ഭാഗം 20
"ഡാ സൂക്ഷിച്ചു പോ അവിടെ പാമ്പ് കാണും... "
അനന്തന്റെ തോളിൽ കൈ പിടിച്ചുകൊണ്ട് ഗംഗാ മൊബൈൽ ഫ്ലാഷ് താഴേക്ക് നീട്ടിപ്പിടിച്ചു, നല്ലൊരു മഴയ്ക്ക് വരവറിയിച്ചുകൊണ്ട് തണുത്ത കാറ്റ് വീശാൻ തുടങ്ങി... കാടുപിടിച്ചു കിടക്കുന്ന ഭാഗത്തുകൂടി ഇരുവരും മുന്നോട്ട് ഇറങ്ങി...
രാത്രി വിവേക് കൂട്ടുകാരൻ മനോജിനെ വിളിച്ചു സംസാരിക്കുന്നത് കേട്ട അനന്തൻ ഗംഗയെ വിളിച്ചു പറയുകയായിരുന്നു. വിവേക് പറഞ്ഞത് മഹിയെ ഇടിച്ച് ആറ്റിലേക്ക് തട്ടിയെന്നാണ്, അവൻ മരിച്ചു പോയെന്ന് സംശയമുണ്ടെന്ന് കേട്ടതോടെ, അപ്പോൾത്തന്നെ രണ്ടുപേരും മഹിയെ തേടി പാലത്തിന്റെ താഴെ കാടുപിടിച്ചു കിടക്കുന്ന ഭാഗത്ത് തിരച്ചിൽ നടത്തുകയാണ്...
"എടാ എനിക്ക് പേടിയാവുന്നു എന്റെ മഹി..."
ഗംഗ കരച്ചിലിന്റെ വക്കിലെത്തി...
"എന്റെ ചെറുക്കന് എന്തേലും സംഭവിച്ചാൽ നിന്റെ അനിയനെ ഞാൻ വച്ചേക്കില്ല ഓർത്തോ..."
പുഴക്കരയിലേക്ക് ഇറങ്ങി നോക്കുന്നതിനിടയിൽ അവൾ അനന്തനോട് വിളിച്ചു പറഞ്ഞു...
"ഗംഗാ നോക്ക് മഹിയുടെ ബൈക്ക്..."
മുൻവശത്തെ ടയർ വെള്ളത്തിലേക്ക് താഴ്ന്ന നിലയിൽ അവന്റെ ബൈക്ക് കണ്ടതും അവളുടെ ഉള്ളം കിടുങ്ങി... വലിയ ഉലച്ചിലോടെ മഴ പെയ്തിറങ്ങി... ഇരുവരും മൊബൈലിന്റെ വെളിച്ചത്തിൽ അവിടെയാകെ തിരഞ്ഞു... അടുത്തുള്ള ഇല്ലിക്കാടിനടുത്ത് മുളങ്കുറ്റിയിലേക്ക് ചാരിയിരിക്കുന്ന മഹിയെ കണ്ടതും ആശ്വാസത്തോടെ അങ്ങോട്ട് പാഞ്ഞു ചെന്നു...
"മഹി ഏടാ... എന്തെങ്കിലും പറ്റിയോടാ...?"
അവൻ കണ്ണ് തുറന്ന് നോക്കിയതല്ലാതെ മറുപടി പറഞ്ഞില്ല. അല്പം കഴിഞ്ഞതും ഇല്ല എന്ന് മറുപടി വന്നു...
"നമുക്ക് ഹോസ്പിറ്റലിൽ പോകാം, നീ വേഗം പിടിക്ക് ഗംഗാ..."
രണ്ടുപേരും ചേർന്ന് അവനെ പിടിച്ചെഴുന്നേൽപ്പിച്ചു... പെരുമഴയിലൂടെ അവൻ മൂന്നുപേരും ഒരുവിധം റോഡിലേക്ക് കയറിപ്പറ്റി... അനന്തൻ വേഗം ഓടിക്കരികിലേക്ക് ഓടിച്ചെന്നു ഡോർ തുറന്ന് അകത്തേക്ക് കയറി അവിടെയിട്ട് തിരിച്ച് അവരെയും കയറ്റി ഹോസ്പിറ്റലിലേക്ക് വിട്ടു...
നിരത്തിയിട്ട കസേരയിൽ ഇരിക്കുമ്പോൾ നനഞ്ഞ വസ്ത്രങ്ങൾ മാറി അനന്തൻ വാങ്ങിക്കൊണ്ടുവന്ന പുതിയത് ധരിച്ചിരുന്നു. ഗംഗാ നഖം കടിച്ചുകൊണ്ട് ഇടയ്ക്കിടെ ഐസിയുവിലേക്ക് നോക്കുന്നുണ്ട്...
"താനിങ്ങനെ പേടിക്കാതെ ഗംഗാ അവന് ഒന്നും വരില്ല."
അവളുടെ വലതു കൈയ്യിലേക്ക് തന്റെ കൈചേർത്തുപിടിച്ച് അനന്തൻ കണ്ണടച്ചുകാട്ടി... അവന്റെ ചൂടുള്ള കൈവെള്ളയിലേക്ക് തന്റെ കൈ ചേർത്തുപിടിച്ചപ്പോൾ കിട്ടിയ സുരക്ഷയിൽ അവൾ അവനെ നോക്കി തലയാട്ടി... വാതിൽ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നതും രണ്ടുപേരും ചാടിയെണീറ്റൂ...
"ഡോക്ടർ മഹിക്ക് എങ്ങനുണ്ട്..."
"കൈമുട്ടിന് ചെറിയ പരിക്കുണ്ട് അല്ലാതെ ഒന്നുമില്ല. എം ആർ ഐ എടുത്തുനോക്കി വേറെ കുഴപ്പമൊന്നുമില്ല. വീഴ്ചയുടെ ഷോക്കിലാണ് കക്ഷി... മുൻപ് അയാൾക്ക് തലയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ടോ...?"
ഉണ്ടെന്ന് ഗംഗ പറഞ്ഞു...
"നാളെ രാവിലത്തേക്ക് അയാൾ നോർമലാവും ഇപ്പോൾ സെഡേഷനിലാണ്..."
ഡോക്ടർ പോയതും രണ്ടാളും ആശ്വാസത്തോടെ പരസ്പരം നോക്കി ചിരിച്ചു...
"ഏടാ സമയം ഒരുമണിയായി അപ്പച്ചി എണീക്കുന്നതിന് മുൻപെ വീട്ടിലെത്തണം, ഞാൻ വന്നത് പാവത്തിന് അറിയില്ല. മഹി ലോഡുമായി പോയേക്കുവാണെന്ന് ഞാൻ പറഞ്ഞോളാം... നാളെ അവനെ ഡിസ്ചാർജ് ചെയ്ത് നീ വീട്ടിലെത്തിക്കണം..."
"അതൊക്കെ ഞാൻ നോക്കിക്കോളാം നീ വാ നമുക്ക് ഇറങ്ങിയേക്കാം..."
രാത്രി ഉറങ്ങാൻ കിടന്നെങ്കിലും ദക്ഷയ്ക്ക് വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടു... കിടക്കാനും ഉറങ്ങാനും കഴിയാത്ത അവസ്ഥ... എണീറ്റിരുന്ന് സമയം നോക്കുമ്പോൾ ഒരുമണി കഴിഞ്ഞു... അവൾക്ക് മഹിയുടെ ശബ്ദം കേൾക്കാൻ വല്ലാത്ത കൊതി തോന്നി... ഫോണെടുത്ത് കയ്യിൽ പിടിച്ചെങ്കിലും വിളിക്കാൻ മടി തോന്നി... എന്തും വരട്ടെയെന്ന് കരുതി അവൾ നമ്പർ ഡയൽ ചെയ്ത് കാത്തിരുന്നു...
"ഹലോ..."
മറുതലയ്ക്കൽ സ്ത്രീശബ്ദം കേട്ടതും കാതുകൾ കൂർപ്പിച്ചു നിശബ്ദയായി...
"ഡീ കള്ളിപ്പൂച്ചേ രാത്രി അവനെ ഉറക്കില്ലേ നീ..."
ഗംഗയുടെ ശബ്ദം കേട്ടതും ആശ്വാസമായി...
"ഇന്ന് രാത്രി നീ വിളിക്കുമെന്ന് ഉറപ്പായിരുന്നു. അതല്ലേ അവന്റെ ഫോൺ ഞാൻ എന്റെ കയ്യിൽ വച്ചത്, പൊന്നുമോളെ രാത്രി വിളിച്ചിട്ട് എന്താ നിന്റെ ഉദ്ദേശം... അവനിവിടെ ഇല്ലെടി ലോഡുമായി പോയതാ... ഫോൺ ഞാൻ തമാശയ്ക്ക് എടുത്തു മാറ്റിയതാ..."
ഒന്ന് മൂളിക്കൊണ്ട് അവൾ കോൾ കട്ടാക്കി... നാശം പിടിക്കാൻ ഈ പെണ്ണിന് എന്തിന്റെ ഇളക്കമാ, വെറുതെ എന്റെ കയ്യിൽ നിന്ന് മേടിക്കും മോളെ നീ... ഇനിപ്പോ അങ്ങേരോട് ഒന്ന് സംസാരിക്കാൻ ഞാൻ എന്ത് ചെയ്യും ദൈവമേ... ദക്ഷ മുഷിച്ചിലോടെ ആലോചിച്ചുകൊണ്ട് കിടക്കയിലേക്ക് വന്നിരുന്നു...
മഹി കണ്ണ് തുറക്കുമ്പോൾ എവിടെയാണ് കിടക്കുന്നതെന്ന് മനസ്സിലായില്ല. തല ചരിച്ചു നോക്കുമ്പോൾ അടുത്തുള്ള കട്ടിലിൽ ഒരാൾ ചുരുണ്ടു കിടപ്പുണ്ട്, സൂക്ഷിച്ചു നോക്കിയപ്പോൾ ആളെ മനസ്സിലായി... അനന്തൻ... വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറിവന്ന ഗംഗയെ കണ്ടതും അവനൊന്നു ചിരിച്ചു... ശബ്ദം അനന്തൻ എണീറ്റു...
"ഇപ്പൊ എങ്ങനെ ഉണ്ടെടാ...?"
കുഴപ്പമില്ല എന്ന് അവൻ കണ്ണടച്ചു കാണിച്ചു... കാര്യങ്ങൾ വിശദമായി ഗംഗാ അവനെ പറഞ്ഞു കേൾപ്പിച്ചു...
"നിന്റെ കുറിഞ്ഞിപ്പൂച്ച രാത്രി വിളിച്ചാരുന്നു, അവൾക്ക് കിടന്നിട്ട് ഉറക്കം വന്നില്ലെന്ന് തോന്നി, നീയൊന്ന് വിളിച്ചേക്ക് ലോഡുമായി പോയെന്നാ ഞാൻ പറഞ്ഞത്..."
മഹി കോൾ വിളിച്ചു കാത്തിരുന്നതും മറുവശത്ത് മഹിയേട്ടാ എന്നൊരു നിലവിളി കേട്ട് മഹി ഞെട്ടി....
(തുടരും)