mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

 devayami

Freggy Shaji

നോവൽ ആരംഭിക്കുന്നു.  

ടൗണിൽ നിന്ന് കുറച്ചു മാറി പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമം. വയലും കുന്നും പുഴയും എല്ലാം ഉള്ള കൊച്ചു ഗ്രാമം. വലിയ  തറവാട് വീടാണ് മുല്ലശ്ശേരി. ആ ഗ്രാമത്തിലെ തന്നെ മുന്തിയ തറവാട്ടുകാർ. ഏക്കർ കണക്കിന് നിലവും, കൃഷിയും കച്ചവടവും ഒക്കെ ഉള്ള വലിയ തറവാട്. ഭാഗം വെച്ച് ഓരോരുത്തരും മാറി താമസിക്കുന്നു. ചുറ്റുവട്ടത്ത് തന്നെയാണ് ബന്ധുക്കൾ എല്ലാവരും. 

രാധാകൃഷ്ണൻ, ഭാര്യ സരോജിനി, മക്കൾ, ബാലകൃഷ്ണൻ, ഇരട്ട സഹോദരന്മാർ ആയ രവികൃഷ്ണൻ, ഗോപീകൃഷ്ണൻ, ഇവരുടെ പെങ്ങൾ ശ്രീകല. ഇവരാണ് മുല്ലശേരി പഴയ തറവാട്ടിൽ ഇപ്പോ ഉള്ളത്. എല്ലാവരുടെയും വിവാഹം കഴിഞ്ഞു. പെങ്ങൾ ശ്രീകല മുംബൈയിൽ ആണ് താമസം. ഭർത്താവ് ജയപ്രകാശ് അറിയപ്പെടുന്ന ബിസിനസ് കാരൻ ആണ്. വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം നാട്ടിൽ വരും. രണ്ടു മക്കൾ വരുൺ, വരദ.വരദ അവിടെ ജോലി കിട്ടി വിവാഹം അന്വേഷിക്കുന്നു. വരുൺ പഠിക്കുന്നു. ജയപ്രകാശ് മുബൈയിൽ ആണെങ്കിലും വീട്ടുകാർ എല്ലാം നാട്ടിൽ തന്നെയാണ്. ശ്രീകലയുടെ വീടിന് അടുത്ത് തന്നെ ആണ് ജയ പ്രകാശിന്റെ വീടും. പ്രേമ വിവാഹം ആയിരുന്നു.മുല്ലശേരി തറവാട്ടുകാർക്ക് യോജിച്ച ബന്ധം ആയിരുന്നില്ല എങ്കിലും ഒറ്റ പുത്രിയുടെ ആഗ്രഹം നടത്തി കൊടുക്കുകയായിരുന്നു. രാധാകൃഷ്ണൻ. ജയപ്രകാശ് സ്വന്തം വീട്ടിൽ അത്ര രസത്തിൽ അല്ലായിരുന്നു. അച്ഛന്റെ മരണശേഷം അനിയനും രണ്ട് സഹോദരിമാരും സ്വത്ത് ഭാഗം വെച്ചപ്പോൾ,ഏട്ടൻ കാശുകാരൻ ആണെന്ന് പറഞ്ഞ് ഭാഗം വെട്ടി ചുരുക്കി. അതുവരെ വീടിന് വേണ്ടി കഷ്ടപ്പെട്ട് ജീവിച്ച് നാടും വീടും വിട്ട് നിന്ന ജയ പ്രകാശൻ തീർത്തും ഒറ്റപ്പെട്ടു. ഒന്നും വേണ്ട എന്ന് പറഞ്ഞ് എല്ലാം സ്വമേധയാ വിട്ടു കൊടുത്തു ജയ പ്രകാശ്. നാട്ടിൽ വന്നാൽ മുല്ലശേരി യില് തന്നെ ആണ് താമസം. അധികവും അയ്യാൾ നിൽക്കില്ല ഭാര്യയെയും മക്കളെയും കൊണ്ട് വിട്ട് തിരിച്ചു  രണ്ടു ദിവസം കഴിഞ്ഞാൽ തിരിച്ചു പോകും. ശ്രീകല വന്നാൽ രണ്ടാഴ്ച കഴിഞ്ഞേ തിരിച്ചു പോകൂ. ബാലകൃഷ്ണന്റെ നേരെ താഴെയാണ് ശ്രീകല. പിന്നെ രവി കൃഷ്ണൻ മിനിറ്റ് കളുടെ വ്യത്യാസത്തിൽ ഗോപീകൃഷ്ണൻ.

ബാലകൃഷ്ണൻ, ഭാര്യ സുനന്ദ. അവർക്ക് രണ്ടു മക്കൾ, ദേവദത്തൻ, മകൾ ദേവനന്ദ. വിവാഹം കഴിഞ്ഞ് കുട്ടികൾ ഇല്ലാതിരുന്ന അവർക്ക് നേർച്ചയും വഴിപാടും നടത്തി കിട്ടിയ ആദ്യ കണ്മണി ദേവദത്തൻ. പത്ത് വയസ്സ് താഴെയാണ് ദേവനന്ദ. ദത്തൻ ആണ് മുല്ലശേരി ബിസിനസിന്റെ മാസ്റ്റർ ബ്രയിൻ. എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് ദത്തൻ ആണ്.അവന്റെ വാക്കണ് അവസാനവാക്ക് എന്ന കാര്യത്തിൽ സംശയമില്ല മുത്തശ്ശൻ രാധാകൃഷ്ണന്. കൊച്ചുമകൻ മക്കളെക്കൾ പ്രാപ്തി ഉള്ളവൻ ആണെന്ന് ചുരുങ്ങിയ കാലം കൊണ്ടുതന്നെ അദ്ദേഹം മനസ്സിലാക്കി.തന്റെ സാമ്രാജ്യം മക്കളെ ഏൽപ്പിച്ച് വാർദ്ധക്യം ആസ്വദിക്കുകയാണ് രാധാകൃഷ്ണൻ. പൊടി മില്ലും, അതിനോട് ചേർന്നുള്ള സൂപ്പർ മാർക്കറ്റ് മാത്രമാണ് അച്ചച്ചനും അച്ഛമ്മയും തറവാട്ടിൽ നിൽക്കുമ്പോൾ,ഭാഗം കിട്ടിയത്. ഒരേക്കർ ഭൂമിയും അതിൽ നിന്ന് വളർത്തി കൊണ്ട് വന്നതാണ് ഓരോന്നും. ദേവദത്തൻ ഉണ്ടായതിനു ശേഷമാണ് തനിക്ക് നല്ലകാലം ഉണ്ടായത് എന്ന് അച്ചാച്ചൻ പറയും. കൃഷ്ണാ സൂപ്പർ മാർക്കറ്റ്, കൃഷ്ണാ ഹൈപ്പർ മാർക്കറ്റ്, കൃഷ്ണാ പെട്രോളിയം, കൃഷ്ണാ ട്രാവൽസ്, കൃഷ്ണാ ഗാർമെന്‍റെസ്. മില്ലിൽ പൊടിച്ച ഫ്രഷ് പൊടികൾ കയറ്റി അയക്കുന്നു.വിവിധ രാജ്യങ്ങളിൽ.അതിന്റെ ചുമതല നടത്തുന്നത് ദത്തൻ ആണ്. കൃഷ്ണാ കൺസ്ട്രക്ഷൻ ദത്തൻ തനിയെ നടത്തുന്നത് ആണ്. ബാലകൃഷ്ണൻ മോനെ സഹായിച്ചു കൂടെ ഉണ്ട്. കൃഷ്ണാ സൂപ്പർ മാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ് ഗർമെന്റെസ് നോക്കി നടത്തുന്നത് ഗോപീ കൃഷ്ണൻ ആണ്. കൃഷ്ണാ ട്രാവൽസ്, പമ്പുകളും രവി കൃഷ്ണൻ നോക്കി നടത്തുന്നു. മില്ലിന്റെ ചുമതല ബാലകൃഷ്ണനും. വരവ് ചിലവ് കണക്കുകൾ ഒന്നിച്ചിരുന്ന് ചർച്ച ചെയ്യും. ഒരു നിശ്ചിത തുക മാസം എല്ലാവരും എടുക്കും.അച്ചാച്ചൻ ആണ് അതിന്റെ ചുമതല .ലാഭവിഹിതം ഓരോന്നിന്റെയും ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യും. വളരെ നല്ല നിലയിൽ സ്ഥാപനങ്ങൾ നടന്നു പോകുന്നു.

ഗോപീകൃഷ്ണൻ ഭാര്യ പാർവതി ഇരട്ട കുട്ടികൾ ആണ് അവർക്ക്. പ്രദീപ് കൃഷ്ണാ, പ്രവീൺ കൃഷ്ണാ. രണ്ടുപേരും എംബിബിഎസ്‌ പഠിക്കുന്നു. രണ്ടാം വർഷം. രവികൃഷ്ണൻ ഭാര്യ സുജാത .ഒറ്റ മകൻ  സച്ചിൻ കൃഷ്ണാ. എഞ്ചിനീയർ രണ്ടാം വർഷം പഠിക്കുന്നു. അവൻ വീട്ടിൽ നിന്നും പോയി വരും കോളേജിൽ. ഗോപീ കൃഷ്ണനും രവി കൃഷ്ണനും ഇരട്ടകളെ തന്നെ യാണ് വിവാഹം കഴിച്ചത്. ഒരേ ദിവസം. മക്കളും ഒരേ പ്രായക്കാർ ആണ്. ഒരേ ഒരു പെൺ തരി ആണ് ദേവനന്ദ. നാല് ആൺ കുട്ടികൾ കഴിഞ്ഞ് ഇളയത്. ഇപ്പോ പതിനെട്ട് വയസ്സ് ആയി അവൾക്ക്. കോളേജിൽ പഠിക്കുന്നുണ്ട് ഒന്നാം വർഷ ബി എസ് സി. സയൻസ്.ടീച്ചർ ആകണം എന്നാണ് ആഗ്രഹം. അവളുടെ.മൂന്ന് അമ്മമാരുടെയും സ്നേഹ തണലിൽ, കൊഞ്ചി വളർന്നത് കൊണ്ട് പെണ്ണിന് കുറച്ചു അഹങ്കാരം ഉണ്ട്. കാണാൻ സുന്ദരി ആയിരുന്നു ദേവനന്ദ.

മക്കൾ എല്ലാവരും തന്റെ കണ്ണടയും വരെ കൂടെ ഉണ്ടാകണം എന്ന അച്ചാച്ചൻ  ആഗ്രഹപ്രകാരം എല്ലാവരും ഒരുമിച്ച് നിൽക്കുന്നു തറവാട്ടിൽ. മുല്ലശേരി തറവാട്ടിലെ ഒത്തൊരുമ നാട്ടിൽ പലപ്പോഴും ചർച്ച ആകാറുണ്ട്.

(ഇപ്പോ തറവാട്ടിൽ താമസിക്കുന്ന ആളുകളുടെ ഏകദേശ രൂപം കിട്ടി കാണും എന്ന് കരുതുന്നു. പോകെ പോകെ.. മനസിലാകും. ഇനി കഥയിലേക്ക് കടക്കാം. പുലരി വെളുത്തു തുടങ്ങുന്നു. മുല്ലശേരി അടുക്കളയിലേക്ക് പോയി നോക്കാം..അവിടെ നിന്ന് തുടങ്ങാം.)

"ഏട്ടത്തി... ആ പാലുകാരൻ ഇന്നും താമസിച്ചു."

പടിഞ്ഞാറെ വരാന്തയിൽ നിന്നും അടുക്കളയിലേക്ക് കയറി വന്ന പാർവതി പാൽ പാത്രം സ്ലാബിൽ വെച്ച് കൊണ്ട് പറഞ്ഞു.

"ഇത് പതിവാകണ്ട എന്ന് പറഞ്ഞോ നീ പാറു?"

സുജാത  തേങ്ങ ചിരകിയത് മിക്സിയിൽ ഇട്ടു കൊണ്ട് ചോദിച്ചു. ഇരട്ടകൾ ആയതു കൊണ്ട് രണ്ടു പേരും പേരാണ് വിളിക്കുക. പാറു,സുജ..

"രണ്ടുപേരും സംസാരിച്ചു നിൽക്കാതെ..അമ്മ വരുമ്പോഴേക്കും പ്രാതൽ  ഒരുക്കാൻ നോക്കൂ.."

സുനന്ദ കല്ലിൽ ഇരുന്ന ദോശ മറിച്ചിട്ട് കൊണ്ട് പറഞ്ഞു.

"ഏട്ടത്തി...ദേവുട്ടിയെ വിളിച്ചോ? പെണ്ണ് ഇന്ന് കോളേജിൽ എന്തോ നേരത്തെ പോകണം എന്ന് പറഞ്ഞിരുന്നു."

സുജാത പെട്ടന്ന് ഓർമ്മ വന്നത് പോലെ പറഞ്ഞു.

"ഞാൻ ചെന്നാൽ ശരിയാകില്ല.. പാറു നീ പോയി വിളിച്ചിട്ട് വാ..രണ്ടും കൂടി ലാളിച്ചു വഷളാക്കി വെച്ച് പെണ്ണിന് ഇപ്പോ അമ്മയായ എന്നെ വേണ്ടെന്ന മട്ടാണ്. ഞാൻ വഴക്ക് പറയും എന്നാണ് പരാതി."

സുനന്ദ ഗൗരവത്തോടെ പറഞ്ഞു.

"ഏട്ടത്തി..അവള് നമ്മുടെ രാജകുമാരി അല്ലേ?"

സുജാത ചിരിച്ചു.

"രാജകുമാരി എന്നെ കൊണ്ട് വേറൊന്നും പറയിപ്പികണ്ട..ഇന്നലെ കോളേജിൽ പോയ വേഷം കണ്ട് ദേവ എന്നെ കൊന്നില്ല എന്നേയുള്ളൂ..രണ്ടുപേരും അവൾക്ക് വളം വെച്ച് കൊടുത്തിട്ട്..കേൾക്കുന്നത് ഞാനും."

"ഏട്ടത്തി...അവൾക്ക് ജീൻസ് ഇട്ടിട്ട് പോകണം എന്ന് പറഞ്ഞപ്പോൾ, ഗോപി ഏട്ടനെ വിളിച്ച് കൊണ്ടുവരാൻ പറഞ്ഞത് ഞാൻ തന്നെയാണ്. അവളുടെ ആഗ്രഹം അല്ലേ.."

പാർവതി പറഞ്ഞു.

"ഇന്നലെ രാത്രി വൈകി ദത്തൻ  വന്നത് കൊണ്ട് നിങ്ങൾ രക്ഷപെട്ടു. കേട്ടത് ഞാനും."

സുനന്ദ പറഞ്ഞു.

"പാറു ദത്തൻ വന്നാൽ അപ്പോ ഇന്നലത്തെ ബാക്കി നമ്മുക്ക് ആകും."

സുജാത ചിരിയോടെ പറഞ്ഞു.

"സാരമില്ല സുജേ..നമ്മുടെ മോൾക്ക് വേണ്ടി അല്ലേ..കുറച്ചു കേൾക്കാം.ഞാൻ മോളെ വിളിച്ചിട്ട് വരാം."

പാറു പുറത്തേക്കു പോയി.അച്ഛമ്മയുടെ കൂടെയാണ് പെണ്ണ് കിടക്കുന്നത് ഒറ്റയ്ക്ക് കിടക്കാൻ പേടിയാണ്.

പാറു അകത്തേക്ക് നോക്കി വലിയ റൂം ആണ് അത്.രണ്ടു കട്ടിൽ ഉണ്ട് റൂമിൽ .ഒരു കട്ടിലിൽ അച്ഛൻ കിടക്കും മറ്റെ കട്ടിലിൽ അമ്മയും,നന്ദ   യും..അമ്മ ബാത്ത് റൂമിൽ ആണ്.എഴുന്നേറ്റാൽ ഉടൻ എല്ലാവരും കുളിക്കണം എന്ന് അച്ഛന് നിർബന്ധമാണ്.പാർവതി അകത്തേക്ക് കയറി കട്ടിലിൽ കമിഴ്ന്നു ഒട്ട മത്സരത്തിൽ പങ്കെടുക്കുന്നത് പോലെയാണ് പെണ്ണ് കിടക്കുന്നത്..മുടി അഴിഞ്ഞു വിതറി കിടക്കുന്നു.

"മോളേ...ദേവുട്ടി...എഴുന്നേറ്റു വാ..നേരം ഒരുപാടായി.നേരത്തെ പോകണ്ടേ ?വാ..."

പാർവതി തട്ടി വിളിച്ചു.

അപ്പോഴേക്കും കുളി കഴിഞ്ഞ് സെറ്റ് മുണ്ട് ഉടുത്ത് അമ്മ ഇറങ്ങി വന്നു.

"എന്താ.. പാറു?മോളെ എന്തിനാ വിളിക്കുന്നത് നേരത്തെ പോകണോ ഇന്ന്?"

അമ്മ ചോദിച്ചു.

"അതെ അമ്മേ ഇന്നലെ രാത്രി പറഞ്ഞിരുന്നു.വിളിക്കാൻ."

പാർവതി അമ്മയെ നോക്കി പറഞ്ഞു.

"നീ ചെല്ല് ഞാൻ വിളിക്കാം."

അച്ഛമ്മ ബെഡിൽ ഇരുന്നു കൊണ്ട് ദേവു വിൻറെ തലയിൽ തലോടി..

"മോളേ.. ദേവുട്ടീ...എഴുന്നേക്ക്‌.. ഇന്ന് നേരത്തെ പോകണ്ടേ.."?അച്ഛമ്മ അവളെ പതിയെ വിളിച്ചു.

"കുറച്ചു  നേരം കൂടി കിടക്കട്ടെ അച്ഛമ്മ.."

ദേവു കണ്ണടച്ചു കൊണ്ട് പറഞ്ഞു.

"ദേ പാറു വന്ന് വിളിച്ചിട്ട് പോയി..ഇനി നന്ദ വഴക്ക് പറയുന്നത് വരെ മോള് കിടകണ്ടാ...അവളെ വെറുതെ അരിശം കൊളിക്കണ്ട നീ.."

അച്ഛമ്മ പറഞ്ഞത് കേട്ട് ദേവു കണ്ണുകൾ വലിച്ചു തുറന്നു.

"അപ്പോ പേടിയുണ്ട്.."

അച്ഛമ്മ ചിരിച്ചു.

"വേറെ ആരെയും ഇൗ വീട്ടിൽ എനിക്ക് പേടി ഇല്ല..പക്ഷേ അമ്മ..പേടി ആണ്.ഇൗ വീട്ടിൽ ഏറ്റവും പേടിക്കേണ്ട ആൾ എന്റെ ഏട്ടനും അമ്മയും..എന്റെ പൊന്നോ..പാവം എന്റെ അച്ഛൻ."

ദേവു എഴുന്നേറ്റു.അച്ഛമ്മയുടെ കവിളിൽ മുത്തി കൊണ്ട് പുറത്തേക്കു നടന്നു.ലൂസ് ആയ ബനിയനും,  പല്ലാസോ പാന്റും ആയിരുന്നു വേഷം.മുടി വാരി ഉച്ചിയിൽ കെട്ടി വെച്ച് തന്റെ റൂമിലേക്ക് കയറി.പഠിക്കാൻ മാത്രേ അവിടെ ഇരിക്കൂ അവള്.കുളിച്ചു മാറാൻ ഡ്രസ്സ് എടുത്തു.കുളി കഴിഞ്ഞ് ഡ്രസ്സ് മാറി അടുക്കളയിലേക്ക് വരുമ്പോൾ,സച്ചി കഴിക്കാൻ ഇരുന്നു കഴിഞ്ഞിരുന്നു.

"എടി..മാക്രി നീ ഒരുങ്ങി ഇല്ലേ..എനിക്ക് നേരത്തെ പോകണം എന്ന് പറഞ്ഞതല്ലേ?"

അവൻ അവളെ നോക്കി ചോദിച്ചു.

"പാറു അമ്മേ...ദേ ഇവൻ എന്നെ മാക്രി എന്ന് വിളിക്കുന്നു.."

ദേവു വിളിച്ചു പറഞ്ഞു.

"ഓ എഴുന്നള്ളി മഹാറാണി.."

സുനന്ദ പറഞ്ഞു കൊണ്ട് അടുക്കളയിൽ നിന്ന് വന്നു.

"തുടങ്ങി അവള് കാലത്ത് തന്നെ..തൊള്ള തുറക്കാൻ.."

ദേവു ചുണ്ട് കൂർപ്പിച്ചു കൊണ്ട് അമ്മയെ നോക്കി.

"എന്നെ മാക്രി എന്ന് വിളിച്ചു."

"ഉവോ.. കണക്കായി പോയി"

അമ്മ അവളെ നോക്കി പറഞ്ഞു.

"നിന്നെ കാത്തു നിന്നു സച്ചിടെ സമയം കൂടി കളയണം..അല്ലേ? നിനക്ക് നേരത്തെ എഴുന്നേറ്റാൽ എന്താ?"

"അല്ല..അമ്മേ ഞാൻ ഇപ്പോ റെഡി ആയി വരാം."

ദേവു ദേഷ്യത്തിൽ തിരിഞ്ഞു നടന്നു.

"മോളേ ദേവു ദാ മോളെ ചായ.."

സുജാത ചായ ഗ്ലാസ് എടുത്തു ഓടി വന്നു.

"ദേ ഏട്ടത്തി മോളെ എന്തിനാ ചുമ്മാ ഓരോന്ന് പറഞ്ഞിട്ട്..കാലത്ത് തന്നെ.."

സുജ ഏട്ടത്തിയെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് പറഞ്ഞു.

"അങനെ പറ ചിറ്റാ.."

ദേവു ചായ വാങ്ങി കുടിച്ച് ഗ്ലാസ്സ് തിരികെ കൊടുത്ത് കൊണ്ട് റൂമിലേക്ക് പോയി. അവള് പോകുന്നത് നോക്കി സുനന്ദ നിന്നു.

"ഇൗ പെൺകുട്ടി കെട്ടി കൊണ്ടുപോകുന്ന വീട്ടിൽ നിൽക്കുന്നത് എങ്ങനെ ആകുമോ എന്തോ.. ചിറ്റ കൂടെ പോകുമോ? അവള് കുടിച്ച ഗ്ലാസ്സ് കഴുകാനും,കഴിച്ച പ്ലേറ്റ് കഴുകാനും."

സുനന്ദ..ചോദിച്ചു.

"എന്റെ പൊന്നു വല്ല്യ മ്മാ...ഞാൻ ഒന്നും പറഞ്ഞിട്ടില്ല..പാവം ദേവു.."

സച്ചി കൈ കൂപ്പി കൊണ്ട് സുനന്ദയെ നോക്കി പറഞ്ഞു.

അവിടേക്ക് മകന് ചൂട് ദോശയും ചമ്മന്തിയും ആയി വന്ന പാർവതി ചിരിച്ചു.

"മോനേ നീ കഴിച്ചിട്ട് വേഗം പോകാൻ നോക്ക്.അമ്മ വല്യട്ടനോട് പറയാം.ദേവുനെ കോളേജിൽ വിടാൻ..മോൻ വൈകാതെ ചെല്ല്."

പാർവതി മകനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

സുനന്ദ അടുക്കളയിലേക്ക് പിൻവാങ്ങി. പുറം പണിക്ക് ആളുണ്ട് എങ്കിലും അടുക്കളപ്പണി അവർ മൂന്നു പേരും കൂടി ചെയ്യും. കാലത്ത് ഒരു ബഹളമാണ്. ഉച്ചക്ക് ശേഷം എല്ലാവരും ഫ്രീ ആകും. എട്ടു മണിയാകുമ്പോഴേക്കും ആൺ പ്രജകൾ കഴിക്കാൻ വരും.ഏട്ടനും അനിയന്മാരും അച്ഛനും അമ്മയും ഒരുമിച്ചിരിക്കും.കോളേജിൽ പോകുന്നതുകൊണ്ട് ദേവുവും സച്ചിയും അവരുടെ കൂടെ ഇരിക്കും. എല്ലാവരും കൂടി ഒരുമിച്ച് പറയേണ്ട കാര്യങ്ങൾ കഴിക്കാൻ ഇരിക്കുമ്പോഴാണ് പറയുക. പിന്നെ ഓരോരുത്തരും അവരവരുടെ ജോലികളിലേക്കായി പോകും. ഉച്ചയ്ക്ക് മിക്കവാറും കഴിക്കാൻ ആരും വരാറില്ല. വൈകുന്നേരം 6 മണിയാകുമ്പോഴേക്കും തിരിച്ചെത്തുകയും ചെയ്യും. ദേവദത്തൻ മാത്രമാണ് വൈകി വരാറ്.

സച്ചി കഴിച്ച് എഴുന്നേറ്റു അപ്പോഴേക്കും ഡ്രസ്സ് മാറി വന്നിരുന്നു.

"നീ ഏട്ടന്റെ കൂടെ പൊയ്ക്കോ..ഞാൻ ഇറങ്ങട്ടെ നീ കഴിച്ചു വരുമ്പോഴേക്കും നേരം വൈകും. പിന്നെ ഇത്ര നേരത്തെ നീ കോളേജിൽ പോകേണ്ട ആവശ്യമൊന്നുമില്ലല്ലോ..?"

സച്ചി അവളെ നോക്കി പറഞ്ഞു.

"അയ്യോ.. വല്യേട്ടൻ ഈ ഡ്രസ്സ് മാറാൻ പറയും ഞാൻ നിന്റെ കൂടെ വരുവാ.."

അവള് സ്വയം ഒന്ന് നോക്കി പറഞ്ഞു.

ഇറുകി കിടക്കുന്ന ജഗിൻ ആണ് ഇട്ടിരിക്കുന്നത്. ലെഗിനും ജഗിന്‍സും  ഇടരുത് എന്നാണ് ഏട്ടന്റെ ഓർഡർ.  ഒന്ന് ഓർത്തു കൊണ്ട് ദേവൂട്ടി അടുക്കളയിലേക്ക് നോക്കി വിളിച്ചു.

"പാറു മാ..."

അപ്പോഴേക്കും ദോശ പാത്രവും,കൊണ്ട് പോകാനുള്ള ലഞ്ച് ബോക്സ് എടുത്തു കൊണ്ട് പാർവതി ഓടി വന്നു.

"ദാ മോളേ.."

ലഞ്ച് ബോക്സ് വേഗം തിരുകി ബാഗിൽ.

"കഴിക്കാൻ വേണ്ട.. ഞാൻ ഇറങ്ങട്ടെ.."

ദേവു കൊഞ്ചി പറഞ്ഞു.

"പിന്നെ ഞാൻ വാരി തരാം..കഴിക്കാതെ പോകാൻ പറ്റില്ല."

പാർവതി നിർബന്ധം പറഞ്ഞു.

"എന്നാ..വാരി താ.."

അവള് വായും പൊളിച്ച് നിന്നു.

"ഏട്ടത്തി കണ്ടാൽ എനിക്ക് വഴക്ക് കിട്ടും..."

പാർവതി അടുക്കളയിലേക്ക് നോക്കി പറഞ്ഞു.

"വേഗം വാ..ദേവു.."

സച്ചി തിരക്കുകൂട്ടി.

"ദാ ഇപ്പോ വരാം.."

രണ്ടു വായ വേഗം വാങ്ങി വായും കഴുകി ഓടുമ്പോൾ ആണ് അവളെ തന്നെ നോക്കി മാറിൽ കൈ പിണച്ചു കെട്ടി ദേവദത്തൻ നിൽക്കുന്നത്.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ