അഗ്നി എരിയുന്നു.... താപം സഹിക്കാൻ കഴിയാതെ ദീനരോദനങ്ങൾ.... ഭൂമിയെ അപ്പാടെ കുലുക്കിമറിക്കാൻ പോന്ന ചുവടുകൾ വയ്ക്കുന്ന മഹാദേവൻ.... സതിയുടെ വിയോഗത്തോടെ ഉഗ്രകോപിയായി മാറിയ ദേവൻ സർവ്വനാശത്തിനെന്ന പോലെ താണ്ഡവം തുടർന്നു.... ദേവന്മാരുൾപ്പടെ ഭൂമിയിലെ സകല ജീവജാലങ്ങളും ഭയന്നു വിറച്ചു...
ഉറഞ്ഞുമൂടിയ മഞ്ഞുമലകൾക്കിടയിലൂടെ അവളുടെ കൈപിടിച്ച് നടന്ന മഹേഷ് ഇടംകണ്ണിട്ട് നോക്കി, പാതയുടെ അവസാനം കണ്ടതിന്റെ സന്തോഷം നിറയുന്ന മിഴികൾ, ലക്ഷ്യത്തിലെത്താൻ വെമ്പുന്ന മനസ്സിന്റെ ചെറു നിശ്വാസങ്ങൾ പോലും വ്യക്തമായി കേൾക്കാൻ സാധിക്കുന്നുണ്ട്... അവളുടെ നേരിയ നീല നിറമുള്ള കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി...
"ദക്ഷാ നിന്റെ തപം എന്റെ ദേഷ്യത്തെ അപ്പാടെ അലിയിച്ചില്ലാതാക്കി കഴിഞ്ഞു. നിന്റെ സ്നേഹം തിരയടിക്കുന്ന നീല കണ്ണുകൾ എന്നിലെ പുരുഷന്റെ നനുത്ത കൺപീലികളെ ഉരുമ്മി കടന്നുപോയ സുഖം... ഹൊ... പറഞ്ഞറിയിക്കാൻ കഴിയില്ല."
"മഹിയേട്ടാ ഈ കോപം ശമിപ്പിക്കാൻ എനിക്ക് നിമിഷങ്ങൾ മതി... ഈ ശരീരം ഉണർത്തിയെടുക്കാൻ അത്രപോലും മാത്രകൾ വേണ്ടാ... എന്നിട്ടും എന്നിലേക്ക് വന്നെത്താൻ കാത്തിരിപ്പിന്റെ മഹാ ശയനം വേണ്ടിവന്നു... ഇനി ഞാൻ വിടില്ല. ഈ നെഞ്ചിൽ തല ചായ്ച്ചു കിടന്നുറങ്ങാനുള്ള പകലുകൾ നമുക്ക് മുൻപിൽ കാത്തുകിടക്കുന്നു.
പരിലാളനകൾ ഏൽക്കാൻ എന്റെ ഉടമ്പ് കൊതിയോടെ കാത്തുനിൽക്കുന്നു... രാവ് അവസാനിക്കാത്ത നൂറായിരം വർഷങ്ങൾ താണ്ടി വീണ്ടുമൊരു പിറവിക്കുകൂടി കാത്തിരിക്കാൻ കഴിയുന്ന സന്തോഷവും പേറി നമ്മൾ യാത്ര തുടങ്ങുന്നു... എന്നും എന്റെ മഹിയേട്ടന്റെ മാത്രം പെണ്ണായി..."
അവരെ തഴുകി കടന്നുപോയ ഹിമക്കാറ്റിനു എല്ലാം കേട്ടു എന്ന ലജ്ജ കലർന്ന ചിരിയിണ്ടായിരുന്നു. മഞ്ഞുവീണ പാതയിലൂടെ നഗ്നപാദരായി അവർ നടന്നു തുടങ്ങി... ഇനിയും അവസാനിക്കാത്ത പ്രണയത്തിന്റെ ലഹരിയോടെ...
മഹേഷ് പതിവുപോലെ കണ്ണ് തുറക്കുമ്പോൾ വലതു കയ്യിൽ നനുത്ത തൂവൽ സ്പർശിച്ച പോലെ തോന്നി, ശരീരം മുഴുവനും തണുത്തു വിറച്ചിരുന്നു. കാലുകളിൽ വല്ലാത്ത മരവിപ്പ്... കുറേ വർഷങ്ങളായി തുടരുന്ന പതിവുകളെ കാര്യമാക്കിയില്ലെങ്കിലും തനിക്ക് സംഭവിച്ചു പോകുന്ന കാര്യങ്ങളൊന്നും മനസിലാക്കാൻ അവന് കഴിഞ്ഞില്ല.
കൂട്ടുകാരൻ സനീഷിന്റെ നാട്ടിൽ പോത്തുകുണ്ടിൽ അവന്റെ പെങ്ങളുടെ കല്യാണം കൂടാൻ പോയപ്പോൾ വീരഭദ്രക്ഷേത്രത്തിൽ പടവീരൻ കെട്ടിയാടിക്കൊണ്ടിരുന്ന സമയം, വലിയ ചൂട്ടിൻ കറ്റകളോട് പടവെട്ടി സ്വയം അനുഗ്രഹിച്ച് ആളുകൾ നിൽക്കുന്ന ഭാഗത്തേക്ക് ഓടിക്കയറിയതും എല്ലാവരും ചിന്നിചിതറിയോടി... ഇരുട്ടിൽ കുട്ടികളും വലിയവരും കരയുന്ന ശബ്ദം കേട്ടു... മുൻപ് പലപ്പോഴും അവിടെ വന്നിട്ടുണ്ടെങ്കിലും ആദ്യമായി ചങ്കിടിപ്പ് കൂടുന്നതും ചുറ്റും എന്തൊക്കയോ കരച്ചിൽ കേൾക്കുന്നതും കുറേ നേരമായി കാതിൽ കേൾക്കുന്നുണ്ട്...
വാളും പരിചയും ചുഴറ്റി മുന്നോട്ടോടിയ പടവീരൻ വന്നു നിന്നത് കൃത്യം തന്റെ മുൻപിൽ... തണുത്തുറഞ്ഞ മഞ്ഞ് തലയിൽ വീണ പ്രതീതി... തണുത്തുറഞ്ഞ പാതയിലൂടെ നഗ്നപാദനായി നടന്നുപോകുന്ന തന്റെ പിന്നാലെ ഓടിവരുന്ന പെൺകുട്ടിയെ ആദ്യം കണ്ടത് അവിടെയാണ്... കരച്ചിലിന്റെ അകമ്പടിയിൽ അവൾ എന്തൊക്കയോ പറയുന്നുണ്ട്... അഗ്നി ജ്വലിക്കുന്ന ശരീരം തന്റെതാണ്, അത് മനസ്സിലാക്കാൻ കുറച്ചു സമയമെടുത്തു...
മഞ്ഞ് പോലെ തണുത്തുറഞ്ഞ കൈപ്പടം നെഞ്ചിലേക്ക് വച്ച് സ്നേഹത്തോടെ കണ്ണുകളിലേക്ക് നോക്കിനിൽക്കുന്ന അവളെ ആദ്യം കണ്ടതും അന്നുതന്നെയാണ്... നീണ്ട മുടിയും നേരത്ത നീളനിറമുള്ള കണ്ണുകളും നുണക്കുഴിയും താടിയിലെ മറുകും... എല്ലാം...
"മഹിയേട്ടാ... സമാധാനിക്ക് ഞാനില്ലേ കൂടെ... ജ്വലിച്ചു നിൽക്കുന്ന മനസ്സും ശരീരവും ശാന്തമാക്കൂ..."
തണുത്ത മഞ്ഞ് ശരീരമാകെ പടരുന്ന അനുഭൂതി ആവോളമറിഞ്ഞതും മഹേഷ് ഞെട്ടി കണ്ണുതുറന്നു... ചുറ്റും സനീഷിന്റെ ബന്ധുക്കളും കൂട്ടുകാരുമുണ്ട്... പടവീരൻ വന്നു മുൻപിൽ നിന്നതും ഞാൻ വെട്ടിയിട്ട വാഴത്തണ്ട് പോലെ വീണെന്ന്...
അന്നുമുതൽ പതിവായി സ്വപ്നത്തിൽ വരുന്ന മുഖം ഇനിയും അറിയാത്ത എന്നാൽ എന്നെ അറിയാവുന്ന മുഖം, പക്ഷെ എന്നും എപ്പോഴും ആൾക്കൂട്ടത്തിനിടയിൽ തിരയുന്ന മുഖം... പക്ഷെ കണ്ടിട്ടില്ല.
"മഹേഷേ.... ഡാ എണീറ്റെ.... നിന്നെ തിരക്കി പടിക്കലൊരു കൊച്ച് വന്നു നിൽക്കുന്നു..."
ശാരദാമ്മ കുലുക്കി വിളിക്കുമ്പോൾ മുറിഞ്ഞു പോയ ശിവതാണ്ഡവത്തിന്റെ ബാക്കി തിരിച്ചു പിടിക്കാനുള്ള ശ്രമമായിരുന്നു മഹേഷിന്റെ ശ്രമം.... അതു പരാജയപ്പെട്ടത്തോടെ പല്ലുകടിച്ചു കൊണ്ട് തലവഴി മൂടിയിട്ടിരുന്ന പുതപ്പ് താഴേക്ക് വലിച്ചു....
"നിങ്ങക്ക് രാവിലെ വേറെ ഒരു പണിയുമില്ലേ അമ്മാ... മനുഷ്യനെ മെനക്കടുത്താനായിട്ട്..."
എണീറ്റിരുന്ന് കോട്ടുവായിട്ടുകൊണ്ട് അമ്മയെ നോക്കി കണ്ണുരുട്ടി... ജനാലയിലൂടെ അകത്തേക്ക് എത്തിനോക്കുന്ന സൂര്യന്റെ പൊന്നിൻ വളയിട്ട കൈകൾക്കൊപ്പം പിശറൻ കാറ്റ് അവന്റെ മുടിയിഴകളെ തഴുകി തലോടി കടന്നുപോയി...
"ഡാ... അവിടൊരു പെങ്കൊച്ച് നിന്നെ കാണാൻ വന്നേക്കുന്ന്...."
രാവിലെ സ്വപ്നം കുളമാക്കിയതിന്റെ കലിപ്പ് കയറി വന്നതും ആരോ വന്നു നിൽക്കുന്നുവെന്ന് കേട്ടപ്പോൾ കലിപ്പ് എങ്ങോട്ടോ മാഞ്ഞു പോയി.... കട്ടിലിന്റെ തലക്കലേക്ക് ഊരിവച്ച ബനിയൻ എടുത്തിട്ട് മുണ്ട് മുറുക്കിയുടുത്ത് പുറത്തേക്ക് നടന്നു... ആരാ ഇത്ര രാവിലെ....
മുറ്റത്ത് നിറയെ പൂവിട്ടു നിൽക്കുന്ന ചെമ്പരത്തിക്ക് അഭിമുഖമായി നിൽക്കുന്ന ഒരു പെണ്ണ്... കുളികഴിഞ്ഞ് വിടർത്തിയിട്ടിരിക്കുന്ന മുടി നിതംബം തൊട്ടു തൊട്ടില്ല എന്ന മട്ടിൽ എത്തി നില്ക്കുന്നു... അതിൽ നിന്നിറ്റു വീഴുന്ന ജലകണങ്ങൾ ഇട്ടിരിക്കുന്ന വെള്ള ചുരിദാർ ടോപ്പിന്റെ താഴേക്ക് നനവ് പടർത്തിയിട്ടുണ്ട്... ക്ഷേത്രത്തിൽ പോയിട്ടുള്ള വരവാണെന്ന് മനസ്സിലായി. കുളിപ്പിന്നലിനൊപ്പം തിരുകിയിരിക്കുന്ന തുളസിയും അരളിപ്പൂവും... ഇത്രയുമായപ്പോൾ ആ മുഖമൊന്നു കണ്ടേ തീരു എന്നു തോന്നിപ്പോയി...
"ആരാ..."
കയ്യിലൊരു ചെമ്പരത്തിപ്പൂവും പിടിച്ചു തിരിഞ്ഞ മുഖം കണ്ടതും അറിയാതെ ഞെട്ടിപ്പോയി... നേരിയ നീലനിറം കലർന്ന കണ്ണുകളിലേക്കാണ് ആദ്യം നോട്ടം വീണത്... വട്ടമുഖത്ത് കണ്ട ചിരി അവനെ വല്ലാതെ ഉത്തേചിപ്പിച്ചു..
"ഞാൻ ദക്ഷ..."
ദക്ഷ...
(തുടരും)
ഭാഗം 2
സ്ത്രീസഹജമായ കരുതലോടെ ഷാൾ ഒന്നു പിടിച്ചിട്ട് അവൾ പുഞ്ചിരിച്ചു... നിരയൊത്ത കൊച്ചുപല്ലുകളിലെ തുമ്പപ്പൂ വെണ്മ... അവളൊന്നു മുരടനക്കി... ജാള്യതയോടെ യഥാർത്യത്തിലേക്ക് തിരികെ വന്ന മഹേഷ് ഒന്ന് മുഖം വെട്ടിച്ചു...
ദക്ഷ!!! പേര് കേട്ടതും സ്വപ്നത്തിന്റെ പൂർണത ബോധ്യപ്പെട്ട് മഹേഷ് വീണ്ടും നോക്കി...
"ഒരു ലോഡ് മെറ്റല് വേണമായിരുന്നു. കാവിന്റെ വടക്കേതിൽ കുമാരന്റെ വീട്ടിലേക്കാ..."
കാവിന്റെ വടക്കേതിൽ ഇങ്ങനൊരു പെൺകുട്ടിയോ, ഇതുവരെ അവിടങ്ങനെ ഒരാളെ കണ്ടിട്ടില്ലല്ലോ... ചെമ്പാട്ട് കുമാരന്റെ ആരാ ഈ പെണ്ണ്.
സ്ഥലം പാർട്ടി ലോക്കൽ നേതാവാണ് കക്ഷി... കാവിന്റെ വടക്കേതിൽ കുമാരൻ എന്ന ചെമ്പാട്ട് കൊച്ചേട്ടൻ.... അങ്ങേരുടെ മോളാണോ ഈ കൊച്ച്... കണ്ടാൽ പറയില്ല. അതോ പെങ്ങളോ? ആരായാലും അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ തണുത്തുറഞ്ഞ മഞ്ഞ് മലകൾക്കിടയിലൂടെ നടക്കുന്ന രണ്ട് യുവമിഥുനങ്ങളെ ഓർമ്മ വരുന്നു...
"എത്ര രൂപയാവും...?"
ആലോചനകൾക്കിടയിൽ മഹേഷ് മുഖമുയർത്തി നോക്കി അവളുടെ പുഞ്ചിരി വീണ്ടും വീണ്ടും കൊല്ലാതെ കൊല്ലുന്നു...
"അത് ഞാൻ ചേട്ടനോട് പറഞ്ഞോളാം... വൈകിട്ടത്തേക്ക് തന്നേക്കാമെന്ന് പറഞ്ഞേക്ക്..."
മറുപടി തലകുലുക്കി അറിയിച്ച് തിരിഞ്ഞു നടന്നു... ഉണങ്ങിയ തൊണ്ടയിലേക്ക് എവിടെ നിന്നോ ഇത്തിരി ഉമിനീര് വലിച്ചു കൊണ്ടുവന്ന് സംസാരിക്കാൻ പാകമാക്കിയപ്പോഴേക്കും അവൾ കണ്ണെത്താ ദൂരം പിന്നിട്ടു... ചേ... സംസാരിക്കാൻ സാധിക്കാത്തതിന്റെ നിരാശ മനസ്സിൽ മൂടി നിന്നതുകൊണ്ട് ചൂലും പൊക്കിപ്പിടിച്ചു കൊണ്ട് അമ്മ കടന്നു പോയത് ശ്രദ്ധിച്ചില്ല...
തോറ്റുകുടിയിലെ ശാരദ നാണപ്പൻ (പരേതനായ) ദമ്പതികളുടെ ഒരേയൊരു മകനാണ് മഹേഷ് എന്ന മഹി.... കല്ലുവെട്ടുകാരനായ നാണപ്പൻ ജോലിക്കിടെയുണ്ടായ അപകടത്തിൽ മരിച്ചതോടെ ശാരദ കൂലിവേല ചെയ്താണ് മഹേഷിനെ വളർത്തിയത്...
പത്താം ക്ലാസ് വരെ തട്ടിയും മുട്ടിയും പഠിച്ചു വന്ന മഹി അല്ലറ ചില്ലറ പണിയുമായി മുന്നോട്ടു പോകുന്നതിനിടയിൽ ഒരു അപകടമുണ്ടായി, അതിൽ നിന്ന് രക്ഷപ്പെട്ട് ജീവിതം തുടങ്ങിയ അവൻ കൂപ്പിലെ ലോറിക്കാരനായ ഖാദറിന്റെ കൂടെ കിളിയായി പോയിത്തുടങ്ങി... പതിയെ പതിയെ ഡ്രൈവിംഗ് പഠിച്ചെടുത്ത അവൻ അഞ്ചു വർഷത്തിനുള്ളിൽ നാട്ടിലെ അറിയപ്പെടുന്ന പരോപകാരിയും ചെക്കിലെ മൂസ്സക്കുട്ടി മുതലാളിയുടെ വണ്ടിയിലെ ഡ്രൈവറുമായി...
എന്തെങ്കിലുമൊരു കൈത്തൊഴിലുകൂടി പഠിച്ചിരിക്കണമെന്ന മുതലാളിയുടെ നിർബന്ധത്തിന് വഴങ്ങി നാട്ടിലെ അറിയപ്പെടുന്ന പ്രൈവറ്റ് ഐടിഐ യിൽ വെൽഡിങ്ങ് പഠിക്കാൻ ചേർന്നിരിക്കുകയാണ്...
രാവിലെ പത്തുമുതൽ ഒരുമണി വരെ ക്‌ളാസിലും... അതിന് ശേഷം രാത്രി പത്തുമണി വരെ ജോലിയുമായി പോകാനാണ് ഇപ്പോഴത്തെ തീരുമാനം... അല്ലലില്ലാതെ അമ്മയെ നോക്കി കഴിയാനുള്ള വക അതിലൂടെ സമ്പാദിക്കുന്നുണ്ട്... അതിനിടയിലാണ് സ്വപ്നത്തിലൂടെയുള്ള ദക്ഷയുടെ വരവ്, വാളും പരിചയുമായി ചാടിവന്ന പടവീരനെ കണ്ടതുമുതൽ തന്റെ നെഞ്ചിൻ കൂടിനുള്ളിൽ തറച്ചുകയറിയ പെൺകുട്ടിയുടെ രൂപത്തിന് ദക്ഷയെന്ന് പേരിട്ട് മഹേഷ് തിരിഞ്ഞ് അകത്തേക്ക് നടന്നു. മുണ്ട് മടക്കിക്കുത്തി പതിവ് ഒരു രാജമല്ലി പാട്ടും പാടി...
പല്ല് തേപ്പും കുളിയും കഴിഞ്ഞ് ശാരദ ഉണ്ടാക്കിവച്ച ഇലയട സ്വാദോടെ കഴിച്ചു... ഈയൊരു കാര്യത്തിലാണ് അമ്മയോട് കുശുമ്പ് തോന്നുന്നത്... എന്തുണ്ടാക്കി വച്ചാലും അതിന് പ്രത്യേക സ്വാദാണ്... കഴിച്ച് തീർത്ത് നോട്ടുബുക്കും പേനയുമെടുത്ത് പോകാനിറങ്ങി... പതിവില്ലാതെ കാലുകൾ ചുവട് വയ്ക്കാൻ പ്രേരിപ്പിക്കുന്നു...
"അമ്മേ ഞാനിറങ്ങുന്നേ..."
അപ്പുറത്ത് വേലിക്കൽ നിന്ന് അയലത്തെ സുമതിചേച്ചിയോട് കത്തിവച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മറുപടി വരില്ലെന്നറിഞ്ഞിട്ടും വെറുതെ ഒന്ന് വിളിച്ചു പറഞ്ഞു അത്രമാത്രം.... മുറ്റത്ത് ടാർപ്പാ വലിച്ചു കെട്ടിയ ഷെഡ്ഢിലിരുന്ന പഴയ ഹീറോഹോണ്ട സിഡി 100ലേക്ക് കയറി... ഐറ്റിഐയിൽ ആദ്യത്തെ ദിവസമാണ് നേരത്തെ ചെന്നേക്കാം...
വഴിയിൽ ആരും വള്ളിക്കെട്ടുമായി വരാതിരുന്നാൽ മതി...
റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിന് മുൻപ് എത്താൻ കഴിഞ്ഞു. അല്ലെങ്കിൽ വല്ല ഗുഡ്‌സും വന്നാൽ പിന്നെ ഉടനെയെങ്ങും പോകാനൊക്കില്ല. വേഗത കുറച്ചു കൊണ്ട് മഹി കുഞ്ചാക്കോ ബോബൻ സ്റ്റൈലിൽ പതിവ് പാട്ട് പാടി....
🎶ഒരു രാജമല്ലി വിടരുന്ന പോലെ ഇതളെഴുതിയെന്നിലൊരു മുഖം...🎶
വളവ് തിരിഞ്ഞ് വരുമ്പോൾ മൂന്നാമത്തെ കെട്ടിടമാണ് ഐടിഐ... കുട്ടികൾ ഒറ്റയായും കൂട്ടമായും അവിടേക്ക് വന്നു കൊണ്ടിരിക്കുന്നു... പുതിയ ബാച്ചിന്റെ ആരംഭമല്ലേ... വണ്ടി റോഡരികിലേക്ക് കയറ്റി വച്ച് മൂളിപ്പാട്ടോടെ അകത്തേക്ക് കയറുന്നതിനിടയിൽ കൂടി നിന്ന പൊടിമീശക്കാരായ ചെറുപ്പക്കാരുടെയൊക്കെ നോട്ടം മഹിയിലായിരുന്നു... കട്ടിമീശയും തെറുത്തുകയറ്റി വച്ച ഷർട്ടിന്റെ കൈകളും ഉറച്ച ശരീരവും കണ്ടാൽ തന്നെ ആരും നോക്കിപ്പോകും... പുതിയ ആളാണെന്നു കണ്ടാൽ തോന്നില്ല.
സ്റ്റെപ്പു കയറി മുകളിലേക്ക് പോകുന്നതിനിടയിലാണ് എന്തോ വന്നു നെറ്റിയിൽ ആഞ്ഞിടിച്ചത്... ഒരു നിമിഷം മഞ്ഞ് മലയും സ്വപ്നവും കണ്ണിൽ കലങ്ങിമറിഞ്ഞു... കണ്ണിൽ ദക്ഷയുടെ മുഖം വീണ്ടും തെളിഞ്ഞു... ഇത്തവണ നിരയൊത്ത പല്ലുകൾ കാട്ടിയുള്ള ചിരി കണ്ടില്ല. പകരം ഭയന്ന് നോക്കിനിൽക്കുന്ന മുഖം...
പക്ഷെ അത് സ്വപ്നമായിരുന്നില്ല. കണ്മുൻപിൽ നിൽക്കുന്നത് ദക്ഷ തന്നെയാണ്, അവളിവിടെയാണോ പഠിക്കുന്നത്, നെറ്റി തിരുമ്മുന്നതിനിടയിൽ അവൻ ചിന്തിച്ചു...
"സോറി ചേട്ടാ, പെട്ടന്ന് ഇറങ്ങിവന്നപ്പോൾ കണ്ടില്ല."
ഹെൽമറ്റ് കൊണ്ട നെറ്റിയുടെ ഒരു ഭാഗം തടവിക്കൊണ്ട് ദക്ഷ ക്ഷമ പറഞ്ഞു.
"ഞാനും പ്രതീക്ഷിച്ചില്ല പെട്ടന്നിങ്ങനെ ചാടി വരുമെന്ന്... നെറ്റിയിൽ വേദനയുണ്ടോ ദക്ഷാ..."
ഇല്ല എന്നവൾ തലയനക്കി... ആരെങ്കിലും കണ്ടോ എന്നു രണ്ടാളും ചുറ്റും ശ്രദ്ധിച്ചതിന് ശേഷം മഹേഷ് സ്റ്റെപ്പ് കയറിപ്പോയി ദക്ഷ സ്റ്റെപ്പിറങ്ങി... ഇടയ്ക്കവളൊന്ന് തിരിഞ്ഞു നോക്കുമ്പോൾ അവൻ പോയി കഴിഞ്ഞിരുന്നു.
രാവിലെ കണ്ടപ്പോഴേ മനസ്സിൽ വല്ലാത്ത തണുപ്പ് പടർന്ന ഫീൽ... കട്ടി മീശയും ഉറച്ച ശരീരവും... നിഷ്കുവായ ചെറുപ്പക്കാരനെ അടുത്തു കണ്ടപ്പോൾ വല്ലാത്ത കൗതുകവും തോന്നി... പുറത്തേക്ക് നടക്കുന്നതിനിടയിൽ അവൾ ഒരിക്കൽ കൂടി നെറ്റിയിലെ തടിപ്പിലൂടെ വിരലോടിച്ചു... അത്ഭുതം അത് പോയിരുന്നു. ഇതെന്ത് അതിശയം...
(തുടരും)
ഭാഗം 3
പുറത്തേക്ക് പോയിവന്ന ദക്ഷ സീറ്റിൽ വന്നിരുന്നപ്പോഴേക്കും മിസ്സ് ക്ലാസ്സെടുക്കാൻ വന്നു കഴിഞ്ഞു. സ്നൈറ്റ് ഐടിഐ യിൽ സിവിൽ എഞ്ചിനിയറിങ്ങ് വിദ്യാർത്ഥിനിയാണ് ദക്ഷ... അടുത്ത കൂട്ടുകാരി മഞ്ജു എന്ന മഞ്ജുള...
"ഇതെന്താടി നിന്റെ ഷാളിൽ കുരുങ്ങിക്കിടക്കുന്നത്..."
ദക്ഷയുടെ ഷാളിൽ കുരുങ്ങി കിടന്ന പൊട്ടിയ ചന്ദനമാല ചൂണ്ടിക്കാണിച്ച് മഞ്ജു അത് ശ്രദ്ധയോടെ കുരുക്കഴിച്ചെടുത്തു... ആ ചേട്ടന്റെയാവും കൂട്ടിമുട്ടിയപ്പോൾ പൊട്ടിപ്പോയതാ... മാല കയ്യിലെടുത്ത് അവൾ അതിലൂടെ വിരലോടിച്ചു... മുത്തുകളെ തഴുകി...
"ഇതാ ചേട്ടന്റെയാവും, ഉച്ചയ്ക്ക് കഴിക്കാൻ പോകുമ്പോൾ കൊടുത്തേക്കാം..."
വേണ്ടാ എന്ന് തല വെട്ടിച്ചു കാണിച്ച അവൾ മാല ചുരുട്ടി ബാഗിലിട്ടു... മഞ്ജുവിനെ നോക്കി കണ്ണിറുക്കി...
ക്ലാസിലിരിക്കുമ്പോഴും ദക്ഷയുടെ മനസ്സിൽ അവനായിരുന്നു.... രാവിലെ കണ്ട മാത്രയിൽ അടിവയറ്റിൽ മഞ്ഞുവീണ പ്രതീതി...
ശരീരത്തിലെ രക്തയോട്ടം പെട്ടെന്ന് കൂടി... കൈകളിലെ രോമങ്ങൾ എഴുന്നു വന്നു... മനസ്സിലെ പൂമൊട്ടിൽ ആദ്യത്തെ തേൻ കിനിഞ്ഞു... എങ്ങനേയും അവിടെ നിന്ന് പോകാൻ മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു... എന്നാൽ പെട്ടെന്ന് ഇറങ്ങി പോന്നപ്പോൾ മനസ്സിന് വല്ലാത്ത സങ്കടം തോന്നി... പക്ഷെ തിരിഞ്ഞു നോക്കാനുള്ള ധൈര്യമുണ്ടായില്ല.
ബാഗിൽ നിന്നെടുത്ത മാല കൈവിരലുകൾക്കിടയിലൂടെ കൊരുത്തുപിടിച്ചു കൊണ്ട് ജനാലയിലൂടെ താഴേക്ക് നോക്കിയതും താഴെ വെൽഡിങ് ക്ലാസ്സിന്റെ പ്രാക്ടിക്കൽ റൂമിലേക്ക് നടന്നു പോകുന്ന അവനെ കണ്ടു... കാറ്റിന്റെ താളത്തിനനുസരിച്ച് മുടിയിഴകൾ ആടിക്കളിക്കുന്നു... കട്ടി മീശയും ഉറച്ച ശരീരവും ആ രൂപത്തിന് മാറ്റ് കൂട്ടുന്നുണ്ട്...
പെട്ടെന്നവൻ വെട്ടിത്തിരിഞ്ഞ് മുകളിലേക്ക് നോക്കിയതും ദക്ഷയുടെ അടിവയറ്റിൽ നിന്നൊരു ആളലുണ്ടായി... പെട്ടന്ന് അവൻ കാണാതെ കുനിഞ്ഞതും അവളുടെ കൈ തട്ടി ബുക്കും പേനയും താഴേക്ക് വീണു...
"ഏയ് ദക്ഷാ എന്താ അവിടെ...?"
"കൈ തട്ടി ബുക്ക് താഴെ വീണതാ മിസ്സ്..."
എങ്ങനെയോ പറഞ്ഞൊപ്പിച്ച് ബുക്കെടുത്ത് ഡെസ്കിന് മുകളിൽ വച്ചു... ശരീരമാകെ വിയർത്തു പോയിരുന്നു... മിസ്സ് കാണാതെ ജനാലയിലൂടെ താഴേക്ക് എത്തിനോക്കി... അവൻ പോയിരുന്നു. തന്നെ കണ്ടുവോ...? അവൾക്കൊരു നിമിഷം നാണവും പേടിയും ഒരുപോലെ അനുഭവപെട്ടു...
"ഡീ നീയീ പിടിയൊന്ന് വിടുമോ..."
"എന്താ..."
മഞ്ജു പറഞ്ഞത് മനസ്സിലാവാതെ ദക്ഷ ശബ്ദം താഴ്ത്തി അവളോട് കാര്യം തിരക്കി...
"നീ ആരെയെങ്കിലും വായിനോക്ക്, അതിന് ഞാനെന്ത് പിഴച്ചു... എന്റെ തുടയിൽ അള്ളിപ്പിടിച്ചിരിക്കുന്ന കൈ മാറ്റടി പുല്ലേ...
മഞ്ജുവിന്റെ കണ്ണ് പുറത്തേക്ക് തള്ളിവന്നു... പെട്ടെന്നുള്ള വെപ്രാളത്തിൽ കയറിപ്പിടിച്ചത് പാവത്തിന്റെ തുടയിലായിപ്പോയി... പിടിവിട്ട് മുഖത്ത് ക്ഷമയാചന നടത്തി ദക്ഷ മഞ്ജുവിന്റെ കയ്യിൽ തോണ്ടി... ഒന്ന് നോക്കിയിട്ട് വീണ്ടും തിരിച്ച് ക്ലാസ്സിലേക്ക് ശ്രദ്ധിച്ചെങ്കിലും ദക്ഷയുടെ മുഖത്ത് നാണം കലർന്ന ചിരിയുണ്ടായിരുന്നു.
"വേണ്ടാ ദക്ഷാ നിർത്തിക്കോ, നിർത്തുന്നതാണ് നിനക്ക് നല്ലത്... ഒന്നും മറന്നിട്ടില്ലല്ലോ അല്ലേ..."
പെട്ടന്ന് മുഖത്ത് കണ്ട വെളിച്ചം ഇല്ലാതായി... ഇരുൾ മൂടിയ മഴയുള്ള രാത്രി മനസ്സിലേക്ക് വന്നതും ശരീരം വിറച്ചു... വയറു തുളച്ചുകയറിയ അരയടി നീളമുള്ള സ്റ്റീൽ കത്തി പുറത്തേക്ക് വലിച്ചൂരുമ്പോൾ തെറിച്ച കൊഴുത്ത രക്തം സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ മഴവെള്ളത്തിലേക്ക് കലരുന്നത് കണ്ടു...
കത്തി കയ്യിൽ ചുഴറ്റിക്കൊണ്ട് അവനു ചുറ്റും നടക്കുന്ന മെലിഞ്ഞ ചെറുപ്പക്കാരൻ നീട്ടി തുപ്പിക്കൊണ്ട് ഓട്ടോറിക്ഷയിൽ കയറിപ്പോയി... നാവനക്കാൻ കഴിയാതെ മരത്തിന്റെ പിന്നിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ ജീവന്റെ അവസാന കാണികയും നഷ്ടപ്പെട്ട് കണ്ണുകൾ തുറിച്ചു തനിക്ക് നേരെ നീളുന്നത് കണ്ടതും അവളുടെ കണ്ണിൽ ഇരുട്ട് കയറി... കാലുകൾക്ക് ബലമില്ലാതായി...
തന്റെ ഇടുപ്പിലേക്ക് ചേർന്നിരിക്കുന്ന ദക്ഷയുടെ ഉടലിന്റെ ചൂട് വർധിക്കുന്നത് മനസ്സിലാക്കി അവളെ നോക്കിയ മഞ്ജു...
"ഡീ... നീയിങ്ങനെ പേടിക്കല്ലേ... ഒന്നും വേണമെന്ന് കരുതി ചെയ്തതല്ല. അയാളുടെ കുടുംബം ഇങ്ങനാവാൻ കാരണം നീയാണെന്ന് അറിയാത്തിടത്തോളം കാലം ഒരു കുഴപ്പവുമില്ല. കുത്തിക്കീറിയിട്ട് അപകടമാണെന്ന് പറഞ്ഞു പരത്തുന്ന നാടൻ സ്വഭാവം നമ്മുടെ നാട്ടിൽ പലർക്കും പഥ്യമാണ്..."
തലവേദന സഹിക്കാൻ കഴിയാതെ ദക്ഷ കണ്ണടച്ചു... ചെമ്പാട്ട് തെയ്യത്തിന് അച്ഛന്റെ കയ്യും പിടിച്ചു നടന്നുവന്ന കുഞ്ഞ് മുഖത്തെ ഓർമ്മ വന്നു... തെയ്യം ഉറഞ്ഞു തുള്ളുന്ന സമയത്ത് അച്ഛനെ ഇറുക്കിപ്പിടിച്ചു പേടിച്ചു നിൽക്കുന്ന കൊച്ചു പയ്യൻ... അമ്മേടെ ഒക്കത്ത് ചാഞ്ഞിരുന്ന കുഞ്ഞ് ദക്ഷ അവനെ കൗതുകത്തോടെ നോക്കി...
എല്ലാം ഒരു കത്തിപ്പിടിയിൽ തീർന്നുപോയി... നാണപ്പൻ എന്ന ദൈവം, അവന്റേം അവന്റെ അമ്മയുടേം ദൈവം... പട്ടിണിയുടെ കാണാക്കയത്തിലേക്ക് തള്ളപ്പെട്ട രണ്ടു ജന്മങ്ങൾ...
ഉച്ചയ്ക്ക് കഴിക്കാനിരുന്നപ്പോഴും അവൾ ചോറ് വാരിക്കഴിക്കാതെ ആലോചനയോടെ ഇരിക്കുന്നത് കണ്ടതും മഞ്ജു അവളെ തോണ്ടിവിളിച്ചു...
"എടി നീയിങ്ങനെ ഡെസ്പ്പാവല്ലേ... ആരും ഒന്നുമറിയില്ല. അങ്ങനെ നമ്മള് പറയുമോ, ഞാനില്ലേ നിന്റെ കൂടെ കഴിച്ചേ..."
മഞ്ജു അരുമയോടെ ഒരു ഉരുള അവൾക്ക് നേരെ നീട്ടി, ദക്ഷ വാ തുറന്ന് ഉരുള സ്വീകരിച്ചു... അതു കണ്ടപ്പോൾ എല്ലാത്തിനും വേണം അവളുടെ ചോരുള, ആണിനും പെണ്ണിനും എന്നുവേണ്ടാ സകലതും വായും പൊളിച്ചു വന്നു നിൽക്കുന്നു... എല്ലാത്തിനേം ഓടിച്ചുവിട്ട് ചോറും കഴിച്ച് ദക്ഷയേം കഴിപ്പിച്ച് രണ്ടുപേരും പാത്രം കഴുകാൻ പുറത്തേക്കിറങ്ങി...
വെൽഡിങ് പ്രാക്റ്റിക്കൽ സെക്ഷന് അടുത്തുകൂടി പോകുമ്പോൾ വെറുതെ അകത്തേക്ക് പാളിനോക്കിയെങ്കിലും അവരൊക്കെ പോയി കഴിഞ്ഞിരുന്നു. ദക്ഷ ചുറ്റും നോക്കിക്കൊണ്ട് നടക്കുന്നതിനിടയിലാണ് ഓഫീസിൽ ഫീസടച്ച് പുറത്തേക്ക് വന്ന മഹേഷിനെ കണ്ടത്...
മഞ്ജു കയ്യിൽ നല്ലൊരു പിച്ച് കൊടുത്തതും അവൾ പുളഞ്ഞുപോയി... നാശത്തിന്റെ നഖത്തിന് നല്ല നീളമുണ്ട്... നീറ്റൽ സഹിച്ച് അവളുടെ കൈ പറിച്ചുമാറ്റി നോക്കുമ്പോൾ തൊട്ടു മുൻപിൽ മഹേഷ് നിൽക്കുന്നു...
ചുമ്മാതല്ല എന്റെ ശരീരം നൊന്തത്...
(തുടരും)
ഭാഗം 4
എന്റെ ദക്ഷേ നീയിതെന്തൊക്കയാ കാട്ടി കൂട്ടുന്നത്... ഇവിടെ ഓരോ ആൺപിള്ളേര് നിന്റെ പുറകെ നടന്ന് ഇഷ്ടമാണെന്ന് പറഞ്ഞ് ഒരു മറുപടിക്ക് കാത്തിരിക്കുമ്പോൾ നീയിവിടെ ഒരുത്തനെ അന്വേഷിച്ചു പോകുന്നു... അവനെ കണ്ട മാത്രയിൽ തല കുനിച്ച് നിന്ന ദക്ഷ, ഹൃദയം പെരുമ്പറ പോലെ ഇടിക്കുന്നു, വായിലെ വെള്ളമൊക്കെ വറ്റിത്തുടങ്ങി...
അവൾക്കെതിരെ വന്നതും മഹി നിന്നു...
"അല്ല കുട്ടീ നെറ്റിയിലെ വേദനയൊക്കെ മാറിയോ...?"
പെട്ടെന്ന് മറുപടി പറയാൻ കഴിയാതെ ദക്ഷ തലയാട്ടി... നോട്ടം എവിടെയൊക്കെയോ ചിതറിപ്പോയി... വെപ്രാളത്തോടെ മഞ്ജുവിന്റെ കൈയ്യിൽ മുറുകെപ്പിടിച്ചു... അവളാണെങ്കിൽ ക്ലാസ്സിൽ വച്ച് കിട്ടിയതിന്റെ ബാക്കിയാണെന്ന മട്ടിൽ പിടി വിടുവിക്കാൻ നോക്കുന്നുണ്ട്...
"ഞാൻ പ്രാക്ടിക്കൽ ക്ലാസിലേക്ക് കയറുമ്പോൾ കുട്ടിയാണെന്ന് തോന്നുന്നു ജനാലയിലൂടെ താഴേക്ക് നോക്കുന്നത് കണ്ടു..."
മഞ്ഞിൽ പുതഞ്ഞ കാലിൽ തണുപ്പ് അരിച്ചുകയറുന്ന ഭാവത്തിൽ അവൾ നിന്നു...
"ഞാൻ.... ഞാൻ വെറുതെയൊന്നു പുറത്തേക്ക് നോക്കിയതാ..."
വികിവിക്കി ശാന്തമായി മറുപടി പറഞ്ഞ ദക്ഷയ്ക്ക് എങ്ങനെയും അവിടെ നിന്ന് പോയാൽ മതിയെന്നായി... മഞ്ജു അവളുടെ വിക്കൽ കണ്ട് ചുഴിഞ്ഞു നോക്കുന്നുണ്ട്...
"മം... എന്നാൽ കാണാട്ടോ... വൈകിട്ട് മെറ്റലടിച്ചേക്കാം..."
യാന്ത്രികമായി തലയാട്ടി നിന്ന ദക്ഷ അവൻ നടന്നകലുന്നത് നോക്കി ശ്വാസം വലിച്ചു വിട്ടു... എല്ലാം നോക്കിനിന്ന മഞ്ജു ദക്ഷയെ പിന്നിൽ നിന്ന് തോണ്ടി വിളിച്ചതും അവൾ മഞ്ജുവിനെ നോവിച്ചൊന്ന് പിച്ചി... എങ്ങനെ പോയാലും മഞ്ജുവിന് നോവുമെന്ന് ഉറപ്പാണ്...
"എന്റെ മഞ്ജു നടന്നതൊക്കെ സത്യമാണോ എന്നെനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല... ഞാനങ്ങു തളർന്നുപോയെടി..."
അവളുടെ നോട്ടം കണ്ടതും ഒന്നിളിച്ചു കൊണ്ട് നിന്നതും പിന്നിൽ നിന്നാരോ മുരടനക്കി, ഇരുവരും തിരിഞ്ഞു നോക്കുമ്പോൾ മുടി കളർ ചെയ്ത ഫ്രീക്ക് പയ്യൻ, നല്ല ഉയരവും വണ്ണവുമുള്ള അമൂൽ ബേബി... വിവേക്... ക്ലാസിലെ ആസ്ഥാന റൗഡി, കുറേക്കാലമായി ദക്ഷയുടെ പിന്നാലെ ഇഷ്ടം തുറന്നുപറയാൻ നടക്കുന്നു. അച്ഛന്റെ പാർട്ടിയിലെ എംഎൽഎ യാണ് അവന്റെ അച്ഛൻ... ഇവിടെ നടന്നതൊക്കെ ലവൻ കണ്ടിട്ടുണ്ടാവുമോ... ദക്ഷ പല്ല് കടിച്ചു... ഒന്ന് ചിരിച്ചെന്ന് വരുത്തി രണ്ടാളും തിരിഞ്ഞു നടക്കാൻ തുടങ്ങി...
"ദക്ഷാ അതാരാ.... തന്നോട് സംസാരിച്ചു നിൽക്കുന്നത് കണ്ടല്ലോ, കണ്ടിട്ട് പരിചയക്കാരനാണെന്ന് തോന്നുന്നു..."
കോഴിക്ക് സംശയം... ആകെ വിറഞ്ഞു കയറി...
"എന്നെ കാണാൻ പലരും വരും അവരോട് ഞാൻ ചിരിച്ചെന്നും വരും, നിന്നോട് അതൊക്കെ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല."
"ഡീ നീ കൂടുതല് നെഗളിക്കണ്ടാ, നിന്റെ അച്ഛനും എന്റെ അച്ഛനും നല്ല കൂട്ടുകാരാ അതുകൊണ്ട് നിന്റെ കാര്യത്തിൽ ഇടപെടാൻ എനിക്ക് ആരുടേം അനുവാദം വേണ്ടാ... "
വിവേക് ദക്ഷയുടെ കയ്യിൽ കടന്നു പിടിച്ചതും മഞ്ജു അവനെ തടയാൻ ശ്രമിച്ചെങ്കിലും അവനവളെ തള്ളിമാറ്റി... കരുത്തുറ്റ അവന്റെ കൈകളിൽ ഞെരിഞ്ഞുപോയ തന്റെ കൈ വിടുവിക്കാൻ ആവതും ശ്രമിച്ചു...
"ഡീ ഇത്രേയുള്ളൂ നീ... കുറേനാളായി ഇഷ്ടമാണെന്ന് പറഞ്ഞ് നിന്റെ പിന്നാലെ നടന്നതും നിന്നെ ആരും കൊത്തിക്കൊണ്ട് പോവാതെ നോക്കുന്നതും നിന്നെ അവസാനം എനിക്ക് കിട്ടും എന്ന പ്രതീക്ഷ തന്നെയാ അത് നീയായിട്ട് കളഞ്ഞാൽ പിന്നെ നീ വിവരമറിയും പൊന്നുമോളെ..."
ശബ്ദം കേട്ട് സിവിൽ ബാച്ചിലെ കുട്ടികൾ പുറത്തേക്ക് വന്നതും വിവേക് പിടിവിട്ടു ദക്ഷ കത്തുന്ന നോട്ടം നോക്കിക്കൊണ്ട് അവനെ കടന്നുപോയി...
"ഡാ... ആരാടാ പുതിയൊരുത്തൻ അവൻ നമ്മുടെ ക്ലാസിലാണോ..?"
"അല്ല.. വെൽഡിങ് കോഴ്സിലാ..."
അവന്റെ കൂടെയുള്ള പയ്യൻ പറഞ്ഞു. ഒന്നു മൂളിക്കൊണ്ട് അവൻ ക്ലാസ്സിലേക്ക് നടന്നു പിന്നാലെ മറ്റ് കുട്ടികളും...
വൈകിട്ട് ക്ലാസ് കഴിഞ്ഞ് വരുമ്പോൾ വീട്ടിൽ അമ്മയുണ്ടായിരുന്നില്ല. കയ്യിലുണ്ടയിരുന്ന താക്കോലെടുത്ത് വാതിൽ തുറന്ന് കയറി ബാഗ് വലിച്ചെറിഞ്ഞ് കിടക്കയിലേക്ക് വീണു...
ഇന്ന് വിവേക് എല്ലാവരുടേയും മുൻപിൽ വച്ചൊരു വെല്ലുവിളി നടത്തിയത് അവളെ കൂടുതൽ സങ്കടത്തിലാക്കി... അച്ഛന് എങ്ങനെയും അധികാരത്തിൽ പിടിച്ചു കയറണം എന്നൊരു ചിന്ത മാത്രമാണ്, അതിന് തന്നെ ബലിയാടക്കാനുള്ള നീക്കം നടക്കുന്നുണ്ട്, അമ്മയുടെ നാവിൽ നിന്ന് മുൻപ് അങ്ങനൊരു വിവരം വീണു കിട്ടിയിട്ടുണ്ട്...
വിവേകിന്റെ അച്ഛൻ ദാമോദരൻ പാർട്ടി എംഎൽഎ മാത്രമല്ല കീഴ് ഘടകത്തിൽ കൂടുതൽ സ്വാധീനമുള്ള വ്യക്തികൂടിയാണ്... അതുകൊണ്ട് തന്നെ അയാൾക്കൊപ്പം കൂടിയത് അധികാര മോഹം കണ്ട് തന്നെയാണ്... ഓർക്കുന്തോറും ചിന്തകൾ കാട് കയറാൻ തുടങ്ങി...
പുറത്ത് ഏതോ വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടതും അവൾ എണീറ്റ് ജനാലയിലൂടെ നോക്കി...
പാർട്ടി ഓഫീസ്, പാർട്ടി കോർ മീറ്റിംഗ് കഴിഞ്ഞ് തിരികെ വന്ന ദാമോദരനെ കാത്ത് കുമാരൻ ഓഫീസിനുള്ളിൽ തന്നെ ഉണ്ടായിരുന്നു.
"എന്തായി ദാമോദരേട്ടാ...?
"കാര്യങ്ങൾ വിചാരിച്ചപോലെ നടത്തണമെങ്കിൽ വല്യ ബുദ്ധിമുട്ടാ... ഇപ്രാവശ്യത്തെ ഇലക്ഷനിൽ ഞാൻ മത്സരിക്കേണ്ട എന്നാണ് പാർട്ടി തീരുമാനം..."
ദാമോദരൻ പറഞ്ഞത് കേട്ട് കുമാരന്റെ മുഖം തെളിഞ്ഞു...
"ലോക്സഭയിലേക്ക് അടുത്ത വർഷത്തേക്ക് എനിക്കൊരു ടിക്കറ്റ് അവർ റെഡിയാക്കി വച്ചിട്ടുണ്ട് അതുകൊണ്ട് ഇവിടെ താൻ മത്സരിച്ചാൽ മതി..."
"എന്നിട്ട് എന്തായി തീരുമാനം...?"
"ഞാൻ പോയാൽ വെറുതെ തിരിച്ചു വരുമോ കുമാരാ, എല്ലാം തീരുമാനിച്ചു കഴിഞ്ഞു, ഓഫീഷ്യൽ നോട്ടിഫിക്കേഷൻ ഉടനെ പുറത്തുവരും, ഞാനല്ലങ്കിൽ താൻ ആരായാലും നമുക്ക് ഒന്നല്ലേടാ... എന്തായാലും പിള്ളേരുടെ കാര്യത്തിൽ ഉടനെ ഒരു തീരുമാനം എടുക്കണം, രണ്ടിന്റേം കോഴ്സ് തീരാറായില്ലേ..."
"ഞാനും അത് പറയാനിരിക്കുവാരുന്നു ചേട്ടാ... നമുക്കത് ഉറപ്പിച്ചു വയ്ക്കാം ഒരു കൊല്ലത്തിനുള്ളിൽ കല്യാണം നടത്താം..."
അധികാരം കയ്യിൽ കിട്ടേണ്ട താമസം കുമാരൻ മകളുടെ കല്യണം അവളോട് പോലും ചോദിക്കാതെ ഉറപ്പിച്ചു കഴിഞ്ഞു...
(തുടരും)
ഭാഗം 5
പതിവില്ലാതെ മഹേഷ് നേരത്തേ വരുന്നത് കണ്ടതും ശാരദ മുറ്റത്തേക്ക് ഇറങ്ങി നിന്നു, ബൈക്ക് വച്ച് ഇറങ്ങിയ അവനൊപ്പം നിൽക്കുന്ന പെണ്ണിനെ കണ്ട് മനസ്സിലാകാതെ മഹേഷിനെ നോക്കി... അമ്മ തന്നെ നോക്കിനിൽക്കുന്നത് കണ്ടതും അവൻ ഇളിച്ചുകാട്ടി...
"ഇന്നെന്താ നേരത്തേ സാധാരണ രാത്രി കുറേ ആയിട്ടല്ലേ വരുന്നത്...?"
"ഞാൻ പോണ വഴിക്കാ ഇവള് വിളിച്ചത്... അമ്മയെന്താ ഇങ്ങനെ തുറിച്ചു നോക്കുന്നത്... നമ്മുടെ ഗംഗയാ അമ്മേ... വേണുവമ്മാവന്റെ മോള്..."
"ചിപ്പിയോ ഇവളെ കണ്ടിട്ട് മനസിലായില്ലല്ലോ, ആളാകെ കോലം മാറിപ്പോയി... എന്തോന്നാടി കൊച്ചേ ഇത് മുടിയും വെട്ടിക്കളഞ്ഞ് പാന്റും ഷർട്ടും..."
"അപ്പച്ചി എന്നെക്കണ്ട് മനസ്സിലായില്ല എന്ന് കരുതി ഞാൻ മിണ്ടാതെ നിന്നതാ...
ഇതൊക്കെ പുതിയ ഫാഷനല്ലേ അപ്പു..."
മഹേഷ് ബൈക്കിലേക്ക് കയറി പോകാനായി സ്റ്റാർട്ടാക്കി...
"ഡാ ഞാനും വരുന്നുണ്ട് ഒരു ഫൈവ് മിനിറ്റ്സ് ഞാനൊന്ന് കുളിച്ചിട്ട് വരാം എനിക്ക് ടൗണിലൊന്ന് പോണം..."
ശാരദയേയും കൂട്ടി അവൾ അകത്തേക്ക് പോയി, മഹേഷ് വണ്ടി ഓഫാക്കി സ്റ്റാൻഡിൽ വച്ചു...
ജനാലയിലൂടെ വീടിന് മുൻപിൽ വന്നുനിൽക്കുന്നയാളെ കണ്ടതും വീണ്ടും ദേഷ്യം ഇരച്ചു കയറി... അനന്തൻ... ദാമോദരൻ മാമന്റെ മൂത്ത മോൻ... രാഷ്ട്രീയം തലയ്ക്ക് പിടിക്കാത്തതുകൊണ്ട് അവൻ അമേരിക്കയിൽ ബിസ്സിനസ്സ് നടത്തുകയാണ്... ദക്ഷയ്ക്ക് പക്ഷെ അവനേം ഇഷ്ടമല്ല. കുറച്ച് ക്യാഷിന്റെ അല്പത്തരം കയ്യിലുണ്ട് അതാണ് അവന്റെ ഏറ്റവും മോശമായ സ്വഭാവം...
വാതിൽ തുറക്കുമ്പോൾ പുറത്ത് ഷോട്സസും ബനിയനുമിട്ട് നിൽക്കുന്ന അനന്തൻ അവളെ നോക്കി ബേബ് എന്ന് വിളിച്ചു...
"ഹലോ അനന്തേട്ടാ ഇതെപ്പോ വന്നു കഴിഞ്ഞാഴ്ചയല്ലേ തിരിച്ചു പോയത്..."
"യാ ഡിയർ... ഞാനവിടെ മില്യണുകൾ കയ്യിലിട്ട് അമ്മാനമാടുകയല്ലേ... എപ്പോഴും അവിടെ നിൽക്കണമെന്നില്ല. അവിടെ നിന്നപ്പോൾ നിന്നെ കാണണമെന്ന് തോന്നി അതാണ് ഞാനിങ്ങോട്ട് വന്നത്... സീ ദിസ് അമേരിക്കയിൽ കോടാനുകോടി ആസ്തികൾ ഉള്ളവർ മാത്രം വാങ്ങിക്കുന്ന വേൾഡ് ടോപ് ബ്രാൻഡഡ് വാച്ചാണിത്... മെറൂല വാച്ച്സ്... ഇന്ത്യൻ റുപ്പി ടു പോയിന്റ് ഫൈവ് ക്രോഴ്‌സ് ആണ് ഇതിന്റെ പ്രൈസ്..."
അമ്മ വരുന്നത് കണ്ടതും ദക്ഷ ആശ്വാസത്തോടെ അവനെ നോക്കി ചിരിച്ചു...
മഹി ഗംഗയെയും കൂട്ടി ലോഡ് എടുക്കാനായി പാറമടയിലെത്തി ആദ്യത്തെ ലോഡ് ടൗണിലേക്കാണ്, ടോറസിന്റെ പതിനാറു വീൽ വണ്ടിയിൽ പാറയും കൊണ്ടാണ് പോകുന്നത്...
"ഡാ... എങ്ങനുണ്ട് നിന്റെ പഠിത്തം...?"
"ഇന്ന് ചേർന്നതള്ളെയൊള്ളു... എന്നാലും കൊള്ളാം... നിനക്കെന്താ പ്രോബ്ലം മാമൻ വിളിച്ചപ്പോൾ നിന്നെ അയക്കുന്നെന്ന് മാത്രം പറഞ്ഞു കാര്യം പറഞ്ഞില്ല എന്താ സംഭവം, വാല് മുറിഞ്ഞൊ...?"
ഗംഗയൊന്നു ചിരിച്ചു...
"കോളേജിൽ ചെറിയൊരു പ്രശ്നം... രാഷ്ട്രീയമാണ് വിഷയം ഞങ്ങളുടെ പാർട്ടിയും എതിർ പാർട്ടിയും തമ്മിൽ ഒരു അടി നടന്നു... അതിന്റെ ചുവട് പിടിച്ചു ഞാൻ നടത്തിയ ചില പണികൾ എനിക്കുതന്നെ വിനയായി സ്വന്തം പാർട്ടിക്കാര് തന്നെ തള്ളിപ്പറഞ്ഞ അവസ്ഥയായി... തല്കാലം നാട് വിടുന്നതാണെന്ന് തോന്നി ഇങ്ങോട്ട് പോന്നു..."
"ബെസ്റ്റ്..."
"എടാ നിനക്കോർമ്മയുണ്ടോ കഴിഞ്ഞ പ്രാവശ്യം ഞാനിവിടെ വന്നിട്ട് പോയപ്പോൾ നിന്നോടൊരു കാര്യം ചോദിച്ചത്, അന്നും ഇന്നും നീയതിന് മറുപടി പറഞ്ഞിട്ടില്ല. ഒന്നുമില്ലെങ്കിലും ഞാൻ നിന്റെ മുറപ്പെണ്ണല്ലേ...?"
മഹി സബ്റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് വണ്ടി ഓടിച്ചു കയറ്റിക്കൊണ്ട് ഗംഗയെ നോക്കി കണ്ണിറുക്കി...
"നീ എനിക്ക് സെറ്റാവില്ല. അത് നിനക്കും എനിക്കും അറിയാം പിന്നെ എന്തിനാ പൊന്നേ ഒരു പ്രൊപോസൽ..."
ഗംഗയുടെ പൊട്ടിച്ചിരി ക്യാബിനുള്ളിൽ നിറഞ്ഞു...
"ഞാൻ കാത്തിരിക്കുന്നൊരു പെണ്ണുണ്ട് ഗംഗാ... അവൾക്ക് എന്നോടുള്ള സ്നേഹം എന്റെ ഞരമ്പിലൂടെ കുതിച്ചോഴുകുന്ന രക്തമാണ്... ഞാനിന്ന് ജീവിക്കാൻ അവളിൽ നിന്ന് ഊറ്റിയെടുത്ത എന്റെ ചുവന്ന ചങ്കുറപ്പ്... പലപ്പോഴും ക്ഷമ എന്റെ ജീവിതത്തിന്റെ ഭാഗമായപ്പോൾ ചിന്തിച്ചുപോയ കാര്യമാണ് അവളുടെ രക്തം എന്നിലെ സ്വഭാവത്തെ നന്നായി അലിയിച്ചു ശാന്തമാക്കി എന്നത്..."
"എന്നിട്ട് അതാരാണെന്ന് അറിയാമോ, ആശുപത്രിയിലേ നേഴ്സ് പറഞ്ഞു തന്ന അടയാളങ്ങളല്ലാതെ വേറെന്തെങ്കിലും നിനക്ക് പിടിയുണ്ടോ... ഒന്നു പോ മഹി... ഇന്നലെ കണ്ടവനെ ഇന്ന് തിരിച്ചറിയുന്നില്ല പിന്നെയാ പേരും ഊരും രൂപവും അറിയാത്ത ഒരുത്തി..."
വണ്ടി ലോഡിറക്കാനായി സൈറ്റിലേക്കു കയറി... മഹി ഗംഗയെ നോക്കി അവൾ പുറത്തേക്ക് നോക്കിയിരിപ്പാണ്...
"അവളെ ഞാനിന്ന് രാവിലെ കണ്ടുപിടിച്ചു..."
ഞെട്ടലോടെ അവൾ തലതിരിച്ചു മഹിയെ നോക്കി..
അനന്തന്റെ കത്തിവയ്പ്പ് സഹിക്കാൻ കഴിയാതെ ദക്ഷ അമ്മയെ കടുപ്പിച്ചു നോക്കി... അനന്തനേക്കാളും വിവേകിനെയാണ് അച്ഛനുമമ്മയും ഇഷ്ടപ്പെടുന്നത്... കാരണം മാമൻ പറയുന്നതൊന്നും അനന്തൻ കേൾക്കില്ല...
"ആന്റി ഇവളെ ഞാൻ അമേരിക്കയിലേക്ക് കൊണ്ടുപോകാം, അവിടെ സോ മെനി ഫേമ്സ്... അവിടെ നല്ല സാലറിയിൽ ജോലി ചെയ്ത് അവിടുത്തുകാരനോ ഇവിടുത്തു കാരനോ ആരെയെങ്കിലും കെട്ടി അവിടെ കൂടാം... ഇനിയങ്ങോട്ട് ജീവിക്കാൻ ഇന്ത്യയെക്കാളും ബെറ്റർ യൂഎസ് തന്നെയാണ്...."
അവൻ പറഞ്ഞു വരുന്നത് എന്താണെന്ന് അമ്മയ്ക്ക് മനസ്സിലായി, കൂടുതലൊന്നും പറയാതെ അവൻ പറഞ്ഞത് കേട്ട് തലയാട്ടി...
"അവൾക്കിവിടെ നാട്ടിൽ നല്ല ജോലി കിട്ടും... അല്ലെങ്കിൽ തന്നെ അവളെന്തിനാ ജോലിക്ക് പോകുന്നത് അതിന്റെ ആവശ്യം ഈ വീടിനില്ല. പിന്നെ വിവേകുമായുള്ള വിവാഹം ദാമോദരൻ ചേട്ടനും ഇവളുടെ അച്ഛനും ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു, ഉടനെ ഒരു നിശ്ചയം കാണും..."
അനന്തന്റെ മുഖം മാറുന്നത് കണ്ടിരുന്ന അമ്മ രസം പിടിക്കുന്നത് ദക്ഷ ശ്രദ്ധിച്ചു... ഒന്നും മിണ്ടാതെ അവൻ പുറത്തേക്ക് പോകുന്നത് നോക്കിക്കൊണ്ട് അമ്മ വിജയച്ചിരി ചിരിച്ചു ദക്ഷയെ നോക്കി...
പുറത്ത് വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ട് അവൾ ഓടി വാതിൽക്കലെത്തി... മിനി ടിപ്പറിൽ മെറ്റലുമായി മഹി വന്നതാണ്... കൂടെയൊരു പെണ്ണും...?
(തുടരും)
ഭാഗം 6
"ഹലോ..."
തന്റെ മുഖത്തിന് നേർക്ക് വിരൽ ഞൊടിക്കുന്ന ശബ്ദം കേട്ട് ദക്ഷ കണ്ണ് ചിമ്മി, ജീൻസും ടോപ്പുമിട്ട ആണിനെപ്പോലെ മുടി മുറിച്ചിട്ട ഒരുത്തി, കണ്ടപ്പോൾ തന്നെ അവൾക്ക് ദേഷ്യം മുഖത്തേക്ക് ഇര ച്ചുകയറി...
"അതേ മെറ്റൽ എവിടേക്കാ ഡമ്പ് ചെയ്യണ്ടത്... കുട്ടീ നിന്നോടാ ചോദിച്ചത്... ചെവി കേൾക്കില്ലേ?"
ചെവി കേൾക്കാത്തത് നിന്റെ... ദേഷ്യം പല്ലുകൾക്കിടയിൽ ഞെരിച്ചമർത്തി അവൾ വീടിന് പിന്നിലേക്ക് വിരൽ ചൂണ്ടി... വണ്ടിയുടെ ക്യാബിനിലിരുന്ന് തല പുറത്തേക്ക് നീട്ടിയ മഹിയെ കടുപ്പിച്ചു നോക്കിക്കൊണ്ട് തിരിഞ്ഞ് അകത്തേക്ക് നടത്തം വച്ചുകൊടുത്തു... ഗംഗ സൈഡ് പറഞ്ഞു കൊടുത്തു വണ്ടി വീടിന്റെ ഒരു വശത്തുകൂടി പിന്നിലേക്ക് റിവേഴ്‌സിൽ കൊണ്ടുവന്നു...
അകത്തേക്ക് പോയ ദക്ഷ വെരുകിനെപ്പോലെ മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു... ആരാ അവള് വന്നു നെഞ്ചത്ത് ചവിട്ടി നിന്നാൽ ദക്ഷ ആരാണെന്ന് മനസ്സിലാക്കിക്കും... പിന്നിൽ മെറ്റൽ വീഴുന്ന ശബ്ദം കേട്ട് അടുക്കളപ്പുറത്തേക്ക് ചെല്ലുമ്പോൾ അവിടെ പൊടി മൂടിയിരിക്കുകയാണ്... അതിനിടയിലൂടെ നടന്നു വന്ന അവളെ കണ്ടതും വീണ്ടും രക്തം തിളച്ചു...
"കുട്ടീ ഒരു ഗ്ലാസ്സ് വെള്ളം..."
"നിങ്ങളാരാ ഇതിന് മുൻപ് കണ്ടിട്ടില്ലല്ലോ... ഇവിടെ വെള്ളമൊന്നും ഇരിപ്പില്ലല്ലോ...?"
അമ്മ കുളിക്കാൻ കയറിക്കാണും എന്നുറപ്പിച്ചാണ് അവൾ മറുപടി കൊടുത്തത്...
"ഡാ മഹി ഇവിടെ വെള്ളമില്ല നമുക്ക് പോകുന്നവഴി കുടിക്കാം..."
അവള് വിളിച്ചു പറഞ്ഞതും ദക്ഷ അമ്പരപ്പോടെ വണ്ടിയിൽ നിന്നിറങ്ങി വിയർപ്പുതുടച്ചു വരുന്ന മഹിയെ നോക്കി, ദൈവമേ മഹിക്കായിരുന്നോ... ഇനിപ്പോ എന്ത് ചെയ്യും...
"കുട്ടീ ഞാനൊന്ന് നോക്കട്ടെ ഒരാള് ദാഹിച്ചു വരുമ്പോൾ ഇല്ലെന്ന് പറഞ്ഞാൽ വിഷമമാവും... ഒന്ന് നിൽക്കണെ..."
"ഓ വേണ്ടെടോ ഞങ്ങള് പോകുന്ന വഴിക്ക് കുടിച്ചോളാം..."
അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ ദക്ഷ അകത്തേക്ക് റോക്കറ്റ് വേഗത്തിൽ പാഞ്ഞു... ഫ്രിഡ്ജിൽ നിന്ന് വെള്ളകുപ്പിയും ഗ്ലാസുമെടുത്ത് ഓടിയെത്തുമ്പോൾ മഹി കയ്യും മുഖവും കഴുകി കഴിഞ്ഞിരുന്നു.
"വെള്ളം..."
അത്യന്തം സന്തോഷത്തോടെ അവൾ വിളിച്ചു പറയുമ്പോൾ ഗംഗയും മഹിയും ഒരുപോലെ തിരിഞ്ഞു നോക്കി... ദക്ഷയെ കണ്ടതും മഹി ഒന്ന് ചിരിച്ചു, അവൾ നാണം കലർന്ന ചിരി തിരികെ സമ്മാനിച്ചു... കുപ്പിക്ക് കൈ നീട്ടിക്കൊണ്ട് ഗംഗാ മുന്നോട്ട് വന്നതും അവൾ വെള്ളം ഗ്ലാസ്സിലൊഴിച്ച് അവൾക്ക് നേരെ നീട്ടി, കുപ്പി മഹിക്കും കൊടുത്ത് വിജയഭാവത്തിൽ അവളെ ഒന്നുകൂടി കണ്ണുകൾക്കൊണ്ട് ഉഴിഞ്ഞു... വെള്ളം കുടിച്ചു തീർത്ത് ഗംഗ ഗ്ലാസ്സ് അവൾക്ക് കൊടുത്തു...
"താൻ ക്ലാസ്സിൽ നിന്ന് നേരെ വണ്ടിയിൽ കയറിയോ യൂണിഫോമൊക്കെ ആകെ പൊടിയായല്ലോ, ശ്രദ്ധിക്കണ്ടേ..."
"അതൊക്കെ ഞങ്ങള് നോക്കിക്കോളാം കുട്ടി പോയി ക്യാഷ് എടുത്തോണ്ട് വാ..."
ഗംഗയുടെ സംസാരം തീരെ ഇഷ്ടപെടാത്ത അവൾ മഹിയുടെ മുഖത്തേക്ക് തുറിച്ചു നോക്കി...
"പൈസ കടയിൽ നിന്ന് വാങ്ങിച്ചോളാം... ഞാൻ വേറെ ഡ്രസ്സ് എടുത്തില്ല. നാളെ മുതൽ ശ്രദ്ധിക്കാം..."
കുപ്പി തിരികെകൊടുത്ത് അവൾക്ക് നല്ലൊരു ചിരിയും സമ്മാനിച്ച് അവൻ പറഞ്ഞു. സന്തോഷത്തോടെ അവൾ തലയാട്ടി... ഗംഗ വന്നു വീണ്ടും വെള്ളക്കുപ്പി വാങ്ങിക്കൊണ്ട് പോയി...
"താനാരാ...?"
ഗംഗ നിന്നു, ശേഷം ചിരിയോടെ തിരിഞ്ഞു നോക്കി...
"ഗംഗാ അവന്റെ മുറപ്പെണ്ണാ അമ്മാവന്റെ മോള്... കല്യാണത്തിന്മുൻപ് ഒന്നിച്ചിടപഴകാൻ വേണ്ടി ഇങ്ങോട്ട് വന്നതാ... ഞങ്ങള് തമ്മിൽ നല്ല മാച്ചല്ലേ കുട്ടീ..."
ദക്ഷ മുഖം കെറുവിച്ച് കയറിപ്പോകുന്നത് കണ്ട് ചിരിയോടെ ഗംഗാ മഹിയുടെ തോളിൽ വലതു കൈപ്പടം വച്ച് അവനെ നോക്കി...
"നിന്റെ പെണ്ണ് കൊള്ളാടാ, ഇവളാണോ നിന്നെ രക്ഷിച്ചത്..."
അതേയെന്നവൻ തലകുലുക്കി...
അകത്തേക്ക് കയറിയ ദക്ഷയ്ക്ക് തന്റെ ശരീരം മുഴുവൻ മാന്തിപ്പൊളിക്കാൻ തോന്നി... അവനെ തന്റെ സ്വന്തമായി കണ്ടത് തെറ്റായോ, മറ്റൊരു പെണ്ണിന്റെ സ്വാന്തമാണവൻ, തനിക്കതിൽ ഒരു അവകാശവുമില്ല. നെഞ്ചിൽ വലിയ കല്ലെടുത്തുവച്ച ഭാരത്തോടെ ഭിത്തിയിൽ ചാരിനിന്നു കിതച്ചു...
"കുട്ടീ ഒന്നിങ്ങുവന്നെ..."
വീടിന് മുൻപിൽ നിന്നുള്ള വിളി അവളുടേതാണ്, പോകാൻ തോന്നിയില്ല. പക്ഷെ അമ്മ ഏതുനേരത്തും കുളി കഴിഞ്ഞിറങ്ങും... താല്പര്യമില്ലാതെ അവൾ വീടിന് മുൻപിലേക്ക് ചെല്ലുമ്പോൾ പോർച്ചിൽ ഇളിച്ചുകൊണ്ട് നിൽക്കുന്ന ഗംഗാ... വെള്ളക്കുപ്പി തിരികെ തരാൻ വന്നതാണ്... കുപ്പി വാങ്ങി അവളെ നോക്കുകപോലും ചെയ്യാതെ തിരിഞ്ഞതും കയ്യിൽ പിടിവീണു, കള്ളച്ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന അവൾ...
"സോറി ദക്ഷാ... മഹി നിന്നെപ്പറ്റി എന്നോട് പറഞ്ഞിരുന്നു. ഞാൻ വെറുതെ പുളു പറഞ്ഞതാ... കുറെ നാളായി അവനൊരു പെണ്ണിനെ അന്വേഷിക്കുന്നുണ്ടെന്ന് ഞങ്ങൾക്കെല്ലാം അറിയാം അവസാനം അവളെ കണ്ടെത്തി എന്ന് പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി... ഇവിടെ വന്നു നിന്നെ കണ്ടപ്പോൾ വീണ്ടും ഞെട്ടി..."
അപ്പോൾ മഹിക്ക് തന്നെ മനസ്സിലായോ... അവൻ തന്നെ ഇഷ്ടപെടുന്നുണ്ടെന്ന് മനസ്സിലായതും ശരീരത്തിലൂടെ ആയിരം ചിത്രശലഭങ്ങൾ പറന്നുപോങ്ങുന്ന ലഹരിയിൽ ദക്ഷയൊന്നു പിടച്ചു... അവളുടെ ഹൃദയം അളവില്ലാതെ രക്തം പമ്പു ചെയ്തു... രോമകൂപങ്ങൾ എല്ലാത്തിനും സാക്ഷിയായി നോക്കിനിന്നു...
മഹി ലോറി റോഡിലേക്ക് കയറ്റി നിർത്തി ഹോണടിച്ചു... ഗംഗാ ദക്ഷയുടെ കവിളിൽ നുള്ളിക്കൊണ്ട് കണ്ണടച്ചുകാട്ടി...
"അപ്പൊ നാത്തൂനെ കാണാട്ടോ അവൻ വിളിക്കുന്നു, എനിക്ക് ടൗൺ വരെയൊന്ന് പോകണം... പിന്നെ ഞാനവനോട് പറയാം യൂണിഫോമൊന്നും ഇങ്ങനെ അഴുക്കാക്കരുതെന്ന്... അപ്പൊ ശരി..."
ചുവന്നു തുടുത്ത മുഖത്ത് കണ്ട ഭവങ്ങളൊക്കെ ദക്ഷയെ അടിമുടി തളർത്തി... അവൾ കിതപ്പോടെ ഗംഗയുടെ നേർക്ക് കൈ വീശിക്കാണിച്ചു...
"പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ പുലരി വെയിലൊളി പൂക്കാവടി..."
നിന്നനിൽപ്പിൽ ഒന്ന് കറങ്ങിക്കൊണ്ട് പാട്ട് പാടി അവൾ അകത്തേക്കോടി...
(തുടരും)
ഭാഗം 7
മഹി രാവിലെ പോകാൻ തയാറായി ഇറങ്ങുമ്പോൾ ശാരദയ്ക്ക് പിന്നാലെ ഗംഗയും പുറത്തേക്ക് വന്നു...
"ഡാ ഇവള് വെളുപ്പിനെ എണീറ്റ് കഷ്ടപ്പെട്ട് ഉണ്ടാക്കിയ നെയ്ച്ചോറാ, കളയാതെ മുഴുവനും കഴിച്ചോണം..."
"നിനക്ക് പാചകമൊക്കെ അറിയാമോടി...?"
"പോടാ പോടാ കളിയാക്കാതെ, അത്യാവശ്യം എല്ലാം എനിക്ക് ഉണ്ടാക്കാൻ അറിയാം..."
ഗംഗ ഗർവ്വോടെ അവനെ നോക്കി പുരികം വിറപ്പിച്ചു... ചിരി പാസാക്കി അവൻ പോയതും ശാരദയോട് പറഞ്ഞിട്ട് അവൾ പുറത്തേക്കിറങ്ങി... പതിവില്ലാതെ കുർത്തിയും മുട്ടറ്റം നീളമുള്ള പാന്റുമാണ് വേഷം...
"ചേച്ചി..."
വേലിക്കപ്പുറത്ത് നാലഞ്ച് പീക്കിരി പിള്ളേരെ കണ്ടതും അവൾ കൈകാണിച്ചു...
"ഡാ ഹിപ്പി ഞാൻ വന്നെന്ന് നീയൊക്കെ എങ്ങനെ അറിഞ്ഞെടാ...
ഹിപ്പിയെന്ന് പേരുള്ള വയറുന്തിയവൻ കുലുങ്ങിചിരിച്ചു... മഹിയെ കാണാൻ വരുമ്പോൾ അവൾക്ക് നാട് ചുറ്റാൻ ഹിപ്പിയും കൂട്ടരുമാണ് എപ്പോഴും വരാറുള്ളത്...
"ഇന്നലെ ചേച്ചി ചേട്ടന്റെ കൂടെ പോവുന്നത് ഞങ്ങള് കണ്ടാരുന്നു."
അവർക്കൊപ്പം തൊടിന്റെ കരയിലൂടെ പോകുമ്പോൾ ചൂണ്ടയിടാനിരിക്കുന്ന പരിചയമുള്ള പിള്ളേരൊക്കെ അവളെ നോക്കി ചിരിച്ചു...
"ചേച്ചി ഒരു അവതാരം വന്നിട്ടുണ്ട് നാട്ടില്, അർദ്ധ രാത്രിക്ക് കുടപിടിക്കുന്ന അല്പൻ പാർട്ടി നേതാവ് ദാമോദരന്റെ മൂത്ത മകൻ അനന്തൻ..."
തൊടിന്റെ കരയിലൂടെ അവർ സംസാരിച്ചങ്ങനെ പോകുമ്പോൾ ഹിപ്പിയാണ് കണ്ടത് ക്യാമറയും തൂക്കി പാടത്തിന്റെ വരമ്പിലൂടെ നടക്കുന്ന അനന്തനെ... ഷോർട്സാണ് വേഷം... കഴുത്തിൽ കാനോണിന്റെ ലേറ്റസ്റ്റ് മോഡൽ ക്യാമറ... ഇടയ്ക്കിടെ കാലുകൾ വിറപ്പിച്ചു നടക്കുന്നത് കണ്ടാൽ എന്തോ രോഗമുണ്ടെന്ന് തോന്നും... ഗംഗയ്ക്ക് ചെറിയ കുസൃതി തോന്നി, അവൾ ഹിപ്പിയെ അടുത്തു വിളിച്ച് രഹസ്യം പറഞ്ഞു...
പാടത്തിന്റെ നടുവിൽ ചുറ്റും നോക്കിക്കൊണ്ട് നടന്ന അനന്തൻ ഇടയ്ക്ക് സ്വയം എന്തൊക്കയോ പറയുന്നുണ്ട്...
"എന്തൊരു കൺഡ്രിയാണ്, കാണാനൊരു ഭംഗിയുമില്ല. പാടത്തു പാരറ്റ് വരുമെന്ന് പറഞ്ഞിട്ട് എവിടെ...? ബുൾഷിറ്റ്..."
"എക്സ്ക്യൂസ്മി ഗിവ് മി എ വേ..."
തന്റെ പിന്നിൽ വന്നു നിൽക്കുന്ന പെൺകുട്ടിയെ കണ്ടതും അവളുടെ വായിൽ നിന്ന് ഇംഗ്ലീഷ് കേട്ടതും അവന്റെ മുഖം ആയിരം വാട്ട് ബൾബ് പ്രകാശിച്ചത് പോലെയായി...
"ഓ ഗോഡ്... ഇംഗ്ലീഷ് അറിയാവുന്ന ഒരാളെങ്കിലും ഈ നാട്ടിൽ ഉണ്ടല്ലോ..."
"അണ്ണാ ഇച്ചിരെ വഴി തരാവോ...?"
അവള് പെട്ടന്ന് തനി മലയാളത്തിലേക്ക് കയറിയതും അവന്റെ മുഖത്തെ ആയിരം വാട്ട് കെട്ടു... ബ്ലഡി ഗ്രാമവാസി... എന്നാലും അവളുടെ ഡ്രെസ്സും രൂപവും കണ്ടിട്ട് മോഡേൺ ആണെന്ന് തോന്നി...
"കുട്ടി ഇങ്ങനെ ലോക്കൽ ലാംഗ്വേജ് സംസാരിച്ചു കൺഡ്രി ആവാതെ ഇംഗ്ലീഷ് സംസാരിക്ക്... ക്രീയേറ്റ് യുവർ ഓൺ പെഴ്സണാലിറ്റി..."
"നിങ്ങളെ ഇതിന് മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ... എന്താ പേര്?"
"അനന്ത്, ഞാൻ ഈ നാട്ടിൽ ജനിച്ച അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഒരാളാണ്... യൂ നോ ഐ ആം എ ബിസ്സിനസ്സ് മാൻ... മില്യൻസ് കൈകാര്യം ചെയ്യുന്ന ഞാൻ ഇടയ്ക്കിങ്ങനെ വന്നിട്ട് പോകും... ടൈം പാസ്സ്... ബൈ ദ ബൈ ഇവിടെ പാരറ്റ് ഉണ്ടെന്ന് കേട്ട് ഫോട്ടോ എടുക്കാൻ വന്നതാ പക്ഷെ കണ്ടില്ല...".
"വാ ഞാൻ കാണിച്ചു തരാം ഇവിടെ അടുത്തുണ്ട്..."
ഗംഗാ അവനേയും കൂട്ടി പുഴക്കരയിലേക്കുള്ള വഴിയിലേക്ക് നടന്നുകയറി... അനന്തൻ അമേരിക്കൻ വിശേങ്ങൾ പറഞ്ഞ് അവൾക്ക് പിന്നാലെയുണ്ട്... കുറച്ചു മുന്നോട്ട് പോയതും പുഴക്കരയിൽ ഇലഞ്ഞിമരത്തിലിരിക്കുന്ന തത്തമ്മയെ അവൾ കാണിച്ചു കൊടുത്തു... ഫോക്കസ് നോക്കി കരയിലൂടെ പാറപ്പുറത്തേക്ക് കയറിയ അവൻ കാൽ വഴുതി വെള്ളത്തിലേക്ക് വീണതും ഗംഗാ പൊട്ടിച്ചിരിച്ചു...
വെള്ളത്തിനടിയിലൂടെ വന്ന ഹിപ്പി അവന്റെ കാലിൽ പിടിച്ചു വെള്ളത്തിലേക്ക് വലിച്ചു താഴ്ത്തി...
"ഹെല്പ് മീ... ഹെല്പ് മീ മൈ ഫ്രണ്ട്..."
രണ്ട് മിനിറ്റ് കഴിഞ്ഞ് വെള്ളത്തിനു മുകളിൽ പൊങ്ങിവന്ന അവൻ ഗംഗയും അവൾക്കൊപ്പം നിന്ന് ചിരിക്കുന്ന കുട്ടികളേയും കണ്ടപ്പോഴാണ് അവർ തന്നെ വെള്ളത്തിലേക്ക് വീഴ്ത്തിയതാണെന്ന് മനസ്സിലായത്...
"യൂ ബ്ലഡി..."
"പോടാ അല്പാ... ജാടെ... സായിപ്പിന്റെ മോനെ..."
എല്ലാവരും ഒന്നിച്ചു വിളിച്ചുകൊണ്ട് തിരികെ ഓടി, അവനെ നോക്കി ചിരിച്ചുകൊണ്ട് ഗംഗയും...
ഉച്ചക്കലത്തെ ക്ലാസ്സ് കഴിഞ്ഞ് കഴിച്ചിട്ട് പാറമടയിലേക്ക് പോകാമെന്ന് കരുതി കഴിക്കാൻ മറച്ചുവട്ടിൽ കണ്ട സിമന്റ് ബെഞ്ചിലേക്ക് ഇരുന്നപ്പോഴാണ് ദക്ഷയെ കണ്ടത് പിന്നിൽ മഞ്ജു...
"കഴിക്കാറായോ...?"
"കഴിച്ചിട്ട് പോകാമെന്ന് കരുതി, നിങ്ങള് കഴിച്ചോ...?"
രണ്ടാളും കഴിച്ചതാണ്, ഗംഗയുടെ കൈപ്പുണ്യം അറിയട്ടെ എന്ന് കരുതി പാത്രത്തിന്റെ അടപ്പിൽ കുറച്ച് നെയ്ചോറ് എടുത്ത് അവൾക്ക് നേരെ നീട്ടി... ദക്ഷ അത് വാങ്ങിച്ചു വായിൽ വച്ചു ചവച്ചു കൊള്ളാം നല്ല സ്വാദ്...
"ആ കുട്ടി മഹിയുടെ ആരാണെന്നാ പറഞ്ഞത്...?"
"അമ്മാവന്റെ മോളാ നാട്ടിൽ കോളേജിൽ എന്തൊക്കയോ പ്രശ്നങ്ങളുണ്ടാക്കി ഇങ്ങോട്ട് വണ്ടി കയറിയതാ... ആള് നമ്മള് വിചാരിക്കുന്ന പുള്ളിയല്ല."
അത് ദക്ഷയ്ക്കും തോന്നിയിരുന്നു.
"അല്ല മഹി താൻ എന്നെ കുറെ നാളായി അന്വേഷിച്ചു നടക്കുകയായിരുന്നോ ആ ഗംഗാ പറഞ്ഞു കേട്ടു..."
"ഞാൻ അന്വേഷിച്ചു നടക്കുന്ന പെൺകുട്ടി താനാണോ എന്ന് ചോദിച്ചാൽ അറിയില്ല. പക്ഷെ എന്റെ സ്വപ്നങ്ങളിൽ എന്നും വന്നപോകുന്ന ഈ മുഖം ഇത്ര അടുത്ത് ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല സത്യം..."
"വാടി പോകാം..."
മഞ്ജു പൗരുഷമായി അവളെ വിളിച്ചു... ക്ലാസ്സ് തുടങ്ങാൻ സമയമായി... പോകാൻ തിരിഞ്ഞെങ്കിലും മഹിയോട് ഒന്നും പറഞ്ഞില്ലല്ലോ, സ്വപ്നത്തിൽ എന്നെ കണ്ടതല്ലേ... പക്ഷെ മഞ്ജു ഒന്നിനും സമ്മതിച്ചില്ല.
"ഡീ നീയിത് എങ്ങോട്ടാ പോകുന്നത്... അവനെ വെട്ടിയരിയാൻ കാട്ടിക്കൊടുത്തത് നീയാണെന്ന് അവനറിയാമൊ... അറിഞ്ഞാൽ എന്താവും സംഭവിക്കുക എന്ന് വല്ല നിശ്ചയമുണ്ടോ...? മതി ഇനി ഒന്നും വേണ്ടാ..."
ദക്ഷ പെട്ടന്ന് നിന്നുപോയി... അതേ അന്ന് അവനെ വെട്ടിയരിയാൻ പറഞ്ഞത് ഞാനാണ്... പക്ഷെ ഇപ്പോൾ...?
(തുടരും)
ഭാഗം 8
മഹിയും ദക്ഷയും കണ്ടുമുട്ടുന്നതിന് വർഷങ്ങൾക്ക് മുൻപുള്ള ഓർമ്മകളിലേക്ക്..
കളക്ട്രേറ്റ് ഉപരോധിക്കാനുള്ള പാർട്ടി ജാഥ മെയിൻ റോഡിൽ നിന്ന് തിരിഞ്ഞതും പോലിസ് ബാരിക്കേഡ് കണ്ടു തുടങ്ങി... ജയ് വിളികളും സർക്കാരിന് എതിരെയുള്ള മുദ്രാവാക്യങ്ങളും ഉച്ചത്തിൽ മുഴങ്ങാൻ തുടങ്ങി... പോലിസ് സംഘം തയാറായി നിൽക്കുകയാണ്...
"ഡാ മഹേഷേ അവന്മാര് രണ്ടും കല്പിച്ചാണല്ലോ, പണിയാകുമോ, ടൂൾസ് എടുക്കട്ടെ..."
പിന്നാലെ വന്ന കുഞ്ഞുമോൻ ചെവിയിൽ സ്വകാര്യമായി ചോദിച്ചെങ്കിലും അവൻ മറുപടി പറഞ്ഞില്ല. മുൻപിൽ നിന്ന കുമാരൻ തിരിഞ്ഞ് അവനെ നോക്കി കണ്ണ് കാണിച്ചു...
"എന്താ ചേട്ടാ...?"
"ഇത് ഒരു നടയ്ക്ക് പോവില്ല നീ പിള്ളേരെ വിളിച്ചു നിർത്തിക്കെ..."
"വേണ്ട വേണ്ടാ നമ്മള് വന്നത് പാവപ്പെട്ട കുറച്ചു ജനങ്ങൾക്കുണ്ടായ ജീവിതപ്രശ്നം തീർക്കാനാ അതിന് വളഞ്ഞ വഴി സ്വീകരിച്ചാൽ നാളെയും അത് വേണ്ടിവരും... ഒന്നും വേണ്ടാ എല്ലാം നമ്മള് നേരിടും..."
അയൽഗ്രാമമായ ചാലിട്ടയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പാർട്ടി ഗ്രാമമായ ചെങ്കോട്ടപുരം നേരിട്ട് ഇറങ്ങിയിരിക്കുകയാണ്, സർക്കാർ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ പോകുന്നുവെന്ന വിവരം കിട്ടിയതോടെ വലിയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
പോലിസ് ബാരിക്കേഡുകൾ തള്ളിനീക്കാനുള്ള ശ്രമത്തിനിടയിൽ ലാത്തിച്ചാർജ്ജ് തുടങ്ങിയതും ആളുകൾ നാലുപാടും ചിതറിയോടി... മഹേഷും കുഞ്ഞുമോനും മറ്റ് സഖാക്കളും വീറോടെ പോരാടി അതിനിടയിൽ കുഞ്ഞിമോന്റെ തലയ്ക്ക് അടി കിട്ടി...
സംസ്ഥാന നിയമസഭയിൽ കുടിവെള്ള പ്രശ്നം പ്രതിപക്ഷ പാർട്ടികൾ ഉയർത്തിപ്പിടിച്ചതോടെ സർക്കാരിന് തലവേദന ഒഴിച്ചുവിടാതെ വേറെ വഴിയില്ല എന്ന അവസ്ഥയായി... സ്വന്തം പാർട്ടിയുടെ നേട്ടമാക്കി മാറ്റിക്കൊണ്ട് ചാലിട്ട കുടിവെള്ള പ്രശ്നം തീർക്കാനുള്ള അവരുടെ ശ്രമമാണ് ജില്ലാ നേതാവ് മഹേഷിന്റെ നേതൃത്വത്തിൽ പൊലിഞ്ഞത്...
പാർട്ടി ഓഫീസിൽ വാർത്ത കണ്ടുകൊണ്ടിരുന്ന എല്ലാവരും ആവേശത്തോടെ ചാടിയെണീറ്റ് കയ്യടിച്ചു... മുദ്രാവാക്യങ്ങൾ വിളിച്ചു...
"ഇന്നത്തെ ഒരു സംഭവത്തോടെ നമ്മുടെ മഹേഷ് പാർട്ടിയുടെ ടിക്കറ്റിൽ അടുത്ത ഇലക്ഷനിൽ മത്സരിക്കും എന്ന് ഉറപ്പായി... അളിയാ നീ മന്ത്രിയായാൽ ഞാനാണ് പിഎ..."
കുഞ്ഞുമോൻ നീട്ടക്കുറവുള്ള വലതുകാൽ വലിച്ചുവച്ച് നടക്കുന്നതിനിടയിൽ പറഞ്ഞു. സമരത്തിന്റെ തെളിവെന്നവണ്ണം അവന്റെ തലയിലെ മുറിവ് തുന്നിക്കെട്ടിയത് നോക്കിക്കൊണ്ട് മഹേഷ് നടന്നു..
"തല്ക്കാലം നീ പണിക്ക് പോകണ്ട ഇതുവച്ചോ, ഞാനാ കുടുംബശ്രീയുടെ മീറ്റിങ്ങിൽ കേറിയിട്ടേ വീട്ടിലേക്കു പോന്നോള്ളൂ..."
കാശ് കൊടുത്ത് കുഞ്ഞുമോനെ പറഞ്ഞയച്ച് വായനശാലയുടെ മുകളിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ മീറ്റിംഗ് ഹാളിലേക്ക് കയറി, അവനെ കണ്ടതും എല്ലാവരും എണീറ്റ് കയ്യടിയോടെ സ്വാഗതം ചെയ്തു...
"അമ്മമാരെ സഹോദരിമാരെ ഇന്ന് നമുക്ക് ഏറ്റവും സന്തോഷകരമായ വിജയം ലഭിച്ച ദിവസമാണ്... സ്ത്രീ ശാക്തീകരണത്തിൽ മുന്നോട്ടുള്ള പ്രയാണം നടത്താൻ ഉതകുന്ന പല മാർഗങ്ങളും സർക്കാർ പദ്ധതി വഴി നമുക്ക് നേടിയെടുക്കാനുണ്ട്... "
ഒന്നര മണിക്കൂർ നീണ്ട പ്രസംഗം കഴിഞ്ഞതോടെ പരിപാടിയുടെ എല്ലാ വിജയത്തിനും പാർട്ടി നൽകാൻ പോകുന്ന കൈത്താങ് എടുത്തുകാട്ടി പ്രസിഡന്റ് ചന്ദ്രമതി മഹേഷിന് നന്ദി പറഞ്ഞു... തിരികെ പോരാൻ റോഡിലേക്കിറങ്ങുമ്പോഴാണ് ആരോ ഓടിവരുന്നത് ശ്രദ്ധിച്ചത്...
"ഞാൻ കരുതി നീ പോയെന്ന്..."
വായനശാല പൂട്ടി റോഡിലേക്ക് ഓടിക്കയറിയ ഉമയെ കണ്ടതും അവനൊന്നു ചിരിച്ചു...
"ബുക്ക് വായിച്ചിരുന്നു പോയി..."
"വിശ്വസിച്ചു... "
ഉമയെ നോക്കി പുഞ്ചിരിയോടെ അവൻ മറുപടി പറഞ്ഞ് മീശയുടെ തുമ്പ് പിരിച്ചുവച്ചു... പതിയെ നടക്കാൻ തുടങ്ങി ... ഒപ്പം അവളും...
"അല്ല ഞാൻ നിന്നെ കാണാൻ വേണ്ടി തന്നെ ഇരുന്നതാ... വല്ലപ്പോഴുമാ ഒന്ന് കാണാൻ കിട്ടുന്നത് അന്നേരം വഴക്കുണ്ടാക്കാനുള്ള എന്തെങ്കിലും കണ്ടുപിടിച്ചോളും... ഇയാൾക്ക് എന്നെ കെട്ടണമെന്ന് യാതൊരു ചിന്തയുമില്ലേ, അതോ വേറെ ആരെങ്കിലും ഉണ്ടോ മനസ്സിൽ ഉണ്ടെങ്കിൽ പറ ഞാൻ മാറിത്തരാം..."
"എല്ലാ പെണ്ണിന്റേം സ്ഥിര ഡയലോഗ്... എന്റെ ഉമേ കല്യാണം നടത്താൻ എനിക്ക് താല്പര്യം ഇല്ലാത്തതാണോ, അമ്മയോട് ഞാൻ കാര്യമായി സംസാരിക്കുന്നുണ്ട് നീ പേടിക്കാതെ..."
ഉമാ മുന്നോട്ട് നടന്നതല്ലാതെ മറുപടി പറഞ്ഞില്ല. മഹേഷും ഉമയും സ്കൂളിൽ പഠിക്കുമ്പോൾ മുതൽ പ്രണയമാണ്, പാർട്ടി കോൺഗ്രസുകളിൽ പാട്ടുപാടുന്ന അവനെ മോഹിക്കാത്ത പെണ്ണില്ലെങ്കിലും ഉമ്മയ്‌ക്കാണ് അതിനുള്ള ഭാഗ്യം കിട്ടിയത്... ഉയർന്ന ജാതിക്കാരായതുകൊണ്ട് ഉമയുടെ വീട്ടിൽ ഒരിക്കലും സമ്മതിക്കില്ല. പിന്നെ ആകെയുള്ള പോംവഴി ശാരദാമ്മയാണ്...
"ഞാനൊരു കാര്യം പറയാം ചേച്ചിടെ കല്യാണം കഴിഞ്ഞിട്ടിപ്പോൾ കൊല്ലം ഒന്നായി, അച്ഛൻ ഉടനെ എന്റെ കല്യാണം നടത്തുന്നാ അമ്മ പറേണത്... ഉടനെ എന്തേലും തീരുമാനം എടുത്തില്ലെങ്കിൽ..."
അവന് നേരെ വിരൽചൂണ്ടിക്കൊണ്ട് ഉമ പറയുകയും കരയുകയും ചെയ്തു... മഹേഷ് അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഇരുട്ട് പടർന്ന ബാറിന്റെ ഇരുണ്ട ഇടനാഴിയിലെ അവസാനത്തെ കസേരയിലിരിക്കുന്ന പാർട്ടി ജില്ലാ പ്രസിഡന്റ് ദാമോദരനും സഖാവ് കുമാരനും മദ്യപിച്ചുകൊണ്ടിരിക്കുന്നു.
"ഡാ കുമാരാ ഇന്നത്തെ ഒറ്റ സംഭവത്തോടെ അവൻ ആ മഹേഷ് പാർട്ടിയുടെ കണ്ണിലുണ്ണിയായി... ഇത്രയും ചെറു പ്രായത്തിൽ അവൻ അധികാരത്തിൽ കയറിയാൽ എന്നെപ്പോലെ വർഷങ്ങളായി നോമ്പ് നോട്ടിരിക്കുന്നവരൊക്കെ എന്ത് ചെയ്യുമെടാ..."
"അവനിപ്പോ ആരേയും കൂസാത്ത ഭാവമാണ്, പോലീസിനെ അടിക്കാൻ ടൂൾസ്സുമായി പിള്ളേരെ വിളിക്കാൻ പറഞ്ഞപ്പോൾ പറ്റില്ലെന്ന്, കണ്ടില്ലേ എത്ര പേർക്കാ പരിക്ക് പറ്റിയത്... ഇന്നത്തെ സംഭവം നമുക്ക് സംസ്ഥാനം മുഴുവൻ കത്തിയെരിയുന്ന രീതിയിൽ മാറ്റാമായിരുന്നു. അവൻ മിക്കവാറും ദാമോദരൻ ചേട്ടന്റെ ഉച്ചിയിൽ കസേരയിട്ട് ഇരിക്കും നോക്കിക്കോ..."
വെല്ലുവിളി പോലെ അത്രയും പറഞ്ഞ് പാതി കാലിയായ ഗ്ലാസ്സ് വായിലേക്ക് കമഴ്ത്തി...
"ഇല്ലെടാ ഞാൻ സമ്മതിക്കില്ല. അതിന് ദാമോദരൻ ചാവണം... അവനിനി പൊങ്ങില്ല അതിനുള്ള പണി ഞാൻ കൊടുക്കുന്നുണ്ട്..."
അയാൾ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ലെങ്കിലും കുമാരൻ വെറുതെ തലയാട്ടി...
(തുടരും)
ഭാഗം 9
പതിവില്ലാതെ മഹേഷ് നേരത്തേ വീട്ടിലേക്ക് വന്നത് ആശ്ചര്യത്തോടെ നോക്കിനിന്ന ശാരദ അവൻ അകത്തേക്ക് കയറിപ്പോകുന്നതും നോക്കിനിന്നു...
"അമ്മയെന്താ എന്നെ ഇങ്ങനെ നോക്കുന്നത്...?
"അതിശയമല്ലേ ഈ നടക്കുന്നതൊക്കെ. എന്റെ മോൻ ചെറുപ്രായത്തിൽ രാഷ്ട്രീയത്തിൽ ഇറങ്ങിയതും നാട്ടുകാരുടെ കണ്ണിലുണ്ണിയായി നന്മ പ്രവർത്തികൾ ചെയ്യുന്നതും സന്തോഷം തന്നെ പക്ഷെ ഈയുള്ളവൾക്ക് ഒരു ദിവസവും ദർശനം കിട്ടാറില്ല. രാത്രി എപ്പോഴെങ്കിലും വരും രാവിലെ നേരത്തേ പോകും... അതല്ലേ പതിവ്..."
"ഇനി മാറ്റങ്ങളുടെ വലിയ ഘോഷയാത്ര തന്നെ ഉണ്ടാവും... ഞാനൊരു കല്യാണം കഴിച്ചാലൊ എന്ന് ആലോചിക്കുവാ, അമ്മ എന്ത് പറയുന്നു."
ശാരദ ഇടത് കവിളിൽ കൈ ചേർത്ത് വച്ച് അവനെ സൂക്ഷിച്ചു നോക്കി... മഹേഷ് ഇളിച്ചുകൊണ്ട് നിൽപ്പാണ്...
"എടാ അതിന് നിനക്ക് കല്യണപ്രായം ആയോ... വയസ്സ് ഇരുപത്തിമൂന്നല്ലേ ആയുള്ളൂ..."
"സാഹചര്യം കുറച്ച് മോശമാണ് എന്റെ പൊന്നമ്മച്ചി ഒന്ന് സമ്മധിക്കണം... പിന്നെ വേറൊരു കാര്യമുണ്ട് അവള് വാലത്തെ രമേശൻ നായരുടെ മോളാ പേര് ഉമ..."
"എന്റമ്മച്ചിയെ... നിനക്കെന്താ ചെറുക്കാ പ്രാന്താണോ... അയാള് ആരാന്ന് നിനക്കറിയത്തില്ലേ പേരും പെരുമേം മാത്രം നോക്കി ജീവിക്കുന്ന കൂട്ടരാ, തനി റൗഡികളും വെറുതെ ഓരോ ഏടാകൂടത്തിൽ ചെന്ന് ചാടണ്ട... നടക്കത്തില്ല. എനിക്ക് കണ്ണേ പൊന്നേന്ന് നീ മാത്രമേയുള്ളു... നിനക്കെന്തേലും വന്നുപോയാൽ ചത്താൽ മതിയെനിക്ക്..."
അമ്മ കരയാൻ തുടങ്ങിയതും മഹേഷ് കാര്യം കയ്യിൽ നിൽക്കില്ല എന്ന് മനസ്സിലാക്കി അകത്തേക്ക് വലിഞ്ഞു... വേറെ വഴി നോക്കാം അല്ലാതെ പറ്റില്ലല്ലോ... ഉമയുടെ കോൾ ഫോണിൽ വന്നതും അവനതിലേക്ക് നോക്കിനിന്നു... ഒന്നും ശരിയായില്ല മോളെ... എന്ന് വ്യസനത്തോടെ പറഞ്ഞു...
മഹേഷ് ഫോൺ എടുക്കാഞ്ഞതെന്താ എന്ന വിഷമത്തിൽ മുറിയുടെ ജനാല തുറന്നിട്ട് വെറുതെ ഇരുട്ടിലേക്ക് നോക്കി നിന്നു... അമ്മയോട് സംസാരിക്കാൻ പോവാ എന്ന് മെസ്സേജ് കണ്ടതു മുതൽ ആകെ ടെൻഷനാണ്, ക്ണാപ്പൻ ഫോണും എടുകുന്നില്ല. ഉമ ആധി കയറി മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു...
താഴെ അച്ഛനും ചെറിയച്ഛന്മാരും കള്ളുകുടി സഭ തുടങ്ങി... ലഹരി തലയ്ക്ക് പിടിക്കുമ്പോഴാണ് പലരേയും വെല്ലുവിളിക്കാനും കുത്തിക്കീറാനും അവർക്ക് തോന്നുന്നത്...
"എന്റെ ശിവനെ ആ ചെക്കൻ വിളിച്ചിട്ടെന്താ എടുക്കാത്തത്, എന്താ നിന്റെ മനസ്സില് ഞങ്ങടെ കല്യാണം നടത്താനൊന്നും ഉദ്ദേശമില്ലേ...?"
"മൂപ്പര് ഞങ്ങടെ പാർട്ടിയല്ല ആണെങ്കിൽ ഞാൻ ചോദിച്ചിട്ട് പറയാരുന്നു..."
ജനാലക്കമ്പിയിൽ തൂങ്ങിനിന്ന് വിളിച്ചു പറയുന്ന മഹേഷിനെ കണ്ടതും ഉമ ഞെട്ടി... ഇവനെങ്ങനെ ഇവിടെത്തി...? ആരെങ്കിലും കണ്ടാൽ തീർന്നു...
"നീയെങ്ങനെ ഇവിടെ...?"
പറഞ്ഞു തീരും മുൻപ് വാതിലിൽ ആരോ മുട്ടിവിളിച്ചു... ഉമ ഞെട്ടി വാതിൽക്കലേക്കും തിരിഞ്ഞ് ജനാലയിലേക്കും നോക്കി, മഹേഷിനെ കണ്ടില്ല. വാതിൽ ലോക്കിടാത്തതു കൊണ്ട് അമ്മ തള്ളിത്തുറന്ന് അകത്തേക്ക് കയറിവന്നു...
"നിന്റെ തലവേദന എങ്ങനുണ്ട്... അച്ഛൻ ചോദിച്ചു ഗുളിക വല്ലതും വാങ്ങണോന്ന്..."
"വേ വേണ്ടമ്മേ മാറി ഞാനൊന്ന് കുളിച്ചിട്ട് താഴേക്ക് വരാമെന്ന് കരുതി... അമ്മ പൊയ്ക്കോ ടെൻ മിനിട്സ് ഞാൻ കുളിച്ചിട്ട് വരാം..."
അമ്മ പോയതും ഉമ ജനാലയ്ക്കരികിലേക്ക് ഓരോട്ടമായിരുന്നു.
"ഡാ മഹി..."
"ഇവിടുണ്ടെടി..."
താഴത്തെ സ്ലാബിൽ ഇരുന്ന് കൈ കാണിച്ചത് ഇരുട്ടിലും അവൾ കണ്ടു...
"എന്തായി...? അമ്മയെന്ത് പറഞ്ഞു, നീയെന്താ വിളിച്ചിട്ട് എടുക്കാഞ്ഞത്... എങ്ങനെ ഇതിന്റകത്ത് വന്നു...?"
ചോദ്യങ്ങൾ ശരങ്ങൾ പോലെ പാഞ്ഞു...
"ഒറ്റ ശ്വാസത്തിൽ എല്ലാം ചോദിക്കാതെ ഞാൻ പറയാം... അമ്മ സമ്മതിച്ചില്ല നിന്റെ അച്ഛനേം ചെറിയച്ഛന്മാരേം പേടി... നേരിട്ടു പറയാമെന്നു കരുതിയാ ഞാൻ ഫോൺ എടുക്കാഞ്ഞത്... പിന്നെ അകത്തുകയറിയത് സത്യം പറഞ്ഞാൽ ഒരു പിടിയുമില്ല. എങ്ങനൊ വന്നു..."
"ഇനിപ്പോ എന്ത് ചെയ്യുമെടാ അമ്മ സമ്മതിച്ചാലല്ലേ കാര്യം നടക്കൂ...?"
"വഴിയുണ്ട് നീ കാര്യമായി സഹകരിക്കണം..."
മഹിയെ നേടിയെടുക്കാൻ എന്തിനും തയാറായ അവളോട് പ്രത്യേകിച്ച് ചോദിക്കേണ്ട കാര്യമില്ല അവൾ നൂറുവട്ടം സമ്മതം പറഞ്ഞു....
റേഷൻ വാങ്ങാൻ വൈകുന്നേരം നോക്കി ഇറങ്ങിയ ശാരദ ഇടറോഡിലൂടെ ജംഗ്ഷൻ ലക്ഷ്യമാക്കി നടക്കുന്നതിനിടയിലാണ് പിന്നിൽ നിന്നാരോ വിളിച്ചത്... ആരാണെന്നറിയാൻ തിരിഞ്ഞു നോക്കി...
"അമ്മേ... ഞാനാ ഉമ..."
കണ്ടാൽ ദേവത പോലൊരു പെങ്കൊച്ചിനെ കണ്ടതും അവർ നടത്തം നിർത്തി... ഇവളാണോ എന്റെ ചെറുക്കന്റെ മനസ്സിൽ കയറിക്കൂടിയ പെണ്ണ്... അവളിൽ നിന്ന് കണ്ണെടുക്കാതെ അവർ ചിരിച്ചു...
"മോളെ കാര്യങ്ങളൊക്കെ അവൻ പറഞ്ഞു. പക്ഷെ ഞാനീ കല്യാണത്തിന് സമ്മതിച്ചാൽ എന്താ നടക്കാൻ പോകുന്നതെന്ന് നിനക്കറിയാലോ...?"
"അറിയാം അമ്മേ... വലിയൊരു ലഹള തന്നെ നടന്നേക്കാം... പക്ഷെ അവനോടുള്ള എന്റെ ഇഷ്ടം ആത്മാർത്ഥമാണ്... അവനെയല്ലാതെ എനിക്ക് മറ്റൊരാളെ സങ്കൽപ്പിക്കാൻ കഴിയില്ല. അമ്മ സമ്മതിക്കണം..."
"അല്ല മോളെ നീയും അവനും എവിടെവച്ചാ കണ്ടിട്ടുള്ളത് എങ്ങനാ പരിചയം..."
ഉമ പുഞ്ചിരിച്ചു...
"ഞാൻ പ്ലസ് ടു പഠിക്കുമ്പോൾ അവൻ പത്താം ക്ലാസ്സിലാരുന്നു."
ശാരദ അവളെ നോക്കി കണ്ണ് മിഴിച്ചു... എന്റമ്മച്ചിയെ ഇവൾക്ക് അവനെക്കാളും രണ്ട് വയസ്സ് കൂടുതലാണല്ലോ... ഈ ചെറുക്കൻ ഇത് എന്ത് ഭാവിച്ചാ...
"മോളെ ഇതിപ്പോ ഞാനെന്ത് പറയാനാ... നിന്നെ എനിക്ക് ഇഷ്ടപെടാഴിക ഒന്നുമില്ല. എന്തായാലും ഞാൻ അവനോടൊന്ന് സംസാരിക്കട്ടെ എല്ലാം ഒത്തുവന്നാൽ നമുക്ക് നോക്കാം..."
ഉമയുടെ താടിക്ക് പിടിച്ചു കുലുക്കി പുഞ്ചിരിച്ചുകൊണ്ട് ശാരദ അവളെ സമാധാനിപ്പിച്ചു...
(തുടരും)
ഭാഗം 10
മഹേഷ് വരുന്നതും നോക്കി രാത്രി ശാരദ വീടിന് മുൻപിൽ കാത്തിനിന്നു. ഇന്ന് എന്തായാലും അവൻ വരാതിരിക്കില്ല അവളെ പറഞ്ഞു വിട്ടതിന്റെ ഫലം എന്താണെന്ന് അറിയണമല്ലോ....
"ആഹാ ഇതെന്താ മുറ്റത്ത് നിൽക്കുന്നത്...?"
"ആ ചിലപ്പോൾ ഞാനിനി മുതൽ മുറ്റത്ത് കിടക്കേണ്ടി വന്നാലോ? അതുകൊണ്ട് വെറുതെ നിന്നു നോക്കിയതാ..."
അകത്തേക്ക് കയറാൻ തുടങ്ങിയ അവനെ പിടിച്ചു നിർത്തിക്കൊണ്ട് അവർ തറപ്പിച്ചൊന്ന് നോക്കിയതും മഹേഷ് പരുങ്ങി...
"അവളിന്നെന്നെ കാണാൻ വന്നു, നിന്റെ ഉമ, നീ പറഞ്ഞിട്ടാ വന്നതെന്ന് പറയുകയും ചെയ്തു...
കിളിപോയ കണക്കെ അവൻ വീണ്ടും ഇളിച്ചു... അപ്പൊ ഇവൻ പറഞ്ഞിട്ടുണ്ട് ഉറപ്പാണ്... കള്ള ബടുവാ... ശാരദ പല്ല് ഞെരിച്ചു...
"രണ്ട് വയസ്സ് മൂത്ത പെണ്ണിനെ കെട്ടിക്കൊണ്ട് വരാൻ നിനക്ക് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ അല്ലേ...?"
"ഇല്ലമ്മേ പ്രായത്തിലൊക്കെ എന്തിരിക്കുന്നു. മനസ്സല്ലേ പ്രധാനം..."
പറഞ്ഞു കഴിഞ്ഞാണ് അബദ്ധം മനസ്സിലായത്... വളിച്ച ചിരിയോടെ അമ്മയെ നോക്കി...
"ഒരു കാര്യം പറഞ്ഞേക്കാം അവളെ അവളുടെ വീട്ടുകാര് വേറെ കെട്ടിക്കുവോ കെട്ടിക്കാതിരിക്കുവോ അത് നമ്മുടെ വിഷയമല്ല. നീയായിട്ട് വെറുതെ പ്രശ്നം ഉണ്ടാക്കരുത്... അത് ശരിയാവില്ല മോനെ..."
"അമ്മ പണ്ട് അച്ഛൻ വിളിച്ചപ്പോൾ ഇറങ്ങിപ്പോന്നത് അച്ഛന്റെ ജാതീം മതവും സ്റ്റാറ്റസ്സും നോക്കിയിട്ടാണോ...?"
ശാരദ അവനെ നോക്കി...
"അന്ന് നിന്റച്ഛൻ എന്നെ നോക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അതാണോ ഇവിടുത്തെ അവസ്ഥ... നിനക്ക് പറയത്തക്ക ജോലി എന്തെങ്കിലും ഉണ്ടോ, അവളുടെ വീട്ടിൽ പെണ്ണ് ചോദിച്ചു ചെല്ലാൻ..."
മഹേഷ് മറുപടി പറയാതെ നിന്നു. ശരിയാണ് രാഷ്ട്രീയം കളിച്ചു നടക്കുതല്ലാതെ പണിയൊന്നുമില്ല. എല്ലാം കൈവിട്ടു പോകുമെന്ന അവസ്ഥയിൽ അവൻ അമ്മയെ നോക്കുക പോലും ചെയ്യാതെ അകത്തേക്ക് കയറിപ്പോയി...
ദാമോദരൻ വിളിപ്പിച്ചത് പ്രകാരം മഹേഷും കുഞ്ഞുമോനും പാർട്ടി ഓഫീസിലെത്തുമ്പോൾ അവിടെ കുമാരനുമുണ്ട്...
"മഹേഷ് വാടോ വന്നിരിക്ക്... ഒരു സന്തോഷവാർത്ത പറയാനാ വിളിപ്പിച്ചത്... അടുത്ത ഇലക്ഷനിൽ ഇവിടെ മത്സരിക്കാൻ പാർട്ടി നിന്നെയാ തിരഞ്ഞെടുത്തിരിക്കുന്നത്..."
കുഞ്ഞുമോൻ സന്തോഷത്തോടെ അവന്റെ കയ്യിൽ പിടിച്ചമർത്തി... എന്തുകൊണ്ടോ അവന്റെ മുഖത്ത് കാര്യമായി തെളിച്ചം കണ്ടില്ല.
"അല്ല ദാമോദരേട്ടാ നിങ്ങളൊക്കെ ഉള്ളപ്പോൾ ഞാൻ നിൽക്കുന്നത് ശരിയല്ല. എനിക്കതിനുള്ള പക്വത വന്നിട്ടില്ല."
"ആരുപറഞ്ഞു ഇല്ലെന്ന്... നീ എടുത്ത പല തീരുമാനങ്ങളും ജനങ്ങളുടെ മനസ്സിൽ വലിയ പ്രതീക്ഷയാണ് കൊടുത്തിരിക്കുന്നത്... മാത്രമല്ല നീയാണ് നിൽക്കുന്നതെങ്കിൽ ഒരു വോട്ടും പുറത്തുപോവില്ല."
കുമാരനും അത് ശരിവച്ചു...
"മാത്രമല്ല നീ ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലാണെന്ന് കേട്ടല്ലോ അതിനെ വിളിച്ചിറക്കി കൊണ്ടുവരുമ്പോൾ നീയൊരു എംഎൽഎ ആണെങ്കിൽ നല്ലതല്ലേ... അല്ലങ്കിൽ മത്സരിക്കാൻ പോകുന്നയാളെന്ന് എല്ലാവരും അറിഞ്ഞാൽ മതിയല്ലോ..."
ദാമോദരൻ പറഞ്ഞതൊക്കെ ശരിയാണ്... മഹേഷ് ആലോചനയോടെ നിൽക്കുന്നത് കണ്ട് ദാമോദരൻ കുമാരനെ കണ്ണ് കാണിച്ചു...
"എന്റെ മഹേഷേ നീയിങ്ങനെ ആലോചിച്ചു നോക്കണ്ട കാര്യമില്ല. ചാലിട്ടയിൽ നമ്മുടെ പാർട്ടി തഴച്ചു കയറാൻ പോകുന്ന സമയമാ, നമ്മളൊക്കെ സ്വന്തം കാര്യം എന്നതിലുപരി പാർട്ടി എന്ന് മുഖ്യം കൊടുക്കുന്നവരാ അങ്ങനെയുള്ളപ്പോൾ ഇതൊക്കെ ആലോചിച്ചു തീരുമാനിക്കേണ്ട ഒന്നല്ല. ഞങ്ങളൊക്കെ അധികാരം മോഹിച്ചു വന്നവരല്ല ആയിരുന്നെങ്കിൽ എപ്പോഴേ മുന്നിട്ടിറങ്ങുമായിരുന്നു. നീ ധൈര്യമായിട്ട് ഇറങ്ങിക്കോ ഞങ്ങളൊക്കെ കൂടെയുണ്ട്..."
മഹേഷിന് കൂടുതലൊന്നും ചിന്തിക്കാനുള്ള അവസരം രണ്ടാളും കൊടുത്തില്ല. അവൻ സമ്മതം അറിയിച്ച് തിരികെപ്പോയി...
"എന്താ ചേട്ടന്റെ മനസ്സിലുള്ളത് എന്നോടെങ്കിലും പറയ്..."
"പറയാനുള്ളതല്ല കുമാരാ ചെയ്യാനുള്ളതാ... അവൻ വീണാൽ പിന്നെ നീയാ ലോക്കൽ കമ്മറ്റി നേതാവ് ഞാൻ അടുത്ത എംഎൽഎ, മുന്നോട്ട് പോകുന്തോറും നിനക്കും ഗുണം മാത്രമേ കിട്ടൂ പോരേ..."
കുമാരൻ സമ്മതത്തോടെ തലയാട്ടി ചിരിച്ചു...
കുമാരൻ റൂമിൽ ഫുൾ ബോട്ടിൽ പൊട്ടിച്ചു കുടി തുടങ്ങിയിട്ട് നേരം കുറെയായി... സുരഭി ഓംലറ്റ് പൊരിച്ചു കൊണ്ടുവരുമ്പോൾ കുമാരൻ ആടിത്തൂങ്ങി ഇരിപ്പുണ്ട്...
"ദേ മനുഷ്യാ ഇത് വേണ്ടേ... ബോധം പോയോ നിങ്ങടെ..."
"ബോധം പോയത് നിന്റെ തന്ത ചന്ദ്രന്റെ അങ്ങനൊന്നും ഞാൻ ഫിറ്റാവില്ല സുരഭി... എന്റെ ജീവിതം ഇനി എങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള സമയം വന്നെടി, ഇപ്പൊ ഞനെടുക്കുന്ന തീരുമാനമാണ് എന്റെ തലവര...
"തെളിച്ചു പറ മനുഷ്യാ..."
കുമാരൻ അറിയാവുന്ന കാര്യങ്ങളൊക്കെ സുരഭിയോട് പറഞ്ഞു.
"ദാമോദരൻ എന്താ ചെയ്യാൻ പോണതെന്ന് എന്നോടിതുവരെ പറഞ്ഞിട്ടില്ല. പക്ഷെ ഞാനായിട്ട് ഇപ്പൊ എന്തെങ്കിലും ചെയ്തേ തീരു..."
കുരുട്ടുബുദ്ധിയുടെ കാര്യത്തിൽ തന്റെ ഭർത്താവിനെ വെല്ലാൻ ആരുമില്ല എന്ന് അവൾക്ക് ഉറപ്പാണ്....
ജില്ലാക്കമ്മറ്റി കഴിഞ്ഞ് തിരികെ വരുമ്പോഴാണ് പതിവില്ലാതെ ഉമയുടെ കോൾ വരുന്നത്...
"എന്താടി..."
"ഏടാ പ്രശ്മാണ് അന്നു ഞാൻ പറഞ്ഞ കാര്യം നടക്കാൻ പോവാ എന്റെ പെണ്ണുകാണാൻ ആരാണ്ട് വരുന്നു. അച്ഛന്റെ പഴയൊരു കൂട്ടുകാരനാ അയാളുടെ മകന് വേണ്ടി..."
"നീ പേടിക്കാതെ വരുന്നയാളിന്റെ അഡ്രസ്സ് ഒന്ന് അയക്ക് ബാക്കി ഞാൻ നോക്കിക്കോളാം... എന്തായാലും ഞാനിവിടെ ഉള്ളപ്പോൾ നിന്നെ ആരും കെട്ടിക്കൊണ്ട് പോവില്ല. ഉറപ്പ്...
ഫോൺ കട്ടാക്കി, കുഞ്ഞിമോന്റെ നമ്പർ ഡയൽ ചെയ്ത് മഹേഷ് കാത്തിരുന്നു
ദേഷ്യത്തോടെ മുറിക്കുള്ളിൽ ഉലാത്തിക്കൊണ്ടിരുന്ന രമേശൻ നായർ, അടുത്ത് നിൽക്കുന്ന അനിയൻ സുരേഷ്, നാഗേഷ്, ജയേഷ്... എല്ലാം കണ്ടും കെട്ടും മാറിനിൽക്കുന്ന ഉമ, അമ്മ സോജ ഒപ്പം അനിയന്മാരുടെ ഭാര്യമാരും...
"എന്റെ കുടുംബത്തേക്കുറിച്ച് ഇത്രക്ക് മോശമായി അവരോട് പറയാൻ ഈ നാട്ടിൽ ആർക്കാ ഇത്ര ധൈര്യം...?"
"വെറുതെ വിടില്ല ഏട്ടാ, കണ്ടുപിടിച്ചാൽ കൊത്തിയരിയും ഞാൻ..."
സുരേഷ് രോഷം പുകഞ്ഞ് അലറുമ്പോൾ ഉമ ആലോചന മുടങ്ങിയതിന്റെ സന്തോഷത്തിലാണ്...
"മൊതലാളി ഒരാള് കാണാൻ വന്നിട്ടുണ്ട്...
"ആരാ...?"
"പാർട്ടി നേതാവ് മഹേഷ്..."
മഹേഷ് എന്ന പേര് കേട്ടതും ഉമയുടെ അടിവയറ്റിൽ ഒരു വെള്ളിടി വെട്ടി....
(തുടരും)
ഭാഗം 11
പുറത്ത് കാത്തിരിക്കുന്ന മഹേഷിന്റെ അരികിലേക്ക് വന്ന രമേശ് ചിരിച്ചു...
"എന്താ മഹേഷ് സാധാരണ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ തന്നെപ്പോലെ ഒരു നേതാവ് വരാറില്ലല്ലോ..."
"ഞാനിപ്പോ വന്നത് അതിനല്ല. മറ്റൊരു കാര്യം പറയാനാണ്..."
ഉമ വർധിച്ച ഹൃദയഭാരത്തോടെ കർട്ടന് പിന്നിൽ ഒളിച്ചു നിന്ന് അവരുടെ സംസാരം കേൾക്കാൻ ശ്രമിക്കുന്നുണ്ട്... ഇടയ്ക്ക് അച്ഛന്റെ ഒച്ച പൊന്തിയതും കാര്യങ്ങൾ കൈവിട്ടു പോയി എന്ന് മനസ്സിലായി... ചെറിയച്ഛന്മാരും അച്ഛനും കയർത്തു സംസാരിക്കുന്നു. വേഗം ഓടി വാതിൽക്കൽ എത്തുമ്പോൾ മഹേഷും കുഞ്ഞുമോനും വേറെ രണ്ടുമൂന്ന് പേരും..
"ഡാ നീ എത്ര രാഷ്ട്രീയക്കാരനായാലും ഞങ്ങളുടെ കുടുംബത്തിന്റെ മുറ്റത്തു വരാൻ എന്ത് അർഹതയുണ്ട്... ചില പീറ രാഷ്ട്രീയക്കാരുടെ ഊറ്റലൊന്നും ഇങ്ങോട്ട് എടുക്കരുത്, ഉമ എന്റെ മോളാ അവളെ ആർക്ക് കെട്ടിച്ചു കൊടുക്കണം എന്ന് ഞാനാ തീരുമാനിക്കുന്നത്..."
"ഞാനും ഉമയും മേജറാണ് ഞങ്ങൾ രണ്ടാളും ഇഷ്ടപ്പെട്ട് ജീവിക്കാൻ തീരുമാനിച്ചാൽ അത് തടയാൻ ആർക്കും അവകാശമില്ല. അതിപ്പോ അച്ഛനായാലും അമ്മയായാലും..."
"ഇറങ്ങിപ്പോടാ നായെ..."
സുരേഷ് മഹേഷിന്റെ നേരെ തിരിഞ്ഞതും കുഞ്ഞുമോൻ ഇടയ്ക്ക് കയറി... പുറത്തു നിന്ന പാർട്ടിക്കാർ മുഴുവൻ അകത്തേക്ക് തള്ളിക്കയറി വന്നതും രമേശും അനിയന്മാരും പകച്ചുപോയി... രാഷ്ട്രീയപരമായി അവർ ഭരണകക്ഷികളുമായി അടുപ്പം പുലർത്തുന്നവരാണ്..
"ഉമയ്ക്ക് എന്നെ ഇഷ്ടമാണെങ്കിൽ ഞാൻ വിളിച്ചാൽ വരുമെങ്കിൽ ഞാൻ കൊണ്ടുപോകും... അതിപ്പോ അച്ഛൻ തടസം നിന്നാലും..."
ഉമ മുന്നോട്ട് കാലെടുത്തു വച്ചതും രമേശ് അകത്തു നിന്ന് റൈഫിളുമായി പുറത്തേക്ക് വന്നു...
"രമേശ്..."
ദാമോദരനും കുമാരനും അകത്തേക്ക് ചാടിക്കയറി വന്നു... പുറത്ത് ആളുകൾ കൂടിയതും എല്ലാവരും എല്ലാം അറിഞ്ഞു എന്ന് അപ്പോഴാണ് അവരറിഞ്ഞത്...
"രമേശാ പിള്ളാര് തമ്മിൽ ഇഷ്ടമാ ഞങ്ങളെല്ലാവരും അവരുടെ കൂടെയുണ്ട്, വെറുതെ ഒരു സീൻ ഉണ്ടാക്കണ്ടാ..."
തങ്ങൾക്കെതിരെ പാർട്ടി മുഴുവൻ അണിനിരന്നത് കണ്ട് എന്തു ചെയ്യണമെന്നറിയാതെ നിന്ന രമേശും അനിയന്മാരും പല്ല് ഞെരിച്ചു... "
"ഡീ ഇത്രയും കാലം വളർത്തി വലുതാക്കിയ ഞങ്ങളൊക്കെ നിനക്ക് അന്യരാണ് അല്ലേ... ഈ ചെറ്റയും അവന്റെ ആളുകളും കൂടെയുണ്ടെന്ന് കരുതി ഒന്നിച്ചു ജീവിക്കാമെന്ന് കരുതണ്ടാ... ഞാൻ ജീവിച്ചിരുന്നാൽ സമ്മതിക്കില്ല. കൊത്തിക്കീറി കൊല്ലും ഞാനിവനെ, നീ വിധവയായാലും അതെനിക്ക് പ്രശ്നമല്ല."
രമേശിന്റെ വെല്ലുവിളിക്ക് പുല്ലുവില കൊടുത്ത് മഹേഷ് ഉമയുടെ കൈപിടിച്ചു പുറത്തേക്ക് നടന്നു...
റൂമിൽ ആശങ്കയോടെ സാരിത്തുമ്പ് കൈവിരലിൽ കോർത്ത് നിൽക്കുന്ന ഉമയെ കണ്ടുകൊണ്ടാണ് ശാരദ മഹേഷിന്റെ റൂമിലേക്ക് വന്നത്...
"മോളെന്താ ഇങ്ങനെ പേടിച്ചു നിൽക്കുന്നെ ഇത് നിന്റെ വീടല്ലേ... ഇനിയങ്ങോട്ട് ജീവിക്കണ്ട വീട്, അവിടെയുള്ള സൗകര്യങ്ങൾ ഒന്നും ഇവിടെ കാണില്ല പക്ഷെ നിന്നെ സ്നേഹിക്കാനും പൊന്നുപോലെ നോക്കാനും അവന് കഴിയും എന്ന് പൂർണ്ണ വിശ്വാസം എനിക്കുണ്ട്..."
അമ്മ കൊടുത്ത ധൈര്യം അവൾക്ക് മനസ്സ് ശാന്തമാക്കാൻ ഏറെ സഹായിച്ചു... മഹേഷ് കയറിവന്നതും അവർ ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി...
"നീയെന്താ ഇങ്ങനെ നിൽക്കുന്നത് ഉമേ... എല്ലാം നമ്മള് വിചാരിച്ചതിലും വേഗത്തിൽ നടന്നുപോയി... ഒട്ടും പ്രതീക്ഷിക്കാൻ കഴിഞ്ഞില്ല."
ഉമയുടെ താടി പിടിച്ചുയർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി... കുളികഴിഞ്ഞ് പൂക്കളുള്ള മഞ്ഞ നൈറ്റിയിട്ട് നിൽക്കുന്ന അവൾ കാര്യമായി ഒരുങ്ങുകയോ ഒന്നും ചെയ്തിട്ടില്ല. മുടി വെറുതെ കുളിപ്പിന്നലിട്ടിട്ടുണ്ട്... അവളുടെ സൗന്ദര്യം ആവോളം ആസ്വദിച്ചു നിന്ന അവൻ നെറ്റിയിൽ മൃദുവായി ചുംബിച്ചു... കണ്ണടച്ചു നിന്ന ഉമ കണ്ണ് തുറന്ന് അവന്റെ മുഖത്തേക്ക് നോക്കി...
"ഞാനൊന്ന് കുളിച്ചിട്ട് വരാം, ഇവിടെ കൂടുതൽ സൗകര്യങ്ങൾ ഉണ്ടാവില്ല കേട്ടോ..."
"പോടാ..."
തോർത്ത് കയ്യിൽ കൊടുത്ത് അവനെ കുളിക്കാൻ പറഞ്ഞുവിട്ട് ഉമ അടുക്കളയിലേക്ക് നടന്നു... ശാരദ രാത്രിയിലേക്ക് കഴിക്കാൻ സദ്യ തന്നെ ഉണ്ടാക്കിയിട്ടുണ്ട്...
"അമ്മേ..."
"വാ മോളെ... അവനെന്തിയെ കുളിക്കാൻ പോയോ...?
അതേയെന്ന് തലയാട്ടി....
"അമ്മയ്ക്ക് എന്നെ ഇഷ്ടമല്ലാരുന്നു എന്നെനിക്കറിയാം, അവനേക്കാൾ രണ്ട് വയസ്സ് കൂടുതലുണ്ട് വലിയ വീട്ടിലെ കുട്ടി..."
ഉമയ്ക്ക് പറഞ്ഞു മുഴുമിപ്പിക്കാൻ കഴിയുന്നതിനു മുൻപ് ശാരദ ഇടയ്ക്ക് കയറി...
"ഇഷ്ടക്കുറവ് ഒരിക്കലും ഉണ്ടാകില്ല മോളെ... പേടിയാ എനിക്ക് എനിക്ക് അവനും അവന് ഞാനും മാത്രമേയുള്ളു... നിന്റെ വീട്ടുകാർ വെറുതെയിരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ, സത്യം പറഞ്ഞാൽ ഇപ്പോഴും ആ പേടി എനിക്കുണ്ട്... പക്ഷെ എല്ലാം നടന്നു കഴിഞ്ഞു. ഇനി മുന്നോട്ടുള്ള കാര്യങ്ങൾ ചിന്തിക്കണം അടുത്ത ഇലക്ഷനിൽ അവനെ സ്ഥാനാർഥിയാക്കുമെന്നാ പറഞ്ഞത്, എല്ലാം നമുക്ക് നല്ലതായി ഭവിക്കട്ടെ..."
ശാരദ അവളെ ചേർത്തുപിടിച്ച് പുഞ്ചിരിച്ചു... പെട്ടന്ന് കറണ്ട് പോയതും ഇരുവരും ഒന്ന് ഞെട്ടി... അടുപ്പിൽ നിന്നുള്ള വെളിച്ചത്തിൽ ടോർച്ചു തപ്പിയെടുത്ത് അവർ ഉമയെ ഏൽപ്പിച്ചു...
"അവൻ കുളിക്കുവല്ലേ മോളിത് അങ്ങോട്ട് കൊണ്ടുചെല്ല്..."
ഉമ ടോർച്ച് തെളിയിച്ച് വീടിന് പുറത്തേക്ക് വന്നതും ആരൊക്കയോ ഓടുന്ന ശബ്ദം കേട്ടു... മഹി!!! അവളുടെ നെഞ്ചിലൊരു പിടച്ചിൽ പടർന്നു... അച്ഛൻ, അച്ഛനും ചെറിയച്ഛന്മാരും വെറുതെയിരിക്കില്ല. മുറ്റത്തേക്കിറങ്ങുമ്പോൾ പെട്ടന്ന് ആരോ വാ പൊത്തിപ്പിടിച്ചതും അവൾ കുതറി മാറാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മഹി??
(തുടരും)
ഭാഗം 12
ഉമ ബലിഷ്ഠമായ കൈകളിൽ ശബ്ദിക്കാൻ കഴിയാതെ പിടച്ചു... കിണറ്റ് കരയിൽ എന്തൊക്കയോ സംഭവിക്കുന്നുണ്ട്, ആരോ കുതറി ഓടുന്നു, നിലവിളിക്കുന്നു... വായ് പൊത്തിപ്പിടിച്ച കൈകളിൽ കടിച്ചു മുറിച്ചുകൊണ്ട് പിന്നിലേക്ക് തള്ളി...
കിണറ്റ് കരയിലേക്ക് ഓടിയതും എന്തോ ഒന്ന് കിണറ്റിലേക്ക് വീഴുന്ന ശബ്ദം കേട്ടതും അവൾ ഞെട്ടി നിന്നു...
"മഹീ....
ഉമയുടെ ഉച്ചത്തിലുള്ള നിലവിളിക്കൊപ്പം കറണ്ട് വന്നു... ചുറ്റും വെളിച്ചം പരന്നു... നിലത്ത് വീണുകിടക്കുന്ന കുറേ ആളുകൾ... മഹിയെ കാണാനില്ല. കുഞ്ഞുമോനും കുറേ ആളുകളും വീടിന്റെ പിന്നിൽ നിന്ന് ഓടിവന്നു...
"മഹിക്ക് ഒന്നുമില്ല ചേച്ചി പേടിക്കണ്ടാ..."
അവർക്ക് പിന്നാലെ തോർത്ത് ഉടുത്ത് മഹി വരുന്നത് കണ്ടതും അവൾ കരഞ്ഞുകൊണ്ട് ഓടിച്ചെന്നു കെട്ടിപ്പിടിച്ചു...
"ഒന്നൂല്ല പേടിക്കാതെ ദാ നോക്ക് എനിക്ക് ഒരു കുഴപ്പവുമില്ല."
ഉമ അവന്റെ നെഞ്ചിൽ മുഖമമർത്തി കരഞ്ഞു... ശബ്ദം കേട്ട് ശാരദയും വന്നു...
"നിന്റെ അച്ഛനും ചെറിയച്ഛന്മാരും എന്തേലും പണി ഒപ്പിക്കുമെന്ന് എനിക്കറിയാരുന്നു. അതാണ് ഞാൻ കുഞ്ഞുമോനേം പിള്ളാരേം റെഡിയാക്കി നിർത്തിയത്..."
ഉമയും ശാരദയും എല്ലാവർക്കും കാപ്പിയിട്ട് കൊണ്ടുവന്നപ്പോഴേക്കും കിണറ്റിൽ വീണവനെ എല്ലാവരും ചേർന്ന് കരക്കെത്തിച്ചു... അവന്മാർ ജീവനുംകൊണ്ട് രക്ഷപെട്ടു... കുഞ്ഞുമോൻ എല്ലാവരേം വിളിച്ച് കാപ്പി കൊടുത്തു...
"എന്നാപ്പിന്നെ ഞങ്ങക്കിറങ്ങട്ടെ മഹി നിങ്ങള് കഴിച്ചിട്ട് കിടക്ക് തല്ക്കാലം ആരും ഇങ്ങോട്ട് വരില്ല."
കുഞ്ഞുമോനും കൂട്ടരും പോയതും മഹി കുളിക്കാൻ പോയി അവൻ തിരിച്ചു വരുന്നതുവരെ അവർ രണ്ടാളും മുറ്റത്തു തന്നെ നിന്നു....
ഉമയുടെ വയറ്റിൽ തലവച്ചു കിടന്ന മഹിയുടെ ഇടത് കൈ അവളുടെ തലമുടിയിലൂടെ തഴുകിക്കൊണ്ടിരുന്നു.
"എന്റെ ജീവനാ പോയത് , ഒരു നിമിഷം ഞാൻ ചത്തു ജീവിച്ചു... എന്റെ അച്ഛനും കൂട്ടരും ഇതും ഇതിന്റെ അപ്പുറവും ചെയ്യുമെന്നറിയാം എന്നാലും ഇത്ര പെട്ടന്ന്... എനിക്കെന്തോ പേടിയാവുന്നു മഹി... നമുക്കീ നാട്ടീന്നു പോകാം... പ്ലീസ്..."
മഹി എണീറ്റ് ഉമയെ വലിച്ചെണീപ്പിച്ചു നെഞ്ചിലേക്കിട്ടു... അവളുടെ മൂർദ്ധാവിൽ ഉമ്മവച്ചു...
"എടി പെണ്ണെ അങ്ങനെ ഒളിച്ചോടാനാണോ ഞാൻ നിന്നെ നിന്റെ വീട്ടിൽ വന്നു വിളിച്ചിറക്കിയത്... തൊട്ടോടാൻ മഹേഷ് ഒരുക്കമല്ല. ആരും നമ്മളെ ഒന്നും ചെയ്യില്ല."
നിറഞ്ഞ കണ്ണുകൾ തുടച്ച് മഹിയെ നോക്കി ചിരിക്കാൻ ശ്രമിച്ച ഉമ അവന്റെ നെറ്റിയിൽ ഉമ്മ വച്ചു... സമയം മനസ്സിന്റെ കെട്ടുപാടുകൾ പൂട്ടിവച്ച ചങ്ങലക്കണ്ണികൾ അഴിച്ചെറിഞ്ഞ് വെള്ളരിപ്രാവുകളായി ആകാശത്തേക്ക് ചിറകുവിടർത്തി പാറിപ്പറന്നു... ഉമയുടെ ചെഞ്ചുണ്ടുകൾ രുചിയോടെ തന്റെ ഇണയെ നുകർന്നു... ഹൃദയത്തിൽ കോറിയിട്ട കനലുകൾ വീണ് ജ്വലിച്ച പ്രണയം രക്തത്തിന്റെ സീൽക്കാരം നിറഞ്ഞ കാറ്റിൽ വീണ്ടും വീണ്ടും ആളിക്കത്തി...
വീണ്ടും രാവിന്റെ തണുത്ത പുഷ്പങ്ങൾ ഹൃദയത്തെ പൊതിയാൻ തുടങ്ങിയതും തണുത്ത തളർച്ച ഉടലുകളെ അകറ്റി... തൃപ്തിയുടെ ഉപ്പ് കലർന്ന നീരിച്ചാലുകൾ എവിടേക്കെന്നില്ലാതെ ഒഴുകിയിറങ്ങി... മഹേഷിന്റെ നെഞ്ചിൽ തലവച്ചു കിടന്ന ഉമയുടെ ഹൃദയത്തിന്റെ താളം അവനറിഞ്ഞു... കിതപ്പുകൾ വാക്കുകൾക്ക് ഇട കൊടുക്കാതെ കണ്ണുകളിൽ ആനന്ദം നൽകി അവയെ പുൽകിയണച്ചു...
ഊടുപുടവകളുടെ മറയില്ലാതെ ഇണകളായ രണ്ട് ശരീരത്തെ ഒന്നുചേർത്ത നിർവൃതിയിൽ രാത്രി നിശ്വാസത്തോടെ കണ്ണടച്ചു...
ഉമയെ വരിഞ്ഞു മുറുക്കി തന്നിലേക്ക് ചേർത്തുപിടിച്ച് മഹി കണ്ണ് തുറന്നു...
"ഉമാ..."
"ഉം..."
നാണം കലർന്ന ചെറുചിരി ആ ശബ്ദത്തിൽ ഒളിച്ചിരുന്നു. അവൾ അഴിഞ്ഞുലഞ്ഞ മുടി വകഞ്ഞുമാറ്റി തലപൊക്കി അവന്റെ മുഖത്തേക്ക് നോക്കി... എത്തിവലിഞ്ഞ് ചുണ്ടുകളെ ചുണ്ടുകൾ കൊണ്ട് വരിഞ്ഞു മുറുക്കി ആഴത്തിൽ ഒരുമ്മ....
"ലവ് യൂ മഹി..."
അവന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തിയ അവളുടെ ഉടലിന്റെ ചൂട് പതിയെ തണുത്ത വിയർപ്പിൽ കലർന്നു. തളർന്നുറങ്ങുന്ന തന്റെ പെണ്ണിനെ ചേർത്തുപിടിച്ചു... രാത്രി അവർക്ക് കാവലായി ചുറ്റും ഇരുട്ടിന്റെ വലയം വിരിച്ചു...
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുന്നണി സ്ഥാനാർഥികളെ നിശ്ചയിക്കുന്ന സമയം വന്നെത്തി... പല ഓലപാമ്പുകളും തലപൊക്കുന്ന സമയം, ചെങ്കോട്ടപുരത്തിനു കൂടുതലായി ഒന്നും ആലോചിക്കേണ്ട കാര്യമില്ല. പ്രായഭേതമന്യേ അടുത്ത കാലത്തായി സജീവമായി പ്രവർത്തിക്കുന്ന മഹേഷിനെ പാർട്ടി തീരുമാനിച്ചത് എല്ലാവരും സന്തോഷത്തോടെ കയ്യടിച്ചു സ്വീകരിച്ചു...
"പാർട്ടി ചുമതലപ്പെടുത്തിയ ജോലി ഞാൻ സന്തോഷത്തോടെ നിർവ്വഹിക്കുകയാണ്, നമ്മുടെ പ്രിയങ്കരനായ മഹേഷ് അടുത്ത തിരഞ്ഞെടുപ്പിൽ ചെങ്കോട്ടപുരത്ത് മത്സരിക്കുന്നു."
തുടർന്ന് മഹേഷ് നന്ദി പറഞ്ഞു. കുഞ്ഞുമോനും കൂട്ടരും സന്തോഷം പടക്കം പൊട്ടിച്ച് ആഘോഷിച്ചു... ദാമോദരനും കുമാരനുമുൾപ്പടെ എല്ലാവരും മീറ്റിംഗ് കഴിഞ്ഞ് പിരിഞ്ഞുപോയി...
ആരതിയുഴിഞ്ഞാണ് ശാരദയും ഉമയും മഹേഷിനെ അകത്തേക്ക് കയറ്റിയത്... മഹേഷ് വായിലേക്ക് വച്ചുകൊടുത്ത ലഡ്ഡു കഴിച്ചുകൊണ്ട് ഉമ അവന്റെ നെഞ്ചിലേക്ക് വീണു...
"മഹിയെ..."
മുറിയുടെ വാതിലക്കൽ വന്നു കുഞ്ഞുമോൻ വിളിച്ചതും രണ്ടുപേരും അകന്നുമാറി...
"എന്താടാ...?"
പതർച്ച മറച്ച് അവൻ ചോദിച്ചു, ഉമയുടെ മുഖത്ത് ജാള്യത നിറഞ്ഞു...
"ഞങ്ങളിറങ്ങുവാ കാര്യങ്ങൾ നടക്കട്ടെ, വാതിലൊക്കെ ഒന്ന് അടച്ചിട് കൊതുക് കയറും..."
അവന്റെ പിന്നാലെ നടന്ന മഹി ഉമയെ നോക്കി ചിരിച്ചു അവൾ കോക്രി കാണിച്ചുകൊണ്ട് അവന്റെ പിന്നാലെ വന്നു... എല്ലാവരും ചായകുടി കഴിഞ്ഞ് പോകാൻ നിൽക്കുകയാണ്...
"അപ്പൊ സഖാവേ പാക്കലാം... "
കുഞ്ഞുമോന്റെ ചിരി കണ്ട് മഹി അവനെ കടുപ്പിച്ചു നോക്കി അവൻ കണ്ണ് ചിമ്മിക്കാണിച്ചു... എല്ലാവരും യാത്ര പറഞ്ഞിറങ്ങി...
(തുടരും)
ഭാഗം 13
കുമാരനും സുരഭിയും കാര്യമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ദക്ഷ അങ്ങോട്ട് വന്നത്... തന്റെ ഒരേയൊരു മകളെ ഭാര്യവീട്ടിൽ നിർത്തി പഠിപ്പിക്കുകയാണ് കുമാരൻ...
"ഇതെന്താ രണ്ടാളും ഇവിടിരിക്കുന്നത്..."
വരാന്തയിലിരിക്കുന്ന അച്ഛനുമമ്മയേയും കണ്ടുകൊണ്ട് വന്ന അവൾ ചോദിച്ചു...
"എന്ത് പറയാനാ മോളെ ഇവിടെ നടക്കുന്നതൊക്കെ കേട്ടാൽ നിനക്ക് തന്നെ അറയ്ക്കും..."
അച്ഛനെന്താ പറഞ്ഞു വരുന്നതെന്ന് മനസ്സിലാവാതെ അവൾ അമ്മയെ നോക്കി... കുമാരൻ പറഞ്ഞ കാര്യങ്ങളൊക്കെ കേട്ട് ദക്ഷയും ആദ്യമായി കേട്ട സുരഭിയും അമ്പരന്നു...
"ഇതുപോലെയുള്ളവരെ കൊല്ലണം... കൊന്നിട്ട് അച്ഛന് നിന്നൂടെ ഇലക്ഷന്... അവനെപ്പോലെ ഒരാൾ ഇവിടെ ജയിക്കരുത് അതിന് നമ്മൾ സമ്മതിക്കരുത്..."
ദക്ഷയുടെ മുഖം ചുവക്കുന്നതും അവൾ പല്ല് ഞെരിച്ചു പറയുന്നതും സുരഭി ശ്രദ്ധിച്ചു... അവൾ അകത്തേക്ക് പോയതും സുരഭി ഭർത്താവിനെ തോണ്ടിവിളിച്ചു...
"നിങ്ങളെന്താ മനുഷ്യ ഇങ്ങനൊക്കെ അവളോട് പറഞ്ഞത്...?"
"തല്കാലം ഇത് അങ്ങനെയിരിക്കട്ടെ എന്തായാലും കാര്യങ്ങൾ എനിക്ക് അനുകൂലമാക്കണം..."
കുമാരൻ എല്ലാം തീരുമാനിച്ചുറപ്പിച്ച മട്ടിൽ എണീറ്റ് മുണ്ട് മുറുക്കിയുടുത്തു...
രാവിലേ ഉറക്കമുണർന്നെങ്കിലും മഹേഷ് കിടക്കയിൽ നിന്നെണീക്കാതെ കണ്ണ് തുറന്ന് കിടക്കുകയാണ്...
"എണീക്കണില്ലേ കള്ളച്ചെറുക്കാ..."
രാവിലെ കുളിച്ച് കോട്ടൺ സാരി അഴകൊടെ ഞൊറിഞ്ഞുടുത്ത് നനഞ്ഞ മുടി തോർത്തിൽ പൊതിഞ്ഞു വച്ച് മൂക്കുത്തിയിളക്കി ചിരിച്ചു... കാപ്പിക്കപ്പ് ടേബിളിൽ വച്ച് തിരിഞ്ഞതും അവളെ വലിച്ചു നെഞ്ചിലേക്കിട്ടു...
"ഒന്ന് വിട് ചെക്കാ അടുക്കളയിൽ കുറേ പണിയുണ്ട്, അമ്മ വന്നാൽ ആകെ നാണക്കേടാകും കതക് തുറന്നു കിടക്കുവാ..."
അവളുടെ കവിളിലൂടെ മൂക്കുരുമ്മി പൊക്കിളിൽ നാവിളക്കിയതും ഉമ പിടഞ്ഞുപോയി... അവളുടെ കൈകൾ കൂട്ടിപ്പിടിച്ചു, ഉടലാകെ വിറഞ്ഞു കയറിയതും ഉമയുടെ കൺപീലികൾ വിറച്ചു... കണ്ണ് തുറന്ന് നോക്കിക്കൊണ്ട് അങ്ങനെ കിടന്നു...
"ഡാ തെമ്മാടി എന്നെ വിടടാ അമ്മായിപ്പോ വരും..."
മഹിയുടെ മുഖത്തെ കുറ്റിത്താടി കഴുത്തിലെ ധമനികൾക്ക് മീതെ വർണരാജി തീർത്തതും ഹൃദയം രക്തക്കുതിപ്പിൽ മർദ്ദം തീർത്തു... ചുണ്ടുകളിൽ നനവ് പടർത്തി അവൾ അവനെ തന്നിലേക്ക് ക്ഷണിച്ചതും മഹി അവൾക്കരികിലേക്ക് എത്തിവലിഞ്ഞു നീങ്ങിയതും ഉമ അവനെ തള്ളിമാറ്റി പുറത്തേക്കോടി...
"ഡീ..."
"പോടാ..."
അവൾ പോയ വഴിയേ നോക്കിക്കൊണ്ട് അവൻ കിടക്കയിൽ കൈകുത്തി എണീറ്റിരുന്ന് കാപ്പിക്കപ്പ് കയ്യിലെടുത്തു...
രാവിലെ കുളിച്ച് കാപ്പികുടിച്ചു കഴിഞ്ഞപ്പോഴാണ് മഹിക്ക് ദാമോദരന്റെ ഫോൺ വന്നത്... കുഞ്ഞുമോനെ കാണാനില്ല. രാത്രി വീട്ടിൽ എത്തിയിട്ടില്ല.
"മഹി എനിക്ക് പേടിയാവുന്നെടാ, അന്ന് കുഞ്ഞുമോനല്ലേ അവരെയൊക്കെ അടിച്ചോടിച്ചത്... അവര് പിടിച്ചുകൊണ്ടു പോയതാണോ..."
"നീ പേടിക്കാതെ ഉമേ... അവന് ഒന്നും സംഭവിക്കില്ല. ഞാനൊന്ന് പോയിട്ട് വരാം..."
ഉമയും ശാരദയും അവൻ പോകുന്നതും നോക്കി വിഷണ്ണരായി നിന്നു...
"ഏടാ ഇത് രമേശൻ നായരുടെ കളിയാ... അല്ലാതെ കുഞ്ഞുമോനെ പോക്കാനായിട്ട് അവന് ശത്രുക്കളാരുമില്ല. നമുക്ക് അവിടെ വരെയൊന്ന് പോകാം... നീ വന്നേ..."
ദാമോദരനും കുമാരനും മഹിയെ കൂട്ടി രമേശന്റെ വീട്ടിലേക്ക് പോകാനായി കാറിലേക്ക് കയറി...
അവർ ചെല്ലുമ്പോൾ രമേശൻ നായർ വീടിന്റെ പൂമുഖത്ത് തന്നെ ഇരിപ്പുണ്ട്... മഹിയെ കണ്ടതും മുഖം വലിഞ്ഞു മുറുകി...
"ഞങ്ങള് വഴക്കിനു വന്നതല്ല രമേശാ കുഞ്ഞുമോൻ എവിടെ?"
"ഏത് കുഞ്ഞുമോൻ? ആരെയെങ്കിലും കാണാതായെങ്കിൽ അത് എന്റെ മുറ്റത്ത് വന്നു ചോദിക്കാൻ മാത്രം ഞാൻ നിങ്ങളുടെ ആരാ ദാമോദരാ... അതോ എന്റെ മോളെ പറഞ്ഞു മയക്കി കൊണ്ടുപോയ ഇവനെപ്പോലുള്ള ചെറ്റയെ കൂടെക്കൊണ്ടുവന്ന് അവൻ പറയുന്നതൊക്കെ വിശ്വസിച്ച് എന്നെ പ്രതിയാക്കാൻ ശ്രമിക്കുകയാണോ...?
"ഡോ താൻ ഉമയുടെ അച്ഛനാണ്, എന്നു കരുതി എന്നോടുള്ള ദേഷ്യം എന്റെ കൂടെയുള്ളവനോട് തീർക്കാൻ നോക്കിയാൽ വെറുതെ വിടത്തില്ല ഞാൻ..."
മഹി ദേഷ്യത്തോടെ വിരൽ ചൂണ്ടിക്കൊണ്ട് അയാൾക്ക് നേരെ നടന്നടുത്തതും കുമാരൻ അവനെ പിന്തിരിപ്പിച്ചു...
കുഞ്ഞുമോനെ കാണാതായിട്ട് ഒരു രാത്രിയും പകലും കഴിഞ്ഞിരിക്കുന്നു. അവൻ പോകാൻ സാധ്യതയുള്ള എല്ലാ സ്ഥലത്തും അന്വേഷിച്ചു കഴിഞ്ഞു...
"അളിയാ അവനെ ആരെങ്കിലും എന്തെങ്കിലും...?"
സജി മഹിയുടെ അടുത്തിരുന്നു കരഞ്ഞു. കുഞ്ഞുമോൻ അല്പം അന്തർമുഖനായിരുന്നു. മഹിക്കൊപ്പം കൂടിയതിനു ശേഷമാണ് ഒരുപാട് മാറ്റങ്ങൾ ഉണ്ടായത്... അവന്റെ അമ്മ മറിയാമ്മയും അപ്പൻ ജോസഫും എല്ലാത്തിനും സപ്പോർട്ടാണ്...
മഹിക്ക് കോൾ വന്നതും അവൻ എടുത്തു നോക്കി... ഉമയാണ്... അവൾ പറഞ്ഞ വിവരം കേട്ട് അവൻ സന്തോഷത്തോടെ ചാടിയെണീറ്റു...
"ഏടാ അവൻ വന്നു. വീട്ടിലൊണ്ട് ഉമയാ വിളിച്ചത്... വാ നമുക്കങ്ങോട്ട് പോകാം..."
എല്ലാവരും സന്തോഷത്തോടെ എണീറ്റു...
"ഡാ നീ വീട്ടിലേക്ക് പൊയ്ക്കോ ഞങ്ങള് അവന്റെ വീട്ടിൽ ചെന്ന് വിവരം പറഞ്ഞ് അവരേം കൂട്ടി അങ്ങോട്ട് വന്നേക്കാം..."
സജി കൂടെയുള്ളവരെ കൂട്ടി കുഞ്ഞുമോന്റെ വീട്ടിലേക്ക് പോയി, മഹി ബൈക്കിലേക്ക് കയറി സ്റ്റാർട്ടാക്കിയതും പെട്ടന്ന് മഴ ഇരച്ചുവന്നു... പെരുമഴ വഴിയിലുള്ളതൊന്നും കാണാൻ കഴിയുന്നില്ല. ബൈക്ക് പതിയെ ഓടിച്ചു മുന്നോട്ട് പോകുന്നതിനിടെ ഇടയ്ക്ക് സ്ട്രീറ്റ് ലൈറ്റുകൾ മിന്നിത്തുടങ്ങി...
പെട്ടന്ന് ബൈക്കിന് മുൻപിലേക്ക് ആരോ ചാടിയതും മഹി ഹാൻഡിൽ വെട്ടിച്ചുമാറ്റി... റോഡിലൂടെ നിരങ്ങിപ്പോയ വണ്ടി ഇലക്ട്രിക്ക് പോസ്റ്റിൽ തട്ടി നിന്നു... റോഡിൽ കിടക്കുന്ന രൂപത്തിനടുത്തേക്ക് വന്നതും അവനൊന്നു ഞെട്ടി!!
കുഞ്ഞുമോൻ....
(തുടരും)
ഭാഗം 14
കുഞ്ഞിമോന്റെ മുഖത്ത് ഒട്ടിച്ചുവച്ചിരിക്കുന്ന ടേപ്പ് ഇളക്കിമാറ്റി...
"അളിയാ അയാള് ആ രമേശ് എന്നെ..."
അപ്പോഴാണ് അവന്റെ വയറ്റിൽ തുളച്ചുകയറിയ കമ്പികഷ്ണം മഹി കണ്ടത്....
"കുഞ്ഞുമോനെ... ഏടാ..."
മഴ കോരിച്ചൊരിഞ്ഞു... പിന്നിലൊരു ജീപ്പ് വന്നു നിൽക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ ഉമയുടെ കഴുത്തിൽ കത്തിവച്ച് ഒരുത്തൻ ഇറങ്ങി പിന്നാലെ ഏഴോളം പേര്... കുഞ്ഞുമോൻ ഉറക്കെ കരഞ്ഞു...
"മഹി..."
ഉമ കരച്ചിലോടെ അവനെ വിളിച്ചു... മഹി എന്ത് ചെയ്യണമെന്നറിയാതെ കുഞ്ഞുമോനെ നോക്കി... രണ്ട് പേര് വന്ന് അവനെ തള്ളിമാറ്റി കുഞ്ഞുമോനെ എടുത്ത് ജീപ്പിനരികിലേക്ക് കൊണ്ടുപോയി, മഹി പിന്നാലെ പോയെങ്കിലും ഉമയുടെ കഴുത്തിൽ കത്തി വച്ചവർ അവനെ ഭീഷണിപ്പെടുത്തി... മഴയുടെ ശക്തി കുറഞ്ഞതും ഒരു വിസിലടി കേട്ടു... ഉമയെ അവർ പിന്നിലേക്ക് വലിച്ചുകൊണ്ടുപോയി... അവളുടെ കരച്ചിൽ വകവെയ്ക്കാതെ ജീപ്പിന്റെ പിന്നിലേക്ക് വലിച്ചുകയറ്റി പടുത വലിച്ചിട്ടു...
"ഉമേ..."
മഹേഷ് മുന്നോട്ട് കുതിക്കാൻ ശ്രമിച്ചതും ആയുധങ്ങളുമായി ഏഴുപേർ അവന് ചുറ്റും നിരന്നു... വർധിച്ച കോപം നിയന്ത്രിക്കാൻ കഴിയാതെ കവിളുകൾ വിറഞ്ഞു... മുണ്ട് മടക്കിക്കുത്തി അവൻ തയാറായി... മഴയുടെ ശക്തിക്കൊപ്പം മഹേഷും ഏഴുപേരും തമ്മിൽ തമ്മിൽ പാഞ്ഞടുത്തു...
മുന്നിൽ വന്ന രണ്ടുപേരെ നിസ്സാരമായി ചവിട്ടി വീഴ്ത്തിയതും പിന്നിൽ നിന്നവൻ മഹേഷിന്റെ പുറത്ത് ആഞ്ഞുവെട്ടി... നിലതെറ്റി വീഴാൻ പോയ മഹി ബാലൻസ് ചെയ്ത് സ്റ്റീൽ കത്തിയുമായി ചാടിവന്നവനെ മറ്റൊരുത്തന്റെ മുകളിലേക്ക് തള്ളിയിട്ട് മുന്നോട്ട് നടന്നു, ബാലൻസ് പോകുന്നുണ്ട്... ഉമയെ കയറ്റിയ ജീപ്പ് ഇരുട്ടിൽ മറയുന്നത് കണ്ട് മഹി അതിന് പിന്നാലെ കുതിച്ചു, പടുതായ്ക്കിടയിൽ നിന്ന് ഉമയുടെ വളയിട്ട കൈകൾ പുറത്തേക്ക് വരുന്നത് അവൻ വ്യക്തമായി കണ്ടു...
"ആാാ..."
കത്തിയുമായി ചാടി വീണവൻ മഹിയുടെ ശരീരത്തിലേക്ക് ചാഞ്ഞതും അവൻ സ്റ്റക്കായി നിന്നു... മഹിയുടെ കണ്ണുകൾ മഴയിൽ തുറിച്ചു നിന്നു നെഞ്ചിൽ തുളച്ചുകയറിയ സ്റ്റീൽക്കത്തി... പിന്നാലെ വന്നവർ അവനെ പിടിച്ചു വലിച്ചു... ശരീരം വെട്ടിനുറുക്കാൻ പാകത്തിന് ഓരോരുത്തരും ആയുധങ്ങൾ വീശി... ശരീരത്തിന്റെ മുഴുവൻ ബാലൻസും നഷ്ടപെട്ട അവൻ നിലത്തേക്ക് വീണു...
തൊട്ടരികിൽ വന്നു നിന്ന ഓട്ടോറിക്ഷയിൽ നിന്നിറങ്ങിയ ആളെ കണ്ട് മഹേഷ് ഞെട്ടി... കാക്കി ഷർട്ട് മഴയിൽ കുതിർന്നു...
"നീ..."
കൂടി നിന്നവരിൽ നിന്ന് ഒരുവൻ സ്റ്റീൽ
കത്തി അവന്റെ കയ്യിലേക്ക് വച്ചുകൊടുത്തു...
"ഏടാ നീ..."
നീട്ടിത്തുപ്പിക്കൊണ്ട് അവൻ കത്തിയുമായി മുന്നോട്ട് കുനിഞ്ഞതും മഹി മുൻകാല് പൊക്കി അവനെ ചവിട്ടി മാറ്റി... എണീറ്റ് നിന്ന് ചുറ്റും നോക്കി കണ്ണുകളിൽ ഇരുട്ട് കയറുന്നു... വയറ്റിൽ വീണ്ടും കത്തി തുളഞ്ഞു കയറിയതും മഹി പിന്നിലേക്ക് വീണു... വീണ വീഴ്ചയിൽ പോസ്റ്റിന്റെ ചുവട്ടിലുള്ള സർവ്വേക്കല്ലിൽ തല ശക്തിയായി ഇടിച്ചു... കണ്ണുകൾ പാതിയടഞ്ഞു... എങ്ങും ഇരുട്ട് പടർന്നു... കാഴ്ചകളും നിറങ്ങളും മങ്ങി...
പിറ്റേന്ന് ചെങ്കോട്ടപുരം കണ്ണ് തുറന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ കേട്ടാണ്... മഹി വെട്ടേറ്റ് ആശുപത്രിയിലായത്, അവൻ രക്ഷപെടാനുള്ള സാധ്യത ഒരു ശതമാനം പോലുമില്ല. അടുത്തത് കത്തിക്കരിഞ്ഞ നിലയിൽ റോഡരികിൽ കിടന്ന രണ്ട് മൃദദേഹങ്ങളിൽ ഒരു സ്ത്രീയും പുരുഷനും പുരുഷന്റെ ബോഡിയിൽ തലയില്ല. ശാസ്ത്രീയ പരിശോധനയിലൂടെ ബോഡി ഉമയുടേതും കുഞ്ഞുമോന്റേതുമാണെന്ന് തിരിച്ചറിഞ്ഞു...
ദക്ഷ പനിച്ചൂടിൽ വിറച്ചുകൊണ്ടിരുന്നു. വെട്ടിക്കൂട്ടിയിട്ട മഹിയുടെ മുഖത്തെ അവസാന നോട്ടം... മഹി മാപ്പ്... മാപ്പ് പറയാൻ പോലും അർഹതയില്ലാത്തവളാ ഞാൻ, നിന്റെ ജീവിതം പിച്ചിച്ചീന്തി നശിപ്പിച്ചവൾ... ഒന്നും ആരുമറിയില്ല. നിന്നെ സ്നേഹിച്ച് അടിമയെപ്പോലെ എനിക്ക് ജീവിക്കണം എനിക്ക് ഞാൻ നൽകുന്ന ശിക്ഷയാണിത്... ആരും ഒന്നും അറിയിക്കില്ല.
നിനക്ക് നഷ്ടമായ ഓർമ്മകൾ ഒരിക്കലും തിരികെ കിട്ടില്ല എന്ന സത്യം എല്ലാവർക്കും അറിയാമെങ്കിലും അത് മറച്ചുവച്ച് നിന്റെകൂടെ സന്തോഷത്തോടെ കൂടുകയാണ് മഹി... തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ശരീരത്തിന്റെ ചൂട് കൂടിവരുന്നപോലെ തോന്നി... കണ്ണുകളിൽ അന്നത്തെ രാത്രിയും പെരുമഴയും മാത്രം... പുറത്ത് മഴ പെയ്യുന്നുണ്ട്...
വാതിൽ തുറന്ന് ശബ്ദമുണ്ടാക്കാതെ മുറ്റത്തേക്കിറങ്ങി മഴ കനത്തു പെയ്യുകയാണ്... തന്റെ ഉള്ളിലെ ചൂടിനെ തണുപ്പിക്കാൻ കഴിയില്ലെങ്കിലും വെറുതെ മഴയിലേക്ക് ഇറങ്ങി നിന്നു... നെറുകയിലൂടെ പടർന്നിറങ്ങുന്ന തുള്ളികൾക്ക് സൂചിമുനയുടെ കൂർത്ത അഗ്രമുണ്ടെന്ന് തോന്നിപ്പോയി... ശരീരം മുഴുവനും തുളഞ്ഞു കയറുന്ന വേദന... അവൾ ആകാശത്തേക്ക് നോക്കി അലറികരഞ്ഞു...
തന്റെ തെറ്റുകൾക്ക് പരിഹാരമോ പശ്ചാത്തപമോ ഉണ്ടാകില്ല. അതിനു ഉരുകിയിരുകി ജീവിക്കണം, ഈ ജന്മം മുഴുവനും... ഉമേ നിന്റെ മഹിയെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം... ഒരു ഭ്രാന്തിയെപ്പോലെ അവൾ മഴയിൽ മുഖം പൊത്തി കരഞ്ഞു...
ഒന്നുമറിയാതെ നഷ്ടപ്പെട്ട ഓർമ്മകളില്ലാതെ എല്ലാവരെയും സ്നേഹിച്ചു ജീവിക്കുന്ന അവന്റെ മുഖം ഓർത്തപ്പോൾ അന്ന് കത്തി തുളച്ചുകയറിയ നെഞ്ച് തന്റെയാണെന്ന് അവൾക്ക് തോന്നിപ്പോയി... മഴയുടെ ശക്തി കൂടിവന്നിട്ടും തിരികെ കയറാതെ അതെ നിൽപ്പ് നിന്ന ദക്ഷ കണ്ണുകൾ അടച്ചുവച്ച ഇരുട്ടിൽ ഉമയുടെ ചിരിക്കുന്ന മുഖം കണ്ടുകൊണ്ടേയിരുന്നു.
"ഈ പെണ്ണിന് എന്ത് അഹങ്കാരം ഉണ്ടായിട്ടാ മഴ നനഞ്ഞു പനി പിടിപ്പിച്ചത്... അച്ഛനോട് ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് അങ്ങേര് വരട്ടടി നിനക്ക് വച്ചിട്ടുണ്ട്..."
സുരഭി അടുത്തിരുന്ന് ദക്ഷയെ വഴക്ക് പറഞ്ഞുകൊണ്ടേയിരുന്നു. രാത്രി മുഴുവൻ മഴ നനഞ്ഞ നിലയിൽ മുറ്റത്ത് കിടന്ന അവളെ രാവിലെ എണീറ്റപ്പോഴാണ് കണ്ടത്... ശരീരം മുഴുവൻ ചുട്ടുപൊള്ളിയിരുന്നു. കണ്ണുകളിലെ ചൂട് എത്രത്തോളമുണ്ടെന്നു അവൾക്ക് സ്വയം അറിയാൻ കഴിഞ്ഞു. ഉള്ളിലുള്ള തീയേക്കാൾ വരില്ലല്ലോ ഒന്നും...
"ഹേയ് ബേബി വാട്ട് ഹാപ്പൻഡ്..."
അനന്തൻ കയ്യിലൊരു ബൊക്കയുമായി റൂമിലേക്ക് കയറിവന്നതും അവളുടെ സർവ്വനിയന്ത്രണവും വിട്ടു, ശരീരത്തിലെ താപം ഇരട്ടിയായി...
(തുടരും)
ഭാഗം 15
അനന്തനെ എങ്ങനെ ഒഴിവാക്കും എന്ന് ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് മഞ്ജുവും അവൾക്കൊപ്പം ഗംഗയും അവിടേക്ക് കയറി വന്നത്... ഗംഗയെ കണ്ടതും അനന്തന്റെ മുഖം കറുത്തു...
"ഇപ്പൊ എങ്ങനുണ്ടെടി നീയെന്തിനാ മഴയത്തു നനയാൻ പോയത്...?"
മഞ്ജു ക്യാഷ്വലായി ചോദിച്ചെങ്കിലും ദക്ഷയുടെ അവസ്ഥ മനസ്സിലാക്കാൻ അവൾക്ക് കഴിഞ്ഞു. ഗംഗയെ കണ്ടപ്പോൾ ദക്ഷ മഞ്ജുവിനെ നോക്കി...
"നിന്നെ ഹോസ്പിറ്റലിൽ കൊണ്ടുവന്ന വിവരം നാട്ടിൽ അറിയാൻ ആരുമില്ല ബാക്കി... ആന്റി രാവിലെ എണീറ്റ് മുറ്റത്തേക്ക് വന്നപ്പോഴല്ലേ നീ വീണു കിടക്കുന്നത് കണ്ടത്... ബഹളം വച്ച് ആളുകളെ വിളിച്ചുകൂട്ടി ആംബുലൻസ് വിളിച്ചാണ് ഹോസ്പിറ്റലിൽ കൊണ്ടുവന്നത്..."
എല്ലാം മനസ്സിൽ ചിന്തിച്ചു നോക്കിയപ്പോൾ ദക്ഷയ്ക്ക് അവിടെ കിടന്ന് മരിച്ചുപോയാൽ മതിയെന്ന് തോന്നിപ്പോയി...
"താനിങ്ങനെ ഡെസ്പ് ആവാതെ ദക്ഷാ..."
അനന്തൻ എല്ലാം കേട്ട് ഒരു ഭാഗത്തേക്ക് മാറി നിൽപ്പുണ്ട്... അനന്തനുള്ള ചായയുമായി സുരഭി അകത്തേക്ക് വന്നപ്പോൾ മഞ്ജുവിനെ കണ്ടത്...
"ആഹാ നീയാരുന്നോ മഞ്ജുവേ, ഇതാരാടി...?"
മഞ്ജു ഗംഗയെ തന്റെ ഫ്രണ്ടായി പരിചയപ്പെടുത്തി... അനന്തൻ ചായയുമായി പുറത്തേക്ക് പോയപ്പോൾ ഗംഗാ ഞാനിപ്പോ വരാമേ എന്ന് പറഞ്ഞ് അവന് പിന്നാലെ പോയി, സുരഭി അടുക്കളയിലേക്കും...
"എടീ എനിക്ക് മരിച്ചാൽ മതിയെടി ഇന്നലെ മഴയത്ത് ഇറങ്ങി നിന്നപ്പോൾ ഭൂമി പിളർന്നു താഴേക്ക് പോയാലെന്താ എന്ന് പോലും ആലോചിച്ചു... കണ്ണടച്ചാൽ അന്നത്തെ കാര്യങ്ങളാ മനസ്സിൽ മുഴുവനും..."
"എന്നോട് ക്ഷമിക്ക് മോളെ ഞാനായിട്ട് നിന്നെ പലതും ഓർമിപ്പിച്ചു... ഒന്നും വേണമെന്ന് കരുതി പറഞ്ഞതല്ല."
മഞ്ജു ദക്ഷയുടെ നെറ്റിയിലൂടെ തലോടി...
"അവളെങ്ങനെ നിന്റെ കൂടെ വന്നു...?"
"മഹി പറഞ്ഞു വിട്ടതാ ഞാൻ പറഞ്ഞില്ലേ എല്ലാവരും അറിഞ്ഞു സംഭവം... ഞങ്ങള് ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഡിസ്ചാർജ് ചെയ്തു എന്നറിഞ്ഞു. പിന്നെയാ ഇങ്ങോട്ട് വന്നത്...
നീ ഇപ്പൊ ഒന്നും ആലോചിക്കണ്ടാ എല്ലാം പരിഹരിക്കാൻ നിന്റെ ജീവിതം പകരം കൊടുക്കാൻ തീരുമാനിച്ചത് മാത്രം ശരിയാണോ എന്ന് എനിക്കിപ്പോഴും അങ്ങോട്ട് പറയാൻ കഴിയുന്നില്ല മുത്തേ... വേണ്ടെടി എല്ലാം അതിന്റെ വഴിക്ക് പോകട്ടെ ഉമ കൊടുത്ത സ്നേഹം അവന് കൊടുക്കാൻ നിന്നെക്കൊണ്ട് കഴിയില്ല ദക്ഷ... നിന്റെ മനസ്സിൽ അവരോടുള്ള കുറ്റബോധം നിലനിൽക്കുവോളം അതൊന്നും മറക്കാൻ നിന്നെക്കൊണ്ട് കഴിയില്ല."
പെട്ടന്ന് ഗംഗാ കയറിവന്നതും അവർ സംസാരം നിർത്തി...
"നിന്റെ വിവരങ്ങളൊന്നും അറിയാതെ ഒരാൾ വേവലാതി പിടിച്ചു നിൽപ്പുണ്ട്... ആരാണെന്ന് ഞാൻ പറയണ്ടല്ലോ അല്ലേ..."
യാന്ത്രികമായി തലയാട്ടിയ ദക്ഷ മഞ്ജുവിനെ നോക്കി...
"അല്ല നീയെന്തിനാ അവന്റെ പിന്നാലെ പോയത്...?"
വിഷയം മാറ്റാനായി മഞ്ജു അനന്തന്റെ കാര്യം എടുത്തിട്ടു...
"അവനോ അല്പൻ..."
ഉറക്കെ ചിരിച്ചുകൊണ്ട് അവനെ വെള്ളത്തിൽ തള്ളിയിട്ട കാര്യം വിവരിച്ചു... അവൾ സ്വയം ചിരിയടക്കാൻ പാടുപെട്ടു...
കുറച്ചു മുൻപ് അവനെ കണ്ട് പിന്നാലെ പോയതും അതുവച്ചാണ്...
"സർ സർ... അന്ന് നടന്നതിന് സോറി പറയാൻ വന്നതാ സോറി..."
"താൻ എന്നോട് മിണ്ടാൻ വരണ്ട, കൂടെ നിന്ന് പറ്റിക്കുന്ന ഫ്രണ്ടിനെ എനിക്ക് ഇഷ്ടമല്ല."
"ഓഹോ... പണത്തിന്റെ പുറത്ത് ജീവിക്കുന്നവനൊക്കെ ഒരു വിചാരമുണ്ട് അവനാണ് ശരിക്കും ജീവിതമുള്ളതെന്ന്, എടൊ അല്പാ അങ്ങനെ തന്നെ വിളിക്കും ഞാൻ താനൊക്കെ പാവപ്പെട്ടവന്റെ ജീവിതം കണ്ടിട്ടുണ്ടോ ഒരിക്കലെങ്കിലും യാത്ര ചെയ്യുന്ന കാറിന്റെ വിൻഡോ തുറന്ന് പുറത്തേക്ക് നോക്കാൻ ശ്രമിച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ തനിക്ക് മനസ്സിലായേനെ...
താനൊക്കെ അമൂൽ ബേബികളാടോ, പണത്തിന്റെ കൊഴുപ്പിൽ മാത്രം തടിച്ചുരുണ്ട പേഴ്സണാലിറ്റി... "
"ഹേയ് ഹേയ് നീയെന്നെ കളിയാക്കുവാണോ, ഗെറ്റ് ഔട്ട് ഫ്രം ഹിയർ..."
"പോടാ ഊളെ..."
അവനെ നോക്കി പുച്ഛത്തോടെ ചിറി കൊട്ടിക്കൊണ്ട് അകത്തേക്ക് തിരിച്ചു നടന്നു...
ഗംഗാ പറഞ്ഞത് കേട്ട് മഞ്ജുവിന് ചിരിവന്നു... അവൾ ദക്ഷയെ നോക്കി... ഫോൺ ബെല്ലടിച്ചതും ഗംഗാ എടുത്തു നോക്കി...
"മഹിയാ..."
മഹി എന്ന് കേട്ടതും ദക്ഷയുടെ നെഞ്ചിലൊരു മിന്നൽ പുളഞ്ഞു... അവൾ കണ്ണടച്ചു തലയണയിലേക്ക് തല അമർത്തിപ്പിടിച്ചു... തലച്ചോറിലേക്ക് രക്തയോട്ടം കൂടിവരുന്നു...
"ദക്ഷാ..."
ഗുഹയിലെന്ന പോലെ കേട്ട ശബ്ദത്തിന്റെ ഉടമയെ മഞ്ഞിലെന്ന പോലെ കണ്ടു, വീണ്ടും ദക്ഷ എന്ന് വിളിച്ചു... ദക്ഷ... ഗംഗയാണ് അവൾ തനിക്ക് നേരെ നീട്ടിയ ഫോണിന്റെ മറുവശത്ത് മഹി ഉണ്ടെന്ന് മനസ്സിലായതും കണ്ണുകൾ ഇടംവലം ചലിച്ചു...
"എടി മഹിയാ സംസാരിക്ക്..."
വിറയലോടെ ഫോൺ വാങ്ങി കാതോട് ചേർത്തു, മറുവശത്ത് ഗുഹയിൽ നിന്നെന്ന പോലെ കാറ്റിന്റെ ശബ്ദം കേട്ടു...
"ഹലോ ദക്ഷ..."
കനമുള്ള മഹിയുടെ ശബ്ദം കേട്ടതും പതിനൊന്നു വർഷം പിന്നിലേക്ക് പോയി... മഴയും ഇരുട്ടും കലർന്ന രക്തത്തിൽ കുളിച്ച രാത്രി... മരത്തിന്റെ പിന്നിൽ നിന്ന് പുറത്തേക്ക് പാഞ്ഞ കണ്ണുകൾ ചെന്നുനിന്ന വെട്ടിക്കീറിയ ശരീരത്തിലേക്ക്... ഒന്നെ നോക്കിയൊള്ളു... ഒരു തവണ... ദക്ഷയുടെ തൊണ്ടയിൽ നിന്ന് അറിയാതെ ഒരു എക്കിൾ ശബ്ദം പുറത്തുവന്നു...
"ദക്ഷാ ഞാൻ മഹിയാ ഇപ്പൊ എങ്ങനെയുണ്ട്...?"
"ആ കുഴപ്പമില്ല മഹി... പനി കുറഞ്ഞു..."
തൊണ്ടയിൽ വെള്ളം വറ്റിയെങ്കിലും എങ്ങനെയോ പറഞ്ഞൊപ്പിച്ചു ഫോൺ ഗംഗയ്ക്ക് കൈമാറി... അവൾ എന്തൊക്കയോ പറയുന്നുണ്ട്... ദക്ഷ തലവേദന സഹിക്കാൻ കഴിയാതെ കണ്ണുകൾ ഇറുക്കിയടച്ചു... ഇനിയും അവസാനിക്കാത്ത വേദന നിറഞ്ഞ ജീവിതത്തിന്റെ ഏടുകൾ മറിഞ്ഞു തുടങ്ങുന്നു...
(തുടരും)
ഭാഗം 16
ദക്ഷയെ കാണാൻ കഴിയാത്തതിന്റെ വിഷമം മഹിക്ക് വേണ്ടുവോളമുണ്ട്. ഇടയ്ക്ക് ഗംഗയെ ഉന്തിത്തള്ളി പറഞ്ഞു വിടും. അവള് അവിടെ ചെന്ന് ഫോണിൽ വിളിക്കും... ശരിക്കും പനി അവളെ വല്ലാതെ തളർത്തി കഴിഞ്ഞു. ഇനിയും കുറച്ചു ദിവസങ്ങൾ കൂടി വേണ്ടിവരും നോർമൽ ആവാൻ.
"എന്റെ മോളെ നീയെന്താ കുഞ്ഞാണോ കൊച്ചു പിള്ളാരെപ്പോലെ മഴ നനഞ്ഞു പനി പിടിപ്പിക്കാൻ..."
പാർട്ടി സമ്മേളനത്തിന് പോയി തിരികെ വന്ന കുമാരൻ ദക്ഷയ്‌ക്കരികിൽ വന്നിരുന്ന് സ്നേഹത്തോടെ ചോദിച്ചു... അവൾ മറുപടി പറയാതെ വന്യമായി അയാളുടെ കണ്ണുകളിലേക്ക് നോക്കി...
"ഇപ്പൊ കുറച്ചു ദിവസമായി ഇതാ പെണ്ണിന്റെ പരിപാടി ഇങ്ങനെ നോക്കിക്കിടക്കും ചോദിക്കുന്നതിനൊന്നും മറുപടി പറയില്ല."
സുരഭി ദേഷ്യത്തോടെ പറഞ്ഞ് കുമാരനേയും കൂട്ടി പുറത്തേക്ക് നടന്നു...
"അവൾ ശരിക്കും ടയേഡാണു സുരഭി മുഖമൊക്കെ കണ്ടില്ലേ, അസുഖങ്ങൾ മനുഷ്യനെത്തന്നെ മാറ്റിക്കളയും എന്ന് കേട്ടിട്ടില്ലേ നീ... വെറുതെ വഴക്കിനൊന്നും നിക്കണ്ടാ മാനസികമായി അവൾക്ക് ധൈര്യം കൊടുക്ക് പെണ്ണ് പഴയപോലെ ആവും.. നീ പേടിക്കാതെ..."
കുമാരൻ പറഞ്ഞത് കേട്ട് തലകുലുക്കി സുരഭി അയാൾക്കൊപ്പം നടന്നു...
ഗംഗാ പതിവ് പോലെ പുറത്തേക്കിറങ്ങിയെങ്കിലും ഹിപ്പിയേം പിള്ളാരേം കണ്ടില്ല. എല്ലാവർക്കും പരീക്ഷയാണ്... വെറുതെ തൊടിന്റെ കരയിലൂടെ നടക്കുമ്പോഴാണ് കലുങ്കിൽ ചാരി നിൽക്കുന്ന അനന്തനെ കണ്ടത്...
"ഹലോ..."
"ഹലോ..."
ഒട്ടും താല്പര്യമില്ലാത്തപോലെ അവൻ ഹലോ പറഞ്ഞു... ഗംഗാ അവന്റെ ആരുകിലിരുന്നു. ചുരിദാരാണ് അവളുടെ വേഷം, റെഡിഷ് കളർ...
"എന്താണ് അനന്തൻ സാറ് വല്യ ഗൗരവത്തിലാണെന്ന് തോന്നുന്നന്നല്ലോ....?"
"നത്തിങ്..."
"എന്നാൽ വാ നമുക്കൊന്ന് നടക്കാം...?"
വെറുതെ അവൾക്കൊപ്പം നടക്കാൻ തുടങ്ങിയ അനന്തൻ ഇടയ്ക്ക് അവളെ പാളി നോക്കുന്നുണ്ട്, ഗംഗയത് കണ്ടില്ലെന്ന് നടിച്ചു... അവർ നടന്ന് പാടവും കടന്ന് പഞ്ചായത്ത് ഗൗണ്ടിന്റെ ഭാഗത്തെത്തി അവിടെ വിജനമായി കിടക്കുകയാണ്...
"അനന്തൻ തിരിച്ചെന്നാ യൂഎസിലേക്ക്..."
അടുത്തുകണ്ട മരത്തണലിലേക്ക് കയറി നിന്നു....
"ഡേ ആഫ്റ്റർ ടുമോറോ... ചിലപ്പോൾ എക്സ്ടെന്റ് ചെയ്യും..."
"എന്തുപറ്റി?
ഒന്നുമില്ല എന്ന് ചുമൽ കൂച്ചി... ഗംഗയ്ക്ക് അവന്റെ എങ്ങോട്ടോ നോക്കിയുള്ള നിൽപ്പ് കണ്ടപ്പോൾ പാവം തോന്നി...
"നാളെ ഫ്രീയാണെങ്കിൽ താൻ എന്റെ കൂടെ ഒരു സ്ഥലം വരെ വരാമോ...?"
എവിടെക്കെന്ന് അറിയാനായി അവന്റെ മുഖത്ത് കണ്ട ആകാംഷ ക്രമേണ തലയനക്കി സമ്മതിക്കുന്ന അവസ്ഥയിൽ എത്തി...
ദക്ഷ പതിയെ റിക്കവറായി തുടങ്ങി കുമാരൻ പറഞ്ഞതുപോലെ മാനസ്സിക ധൈര്യം കൈമുതലാക്കി അവൾ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു...
"എടി മോളെ നീയൊന്ന് കുളിച്ചു റെഡിയായി നിൽക്ക്, നിന്നെ കാണാൻ ഇന്നൊരു കൂട്ടരു വരുന്നുണ്ട്..."
"ആര്...?"
കിടക്കയിൽ വന്നിരുന്ന ദക്ഷ മുറി അടിച്ചു വാരിക്കൊണ്ടിരുന്ന സുരഭിയെ നോക്കി... വേറാരുമാവില്ല. വിവേക് ദാമോദരൻ അങ്കിളിന്റെ ഇളയ മോൻ... അല്ലാതെ ആരും ഇങ്ങോട്ട് വരാൻ പോകുന്നില്ല. തത്കാലം ഒന്നിലും എതിർപ്പ് കാണിക്കണ്ട... അതാണ് നല്ലത് സാഹചര്യം ഒത്തുവരുന്നതുവരെ കാത്തിരിക്കണം...
"ഡീ ദാമോദരൻ അങ്കിൾ പാർലമെന്റിലേക്ക് മത്സരിക്കാൻ പോവാ, അതുകൊണ്ട് അച്ഛനാണ് ഇവിടെ മത്സരിക്കാൻ പോകുന്നത്..."
അപ്പൊ അതാണ് കാര്യം... സീറ്റ് കൊടുത്തതിനു പകരം മകളെ തലതെറിച്ച മകന് വേണ്ടി ആലോചിക്കുന്നു. കള്ളചെറ്റ തന്തേ.... എന്തായാലും കോന്തൻ വന്നു കാണട്ടെ...
ദക്ഷ കിടക്കയിൽ ചമ്രം പടഞ്ഞിരുന്ന് ആലോചിച്ചുറപ്പിച്ചു...
വൈകിട്ട് പണി കഴിഞ്ഞു തിരികെ വരുമ്പോഴാണ് പരിചയമില്ലാത്ത നമ്പറിൽ നിന്ന് കോൾ വന്നത്, ബൈക്ക് നിർത്തി അവൻ കോളെടുത്തു...
"ഹലോ..."
"ഹലൊ മഹി ഞാൻ ദക്ഷയാ..."
മഹിക്കു തന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ദക്ഷ തന്നെ വിളിച്ചു...
"ദക്ഷാ..."
"താൻ തന്നെയാണോ സംസാരിക്കുന്നത്..."
"അതേ..."
അവളുടെ ചിലമ്പിച്ച ശബ്ദവും ചെറുചിരിയും കേട്ടപ്പോൾ അവന്റെ മനം കുളിർന്നു...
"ഞാൻ നാളെ മുതൽ ക്ലാസ്സിൽ വരും... താനിപ്പോ ക്ലാസ്സിൽ പോണില്ലേ..."
"ഉണ്ട്..."
രണ്ടാളും സന്തോഷത്തോടെ സംസാരിച്ചു കൊണ്ടിരുന്നു. എല്ലാം നോക്കിക്കൊണ്ട് ഇരുട്ടിൽ മറഞ്ഞിരുന്ന കണ്ണുകൾ തിളങ്ങി... തലവഴി മൂടിയ തുണിക്കുള്ളിൽ നിന്ന് ഇരുട്ടിൽ കണ്ണുകൾ മാത്രം ഉണ്ടെന്നേ അറിയാൻ കഴിയുന്നുള്ളു...
"ഡീ ഗംഗേ അവളിന്ന് ക്ലാസ്സിൽ വരും... ഇന്നലെ രാത്രി എന്നെ വിളിച്ചിരുന്നു. "
"ആഹാ പൊളി സാഹോ നടക്കട്ടെ നടക്കട്ടെ നിന്റെ പ്രണയം..."
മഞ്ഞിൽ കുതിർന്ന പാതയോരം പിന്നിട്ട നീണ്ട കൂന്തലുള്ള നേരിയ നിലിച്ച കണ്ണുകളുള്ള പെണ്ണിനെ ആലോചിച്ചുകൊണ്ട് അവൻ ഒരുങ്ങിയിറങ്ങി... ബൈക്കിൽ ഇടറോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കയറുമ്പോഴാണ് ഒരാൾ ലിഫ്റ്റ് ചോദിച്ചു നിൽക്കുന്നത് കണ്ടത്... വെളുപ്പും കറുപ്പും കലർന്ന താടിയും മുടിയും നീട്ടിവളർത്തിയ അൻപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ...
"ടൗണിലേക്കാണെങ്കിൽ ഞാനും വന്നോട്ടെ..."
"വന്നോളൂ..."
അയാളെയും കയറ്റി മഹി ബൈക്ക് മുന്നോട്ട് ഓടിച്ചു...
"മോനിപ്പോൾ എവിടെപ്പോവാ... മുൻപ് പാർട്ടിക്കാരനായിട്ട് നടന്നിരുന്നതല്ലേ ഇപ്പൊ സജീവമല്ലേ...?"
"ഞാൻ പഠിക്കാൻ പോവാ അമ്മാവാ... ഞാൻ പാർട്ടിയിലൊന്നും പ്രവർത്തിച്ചിട്ടില്ല. നിങ്ങൾക്ക് ആളുമാറിയതാവും..."
അയാളുടെ കണ്ണുകൾ കുറുകി കണ്ണാടിയിലൂടെ അവനെത്തന്നെ നോക്കി... അവൻ അയാൾ ചോദിച്ചതൊന്നും കാര്യമാക്കാതെ വണ്ടി ഓടിക്കുകയാണ്.... ടൗണിൽ എത്തിയതും അയൽ ചൂണ്ടികാണിച്ച ഭാഗത്ത് വണ്ടി മഹി വണ്ടി നിർത്തി...
"നന്ദി മോനെ..."
"അല്ല എന്നെ പാർട്ടിക്കാരുടെ കൂടെ കണ്ടിട്ടുണ്ടോ നിങ്ങള്...?"
"അല്ലെന്ന് മോൻ പറഞ്ഞല്ലോ ചിലപ്പോൾ എനിക്ക് ആള് മാറിയതാവും... ശരിയെന്നാൽ..."
അയാൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ് പേര് ചോദിച്ചില്ലല്ലോ എന്ന് ഓർത്തത്...
"അമ്മാവാ പേരെന്താ...?"
"എന്റെ പേരോ രമേശൻ... രമേശൻ നായർ..."
(തുടരും)
ഭാഗം 18
മഹിയുടെ ബൈക്കിൽ ഗംഗ കലിങ്കിനടുത്തേക്ക് വരുമ്പോൾ അനന്തൻ അവിടെ ഹാജരുണ്ട്... അവൾ ബൈക്കൊടിച്ചു വന്നത് കണ്ടപ്പോഴേ അവന്റെ കണ്ണുകൾ വിടർന്നു. ടൂ പീസാണ് അവന്റെ വേഷം... ഗംഗ നീല ജീൻസും കറുത്ത ടീഷർട്ടും ധരിച്ചിട്ടുണ്ട്... അതിൽ കേരളത്തിന്റെ ഭൂപടം വരച്ചത് വ്യക്തമായി കാണാൻ കഴിയുന്നുണ്ട്...
"തനിക്ക് ബൈക്ക് ഓടിക്കാനൊക്കെ അറിയാമോ...?"
ഗംഗ ബൈക്ക് ഇരപ്പിച്ചു കൊണ്ട് അവനെ നോക്കി കണ്ണിറുക്കി... അനന്തൻ പിന്നിലേക്ക് കയറി... അവൾ ബൈക്ക് മെയിൻ റോഡ് ലക്ഷ്യമാക്കി ഓടിച്ചു... അവളുടെ തോളിൽ കൈവച്ച് അവൻ മുൻപിലേക്ക് നോക്കി...
"തനിക്ക് ബൈക്കൊക്കെ ഇത്ര ഈസിയായിട്ട് ഓടിക്കാൻ കഴിയുമെന്ന് ഞാൻ കരുതിയില്ല."
"ബൈക്കോ പൊന്നുമോനെ ബുള്ളറ്റാ എന്റെ ഫേവറീറ്റ്... അത് കിട്ടാത്തതുകൊണ്ട് ബൈക്കിൽ ഒതുക്കി..."
ഗംഗ തന്റെ താല്പര്യം അവനോട് പങ്കുവച്ചു കൊണ്ട് മെയിൻ റോഡിലൂടെ ഒരു കിലോമീറ്റർ ഓടിയതിന് ശേഷം ഇടത്തേക്ക് തിരിഞ്ഞ് കുത്തനെയുള്ള റോഡ് കയറാൻ തുടങ്ങി...
ഇവളിതെവിടേക്കാണ് പോകുന്നതെന്ന് അനന്തന് മനസ്സിലായില്ല. നിസ്സാരമായി അവൾ ബൈക്ക് കയറ്റത്തേക്ക് ഓടിച്ചു കയറ്റി, അനന്തന് മുന്നോട്ട് പോകുന്തോറും വണ്ടി കയറ്റം കയറുമോ എന്ന് ഭയം തോന്നിയെങ്കിലും അഞ്ചു മിനിറ്റത്തെ യാത്രയ്ക്ക് ശേഷം മലയുടെ മുകളിലേക്ക് കയറ്റി നിർത്തി...
"മോനെ അനന്താ നീ എപ്പോഴും അമേരിക്കയെ മാത്രം പൊക്കിപിടിച്ചു നടക്കുന്നവനല്ലേ... അങ്ങോട്ട് നോക്കിക്കേ ഇതുപോലൊരു ഐറ്റം നിന്റെ അമേരിക്കയിൽ കാണുമോ...?"
ക്ലൌഡ്സ് പലതവണ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനൊരു കാഴ്ച അവൻ ജീവിതത്തിൽ കണ്ടിട്ടില്ല. ഇത്ര ഭംഗിയോടെ മാനം മുട്ടെ തലയുയർത്തി നിൽക്കുന്ന മലയുടെ നെറുകയിൽ പടർന്നു കിടക്കുന്ന കോട... ഞൊറിവുകൾ പോലെ അടുത്തടുത്ത് നിരനിരയായി അവയെ കാണാൻ തന്നെ നല്ല ഭംഗി... ക്യാമറ എടുക്കാൻ മറന്ന നിമിഷത്തെ ശപിച്ച് അവൻ ഗംഗയെ നോക്കി ചിരിച്ചു...
"വാടോ ഇതല്ല ഇനി കാണാൻ പോകുന്നതാ കൂടുതൽ ത്രില്ല്..."
മലയുടെ മുകളിലൂടെ അനന്തന്റെ കൈക്ക് പിടിച്ചു നടന്ന ഗംഗാ കല്ല് പാകിയ വഴിയിലേക്ക് നടന്നുകയറി ചെരുപ്പ് അഴിച്ചിട്ട് അവനോടും അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടു, ഒന്ന് മടിച്ചെങ്കിലും അവളുടെ വാക്കുകൾ അനുസരിച്ച് ചെരുപ്പ് ഊരി, കല്ലിന്റെ തണുപ്പ് കാലിലേക്ക് അരിച്ചു കയറിയത് നന്നായി അറിഞ്ഞു. അവൾക്കൊപ്പം കല്ലിട്ട വഴിയിലൂടെ നടന്നു. കോടയ്ക്കുള്ളിലൂടെയുള്ള യാത്ര കൊള്ളാം, വൈകുന്നേരത്തെ നേർത്ത വെളിച്ചം അരിച്ചിറങ്ങുന്നുണ്ട്...
"ഇങ്ങനൊരു പ്ലേസ് ഞാൻ മുൻപ് കണ്ടിട്ടില്ലല്ലോ... താൻ എങ്ങനെ കണ്ടുപിടിച്ചു...?"
"മുൻപ് ഞാനും മഹിയും ഇവിടെ വന്നിട്ടുണ്ട്, ശരിക്കും ഞാൻ ഈ നാട്ടിലേക്ക് വരുന്നത് തന്നെ ഇവിടേക്ക് വരണം എന്ന ആഗ്രഹം കൊണ്ടാണ്... ആ കാണുന്നത് കാട്ടുമുത്തിയുടെ ക്ഷേത്രമാണ്, പൂജയോ വഴിപാടോ ഒന്നുമില്ല, കോട നിറഞ്ഞ് ദേവിക്ക് സ്വയം നേദ്യമാകുന്നുവെന്നാണ് ഇവിടുത്തെ വിശ്വാസം..."
രണ്ടാളും കല്ലിൽ കൊത്തിയ മണ്ഡപത്തിനുള്ളിൽ പ്രതിഷ്ഠിച്ച മുത്തിയെ തൊഴുതതിന് ശേഷം രണ്ടാളും കൽപടിയിലിരുന്നു.
"ഡോ അല്പാ താനൊക്കെ അടുത്തുള്ളതൊന്നും കാണില്ല. അങ്ങ് മൈലുകൾക്കപ്പുറമുള്ള അമേരിക്കയെ നിന്റെ കണ്ണിൽ പെടൂ, കൈ നിറയെ കാശ് നഷ്ടപ്പെടാൻ ഒന്നുമില്ല. പിന്നെ നിനക്ക് അതൊക്കെയല്ലേ പഥ്യം... ഗൂഗിൾ ആപ്പിൾ ഹോളിവുഡ്... അല്ലേ..."
അനന്തൻ മറുപടി പറഞ്ഞില്ലെങ്കിലും അല്പൻ എന്ന് വിളിച്ചത് അവന് ദേഷ്യമായി എന്ന് മനസ്സിലായെങ്കിലും കാര്യമാക്കിയില്ല. കോട പിന്നെയും പിന്നെയും അവിടമാകെ നിറഞ്ഞുകൊണ്ടിരുന്നു.
ദക്ഷ വന്നപാടെ യൂണിഫോം പോലും മാറാൻ നിൽക്കാതെ കിടക്കയിലേക്ക് വീണു... മഞ്ജു അവളുടെ ജീവിതം മുഴുവൻ അനുഭവിച്ച കാര്യങ്ങൾ കേട്ടപ്പോൾ മുതൽ മനസ്സിൽ കല്ലെടുത്തുവച്ച ഭാരം തോന്നി... എല്ലാ സൗഭാഗ്യങ്ങളുടെയും നടുവിൽ വളർന്ന തനിക്ക് അതൊന്നും മനസ്സിലാവില്ല. മനസ്സിലാക്കാൻ ഇനിയും ജന്മങ്ങൾ പലതും വേണ്ടിവരാം... കുറെ കരഞ്ഞു തലയണയിൽ മുഖം അമർത്തി കിടന്നു...
ലാൻഡ്ഫോൺ ബെല്ലടിച്ചെങ്കിലും എടുക്കാൻ പോയില്ല. അമ്മ എടുത്തെന്നു തോന്നുന്നു... മോളെ എന്ന് വിളികേട്ടെങ്കിലും അനങ്ങിയില്ല.
"ഡീ മഞ്ജു വിളിക്കുന്നു."
മഞ്ജു എന്ന് കേട്ടതും ചാടിയെണീറ്റ് ഓടി... റിസീവർ തട്ടിപ്പറിച്ചു വാങ്ങിച്ചത് കണ്ട് അമ്മ തുറിച്ചു നോക്കിക്കൊണ്ട് അകത്തേക്ക് പോയി... മുഖം കരഞ്ഞു വീർത്തത് കണ്ടിട്ടുണ്ടാവണം...
"എന്താടി...?"
"നിന്റെ മോങ്ങല് കഴിഞ്ഞൊന്ന് അറിയാൻ വിളിച്ചതാ...?"
"നിനക്കെങ്ങനെ മനസ്സിലായി ഞാൻ കരഞ്ഞെന്ന്...?"
"നിന്നെ ഞാൻ മനസ്സിലാക്കിയപോലെ ആര് മനസ്സിലാക്കിയിട്ടുണ്ട് മുത്തേ..."
ദക്ഷ ചിരിച്ചുകൊണ്ട് നിറഞ്ഞ കണ്ണ് പുറംകൈകൊണ്ട് തുടച്ചു...
"നിന്റെ മഹിയേട്ടൻ ആ വിവേകിനെ പിടിച്ചുവലിച്ചു കൊണ്ടുപോയത് എങ്ങോട്ടാടി നല്ല പൊട്ടീര് കിട്ടിയെന്ന് കേട്ടല്ലോ...?"
"നീയെങ്ങനെ അറിഞ്ഞു...?"
മഞ്ജു ഫോണിലൂടെ ചിരിച്ചു, ദക്ഷയ്ക്ക് അരിശം വന്നു...
"നിന്റെ ആള് ലോഡുമായി ഇവിടെ വന്നിരുന്നു. മഠത്തിലെ മതില് ഇടിഞ്ഞുവീണു, അത് പണിയാൻ ഹോളോബ്രിക്‌സ് കൊണ്ടുവന്നത് അങ്ങേരാ... പിന്നെ വേറൊരു കൂട്ടം ഉണ്ട്..."
എന്താ എന്ന് ചോദിക്കാൻ നാവെടുത്തതും അമ്മ പുറത്തേക്ക് വരുന്നത് കണ്ട് ചെറുതായി ഒന്ന് പരുങ്ങി...
"നീ കരഞ്ഞോ എന്താമുഖം വീങ്ങിയിരിക്കുന്നത്, അവളുമായി പിന്നേം വഴക്കായോ... ഇപ്പൊ കൂടാനാണോ വിളിച്ചത്...?"
ഇളിച്ചുകാട്ടിക്കൊണ്ട് അവൾ കണ്ണ് ചിമ്മിക്കാണിച്ചു... സുരഭി കൂടുതലൊന്നും പറയാൻ നിൽക്കാതെ അടുക്കളയിലേക്ക് പോയി...
"എടി എന്താ കാര്യം പറ...?"
"അയ്യടാ, എന്താ ശുഷ്‌കാന്തി... പറയാൻ മനസ്സില്ല."
ദക്ഷ കെഞ്ചാൻ തുടങ്ങി മഞ്ജു അയയാൻ കൂട്ടാക്കിയില്ല. ഒടുവിൽ മഞ്ചൂസേന്നൊരു വിളി വിളിച്ചതും അവള് ഫ്ലാറ്റ്...
"ഡീ മഹിയേട്ടന്റെ മോളെ, നിന്നെ അങ്ങേരു കെട്ടാൻ പോവാണെന്ന് വിവേകിനോട് നേരിട്ടു പറഞ്ഞെന്ന്..."
"ആ ആര്...?"
"നിന്റെ മറ്റവൻ... മഹി... മഞ്ഞു മൂടിയ ഗ്ലേഷിയറിലൂടെ നിന്റെ കയ്യും പിടിച്ചു നടക്കാനായിരിക്കും അങ്ങേർക്ക് ഇഷ്ടം..."
ദക്ഷയുടെ മുഖത്തേക്ക് രക്തം ഇരച്ചു കയറി... അവൾ സന്തോഷത്തോടെ റിസ്സീവറിലൂടെ മഞ്ജുവിന് തുരുതുരെ ഉമ്മ വച്ചു... മഹി തന്റെ മഹി... ഉമയ്ക്ക് കൊടുക്കാൻ കഴിയാതെ പോയ സ്നേഹം കൊടുക്കാൻ തനിക്ക് കഴിയും, തനിക്കേ കഴിയൂ...
(തുടരും)
ഭാഗം 19
വിവേക് ബിയർ ബോട്ടിൽ വായിലേക്ക് കമഴ്ത്തിക്കൊണ്ട് വീണ്ടും വീണ്ടും മഹി പറഞ്ഞ വാക്കുകൾ ഓർത്തെടുത്തു... അവൻ ആ പട്ടി അവളെ കെട്ടാൻ പോവാണെന്ന്, സമ്മതിക്കില്ല. ഞാൻ ജീവനോടെ ഇരിക്കുമ്പോൾ സമ്മതിക്കില്ല. കൊല്ലും ഞാൻ അവനേം അവളേം....
"മച്ചാനെ ഉടനെ അച്ഛനോട് സംസാരിച്ച് നിങ്ങളുടെ കല്യാണം നടത്തണം... ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും..."
മനോജ് അവൻ വാങ്ങിച്ച ബിയർ കുടിച്ചതിന്റെ നന്ദി കാണിക്കാൻ അല്പം ഗൗരവത്തോടെ വിവേകിനെ ഉപദേശിച്ചു...
"ഇല്ല ഇപ്പൊ ആരും ഒന്നും അറിയണ്ടാ... അവന്റെ കാര്യത്തിൽ ഞാൻ തീരുമാനിച്ചപോലെ കാര്യങ്ങൾ നടന്നാൽ മതി... അച്ഛനറിഞ്ഞാൽ ഞാൻ പിന്നെ ചത്താൽ മതി, കല്യാണം കഴിഞ്ഞ് പൊളിറ്റിക്സിൽ ഇറങ്ങാനാ അങ്ങേരു പറയുന്നത്, അപ്പോഴാണ് ഇതുപോലുള്ള ഏണി കേസുകൾ..."
വിവേക് മഹിയുടെ പേര് പറഞ്ഞ് പല്ല് ഞെരിച്ചു ബിയർകുപ്പി വായിലേക്ക് കമഴ്ത്തി...
അനന്തൻ ഗംഗയ്‌ക്കൊപ്പം പോയി വന്നതിന് ശേഷം വല്ലാതെ ആലോചിച്ചു കൂട്ടുന്നുണ്ട്... പണം മാത്രം മുൻപിൽ കണ്ട് ജീവിച്ച ജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ കഴിയാതെ അവൻ വല്ലാതെ കുഴങ്ങി... കോടികൾ വിലയുള്ള തന്റെ വാച്ചിലേക്കും അവൾ പോരാൻ നേരം കയ്യിൽ കെട്ടിത്തന്ന പഴയ വാച്ചിനും സമയം നോക്കുക എന്ന ഉപയോഗം മാത്രമാണുള്ളത്... അവനതിൽ പതിയെ തലോടി... പഴയ എച്എംടി വാച്ച്...
"ഇങ്ങോട്ട് നോക്ക് അനന്തു എന്റെ വാച്ചിന്റെ വിലയുടെ ആയിരമിരട്ടിയുണ്ട് തന്റെയീ വാച്ചിന് വില, സമയത്തിന് ഞാൻ കൊടുത്ത വില മുന്നൂറ്റി അൻപത് രൂപയാണ് നീ കൊടുത്തത് രണ്ടരക്കോടി രൂപ... പക്ഷെ രണ്ടിനും മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും സെക്കന്റ് സൂചിയും ജോലി ചെയ്യുന്നത് സമയം അറിയാൻ മാത്രമാണ്...
എന്റെ വാച്ച് ചിലപ്പോൾ കയ്യിൽ കെട്ടിയാൽ നിന്റെ നിലയും വിലയും കൂടില്ലായിരിക്കാം പക്ഷെ നിന്നെ നീയായി കാണാൻ എല്ലാവർക്കും കഴിയില്ലേ, അതല്ലേടാ ജീവിതം... ആവതില്ലാതെ ആയുസ്സ് ഒടുങ്ങുമ്പോൾ നിന്റെ പുഴുവരിച്ച കോടികൾ നിനക്ക് ഉപകാരപ്പെട്ടില്ലെങ്കിൽ ഇത് സമ്പാദിക്കാൻ നീ ചിലവാക്കിയ ജന്മം വെറും വേസ്റ്റ്, ആകെ മൊത്തത്തിൽ നീ ജനിച്ചതേ വേസ്റ്റ്..."
അവൾ പറഞ്ഞത് മനസ്സിലാക്കാൻ കഴിഞ്ഞെങ്കിലും ഒന്നും പറയാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല. അവൾ പറഞ്ഞ ശരികൾ അംഗീകരിക്കാൻ പോലും ശബ്ദം പുറത്തുവന്നില്ല. എല്ലാം കേട്ട് നിന്നുപോയി...
"നീയെന്താ ഇങ്ങനെ ഇഞ്ചി കടിച്ച കുരങ്ങിനെപ്പോലെ നിൽക്കുന്നത്?"
റൂമിലേക്ക് കയറിവന്ന സരസ്വതി ചോദിക്കുമ്പോഴാണ് അവന് സ്ഥലകാലബോധം ഉണ്ടായത്...
"ഒന്നൂല്ല അമ്മാ..."
"എന്താടാ പറയ്...?"
അനന്തൻ തിരിഞ്ഞ് അമ്മയെ നോക്കി, കോട്ടൺ സാരി ഭംഗിയായി ഞൊറിഞ്ഞിടുത്തിട്ടുണ്ട്, കഴുത്തിൽ താലിമാല നെറ്റിയിൽ സിന്ദൂരം മുടി ചീകിവച്ചിട്ടുണ്ട്... അല്ലാതെ കൂടുതൽ ഒരുക്കങ്ങളോ മേക്കപ്പൊ അമ്മയുടെ മുഖത്തില്ല. എന്നിട്ടും കാണാൻ എന്ത് ഭംഗിയാണ്... അമ്മ താൻ കാണുന്നത് മുതൽ ഇങ്ങനെയാണ്...
"നിനക്കെന്താ അനന്തു പറ്റിയത്, സാധാരണ ചാടിക്കടിക്കാൻ വരുന്നതല്ലേ...? നീ കഴിക്കാൻ വരുന്നുണ്ടോ ബ്രെഡ് സാൻവിച്ച് എടുത്തു വച്ചിട്ടുണ്ട്..."
"അമ്മാ അമ്മയ്ക്ക് ഞാനിവിടെ ഇങ്ങനെ നിന്നപ്പോൾ സങ്കടം ഉള്ളിൽ ഉണ്ടെന്ന് എങ്ങനെ മനസ്സിലായി...?"
കൊച്ചുകുട്ടിയെപ്പോലെ ആകാംഷ നിറച്ച് ചോദ്യം ചോദിച്ചു നിൽക്കുന്ന അവനെ കണ്ടപ്പോൾ സരസ്വതിക്ക് ചെറുപ്രായത്തിലെ അനന്തുവിനെ ഓർമ്മ വന്നു... അന്നവൻ നാണം കുണുങ്ങിയായിരുന്നു. അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു നടന്ന കുഞ്ഞ്...
"അമ്മാ പറയ്..."
"അതിപ്പോ എന്ത് പറയാനാ നീ ഒന്ന് അനങ്ങിയാൽ എനിക്ക് മനസ്സിലാവും, എനിക്കെന്നല്ല എല്ലാ അമ്മമാർക്കും അവരുടെ മക്കളെ മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ട് കാണില്ല. അതാണ് നൊന്തു പെറ്റ വയറിന്റെ സത്യം... എന്താടാ നിന്റെ ചിന്തകൾക്ക് മീതെ ആരെങ്കിലും മറ്റൊന്ന് അടിച്ചേൽപ്പിക്കാൻ നോക്കിയോ, അല്ലെങ്കിൽ ഇങ്ങനെ പതറി നിൽക്കില്ലല്ലോ..."
അനന്തൻ നടന്നതൊക്കെ അമ്മയോട് വിശദമായി പറഞ്ഞുകേൾപ്പിച്ചു... സരസ്വതി അത്ഭുതത്തോടെ തന്റെ മകന്റെ മുഖത്തേക്ക് നോക്കി...
"അവള് പറഞ്ഞത് ശരിയല്ലേ... നീ കുമിച്ചുകൂട്ടുന്ന പണത്തിനു പേപ്പർ വിലയെ കാണു, അതിന് വില വരുന്നത് ആവശ്യക്കാരന്റെ കയ്യിൽ എത്തുമ്പോഴാണ്...
നിന്റെ അച്ഛൻ എന്നെ കെട്ടുമ്പോൾ എനിക്ക് സ്വന്തമായി സ്വർണത്തിന്റെ തരി ഉണ്ടെന്ന് പറയാൻ ആ താലി മാത്രമായിരുന്നു. ബീഡി തെറുത്തും പാടത്ത് പണി ചെയ്തും ഞങ്ങള് ജീവിച്ച ജീവിതം നീയൊക്കെ കണ്ടിട്ടുണ്ടോ, മാറിയുടുക്കാൻ തുണിയില്ലാതെ പട്ടിണിയും പരിവട്ടവും മാത്രമുള്ള ജീവിതം...
നീ ഉണ്ടായതിന് ശേഷമാണ് ജീവിതത്തിന്റെ മാറ്റങ്ങൾ വേണമെന്ന് ആഗ്രഹിച്ചതും അതിന് ഇറങ്ങിത്തിരിച്ചതും... രാഷ്ട്രീയവും ജോലിയും ഒന്നിച്ചു മുന്നോട്ട് കൊണ്ടുപോയി ജീവിതം പച്ചപിടിച്ചു... ഇന്ന് ആഗ്രഹിക്കുന്നതെന്തും കണ്മുന്നിലെത്തുന്ന ജീവിതത്തിൽ എത്തി നില്കാൻ ഞങ്ങള് ഞങ്ങളുടെ ജീവിതമാണ് കൈമുതലാക്കിയത്...
അതൊന്നും നിങ്ങൾ മക്കൾക്ക് മനസ്സിലാവില്ല. ജനിച്ചത് മുതൽ പഠിച്ചതും വളർന്നതും ഇപ്പോൾ സ്വയം ജീവിതം വെട്ടിപ്പിടിച്ചതും എല്ലാം അന്നത്തെ കൈമുതലിൽ നിന്ന് കിട്ടിയതാണ്... അതിന്റെ വില ഞങ്ങൾക്കറിയുന്ന പോലെ ആർക്കും അറിയില്ല. ചോര നീരാക്കിയ ജീവിതം...
പറഞ്ഞു സമയം പോയതറിഞ്ഞില്ല വാ കഴിക്കാം..."
"എനിക്ക് വേണ്ടമ്മേ വിശപ്പില്ല. നാളെ മുതൽ അമ്മ കഴിക്കുന്ന ആഹാരം എന്തായാലും അത് മതി എനിക്ക്..."
അനന്തന്റെ ആവശ്യം കേട്ട് സരസ്വതി ചിരിയോടെ തലയാട്ടി സമ്മതിച്ചു...
മഹി ലോഡിറക്കി തിരികെ യാഡിലെത്തിയപ്പോൾ സമയം പതിനൊന്നു കഴിഞ്ഞു... ബൈക്കുമായി വീട്ടിലേക്ക് തിരിക്കുമ്പോൾ അവൻ പതിവ് ഒരു രാജമല്ലി മൂളിക്കൊണ്ടിരുന്നു.. നല്ല തണുത്ത കാറ്റ് അവനെ അല്പം കുളിരണിയിച്ചു...
റോഡ് അനാഥമായി നീണ്ടുകിടക്കുന്നു. കൊച്ചു പള്ളിക്കൂടം കഴിഞ്ഞുള്ള ആദ്യത്തെ പാലത്തിലേക്ക് കയറുമ്പോൾ എതിരെ വന്ന കാറിനെ ഒഴിഞ്ഞ് ഇടത്തേക്ക് വെട്ടിച്ചതും ബ്രേക്ക് കിട്ടാതെ അവൻ പാലത്തിന്റെ ലാസ്റ്റ് ഗ്രിഡ്‌ഡിൽ ഇടിച്ചു താഴേക്ക് തെറിച്ചുപോയി... ഇരുട്ടിൽ മഹിയുടെ നിലവിളി താഴേക്ക് പോകുന്നത് നിർത്തിയിട്ട കാറിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന വിവേക് വ്യക്തമായി കേട്ടു....
(തുടരും)
ഭാഗം 20
"ഡാ സൂക്ഷിച്ചു പോ അവിടെ പാമ്പ് കാണും... "
അനന്തന്റെ തോളിൽ കൈ പിടിച്ചുകൊണ്ട് ഗംഗാ മൊബൈൽ ഫ്ലാഷ് താഴേക്ക് നീട്ടിപ്പിടിച്ചു, നല്ലൊരു മഴയ്ക്ക് വരവറിയിച്ചുകൊണ്ട് തണുത്ത കാറ്റ് വീശാൻ തുടങ്ങി... കാടുപിടിച്ചു കിടക്കുന്ന ഭാഗത്തുകൂടി ഇരുവരും മുന്നോട്ട് ഇറങ്ങി...
രാത്രി വിവേക് കൂട്ടുകാരൻ മനോജിനെ വിളിച്ചു സംസാരിക്കുന്നത് കേട്ട അനന്തൻ ഗംഗയെ വിളിച്ചു പറയുകയായിരുന്നു. വിവേക് പറഞ്ഞത് മഹിയെ ഇടിച്ച് ആറ്റിലേക്ക് തട്ടിയെന്നാണ്, അവൻ മരിച്ചു പോയെന്ന് സംശയമുണ്ടെന്ന് കേട്ടതോടെ, അപ്പോൾത്തന്നെ രണ്ടുപേരും മഹിയെ തേടി പാലത്തിന്റെ താഴെ കാടുപിടിച്ചു കിടക്കുന്ന ഭാഗത്ത് തിരച്ചിൽ നടത്തുകയാണ്...
"എടാ എനിക്ക് പേടിയാവുന്നു എന്റെ മഹി..."
ഗംഗ കരച്ചിലിന്റെ വക്കിലെത്തി...
"എന്റെ ചെറുക്കന് എന്തേലും സംഭവിച്ചാൽ നിന്റെ അനിയനെ ഞാൻ വച്ചേക്കില്ല ഓർത്തോ..."
പുഴക്കരയിലേക്ക് ഇറങ്ങി നോക്കുന്നതിനിടയിൽ അവൾ അനന്തനോട് വിളിച്ചു പറഞ്ഞു...
"ഗംഗാ നോക്ക് മഹിയുടെ ബൈക്ക്..."
മുൻവശത്തെ ടയർ വെള്ളത്തിലേക്ക് താഴ്ന്ന നിലയിൽ അവന്റെ ബൈക്ക് കണ്ടതും അവളുടെ ഉള്ളം കിടുങ്ങി... വലിയ ഉലച്ചിലോടെ മഴ പെയ്തിറങ്ങി... ഇരുവരും മൊബൈലിന്റെ വെളിച്ചത്തിൽ അവിടെയാകെ തിരഞ്ഞു... അടുത്തുള്ള ഇല്ലിക്കാടിനടുത്ത് മുളങ്കുറ്റിയിലേക്ക് ചാരിയിരിക്കുന്ന മഹിയെ കണ്ടതും ആശ്വാസത്തോടെ അങ്ങോട്ട് പാഞ്ഞു ചെന്നു...
"മഹി ഏടാ... എന്തെങ്കിലും പറ്റിയോടാ...?"
അവൻ കണ്ണ് തുറന്ന് നോക്കിയതല്ലാതെ മറുപടി പറഞ്ഞില്ല. അല്പം കഴിഞ്ഞതും ഇല്ല എന്ന് മറുപടി വന്നു...
"നമുക്ക് ഹോസ്പിറ്റലിൽ പോകാം, നീ വേഗം പിടിക്ക് ഗംഗാ..."
രണ്ടുപേരും ചേർന്ന് അവനെ പിടിച്ചെഴുന്നേൽപ്പിച്ചു... പെരുമഴയിലൂടെ അവൻ മൂന്നുപേരും ഒരുവിധം റോഡിലേക്ക് കയറിപ്പറ്റി... അനന്തൻ വേഗം ഓടിക്കരികിലേക്ക് ഓടിച്ചെന്നു ഡോർ തുറന്ന് അകത്തേക്ക് കയറി അവിടെയിട്ട് തിരിച്ച് അവരെയും കയറ്റി ഹോസ്പിറ്റലിലേക്ക് വിട്ടു...
നിരത്തിയിട്ട കസേരയിൽ ഇരിക്കുമ്പോൾ നനഞ്ഞ വസ്ത്രങ്ങൾ മാറി അനന്തൻ വാങ്ങിക്കൊണ്ടുവന്ന പുതിയത് ധരിച്ചിരുന്നു. ഗംഗാ നഖം കടിച്ചുകൊണ്ട് ഇടയ്ക്കിടെ ഐസിയുവിലേക്ക് നോക്കുന്നുണ്ട്...
"താനിങ്ങനെ പേടിക്കാതെ ഗംഗാ അവന് ഒന്നും വരില്ല."
അവളുടെ വലതു കൈയ്യിലേക്ക് തന്റെ കൈചേർത്തുപിടിച്ച് അനന്തൻ കണ്ണടച്ചുകാട്ടി... അവന്റെ ചൂടുള്ള കൈവെള്ളയിലേക്ക് തന്റെ കൈ ചേർത്തുപിടിച്ചപ്പോൾ കിട്ടിയ സുരക്ഷയിൽ അവൾ അവനെ നോക്കി തലയാട്ടി... വാതിൽ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നതും രണ്ടുപേരും ചാടിയെണീറ്റൂ...
"ഡോക്ടർ മഹിക്ക് എങ്ങനുണ്ട്..."
"കൈമുട്ടിന് ചെറിയ പരിക്കുണ്ട് അല്ലാതെ ഒന്നുമില്ല. എം ആർ ഐ എടുത്തുനോക്കി വേറെ കുഴപ്പമൊന്നുമില്ല. വീഴ്ചയുടെ ഷോക്കിലാണ് കക്ഷി... മുൻപ് അയാൾക്ക് തലയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ടോ...?"
ഉണ്ടെന്ന് ഗംഗ പറഞ്ഞു...
"നാളെ രാവിലത്തേക്ക് അയാൾ നോർമലാവും ഇപ്പോൾ സെഡേഷനിലാണ്..."
ഡോക്ടർ പോയതും രണ്ടാളും ആശ്വാസത്തോടെ പരസ്പരം നോക്കി ചിരിച്ചു...
"ഏടാ സമയം ഒരുമണിയായി അപ്പച്ചി എണീക്കുന്നതിന് മുൻപെ വീട്ടിലെത്തണം, ഞാൻ വന്നത് പാവത്തിന് അറിയില്ല. മഹി ലോഡുമായി പോയേക്കുവാണെന്ന് ഞാൻ പറഞ്ഞോളാം... നാളെ അവനെ ഡിസ്ചാർജ് ചെയ്ത് നീ വീട്ടിലെത്തിക്കണം..."
"അതൊക്കെ ഞാൻ നോക്കിക്കോളാം നീ വാ നമുക്ക് ഇറങ്ങിയേക്കാം..."
രാത്രി ഉറങ്ങാൻ കിടന്നെങ്കിലും ദക്ഷയ്ക്ക് വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടു... കിടക്കാനും ഉറങ്ങാനും കഴിയാത്ത അവസ്ഥ... എണീറ്റിരുന്ന് സമയം നോക്കുമ്പോൾ ഒരുമണി കഴിഞ്ഞു... അവൾക്ക് മഹിയുടെ ശബ്ദം കേൾക്കാൻ വല്ലാത്ത കൊതി തോന്നി... ഫോണെടുത്ത് കയ്യിൽ പിടിച്ചെങ്കിലും വിളിക്കാൻ മടി തോന്നി... എന്തും വരട്ടെയെന്ന് കരുതി അവൾ നമ്പർ ഡയൽ ചെയ്ത് കാത്തിരുന്നു...
"ഹലോ..."
മറുതലയ്ക്കൽ സ്ത്രീശബ്ദം കേട്ടതും കാതുകൾ കൂർപ്പിച്ചു നിശബ്ദയായി...
"ഡീ കള്ളിപ്പൂച്ചേ രാത്രി അവനെ ഉറക്കില്ലേ നീ..."
ഗംഗയുടെ ശബ്ദം കേട്ടതും ആശ്വാസമായി...
"ഇന്ന് രാത്രി നീ വിളിക്കുമെന്ന് ഉറപ്പായിരുന്നു. അതല്ലേ അവന്റെ ഫോൺ ഞാൻ എന്റെ കയ്യിൽ വച്ചത്, പൊന്നുമോളെ രാത്രി വിളിച്ചിട്ട് എന്താ നിന്റെ ഉദ്ദേശം... അവനിവിടെ ഇല്ലെടി ലോഡുമായി പോയതാ... ഫോൺ ഞാൻ തമാശയ്ക്ക് എടുത്തു മാറ്റിയതാ..."
ഒന്ന് മൂളിക്കൊണ്ട് അവൾ കോൾ കട്ടാക്കി... നാശം പിടിക്കാൻ ഈ പെണ്ണിന് എന്തിന്റെ ഇളക്കമാ, വെറുതെ എന്റെ കയ്യിൽ നിന്ന് മേടിക്കും മോളെ നീ... ഇനിപ്പോ അങ്ങേരോട് ഒന്ന് സംസാരിക്കാൻ ഞാൻ എന്ത് ചെയ്യും ദൈവമേ... ദക്ഷ മുഷിച്ചിലോടെ ആലോചിച്ചുകൊണ്ട് കിടക്കയിലേക്ക് വന്നിരുന്നു...
മഹി കണ്ണ് തുറക്കുമ്പോൾ എവിടെയാണ് കിടക്കുന്നതെന്ന് മനസ്സിലായില്ല. തല ചരിച്ചു നോക്കുമ്പോൾ അടുത്തുള്ള കട്ടിലിൽ ഒരാൾ ചുരുണ്ടു കിടപ്പുണ്ട്, സൂക്ഷിച്ചു നോക്കിയപ്പോൾ ആളെ മനസ്സിലായി... അനന്തൻ... വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറിവന്ന ഗംഗയെ കണ്ടതും അവനൊന്നു ചിരിച്ചു... ശബ്ദം അനന്തൻ എണീറ്റു...
"ഇപ്പൊ എങ്ങനെ ഉണ്ടെടാ...?"
കുഴപ്പമില്ല എന്ന് അവൻ കണ്ണടച്ചു കാണിച്ചു... കാര്യങ്ങൾ വിശദമായി ഗംഗാ അവനെ പറഞ്ഞു കേൾപ്പിച്ചു...
"നിന്റെ കുറിഞ്ഞിപ്പൂച്ച രാത്രി വിളിച്ചാരുന്നു, അവൾക്ക് കിടന്നിട്ട് ഉറക്കം വന്നില്ലെന്ന് തോന്നി, നീയൊന്ന് വിളിച്ചേക്ക് ലോഡുമായി പോയെന്നാ ഞാൻ പറഞ്ഞത്..."
മഹി കോൾ വിളിച്ചു കാത്തിരുന്നതും മറുവശത്ത് മഹിയേട്ടാ എന്നൊരു നിലവിളി കേട്ട് മഹി ഞെട്ടി....
(തുടരും)
ഭാഗം 21
ദക്ഷയുടെ കരച്ചിൽ കേട്ടതും മഹി ആകെ വല്ലാതായി...
"ദക്ഷാ നീയിങ്ങനെ കരയല്ലേ... അതിന് വേണ്ടി ഇവിടെ ഒന്നും സംഭവിച്ചില്ലല്ലോ...?"
മറുവശത്തുനിന്ന് എങ്ങലടി മാത്രം കേട്ടുകൊണ്ടിരുന്നു. മഹി അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെ കുഴങ്ങി... അവളെല്ലാം അറിഞ്ഞുവെന്ന് ഗംഗയ്ക്ക് മനസ്സിലായി... അവൾ മഹിയുടെ കയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി...
"എന്റെ പെണ്ണെ നീയിങ്ങനെ കരയല്ലേ അവന് ഒന്നുമില്ല. കയ്യൊന്ന് മുറിഞ്ഞു അത് പെട്ടന്ന് ശരിയാകും, നിന്റെ കരച്ചിൽ കേട്ടാൽ വലിയ എന്തോ വന്നെന്ന് തോന്നുമല്ലോ..."
ദക്ഷയക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല.
"നിന്നോടാരാ കാര്യങ്ങൾ പറഞ്ഞത്..."
"വിവേക്... അവനെനിക്ക് മെസ്സേജ് അയച്ചു മഹിയേട്ടനെ കൊന്നുകളഞ്ഞെന്ന് പറഞ്ഞിട്ട്..."
കരച്ചിലിനിടയിൽ അത്രയും പറഞ്ഞൊപ്പിച്ച് അവൾ ഗംഗയോട് മഹിയുടെ വിവരങ്ങൾ അന്വേഷിച്ചു... അവൾ എല്ലാം വിശദമായി പറഞ്ഞു.
പത്തുമണിയായപ്പോൾ ഡോക്ടർ ഡിസ്ചാർജ് ചെയ്ത് പൊയ്ക്കോളാൻ പറഞ്ഞു... അനന്തന്റെ വണ്ടിയിൽ മഹിയേയും കൊണ്ട് അവർ വീട്ടിലേക്ക് തിരിച്ചു...
രാത്രിയിലെ ലഹരിയുടെ കെട്ട് വിടാത്തതുകൊണ്ട് വിവേക് നല്ല ഉറക്കമായിരുന്നു. ഇടയ്ക്ക് ഫോൺ ബെല്ലടിച്ചപ്പോഴാണ് ഉണർന്നത്, മനോജാണ് വിളിക്കുന്നത്...
"എന്താടാ രാവിലെ...?"
മറുവശത്തുനിന്ന് കേട്ട വിവരം അവനെ ഞെട്ടിച്ചത് മുഖത്ത് നന്നായി പ്രകടമായിരുന്നു.
"എങ്ങനാടാ എങ്ങനാ ഇത്ര വലിയൊരു സ്കെച്ച് പാളിയത്, അവിടെനിന്ന് താഴേക്ക് വീണ ഒരുത്തനും ഇതുവരെ ജീവനോടെ തിരികെ വന്നിട്ടില്ല. തല്ക്കാലം നമ്മളിത് ആരോടും പറയണ്ടാ അച്ഛൻ അറിഞ്ഞാൽ പിന്നെ എന്റെ മാനം പോയി, ച്ചേ അവൾക്ക് ഞാൻ മെസ്സേജ് അയച്ചും പോയി..."
നിരാശയോടെ ഫോൺ വലിച്ചെറിഞ്ഞ് അവൻ കിടക്കയിലേക്ക് മലർന്നു കിടന്നു... മഹിയുടെ കൈക്കരുത്ത് നന്നായി അറിഞ്ഞിട്ടുള്ളതാണ്, തത്കാലം മാറിനിൽക്കുന്നതാണ് ബുദ്ധി, മനോജിനെക്കൊണ്ട് കാര്യങ്ങൾ അന്വേഷിപ്പിക്കാം...
വാതിലിൽ മുട്ട് കേട്ടാണ് ചുറ്റും നോക്കിക്കൊണ്ട് അവൻ എണീറ്റത്... ചെന്ന് വാതിൽ തുറന്നപ്പോൾ അനന്തനാണ്, ഇവൻ അമേരിക്കയിലേക്ക് പോയില്ലേ, മുൻപ് കണ്ട രൂപവും ഭാവവും ഒന്നുമല്ലല്ലോ... പരിഷകൃത വേഷവിധാനങ്ങളിൽ നിന്ന് നാടൻ ലുക്കിലേക്ക് മുണ്ടും ഷർട്ടും ധരിച്ചു നിൽക്കുന്ന അവനെ കണ്ടപ്പോൾ അതിശയം തോന്നി...
"ഇതെന്താ പരിഷ്കാരി നാടൻ ലുക്കിലേക്ക് മാറിയല്ലോ...?"
തന്നെ പരിഹസിക്കുന്ന അവന്റെ കരണം പുകയ്ക്കാൻ തോന്നിയെങ്കിലും സ്വയം നിയന്ത്രിച്ചു നിർത്തി, ഇവന് കവിള് പുകയ്ക്കുന്ന ഒരടി പോരാ... അതുക്കും മേലെ...
"നിനക്കൊരു കോളുണ്ടായിരുന്നു മൊബൈലിൽ കിട്ടിയില്ല വേറെ കോളിൽ സംസാരിക്കുകയാണെന്ന് തൊന്നുന്നു എന്ന് പറഞ്ഞു. ഇങ്ങോട്ട് വരുന്നുണ്ട് കണക്കുകൾ നേരിട്ടു തീർക്കാമെന്ന് പറഞ്ഞു..."
"ആരാ...?"
താല്പര്യമില്ലാത്ത പോലെ അവൻ ചോദിച്ചു...
"ഏതോ ഒരു മഹി... നീ ഇവിടെയുണ്ടോ എന്ന് ചോദിച്ചു ഇങ്ങോട്ട് വരുമെന്നാ പറഞ്ഞത് എന്താ സംഭവം...?"
വിവേകിന്റെ മുഖം മാറിയതും ഭയം ഉരുണ്ടുകൂടിയതും നിമിഷങ്ങൾ കൊണ്ടാണ്... അവൻ മറുപടിയില്ലാതെ എന്തോ മനസ്സിൽ ആലോചിച്ചു കൂട്ടുന്നുണ്ടെന്ന് നിൽപ്പ് കണ്ടപ്പോഴേ മനസ്സിലായി...
"ഡാ എന്താ നീയിങ്ങനെ ഇഞ്ചി കടിച്ച കുരങ്ങിനെപ്പോലെ നിൽക്കുന്നത് എന്തെങ്കിലും പ്രശ്നമുണ്ടോ...?"
"ഏയ് ഒന്നുമില്ല. മഹി എന്റെ കൂട്ടുകാരനാ, അവനെ കൂട്ടി ഒരു സ്ഥലം വരെ പോകണമെന്ന് പറഞ്ഞാരുന്നു ഞാനങ്ങു മറന്നുപോയി..."
വിവേക് റൂമിനുള്ളിലേക്ക് കയറി മൊബൈൽ എടുത്തു പുറത്തേക്ക് വന്നു...
"ഡാ കണക്ക് തീർക്കണം എന്നൊക്കെ അവൻ പറഞ്ഞതോ..."
"അത് കാശ് ചിലവാക്കിയ കാര്യം പറഞ്ഞതാ ഞാനിറങ്ങുവാ വഴിക്ക് വച്ച് അവനെ കണ്ടോളാം..."
കൂടുതലൊന്നും പറയാൻ നിൽക്കാതെ വിവേക് പുറത്തേക്കിറങ്ങിയോടി... അനന്തന്റെ ഫോൺ ബെല്ലടിച്ചതും അവൻ എടുത്തു നോക്കി ഗംഗയാണ്...
"ഇവിടുന്നൊരാള് വാലിനു തീ പിടിച്ച കണക്കെ ഇറങ്ങിയിട്ടുണ്ട്... സൂക്ഷിക്കണം ഗംഗാ അച്ഛനെപ്പോലെ പാമ്പിന്റെ പക കൊണ്ടു നടക്കുന്നവനാ അവൻ..."
കോൾ കട്ടാക്കിക്കൊണ്ട് അനന്തൻ പടികളിറങ്ങി ചെല്ലുമ്പോൾ സരസ്വതി കൈ തുടച്ചുകൊണ്ട് അടുക്കളയിൽ നിന്നിറങ്ങിവന്നു...
"അവനെവിടെപ്പോയതാ...?"
"നല്ല രണ്ടു പൊട്ടീര് കിട്ടാനുള്ള വകുപ്പ് പുന്നാര മോൻ ഉണ്ടാക്കി വച്ചിട്ടുണ്ട് അത് വാങ്ങിക്കാൻ പോയതാ..."
"നന്നായി, കിട്ടുമ്പോൾ കുറച്ച് കൂടുതല് കിട്ടട്ടെ, അവനെ ഞാൻ പണ്ടെ എഴുതി തള്ളിയതാ..."
അമ്മ പറഞ്ഞത് അനിയന്റെ കാര്യമാണെങ്കിലും അച്ഛനും അതൊക്കെ ബാധകമാണ്...
വിവേകിന്റെ ബൈക്ക് സിറ്റി ലക്ഷ്യമാക്കി നൂറേ നൂറിൽ പാഞ്ഞുവരുമ്പോഴാണ് സബ് റോഡിൽ നിന്ന് ഗംഗ മഹിയുമായി ബൈക്കിൽ കയറിവന്നത്... ബ്രേക്ക് പിടിക്കാനുള്ള സമയം പോലും കിട്ടാതെ ഇടതുവശത്തെ മുനിസിപ്പാലിറ്റിയുടെ വേസ്റ്റ് കൂമ്പാരത്തിൽ ഇടിച്ചു തൊട്ടപ്പുറത്തുള്ള തൊട്ടിലേക്ക് അവൻ വീണു... ആളുകൾ ഓടിക്കൂടുന്നതിന് മുൻപെ ഗംഗയും മഹിയും ബൈക്കുമായി സ്ഥലം വിട്ടിരുന്നു.
(തുടരും)
ഭാഗം 22
മഹിയെ പിന്നിലിരുത്തി വേഗം ബൈക്ക് ഓടിച്ചു കൊണ്ടിരുന്ന ഗംഗയുടെ തോളിൽ പിടിച്ചു കുലുക്കി അവളെ അഭിനന്ദിക്കാൻ മറന്നില്ല.
"എനിക്കൊരു കാര്യം മനസ്സിലായി കോളേജിൽ എന്തോ കുണ്ടാമണ്ടി ഒപ്പിച്ചിട്ടാ നീയിങ്ങോട്ട് വന്നത് സത്യമല്ലേ...?"
ഗംഗ ഒന്ന് ചിരിച്ചെങ്കിലും അവളുടെ മുഖത്ത് കണ്ട തെളിച്ചം ഇല്ലാതായത് അവൻ ശ്രദ്ധിച്ചു... വണ്ടി വഴിയിൽ കരിക്ക് വിൽക്കുന്ന ഭാഗത്ത് നിർത്താൻ പറഞ്ഞു. ബൈക്കിൽ നിന്നിറങ്ങിയ അവൻ രണ്ട് കരിക്കിന് പറഞ്ഞ് ഇരിക്കാനായി ഇട്ടിരിക്കുന്ന മരക്കുറ്റികളിലൊന്നിൽ പോയിരുന്നു. പിന്നാലെ അവളും...
"ഗംഗ പെട്ടന്ന് നിന്റെ മുഖം മാറിയത് കണ്ടു, ഇതുവരെ ചോദിക്കാൻ ശ്രമിച്ചിട്ടില്ല. എന്താടി എന്നോട് പറയാൻ പാടില്ലാത്തത് വല്ലതും ആണോ..."
"ഏയ് അല്ലേടാ... എല്ലാം മറക്കാൻ വേണ്ടിയാ ഞാൻ ഇങ്ങോട്ട് വന്നത് തന്നെ, എല്ലാം നീ അറിഞ്ഞിരിക്കുന്നതും നല്ലതാ... "
ഗംഗാ മഹിയുടെ കൈപിടിച്ചു സംസാരിക്കുമ്പോൾ അവളുടെ ശബ്ദമിടറുന്നത് അവൻ ശ്രദ്ധിച്ചു...
"ഒറ്റ മോളായതുകൊണ്ട് വീട്ടിൽ എല്ലാ സ്വാതന്ത്രവും തന്നാണ് അച്ഛനും അമ്മയും എന്നെ വളർത്തിയത്... അതുകൊണ്ട് തന്നെ തനി ആൺകുട്ടിയായി തന്നെ വളർന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ ബൈക്ക് ഓടിക്കാൻ പഠിച്ചു... കൂട്ടുകാരെ കൂട്ടി ചുറ്റിയടിക്കുക പതിവായിരുന്നു...
ഡിഗ്രി ചേരുന്ന സമയത്ത് ചങ്കൂറ്റത്തിന്റെ പ്രതിരൂപമായി കഴിഞ്ഞിരുന്നു ഞാൻ..."
ഓർമ്മകൾ അവളെ കുറച്ചു പിന്നിലേക്ക് വലിച്ചു കൊണ്ടുപോയി...
"ഡീ നീ ഇതും കൊണ്ടാണോ കോളേജിലേക്ക് പോകുന്നത്...?"
ബുള്ളറ്റ് തുടച്ചു കൊണ്ടിരുന്ന ഗംഗ തിരിഞ്ഞ് പിന്നിൽ നിൽക്കുന്ന അമ്മ കവിതയെ നോക്കി കണ്ണിറുക്കി...
"ഞാനിതിൽ പോയാലെന്താ കുഴപ്പം, ആണുങ്ങൾക്ക് മാത്രം പോയാൽ മതിയോ, പെണ്ണുങ്ങൾക്കും ഇതൊക്കെ കഴിയുമെന്ന് ഞാൻ തെളിയിക്കും നോക്കിക്കോ..."
പറഞ്ഞു തർക്കിക്കാൻ കഴിയില്ല എന്ന് അറിയാമായിരുന്നത് കൊണ്ട് അവർ എന്തൊക്കയോ പിറുപിറുത്തുകൊണ്ട് അകത്തേക്ക് കയറിപ്പോയി... ഇന്ന് ഫസ്റ്റ് ഡേയാണ് പൊളിക്കണം എന്ന് മനസ്സിൽ കരുതിക്കൂട്ടി വണ്ടി തുടച്ചു വച്ചു...
പുതിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ സ്വാഗതം ചെയ്യുന്ന ബാനറുകൾ ദൂരെ കണ്ടതും ബുള്ളറ്റ് ഓടിച്ചുകൊണ്ടിരുന്ന ഗംഗയ്ക്ക് ആവേശം കൂടി, പിന്നിലിരുന്ന കൂട്ടുകാരി ചിന്നു വേഗം കുറച്ചു പോകാൻ അവളോട് പറയുന്നുണ്ടെങ്കിലും അവൾ കേൾക്കുന്നില്ല. നീല ജീൻസും പച്ച കുർത്തിയുമാണ് അവളുടെ വേഷം, റൈബാൻ ഗ്ലാസ്സ് വച്ചിട്ടുണ്ട്...
കോളേജ് ഗേറ്റ് കടന്ന് വണ്ടി പാർക്കിങ്ങിൽ വച്ച് രണ്ടുപേരും അകത്തേക്ക് നടക്കാൻ തുടങ്ങിയതും വിളിവന്നു...
"മോളെ ഒന്ന് നിന്നെ ബുള്ളറ്റിലൊക്കെയാണല്ലോ വരവ്, കാശൊള്ള വീട്ടിലെയാണോ വന്നേ വന്നേ ഇവിടിരിക്ക് ചോദിക്കട്ടെ..."
ഗംഗയും ചിന്നും വിളിക്കേട്ട് തിരിഞ്ഞു നോക്കി, ചിന്നു അങ്ങോട്ട് നോക്കണ്ട പോകാം എന്ന് പറയുന്നുണ്ടെങ്കിലും അവൾക്കത് പോരാ പെൺകുട്ടികളെ കാണുമ്പോൾ എല്ലാ ആണുങ്ങൾക്കും ഒന്ന് മുട്ടാൻ തോന്നും പക്ഷെ ഗംഗയെ അതിന് കിട്ടില്ല. ഉള്ള് പുകയാൻ തുടങ്ങിയതും അവൾ തിരിഞ്ഞ് അവർക്കരികിലേക്ക് നടന്നു... അവിടെയിരുന്ന നാലുപേരും പരസ്പരം നോക്കി...
"ചേട്ടോ കോളേജിൽ റാഗിംഗ് നിരോധിച്ചതല്ലേ, പിന്നെന്തിനാ പുതിയ കുട്ടികളു വരുന്ന ദിവസം ഇങ്ങനെ ഇവിടെ ഇരിക്കുന്നത്...?"
ചങ്കൂറ്റവും ഉച്ചത്തിലുള്ള ശബ്ദവും പെട്ടന്ന് അവിടം നിശബ്ദമാക്കി... അവർ നാലുപേരും പരസ്പരം നോക്കി മറ്റുള്ളവർ ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോൾ നാണക്കേട് തോന്നി, ഗംഗ അവിടെത്തന്നെ നിൽക്കുകയാണ് ചിന്നു വന്ന് അവളെ പിടിച്ചു വലിച്ചു കൊണ്ടുപോയി...
"എടി നീ ആദ്യത്തെ ദിവസം തന്നെ അവരോട് ഉടക്കണ്ടാരുന്നു. അവര് നിന്നോട് അത്രക്ക് മോശമായിട്ടൊന്നും പറഞ്ഞില്ലല്ലോ...?"
"പറഞ്ഞാൽ വിവരമറിയും... അവന്മാർക്ക് ഒരു വിചാരമുണ്ട് പെൺകുട്ടികളോട് എന്തും പറയാം മറുപടി പറയില്ല എന്ന് ഈ ഗംഗ അങ്ങനെയല്ല. ഇതാള് വേറെയാ..."
ആദ്യത്തെ ദിവസാമായിരുന്നത് കൊണ്ട് കൂടുതലായി ഒന്നും പഠിപ്പിച്ചില്ല. എല്ലാവരും പരിചയപെട്ടു, ഒന്ന് രണ്ട് കൂട്ടുകാരെ അവൾക്ക് കിട്ടി... ശൈവയും റിൻസിയും, വൈകിട്ട് ക്ലാസ് കഴിഞ്ഞ് പുറത്തേക്ക് വന്നപ്പോൾ നമ്മുടെ സീനിയേഴ്സ് അതേ സ്ഥലത്ത് ഇരിപ്പുണ്ട്... എന്തൊക്കയോ പറഞ്ഞ് അവരെ നോക്കി ചിരിക്കുന്നുണ്ട്... ഗംഗ വണ്ടിക്കരിലേക്ക് ചെന്ന് കയറിയിരുന്നെങ്കിലും സംശയം തോന്നി നോക്കുമ്പോൾ ടയറിൽ കാറ്റില്ല. ഊരി വിട്ടതാണ്...
രോഷം പുകഞ്ഞെങ്കിലും പുറത്ത് കാണിക്കാതെ ചിന്നുവിനെയും കൂട്ടി പുറത്തേക്ക് നടന്നു...
"ഡീ കൊച്ചേ സീനിയേഴ്സിനോട് കളിച്ചാൽ ഇങ്ങനൊക്കെ പണി കിട്ടും... നല്ല മര്യാദയ്ക്ക് ഇവിടെ പഠിച്ചു പോകാമെന്ന് കരുതുന്നുണ്ടോ...?"
പുറത്തേക്ക് നടന്ന ഇരുവരും നിന്നു. ഗംഗ തിരികെ വന്ന് അവരുടെ മുൻപിൽ നിന്നു... നാലുപേരെയും ആകെയൊന്ന് നോക്കി രണ്ടുപേർ വെളുത്തിട്ട് സുന്ദരന്മാരാണ്, മറ്റൊരുത്തൻ പൊക്കം കുറഞ്ഞിട്ട് മെലിഞ്ഞയാൾ അടുത്തത് വണ്ണമുള്ള ഒരുത്തൻ... മെലിഞ്ഞവൻ മോണ കാട്ടി ചിരിക്കുന്നുണ്ട്...
"പണി ആർക്കാ കിട്ടാൻ പോകുന്നതെന്ന് നമുക്ക് കാണാം, ഞാൻ പോലീസിൽ കംപ്ലയിന്റ് ചെയ്യാൻ പോവാ നിങ്ങൾ നാലുപേരും ചേർന്ന് എന്നെ റാഗ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഞാൻ എതിർത്തതിന് എന്റെ വണ്ടീടെ കാറ്റ് ഊരിവിട്ടു എന്നെ അസഭ്യം പറഞ്ഞു ഇതൊക്കെ പോരെ...?"
ചിന്നുവിന്റെ കൈക്ക് പിടിച്ചു പുറത്തേക്ക് നടക്കുന്നതിനിടയിൽ അവൾ തിരിഞ്ഞു നോക്കി നാലും അന്തംവിട്ട് നിൽപ്പുണ്ട്... തേഞ്ഞ്...
"എടൊ ഒന്ന് നിന്നെ..."
പിന്നാലെ ഓടിവന്ന മെലിഞ്ഞ പൊക്കമുള്ളവൻ അവർക്ക് മുൻപിൽ കയറി തടസം നിന്നു...
"എടൊ പ്രശ്നമാക്കരുത് ഞങ്ങളെന്ത് വേണെമെങ്കിലും ചെയ്യാം... രാവിലെ ഞങ്ങളെ വെല്ലുവിളിച്ചതിനൊരു പണി അത്രയുമേ ഉദ്ദേശിച്ചൊള്ളു... പ്ലീസ്..."
തല്കാലം ഒരു പ്രശ്നം വേണ്ടാ എന്ന് തീരുമാനിച്ച് കൈകെട്ടി അയാളെ തുറിച്ചു നോക്കിനിന്നു.
"എന്റെ വണ്ടിക്ക് കാറ്റടിച്ചു തരണം, പിന്നെ ആരാ നിങ്ങടെ നേതാവ്... ആരായാലും എന്നോട് മാപ്പ് പറയണം..."
തിരിഞ്ഞ് മറ്റുള്ളവരെ നോക്കിക്കൊണ്ട് അവൾ വിളിച്ചു പറഞ്ഞു...
(തുടരും)
ഭാഗം 23
ഗംഗ പല്ല് കടിച്ചു നിൽപ്പുണ്ട്, മാപ്പ് പറയിക്കാതെ വിടില്ല എന്നുറപ്പിച്ചു കഴിഞ്ഞു. നാലുപേരും പരസ്പരം നോക്കി നിൽപ്പുണ്ട്, ഗംഗ വാച്ചിൽ സമയം നോക്കുന്നത് കണ്ടതും മെലിഞ്ഞവന്റെ മുഖത്ത് പേടി കണ്ടു...
"ഞങ്ങളുടെ കൂട്ടത്തിൽ നേതാവായി എല്ലാത്തിനും മുൻപിൽ നിൽക്കുന്നത് സിബിനാ..."
സുന്ദരന്മാരിൽ ഒരാളെ ചൂണ്ടിയാണ് അവൻ പറഞ്ഞത്... ഒരുത്തൻ സിബിൻ മറ്റവൻ ചാക്കോ എന്ന് വിളിപ്പേരുള്ള ശങ്കർ, വണ്ണമുള്ളവൻ ജെറിൻ മെലിഞ്ഞവൻ രാഹുൽ... രാഹുലാണ് എല്ലാവരുടെയും പേരുകൾ ഗംഗയോട് പറഞ്ഞത്... നാലുപേരും പരസ്പരം എന്തൊക്കയോ പിറുപിറുക്കുന്നുണ്ട്...
"ഞാൻ നിക്കണോ പോണോ...?"
"പോകല്ലേ പെങ്ങളെ ഇവനിപ്പം മാപ്പ് പറയും..."
"പെങ്ങളായിട്ടാണോ രാഹുൽ ആങ്ങള ഇങ്ങനൊരു പണി തന്നത്..."
മൂന്നുപേരും പരസ്പരം നോക്കി, സിബിന്റെ മുഖത്ത് ദേഷ്യം വന്നെങ്കിലും മറ്റുള്ളവർ അത് കാര്യമാക്കിയില്ല എന്ന് മനസ്സിലായി, ഒന്നു രണ്ട് നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം അവൻ മുന്നോട്ട് വന്നു പിന്നാലെ മറ്റുള്ളവരും, ഗംഗ സമയമില്ല എന്ന മട്ടിൽ വാച്ചിലേക്ക് നോക്കി... ചിന്നു അവൾക്ക് പിന്നിൽ എല്ലാം കണ്ടുകൊണ്ട് നിൽക്കുന്നു. സിബിൻ അടുത്ത് വന്നു നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല. അവിടെയും ഇവിടെയും നോക്കി നിൽപ്പാണ്... അല്പം കഴിഞ്ഞതും കനമുള്ള ശബ്ദത്തിന് പൂപ്പൽ ബാധിച്ച അവസ്ഥയിൽ അവനൊന്നു മുരടനക്കി...
"സോറി..."
അത്രയും പറഞ്ഞൊപ്പിച്ചു തിരിഞ്ഞു നടന്ന അവന്റെ പിന്നാലെ ഓടിയ രാഹുൽ അവനോട് എന്തൊക്കയോ പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചു... ഗംഗ വിജയച്ചിരിയോടെ ചിന്നുവിനെ നോക്കി ശേഷം മറ്റ് രണ്ട് പേരെയും...
"വണ്ടി കാറ്റടിച്ചു കിട്ടാൻ താമസിക്കുമോ? എന്റെ വീടിന്റെ അഡ്രസ്സ് തരാം കൊണ്ടുവന്ന് തന്നാൽ മതി..."
"ബസ്സ് സ്റ്റോപ്പിൽ നിന്നാൽ മതി അഞ്ചു മിനിറ്റ് ഞങ്ങള് കൊണ്ടുവരാം..."
ശങ്കറും ജെറിനും ബുള്ളറ്റും തള്ളിക്കൊണ്ട് കോളേജിന് പുറത്തേക്ക് പോകുന്നതും നോക്കി അവൾ തിരിഞ്ഞു സിബിൻ നല്ല ദേഷ്യത്തിലാണ്... കോളേജ് വിട്ട് കുട്ടികൾ ഭൂരിഭാഗവും പോയതുകൊണ്ട് മാനക്കേടിൽ നിന്ന് രക്ഷപെട്ടു... അവൾ അവർക്കരികിലേക്ക് നടന്നു പിന്നാലെ ചിന്നുവും...
"എന്താ സിബിൻ ചേട്ടന് എന്നോടുള്ള ദേഷ്യം പകയായി രൂപം മാറിയോ ആങ്ങളേ..."
പരിഹാസത്തോടെയുള്ള അവളുടെ ചോദ്യം കേട്ട് സിബിൻ മുഖമുയർത്തിയെങ്കിലും മിണ്ടിയില്ല. രാഹുൽ വിളറിയ ചിരിയുമായി നിൽപ്പുണ്ട്... ഗംഗയെ ബസ്സ് സ്റ്റോപ്പിൽ കാണാത്തതുകൊണ്ട് ബുള്ളറ്റും ഓടിച്ചു അകത്തേക്ക് കയറിവന്ന ശങ്കറും ജെറിനും...
"അപ്പൊ ശരി വീണ്ടും പാക്കലാം, ആദ്യത്തെ ദിവസം തന്നെ നല്ല രീതിയിൽ പരിചയപ്പെട്ടതിൽ സന്തോഷം..."
പറഞ്ഞത് എല്ലാവരോടുമാണെങ്കിലും സിബിന്റെ മുഖത്തേക്കാണ് നോക്കിയത്... കല്ലിച്ച ഭാവം കണ്ടപ്പോൾ ഗംഗയ്ക്ക് സുഖിച്ചു... വിജയിച്ച ഭാവത്തോടെ ഗ്ലാസ്സ് എടുത്ത് വച്ച് ബുള്ളറ്റിലേക്ക് കയറി പിന്നിൽ ചിന്നുവും... വണ്ടിയൊന്ന് ഇരപ്പിച്ച് ഗേറ്റിന് പുറത്തേക്ക് ഓടിച്ചുപോയി...
അവര് പോയതും അപമാന ഭാരത്തോടെ കൂട്ടുകാരെ തുറിച്ചു നോക്കിക്കൊണ്ട് സിബിൻ അടുത്തുള്ള മഞ്ഞ പൂമരത്തിന്റെ തടിയിലേക്ക് ആഞ്ഞിടിച്ചു.
"ഡാ അളിയാ നേതാവ് കളിച്ചു നടക്കുമ്പോൾ ഇങ്ങനൊക്കെ വരുമെന്ന് ചിന്തിക്കണം കേട്ടോ, നീയും കൂടി ചേർന്നല്ലേ വണ്ടീടെ കാറ്റ് ഊരിവിടാൻ പ്രോത്സാഹിപ്പിച്ചത്...?"
ജെറിൻ പറഞ്ഞത് സത്യമായിരുന്നതുകൊണ്ട് സിബിനു കൂടുതലൊന്നും പറയാൻ സാധിച്ചില്ല. അവരെ ഗൗനിക്കാതെ പാർക്കിങ്ങിൽ വച്ചിരുന്ന അവന്റെ ബൈക്കുമായി കൊടുങ്കാറ്റ് കണക്കെ പുറത്തേക്ക് പാഞ്ഞു...
ഗംഗ രാത്രി കുളി കഴിഞ്ഞു വന്നപ്പോൾ മൊബലിൽ രണ്ട് മിസ്സ്‌കോൾ മഹിയാണ്, എന്താണ് മുറച്ചെറുക്കൻ പതിവില്ലാതെ സാധാരണ അങ്ങോട്ട് വിളിച്ചാൽ പോലും കോൾ എടുക്കാറില്ല. തിരിച്ചു വിളിച്ചതും ആദ്യത്തെ റിങ്ങിൽ കോൾ അറ്റൻഡ് ചെയ്തു.
"എന്താടാ മുറച്ചെറുക്കാ പതിവില്ലാതെ ഇങ്ങോട്ട് വിളിക്കുന്നു, അങ്ങോട്ട് തിരിച്ചു വിളിച്ചപ്പോൾ ആദ്യത്തെ റിങ് തീരുന്നതിനു മുൻപെ എടുക്കുന്നു... എന്താ കാര്യം..."
"ഒന്നൂല്ലടി ഞാൻ വെറുതെ വിളിച്ചതാ... നിന്റെ ക്ലാസ്സൊക്കെ എങ്ങനെ പോകുന്നു."
ഗംഗ കോളേജിൽ നടന്ന കാര്യങ്ങളൊ ക്ലാസ്സിനേപ്പറ്റിയോ ഒന്നും പറഞ്ഞില്ല. എന്തോ കാര്യമായി അവന് പറയാനുണ്ട്...
"എന്താ മഹി എന്നോട് നിനക്ക് മുഖവുരയുടെ കാര്യമുണ്ടോ... നീ പറ...?"
മഹി പതിവായി തന്റെ സ്വപ്നത്തിൽ വരുന്ന പെൺകുട്ടിയെപ്പറ്റി അവളോട് പറഞ്ഞു. ആരാണെന്നോ എന്താണെന്നോ അറിയാത്തവൾ... ഗംഗയ്ക്ക് കെട്ടപ്പോൾ ആദ്യം അതിശയം തോന്നി പിന്നീട് അല്പം ഭയവും... ഉമയുടെ മുഖം ഓർമ്മ വന്നപ്പോൾ അവളുടെ ഉള്ളൊന്ന് കാളി... ഇനി എല്ലാം അവന് ഓർമ്മ വരാൻ തുടങ്ങിയോ...
"മഹി നീ കണ്ട പെണ്ണിന്റെ ഏകദേശ രൂപം ഒന്ന് പറഞ്ഞേ..."
"എടീ വട്ടമുഖമാണ്, നേരിയ നീല നിറമുള്ള കൃഷ്ണമണി നീളമുള്ള മുടി ഒതുങ്ങിയ മൂക്ക്... ഇതൊക്കെ അറിഞ്ഞിട്ട് നിനക്കെന്താ കാര്യം ആളെ അറിയാമോ...?"
ഗംഗ ആശ്വാസത്തോടെ നെഞ്ചിൽ കൈവച്ചു... ഉമയുമായി യാതൊരു സാമ്യവുമില്ല. അപ്പൊപ്പിന്നെ ഇതാരാ, സ്വപ്നമല്ലേ ആർക്കും വരാം... അല്ലാതെന്താ...
"എടാ നീയിനി കണ്ടത് എന്നെപ്പോലെ ആരെങ്കിലേയുമാണോ, ആണെങ്കിൽ ഞാൻ റെഡിയാ നിനക്കെന്നെ കെട്ടാമോ...?"
മറുപടിക്ക് പകരം തെറി വിളിച്ചുകൊണ്ട് അവൻ കോൾ കട്ടാക്കി... ഫോൺ കിടക്കയിലേക്കെറിഞ്ഞ് അവൾ വിടർത്തിയിട്ട മുടി കൈകൊണ്ട് കോതിയിടാൻ തുടങ്ങി...
വീട്ടിലെത്തിയത് മുതൽ പകൽ നടന്ന കാര്യങ്ങളോർത്ത് സിബിൻ കരക്ക് പിടിച്ചിട്ട മീൻ കണക്കെ മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്... ഗേറ്റ് കടന്നുവന്ന അമ്മയുടെ വാഗണർ ജനാലയിലൂടെ കണ്ടതും അവൻ താഴേക്ക് ചെന്നു വാതിൽ തുറന്നു... മുൻസീറ്റിൽ നിന്ന് അച്ഛനിറങ്ങുന്നത് കണ്ടതും പെട്ടന്ന് പരുങ്ങി...
"പൊന്നുമോൻ ഇവിടെ ഉണ്ടായിരുന്നോ അമ്മ പറയുന്നത് നീ പത്തുമണിയാവാതെ വീട്ടിൽ കേറത്തില്ലെന്നാണല്ലോ..."
ഡ്രൈവിങ് സീറ്റിൽ നിന്നിറങ്ങിയ അമ്മ മാലിനി ബാക്ക് ഡോർ തുറന്ന് ഭക്ഷണപ്പാക്കറ്റുകൾ എടുത്ത് അങ്ങോട്ട് വന്നു...
"നീയെന്താടാ ഇങ്ങനെ ഇഞ്ചി കടിച്ച കണക്കെ നിൽക്കുന്നത്, ആ പെണ്ണ് നിന്റെ വാല് മുറിച്ചിട്ടതുകൊണ്ടാണോ?"
സിബിൻ നിന്നനിൽപ്പിൽ ഞെട്ടി അമ്മയുടെ മുഖത്തേക്ക് നോക്കി ശേഷം അച്ഛനേയും...
(തുടരും)
ഭാഗം 24
സിബിൻ പരുങ്ങിയത് കണ്ടപ്പോൾ മാലിനിക്ക് ചിരിവന്നു, തങ്ങൾ എല്ലാം അറിഞ്ഞതിന്റെ നാണക്കേട് അവന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാം...
"നിന്റെ ആന്റി അതായത് എന്റെ അനിയത്തി അതേ കോളേജിലെ എച് ആർ ആണെന്ന് മറന്നോ...?"
അമ്മ വെല്ലുവിളിയുടെ സ്വരത്തിൽ ചോദിച്ചത് കേട്ടപ്പോഴാണ് ആന്റിയുടെ കാര്യം ഓർമ്മ വന്നത്, ഒന്നും വേണ്ടായിരുന്നു ഇനി കോളേജിൽ എല്ലാവരും അറിഞ്ഞാൽ തീർന്നു, തല പൊക്കി നടക്കാൻ കഴിയില്ല. അവളെ എന്റെ കയ്യിൽ കിട്ടിയാൽ പൊടിച്ചു പപ്പടമാക്കും ഞാൻ... രോഷം മനസ്സിൽ അടക്കിപ്പിടിച്ചു സിബിൻ തിരികെ അകത്തേക്ക് കയറി. അച്ഛനുമമ്മയും എന്തൊക്കയോ പറഞ്ഞുകൊണ്ട് പിന്നാലെ വരുന്നുണ്ട്...
രാവിലെ പതിവിൽ കൂടുതൽ ആവേശത്തോടെയാണ് ഗംഗ കോളേജിൽ എത്തിയത്... തലേന്നത്തെ പെർഫോമൻസ് അവളെ അത്രയ്ക്ക് സന്തോഷിപ്പിച്ചിരുന്നു. ബുള്ളറ്റ് പാർക്കിങ്ങിൽ വച്ച് ചിന്നുവിന്റെ തോളിൽ കയ്യിട്ട് തിരിയുമ്പോഴാണ് പിന്നിൽ നിൽക്കുന്നയാളെ കണ്ടത്, കോളേജിന്റെ ഐഡി കണ്ടപ്പോഴേ സ്റ്റാഫ് ആണെന്ന് മനസ്സിലായി...
"താനാണോ ഗംഗാ? കൂടെയുള്ളത് ചിന്നു അല്ലേ... ഞാൻ രവീണ എച് ആർ മാനേജരാണ്..."
അതേയെന്ന് തലയാട്ടി രണ്ടുപേരും പരസ്പരം നോക്കി...
"ഗുഡ് മോണിംഗ് മാഡം..."
തങ്ങൾക്ക് പിന്നിലൂടെ മാഡത്തിന്റെ മുൻപിലേക്ക് വന്നു നിന്ന സിബിനെ കണ്ടു... അവന്റെ മുഖത്ത് തലേന്ന് നടന്ന സംഭവങ്ങൾ യാതൊന്നുമില്ല.
"ഇന്നലെ ഇവന്മാര് തന്റെ വണ്ടിയുടെ കാറ്റ് അഴിച്ചുവിട്ടോ, ഓഫിസിൽ റിപ്പോർട്ട് ചെയ്യാതെ പോയത് കണ്ടിരുന്നു. ഇവിടെ ക്യാമറകൾ വച്ചിരിക്കുന്നത് കാണാനല്ല."
അല്പം ഗൗരവത്തോടെ ചോദിച്ചതും ഗംഗാ പതറി, ഇത്രത്തോളം പ്രതീക്ഷിച്ചില്ല. അവരെ ഒന്ന് വിരട്ടുക മാത്രമാണ് അപ്പോൾ ഉദ്ദേശിച്ചത്... ചുറ്റും നോക്കിക്കൊണ്ട് ക്യാമറാക്കണ്ണിലേക്ക് ഒന്നുകൂടെ ശ്രദ്ധിച്ചുകൊണ്ട് സിബിനെ നോക്കി, അവൻ അവളെപ്പോലും അറിയില്ല എന്ന മട്ടിൽ നിൽക്കുകയാണ്...
"മാഡം ശരിക്കും തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ച കാര്യങ്ങളാണ്... രാവിലെ എന്നോട് സംസാരിച്ചപ്പോൾ ഞാൻ കൊടുത്ത മറുപടി ചൊടിപ്പിച്ചതിന്റെ ദേഷ്യത്തിൽ ചെയ്തതാണെന്ന് ഞാൻ കരുതിയതാണ്... അതല്ല എന്ന് മനസ്സിലായതുകൊണ്ട് പരാതി ഒന്നും വേണ്ടാ എന്ന് കരുതിയാണ് ഞാൻ..."
അത്രയും നേരം കൂളായി നിന്ന സിബിന്റെ മുഖം മാറിയത് ശ്രദ്ധിച്ചു... മാഡവും അത് കണ്ടിരുന്നു.
"സിബിൻ തല്കാലം ഞാനിത് വിടുന്നു, ഇവള് പറഞ്ഞതിന്റെ പേരിലാണെന്ന് കരുതണ്ടാ, ഈ ക്യാമ്പസിൽ നിങ്ങൾ മറ്റ് കുട്ടികൾക്ക് ഉപകാരമേ ചെയ്തിട്ടുള്ളു ആദ്യമായിട്ടാണ് ഇങ്ങനൊരു കേസ്, ദിസ് ഈസ് ദ ഫസ്റ്റ് ആൻഡ് ലാസ്റ്റ് വാണിങ് ഫോർ യൂ... ക്ലാസ്സിൽ പൊയ്ക്കോളൂ..."
മൂന്നുപേരെയും മാറി മാറി നോക്കിയതിനു ശേഷം രവീണ മാഡം തിരിച്ചു നടന്നു... എല്ലാം കണ്ടുകൊണ്ട് മാറി നിന്ന സിബിന്റെ ഗ്യാങ്ങ് പതിയെ രംഗത്തേക്ക് വന്നു...
"അളിയാ ഞാൻ കരുതി പെട്ടെന്ന് മാഡത്തിനെ കണ്ടപ്പോൾ പണിയായെന്ന്..."
സിബിൻ അപ്പോഴും ഗംഗയെത്തന്നെ നോക്കിനിൽകുകയാണ്, അവളാകട്ടെ മാഡം പോയ ദിക്കിലേക്കും....
"താൻ എന്ത് ഉദ്ദേശിച്ചിട്ടാ കള്ളം പറഞ്ഞത് ഓഫീസിൽ ക്യാമറ ചെക്ക് ചെയ്താൽ പണി കിട്ടും..."
അവന്റെ ചോദ്യം കേട്ട് അവൾ ചിരിച്ചു, രാഹുലും ശങ്കറും പരസ്പരം നോക്കി ഇവന് ഇങ്ങനൊക്കെ സംസാരിക്കാൻ അറിയാമോ... ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ല.
"ഞാനിന്നലെ വണ്ടി വെച്ച ഭാഗത്ത് ക്യാമറ ഇല്ല. അത് കണ്ടിട്ടാണ് പെട്ടന്ന് തോന്നിയ ബുദ്ധി കാണിച്ചത്... അല്ലെങ്കിൽ ഞാൻ തന്നെ നിങ്ങൾക്കെതിരെ പരാതി കൊടുക്കേണ്ടി വന്നേനെ...."
"അതൊക്കെ ചുമ്മാ... പെങ്ങളെ ആ പോയത് ഇവന്റെ ആന്റിയാ, അതുകൊണ്ട് ഞങ്ങൾക്ക് പേടിയില്ല."
ഗംഗാ ചമ്മിയ ചിരിയോടെ നോക്കുമ്പോൾ സിബിനും ചിരിച്ചുപോയി... രാഹുൽ പറഞ്ഞത് ശരിയാണെന്നു അവനും തലയാട്ടി... ഛേ നാണക്കേടായല്ലോ, ഇവനിനി വേറെ പണി വല്ലതും വച്ചിട്ടുണ്ടോ എന്തോ... രണ്ടുപേരും ആരേയും ശ്രദ്ധിക്കാതെ ക്ലാസ്സിലേക്ക് നടന്നു.
"ഡാ അളിയാ നീയെന്താ ഇതുവരെയില്ലാത്ത പല സ്വഭാവങ്ങളും പുറത്തെടുക്കുന്നത്...?"
ചാക്കോ അവനെ പിടിച്ചു നിർത്തി, പിന്നാലെ വന്ന രാഹുലും ജെറിനും അതേറ്റുപിടിച്ചു... അവളെ കണ്ടപ്പോൾ സംസാരിക്കണമെന്ന് തോന്നി... രാത്രി അമ്മയുടെ വക കിട്ടി പിന്നെ അച്ഛന്റെ ഊഴമായപ്പോൾ കേട്ട ഒരു വാക്കാണ് മനസ്സിൽ ഉടക്കിയത്...
"ഇവനെയൊക്കെ മേയ്ക്കാൻ ചുറുചുറുക്കുള്ള ഇതുപോലുള്ള പെണ്ണ് വേണം, നല്ല നാലിടി അവള് കൊടുത്താൽ ഇവൻ മര്യാദ കാണിച്ചോളും..."
ഗംഗയുടെ വിറയ്ക്കുന്ന മുഖം ഓർമ്മ വന്നതും സിബിന്റെ നെഞ്ചിൽ ചെറിയ കുളിര് കോരി... അവള് കൊള്ളാം, നല്ല മൂർച്ചയുള്ള പെണ്ണ്, ഇതുവരെ കണ്ടതിനൊക്കെ ഒന്ന് പറഞ്ഞു രണ്ടാമത് കരയാനും പിണങ്ങി പോകാനും മാത്രമാണ് താല്പര്യം...
ജെറിൻ തട്ടിവിളിച്ചതും സിബിൻ അവന്റെ മുഖത്തേക്ക് നോക്കി ഇളിച്ചു കാണിച്ചു...
"അയ്യടാ കള്ളക്കാമുകാ..."
രാഹുൽ അവന്റെ തലയ്ക്കിട്ട് കിഴുക്കി...
സിബിൻ പതിയെ പതിയെ ഗംഗയുടെ പിന്നാലെ കൂടി, അവളത് ശ്രദ്ധിച്ചെങ്കിലും കാര്യമാക്കിയില്ല. കോളേജാകുമ്പോൾ അമ്പിള്ളേർ പിന്നാലെ നടക്കും അത് സ്വാഭാവികമാണ്...
"എടി ആ ചേട്ടൻ നിന്റെ പിന്നാലെ കൂടുന്നത് കണ്ടില്ലേ നീ...?"
"കണ്ടെടി നടക്കട്ടെ... നമുക്കും ഒരു വെയിറ്റ് അല്ലേ സീനിയർ പ്രേമിച്ചു പിന്നാലെ നടക്കുന്നുണ്ടെന്ന് പറയുമ്പോൾ..."
ഇവളെ പറഞ്ഞ് മനസ്സിലാക്കാൻ കഴിയില്ല എന്നറിയാമായിരുന്ന ചിന്നു കൂടുതലൊന്നും പറയാൻ നിന്നില്ല. അങ്ങനെ കോളേജ് ജീവിതം പതിയെ പതിയെ മുന്നോട്ട് പോയി, ഗംഗയും സിബിനും നല്ല കൂട്ടുകാരാണിപ്പോൾ, സൗഹൃദത്തിൽ കവിഞ്ഞുള്ള ഇഷ്ടത്തിന് അവൾ കാര്യമായി ഇപ്പോഴും പച്ചക്കൊടി വീശിയിട്ടില്ല.
ആറുമാസത്തിനു ശേഷം ഓണക്കാലം വന്നെത്തി ഗംഗയുടെ ജീവിതം അപ്പാടെ മാറ്റിമറിച്ച പോന്നോണക്കാലം...
(തുടരും)
ഭാഗം 25
മത്സരപ്പൂക്കളമായതുകൊണ്ട് എല്ലാം കൃത്യമാണെന്ന് ഉറപ്പിച്ച് പൂവിടുന്ന തിരക്കിലാണ് സിബിനും ജെറിനും ശങ്കറും ഉൾപ്പടെ ക്ലാസ്സിലെ കുറേപ്പേർ... ബാക്കിയുള്ളവർ ചുറ്റും നിന്ന് പോരായ്മകൾ ചൂണ്ടിക്കാണിച്ച് പരിഹരിക്കുന്നുണ്ട്... രാഹുൽ അങ്ങോട്ട് ഓടിക്കിതച്ചു വന്നു... എല്ലാവരും ജുബ്ബയും കസവു മുണ്ടുമാണ് വേഷം...
"അളിയാ ഒന്ന് പുറത്തേക്ക് വന്നേ...?"
"എന്താടാ ഇപ്പൊ എന്തായാലും പറ്റില്ല. പൂക്കളം സെറ്റാക്കണം ഇത്തവണ നമ്മള് ഫസ്റ്റ് വാങ്ങിക്കും... നീയൊന്ന് പോയെ...."
രാഹുൽ അവനെ പിടിച്ചുവലിച്ചു പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ബാക്കിയുള്ളവർ അവനെ പിടിച്ചു തള്ളി അങ്ങോട്ടും ഇങ്ങോട്ടും ഉന്തും തള്ളും തുടങ്ങിയതും സിബിൻ ഇടപെട്ട് അവനെ പിടിച്ചു പുറത്തേക്ക് കൊണ്ടുവന്നു.
"നിനക്കെന്താ രാഹുലെ വെറുതെ തല്ലുണ്ടാക്കാനുള്ള പണിയാണോ..."
രാഹുലിന്റെ ചുളിവ് വീണ ജുബ്ബ പിടിച്ചു നേരെയിട്ട് സിബിൻ പറഞ്ഞു. മുടി ഒതുക്കിവച്ച് രാഹുൽ സിബിന്റെ കൈപിടിച്ചു വലിച്ചു പുറത്തേക്ക് നടന്നു... സിബിൻ ചോദിച്ചതൊന്നും കേൾക്കാതെ അവനേയും വലിച്ചു ക്ലാസ് റൂമിനു പുറത്തുള്ള പുൽത്തകിടിയിലേക്ക് കൂട്ടിക്കൊണ്ടുപോയി...
"അളിയാ ആ നിൽക്കുന്നതാരാണെന്ന് നോക്കിക്കേ..."
രാഹുൽ വിരൽചൂണ്ടിയ ഭാഗത്തേക്ക് നോക്കുമ്പോൾ അവിടെ കൂട്ടംകൂടി നിൽക്കുന്ന ഫസ്റ്റ് ഇയർ കുട്ടികൾക്കിടയിൽ സെറ്റും മുണ്ടും ധരിച്ച പെൺകുട്ടിയെ കണ്ടതും അവൻ അമ്പരന്ന് നോക്കി അത് ഗംഗയല്ലേ? ചുവന്ന ബ്ലൗസ് അവൾക്ക് നന്നായി ചേരുന്നുണ്ട് തോളിനു താഴെ നീളമുള്ള മുടി മുല്ലപ്പൂ മൂടി കെട്ടിവച്ചിട്ടുണ്ട്... കയ്യിൽ രണ്ട് വളകൾ കണ്ണെഴുതി പൊട്ട് തൊട്ട് നിൽക്കുന്നത് കണ്ടാൽ ആരുമൊന്ന് നോക്കിപ്പോകും...
സാധാരണ ജീൻസും ചുരിദാറും പോലെ ചെറുപ്പക്കാർക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ മാത്രം ധരിച്ചു കണ്ടിട്ടുള്ള അവളെ അങ്ങനെ കണ്ടപ്പോൾ സിബിന് അവളോടുള്ള ഇഷ്ടം കൂടി...
"അളിയാ പൊന്നളിയാ, ഇതിനാണോ നീയെന്നെ വിളിച്ചത്, നേരത്തേ പറഞ്ഞൊരുന്നേൽ ഞാൻ ഓടിവന്നേനെ... "
രാഹുലിനെ കെട്ടിപ്പിടിച്ചു സന്തോഷം പ്രകടിപ്പിച്ചു. ശേഷം അവനേയും കൂട്ടി അവർക്കരികിലേക്ക് നടന്നു...
"ഡാ ഇന്നെങ്കിലും അവളോട് നിന്റെ ഇഷ്ടം പറഞ്ഞൂടെ, ഇപ്പോകാണിക്കുന്ന ധൈര്യമൊക്കെ അവളുടെ മുൻപിൽ ചെല്ലുമ്പോൾ മുട്ട് വിറക്കും..."
"ഓ പിന്നെ പിന്നെ ഞാൻ പറയാൻ ചെല്ലുമ്പോഴൊക്കെ അവള് വിഷയം മാറ്റിക്കളയും... ഞാനെന്ത് ചെയ്യാനാ അളിയാ..."
സിബിൻ അവന്റെ ധർമ്മസങ്കടം രാഹുലിനോട് തുറന്നു പറഞ്ഞു. അവൻ വരുന്നത് കണ്ടതും അവൾ കൈവീശിക്കാണിച്ചു അവർ തിരിച്ചും...
"എങ്ങനെ ഉണ്ടെടാ പൊളിയല്ലേ...?"
കൊള്ളാം എന്നവൻ കൈകാണിച്ചു...
"എടീ നിന്നോടൊരു കാര്യം പറയാൻ കാത്തിരിക്കുകയായിരുന്നു."
"എന്താടാ...? ഞാൻ ഉച്ചയ്ക്ക് സദ്യ കഴിഞ്ഞ് പോവും കേട്ടോ, അമ്മവീട് വരെ പോകണം പട്ടാഴിയിൽ അവിടെ അമ്മമ്മ വയ്യാതെ കിടക്കുവാ... ഇനി ഓണം കഴിഞ്ഞിട്ടേ വരൂ, അപ്പൊ ഹാപ്പി ഓണം..."
"ഹാപ്പി ഓണം..."
വിദ്യാർത്ഥികൾ ഓഡിറ്റോറിയത്തിലേക്ക് ചെല്ലാൻ മൈക്ക് അനൗൺസ്‌മെന്റ് വന്നതും എല്ലാവരും അങ്ങോട്ട് പോകാൻ തുടങ്ങി, ഗംഗാ അവനെ നോക്കി ചിരിച്ച് നടന്നുപോയി...
"ഡാ മോണപ്പാ നീ വല്യ വാചകമൊക്കെ അടിച്ചതാണല്ലോ..."
അവനെയൊന്ന് നോക്കിയതല്ലാതെ സിബിൻ മറുപടി പറഞ്ഞില്ല. സിബിൻ തിരിഞ്ഞു നടന്നതും രാഹുൽ ഗംഗയ്ക്ക് പോയ ഭാഗത്തേക്ക് ഓടി...
"ഡോ ഒന്ന് നിന്നെ..."
ഗംഗയെ പിന്നിൽ നിന്ന് വിളിച്ചു നിർത്തി അവൻ ഓടിയെത്തി...
"എന്നാലും എന്റെ പെങ്ങളെ അവൻ കുറച്ചു മാസങ്ങളായി തന്നോട് ഇഷ്ടം തുറന്നു പറയാൻ നടക്കുവാ, താനാണെങ്കിൽ അവനെയിട്ട് വട്ട് കളിപ്പിക്കുവാ... "
"എന്റെ ആങ്ങളേ ഗംഗയെ പ്രേമിക്കാൻ ഈ മൊണ്ണ സ്വഭാവം പോരാ അതിനിത്തിരി ചങ്കുറപ്പ് വേണം, അതുണ്ടെന്ന് എനിക്കെപ്പോ തോന്നുന്നോ അന്ന് നോക്കാം..."
രാഹുലിനെ നോക്കി കണ്ണിറുക്കി കാണിച്ചുകൊണ്ട് അവൾ ഓഡിറ്റോറിയത്തിലേക്ക് നടന്നു...
ഗംഗാ കരിക്ക് കുടിച്ചു തീർത്ത് എല്ലാം കേട്ടിരുന്ന മഹിയെ നോക്കി...
"അന്ന് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിവസമായി, ആറു മാസമായി ഞാൻ ജീവനും കയ്യിൽ പിടിച്ചുകൊണ്ടോടിയതിന്റെ അവസാനമാണ് ഇങ്ങോട്ട് വന്നത്...
അന്ന് ഓഡിറ്റോറിയത്തിലെ പരിപാടിയും സദ്യയും കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ഇറങ്ങുമ്പോഴാണ് വാഷ്റൂമിൽ പോകണമെന്ന് ശങ്ക തോന്നിയത്... സെറ്റും മുണ്ടുമൊക്കെ ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും ശങ്ക തീർക്കാതെ തരമില്ല. ശങ്ക തീർത്ത് തിരികെ വരുമ്പോൾ സുവോളജി ലാബിന്റെ വശത്തുള്ള കാടുപിടിച്ചു കിടക്കുന്ന ഭാഗത്തു നിന്ന് ആരോ കരയുന്ന ശബ്ദം കേട്ടാണ് അങ്ങോട്ട് ചെന്നു നോക്കിയത്...
കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി ഒരു പെൺകുട്ടി നിലത്ത് കിടന്ന് ഞരങ്ങുന്നു. അവൾക്ക് പിന്നിൽ വലിയൊരു പാറക്കല്ല് പൊക്കിപിടിച്ചു നിൽക്കുന്നയാളെ അവൾക്ക് പെട്ടന്ന് മനസിലായി... സോനു മുരുകൻ, ആളൊരു ഞരമ്പനാണ് കുറേ നാളായി സസ്പെൻഷനിലാണെന്ന് കേട്ടിരുന്നു. പാന്റ് മാത്രമാണ് ധരിച്ചിരിക്കുന്നത്... അവന്റെ ഉറച്ച ശരീരം വിയർപ്പിൽ വെട്ടിത്തിളങ്ങി... എന്നെ കൊല്ലല്ലേ എന്നുള്ള അവളുടെ വിളി കേട്ടതും ഗംഗാ കയ്യിൽ കിട്ടിയ കല്ലെടുത്ത് അവന്റെ മുഖത്തേക്ക് എറിഞ്ഞു... ഇടത് കണ്ണിന്റെ ഭാഗത്താണ് ഏറു കൊണ്ടത്... അലർച്ചയോടെ അയാൾ കല്ല് താഴെയിട്ട് കണ്ണ് പൊത്തിപ്പിടിച്ചു...
ഗംഗാ പെൺകുട്ടിയുടെ അടുത്തേക്ക് ഓടിയെത്തി അവളെ മാറോടു ചേർത്തുപിടിച്ചു...
"ഡീ പുന്നാര മോളെ..."
സോനു നീട്ടിപ്പിടിച്ച കത്തിയുമായി അവൾക്ക് നേരെ പാഞ്ഞുവന്നതും കത്തി വീശി, ഗംഗാ പിന്നിലേക്ക് ചാഞ്ഞതും പെൺകുട്ടിയുടെ തോളിലേക്ക് തുളച്ചുകയറി... ഗംഗയുടെ ദുർബലമായ ചെറുത്തുനിൽപ്പ് നിസ്സാരമായി സോനു തട്ടിമാറ്റി... അവളുടെ കഴുത്തിൽ കുത്തിപിടിച്ചു... ശ്വാസം കിട്ടാതെ അവൾ കണ്ണ് തുറിച്ചു കയ്യിൽ മുറുകെപ്പിടിച്ച പെൺകുട്ടി നിലത്തേക്ക് വീണു...
പ്രാണൻ പോകുന്ന അവസാന നിമിഷത്തിൽ പെൺകുട്ടിയുടെ തോളിൽ തറച്ച കത്തിയിൽ പിടികിട്ടിയതും വലിച്ചൂരി അവനെ ആഞ്ഞുകുത്തി....
(തുടരും)
ഭാഗം 26
സോനുവിന്റെ കഴുത്തിന്റെ ഒരു ഭാഗത്തേക്ക് തറഞ്ഞുകയറിയ കത്തിയുടെ പിടി വിറയ്ക്കുന്നത് കണ്ടാണ് ഗംഗാ മുഖമുയർത്തി നോക്കിയത്... അവൻ ഒന്നും ചെയ്യാൻ കഴിയാതെ പിന്നിലേക്ക് ആടിയാടി പോകുന്നു... കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നി... ചെവിക്കുള്ളിൽ വണ്ടുകൾ മൂളുന്ന ശബ്ദം കേൾക്കാൻ തുടങ്ങി, ആരൊക്കയോ ഓടിവന്നു എന്തൊക്കയോ പറഞ്ഞു... ഒന്നും അവൾക്ക് ഓർമ്മയിൽ നിൽക്കുന്നില്ല.
ഗംഗയ്ക്ക് ബോധം വരുമ്പോൾ ആശുപത്രിയിലാണ്, അമ്മയും അച്ഛനും അടുത്തുണ്ട്, സെറ്റും മുണ്ടും മാറ്റി ഹോസ്പിറ്റൽ ഡ്രെസ്സാണ് ധരിപ്പിച്ചിരിക്കുന്നത്... കണ്ണ് തുറന്നത് കണ്ട് അമ്മ ഓടി പുറത്തേക്ക് പോകുന്നതും പ്രിൻസിപ്പാളും രവീണ മാഡവും ഒപ്പം സിബിനും രാഹുലുമുണ്ട്...
"ഗംഗാ ആർ യൂ ഓക്കേ..."
പ്രിൻസിപ്പാൾ സംസാരിക്കാൻ തുടങ്ങിയതും നാലഞ്ച് പോലീസുകാർ അകത്തേക്ക് കയറിവന്നു... ഒപ്പം ഡോക്ടറും... എല്ലാവരോടും പുറത്തു നിൽക്കാൻ ആവശ്യപ്പെട്ടു... ഡോക്ടർ അടുത്തേക്ക് നീങ്ങിനിന്നു...
"ഗംഗാ മോൾക്കിപ്പോൾ സംസാരിയ്ക്കാൻ പറ്റില്ലേ..."
പറ്റുമെന്ന് തലയാട്ടി... ഡോക്ടർ പോലീസുകാരനെ നോക്കി അയാൾ തലയാട്ടിയതും ഡോക്ടർ പുറത്തേക്കിറങ്ങി...
"ഗംഗാ ഞാൻ ഡിവൈഎസ്പി പ്രസാദ്, അന്ന് കോളേജിൽ നടന്ന കാര്യങ്ങളൊക്കെ തനിക്ക് ഓർക്കാൻ കഴിയുന്നുണ്ടോ..."
ഉണ്ടെന്ന് തലയാട്ടി സോനുവിന്റെ കത്തി അവളുടെ തോളിലേക്ക് തറച്ചു കയറിയപ്പോൾ അലറികരഞ്ഞത് ഓർമ്മയിൽ വന്നതും ഗംഗയുടെ കണ്ണുകൾ പിടച്ചു, അവളുടെ കൈകൾ ബെഡിൽ മുറുകെപ്പിടിച്ചു... കണ്ണുകൾ ഇറുക്കിയടച്ചു... അത് ശ്രദ്ധിച്ച പ്രസാദ് അവളെ സമാധാനിപ്പിച്ചു... കുറച്ചു നേരത്തെ ഇടവേളയ്ക്ക് ശേഷം അവൾ കണ്ണ് തുറന്നു...
"ഡോക്ടർ ആ കുട്ടിക്ക്...?"
"അല്പം ഗുരുതരമാണ്, ആ കുട്ടിക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ല ചികിത്സ കൊടുക്കുന്നുണ്ട്... അന്ന് എന്താ സംഭവിച്ചതെന്ന് വിശദമാക്കാമോ...?"
റൈറ്ററേയും കൂടെയുള്ള പോലീസുകാരനെയും നോക്കിയതും അവർ ഗംഗയുടെ വാക്കുകൾക്കായി ശ്രദ്ധ കൊടുത്തു. ഒരാൾ റൈറ്റിങ് പാഡിൽ എഴുതാൻ തയാറായി നിന്നു മറ്റെയാൾ വീഡിയോ ക്യാമറ ഓണാക്കി അവൾക്ക് നേരെ ഫോക്കസ് ചെയ്തു... ഗംഗാ താൻ കണ്ട കാര്യങ്ങൾ വിശദമായി തന്നെ വിവരിച്ചു... അവസാനം കഴുത്തിൽ തറച്ച കത്തിയുമായി ആടിയാടി നിൽക്കുന്ന സോനുവിനെ അവൾക്ക് ഓർമ്മ വന്നു...
"സോനു മരിച്ചിട്ടില്ല ഗംഗാ അയാൾ ജീവനോടെയുണ്ട് താൻ പേടിക്കണ്ടാ... പക്ഷെ അയാളുടെ കഴുത്തിൽ ഞരമ്പ് മുറിഞ്ഞു പോയതുകൊണ്ട് സംസാരിക്കാൻ കഴിയില്ല. ശബ്ദം നഷ്ടപ്പെട്ടു..."
മൊഴിയെടുപ്പ് കഴിഞ്ഞ് പോലീസുകാർ പോയതും എല്ലാവരും അകത്തേക്ക് കയറിവന്നു... പ്രിൻസിപ്പളും മാഡവും ആശ്വസിപ്പിച്ചു അല്പം കഴിഞ്ഞ് അവർ മടങ്ങി...
"ഡോ താൻ പോലീസിനോട് എല്ലാം പറഞ്ഞോ..."
രാഹുൽ റൂമിന്റെ വാതിൽ കുറ്റിയിട്ട് തിരികെവന്ന് ചോദിച്ചു... അതേയെന്ന് അവൾ തലയാട്ടി, കുറച്ചു നിമിഷങ്ങൾ കൊണ്ട് ഗംഗാ പഴയ ഗംഗയിലേക്ക് മാറിക്കഴിഞ്ഞു.
"സോനു നമ്മള് കരുതുന്ന ഒരാളല്ല. അവൻ ക്യാമ്പസിൽ ഡ്രൈഗ് ഡീലിങ് നടത്തുന്നുണ്ടെന്ന് കോടതിൽ സാക്ഷി പറയാനിരുന്ന പെൺകുട്ടിയാ അവള് മായ വിശ്വനാഥ്... അടുത്ത മാസം കേസ് വിളിക്കും അന്ന് മായ കോടതിയിൽ കയറാതിരിക്കാൻ അവൻ തന്നെ നേരിട്ടു വന്ന്..."
രാഹുൽ പറഞ്ഞു നിർത്തുമ്പോൾ അമ്മയും അച്ഛനും പേടിയോടെ പരസ്പരം നോക്കിയത് കണ്ടപ്പോൾ മനസ്സിൽ കൂട്ടിവച്ച ധൈര്യം നഷ്ടമായപോലെ... അവനങ്ങനെ വെറുതെ പറഞ്ഞ് പേടിപ്പിക്കാൻ നോക്കിയതല്ല. പറഞ്ഞതൊക്കെ സത്യമാണെന്നു കുറച്ചു ദിവസങ്ങൾക്കുള്ളിൽ മനസ്സിലായി...
അച്ഛൻ വില്ലേജ് ഓഫീസറായതുകൊണ്ട് നാട്ടിലെ അറിയപ്പെടുന്ന എല്ലാവരുമായും ഇടപെടാറുണ്ട്... അച്ഛന്റെ നമ്പറിലേക്ക് ആദ്യം സൗഹൃതപരമായിട്ടാണ് കോളുകൾ വന്നു തുടങ്ങിയത്... സോനുവിനെതിരെ ഒന്നിനും നിൽക്കരുതെന്നാണ് പറഞ്ഞത്... അച്ഛൻ കാര്യമായി മറുപടി കൊടുക്കാതായപ്പോൾ സംസാരരീതി ഭീഷണിയിലേക്ക് മാറി... മായയ്ക്ക് സംഭവിച്ചതുപോലെ നിങ്ങളുടെ മകൾക്കും സംഭവിക്കുമെന്ന് മുഖവുരയില്ലാതെ പറഞ്ഞു...
എന്റെ തീരുമാനം മാറ്റാൻ ഞാൻ തയാറായില്ല. മായയെ സംരക്ഷിക്കാനും എനിക്ക് വേണ്ടി വാദിക്കാനും കൂടെ നിൽക്കാനും കോളേജ് വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ചേർത്ത് സ്റ്റുഡന്റ്സ് ഫോറത്തിന് രൂപം നൽകി... ഫോറത്തിന്റെ പിന്തുണയോടെ കേസ് കോടതിയെ ഞങ്ങൾ വിജയിച്ചു... മായയ്ക്ക് നീതി ലഭിച്ചു, ഡ്രഗ് കേസുൾപ്പടെ അവന്റെ പേരിൽ നാലു കേസുകൾ ഉണ്ടായിരുന്നു. എല്ലാത്തിന്റെയും വാദം കേട്ട കോടതി ശിക്ഷ വിധിച്ചു...
നർക്കോട്ടിക്ക്സ്, ബലാത്സംഗം, കൊലപാതക ശ്രമം തുടങ്ങി പല വകുപ്പുകളിലായി നാലു കേസുകളിൽ മുപ്പത്തിനാലു വർഷം കിട്ടി, പതിമൂന്ന് വർഷം കഴിയാതെ പരോൾ പോലും കിട്ടില്ലെന്നാണ് അറിഞ്ഞത്... അവന്റെ അച്ഛൻ ദാമോദരൻ വെള്ളം പോലെ കാശ് ചിലവാക്കിയെങ്കിലും മാറിവന്ന സർക്കാറും പോലീസിലും സർക്കാരിലും തലപ്പത്തു നടന്ന അഴിച്ചു പണിയിൽ എല്ലാം വെള്ളത്തിൽ വരച്ച വരപോലെയായി...
ഗംഗാ ബൈക്കിലേക്ക് കയറി പിന്നിൽ മഹിയും...
"അതിന്റെ പേരിലാണോ നീ അവിടെ നിന്ന് ഇങ്ങോട്ട് വന്നത്...?"
"അല്ല. സംഭവം കഴിഞ്ഞിട്ട് ഇപ്പോൾ ഒരു വർഷം കഴിഞ്ഞു, അന്നുമുതൽ പല വിധത്തിൽ ഞങ്ങളെ ദാമോദരൻ ഉപദ്രവിക്കാൻ തുടങ്ങി... പ്രതിപക്ഷത്തുള്ള പാർട്ടി നേതാവാണ് കൂട്ട്, അച്ഛൻ വിആർഎസ് എടുത്തതുപോലും അയാളെ പേടിച്ചിട്ടാണ്... ഒരു തെളിവും ബാക്കി വയ്ക്കാതെ എന്നെ ഇല്ലാതാക്കാൻ ആർക്കോ കൊട്ടേഷൻ കൊടുത്തെന്നു അച്ഛന്റെ കൂട്ടുകാരൻ സോമൻ അങ്കിൾ വിളിച്ചു പറഞ്ഞു.
ഞാനതൊന്നും കാര്യമാക്കിയില്ല. കൂളായി കോളേജിൽ പോകാൻ തുടങ്ങി... എക്സാം തീരുന്നതിന്റെ അന്ന് ഞാനും സിബിനും ബുള്ളറ്റിൽ വരുന്ന വഴിക്ക്..."
ബാക്കി പറയാതെ അവൾ കണ്ണ് തുടച്ചു ബൈക്കിൽ കയറിയെങ്കിലും സ്റ്റാർട്ടാക്കിയില്ല.
"എന്നോടുള്ള ഇഷ്ടത്തിന്റെ പേരിൽ ജീവൻ കളയേണ്ടി വന്ന അവന്റെ ഓർമ്മകൾ എന്നെ ഭ്രാന്തു പിടിപ്പിക്കാൻ തുടങ്ങിയപ്പോഴാ ഞാൻ ഇങ്ങോട്ട് പോന്നത്... ഒരേയൊരു മകന്റെ വിധി മാറ്റിയെഴുതിയ എന്നെ അവർ ശപിക്കുന്നുണ്ടാവും... അത് കേൾക്കാനുള്ള മാനസിക ബലം എനിക്കില്ല. അതുകൊണ്ട് എല്ലാം ഉപേക്ഷിച്ച് ഞാനിങ്ങോട്ട് പോന്നു... ഇപ്പോഴും എന്റെ പിന്നാലെ അവരുണ്ടെന്ന് ഉറപ്പാണ് മഹി..."
ഗംഗാ ബൈക്ക് സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തതും അവരെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നുപോയ ടോറസ് ലോറി കുറച്ചു മുൻപിലായി ബ്രേക്കിട്ടു...
(തുടരും)
ഭാഗം 27
ഗംഗ ബ്രേക്ക് പിടിച്ചെങ്കിലും വണ്ടി ഒരു വശത്തേക്ക് ചരിഞ്ഞു. മഹി ചാടിയിറങ്ങി വണ്ടി താങ്ങിയതും അവൾ സ്റ്റാൻഡിലിട്ടു... ഭാരത് ബെൻസിന്റെ എട്ടു വീൽ ലോറി കുറച്ചു മുൻപിലായി ഒതുക്കി നിർത്തിയിട്ടുണ്ട്... ഗംഗ മഹിയെ നോക്കി ഒന്നുമില്ല എന്നവൻ കണ്ണടച്ചു കാണിച്ചു... പരിസരങ്ങളിൽ നിന്ന ആളുകളിൽ പലരും സംഭവം കണ്ടിരുന്നു. ഒന്നുരണ്ട് പേര് അവർ നിൽക്കുന്നയിടത്തേക്ക് വന്നു...
"അല്ല അവന്മാര് എന്ത് പണിയാ കാണിച്ചേ, ചോദിക്കാനും പറയാനും ഇവിടെ ആരുമില്ലെന്നാണോ..."
മറ്റുള്ളവരും അവരുടെ അടുത്തേക്ക് വന്നതും ലോറി വീണ്ടും സ്റ്റാർട്ടായി... അവർ നോക്കിനിൽക്കേ അകന്നകന്നുപോയി... അവർക്കരികിലേക്ക് ബ്ലാക്ക് പജെറോ വന്നു നിന്നതും ഗംഗ ആശ്വാസത്തോടെ മഹിയെ നോക്കി... ഡോർ തുറന്നിറങ്ങിയ അനന്തൻ അവരുടെ അടുത്തേക്ക് വന്നു, മഹി കാര്യം പറഞ്ഞു ഗംഗയെപ്പറ്റിയുള്ള ഏകദേശ കാര്യങ്ങളൊക്കെ അനന്തന് അവൾ പറഞ്ഞറിയാം... ആളുകൾ പലരും പലവഴിക്ക് പോയി...
മഹിക്ക് കൂടുതൽ പരിക്കില്ല എന്നറിഞ്ഞപ്പോൾ നല്ല ആശ്വാസം തോന്നിയെങ്കിലും അവനെ കാണണം എന്ന് മനസ്സ് ഓരോ നിമിഷവും തുടിച്ചുകൊണ്ടിരുന്നു. എങ്ങനെ ഒന്നു പോയി കാണും ആളിപ്പോൾ വീട്ടിലാവാനെ സധ്യതയുള്ളു... ക്ലാസ്സ് കഴിഞ്ഞു പോയാലോ, ഗംഗയോട് വന്ന് കൂട്ടാൻ പറയാം...
മൊബൈൽ ഇടയ്ക്കിടെ അമ്മ ചെക്ക് ചെയ്യുന്നത് കൊണ്ട് തല്കാലം മഹിയുടെ നമ്പർ സേവ് ചെയ്തിട്ടില്ല. മനഃപാഠമാക്കിയിട്ടുണ്ട്... വിളിച്ചു കഴിഞ്ഞ് ഹിസ്റ്ററിയിൽ നിന്ന് നമ്പർ ഡിലീറ്റ് ചെയ്യും... ഗംഗയുടെ നമ്പർ ഡയൽ ചെയ്ത് കാത്തിരുന്നു. ആദ്യത്തെ വിളിയിൽ എടുത്തില്ല അടുത്ത കോളിൽ അവൾ എടുത്തു...
"എന്താടി...?"
"എടി എനിക്ക് മഹിയേട്ടനെ വന്നു കാണണം, ക്ലാസ്സ് കഴിയുന്ന ടൈമിൽ എന്നെ വന്ന് പിക്ക് ചെയ്യാമോ...?"
"ദക്ഷാ ഇന്ന് സമരമാണ് ക്ലാസ് കാണില്ലെന്ന് അവൻ പറഞ്ഞു, നീ വാ ഞങ്ങളിവിടെ ഐറ്റിഐയുടെ മുൻപിലുണ്ട്..."
ദക്ഷ ചാടിത്തുള്ളി മഞ്ജുവിനെ വിളിച്ചു കാര്യം പറഞ്ഞ് ബാഗുമെടുത്ത് പോകാനിറങ്ങി...
"ഇന്നെന്താടി ഭയങ്കര സന്തോഷം, ചോറ് പാത്രം വേണ്ടേ..."
സുരഭി പാത്രം സാരിത്തുമ്പിൽ തുടച്ചുകൊണ്ട് വരുന്നതിനിടെ ചോദിച്ചു... ചോറ് പാത്രം വാങ്ങിയില്ലെങ്കിൽ പണിയാകും, ഒന്നുമില്ല എന്ന് കണ്ണ് മിഴിച്ചു കാണിച്ചിട്ട് പാത്രവും വാങ്ങി ബാഗിലിട്ട് പോകാനിറങ്ങി... ക്ലാസ്സ് ഇല്ലെന്ന് അറിഞ്ഞപ്പോഴേ മഞ്ജു വരുന്നില്ല എന്ന് പറഞ്ഞിരുന്നു. വെറുതെ എന്തിനാ രണ്ടിന്റേം ഇടയ്ക്ക് കട്ടുറുമ്പാകുന്നത്... ഒൻപതിന്റെ ബസ്സിൽ കയറുമ്പോൾ ദക്ഷ പതിവ് പാട്ട് മൂളുന്നുണ്ട്... പാടി തൊടിയിലേതോ...
ബസ്സിറങ്ങി ചെല്ലുമ്പോൾ റോഡരികിൽ നിന്ന ഗംഗ അവളെ നോക്കി കൈകാണിച്ചു... അവൾ തിരിച്ചും... അടുത്തേക്ക് വന്നപ്പോഴാണ് അനന്തന്റെ വണ്ടി കണ്ടതും വണ്ടിയിൽ ചാരി മഹിയോട് അവൻ സംസാരിക്കുന്നതും കണ്ടത്... പെട്ടന്ന് ദക്ഷയുടെ അരികിൽ വന്നു നിന്ന ചുവന്ന മാരുതി കാറിലിരുന്ന സ്ത്രീ അവളെ കൈകാട്ടി വിളിച്ചു...
"ദക്ഷാ... ഇന്ന് സ്ട്രൈക്ക് ആണെന്ന് അറിഞ്ഞില്ലേ നീ..."
ദൈവമേ രാധിക മിസ്... പോരാത്തതിന് അമ്മയുടെ കൂട്ടുകാരിയും... ദക്ഷ തിരിഞ്ഞ് ഗംഗയെ നോക്കി അവൾ എന്താണ് കാര്യമെന്നറിയത്തെ അവളോട് കണ്ണുകൾ കൊണ്ട് സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്... ദക്ഷ തിരിഞ്ഞ് അവരെ നോക്കി ചിരിച്ചു...
"അറിഞ്ഞില്ല മിസ്സ് ഇവിടെ വന്നപ്പോഴാ ഞാൻ..."
"എന്തായാലും നീ വാ ഞാൻ വീട്ടിലാക്കിയേക്കാം, എനിക്ക് അതുവഴി പോകേണ്ടാ ആവശ്യമുണ്ട്..."
ഗംഗയെ നിസ്സഹായാതയോടെ നോക്കിക്കൊണ്ട് അവൾ മിസ്സിന്റെ കാറിന്റെ മുൻവശത്തെ ഡോർ തുറന്ന് കയറി, മഹി അനന്തനും തന്നെ നോക്കുന്നത് കണ്ടില്ലെന്ന് നടിച്ച് അവൾ മിസ്സിനോട് എന്തൊക്കയോ സംസാരിക്കാൻ ശ്രമിച്ചു...
"ദക്ഷ പോകുന്ന വഴിക്ക് എന്റെ ചേട്ടന്റെ വീട്ടിലൊന്ന് കേറണം നിനക്ക് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ അല്ലേ...?"
ഇല്ല എന്നവൾ തലകുലുക്കി... മെയിൻ റോഡിൽ നിന്ന് ഇടത്തേക്ക് തിരിയുമ്പോഴേ ചെമ്പഴ എന്ന ബോർഡ് കണ്ടിരുന്നു. മതിലിൽ കൊത്തിവച്ചിരിക്കുന്ന ഉരുണ്ട അക്ഷരങ്ങൾ കാണാൻ നല്ല ഭംഗി... രാധിക മിസ്സ് ഹോണടിച്ചതും അകത്തുനിന്ന് ആരോ വന്ന് ഗേറ്റ് തുറന്നു... വിശാലമായ മുറ്റത്തേക്ക് കാറോടിച്ചു കയറ്റി നിർത്തി രാധിക ഡോർ തുറന്നിറങ്ങുന്നതിനിടയിൽ ദക്ഷയെ അകത്തേക്ക് ക്ഷണിച്ചു...
മഹിയെ കാണാൻ കഴിയാതെ പോയ സങ്കടം മനസ്സിൽ മുള്ള് പോലെ തറച്ചിരിക്കുന്ന സാഹചര്യത്തിൽ പോകണമെന്ന് തോന്നിയില്ലെങ്കിലും വേറെ വഴിയില്ലാതെ അവൾ വണ്ടിയിൽ നിന്നിറങ്ങി മിസ്സിന് പിന്നാലെ പോയി... അവളെ ഹാളിൽ ഇരുത്തിയ ശേഷം മിസ്സ് അകത്തേക്ക് കയറിപ്പോയി... മഹിയെ ഒന്ന് വിളിച്ചു നോക്കിയാലോ അല്ലെങ്കിൽ വേണ്ടാ ഗംഗയെ വിളിക്കാം... നിശബ്ദമായ അവിടെ ആരോ ചുമച്ച ശബ്ദം വളരെ ഉച്ചസ്ഥായിയിൽ കേട്ടതും അവൾ തിരിഞ്ഞു നോക്കി... താടിയും മുടിയും നീട്ടി വളർത്തിയ ഒരു മധ്യവയസ്കൻ...
"ഇയാളാണ് ദക്ഷ അല്ലേ...?"
അവൾ തലയാട്ടിക്കൊണ്ട് എണീറ്റു നിന്നു... ഇരിക്കാൻ പറഞ്ഞ് അവൾക്കെതിരെയുള്ള സോഫയിൽ അയാളിരുന്നു. കണ്ണുകൾ കുഴിഞ്ഞ് അകത്തേക്ക് തള്ളിയിരുന്നു. മുഖം ദുഃഖം കൊണ്ട് മൂടിയ നിലയിലാണ്...
"ഞാൻ രമേശൻ നായർ തന്റെ മിസ്സിന്റെ ചേട്ടനാ..."
ദക്ഷ ചിരിച്ചുകൊണ്ട് തലയാട്ടി... രാധിക മിസ് അങ്ങോട്ട് വരുന്നത് കണ്ടതും അവൾ എഴുന്നേറ്റു...
"ദക്ഷ ബാഗ് അവിടെ വച്ചിട്ട് വാ..."
മിസ്സ് സാരിത്തുമ്പ് ചുറ്റി അരയിൽ കുത്തിവച്ചിരിക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്...
"മിസ്സേ അങ്കിളിനു സുഖമില്ലേ കണ്ണൊക്കെ കണ്ടിട്ട് ഉറക്കമൊന്നും ഇല്ലെന്ന് തോന്നുന്നു."
"ആറു വർഷമായി ഏട്ടൻ ഇങ്ങനെയാണ്, നാട്ടിലെ പേരുകേട്ട പ്രതാപിയായിരുന്നു, പറഞ്ഞിട്ടെന്താ..."
അവർ സംസാരിച്ചു നടക്കുന്നതിനിടയിൽ ചെറിയ ഇടനാഴി കണ്ടു, ചാരിയിട്ട വാതിൽ പതിയെ അകത്തേക്ക് തള്ളിയതും തുറന്നു... മലവും മൂത്രവും കലർന്ന ഗന്ധം മൂക്കിലടിച്ചതും അവൾക്ക് ഓക്കാനം വന്നു... വാ പൊത്തിപ്പിടിച്ച് മടിച്ചു മടിച്ച് അകത്തേക്ക് കയറി...
"ഇത് ഏട്ടന്റെ മോള് ഉമാമഹേശ്വരി... ആറു വർഷമായി ശരീരം മുഴുവൻ തളർന്നു കിടക്കുകയാണ്..."
ദക്ഷ ബോധം മറഞ്ഞ് പിന്നിലേക്ക് വീഴാതിരിക്കാൻ വാതിലിൽ മുറുകെപ്പിടിച്ചു... കട്ടിലിൽ കഴുത്തറ്റം പുതച്ചു കിടക്കുന്ന രൂപത്തെ ഒന്നുകൂടി നോക്കി അത് ഉമയാണെന്ന് കണ്ടപ്പോൾ മനസ്സിലായില്ലെങ്കിലും തൊട്ടു മുകളിൽ ഭിത്തിയിൽ തൂക്കിയിരിക്കുന്ന ഫോട്ടോയും കിടക്കയിൽ കിടക്കുന്ന രൂപത്തിനും ഒരേ ഭാവം, ചിരി... പതിയെ അവൾ തിരിച്ചറിഞ്ഞു. അത് ഉമയാണെന്ന്... എല്ലും തോലുമായി മാറിയിരുന്നു അവൾ...
"ഉമ..."
ദക്ഷയുടെ നെഞ്ചിൽ ഒരായിരം കാരമുള്ളുകൾ ഒരുപോലെ തുളഞ്ഞിറങ്ങി....
(തുടരും)
ഭാഗം 28
ഭാഗം 28
ഉമ!!! ദക്ഷയ്ക്ക് തല ചുറ്റുന്നപോലെ തോന്നി, ഭൂമി പിളർന്നു താഴേക്ക് പതിച്ചാൽ പോലും വേണ്ടില്ല. അത്രയ്ക്കും ഭയം പടർന്നു കഴിഞ്ഞു, ഉള്ള് പുകഞ്ഞു കത്തി... ദക്ഷ രാധിക മിസ്സിനെ തുറിച്ചു നോക്കി അവര് ഭാവഭേതമില്ലാതെ നിൽപ്പുണ്ട്, എല്ലാം അറിഞ്ഞിട്ട് തന്നെ ഇങ്ങോട്ട് കൊണ്ടുവന്നതാണ്...
കട്ടിലിൽ കിടക്കുന്ന രൂപം തന്നെയാണ് നോക്കുന്നത്... മെലിഞ്ഞുണങ്ങിയ ശരീരവും പറ്റെ വെട്ടിയ മുടിയും, ആകെക്കൂടി ഉമയല്ലെന്ന് മനസ്സിനെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പഴയ ഉമയെ അവൾക്ക് ഓർമ്മ വന്നു വെളുത്തു നല്ല തേജസോടെ നിൽക്കുന്ന ഉമ നീളം കുറഞ്ഞ ഉള്ളോള്ള മുടി വിടർത്തിയിട്ടിരിക്കുന്നത് കാണാൻ തന്നെ എന്തൊരു ഭംഗിയായിരുന്നു.
"ദക്ഷാ... അങ്ങനല്ലേ തന്റെ പേര് അപ്പച്ചി പറഞ്ഞപ്പോൾ ഞാൻ ഇത്തിരി മെലിഞ്ഞ കുട്ടിയെയാണ് പ്രതീക്ഷിച്ചത്... അടുത്തു വരാൻ പറയുന്നില്ല, കഴിഞ്ഞ കുറേ വർഷങ്ങളായി ഞാൻ ഈ ജീവിതമാണ് നയിക്കുന്നത്..."
ദക്ഷ ഞെട്ടി അവളെ നോക്കി... അങ്കിളിന്റെ മുഖം കണ്ടപ്പോൾ കുറച്ചു മുൻപ് കണ്ട നിസ്സംഗത അവൾക്ക് ഓർമ്മ വന്നു...
"എന്നെ മനസ്സിലായോ...?"
"ഉമ... ഉമയല്ലേ...?"
വിക്കി വിക്കി അവസാനം അവളുടെ പേര് പറഞ്ഞൊപ്പിച്ചു. സഹിക്കാൻ കഴിയാത്ത മനോവേദനയോടെ അവൾ ഉമയുടെ മുഖത്തേക്ക് നോക്കി...
മഴയുള്ള രാത്രിയിലെ മഹാജയത്തിന് ശേഷം തന്റെ മുറിയിൽ കിടക്കുമ്പോൾ അച്ഛൻ ആരോടോ ഫോണിൽ പറയുന്നത് കേൾക്കുമ്പോൾ അതൊരു സാധാരണ കാര്യമായി തോന്നി... അവളെ കത്തിച്ചു കളയാനാണ് ആരോടോ പറഞ്ഞത്, അന്ന് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ ശരീരം? അതാരാ... പുകച്ചിലോടെ തല കുടഞ്ഞ് കട്ടിലിലേക്ക് നോട്ടമെറിഞ്ഞു.
"ചായ..."
തന്റെ നേർക്ക് നീട്ടിയ ചായക്കപ്പ് പിടിച്ചിരിക്കുന്ന കൈകളുടെ ഉടമയെ കണ്ടപ്പോൾ ഒന്നുകൂടി അമ്പരന്നു, ഉമയുടെ മുഖത്തേക്ക് നോക്കിയ പോലെ... അവളുടെ അമ്മ ആശ... ചായക്കപ്പ് വാങ്ങുമ്പോൾ ദക്ഷയുടെ കൈ വിറച്ചു... ആശ ഒന്നും സംഭവിക്കാത്തപോലെ ഉമയുടെ അരികിലേക്ക് ചെന്നു, അവളെ കുളിപ്പിക്കാനുള്ള തയാറെടുപ്പാണെന്ന് മനസിലായി...
പുതപ്പ് മാറ്റി നൈറ്റി ധരിച്ചിരിക്കുന്ന ശോഷിച്ച രൂപത്തെ ഇരു കൈകളിലും കോരിയെടുത്ത് പുറത്തേക്ക് കൊണ്ടുവരുന്നതിനിടെ ഉമ അമ്മയോട് നിൽക്കാൻ പറഞ്ഞു.
"ഞാൻ കുളിച്ചിട്ട് വരാട്ടോ കുറേ സംസാരിക്കണം എനിക്ക് തന്നോട്, അപ്പോഴേക്കും താൻ ചായ കുടിച്ചിട്ട് വാ..."
അവർ പുറത്തേക്ക് പോയതും രാധിക വന്ന് ദക്ഷയുടെ കയ്യിൽ പിടിച്ചു പുറത്തേക്ക് കൊണ്ടുവന്നു...
"മിസ്സ്... മിസ്സിന് എല്ലാം അറിയാമായിരുന്നല്ലേ... ഉമയെങ്ങനെ അന്ന് രക്ഷപെട്ടു...?"
"അന്നത്തെ സംഭവങ്ങൾക്ക് ശേഷം ഉമ മഹിയെ വിവാഹം കഴിക്കുന്നതുവരെ ചേട്ടനും അനിയന്മാരും ബന്ധുക്കളും പകയോടെ നടന്നെങ്കിലും പിന്നെ അതൊക്കെ തണുത്തുപോയി... അവളെ ഇല്ലാതാക്കി പക തീർക്കാൻ മാത്രമുള്ള വിവരദോഷികളല്ലായിരുന്നു ഞങ്ങൾ... ഇനി ഇങ്ങനൊരു മകൾ എനിക്കില്ല എന്ന് ചേട്ടൻ തീരുമാനമെടുത്തു. അവൾക്ക് അവരുടെ വഴി നമുക്ക് നമ്മുടെ വഴി...
ഇത്രയൊക്കെയായിട്ടും രമേശേട്ടൻ അവരറിയാതെ അവരെ പിന്തുടർന്നു, മഹിക്ക് ഇലക്ഷനിൽ മത്സരിക്കാനുള്ള അവസരം കിട്ടിയതും അവരുടെ ജീവിതം സന്തോഷകരമായി പോകുന്നത് കണ്ട് ഉള്ളാലെ സന്തോഷിച്ചു... അതിനിടയിലാണ് തന്റെ അച്ഛനും ദാമോദരനും ചേർന്ന് മഹിയെ കൊല്ലാൻ പദ്ധതിയിടുന്ന കാര്യം അറിഞ്ഞത്... എങ്ങനെയും അത് തടയണമെന്ന ഉദ്ദേശത്തോടെ മഹിയുടെ കൂട്ടുകാരനെ കണ്ട് വിവരങ്ങൾ പറഞ്ഞു.
പക്ഷെ അതുകൊണ്ടൊന്നും പ്രയോജനം ഉണ്ടായില്ല. അവര് കുഞ്ഞുമോനെ തട്ടിക്കൊണ്ടുപോയി കൃത്യസമയത്ത് ഉമയേയും... മഹിയെ വെട്ടിവീഴ്ത്തി ഉമായേയും കുഞ്ഞുമോനെയും കൊണ്ട് ദമോദരന്റെ ആളുകൾ നേരെ പോയത് അയാളുടെ ടൗണിനു പുറത്തുള്ള വീട്ടിലേക്കായിരുന്നു. മദ്യവും മയക്കുമരുന്നും ചേർന്ന് അവന്മാരുടെ സമനില തെറ്റിയ നേരത്ത് അവളെ അവരെല്ലാവരും ചേർന്ന്..."
രാധിക നിർത്തുമ്പോൾ അവരുടെ കണ്ണ് നിറഞ്ഞു കവിളിലേക്ക് ഒഴുകിയിറങ്ങിയിരുന്നു.
"നിന്റച്ഛൻ അവളെ കത്തിച്ചു കളഞ്ഞേക്കാൻ പറഞ്ഞു. രമേശേട്ടൻ കൃത്യ സമയത്ത് അവിടെയെത്തി അവളെ രക്ഷിച്ചു...
ഞങ്ങളവളെ കാണുമ്പോൾ എണീക്കാൻ കഴിയാതെ ഇതേപോലെ, ഇനിയൊരിക്കലും അവൾക്ക് പഴയപോലെ ആവാൻ കഴിയില്ല. അന്ന് അവിടെവച്ച് സംഭവിച്ചതെന്താണെന്ന് ചേട്ടൻ ഇതുവരെ പറഞ്ഞിട്ടില്ല. കത്തിക്കരിഞ്ഞ ജഡം ആരുടേതാണെന്നും അറിയില്ല."
ദക്ഷ ചായ ഒരിറക്ക് കുടിച്ചു അവളുടെ ഉള്ളാകെ നീറ്റാനുള്ള വേദന അതിന്റെ ഓരോ തുള്ളിക്കും ഉള്ളപോലെ... രണ്ടുപേരും ഇടനാഴിക്ക് അപ്പുറമുള്ള വരാന്തയിൽ ചെന്നിരുന്നു. കീറിമുറിക്കപ്പെട്ട മനസ്സിലെ വേദന ഭേതമാക്കാൻ ഒരു വൈദ്യനും കഴിയില്ല. ഈ ജന്മം മുഴുവൻ അത് കൊണ്ടിനടക്കണ്ടത് തനിക്കുള്ള ശിക്ഷയാണ്...
"ദക്ഷ..."
രാധികയുടെ വലതുകൈ അവളുടെ തോളിലൂടെ ഇഴഞ്ഞുവന്നു ചേർത്തുപിടിച്ചു... അവരുടെ തോളിലേക്ക് ചാഞ്ഞു കിടക്കുമ്പോൾ ദക്ഷയ്ക്ക് ഉടലാകെ പൊള്ളുന്ന പോലെ തോന്നി... തന്റെ ജീവനെ പറിച്ചെറിയുന്ന ചൂടുള്ള പനി... ഉടലിന്റെ വിറയൽ ചുണ്ടികളിലേക്ക് പടർന്നു. അത് തന്റെ ശരീരം മുഴുവൻ വ്യാപിക്കുന്നതും കൈകാലുകൾ അനക്കാൻ കഴിയാതെ നിലത്തു കിടന്ന് പിടക്കുന്നതും കണ്ടു...
"ദക്ഷ..."
രാധികയുടെ തോളിൽ ചാരിക്കിടന്ന ദക്ഷ കണ്ണ് മിഴിച്ചു നോക്കി... മിസ്സിന്റെ തോളിൽ തല ചായ്ച്ചു കിടന്ന കിടപ്പിലാണ് താനിപ്പോൾ... തലതിരിച്ചു നോക്കുമ്പോൾ വീൽചെയറിൽ ഇരിക്കുന്ന ഉമയെ കണ്ടു... കുളികഴിഞ്ഞ് നെറ്റിയിൽ ഭസ്മക്കുറി തൊട്ടിട്ടുണ്ട്... പുതിയ നൈറ്റി ധരിച്ചിട്ടുണ്ട്...
"ചേച്ചി രണ്ടു ദിവസമായി ഇവിടെയില്ലായിരുന്നു. ചേച്ചി അല്ലാതെ ആരേയും അവളുടെ കാര്യങ്ങൾ നോക്കാൻ സമ്മതിക്കില്ല. ചേട്ടനെ പോലും..."
രാധിക എണീറ്റുകൊണ്ട് പറഞ്ഞു.
"വാടോ..."
തന്റെ നേർക്ക് കൈനീട്ടുന്ന ഉമയുടെ മുഖത്ത് കണ്ട ചിരി ദക്ഷയെ അത്ഭുതപ്പെടുത്തി... കുറച്ചു മുൻപ് കണ്ട ആളേയല്ല. അടുത്തേക്ക് ചേർന്നു നിൽക്കുമ്പോൾ ദക്ഷയുടെ കണ്ണിൽ നിന്നടർന്ന തുള്ളി ഉമയുടെ കൈയ്യിലേക്ക് വീണു...
(തുടരും)
ഭാഗം 29
ഉമയ്ക്ക് മുൻപിൽ കസേരയിട്ടിരുന്ന ദക്ഷ അവളെ നോക്കിയിരിപ്പാണ്, എന്തെങ്കിലും സംസാരിക്കുന്നില്ല.
"താനെന്താ കുട്ടി ഇങ്ങനെ... ഞാൻ കരുതി എന്നൊട് കലപില മിണ്ടുമെന്ന്... മഹി... മഹിയേട്ടൻ സുഖമായിരിക്കുന്നോ...?"
മഹിയുടെ പേര് പറഞ്ഞപ്പോൾ വാക്കുകൾ ഇടറിയെങ്കിലും അത് മറച്ച് അവൾ ചോദിച്ചു... അതേയെന്ന് തലയാട്ടിയതല്ലാതെ ദക്ഷ ശബ്ദിച്ചില്ല.
"ഒരു വെള്ളപ്പേപ്പറു പോലെ മഹിയേട്ടൻ മാറിപ്പോയി അല്ലേ, എഴുതിയ വാക്കുകളും ജീവിതവും അപ്പാടെ മാഞ്ഞു പോയിരിക്കുന്നു."
ദക്ഷയ്ക്ക് തല പെരുക്കാൻ തുടങ്ങി, പെരുപ്പ് സഹിക്കാൻ കഴിയാതെ വന്നപ്പോൾ അവൾ എണീറ്റോടി, ഉമയുടെ വിളികളോ പിന്നാലെ വന്ന രാധികയേയൊ അവൾ കണ്ടില്ല. കാലുകളോട് മുന്നോട്ട് മുന്നോട്ടെന്ന് മാത്രം മന്ത്രിച്ചുകൊണ്ടിരുന്നു. കാലുകൾ കുഴച്ചിലുണ്ടാകാതെ മുന്നോട്ട് മുന്നോട്ട് പോയി...
പെട്ടന്ന് ആരോ പിടിച്ചുവലിച്ചതും ദക്ഷ ബോധമറ്റ് നിലത്തേക്ക് വീണു, ആളുകൾ ഓടിക്കൂടിയതോ റോഡിനു നടുവിൽ ബസ്സിന് മുൻപിൽ വീണുകിടന്ന അവളെ എടുത്ത് മാറ്റിയതോ അറിഞ്ഞില്ല.
മുഖത്ത് ശക്തിയായി വെള്ളം വീണതും ദക്ഷ ഞെട്ടി കണ്ണ് തുറന്നു... ആശയും രമേശനും രാധകയും തനിക്കരികിൽ നിൽപ്പുണ്ട്...
"അച്ഛാ എന്തായി ആ കുട്ടി കണ്ണ് തുറന്നോ... അച്ഛാ..."
ഉമയുടെ ചോദ്യം ദക്ഷ കേൾക്കുന്നുണ്ട്... യാന്ത്രികമായി താൻ എങ്ങോട്ട് പോയത് മാത്രം ഓർമ്മയുണ്ട്... പിന്നെ എന്ത് സംഭവിച്ചെന്ന് ഓർമ്മയില്ല. രമേശൻ പുറത്തേക്ക് പോയി ദക്ഷ കണ്ണ് തുറന്നെന്ന് ഉമയോട് പറഞ്ഞു. അവൾ ആശ്വാസത്തോടെ അകത്തേക്ക് നോക്കി...
"നീയെന്തിനാ കുട്ടീ ഇറങ്ങിയോടിയത് ഒന്ന് തെറ്റിയിരുന്നെങ്കിൽ എന്താ സംഭിക്കുകയെന്ന് വല്ല നിശ്ചയവുമുണ്ടോ...?"
രാധിക അവളുടെ മുടിയിഴ ഒതുക്കിവച്ചു... ദക്ഷ പതിയെ എണീറ്റിരുന്നു.
"മിസ്സേ തലയിലെ പെരുപ്പ് കൂടി ഞാൻ ചാവും എന്ന് തോന്നിയപ്പോഴാ ഇറങ്ങിയോടിയത്... മിസ്സേ ഇതെല്ലാം കൂടി താങ്ങാനുള്ള കരുത്ത് എനിക്കില്ല."
ദക്ഷയുടെ സംസാരവും അവളുടെ തളർച്ചയും രാധികയെ തെല്ലു ഭയപ്പെടുത്തി... അവർ ഒന്നും പറയാതെ പുറത്തേക്കിറങ്ങിപ്പോയി... മൊബൈൽ വൈബ്രേറ്റ് ചെയ്യുന്നതറിഞ്ഞ് എടുത്തു നോക്കി... ഗംഗയാണ്, കോൾ കട്ടായതും ഇരുപത് മിസ്സ്‌കോൾ എന്ന് ഡിസ്പ്ലേയിൽ കണ്ടു... വീണ്ടും കോൾ വന്നു അവളോട് എന്ത് പറയും... എടുക്കാതെ പറ്റില്ല വിളിച്ചുകൊണ്ടേയിരിക്കും... വേറെ വഴിയില്ലാതെ കോൾ എടുത്തു...
"ഹലോ..."
"ഹലോ ഡീ നീയെന്ത് പണിയാ കാണിച്ചത്, എന്തിനാ മിസ്സിന്റെ ഒപ്പം കയറിപ്പോയത്...?"
തൊണ്ടയിടറാതെ അവളോട് സംസാരിക്കാൻ ശ്രമിച്ചു...
"മിസ്സ് അമ്മേടെ ഫ്രണ്ടാടി ഞാനിപ്പോ മിസ്സിന്റെ വീട്ടിലാ, അന്നേരം കാറിൽ കേറാതെ അങ്ങോട്ട് വന്നിരുന്നേൽ ഇന്നത്തോടെ എല്ലാം തീർന്നേനെ..."
"ആണോ കാര്യമറിയാതെ ഞങ്ങള് ടെൻഷനടിച്ചു... എന്നാൽ നീ വീട്ടിൽ ചെന്നിട്ട് വിളിക്ക്..."
കോൾ കട്ടാക്കി ദക്ഷ ശ്വാസം വലിച്ചുവിട്ടു... രാധിക അകത്തേക്ക് കയറിവന്നു...
"നമുക്ക് പോകാം...?"
യാന്ത്രികമായി അവൾ തലയാട്ടി... പുറത്തേക്കിറങ്ങുമ്പോൾ ഉമയെ കണ്ടു... അവളുടെ മുഖത്ത് അതേ ചിരി കളിയാടി നിൽപ്പുണ്ട്...
"ജീവിതം ചിലപ്പോൾ ഓരോരുത്തർക്കും ഓരോ രീതിയിലാവും കൊടുത്തിരുക്കുക, എന്റെയും മഹിയേട്ടന്റെയും ഒന്നിച്ചുള്ള ജീവിതത്തിന് അധികം ആയുസ്സില്ലായിരുന്നു. മനുഷ്യനായിട്ട് അത് കൂട്ടാൻ നോക്കിയാൽ കഴിയില്ല. പേടിക്കണ്ടാ ഞാനൊരിക്കലും മഹിയേട്ടനെ തേടി വരില്ല കുട്ടീ... നീ ധൈര്യമായിട്ട് പോയിട്ട് വാ..."
ദക്ഷ നിറഞ്ഞു തൂവിയ കണ്ണുനീർ തുടച്ച് ഉമയുടെ മുഖം കൈക്കുമ്പിളിലെടുത്ത് നെറ്റിയിൽ ഉമ്മ വച്ചു... വരണ്ടുണങ്ങിയ കവിളുകളെ നനയിച്ചുകൊണ്ട് ഉമയുടെ കണ്ണുകൾ ഈറനണിഞ്ഞു...
വിലകൂടിയ വിദേശനിർമ്മിത കാറിൽ ഹോട്ടൽ പ്ലാസയുടെ മുൻപിലേക്ക് വന്നിറങ്ങിയ രൂപം കണ്ട് മിഥുൻ കൈകാണിച്ചു... അയാൾ തിരികെയും... കറുത്ത കോട്ടും താടിയും ഗ്ലാസും അയാളുടെ രൂപം മനസ്സിലാക്കാൻ കഴിയാത്ത പോലെ തോന്നി...
"ഹലോ എസ്കെ..."
"ഹലോ മിഥുൻ നീ വന്നിട്ട് നേരം കുറെയായോ?"
"ഹേയ് ഇപ്പൊ വന്നതേയുള്ളു..."
അടുത്തേക്ക് ചെന്നപ്പോഴാണ് അവനെ കണ്ടിട്ടൊരു പന്തിയല്ലെന്ന് എസ്കെയ്ക്ക് തോന്നിയത്, ഷർട്ടിന്റെ കൈ നിവർത്തിയിട്ടിട്ടുണ്ട് എന്തോ മറക്കും പോലെ മുഖത്തൊക്കെ ചെറിയ ചെറിയ ചതവുകൾ, മുന്നോട്ട് ഒരു ചുവട് വച്ചപ്പോൾ കാലിന്റെ ഞൊണ്ടൽ കാണാൻ കഴിഞ്ഞു...
"എന്താടായിത്... ആരാ നിന്നെ ഈ പരുവത്തിലാക്കിയത്...?"
"മഹി..."
മിഥുന്റെ മറുപടി കേട്ടതും അയാളുടെ മുഖത്ത് ഞെട്ടലുണ്ടായത് അവൻ ശ്രദ്ധിച്ചു... ചുറ്റും നോക്കിയതിനു ശേഷം ഇരുവരും അകത്ത് വിവിഐപി റൂമിൽ സ്ഥാനം പിടിച്ചു...
"എടാ അവൻ നോർമ്മലായോ പഴയ കാര്യങ്ങളൊക്കെ ഓർമ്മ വന്നു തുടങ്ങിയോ... അല്ലെങ്കിൽ പിന്നെ എന്തിനാ നിന്നെ പഞ്ഞിക്കിട്ടത്..."
"അവന് ഒന്നും ഓർമ്മ വന്നിട്ടില്ല. ഇത് കേസ് വേറെയാ, കുമാരൻ അങ്കിളിന്റെ മോള് ദക്ഷയെ അറിയില്ലേ താൻ, എനിക്ക് കല്യാണമുറപ്പിക്കാൻ അച്ഛൻ തീരുമാനിച്ചിരുന്നത് അവളെയാ... അവളാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം..."
എസ്കെ വെയ്റ്റർ കൊണ്ടുവച്ച കോഫി എടുത്ത് സിപ്പ് ചെയ്തു...
"പ്രേമമാണോ... അവനെ പണ്ട് വെട്ടിയരിയാൻ പറഞ്ഞവളല്ലേ അവള്, ആ അവൾക്ക് പ്രേമമോ...?"
മിഥുൻ ഒന്നും പറയാതെ മുൻപിലേക്ക് നോക്കിയിരുന്നു.
"ഞാനിപ്പോ നിനക്കെന്ത് സഹായമാ ചെയ്തു തരേണ്ടത്...?"
"എനിക്ക് ദക്ഷയെ വേണം, അവളെ കിട്ടണമെങ്കിൽ അവൻ ഇല്ലാതാവണം, അത് നിങ്ങളെക്കൊണ്ടേ കഴിയൂ... അതാ പെട്ടന്ന് കാണാണമെന്ന് പറഞ്ഞത്..."
"നീയൊരു കാര്യം ചെയ്യ്, കുറച്ച് കാത്തിരിക്ക്, പെട്ടന്ന് എടുത്തുചാടണ്ടാ... അവൻ പ്രതീക്ഷിക്കാത്ത സമയത്ത് നമുക്ക് പണിയാം... ഞാനല്ലേ പറയുന്നത്..."
എസ്കെ പറഞ്ഞത് ശരിയാണെന്ന് മിഥുനും തോന്നി... അല്പം കാത്തിരിക്കാം അവനിട്ടു കൊടുക്കാൻ പറ്റിയ വലിയൊരു പണി മതി, ഇനിയൊരു തവണ അവൻ പൊങ്ങിവരരുത്... മഹിയെന്ന അദ്ധ്യായം ഇല്ലാതാവണം ഇരുചെവി അറിയാതെ... അവളെ തനിക്ക് സ്വന്തമാക്കാൻ അതല്ലാതെ വേറെ വഴിയില്ല.
(തുടരും)
ഭാഗം 30
മിസ്സിനൊപ്പം കാറിലിരിക്കുമ്പോൾ ദക്ഷ നിശബ്ദയായിരുന്നു. അവൾക്ക് കരച്ചിൽ അടക്കാൻ കഴിയുന്നില്ല. എങ്ങനെയൊക്കെയോ കടിച്ചു പിടിച്ചിരിക്കുന്നു.
"മിസ്സെന്നെ മനപ്പൂർവം അങ്ങോട്ട് കൊണ്ടുപോയതാണോ?"
ഒടുവിൽ അവൾ മിസ്സിനോട് സംസാരിച്ചു...
"പലവട്ടം ആലോചിച്ചതാ മോളെ, നിന്നെയും മഹിയേയും പറ്റിയുള്ള എല്ലാ വിവരങ്ങളും അവൾക്ക് അപ്ടുഡേറ്റാണ്... ഇടയ്ക്ക് പെട്ടന്ന് എല്ലാവരേയും മറന്നുപോകും, അതുപോലെ ഓർമ്മിക്കുവേം ചെയ്യും..."
രാധിക കാർ ഒരു വശം ചേർത്തു നിർത്തി... ദക്ഷ അവരെ സൂക്ഷിച്ചു നോക്കിയിരിപ്പുണ്ട്...
"അവൾക്കിനി പ്രതീക്ഷിക്കാൻ ജീവിതത്തിലുള്ളത് നിങ്ങള് മാത്രമാണ്, മഹിയുടെ സന്തോഷം മാത്രം എന്തുവില കൊടുത്തും നീയത് സാധിച്ചു കൊടുക്കണം... എനിക്ക് മനസ്സിലാകും കുട്ടീ ഉമയേ കണ്ടപ്പോൾ മുതൽ നിന്റെ അവസ്ഥ... ഞാൻ പറഞ്ഞില്ലേ ഇനി അവൾക്ക് കൊടുക്കാൻ കഴിയുന്നത് നിങ്ങളുടെ നല്ല ജീവിതം എന്ന സന്തോഷം മാത്രമാണ്...
ഒരിക്കൽ മഹിയേയും ഉമയേയും കൊല്ലാൻ നടന്നവളല്ലേ നീ, നിനക്ക് ചെയ്യാൻ കഴിയുന്ന പരിഹാരമല്ലേ ഇത് ആലോചിച്ചു നോക്ക്, മഹി ഒരിക്കലും അവളെ തിരിച്ചറിയാൻ പോകുന്നില്ല."
ദക്ഷ കണ്ണടച്ചു പിന്നിലേക്ക് തല ചായ്ച്ചു കിടന്നു. വെട്ടുകൊണ്ട് കിടക്കുന്ന മഹിയെ ഓർത്തു അവനിൽ നിന്ന് പറിച്ചെടുത്ത ഉമയേയും മഴയത്ത് ജീപ്പിന്റെ പടുതയ്ക്കിടയിലൂടെ രക്ഷിക്കണേ എന്ന് കൈകാണിച്ച വളയിട്ട കൈകൾ മനസ്സിലേക്ക് വന്നതും അവൾ ഞെട്ടി കണ്ണ് തുറന്നു... പെട്ടന്ന് കണ്ണിൽ ഇരുട്ട് വ്യാപിച്ച പോലെ ഒന്നും കാണാൻ കഴിഞ്ഞില്ല.
"ഇവളെന്താ കണ്ണ് മിഴിച്ചിരിക്കുന്നത്...?"
അമ്മയുടെ ശബ്ദം കേട്ടതും തല കുടഞ്ഞ് കണ്ണ് തുറന്നു നോക്കി, വണ്ടി വീട്ടുമുറ്റത്ത് നിൽക്കുന്നു. മിസ്സും അമ്മയും ഒന്നിച്ചു നിൽപ്പുണ്ട്...
"അവൾക്ക് തലകറങ്ങുന്നെന്ന് പറഞ്ഞതുകൊണ്ട് ഞാൻ വണ്ടിയിലിങ് കൊണ്ടുവന്നു. വരുന്ന വഴിക്ക് ഡിസ്പൻസറിയിൽ കാണിച്ചു കുഴപ്പമില്ല."
ദക്ഷ ആരേയും ശ്രദ്ധിക്കാതെ ബാഗുമായി അകത്തേക്ക് കയറിപ്പോയി...
അനന്തനും ഗംഗയും കാര്യമായ ആലോചനയിലാണ്... ദക്ഷ പെട്ടന്ന് അവരെ കാണാതെ പോയതാണ് വിഷയം... മഹി വന്ന് അവർക്കരികിലിരിന്നു. മൂന്നുപേരും വഴിയരികിൽ തണൽ വിരിച്ചു നിരനിരയായി നിൽക്കുന്ന മരങ്ങളുടെ തണലിലുള്ള സിമന്റ് ബെഞ്ചിൽ ഇരിക്കുകയാണ്...
"മഹി ഇനി മിസ്സ് കാര്യങ്ങൾ അറിഞ്ഞിട്ട് അവളെ കൂട്ടികൊണ്ട് പോയതാണെങ്കിലോ... അല്ലെങ്കിൽ പിന്നെ അവരുടെ വീട്ടിലേക്ക് പോകണ്ട കാര്യമെന്താ...?"
"അതാവില്ല. അങ്ങനെയാണെങ്കിൽ അവൾ ഫോണിൽ സംസാരിക്കുകയും ഉള്ള കാര്യം പറയുകയും ചെയ്യുമോ...?"
ഗംഗ പറഞ്ഞതും കാര്യമാണ് എന്തായാലും അവളെ കാണാതെ ഒന്നും പറയാൻ കഴിയില്ല.
"സത്യമറിയാൻ വഴിയുണ്ട്..."
എന്തെന്നർത്ഥത്തിൽ മഹിയും അനന്തനും ഗംഗയെ നോക്കി...
"തനിക്ക് ആ വീട്ടിൽ എപ്പോ വേണമെങ്കിലും ചെല്ലാൻ പറ്റും, ആ വഴിക്ക് ശ്രമിക്കാം, പഴയ അനന്തനായി തന്നെ പോയാൽ മതി..."
അതാണ് നല്ലതെന്ന് അവന് തോന്നി പോകാമെന്ന് സമ്മതിച്ചുകൊണ്ട് അവൻ മൊബൈൽ എടുത്ത് ആരുടെയോ നമ്പർ ഡയൽ ചെയ്തു...
അനന്തൻ ചെന്നിറങ്ങുമ്പോൾ വീടിന് മുൻപിൽ കുമാരൻ ആരെയോ ഫോൺ ചെയ്തു നിൽപ്പുണ്ട്... അവനെ കണ്ടതും കൈ പൊക്കി കാണിച്ചു...
"ഹായ് അങ്കിൾ കണ്ടിട്ട് കുറച്ചു മന്ത്സ് ആയി... ഹൗ ആർ യൂ..."
"ഹലോ അനന്തൻ, മോൻ തിരിച്ചു പോയില്ലേ യൂഎസിലേക്ക്, അച്ഛൻ പറഞ്ഞു ഇവിടെ പുതിയ ബിസ്സിനസ്സ് തുടങ്ങാൻ പോകുന്നെന്ന് എന്തൊക്കയാ കാര്യങ്ങൾ..."
"വെൽ ഞാനിവിടെ ഒന്നു രണ്ട് പ്രൊപോസൽസ് നോക്കുന്നുണ്ട് അങ്കിളിനേയും അച്ഛനേയും പാർട്ട്‌ണേഴ്സാക്കി തുടങ്ങാനാണ് പ്ലാൻ..."
"ആണോ ഞാനും ദാമോദരൻ ചേട്ടനും റെഡി... മോൻ ബാക്കി കാര്യങ്ങൾ നോക്കിക്കോ..."
അനന്തൻ ചിരിയോടെ തലയാട്ടിക്കൊണ്ട് അകത്തേക്ക് കയറുമ്പോൾ അവന്റെ ശബ്ദം കേട്ട് ദക്ഷ പുറത്തേക്ക് വന്നു...
"ഹേ ബേബി, താനിവിടെ ഉണ്ടായിരുന്നോ ഞാൻ കരുതി..."
വെറുതെ കുശലം പറയുകയാണെന്ന് അവൾക്ക് മനസ്സിലായി, ദക്ഷ ചിരിച്ചെന്ന് വരുത്തി, താൻ മിസ്സിനൊപ്പം വന്നതുകൊണ്ട് അന്വേഷിക്കാൻ വന്നതാണെന്ന് മനസിലായി... കുമാരൻ ഫോണിൽ ആരോടോ സംസാരിക്കുന്ന തിരക്കിലാണ്....
"അല്ല ഇതാരാ അനന്തനോ..?"
സുരഭി അതിശയത്തോടെ അവനെ നോക്കി... കുമാരൻ ഫോൺ സംഭാഷണം അവസാനിപ്പിച്ച് അകത്തേക്ക് വന്നു...
"അങ്കിൾ ഞാൻ ദക്ഷയെ പുറത്തേക്ക് കൊണ്ടുപൊയ്ക്കോട്ടെ, ചുമ്മാ ഒരു ചെറിയ ഔട്ടിങ്..."
"ഓ യെസ് ചെല്ല് മോളെ.."
ദക്ഷ സംശയത്തോടെ അമ്മയുടെ മുഖത്തേക്ക് നോക്കി, അവർ കുമാരനേയും... അഞ്ചുമിനിറ്റിനുള്ളിൽ റെഡിയായി വന്നതും അനന്തൻ അവളേയും കൂട്ടി പുറത്തേക്ക് പോയി...
"നിങ്ങളെന്തിനാ മനുഷ്യാ പെണ്ണിനെ അവനൊപ്പം അയക്കുന്നത്... അവനെ അവൾക്ക് തീരെ ഇഷ്ടമല്ല."
"അവൾടെ ഇഷ്ടം നോക്കിയല്ല ഞാനിവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്... അവനിവിടെ നാട്ടിൽ ബിസ്സിനസ്സ് തുടങ്ങാൻ പോവാ... ആ ഇളയവൻ വെറും മൊണ്ണയാണെന്ന് ദാമോദരൻ പറഞ്ഞപ്പോ മുതൽ ഞാൻ കണക്കു കൂട്ടുന്നതാ, ദക്ഷമോൾക്ക് ഇവനാ ചേരുന്നത്... എനിക്കിപ്പോ ഇലക്ഷന് ഫണ്ട് ഇറക്കാനൊരു ആളെ കിട്ടിയേ തീരു അതിനിവൻ മതി..."
അയാള് പറയുന്നത് പകുതിയും മനസ്സിലായില്ലെങ്കിലും അവൾക്ക് സമ്മതിക്കാതെ വേറെ വഴിയില്ലല്ലോ...
അനന്തന്റെ പജെറോയിൽ സിറ്റിയിലേക്കല്ല പോകുന്നതെന്ന് ദക്ഷയ്ക്ക് മനസ്സിലായി...
"നമ്മളെവിടെക്കാ പോകുന്നത് അനന്തേട്ടാ...?"
"ഏതെങ്കിലും കോഫി ഷോപ്പിൽ മഹി അവിടേക്ക് വരും..."
"വണ്ടി നിർത്ത് എനിക്കിപ്പോ മഹിയേട്ടനെ കാണാൻ പറ്റില്ല. നമുക്ക് തിരിച്ചു പോകാം..."
അനന്തൻ അടുത്തു കണ്ട കോഫി ഷോപ്പിന് മുൻപിലേക്ക് വണ്ടി കയറ്റിനിർത്തിക്കൊണ്ട് അവളെ നോക്കുന്നതിനിടയിൽ ഗംഗയുടെ കോൾ വന്നു, ദക്ഷയുടെ മുഖം ശാന്തമാണ് അവൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. അവൻ ഗംഗയുടെ കോൾ എടുത്തു ഡോർ തുറന്ന് പുറത്തേക്ക് പോകുന്നതും സംസാരിക്കുന്നതും അവൾ കണ്ടു...
മഹിയേട്ടനെ കാണാനുള്ള മാനസികാവസ്ഥ ഇപ്പോഴില്ല. കണ്ടാൽ നിയന്ത്രണം വിട്ടുപോകും, പോകെ പോകെ താനൊരു ഭ്രാന്തിയാകുമെന്ന് അവൾക്ക് ഉറപ്പായി...
"ദക്ഷ ഗംഗ വരും മഹി വരില്ല. എന്താ നിന്റെ പ്രശ്നം..."
"അനന്തേട്ടാ നമ്മൾ രണ്ടാളും ഈ പ്രശ്നത്തിന് കാരണക്കാരാണ്... നമ്മളെക്കൊണ്ടേ അത് പരിഹരിക്കാൻ കഴിയൂ..."
കാര്യമറിയാതെ അനന്തൻ അവളെ നോക്കിയിരുന്നു.
(തുടരും)
ഭാഗം 32
മഹിയുടെ പെട്ടന്നുള്ള ചോദ്യം അവളെ തെല്ലു പരിഭ്രമത്തിലാക്കി, പക്ഷെ തന്റെ വായിൽ നിന്ന് വീണ അബദ്ധം മറയ്ക്കാതെ പറ്റില്ലല്ലോ...
"മഹിയേട്ടാ എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നത്, ഉമ മിസ്സിന്റെ ചേട്ടന്റെ മോളാ, അവിടെ പോയപ്പോൾ കണ്ടതാ, ഞാൻ പെട്ടന്ന് പറഞ്ഞു പോയതാ ഓർമ്മയിൽ വന്നില്ല. സോറി..."
"ഉം... നിനക്കെന്താ പറ്റിയത് രാവിലെ മിസ്സ് വിളിച്ചുകൊണ്ട് പോയതുമുതൽ എന്തൊക്കയോ സംഭവിച്ചു, ഞങ്ങളെത്ര ടെൻഷനടിച്ചു."
ദക്ഷ ശ്വാസം വലിച്ചുവിട്ട് ഫോൺ ഒന്നുകൂടി കാതോട് ചേർത്തുപിടിച്ചു...
"അപ്പൊ എന്റെ അവസ്ഥയോ മഹിയേട്ടാ, മിസ്സ് നിങ്ങളെ ആരെയെങ്കിലും കണ്ടിരുന്നെങ്കിൽ ഞാനെന്ത് മറുപടി പറയും... അമ്മേടെ അടുത്ത കൂട്ടുകാരി എന്തുണ്ടെങ്കിലും അമ്മ അറിയാതെ പോകില്ല."
അല്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം മഹി ശ്വാസം വലിച്ചുവിടുന്നത് അവൾ കേട്ടു...
"ഞാൻ ഓക്കെയാ മഹിയേട്ടാ, പേടിക്കാതെ പഴയപോലെ കാണാൻ കഴിയില്ല. അനന്തേട്ടൻ വിചാരിച്ചാൽ നമ്മളെ സഹായിക്കാൻ പറ്റും, ഞാനും ഗംഗയും ചേർന്ന് ഒരു പ്ലാൻ ഉണ്ടാക്കിയിട്ടുണ്ട്, നാളെ കഴിഞ്ഞ് നമുക്ക് കാണാം..."
ദക്ഷയുടെ വാക്കുകൾ അവന് എന്തെന്നില്ലാത്ത സന്തോഷം നൽകി... എല്ലാമറിഞ്ഞപ്പോൾ അവളോടുള്ള സ്നേഹം കൂടിയതല്ലാതെ കുറഞ്ഞില്ല. കോൾ കട്ടാക്കി കിടക്കയിലേക്ക് വീണു...
ദക്ഷ അസ്വസ്ഥതയോടെ ഫോൺ കിടക്കയിലേക്കിട്ട് മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി... ആരോടെങ്കിലും സംസാരിച്ചില്ലെങ്കിൽ ശരിയാവില്ല. മഞ്ജുവിനെ വിളിക്കാനായി ഫോണെടുത്തതും അതിലേക്ക് പരിചയമില്ലാത്ത നമ്പറിൽ നിന്ന് കോൾ വന്നു... ആരാ ഈ രാത്രി വിളിക്കാൻ...?
സംശയത്തോടെ അവൾ കോൾ എടുത്തു...
"ഹലോ..."
"കുട്ടി ഉറങ്ങിയോ? ഞാനാ ഉമ..."
മറുവശത്തുനിന്ന് കേട്ട ശബ്ദം ഉമയുടേതാണെന്ന് മനസ്സിലായി... ഇവരെന്താ ഇപ്പോ വിളിക്കുന്നത്...?
"കുട്ടീ..."
"ഉം..."
"ഞാൻ വിളിച്ചത് ശല്യമായോ തനിക്ക്, സ്വസ്ഥമായി സംസാരിക്കാൻ ഈ സമയമാണ് നല്ലതെന്ന് തോന്നി വിളിച്ചതാ... അമ്മയെ പണിയൊഴിഞ്ഞ് കിട്ടുന്നത് ഇപ്പോഴാ... എനിക്കീ ഫോണിൽ കുത്തി വിളിക്കാൻ ഇത്തിരി പാടാ കൈ ശരിക്ക് വഴങ്ങില്ല, അതാണ് അമ്മ വരുന്നത് വരെ കാത്തിരുന്നത്..."
ഉമയുടെ അവസ്ഥയിലൂടെ കടന്നുപോയപ്പോൾ ദക്ഷയ്ക്ക് സ്വയം പുച്ഛം തോന്നി... അവരോട് കാണിക്കുന്ന ഓരോ അവഗണനക്കും താൻ വലിയ വില കൊടുക്കേണ്ടി വരും... ദൈവത്തിന്റെ കോടതിയിൽ അതിന് മാപ്പില്ല.
"ഇയാളെന്താ ചിന്തിക്കുന്നത്...?"
"ഒന്നൂല്ല ഉമേച്ചി പറയുന്നത് കേട്ട് നിൽക്കുവാരുന്നു."
ശബ്ദത്തിൽ കുറച്ചു പാകത വരുത്തി ഉമയുമായി സംസാരിക്കാൻ ശ്രമിച്ചു...
"ഉമേച്ചി കഴിച്ചോ...?"
"കഴിച്ചല്ലോ, കഞ്ഞിയും ചമ്മന്തിയും... എന്റെ ഫേവറീറ്റ്, താനോ കഴിച്ചില്ലേ എനിക്ക് ഒന്ന് നേരിട്ടു കാണണം അത് ഓർമ്മിപ്പിക്കാനാ ഞാനിപ്പോൾ വിളിച്ചത്... കുറച്ചു സംസാരിക്കാനുണ്ട്..."
"ഞാൻ വരാം... പിന്നെ എന്റെ കൂടെ ഗംഗയ്ക്കും വരണമെന്ന് പറഞ്ഞു കൊണ്ടുവരട്ടെ..."
ഗംഗയെ കൂട്ടാൻ അനുവാദം കൊടുത്ത് ഉമ കോൾ അവസാനിപ്പിച്ചു... ദക്ഷയ്ക്ക് കൂടുതൽ സന്തോഷം മനസ്സിന് തോന്നി... ഉമ എത്ര പാവമാണെന്ന് അവൾക്കപ്പോൾ മനസ്സിലായി, ആർക്കും ജീവിതത്തിൽ ഇതുപോലൊരു അവസ്ഥ ഉണ്ടാക്കരുത്... സ്വന്തം ഭർത്താവ് മറ്റൊരു പെണ്ണുമായി ജീവിതം സ്വപ്നം കാണുന്നത് എങ്ങനെ സഹിക്കും... ചിന്തകൾ കാടുകയറിയ നിമിഷത്തിൽ അവൾ അറിയാതെ പൊട്ടിക്കരഞ്ഞുപോയി... ഒരു നിമിഷം ഭൂമി പിളർന്നു താണു പോയെങ്കിൽ എന്ന് അവൾക്ക് തോന്നി...
കണ്ണീരിന്റെ ഓരോ കണങ്ങളിലും ഉമയുടെ സന്തോഷം തല്ലിക്കെടുത്തിയ തന്റെയും അച്ഛന്റെയും വികൃതമായ ചിരിയുണ്ട് അനുഭവിക്കും, അല്ലാതെ പോവില്ല. അവൾ ആരോടെന്നില്ലാതെ പിറുപിറുത്തു...
രാത്രി പന്ത്രണ്ട് മണി, ദാമോദരന്റെ തടിമില്ലിൽ രഹസ്യമായി കൂടിയ മീറ്റിങ്ങിൽ പങ്കെടുത്തത് ആകെ മൂന്നുപേർ... ദാമോദരൻ മകൻ മിഥുൻ പിന്നെ കുമാരൻ...
"കാര്യങ്ങൾ കുറച്ചു കോമ്പ്ലിക്കേറ്റഡാണല്ലോ കുമാരാ... സിഡിആറിലേക്ക് കൂറുമാറിയ നമ്മുടെ ആളിനെത്തന്നെ അവന്മാര് അടുത്ത ഇലക്ഷന് നിർത്താൻ പോകുന്നെന്നാ അറിഞ്ഞത്... നാട്ടിൽ നീയും ഇവിടെ ഞാനും നിൽക്കുന്നതിൽ അർത്ഥമില്ല. അവനും അവൻ വലിച്ചു കൊണ്ടുപോയവനും നാട്ടുകാർക്കിടയിൽ അത്രയേറെ മതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്..."
"ഇതിപ്പോ ചേട്ടൻ എങ്ങനെ അറിഞ്ഞു. അവന്മാര് പിണങ്ങിയത് സത്യമാണ്, ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ അവർക്കുള്ളു..."
കുമാരൻ മദ്യം നിറച്ച ഗ്ലാസ്സ് ഒന്ന് മുട്ടിച്ചുകൊണ്ട് വായിലേക്ക് കമഴ്ത്തി ചുണ്ട് തുടച്ചുകൊണ്ട് ദാമോദരന് ധൈര്യം നൽകി...
"ഇതുപോലെ പണ്ട് നമ്മുടെ തലേൽ കയറിയിരിക്കാൻ വന്നവനിപ്പോ എന്തിയെ, എല്ലാം മറന്ന് പൊട്ടനെപ്പോലെ നാട്ടിൽ നടപ്പുണ്ട്, നാട്ടുകാര് പോലും അവനെ ഓർക്കുന്നില്ല. പിന്നാണോ ഇവന്മാര്... ചേട്ടനൊന്ന് ധൈര്യമായിട്ടിരിക്ക് അവനെ നമുക്ക് പൂളാം..."
കുമാരൻ പറഞ്ഞത് ശരിയാണ് മഹി തങ്ങൾക്ക് കിട്ടേണ്ട സ്ഥാനം തട്ടിയെടുക്കും എന്ന് ഉറപ്പായപ്പോഴാണ് അവനെ കൊല്ലാൻ തീരുമാനിച്ചത്... അത് പാളിയെങ്കിലും എല്ലാം മറന്ന് അവനൊരു പുതിയ മനുഷ്യനായി ജീവിക്കുന്നുണ്ട്...
"കുമാരാ ഈ നാട്ടിൽ ഞാനും നീയും മാത്രം മതി നമ്മുടെ കാലം കഴിഞ്ഞാൽ നമ്മുടെ മകൾ അല്ലാതെ മറ്റൊരുത്തൻ വേണ്ടാ....
അടുത്ത ഗ്ലാസ്സ് നിറച്ച് വായിലേക്ക് കമഴ്ത്തി കുമാരൻ സ്വയം നെഞ്ചത്ത് തട്ടിക്കൊണ്ടു ചിരിച്ചു... ക്രൂരമായ ചിരി...
അടുത്ത ദിവസം നാടുണർന്നത് രണ്ട് നടുക്കുന്ന വാർത്ത കേട്ടാണ്... എസ്റ്റിപിസി പാർട്ടി ലോക്കൽ നേതാക്കളായ ബെന്നിയും അരുണും സിഡിആർ പാർട്ടിയുടെ രാഷ്ട്രീയ പകപോക്കലിന് ഇരയായി... നാട്ടുകാർക്കിടയിൽ അവർക്കുള്ള സ്വാധീനം ഇല്ലാതാക്കാൻ അവർ മനപ്പൂർവം ചെയ്തതാണെന്ന് ജില്ലാ കമ്മറ്റി പ്രസിഡന്റ് ദാമോദരൻ ആരോപിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുണ്ടായിരുന്ന ഇരുവരേയും മനപ്പൂർവം ഇല്ലാതാക്കിയ സിഡിആർ പാർട്ടിക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുമെന്ന് കീഴ് ഘടകം അറിയിച്ചു...
നാട് വലിയൊരു സംഘർഷത്തിലേക്ക് കടക്കാൻ പോകുന്നു.
(തുടരും)