അദ്ധ്യായം -3 - ഏട രാമാ പോന്ന്
അയോദ്ധ്യ ആഘോഷത്തിന്റെ അങ്ങേ അറ്റത്തായിരുന്നു. കേകയത്ത് പോയിരുന്ന ഭരതനും ശത്രുഘ്നനും തിരിച്ചെത്തി. സീതേം രാമനും ഇണക്കിളികള മാതിരി കൊട്ടാരത്തിൽ വിലസി. രാമന്റെ കറപ്പുനിറത്തെ ശരീരത്തിന സീത ആകാംക്ഷയോടെയും അമ്പരപ്പോടെയും നോക്കി.
സീതേരെ ചെമ്പിച്ച ദേഹോം തലമുടിയും രാമനും അദ്ഭുതതമായി തോന്നിയിരുന്നു. ഓളെ പേശികളെല്ലാം ദൃഢപ്പെട്ടതും വലിഞ്ഞുമുറുകിയതുമായിരുന്നു. കണ്ണുകൾ ദീർഘദർശനത്തോളം കുഴിയിൽ വീണ് നീണ്ടതുമായിരുന്നു. ദശരഥൻ രഹസ്യ സ്വഭാവത്തോടെ ഇതെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു.
വസിഷ്ഠൻ ദശരഥനോട് സംസാരിച്ചു.
"ചെക്കൻ പെണ്ണിന്റൊന്നിച്ച് ഇങ്ങനെ നടന്നാല് അയോദ്ധ്യേന ആര് നോക്കും? സുബാഹൂനേം മാരീചനേം ഒതുക്കി, താടകേന കൊന്നു, അഹല്യക്ക് മോക്ഷം കൊടുത്തു, വില്ലൊടിച്ച് സീതേനേം നേടി, പരശുരാമന്റെ അഹങ്കാരോം ഇല്ലാതാക്കിവന്ന രാമൻ കുടുംബനാഥനിലേക്ക് മാത്രം ഒതുങ്ങാല് പ്രശ്നാവിലെ. ബേഗം രാജ്യഭരണം ചെക്കനെ ഏൽപ്പിക്കണം."
ദശരഥന് അത് സന്തോഷുണ്ടാക്കുന്ന വാക്കായിരുന്നു. ദശരഥൻ രാമനെ വിളിക്കാൻ ആള വിട്ടു.
രാമൻ പൂന്തോട്ടത്തില് സീതൊക്കൊപ്പം കിന്നാരം പറഞ്ഞാണ്ടിരിക്ക്യായിരുന്നു.ഒരു കാവൽക്കാരൻ വന്ന് പറഞ്ഞു.
" രാമ നിന്ന വിളിക്കുന്ന്ണ്ട്."
രാമൻ എണീറ്റ് പോയി. സീത ഒറ്റക്കായി.
പിന്നെ ദശരഥൻ രാമന് സ്വന്തം കടമേനക്കുറിച്ചിറ്റ് പറഞ്ഞ് കൊട്ത്തു.
"നമ്മള് ക്ഷത്രിയമ്മാറല്ലെ... അതോണ്ട് രാജ്യം നമ്മളല്ലെ നോക്കണ്ടത്. നാട്ട്കാരെ ഇഷ്ടം നോക്കീറ്റ് ബേണം തീരുമാനം എട്ക്കാൻ അവർക്ക് എന്തെന്ന് ചെയ്താലാണ് നല്ലത് ബര്ന്നത് അതാണ് രാജാവിന്റെ കർമ്മം. നാട്ട്കാര് നാള എന്താവണോന്നാണൊ രാജാവ് ആഗ്രഹിക്കുന്നത് അതാണ് രാജാവിന്റെ ലക്ഷ്യം."
രാമൻ വിരസമായിറ്റ് എല്ലാം കേട്ടു.
"അച്ഛൻ മരിച്ചിറ്റല്ലൊ.! എന്നെക്കാളും ആരോഗ്യണ്ടല്ലൊ.! പിന്നെന്തിന് പേടിക്ക്ന്നത്.?"
ദശരഥൻ പുഞ്ചിരിച്ചു.
"നിനക്ക് ഞാൻ പറയുന്നത് മനസ്സിലാവ്ന്ന്ണ്ട രാമ.?
"കൊറച്ചൊക്കെ."
രാമൻ മറുപടി പറഞ്ഞു.
ആ സമയത്ത് നാട്ട്കാർക്ക് ദാനം നൽകാൻ ഭരതൻ വന്ന് വിളിച്ചു. ഭരതന്റെ രാജ്യശ്രദ്ധ ദശരഥന് സന്തോഷുണ്ടാക്കി. രാമൻ അപ്പോന്നെ സീതേരട്ത്തേക്ക് പോയി. സീത അപ്പൊ വാൾപ്പയറ്റ് അഭ്യസിക്കുന്ന്ണ്ടായിന്. രാമനെ കണ്ടപ്പൊ വാള് താഴെ വച്ചു. കച്ച മുറുക്കിയത് സീതേന കാണുമ്പം ദേവലോക സുന്ദരിമാതിരി ഇണ്ടായ്. അയോദ്ധ്യക്കത് വസന്തകാലമായിരുന്നു. ജനങ്ങൾ സമ്മാനം വാങ്ങി ദശരഥനെ വാനോളം പുകഴ്ത്തി. വസിഷ്ഠൻ എല്ലാം കണ്ട് ആഹ്ലാദിച്ചു. ദശരഥന്റെ അട്ത്ത്ണ്ടായിര്ന്ന ഭരതനെ കണ്ടപ്പോ മാണ്ഡവിക്ക് നല്ലോണം സന്തോഷായി. കുശധ്വജ പുത്രീരെ കൊടിയടയാളം കൊട്ടാരത്തില് വിലസിനടന്നു. ദാനധർമ്മ ചെയ്തേന് ശേഷം ദശ രഥൻ രാമന പിന്നേം വിളിച്ചു. എന്നിറ്റ് ചോയിച്ചു.
"രാമാ... നിനക്കെന്തേ ഈലൊന്നും ബില്ലെ താൽപ്പര്യൂല്ലാത്തത്.?"
"ഒന്നൂല്ല, ഒര് ബേജാറ്. എല്ലാരും പറയുന്നത് നിങ്ങക്ക് യുദ്ധം ചെയ്യാനും,നാട്ട്കാരെ കാര്യം നോക്കാനും മാത്രേ അറിയൂന്ന്. നമ്മള് നാലാളും നിങ്ങളെ ശരിക്ക് പുത്രമ്മാറല്ലാന്ന്."
ദശരഥൻ പറഞ്ഞു.
"അങ്ങനെ ചിന്തിക്കല രാമ, കൊറേക്കാലം കുഞ്ഞീണ്ടായ്റ്റാന്നത് സത്യോന്നെ. യാഗം നടത്തീറ്റാണ് നിങ്ങളെ കിട്ട്യേതെന്നുള്ളതും ശരിയെന്നെ. എന്നാലും നിങ്ങളെന്റെ മക്കളല്ലെ കുഞ്ഞീ... നാട്ട്കാരെ വാക്ക് കേട്ടിറ്റ് കാര്യം നടത്താൻ പോയാല് നിനക്കയിനേ സമയൂണ്ടാവൂ. നീ ഒര് കാര്യാക്ക്, രാജ്യകാരോല്ലം നോക്ക്.ഞാൻ കൊറച്ച് വിശ്രമിക്കട്ട്. "
ദശരഥൻ കൊറേനേരത്തേക്ക് പഴേ കാര്യത്തിലേക്ക് പോയി. വെട്ടിപ്പിടിക്കലും യുദ്ധം ചെയ്യലും; രാത്രീന്നില്ല, പകലെന്നില്ല... ഓട്ടോന്നെ, ഓട്ടം, വെട്ട്, കുത്ത്, കൊല, പണം, സ്ഥലം, പെണ്ണ്.
" അങ്ങനെങ്കില് രാമാ... ഈ രാജ്യത്തുള്ള ഏകദേശാളും നിന്റെ അമ്മമാറെന്നെ രാമ, നീ പേടിക്കണ്ട, അവരേല്ലം അനുഗ്രഹം നിനക്ക്ണ്ടാവും. കാട്ട്ലേക്ക് പോയാല് ഗുഹനുണ്ടാകും, ആകാശത്തില് പോയാല് ജഢായുണ്ടാവും, കരേല് പോയാല് രഥൂണ്ടാവും, നേര് പറഞ്ഞ് തരാൻ ഋഷിമാര്ണ്ടാവും, കച്ചോടത്തിന് വൈശ്യര്ണ്ടാവും, സേവനത്തിന് ശുദ്രര്ണ്ടാവും സിംഹാസനത്തിന് അയോദ്ധ്യേണ്ട്, ഭാര്യമാരായിറ്റ് കൈകേയീം സൗമിത്രേം, കൗസല്ല്യേംണ്ട്. എനക്ക് വയസ്സായില്ലേ രാമ... കൂട്ടത്തില് നിന്നെ മാത്രേ സ്വഭാവുഗുണോം കഴിവും ഇണ്ടായിറ്റ് കാണ്ന്നില്ലൂ."
രാമനപ്പൊ ആത്മവിശ്വാസം കൂടുന്ന മാതിരി തോന്നി.
" എന്തെങ്കിലാട്ട്."എന്ന് പറഞ്ഞിറ്റ് രാമൻ പോയി. സീത പൂന്തോട്ടത്തില് വലത്തോട്ട് തിരിഞ്ഞിറ്റും കെട്ടിതൊഴുതിറ്റും വലത്ത് വച്ചിറ്റും കളിക്കുന്ന്ണ്ട്. രാമൻ അതും നോക്കീറ്റങ്ങനെ നിന്നു. ചെലപ്പൊ സീതേരട്ത്ത് പോയാലോന്ന് തോന്നും, രാമൻ പോയിറ്റ സീത വലിഞ്ഞമർന്നിറ്റ് തൊവുത് രാമന്റട്ത്ത് പോയി.
"എന്ത്യെ... ഇങ്ങനെ നോക്കിക്കൊണ്ടിര്ക്കുന്നത്.?"
രാമൻ ഗൗരവത്തില് മുഖം കാട്ടി.
" ഒന്നൂല്ല."
"എന്തോ ഇണ്ട് പറീപ്പ. "സീത പിന്നേം ചോദിച്ചു.
രാമന്റെ ഒളിച്ചു വെക്കലൊന്നും സീതേരെട്ത്ത് നടക്കീലാന്നൊറപ്പായപ്പൊ രാമൻ പറഞ്ഞു.
"രാജാവാണോലും."
"അതിനെന്തെ.? "
"രാജാവാകുമ്പം കൊറച്ച് ഗമേല്ലം ബേണം. ഞാൻ രാജാവായാല് നിനക്കെന്തന്ന് ബേണ്ടത്.?"
രാമൻ ചോദിച്ചു.സീത ചിരിച്ചോണ്ട് പറഞ്ഞു.
" ഈ രാജ്യത്തെ സ്ത്രീകളെല്ലം സുരക്ഷിതരായിരിക്കണം.രാമൻ നീതിസാരത്തിലെ വാക്കുകള് പറയാൻ തൊടങ്ങി.
" ചെറുപ്പത്തില് അച്ഛനുമമ്മേം നോക്കീലെ....? വയസറിയിച്ചാല് മംഗലം കയ്യും. മംഗലം കഴിഞ്ഞാല് നിന്നെ ഞാൻ നോക്കുന്നത് മാതിരി പുരുവോമ്മാറ് നോക്കും. വയസായാല് നമ്മളെ മക്കള നിന്നെ നോക്കീലെ.. പിന്നെന്തിന് നീ പേടിക്കണ്.?"
സീത ചിരിച്ചു.
"അത് ശര്യന്നേപ്പാ... എനക്ക് പേടിക്കണ്ട, നല്ലൊരു പുരുവന കിട്ടീലെ; എല്ലാരെ കാര്യോം അത് മാതിരിയല്ലല്ലോ.!"
അപ്യേരെ സംസാരത്തില് പ്രണയത്തിന്റെ കൊഞ്ചല് പൊർത്തേക്ക് കണ്ടു.
ഋഷികളെ വര്ത്തി, സുമന്ത്രരെ വര്ത്തി, കൊച്ച് രാജാക്കന്മാരെ വര്ത്തി സേനാനികളെ വര്ത്തി, ഗ്രാമത്തലവമ്മാറ വര്ത്തി, നാട്ടു കാരണവമ്മാറെ വര്ത്തി നടത്തിക്കോണ്ടിര്ന്ന യോഗത്തില് മന്ഥരേം ഇണ്ടായ്ന്, മന്ഥര അതിഥിയായതോണ്ട് ദശരഥൻ ഒന്നും പറഞ്ഞിറ്റ. സുമന്ത്രര് രാമന്റെ ഗുണഗണങ്ങള് ഓരോന്ന് പാടിക്കേൾപ്പിച്ചു. ആർക്കും രാമന്റെ കാര്യത്തില് എതിരഭിപ്രായോന്നും ഇണ്ടായിറ്റ, ദശരഥൻ സന്തോഷത്തോടെ യോഗം പിരിച്ചുവിട്ടു. എല്ലാരും പോയിറ്റും മന്ഥര മാത്രം രാജ്യസഭേല് കൊറേനേരം ഇരുന്നു. ദശരഥൻ അതൊന്നും കാര്യാക്കീറ്റ, കേകേയത്തിന് വെറപ്പിച്ച ഞാനെ ന്തിന് മൊടന്തീരെ ചീന്തേന പറ്റീറ്റ് ചിന്തിക്ക്ന്ന്.? ദശരഥൻ അങ്ങനെ ചിന്തിച്ചു.
"എണെ നിന്റെ മോന രാജാവാക്ക്ന്ന.?"
മന്ഥര കൗസല്യയോട് ചോയിച്ചു.
"അയ്നെന്ത്യേപ്പ ഇത്ര അതിശയം കാണാനില്ലത്? ഓനക്കുറിച്ച് ആരും പൊട്ടൊന്നും പറയില്ലല്ലൊ."
മന്ഥര പിന്നെ സൗമിത്രേരെ അട്ത്ത് പോയി.
"സൗമിത്രേ, നീ ന്ക്കറൊ,... ഞാനൊരു സംഗതി പറയട്ടല്ലോ."
"എന്തന്ന് സംഗതി മന്ഥരേ?"
"കൗസലരെ മോനില്ലേ രാജാവാന്നാലും."
"അയ്ന് നിനക്കെന്താക്കണം,? ആയിക്കോട്ടല്ലോപ്പാ..."
മന്ഥര പിന്നേം നടന്നു. " കൈകേയീ... നീ ഇങ്ങോട്ട് ബെർലോ."
" എന്തേ അമ്മായി.?"
" രാമൻ രാജാവാന്നോലും."
"അത് നല്ലകാര്യോല്ലെ.?" മന്ഥര ചിരിച്ചു.
"നീയൊരു പൊട്ടിപ്പെണ്ണന്നേപ്പ."
"എന്ത് പൊട്ടിപ്പെണ്ണ്... എനക്ക് പൂപറിക്കാൻ പോവാന്ണ്ട്."
"നീ നീക്കറൊ... ഞാനൊന്ന് പറയട്ട്."
"ന്നാ... പറി."
"എണേ പൊട്ടത്തി... ദശരഥന്റെ ഭാര്യമാരില് ആരാണ് രാജാവിന്റെ മോളായിറ്റില്ലത്.?"
"അത്... ഞാൻ."
"ആരാണ് വേട്ടക്കും യുദ്ധത്തിനും ഒന്നിച്ച് പോവ്വാൻ ധൈര്യം കാണിക്കല്.?"
“അത് ഞാൻ."
"മിനിയാന്ന് ജനങ്ങൾക്ക് ദാനധർമ്മം നടത്താൻ കൂടെ സാധനം എട്ത്ത് കൊട്ക്കാൻ നിക്ക്ന്നതാര്."
"അത് എന്റെ മോൻ ഭരതൻ. "
"ചളീല് തേർചക്രം കുടുങ്ങ്യപ്പാട് വെർല് വെച്ചിറ്റ് ചക്രം പൊന്തിച്ചതാര്.?"
"അത് ഞാനെന്നെ."
"എന്നങ്കില് നിന്റെ മോൻ രാജാവായെങ്കിലേ ശര്യാവൂ....ദശരഥന്റെ ജീവൻ രക്ഷിച്ച ഭാര്യേല്ലെ നീ."
"ന്ങ്ങൊ കുനിഷ്ടും കൊണ്ട് പോ തള്ളേ.... "
കൈകേയി ആദ്യം പറഞ്ഞു.
“കുനുഷ്ടല്ല കൈകേയീ... നീ പറയുന്നത് കേക്ക്. അയോദ്ധ്യേല് എല്ലാട്ത്തും,ഭൂമീല് പലേട്ത്തും കീർത്തി എത്തിച്ച നിന്റെ കഴിവ് നിന്റെ മോന്ണ്ടാവീലെ.? അതോണ്ട് നിന്നോട് അന്ന് ചോയിക്കാൻ പറഞ്ഞ വരം നീയിപ്പം ചോയ്ക്കണം. ഭരതൻ രാജാവായാല് നിനക്കും ഗുണം കിട്ടും, കേകേയ രാജ്യത്തിനും ഗുണം കിട്ടും. പിന്നെ എല്ലാം നിന്റെ കയ്മ്മകിട്ടും. രാമന അഭിഷേകം ചെയ്ത് കേറ്റ്യാല് നടക്കൂല. ഇന്ന് നടന്ന യോഗത്തിലെ തീരുമാനം നടപ്പിലാക്കുന്നേയ്ന് മുമ്പെ ചോയിക്കണം."
കൈകേയി കുറേനേരം ചിന്തിച്ചു. പിന്നെ പറഞ്ഞു.
"അപ്പോ രാമന് വിഷമാവീലെ.?"
മന്ഥര ചീത്ത ബിളിച്ചു.
"രാമനല്ല കേമൻ, നീ നിന്റെ കുഞ്ഞിരെ കാര്യോല്ലെ നോക്കണ്ടത്; മറ്റപ്പ്യേരെ കാര്യൊ... എണെ മണ്ടത്തി, രാജാവായാല് അധികം യുദ്ധത്തിലൊന്നും പങ്കെടുക്കണ്ട, രാജകാര്യം നോക്കിറ്റ് നടന്നാ മതി.... ഋഷിവര്യമ്മാറെപ്പോലും അദ്ഭുതപ്പെടുത്തുന്ന ബാലനല്ലേ രാമൻ അപ്പൊ ഭരതനെ രാജാവാക്യാല് ജനങ്ങള് രാമപക്ഷത്ത് പോവും. അതോണ്ട് ഓന ഈട നിർത്തിക്കൂട, പെട്ടന്നന്നെ കാട്ടിലേക്ക് പറഞ്ഞയക്കണം."
"എന്നങ്കിലും എന്റെ മോന് കയ്യോ.?"
മന്ഥര പറഞ്ഞു.
"ഒന്നൂല്ലെങ്കിലും ഓനും യാഗചൈതന്യത്തില് ഇണ്ടായതല്ലെ.അതോണ്ട് പ്രശ്നൂല്ല.കയ്യും."
കൈകേയി സന്ദേഹത്തോടെ ചോദിച്ചു.
"ഞാനൊന്ന് ചോയിച്ച് നോക്കട്ട്,അന്ന് രണ്ട് വരം തരാന്ന് പറഞ്ഞിന്; ഇപ്പൊ ഓർമ്മ ഇണ്ടാവ്വോന്നറീല. "
മന്ഥര ഭയങ്കരത്തില് പറഞ്ഞു.
"അഥവാ ഓനെന്തെങ്കിലും മുട്ടാപ്പോക്ക് നിന്നോട് പറയന്നുണ്ടെങ്കില് എന്നോട് പറഞ്ഞാ മതി. ബാക്കി കാര്യം ഞാൻ ചെയ്തോള...."
കൈകേയി പൂ പറിക്കാൻ പോകാതെ സ്വന്തം മുറീല് പോയി. കൊറേ സമയം ആലോചിച്ചു. കൗസല്യ കൈകേയിയോട് ചെയ്തിട്ടുള്ള അനിഷ്ട സംഭവോല്ലാം ഒരു കൂമ്പാരമായിറ്റെടുത്ത് സ്വന്തം
ഹൃദയത്തിലേക്ക് പ്രതിഷ്ഠിച്ചു. ദേഷ്യം വരുത്തി. തീ ആളിപ്പടർന്നു. രക്തസമ്മർദ്ദമുണ്ടായി; അതിൽ മോഹാലസ്യമുണ്ടായി. മോഹാലസ്യം വിളിച്ചു പറയപ്പെട്ടു. ദശരഥൻ ബന്നു, കൗസല്യ ബന്നു, രാമലക്ഷ്മണന്മാർ ഭരതശത്രുഘ്നന്മാർ ബന്നു, സൗമിത്രേം വസിഷ്ഠനുമെത്തി.
ദീനതയോടെ കൈകേയി എല്ലാരേം നോക്കി പുഞ്ചിരിച്ചു.
"ഞാനും ദശരഥ മഹാരാജാവും മാത്രം മതി, ബാക്കിയെല്ലാവരും പോയ്ക്കൊ."
അങ്ങനെ എല്ലാരും പോയി.
"എന്തേ കൈകേയി.?"
ദശരഥൻ ഭയങ്കര സ്നേഹത്തേടെ ചോയിച്ചു. കൈകേയി സൗമ്യത മോത്ത് ബെര്ത്തീറ്റ് പറഞ്ഞു.
"നിങ്ങൊ പണ്ട് എനക്ക് രണ്ട് വരം തരാന്ന് പറഞ്ഞിറ്റെ."
"പറഞ്ഞിന്... അയിന്.? "
"അതെനക്ക്പ്പൊ ബേണം."
"ചോയ്ച്ചോ... തരാലോ."
"നിങ്ങൊ ഭരതന രാജാവാക്കണം, രാമന പതിനാല് കൊല്ലം കാട്ടിലേക്കും അയക്കണം."
ദശരഥന് ദേഷ്യോം സങ്കടോം ഒരുമിച്ച് ബന്നു.
"നീ എന്തന്ന് പറയ്ന്നത് കൈകേയി, ആര് നിന്ന പിരി കേറ്റ്യേത്.? "
കൈകേയിരെ സാമർത്ഥ്യം തെളിഞ്ഞോണ്ട് ബന്നു. നെറ്റില്ണ്ടായ നനഞ്ഞ തുണി മാറ്റീറ്റ് പറഞ്ഞു.
"നിങ്ങളെ ജീവൻ ഒരിക്ക ഞാൻ രക്ഷിച്ചപ്പാട് രണ്ട് വരം തരാന്ന് പറഞ്ഞിന്, എപ്പൊ ചോയിച്ചാലും തരാന്ന് പറഞ്ഞിന്. ബില്ലെ രാജാ വായിറ്റ് പറഞ്ഞ വാക്കിന് ബെലയില്ലാണ്ടായാല് പിന്നെ ജനങ്ങള് നിങ്ങളെ എങ്ങനെ വിശ്വസിക്കും.? ദശരഥന്റെ വാക്ക് പയേ ചാക്ക് മാതിരി കീറിപ്പറഞ്ഞതല്ലല്ലൊ. ഇന്നന്നെ രാമനോട് പറയണം. എന്നിറ്റ് പൂയം നാളില് ഭരതനെ രാജാവാക്ക്യാല് പ്രശ്നം തീർന്നു."
അപ്പൊ ദദശരഥൻ ബോധം കെട്ടിറ്റ് ബീണു. എല്ലാരും ഓടി കൂടി. രാജതൽപ്പത്തില് ദശരഥനെ കെടത്തി. വിശറി വീശി കൗസല്ല്യേം സൗമിത്രേം ഒക്കത്തിര്ന്നു. വസിഷ്ഠന് കാര്യം പിടികിട്ടി. സീതേരൊപ്പം കളിച്ചോണ്ടിരുന്ന രാമന ബിളിച്ചുകൊണ്ട് ബന്നു. രാമൻ ദശരഥന്റെ കാലിന്റെ ബാത്ക്ക ഇരുന്നു. ദശരഥൻ എല്ലാരോടും പൊർത്ത് പോവ്വാൻ പറഞ്ഞു.ആട രാമനും ദശരഥനും മാത്രമായി.
"രാമ, എനക്ക് നിന്നോട് കാര്യായിറ്റ് പറയാനുണ്ട്. നിന്നോട് ഞാൻ എങ്ങന്യാണ് പറയല്.?"
രാമൻ കൂളായിറ്റ് പറയാൻ പറഞ്ഞു.
"നിന്നോട് സ്നേഹൂല്ലാഞ്ഞിറ്റൊ നിന്നെ ശ്രദ്ധിക്കാത്തോണ്ടന്ന്വല്ല, എന്നങ്കിലും നിന്നോടെങ്ങനെ പറയല്.? വെഷമൂണ്ട്. വെഷ മോല്ലം പോട്ട്ന്ന് ബെക്കാൻ പറ്റ്ന്നില്ല. കൊർച്ച് കടന്ന പ്രശ്നാണ്. എന്റെ മോന ഞാനെങ്ങനെ കാട്ടിലേക്ക് അയക്ക്ല്."
"മനസ്സിലായിറ്റ." രാമൻ പറഞ്ഞു.
"നിന്റമ്മ കൈകേയിക്ക് പണ്ട് ഞാനൊരു സത്കർമ്മം ചെയ്തേന് രണ്ട് വരം കൊട്ക്കാന്ന് പറഞ്ഞിന്. അതോള്പ്പൊ ചോയിച്ചു. ഓളത് അന്ന് മേണിച്ചിറ്റ,..അല്ല, ഓക്ക് ഓളെ മോനോടല്ലേ നല്ലോണം ഇഷ്ടുണ്ടാവൂ. അതോണ്ട് ഓള് ഇന്ന് ആ വരം ചോയിച്ചു. ഓളെ മോന രാജാവാക്കണോലും, നിന്നെ പതിനാല് കൊല്ലം കാട്ടിലേക്ക് അയക്കണോലും. എനക്കതിന് പറ്റ്വൊ.? രാജാവായ എന്റെ വാക്ക് പാലിക്കാതിരിക്കാനും പറ്റീല."
രാമൻ ഒന്നും പറയാതെ മുറി വിട്ട് പോയി. ദശരഥൻ അത് കണ്ടപ്പൊ പിന്നേം ബോധം കെട്ടു. പൂന്തോട്ടത്തില് കളിച്ചോണ്ടിരുന്ന സീതേരെ അടുത്ത് പോയി.
"സീതേ... കല്ല്യാണം കയിഞ്ഞിറ്റ് നമ്മൊ ഏട്ത്തേക്കും പോയിറ്റല്ലോ.നമ്മക്ക് ഹണിമൂണ് കാട്ടിലാക്യാലൊ.?"
സീത ഒര് തുമ്പീന കയ്യോണ്ട് പിടിച്ചിറ്റ് പറഞ്ഞു.
"ഞാൻ മിഥുലാപുരീന്ന് ഈടത്തേക്കെത്തീലേ, അതെന്ന ബല്ല്യ കാരോല്ലേ. എനക്ക് ബോറടിക്കുന്നോന്നുല്ല."
"അതല്ല സീതേ, നമ്മക്ക് കാട്ടിലേക്ക് പോയാലോ.... പതിനാല് കൊല്ലം."
സീത അതിശയത്തോടെ ചോയിച്ചു.
“പതിനാല് കൊല്ലാ... ഒന്നോ രണ്ടോ ആഴ്ച്ചേല്ലെ മധുവിധൂന് പോലില്ലൂ. കൂടിപ്പോയാ ഒന്നോ രണ്ടോ മാസം. പതിനാല് കൊല്ലോന്ന് പറയുമ്പോ ഈട്ന്ന് മാറിത്താമസിക്കാന്ന് പറഞ്ഞാപോരേ...? ആടേന്നെ ജീവിച്ചാപോരേ... പിന്നെന്തിന് ഇങ്ങോട്ട് ബര്ന്ന്.?"
രാമന് ചെറുതായിറ്റ് അലോസരുണ്ടായി.
"അതല്ല സീതേ, എനക്ക് ബേറേം മൂന്ന് അനിയമ്മാറില്ലെ... അപ്യക്കും രാജ്യത്തില് അവകാശൂല്ലെ... അതാണ്. പതിനാല് കൊല്ലം കയിഞ്ഞിറ്റ് രാജാവാകാ..."
സീത ആശങ്കയോടെ ചോയിച്ചു.
"അതിന് അപ്യ അവകാശം ചോയിച്ചൊ.?"
"അപ്യ ചോയിച്ചിറ്റപ്പ. കൈകേയിയമ്മക്ക് ഒരേ നിർബന്ധം; ഭരതന രജാവാക്കണംന്ന്."
"ആക്കിക്കോട്ടല്ലൊ... അയിന് നമ്മോന്തിന് കാട്ടിപ്പോന്ന്.?
"എന്നോടൊറ്റക്കാണ് പോവ്വാൻ പറഞ്ഞത്. അന്ന് നമ്മൊ കാട്ട്ലേക്ക് പോയിറ്റ് മിഥുലാപുരിക്ക് ബരുമ്പം ഒന്നിച്ച് വിശ്വാമിത്ര നുണ്ടായിന്, ലക്ഷ്മണനുണ്ടായിന്... അതോണ്ട് ബില്ല്യ പ്രയാസോന്നുണ്ടായിറ്റ. ഇപ്പൊ ഒന്നിച്ചാരുല്ലല്ലൊ.? നിനക്കാവുമ്പം കാട്ട്ലും തോട്ട്ലും നടന്നിറ്റ് ബല്ല്യ പരിചൂണ്ടല്ലൊ. നീ ബെര്ന്നില്ലെങ്കില് ഞാനൊറ്റക്കന്നെ പോവപ്പ."
സീതക്കപ്പെട്ട ചൊടി ബന്നു.
"നിങ്ങള കാട്ട്ലേക്ക് ബിട്ടിറ്റ് ഞാനീട ഓറ്റക്ക് നിക്കാനാ...? എന്നിറ്റ് ബേണം നാട്ട്കാരെല്ലാം ഓനോട് കൂറില്ലാത്തതെന്ന് പറയാൻ. ഞാനും ബര്ന്ന്. എനിക്കാണെങ്കി നായാട്ടിനെല്ലാം പോയിറ്റ് ചെറിയ പരിചോല്ലുണ്ട്."
രാമന് സന്തോഷായി. രാമൻ സീതേന കെട്ടിപ്പിടിച്ചു. സീത പറഞ്ഞു.
"ലക്ഷ്മണനേം കൂട്ടിക്കോ... ഏട്ടാ ഏട്ടാന്ന് പറഞ്ഞിറ്റ് പെറകെ ബര്ന്ന അനിയനല്ലെ. സൂചിപ്പിച്ചാ മതി; അപ്പൊ ഓൻ ബരും."
രാമൻ സന്ദേഹത്തോടെ ചോയിച്ചു.
"അപ്പോ ഊർമ്മിളയോ.?"
"ഊർമ്മിള മിഥുലാപുരിക്ക് പോയ്ക്കോളും. ഒന്നുരണ്ടാഴ്ച്ചെങ്കില് പ്രശ്നോല്ല; പതിനാലുകൊല്ലോന്നും കാട്ടിലേക്ക് ഓള ഓളെ അച്ഛനയക്കീല, കൊട്ടാരത്തില് ആരുല്ലാഞ്ഞിറ്റ് അച്ഛന് പൊഞ്ഞാറാവുന്നൂന്ന് പറയ്ന്ന്ണ്ടായിന്. എന്ന പിന്ന ചളീംകണ്ടത്ത് കിട്ട്യേതല്ലെ
അതോണ്ട് ചോയ്ക്കാനും പറയാനൊന്നും നിക്കീല, പോവണ്ടാന്നും പറീല."
രാമൻ കെട്ടിപ്പിടിത്തം മത്യാക്കീറ്റ് പറഞ്ഞു.
"ഞാൻ ലക്ഷ്മണനോട് ചോയ്ച്ചോക്കട്ട്, ഓന അധികം നിർബന്ധിക്ക്ന്നില്ല. ബെര്ന്നെങ്കില് ബെരട്ട്. ഓനാവുമ്പം ഒന്നിച്ചെന്നെ നിക്കും.
ലക്ഷ്മണൻ കൈകേയിയോട് ദേഷ്യപ്പെട്ടിറ്റ്, ദശരഥന്റെ കെടക്ക വരെ പോയിറ്റ്, രാമന്റട്ത്തേക്ക് ബന്നു. ലക്ഷ്മണന്റെ കണ്ണ് നെറ യ്ന്ന്ണ്ടായിന്.
"ഏട്ട.. ഏട്ടൻ കാട്ടിലേക്ക് പോന്ന.? "
രാമൻ ഭയങ്കര സാത്വിക ഭാവത്തില് "ഉം'ന്ന് മൂളി.
"എന്നാ ഞാനും ബര്ന്ന്."
"ബന്നോ... അതിനെന്തേ. പക്ഷേ, കൊറേ നിബന്ധനേണ്ട്.
"എന്ത് നിബന്ധന.?"
"ആദ്യത്തേത് രാജകീയ വേഷം ഇടാൻ പാടില്ല. എലയോ,മൃഗത്തിന്റെ തോലൊ അങ്ങനെ എന്തെങ്കിലും ഇടണം. ഈട്ന്ന് ഭക്ഷണോന്നും കൊണ്ടാവാൻ പറ്റീല, കാട്ട്ലേക്കെത്ത്യാല് നമ്മുടെ രാജ്യായിറ്റ് ഒരു ബന്ധവും പാടില്ല. ആരണ്യം കയിഞ്ഞാല് ദണ്ഡകാരണ്യം; ബല്ല്യ കാട്. അങ്ങനെ കാട്ട് പഴോം പറിച്ച് തിന്നിറ്റ് ജീവിക്കണം. പതിനാല് കൊല്ലം കയിഞ്ഞാല് നാട്ടിലേക്ക് ബരാ. അപ്പളേക്കും മുടീം ജഢേം ബന്നിറ്റ് നമ്മൊ മുനിമാരമാതിരിണ്ടാവും."
ലക്ഷ്മണൻ ഭയങ്കര കാര്യത്തില് പറഞ്ഞു.
"ഏട്ടാ മന്ഥര അമ്മായി ഈട ബന്നിറ്റ്ണ്ടായിന്. ഓറായിരിക്കും കൈകേയിയമ്മേന പിരി കേറ്റി ബിട്ടത്. ഭരതന് നാട്ട്കാരുമായിട്ടൊന്നും ബല്ല്യ പരിചയോം അടുപ്പോന്നൂല്ല. ഏട്ടൻ കാട്ട്ല് പോയാല് ഭരതൻ നന്നായിറ്റ് രാജ്യം ഭരിച്ചാല് പിന്ന ഒരിക്കലും ഏട്ടന് രാജ്യം കിട്ടൂല. മാത്രോല്ല, പതിനാല് കൊല്ലം ബരേന്നും ഇനി അച്ഛന്ണ്ടാവീല. അപ്പൊ അയിനെടേല് അച്ഛൻ മരിച്ചാല് ഏട്ടന അനുകൂലിക്കാനൊന്നും ആരുണ്ടാവീല, നാട്ട്കാര് രണ്ടുമൂന്ന് കൊല്ലം കയ്യുമ്പം രാമന മറക്കും. രാമനെപ്പറ്റി പാടുന്ന പാട്ട് നിക്കും. പിന്നെ ഭരതന്റെ ഭരണത്തിന പറ്റീറ്റായിരിക്കും പറയല്, കാട്ട്ലേക്ക് പോന്ന തീരുമാനം നല്ലോണം ആലോചിച്ചിറ്റെട്ത്താ മതി."
രാമൻ പിന്നേം സാത്വികഭാവം മുഖത്ത് വര്ത്തി.
"ലക്ഷ്മണാ മനുഷമ്മാറ് ജനിക്കും മരിക്കും. അതിനെടേല് കൊറച്ച് കാലം ജീവിക്കും. അതിനൊന്നും രേഖ ഇണ്ടാക്കേണ്ടത് ജീവിക്കുന്നവരെ പണിയല്ല, മറ്റ്ള്ളവരുണ്ടെങ്കിലെ ഞാൻ എന്നൊന്നുള്ളൂ. അത് ബോധപൂർവ്വം ഇണ്ടാവ്ന്നതല്ല. നമ്മളിലെന്തോ ഉണ്ട് എന്ന് അവര് കണ്ടെത്തുന്നതാണ്. അവരത് കണ്ടെത്തീറ്റെങ്കിലും ജീവിതം ജീവിച്ചെന്നെ തീർക്കണം. സീതക്ക് അത്യാവശ്യം തല്ലാക്കാനും ഓടാനും ചാടാനെല്ലം അറിയും. നിനക്ക് അസ്ത്രവിദ്യേം അറിയാം. നമ്മക്ക് അത്ര വയസ്സായിറ്റൂല്ല. അതോണ്ട് പതിനാല് കൊല്ലം അത്ര ബില്ല്യ സംഭവോന്ന്വല്ല. അച്ഛന അറിയ്ന്ന കൊറേ ആൾക്കാര് കാട്ട്ല്ണ്ട്. അപ്പ്യേല്ലം നമ്മളൊന്നിച്ചുണ്ടാവും. "
രാമൻ പോകും വഴി ലക്ഷ്മണനും പോയി. രോഗശയ്യേല് പിന്നേം രാമൻ ദശരഥനെ കണ്ടു. ദശരഥൻ രാമനെ കരഞ്ഞോണ്ട് വരവേറ്റു.
രാമൻ പറഞ്ഞു.
"നമ്മൊ ഒര് വിനോദയാത്രക്ക് പോന്നെന്ന് വിചാരിച്ചാമതി. കാട്ട്ലേക്ക് പോകുന്നൂന്ന് അറിഞ്ഞപ്പാടെ സീതക്കും ലക്ഷ്മണനും ഭയങ്കര സന്തോഷം. രാമന്റെ രാജ്യാഭിഷേകം അലങ്കോലപ്പെട്ടേല് സങ്കടോന്നും ബേണ്ട. ഭരതന് എന്നെക്കാളും നന്നായിറ്റ് രാജ്യം ഭരിക്കാൻ കയ്യും.
രാമൻ ആടയാഭരണങ്ങൾ ഉപേക്ഷിച്ചു. സീതേം ലക്ഷ്മണനും അതനുകരിച്ചു. മുറീന്ന് പൊർത്തെറങ്ങ്യപ്പാട് ഭരതൻ രാമന കാണാനെത്തി.
"ഏട്ട, എനക്ക് രാജ്യം ഭരിക്കാനൊന്നും അറീല, രാജ്യധർമ്മം എന്തെന്നും അറീല, എന്തെങ്കിലും പറഞ്ഞ് തന്നിറ്റ് പോ. എങ്ങനെങ്കിലും പിടിച്ച് നിക്കണ്ടെ.? അമ്മേരെ മുമ്പിലെങ്കിലും."
രാമൻ അനുഗ്രഹിച്ച് പറഞ്ഞു.
"നിനക്ക് പ്രത്യേകിച്ച് ഇഷ്ടാന്നൂല്ലാന്നേട്ടനറിയാം. നീ നല്ലൊരു സേവകനാകണം. പ്രജകൾക്ക് എന്താണോ ഇഷ്ടം അതെന്നെ നിന്റേം ഇഷ്ടം. പ്രജകൾക്ക് നല്ലത് ബര്ന്നതെ ചെയ്തൂടു. മറിച്ചായാല് രാജാവ് മരിച്ചെന്ന് ആൾക്കാര് പറയും. രാജ്യം ദാരിദ്ര്യത്തിലാണെങ്കിൽ കയ്യുന്നതും യുദ്ധം ഒഴിവാക്കണം. അതിർത്തി വലുതാക്കലൊന്നും ഇനി വേണോന്നില്ല. അച്ഛനന്നെ പരമാവധി നേടീറ്റ്ണ്ട്.
ബ്രാഹ്മണരെ ഉപദേശം തേടണം. ക്ഷത്രിയരെ യുദ്ധതന്ത്രം പരിശീലിപ്പിക്കണം. വൈശ്യരെ കച്ചോടത്തിന് ഉപയോഗിക്കണം. ശൂദ്രരെ പണിയെടുപ്പിക്കണം; എന്നെങ്കിലെ രാജ്യത്തിന് ഐശ്വര്യം ഇണ്ടാവൂ. ജനങ്ങളെ വെറുപ്പിക്കാനൊന്നും പാടില്ല. നിന്റെ കുട്ടിത്തം മാറ്റണം. ആൾക്കാരോട് നല്ല പാങ്ങില് പെരുമാറണം. നാട്ട് രാജാക്കമ്മാറുടെ യോഗം ഒരു മാസത്തില് ഒരിക്കലെങ്കിലും ചേരണം. "
അങ്ങനെ രാമന്റെ ഉപദേശം കേട്ടിറ്റ് ഭരതൻ കൈകേയീരെ അട്ത്തേക്ക് പോയി.
കൈകേയീം മന്ഥരേം എന്തെല്ലോ പറഞ്ഞിറ്റ് ചിന്തയിലാണ്ടിരിക്കുന്ന്ണ്ടായിന്.
"നാളേല്ലെ പൂയ്യം നാള്. അയോദ്ധ്യേല തെരക്ക് കൂടിലെ. ഋഷി വര്യമ്മാറ് വന്നിലെ, നാട്ട് രാജ്യത്ത് ആൾക്കാരും എത്തി... എന്നിറ്റും എന്തേ രാമൻ പോവ്വാത്തത്.?"
സുമന്ത്രർ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്. എന്തെല്ലാമൊ സംഭവിച്ചത് മാതിരി തോന്നിനെങ്കിലും വ്യക്തായിറ്റൊന്നും അറിയുന്നില്ല. ആരെല്ലോ എന്തെല്ലോ കുശ്കുശ്ക്ക്ന്നുണ്ട്.
"രാമൻ പോയോ.? "
തെളിയാത്ത ഒര് ചോദ്യം കൊട്ടാരത്തില് അങ്ങുമിങ്ങും പാറിനടക്കുന്ന്ണ്ട്. ദശരഥൻ എണീക്കാൻ കയ്യാണ്ട് മുറീലെന്നെ ആയി. കൈകേയീം മന്ഥരേം പൊർത്തെക്കെന്നെ ബര്ന്നില്ല. സൗമിത്രക്കും കൗസല്യക്കും സംഗതി എന്തെന്ന് പോലും അറിഞ്ഞിറ്റ. അലങ്കാരപണിയെല്ലാം എട്പിടീന്ന് നടക്കുന്നുണ്ട്. മേൽനോട്ടക്കാര് ഒച്ചവച്ചിറ്റ് ഒരു താളോല്ലം ഇണ്ടാക്കുന്ന്ണ്ട്. സുമന്ത്രര് ദശരഥന കാണാനായിറ്റ് മുറിയിലേക്ക് പോയി. ദശരഥന്റെ കണ്ണ് കലങ്ങീറ്റ്ണ്ടായിരുന്നു. സുമന്ത്രരെ മോത്തേക്ക് പോലും നോക്കുന്നില്ല. രാമലക്ഷ്മണമ്മാറ കാണ്ന്ന് പോലും ഇല്ല. രാത്രി ഭയങ്കര രസം തോന്നീനെങ്കിലും, ചെല മുഖങ്ങള് എന്തെല്ലോ ഒളിച്ച് വെക്കുന്ന മാതിരി. കൊറേ ആൾക്കാരെല്ലം രാമനേം ഭരതനേം പറ്റി എന്തെല്ലോ സംസാരിക്കുകയാണ്. സീത പതിവുമാതിരി പൂമാല കോർക്കുന്നുണ്ട്. കാര്യം എന്തെന്നത് ഓളോട് ചോയ്ക്കാന്ന് വെച്ചിറ്റ് ഓളട്ത്തേക്ക് പോയി. സീത പതിവുമാതിരി സുമന്ത്രരെ ഗൗനിച്ചു.
"എന്തേപ്പ.?"
സുമന്ത്രര് കൗതുകത്തോടെ ചോയിച്ചു.
"ഈട എന്തന്ന് പ്രശ്നം.?" ദശരഥനാട സുഖല്ലാണ്ടിരിക്കുന്ന്ണ്ട്. കൈകേയീന പൊർത്തേക്ക് കാണുന്നില്ല. ഭരതൻ ഗമേല് നടക്കുന്നൂണ്ട്. രാമനേം ലക്ഷ്മണനേം കാണുന്നേയില്ല. എന്തോ പറ്റിറ്റ്ണ്ട്."
സീത നല്ല പാങ്ങില് ചിരിച്ചു. സൗമ്യതയോടും സ്നേഹത്തോടും പറഞ്ഞു.
"ഭരതനോലും അട്ത്ത യുവരാജാവ്. അച്ഛൻ പറഞ്ഞിനോലും. ഞാനും രാമനും ലക്ഷ്മണനും കൂടീറ്റ് നാള കാട്ട്ല് പോവും. കാട്ടില് പതിനാല് കൊല്ലം നിക്കണം. "
സുമന്ത്രര് ബായില് അപ്പൂട്ട മാതിരി ബായും പൊളിച്ചിറ്റ് നിന്നു. കണ്ണ്ന്ന് വെള്ളം ബന്നു.
"രാമനേട പോയി.?"
"ഓറ് വിശ്വാമിത്രന കാണാൻ വേണ്ടീറ്റ് പോയിന് കാട്ടില് ബയി അറിയണ്ടെ,അയിന് ബേണ്ടീറ്റ്. "
വാർത്ത കേട്ടപ്പാടെന്നെ സുമന്ത്രര് ഭയങ്കര ദേഷ്യത്തില് ആട്ന്ന് പോയി. സീത ചെർതായിറ്റ് ചിരിച്ചിറ്റ് പൂ കോർക്കാൻ തൊടങ്ങി. തിരിച്ചുബന്ന രാമൻ സീതേന കാണാൻ ബന്നു.
"സീതേ, നീ ബര്ന്ന.?, കാട്ട്ല് കൊറേ മൃഗങ്ങളുണ്ടാവും, രാക്ഷസമ്മാറുണ്ടാവും ഇഴജന്തുക്കളുണ്ടാവും ദുഷ്ടമ്മാറെല്ലാം ഇണ്ടാവും. മിഥിലേല് നിനക്ക് രാജകുമാരീന മാതിരി കയ്ഞ്ഞൂടെ.? വെർതെ പതിനാല് കൊല്ലം കാട്ട് വാസീന മാതിരി ജീവിക്കണ, ഇത് എന്നെ മാത്രം ബാധിക്കുന്ന പ്രശ്നോല്ലെ.? അതോണ്ട് ഞാൻ മാത്രം പോയാ പോരെ.... ലക്ഷ്മണൻ പിന്നെ ചെർപ്പത്തിലേ ഒക്കിണ്ടായതോണ്ട് പ്രശ്നോല്ല."
സീത ചോദിച്ചു.
"അതെങ്ങനേപ്പാ, ഇത് നിങ്ങളെ മാത്രം പ്രശ്നാവല് എന്റെ അച്ഛനുമമ്മേം രാജകുമാരിയായിറ്റല്ല എന്നെ വളർത്തീത്. നല്ല മോളായിറ്റായിരുന്നു. അതോണ്ടെന്നെ അമ്മ പറഞ്ഞിന് ഭർത്താവിന് ദുഃഖം ബരുമ്പം ഒന്നിച്ചെന്നെ നിക്കണംന്ന്. സന്തോഷത്തോടെ പ്രശ്നം പരിഹരിക്കാൻ ആവേശം കൊട്ക്കണംന്ന്."
രാമൻ കൊറേ സമയം ചിന്തിച്ചു. ശരീ'ന്നും പറഞ്ഞിറ്റ് അവ്ത്തേക്ക് പോയി.
അയോദ്ധ്യേല് പൂയ്യം നാളില് ബവുസു കെട്ട പ്രഭാതുണ്ടായി.സീതേരെ പൂന്തോട്ടത്തില് മുടിവന്ന പൂവൊന്നും വിരിഞ്ഞിറ്റ. ദശരഥൻ കെടന്നെട്ത്തെന്നെ. രാമൻ ഓരോ അമ്മമാരോടായിറ്റ് യാത്ര ചോയിച്ചു. സുമന്ത്രരെ തേര് കൊട്ടാരത്തിന്റെ മുമ്പില് നിർത്തി.
കാട്ടുവാസിരെ മാതിരി പുള്ളമ്മാറ കണ്ടപ്പാട് അമ്മമാറെ കണ്ണ്ന്ന് വെള്ളം ബന്നു. ഭരതന്റെ മുഖം കുറ്റബോധം കൊണ്ട് താണിരുന്നു. കൈകേയി ഇല്ലാത്ത ധൈര്യം ഇണ്ടാക്കിയെടുത്തു.
"ഓളൊരു പൗറ്. "
സുമന്ത്രർ കുശുകുശുക്കി.
"ഏഷണിച്ചി."
മന്ഥരേരെ ചിരീന നോക്കീറ്റ് പറഞ്ഞു. ദശരഥന്റെ കാലും തൊട്ടിറ്റ് അവര് പോയി.
"ഏട രാമാ പോന്ന്.? "
"കാട്ട്ലേക്ക്. "
"എന്തിന്.? "
"അച്ഛൻ പറഞ്ഞു കാട്ട്ലേക്ക് പോണംന്ന്. "
"ഒക്ക ആരെല്ലൂണ്ട്.? "
"സരയൂ നദിവരെ സുമന്ത്രരെ തേര്ണ്ടായിന്. ഇപ്പൊ ഞാനും ലക്ഷ്മണനും സീതേം ഗുഹനും മാത്രേ ഇല്ലൂ."
കാട്ട്തോലും ധരിച്ച്, കാട്ട് വള്ളി കൊണ്ട് മുടികെട്ടി, അമ്പും വില്ലും തോളിലിട്ട്, തുകൽ സഞ്ചീല് വെള്ളം നെറച്ച് അവര് നടന്നു.