ഭാഗം 5
പതിവില്ലാതെ മഹേഷ് നേരത്തേ വരുന്നത് കണ്ടതും ശാരദ മുറ്റത്തേക്ക് ഇറങ്ങി നിന്നു, ബൈക്ക് വച്ച് ഇറങ്ങിയ അവനൊപ്പം നിൽക്കുന്ന പെണ്ണിനെ കണ്ട് മനസ്സിലാകാതെ മഹേഷിനെ നോക്കി... അമ്മ തന്നെ നോക്കിനിൽക്കുന്നത് കണ്ടതും അവൻ ഇളിച്ചുകാട്ടി...
"ഇന്നെന്താ നേരത്തേ സാധാരണ രാത്രി കുറേ ആയിട്ടല്ലേ വരുന്നത്...?"
"ഞാൻ പോണ വഴിക്കാ ഇവള് വിളിച്ചത്... അമ്മയെന്താ ഇങ്ങനെ തുറിച്ചു നോക്കുന്നത്... നമ്മുടെ ഗംഗയാ അമ്മേ... വേണുവമ്മാവന്റെ മോള്..."
"ചിപ്പിയോ ഇവളെ കണ്ടിട്ട് മനസിലായില്ലല്ലോ, ആളാകെ കോലം മാറിപ്പോയി... എന്തോന്നാടി കൊച്ചേ ഇത് മുടിയും വെട്ടിക്കളഞ്ഞ് പാന്റും ഷർട്ടും..."
"അപ്പച്ചി എന്നെക്കണ്ട് മനസ്സിലായില്ല എന്ന് കരുതി ഞാൻ മിണ്ടാതെ നിന്നതാ...
ഇതൊക്കെ പുതിയ ഫാഷനല്ലേ അപ്പു..."
മഹേഷ് ബൈക്കിലേക്ക് കയറി പോകാനായി സ്റ്റാർട്ടാക്കി...
"ഡാ ഞാനും വരുന്നുണ്ട് ഒരു ഫൈവ് മിനിറ്റ്സ് ഞാനൊന്ന് കുളിച്ചിട്ട് വരാം എനിക്ക് ടൗണിലൊന്ന് പോണം..."
ശാരദയേയും കൂട്ടി അവൾ അകത്തേക്ക് പോയി, മഹേഷ് വണ്ടി ഓഫാക്കി സ്റ്റാൻഡിൽ വച്ചു...
ജനാലയിലൂടെ വീടിന് മുൻപിൽ വന്നുനിൽക്കുന്നയാളെ കണ്ടതും വീണ്ടും ദേഷ്യം ഇരച്ചു കയറി... അനന്തൻ... ദാമോദരൻ മാമന്റെ മൂത്ത മോൻ... രാഷ്ട്രീയം തലയ്ക്ക് പിടിക്കാത്തതുകൊണ്ട് അവൻ അമേരിക്കയിൽ ബിസ്സിനസ്സ് നടത്തുകയാണ്... ദക്ഷയ്ക്ക് പക്ഷെ അവനേം ഇഷ്ടമല്ല. കുറച്ച് ക്യാഷിന്റെ അല്പത്തരം കയ്യിലുണ്ട് അതാണ് അവന്റെ ഏറ്റവും മോശമായ സ്വഭാവം...
വാതിൽ തുറക്കുമ്പോൾ പുറത്ത് ഷോട്സസും ബനിയനുമിട്ട് നിൽക്കുന്ന അനന്തൻ അവളെ നോക്കി ബേബ് എന്ന് വിളിച്ചു...
"ഹലോ അനന്തേട്ടാ ഇതെപ്പോ വന്നു കഴിഞ്ഞാഴ്ചയല്ലേ തിരിച്ചു പോയത്..."
"യാ ഡിയർ... ഞാനവിടെ മില്യണുകൾ കയ്യിലിട്ട് അമ്മാനമാടുകയല്ലേ... എപ്പോഴും അവിടെ നിൽക്കണമെന്നില്ല. അവിടെ നിന്നപ്പോൾ നിന്നെ കാണണമെന്ന് തോന്നി അതാണ് ഞാനിങ്ങോട്ട് വന്നത്... സീ ദിസ് അമേരിക്കയിൽ കോടാനുകോടി ആസ്തികൾ ഉള്ളവർ മാത്രം വാങ്ങിക്കുന്ന വേൾഡ് ടോപ് ബ്രാൻഡഡ് വാച്ചാണിത്... മെറൂല വാച്ച്സ്... ഇന്ത്യൻ റുപ്പി ടു പോയിന്റ് ഫൈവ് ക്രോഴ്‌സ് ആണ് ഇതിന്റെ പ്രൈസ്..."
അമ്മ വരുന്നത് കണ്ടതും ദക്ഷ ആശ്വാസത്തോടെ അവനെ നോക്കി ചിരിച്ചു...
മഹി ഗംഗയെയും കൂട്ടി ലോഡ് എടുക്കാനായി പാറമടയിലെത്തി ആദ്യത്തെ ലോഡ് ടൗണിലേക്കാണ്, ടോറസിന്റെ പതിനാറു വീൽ വണ്ടിയിൽ പാറയും കൊണ്ടാണ് പോകുന്നത്...
"ഡാ... എങ്ങനുണ്ട് നിന്റെ പഠിത്തം...?"
"ഇന്ന് ചേർന്നതള്ളെയൊള്ളു... എന്നാലും കൊള്ളാം... നിനക്കെന്താ പ്രോബ്ലം മാമൻ വിളിച്ചപ്പോൾ നിന്നെ അയക്കുന്നെന്ന് മാത്രം പറഞ്ഞു കാര്യം പറഞ്ഞില്ല എന്താ സംഭവം, വാല് മുറിഞ്ഞൊ...?"
ഗംഗയൊന്നു ചിരിച്ചു...
"കോളേജിൽ ചെറിയൊരു പ്രശ്നം... രാഷ്ട്രീയമാണ് വിഷയം ഞങ്ങളുടെ പാർട്ടിയും എതിർ പാർട്ടിയും തമ്മിൽ ഒരു അടി നടന്നു... അതിന്റെ ചുവട് പിടിച്ചു ഞാൻ നടത്തിയ ചില പണികൾ എനിക്കുതന്നെ വിനയായി സ്വന്തം പാർട്ടിക്കാര് തന്നെ തള്ളിപ്പറഞ്ഞ അവസ്ഥയായി... തല്കാലം നാട് വിടുന്നതാണെന്ന് തോന്നി ഇങ്ങോട്ട് പോന്നു..."
"ബെസ്റ്റ്..."
"എടാ നിനക്കോർമ്മയുണ്ടോ കഴിഞ്ഞ പ്രാവശ്യം ഞാനിവിടെ വന്നിട്ട് പോയപ്പോൾ നിന്നോടൊരു കാര്യം ചോദിച്ചത്, അന്നും ഇന്നും നീയതിന് മറുപടി പറഞ്ഞിട്ടില്ല. ഒന്നുമില്ലെങ്കിലും ഞാൻ നിന്റെ മുറപ്പെണ്ണല്ലേ...?"
മഹി സബ്റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് വണ്ടി ഓടിച്ചു കയറ്റിക്കൊണ്ട് ഗംഗയെ നോക്കി കണ്ണിറുക്കി...
"നീ എനിക്ക് സെറ്റാവില്ല. അത് നിനക്കും എനിക്കും അറിയാം പിന്നെ എന്തിനാ പൊന്നേ ഒരു പ്രൊപോസൽ..."
ഗംഗയുടെ പൊട്ടിച്ചിരി ക്യാബിനുള്ളിൽ നിറഞ്ഞു...
"ഞാൻ കാത്തിരിക്കുന്നൊരു പെണ്ണുണ്ട് ഗംഗാ... അവൾക്ക് എന്നോടുള്ള സ്നേഹം എന്റെ ഞരമ്പിലൂടെ കുതിച്ചോഴുകുന്ന രക്തമാണ്... ഞാനിന്ന് ജീവിക്കാൻ അവളിൽ നിന്ന് ഊറ്റിയെടുത്ത എന്റെ ചുവന്ന ചങ്കുറപ്പ്... പലപ്പോഴും ക്ഷമ എന്റെ ജീവിതത്തിന്റെ ഭാഗമായപ്പോൾ ചിന്തിച്ചുപോയ കാര്യമാണ് അവളുടെ രക്തം എന്നിലെ സ്വഭാവത്തെ നന്നായി അലിയിച്ചു ശാന്തമാക്കി എന്നത്..."
"എന്നിട്ട് അതാരാണെന്ന് അറിയാമോ, ആശുപത്രിയിലേ നേഴ്സ് പറഞ്ഞു തന്ന അടയാളങ്ങളല്ലാതെ വേറെന്തെങ്കിലും നിനക്ക് പിടിയുണ്ടോ... ഒന്നു പോ മഹി... ഇന്നലെ കണ്ടവനെ ഇന്ന് തിരിച്ചറിയുന്നില്ല പിന്നെയാ പേരും ഊരും രൂപവും അറിയാത്ത ഒരുത്തി..."
വണ്ടി ലോഡിറക്കാനായി സൈറ്റിലേക്കു കയറി... മഹി ഗംഗയെ നോക്കി അവൾ പുറത്തേക്ക് നോക്കിയിരിപ്പാണ്...
"അവളെ ഞാനിന്ന് രാവിലെ കണ്ടുപിടിച്ചു..."
ഞെട്ടലോടെ അവൾ തലതിരിച്ചു മഹിയെ നോക്കി..
അനന്തന്റെ കത്തിവയ്പ്പ് സഹിക്കാൻ കഴിയാതെ ദക്ഷ അമ്മയെ കടുപ്പിച്ചു നോക്കി... അനന്തനേക്കാളും വിവേകിനെയാണ് അച്ഛനുമമ്മയും ഇഷ്ടപ്പെടുന്നത്... കാരണം മാമൻ പറയുന്നതൊന്നും അനന്തൻ കേൾക്കില്ല...
"ആന്റി ഇവളെ ഞാൻ അമേരിക്കയിലേക്ക് കൊണ്ടുപോകാം, അവിടെ സോ മെനി ഫേമ്സ്... അവിടെ നല്ല സാലറിയിൽ ജോലി ചെയ്ത് അവിടുത്തുകാരനോ ഇവിടുത്തു കാരനോ ആരെയെങ്കിലും കെട്ടി അവിടെ കൂടാം... ഇനിയങ്ങോട്ട് ജീവിക്കാൻ ഇന്ത്യയെക്കാളും ബെറ്റർ യൂഎസ് തന്നെയാണ്...."
അവൻ പറഞ്ഞു വരുന്നത് എന്താണെന്ന് അമ്മയ്ക്ക് മനസ്സിലായി, കൂടുതലൊന്നും പറയാതെ അവൻ പറഞ്ഞത് കേട്ട് തലയാട്ടി...
"അവൾക്കിവിടെ നാട്ടിൽ നല്ല ജോലി കിട്ടും... അല്ലെങ്കിൽ തന്നെ അവളെന്തിനാ ജോലിക്ക് പോകുന്നത് അതിന്റെ ആവശ്യം ഈ വീടിനില്ല. പിന്നെ വിവേകുമായുള്ള വിവാഹം ദാമോദരൻ ചേട്ടനും ഇവളുടെ അച്ഛനും ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു, ഉടനെ ഒരു നിശ്ചയം കാണും..."
അനന്തന്റെ മുഖം മാറുന്നത് കണ്ടിരുന്ന അമ്മ രസം പിടിക്കുന്നത് ദക്ഷ ശ്രദ്ധിച്ചു... ഒന്നും മിണ്ടാതെ അവൻ പുറത്തേക്ക് പോകുന്നത് നോക്കിക്കൊണ്ട് അമ്മ വിജയച്ചിരി ചിരിച്ചു ദക്ഷയെ നോക്കി...
പുറത്ത് വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ട് അവൾ ഓടി വാതിൽക്കലെത്തി... മിനി ടിപ്പറിൽ മെറ്റലുമായി മഹി വന്നതാണ്... കൂടെയൊരു പെണ്ണും...?
(തുടരും)