ഭാഗം 8
വിവാഹം പ്രമാണിച്ചു വേണുവിന് ഒരുപാട് ഒരുക്കം ഉണ്ടായിരുന്നു. പ്രിയയും, ഇളയമ്മയും, ബന്ധുക്കളുമൊക്കെ, രണ്ടോ, മൂന്നോ ദിവസം മുമ്പേ വരുള്ളൂ എന്ന് അറിയിച്ചിരുന്നു.കുറച്ചു പണിക്കാരെ ഒക്കെ വിളിച്ചു വീട് വൃത്തിയാക്കാനും, പെയിന്റ് അടിക്കാനും ഏർപ്പാടാക്കിയിരുന്നു. വേണുവിന്റെ കോളേജിലുള്ള സഹപ്രവർത്തകരൊക്കെ എല്ലാവരും കട്ടക്ക് കൂടെ നിന്നു വന്നും പോയിയുമൊക്കെ ഇരുന്നു.
അന്നൊരു ബുധനാഴ്ച ആയിരുന്നു. വിവാഹത്തിന് നാലുനാൾ ബാക്കി നിൽക്കെ, അന്ന് വേണുവിന് പതിവിലധികം സന്തോഷം തോന്നി. സ്നേഹിച്ച കുട്ടിയെ തന്നെ വിവാഹം കഴിക്കാൻ പറ്റുക എന്ന ഭാഗ്യം ചില്ലറയല്ല.അയാൾ ദൈവത്തോട് ആദ്യമായി സോറി പറഞ്ഞു. എന്നും പരാതിയും, പരിഭവവും മാത്രം പറഞ്ഞ് ദൈവത്തിന്റെ സ്വസ്ഥത കെ ടുത്തിയതിൽ!നല്ലൊരു നാളെ തനിക്ക് താരനായി ദൈവം ഒരുക്കിയ മഹാഭാഗ്യം ഓർത്തു അയാൾ ദൈവത്തോട് നന്ദിയും പറഞ്ഞു.
പതിവിന് വിപരീതമായി മാനമൊക്കെ പ്രകാശിച്ചു നിന്നു.
'എന്റെ മഴദേവതെ... കുറച്ചു ദിവസം ഒന്ന് കണ്ണടക്കണേ... നാളെ പന്തൽ പണി തുടങ്ങുവാൻ പോവുകയാണ്.' അയാൾ മാനത്ത് നോക്കി കൊണ്ട് പറഞ്ഞു.
മുറ്റത്തെ വിരിഞ്ഞു നിൽക്കുന്ന പൂവുകളെ നോക്കി അയാൾ സങ്കടപ്പെട്ടു.
'എന്റെ വിവാഹം കഴിയുന്നത് വരെ പൊഴിഞ്ഞു പോകരുത്. നിങ്ങൾക്ക് പുതിയ യജമാനത്തി വരുകയാണ്. ആരും പരിഭവമില്ലാതെ എനിക്കായ് അനുഗ്രഹം തരണം.' അതും പറഞ്ഞു വേണു, ഓരോ ചെടികളോടും, പൂക്കളോടും, കിന്നാരം പറയുകയും,അവരെ തലോടുകയും ചെയ്തു. പെട്ടെന്നാണ് വേണുവിന്റെ പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ ശബ്ദിച്ചത്. നന്ദന യാണെന്നാണ് വിചാരിച്ചത്. എന്നാൽ പിന്നെ ഇന്ന് ഒരു ജോലിയും നോക്കണ്ട... സംസാരിച്ചു മണിക്കൂറോളം നീളും. ഒന്ന് ഫ്രീയാകുമ്പോൾ വിളിക്കാമെന്ന് കരുതിയതാണ്, അയാൾ അതും വിചാരിച്ചു മൊബൈൽ എടുത്തപ്പോൾ, നന്ദനയുടെ അച്ഛൻ.
"അച്ഛാ..." അയാൾ സ്നേഹത്തോടെ വിളിച്ചു.
"മോനെ... നീ ഫ്രീ യാണോ...?"
"എന്താ അച്ഛാ.... ഫ്രീയാണ്!"
"നന്ദുവിനും, ചെറിയമ്മക്കും ഒരേ നിർബന്ധം, ഡ്രസ്സ് എടുക്കുമ്പോൾ നീയും കൂടെ വരണമെന്ന്. മോന്ക്കും എടുക്കാമല്ലോ."
"വരാം.. അച്ഛാ... ഞാൻ പ്രിയ വരാൻ കാത്തിരിക്കുകയായിരുന്നു. പിന്നെ താലി മാലയും വാങ്ങണം, എന്നാൽ പിന്നെ നന്ദുവിന്റെ ഇഷ്‌ടത്തിന് വാങ്ങാം അല്ലെ."
"എന്നാൽ നീ പെട്ടെന്ന് വരൂ..." അതും പറഞ്ഞു മുരളി ഫോൺ വെച്ചു.
വേണുവിന് വളരെ ഉത്സാഹം തോന്നി. തന്റെ സ്വന്തം അച്ഛനെയും, അമ്മയെയും, പോലെ വേണു അവരെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. ചെറിയമ്മക്കാവട്ടെ, വേണുവിനെ കാണുമ്പോൾ ഒരു കുഞ്ഞനിയനിയനോടുള്ള വാത്സല്യമാണ്.
വേണുവിന്റെ കാർ നന്ദനയുടെ വീട്ടിൽ പാർക്ക് ചെയ്ത്, അച്ഛന്റെ ഇന്നോവയിൽ ആണ് എല്ലാവരും ടൗണിലേക്ക് പോയത്.വീട്ടിൽ നിന്ന് ഏകദേശം പത്തു കിലോമീറ്ററുള്ള യാത്രയിൽ വണ്ടി ഓടിച്ചിരുന്നത് വേണുവായിരുന്നു . എല്ലാവരും ഏറെ ഹാപ്പിയിൽ ആയിരുന്നു. കളിയും, ചിരിയുമൊക്കെ ഉള്ള ഒരു കൊച്ചു ഉല്ലാസയാത്രയെപോലെ തോന്നിക്കുകയും ചെയ്തു.
ഒരു പോലെയുള്ള മെറൂൺ കളർ ഡ്രസ്സ് ആയിരുന്നു മുരളി രണ്ട് പേർക്കും സെലക്ട് ചെയ്തത്. തലേന്ന് അണിയാനുള്ളതും പിന്നീട് അണിയാനുള്ളതുമൊക്കെയായി ധാരാളം ഡ്രസ്സ് മുരളി വാങ്ങി കൂട്ടി. ആഭരണങ്ങൾ വാങ്ങി ജ്വല്ലറിയിൽ വെച്ചു തന്നെ അണിഞ്ഞപ്പോൾ, തന്റെ നന്ദൂട്ടിയെ കോരിഎടുത്തു വട്ടം കറക്കാൻ നോക്കി വേണുവിന്, താലി മാല, നന്ദനയുടെ ഇഷ്‌ടപ്രകാരം തന്നെ എടുത്തു. എല്ലാം കഴിഞ്ഞപ്പോൾ രാത്രി പത്തുമണി കഴിഞ്ഞു. വേണു വണ്ടി ഓടിക്കുന്നത് കണ്ടപ്പോൾ മുരളിക്കും വണ്ടി ഓടിക്കുവാൻ ഒരു ആഗ്രഹം.
നാട്ടിൽ നിന്ന് വണ്ടി ഓടിക്കുമ്പോൾ ഒരു കൺഫ്യൂഷൻ ആണ്, അതും പറഞ്ഞു മുരളി വണ്ടി എടുത്തു. വഴിക്ക് വെച്ചു വണ്ടി നിർത്തി നല്ലൊരു റെസ്റ്റോറന്റ്ൽ കയറി ഭക്ഷണം കഴിച്ചു. അതിനു ശേഷം എന്താന്ന് അറിയാത്ത ഒരു നിശബ്‌ദത തളം കെട്ടി നിന്നു. നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് മുരളി പറഞ്ഞു.
"ദേവ നന്നായി പാടുന്ന ആളല്ലേ, ഒന്നു പാടൂ... നിന്റെ പാട്ട് കേട്ടിട്ട് കുറെയായി."അതും പറഞ്ഞു മുരളി തിരിഞ്ഞു ബാക്കിൽ ഇരുന്നിരുന്ന ദേവയെ നോക്കിയതായിരുന്നു. എതിർ വശത്തു നിന്ന് വരുന്ന ലോറി നേരെ വരുന്നതും, എല്ലാവരും നിലവിളിച്ചതും മാത്രം ഓർമയുണ്ട്, പിന്നെ ബോധം വന്നപ്പോൾ ആശുപത്രി കിടക്കയിൽ ആയിരുന്നു.
നന്ദൂ... നന്ദൂ... അതായിരുന്നു ഉള്ളം നിറയെ. എണീക്കാൻ നോക്കിയപ്പോ കഴിഞ്ഞില്ല. വേണു ഉണർന്നത് കണ്ട് ആപ്പോൾ അവിടെയുണ്ടായിരുന്ന സിസ്റ്ററ്റരുടെ കണ്ണുകൾ വിടർന്നു.
എണീക്കണ്ടാ, കാലുകൾക്ക് പൊട്ടലുണ്ട്, പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്.
മറ്റുള്ളവരൊക്കെ എവിടെ?. നന്ദന!
അപ്പുറത്തുണ്ട്. കൂടെ ദേവയാനി യെന്ന അവരുടെ ചെറിയമ്മയുണ്ട്.
അച്ഛനും, അമ്മയും?മുന്നിൽ അവരായിരുന്നുവല്ലോ ഇരുന്നത്.
സിസ്റ്റരുടെ കണ്ണുകൾ താഴ്ന്നു.
എന്തു പറ്റി? വേണു അന്തലാപ്പോടെ ചോദിച്ചു.
"ഒന്നുമില്ല," അവർ ഒന്നും പറയാതെ കടന്നു കളഞ്ഞു.
പിന്നെയാണ് അറിഞ്ഞത്, അമ്മയും, അച്ഛനും, ഈ ഭൂമിവിട്ട് തന്നെ പോയി, നന്ദന ഐ സി യു വിന്റെ തണുപ്പിൽ ജീവൻമരണ പോരാട്ടം നടത്തുന്നു.
പിന്നെ വേണുവിന് ഒന്നും ഓർമയില്ലായിരുന്നു. ഓർമ വന്നപ്പോൾ ആകെ ബഹളം വെച്ചു. പ്രിയയുടെയും, ഭർത്താവിന്റെയും കരങ്ങൾ തട്ടി മാറ്റി, അലറി കരഞ്ഞു.
"എനിക്കവളെ കാണണം, ഒരു നോക്ക് പ്ലീസ്, എന്നെ ഒന്ന് കൊണ്ട് പോകൂ..." അയാൾ അവരോട് യാചിച്ചു. കട്ടിലിന്റെ അടുത്തു ഒരു കസേര ഇട്ടുകൊണ്ട് ഇളയമ്മ ഇരുന്നു കര യുന്നുണ്ടായിരുന്നു.
"മോനെ, നീ ഒന്ന് അടങ്ങ്, നന്ദനക്ക് ഒന്നും സംഭവിച്ചിട്ടില്ല. നീ ഒന്ന് എണീക്കാൻ ആവട്ടെ, ഞാൻ കൊണ്ട് പോകാൻ നിന്നെ. "അവരുടെ സ്നേഹം തുളുമ്പുന്ന മുഖത്തേക്ക് വേണു, ആദ്യമായി കാണുന്നത് പോലെ നോക്കി വിതുമ്പി കിടന്നു.
'ദൈവമേ... എന്തിനീ പരീക്ഷണം,' അയാൾ പറയുന്നുണ്ടായിരുന്നു.
മൂന്ന് മാസത്തെ ആശുപത്രി വാസം, അതിന്റെയിടയിൽ, നന്ദനക്ക് ഹെഡ് ഇൻജ്വറിയുള്ളത് കൊണ്ട്, രണ്ട് തവണ ഓപ്പറേഷൻ വേണ്ടി വന്നു.വേണുവും, ചെറിയമ്മയുമായിരുന്നു, ഹോസ്പിറ്റലിൽ നന്ദനയുടെ അടുത്ത്.നന്ദന ഒന്നിനും പ്രതികരിക്കുന്നില്ല എന്ന് പലപ്പോഴും വേണുവിന് തോന്നിയിരുന്നു.വേണുവിനെ കാണുമ്പോൾ അവളുടെ കണ്ണിൽ പഴയ ആ തിളക്കമില്ല.അപരിചതരെ കാണുമ്പോൾ എങ്ങിനെയാണോ, അത് പോലെയാണ് വേണുവിനെ കാണുമ്പോൾ അവൾ പെരുമാറുന്നത്, ഒരു ദിവസം ബെഡ് ഷീറ്റ് മാറ്റാൻ വേണ്ടി നന്ദനയെ ഒന്ന് താങ്ങി പിടിക്കാൻ ചെറിയമ്മ വേണുവിനോട് പറഞ്ഞു. വേണു അടുക്കാൻ ശ്രമിച്ചപ്പോൾ തൊടരുത് എന്ന രൂപത്തിൽ രണ്ട് കയ്യും വിലക്കി കൊണ്ട് നന്ദന ആക്ഷൻ കാണിച്ചു. വേണു ആകെ തകർന്നു പോയി. അയാൾക്ക് മനസ്സിലായി അവളുടെ ആക്സിഡന്റോടോപ്പം അയാൾ അവളുടെ മനസ്സിൽ നിന്ന് തന്നെ മാഞ്ഞു പോയിരിക്കുന്നു, എന്ന്.
ഡോക്ടർ സാഗറിന്റെ മുന്നിൽ ചെറിയമ്മയും, വേണുവും ഇരിക്കുമ്പോൾ, ഡോക്ടർ ഇവരോട് എന്ത് പറയണമെന്നറിയാതെ ഒരു നിമിഷം പതറി. പിന്നെ സാവധാനം പറഞ്ഞു.
നിങ്ങൾ വിഷമിക്കേണ്ട... പ്രതീക്ഷക്ക് വകയുണ്ട്. കുറച്ചു സമയം എടുക്കുമെന്ന് മാത്രം. ഇതുപോലെ ഒരു കേസ് ഞാൻ മുമ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. ആ കുട്ടി പിന്നീട് ബെറ്റർ ആയി.
"ഡോക്ടർ...ബെറ്റർ ആവാത്ത കേസും കൈകാര്യം ചെയ്തിട്ടില്ലേ. അയാൾ ദീർഘ ശ്വാസം വിട്ടുകൊണ്ട് ചോദിച്ചു.
ഡോക്ടർ ഒന്നും പറയാതെ അയാളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.