ഭാഗം 10
മഹേഷ് വരുന്നതും നോക്കി രാത്രി ശാരദ വീടിന് മുൻപിൽ കാത്തിനിന്നു. ഇന്ന് എന്തായാലും അവൻ വരാതിരിക്കില്ല അവളെ പറഞ്ഞു വിട്ടതിന്റെ ഫലം എന്താണെന്ന് അറിയണമല്ലോ....
"ആഹാ ഇതെന്താ മുറ്റത്ത് നിൽക്കുന്നത്...?"
"ആ ചിലപ്പോൾ ഞാനിനി മുതൽ മുറ്റത്ത് കിടക്കേണ്ടി വന്നാലോ? അതുകൊണ്ട് വെറുതെ നിന്നു നോക്കിയതാ..."
അകത്തേക്ക് കയറാൻ തുടങ്ങിയ അവനെ പിടിച്ചു നിർത്തിക്കൊണ്ട് അവർ തറപ്പിച്ചൊന്ന് നോക്കിയതും മഹേഷ് പരുങ്ങി...
"അവളിന്നെന്നെ കാണാൻ വന്നു, നിന്റെ ഉമ, നീ പറഞ്ഞിട്ടാ വന്നതെന്ന് പറയുകയും ചെയ്തു...
കിളിപോയ കണക്കെ അവൻ വീണ്ടും ഇളിച്ചു... അപ്പൊ ഇവൻ പറഞ്ഞിട്ടുണ്ട് ഉറപ്പാണ്... കള്ള ബടുവാ... ശാരദ പല്ല് ഞെരിച്ചു...
"രണ്ട് വയസ്സ് മൂത്ത പെണ്ണിനെ കെട്ടിക്കൊണ്ട് വരാൻ നിനക്ക് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ അല്ലേ...?"
"ഇല്ലമ്മേ പ്രായത്തിലൊക്കെ എന്തിരിക്കുന്നു. മനസ്സല്ലേ പ്രധാനം..."
പറഞ്ഞു കഴിഞ്ഞാണ് അബദ്ധം മനസ്സിലായത്... വളിച്ച ചിരിയോടെ അമ്മയെ നോക്കി...
"ഒരു കാര്യം പറഞ്ഞേക്കാം അവളെ അവളുടെ വീട്ടുകാര് വേറെ കെട്ടിക്കുവോ കെട്ടിക്കാതിരിക്കുവോ അത് നമ്മുടെ വിഷയമല്ല. നീയായിട്ട് വെറുതെ പ്രശ്നം ഉണ്ടാക്കരുത്... അത് ശരിയാവില്ല മോനെ..."
"അമ്മ പണ്ട് അച്ഛൻ വിളിച്ചപ്പോൾ ഇറങ്ങിപ്പോന്നത് അച്ഛന്റെ ജാതീം മതവും സ്റ്റാറ്റസ്സും നോക്കിയിട്ടാണോ...?"
ശാരദ അവനെ നോക്കി...
"അന്ന് നിന്റച്ഛൻ എന്നെ നോക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അതാണോ ഇവിടുത്തെ അവസ്ഥ... നിനക്ക് പറയത്തക്ക ജോലി എന്തെങ്കിലും ഉണ്ടോ, അവളുടെ വീട്ടിൽ പെണ്ണ് ചോദിച്ചു ചെല്ലാൻ..."
മഹേഷ് മറുപടി പറയാതെ നിന്നു. ശരിയാണ് രാഷ്ട്രീയം കളിച്ചു നടക്കുതല്ലാതെ പണിയൊന്നുമില്ല. എല്ലാം കൈവിട്ടു പോകുമെന്ന അവസ്ഥയിൽ അവൻ അമ്മയെ നോക്കുക പോലും ചെയ്യാതെ അകത്തേക്ക് കയറിപ്പോയി...
ദാമോദരൻ വിളിപ്പിച്ചത് പ്രകാരം മഹേഷും കുഞ്ഞുമോനും പാർട്ടി ഓഫീസിലെത്തുമ്പോൾ അവിടെ കുമാരനുമുണ്ട്...
"മഹേഷ് വാടോ വന്നിരിക്ക്... ഒരു സന്തോഷവാർത്ത പറയാനാ വിളിപ്പിച്ചത്... അടുത്ത ഇലക്ഷനിൽ ഇവിടെ മത്സരിക്കാൻ പാർട്ടി നിന്നെയാ തിരഞ്ഞെടുത്തിരിക്കുന്നത്..."
കുഞ്ഞുമോൻ സന്തോഷത്തോടെ അവന്റെ കയ്യിൽ പിടിച്ചമർത്തി... എന്തുകൊണ്ടോ അവന്റെ മുഖത്ത് കാര്യമായി തെളിച്ചം കണ്ടില്ല.
"അല്ല ദാമോദരേട്ടാ നിങ്ങളൊക്കെ ഉള്ളപ്പോൾ ഞാൻ നിൽക്കുന്നത് ശരിയല്ല. എനിക്കതിനുള്ള പക്വത വന്നിട്ടില്ല."
"ആരുപറഞ്ഞു ഇല്ലെന്ന്... നീ എടുത്ത പല തീരുമാനങ്ങളും ജനങ്ങളുടെ മനസ്സിൽ വലിയ പ്രതീക്ഷയാണ് കൊടുത്തിരിക്കുന്നത്... മാത്രമല്ല നീയാണ് നിൽക്കുന്നതെങ്കിൽ ഒരു വോട്ടും പുറത്തുപോവില്ല."
കുമാരനും അത് ശരിവച്ചു...
"മാത്രമല്ല നീ ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലാണെന്ന് കേട്ടല്ലോ അതിനെ വിളിച്ചിറക്കി കൊണ്ടുവരുമ്പോൾ നീയൊരു എംഎൽഎ ആണെങ്കിൽ നല്ലതല്ലേ... അല്ലങ്കിൽ മത്സരിക്കാൻ പോകുന്നയാളെന്ന് എല്ലാവരും അറിഞ്ഞാൽ മതിയല്ലോ..."
ദാമോദരൻ പറഞ്ഞതൊക്കെ ശരിയാണ്... മഹേഷ് ആലോചനയോടെ നിൽക്കുന്നത് കണ്ട് ദാമോദരൻ കുമാരനെ കണ്ണ് കാണിച്ചു...
"എന്റെ മഹേഷേ നീയിങ്ങനെ ആലോചിച്ചു നോക്കണ്ട കാര്യമില്ല. ചാലിട്ടയിൽ നമ്മുടെ പാർട്ടി തഴച്ചു കയറാൻ പോകുന്ന സമയമാ, നമ്മളൊക്കെ സ്വന്തം കാര്യം എന്നതിലുപരി പാർട്ടി എന്ന് മുഖ്യം കൊടുക്കുന്നവരാ അങ്ങനെയുള്ളപ്പോൾ ഇതൊക്കെ ആലോചിച്ചു തീരുമാനിക്കേണ്ട ഒന്നല്ല. ഞങ്ങളൊക്കെ അധികാരം മോഹിച്ചു വന്നവരല്ല ആയിരുന്നെങ്കിൽ എപ്പോഴേ മുന്നിട്ടിറങ്ങുമായിരുന്നു. നീ ധൈര്യമായിട്ട് ഇറങ്ങിക്കോ ഞങ്ങളൊക്കെ കൂടെയുണ്ട്..."
മഹേഷിന് കൂടുതലൊന്നും ചിന്തിക്കാനുള്ള അവസരം രണ്ടാളും കൊടുത്തില്ല. അവൻ സമ്മതം അറിയിച്ച് തിരികെപ്പോയി...
"എന്താ ചേട്ടന്റെ മനസ്സിലുള്ളത് എന്നോടെങ്കിലും പറയ്..."
"പറയാനുള്ളതല്ല കുമാരാ ചെയ്യാനുള്ളതാ... അവൻ വീണാൽ പിന്നെ നീയാ ലോക്കൽ കമ്മറ്റി നേതാവ് ഞാൻ അടുത്ത എംഎൽഎ, മുന്നോട്ട് പോകുന്തോറും നിനക്കും ഗുണം മാത്രമേ കിട്ടൂ പോരേ..."
കുമാരൻ സമ്മതത്തോടെ തലയാട്ടി ചിരിച്ചു...
കുമാരൻ റൂമിൽ ഫുൾ ബോട്ടിൽ പൊട്ടിച്ചു കുടി തുടങ്ങിയിട്ട് നേരം കുറെയായി... സുരഭി ഓംലറ്റ് പൊരിച്ചു കൊണ്ടുവരുമ്പോൾ കുമാരൻ ആടിത്തൂങ്ങി ഇരിപ്പുണ്ട്...
"ദേ മനുഷ്യാ ഇത് വേണ്ടേ... ബോധം പോയോ നിങ്ങടെ..."
"ബോധം പോയത് നിന്റെ തന്ത ചന്ദ്രന്റെ അങ്ങനൊന്നും ഞാൻ ഫിറ്റാവില്ല സുരഭി... എന്റെ ജീവിതം ഇനി എങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള സമയം വന്നെടി, ഇപ്പൊ ഞനെടുക്കുന്ന തീരുമാനമാണ് എന്റെ തലവര...
"തെളിച്ചു പറ മനുഷ്യാ..."
കുമാരൻ അറിയാവുന്ന കാര്യങ്ങളൊക്കെ സുരഭിയോട് പറഞ്ഞു.
"ദാമോദരൻ എന്താ ചെയ്യാൻ പോണതെന്ന് എന്നോടിതുവരെ പറഞ്ഞിട്ടില്ല. പക്ഷെ ഞാനായിട്ട് ഇപ്പൊ എന്തെങ്കിലും ചെയ്തേ തീരു..."
കുരുട്ടുബുദ്ധിയുടെ കാര്യത്തിൽ തന്റെ ഭർത്താവിനെ വെല്ലാൻ ആരുമില്ല എന്ന് അവൾക്ക് ഉറപ്പാണ്....
ജില്ലാക്കമ്മറ്റി കഴിഞ്ഞ് തിരികെ വരുമ്പോഴാണ് പതിവില്ലാതെ ഉമയുടെ കോൾ വരുന്നത്...
"എന്താടി..."
"ഏടാ പ്രശ്മാണ് അന്നു ഞാൻ പറഞ്ഞ കാര്യം നടക്കാൻ പോവാ എന്റെ പെണ്ണുകാണാൻ ആരാണ്ട് വരുന്നു. അച്ഛന്റെ പഴയൊരു കൂട്ടുകാരനാ അയാളുടെ മകന് വേണ്ടി..."
"നീ പേടിക്കാതെ വരുന്നയാളിന്റെ അഡ്രസ്സ് ഒന്ന് അയക്ക് ബാക്കി ഞാൻ നോക്കിക്കോളാം... എന്തായാലും ഞാനിവിടെ ഉള്ളപ്പോൾ നിന്നെ ആരും കെട്ടിക്കൊണ്ട് പോവില്ല. ഉറപ്പ്...
ഫോൺ കട്ടാക്കി, കുഞ്ഞിമോന്റെ നമ്പർ ഡയൽ ചെയ്ത് മഹേഷ് കാത്തിരുന്നു
ദേഷ്യത്തോടെ മുറിക്കുള്ളിൽ ഉലാത്തിക്കൊണ്ടിരുന്ന രമേശൻ നായർ, അടുത്ത് നിൽക്കുന്ന അനിയൻ സുരേഷ്, നാഗേഷ്, ജയേഷ്... എല്ലാം കണ്ടും കെട്ടും മാറിനിൽക്കുന്ന ഉമ, അമ്മ സോജ ഒപ്പം അനിയന്മാരുടെ ഭാര്യമാരും...
"എന്റെ കുടുംബത്തേക്കുറിച്ച് ഇത്രക്ക് മോശമായി അവരോട് പറയാൻ ഈ നാട്ടിൽ ആർക്കാ ഇത്ര ധൈര്യം...?"
"വെറുതെ വിടില്ല ഏട്ടാ, കണ്ടുപിടിച്ചാൽ കൊത്തിയരിയും ഞാൻ..."
സുരേഷ് രോഷം പുകഞ്ഞ് അലറുമ്പോൾ ഉമ ആലോചന മുടങ്ങിയതിന്റെ സന്തോഷത്തിലാണ്...
"മൊതലാളി ഒരാള് കാണാൻ വന്നിട്ടുണ്ട്...
"ആരാ...?"
"പാർട്ടി നേതാവ് മഹേഷ്..."
മഹേഷ് എന്ന പേര് കേട്ടതും ഉമയുടെ അടിവയറ്റിൽ ഒരു വെള്ളിടി വെട്ടി....
(തുടരും)