മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

  • MR Points: 1000
  • Status: Ready to Claim

girl

Sahiva Siva

 

അഗ്നി എരിയുന്നു.... താപം സഹിക്കാൻ കഴിയാതെ ദീനരോദനങ്ങൾ.... ഭൂമിയെ അപ്പാടെ കുലുക്കിമറിക്കാൻ പോന്ന ചുവടുകൾ വയ്ക്കുന്ന മഹാദേവൻ.... സതിയുടെ വിയോഗത്തോടെ ഉഗ്രകോപിയായി മാറിയ ദേവൻ സർവ്വനാശത്തിനെന്ന പോലെ താണ്ഡവം തുടർന്നു.... ദേവന്മാരുൾപ്പടെ ഭൂമിയിലെ സകല ജീവജാലങ്ങളും ഭയന്നു വിറച്ചു... 

ഉറഞ്ഞുമൂടിയ മഞ്ഞുമലകൾക്കിടയിലൂടെ അവളുടെ കൈപിടിച്ച് നടന്ന മഹേഷ്‌ ഇടംകണ്ണിട്ട് നോക്കി, പാതയുടെ അവസാനം കണ്ടതിന്റെ സന്തോഷം നിറയുന്ന മിഴികൾ, ലക്ഷ്യത്തിലെത്താൻ വെമ്പുന്ന മനസ്സിന്റെ ചെറു നിശ്വാസങ്ങൾ പോലും വ്യക്തമായി കേൾക്കാൻ സാധിക്കുന്നുണ്ട്... അവളുടെ നേരിയ നീല നിറമുള്ള കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി... 

"ദക്ഷാ നിന്റെ തപം എന്റെ ദേഷ്യത്തെ അപ്പാടെ അലിയിച്ചില്ലാതാക്കി കഴിഞ്ഞു. നിന്റെ സ്നേഹം തിരയടിക്കുന്ന നീല കണ്ണുകൾ എന്നിലെ പുരുഷന്റെ നനുത്ത കൺപീലികളെ ഉരുമ്മി കടന്നുപോയ സുഖം... ഹൊ... പറഞ്ഞറിയിക്കാൻ കഴിയില്ല."

"മഹിയേട്ടാ ഈ കോപം ശമിപ്പിക്കാൻ എനിക്ക് നിമിഷങ്ങൾ മതി... ഈ ശരീരം ഉണർത്തിയെടുക്കാൻ അത്രപോലും മാത്രകൾ വേണ്ടാ... എന്നിട്ടും എന്നിലേക്ക് വന്നെത്താൻ കാത്തിരിപ്പിന്റെ മഹാ ശയനം വേണ്ടിവന്നു... ഇനി ഞാൻ വിടില്ല. ഈ നെഞ്ചിൽ തല ചായ്ച്ചു കിടന്നുറങ്ങാനുള്ള പകലുകൾ നമുക്ക് മുൻപിൽ കാത്തുകിടക്കുന്നു.   

പരിലാളനകൾ ഏൽക്കാൻ എന്റെ ഉടമ്പ് കൊതിയോടെ കാത്തുനിൽക്കുന്നു... രാവ്‌ അവസാനിക്കാത്ത നൂറായിരം വർഷങ്ങൾ താണ്ടി വീണ്ടുമൊരു പിറവിക്കുകൂടി കാത്തിരിക്കാൻ കഴിയുന്ന സന്തോഷവും പേറി നമ്മൾ യാത്ര തുടങ്ങുന്നു... എന്നും എന്റെ മഹിയേട്ടന്റെ മാത്രം പെണ്ണായി..."

അവരെ തഴുകി കടന്നുപോയ ഹിമക്കാറ്റിനു എല്ലാം കേട്ടു എന്ന ലജ്ജ കലർന്ന ചിരിയിണ്ടായിരുന്നു. മഞ്ഞുവീണ പാതയിലൂടെ നഗ്നപാദരായി അവർ നടന്നു തുടങ്ങി... ഇനിയും അവസാനിക്കാത്ത പ്രണയത്തിന്റെ ലഹരിയോടെ... 

മഹേഷ്‌ പതിവുപോലെ കണ്ണ് തുറക്കുമ്പോൾ വലതു കയ്യിൽ നനുത്ത തൂവൽ സ്പർശിച്ച പോലെ തോന്നി, ശരീരം മുഴുവനും തണുത്തു വിറച്ചിരുന്നു. കാലുകളിൽ വല്ലാത്ത മരവിപ്പ്... കുറേ വർഷങ്ങളായി തുടരുന്ന പതിവുകളെ കാര്യമാക്കിയില്ലെങ്കിലും തനിക്ക് സംഭവിച്ചു പോകുന്ന കാര്യങ്ങളൊന്നും മനസിലാക്കാൻ അവന് കഴിഞ്ഞില്ല. 

കൂട്ടുകാരൻ സനീഷിന്റെ നാട്ടിൽ പോത്തുകുണ്ടിൽ അവന്റെ പെങ്ങളുടെ കല്യാണം കൂടാൻ പോയപ്പോൾ വീരഭദ്രക്ഷേത്രത്തിൽ പടവീരൻ കെട്ടിയാടിക്കൊണ്ടിരുന്ന സമയം, വലിയ ചൂട്ടിൻ കറ്റകളോട് പടവെട്ടി സ്വയം അനുഗ്രഹിച്ച് ആളുകൾ നിൽക്കുന്ന ഭാഗത്തേക്ക്‌ ഓടിക്കയറിയതും എല്ലാവരും ചിന്നിചിതറിയോടി... ഇരുട്ടിൽ കുട്ടികളും വലിയവരും കരയുന്ന ശബ്ദം കേട്ടു... മുൻപ് പലപ്പോഴും അവിടെ വന്നിട്ടുണ്ടെങ്കിലും ആദ്യമായി ചങ്കിടിപ്പ് കൂടുന്നതും ചുറ്റും എന്തൊക്കയോ കരച്ചിൽ കേൾക്കുന്നതും കുറേ നേരമായി കാതിൽ കേൾക്കുന്നുണ്ട്... 

വാളും പരിചയും ചുഴറ്റി മുന്നോട്ടോടിയ പടവീരൻ വന്നു നിന്നത് കൃത്യം തന്റെ മുൻപിൽ... തണുത്തുറഞ്ഞ മഞ്ഞ് തലയിൽ വീണ പ്രതീതി... തണുത്തുറഞ്ഞ പാതയിലൂടെ നഗ്നപാദനായി നടന്നുപോകുന്ന തന്റെ പിന്നാലെ ഓടിവരുന്ന പെൺകുട്ടിയെ ആദ്യം കണ്ടത് അവിടെയാണ്... കരച്ചിലിന്റെ അകമ്പടിയിൽ അവൾ എന്തൊക്കയോ പറയുന്നുണ്ട്... അഗ്നി ജ്വലിക്കുന്ന ശരീരം തന്റെതാണ്, അത് മനസ്സിലാക്കാൻ കുറച്ചു സമയമെടുത്തു... 

മഞ്ഞ് പോലെ തണുത്തുറഞ്ഞ കൈപ്പടം നെഞ്ചിലേക്ക് വച്ച് സ്നേഹത്തോടെ കണ്ണുകളിലേക്ക് നോക്കിനിൽക്കുന്ന അവളെ ആദ്യം കണ്ടതും അന്നുതന്നെയാണ്... നീണ്ട മുടിയും നേരത്ത നീളനിറമുള്ള കണ്ണുകളും നുണക്കുഴിയും താടിയിലെ മറുകും... എല്ലാം...

"മഹിയേട്ടാ... സമാധാനിക്ക് ഞാനില്ലേ കൂടെ... ജ്വലിച്ചു നിൽക്കുന്ന മനസ്സും ശരീരവും ശാന്തമാക്കൂ..."

തണുത്ത മഞ്ഞ് ശരീരമാകെ പടരുന്ന അനുഭൂതി ആവോളമറിഞ്ഞതും മഹേഷ്‌ ഞെട്ടി കണ്ണുതുറന്നു... ചുറ്റും സനീഷിന്റെ ബന്ധുക്കളും കൂട്ടുകാരുമുണ്ട്... പടവീരൻ വന്നു മുൻപിൽ നിന്നതും ഞാൻ വെട്ടിയിട്ട വാഴത്തണ്ട് പോലെ വീണെന്ന്... 

അന്നുമുതൽ പതിവായി സ്വപ്നത്തിൽ വരുന്ന മുഖം ഇനിയും അറിയാത്ത എന്നാൽ എന്നെ അറിയാവുന്ന മുഖം, പക്ഷെ എന്നും എപ്പോഴും ആൾക്കൂട്ടത്തിനിടയിൽ തിരയുന്ന മുഖം... പക്ഷെ കണ്ടിട്ടില്ല.

"മഹേഷേ.... ഡാ എണീറ്റെ.... നിന്നെ തിരക്കി പടിക്കലൊരു കൊച്ച് വന്നു നിൽക്കുന്നു..."

ശാരദാമ്മ കുലുക്കി വിളിക്കുമ്പോൾ മുറിഞ്ഞു പോയ ശിവതാണ്ഡവത്തിന്റെ ബാക്കി തിരിച്ചു പിടിക്കാനുള്ള ശ്രമമായിരുന്നു മഹേഷിന്റെ ശ്രമം.... അതു പരാജയപ്പെട്ടത്തോടെ പല്ലുകടിച്ചു കൊണ്ട് തലവഴി മൂടിയിട്ടിരുന്ന പുതപ്പ് താഴേക്ക് വലിച്ചു....

"നിങ്ങക്ക് രാവിലെ വേറെ ഒരു പണിയുമില്ലേ അമ്മാ... മനുഷ്യനെ മെനക്കടുത്താനായിട്ട്..."

എണീറ്റിരുന്ന് കോട്ടുവായിട്ടുകൊണ്ട് അമ്മയെ നോക്കി കണ്ണുരുട്ടി... ജനാലയിലൂടെ അകത്തേക്ക് എത്തിനോക്കുന്ന സൂര്യന്റെ പൊന്നിൻ വളയിട്ട കൈകൾക്കൊപ്പം പിശറൻ കാറ്റ് അവന്റെ മുടിയിഴകളെ തഴുകി തലോടി കടന്നുപോയി...

"ഡാ... അവിടൊരു പെങ്കൊച്ച് നിന്നെ കാണാൻ വന്നേക്കുന്ന്...."

രാവിലെ സ്വപ്നം കുളമാക്കിയതിന്റെ കലിപ്പ് കയറി വന്നതും ആരോ വന്നു നിൽക്കുന്നുവെന്ന് കേട്ടപ്പോൾ കലിപ്പ് എങ്ങോട്ടോ മാഞ്ഞു പോയി.... കട്ടിലിന്റെ തലക്കലേക്ക് ഊരിവച്ച ബനിയൻ എടുത്തിട്ട് മുണ്ട് മുറുക്കിയുടുത്ത് പുറത്തേക്ക് നടന്നു... ആരാ ഇത്ര രാവിലെ.... 

മുറ്റത്ത് നിറയെ പൂവിട്ടു നിൽക്കുന്ന ചെമ്പരത്തിക്ക് അഭിമുഖമായി നിൽക്കുന്ന ഒരു പെണ്ണ്... കുളികഴിഞ്ഞ് വിടർത്തിയിട്ടിരിക്കുന്ന മുടി നിതംബം തൊട്ടു തൊട്ടില്ല എന്ന മട്ടിൽ എത്തി നില്ക്കുന്നു... അതിൽ നിന്നിറ്റു വീഴുന്ന ജലകണങ്ങൾ ഇട്ടിരിക്കുന്ന വെള്ള ചുരിദാർ ടോപ്പിന്റെ താഴേക്ക് നനവ് പടർത്തിയിട്ടുണ്ട്... ക്ഷേത്രത്തിൽ പോയിട്ടുള്ള വരവാണെന്ന് മനസ്സിലായി. കുളിപ്പിന്നലിനൊപ്പം തിരുകിയിരിക്കുന്ന തുളസിയും അരളിപ്പൂവും... ഇത്രയുമായപ്പോൾ ആ മുഖമൊന്നു കണ്ടേ തീരു എന്നു തോന്നിപ്പോയി...

"ആരാ..."

കയ്യിലൊരു ചെമ്പരത്തിപ്പൂവും പിടിച്ചു തിരിഞ്ഞ മുഖം കണ്ടതും അറിയാതെ ഞെട്ടിപ്പോയി... നേരിയ നീലനിറം കലർന്ന  കണ്ണുകളിലേക്കാണ് ആദ്യം നോട്ടം വീണത്... വട്ടമുഖത്ത് കണ്ട ചിരി അവനെ വല്ലാതെ ഉത്തേചിപ്പിച്ചു.. 

"ഞാൻ ദക്ഷ..."

ദക്ഷ...

 (തുടരും)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ