ഭാഗം 3
പുറത്തേക്ക് പോയിവന്ന ദക്ഷ സീറ്റിൽ വന്നിരുന്നപ്പോഴേക്കും മിസ്സ് ക്ലാസ്സെടുക്കാൻ വന്നു കഴിഞ്ഞു. സ്നൈറ്റ് ഐടിഐ യിൽ സിവിൽ എഞ്ചിനിയറിങ്ങ് വിദ്യാർത്ഥിനിയാണ് ദക്ഷ... അടുത്ത കൂട്ടുകാരി മഞ്ജു എന്ന മഞ്ജുള...
"ഇതെന്താടി നിന്റെ ഷാളിൽ കുരുങ്ങിക്കിടക്കുന്നത്..."
ദക്ഷയുടെ ഷാളിൽ കുരുങ്ങി കിടന്ന പൊട്ടിയ ചന്ദനമാല ചൂണ്ടിക്കാണിച്ച് മഞ്ജു അത് ശ്രദ്ധയോടെ കുരുക്കഴിച്ചെടുത്തു... ആ ചേട്ടന്റെയാവും കൂട്ടിമുട്ടിയപ്പോൾ പൊട്ടിപ്പോയതാ... മാല കയ്യിലെടുത്ത് അവൾ അതിലൂടെ വിരലോടിച്ചു... മുത്തുകളെ തഴുകി...
"ഇതാ ചേട്ടന്റെയാവും, ഉച്ചയ്ക്ക് കഴിക്കാൻ പോകുമ്പോൾ കൊടുത്തേക്കാം..."
വേണ്ടാ എന്ന് തല വെട്ടിച്ചു കാണിച്ച അവൾ മാല ചുരുട്ടി ബാഗിലിട്ടു... മഞ്ജുവിനെ നോക്കി കണ്ണിറുക്കി...
ക്ലാസിലിരിക്കുമ്പോഴും ദക്ഷയുടെ മനസ്സിൽ അവനായിരുന്നു.... രാവിലെ കണ്ട മാത്രയിൽ അടിവയറ്റിൽ മഞ്ഞുവീണ പ്രതീതി...
ശരീരത്തിലെ രക്തയോട്ടം പെട്ടെന്ന് കൂടി... കൈകളിലെ രോമങ്ങൾ എഴുന്നു വന്നു... മനസ്സിലെ പൂമൊട്ടിൽ ആദ്യത്തെ തേൻ കിനിഞ്ഞു... എങ്ങനേയും അവിടെ നിന്ന് പോകാൻ മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു... എന്നാൽ പെട്ടെന്ന് ഇറങ്ങി പോന്നപ്പോൾ മനസ്സിന് വല്ലാത്ത സങ്കടം തോന്നി... പക്ഷെ തിരിഞ്ഞു നോക്കാനുള്ള ധൈര്യമുണ്ടായില്ല.
ബാഗിൽ നിന്നെടുത്ത മാല കൈവിരലുകൾക്കിടയിലൂടെ കൊരുത്തുപിടിച്ചു കൊണ്ട് ജനാലയിലൂടെ താഴേക്ക് നോക്കിയതും താഴെ വെൽഡിങ് ക്ലാസ്സിന്റെ പ്രാക്ടിക്കൽ റൂമിലേക്ക് നടന്നു പോകുന്ന അവനെ കണ്ടു... കാറ്റിന്റെ താളത്തിനനുസരിച്ച് മുടിയിഴകൾ ആടിക്കളിക്കുന്നു... കട്ടി മീശയും ഉറച്ച ശരീരവും ആ രൂപത്തിന് മാറ്റ് കൂട്ടുന്നുണ്ട്...
പെട്ടെന്നവൻ വെട്ടിത്തിരിഞ്ഞ് മുകളിലേക്ക് നോക്കിയതും ദക്ഷയുടെ അടിവയറ്റിൽ നിന്നൊരു ആളലുണ്ടായി... പെട്ടന്ന് അവൻ കാണാതെ കുനിഞ്ഞതും അവളുടെ കൈ തട്ടി ബുക്കും പേനയും താഴേക്ക് വീണു...
"ഏയ് ദക്ഷാ എന്താ അവിടെ...?"
"കൈ തട്ടി ബുക്ക് താഴെ വീണതാ മിസ്സ്..."
എങ്ങനെയോ പറഞ്ഞൊപ്പിച്ച് ബുക്കെടുത്ത് ഡെസ്കിന് മുകളിൽ വച്ചു... ശരീരമാകെ വിയർത്തു പോയിരുന്നു... മിസ്സ് കാണാതെ ജനാലയിലൂടെ താഴേക്ക് എത്തിനോക്കി... അവൻ പോയിരുന്നു. തന്നെ കണ്ടുവോ...? അവൾക്കൊരു നിമിഷം നാണവും പേടിയും ഒരുപോലെ അനുഭവപെട്ടു...
"ഡീ നീയീ പിടിയൊന്ന് വിടുമോ..."
"എന്താ..."
മഞ്ജു പറഞ്ഞത് മനസ്സിലാവാതെ ദക്ഷ ശബ്ദം താഴ്ത്തി അവളോട് കാര്യം തിരക്കി...
"നീ ആരെയെങ്കിലും വായിനോക്ക്, അതിന് ഞാനെന്ത് പിഴച്ചു... എന്റെ തുടയിൽ അള്ളിപ്പിടിച്ചിരിക്കുന്ന കൈ മാറ്റടി പുല്ലേ...
മഞ്ജുവിന്റെ കണ്ണ് പുറത്തേക്ക് തള്ളിവന്നു... പെട്ടെന്നുള്ള വെപ്രാളത്തിൽ കയറിപ്പിടിച്ചത് പാവത്തിന്റെ തുടയിലായിപ്പോയി... പിടിവിട്ട് മുഖത്ത് ക്ഷമയാചന നടത്തി ദക്ഷ മഞ്ജുവിന്റെ കയ്യിൽ തോണ്ടി... ഒന്ന് നോക്കിയിട്ട് വീണ്ടും തിരിച്ച് ക്ലാസ്സിലേക്ക് ശ്രദ്ധിച്ചെങ്കിലും ദക്ഷയുടെ മുഖത്ത് നാണം കലർന്ന ചിരിയുണ്ടായിരുന്നു.
"വേണ്ടാ ദക്ഷാ നിർത്തിക്കോ, നിർത്തുന്നതാണ് നിനക്ക് നല്ലത്... ഒന്നും മറന്നിട്ടില്ലല്ലോ അല്ലേ..."
പെട്ടന്ന് മുഖത്ത് കണ്ട വെളിച്ചം ഇല്ലാതായി... ഇരുൾ മൂടിയ മഴയുള്ള രാത്രി മനസ്സിലേക്ക് വന്നതും ശരീരം വിറച്ചു... വയറു തുളച്ചുകയറിയ അരയടി നീളമുള്ള സ്റ്റീൽ കത്തി പുറത്തേക്ക് വലിച്ചൂരുമ്പോൾ തെറിച്ച കൊഴുത്ത രക്തം സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ മഴവെള്ളത്തിലേക്ക് കലരുന്നത് കണ്ടു...
കത്തി കയ്യിൽ ചുഴറ്റിക്കൊണ്ട് അവനു ചുറ്റും നടക്കുന്ന മെലിഞ്ഞ ചെറുപ്പക്കാരൻ നീട്ടി തുപ്പിക്കൊണ്ട് ഓട്ടോറിക്ഷയിൽ കയറിപ്പോയി... നാവനക്കാൻ കഴിയാതെ മരത്തിന്റെ പിന്നിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ ജീവന്റെ അവസാന കാണികയും നഷ്ടപ്പെട്ട് കണ്ണുകൾ തുറിച്ചു തനിക്ക് നേരെ നീളുന്നത് കണ്ടതും അവളുടെ കണ്ണിൽ ഇരുട്ട് കയറി... കാലുകൾക്ക് ബലമില്ലാതായി...
തന്റെ ഇടുപ്പിലേക്ക് ചേർന്നിരിക്കുന്ന ദക്ഷയുടെ ഉടലിന്റെ ചൂട് വർധിക്കുന്നത് മനസ്സിലാക്കി അവളെ നോക്കിയ മഞ്ജു...
"ഡീ... നീയിങ്ങനെ പേടിക്കല്ലേ... ഒന്നും വേണമെന്ന് കരുതി ചെയ്തതല്ല. അയാളുടെ കുടുംബം ഇങ്ങനാവാൻ കാരണം നീയാണെന്ന് അറിയാത്തിടത്തോളം കാലം ഒരു കുഴപ്പവുമില്ല. കുത്തിക്കീറിയിട്ട് അപകടമാണെന്ന് പറഞ്ഞു പരത്തുന്ന നാടൻ സ്വഭാവം നമ്മുടെ നാട്ടിൽ പലർക്കും പഥ്യമാണ്..."
തലവേദന സഹിക്കാൻ കഴിയാതെ ദക്ഷ കണ്ണടച്ചു... ചെമ്പാട്ട് തെയ്യത്തിന് അച്ഛന്റെ കയ്യും പിടിച്ചു നടന്നുവന്ന കുഞ്ഞ് മുഖത്തെ ഓർമ്മ വന്നു... തെയ്യം ഉറഞ്ഞു തുള്ളുന്ന സമയത്ത് അച്ഛനെ ഇറുക്കിപ്പിടിച്ചു പേടിച്ചു നിൽക്കുന്ന കൊച്ചു പയ്യൻ... അമ്മേടെ ഒക്കത്ത് ചാഞ്ഞിരുന്ന കുഞ്ഞ് ദക്ഷ അവനെ കൗതുകത്തോടെ നോക്കി...
എല്ലാം ഒരു കത്തിപ്പിടിയിൽ തീർന്നുപോയി... നാണപ്പൻ എന്ന ദൈവം, അവന്റേം അവന്റെ അമ്മയുടേം ദൈവം... പട്ടിണിയുടെ കാണാക്കയത്തിലേക്ക് തള്ളപ്പെട്ട രണ്ടു ജന്മങ്ങൾ...
ഉച്ചയ്ക്ക് കഴിക്കാനിരുന്നപ്പോഴും അവൾ ചോറ് വാരിക്കഴിക്കാതെ ആലോചനയോടെ ഇരിക്കുന്നത് കണ്ടതും മഞ്ജു അവളെ തോണ്ടിവിളിച്ചു...
"എടി നീയിങ്ങനെ ഡെസ്പ്പാവല്ലേ... ആരും ഒന്നുമറിയില്ല. അങ്ങനെ നമ്മള് പറയുമോ, ഞാനില്ലേ നിന്റെ കൂടെ കഴിച്ചേ..."
മഞ്ജു അരുമയോടെ ഒരു ഉരുള അവൾക്ക് നേരെ നീട്ടി, ദക്ഷ വാ തുറന്ന് ഉരുള സ്വീകരിച്ചു... അതു കണ്ടപ്പോൾ എല്ലാത്തിനും വേണം അവളുടെ ചോരുള, ആണിനും പെണ്ണിനും എന്നുവേണ്ടാ സകലതും വായും പൊളിച്ചു വന്നു നിൽക്കുന്നു... എല്ലാത്തിനേം ഓടിച്ചുവിട്ട് ചോറും കഴിച്ച് ദക്ഷയേം കഴിപ്പിച്ച് രണ്ടുപേരും പാത്രം കഴുകാൻ പുറത്തേക്കിറങ്ങി...
വെൽഡിങ് പ്രാക്റ്റിക്കൽ സെക്ഷന് അടുത്തുകൂടി പോകുമ്പോൾ വെറുതെ അകത്തേക്ക് പാളിനോക്കിയെങ്കിലും അവരൊക്കെ പോയി കഴിഞ്ഞിരുന്നു. ദക്ഷ ചുറ്റും നോക്കിക്കൊണ്ട് നടക്കുന്നതിനിടയിലാണ് ഓഫീസിൽ ഫീസടച്ച് പുറത്തേക്ക് വന്ന മഹേഷിനെ കണ്ടത്...
മഞ്ജു കയ്യിൽ നല്ലൊരു പിച്ച് കൊടുത്തതും അവൾ പുളഞ്ഞുപോയി... നാശത്തിന്റെ നഖത്തിന് നല്ല നീളമുണ്ട്... നീറ്റൽ സഹിച്ച് അവളുടെ കൈ പറിച്ചുമാറ്റി നോക്കുമ്പോൾ തൊട്ടു മുൻപിൽ മഹേഷ് നിൽക്കുന്നു...
ചുമ്മാതല്ല എന്റെ ശരീരം നൊന്തത്...
(തുടരും)