ഭാഗം 6
അലച്ചിൽ ! അന്തമില്ലാത്ത അലച്ചിൽ ! എന്നിട്ടും വല്ല ഫലമുണ്ടോ? പോലീസും അന്വേഷിച്ചു മടുത്തു. എവിടെപ്പോയിരിക്കും അമ്മയും ചേച്ചിയും? ദൈവത്തിന് മാത്രം അറിയാം!
കുട്ടിക്കാലത്തു രണ്ടു വർഷം ഏതോ ലോകത്തു ഒറ്റക്കായിരുന്നു!
പിന്നീട് ഓർമ്മ തിരിച്ചു കിട്ടിയപ്പോൾ ജീവിതത്തിന്റെ വസന്തകാലമായിരുന്നു!
വീണ്ടും താൻ ഒറ്റയ്ക്ക്! പക്ഷേ , ഇന്ന് പണം കൂട്ടിനുണ്ട്! എങ്ങനെയെങ്കിലും മനസ്സിന്റെ ചിന്തകൾ തിരിച്ചു പ്രതീക്ഷയുടെ ലോകത്തേക്ക് തിരിച്ചു വിട്ടേ പറ്റൂ !
പൊള്ളുന്ന മനസ്സുകൾക്ക് സാന്ത്വനമേകുവാൻ സംഗീതത്തിന് കഴിയുമെന്ന് കേട്ടിട്ടുണ്ട്.
സംഗീതം പഠിച്ചാലോ?
ആരുടെ കീഴിൽ പഠിക്കും?
അസ്വസ്ഥമായ ഈ ചിന്തകളുമായി മേഘനാഥൻ ഇരിക്കുന്നത് അതേ വെള്ളച്ചാട്ടത്തിന്റെ അടുത്താണ്. അവൻ ചുറ്റും നോക്കി. ഇന്നെന്തോ വെള്ളച്ചാട്ടം കാണാൻ ആളുകൾ വളരേ കുറവാണല്ലോ ?
അതാ കുറച്ചകലെയായി ചിന്താമഗ്നയായി ഒരു യുവതി ഇരിക്കുന്നു . അവൻ അവളുടെ അടുത്തേക്ക് ചെന്നു .
"എന്താ ഒറ്റക്കിരിക്കുന്നത് കൂടെ ആരും വന്നില്ലേ ?"
"എല്ലാവരും തിരക്കിന്റെ ലോകത്താണ് !എന്നേയും എൻ്റെ കാര്യങ്ങൾ നോക്കാനും ആരുമില്ല ! എന്നും അവർ തരുന്ന നോട്ടുകെട്ടുകൾ മാത്രമേ കൂട്ടിനുള്ളൂ !"
"അപ്പോൾ നമ്മൾ തുല്ല്യ ദുഃഖിതരാണ് !ആരുമില്ലാതെ ആരുമില്ലാത്തവനായി ഞാനും എല്ലാവരുമുണ്ടായിട്ടും ആരുമില്ലാത്തവളായി നീയും !"
"മനസ്സിന് ആശ്വാസം കിട്ടാൻ എന്താണൊരു മാർഗ്ഗം ?"
"ഈ ചോദ്യം ഞാൻ കുറേ നേരമായി എന്നോട് തന്നെ ചോദിക്കുകയായിരുന്നു ! എനിക്ക് കിട്ടിയ ഉത്തരം സംഗീതം പഠിക്കുക എന്നതാണ് !"
"ശരിയാണല്ലോ , അടുത്തൊരു ഭാഗവതർ ഉണ്ടായിട്ടു പോലും അങ്ങനെയൊരു സാധ്യതയെക്കുറിച്ചു ചിന്തിച്ചില്ല !"
"ആ ! ഇങ്ങനെ പരസ്പരം പരിചയപ്പെടാതെ ബഡായി അടിച്ചാൽ മതിയോ? ഞാൻ മേഘനാഥൻ , പ്രശസ്ത ശാസ്ത്രജ്ഞനായ രവിചന്ദറിന്റെ മകൻ ."
"ഞാൻ ലക്ഷ്മി . പ്രശസ്ത ബിസിനസ്സുകാരൻ ആദിത്യ വർമ്മയുടെ മകൾ !"
"വീടെവിടെയാ ?"- മേഘനാഥൻ ചോദിച്ചു .
"ഇവിടെ നിന്നും നടക്കാനുള്ള ദൂരമേയുള്ളൂ !"
"എനിക്ക് ആ ഭാഗവതരുടെ വീട് ഒന്ന് കാണിച്ചു തരാമോ ?"
"അതിനെന്താ? വരൂ !"
അവർ ഒരുമിച്ചു നടക്കാൻ തുടങ്ങി. അവർ ഒരു പഴയ തറവാടിന്റെ മുന്നിലെത്തി. കോളിങ്ങ്‌ബെല്ലിൽ അവൻ വിരലമർത്തി. കുടുമ കെട്ടിവെച്ചു ബാക്കി തല മുണ്ഡനം ചെയ്ത് സ്വർണ്ണക്കര തോർത്തും തോളിലിട്ട് സ്വർണ്ണക്കര മുണ്ടും ധരിച്ച ഒരു ആജാനുബാഹു ഇറങ്ങിവന്നു .
"ആ ! ലക്ഷ്മിക്കുട്ടിയോ ! ഇതാരാ?"
"സംഗീതം പഠിക്കണമെന്നാഗ്രഹിച്ചു വന്നതാണ് . പേര് മേഘനാഥൻ."
"മത്സരത്തിന് പോകാൻ ആണോ?"
"അല്ല !"
"എങ്കിൽ കാരണവന്മാരുടെ അനുഗ്രഹം മേടിച്ചു നാളെ മുതല് വന്നോളൂ !"
"ശരി !" അവൻ തിരികെ നടന്നു .
കാരണവന്മാരായി തനിക്കു ആരാണുള്ളത് ? ഉള്ളവർതന്നെ എവിടെയാണാവോ ? വെള്ളച്ചാട്ടം കാണാൻ വരുന്നവർ കാർ പാർക്ക് ചെയ്യുന്ന സ്ഥലത്തു അവനെത്തി.
എന്തായിത്?
തൻ്റെ കാറിന്റെ ടയറുകൾ ആരോ ഊരിക്കൊണ്ടു പോയിരിക്കുന്നു !
സെക്യൂരിറ്റി അതാ വെള്ളമടിച്ചു ബോധം കെട്ടുകിടക്കുന്നു. എങ്ങനെ തിരിച്ചു പോകും?
സ്വന്തം വാഹനമില്ലാതെ വരാൻ പറ്റാത്ത റൂട്ടാണ് !
അവൻ എങ്ങോട്ടെന്നില്ലാതെ നടന്നു .