ഭാഗം 15
അനന്തനെ എങ്ങനെ ഒഴിവാക്കും എന്ന് ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് മഞ്ജുവും അവൾക്കൊപ്പം ഗംഗയും അവിടേക്ക് കയറി വന്നത്... ഗംഗയെ കണ്ടതും അനന്തന്റെ മുഖം കറുത്തു...
"ഇപ്പൊ എങ്ങനുണ്ടെടി നീയെന്തിനാ മഴയത്തു നനയാൻ പോയത്...?"
മഞ്ജു ക്യാഷ്വലായി ചോദിച്ചെങ്കിലും ദക്ഷയുടെ അവസ്ഥ മനസ്സിലാക്കാൻ അവൾക്ക് കഴിഞ്ഞു. ഗംഗയെ കണ്ടപ്പോൾ ദക്ഷ മഞ്ജുവിനെ നോക്കി...
"നിന്നെ ഹോസ്പിറ്റലിൽ കൊണ്ടുവന്ന വിവരം നാട്ടിൽ അറിയാൻ ആരുമില്ല ബാക്കി... ആന്റി രാവിലെ എണീറ്റ് മുറ്റത്തേക്ക് വന്നപ്പോഴല്ലേ നീ വീണു കിടക്കുന്നത് കണ്ടത്... ബഹളം വച്ച് ആളുകളെ വിളിച്ചുകൂട്ടി ആംബുലൻസ് വിളിച്ചാണ് ഹോസ്പിറ്റലിൽ കൊണ്ടുവന്നത്..."
എല്ലാം മനസ്സിൽ ചിന്തിച്ചു നോക്കിയപ്പോൾ ദക്ഷയ്ക്ക് അവിടെ കിടന്ന് മരിച്ചുപോയാൽ മതിയെന്ന് തോന്നിപ്പോയി...
"താനിങ്ങനെ ഡെസ്പ് ആവാതെ ദക്ഷാ..."
അനന്തൻ എല്ലാം കേട്ട് ഒരു ഭാഗത്തേക്ക് മാറി നിൽപ്പുണ്ട്... അനന്തനുള്ള ചായയുമായി സുരഭി അകത്തേക്ക് വന്നപ്പോൾ മഞ്ജുവിനെ കണ്ടത്...
"ആഹാ നീയാരുന്നോ മഞ്ജുവേ, ഇതാരാടി...?"
മഞ്ജു ഗംഗയെ തന്റെ ഫ്രണ്ടായി പരിചയപ്പെടുത്തി... അനന്തൻ ചായയുമായി പുറത്തേക്ക് പോയപ്പോൾ ഗംഗാ ഞാനിപ്പോ വരാമേ എന്ന് പറഞ്ഞ് അവന് പിന്നാലെ പോയി, സുരഭി അടുക്കളയിലേക്കും...
"എടീ എനിക്ക് മരിച്ചാൽ മതിയെടി ഇന്നലെ മഴയത്ത് ഇറങ്ങി നിന്നപ്പോൾ ഭൂമി പിളർന്നു താഴേക്ക് പോയാലെന്താ എന്ന് പോലും ആലോചിച്ചു... കണ്ണടച്ചാൽ അന്നത്തെ കാര്യങ്ങളാ മനസ്സിൽ മുഴുവനും..."
"എന്നോട് ക്ഷമിക്ക് മോളെ ഞാനായിട്ട് നിന്നെ പലതും ഓർമിപ്പിച്ചു... ഒന്നും വേണമെന്ന് കരുതി പറഞ്ഞതല്ല."
മഞ്ജു ദക്ഷയുടെ നെറ്റിയിലൂടെ തലോടി...
"അവളെങ്ങനെ നിന്റെ കൂടെ വന്നു...?"
"മഹി പറഞ്ഞു വിട്ടതാ ഞാൻ പറഞ്ഞില്ലേ എല്ലാവരും അറിഞ്ഞു സംഭവം... ഞങ്ങള് ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഡിസ്ചാർജ് ചെയ്തു എന്നറിഞ്ഞു. പിന്നെയാ ഇങ്ങോട്ട് വന്നത്...
നീ ഇപ്പൊ ഒന്നും ആലോചിക്കണ്ടാ എല്ലാം പരിഹരിക്കാൻ നിന്റെ ജീവിതം പകരം കൊടുക്കാൻ തീരുമാനിച്ചത് മാത്രം ശരിയാണോ എന്ന് എനിക്കിപ്പോഴും അങ്ങോട്ട് പറയാൻ കഴിയുന്നില്ല മുത്തേ... വേണ്ടെടി എല്ലാം അതിന്റെ വഴിക്ക് പോകട്ടെ ഉമ കൊടുത്ത സ്നേഹം അവന് കൊടുക്കാൻ നിന്നെക്കൊണ്ട് കഴിയില്ല ദക്ഷ... നിന്റെ മനസ്സിൽ അവരോടുള്ള കുറ്റബോധം നിലനിൽക്കുവോളം അതൊന്നും മറക്കാൻ നിന്നെക്കൊണ്ട് കഴിയില്ല."
പെട്ടന്ന് ഗംഗാ കയറിവന്നതും അവർ സംസാരം നിർത്തി...
"നിന്റെ വിവരങ്ങളൊന്നും അറിയാതെ ഒരാൾ വേവലാതി പിടിച്ചു നിൽപ്പുണ്ട്... ആരാണെന്ന് ഞാൻ പറയണ്ടല്ലോ അല്ലേ..."
യാന്ത്രികമായി തലയാട്ടിയ ദക്ഷ മഞ്ജുവിനെ നോക്കി...
"അല്ല നീയെന്തിനാ അവന്റെ പിന്നാലെ പോയത്...?"
വിഷയം മാറ്റാനായി മഞ്ജു അനന്തന്റെ കാര്യം എടുത്തിട്ടു...
"അവനോ അല്പൻ..."
ഉറക്കെ ചിരിച്ചുകൊണ്ട് അവനെ വെള്ളത്തിൽ തള്ളിയിട്ട കാര്യം വിവരിച്ചു... അവൾ സ്വയം ചിരിയടക്കാൻ പാടുപെട്ടു...
കുറച്ചു മുൻപ് അവനെ കണ്ട് പിന്നാലെ പോയതും അതുവച്ചാണ്...
"സർ സർ... അന്ന് നടന്നതിന് സോറി പറയാൻ വന്നതാ സോറി..."
"താൻ എന്നോട് മിണ്ടാൻ വരണ്ട, കൂടെ നിന്ന് പറ്റിക്കുന്ന ഫ്രണ്ടിനെ എനിക്ക് ഇഷ്ടമല്ല."
"ഓഹോ... പണത്തിന്റെ പുറത്ത് ജീവിക്കുന്നവനൊക്കെ ഒരു വിചാരമുണ്ട് അവനാണ് ശരിക്കും ജീവിതമുള്ളതെന്ന്, എടൊ അല്പാ അങ്ങനെ തന്നെ വിളിക്കും ഞാൻ താനൊക്കെ പാവപ്പെട്ടവന്റെ ജീവിതം കണ്ടിട്ടുണ്ടോ ഒരിക്കലെങ്കിലും യാത്ര ചെയ്യുന്ന കാറിന്റെ വിൻഡോ തുറന്ന് പുറത്തേക്ക് നോക്കാൻ ശ്രമിച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ തനിക്ക് മനസ്സിലായേനെ...
താനൊക്കെ അമൂൽ ബേബികളാടോ, പണത്തിന്റെ കൊഴുപ്പിൽ മാത്രം തടിച്ചുരുണ്ട പേഴ്സണാലിറ്റി... "
"ഹേയ് ഹേയ് നീയെന്നെ കളിയാക്കുവാണോ, ഗെറ്റ് ഔട്ട് ഫ്രം ഹിയർ..."
"പോടാ ഊളെ..."
അവനെ നോക്കി പുച്ഛത്തോടെ ചിറി കൊട്ടിക്കൊണ്ട് അകത്തേക്ക് തിരിച്ചു നടന്നു...
ഗംഗാ പറഞ്ഞത് കേട്ട് മഞ്ജുവിന് ചിരിവന്നു... അവൾ ദക്ഷയെ നോക്കി... ഫോൺ ബെല്ലടിച്ചതും ഗംഗാ എടുത്തു നോക്കി...
"മഹിയാ..."
മഹി എന്ന് കേട്ടതും ദക്ഷയുടെ നെഞ്ചിലൊരു മിന്നൽ പുളഞ്ഞു... അവൾ കണ്ണടച്ചു തലയണയിലേക്ക് തല അമർത്തിപ്പിടിച്ചു... തലച്ചോറിലേക്ക് രക്തയോട്ടം കൂടിവരുന്നു...
"ദക്ഷാ..."
ഗുഹയിലെന്ന പോലെ കേട്ട ശബ്ദത്തിന്റെ ഉടമയെ മഞ്ഞിലെന്ന പോലെ കണ്ടു, വീണ്ടും ദക്ഷ എന്ന് വിളിച്ചു... ദക്ഷ... ഗംഗയാണ് അവൾ തനിക്ക് നേരെ നീട്ടിയ ഫോണിന്റെ മറുവശത്ത് മഹി ഉണ്ടെന്ന് മനസ്സിലായതും കണ്ണുകൾ ഇടംവലം ചലിച്ചു...
"എടി മഹിയാ സംസാരിക്ക്..."
വിറയലോടെ ഫോൺ വാങ്ങി കാതോട് ചേർത്തു, മറുവശത്ത് ഗുഹയിൽ നിന്നെന്ന പോലെ കാറ്റിന്റെ ശബ്ദം കേട്ടു...
"ഹലോ ദക്ഷ..."
കനമുള്ള മഹിയുടെ ശബ്ദം കേട്ടതും പതിനൊന്നു വർഷം പിന്നിലേക്ക് പോയി... മഴയും ഇരുട്ടും കലർന്ന രക്തത്തിൽ കുളിച്ച രാത്രി... മരത്തിന്റെ പിന്നിൽ നിന്ന് പുറത്തേക്ക് പാഞ്ഞ കണ്ണുകൾ ചെന്നുനിന്ന വെട്ടിക്കീറിയ ശരീരത്തിലേക്ക്... ഒന്നെ നോക്കിയൊള്ളു... ഒരു തവണ... ദക്ഷയുടെ തൊണ്ടയിൽ നിന്ന് അറിയാതെ ഒരു എക്കിൾ ശബ്ദം പുറത്തുവന്നു...
"ദക്ഷാ ഞാൻ മഹിയാ ഇപ്പൊ എങ്ങനെയുണ്ട്...?"
"ആ കുഴപ്പമില്ല മഹി... പനി കുറഞ്ഞു..."
തൊണ്ടയിൽ വെള്ളം വറ്റിയെങ്കിലും എങ്ങനെയോ പറഞ്ഞൊപ്പിച്ചു ഫോൺ ഗംഗയ്ക്ക് കൈമാറി... അവൾ എന്തൊക്കയോ പറയുന്നുണ്ട്... ദക്ഷ തലവേദന സഹിക്കാൻ കഴിയാതെ കണ്ണുകൾ ഇറുക്കിയടച്ചു... ഇനിയും അവസാനിക്കാത്ത വേദന നിറഞ്ഞ ജീവിതത്തിന്റെ ഏടുകൾ മറിഞ്ഞു തുടങ്ങുന്നു...
(തുടരും)