ഭാഗം 27
ഗംഗ ബ്രേക്ക് പിടിച്ചെങ്കിലും വണ്ടി ഒരു വശത്തേക്ക് ചരിഞ്ഞു. മഹി ചാടിയിറങ്ങി വണ്ടി താങ്ങിയതും അവൾ സ്റ്റാൻഡിലിട്ടു... ഭാരത് ബെൻസിന്റെ എട്ടു വീൽ ലോറി കുറച്ചു മുൻപിലായി ഒതുക്കി നിർത്തിയിട്ടുണ്ട്... ഗംഗ മഹിയെ നോക്കി ഒന്നുമില്ല എന്നവൻ കണ്ണടച്ചു കാണിച്ചു... പരിസരങ്ങളിൽ നിന്ന ആളുകളിൽ പലരും സംഭവം കണ്ടിരുന്നു. ഒന്നുരണ്ട് പേര് അവർ നിൽക്കുന്നയിടത്തേക്ക് വന്നു...
"അല്ല അവന്മാര് എന്ത് പണിയാ കാണിച്ചേ, ചോദിക്കാനും പറയാനും ഇവിടെ ആരുമില്ലെന്നാണോ..."
മറ്റുള്ളവരും അവരുടെ അടുത്തേക്ക് വന്നതും ലോറി വീണ്ടും സ്റ്റാർട്ടായി... അവർ നോക്കിനിൽക്കേ അകന്നകന്നുപോയി... അവർക്കരികിലേക്ക് ബ്ലാക്ക് പജെറോ വന്നു നിന്നതും ഗംഗ ആശ്വാസത്തോടെ മഹിയെ നോക്കി... ഡോർ തുറന്നിറങ്ങിയ അനന്തൻ അവരുടെ അടുത്തേക്ക് വന്നു, മഹി കാര്യം പറഞ്ഞു ഗംഗയെപ്പറ്റിയുള്ള ഏകദേശ കാര്യങ്ങളൊക്കെ അനന്തന് അവൾ പറഞ്ഞറിയാം... ആളുകൾ പലരും പലവഴിക്ക് പോയി...
മഹിക്ക് കൂടുതൽ പരിക്കില്ല എന്നറിഞ്ഞപ്പോൾ നല്ല ആശ്വാസം തോന്നിയെങ്കിലും അവനെ കാണണം എന്ന് മനസ്സ് ഓരോ നിമിഷവും തുടിച്ചുകൊണ്ടിരുന്നു. എങ്ങനെ ഒന്നു പോയി കാണും ആളിപ്പോൾ വീട്ടിലാവാനെ സധ്യതയുള്ളു... ക്ലാസ്സ് കഴിഞ്ഞു പോയാലോ, ഗംഗയോട് വന്ന് കൂട്ടാൻ പറയാം...
മൊബൈൽ ഇടയ്ക്കിടെ അമ്മ ചെക്ക് ചെയ്യുന്നത് കൊണ്ട് തല്കാലം മഹിയുടെ നമ്പർ സേവ് ചെയ്തിട്ടില്ല. മനഃപാഠമാക്കിയിട്ടുണ്ട്... വിളിച്ചു കഴിഞ്ഞ് ഹിസ്റ്ററിയിൽ നിന്ന് നമ്പർ ഡിലീറ്റ് ചെയ്യും... ഗംഗയുടെ നമ്പർ ഡയൽ ചെയ്ത് കാത്തിരുന്നു. ആദ്യത്തെ വിളിയിൽ എടുത്തില്ല അടുത്ത കോളിൽ അവൾ എടുത്തു...
"എന്താടി...?"
"എടി എനിക്ക് മഹിയേട്ടനെ വന്നു കാണണം, ക്ലാസ്സ് കഴിയുന്ന ടൈമിൽ എന്നെ വന്ന് പിക്ക് ചെയ്യാമോ...?"
"ദക്ഷാ ഇന്ന് സമരമാണ് ക്ലാസ് കാണില്ലെന്ന് അവൻ പറഞ്ഞു, നീ വാ ഞങ്ങളിവിടെ ഐറ്റിഐയുടെ മുൻപിലുണ്ട്..."
ദക്ഷ ചാടിത്തുള്ളി മഞ്ജുവിനെ വിളിച്ചു കാര്യം പറഞ്ഞ് ബാഗുമെടുത്ത് പോകാനിറങ്ങി...
"ഇന്നെന്താടി ഭയങ്കര സന്തോഷം, ചോറ് പാത്രം വേണ്ടേ..."
സുരഭി പാത്രം സാരിത്തുമ്പിൽ തുടച്ചുകൊണ്ട് വരുന്നതിനിടെ ചോദിച്ചു... ചോറ് പാത്രം വാങ്ങിയില്ലെങ്കിൽ പണിയാകും, ഒന്നുമില്ല എന്ന് കണ്ണ് മിഴിച്ചു കാണിച്ചിട്ട് പാത്രവും വാങ്ങി ബാഗിലിട്ട് പോകാനിറങ്ങി... ക്ലാസ്സ് ഇല്ലെന്ന് അറിഞ്ഞപ്പോഴേ മഞ്ജു വരുന്നില്ല എന്ന് പറഞ്ഞിരുന്നു. വെറുതെ എന്തിനാ രണ്ടിന്റേം ഇടയ്ക്ക് കട്ടുറുമ്പാകുന്നത്... ഒൻപതിന്റെ ബസ്സിൽ കയറുമ്പോൾ ദക്ഷ പതിവ് പാട്ട് മൂളുന്നുണ്ട്... പാടി തൊടിയിലേതോ...
ബസ്സിറങ്ങി ചെല്ലുമ്പോൾ റോഡരികിൽ നിന്ന ഗംഗ അവളെ നോക്കി കൈകാണിച്ചു... അവൾ തിരിച്ചും... അടുത്തേക്ക് വന്നപ്പോഴാണ് അനന്തന്റെ വണ്ടി കണ്ടതും വണ്ടിയിൽ ചാരി മഹിയോട് അവൻ സംസാരിക്കുന്നതും കണ്ടത്... പെട്ടന്ന് ദക്ഷയുടെ അരികിൽ വന്നു നിന്ന ചുവന്ന മാരുതി കാറിലിരുന്ന സ്ത്രീ അവളെ കൈകാട്ടി വിളിച്ചു...
"ദക്ഷാ... ഇന്ന് സ്ട്രൈക്ക് ആണെന്ന് അറിഞ്ഞില്ലേ നീ..."
ദൈവമേ രാധിക മിസ്... പോരാത്തതിന് അമ്മയുടെ കൂട്ടുകാരിയും... ദക്ഷ തിരിഞ്ഞ് ഗംഗയെ നോക്കി അവൾ എന്താണ് കാര്യമെന്നറിയത്തെ അവളോട് കണ്ണുകൾ കൊണ്ട് സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്... ദക്ഷ തിരിഞ്ഞ് അവരെ നോക്കി ചിരിച്ചു...
"അറിഞ്ഞില്ല മിസ്സ് ഇവിടെ വന്നപ്പോഴാ ഞാൻ..."
"എന്തായാലും നീ വാ ഞാൻ വീട്ടിലാക്കിയേക്കാം, എനിക്ക് അതുവഴി പോകേണ്ടാ ആവശ്യമുണ്ട്..."
ഗംഗയെ നിസ്സഹായാതയോടെ നോക്കിക്കൊണ്ട് അവൾ മിസ്സിന്റെ കാറിന്റെ മുൻവശത്തെ ഡോർ തുറന്ന് കയറി, മഹി അനന്തനും തന്നെ നോക്കുന്നത് കണ്ടില്ലെന്ന് നടിച്ച് അവൾ മിസ്സിനോട് എന്തൊക്കയോ സംസാരിക്കാൻ ശ്രമിച്ചു...
"ദക്ഷ പോകുന്ന വഴിക്ക് എന്റെ ചേട്ടന്റെ വീട്ടിലൊന്ന് കേറണം നിനക്ക് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ അല്ലേ...?"
ഇല്ല എന്നവൾ തലകുലുക്കി... മെയിൻ റോഡിൽ നിന്ന് ഇടത്തേക്ക് തിരിയുമ്പോഴേ ചെമ്പഴ എന്ന ബോർഡ് കണ്ടിരുന്നു. മതിലിൽ കൊത്തിവച്ചിരിക്കുന്ന ഉരുണ്ട അക്ഷരങ്ങൾ കാണാൻ നല്ല ഭംഗി... രാധിക മിസ്സ് ഹോണടിച്ചതും അകത്തുനിന്ന് ആരോ വന്ന് ഗേറ്റ് തുറന്നു... വിശാലമായ മുറ്റത്തേക്ക് കാറോടിച്ചു കയറ്റി നിർത്തി രാധിക ഡോർ തുറന്നിറങ്ങുന്നതിനിടയിൽ ദക്ഷയെ അകത്തേക്ക് ക്ഷണിച്ചു...
മഹിയെ കാണാൻ കഴിയാതെ പോയ സങ്കടം മനസ്സിൽ മുള്ള് പോലെ തറച്ചിരിക്കുന്ന സാഹചര്യത്തിൽ പോകണമെന്ന് തോന്നിയില്ലെങ്കിലും വേറെ വഴിയില്ലാതെ അവൾ വണ്ടിയിൽ നിന്നിറങ്ങി മിസ്സിന് പിന്നാലെ പോയി... അവളെ ഹാളിൽ ഇരുത്തിയ ശേഷം മിസ്സ് അകത്തേക്ക് കയറിപ്പോയി... മഹിയെ ഒന്ന് വിളിച്ചു നോക്കിയാലോ അല്ലെങ്കിൽ വേണ്ടാ ഗംഗയെ വിളിക്കാം... നിശബ്ദമായ അവിടെ ആരോ ചുമച്ച ശബ്ദം വളരെ ഉച്ചസ്ഥായിയിൽ കേട്ടതും അവൾ തിരിഞ്ഞു നോക്കി... താടിയും മുടിയും നീട്ടി വളർത്തിയ ഒരു മധ്യവയസ്കൻ...
"ഇയാളാണ് ദക്ഷ അല്ലേ...?"
അവൾ തലയാട്ടിക്കൊണ്ട് എണീറ്റു നിന്നു... ഇരിക്കാൻ പറഞ്ഞ് അവൾക്കെതിരെയുള്ള സോഫയിൽ അയാളിരുന്നു. കണ്ണുകൾ കുഴിഞ്ഞ് അകത്തേക്ക് തള്ളിയിരുന്നു. മുഖം ദുഃഖം കൊണ്ട് മൂടിയ നിലയിലാണ്...
"ഞാൻ രമേശൻ നായർ തന്റെ മിസ്സിന്റെ ചേട്ടനാ..."
ദക്ഷ ചിരിച്ചുകൊണ്ട് തലയാട്ടി... രാധിക മിസ് അങ്ങോട്ട് വരുന്നത് കണ്ടതും അവൾ എഴുന്നേറ്റു...
"ദക്ഷ ബാഗ് അവിടെ വച്ചിട്ട് വാ..."
മിസ്സ് സാരിത്തുമ്പ് ചുറ്റി അരയിൽ കുത്തിവച്ചിരിക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്...
"മിസ്സേ അങ്കിളിനു സുഖമില്ലേ കണ്ണൊക്കെ കണ്ടിട്ട് ഉറക്കമൊന്നും ഇല്ലെന്ന് തോന്നുന്നു."
"ആറു വർഷമായി ഏട്ടൻ ഇങ്ങനെയാണ്, നാട്ടിലെ പേരുകേട്ട പ്രതാപിയായിരുന്നു, പറഞ്ഞിട്ടെന്താ..."
അവർ സംസാരിച്ചു നടക്കുന്നതിനിടയിൽ ചെറിയ ഇടനാഴി കണ്ടു, ചാരിയിട്ട വാതിൽ പതിയെ അകത്തേക്ക് തള്ളിയതും തുറന്നു... മലവും മൂത്രവും കലർന്ന ഗന്ധം മൂക്കിലടിച്ചതും അവൾക്ക് ഓക്കാനം വന്നു... വാ പൊത്തിപ്പിടിച്ച് മടിച്ചു മടിച്ച് അകത്തേക്ക് കയറി...
"ഇത് ഏട്ടന്റെ മോള് ഉമാമഹേശ്വരി... ആറു വർഷമായി ശരീരം മുഴുവൻ തളർന്നു കിടക്കുകയാണ്..."
ദക്ഷ ബോധം മറഞ്ഞ് പിന്നിലേക്ക് വീഴാതിരിക്കാൻ വാതിലിൽ മുറുകെപ്പിടിച്ചു... കട്ടിലിൽ കഴുത്തറ്റം പുതച്ചു കിടക്കുന്ന രൂപത്തെ ഒന്നുകൂടി നോക്കി അത് ഉമയാണെന്ന് കണ്ടപ്പോൾ മനസ്സിലായില്ലെങ്കിലും തൊട്ടു മുകളിൽ ഭിത്തിയിൽ തൂക്കിയിരിക്കുന്ന ഫോട്ടോയും കിടക്കയിൽ കിടക്കുന്ന രൂപത്തിനും ഒരേ ഭാവം, ചിരി... പതിയെ അവൾ തിരിച്ചറിഞ്ഞു. അത് ഉമയാണെന്ന്... എല്ലും തോലുമായി മാറിയിരുന്നു അവൾ...
"ഉമ..."
ദക്ഷയുടെ നെഞ്ചിൽ ഒരായിരം കാരമുള്ളുകൾ ഒരുപോലെ തുളഞ്ഞിറങ്ങി....
(തുടരും)
ഭാഗം 28
ഭാഗം 28
ഉമ!!! ദക്ഷയ്ക്ക് തല ചുറ്റുന്നപോലെ തോന്നി, ഭൂമി പിളർന്നു താഴേക്ക് പതിച്ചാൽ പോലും വേണ്ടില്ല. അത്രയ്ക്കും ഭയം പടർന്നു കഴിഞ്ഞു, ഉള്ള് പുകഞ്ഞു കത്തി... ദക്ഷ രാധിക മിസ്സിനെ തുറിച്ചു നോക്കി അവര് ഭാവഭേതമില്ലാതെ നിൽപ്പുണ്ട്, എല്ലാം അറിഞ്ഞിട്ട് തന്നെ ഇങ്ങോട്ട് കൊണ്ടുവന്നതാണ്...
കട്ടിലിൽ കിടക്കുന്ന രൂപം തന്നെയാണ് നോക്കുന്നത്... മെലിഞ്ഞുണങ്ങിയ ശരീരവും പറ്റെ വെട്ടിയ മുടിയും, ആകെക്കൂടി ഉമയല്ലെന്ന് മനസ്സിനെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പഴയ ഉമയെ അവൾക്ക് ഓർമ്മ വന്നു വെളുത്തു നല്ല തേജസോടെ നിൽക്കുന്ന ഉമ നീളം കുറഞ്ഞ ഉള്ളോള്ള മുടി വിടർത്തിയിട്ടിരിക്കുന്നത് കാണാൻ തന്നെ എന്തൊരു ഭംഗിയായിരുന്നു.
"ദക്ഷാ... അങ്ങനല്ലേ തന്റെ പേര് അപ്പച്ചി പറഞ്ഞപ്പോൾ ഞാൻ ഇത്തിരി മെലിഞ്ഞ കുട്ടിയെയാണ് പ്രതീക്ഷിച്ചത്... അടുത്തു വരാൻ പറയുന്നില്ല, കഴിഞ്ഞ കുറേ വർഷങ്ങളായി ഞാൻ ഈ ജീവിതമാണ് നയിക്കുന്നത്..."
ദക്ഷ ഞെട്ടി അവളെ നോക്കി... അങ്കിളിന്റെ മുഖം കണ്ടപ്പോൾ കുറച്ചു മുൻപ് കണ്ട നിസ്സംഗത അവൾക്ക് ഓർമ്മ വന്നു...
"എന്നെ മനസ്സിലായോ...?"
"ഉമ... ഉമയല്ലേ...?"
വിക്കി വിക്കി അവസാനം അവളുടെ പേര് പറഞ്ഞൊപ്പിച്ചു. സഹിക്കാൻ കഴിയാത്ത മനോവേദനയോടെ അവൾ ഉമയുടെ മുഖത്തേക്ക് നോക്കി...
മഴയുള്ള രാത്രിയിലെ മഹാജയത്തിന് ശേഷം തന്റെ മുറിയിൽ കിടക്കുമ്പോൾ അച്ഛൻ ആരോടോ ഫോണിൽ പറയുന്നത് കേൾക്കുമ്പോൾ അതൊരു സാധാരണ കാര്യമായി തോന്നി... അവളെ കത്തിച്ചു കളയാനാണ് ആരോടോ പറഞ്ഞത്, അന്ന് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ ശരീരം? അതാരാ... പുകച്ചിലോടെ തല കുടഞ്ഞ് കട്ടിലിലേക്ക് നോട്ടമെറിഞ്ഞു.
"ചായ..."
തന്റെ നേർക്ക് നീട്ടിയ ചായക്കപ്പ് പിടിച്ചിരിക്കുന്ന കൈകളുടെ ഉടമയെ കണ്ടപ്പോൾ ഒന്നുകൂടി അമ്പരന്നു, ഉമയുടെ മുഖത്തേക്ക് നോക്കിയ പോലെ... അവളുടെ അമ്മ ആശ... ചായക്കപ്പ് വാങ്ങുമ്പോൾ ദക്ഷയുടെ കൈ വിറച്ചു... ആശ ഒന്നും സംഭവിക്കാത്തപോലെ ഉമയുടെ അരികിലേക്ക് ചെന്നു, അവളെ കുളിപ്പിക്കാനുള്ള തയാറെടുപ്പാണെന്ന് മനസിലായി...
പുതപ്പ് മാറ്റി നൈറ്റി ധരിച്ചിരിക്കുന്ന ശോഷിച്ച രൂപത്തെ ഇരു കൈകളിലും കോരിയെടുത്ത് പുറത്തേക്ക് കൊണ്ടുവരുന്നതിനിടെ ഉമ അമ്മയോട് നിൽക്കാൻ പറഞ്ഞു.
"ഞാൻ കുളിച്ചിട്ട് വരാട്ടോ കുറേ സംസാരിക്കണം എനിക്ക് തന്നോട്, അപ്പോഴേക്കും താൻ ചായ കുടിച്ചിട്ട് വാ..."
അവർ പുറത്തേക്ക് പോയതും രാധിക വന്ന് ദക്ഷയുടെ കയ്യിൽ പിടിച്ചു പുറത്തേക്ക് കൊണ്ടുവന്നു...
"മിസ്സ്... മിസ്സിന് എല്ലാം അറിയാമായിരുന്നല്ലേ... ഉമയെങ്ങനെ അന്ന് രക്ഷപെട്ടു...?"
"അന്നത്തെ സംഭവങ്ങൾക്ക് ശേഷം ഉമ മഹിയെ വിവാഹം കഴിക്കുന്നതുവരെ ചേട്ടനും അനിയന്മാരും ബന്ധുക്കളും പകയോടെ നടന്നെങ്കിലും പിന്നെ അതൊക്കെ തണുത്തുപോയി... അവളെ ഇല്ലാതാക്കി പക തീർക്കാൻ മാത്രമുള്ള വിവരദോഷികളല്ലായിരുന്നു ഞങ്ങൾ... ഇനി ഇങ്ങനൊരു മകൾ എനിക്കില്ല എന്ന് ചേട്ടൻ തീരുമാനമെടുത്തു. അവൾക്ക് അവരുടെ വഴി നമുക്ക് നമ്മുടെ വഴി...
ഇത്രയൊക്കെയായിട്ടും രമേശേട്ടൻ അവരറിയാതെ അവരെ പിന്തുടർന്നു, മഹിക്ക് ഇലക്ഷനിൽ മത്സരിക്കാനുള്ള അവസരം കിട്ടിയതും അവരുടെ ജീവിതം സന്തോഷകരമായി പോകുന്നത് കണ്ട് ഉള്ളാലെ സന്തോഷിച്ചു... അതിനിടയിലാണ് തന്റെ അച്ഛനും ദാമോദരനും ചേർന്ന് മഹിയെ കൊല്ലാൻ പദ്ധതിയിടുന്ന കാര്യം അറിഞ്ഞത്... എങ്ങനെയും അത് തടയണമെന്ന ഉദ്ദേശത്തോടെ മഹിയുടെ കൂട്ടുകാരനെ കണ്ട് വിവരങ്ങൾ പറഞ്ഞു.
പക്ഷെ അതുകൊണ്ടൊന്നും പ്രയോജനം ഉണ്ടായില്ല. അവര് കുഞ്ഞുമോനെ തട്ടിക്കൊണ്ടുപോയി കൃത്യസമയത്ത് ഉമയേയും... മഹിയെ വെട്ടിവീഴ്ത്തി ഉമായേയും കുഞ്ഞുമോനെയും കൊണ്ട് ദമോദരന്റെ ആളുകൾ നേരെ പോയത് അയാളുടെ ടൗണിനു പുറത്തുള്ള വീട്ടിലേക്കായിരുന്നു. മദ്യവും മയക്കുമരുന്നും ചേർന്ന് അവന്മാരുടെ സമനില തെറ്റിയ നേരത്ത് അവളെ അവരെല്ലാവരും ചേർന്ന്..."
രാധിക നിർത്തുമ്പോൾ അവരുടെ കണ്ണ് നിറഞ്ഞു കവിളിലേക്ക് ഒഴുകിയിറങ്ങിയിരുന്നു.
"നിന്റച്ഛൻ അവളെ കത്തിച്ചു കളഞ്ഞേക്കാൻ പറഞ്ഞു. രമേശേട്ടൻ കൃത്യ സമയത്ത് അവിടെയെത്തി അവളെ രക്ഷിച്ചു...
ഞങ്ങളവളെ കാണുമ്പോൾ എണീക്കാൻ കഴിയാതെ ഇതേപോലെ, ഇനിയൊരിക്കലും അവൾക്ക് പഴയപോലെ ആവാൻ കഴിയില്ല. അന്ന് അവിടെവച്ച് സംഭവിച്ചതെന്താണെന്ന് ചേട്ടൻ ഇതുവരെ പറഞ്ഞിട്ടില്ല. കത്തിക്കരിഞ്ഞ ജഡം ആരുടേതാണെന്നും അറിയില്ല."
ദക്ഷ ചായ ഒരിറക്ക് കുടിച്ചു അവളുടെ ഉള്ളാകെ നീറ്റാനുള്ള വേദന അതിന്റെ ഓരോ തുള്ളിക്കും ഉള്ളപോലെ... രണ്ടുപേരും ഇടനാഴിക്ക് അപ്പുറമുള്ള വരാന്തയിൽ ചെന്നിരുന്നു. കീറിമുറിക്കപ്പെട്ട മനസ്സിലെ വേദന ഭേതമാക്കാൻ ഒരു വൈദ്യനും കഴിയില്ല. ഈ ജന്മം മുഴുവൻ അത് കൊണ്ടിനടക്കണ്ടത് തനിക്കുള്ള ശിക്ഷയാണ്...
"ദക്ഷ..."
രാധികയുടെ വലതുകൈ അവളുടെ തോളിലൂടെ ഇഴഞ്ഞുവന്നു ചേർത്തുപിടിച്ചു... അവരുടെ തോളിലേക്ക് ചാഞ്ഞു കിടക്കുമ്പോൾ ദക്ഷയ്ക്ക് ഉടലാകെ പൊള്ളുന്ന പോലെ തോന്നി... തന്റെ ജീവനെ പറിച്ചെറിയുന്ന ചൂടുള്ള പനി... ഉടലിന്റെ വിറയൽ ചുണ്ടികളിലേക്ക് പടർന്നു. അത് തന്റെ ശരീരം മുഴുവൻ വ്യാപിക്കുന്നതും കൈകാലുകൾ അനക്കാൻ കഴിയാതെ നിലത്തു കിടന്ന് പിടക്കുന്നതും കണ്ടു...
"ദക്ഷ..."
രാധികയുടെ തോളിൽ ചാരിക്കിടന്ന ദക്ഷ കണ്ണ് മിഴിച്ചു നോക്കി... മിസ്സിന്റെ തോളിൽ തല ചായ്ച്ചു കിടന്ന കിടപ്പിലാണ് താനിപ്പോൾ... തലതിരിച്ചു നോക്കുമ്പോൾ വീൽചെയറിൽ ഇരിക്കുന്ന ഉമയെ കണ്ടു... കുളികഴിഞ്ഞ് നെറ്റിയിൽ ഭസ്മക്കുറി തൊട്ടിട്ടുണ്ട്... പുതിയ നൈറ്റി ധരിച്ചിട്ടുണ്ട്...
"ചേച്ചി രണ്ടു ദിവസമായി ഇവിടെയില്ലായിരുന്നു. ചേച്ചി അല്ലാതെ ആരേയും അവളുടെ കാര്യങ്ങൾ നോക്കാൻ സമ്മതിക്കില്ല. ചേട്ടനെ പോലും..."
രാധിക എണീറ്റുകൊണ്ട് പറഞ്ഞു.
"വാടോ..."
തന്റെ നേർക്ക് കൈനീട്ടുന്ന ഉമയുടെ മുഖത്ത് കണ്ട ചിരി ദക്ഷയെ അത്ഭുതപ്പെടുത്തി... കുറച്ചു മുൻപ് കണ്ട ആളേയല്ല. അടുത്തേക്ക് ചേർന്നു നിൽക്കുമ്പോൾ ദക്ഷയുടെ കണ്ണിൽ നിന്നടർന്ന തുള്ളി ഉമയുടെ കൈയ്യിലേക്ക് വീണു...
(തുടരും)