ഭാഗം 21
ദക്ഷയുടെ കരച്ചിൽ കേട്ടതും മഹി ആകെ വല്ലാതായി...
"ദക്ഷാ നീയിങ്ങനെ കരയല്ലേ... അതിന് വേണ്ടി ഇവിടെ ഒന്നും സംഭവിച്ചില്ലല്ലോ...?"
മറുവശത്തുനിന്ന് എങ്ങലടി മാത്രം കേട്ടുകൊണ്ടിരുന്നു. മഹി അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെ കുഴങ്ങി... അവളെല്ലാം അറിഞ്ഞുവെന്ന് ഗംഗയ്ക്ക് മനസ്സിലായി... അവൾ മഹിയുടെ കയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി...
"എന്റെ പെണ്ണെ നീയിങ്ങനെ കരയല്ലേ അവന് ഒന്നുമില്ല. കയ്യൊന്ന് മുറിഞ്ഞു അത് പെട്ടന്ന് ശരിയാകും, നിന്റെ കരച്ചിൽ കേട്ടാൽ വലിയ എന്തോ വന്നെന്ന് തോന്നുമല്ലോ..."
ദക്ഷയക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല.
"നിന്നോടാരാ കാര്യങ്ങൾ പറഞ്ഞത്..."
"വിവേക്... അവനെനിക്ക് മെസ്സേജ് അയച്ചു മഹിയേട്ടനെ കൊന്നുകളഞ്ഞെന്ന് പറഞ്ഞിട്ട്..."
കരച്ചിലിനിടയിൽ അത്രയും പറഞ്ഞൊപ്പിച്ച് അവൾ ഗംഗയോട് മഹിയുടെ വിവരങ്ങൾ അന്വേഷിച്ചു... അവൾ എല്ലാം വിശദമായി പറഞ്ഞു.
പത്തുമണിയായപ്പോൾ ഡോക്ടർ ഡിസ്ചാർജ് ചെയ്ത് പൊയ്ക്കോളാൻ പറഞ്ഞു... അനന്തന്റെ വണ്ടിയിൽ മഹിയേയും കൊണ്ട് അവർ വീട്ടിലേക്ക് തിരിച്ചു...
രാത്രിയിലെ ലഹരിയുടെ കെട്ട് വിടാത്തതുകൊണ്ട് വിവേക് നല്ല ഉറക്കമായിരുന്നു. ഇടയ്ക്ക് ഫോൺ ബെല്ലടിച്ചപ്പോഴാണ് ഉണർന്നത്, മനോജാണ് വിളിക്കുന്നത്...
"എന്താടാ രാവിലെ...?"
മറുവശത്തുനിന്ന് കേട്ട വിവരം അവനെ ഞെട്ടിച്ചത് മുഖത്ത് നന്നായി പ്രകടമായിരുന്നു.
"എങ്ങനാടാ എങ്ങനാ ഇത്ര വലിയൊരു സ്കെച്ച് പാളിയത്, അവിടെനിന്ന് താഴേക്ക് വീണ ഒരുത്തനും ഇതുവരെ ജീവനോടെ തിരികെ വന്നിട്ടില്ല. തല്ക്കാലം നമ്മളിത് ആരോടും പറയണ്ടാ അച്ഛൻ അറിഞ്ഞാൽ പിന്നെ എന്റെ മാനം പോയി, ച്ചേ അവൾക്ക് ഞാൻ മെസ്സേജ് അയച്ചും പോയി..."
നിരാശയോടെ ഫോൺ വലിച്ചെറിഞ്ഞ് അവൻ കിടക്കയിലേക്ക് മലർന്നു കിടന്നു... മഹിയുടെ കൈക്കരുത്ത് നന്നായി അറിഞ്ഞിട്ടുള്ളതാണ്, തത്കാലം മാറിനിൽക്കുന്നതാണ് ബുദ്ധി, മനോജിനെക്കൊണ്ട് കാര്യങ്ങൾ അന്വേഷിപ്പിക്കാം...
വാതിലിൽ മുട്ട് കേട്ടാണ് ചുറ്റും നോക്കിക്കൊണ്ട് അവൻ എണീറ്റത്... ചെന്ന് വാതിൽ തുറന്നപ്പോൾ അനന്തനാണ്, ഇവൻ അമേരിക്കയിലേക്ക് പോയില്ലേ, മുൻപ് കണ്ട രൂപവും ഭാവവും ഒന്നുമല്ലല്ലോ... പരിഷകൃത വേഷവിധാനങ്ങളിൽ നിന്ന് നാടൻ ലുക്കിലേക്ക് മുണ്ടും ഷർട്ടും ധരിച്ചു നിൽക്കുന്ന അവനെ കണ്ടപ്പോൾ അതിശയം തോന്നി...
"ഇതെന്താ പരിഷ്കാരി നാടൻ ലുക്കിലേക്ക് മാറിയല്ലോ...?"
തന്നെ പരിഹസിക്കുന്ന അവന്റെ കരണം പുകയ്ക്കാൻ തോന്നിയെങ്കിലും സ്വയം നിയന്ത്രിച്ചു നിർത്തി, ഇവന് കവിള് പുകയ്ക്കുന്ന ഒരടി പോരാ... അതുക്കും മേലെ...
"നിനക്കൊരു കോളുണ്ടായിരുന്നു മൊബൈലിൽ കിട്ടിയില്ല വേറെ കോളിൽ സംസാരിക്കുകയാണെന്ന് തൊന്നുന്നു എന്ന് പറഞ്ഞു. ഇങ്ങോട്ട് വരുന്നുണ്ട് കണക്കുകൾ നേരിട്ടു തീർക്കാമെന്ന് പറഞ്ഞു..."
"ആരാ...?"
താല്പര്യമില്ലാത്ത പോലെ അവൻ ചോദിച്ചു...
"ഏതോ ഒരു മഹി... നീ ഇവിടെയുണ്ടോ എന്ന് ചോദിച്ചു ഇങ്ങോട്ട് വരുമെന്നാ പറഞ്ഞത് എന്താ സംഭവം...?"
വിവേകിന്റെ മുഖം മാറിയതും ഭയം ഉരുണ്ടുകൂടിയതും നിമിഷങ്ങൾ കൊണ്ടാണ്... അവൻ മറുപടിയില്ലാതെ എന്തോ മനസ്സിൽ ആലോചിച്ചു കൂട്ടുന്നുണ്ടെന്ന് നിൽപ്പ് കണ്ടപ്പോഴേ മനസ്സിലായി...
"ഡാ എന്താ നീയിങ്ങനെ ഇഞ്ചി കടിച്ച കുരങ്ങിനെപ്പോലെ നിൽക്കുന്നത് എന്തെങ്കിലും പ്രശ്നമുണ്ടോ...?"
"ഏയ് ഒന്നുമില്ല. മഹി എന്റെ കൂട്ടുകാരനാ, അവനെ കൂട്ടി ഒരു സ്ഥലം വരെ പോകണമെന്ന് പറഞ്ഞാരുന്നു ഞാനങ്ങു മറന്നുപോയി..."
വിവേക് റൂമിനുള്ളിലേക്ക് കയറി മൊബൈൽ എടുത്തു പുറത്തേക്ക് വന്നു...
"ഡാ കണക്ക് തീർക്കണം എന്നൊക്കെ അവൻ പറഞ്ഞതോ..."
"അത് കാശ് ചിലവാക്കിയ കാര്യം പറഞ്ഞതാ ഞാനിറങ്ങുവാ വഴിക്ക് വച്ച് അവനെ കണ്ടോളാം..."
കൂടുതലൊന്നും പറയാൻ നിൽക്കാതെ വിവേക് പുറത്തേക്കിറങ്ങിയോടി... അനന്തന്റെ ഫോൺ ബെല്ലടിച്ചതും അവൻ എടുത്തു നോക്കി ഗംഗയാണ്...
"ഇവിടുന്നൊരാള് വാലിനു തീ പിടിച്ച കണക്കെ ഇറങ്ങിയിട്ടുണ്ട്... സൂക്ഷിക്കണം ഗംഗാ അച്ഛനെപ്പോലെ പാമ്പിന്റെ പക കൊണ്ടു നടക്കുന്നവനാ അവൻ..."
കോൾ കട്ടാക്കിക്കൊണ്ട് അനന്തൻ പടികളിറങ്ങി ചെല്ലുമ്പോൾ സരസ്വതി കൈ തുടച്ചുകൊണ്ട് അടുക്കളയിൽ നിന്നിറങ്ങിവന്നു...
"അവനെവിടെപ്പോയതാ...?"
"നല്ല രണ്ടു പൊട്ടീര് കിട്ടാനുള്ള വകുപ്പ് പുന്നാര മോൻ ഉണ്ടാക്കി വച്ചിട്ടുണ്ട് അത് വാങ്ങിക്കാൻ പോയതാ..."
"നന്നായി, കിട്ടുമ്പോൾ കുറച്ച് കൂടുതല് കിട്ടട്ടെ, അവനെ ഞാൻ പണ്ടെ എഴുതി തള്ളിയതാ..."
അമ്മ പറഞ്ഞത് അനിയന്റെ കാര്യമാണെങ്കിലും അച്ഛനും അതൊക്കെ ബാധകമാണ്...
വിവേകിന്റെ ബൈക്ക് സിറ്റി ലക്ഷ്യമാക്കി നൂറേ നൂറിൽ പാഞ്ഞുവരുമ്പോഴാണ് സബ് റോഡിൽ നിന്ന് ഗംഗ മഹിയുമായി ബൈക്കിൽ കയറിവന്നത്... ബ്രേക്ക് പിടിക്കാനുള്ള സമയം പോലും കിട്ടാതെ ഇടതുവശത്തെ മുനിസിപ്പാലിറ്റിയുടെ വേസ്റ്റ് കൂമ്പാരത്തിൽ ഇടിച്ചു തൊട്ടപ്പുറത്തുള്ള തൊട്ടിലേക്ക് അവൻ വീണു... ആളുകൾ ഓടിക്കൂടുന്നതിന് മുൻപെ ഗംഗയും മഹിയും ബൈക്കുമായി സ്ഥലം വിട്ടിരുന്നു.
(തുടരും)