ഭാഗം 24
സിബിൻ പരുങ്ങിയത് കണ്ടപ്പോൾ മാലിനിക്ക് ചിരിവന്നു, തങ്ങൾ എല്ലാം അറിഞ്ഞതിന്റെ നാണക്കേട് അവന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാം...
"നിന്റെ ആന്റി അതായത് എന്റെ അനിയത്തി അതേ കോളേജിലെ എച് ആർ ആണെന്ന് മറന്നോ...?"
അമ്മ വെല്ലുവിളിയുടെ സ്വരത്തിൽ ചോദിച്ചത് കേട്ടപ്പോഴാണ് ആന്റിയുടെ കാര്യം ഓർമ്മ വന്നത്, ഒന്നും വേണ്ടായിരുന്നു ഇനി കോളേജിൽ എല്ലാവരും അറിഞ്ഞാൽ തീർന്നു, തല പൊക്കി നടക്കാൻ കഴിയില്ല. അവളെ എന്റെ കയ്യിൽ കിട്ടിയാൽ പൊടിച്ചു പപ്പടമാക്കും ഞാൻ... രോഷം മനസ്സിൽ അടക്കിപ്പിടിച്ചു സിബിൻ തിരികെ അകത്തേക്ക് കയറി. അച്ഛനുമമ്മയും എന്തൊക്കയോ പറഞ്ഞുകൊണ്ട് പിന്നാലെ വരുന്നുണ്ട്...
രാവിലെ പതിവിൽ കൂടുതൽ ആവേശത്തോടെയാണ് ഗംഗ കോളേജിൽ എത്തിയത്... തലേന്നത്തെ പെർഫോമൻസ് അവളെ അത്രയ്ക്ക് സന്തോഷിപ്പിച്ചിരുന്നു. ബുള്ളറ്റ് പാർക്കിങ്ങിൽ വച്ച് ചിന്നുവിന്റെ തോളിൽ കയ്യിട്ട് തിരിയുമ്പോഴാണ് പിന്നിൽ നിൽക്കുന്നയാളെ കണ്ടത്, കോളേജിന്റെ ഐഡി കണ്ടപ്പോഴേ സ്റ്റാഫ് ആണെന്ന് മനസ്സിലായി...
"താനാണോ ഗംഗാ? കൂടെയുള്ളത് ചിന്നു അല്ലേ... ഞാൻ രവീണ എച് ആർ മാനേജരാണ്..."
അതേയെന്ന് തലയാട്ടി രണ്ടുപേരും പരസ്പരം നോക്കി...
"ഗുഡ് മോണിംഗ് മാഡം..."
തങ്ങൾക്ക് പിന്നിലൂടെ മാഡത്തിന്റെ മുൻപിലേക്ക് വന്നു നിന്ന സിബിനെ കണ്ടു... അവന്റെ മുഖത്ത് തലേന്ന് നടന്ന സംഭവങ്ങൾ യാതൊന്നുമില്ല.
"ഇന്നലെ ഇവന്മാര് തന്റെ വണ്ടിയുടെ കാറ്റ് അഴിച്ചുവിട്ടോ, ഓഫിസിൽ റിപ്പോർട്ട് ചെയ്യാതെ പോയത് കണ്ടിരുന്നു. ഇവിടെ ക്യാമറകൾ വച്ചിരിക്കുന്നത് കാണാനല്ല."
അല്പം ഗൗരവത്തോടെ ചോദിച്ചതും ഗംഗാ പതറി, ഇത്രത്തോളം പ്രതീക്ഷിച്ചില്ല. അവരെ ഒന്ന് വിരട്ടുക മാത്രമാണ് അപ്പോൾ ഉദ്ദേശിച്ചത്... ചുറ്റും നോക്കിക്കൊണ്ട് ക്യാമറാക്കണ്ണിലേക്ക് ഒന്നുകൂടെ ശ്രദ്ധിച്ചുകൊണ്ട് സിബിനെ നോക്കി, അവൻ അവളെപ്പോലും അറിയില്ല എന്ന മട്ടിൽ നിൽക്കുകയാണ്...
"മാഡം ശരിക്കും തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ച കാര്യങ്ങളാണ്... രാവിലെ എന്നോട് സംസാരിച്ചപ്പോൾ ഞാൻ കൊടുത്ത മറുപടി ചൊടിപ്പിച്ചതിന്റെ ദേഷ്യത്തിൽ ചെയ്തതാണെന്ന് ഞാൻ കരുതിയതാണ്... അതല്ല എന്ന് മനസ്സിലായതുകൊണ്ട് പരാതി ഒന്നും വേണ്ടാ എന്ന് കരുതിയാണ് ഞാൻ..."
അത്രയും നേരം കൂളായി നിന്ന സിബിന്റെ മുഖം മാറിയത് ശ്രദ്ധിച്ചു... മാഡവും അത് കണ്ടിരുന്നു.
"സിബിൻ തല്കാലം ഞാനിത് വിടുന്നു, ഇവള് പറഞ്ഞതിന്റെ പേരിലാണെന്ന് കരുതണ്ടാ, ഈ ക്യാമ്പസിൽ നിങ്ങൾ മറ്റ് കുട്ടികൾക്ക് ഉപകാരമേ ചെയ്തിട്ടുള്ളു ആദ്യമായിട്ടാണ് ഇങ്ങനൊരു കേസ്, ദിസ് ഈസ് ദ ഫസ്റ്റ് ആൻഡ് ലാസ്റ്റ് വാണിങ് ഫോർ യൂ... ക്ലാസ്സിൽ പൊയ്ക്കോളൂ..."
മൂന്നുപേരെയും മാറി മാറി നോക്കിയതിനു ശേഷം രവീണ മാഡം തിരിച്ചു നടന്നു... എല്ലാം കണ്ടുകൊണ്ട് മാറി നിന്ന സിബിന്റെ ഗ്യാങ്ങ് പതിയെ രംഗത്തേക്ക് വന്നു...
"അളിയാ ഞാൻ കരുതി പെട്ടെന്ന് മാഡത്തിനെ കണ്ടപ്പോൾ പണിയായെന്ന്..."
സിബിൻ അപ്പോഴും ഗംഗയെത്തന്നെ നോക്കിനിൽകുകയാണ്, അവളാകട്ടെ മാഡം പോയ ദിക്കിലേക്കും....
"താൻ എന്ത് ഉദ്ദേശിച്ചിട്ടാ കള്ളം പറഞ്ഞത് ഓഫീസിൽ ക്യാമറ ചെക്ക് ചെയ്താൽ പണി കിട്ടും..."
അവന്റെ ചോദ്യം കേട്ട് അവൾ ചിരിച്ചു, രാഹുലും ശങ്കറും പരസ്പരം നോക്കി ഇവന് ഇങ്ങനൊക്കെ സംസാരിക്കാൻ അറിയാമോ... ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ല.
"ഞാനിന്നലെ വണ്ടി വെച്ച ഭാഗത്ത് ക്യാമറ ഇല്ല. അത് കണ്ടിട്ടാണ് പെട്ടന്ന് തോന്നിയ ബുദ്ധി കാണിച്ചത്... അല്ലെങ്കിൽ ഞാൻ തന്നെ നിങ്ങൾക്കെതിരെ പരാതി കൊടുക്കേണ്ടി വന്നേനെ...."
"അതൊക്കെ ചുമ്മാ... പെങ്ങളെ ആ പോയത് ഇവന്റെ ആന്റിയാ, അതുകൊണ്ട് ഞങ്ങൾക്ക് പേടിയില്ല."
ഗംഗാ ചമ്മിയ ചിരിയോടെ നോക്കുമ്പോൾ സിബിനും ചിരിച്ചുപോയി... രാഹുൽ പറഞ്ഞത് ശരിയാണെന്നു അവനും തലയാട്ടി... ഛേ നാണക്കേടായല്ലോ, ഇവനിനി വേറെ പണി വല്ലതും വച്ചിട്ടുണ്ടോ എന്തോ... രണ്ടുപേരും ആരേയും ശ്രദ്ധിക്കാതെ ക്ലാസ്സിലേക്ക് നടന്നു.
"ഡാ അളിയാ നീയെന്താ ഇതുവരെയില്ലാത്ത പല സ്വഭാവങ്ങളും പുറത്തെടുക്കുന്നത്...?"
ചാക്കോ അവനെ പിടിച്ചു നിർത്തി, പിന്നാലെ വന്ന രാഹുലും ജെറിനും അതേറ്റുപിടിച്ചു... അവളെ കണ്ടപ്പോൾ സംസാരിക്കണമെന്ന് തോന്നി... രാത്രി അമ്മയുടെ വക കിട്ടി പിന്നെ അച്ഛന്റെ ഊഴമായപ്പോൾ കേട്ട ഒരു വാക്കാണ് മനസ്സിൽ ഉടക്കിയത്...
"ഇവനെയൊക്കെ മേയ്ക്കാൻ ചുറുചുറുക്കുള്ള ഇതുപോലുള്ള പെണ്ണ് വേണം, നല്ല നാലിടി അവള് കൊടുത്താൽ ഇവൻ മര്യാദ കാണിച്ചോളും..."
ഗംഗയുടെ വിറയ്ക്കുന്ന മുഖം ഓർമ്മ വന്നതും സിബിന്റെ നെഞ്ചിൽ ചെറിയ കുളിര് കോരി... അവള് കൊള്ളാം, നല്ല മൂർച്ചയുള്ള പെണ്ണ്, ഇതുവരെ കണ്ടതിനൊക്കെ ഒന്ന് പറഞ്ഞു രണ്ടാമത് കരയാനും പിണങ്ങി പോകാനും മാത്രമാണ് താല്പര്യം...
ജെറിൻ തട്ടിവിളിച്ചതും സിബിൻ അവന്റെ മുഖത്തേക്ക് നോക്കി ഇളിച്ചു കാണിച്ചു...
"അയ്യടാ കള്ളക്കാമുകാ..."
രാഹുൽ അവന്റെ തലയ്ക്കിട്ട് കിഴുക്കി...
സിബിൻ പതിയെ പതിയെ ഗംഗയുടെ പിന്നാലെ കൂടി, അവളത് ശ്രദ്ധിച്ചെങ്കിലും കാര്യമാക്കിയില്ല. കോളേജാകുമ്പോൾ അമ്പിള്ളേർ പിന്നാലെ നടക്കും അത് സ്വാഭാവികമാണ്...
"എടി ആ ചേട്ടൻ നിന്റെ പിന്നാലെ കൂടുന്നത് കണ്ടില്ലേ നീ...?"
"കണ്ടെടി നടക്കട്ടെ... നമുക്കും ഒരു വെയിറ്റ് അല്ലേ സീനിയർ പ്രേമിച്ചു പിന്നാലെ നടക്കുന്നുണ്ടെന്ന് പറയുമ്പോൾ..."
ഇവളെ പറഞ്ഞ് മനസ്സിലാക്കാൻ കഴിയില്ല എന്നറിയാമായിരുന്ന ചിന്നു കൂടുതലൊന്നും പറയാൻ നിന്നില്ല. അങ്ങനെ കോളേജ് ജീവിതം പതിയെ പതിയെ മുന്നോട്ട് പോയി, ഗംഗയും സിബിനും നല്ല കൂട്ടുകാരാണിപ്പോൾ, സൗഹൃദത്തിൽ കവിഞ്ഞുള്ള ഇഷ്ടത്തിന് അവൾ കാര്യമായി ഇപ്പോഴും പച്ചക്കൊടി വീശിയിട്ടില്ല.
ആറുമാസത്തിനു ശേഷം ഓണക്കാലം വന്നെത്തി ഗംഗയുടെ ജീവിതം അപ്പാടെ മാറ്റിമറിച്ച പോന്നോണക്കാലം...
(തുടരും)