന്നെ ശിവനെല്ലാറ്റിനേം ഇല്ലാതാക്ക്ന്ന്, വിഷ്ണു എല്ലാറ്റിനം ജീവിപ്പിക്ക്ന്ന്, സ്ഥിതി ഇണ്ടാക്ക്ന്ന്. ബ്രഹ്മാവിനെ നോക്ക്; അന്തമില്ലാതെ സൃഷ്ടിച്ചുവിട്ന്ന്. എന്നിറ്റൊ അവരെ കളികണ്ട് രസിക്ക്ന്ന്. മനുഷ്യരെ രക്ഷി ക്കുമെന്ന് രാക്ഷസറും ദേവമ്മാറും പറയ്ന്ന്. എന്നങ്കില് നമ്മള രക്ഷിക്കാൻ നമ്മളെ മനസിനല്ലെ പറ്റൂ. കൊല്ലാൻ ബര്ന്നോനോട് മന്ത്രം ചൊല്ല്യാല് അസ്ത്രം നമ്മളെ ചങ്കില് തർക്കീലെ... സ്വന്തം ജീവനെ സ്നേഹിക്കാത്തോര് ആരെങ്കിലുണ്ടാവ്വൊ.? മനുഷ്യനറിയാ, ജീവിക്കാനും മരിക്കാനും. പിന്നെന്തിന് നമ്മൊ വേവലാതിപ്പെടണം. പൂജിക്കേണ്ടവരെ പൂജിച്ചും ഭജിക്കേണ്ടവര ഭജിച്ചും നമ്മക്ക് ജീവിക്ക, അയില് ഒര് തെറ്റൂല്ല. നമ്മളിപ്പൊ കാട്ട് വാസികളാണ്. ഇങ്ങനെം കൊറേ ആൾക്കാരെ കാണാൻ പറ്റീലെ..നമ്മൊ വിചാരിച്ചു അയോദ്ധ്യേം മിഥിലേം മാത്രേ ലോകത്തുള്ളൂന്ന്. ഇപ്പോന്നെ എത്രതരം ആൾക്കാരെ കണ്ടു. എത്ര ജീവിതങ്ങളെ കണ്ടു. മൃഗങ്ങളേം നര ഭോജികളേം കണ്ടു. എന്നെത്ര കാണാനുണ്ട്. ആർക്കും ശല്ല്യുല്ലാണ്ട് ജീവിക്കുന്ന മഹർഷിമാരെ കണ്ടു. എല്ലം ഒരു നിമിത്തായിരിക്കും."
രാമൻ പറഞ്ഞു. "അയോദ്ധ്യേനക്കാളും നല്ലതന്നെ എന്തായാലും ഇത്. നാട്ട്കാരെ പരാതീം ഇല്ല; വീട്ടുകാരെ ഉപദേശുല്ല. എന്നില്ലെ ആറ് കൊല്ലം ഈടെന്നെ താമസിച്ചാലൊ.? "
ലക്ഷ്മണന് പേടി തോന്നി. " ദണ്ഡകാരണ്യം രാവണന്റെ കോളനിയല്ലേ. ചെലപ്പൊ ഓൻ ബന്നാലോ.? നമ്മള് ചെയ്തത് ഓനിപ്പൊ അറിഞ്ഞിറ്റ്ണ്ടാവും."
സീത പറഞ്ഞു. "വാത്മീകി ആശ്രമം മാതിരിയുള്ള ഏടേങ്കിലും നിക്കാ. അതാവുമ്പം നല്ല ഓമനമൃഗങ്ങളെ താലോലിച്ചിറ്റും കളിച്ചിറ്റും സമയം പോവും. ഈ പൊഴേല് നീന്തിക്കളിക്കാനും പാചകം ചെയ്യാനുമല്ലാതെ മറ്റെന്തെന്നില്ലത്.? "
രാമൻ പറഞ്ഞു. " അങ്ങാട ഒരു വനൂണ്ട്. പ്രമോദവനമെന്നാണ് പറയുന്നത്. ആട എപ്പളും വസന്തകാലം മാതിരിയെന്നെ, പുല്ല് മാത്രം തിന്ന് ജീവികളെ ആട ഇല്ലൂ. ചുള്ളിക്കമ്പ് പെറുക്ക്ന്ന കിളികളെ ആട ഇല്ലൂ. നമ്മക്കാട പോവ്വാ. "
പ്രമോദവനത്തിലെത്തിയോരാരും ഇണ ചേരാതിര്ന്നിറ്റ, പ്രണയിക്കാതിര്ന്നിറ്റ, എളം തണുപ്പും ചെറിയ കാറ്റും ആട സദാനിലനിന്നിരുന്നു. കൂവളത്തിനടീല് സീതേരെ മടീല് തലേം ബച്ചിറ്റ് രാമൻ കെടക്കുന്ന്ണ്ടായിന്. ലക്ഷ്മണൻ ഒരു കുടില് നിർമ്മിച്ചിറ്റ് അയിന് ചുറ്റിലും അതിര്ണ്ടാക്കി. എന്നിറ്റ് ഏതോ കാട്ട് വള്ളി എട്ത്തിറ്റ് ചുറ്റും കെട്ടി. ഒരു മുയൽക്കുഞ്ഞീന ലാളിക്ക്ന്ന മാതിരി സീത രാമന ലാളിച്ചു. തലയിൽ തലോടി. സീത പറഞ്ഞു.
"രാമാ.. വല്ല ഓമനമൃഗത്തിനേം കിട്ടീനെങ്കില് നല്ലതാട്ടി." രാമൻ പുഞ്ചിരിച്ചു.
"നിനക്കോമനിക്കാനല്ലെ ഞാനില്ലത്."
സീത കാല് ഒന്ന് കൊടഞ്ഞു. രാമൻ എണീറ്റിരുന്നു. അപ്പൊ ദൂരത്ത് കൂടീറ്റ് ഒര് മാൻകുട്ടി നടന്ന് പോയി. നല്ല സുഗന്ധം പരത്തുന്ന കസ്തൂരിമാനായിരുന്നു അത്.
സീത പറഞ്ഞു.
"രാമ, എന്ത് രസോയിന കാണാൻ അയിന പിടിച്ചിറ്റ് താ.? നിങ്ങൊ കാട്ട് പഴം ശേഖരിക്കാൻ പോവുമ്പൊ എനക്ക് ഒരു കൂട്ടായിലെ. ഒന്ന് പിടിച്ച് താപ്പാ..."
മാൻപേട സീതേരെ അട്ത്ത് ബന്നിറ്റ് കയ്യില് ഒരന്തി. രാമൻ പിടിക്കാൻ ശ്രമിക്കുമ്പൊ അങ്ങോട്ടുമിങ്ങോട്ടും തുള്ളിക്കോണ്ടിരുന്നു. രാമൻ ശ്രദ്ധിക്കാത്തപ്പൊ സീതേരെ കാലില് നാവ് മുട്ടിച്ചു. സീത കുളിരുള്ള തണുപ്പോടെ കാല് പിൻവലിച്ചു. എന്നിറ്റ് അയിന വാരിയെട്ക്കാൻ നോക്കി. അത് മുമ്പോട്ട് തുള്ളി. സീതേരെ കളി കണ്ടിറ്റ് രാമന് വല്ലാണ്ടിഷ്ടായി.
"നിനക്കയ്ന ബേണ,?"
സീതക്ക് ദേഷ്യം ബന്നു. " അതല്ലെ മലയാളത്തില് ഞാൻ നേരത്തെ പറഞ്ഞത്. അയിന കിട്ട്യാല് എൻക്കൊരു കൂട്ടായിലെ."
ലക്ഷ്മണൻ അട്ത്ത് ബന്നു.
"രസൂണ്ട്. നല്ല മണൂണ്ട്. ചെലപ്പൊ കസ്തൂരിമാനായിരിക്കും."
"ഏയ് പുള്ളിപ്പുള്ളി കുത്ത്ണ്ട്. അപ്പൊ പുള്ളിമാനായിരിക്കും." സീത പറഞ്ഞു.
രാമൻ പറഞ്ഞു. " ഞാനിപ്പൊ പിടിച്ചോണ്ടരാ.."
എന്നിറ്റ് അയിന്റെ ബയ്യേന്നെ നടന്നു. മാനിന്റെ കരച്ചിലും മണോം ലക്ഷ്യാക്കീറ്റ് നടന്നു. ലക്ഷ്മണൻ ഏട്ടീന നോക്കണോട്ടൊന്നും പറഞ്ഞു. അമ്പും വില്ലും എടുത്തിറ്റ് രാമനെണീച്ചപ്പാടെന്നെ മാൻ എത്തണ്ടട്ത്തേക്കെത്തി. രാമൻ ബയ്യേന്നെ പാഞ്ഞു. ആ പാച്ചല് കണ്ടപ്പാട് രാമന് സംശ്യായി. സാധാരണ നുകിരിപ്പഴം കണ്ടാല് മാൻ ആട ചുറ്റിപ്പറ്റി നടക്കും. വിശപ്പില്ലാതെ ബെർതെ പായ്യൊ.? രാമനെന്താക്കി ഒരമ്പട്ത്തിറ്റ് ഉന്നം പിടിച്ചു. പിന്നെത്തോന്നി ബേണ്ടാന്ന്. മാനിന് തേറ്റ ഇല്ലത് മാതിരി രാമന് തോന്നി. ശരിക്ക് നോക്ക്യപ്പാട് പുലീരെ മാതിര്യൊ സിംഹത്തിന്റെ മാതിരിയൊ തോന്നി. ഒരമ്പ് കൊട്ത്താല് ചത്ത പാടറിയാലൊ.? മാനിന്റെ മാതിരീണ്ടെങ്കിലും ഓട്ടം കണ്ടിറ്റ് ചീറ്റപ്പുലീന മാതിരീണ്ട്. ചീറ്റപ്പുലീരെ അലർച്ച കേട്ടിന്, മാനിന്റെ കരച്ചിലൊന്നും കേട്ടിറ്റ. എന്തായാലും മാനെന്ന് തോന്നുന്നില്ല.
ബെച്ചോക്ക, ചത്താലറിയാലൊ എന്ത് സാധനോന്ന്. കൊന്നിറ്റ് സീതക്ക് കൊട്ത്തിറ്റും ബെല്ല്യ കാര്യോന്നൂല്ല. സീത അയിനക്കണ്ടാല് ബെൽച്ചും കരയീലെ.? അട്ത്ത അമ്പെയ്തിറ്റ് ഒന്ന് നോക്ക. എന്തായാലും മാനല്ലപ്പാത്. അമ്പ് തൊട്ത്തു. മാൻ മറഞ്ഞിറ്റ് വീണു.
"ലക്ഷ്മണാ... സീതേ...ന്ന് " വിളിച്ചിറ്റ് മാൻ വീണു. സീത അത് കേട്ടിലെ...സീത പറഞ്ഞു.
"രാമന്റെ ഒച്ച മാതിരി, ലക്ഷ്മണാ... രാമന് കാട്ട്ല് പാഞ്ഞിറ്റ് അത്ര പരിചോന്നുല്ല. എന്നേടേങ്കിലും പോയിറ്റ് എന്തെങ്കിലും ആയിറ്റ്ണ്ടാവ്വോ.? നീ പോയിറ്റ് നോക്കറോ.."
"എന്തിന് നോക്ക്ന്ന് ഏട്ടന തോപ്പിക്കാനൊന്നും ആരിക്കും പറ്റീല."
സീത പറഞ്ഞു. " അതല്ല ലക്ഷ്മണാ... ഞാനിപ്പൊ കേട്ടതാണ്; കാടിന്റെ ഉള്ളീന്ന് രാമൻ ബിളിക്കുന്നത് മാതിരി. നീ പോയിറ്റൊന്ന് നോക്ക്,
ഞാനീടീരിക്ക."
ലക്ഷ്മണൻ ചോദിച്ചു.
"ഈട ഇരിക്കാനാ.? ഏട്ടീന ഒറ്റക്കാക്കീറ്റ് പോവ്വാന... നടന്നതെന്നെ. ഓ... അതാട പോയിറ്റിരിക്ക്. ആ കുടിലിന്റെ ബാത്ക്ക. ഞാനയിന് ചുറ്റും സുരക്ഷ ബെച്ചിറ്റ്ണ്ട്. ആട പോയിറ്റിരിക്ക്. ഞാൻ നോക്കട്ടെ."
അമ്പ് കൊണ്ടിറ്റ് ചോര ഒലിപ്പിച്ചോണ്ട് മാൻ പിന്നേം പാഞ്ഞു. മനുഷ്യമ്മാറ മാതിരി സംസാരിക്കുന്ന മാനിന്റെ നേരെ രണ്ടാമത്ത
അമ്പും വിട്ടു. ലക്ഷ്മണൻ ശബ്ദം കേട്ട ഭാഗത്തേക്ക് പോയി. രാമന്ണ്ട് മാനിന്റെ ബയ്യെ പായ്ന്ന്. ലക്ഷ്മണനും ഒന്നിച്ച് പാഞ്ഞു.
പ്രമോദവനത്തിന് ചുറ്റും ലക്ഷ്മണരേഖ ഇണ്ടായ്ന്. രാവണന്റെ പുഷ്പകവിമാനം വനത്തിന് അരകിലോമീറ്ററ് അപ്പറത്ത് നിന്നു. രാവണൻ വേഷം മാറാൻ തൊടങ്ങി. ഒരു മഹർഷീരെ വേഷം ധരിച്ചു. പ്രമോദവനത്തിന് അപ്പുറുള്ള മരത്തിന്റെ ചോട്ടില് അവശനായിറ്റിരുന്നു. ഇപ്പൊ രാവണനെക്കണ്ടാല് വെള്ളം കുടിച്ചിറ്റ് കൊറേക്കാലായീന്ന് തോന്നും. എന്തെങ്കിലും തുന്നിറ്റ് വർഷങ്ങളായീന്ന് തോന്നും. ഏടയോ തപസ്സവസാനിപ്പിച്ചിറ്റ് ബറ്റും ബള്ളൂം കുടിക്കാനുള്ള ശ്രമത്തിലാണെന്ന് തോന്നും. ഞരങ്ങ്ന്നുണ്ട്, ഏക്കം ബലിക്കുന്ന്ണ്ട്. കണ്ണെടക്കെടക്ക് ചിമ്മുന്നുണ്ട്. ഞെരക്കം കേട്ടൂന്ന് തോന്ന്ന്ന്, മുറിവേറ്റ രാമനാവൂന്ന് വിചാരിച്ചിറ്റ് സീത ബേഗം ബന്നു. മുനീന കണ്ടപ്പാട് ലക്ഷ്മണരേഖ ലംഘിക്കാതെ എന്താണെന്ന് ചോദിച്ചു.
"തപസ്സ് ചെയ്തിറ്റ് ബര്ന്നത് മോളെ.... കുടിക്കാനെന്തെങ്കിലും കിട്ടീറ്റേങ്കില് ഞാനിപ്പൊ ചാവും. നീ കൊറച്ച് വെള്ളോന്റെ നാവിലുറ്റിക്ക്, എനക്ക് എണീക്കാൻ പറ്റ്ന്നില്ല. എന്റെ ഉള്ളിൽത്തെ ബെള്ളോല്ലം വറ്റി; ബേഗം... ബേണം മോളെ..."
സീത തുകൽസഞ്ചീം എട്ത്തിറ്റ് ബന്നു. ലക്ഷ്മണരേഖ കണ്ടിറ്റ് ഒന്ന് നിന്നു. എന്നങ്കിലും വയ്യാണ്ട് കെടക്കുന്ന ആ മുനി ശ്രേഷ്ഠനക്കണ്ടപ്പാട് ഒന്നും നോക്കീറ്റ; ലക്ഷ്മണരേഖ കടന്നിറ്റ് അയാളെ അട്ത്തെത്തി. വെള്ളം കുടിച്ചിറ്റ് ഏണീറ്റിറ്റ് സീതേരെ തലമ്മ കൈവെച്ചു. ഋഷി ഒര് പഴോട്ത്തിറ്റ് ഓക്ക് കൊടുത്തു. ഓള് ബോധംകെട്ടു. നല്ല കുട്ട്യോളുണ്ടാവൂന്ന് പറഞ്ഞപ്പാട് സീത വിശ്വസിച്ചു. നിന്നനിപ്പിലെന്നെ ടപ്പേന്ന് പറഞ്ഞിറ്റ് ബീണു. രാവണൻ ഓള തോളില് കെടത്തീറ്റ് വിമാനത്തിലിട്ടു. വിമാനം പൊന്താൻ തൊടങ്ങി. സീത നല്ല ഒറക്കം. ജഢായു ഇതെല്ലാം നോക്കിക്കൊണ്ട് മേലെ ഇരിക്ക്ണ്ടായിന്. വിമാനം പൊന്തുമ്പോ രാവണന്റെ അട്ത്തേക്ക് പറന്നിറ്റെത്തി. അങ്ങ്ന്നും ഇങ്ങ്ന്നും കഴുകമ്മാറ് ആക്രമിക്കാൻ വരുമ്പൊ രാവണൻ ചന്ദ്രഹാസം എട്ത്തിറ്റ് വീശാൻ തൊടങ്ങി. ചന്ദ്രഹാസത്തിന്റെ വെളിച്ചം കൊണ്ട് എല്ലാരും താഴെ ബീണു. ജഢാ യുമാത്രം ബാക്കിയായി. ജഢായു പറഞ്ഞു.
"നിനക്ക് നാണൂല്ലെ രാവണാ... ഇങ്ങനെ മറ്റാളെ ഭാര്യേനേം കട്ടിറ്റ് പോവ്വാൻ രാമനനിതറിഞ്ഞാല് നിന്ന ബാക്ക്യാക്ക്വൊ.? അല്ല, നിന്റെ ഭാര്യേന ഇങ്ങനെ ആരെങ്കിലുമാക്ക്യാല് നീ എന്താക്കും.? ബെർതെ തല്ല് കൊണ്ടിറ്റ് ചാവണ്ട. നീ ഓള എട്ത്തട്ത്തന്നെ കൊണ്ടാക്ക്. "
ചന്ദ്രഹാസത്തിന്റെ പ്രഭേല് ജഢായു തായ ബീവ്വാത്ത്യേയ്ല് രാവണന് സംശയൂണ്ടായി. രാവണൻ ഉച്ചത്തില് അട്ടഹസിച്ചു. മൈരാവണൻ ബന്നു.
"നീയാര്ടാ അത് ചോയിക്കാൻ നിന്നെ കൊന്നിറ്റ് കമ്പീല് കോർത്തിറ്റ് ഫ്രൈയാക്കും. കൂടുതൽ കളിച്ചാല് കളി പഠിപ്പിക്കുട്ടാ... രാവണനോടാ... നിന്റെ കളി.?"
പെട്ടെന്ന് ഐരാവണൻ പൊർത്ത് ചാടി.
"ജഢായു, ഞാൻ ഇവളെ അച്ഛനാണ്. അതോണ്ട് നീ പറഞ്ഞ ഞ്യായത്തിനൊന്നും ഒരർത്ഥവുമില്ല. സ്വന്തം മോള തട്ടിക്കൊണ്ടോവ്ന്നത് പാപോം അല്ല. ഇവളെന്ന് ലങ്കേല് നിന്നാമതി. ആ കൊടും കാട്ട്ല് എൾക്കാനൊന്നും എനക്ക് മനസ്സില്ല."
ജഢായന് അത്ഭുതായി. വെട്ടൊന്ന് മുറി രണ്ടല്ലേപ്പ; എല്ലാരും രാവണനക്കുറിച്ച് പറയല് നോക്കറൊ... എന്ത് തങ്കപ്പെട്ട മനസ്സ്. ജഢായു ഒന്നും പൊർത്ത് കാണിക്കാതെ പറഞ്ഞു.
"എന്റെ ചങ്ങാത്യാണ് അയോദ്ധ്യേലെ ദശരഥൻ; ഓന്റെ മോനാണ് രാമൻ. ഓന് വെഷമുണ്ടാക്കുന്ന കാര്യോന്നും ഞാൻ ചെയ്യൂല. ഓന് ഞാൻ വാക്ക് കൊട്ത്തിന്. അതോണ്ട് എന്നെ കൊല്ലാതെ നിനക്ക് സീതേനേം കൊണ്ട് ഈട്ന്ന് പൂവ്വാൻ പറ്റീല. ദശരഥന്റെ മരുവോളല്ലെ സീത... ഓളേണ്ട ഇങ്ങനെ ചെയ്യല്.? നിനക്കെന്തെ പ്രാന്താ.? എന്ന കൊന്നിറ്റ് ബേണോങ്കില് നീ കൊണ്ടോയ്ക്കോ."
അപ്പളേക്കും സീതേരെ ബോധം തെളിഞ്ഞു. സീത കണ്ണ് തൊറക്കുമ്പോണ്ട് ജഢായു പറന്ന് പോയിറ്റ് രാവണന്റെ രത്നം പതിച്ച കിരീടം തട്ടിത്തെറിപ്പിക്ക്ന്ന്, പെട്ടെന്നന്നെ മൈരാവണൻ
പൊറത്തെറങ്ങി. ചന്ദ്രഹാസം വീശാൻ തൊടങ്ങി. സീത ചാടിയെണീറ്റ് രാവണന ഒര് ചവുട്ട്; രാവണന് കുൽക്കേയില്ല. രാവണൻ ഒരു വെട്ട് ജഢായൂന്റെ ചെറക് നോക്കീറ്റ് കൊടുത്തു. ജഢായൂന്റെ ചെറക് വിമാനത്തിലും ജഢായു ഭൂമിലേക്കും പോയി. മൈരാവണൻ അട്ടഹസിച്ചു. ജഢായൂന്റെ കരച്ചില് സീതേന വല്ലാണ്ട് ഭയപ്പെടുത്തി.
"എടാ മുടി പൊലയാ" ന്ന് വിളിച്ചിറ്റ് സീത രാവണന തല്ലാൻ രണ്ട് ചുവട് പൊറകോട്ട് മാറി. മരാവണനുമായിറ്റ് മൽപ്പിടുത്തം നടത്തി. ഒരു കുഞ്ഞീനമാതിരി കളിപ്പിച്ചോണ്ട് രാവണൻ യുദ്ധം ചെയ്തു. കിഷ്കിന്ധേരെ മോളിലേകൂടീറ്റ് വിമാനം പോയി. സീത ആഭരണം അരേല്ണ്ടായത് എട്ത്തിറ്റ് പൊർത്തേക്കിട്ടു. മൈരാവണൻ ചിരിച്ചു. മൈരാവണന്റെ ശരീഷഭാഷ സീതക്ക് വെറുപ്പുണ്ടാക്കാൻ കാരണമായി. അവൾ പതുങ്ങിയിരിക്കുന്നത് കണ്ടപ്പാട് ഐരാവണൻ വന്നു.
"സീതേ.. നീയെന്റെ മോളാണ്; എന്റെ പൊന്നും കട്ടി. നീ പേടിക്കണ്ട മോളെ... എന്ന് നിനക്ക് ലങ്കേല് നിക്ക "
സീത ഒച്ചത്തില് പോട്യോടെ പറഞ്ഞു.
"നിങ്ങൊ എന്റെ അച്ഛനല്ല. എൻക്ക് അച്ഛനില്ല. ഞാൻ ജനകന്റെ മോളാണ്. മിഥിലാപുരീലാണ് വളർന്നത്. എന്റെ നാട് അതാണ് ലങ്കേല്ല."
"അല്ല മോളെ... ഞാനാണ് നിന്റച്ഛൻ, ചെർപ്പത്തില് ഒരശരീരി ഇണ്ടായി. ഈ പെണ്ണ് കുഞ്ഞി നിങ്ങളെ കൊല്ലൂന്ന്. അങ്ങനെ കൊട്ടാരഗുരൂന്റെ വാക്ക് കേട്ടിറ്റാണ് നിന്നെ പൊഴേല് ഒവ്ക്ക്യേത്. "
പെട്ടെന്ന് മൈരാവണൻ ബന്ന് ചന്ദ്രഹാസം സീതക്ക് നേരെ വീശി. സീത ഒഴിഞ്ഞ് മാറി. ഐരാവണൻ ബന്ന് മൈരാവണനെ പിടിച്ച് മാറ്റി.
"നീ എന്തന്ന് കളിക്ക്ന്നത് അത് നമ്മളെ രക്തോല്ലെ.? എന്റെ കുഞ്ഞീന കൊല്ലാൻ എന്തധികാരാണ് നിനക്കില്ലത്.?"
മൈരാവണൻ പറഞ്ഞു.
"ഈ ലോകം രക്ഷിക്കുന്നത് രാക്ഷസമ്മാറായിരിക്കണം. അങ്ങനേങ്കില് എൻക്ക് കൊർച്ചും കൂടി ആയുസ് ബേണം. അയിന് ഉവള് മരിച്ചേ മതിയാവു. നമ്മൊ പ്രജാപതിക്ക് വാക്ക് കൊട്ത്തതാണ്. എൻക്കോള കൊല്ലണം; ഞാൻ കൊല്ലും... ഇപ്പൊ കൊല്ലും."
ഐരാവണൻ പറഞ്ഞു.
"ഇന്ന് നീയവള കൊന്നാല് അസുരവർഗ്ഗോം ദേവവർഗ്ഗോം തമ്മില് എന്ത്യെ വ്യത്യാസുള്ളത്.? ഇതുവരെ ദേവകളോട് നീ നടത്തിയ പ്രതി രോധപ്രവർത്തനോല്ലം ബെർതെ ആവൂലേ.? നിന്റെ ചൈതന്യം നശിക്കീലെ.? ആൾക്കാരെ മോത്തേക്ക് നോക്കാൻ പറ്റ്വൊ.? നിന്റെ ധർമ്മ യുദ്ധത്തിന പറ്റീറ്റ് ലോകത്തിന് കൊറച്ച് മതിപ്പില്ലെ. നീയിത് ചെയ്താല് ബെറും അസുരനായിറ്റ് മാത്രം മാറും. നിന്റെ നേട്ടൊല്ലം ഇല്ലാതാവും. എന്ന് നീ ഓള ബിട്ടാലും നിന്നോട് പ്രതികാരം ചെയ്യാൻ ബേണ്ടീറ്റ് ലങ്കേല് ബരും. ഇനിയുളളകാലം മോളൊന്നിച്ച് ആർക്കും കച്ചറയില്ലാത്ത മാതിരി ഇങ്ങനെ സന്തോഷത്തോടെ കഴിഞ്ഞൂടെ, തൽക്കാലം ലങ്കേല് നിർത്ത്. അച്ഛനോ ബിൽത് ഭർത്താവോന്ന് ഇവള് തീരുമാനിക്കട്ട്, അസുരയാവണൊ ദേവതയാണോന്ന് ഇവള് തീരുമാനിക്കെട്ട്, മണ്ഡോദരിക്ക് സന്തോഷാവും."
ഐരാവണൻ ദേഷ്യം അടക്കിക്കൊണ്ട് പറഞ്ഞു.
“ആ ദേവന്റെ മോന്റൊക്ക എന്ന് ഇവള് കയ്യണ്ട. ദേവാസുര യുദ്ധത്തില് ഓന്റെ അച്ഛൻ ദേവമ്മാറെ സൈഡല്ലെ നിന്നത്. ദേവമ്മാർക്ക് ഒത്താശ ചെയ്യുന്ന ഋഷിവര്യമ്മാറുമായിറ്റല്ലെ ഓന്റെ കൂട്ട്. ഓന്റൊന്നിച്ച് എന്റെ മോള് നടക്കണ്ട. എന്നിറ്റ് കാട്ട്ലേക്ക് അയച്ചിന്; അതും എന്റെ കോളിനിലേക്ക്. രാമനേം കൊല്ലണം. ആയിറ്റ സമയം കിട്ടും."
ഐരാവണൻ പുഞ്ചിരിച്ചു. സീതേരട്ത്ത് പോയി.
"മോളെ... മോളിത് കണ്ടിറ്റ് പേടിക്കണ്ടാട്ട്വൊ. ലങ്കേല് നിനക്ക് ഒരു കൊറവും ഇണ്ടാവീല. നീ സുന്ദരിയാണ്; ആയുധകലാനിപുണയുമാണ്. നീ പേടിക്കുന്നത് കാണുമ്പോ അച്ഛന് വെഷമാണ്. രാവണനങ്ങന്യാണ്. എന്തല്ലോ ഒരു ജന്മം. നിനക്ക് എന്താവശ്യൂണ്ടെങ്കിലും എന്നോട് പറഞ്ഞാമതി. രാവണൻ ഇങ്ങന്യാണ്. എന്റെ അമരത്വമായിരുന്നു ലക്ഷ്യം. അത് എന്ന് എന്തെങ്കിലാട്ട്. ഒര് ലങ്കക്കാരിക്കില്ലെ എല്ലാ പരിഗണനയും ആനുകൂല്യോം നിനക്ക് ലഭിക്കും. കൂടാണ്ട് അതിഥി, രാവണപുത്രി അങ്ങനെ കൊറേ പരിഗണന."
രാവണന്റെ തേജസാർന്ന രൂപം കണ്ട് സീത കാൽ തൊട്ട് വന്ദിച്ചു.
ദൂരെ നിക്ക്ന്ന മൈരാവണന കണ്ട് പേടിച്ചു. ഐരാവവണൻ ചിരിച്ചു. “അച്ഛാ' എന്ന് വിളിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വന്നിറ്റ ഐരാവണനും മൈരാവണനും ഒരേ ഉടലിൽ പ്രവേശിച്ചു.
സീത മനസ്സിൽ പറഞ്ഞു.
"എന്റെ രാമൻ വരും; എന്നെ കൊണ്ടോവും. എന്നാലും എന്റെ രാമാ, ഈ രാവണൻ കൊള്ളാട്ടൊ."
"നീയെന്തിന് ബന്നത്.? അപ്പൊ സീതേരടുത്ത് ആരില്ലത്.? രാമൻ മാനിനേം കൊന്നിറ്റ് തിരിച്ച് ബരുമ്പോ ചോദിച്ചു. ലക്ഷ്മണൻ പറഞ്ഞു.
"അപ്പൊ ഒച്ച കേട്ടിന്, ഏട്ടന്റെ ഒച്ച. ലക്ഷ്മണാ... സീതേന്ന് പറഞ്ഞിറ്റ്. ഞാൻ ബിചാരിച്ചു വഴിയറിയാതെ പോയിറ്റ് ഏടേങ്കിലും കൊക്കേല് ബീണൂന്ന്. അപ്പൊ ഒന്നും ആയിറ്റാല്ലെ.?"
"എന്താവാൻ.? അത് മാനൊന്ന്വൊല്ല; നരീരെ മീട് ഒരര മെൻച്ചൻ. എന്നങ്കിലും നീ സീതേനെ ഒറ്റക്കാക്കീറ്റ് ബര്ണ്ടായിര്ന്നു.
"ഏട്ടിക്കൊന്ന്വായിറ്റ്ണ്ടാവീല. ഞാൻ ഒരു വരയിട്ടിറ്റ് ബന്നത്; അമ്പോണ്ട്. ആട്ന്ന് അനങ്ങണ്ടാന്നും പറഞ്ഞിന്. "
രാമനും ലക്ഷ്മണനും എത്തുമ്പോളേക്ക് സീതയില്ല. " ലക്ഷ്മണാ... നീ ശരിക്ക് നോക്ക്. ഞാനിങ്ങോട്ട് പൂവ്വാ... ഇപ്പൊ രാമന്റെ മീട് പേടിച്ചിറ്റും കരഞ്ഞിട്ടും എന്തോ മാതിരി
"ഏടപ്പാ സീത പോയത്, നിങ്ങൊ കണ്ടിനാ.?" കിളികളോടും മരങ്ങളോടും ചോദിച്ചു.
"നിങ്ങൊ എന്റെ സീതേനെ കണ്ടിനാ... ഓളില്ലാതെ എനക്ക് ഒറക്കം ബരീല, ഇര്ന്നാല് ഇര്ത്തം കൊള്ളീല നടന്നാല് നടത്തം തീരില, തിന്നാല് ഉള്ളിലെട്ക്കീല. എന്റെ സീതേന കണ്ടിനാ.? "
പ്രമദവനത്തിലെ കിളികളെല്ലാം രാമന്റെ ഒച്ച കേട്ടപ്പൊ ദൂരെ പറന്ന് പോയി. മരങ്ങൾ ഇലകള് പൊഴിച്ചു. രാമന്റെ സങ്കടം നോക്കറൊ. ഓനുപ്പൊ ഏടേങ്കിലും പോയിറ്റ് ചാവും. ലക്ഷ്മണൻ ഓൻ കുത്തിനിർത്തിയ അമ്പിനെ നോക്കിക്കൊണ്ട് ചുറ്റും നടന്നു.
"അങ്ങനെ ബെരീലല്ലൊ, എന്റെ രേഖക്കകത്തൂന്ന് നടക്കീലല്ലൊ." എന്നല്ലാം പിറുപിറുക്കുന്നുണ്ട്.
"സീതേരെ പാദസരത്തിന്റെ കിലുക്കം കേട്ടിനാ ആരെങ്കിലും.? "
ഓള് എപ്പളും കുളിക്ക്ന്ന പൊഴക്കരേല് പോയി. എപ്പളും കുടിക്കാൻ ബെള്ളെടുക്ക്ന്ന അരുവീല് പോയി. ഏട പോയിറ്റും ഒരു കാര്യൂല്ല. ആരോടു ചോയ്ച്ചിറ്റും ഒരു കാര്യൂല്ല. സീതേന ആരും കണ്ടിറ്റ രാമൻ കൊറേ സമയം സീതേനേം നെനച്ചോണ്ടിരുന്നു.
“ഓളൊന്നിച്ച് ബർത്താനം പറഞ്ഞാണ്ട് നടക്കാൻ നല്ല പാങ്ങ്ണ്ടായിന്. തല തൊടേല് വെച്ചിറ്റ് കെടക്കാനും,ഓള് പാകം ചെയ്ത ഭക്ഷണം കഴിക്കാനും നല്ല പാങ്ങ്ണ്ടായ്ന്. സീതയില്ലാതെ നിക്കാൻ പറ്റൂലപ്പാ... "
രാമൻ പിന്നേം ഭ്രാന്തമായി മാതിരി അങ്ങോട്ടുമിങ്ങോട്ടും നടന്നു.
"എന്തന്നാക്കല്, എന്ന് സീതേനെ കിട്ടലേട്ന്ന്,ഓള് ഏട പോയതായിരിക്കും.? സീതേ... സീതേ... "
ആ വിളി കാട്ടില് ഒരു കിടുക്കം കൊടുത്തു.
"ഏട്ടീ... ഏട്ടീ..." ലക്ഷ്മണനും സീതേനെ ബിളിച്ചോണ്ട് നടന്നു. കാട്ട്ല് കൊറേ സമയം നടന്നിറ്റ് അവർ ഒറങ്ങാൻ കെടന്നു. രാമൻ സീതയോട് മനസില് വിലപിച്ചു.
“ഓള് എടക്കെടക്ക് പറയല്ണ്ട്പ്പാ... നിങ്ങൾ ബില്ല്യ രാജാവല്ലെ, ഞാൻ രാജകുമാരിയൊന്ന്വല്ല. ഇങ്ങനെ പറഞ്ഞിറ്റ് നീ പോയതാ... നിന്റെ മാതിരി പയറ്ററിയുന്ന പെണ്ണ്ങ്ങള ഞാൻ കണ്ടിറ്റേയില്ല. മിഥിലപുത്രിയായ സീതേന വേണ്ട എനക്ക്, എന്റൊന്നിച്ച് കാട്ട്ലേക്ക് വന്ന സീതേന മതി. രാജ്യത്തിന്ന് പോയി; അമ്മേം ബെർത്തു, അച്ഛനും ബെർത്തു കാട്ടിലുമായി. എന്നി നീയും കൂടി പോയാല് ഞാനെന്തിന് ജീവിക്ക്ന്ന്.? എല്ലാരും രാമന രാജകുമാരനും ശ്രേഷ്ഠനുമാക്കിയപ്പൊ നീ മാത്രം എന്ന സ്നേഹിച്ചു. എല്ലാരും അസൂയയോടെ നോക്ക്യപ്പൊ നീ മാത്രം നിസാരമായി നോക്കി. നിന്റെ കാട്ടലെ കൂടീറ്റില്ലെ നടത്തം എത്ര നോക്ക്യാലും മത്യാവീല്ല. എലേല് ചവിട്ട്ന്നത് പോലും എലക്ക് വേദന എട്ക്കാത്ത മാതിരി, പാവത്തിന മാതിരി നടക്കും. യുദ്ധത്തില് പരിക്കേറ്റപ്യേന ശുശ്രൂഷിക്കുന്നേയ്ല് നിനക്കില്ലെ വിരുത് ഒന്ന് വേറെന്നാണ്. സീതേ എനക്ക് വേണ്ടിറ്റെങ്കിലും നീ ദേവതേനമാതിരേങ്കിലും പ്രത്യക്ഷപ്പെട്, വാത്സല്യത്തോടെ ഒന്ന് തലോട് തലോട്. എന്നെ തലോടീറ്റ് ഒർക്കാൻ എനിക്കിനി ആരില്ലത്.? സീതേ... നിന്നെ കാണാഞ്ഞിറ്റ് ഋഷിവര്യമ്മാറ് ചോയിക്കീലെ...നീ ഏട പോയീന്ന്.? ഞാനെന്തന്ന് അവരോട് പറയല് മുനിപത്നിമാരുടെ വാത്സല്യത്തിന് പാത്രായ നിന്നെ മാത്രാണ് എനിക്കിഷ്ടം. നിന്ന മാതിരി ഒര് പെണ്ണിന ഞാൻ കണ്ടിറ്റേയില്ല; ശരീരവടിവിലും സംസാരചാതുരീലും നീയെന്നെ ബിൽത്."
സീതേനെ കാണാഞ്ഞിറ്റ് പൊഞ്ഞാറായിറ്റ് രാമൻ അന്ന് ശരിക്ക് ഒറങ്ങീറ്റ. ലക്ഷ്മണൻ എടക്കെടക്ക് കരഞ്ഞോണ്ട് " ഏട്ടാ... ഏട്ടാ " ന്ന് ബിളിക്കുന്ന്ണ്ട്. രാമൻ ഒന്നും മിണ്ടീറ്റ്.
"നിങ്ങൊ എന്ന രണ്ട് ബായ്ക്കാട്ങ്കിലും പറയ് ഏട്ടാ... അതോണ്ടെങ്കിലും എനക്ക് സമാധാനാവട്ട്."
രാമൻ പറഞ്ഞു.
"നാള രാവിലെ നമ്മക്ക് പോവ്വാ... ചെലപ്പൊ സീത നമ്മളെ അന്വേഷിച്ചിറ്റ് ബന്നിറ്റ്ണ്ടാവും. അല്ലെങ്കില് ഏതെങ്കിലും മൃഗത്തിനെ കണ്ടിറ്റ് അയിന്റെ ബയ്യെ പോയിറ്റ്ണ്ടാവും. അത്രേ പറ്റിറ്റ്ണ്ടാവൂ."
രാമന്റെ മനസ്സില് ഒന്നിച്ച് പഴം ശേഖരിക്കാൻ പോയത്, തേനീച്ച കൂടെടത്തത്, കാട്ട് പൂച്ചെടികള് ശേഖരിച്ചത്... ഓർമ്മേല് വന്നു. കണ്ണ് സദാ നനഞ്ഞോണ്ടിരുന്നു. ബില്ലൊരു കല്ലെട്ത്തിറ്റ് നെഞ്ചില് കുത്ത്ന്ന മാതിരി തോന്നി. രാവിലെയാവാൻ തിടുക്കം കാണിച്ചോണ്ടിര്ന്നു. അന്നത്തെ രാത്രിക്ക് നീളം കൂടുതല്ണ്ടായ്ന്. എട ക്കെട്ക്ക് അങ്ങോട്ടുമിങ്ങോട്ടും നോക്കി രണ്ടാളും അന്നൊറങ്ങീറ്റ.
രാവിലെ നേരത്തെ നടക്കാൻ തൊടങ്ങി. സീതയില്ലാണ്ട് രാമന് നിക്കാൻ കയ്യപ്പ. ഓൻ കരഞ്ഞോണ്ട് പോന്നത് കാണുമ്പോന്നെ എന്തോ ബേജാറ്. ആരെങ്കിലും പറഞ്ഞ് കൊട്ക്കോപ്പാ.. സീതേന രാവണൻ കൊട്ടോണ്ട് പോയീന്ന്. ഇല്ലെങ്കില് ഓൻ നെഞ്ച് പൊട്ടീറ്റ് ചത്താലൊ.? ചാവ്വോന്നില്ല; ഓൻ ക്ഷത്രിയനല്ലെ.? അത്രക്ക് കരളൊറപ്പില്ലാണ്ടിരിക്ക്വൊ.? എന്നങ്കിലും മംഗലം കയിഞ്ഞിറ്റ് അത്രയല്ലെ ആയിറ്റൂ. ഒര് കുഞ്ഞ്യായിനെങ്കില് സാരൂല്ലാന്ന് പറയാ. ഇതിപ്പൊ രാമനേം വിശ്വസിച്ചിറ്റ് കാട്ട്ലേക്ക് വന്നു. എന്ന് ഓളില്ലാണ്ട് നാട്ടിലേക്ക് പോയാല് നാട്ടാര് എന്തന്ന് പറയല്, ബെല്ല്യ യോദ്ധാവോലും സ്വന്തം ഓള നോക്കാൻ കയ്യാത്തോൻ രാജ്യം നോക്കലെങ്ങനേന്നല്ലെ.!?
"ലക്ഷ്മണാ, നീ ബേഗം നടക്ക്. ചെലപ്പൊ ഇതായിരിക്കും നമ്മളെ നിയോഗം. "
രാമനും ലക്ഷ്മണനും വേഗം നടന്നു. ബയിക്ക് ഒരു വൃദ്ധനായ പക്ഷി ചെറകില്ലാതെ വീണുകെടക്കുന്ന്ണ്ടായ്ന്. മരത്തിന്റെ മോളില് ചെറകിന്റെ ബാക്കി ഞേലുന്ന്ണ്ട്. " രാമാ... രാമാ "ന്ന് രണ്ടൂട്ടം ബിളിച്ചു. രാമൻ അട്ത്തേക്ക് പോയി. കാണുമ്പോ ജഢായൂന മാതിരിയ്ണ്ട്.
"എന്തന്നായത്പ്പാ...?" രാമൻ ചോദിച്ചു.
ജഢായു കഥേല്ലം പറഞ്ഞു.
"ലങ്കേല് രാവണൻന്ന് പറഞ്ഞിറ്റ് ഒരു രാജാവ്ണ്ട്. ആ രാജാവ് നിന്റെ സീതേനേം കൊണ്ട് പോയി രാമാ..., നീ അഗസ്ത്യകൂടത്തിലെത്തണം. അഗസ്ത്യന് മാത്രേ ഭാവി പ്രവചിക്കാനറിയൂ. നിന്നെക്കുറിച്ച് എന്തെങ്കിലും അറിയുന്നത്, രാവണനെക്കുറിച്ച് എന്തെങ്കിലും അറിയുന്നത് ഓർക്കായിരിക്കും. ജ്യോതിഷോം വൈദ്യോം ഒക്കെ അറിയും. നീ ബേഗം പോട്."
രാമൻ പറഞ്ഞു.
"സീത ഇണ്ടായിനെങ്കില് ഈ ചെറക് തുന്നിതരട്ടി."
ഒരമ്പെയിറ്റ് ചെറക് താഴെ വീഴ്ത്തി. എന്നിറ്റ് രാമനും ലക്ഷ്മണനും കൂടി ചെറക് പിടിപ്പിച്ചു. മരുന്ന് പെരട്ടി. നടന്നു. പിന്നെ അവ രൊന്നും സംസാരിച്ചിരുന്നില്ല.