ഭാഗം 2
സ്ത്രീസഹജമായ കരുതലോടെ ഷാൾ ഒന്നു പിടിച്ചിട്ട് അവൾ പുഞ്ചിരിച്ചു... നിരയൊത്ത കൊച്ചുപല്ലുകളിലെ തുമ്പപ്പൂ വെണ്മ... അവളൊന്നു മുരടനക്കി... ജാള്യതയോടെ യഥാർത്യത്തിലേക്ക് തിരികെ വന്ന മഹേഷ് ഒന്ന് മുഖം വെട്ടിച്ചു...
ദക്ഷ!!! പേര് കേട്ടതും സ്വപ്നത്തിന്റെ പൂർണത ബോധ്യപ്പെട്ട് മഹേഷ് വീണ്ടും നോക്കി...
"ഒരു ലോഡ് മെറ്റല് വേണമായിരുന്നു. കാവിന്റെ വടക്കേതിൽ കുമാരന്റെ വീട്ടിലേക്കാ..."
കാവിന്റെ വടക്കേതിൽ ഇങ്ങനൊരു പെൺകുട്ടിയോ, ഇതുവരെ അവിടങ്ങനെ ഒരാളെ കണ്ടിട്ടില്ലല്ലോ... ചെമ്പാട്ട് കുമാരന്റെ ആരാ ഈ പെണ്ണ്.
സ്ഥലം പാർട്ടി ലോക്കൽ നേതാവാണ് കക്ഷി... കാവിന്റെ വടക്കേതിൽ കുമാരൻ എന്ന ചെമ്പാട്ട് കൊച്ചേട്ടൻ.... അങ്ങേരുടെ മോളാണോ ഈ കൊച്ച്... കണ്ടാൽ പറയില്ല. അതോ പെങ്ങളോ? ആരായാലും അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ തണുത്തുറഞ്ഞ മഞ്ഞ് മലകൾക്കിടയിലൂടെ നടക്കുന്ന രണ്ട് യുവമിഥുനങ്ങളെ ഓർമ്മ വരുന്നു...
"എത്ര രൂപയാവും...?"
ആലോചനകൾക്കിടയിൽ മഹേഷ് മുഖമുയർത്തി നോക്കി അവളുടെ പുഞ്ചിരി വീണ്ടും വീണ്ടും കൊല്ലാതെ കൊല്ലുന്നു...
"അത് ഞാൻ ചേട്ടനോട് പറഞ്ഞോളാം... വൈകിട്ടത്തേക്ക് തന്നേക്കാമെന്ന് പറഞ്ഞേക്ക്..."
മറുപടി തലകുലുക്കി അറിയിച്ച് തിരിഞ്ഞു നടന്നു... ഉണങ്ങിയ തൊണ്ടയിലേക്ക് എവിടെ നിന്നോ ഇത്തിരി ഉമിനീര് വലിച്ചു കൊണ്ടുവന്ന് സംസാരിക്കാൻ പാകമാക്കിയപ്പോഴേക്കും അവൾ കണ്ണെത്താ ദൂരം പിന്നിട്ടു... ചേ... സംസാരിക്കാൻ സാധിക്കാത്തതിന്റെ നിരാശ മനസ്സിൽ മൂടി നിന്നതുകൊണ്ട് ചൂലും പൊക്കിപ്പിടിച്ചു കൊണ്ട് അമ്മ കടന്നു പോയത് ശ്രദ്ധിച്ചില്ല...
തോറ്റുകുടിയിലെ ശാരദ നാണപ്പൻ (പരേതനായ) ദമ്പതികളുടെ ഒരേയൊരു മകനാണ് മഹേഷ് എന്ന മഹി.... കല്ലുവെട്ടുകാരനായ നാണപ്പൻ ജോലിക്കിടെയുണ്ടായ അപകടത്തിൽ മരിച്ചതോടെ ശാരദ കൂലിവേല ചെയ്താണ് മഹേഷിനെ വളർത്തിയത്...
പത്താം ക്ലാസ് വരെ തട്ടിയും മുട്ടിയും പഠിച്ചു വന്ന മഹി അല്ലറ ചില്ലറ പണിയുമായി മുന്നോട്ടു പോകുന്നതിനിടയിൽ ഒരു അപകടമുണ്ടായി, അതിൽ നിന്ന് രക്ഷപ്പെട്ട് ജീവിതം തുടങ്ങിയ അവൻ കൂപ്പിലെ ലോറിക്കാരനായ ഖാദറിന്റെ കൂടെ കിളിയായി പോയിത്തുടങ്ങി... പതിയെ പതിയെ ഡ്രൈവിംഗ് പഠിച്ചെടുത്ത അവൻ അഞ്ചു വർഷത്തിനുള്ളിൽ നാട്ടിലെ അറിയപ്പെടുന്ന പരോപകാരിയും ചെക്കിലെ മൂസ്സക്കുട്ടി മുതലാളിയുടെ വണ്ടിയിലെ ഡ്രൈവറുമായി...
എന്തെങ്കിലുമൊരു കൈത്തൊഴിലുകൂടി പഠിച്ചിരിക്കണമെന്ന മുതലാളിയുടെ നിർബന്ധത്തിന് വഴങ്ങി നാട്ടിലെ അറിയപ്പെടുന്ന പ്രൈവറ്റ് ഐടിഐ യിൽ വെൽഡിങ്ങ് പഠിക്കാൻ ചേർന്നിരിക്കുകയാണ്...
രാവിലെ പത്തുമുതൽ ഒരുമണി വരെ ക്‌ളാസിലും... അതിന് ശേഷം രാത്രി പത്തുമണി വരെ ജോലിയുമായി പോകാനാണ് ഇപ്പോഴത്തെ തീരുമാനം... അല്ലലില്ലാതെ അമ്മയെ നോക്കി കഴിയാനുള്ള വക അതിലൂടെ സമ്പാദിക്കുന്നുണ്ട്... അതിനിടയിലാണ് സ്വപ്നത്തിലൂടെയുള്ള ദക്ഷയുടെ വരവ്, വാളും പരിചയുമായി ചാടിവന്ന പടവീരനെ കണ്ടതുമുതൽ തന്റെ നെഞ്ചിൻ കൂടിനുള്ളിൽ തറച്ചുകയറിയ പെൺകുട്ടിയുടെ രൂപത്തിന് ദക്ഷയെന്ന് പേരിട്ട് മഹേഷ് തിരിഞ്ഞ് അകത്തേക്ക് നടന്നു. മുണ്ട് മടക്കിക്കുത്തി പതിവ് ഒരു രാജമല്ലി പാട്ടും പാടി...
പല്ല് തേപ്പും കുളിയും കഴിഞ്ഞ് ശാരദ ഉണ്ടാക്കിവച്ച ഇലയട സ്വാദോടെ കഴിച്ചു... ഈയൊരു കാര്യത്തിലാണ് അമ്മയോട് കുശുമ്പ് തോന്നുന്നത്... എന്തുണ്ടാക്കി വച്ചാലും അതിന് പ്രത്യേക സ്വാദാണ്... കഴിച്ച് തീർത്ത് നോട്ടുബുക്കും പേനയുമെടുത്ത് പോകാനിറങ്ങി... പതിവില്ലാതെ കാലുകൾ ചുവട് വയ്ക്കാൻ പ്രേരിപ്പിക്കുന്നു...
"അമ്മേ ഞാനിറങ്ങുന്നേ..."
അപ്പുറത്ത് വേലിക്കൽ നിന്ന് അയലത്തെ സുമതിചേച്ചിയോട് കത്തിവച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മറുപടി വരില്ലെന്നറിഞ്ഞിട്ടും വെറുതെ ഒന്ന് വിളിച്ചു പറഞ്ഞു അത്രമാത്രം.... മുറ്റത്ത് ടാർപ്പാ വലിച്ചു കെട്ടിയ ഷെഡ്ഢിലിരുന്ന പഴയ ഹീറോഹോണ്ട സിഡി 100ലേക്ക് കയറി... ഐറ്റിഐയിൽ ആദ്യത്തെ ദിവസമാണ് നേരത്തെ ചെന്നേക്കാം...
വഴിയിൽ ആരും വള്ളിക്കെട്ടുമായി വരാതിരുന്നാൽ മതി...
റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിന് മുൻപ് എത്താൻ കഴിഞ്ഞു. അല്ലെങ്കിൽ വല്ല ഗുഡ്‌സും വന്നാൽ പിന്നെ ഉടനെയെങ്ങും പോകാനൊക്കില്ല. വേഗത കുറച്ചു കൊണ്ട് മഹി കുഞ്ചാക്കോ ബോബൻ സ്റ്റൈലിൽ പതിവ് പാട്ട് പാടി....
🎶ഒരു രാജമല്ലി വിടരുന്ന പോലെ ഇതളെഴുതിയെന്നിലൊരു മുഖം...🎶
വളവ് തിരിഞ്ഞ് വരുമ്പോൾ മൂന്നാമത്തെ കെട്ടിടമാണ് ഐടിഐ... കുട്ടികൾ ഒറ്റയായും കൂട്ടമായും അവിടേക്ക് വന്നു കൊണ്ടിരിക്കുന്നു... പുതിയ ബാച്ചിന്റെ ആരംഭമല്ലേ... വണ്ടി റോഡരികിലേക്ക് കയറ്റി വച്ച് മൂളിപ്പാട്ടോടെ അകത്തേക്ക് കയറുന്നതിനിടയിൽ കൂടി നിന്ന പൊടിമീശക്കാരായ ചെറുപ്പക്കാരുടെയൊക്കെ നോട്ടം മഹിയിലായിരുന്നു... കട്ടിമീശയും തെറുത്തുകയറ്റി വച്ച ഷർട്ടിന്റെ കൈകളും ഉറച്ച ശരീരവും കണ്ടാൽ തന്നെ ആരും നോക്കിപ്പോകും... പുതിയ ആളാണെന്നു കണ്ടാൽ തോന്നില്ല.
സ്റ്റെപ്പു കയറി മുകളിലേക്ക് പോകുന്നതിനിടയിലാണ് എന്തോ വന്നു നെറ്റിയിൽ ആഞ്ഞിടിച്ചത്... ഒരു നിമിഷം മഞ്ഞ് മലയും സ്വപ്നവും കണ്ണിൽ കലങ്ങിമറിഞ്ഞു... കണ്ണിൽ ദക്ഷയുടെ മുഖം വീണ്ടും തെളിഞ്ഞു... ഇത്തവണ നിരയൊത്ത പല്ലുകൾ കാട്ടിയുള്ള ചിരി കണ്ടില്ല. പകരം ഭയന്ന് നോക്കിനിൽക്കുന്ന മുഖം...
പക്ഷെ അത് സ്വപ്നമായിരുന്നില്ല. കണ്മുൻപിൽ നിൽക്കുന്നത് ദക്ഷ തന്നെയാണ്, അവളിവിടെയാണോ പഠിക്കുന്നത്, നെറ്റി തിരുമ്മുന്നതിനിടയിൽ അവൻ ചിന്തിച്ചു...
"സോറി ചേട്ടാ, പെട്ടന്ന് ഇറങ്ങിവന്നപ്പോൾ കണ്ടില്ല."
ഹെൽമറ്റ് കൊണ്ട നെറ്റിയുടെ ഒരു ഭാഗം തടവിക്കൊണ്ട് ദക്ഷ ക്ഷമ പറഞ്ഞു.
"ഞാനും പ്രതീക്ഷിച്ചില്ല പെട്ടന്നിങ്ങനെ ചാടി വരുമെന്ന്... നെറ്റിയിൽ വേദനയുണ്ടോ ദക്ഷാ..."
ഇല്ല എന്നവൾ തലയനക്കി... ആരെങ്കിലും കണ്ടോ എന്നു രണ്ടാളും ചുറ്റും ശ്രദ്ധിച്ചതിന് ശേഷം മഹേഷ് സ്റ്റെപ്പ് കയറിപ്പോയി ദക്ഷ സ്റ്റെപ്പിറങ്ങി... ഇടയ്ക്കവളൊന്ന് തിരിഞ്ഞു നോക്കുമ്പോൾ അവൻ പോയി കഴിഞ്ഞിരുന്നു.
രാവിലെ കണ്ടപ്പോഴേ മനസ്സിൽ വല്ലാത്ത തണുപ്പ് പടർന്ന ഫീൽ... കട്ടി മീശയും ഉറച്ച ശരീരവും... നിഷ്കുവായ ചെറുപ്പക്കാരനെ അടുത്തു കണ്ടപ്പോൾ വല്ലാത്ത കൗതുകവും തോന്നി... പുറത്തേക്ക് നടക്കുന്നതിനിടയിൽ അവൾ ഒരിക്കൽ കൂടി നെറ്റിയിലെ തടിപ്പിലൂടെ വിരലോടിച്ചു... അത്ഭുതം അത് പോയിരുന്നു. ഇതെന്ത് അതിശയം...
(തുടരും)