ഒന്ന് - ഹാരിയുടെ ഡയറി ഡിസംബർ 1937.
ഞാൻ ഉണരുമ്പോൾ ഏകദേശം അഞ്ചു മണിയായി കാണും. എൻഡ്രി അടക്കം, ബാക്കിയുള്ളവരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. വണ്ടി അതിവേഗം പച്ചപ്പിനിടയിലൂടെ കുതിച്ചു. ഞാൻ വണ്ടി ഓടിച്ചു കൊണ്ടിരിക്കുന്ന അലക്സാണ്ടറിന്റെ മുഖത്തേക്ക് നോക്കി. എന്തോ പെട്ടെന്ന് ചെയ്തുതീർക്കണം എന്നൊരു ഭാവം ആയിരുന്നു അദ്ദേഹത്തിന്റെ മുഖത്ത് ഞാൻ കണ്ടത്. അദ്ദേഹത്തിന്റെ കട്ടിയാർന്ന മീശയും ക്ലീൻ ഷേവ് ചെയ്ത മുഖവും കണ്ടാൽ ഒരു പോലീസ് ഉദ്യോഗസ്ഥനാണെന്നെ പറയൂ. ഞാൻ അല്പനേരം പുറത്തേക്ക് നോക്കിയിരുന്നു. വന്യമായി കിടക്കുന്ന മരങ്ങൾക്കിടയിൽ ഒന്നോ രണ്ടോ വീടുകൾ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. തികച്ചും ഭീകരമായൊരു അന്തരീക്ഷം. പ്രകൃതിയുടെ മനോഹാരിത ഒപ്പിയെടുക്കാൻ എനിക്ക് സാധിച്ചില്ല. അതിരു വിട്ടുനിൽക്കുന്ന വൃക്ഷങ്ങളെല്ലാം എന്നെ ഉറ്റു നോക്കുന്നത് പോലെ. വീണ്ടും ഉറക്കത്തിലേക്ക് വീഴാൻ ഞാന്‍ ശ്രമിച്ചെങ്കിലും എനിക്ക് അതിന് സാധിച്ചില്ല.
ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും കാർ മന്ദിരത്തിന്റെ ഗേറ്റിന്റെ അരികിലെത്തി. ദൃഢകായമായ ശരീരമുള്ളൊരു സെക്യൂരിറ്റി ആയിരുന്നു മന്ദിരത്തിന്റെ ഗേറ്റ് തുറന്നു തന്നത്. ചുറ്റും ബുഷ് ചെടികൾ കൊണ്ട് അലങ്കരിച്ച വഴിത്താരയായിരുന്നു പിന്നീടങ്ങോട്ട്. ആ വഴി ചുറ്റികൊണ്ടുവേണം മന്ദിരത്തിലെത്താൻ. മന്ദിരത്തിൽ എത്താൻ ആയപ്പോഴേക്കും എല്ലാവരും എഴുന്നേറ്റിരുന്നു.
ഇരുളിന്റെ പുതപ്പ് ആകാശം അണിഞ്ഞു തുടങ്ങിയിരുന്നു. കാർ മന്ദിരത്തിന്റെ വിശാലമായ സ്ഥിതിയിലേക്കി പാർക്ക് ചെയ്തു കൊണ്ട്, ഞങ്ങൾ പുറത്തിറങ്ങി. ബ്രിട്ടീഷ് വാസ്തുശൈലിയിൽ നിർമ്മിക്കപ്പെട്ട ഒരു കൂറ്റൻ കൊട്ടാരമായിരുന്നു അത്. കാലപ്പഴക്കത്തിന്റെ ഇരുണ്ടനിഴൽ കൊട്ടാരത്തിന്റെ ബാഹ്യരൂപത്തിൽ തങ്ങി നിൽപ്പുണ്ടായിരുന്നു. ആരെയും ഭീതിയിലാഴ്ത്തുന്ന വിധത്തിലുള്ള ഒരു അന്തരീക്ഷമായിരുന്നു ചുറ്റുമുള്ളത്. ഇത്തരത്തിൽ ഉള്ള ഒരു അന്തരീക്ഷം എവിടെയോ കണ്ടു മറന്നത് പോലെ എനിക്ക് തോന്നി.
അലക്സാണ്ടർ മുൻകൈയെടുത്തു കൊണ്ട് ഞങ്ങളെ അകത്തേക്ക് ആനയിച്ചു. ഹാളിന്റെ ഒരു മൂലയിലായി റിസപ്ഷൻ ടേബിളുണ്ട്. അവിടെ സുന്ദരിയായ ഒരു യുവതി നിൽപ്പുണ്ടായിരുന്നു. ഏകദേശം ഒരു ഇരുപത്തിഏഴു വയസ്സു കാണും. അഴിച്ചിട്ട മുടിയിഴകൾ. തിളങ്ങുന്ന കണ്ണുകൾ. അവൾ വർണ്ണനിറത്തിലുള്ള ഒരു സാരിയാണ് അണിഞ്ഞത്. അവളുടെ സൗന്ദര്യം എന്നെ വല്ലാത്ത രീതിയിൽ ആകർഷിച്ചു. അലക്സാണ്ടറുമായുള്ള സംഭാഷണത്തിനിടയിൽ അവളെന്നെ ഇടം കണ്ണിട്ട് നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അവളുടെ കണ്ണുകൾക്ക് കാന്തികമായ ഒരു ശക്തിയുള്ളതുപോലെ എനിക്ക് തോന്നി. പേരുകളെല്ലാം എഴുതിയെടുത്ത ശേഷം അവൾ ഞങ്ങളെ മന്ദിരത്തിന്റെ വിശാലമായ ഹാളിലേക്ക് ആനയിച്ചു.
പഴക്കം ചെന്ന കൗതുക വസ്തുക്കളും ഭീമാംശമായ മൃഗതലകളും ഞങ്ങളെ ഉറ്റു നോക്കുന്നുണ്ടായിരുന്നു. തടിയിൽ തന്നെ നിർമ്മിച്ച ഗൃഹോപകരണങ്ങളും കസേരകളുമായിരുന്നു അവിടെയുള്ളത്. ഭിത്തിക്ക് സമീപമായി ഒരു കൂറ്റൻ നെരിപ്പോടുണ്ടായിരുന്നു. അതിന്റെ മുകളിലായി ഒരു ഇരട്ടക്കോയൽ തോക്കും. ഇണ തോക്കിന്റെ സ്ഥലം അവിടെ ഒഴിഞ്ഞു കിടക്കുകയാണ്. നെരിപ്പോടിനോട് ചേർന്നുള്ള ഭിത്തിയിൽ കുറേ സായിപ്പുകളുടെ ചിത്രങ്ങൾ തൂങ്ങി കിടപ്പുണ്ടായിരുന്നു. ഞങ്ങൾ ഇതെല്ലാം ഒന്ന് ചുറ്റി കാണിക്കുന്നതിനിടയിലാണ്, അവൾ മന്ദിരത്തിന്റെ ചരിത്രം പറയാൻ തുടങ്ങിയത്.
"ബ്രിട്ടൻ ഭരണം തുടങ്ങിയപ്പോൾ നിർമ്മിച്ച മന്ദിരമാണിത്. ഉന്നത ഉദ്യോഗസ്ഥർക്കും ബ്രിട്ടനിൽ നിന്നും വരുന്ന അതിഥികൾക്കും താമസിക്കാൻ വേണ്ടിയായിരുന്നു ഈ മന്ദിരം നിർമ്മിച്ചത്. ഈയടുത്ത കാലത്താണ് ഇതൊരു ഹോട്ടലാക്കി മാറ്റിയത്," "ഇവിടെ ഇപ്പോൾ ആരും താമസിക്കുന്നില്ലേ?" എൻഡ്രി അവളോട് ചോദിച്ചു. "ഇപ്പോൾ സീസൺ അല്ലല്ലോ. സീസൺ ആകുമ്പോൾ ചിലരെല്ലാം വരാറുണ്ട്." പരുങ്ങി കൊണ്ടായിരുന്നു അവൾ ഉത്തരം നൽകിയത്. തുടർന്ന് അവൾ ഞങ്ങൾക്കുള്ള മുറികൾ കാണിച്ചു തരാൻ തുടങ്ങി.മായക്കും, എൻഡ്രിക്കും ലാലുവിനും മുറി കാണിച്ചുകൊടുത്ത ശേഷമാണ് അവൾ എനിക്ക് മുറി കാണിച്ചു തന്നത്. മുറിയുടെ ആഡംബരവും വലുപ്പവും എന്നിൽ ഒരു കൗതുകം ഉണർത്തിയില്ല. സുപരിചിതമായ ഒരു മുറിയെ പോലെയാണ് എനിക്കത് തോന്നിയത്.
മുറി കാണിച്ചുതന്ന ശേഷവും അവൾ എന്നെ തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു. ഞാൻ അല്പം മടിച്ചാണെങ്കിലും അവളുടെ പേരും സ്ഥലവും ചോദിച്ചറിഞ്ഞു. അവളുടെ പേര് മീന എന്നാണ്. അവൾ ലണ്ടനിൽ നിന്നും ഇവിടെക്ക് ജോലിക്ക് വന്നതിന്റെ കാരണം എന്താണെന്ന് എനിക്ക് മനസ്സിലായില്ല. രാത്രിയിൽ ഞങ്ങളെല്ലാം ഭക്ഷണം കഴിക്കാൻ വീണ്ടും ഒത്തുകൂടി. ഞങ്ങൾക്ക് വേണ്ടി ഭക്ഷണം തയ്യാറാക്കിയത് റെയ്മണ്ടായിരുന്നു. അയാളെ സഹായിക്കാനായി കാതറീന എന്ന് പറഞ്ഞ ഒരു സ്ത്രീയുമുണ്ടായിരുന്നു. ഭക്ഷണം വിളമ്പുന്ന സമയത്ത് റെയ്മണ്ട് എന്നെ സൂക്ഷ്മമായി വീക്ഷിക്കുന്നതുപോലെ എനിക്ക് തോന്നിയിരുന്നു. വളരെ കൗതുകത്തോടെ തന്നെയായിരുന്നു അയാൾ ബാക്കിയുള്ളവരെയും നോക്കിയത്. മായയും ലാലുവും അവരുടെ ഭക്ഷണത്തെക്കുറിച്ച് പൊക്കി പറഞ്ഞു. എനിക്കെന്തോ ആ ഭക്ഷണത്തിന്റെ രുചിയിൽ ഒരു പുതുമ തോന്നിയില്ല.
ഭക്ഷണം കഴിച്ചു കഴിഞ്ഞശേഷം എല്ലാവരും തങ്ങളുടെ മുറികളിലേക്ക് തന്നെ പോയി. യാത്ര കാരണം എല്ലാവരും ക്ഷീണിച്ചിരുന്നു. ഞാൻ മുറിയിൽ എത്തിയ ഉടനെ ജനൽ വിരിപ്പുകൾ മാറ്റിക്കൊണ്ട് കുറച്ചുനേരം പുറത്തേക്ക് നോക്കി നിന്നു. പുറത്തേക്ക് നോക്കിയാൽ ആദ്യം കാണുന്നത് പൂന്തോട്ടമാണ്. പച്ചപ്പരവതാനി വിരിച്ചതുപോലെയായിരുന്നു അതിന്റെ കിടപ്പ്. തോട്ടത്തിന്റെ അപ്പുറം യൂക്കാലിപ്സ്മരങ്ങൾ തിങ്ങി നിറഞ്ഞ ഒരു കാടാണ്. അവിടം ശരിക്കും ഭയാനകമാണ്. ആ ഇരുൾ കട്ടപിടിച്ച വനത്തിലൂടെ എന്തോ ഒന്ന് ചലിക്കുന്നത് പോലെ എനിക്ക് തോന്നി. എനിക്കത് എന്താണെന്ന് മനസ്സിലായില്ല. ഞാൻ കുറച്ചു സമയം കൂടി അവിടേക്ക് നോക്കി നിന്നു. വ്യക്തമായി ഒന്നും കാണാൻ പറ്റാത്തതുകൊണ്ട് ഞാൻ ജനൽ മൂടിയ ശേഷം, നേരെ ഉറങ്ങാൻ കിടന്നു.
ഹാരിയുടെ ഡയറി ഡിസംബർ 1937
പ്രഭാതത്തിൽ ഞങ്ങളെല്ലാം ഈ വസതി മുഴുവൻ ചുറ്റിക്കാണാൻ തീരുമാനിച്ചു. കൂടുതൽ ദൂരം പോകരുതെന്ന, അലക്സാണ്ടറുടെ നിർദ്ദേശം ഉണ്ടായിരുന്നു. എല്ലാവരും പൂന്തോട്ടം ചുറ്റിപ്പറ്റിയാണ് നടന്നത്. എന്നാൽ ഞാനാ കാട്ടിന്റെ ഇടയിലൂടെ ഊളിയിട്ടിറങ്ങാൻ തീരുമാനിച്ചു. അന്തരീക്ഷത്തിൽ നേരിയ മഞ്ഞു പൊങ്ങി നിൽപ്പുണ്ടായിരുന്നു. യൂക്കാലിപ്സ് മരങ്ങൾക്കിടയിലൂടെ ഉള്ള ഒരു നടവയിലൂടെ ആയിരുന്നു എന്റെ നടത്തം. ചില യൂക്കാലിപ്സ് മരങ്ങളുടെ തൊലി ഉരിഞ്ഞു വെച്ചിട്ടുണ്ട്. അവയെല്ലാം മാർബിൾ കഷണങ്ങൾ പോലെ വെട്ടി തിളങ്ങുന്നുണ്ടായിരുന്നു. ഞാനാ ഇടവഴി പിന്തുടർന്നുകൊണ്ട് ഒരു ശ്മശാനത്തിന്റെ അരികിലെത്തി. അവിടമെല്ലാം മൂടൽമഞ്ഞ് താണിറങ്ങിയത് മൂലം വ്യക്തമായി ഒന്നും കാണാൻ സാധിച്ചില്ല. അതൊരു പൊതു ശ്മശാനം ആണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവും. കഥാകൃത്തുക്കൾ പറയുന്നതുപോലെയുള്ള ഒരു ശ്മശാന മൂകത അവിടമെങ്ങും തളം കെട്ടി നിൽപ്പുണ്ടായിരുന്നു. ഞാൻ ആ ശ്മശാനവും നോക്കിക്കൊണ്ട് കുറച്ചുനേരം അവിടെത്തന്നെ നിന്നു.
പെട്ടെന്നൊരു കൈ വന്ന് എന്റെ തോളിൽ പതിഞ്ഞു. ഞാൻ ഞെട്ടലോടെ തിരിഞ്ഞു നോക്കി. അത് മായയായിരുന്നു. ഞാൻ ഞെട്ടിയത് കണ്ട്, അവൾ ചിരിക്കുകയായിരുന്നു. അവളെ പിന്തുടർന്നുകൊണ്ട് എൻഡ്രിയും അവിടെ എത്തിയിരുന്നു. "നിങ്ങൾ എന്താണ് ഇവിടെ ചെയ്യുന്നത്," അവൻ വന്നപാടെ ചോദിച്ചു. "ഞങ്ങൾ ഇവിടെ ഒന്ന് ചുറ്റി കാണാൻ വന്നതാ." അത് പറഞ്ഞുകൊണ്ട് മായ കൊച്ചുകുട്ടിയെ പോലെ ആ മൂകമായ ശ്മശാനത്തിലേക്ക് നടന്നു. അവളെ തിരിച്ചു വിളിക്കാൻ വേണ്ടി ഞങ്ങൾക്കും ശ്മശാനത്തിലേക്ക് കടക്കേണ്ടി വന്നു. ശ്മശാനത്തിന്റെ ഒരു ഭാഗത്ത് മുഴുവനും കാടുകയറി വരുന്നുണ്ടായിരുന്നു. കാടില്ലാത്ത ഭാഗത്താണ് പുതിയതായി സംസ്കരിച്ചിട്ടുള്ളവരുടെ കല്ലറയുള്ളത്. അവിടെ പ്രൗഢി നിറഞ്ഞ ചില കല്ലറകളും ഉണ്ടായിരുന്നു. അവയെല്ലാം ബ്രിട്ടീഷ് ഉന്നതന്മാരുടെതാവാനാണ് സാധ്യത.
"വാൾട്ടർ റോറി.എവിടെയോ കേട്ട് പരിചയമുള്ള പേര്," ഒരു കല്ലറ നോക്കിക്കൊണ്ട് എൻഡ്രി പറഞ്ഞു. അപ്പോഴാണ് ഞാനും ആ പേര് ശ്രദ്ധിക്കുന്നത്. എനിക്കും ആ പേര് പരിചിതമാണ്. പക്ഷേ എത്ര ആലോചിച്ചിട്ടും എനിക്കാ വ്യക്തിയെ ഓർമ്മ വന്നില്ല. എൻഡ്രിയും എന്തൊക്കെയോ ഓർത്തെടുക്കാൻ ശ്രമിക്കുന്നതുപോലെ എനിക്ക് തോന്നി. "കാൾട്ടർ റോറി," മറ്റൊരു കല്ലറ നോക്കിക്കൊണ്ട് അവൻ തുടർന്നു. "ഇത് അദ്ദേഹത്തിന്റെ സഹോദരനായിരിക്കാം."
"നമ്മൾ എന്തിനാണ് ഇതൊക്കെ നോക്കുന്നത്. നമുക്ക് തിരിച്ചുപോകാം." ഞാൻ അഭിപ്രായപ്പെട്ടു. അവൻ, താല്പര്യമില്ലാത്ത മട്ടിൽ തിരിച്ചു പോകാൻ സമ്മതിച്ചു.
തിരികെ വന്നശേഷം ഞാനൊരു ബുക്ക് എടുത്തു വായിക്കാൻ തുടങ്ങി. മായ തന്റെ ഊർജ്ജം തീരുന്നതുവരെ ആ ഉദ്യാനത്തിലൂടെ തുള്ളി ചാടി നടന്നു. എൻഡ്രി ആവട്ടെ ആ പേരിനെക്കുറിച്ച് ആലോചിച്ചു തല പുണ്ണാക്കുകയായിരുന്നു. ലാലു ഏകാന്തതയിലേക്ക് നോക്കിക്കൊണ്ട് എന്തൊക്കെയോ ചിന്തിച്ചു കൂട്ടുന്നുണ്ടായിരുന്നു. അലക്സാണ്ടർ ഒരു സെക്യൂരിറ്റിയെ പോലെ ഇടയ്ക്കിടെ വന്ന് ഞങ്ങളെയെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. രാത്രിയിലെ അത്താഴത്തിനു ശേഷം, ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുന്ന ബ്രിട്ടീഷ് ഗവർമെന്റിനെ കുറിച്ചുള്ള ഒരു ചർച്ച നടന്നു. അതിൽ അവിടെ ജോലി ചെയ്യുന്ന മിത്രയും ആൽബെട്ടും മീനയും പങ്കു ചേർന്നിരുന്നു. മീനയുടെ വാദമെല്ലാം യുക്തി നിറഞ്ഞതായിട്ടാണ് എനിക്ക് തോന്നിയത്. ഏത് ഗവൺമെൻറ് ഭരിച്ചാലും ജനങ്ങൾക്ക് ഉപകരിക്കുന്ന കാര്യങ്ങളാണ് അവർ ചെയ്യേണ്ടതെന്ന ആശയമായിരുന്നു അവളേത്. എൻഡ്രി ആ ചർച്ചയിൽ പങ്കുചേർന്നില്ലായിരുന്നു. അവൻ എവിടെനിന്നോ തിരിച്ചു വരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അവന്റെ മുഖത്ത് നീഗൂഢമായ ഒരു മാറ്റം ഉണ്ടായിരുന്നു.
എൻഡ്രിയുടെ ഡയറി ഡിസംബർ 1937
ഇന്ന് വളരെ വിചിത്രമായ ഒരു സംഭവം നടന്നു. സ്പാശാനത്തിൽ വെച്ച് വാൾട്ടർ എന്ന സുപരിചിതമായ പേര് ഞാൻ കണ്ടു. എത്ര ആലോചിച്ചിട്ടും അതാരാണെന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ ഒട്ടുമിക്ക സമയവും ആ പേരിനെക്കുറിച്ച് തന്നെയായിരുന്നു ഓർത്തിരുന്നത്. രാത്രി അത്താഴം കഴിച്ച ശേഷം ഞാൻ നേരെ ലൈബ്രറിയിലേക്ക് പോയി. ആ പേരിനെ കുറിച്ചുള്ള എന്തെങ്കിലും സൂചന അവിടുന്ന് ലഭിക്കുമെന്നായിരുന്നു എന്റെ പ്രതീക്ഷ. വലുതല്ലെങ്കിലും അത്യാവശ്യം സൗകര്യങ്ങൾ നിറഞ്ഞ ഒരു ലൈബ്രറി ആയിരുന്നു അത്. ഒരു നീണ്ട തിരച്ചിലിനൊടുവിൽ എനിക്ക് ബ്രിട്ടൻ അധികാരികളെ കുറിച്ച് രേഖപ്പെടുത്തിയ ഒരു പുസ്തകം ലഭിച്ചു. അതിൽ വാൾട്ടർ എന്ന പേരുണ്ടായിരുന്നു. അയാൾ പോലീസ് ഉദ്യോഗസ്ഥനായ വർഷവും, ഇന്ത്യയിൽ എവിടെയെല്ലാം ജോലി ചെയ്തു എന്ന് മാത്രമായിരുന്നു അതിൽ ഉള്ളത്. കൂടുതലായുള്ള വിവരങ്ങൾ ഒന്നും ഇല്ലായിരുന്നു. ഞാൻ വീണ്ടും തിരച്ചിൽ നടത്താൻ ഒരുങ്ങിയതായിരുന്നു. അതിനിടയിലാണ് ഒരു കുട്ടിയുടെ കാൽ പെരുമാറ്റം ഞാൻ കേട്ടത്. ഇവിടെ ഒരു കുട്ടിയുള്ള കാര്യം ആരും ഇതുവരെ പറഞ്ഞതായി ഞാൻ ഓർക്കുന്നില്ല. ഞാനാ കുട്ടിയെ അന്വേഷിച്ചുകൊണ്ട് ലൈബ്രറിയുടെ അരികിലുള്ള ഇടനാഴിയിലൂടെ മുന്നോട്ട് നടക്കാൻ തുടങ്ങി. കുറച്ചു ദൂരം നടന്നു പോയപ്പോഴാണ് ഞാനൊരു പൂട്ടിയിട്ട മുറി കണ്ടത്. ആ മുറി എനിക്ക് സുപരിചിതമായി തോന്നിയിരുന്നു. പെട്ടെന്നാ മുറിയുടെ വാതിൽ തുറന്നു കൊണ്ട് ഒരു യുവതി എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. അവൾ യഥാർത്ഥത്തിൽ എന്റെ മുന്നിൽ നിൽക്കുന്നതു പോലെയുള്ള ഒരു അനുഭൂതിയാണ് എനിക്കപ്പോൾ ഉണ്ടായത്.
"ഇവിടുന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെട്ടോ." അവൾ എന്നെ നോക്കിക്കൊണ്ടു പറഞ്ഞു. അല്പം ഭയന്നിട്ടാണെങ്കിലും ഞാൻ കാരണമെന്താണെന്ന് തിരക്കി.
"മരിച്ചു മണ്ണടിഞ്ഞ വാൾട്ടറിന്റെ ശരീരം ഇപ്പോഴും ഇവിടെ കൂടെ ചുറ്റി നടക്കുന്നുണ്ട്," അവൾ അത് പറഞ്ഞു തീരുമ്പോഴേക്കും ഒരു ശവശരീരം വന്നു അവളെ പുറകോട്ട് വലിച്ചു. ശരിക്കും ഞെട്ടിക്കുന്ന ഒരു കാഴ്ചയായിരുന്നു അത്. ആ സത്വം ഒരു ചെന്നായയെ പോലെ അവളെ കടിച്ചു വലിച്ചു ഇരുട്ടിലേക്ക് മാഞ്ഞു. സ്വബോധം വീണ്ടെടുക്കാൻ എനിക്ക് കുറച്ച് സമയം എടുക്കേണ്ടി വന്നു. ഞാൻ കണ്ണു തിരിമ്പി നോക്കിയപ്പോൾ അവിടെയെങ്ങും ആരെയും കാണാനില്ലായിരുന്നു. പൂട്ടിയിട്ട മുറി മാത്രം. ഞാൻ കണ്ടത് മിഥ്യയാണോ യാഥാർത്ഥ്യമാണോ എന്ന് എനിക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. എന്തായാലും ഈ മന്ദിരത്തിന് ചുറ്റും എന്തൊക്കെയോ നിഗൂഢതകൾ ഒളിച്ചിരിക്കുന്നുണ്ട്.
(തുടരും)