ഭാഗം 9
പിന്നീട് അങ്ങോട്ട് പ്ലാനിംഗോടെ ആയിരുന്നു, ചെറിയമ്മയും, വേണുവും ജീവിച്ചത്. നന്ദനയുടെ വീടിന്റെ എതിർ വശത്ത്, ചെറിയമ്മയുടെ വീട് ഉണ്ട്. എപ്പോഴെങ്കിലും പോയി അടിച്ചു വാരി, തുടച്ചിടും, എന്നാൽ ദേവദാസ് പോയതിൽ പിന്നെ അവിടെ ആരും താമസിച്ചിട്ടില്ല. ഒരു ദിവസത്തെ അടുപ്പമാണെങ്കിലും,ഒരുപാട് നല്ല ഓർമകൾ ഉറങ്ങികിടക്കുന്ന വീട്ടിലേക്ക് കയറാൻ തന്നെ ദേവയാനിക്ക് ഇഷ്‌ടമില്ല.
ദാസ് വരും, വരാതിരിക്കില്ല, അപ്പോൾ താമസിക്കാമല്ലോ, എന്നാണ് പുറത്ത് നിന്ന് ആരെങ്കിലും ചോദിച്ചാൽ പറയുക. എന്നാൽ നളിനിക്കും, മുരളിക്കും, ദേവ അപ്പുറം പോയി താമസിക്കുന്നത് ഒട്ടും ഇഷ്‌ടവും ഇല്ല, അവളെന്റെ മൂത്ത കുട്ടിയാണ്, എന്നാണ് മുരളി പറയുക. ഈ വീട്ടിലേക്ക് വേണു താമസം മാറ്റി. കൂടുതൽ ടൈം നന്ദനയോട് അടുത്തു അവളുടെ പഴയ ഓർമകൾ വീണ്ടെടുക്കുക എന്നതായിരുന്നു ഉദ്ദേശം. അതിന്റെയിടയിൽ വേണു തന്നെ, യോഗയും, മെഡിറ്റേഷനും, ചെയ്യിക്കുന്നുണ്ട്.
ഏതായാലും വേണുവിനെ നന്ദന മാഷ് എന്നുതന്നെയാണ് വിളിക്കുക. അത് എങ്ങിനെ സംഭവിച്ചു എന്ന് ദൈവത്തിനു മാത്രമേ അറിയൂ. മാഷ്, മാഷ്, എന്ന് വിളിച്ചു അടുപ്പമുള്ള ആളെ പോലെ കലപില കൂട്ടി നടക്കും, ഇത്തിരി നേരം മാഷിനെ കണ്ടില്ലെങ്കിൽ സങ്കടമാവും.
ചെറിയമ്മേ... മാഷ് എന്താ വരാത്തെ എന്ന് ചോദിച്ചു സ്വൈര്യം കൊടുക്കൂല... കാലമങ്ങിനെ പോയി പത്തു വർഷം കടന്നു പോയിരിക്കുന്നു.
ഒരു ദിവസം ചെറിയമ്മ വേണുവിനോട് ചോദിച്ചു.
,"വേണൂ... നിന്റെ,'യാത്രാമൊഴി'യെന്ന നോവലിൽ അവസാനം പാട്ടുപാടികൊണ്ടിരിക്കെ, തന്റെ പ്രാണസഖിയെ കാണുമ്പോൾ, കുഴഞ്ഞു വീഴുന്നതാണ് ഇതിവൃത്തം, ഇനിയിപ്പോ ഞങ്ങളുടെ ജീവിതത്തിൽ അത് മാത്രമേ സംഭവിക്കാനുള്ളൂ, ബാക്കി ഒക്കെ വേണുവിന്റെ നോവലും, ഞങ്ങളുടെ ജീവിതവും അച്ഛട്ടാ, ദേവയാനി എന്ന എന്റെ പേരുപോലും, നോവലിന് എങ്ങിനെ വേണു സെലക്ട് ചെയ്തു. ഇത് ചോദിക്കണമെന്ന് ഞാൻ കുറെ കാലമായി വിചാരിക്കുന്നു."
"എനിക്കറിയില്ല ചെറിയമ്മേ... പ്രപഞ്ചത്തിന്റെ നിഗൂഢശക്തികൾ എന്നെ കൊണ്ട് എഴുതിച്ചതാവാം ഇതൊക്കെ. എല്ലാം ദൈവനിയോഗം."
"അതെ വേണൂ... ഇനി എന്ത് വന്നാലും സങ്കടമില്ല, എന്തും നേരിടാനുള്ള കരുത്ത് ആർജിച്ചിരിക്കുന്നു ഇപ്പോൾ. എല്ലാം ദൈവ നിശ്ചയം പോലെ നടക്കട്ടെ."
"എനിക്കറിയാം എന്റെയും, ദാസിന്റെയും പ്രണയം, ഈ പ്രപഞ്ചത്തിന്റെ ഓരോ മണ്തരികൾക്ക് പോലും അറിയാം, ഞാനൊന്ന് ശക്തമായി ആഗ്രഹിച്ചാൽ ദാസ് ഇവിടെ പറന്നെത്തും, എന്നാൽ ഞാൻ ആഗ്രഹിക്കില്ല. ഈ കാത്തിരിപ്പിനു വല്ലാത്തൊരു സുഖമാണ്. ദാസിന്റെ ധൗത്യമെല്ലാം നിറവേറ്റി കഴിയുമ്പോൾ എന്റെ അടുത്തെത്തും. അപ്പോൾ എനിക്കായ് പാടാൻ അദ്ദേഹത്തിന്റെ കയ്യിൽ പുതിയൊരു ഗസൽ ഉണ്ടായിരിക്കും."
മ്മ്.. വേണു വെറുതെ മൂളുകമാത്രം ചെയ്തു. അയാളുടെ മനസ്സ് നിറയെ നന്ദനയോടുള്ള പ്രണയമായിരുന്നു, ഇനി അവൾക്ക് തന്നെ ഓർക്കാൻ കഴിഞ്ഞില്ലെങ്കിലും, അവളുടെ സാമീപ്യം മാത്രം മതി അയാളുടെ ജീവിതം ധന്യമാകാൻ...
"സ്നേഹപൂർവ്വം എന്റെ നന്ദനക്ക് എന്ന നോവൽ അയാളുടെ മനസ്സിനെ അസ്വസ്ഥമാക്കാൻ തുടങ്ങിയിട്ട് നാളേറെയായി. അപ്പോൾ ആയിരുന്നു നന്ദനയുടെ അപ്രതീക്ഷിതമായ ചോദ്യം.
മാഷേ... ദേവയാനിയെന്ന നോവൽ മാഷ് എഴുതിയില്ലേ, അത് പോലെ നന്ദന എന്ന് പേരിൽ മാഷ് ഒരു നോവൽ എഴുതുമോ, കൊച്ചു കുട്ടികളുടെ നിഷ്കളങ്കഭാവത്തിലുള്ള ചോദ്യം കേട്ടപ്പോൾ മാഷ് ഞെട്ടിപ്പോയി. കാരണം അയാളുടെ മനസ്സിലും അത് തന്നെയായിരുന്നു.
ഇതിനകം നന്ദന ഒരു വായന പ്രിയ ആയിരിക്കുന്നു.
വേണു വിന്റെ നോവൽ വായിച്ചു തുടങ്ങിയപ്പോ വായനയോടുള്ള ഇഷ്‌ട ത്തിൽ കവിഞ്ഞു, പ്രത്യേകിച്ച് അവൾക്കൊന്നും തോ ന്നിയിട്ടില്ലായിരുന്നു. എന്നാൽ പുസ്തകത്തിലേക്ക് കുറെ നൂഴ്ന്ന് ഇറങ്ങിയപ്പോൾ നന്ദനക്ക് കാര്യങ്ങൾക്ക് ഒരു വ്യക്തത വന്നു. ആകാംഷ നിറഞ്ഞ ഉൾക്കിടിലത്തോടെ നന്ദന ആ പുസ്തകം മുഴുവൻ ഒറ്റയിരുപ്പിന് വായിച്ചു തീർത്തു. വിഴുങ്ങി എന്ന് പറയുന്നതായിരിക്കും ശരി. തനിക്ക് വേണ്ടി മാഷും, ചെറിയമ്മയും, സഹിച്ച ത്യാഗത്തെ കുറിച്ചോർത്തപ്പോൾ, അവളുടെ കണ്ണുകൾ നിറഞ്ഞു. പുസ്തകം വായിച്ചു തീർത്തു എന്ന് പറഞ്ഞു ചെറിയമ്മക്ക് കൈ മാറുമ്പോൾ അവളുടെ കൈ വിറക്കുന്നുണ്ടായിരുന്നു.
നന്ദനയുടെയും, വേണുവിന്റെയും, വിവാഹം ആർഭാടം ഒന്നും കൂടാതെ ലളിതമായി നടത്താം എന്നായിരുന്നു എല്ലാവരുടെയും തീരുമാനം. എന്നാൽ നന്ദൻ തലേന്ന് രാത്രിക്ക് വേണ്ടി ചില പ്രത്യേക ഫുഡ് ഒക്കെ അറേഞ്ച്ചെയ്തിട്ടുണ്ടായിരുന്നു. വേണുവിന്റെ ഫ്രെണ്ട്സ്ന്റെ വക ചെറിയൊരു ഗാനമേള ഉണ്ട്, അതായിരുന്നു എല്ലാവരോടും പറഞ്ഞത്. എന്നാൽ അകത്ത് അതിഥി ക്കളെ സ്വീകരിക്കുന്ന ദേവയാനി, എവിടെനിന്നാണ് ഈ മധുരിക്കുന്ന ഗാനം ഒഴുകി വരുന്നത് എന്നറിയാൻ സ്റ്റേജിലേക്ക് ഓടിയടുത്തപ്പോൾ അവിടെ കണ്ട ആളെ കണ്ട് ഞെട്ടലോടെ നിന്നു.
'ദേവദാസ്, ദേവദാസ് ആയിരുന്നു അത് '
അപ്പോഴും അവൾക്കേറ്റവും, പ്രിയമുള്ള ഗസൽ ദേവദാസ് പാടുകയായിരുന്നു.
ഒരു പുഷ്പം മാത്രാമെൻ പൂങ്കുലയിൽ നിർത്താൻ ഞാൻ
ഒടുവിൽ നീയെത്തുമ്പോൾ ചൂടിക്കുവാൻ
ഒരു ഗാനമാത്രമെൻ.... ഒരു ഗാനമാത്രമെൻ ഹൃദയത്തിൽ സൂക്ഷിക്കാൻ
ഒടുവിൽ നീ എത്തുമ്പോൾ ചെവിയിൽ മൂളാൻ.
ഒരു മുറി മാത്രം തുറക്കാതെ വെക്കാം ഞാൻ
അതി ഗൂഢമെന്നുടെ ആരാമത്തിൽ
സ്വപ്നങ്ങൾ കണ്ടു... സ്വപ്നങ്ങൾ കണ്ടു നിനക്കുറങ്ങീടുവാൻ....
പുഷ്പത്തിൻതൽപ്പമങ്ങ് ഞാൻ വിരിക്കാം... (ഒരു പുഷ്പം ).
ദേവദാസ്, ദേവയാനിയെ സ്റ്റേജിലേക്ക് കൈ കാണിച്ചു കൊണ്ട് വിളിച്ചു, അപ്പോഴേക്കും, പാട്ടിന്റെ ബഹളമൊക്കെ കേട്ട് നന്ദനയും അവിടെ എത്തിയിരുന്നു.
"നിന്റെ ചെറിയച്ചനാണ് മോളേ..."ചെറിയമ്മ, നന്ദനയോട് പറയുമ്പോൾ അവരുടെ കണ്ണുകൾ സന്തോഷാശ്രുക്കൾ പൊഴിക്കുന്നുണ്ടായിരുന്നു. നന്ദന ചെറിയച്ഛന്റെ കാൽക്കൽ വീണു. അവൾ കരയുകയായിരുന്നു. വേണു അവളെ പിടിച്ചെണീപ്പിച്ചപ്പോൾ ഒരു കുറുകലോടെ അവൾ അയാളെ നെഞ്ചിലേക്ക് ചാഞ്ഞു.
(അവസാനിച്ചു.)