ഭാഗം 23
ഗംഗ പല്ല് കടിച്ചു നിൽപ്പുണ്ട്, മാപ്പ് പറയിക്കാതെ വിടില്ല എന്നുറപ്പിച്ചു കഴിഞ്ഞു. നാലുപേരും പരസ്പരം നോക്കി നിൽപ്പുണ്ട്, ഗംഗ വാച്ചിൽ സമയം നോക്കുന്നത് കണ്ടതും മെലിഞ്ഞവന്റെ മുഖത്ത് പേടി കണ്ടു...
"ഞങ്ങളുടെ കൂട്ടത്തിൽ നേതാവായി എല്ലാത്തിനും മുൻപിൽ നിൽക്കുന്നത് സിബിനാ..."
സുന്ദരന്മാരിൽ ഒരാളെ ചൂണ്ടിയാണ് അവൻ പറഞ്ഞത്... ഒരുത്തൻ സിബിൻ മറ്റവൻ ചാക്കോ എന്ന് വിളിപ്പേരുള്ള ശങ്കർ, വണ്ണമുള്ളവൻ ജെറിൻ മെലിഞ്ഞവൻ രാഹുൽ... രാഹുലാണ് എല്ലാവരുടെയും പേരുകൾ ഗംഗയോട് പറഞ്ഞത്... നാലുപേരും പരസ്പരം എന്തൊക്കയോ പിറുപിറുക്കുന്നുണ്ട്...
"ഞാൻ നിക്കണോ പോണോ...?"
"പോകല്ലേ പെങ്ങളെ ഇവനിപ്പം മാപ്പ് പറയും..."
"പെങ്ങളായിട്ടാണോ രാഹുൽ ആങ്ങള ഇങ്ങനൊരു പണി തന്നത്..."
മൂന്നുപേരും പരസ്പരം നോക്കി, സിബിന്റെ മുഖത്ത് ദേഷ്യം വന്നെങ്കിലും മറ്റുള്ളവർ അത് കാര്യമാക്കിയില്ല എന്ന് മനസ്സിലായി, ഒന്നു രണ്ട് നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം അവൻ മുന്നോട്ട് വന്നു പിന്നാലെ മറ്റുള്ളവരും, ഗംഗ സമയമില്ല എന്ന മട്ടിൽ വാച്ചിലേക്ക് നോക്കി... ചിന്നു അവൾക്ക് പിന്നിൽ എല്ലാം കണ്ടുകൊണ്ട് നിൽക്കുന്നു. സിബിൻ അടുത്ത് വന്നു നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല. അവിടെയും ഇവിടെയും നോക്കി നിൽപ്പാണ്... അല്പം കഴിഞ്ഞതും കനമുള്ള ശബ്ദത്തിന് പൂപ്പൽ ബാധിച്ച അവസ്ഥയിൽ അവനൊന്നു മുരടനക്കി...
"സോറി..."
അത്രയും പറഞ്ഞൊപ്പിച്ചു തിരിഞ്ഞു നടന്ന അവന്റെ പിന്നാലെ ഓടിയ രാഹുൽ അവനോട് എന്തൊക്കയോ പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചു... ഗംഗ വിജയച്ചിരിയോടെ ചിന്നുവിനെ നോക്കി ശേഷം മറ്റ് രണ്ട് പേരെയും...
"വണ്ടി കാറ്റടിച്ചു കിട്ടാൻ താമസിക്കുമോ? എന്റെ വീടിന്റെ അഡ്രസ്സ് തരാം കൊണ്ടുവന്ന് തന്നാൽ മതി..."
"ബസ്സ് സ്റ്റോപ്പിൽ നിന്നാൽ മതി അഞ്ചു മിനിറ്റ് ഞങ്ങള് കൊണ്ടുവരാം..."
ശങ്കറും ജെറിനും ബുള്ളറ്റും തള്ളിക്കൊണ്ട് കോളേജിന് പുറത്തേക്ക് പോകുന്നതും നോക്കി അവൾ തിരിഞ്ഞു സിബിൻ നല്ല ദേഷ്യത്തിലാണ്... കോളേജ് വിട്ട് കുട്ടികൾ ഭൂരിഭാഗവും പോയതുകൊണ്ട് മാനക്കേടിൽ നിന്ന് രക്ഷപെട്ടു... അവൾ അവർക്കരികിലേക്ക് നടന്നു പിന്നാലെ ചിന്നുവും...
"എന്താ സിബിൻ ചേട്ടന് എന്നോടുള്ള ദേഷ്യം പകയായി രൂപം മാറിയോ ആങ്ങളേ..."
പരിഹാസത്തോടെയുള്ള അവളുടെ ചോദ്യം കേട്ട് സിബിൻ മുഖമുയർത്തിയെങ്കിലും മിണ്ടിയില്ല. രാഹുൽ വിളറിയ ചിരിയുമായി നിൽപ്പുണ്ട്... ഗംഗയെ ബസ്സ് സ്റ്റോപ്പിൽ കാണാത്തതുകൊണ്ട് ബുള്ളറ്റും ഓടിച്ചു അകത്തേക്ക് കയറിവന്ന ശങ്കറും ജെറിനും...
"അപ്പൊ ശരി വീണ്ടും പാക്കലാം, ആദ്യത്തെ ദിവസം തന്നെ നല്ല രീതിയിൽ പരിചയപ്പെട്ടതിൽ സന്തോഷം..."
പറഞ്ഞത് എല്ലാവരോടുമാണെങ്കിലും സിബിന്റെ മുഖത്തേക്കാണ് നോക്കിയത്... കല്ലിച്ച ഭാവം കണ്ടപ്പോൾ ഗംഗയ്ക്ക് സുഖിച്ചു... വിജയിച്ച ഭാവത്തോടെ ഗ്ലാസ്സ് എടുത്ത് വച്ച് ബുള്ളറ്റിലേക്ക് കയറി പിന്നിൽ ചിന്നുവും... വണ്ടിയൊന്ന് ഇരപ്പിച്ച് ഗേറ്റിന് പുറത്തേക്ക് ഓടിച്ചുപോയി...
അവര് പോയതും അപമാന ഭാരത്തോടെ കൂട്ടുകാരെ തുറിച്ചു നോക്കിക്കൊണ്ട് സിബിൻ അടുത്തുള്ള മഞ്ഞ പൂമരത്തിന്റെ തടിയിലേക്ക് ആഞ്ഞിടിച്ചു.
"ഡാ അളിയാ നേതാവ് കളിച്ചു നടക്കുമ്പോൾ ഇങ്ങനൊക്കെ വരുമെന്ന് ചിന്തിക്കണം കേട്ടോ, നീയും കൂടി ചേർന്നല്ലേ വണ്ടീടെ കാറ്റ് ഊരിവിടാൻ പ്രോത്സാഹിപ്പിച്ചത്...?"
ജെറിൻ പറഞ്ഞത് സത്യമായിരുന്നതുകൊണ്ട് സിബിനു കൂടുതലൊന്നും പറയാൻ സാധിച്ചില്ല. അവരെ ഗൗനിക്കാതെ പാർക്കിങ്ങിൽ വച്ചിരുന്ന അവന്റെ ബൈക്കുമായി കൊടുങ്കാറ്റ് കണക്കെ പുറത്തേക്ക് പാഞ്ഞു...
ഗംഗ രാത്രി കുളി കഴിഞ്ഞു വന്നപ്പോൾ മൊബലിൽ രണ്ട് മിസ്സ്‌കോൾ മഹിയാണ്, എന്താണ് മുറച്ചെറുക്കൻ പതിവില്ലാതെ സാധാരണ അങ്ങോട്ട് വിളിച്ചാൽ പോലും കോൾ എടുക്കാറില്ല. തിരിച്ചു വിളിച്ചതും ആദ്യത്തെ റിങ്ങിൽ കോൾ അറ്റൻഡ് ചെയ്തു.
"എന്താടാ മുറച്ചെറുക്കാ പതിവില്ലാതെ ഇങ്ങോട്ട് വിളിക്കുന്നു, അങ്ങോട്ട് തിരിച്ചു വിളിച്ചപ്പോൾ ആദ്യത്തെ റിങ് തീരുന്നതിനു മുൻപെ എടുക്കുന്നു... എന്താ കാര്യം..."
"ഒന്നൂല്ലടി ഞാൻ വെറുതെ വിളിച്ചതാ... നിന്റെ ക്ലാസ്സൊക്കെ എങ്ങനെ പോകുന്നു."
ഗംഗ കോളേജിൽ നടന്ന കാര്യങ്ങളൊ ക്ലാസ്സിനേപ്പറ്റിയോ ഒന്നും പറഞ്ഞില്ല. എന്തോ കാര്യമായി അവന് പറയാനുണ്ട്...
"എന്താ മഹി എന്നോട് നിനക്ക് മുഖവുരയുടെ കാര്യമുണ്ടോ... നീ പറ...?"
മഹി പതിവായി തന്റെ സ്വപ്നത്തിൽ വരുന്ന പെൺകുട്ടിയെപ്പറ്റി അവളോട് പറഞ്ഞു. ആരാണെന്നോ എന്താണെന്നോ അറിയാത്തവൾ... ഗംഗയ്ക്ക് കെട്ടപ്പോൾ ആദ്യം അതിശയം തോന്നി പിന്നീട് അല്പം ഭയവും... ഉമയുടെ മുഖം ഓർമ്മ വന്നപ്പോൾ അവളുടെ ഉള്ളൊന്ന് കാളി... ഇനി എല്ലാം അവന് ഓർമ്മ വരാൻ തുടങ്ങിയോ...
"മഹി നീ കണ്ട പെണ്ണിന്റെ ഏകദേശ രൂപം ഒന്ന് പറഞ്ഞേ..."
"എടീ വട്ടമുഖമാണ്, നേരിയ നീല നിറമുള്ള കൃഷ്ണമണി നീളമുള്ള മുടി ഒതുങ്ങിയ മൂക്ക്... ഇതൊക്കെ അറിഞ്ഞിട്ട് നിനക്കെന്താ കാര്യം ആളെ അറിയാമോ...?"
ഗംഗ ആശ്വാസത്തോടെ നെഞ്ചിൽ കൈവച്ചു... ഉമയുമായി യാതൊരു സാമ്യവുമില്ല. അപ്പൊപ്പിന്നെ ഇതാരാ, സ്വപ്നമല്ലേ ആർക്കും വരാം... അല്ലാതെന്താ...
"എടാ നീയിനി കണ്ടത് എന്നെപ്പോലെ ആരെങ്കിലേയുമാണോ, ആണെങ്കിൽ ഞാൻ റെഡിയാ നിനക്കെന്നെ കെട്ടാമോ...?"
മറുപടിക്ക് പകരം തെറി വിളിച്ചുകൊണ്ട് അവൻ കോൾ കട്ടാക്കി... ഫോൺ കിടക്കയിലേക്കെറിഞ്ഞ് അവൾ വിടർത്തിയിട്ട മുടി കൈകൊണ്ട് കോതിയിടാൻ തുടങ്ങി...
വീട്ടിലെത്തിയത് മുതൽ പകൽ നടന്ന കാര്യങ്ങളോർത്ത് സിബിൻ കരക്ക് പിടിച്ചിട്ട മീൻ കണക്കെ മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്... ഗേറ്റ് കടന്നുവന്ന അമ്മയുടെ വാഗണർ ജനാലയിലൂടെ കണ്ടതും അവൻ താഴേക്ക് ചെന്നു വാതിൽ തുറന്നു... മുൻസീറ്റിൽ നിന്ന് അച്ഛനിറങ്ങുന്നത് കണ്ടതും പെട്ടന്ന് പരുങ്ങി...
"പൊന്നുമോൻ ഇവിടെ ഉണ്ടായിരുന്നോ അമ്മ പറയുന്നത് നീ പത്തുമണിയാവാതെ വീട്ടിൽ കേറത്തില്ലെന്നാണല്ലോ..."
ഡ്രൈവിങ് സീറ്റിൽ നിന്നിറങ്ങിയ അമ്മ മാലിനി ബാക്ക് ഡോർ തുറന്ന് ഭക്ഷണപ്പാക്കറ്റുകൾ എടുത്ത് അങ്ങോട്ട് വന്നു...
"നീയെന്താടാ ഇങ്ങനെ ഇഞ്ചി കടിച്ച കണക്കെ നിൽക്കുന്നത്, ആ പെണ്ണ് നിന്റെ വാല് മുറിച്ചിട്ടതുകൊണ്ടാണോ?"
സിബിൻ നിന്നനിൽപ്പിൽ ഞെട്ടി അമ്മയുടെ മുഖത്തേക്ക് നോക്കി ശേഷം അച്ഛനേയും...
(തുടരും)