ഭാഗം 3
"എല്ലാം പറയാം മോനേ , അതിന് മുമ്പ് ഞങ്ങളാരൊക്കെയാണെന്നു മോൻ അറിയേണ്ടേ? മോനെ ഇവിടെ കൊണ്ട് വന്നത് പ്രശസ്ത ശാസ്ത്രജ്ഞനായ രവിചന്ദർ ആണ്. ഞാൻ അവരുടെ ഭാര്യ ചന്ദ്രിക. ഇവൾ ഞങ്ങളുടെ മകൾ രൂപിണി. ഇനി എൻ്റെ മോന്റെ ഫോട്ടോ ഞാൻ കാണിച്ചു തരാം."
ചന്ദ്രിക അടുത്ത മുറിയിലേക്ക് പോയി ഒരു ഫോട്ടോയുമായി തിരികെവന്ന് അത് അവൻ്റെ കൈയ്യിൽ കൊടുത്തു.
"ഈ കുട്ടി എന്നെപ്പോലെയുണ്ടല്ലോ?"
"അതേ ! അതുകൊണ്ടു തന്നെയാണ് നിന്നെ അദ്ദേഹം ഇവിടേയ്ക്ക് കൊണ്ടുവന്നത്. ഞങ്ങളുടെ മോൻ മേഘനാഥൻ വെള്ളച്ചാട്ടത്തിൽ അറിയാതെ വഴുതിവീണു ഈശ്വരന്റെ അടുത്തേക്ക് പോയിട്ട് രണ്ടു വർഷമായി! നിന്നെ ഞങ്ങൾ മേഘനാഥൻ എന്ന് വിളിച്ചോട്ടെ ?"
"എനിക്ക് നല്ല ഉടുപ്പും നല്ല ഭക്ഷണവും തന്ന ദൈവത്തിനു എനിക്ക് എന്ത് പേര് വേണമെങ്കിലും ഇടാം !"
അങ്ങനെ അവനു ഒരു പേര് ലഭിച്ചു!
ദിവസങ്ങൾ കടന്നുപോയി. അങ്ങനെയിരിക്കെ ഒരു നാടോടി ഭക്ഷണത്തിനായി ആ വീട്ടിൽ വന്നു. ചന്ദ്രിക അയാൾക്ക് ഊണ് വിളമ്പിക്കൊടുക്കുമ്പോഴാണ് അയാൾ മുറ്റത്തു രൂപിണിയോടൊപ്പം മണ്ണപ്പം ചുട്ടു കളിക്കുന്ന മേഘനാഥനെക്കണ്ടത് .
"അറിയാതെയാണെങ്കിലും എത്തേണ്ട ഇടത്തു അവനെത്തി !"- ആരോടെന്നില്ലാതെ അയാൾ പറഞ്ഞു.
"ആരുടെ കാര്യമാണ് നിങ്ങൾ പറയുന്നത് ?"
"ആ ആൺകുട്ടിയെപ്പറ്റി !" മേഘനാഥനെ ചൂണ്ടി അയാൾ പറഞ്ഞു.
"അവനെ നിങ്ങൾക്കറിയാമോ?"
"അറിയും! പക്ഷേ , പേരറിയില്ല! വെള്ളച്ചാട്ടത്തിനു താഴെയുള്ള കാട്ടിലെ
ആദിവാസികളുടെ കൂടെ ഞാൻ താമസിച്ചിരുന്ന കാലത്തു പുഴയോരത്തു അവൻ്റെ ശരീരം അടിഞ്ഞതായി കണ്ടു. ഞാൻ അവനെ മൂപ്പന്റെ അടുത്തെത്തിച്ചു ചികിത്സിച്ചു. മുറിവുകളൊക്കെ ഉണങ്ങിയെങ്കിലും അവനു പഴയതൊന്നും ഓർമ്മയില്ല! സ്വന്തം പേര് പോലും!"
"എത്ര കാലമായി അത് നടന്നിട്ട്?"
"രണ്ടു വർഷം! അന്ന് അവൻ അവിടെ കിടക്കുമ്പോൾ സ്കൂൾ മാഷ് എടുത്ത ഒരു ഫോട്ടോ എൻ്റെ കൈയ്യിലുണ്ട്. അവനു ഭേദമായിക്കഴിഞ്ഞിട്ടു പത്രത്തിൽ കൊടുക്കാമെന്നു വെച്ചു . പക്ഷേ ... ഭേദമായ ഉടനെ അവൻ അവിടെ നിന്നും ഓടിപ്പോയി. മാഷ് സ്ഥലം മാറിപ്പോകുന്നതിനു മുമ്പ് എനിക്ക് ഫോട്ടോ തന്നു."
അയാൾ ഫോട്ടോ ചന്ദ്രികക്ക് കൈമാറി . വെള്ളച്ചാട്ടത്തിൽ വീഴുന്നതിനു മുമ്പ് മോൻ ധരിച്ചിരുന്ന അതേ വസ്ത്രങ്ങൾ !
"അവൻ ഞങ്ങളുടെ മകനാണെന്ന് നിങ്ങൾക്കെങ്ങനെ മനസ്സിലായി?"
"അന്ന് വെള്ളച്ചാട്ടം കാണാൻ മാഷും വന്നിരുന്നു. പരിസരം മറന്നു നിലവിളിച്ച നിങ്ങളുടെ മുഖം മനസ്സിനെ എപ്പോഴും വേട്ടയാടുന്നെന്നു അവര് പറയുമായിരുന്നു. മാഷിന് ഈ നഗരത്തിലാണ് ഇപ്പോൾ ജോലി. പട്ടണത്തിൽ വെച്ച് നിങ്ങളെക്കണ്ടപ്പോൾ മറ്റുള്ളവരോട് അന്വേഷിച്ചു വീട് എവിടെയെന്ന് മനസ്സിലാക്കി . അപ്പോഴാണ് കറങ്ങിത്തിരിഞ്ഞ് ഞാനീ നഗരത്തിലെത്തിയത്. അപ്പോൾ നിങ്ങളുടെ മകൻ ജീവിച്ചിരിപ്പുണ്ടെന്നു ചെന്ന് പറയാൻ എന്നോട് പറഞ്ഞു. പക്ഷേ, അവനിവിടെ എത്തിച്ചേരുമെന്ന് ഒട്ടും വിചാരിച്ചിട്ടില്ല !"
"അവൻ്റെ അതേ ഛായ ഈ കുട്ടിക്കുണ്ട് . പക്ഷേ, എൻ്റെ മോന്റെ ഇടത്തെ ചെവിക്കു പിന്നിൽ ഒരു മറുകുണ്ട്."
"അതും അവനുണ്ട് ! ഞാനിറങ്ങുകയാണ് . ചോറ് തന്നതിന് നന്ദി !"
അയാൾ ഗേറ്റിനു പുറത്തു കടന്നു.
"മോനേ, ഇവിടെ വാ !"
മേഘനാഥൻ ചന്ദ്രികയുടെ മുന്നിലെത്തി .
അവൾ അവൻ്റെ ഇടത്തേ ചെവിയുടെ പിറകിൽ നോക്കി. അതേ ! ഇവൻ തൻ്റെ നഷ്ടപ്പെട്ട മകൻ തന്നെ!
അവൾ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഒന്നും മനസ്സിലാകാതെ അവൻ അന്തം വിട്ടു നിന്നു .
"അമ്മ എന്തിനാ കരയുന്നേ?" ചന്ദ്രികയുടെ കരച്ചിൽ കേട്ട് രൂപിണി ഓടി വന്നു .
"ഇത് നമ്മുടെ അനിയൻ കുട്ടൻ തന്നെയാണ് മോളേ !"
ശബ്ദം കേട്ട് രവിചന്ദറും അവിടേക്കു ഓടിയെത്തി. ചന്ദ്രിക കാര്യങ്ങളെല്ലാം അവരോടു പറഞ്ഞു. അവിശ്വസനീയമായ എന്തോ കാര്യം കേൾക്കുന്നത് പോലെ മേഘനാഥൻ എല്ലാം കേട്ടു.