mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

അദ്ധ്യായം - 2 - ലങ്ക  

സിംഹളദേശം കാണുമ്പോ എല്ലാ രാജാക്കന്മാർക്കും തോന്നും; അതുമാതിരിയാവണോന്ന്. പാറക്കുന്ന് കൊത്തീറ്റ് കൊട്ടാരുണ്ടാക്കി. വാതിലിന്റെ അപ്പറൂം ഇപ്പറൂം സിംഹത്തിന്റെ തലകൊത്തി. രണ്ടുമൂന്ന് പാറക്കുന്ന് തൊരന്ന് ബില്ലൊരു കൊട്ടാരം. ലങ്കേലാകെ പ്രശ്നായി. രാവണനങ്ങോട്ടുമിങ്ങോട്ടും നടന്നു. 

" ഇപ്പോ ആരെങ്കിലും ബിട്ടിറ്റ് മോളെ അവസ്ഥ എന്തായിരുന്നറിയാലോപ്പാ... "

മാരീചന അയിന് ബേണ്ടീറ്റ് അയച്ചു. മണ്ഡോദരി കെടക്ക പായീന്ന് എണീക്കുന്നില്ല. മാരീചൻ കാട്ടിലെല്ലാം അലഞ്ഞു. താടകേരട്ത്ത് പോയി. താടക ആടില്ല; യമലോകത്ത് പോയിന്. ഖരന്റെ അട്ത്ത് പോയി. കിഷ്കിന്ധല് പോയി. അങ്ങനെയങ്ങനെ നടന്നിറ്റ് ലങ്കേലേക്കെന്നെ എത്തി. എന്നിറ്റ് രാവണനോട് ചോയിച്ചു. 

"ആ കുഞ്ഞിക്കപ്പോ എത്ര വയസ്സായിറ്റ്ണ്ടാവും.?"

"പതിനെട്ട്... പത്തൊമ്പത്. ഒഴിവാക്യാല് നമ്മളെ കുലത്തിന് നെരക്ക് കാര്യാണോ? പണ്ട് പ്രജാപതി സമുദ്രം ഇണ്ടാക്ക്യപ്പോ രക്ഷിക്കാൻ ദേവന്മാറ കണ്ടിറ്റല്ലൊ. അസുരന്മാറും യക്ഷമ്മാറുമല്ലെ ഇണ്ടായിറ്റൂ. ആ കുലത്തില് പെറന്ന ഞാനല്ലെ സ്വന്തം മോള കടലില് ചാടാൻ കൂട്ട് നിന്നത്. മോശോല്ലെ മാരീച...."

പിന്നെ അന്തപുരത്തിലേക്ക് പത്ത് തലേം കൊണ്ട് പോയി. മണ്ഡോദരിരെ സങ്കടം കണ്ടപ്പാട് പത്ത് തലേം ഉള്ളിലിട്ടിറ്റ് ഓളട്ത്ത് ഇരുന്നു. 

"നീ കരയണ്ട മണ്ഡോദരീ... ഓള് ഏട ഇണ്ടെങ്കിലും നമ്മക്ക് പെരതീറ്റ് എട്ക്കാ... കൊറച്ച് രാക്ഷസന്മാറ കൂടി അയക്കാം. നീ കരയുമ്പം എൻക്കും ബേജാറാണ്."

എന്നങ്കിലും രാവണന് ചെല നിരാശ ഇണ്ടായിരുന്നു. നമ്മളെ ചർളും മണ്ണും തീറ്റിച്ച ദേവമ്മാറൊക്കയായിരിക്കും ഓളെ കൂട്ട്, ഋഷിമാരോട് യുദ്ധം ചെയ്യുമ്പോ കൊറേ രാക്ഷസമ്മാറ് ചത്തിറ്റ് പോയിന്. താടകന കൊന്നാലും, സുബാഹുവിന കൊന്നാലും... 

രാവണൻ പറഞ്ഞു. 

"ഞാനെന്നെ പോവ്വാ... മിഥിലാപുരിക്ക്... ഞാനെന്നെ പോവ്വാ... നീ കരയാതിരിക്ക് മണ്ഡു."

മണ്ഡോദരി ചിരിക്കുന്നത് മാതിരി തോന്നി. രാവണൻ വിമാനത്തില് കടലും കടന്നിറ്റ് മിഥിലാപുരിക്ക് പിടിച്ചു. അപ്പഴേക്കും രാമൻ സീതേനേം കൊണ്ട് അയോദ്ധ്യേലേക്ക് പോയി. രാവണൻ ചെന്നപ്പാട് മംഗലപ്പരിപാടിയെല്ലാം കയിഞ്ഞിറ്റ് സാധനങ്ങളെല്ലാം എടുത്ത് വെക്കുന്ന ആൾക്കാരെ കണ്ടു. ജനകനോട് സംസാരിക്കാൻ ബേണ്ടീറ്റ് കൊട്ടാരത്തില് കേറി. ജനകൻ നല്ല രീതില് രാവണനെ എതിരേറ്റു. രാവണൻ പറഞ്ഞു. 

"നാരദൻ ലങ്കേല് ബന്നിറ്റ്ണ്ടായിനി. ഞാൻ പണ്ട് കളഞ്ഞ പുത്രി ഇപ്പളും ജീവിച്ചിരിക്കുന്നുണ്ടെന്നും, ഓൾക്ക് കല്ല്യാണപ്രായം ആയീന്നും പറഞ്ഞു. എൻക് ഓള ഒന്ന് കാണാൻ കയ്യോപ്പ.? "

ജനകൻ ചിരിച്ചു. എന്നിട്ട് പറഞ്ഞു. 

"മരിക്കാൻ ബേണ്ടീറ്റ് ഉപേക്ഷിച്ച കുഞ്ഞീന നിങ്ങോന്തിന് അന്വേഷിക്കുന്നത്. ഓള കണ്ടാലെന്നെ നിങ്ങൊ പിന്നേം കൊല്ലാനല്ലെ നോക്കൂ... "

രാവണന്റെ കണ്ണ്ന്ന് രണ്ട് തുള്ളി പൊറത്തേക്ക് കണ്ടു. 

"കൊല്ലാനൊന്ന്വല്ലപ്പ... മോള കാണണം. ഓളെ പുരുവനേം കാണണം. അതല്ലാതെ വേറൊന്നും ഇല്ലപ്പാ... എന്തെങ്കിലാട്ട് ഞാനച്ഛനല്ലെ... കാണന്നുത് എന്റെ അവകാശോല്ലെ....?"

ജനകൻ പിന്നേം മന്ദഹസിച്ചു. 

"അയോദ്ധലേക്ക് പോക്കൊന്നും നടക്കൂല. ബേണോങ്കില് ദൂരത്ത് നോക്കാനുള്ള ഏർപ്പാടാക്കിത്തരാം... അതന്നെ ഓളും ഓനും നിന്നെ കാണാനൊന്നും പാടില്ല. ബെർതെ നോക്കീറ്റ് പോവ്വാ... ഓള് കണ്ടാല് ചെലപ്പോ വാളെടുക്കും. നല്ലോണം ആയുധാഭ്യാസോല്ലം പഠിച്ചോളാണ്. മാത്രോല്ല രാമൻ ദൂരത്ത്ന്നെ അമ്പയച്ചാലെന്നെ തീർന്നു,ഓനും നല്ല ചെക്കനന്നെ."

രാവണന്റെ കണ്ണ് ചൊവക്കാൻ തൊടങ്ങി, പല്ല് കടിക്കാൻ തൊടങ്ങി. രണ്ട് ഭാഗത്തിനും തല പൊർത്തേക്ക് ചാടാൻ ധൃതികൂട്ടി. മൈരാവണൻ പൊർത്തേക്ക് ബന്നു. 

"താനാരാ... എന്റെ കുഞ്ഞീന കാണാൻ എനക്ക് നിന്റെ ശീപ്പാട്ടൊന്നും ബേണ്ട. നീ ഓള ബളർത്തീന്നല്ലെയുള്ളൂ... എന്റെ ചോരേങ്കില് സീതേന ഞാൻ കാണും. അപ്യേന രണ്ടാളേം ലങ്കലേക്ക് കൂട്ടിക്കൊണ്ടോവും. കാണണ...? ലങ്കേല് ഞാൻ പറഞ്ഞ ഒരാളും അനുസരിക്കാതിരിക്കീല.ശിവഭഗവാന്റെ കടാക്ഷാം കൊണ്ട് നടക്കുന്ന എന്നോട കളി.!? ഓനും ഓളും എനി ലങ്കേല് നിന്നാമതി. 

ജനകൻ പിന്നേം മന്ദഹസിച്ചു."

"നീ പറഞ്ഞത് ശര്യന്നെ രാവണ. എനക്കോള വയൽന്ന് കിട്ട്യതാണ്. എന്നെങ്കില് ഓക്കതറീല."

ജനകൻ ഭൃത്യരോട് രാവണന് പഴങ്ങളും പഴച്ചാറും കൊടുക്കാൻ ആജ്ഞാപിച്ചു. പിന്നെ രാവണനോടായി പറഞ്ഞു. 

"അയോദ്ധല് സദാ ദേവാനുകൂലികളും ഋഷിവര്യന്മാറും കാണും. നിന്റെ വർഗ്ഗത്തിന കാണുന്നതന്നെ അവർക്കലർജിയാണ്. അവരെന്നും തോൽപ്പിക്കാതെ രാമനേം സീതേനേം കാണാനെന്നെ പറ്റീല. അവര് പറഞ്ഞാല് രാമനെന്തും ചെയ്യും. നിന്നെ കൊല്ലണംന്ന് അവര് പറഞ്ഞാ കൊല്ലും. അതുകൂടാണ്ട് ദശരഥന അറിയാലോ... പത്ത് രഥങ്ങള ഒന്നിച്ച് പായിച്ചിറ്റ് യുദ്ധം ചെയ്യാനറിയാവുന്ന യോദ്ധാവാണ്. ഈ സമയത്ത് ലങ്കക്ക് അയോദ്ധ്യേന ഒന്നും ചെയ്യാൻ കയ്യ ബേവോളം കാത്തിലെ, എനി ആവോളം കാക്ക്. കൊർച്ച് നാള് കാത്ത് നിക്ക്. ഓനും ഓളും ലങ്കലേക്കെന്നെ ബരും. ഒപ്പം താമസീക്കേം ചെയ്യും."

രാവണൻ കൊർച്ച് ശ്വാസം ദീഘനേരം ബിട്ടു. പിന്നെ സമാധാനത്തോടെ നിന്നു. ഐരാവണൻ രാവണനെ പൊതിഞ്ഞു. പൊർത്തേക്ക് ബരാൻ നിരീച്ച തലകൾ അകത്തേക്കെന്നെ പോയി. വിയർപ്പാറി. നിശ്വാസം ബിട്ടിറ്റ് ചോദിച്ചു. 

"എങ്ങനെയാണ് എന്റെ മോള് അസ്ത്രവിദ്യ പഠിച്ചോ? സുന്ദരിയാണോ? തന്റേടമുണ്ടോ? വിവേകമുണ്ടോ.?"

അപ്പോ ജനകന്റെ കണ്ണ് നെറഞ്ഞു. 

"മിഥുലാപുരിക്ക് സീത അലങ്കാരല്ലായിരുന്നില്ല; ആവശ്യമായിരുന്നു. വിശ്വാമിത്രന്റെ അട്ക്കന്ന് എല്ലാ വിദ്യകളും പഠിച്ചിന്. പോരാഞ്ഞിറ്റ് സുന്ദരിയും കുലീനയും. ഓള് നിങ്ങളെക്കാളും തേജസ്വിയും നിപുണയുമാണ്... ഓളക്കുറിച്ചോർത്ത് എനി ബേജാറാകണ്ട. അവൾക്ക് ചേർന്നോനെ കണ്ട് പിടിക്കാനാണ് എട്ടായിരം കുതിരശക്തിയുള്ള ബില്ലുണ്ടാക്യേത്. എല്ലാരും തോറ്റ് മടങ്ങ്യപ്പൊ ഞാൻ പേടിച്ചു. പക്ഷേ, ഒരാളത് ഒടിച്ചു. അപ്പൊ എൻക്ക്ണ്ടായ ആശ്വാസം പറഞ്ഞറിയിക്കാൻ പറ്റ്ന്നില്ല. അത്രക്കും ബെൽതായിരുന്നു. അതോണ്ട് ദശ രഥന്റെ മൂന്ന് ആണ് മക്കക്കും എന്റെ സഹോദരീരെ പെണ്ണ് കുഞ്ഞ്ങ്ങള കൊട്ത്തു. എന്ന്പ്പൊ അവരെ എന്തെങ്കിലും ആക്യാല് അത് എന്നെക്കൂടി ബാധിക്കുന്ന പ്രശ്നാണ്. അതോണ്ട് രണ്ട് രാജ്യങ്ങളെ നേരിടാനുള്ള ശക്തി ഒറ്റക്ക് ലങ്കക്കില്ല. നീ പോകുന്നതാണ് നല്ലത്."

രാവണൻ മഡോദരിരെ രോഗാവസ്ഥ പറഞ്ഞു. 

"തെളീം ബറ്റും കുടിക്കാതെ ഓള് കെട്ക്ക്ന്നുണ്ട്. ഞാനെന്താക്കല്.? " 

ജനകൻ ഒന്നും കേട്ടതായി ഭാവിച്ചില്ല. രാവണൻ തിരിച്ച് നടന്നു. ജനകൻ ചെറിയൊരു ചിരി ചിരിച്ചു. 

" എന്നങ്കില് അങ്ങനെ ആയിക്കോട്ട്പ്പാ... "

രാവണൻ അനുയായികളേം കൊണ്ട് വിമാനത്തില് കേറി. അത് കണ്ടപ്പോ ജനകൻ തെല്ല് അമ്പരന്നു. അത് കുടലിന്റെ മോളിലെ പറന്നു. രാവണന് സംശ്യായി. എന്നങ്കിലും എങ്ങന്യാണ് സീത എന്നെ കൊല്ലാൻ കാരണവാവുന്നത്.?രാവണൻ ശിവഭഗവാനെ പ്രാർത്ഥിച്ചു. ശിവൻ പറഞ്ഞു. 

"സത്യയുഗത്തിൽ നീ മരിക്കുന്നില്ല. രാവണ, ത്രേതായുഗത്തിന്റെ അന്ത്യത്തിൽ ഒര് സന്ത് കാണുന്നുണ്ട്. അത് സത്യായിക്കൊള്ളണോന്നുമില്ല. ഞാനില്ലാത്ത തക്കത്തിനാവും നിന്റെ അന്ത്യം. അതുവരെ ചന്ദ്രഹാസം നിന്നെ രക്ഷിക്കും. ദേവകളെ അടക്കി നിർത്താൻ ആ ആയുധം മതിയാവും. നിനക്ക് സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ... രാക്ഷസന്മാരുണ്ടായാലെ ലോകത്ത് വിദ്യകൾ പ്രചരിക്കുകയുള്ളൂ. പരീക്ഷകനുണ്ടായാലെ പരീക്ഷണവസ്തു നല്ലതാണൊ ചീത്തയാണൊ എന്നറിയാൻ പറ്റൂ. അസത്യമുണ്ടായാലെ സത്യത്തിന് നിലനിൽപ്പുള്ളൂ. ജനനമുണ്ടായാലെ മരണമുള്ളൂ. മരണ മുണ്ടായാലെ ചിന്തകൾക്ക് സ്ഥാനമുള്ളൂ. അതുകൊണ്ട് ശാശ്വതസത്യം നിന്നിൽത്തന്നെ കുടികൊള്ളുന്നു."

രാവണൻ ചോദിച്ചു. 

"പിന്നെന്തിന്പ്പ ചിരഞ്ജീവികൾ.? "

ശിവൻ ശാന്തനായി പറഞ്ഞു. 

"ചിരഞ്ജീവികളല്ല അവർ. ഉപയോഗശൂന്യരാണ്. പ്രവർത്തി എന്നത് പുരോഗമനപാതയാണ്. പ്രവർത്തിക്കുക, ഇല്ലെങ്കിൽ മരിക്കുക. ഈ അവസ്ഥ ദേവഗണങ്ങൾക്ക് അപരിചിതമാണ്. അവരുടെ പ്രവർത്തികൾ വളരെ ലോലമാണ്. കാരണം അവർക്ക് മരണമില്ലല്ലൊ. അവർ മടിയന്മാരാണ്; ബലഹീനരും. പക്ഷേ, നീ സദാചി ന്തിച്ചുകൊണ്ടേയിരിക്കുന്നു. അതുകൊണ്ട് നിന്റെ ബുദ്ധിവൈദഗ്ധ്യവും ആവശ്യങ്ങളെ സൃഷ്ടിക്കാനുള്ള കഴിവും മറ്റാർക്കും ഉണ്ടാവാൻ വഴിയില്ല."

"എന്റെ മോക്ക് എന്നെ കണ്ടാല് മനസ്സിലാവ്വോ.?"

"നിന്നെ കണ്ടിറ്റ് മനസ്സിലാവാൻ നീ അവക്ക് വേണ്ടി എന്താ ചെയ്തത്,ഒന്നും ചെയ്തിട്ടില്ല. കഠിനകഠോരഹൃദയം മൂലം നീ അവളെ ഉപേക്ഷിച്ചു. അവൾ മരിച്ചു എന്ന് കണക്കുകൂട്ടി. ഗൃഹപരിപാലകന്മാരാരും നാളെ ഈ വാർത്തയറിഞ്ഞാൽ നിനക്കൊപ്പം നിൽക്കാൻ വഴിയില്ല. അതാണ് മനുഷ്യന്മാർക്കിടയിൽ ദേവന്മാരുണ്ടാക്കുന്ന ന്യായം. ആ ന്യായമാണ് നാളെ പ്രചരിക്കാൻ പോകുന്നത്. നീ അപ്പോൾ വില്ലനാകുമെന്നതിൽ തർക്കമില്ല."

രാവണന് പേടിയായി.രാവണൻ ചോദിച്ചു.

"രാമനെന്ന കൊല്ല്വോപ്പ.?"

"എനിക്ക് മരണത്തെപ്പറ്റി മാത്രമേ അറിയാൻ പറ്റൂ. കൊല്ലു ന്നതാരാണെന്ന് എനിക്കറിയില്ല. സ്ഥിതിയുടെ ആൾ വിഷ്ണുവാണ്. ഒരു ജീവൻ നിലനിൽപിനായി മറ്റൊരു ജീവനെ മൂടിക്കളയു ന്നു. അത് എന്നെ ബാധിക്കുന്നില്ല. എന്റെ അറിവോടുകൂടി നിനക്കൊന്നും സംഭവിക്കില്ല. കാരണം നീയെന്റെ ഭക്തനാണ്. ദേവന്മാർ അത്ര നല്ലവരൊന്നുമല്ല; അവരും അധർമ്മികളാണ്. അവരെ ഒന്നും ചെയ്യാൻ കഴിയാതെ പോയത് നിങ്ങളുടെ ബുദ്ധിശൂന്യതകൊണ്ടു മാത്രമാണ്. വിഷ്ണുവിന്റെ മോഹിനീവേഷം നിങ്ങളെ പറ്റിച്ചുകടന്നെങ്കിൽ, അതെന്നെ മോഹിപ്പിക്കുകയാണുണ്ടായത്. അതിന് പ്രതി കാരമായി മോഹിനീവേഷം പൂണ്ട് വിഷ്ണുവുമായി ഞാൻ ലൈംഗികബന്ധം നടത്തി. ഞാൻ തൃപ്തനാണ്. കോപം ശമിപ്പിച്ചത് അങ്ങനെയാണ്. സ്ഥിതി വിഷ്ണുവിന്റെ കാര്യമാണ്. സ്വാഭാവികമായും നിങ്ങൾക്കുണ്ടാകുന്ന പ്രതികാരബുദ്ധി നല്ലതെന്നോ ചീത്തയെന്നോ പറയാൻ എനിക്കാവില്ല. പക്ഷേ, മനുഷ്യജീവിതത്തെ അത് ബാധിച്ചാൽ അല്ലെങ്കിൽ ദേവഗണങ്ങൾ വിഷ്ണുവിനോട് പരാതി പറഞ്ഞാൽ, അവനിടപെടാതിരിക്കാനാവില്ല."

രാവണന്റെ പ്രാർത്ഥന കയിഞ്ഞപ്പാട് പാർവ്വതി ശിവനോട് പറഞ്ഞു.

"നമ്മളെ രാവണന കാത്തോളണൂട്ടൊ.... നിങ്ങള മാത്രം വിശ്വസിച്ചിറ്റാണ് ഓൻ ശക്തിക്ക് ബേണ്ടീറ്റ് പ്രാർത്ഥിക്കുന്നത്. "

ശിവൻ ഒന്നും മിണ്ടാതെ വിദൂരതേല് കണ്ണും നട്ടിരുന്നു. ലങ്കേല് ചെന്നപാട് രാവണന് ഉൾഭയം ഉണ്ടായി.രാവണൻ അജയ്യനാവാൻ വേണ്ടി യാഗം നടത്താൻ തൊടങ്ങി.കുറേ ഋഷിമാരെയും വരുത്തി.യാഗസ്ഥലത്ത്ന്ന് എണീറ്റൂട... എണീറ്റാല് യാഗം മുടങ്ങി , എല്ലാം നഷ്ടപ്പെടും.അങ്ങനെ നഷ്ടപ്പെട്ടാല് ഇന്ദ്രനോട് പക വീട്ടാൻ പറ്റീല.ഒരു യുദ്ധത്തില് ഇന്ദ്രൻ ഐരാവതത്തിന്റെ കൊമ്പോണ്ട് രാവണന്റെ കൈയ്യില് കുത്തീറ്റ് ചോര ബന്നിന്. അന്നേരം പാറ മാതിരി ഉറച്ച കൈ ആയതോണ്ട് രാവണന് പേടിയൊന്നും തോന്നീറ്റ; അതോന ഏശീറ്റുല്ല. ഏകദേശം ആറര ഏഴടി പൊക്കോം, അതിനൊത്ത ഉറച്ച ശരീരോം,.. കണ്ടാലെന്നെ ഏകദേശാക്കും പേട്യാവും. വിഷ്ണൂനോടും പക വീട്ടണം. ഇന്ദ്രനോടും പക വീട്ടണം. ലങ്കേല് ഒരു തടസ്സൂല്ലാതെ യാഗം നടന്നോണ്ടിരിക്ക്ന്നുണ്ട്. രാവണൻ യാഗത്തിന് മുമ്പിലിരിക്കുന്ന്ണ്ട്. വെളീല് എന്ത് അറുവല ഇണ്ടായാലും എണീറ്റൂട. എണീച്ചാല് യാഗത്തിന്റെ ഫലം പോവും. രാവണൻ ഋഷിമാരെ മന്ത്രോച്ചാരണം അതേപോലെ ഏറ്റ്ചൊല്ലുന്നുണ്ട്. യാഗശാലക്ക് പൊറത്ത് മണ്ഡോദരി, ധ്രൂമാക്ഷൻ, വജ്രദംഷ്ട്രൻ, അകമ്പനൻ, പ്രഹസ്തൻ... എല്ലാ രുണ്ട്. രാവണന്റെ മോൻ മേഘനാഥൻ ഒരു വലിയ കൊരങ്ങിനൊപ്പം കളിക്കുന്ന്ണ്ട്. സാധാരണ കൊരങ്ങോള് ലങ്കേല് ഇണ്ടാവാറില്ല. ഈ കൊരങ്ങ് ഏട്ന്ന് ബന്നൂന്ന് എല്ലാരിക്കും സംശുണ്ടായിര്ന്നു. എല്ലാരും പേടിച്ചോണ്ടിരുന്നു; കൊരങ്ങെങ്ങാനും യാഗം തടസ്സപ്പെടുത്ത്വോന്ന്. കൊരങ്ങിന്റൊപ്പരം കളിക്കുന്നത് രാവണന്റെ മോൻ മേഘനാഥനായതോണ്ട് ആരും ഒന്നും പറഞ്ഞിറ്റ. രാവണന്റെ മനസ്സില് ദേവന്മാ റാരെങ്കിലും യാഗം തടസ്സപ്പെടുത്ത്വോന്നുള്ള പേടിയും അത് കലർന്ന ദേഷ്യവും ഇണ്ടായി. രാവണൻ കൊരങ്ങ് യാഗശാലക്കടത്ത് ബര്ന്ന്ണ്ടോന്ന് ശ്രദ്ധിച്ചോണ്ടിര്ന്നു. മണ്ഡാദരിക്കടുത്ത് ഇരിക്കാൻ ശ്രമിക്കുന്ന കൊരങ്ങിന രാവണന് അത്ര പിടിച്ചിറ്റ. മണ്ഡോദരീരെ മുടി പിടിച്ച് വലിച്ച് കൊരങ്ങ് കവിളില് ഉമ്മ വയ്ക്കാനും തൊടങ്ങി. രാവണന്റെ ആജ്ഞയില്ലാതെ ലങ്കേലാരും അനങ്ങില, മേഘനാഥൻ കൊരങ്ങിന്റെ കളി കണ്ടിറ്റ് സന്തോഷിക്കുന്നത് കാണുമ്പോ രാവണൻ എണീറ്റ് അലറി. 

"കൊല്ല്ട അയിന."

കൊരങ്ങല്ലെ... അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞിറ്റ് ആടില്ലെ ആളുകള കളിപ്പിച്ചു. കോയീന പിടിക്കാൻ പോന്ന മാതിരി, യാഗശാലക്ക് ചുറ്റും കൂട്യപ്പേല്ലം കൊരങ്ങിന്റെ ബയ്യെ പാഞ്ഞു. ഋഷിവര്യന്മാര് മൂക്കത്ത് വെരല് വെച്ചിറ്റ് അയ്യോന്നാക്കി. രാവണൻ തെല്ല് ജാള്യതയോടെ സ്വബോധം വീണ്ടെടുത്തു. അജയ്യയാഗം മുടങ്ങീന്നറിഞ്ഞു. 

"അതാരാണ്.? "

രാവണൻ ചോദിച്ചു. 

"അത് ബാലീ പുത്രനായ അംഗദനാണ്." ഋഷിവര്യന്മാർ ഉത്തരം പറഞ്ഞു. 

അംഗദൻ യാഗക്കളത്തിലും തീക്ക് മീതേം തുള്ളീറ്റ് കടലും കടന്നിറ്റ് പോയി. രാവണൻ" ഛെ " ന്ന് പറഞ്ഞിറ്റ് നെലത്ത് കുത്തി. ഋഷിവര്യന്മാറെ മനസ്സില് അതൊന്നും ഇണ്ടായിറ്റ. രാക്ഷസനല്ലെ... ഇത്രേ ഇണ്ടാവൂ മനശക്തി. അംഗദനോടുള്ള വിരോധത്തിന് ബാലീന കാണാൻ രാവണൻ കിഷ്കിന്ധേലേക്ക് പോയി. എന്തന്ന് പറയ്ന്നത്... കിഷ്കിന്ധേല് ബാലിസൈന്യം രാവണനേം കാത്തിറ്റ് നിക്ക്ന്നുണ്ട്. പുഷ്പക വിമാനത്തില് കൊറച്ച് ആൾക്കാര് മാത്രേ രാവണന്റൊക്ക ഇണ്ടായിറ്റു. രാവണനും ബാലീം തമ്മില് ബെല്ല്യ യുദ്ധം നടന്നു. കൊരങ്ങമ്മാരുടെ ഉന്തലും മാന്തലും കാരണം രാവണന് അധികനേരം യുദ്ധം ചെയ്യാൻ കയിഞ്ഞിറ്റ. ബാലി രാവണന വാല് കൊണ്ട് വരിഞ്ഞു കെട്ടി ഏഴ് സമുദ്രോം കറങ്ങിവന്നു. അവസാനം രാവണൻ കൊരങ്ങന്മാരുടെ രാജാവിനോട് മാപ്പ് പറഞ്ഞു. അതോണ്ട് എന്ത് സഹായം ചോയ്ച്ചാലും രാവണന് ചെയ്ത് തരാമെന്ന് ബാലി പറഞ്ഞു. അങ്ങനെങ്കില് ദേവമ്മാറോടുള്ള യുദ്ധത്തില് സൈന്യത്തിന തന്നാമതീന്ന് രാവണൻ കരാറൊപ്പിട്ടു. അവര് മിത്രങ്ങളായപ്പോ കിഷ്ക്കിന്ധേന്ന് കൊറേ പഴോം നിറച്ച വട്ടീം കേറ്റീറ്റ് വിമാനത്തില് ലങ്കലേക്ക് ബന്നു. ലങ്കേല് എല്ലാരും ഉൾച്ചിരിയോടെ രാവണന വരവേറ്റു. രാവണൻ ബല്ല്യ ദേഷ്യത്തിലായിരുന്നു. 

"എന്തായത്.?"

കുംഭകർണ്ണൻ ചോദിച്ചു. 

രാവണൻ പൊട്ടിച്ചിരിച്ചോണ്ട് പറഞ്ഞു. 

"കൊരങ്ങന്റെ കയ്മ്മ പൂമാല കിട്ട്യാലില്ലെ അവസ്ഥില്ലെ, അതെന്നെ ഇണ്ടായത്." 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ