ഭാഗം 15
വെള്ളച്ചാട്ടം നോക്കിക്കൊണ്ടു ചിന്താമഗ്നനായി നിൽക്കുകയാണ് മേഘനാഥൻ .
"ഏയ് !"
ആരോ വിളിച്ച പോലെ അവനു തോന്നി . അവൻ തിരിഞ്ഞു നോക്കി. പരിചയമില്ലാത്ത ഏതോ ഒരു ചെറുപ്പക്കാരൻ ! വിളിച്ചു എന്നത് തനിക്കു തോന്നിയതായിരിക്കും !
മേഘനാഥൻ വീണ്ടും തൻ്റെ ശ്രദ്ധ വെള്ളച്ചാട്ടത്തിലേക്ക് തിരിച്ചുവിട്ടു .
വീണ്ടും ആ വിളി താൻ കേട്ടുവോ ?
ആരോ തൻ്റെ തോളിൽ ഒരു കൈ വെച്ചുവോ ?
"ഓർക്കുന്നുണ്ടോ എന്നെ ?"- അയാൾ ചോദിച്ചു
"ഇല്ല !" എന്ന ഭാവത്തിൽ മേഘനാഥൻ തലയാട്ടി .
"നിങ്ങളുടെ പേര് എനിക്കറിയില്ല , പക്ഷേ നിന്റെ മുഖം എൻ്റെ മനസ്സിൽ നിന്നും മായില്ല ! അന്ന് നീ കുട്ടിയായിരുന്നു . ആരോടും നിനക്ക് കൂട്ടില്ലായിരുന്നു !
ഭക്ഷണം കഴിക്കാനാകാതെ , പനിപിടിച്ചു അഴുക്കുചാലിൽ വീണു കിടന്ന നിന്നെ മറ്റൊരു തെരുവുതെണ്ടിയായ ഞാൻ തോളിലിട്ട് ഞങ്ങളുടെ തുണി കൊണ്ടുണ്ടാക്കിയ ടെന്റിലേക്കു കൊണ്ടുപോയി .പലപ്പോഴും എനിക്കും സമപ്രായക്കാരായ മറ്റു കുട്ടികൾക്കും തിന്നാനില്ലെങ്കിലും തെണ്ടിക്കിട്ടിയതുകൊണ്ടു നിന്നെ ഊട്ടി ! നിനക്ക് എഴുന്നേറ്റു നിൽക്കാവുന്ന അവസ്ഥയായപ്പോൾ പെട്ടെന്ന് നിന്നെ കാണാതായി .ദൈവം ഏതോ ഒരു മനുഷ്യന്റെ രൂപത്തിൽ വന്നു ഞങ്ങളെയെല്ലാം അനാഥാലയത്തിലേക്കാക്കി.അനാഥാലയത്തിന്റെ സ്ക്കൂളിലും കോളേജിലും പഠിപ്പിച്ചു കളക്ടറാക്കി . അവർ എനിക്ക് നൽകിയ പേര് രവി .
നിനക്ക് മേഘനാഥൻ എന്ന് പേര് കിട്ടിയെന്നു നിന്നെ അറസ്റ്റ് ചെയ്തതിന്റെ പിറ്റേ ദിവസത്തെ പത്രത്തിൽ നിന്നാണറിഞ്ഞത് !
ഞാനാണ് നിന്റെ കേസ് പുനരന്വേഷണത്തിനു അപേക്ഷ കൊടുത്തു നിന്നെ പുറംലോകം കാണിക്കാൻ ഇടയാക്കിയ ആൾ !"
"അന്ന് നിങ്ങൾ കുട്ടിക്കാലത്തു എന്നെ രക്ഷിച്ചു ! ഇപ്പോൾ വലുതായപ്പോഴും ! എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല ! തിരിച്ചറിയാത്തതിൽ മാപ്പു ചോദിക്കുന്നു !"- അവൻ അയാളെ ആലിംഗനം ചെയ്തു . പെട്ടെന്ന് മേഘനാഥൻ
തേങ്ങിക്കരഞ്ഞു കൊണ്ട് ആലിംഗനത്തിൽ നിന്ന് ഒഴിഞ്ഞുമാറി .
"എന്തിനാ കരയുന്നത് ?"
"ഈ വൃത്തികെട്ട വസ്ത്രവും രൂപവുമായി അങ്ങയെ കെട്ടിപ്പിടിച്ചു വസ്ത്രങ്ങളും ശരീരവും വൃത്തികേടാക്കിയല്ലോ ഞാൻ !"
"തെരുവിൽ വളർന്ന എനിക്ക് അത്തരം വിചാരങ്ങളൊന്നുമില്ല .നിന്റെ മനസ്സ് അന്നത്തെപ്പോലെ പരിശുദ്ധമാണെങ്കിൽ നീ എൻ്റെ കൂടെ വരണം . വീണ്ടും ആ തെരുവുതെണ്ടിയായി മാറാൻ ഞാൻ അനുവദിക്കില്ല !"
"ഇപ്പോൾ അതേ അവസ്ഥയിൽത്തന്നെയാണ് ഞാൻ ! വലിയ ഒരു വീടും കുറച്ചു പറമ്പുമുണ്ടെങ്കിലും നയാപൈസ കൈയ്യിലില്ലാത്തവൻ !"
"നീ എൻ്റെ കൂടെ വന്നു താമസിക്കണം ! നിന്റെ വീടും പറമ്പും വിൽക്കാനുള്ള ഏർപ്പാടാക്കി ത്തരാം . അത് വിറ്റുകഴിയുന്നതുവരെ എൻ്റെ വീട്ടിൽ കഴിയാം ! ഏകാന്തത മനുഷ്യനെ ചെകുത്താനാക്കി മാറ്റും !"
അയാൾ മേഘനാഥന്റെ കൈപിടിച്ചു തൻ്റെ കാറിൽ കയറ്റി . അവരുടെ സംഭാഷണം കേൾക്കാതെ ഈ രംഗം കണ്ടുനിന്ന ആൾക്കാർ ഇത് കണ്ടു അത്ഭുതപ്പെട്ടു നിന്നു.