ഭാഗം 26
സോനുവിന്റെ കഴുത്തിന്റെ ഒരു ഭാഗത്തേക്ക് തറഞ്ഞുകയറിയ കത്തിയുടെ പിടി വിറയ്ക്കുന്നത് കണ്ടാണ് ഗംഗാ മുഖമുയർത്തി നോക്കിയത്... അവൻ ഒന്നും ചെയ്യാൻ കഴിയാതെ പിന്നിലേക്ക് ആടിയാടി പോകുന്നു... കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നി... ചെവിക്കുള്ളിൽ വണ്ടുകൾ മൂളുന്ന ശബ്ദം കേൾക്കാൻ തുടങ്ങി, ആരൊക്കയോ ഓടിവന്നു എന്തൊക്കയോ പറഞ്ഞു... ഒന്നും അവൾക്ക് ഓർമ്മയിൽ നിൽക്കുന്നില്ല.
ഗംഗയ്ക്ക് ബോധം വരുമ്പോൾ ആശുപത്രിയിലാണ്, അമ്മയും അച്ഛനും അടുത്തുണ്ട്, സെറ്റും മുണ്ടും മാറ്റി ഹോസ്പിറ്റൽ ഡ്രെസ്സാണ് ധരിപ്പിച്ചിരിക്കുന്നത്... കണ്ണ് തുറന്നത് കണ്ട് അമ്മ ഓടി പുറത്തേക്ക് പോകുന്നതും പ്രിൻസിപ്പാളും രവീണ മാഡവും ഒപ്പം സിബിനും രാഹുലുമുണ്ട്...
"ഗംഗാ ആർ യൂ ഓക്കേ..."
പ്രിൻസിപ്പാൾ സംസാരിക്കാൻ തുടങ്ങിയതും നാലഞ്ച് പോലീസുകാർ അകത്തേക്ക് കയറിവന്നു... ഒപ്പം ഡോക്ടറും... എല്ലാവരോടും പുറത്തു നിൽക്കാൻ ആവശ്യപ്പെട്ടു... ഡോക്ടർ അടുത്തേക്ക് നീങ്ങിനിന്നു...
"ഗംഗാ മോൾക്കിപ്പോൾ സംസാരിയ്ക്കാൻ പറ്റില്ലേ..."
പറ്റുമെന്ന് തലയാട്ടി... ഡോക്ടർ പോലീസുകാരനെ നോക്കി അയാൾ തലയാട്ടിയതും ഡോക്ടർ പുറത്തേക്കിറങ്ങി...
"ഗംഗാ ഞാൻ ഡിവൈഎസ്പി പ്രസാദ്, അന്ന് കോളേജിൽ നടന്ന കാര്യങ്ങളൊക്കെ തനിക്ക് ഓർക്കാൻ കഴിയുന്നുണ്ടോ..."
ഉണ്ടെന്ന് തലയാട്ടി സോനുവിന്റെ കത്തി അവളുടെ തോളിലേക്ക് തറച്ചു കയറിയപ്പോൾ അലറികരഞ്ഞത് ഓർമ്മയിൽ വന്നതും ഗംഗയുടെ കണ്ണുകൾ പിടച്ചു, അവളുടെ കൈകൾ ബെഡിൽ മുറുകെപ്പിടിച്ചു... കണ്ണുകൾ ഇറുക്കിയടച്ചു... അത് ശ്രദ്ധിച്ച പ്രസാദ് അവളെ സമാധാനിപ്പിച്ചു... കുറച്ചു നേരത്തെ ഇടവേളയ്ക്ക് ശേഷം അവൾ കണ്ണ് തുറന്നു...
"ഡോക്ടർ ആ കുട്ടിക്ക്...?"
"അല്പം ഗുരുതരമാണ്, ആ കുട്ടിക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ല ചികിത്സ കൊടുക്കുന്നുണ്ട്... അന്ന് എന്താ സംഭവിച്ചതെന്ന് വിശദമാക്കാമോ...?"
റൈറ്ററേയും കൂടെയുള്ള പോലീസുകാരനെയും നോക്കിയതും അവർ ഗംഗയുടെ വാക്കുകൾക്കായി ശ്രദ്ധ കൊടുത്തു. ഒരാൾ റൈറ്റിങ് പാഡിൽ എഴുതാൻ തയാറായി നിന്നു മറ്റെയാൾ വീഡിയോ ക്യാമറ ഓണാക്കി അവൾക്ക് നേരെ ഫോക്കസ് ചെയ്തു... ഗംഗാ താൻ കണ്ട കാര്യങ്ങൾ വിശദമായി തന്നെ വിവരിച്ചു... അവസാനം കഴുത്തിൽ തറച്ച കത്തിയുമായി ആടിയാടി നിൽക്കുന്ന സോനുവിനെ അവൾക്ക് ഓർമ്മ വന്നു...
"സോനു മരിച്ചിട്ടില്ല ഗംഗാ അയാൾ ജീവനോടെയുണ്ട് താൻ പേടിക്കണ്ടാ... പക്ഷെ അയാളുടെ കഴുത്തിൽ ഞരമ്പ് മുറിഞ്ഞു പോയതുകൊണ്ട് സംസാരിക്കാൻ കഴിയില്ല. ശബ്ദം നഷ്ടപ്പെട്ടു..."
മൊഴിയെടുപ്പ് കഴിഞ്ഞ് പോലീസുകാർ പോയതും എല്ലാവരും അകത്തേക്ക് കയറിവന്നു... പ്രിൻസിപ്പളും മാഡവും ആശ്വസിപ്പിച്ചു അല്പം കഴിഞ്ഞ് അവർ മടങ്ങി...
"ഡോ താൻ പോലീസിനോട് എല്ലാം പറഞ്ഞോ..."
രാഹുൽ റൂമിന്റെ വാതിൽ കുറ്റിയിട്ട് തിരികെവന്ന് ചോദിച്ചു... അതേയെന്ന് അവൾ തലയാട്ടി, കുറച്ചു നിമിഷങ്ങൾ കൊണ്ട് ഗംഗാ പഴയ ഗംഗയിലേക്ക് മാറിക്കഴിഞ്ഞു.
"സോനു നമ്മള് കരുതുന്ന ഒരാളല്ല. അവൻ ക്യാമ്പസിൽ ഡ്രൈഗ് ഡീലിങ് നടത്തുന്നുണ്ടെന്ന് കോടതിൽ സാക്ഷി പറയാനിരുന്ന പെൺകുട്ടിയാ അവള് മായ വിശ്വനാഥ്... അടുത്ത മാസം കേസ് വിളിക്കും അന്ന് മായ കോടതിയിൽ കയറാതിരിക്കാൻ അവൻ തന്നെ നേരിട്ടു വന്ന്..."
രാഹുൽ പറഞ്ഞു നിർത്തുമ്പോൾ അമ്മയും അച്ഛനും പേടിയോടെ പരസ്പരം നോക്കിയത് കണ്ടപ്പോൾ മനസ്സിൽ കൂട്ടിവച്ച ധൈര്യം നഷ്ടമായപോലെ... അവനങ്ങനെ വെറുതെ പറഞ്ഞ് പേടിപ്പിക്കാൻ നോക്കിയതല്ല. പറഞ്ഞതൊക്കെ സത്യമാണെന്നു കുറച്ചു ദിവസങ്ങൾക്കുള്ളിൽ മനസ്സിലായി...
അച്ഛൻ വില്ലേജ് ഓഫീസറായതുകൊണ്ട് നാട്ടിലെ അറിയപ്പെടുന്ന എല്ലാവരുമായും ഇടപെടാറുണ്ട്... അച്ഛന്റെ നമ്പറിലേക്ക് ആദ്യം സൗഹൃതപരമായിട്ടാണ് കോളുകൾ വന്നു തുടങ്ങിയത്... സോനുവിനെതിരെ ഒന്നിനും നിൽക്കരുതെന്നാണ് പറഞ്ഞത്... അച്ഛൻ കാര്യമായി മറുപടി കൊടുക്കാതായപ്പോൾ സംസാരരീതി ഭീഷണിയിലേക്ക് മാറി... മായയ്ക്ക് സംഭവിച്ചതുപോലെ നിങ്ങളുടെ മകൾക്കും സംഭവിക്കുമെന്ന് മുഖവുരയില്ലാതെ പറഞ്ഞു...
എന്റെ തീരുമാനം മാറ്റാൻ ഞാൻ തയാറായില്ല. മായയെ സംരക്ഷിക്കാനും എനിക്ക് വേണ്ടി വാദിക്കാനും കൂടെ നിൽക്കാനും കോളേജ് വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ചേർത്ത് സ്റ്റുഡന്റ്സ് ഫോറത്തിന് രൂപം നൽകി... ഫോറത്തിന്റെ പിന്തുണയോടെ കേസ് കോടതിയെ ഞങ്ങൾ വിജയിച്ചു... മായയ്ക്ക് നീതി ലഭിച്ചു, ഡ്രഗ് കേസുൾപ്പടെ അവന്റെ പേരിൽ നാലു കേസുകൾ ഉണ്ടായിരുന്നു. എല്ലാത്തിന്റെയും വാദം കേട്ട കോടതി ശിക്ഷ വിധിച്ചു...
നർക്കോട്ടിക്ക്സ്, ബലാത്സംഗം, കൊലപാതക ശ്രമം തുടങ്ങി പല വകുപ്പുകളിലായി നാലു കേസുകളിൽ മുപ്പത്തിനാലു വർഷം കിട്ടി, പതിമൂന്ന് വർഷം കഴിയാതെ പരോൾ പോലും കിട്ടില്ലെന്നാണ് അറിഞ്ഞത്... അവന്റെ അച്ഛൻ ദാമോദരൻ വെള്ളം പോലെ കാശ് ചിലവാക്കിയെങ്കിലും മാറിവന്ന സർക്കാറും പോലീസിലും സർക്കാരിലും തലപ്പത്തു നടന്ന അഴിച്ചു പണിയിൽ എല്ലാം വെള്ളത്തിൽ വരച്ച വരപോലെയായി...
ഗംഗാ ബൈക്കിലേക്ക് കയറി പിന്നിൽ മഹിയും...
"അതിന്റെ പേരിലാണോ നീ അവിടെ നിന്ന് ഇങ്ങോട്ട് വന്നത്...?"
"അല്ല. സംഭവം കഴിഞ്ഞിട്ട് ഇപ്പോൾ ഒരു വർഷം കഴിഞ്ഞു, അന്നുമുതൽ പല വിധത്തിൽ ഞങ്ങളെ ദാമോദരൻ ഉപദ്രവിക്കാൻ തുടങ്ങി... പ്രതിപക്ഷത്തുള്ള പാർട്ടി നേതാവാണ് കൂട്ട്, അച്ഛൻ വിആർഎസ് എടുത്തതുപോലും അയാളെ പേടിച്ചിട്ടാണ്... ഒരു തെളിവും ബാക്കി വയ്ക്കാതെ എന്നെ ഇല്ലാതാക്കാൻ ആർക്കോ കൊട്ടേഷൻ കൊടുത്തെന്നു അച്ഛന്റെ കൂട്ടുകാരൻ സോമൻ അങ്കിൾ വിളിച്ചു പറഞ്ഞു.
ഞാനതൊന്നും കാര്യമാക്കിയില്ല. കൂളായി കോളേജിൽ പോകാൻ തുടങ്ങി... എക്സാം തീരുന്നതിന്റെ അന്ന് ഞാനും സിബിനും ബുള്ളറ്റിൽ വരുന്ന വഴിക്ക്..."
ബാക്കി പറയാതെ അവൾ കണ്ണ് തുടച്ചു ബൈക്കിൽ കയറിയെങ്കിലും സ്റ്റാർട്ടാക്കിയില്ല.
"എന്നോടുള്ള ഇഷ്ടത്തിന്റെ പേരിൽ ജീവൻ കളയേണ്ടി വന്ന അവന്റെ ഓർമ്മകൾ എന്നെ ഭ്രാന്തു പിടിപ്പിക്കാൻ തുടങ്ങിയപ്പോഴാ ഞാൻ ഇങ്ങോട്ട് പോന്നത്... ഒരേയൊരു മകന്റെ വിധി മാറ്റിയെഴുതിയ എന്നെ അവർ ശപിക്കുന്നുണ്ടാവും... അത് കേൾക്കാനുള്ള മാനസിക ബലം എനിക്കില്ല. അതുകൊണ്ട് എല്ലാം ഉപേക്ഷിച്ച് ഞാനിങ്ങോട്ട് പോന്നു... ഇപ്പോഴും എന്റെ പിന്നാലെ അവരുണ്ടെന്ന് ഉറപ്പാണ് മഹി..."
ഗംഗാ ബൈക്ക് സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തതും അവരെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നുപോയ ടോറസ് ലോറി കുറച്ചു മുൻപിലായി ബ്രേക്കിട്ടു...
(തുടരും)