അദ്ധ്യായം - 8
കടലനുഭവങ്ങൾ
ലങ്കലേക്ക് പോണം. ഹനുമാനും സംഘവും കടലിന്റെ കരേലെത്തി. “ഹാവൂ'ന്ന് പറഞ്ഞിറ്റ് പോത്ത്ബലൂണ് കടലിന്റെ കരേല്ണ്ടായ വെള്ളത്തിലേക്കിട്ടു. എന്നിറ്റ് ഹനുമാൻ അയിന്റെ മോളില് നിന്നിറ്റ് നോക്കി. കൊറച്ച് ഭാഗം വെള്ളത്തില് താണു.
ഹനുമാൻ പോത്തിന്റെ കൊമ്പ് പിടിച്ച് ഇരുന്നു. പൊറത്തെ നുകം മുന്നോട്ട് താവ്ന്ന ഹനുമാന പിടിച്ച് നിർത്തി. തിരകളിലേക്ക് കാലെട്ത്ത് വച്ച് നാലുപേരും ദൂരെ നോക്കി നിന്നു. ലങ്കേരെ പൊടിപോലും കാണുന്നില്ല. എല്ലാരും അംഗദന നോക്കി.
അംഗദൻ പറഞ്ഞു.
ഈട്ന്ന് ചാട്യാല് ലങ്കലേക്ക് എത്താ."
ജാംബവാൻ ചോദിച്ചു.
"അപ്പൊ അംഗദനല്ലെ പോന്നത്.? അംഗദന് ദേഷ്യം വന്നു.
"എത്ര പ്രാവശ്യം പറയണം; എന്ന രാവണൻ കണ്ടാല് വെച്ചേക്കുല. പണ്ടത്തെ കുര്ത്തക്കേടിന്റെ പാട് ലങ്കേല് ഇപ്പളൂണ്ട്."
ഹനുമാൻ ചിരിച്ചു.
"ഏയ് ഞാൻ പോവ."നീലൻ പറഞ്ഞു.
"ഹനുമാൻ പോയാമതി. ആ നദി ചാടിക്കടക്കുന്നത് നമ്മൊ കണ്ടതല്ലേ.? പോത്തിന് തല്ലിക്കൊല്ലുന്നത് കണ്ടതല്ലെ.? എന്നിറ്റും എന്തേ ഒരങ്കലാപ്പ്.? "
ജാംബവാൻ ഒന്നും മിണ്ടീറ്റ, അംഗദൻ ഹനുമാന് എങ്ങനെ ചാടണംന്ന് കാണിക്കാൻ വെള്ളക്കെട്ടിലേക്ക് ഒര് കല്ല് ചെരിച്ചെറിഞ്ഞു. അത് നാലഞ്ച് താവണ വെള്ളത്തിനെ തൊട്ടോണ്ട് ചാടിച്ചാടി അക്കരെയെത്തി. ഹനുമാന് അത് ഇഷ്ടപ്പെട്ടു. തുകൽ സഞ്ചീല് കുടിക്കാനുള്ള വെള്ളാം, കൊറച്ച് പഴങ്ങളും നെറച്ചു.
"ഭക്ഷണം തീർന്നാല് മീനിന തിന്നണം."
ലോഹപ്പൊടിം കൂടെ വച്ചു. ഹനുമാൻ തുകൽസഞ്ചി ചുമലിൽ കേറ്റി. രണ്ട് പോത്താകൃതീല്ള്ള ബലൂണുകളും ബന്ധിപ്പിച്ചിറ്റ് കഴുത്തിലണിഞ്ഞു.
അംഗദൻ പറഞ്ഞു.
"ചൂഢാമണി സീതക്ക് കൊട്ത്തിറ്റ് ബേഗം ബരണം."
ഹനുമാൻ തലയാട്ടി. എല്ലാവരേം നോക്കി. പിന്ന പൊറകോട്ട് പോവാൻ തൊടങ്ങി. നാനൂറ് മീട്ട്ര് ദൂരത്ത്ന്ന് ഓടിവന്നു. എന്തൊരു വേഗത.!
പോകുന്നവഴി എല്ലാരും ഹനുമാന്റെ പൊറത്ത് തട്ടി. ജോറാക്ക് എന്ന് പറഞ്ഞു.
ഏകദേശം കടലിന്റെ മുക്കാഭാഗം എത്ത്യപ്പാട് ഹനുമാൻ കടലിലേക്ക് വീണു. കടല് പതുക്കെ തിരകള അടിച്ചോണ്ടിരുന്നു. അത് തീര്ന്നേയിന് മുമ്പെ, വലിയ തിരകള് വരുന്നെയിന് മുമ്പ് അക്കര പിടിക്കണം. ഹനുമാൻ തീരുമാനിച്ചു. രണ്ടാമത്തെ ചാട്ടം എട്ക്കണോങ്കില് കൊറച്ച് വിശ്രമിക്കണം. ഹനുമാൻ തുകൽസഞ്ചീലെ വെള്ളം കുടിച്ചു. നാല് കദളിപ്പഴം തിന്നു. കൊറേ സമയം പോത്ത്ബലൂണില് കടലിലങ്ങനെ നടന്നു. മത്തിക്കൂട്ടങ്ങള് തുള്ളിത്തുള്ളി ബര്ന്നത് കണ്ടു. അംഗദൻ പറഞ്ഞത് ഓർമ്മബന്നു. "ഗതി കെട്ടാല് മീനും തിന്നേണ്ടിബരും. എന്നാലും ഗതികെട്ടിറ്റല്ലൊ.! എനി ഒരു ചാട്ടത്തില് അക്കരെ എത്തൂന്ന് തോന്നുന്നില്ല. തൊകല് ബലൂണില് കാല് വച്ചിറ്റ് കൂടി പോയാല് അഞ്ഞൂറ് കോല്; അയിന്റ പറം പോവീല, പോത്ത്ബലൂണ് എങ്ങോട്ടെന്നില്ലാതെ തിരകൾക്ക് സമമായിറ്റ് പോന്നൂണ്ട്. പോത്ത്ബലൂണില് ഒന്ന് നഷ്ടപ്പെടൂന്ന് ഹനുമാന് തോന്നി. അതോണ്ട് അയിന്റെ ഒരറ്റത്ത് കൈതനൂലോണ്ട് കെട്ടി അലയാൻ വിട്ടു.
അംഗദനും നീലനും ജാംബവാനും ഹനുമാൻ ചാടുന്നത് നോക്കീറ്റ് കൊറേസമയം നിന്നു. പിന്ന ഹനുമാന്റെ പൊടിപോലും കണ്ടിറ്റ. കടലിലേക്ക് കല്ലെറിഞ്ഞ മാതിരി എന്തോ ഒര് തുള്ളിച്ച കണ്ടു. ഒന്നും വ്യക്തായില്ല.
എന്നത്തെ ചാട്ടം ലങ്കലേക്കാണ്; ഹനുമാനറിയാം. പക്ഷെ, കൊമ്പൻ തിരകള് എത്രയും പെട്ടെന്ന് ബരും. കടല് കമഴ്ന്ന് വീഴാൻ തൊടങ്ങും. എന്നും ഈട നിന്നാല് കൈമ്മില്ലെ ഭക്ഷണോല്ലം നഷ്ടപ്പെടും. എല്ലാം അറിയായിരുന്നു. എന്തെങ്കിലും ചെയ്യണം. ഹനുമാൻ പിന്നേം ഒരു ചാട്ടം വച്ചു. കടൽമീനിന്റൊപ്പം ഹനുമാനും വീണു. തിരകൾ അധികമായുള്ള ഇടത്തിലാണ് വീണത്. കയറ് വലിച്ച് രണ്ടാമത്തെ പോത്ത് ബലൂണിന അടുപ്പിക്കാൻ നോക്കി. കൊമ്പൻ സ്രാവുകൾ ഹനുമാന് ചുറ്റും വട്ടംകറങ്ങാൻ തൊടങ്ങി. വലിയ മടക്ക് തിര വന്ന് ഹനുമാന്റെ മോളിലേക്ക് വീണു. ഭക്ഷണസാധനങ്ങളെല്ലാം നഷ്ടപ്പെട്ടു. ചെറിയ ചെറിയ തിരകൾ വന്നും പോയുമിരുന്നു. ഹനുമാൻ ഉപ്പുവെള്ളത്തിൽ കുളിച്ചു. രണ്ട് കൊമ്പൻ സ്രാവുകളുടെ കൊമ്പുകൾ കാണാൻ പറ്റി. അയിന് എങ്ങനെങ്കിലും കൊന്നാല് അട്ത്ത ചാട്ടത്തിന് ലങ്കേലെത്താന്ന് ഹനുമാന് തോന്നി. പെട്ടെന്ന് ബില്ലൊരു മത്സ്യകന്യക ഹനുമാന്റെ മുമ്പില് ബന്നു. ഹനുമാൻ ദിശ മാറ്റാൻ നോക്കി.
മത്സ്യകന്യക ചിരിച്ചോണ്ട് പറഞ്ഞു.
"ഏയ് കടൽ വീരാ... നീയാര്.? ഏട പോന്ന്.? "
ഹനുമാന് സന്തോഷായി. വീരാന്ന് വിളിച്ചില്ലെ. അപ്പൊ ഏതോ പാവം കന്യകേന്നെ. എന്നെങ്കിലും കാണുമ്പോ ചെറിയ പേടി തോന്ന്ന്ന്.
"ഞാൻ ഹനുമാനാണ്; വായുപുത്രൻ. എൻക്ക് ലങ്കലേക്ക് പോണം."
"ഇത്രേം കടൽ ജീവികളും കടൽത്തിരകളേം കൂസാതെ എങ്ങനെ നീ ലങ്കേലെത്തല്.? നിനക്കറിയൊ, ലങ്കേലെ സൈന്യത്തില് ആദ്യത്തേത് കടലിലാണ്. ഈ കടലാണ് ലങ്കേരെ രക്ഷ. ഇത് കഴിഞ്ഞാല് നീ പോല് സുരാസേരെ വായിലേക്ക്. നിനക്ക് ജീവൻ ബേണോങ്കില് തിരിച്ച് പോയ്ക്കൊ. സുരാസേരെ വായില് കിട്ട്യാല് നീ പൊടിയാവും.
ഹനുമാന് ഓളോട് പ്രണയം തോന്നി.
എന്റെ രക്ഷേന കുറിച്ചിറ്റ് ഒരാളും ഇതുവരെ പറഞ്ഞിറ്റ കൂട്ടുകാരെല്ലാം ലങ്കേല് പോയ്ക്കോന്നെ പറഞ്ഞിറ്റു, നീ ഇങ്ങനെ പറഞ്ഞേയ്ല് നന്ദീണ്ട്,നിന്ന കാണാനും പാങ്ങ്ണ്ട്. കടലിന്റെ രാജകുമാരീന മാതിരീണ്ട്. ഞാനീട നിക്ക്ന്നതെന്നെ നിന്റെ കനിവോണ്ടാണ്. നീയില്ലെങ്കില് ഞാൻ ബത്ക്കീല. നിന്റെ കനിവാണ് കടൽത്തിരകളീന്നും സ്രാവിൽ നിന്നും എന്നെ രക്ഷിച്ചത്. എന്നങ്കിലും എനക്ക് ലങ്കേല് പോയാലെ പറ്റൂ. നിന്നെ കാണുമ്പൊ എൻക്ക് പ്രണയം തോന്ന്ന്ന്. എന്നോട് സഹതപിക്കാനെങ്കിലും നിനക്ക് കയിഞ്ഞിലെ. എന്റെ ലക്ഷ്യത്തിലേക്ക് പോവാൻ നീ അനുവദിക്കണം."
ഹനുമാൻ പറഞ്ഞതെല്ലം കേട്ടു. ആദ്യായിറ്റ് ഒരു പ്രശംസ കിട്ട്യമാതിരി ഓള് സന്തോഷിച്ചു. പിന്നെ സംശയത്തോടെ പറഞ്ഞു.
'ഞാൻ രാവണപുത്രിയാണ്. നീയെന്തിന് ലങ്കേല് പോന്നത്.? ആട നിനക്കെന്ത്യെ കാര്യം.? "
ഹനുമാൻ ഒച്ചത്തില് പറഞ്ഞു.
"എനക്കൊരാള കാണാന്ണ്ട്. സീതേന. ശ്രീരാമന്റെ ഭാര്യയായ സീതേന രാവണൻ തട്ടിക്കൊണ്ടോയി. ഇപ്പൊ സീത ലങ്കേല്ണ്ട്. കാണണം. രാമൻ ജീവിച്ചിരിപ്പുണ്ടെന്ന് പറയണം. എന്നിറ്റ് ഒര് മോതിരോം കൊട്ക്കണം. ബേറൊന്നുല്ലപ്പ."
"അപ്പൊ ദൂതനാണല്ലെ.?"മത്സ്യകന്യക നല്ല പാങ്ങില് ചിരിച്ചു.
"രാവണന് ചെല കളികള് ഇഷ്ടാണ്. അയിലൊന്നാണ് ഇതും. അയില് ബില്ല്യ കാര്യോന്നുല്ല. മായാവിനോദായിറ്റ് കണ്ടാമതി. എന്ന രാവണപുത്രീന്നും വിളിച്ച്, കൊമ്പൻ സ്രാവുകളെ രക്ഷക്ക് തന്ന്, എനക്ക് വേണ്ട ആഭരണോം ഭക്ഷണോം വായൂം തന്ന് എന്നെ രക്ഷിക്കുന്നവനാണ് മായാരാവണൻ. എന്തെങ്കിലാട്ട്, നിന്നെ ഞാനൊന്നും ചെയ്യീല, രണ്ട് കൊമ്പൻ സ്രാവുകള് ആക്രമിക്കാൻ വരും. അവരെ കൊന്നിറ്റ് നിനക്ക് ബേണോങ്കില് ഈട്ന്ന് പോവ സുരാസൂരെ കാര്യം എൻക്കറീല, അതല്ല, നീ തോറ്റാല് കടൽക്കോടതീല് വിചാരണക്ക് വെക്കും. അവിടെ വിഷൂള്ള പാമ്പുകളും ബില്ല്യ മുള്ളുള്ള മീനും, തിമിംഗലോം ഇണ്ടാവും. അവരെ മുമ്പില് വെച്ചിറ്റ് നിന്നെ വിസ്തരിക്കും. അതിന് ശേഷം പാതാളത്തില് കൊണ്ടോവും. നിനക്കറിയൊ, അസുരമ്മാറ ഉടലോടെ കൊണ്ടോന്ന സ്ഥലാണ് പാതാളം. ആട കൊറേ നിയമങ്ങളുണ്ട്. ശിക്ഷാവിധികളുണ്ട്. എല്ലാം നീ നേരിടണം. അതല്ല, നീ ജയിച്ചാല് സ്രാവുകള് നിന്ന സഹായിക്കും. സുരാസേനേം നേരിട്ടിറ്റ് നിനക്ക് ലങ്കേല് എത്താ."
ഹനുമാനൻ ഇപ്പളും പോത്തിന്റെ ആകൃതീള്ള ബലൂണിന്റെ മോളിലെന്നെ ഇള്ളത്. ഹനുമാൻ ഉച്ചത്തില് പറഞ്ഞു.
"എനക്കെന്തെങ്കിലും തിന്നാൻ ബേണം. പൈക്ക്ന്ന്. മത്സ്യകന്യക കുസൃതിയോടെ ചിരിച്ചു.
"നീ ജയിച്ചാല് എന്റെ കടൽക്കൊട്ടാരത്തില് പോയിറ്റ് നല്ലത് തിന്നാൻ തരും. പിന്നെ എന്റെ കൊട്ടാരം കാണാം. തോറ്റാല് നേരെ പാതാളം. "
രണ്ട് കൊമ്പൻ സ്രാവുകള് ഹനുമാന്റെ നേരെ രണ്ട് ഭാഗത്ത് കൂടീറ്റ് ബര്ന്നുണ്ട്. ഹനുമാൻ കൈതനാരോണ്ടുണ്ടാക്ക്യ കയറ് കുടുക്കാക്കീറ്റ് സ്രാവിന്റെ കൊമ്പിലേക്ക് എറിഞ്ഞു. അത് കുടുക്കിയപ്പൊ മറ്റേ അറ്റം ഒരു കുടുക്കിക്കീറ്റ് രണ്ടാമത്തെ സ്രാവിന്റെ കൊമ്പിലേക്ക് എറിഞ്ഞു. രണ്ട് സ്രാവുകളും അങ്ങോട്ടുമിങ്ങോട്ടും വലിച്ചോണ്ടിന്നു. ഹനുമാൻ ഓന്റെ ദഗ എട്ത്തിറ്റ് ഒരു കൊമ്പൻ സ്രാവിന്റെ കൊമ്പില് നല്ല അടി വച്ച് കൊട്ത്തു. കൊമ്പൊടിഞ്ഞു. അപ്പോന്നെ പോത്ത് ബലൂണിലേക്ക് ചാടിബന്നു. ചോര ബന്നു. ഒന്നാമത്തെ സ്രാവ് പ്രാണവേഗത്തില് കുതിച്ചു. മറ്റേ സാവിന ബലിച്ചോണ്ട് അപ്യ തമ്മില് അടിയായി. അവസാനം രണ്ടാളും തളർന്നു. രാവ ണന്റെ ആദ്യത്തെ സ്രാവ് സൈന്യത്തില് രണ്ട് പ്രമുഖര് ഇല്ലാണ്ടായി. കൈതക്കയറിന്റെ നടുവില് പോത്ത് ബലൂണിന കെട്ടി. ഇപ്പൊ അപ്പുറോം ഇപ്പുറോം കടൽകുതിരകള മാതിരി കൊമ്പൻസ്രാവുകള് കണ്ടു. മത്സ്യകന്യക ഹനുമാനേം കൂട്ടി കടൽക്കൊട്ടാരത്തിലെത്തി. പവിഴപ്പുറ്റ് ധാരാളം ആട ഇണ്ടായിന്. പിന്നെ രാജകൊട്ടാരത്തിലെ പഴങ്ങൾ മാത്രമുള്ള തീൻമേശ കണ്ടു. എന്തൊരു മണം, എന്തൊരു രുചി. ഭക്ഷണം കഴിക്കുന്നെയ്നെടേല് മത്സ്യകന്യക പറഞ്ഞു.
"രാവണനോട് കാര്യം പറയാനാണ് സ്രാവുകള് പോന്നത്. ലങ്കേലെത്ത്യാല് മുക്കോമ്മാർക്ക് സ്രാവുകള കിട്ടും. അവരതിന രാവണന്റെ സന്നിധീല് എത്തിക്കും. സ്രാവുകള് കരക്കടിയാന്ന് പറഞ്ഞാല് രാവണന് അപായ സൂചനയാണ്. അപ്പൊ രാവണന് കാര്യം പിടികിട്ടും. ഭടമ്മാറോട് സൂക്ഷിച്ച് നിക്കാൻ പറയും. അതെല്ലാം നിനക്ക് വിധിച്ചത് മാതിരി നടക്കും. അത് പോട്ട്, എന്തായാലും ലങ്കവരെ നിനക്ക് ചാടിപ്പോവേണ്ടി വരീല."
ഹനുമാൻ തിരിച്ച് പോത്ത്ബലൂണിന്റെ മോളില് വന്നു.പിന്ന മത്സ്യകന്യക ഹനുമാനോട് യാത്ര ചോദിച്ചു. മത്സ്യകന്യക കൊട്ടാരത്തിലേക്ക് പോയി. ഹനുമാനേം കൊണ്ട് കൊമ്പൻ സ്രാവുകള് തിരമാലകള് കൂട്ടാക്കാണ്ട് വേഗം പോയി. മടക്ക് തിരേരെ മോളിലെ കൂടിയും, ഗുഹമാതിരീള്ള തുരങ്കത്തിലെ കൂടിയും പോയി. കടലീന്ന് കുമിളകള് പൊന്തിവര്ന്നതായി കണ്ടു. അട്ത്തന്നെ കടൽക്ഷോഭത്തിനുള്ള സാധ്യതേണ്ടെന്ന് മനസ്സിലായി. എന്നങ്കില് അത് കടൽക്ഷോഭോന്നും ആയിരുന്നില്ല. സുരാസ കടലീന്ന് എണീക്കുന്നതായിരുന്നു. സുരാസ ഭീകരമായി കടലിനെ കുലുക്കി. പിന്നെ ബില്ല വായ തൊറന്ന് വച്ചു. ഭക്ഷണത്തിന് കൊറേ ജീവികള് കടന്നുപോയി. ഒര് മലമാതിരില്ലെ മുഖം. ഹനുമാന് പേട്യായി. ഹനുമാന കണ്ടപ്പൊ അവള് വായ തൊറന്നു. തിരമാലകൾ അങ്ങോട്ടുമി ങ്ങോട്ടും പോയ്ക്കൊണ്ടിരുന്നു. ഹനുമാൻ ഒന്നും കണ്ടിറ്റ. രണ്ട് ഭാഗത്ത് കൂടേം കൊമ്പൻ സ്രാവുകള് വേഗത്തില് പോയി. ഹനുമാൻ ഒന്നും അറിഞ്ഞിറ്റ.രണ്ട് ഭാഗത്തൂടെ കൊമ്പൻ സ്രാവുകള് വേഗത്തില് പോയി.ഹനുമാൻ ഒന്നും അറിഞ്ഞിറ്റ.സുരാസൂരെ തൊണ്ടേലെ കൂടീറ്റ് മുറിഞ്ഞ് ചോര ബന്നു. കടല് ചോരക്കളായി. ഹനുമാന് ഒന്നും മനസ്സിലായിറ്റ്. ഒര് നെലവിളീം കൊറേ മറിഞ്ഞ് വീണ് കടൽപ്പാലോം കണ്ടു.
"വാടാ... നമ്മക്ക് രാമന്റട്ത്ത് പോവ്വാലൊ.?"
ജാംബവാൻ പറഞ്ഞു.
"എന്തിന്.ഹനുമാൻ പോയിലെ,ആട പോയാല് എന്നും എന്തങ്കിലും കച്ചറ പണീണ്ടാവും."
നീലന് മടിയായി.
"പിന്നെ ഓനോട് പറയേണ്ടെ,? സീതേര്ത്ത് ഹനുമാൻ പോയീന്ന്."
ജാമ്പവാന് ദേഷ്യം വന്നു.
"അത് ശരിയന്നെ. ഓൻ ബരുംബരെ ഈട കാത്ത്നിക്കന്നെയിനക്കാളും ആട്ത്തേക്ക് പോയിറ്റ് രാമന കാണുന്നതെന്നെ നല്ലത്, അങ്ങനേങ്കിലും ഓന്റെ പൊഞ്ഞാറ് മാറ്വല്ല്വോപ്പ.
അംഗദൻ പറഞ്ഞു. എല്ലാരും കൂടീറ്റ് രാമന്റട്ത്തേക്ക് നടന്നു. രാമൻ പുഴേരെ കരേല് എന്തെല്ലോ ചിന്തിച്ചിരിക്ക്ന്നുണ്ട്. ലക്ഷ്മണൻ അട്ത്തന്നെ ഇരിക്കുന്നുണ്ട്. രാമന്റെ കണ്ണ് കലങ്ങീറ്റ്ണ്ട്. നിരാശേം, ദേഷ്യോം.... ഒരു പ്രാന്തന മാതിരി മുടിയെല്ലാം അയിച്ചിട്ടിറ്റ് ലക്ഷ്മണന്റെ മടീല് തലേം വച്ചിറ്റ് കെടന്നു. രാമന കണ്ടാല് ഏതോ മാനസികം പിടിച്ചോന മാതിരീണ്ട്.
ദൂരത്ത് നല്ല ഉത്സാഹത്തില് കയ്യും വീശീറ്റ് ബര്ന്ന അംഗദ നീല-ജാംബവാമ്മാറ കണ്ടു. ലക്ഷ്മണന് ഇത് കണ്ടപ്പൊ നല്ലോണം ദേഷ്യം ബന്നു.
"മെൻച്ചനീട പ്രാന്ത് പിടിച്ചിറ്റിരിക്ക്ന്ന്. എന്തിനിങ്ങനെ ചിരിക്ക് ഈറ്റിങ്ങൊ.? സീതേന ഇപ്യക്ക് കിട്ട്യമാതിരിണ്ടല്ലോ!."
ലക്ഷ്മണൻ ദൂരത്ത് ചോയിച്ചു.
"എന്തേ, എന്തെങ്കിലും ആയൊ.?"
അംഗദൻ അട്ത്തെത്തീറ്റ് അവരട്ത്ത് ഇരിന്നിറ്റ് പറഞ്ഞു.
" ഹനുമാൻ ലങ്കലേക്ക് പോയി. ഇപ്പൊ ഓനാട എത്തീറ്റ്ണ്ടാവും.
രാമന് ആകാംക്ഷയായി.
"എങ്ങനെ പോയത്.?"
അംഗദൻ വിവരിച്ചു.
"രണ്ട് കാട്ട് പോത്തിന കൊന്ന് ബലൂണാക്കി. ചുമലിലിട്ട് കടലിന്റെ അപ്പർത്തേക്ക് ഒര് ചാട്ടം."
രാമൻ എല്ലാർക്കും വെള്ളം കൊട്ക്കാൻ പറഞ്ഞു.
നീലൻ
"രാവണനിപ്പൊ അറിഞ്ഞിറ്റ്ണ്ടാവും ഹനുമാൻ ബന്നൂന്ന്."
രാമൻ പറഞ്ഞു.
"അഥവാ സീത ആട ഇണ്ടെങ്കില് രാവണന കൊല്ലേണ്ടിബരും.അയിന് ഒരു പട ഇണ്ടാക്കണം."
എന്നിറ്റ് ഓരോരുത്തരോടായി പറഞ്ഞു.
"ജാംബവാന്റെ ഭാഗത്ത് കരടിപ്പട, നീലന്റെ പട, അംഗദന്റെ ഭാഗത്ത് കിഷ്കിന്ധപ്പട, വാനരപ്പട."
എല്ലാരും അത് വേണോന്ന് ചോദിച്ചു.
“എന്നങ്കില് ഹനുമാൻ ബെര്ന്നത് വരെ നമ്മക്ക് ആട നിക്ക... കടൽക്കരേല്, ഇല്ലെങ്കില് ഹനുമാന് ബേജാറായാലൊ.?” രാമനും ലക്ഷ്മണനും അവരെ ഒന്നിച്ച് കൂടി."
ആനന്ദരാവണൻ സീതാസമക്ഷമെത്തി. സീത വിരസമായി നിന്നു.
ഈനെന്തെ, പ്രാന്താ.? എപ്പളും അട്ത്ത് ബന്നിറ്റ് ഒലിപ്പിച്ചോണ്ടിരിക്കും.
“ദേവീ... ദേവീ... ഞാൻ ബന്നു."
രാവണൻ പറഞ്ഞു. രാവണന്റെ ചുണ്ടില് അപ്പോഴും നല്ല പ്രേമഗാനങ്ങൾ ഇണ്ടായിരുന്നു. ആട്ത്തേക്ക് രണ്ട് കൊമ്പൻ സ്രാവുകളെ വലിച്ചോണ്ട് മുക്കുവ സംഘം വന്നു. രാവണനത് ഭയങ്കര പ്രശ്നായി തോന്നി. രാവണനീട ഇണ്ടാവൂന്ന് ആര് ഇവരോട് പറഞ്ഞത്. കഷ്ടോന്നെ, ഒന്ന് പ്രേമിക്കാനും ഈറ്റിങ്ങോ തമ്മിക്കീല. രാവണന്റെ മീട് പെട്ടെന്ന് കറുത്തു. മൈരാവണനായി മാറി. സീതക്ക് പേട്യായി. ഇത്രേം വരെ എന്ത് നല്ലെ ആനന്ദായിരുന്നു മോത്ത്. ഇപ്പൊ നോക്ക് ലങ്കേല് എന്തോ സംഭവിച്ചിട്ടുണ്ട്.! എന്താ.? സീതക്ക് പേട്യായി.
മൈരാവണൻ സീതേരെ മോത്തെ ചോദ്യത്തിനുത്തരം മാതിരി പറഞ്ഞു.
“ലങ്കലേക്ക് ആരോ പറയാതെ വന്നിറ്റ്ണ്ട്. പിന്നെ സീതേന നോക്കീറ്റ് പറഞ്ഞു.
“അത് നിന്റെ രാമനെങ്കില് നിന്റെ അന്ത്യായിരിക്കും."
മുക്കുവര് പറഞ്ഞു.
“രാമനല്ല, അത് ഒര് കൊരങ്ങനാണ്."
അപ്പൊ രാവണന് സന്തോഷായി.
“കൊരങ്ങനെങ്കില് ബാലിയോ അംഗദനോ ആയിരിക്കും. എന്നോട് എന്തെങ്കിലും പറയാനായിറ്റ് ബന്നതായിരിക്കും. അല്ലെങ്കില് എനക്ക് പഴങ്ങളൊ കാഴ്ചവസ്തുക്കളൊ എന്തെങ്കിലും കൊണ്ടുവന്നതായിരിക്കും. അതെന്തെങ്കിലാട്ട്, ബാലിയെങ്കില് എന്നെ കാണാൻ ബരും. അംഗദനെങ്കില് ഓന് രണ്ട് കൊട്ക്കണം. മുമ്പ് ഈ ബന്നിറ്റ് കുത്തക്കേടാക്കീറ്റല്ലേ പോയത്.? ഓന് രണ്ട് കൊട്ക്കണ്ടിബരും. സീതേ, നീ വിശ്രമിച്ചോ. ആടേടേങ്കിലും പോയിറ്റ് കെടന്നോ. ഞാൻ പോയിറ്റ് എന്റെ അതിഥികളെ സ്വീകരിച്ചിറ്റ് ബരാ."
രാവണൻ രാജധാനിയിലേക്ക് പോയി. സീത ഒന്നും മിണ്ടീറ്റ. ശല്ല്യം ഒയിഞ്ഞല്ലൊ. അത്രേം നല്ലതെന്ന് കര്തീറ്റ്ണ്ടാവും. രാവണൻ പോയി. കൊമ്പൻ സ്രാവിനെ കൊട്ടാരത്തിലെ പാചകക്കാഷ ഏൽപ്പിച്ചു.
രാവണൻ പോയപ്പാട് ഹനുമാൻ മരച്ചില്ലേരെ മോളില് കേറീറ്റ് ചില്ല അനക്കാൻ തൊടങ്ങി. സീതക്ക് അതൊന്നും കാണാനോ കേക്കാനോ പറ്റീറ്റ. പിന്ന ഹനുമാൻ രണ്ടാമത്തെ അടവെട്ത്തു. "ജയ് ശ്രീറാം' എന്ന് പറയാൻ തൊടങ്ങി. ഒറങ്ങാൻ ശ്രമിച്ച സീതേരെ ചെവീലേക്ക് ജയ് ശ്രീറാം മന്ത്രം കേറി. സീത ഒണർന്നു. രാവണൻ പോയീന്ന് ഒറപ്പാക്കീറ്റ് സീത മോളിലേക്ക് നോക്കാൻ തൊടങ്ങി. സീത ശ്രദ്ധിക്കുന്നുണ്ടെന്ന് അറിഞ്ഞ ഹനുമാന് സന്തോഷായി. ഹനുമാൻ പിന്നേം പറഞ്ഞു “ജയ് ശ്രീറാം. സീത ചുറ്റും നോക്കി. അശോകവനീലെ പേരമരത്തിന്റെ മോളില് ഒരു കൊരങ്ങനെ കണ്ടു. കൊരങ്ങൻ ഇങ്ങനെല്ലം പറയ്യൊ...!? സീതക്ക് സംശായി. സീത ഒര് കദളിപ്പഴം അയിന് എറിഞ്ഞുകൊടുത്തു. ഹനുമാനത് പിടിച്ചു. പിന്നെ തൊലിയോടെ തിന്നിറ്റ് താഴേക്ക് ചാടി. രണ്ട് മൂന്ന് പഴം മേണിച്ചു. ഹനുമാന്റെ കയ്യിലെ രാമമോതിരം കണ്ടപ്പാട് സീതക്ക് സന്തോഷായി; അദ്ഭുതായി.
സീത സ്നേഹത്തോടെ കൊരങ്ങനോട് ചോയിച്ചു.
“നിന്റെ പേരെന്തെന്ന് നീ ഏട്ന്ന് ബെര്ന്നത്.? ഇതേട്ന്ന് മോതിരം.?"
ഹനുമാൻ പറഞ്ഞു.
“ഞാൻ സീതേരെ ഭർത്താവായ രാമന്റെ സുഹൃത്താണ്. ഹനുമാൻ, സീത ജീവിച്ചിരിക്കുന്നുണ്ടോന്നറിയാൻ ഈട്ത്തേക്ക് ബന്നതാണ്. ലങ്കേല് കൊറേ സ്ഥലത്ത് സീതേന പര്തി. ഏടേം കണ്ടിറ്റ എല്ലാരും ലങ്കേലെ പരമ്പരാഗത വസ്ത്രോം ആഭരണം തന്ന്യാണ് ഇട്ടി റ്റില്ലത്. ഞാൻ ഇപ്പൊ എത്യേതേ ഇല്ലൂ. അതോണ്ടെന്നെ നല്ലോണം പൈയ്ക്കുന്ന്ണ്ടായിന്. പഴം കണ്ടപ്പൊ മേണിക്കാൻ തോന്നി. ഈല് വെഷോന്നും ഇട്ടിറ്റല്ലോ.”
സീത ഹനുമാന കെട്ടിപ്പിടിച്ചു.
“ഞാനെന്നെ നീ പറഞ്ഞ സീത."
ഹനുമാന് സന്തോഷായി. ഇപ്പൊ ഹനുമാന് സീതേന കാണുമ്പോ ദേവീരെ മാതിരി തോന്നി. വലിയ ചോന്ന പൊട്ടും വെള്ള സാരീം, നെർച്ച് ആഭരണോം, എന്ത് രസം. രാമന് ഭാഗ്യൂണ്ട്.
ഹനുമാൻ മനസില് വിചാരിച്ചു. “രാമൻ കിഷ്ക്കിന്നേല് ഇണ്ട്.ഹനുമാൻ പറഞ്ഞു.
“ഈ മോതിരം തരാൻ വേണ്ടീറ്റ് പറഞ്ഞിന്. പിന്നെ ധൈര്യായിറ്റ് ഇരിക്കാനും. രാമൻ ഏത് സമയത്തും ഇവിടെ വരും. നിങ്ങളെ കൊണ്ടോവേം ചെയ്യും."
സീത ശാന്തയായിറ്റ് പറഞ്ഞു.
“നിഷ്ക്കളങ്കനായ രാവണനക്കൊണ്ട് വല്ല്യ എടങ്ങറൊന്നുല്ല. കണ്ടില്ലെ ഈ ആഭരണോം വസ്ത്രോം എൻക്ക് രാവണൻ തന്നതാണ്. എന്നങ്കിലും രാമനില്ലാതെ എനക്ക് ജീവിക്കാൻ കയ്യീല. രാവണന്റെ സ്വഭാവം കാണുമ്പം എൻക്ക് അതിശയം തോന്നും. എടക്ക് ആദരവും. ചെലപ്പൊ എന്റെ അച്ഛനമാതിരി രാവണൻ പെരുമാറും. എന്നെ ഉപദേശിക്കും; ഗുരുവാവും. രാമന എൻക്ക് വേണ്ടെന്നും ലങ്കേലുള്ള ഏതെങ്കിലും അസുരന കല്ല്യാണം കഴിക്കണോന്നും പറയും. ചെല സമയത്ത് ശത്രൂന മാതിരിയായിരിക്കും വെര്ല്, ഒര് വാളും ഇണ്ടാവും. എന്റെ കവ്ത്തിന്റെട്ത്തേക്ക് വാള് കൊണ്ടെന്നിറ്റ് ക്രൂരായിറ്റ് ചിരിക്കും. എന്റെ ആർദ്രനയനങ്ങളായിരിക്കണം; അയാളെ പിന്തിരിപ്പിക്കും. പരാജിതന മാതിരി പൊറം തിരിയും. എന്നിറ്റ് കരഞ്ഞോണ്ട് പറയും ഈ ലോകം ഇടിഞ്ഞ്പൊളിഞ്ഞ് വീണാലും എന്റെ മോളെ കൊല്ലാൻ എൻക്ക് കയ്യപ്പ.!പിന്ന കൊറേ കരയും. സ്വന്തം പാപങ്ങള് ഓരോന്ന് പറയും. കുബേരന ലങ്കേന്ന് തുരുത്തിയതും വിഭീഷണന പറഞ്ഞ് വിട്ടതും, എന്തിന് എന്നെ തട്ടിക്കൊണ്ട് വന്നതും വരെ രാവണൻ പറഞ്ഞിറ്റ് കരയും. അപ്പൊ രാവണന്റെ വീര്യത്തിന് കൊറച്ച് കോട്ടം തട്ടും. എന്നങ്കിലും ഇത്രേം ബല്ല്യ ശരീരോം വച്ചിറ്റ് കരയുന്നത് കാണുമ്പൊ, ഹോ.. എടങ്ങേറാവും.
രാവണനക്കുറിച്ചിറ്റ് പറയാൻ സീതക്ക് കൊറേണ്ടായിന്. ഹനുമാൻ അതെല്ലം കേട്ടിരുന്നു.
"ഒര് ദെവസം രാവണൻ വന്നത് ലങ്കാധിപതീന മാതിര്യാണ്. അന്ന് എന്നോട് പറഞ്ഞു “നീ ലങ്കക്ക് അലങ്കാരാണ്, ദേവമ്മാറ് മാത്രാണ് എന്റെ ശത്രുക്കൾ, ലങ്കേരെ നീതി ഇതാണ്. നിനക്കെന്തെങ്കിലും കൊറവുണ്ടെങ്കില് എന്നോട് പറഞ്ഞാമതി. ലങ്കേരെ സൈന്യത്തിന് ഈ ലോകത്തിന് ജയിക്കാനുള്ള ബലൂണ്ട്. നിനക്കറിയോ, യക്ഷമ്മാറ സാഹചര്യം കൊണ്ട് മാത്രാണ് ലങ്കേന്ന് പൊർത്താക്യേത്.' രാവണൻ കാമുകനായിറ്റ് വര്മ്പോ ഈ ലോകത്ത് അയാളെ വെല്ലുന്ന വേറൊരു കാമുകൻ ജനിച്ചിട്ടില്ലാന്ന് തോന്നും. എന്റെ മനസ്സ് കൈവിടൂന്ന് തോന്നുമ്പൊ, ആ പൂമാലയിട്ട കല്ലിലേക്ക് നോക്കും. അപ്പൊ മനസ്സ് വീണ്ടെടുക്കും. എൻക്കത് രാമനാണ്. രാവണൻ ഋഷി തുല്യനായും സഹോദരനായും രാജാവായും ദരിദ്രനായും കാമുകനായും സാത്വിക-രജോ-തമോഗുണത്തിലെല്ലം വരും. എനക്ക് ഇതു വരെ മനസ്സിലായിറ്റ രാവണന്റെ യഥാർത്ഥ രൂപേതെന്ന്. നല്ല നടന മാതിരി രാവണൻ എന്റെ മുമ്പില് പ്രകടനം നടത്തും. ഭക്തനായിറ്റ് വരുമ്പൊ എന്റെ കാൽക്കല് വീണിറ്റ് മാപ്പിരക്കും. ശിവശിവാന്ന് ഉരുവിട്ടോണ്ടിരിക്കും. എന്നെ തിരിച്ച് കൊണ്ടാക്കാൻ വേണ്ടീറ്റ് പുഷ്പക വിമാനം ശര്യാക്കാൻ പറയും. മണ്ഡോദരീന കാണുമ്പം രാവണന് ഭാവമാറ്റോം സ്വാഭാവമാറ്റോം രൂപമാറ്റോം ഇണ്ടാവും. രാമന്റൊന്നിച്ച് കാട്ടില് കയ്യുമ്പൊ എത്ര രാക്ഷസമ്മാറാണ് വന്നത്. ആശ്രമത്തിലാണെങ്കില് എപ്പളും ഉപദേശം. അതൊന്നും ഈടില്ല."
ഹനുമാൻ പറഞ്ഞു.
“അപ്പൊ ദേവിക്കീട സുഖാണല്ലേ.?" സീത പറഞ്ഞു.
“സുഖാണ്. രാവണനെക്കുറിച്ചിറ്റ് അധികം അറിയാത്തോണ്ട് പേടീം. നീ എന്തായാലും ഈ ആശ്ചര്യചൂഢാമണി രാമന് കൊട്ക്കണം. അഥവാ ലങ്കേന ആക്രമിക്കുന്നെങ്കില് നല്ല ആയുധബലം ഇണ്ടാക്കാൻ പറയണം."
ഹനുമാൻ തലയാട്ടി.
“എന്തായാലും രാമന്റെ ആളാണ് വന്നതെന്ന് രാവണൻ അറിയണം. എന്നാലെ രാവണന് ചെറിയ പേടിവരൂ. അതോണ്ട് എന്തെങ്കിലും കുത്തക്കേട് ഒപ്പിച്ചിറ്റ് നീ ഈട്ന്ന് പോയാമതി. "
ഹനുമാൻ ജയ് ശ്രീറാം എന്ന് പറഞ്ഞ് ശേഷം എല്ലാരേം ശല്ല്യപ്പെട്ത്താൻ തൊടങ്ങി. ലങ്കേലുള്ള ആൾക്കാര് വച്ചതൊന്നും വച്ചേടത്ത് കാണീല. വില്ലൊരു അറുവല. രാവണസന്നിധീല് ഹനു മാനക്കുറിച്ചുള്ള വാർത്ത എത്തി.
ഒരു ഭടൻ വന്നു പറഞ്ഞു.
“ആ കൊരങ്ങൻ അംഗദനേക്കാൾ ബലവാനാണ്. നമ്മളെ പെണ്ണ്ങ്ങളെ ഉപദ്രവിക്കല്, തിന്ന്ന്ന ചോറില് മണ്ണ് വാരീടല്, ഭമ്മാറെ തൊപ്പി എട്ത്ത് കളിക്കല്, അവര മാന്തല്. എന്തെല്ലാം അറുവല
രാവണൻ ചിരിച്ചു.
“ഓൻ ബാലീരെ കിങ്കരനായിരിക്കും. ഓന പിടിച്ച് കെട്ടീറ്റ് എന്റട്ത്ത് കൊണ്ടാ. ഞാൻ ഓനോട് സംസാരിക്ക. ഇല്ലെങ്കില് വാലില് തീ കൊട്ക്ക്. ഓൻ കടലില് ചാടിക്കോളും. "
ഭടന്മാർ അങ്ങോട്ടുമിങ്ങോട്ടും പോയി. ഏടേം ഹനുമാന കണ്ടിറ്റ. ഒരു തൂണിന്റെ മറയത്തിര്ന്ന ഹനുമാന്റെ വാല് അപ്പർത്ത് പെര്തിക്കൊണ്ടിരുന്ന ഭടൻ കണ്ടു. ഓൻ അയിന് തീവച്ചു. ഹനുമാൻ തീ പിടിച്ച വാലും കൊണ്ട് ലങ്കേലെല്ലം നടന്നു. കൂട്ടിയിട്ട് തുണികൾക്ക് തീപറ്റി, മരത്തിന് തീപറ്റി, പുൽപ്പുരക്ക് തീപറ്റി. അങ്ങനെ ലങ്ക കത്താൻ തൊടങ്ങി. ലങ്ക കത്ത്ന്നത് കണ്ട് രാവണൻ സിംഹാസനത്ത്ന്ന് എണീച്ചിറ്റ് കണ്ടു. കടൽവെള്ളം കൊണ്ട് തീ കെടുത്താനുള്ള ശ്രമം നടന്നു. ഹനുമാൻ കൂടുതൽ സ്ഥലത്ത് തീ കൊട്ത്തിറ്റ് സീതേട് യാത്രേം പറഞ്ഞിറ്റ് പോത്ത് ബലൂണും എട്ത്തിറ്റ് കടൽലേക്ക് ചാടി. ഇതെല്ലാം കണ്ടോണ്ട് രാവണന്റെ മറ്റൊരു പുത്രി ഇണ്ടായിന്. ഓള് ഹനുമാൻ ചാട്യപ്പം ഒപ്പം ചാടി. പോത്ത്ബലൂണിന്റെ മോളിലെത്തി.
“നീയാര്... നി എങ്ങനെ ഈന്റെ മോളില് വന്നത്.?"
ഹുണുബി പറഞ്ഞു.
“എനക്ക് നിങ്ങളോട് പ്രണയം തോന്ന്ന്ന്. നിങ്ങൊ ലങ്കക്ക് തീ വച്ചീലെ, സീതക്ക് മോതിരം കൊട്ത്തിലെ, എല്ലാം ഞാൻ കണ്ടിന്. നിങ്ങള കാണുമ്പൊ എനക്ക് കൗതുകം തോന്ന്ന്ന്. കൊരങ്ങനോ മനുഷ്യനോന്നറീല; എന്നങ്കിലും എന്ത് ശരീരം.ഹനുമാൻ വിചാരിച്ചു; പെണ്ണ് രാവണന്റെ മോളെന്നെ. എന്ത് പാങ്ങില് എല്ലാം പറയ്ന്നത്. അച്ഛന് പറ്റ്യ മോള്."
ഹനുമാൻ പറഞ്ഞു.
“ഞാൻ കൊരങ്ങനാണ്. സീതേന കാണാനാണ് ലങ്കല് വന്നത്. "
“സീതേന എന്തിന് കാണ്ന്നത്.?" ഹനുമാന് ദേഷ്യം വന്നു.
"ഇതെല്ലാം ചോയിക്കാൻ നീയാര്.?
അപ്പൊ ഹുണുബി ചിരിച്ചു.
“ഞാൻ രാവണന്റെ ഇളയമോള് ഹുണുബി, എനക്ക് നിങ്ങളെ നല്ലോണം ഇഷ്ടായി. ഞാൻ കുളിച്ചോണ്ടിരിക്കുമ്പൊ എന്റെ തുണിയെട്ത്തിറ്റ് കൊണ്ടോയിറ്റെ; ഞാൻ കണ്ടിന്. എന്നിറ്റതെല്ലാം കത്തിച്ചൊ.? ഭയങ്കരോന്നേപ്പാ.! "
കാണാൻ പാങ്ങില്ലോണ്ട് ഹുണുബീന കൊർച്ച് സമയം നോക്കി.
പിന്ന ദീർഘനിശ്വാസം വിട്ടിറ്റ് ഹനുമാൻ പറഞ്ഞു.
“ഇപ്പൊ നീയെൻക്കൊപ്പം വന്നാല് ആപത്താണ്. രാവണപുത്രീന ഞാൻ ഉപദ്രവിച്ചിറ്റ് തട്ടിക്കൊണ്ട് പോയീന്ന് നിന്റച്ഛൻ പറയും."
ഹുണുബി ചിരിച്ചു.
“അയിന് അച്ഛന് നിങ്ങൊ രാമപക്ഷക്കാരനെന്ന് അറീല."
അപ്പൊ ഹനുമാന് സമാധാനായി. ഓൻ പ്രേമപൂർവ്വം ഹുണുബീരെ കവിളില് തഴുകി.
ഹുണുബി കുസൃതിയോടെ ചോയിച്ചു.
“അപ്പൊ നമ്മളേട താമസിക്കും.? ഹനുമാന് സംശായായി. “താമസിക്കാനാ... എന്തിന്.? "
“നമ്മക്ക് പാതാളത്തില് പോയാലോ.?” ഹുണുബി ചോയിച്ചു. "
പാതാളത്തില് ഇവൾക്കൊപ്പം പോയാല് എങ്ങനെ രാമന്റട്ത്തെത്തും.? സീത ജീവിച്ചിരിപ്പുണ്ടോന്ന് രാമന് എങ്ങനെ മനസ്സിലാവും. ഹനുമാന് സംശായി.
“ഏയ്... അത് നടക്കീല "
ഹനുമാൻ പറഞ്ഞു.
“എനക്ക് നിന്നെ ഇഷ്ടാണ്. ബന്ധപ്പെടാനും താൽപ്പര്യൂണ്ട്. എന്നങ്കിലും രാമന് ചൂഢാമണി കൊട്ക്കണം. "
“എന്നങ്കില് പാതാളത്തില് വെർതെ പോകാ... ഒര് ദെവസം താമസിച്ചിറ്റ് വരാ... നിനക്ക് പാതാളം കണ്ട മാതിരീം ആവും."
ഹനുമാന് അത് വേണ്ടെന്ന് വെക്കാൻ തോന്നീറ്റ. അങ്ങനെ അവര് രണ്ടാളും പാതാളത്തിലേക്ക് പോയി. ഭൂമിക്കടീലായിരുന്നു പാതാളം. കടലിന്നടീല് ഒര് തൊരങ്കുണ്ട്. അതിലേ കൂടീറ്റ് വേണം പാതാളത്തിലെത്താൻ. വലിയ കട്ടിയുള്ള ലോഹങ്ങൾ കൊണ്ടാണ് പാതാളം ഇണ്ടാക്യേത്. ഏത് സമയത്തും ലോഹക്കാല് ചൂടാക്കാം.
എന്നാല് ഹിണുബിക്ക് ആട്ത്തെ എല്ലാ സ്ഥലോം അറിയാം. രാജാക്കമ്മാറായ അസുരമ്മാർക്ക് ആ സ്ഥലത്ത് വരാ. രാവണൻ മുമ്പേ തന്നെ ആട അതിക്രമിച്ച് കടന്ന് സൗകര്യോല്ലം ഇണ്ടാക്കീന്. ഹനുമാൻ ഒരു ദിവസം ആട താമസിച്ചു. ഹിണുബി എല്ലാർക്കും ഹനുമാനക്കുറിച്ച് പറഞ്ഞോട്ത്തു. ഹനുമാൻ എല്ലാരോടും സ്നേഹത്തോടെ ചിരിച്ചു. അവരാട്ന്ന് ഇണചേർന്നു. ഹനുമാന്റെ ബില്ലൊരു ശരീരത്തിന്റുള്ളില് ഹിണുബീരേം ബില്ലാരു ശരീരം. അവർ മത്സരിച്ചു. ഹനുമാൻ എല്ലാം കയിഞ്ഞപ്പൊ നെടുവീർപ്പിട്ടിറ്റ് പറഞ്ഞു.
“രാമന് ചൂഢാമണി കൊട്ക്കണം. "
ഹിണുബി ഹനുമാന് രണ്ട് കൊമ്പൻ സ്രാവിന കൊട്ത്തു അവ ഹനുമാന കടലിന്റെ മോളിലേ കൂടീറ്റ് വൽച്ചോണ്ട് പോയി. കടൽക്കരേല് രാമനും ലക്ഷ്മണനും എല്ലാരും കാത്ത് നിക്ക്ന്നുണ്ടായിന്.
ലങ്കലെ തീയെല്ലാം അണച്ചേയ്ന് ശേഷം രാവണൻ സീതേരെ അട്ത്തെത്തി. സീതേരെ മോത്തേക്ക് നോക്കാതെ ജാള്യതയോടെ പറഞ്ഞു.
“ഇത് കണ്ടിറ്റ് പേടിക്കണ്ടാട്ട. ലങ്കേല് എടക്കെടക്ക് ഇങ്ങനെ ഇണ്ടാല്ണ്ട്. എന്റെ ചങ്ങായി ബാലി കിഷ്ക്കിന്ധേല്ണ്ട്. ഓന്റെ ആരെങ്കിലായിരിക്കും ബന്നത്. ശരിക്കും ഓന പരിചയപ്പെടാൻ പറ്റീറ്റ. അപ്പളേക്കും ഓൻ പോയീന്ന് തോന്ന്ന്ന്. സീതേരെ ആമ്പൽകൊളോം പൂന്തോട്ടോം അശോകവനിയെല്ലാം ഒന്നും പറ്റാതെ ഇണ്ടല്ലൊ.! അതെന്തായാലും ഭാഗ്യായി. കൊളത്തില് കത്തിക്കരിഞ്ഞ ചാരം വീണിറ്റ്ണ്ട്. അത് രണ്ട് ദൈവസത്തിനുള്ളില് ശര്യാവും. പൂവിന് ചെറിയ വാട്ടൂണ്ട്. അത് സേവകരോട് വെള്ളം ഒയിക്കാൻ പറയാ."
സീത മുഖം കുനിച്ചിറ്റ് ചിരിച്ചു. എന്നിറ്റ് രാവണനോട് ദയയോടെ പറഞ്ഞു.
“രാവണാ, അത് നീ വിചാരിച്ച മാതിരി ബാലീരെ കിങ്കരനോന്നല്ല. അത് രാമന്റെ ദൂതനാണ്. നിനക്ക് ചെലപ്പൊ അറിയായിരിക്കും; വായുപുത്രനായ ഹനുമാൻ. കിഷ്ക്കിന്ധേലെ രാജാവ് ഇപ്പൊ ബാലിയല്ല; സുഗ്രീവനാണ്. ബാലീന രാമൻ കൊന്നു. വാനരപ്പട ഒന്നാകെ വന്നിറ്റ് ലങ്ക മൂടുന്നതിന്റെ മുന്നറിയിപ്പാണ് നിനക്ക് കിട്ട്യേത്. അത് വാനരനായതോണ്ട് നീ വെല കൊറച്ചിറ്റ് കാണണ്ട. ലങ്കേന കത്തിക്കാൻ ഓന് കയിഞ്ഞിനെങ്കില് നിങ്ങള കൊല്ലാനും കയ്യും.
രാവണൻ പേടിച്ചോണ്ട് ചിരിച്ചു.
"ഏയ്, അങ്ങനൊന്നും സംഭവിക്കീല. എന്റെ മക്കള് മാത്രം മത്യാവും അപ്യേന കൊല്ലാൻ ബേണ്ടീറ്റ്. എന്റെ അനിയൻ കുംഭകർണ്ണൻ മാത്രം മാതി രാമലക്ഷ്മണമ്മാറ വിഴുങ്ങാൻ ബേണ്ടീറ്റ്. അതോണ്ട് അങ്ങനേല്ലെ പേടിയൊന്നും എൻക്കില്ല. ഓൻ ആയുധം എട്ത്തിറ്റേങ്കിലെന്നെ അവര് തോറ്റോടും."
സീത പറഞ്ഞു.
“നിന്റനിയൻ വിഭീഷണൻ നിന്റൊന്നിച്ചില്ലല്ലൊ." രാവണന് ദേഷ്യം വന്നു.
“അല്ലെങ്കിലും ഓന ആര് എണ്ണത്തില് കൂട്ട്ന്ന് ഓന്റെ സാത്വികവേഷം യുദ്ധത്തിന് ചേരീല. ഏടേങ്കിലും സന്യസിക്കാൻ പോന്നതായിരിക്കും നല്ലത്. ബോളൻ ഒന്നികില് ചൊടി വേണം, അല്ലെങ്കില് വീറ് വേണം, ഞാൺ വലിക്കാൻ കൊർച്ച് കഴിവും വേണം. വിടുവായിത്തം പറയാനെ വിഭീഷണനറിയു. കൊറച്ച് രാജസൂത്രം പഠിക്കാൻ പോയതോണ്ട് ആരും രാജാവാകാകീല. പേടിപ്പിച്ചിറ്റ് നിർത്താനറിയണം. ആ പൊട്ടനക്കുറിച്ചിറ്റ് പറഞ്ഞതോണ്ട് ഇന്നത്തെ ദെവസം പോയി.
സീത പറഞ്ഞു.
“നല്ല യോദ്ധാവിന് രാജാവാകാം എന്നത് ശര്യന്നെ, എന്നങ്കില് നല്ല രാജാവ് നല്ല യോദ്ധാവാകണംന്ന് നിർബന്ധാന്നൂല്ല."
“നീ എന്തെന്ന് പറേന്ന് സീതേ... വിഭീഷണന രാജാവാക്കീറ്റ് എന്ന സർവ്വസൈന്യാധിപനാക്കാനാ.? ഓനെങ്ങനെങ്കിലും ലങ്കേലെ രാജാവായ മതി; ഈട്ത്തെ ഒര് യുദ്ധത്തിലും ഓന കാണീല. ഞാൻ വന്നത് നിന്റെ ഉപദേശം കേക്കാനൊ ന്യായം കേക്കാനൊ അല്ല. നീ പേടിക്കണ്ടാന്ന് പറയാനാണ്. ലങ്കേലേക്ക് അതിഥിയായിറ്റ് വന്നവര് വേദനിക്കുന്നത് എൻക്കിഷ്ടോല്ല
സീത അയിനും നല്ല രീതില് മറുപടി പറഞ്ഞു.
“പുലീം സിംഹോം രാക്ഷസമ്മാറുള്ള ദണ്ഡകാരണ്യത്തില് ജീവിച്ചപ്പൊ എനക്ക് പേടീണ്ടായിറ്റ. കല്ല്യാണം കയിഞ്ഞിറ്റ് കൊറച്ച് ദൈവസം കയിഞ്ഞപ്പാടെന്നെ കൊടുംകാട്ടിലേക്ക് പതിനാല് കൊല്ലം വനവാസത്തിന് പോവ്വാൻ പറഞ്ഞപ്പാടും ഞാൻ പേടിച്ചിറ്റ. നീ എന്ന മുനീരെ വേഷത്തില് വന്നിറ്റ് ഈട്ത്തേക്ക് കൊണ്ടെന്നിറ്റ്, അന്തോം കുന്തോം ഇല്ലാത്ത നിന്റെ പെര്മാറ്റം കണ്ടിറ്റും ഞാൻ പേടിക്കാന്നില്ല. പിന്നെന്തിന് ഇത്ര ചെറിയ തീ കണ്ടിറ്റ് ഞാൻ പേടിക്ക്ന്ന്.?!
രാവണൻ മുഖം താഴ്ത്തി.
“ശരിയാണ് നീ ധീരയാണ്. ജാനകീപുത്രിയായതോണ്ട് രാജ്യാഭ്യാസനം നടത്തീറ്റുണ്ടാവും. എന്തും സഹിക്കാൻ പറ്റുന്ന് തെളിയിച്ചോണ്ടിരിക്ക്യാണ്. എന്നങ്കിലും നീ ഇപ്പൊളും സുരക്ഷിതയായിറ്റെന്ന്യാണ് ഇള്ളത്. ഇപ്പൊ നിനക്ക് മനസ്സിലായില്ലെ രാമന്റൊന്നിച്ച് നിനക്ക് ഒര് സുരക്ഷിതത്വോം ഇണ്ടായിറ്റാന്ന്. നീ ഈട എന്നും ഇണ്ടാവണം. ഇന്ന് മുതല് രണ്ട് മൂന്ന് ഭടമ്മാറ ഈ വനികയ്ക്ക് ചുറ്റും നിത്താം. നാലഞ്ച് തോഴിമാരേം ഏർപ്പാടാക്കാം. "
സീത ആയോധനവിദ്യയിലുള്ള രണ്ട് മൂന്ന് അടവുകളെടുത്തു. “ഇടത്തുകാൽ പിറകോട്ട് വലിച്ച് കൈകൾ രണ്ടും കോർത്ത് മുഷ്ടി ചുരുട്ടി
രാവണൻ ഇത് രസകരമായി ആസ്വദിച്ചു. പിന്ന ആട നിന്നും രാജസന്നിധിയിലേക്ക് പോയി.